ലേഖനങ്ങൾ

Thursday, 7 August 2014

കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും അറിയുന്നില്ല

റസൂല്‍ (സ) തങ്ങള്‍ പറഞ്ഞു : "ഒരു കാലം വരാനിരിക്കുന്നു . അന്ന് അക്രമം വ്യാപകമാവും. കൊല്ലപ്പെടുന്നവര്‍ അറിയുകയില്ല ഞങ്ങളെ എന്തിനാണു കൊന്നതെന്ന് ! കൊല്ലുന്നവനറിയില്ല ,തങ്ങള്‍ എന്തിനാണു കൊല്ലുന്നതെന്ന് !" ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌:


പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ മണ്ണില്‍ നമ്മുടെ നെഞ്ചില്‍ ഭീകര താണ്ഡവമാടിയ അക്രമികള്‍ അവര്‍ ആരായാലും എന്തിനു വേണ്ടി(?)യായാലും എന്തിന്റെ (?)പേരിലായാലും രക്ത രൂക്ഷിതമായ രാപകലുകള്‍ തീര്‍ത്തതിന്റെ ഞെട്ടലില്‍ നിന്ന് മോചിതമാവാത്ത ഇന്നിന്റെ അവസ്ഥയില്‍ മേല്‍ വിവരിക്കപ്പെട്ട ഹദീസ്‌ (തിരു വചനം )അക്ഷരാര്‍ത്ഥത്തില്‍ പുലരുന്നതിന്റെ കാഴ്ചകളുടെ സമയത്ത്‌ ഇനിയൊരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന അക്രമങ്ങളില്‍ , ഭരണകൂട ഭീകരതയില്‍ , രാജ്യങ്ങള്‍ ആക്രമിച്ച്‌ കീഴടക്കുന്നതില്‍ എല്ലാം എല്ലാം കൊല്ലപ്പെടുന്ന നിരപരാധികള്‍. അവര്‍ എന്ത്‌ തെറ്റാണീ അക്രമികളോട്‌ ചെയ്തത്‌ ? അറിയില്ല !. ഈ അക്രമങ്ങള്‍ കൊണ്ട്‌ അക്രമം നടത്തുന്നവര്‍ എന്ത്‌ നേടി ? അറിയില്ല ! ഈ അക്രമികള്‍ക്ക്‌ നമ്മുടെ ഭൗതികമായ സംവിധാനങ്ങളുപയോഗിച്ച്‌ എത്ര കഠിന ശിക്ഷ നല്‍കാനാവും ? മറ്റുള്ളവര്‍ക്ക്‌ കൂടി പാഠമാവുന്ന വിധത്തില്‍ ഏത്‌ തരത്തില്‍ ശിക്ഷിച്ചാലും ഒരിക്കല്‍ മരണപ്പെടും .അതോടെ നമ്മുടെ പ്രതികാര നടപടികളും നിലക്കും. ഒരാളെ കൊന്നാലും ആയിരക്കണക്കിനു ആളുകളെ കൊന്നു തള്ളിയാലും പരമാവധി ശിക്ഷ മരണം. അവിടെയാണു വിശ്വാസത്തിന്റെ പ്രസക്തി. അവിടെയാണു ഈ ഹദീസ്‌ പ്രസക്തമാവുന്നത്‌.

  • "അവസാന നാളില്‍ ബാധ്യതകള്‍ അതിന്റെ അവകാശികള്‍ക്ക്‌ തിരിച്ചേല്‍പ്പിക്കും. കൊമ്പില്ലാത്ത ആടിനു പോലും കൊമ്പുണ്ടായിരുന്ന ആടിനോട്‌ (കൊമ്പില്ലാത്ത ആടിനെ ഉപദ്രവിച്ചതിനാല്‍ ) പ്രതികാരം ചോദിക്കാന്‍ അന്ന് സാധിക്കും"
    ( അബൂ ഹുറൈറ (റ) നിവേദനം ചെയ്ത, മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

ഒരാളും ഈ വിചാരണയില്‍ നിന്ന്, വിധിയില്‍ നിന്ന് രാഷ്ട്രിയ സ്വാധീനമോ ശിപാര്‍ശയോ ഉപയോഗിച്ച്‌ രക്ഷപ്പെടാനാവില്ലെന്ന് ഈ ഖുര്‍ആന്‍ വചനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

  • 'അക്രമികള്‍ക്ക്‌ അത്മമിത്രമോ ശിപാര്‍ശ സ്വീകരിക്കുന്നവനോ ഇല്ല'
    (ഖുര്‍ആന്‍ 40:18)

എല്ലാ വിധ അക്രമങ്ങളില്‍ നിന്നും അക്രമികളില്‍ നിന്നും നമ്മെ ജഗന്നിയന്താവായ അല്ലാഹു കാത്തു രക്ഷിക്കട്ടെ.. നാം ജീവിക്കുന്നത്‌ അക്രമങ്ങളുടെ അന്ത്യനാളുകളിലാണെന്ന ബോധത്തൊടെ നന്മയെ പ്രോത്സാഹിപ്പിക്കാനു തിന്മയെ ചെറുക്കാനുമുള്ള മാനസിക സ്ഥൈര്യത്തിനുള്ള പ്രാര്‍ത്ഥനയോടെ, നമ്മുടെ നാട്ടില്‍ നടക്കുന്ന അസ്വസ്ഥതകളില്‍ വിങ്ങുന്ന ഹൃദയത്തോടെ ..