സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 4 November 2023

മനുഷ്യ സർഗ്ഗാത്മകതയുടെ രഹസ്യം

 



മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് (തുറാബ്) ഖുര്‍ആന്‍ പറയുന്നുണ്ട്. മറ്റൊരിടത്ത് ഉണങ്ങിയ ചെളിയില്‍ (ത്വീന്‍ ലാസിബ്) നിന്നാണെന്നും പറയുന്നു. ഉറച്ച കളിമണ്ണില്‍ (സ്വല്‍സ്വാല്‍) നിന്ന് പടച്ചു എന്ന് വേറൊരു സ്ഥലത്തും! ഇത് ഖുര്‍ആനിലെ സ്പഷ്ട വൈരുധ്യങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്.

ഇതിലും വ്യക്തമായ മറ്റൊരു വൈരുധ്യം കാണുക. ഖുര്‍ആന്‍ പറയുന്നു:
‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ (നഹ്‌ല് 127/16). ‘നിശ്ചയം, ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനമാണ്; അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്കുള്ള ഒരു വഴി ഉണ്ടാക്കിക്കൊള്ളട്ടെ'(അല്‍ ഇന്‍സാന്‍ 28/76).
നല്ലത് ഉദ്ദേശിക്കാനും ചെയ്യാനും കല്‍പ്പിക്കുന്ന അല്ലാഹു തൊട്ടുടനെ തന്നെ മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ; നിശ്ചയം അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'(29/76).

വിമര്‍ശനങ്ങളാണ്. ഓരോന്നായി പരിശോധിക്കാം. എന്റെ വീട് മണ്ണു കൊണ്ടും ചെളി കൊണ്ടും കട്ട കൊണ്ടും നിര്‍മിതമാണെന്ന് ഒരാള്‍ പറയുന്നതില്‍ വൈരുധ്യമുണ്ടോ? ബുദ്ധിയുള്ളവര്‍ മനസിലാക്കുക ഈ പറഞ്ഞതെല്ലാം അടിസ്ഥാനപരമായി ഒന്നുതന്നെയാണ് എന്നാണ്. വ്യത്യസ്ത കോണുകളിലൂടെ മൂന്നും അടിസ്ഥാന ഘടകമാണെന്ന് പറയാം. മൂലസത്ത മണ്ണുതന്നെ. അതില്‍ വെള്ളം ചേര്‍ത്ത് ചെറിയ രൂപമാറ്റം വരുത്തിയതാണ് ചെളി. അത് വീണ്ടും രൂപമാറ്റം സ്വീകരിച്ചതാണ് കട്ട.
മനുഷ്യനെ മണ്ണില്‍ നിന്നാണ് പടച്ചത് എന്ന് പറയുമ്പോള്‍ മനുഷ്യന്റെ മൂലസത്തയാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മണ്ണ് വെള്ളവുമായി ചേര്‍ക്കുമ്പോള്‍ രൂപപ്പെടുന്ന സൃഷ്ടിപ്പിന്റെ അടുത്ത ഘട്ടം ചെളി ആണെന്നും വ്യക്തമാക്കുന്നു. ചെളി ഉണങ്ങി കട്ടയായ ശേഷമുള്ള സൃഷ്ടിപ്പിന്റെ അടുത്ത ഘട്ടത്തെയാണ് പിന്നീട് പരിചയപ്പെടുത്തുന്നത്. ഇതില്‍ എവിടെയാണ് വൈരുധ്യമുള്ളത്! മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത പരാമര്‍ശങ്ങള്‍ ഒരിക്കലും പരസ്പര വിരുദ്ധമാവുന്നില്ല.

രണ്ടാമത്തെ വിമര്‍ശനം നോക്കാം. ‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ (നഹ്‌ല് 127/16). ഈ വചനത്തില്‍ ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും പരസ്പര വിരുദ്ധമല്ല. മനുഷ്യന്റെ ‘അടിമത്വം'(ഉബൂദിയ്യത്ത്), അല്ലാഹുവിന്റെ ‘ഉടമത്വം’ (മുലൂകിയ്യത്ത്) എന്നിവ കൃത്യമായി ഗ്രഹിച്ചുകഴിഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.
‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു’ (അല്‍ ഫാതിഹ 5/1) എന്നര്‍ഥം വരുന്ന വചനം ദിനേനെ പരായണം ചെയ്യുന്ന, അല്ലാഹുവിന് വിധേയപ്പെട്ടു ജീവിക്കുന്ന വിശ്വാസിയോട് കൂടുതല്‍ വ്യക്തമാക്കേണ്ട ആവശ്യമില്ല. പ്രത്യുത, അഹന്ത നിമിത്തം അല്ലാഹുവിനു വിധേയപ്പെടാത്ത വിമര്‍ശകരോട് പറയട്ടെ, അല്ലാഹു സമയാസമയം കഴിവു നല്‍കുന്നതു കൊണ്ടും സഹായം നല്‍കുന്നതു കൊണ്ടുമാണ് മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ദൈവ കല്പനയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളും തഥൈവ. ചെയ്തിരിക്കേണ്ട കാര്യം മനുഷ്യന്‍ ചെയ്യുന്നതും വിട്ടുനില്‍ക്കേണ്ട കാര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും അല്ലാഹുവിന്റെ സഹായം കൊണ്ടും അവന്‍ കഴിവു നല്‍കുന്നതു കൊണ്ടുമാണ്.

അല്ലാഹുവിന്റെ കല്പനകളും വിരോധനകളും പ്രഥമമായി ബന്ധിക്കുന്നത് പ്രവര്‍ത്തനങ്ങളോടല്ല, മറിച്ച് അല്ലാഹുവിനോട് അതിനുള്ള സഹായം ചോദിക്കുന്നതിനോടാണ്. അത് മനുഷ്യന്റെ ബാധ്യതയാണ്. തന്റെ അശക്തതയും ആവശ്യവും അല്ലാഹുവിനോട് ബോധിപ്പിക്കുന്നതിലൂടെയാണ് ആ ബാധ്യത നിറവേറുന്നത്, പ്രവര്‍ത്തനങ്ങള്‍ പൂര്‍ണത കൈവരിക്കുന്നത്. അതിന്റെ പരമമായ പ്രകടനമാണ് ‘ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്’ എന്ന വാക്യം. അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ ഒരു കഴിവും തനിക്കില്ലെന്നാണ് അര്‍ഥമാക്കുന്നത്.
അല്ലാഹുവിനോടുള്ള പൂര്‍ണമായ അടിമത്വവും വിധേയത്വവും അംഗീകരിക്കുക, അതുള്‍ക്കൊണ്ടു കര്‍മനിരതനാവുക എന്നിവയാണ് ഭൂമുഖത്ത് ജീവിക്കുന്ന കാലത്തോളം ഒരു മനുഷ്യന്റെ പ്രധാന ബാധ്യത. ഞാന്‍ അങ്ങേയറ്റം അശക്തനാണെന്നും സ്വയം ഒന്നിനും കഴിവില്ലാത്തവനാണെന്നും തിരിച്ചറിയുകയും ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അതിനു പ്രാപ്തനാവുന്നത്. അല്ലാഹുവിനു പൂര്‍ണമായി വിധേയപ്പെട്ടാല്‍ മനുഷ്യന് ഐഹിക ലോകത്തും പരലോകത്തും ആവശ്യമുള്ളതെല്ലാം അവന്‍ നല്‍കും. ഈ നേട്ടമാണ് പരമമായ ലക്ഷ്യം. അതിനു വഴിയൊരുക്കുന്ന പൂര്‍ണമായ വിധേയപ്പെടലിലേക്കാണ് ‘അതിനാല്‍ അല്ലാഹുവിലേക്ക് നിങ്ങള്‍ ദ്രുതസഞ്ചാരം നടത്തുക. അവയില്‍ നിന്ന് നിങ്ങളിലേക്കുള്ള സ്പഷ്ടമായ മുന്നറിയിപ്പുകാരനാണ് ഞാന്‍’ (ദാരിയാത്ത് 50/51) എന്ന വചനം വെളിച്ചം വീശുന്നത്.

ഇതുപ്രകാരം അല്ലാഹുവിനോടുള്ള പൂര്‍ണ വിധേയത്വം പ്രകടിപ്പിക്കാന്‍ അവന്‍ തന്നെ അധ്യാപനം ചെയ്ത ഭാഷയാണ് ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു’ (അല്‍ ഫാതിഹ 5) എന്നര്‍ഥം വരുന്ന വചനം. എല്ലാ നിസ്‌കാരത്തിലും ഇത് പാരായണം ചെയ്യണമല്ലോ.
‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക’ എന്ന കല്‍പ്പന മനുഷ്യന്റെ അശക്തതയാണ് പ്രകടമാക്കുന്നത്. ശേഷം, ‘അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ എന്ന വചനഭാഗം അത് മറികടക്കാനുള്ള മാര്‍ഗമാണ് മനുഷ്യനോട് നിര്‍ദേശിക്കുന്നത്. അപ്പോള്‍ വചനം മുന്നോട്ടുവെക്കുന്ന ആശയം ഇങ്ങനെ സംഗ്രഹിക്കാം: ‘ഞാന്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ സ്വന്തത്തെ താങ്കള്‍ അവലംബിക്കരുത്. അങ്ങനെ ചെയ്താല്‍ താങ്കളുടെ അശക്തത മറികടക്കാനാവില്ല.
മറിച്ച് അല്ലാഹുവിനോട് അശക്തത തുറന്നു പറയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുമ്പോഴാണ് എന്റെ കഴിവിനെ താങ്കള്‍ പൂര്‍ണമായി അംഗീകരിക്കുന്നവനും അത് പ്രകടമാക്കുന്നവനുമാവുക. എങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഞാന്‍ നല്‍കും’.

ക്ഷമ (സ്വബ്റ്) സംബന്ധമായി ഖുര്‍ആന്‍ പറഞ്ഞതില്‍ വൈരുധ്യമില്ലെന്ന് ബോധ്യപ്പെട്ടില്ലേ? അതുപോലെയാണ് മനുഷ്യന്റെ ഉദ്ദേശ്യത്തെ (മഷീഅത്ത്) പറ്റിയും പറയാനുള്ളത്.

ഭൗതിക ജീവിതത്തില്‍ അല്ലാഹുവിലേക്കുള്ള പാന്ഥാവും സച്ചരിതരുടെയും പാപികളുടെയും മടക്കസ്ഥാനവും വിശദീകരിച്ചശേഷം അല്ലാഹു പറയുന്നു: ‘നിശ്ചയം, ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനമാണ്; അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്കുള്ള ഒരു വഴി ഉണ്ടാക്കിക്കൊള്ളട്ടെ'(അല്‍ ഇന്‍സാന്‍ 28/76).

സത്യപാന്ഥാവ് ഏതാണെന്ന് വിശദീകരിച്ച ശേഷം ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അല്ലാഹു അനുവാദം നല്‍കുന്നു. ഈമാനിനു ശേഷം ഏറ്റവും വലിയ അനുഗ്രഹമായ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം, ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെപ്പറ്റിയാണ് പിന്നീട് അല്ലാഹു ഉണര്‍ത്തുന്നത്.

അത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. മറ്റു ജീവികള്‍ക്ക് അല്ലാഹു ആ കഴിവ് നല്‍കിയിട്ടില്ല. അവയുടെ പ്രകൃതിപരമായ ജീവല്‍ക്രമത്തില്‍ (ഗരീസത്ത്) അവ ജീവിക്കുന്നു. വേണമെങ്കില്‍ അല്ലാഹുവിന് ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള മനുഷ്യന്റെ കഴിവ് എടുത്തുകളയാം. അപ്പോള്‍ മറ്റു മൃഗങ്ങളെ പോലെ മനുഷ്യനും ജീവിക്കും. ഈ മഹാ അനുഗ്രഹത്തെ പറ്റിയാണ് അല്ലാഹു ഉണര്‍ത്തുന്നത്: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ; നിശ്ചയം അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'(29/76).

‘നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ’ എന്നു പറഞ്ഞത് ഏതെങ്കിലും ചില പ്രത്യേക ഉദ്ദേശ്യത്തെപ്പറ്റിയല്ല, പ്രത്യുത മനുഷ്യന്റെ ചിന്താശേഷിയെന്ന അടിസ്ഥാന കഴിവിനെ പറ്റിയാണ്. അപ്പോള്‍ വചനാര്‍ഥം ഇങ്ങനെ സംഗ്രഹിക്കാം: ‘ചിന്തിച്ച്, തിരഞ്ഞെടുത്ത് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് ഞാന്‍ നല്‍കാന്‍ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കത് ലഭിക്കില്ലായിരുന്നു’. അപ്പോള്‍, ആദ്യത്തേത് ഒരു പ്രത്യേക ഉദ്ദേശ്യമാണ്. എന്നാല്‍ രണ്ടാമത്തേത് ഉദ്ദേശ്യശക്തി എന്ന പൊതുവായ കഴിവാണ്. രണ്ടും പരസ്പരവിരുദ്ധമാവുന്നില്ല.