ലേഖനങ്ങൾ

Sunday, 31 August 2014

നജസ് ശുദ്ധിയാക്കേണ്ട രൂപം

നജസായ സ്ഥലത്ത് തിരിച്ചറിയാവുന്ന വിധത്തിൽ നജസ് ശേഷിക്കുന്നുവെങ്കിൽ അത് നീക്കം ചെയ്യണം. അത് നീക്കം ചെയ്യാൻ ആവശ്യമായ സോപ്പ് പോലുള്ളവ ഉപയോഗിക്കലും നിർബന്ധമാണ്.

നജസിന്റെ നിറം, മണം എന്നിവയിൽ ഏതെങ്കിലുമൊന്ന് ശേഷിക്കുന്നത് കൊണ്ട് വിരോധമില്ല. രുചിയോ അല്ലെങ്കിൽ നിറവും മണവും രണ്ടും കൂടിയോ ശേഷിക്കുന്നുവെങ്കിൽ അത് അശുദ്ധമാണ്.

കുറഞ്ഞ വെള്ളമുപയോഗിച്ചാണ് ശുദ്ധീകരിക്കുന്നതെങ്കില്‍ അത് നജസുള്ള സ്ഥലത്തേക്ക് ഒഴിച്ചാണ് കഴുകേണ്ടത്. നജസുള്ള വസ്‌തു കുറഞ്ഞ വെള്ളത്തില്‍ മുക്കിയാല്‍ വെള്ളവും നജസാകുന്നതാണ്.
വായിലോ ബക്കറ്റ് പോലുളളവയിലോ നജസായാല്‍ വെള്ളം അവയില്‍ ഒഴിച്ച് എല്ലാ ഭാഗത്തുമാകുംവിധം ചുഴറ്റിക്കഴുകിയാല്‍ മതി.
ശവം പോലുള്ളവ കുറഞ്ഞ വെള്ളത്തിലോ അല്ലെങ്കില്‍ ദ്രാവകത്തിലോ ( ദ്രാവകം കുറഞ്ഞതായാലും അധികരിച്ചതായാലും ശരി ) വീണാല്‍ ആ വെള്ളം തീര്‍ത്തും അശുദ്ധമാകും. അത് ശുദ്ധീകരിക്കാനും പറ്റില്ല.

നെയ്യ് പോലുള്ള ഉറച്ച വസ്‌തുക്കളില്‍ നജസായാല്‍ നജസും ചുറ്റുഭാ‍ഗത്തുള്ളവയും എടുത്തൊഴിവാക്കിയാല്‍ മതി.

മൂത്രം പോലുള്ളവ നിലത്താവുകയും അതുണങ്ങിപ്പോകുകയും ചെയ്‌താല്‍ അതിന്മേല്‍ വെള്ളമൊഴിച്ചാല്‍ അത് വൃത്തിയാകും.
കാര്‍പറ്റ്, സോഫ പോലുള്ളവയില്‍ മൂത്രമായാല്‍ അത് ഉണങ്ങാന്‍ കാത്തിരിക്കുകയും ശേഷം വെള്ളമൊഴിക്കുകയുമാണ് നല്ലത്. ഉണങ്ങാതെ തുണികൊണ്ടോ മറ്റോ വെള്ളം നനച്ചോ അല്ലാതെയോ തുടച്ചാല്‍ വൃത്തിയാകില്ലെന്ന് മാത്രമല്ല, തുണിയും അശുദ്ധമാകും.