ലേഖനങ്ങൾ

Wednesday, 27 August 2014

പ്രത്യുപകാരമല്ല ബന്ധസ്ഥാപനം

അബ്ദുല്ലാഹിബ്ന്‍ അംറിബ്ന്‍ അല്‍ ആസ്വ് (റ) എന്ന സ്വഹാബിയില്‍ നിന്ന് നിവേദനം: നബി (സ്വ) പ്രസ്താവിച്ചു: “പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം സ്ഥാപിക്കുന്നവന്‍. പ്രത്യുത, കുടുംബ ബന്ധം മുറിഞ്ഞുപോയാല്‍ അതു പുനഃസ്ഥാപിക്കുന്നവനാണ്” (ബുഖാരി 5991, അബൂദാവൂദ് 1697, തിര്‍മുദി 1908).
മനുഷ്യന്‍ സാമൂഹ്യജീവിയാണ്. പരസ്പരബന്ധത്തിലൂടെ മാത്രമേ അവനു ജീവിക്കാന്‍ പറ്റൂ. പരസ്പര സഹായത്തിലൂടെയാണ് അവന്‍ വളര്‍ന്നതും ജീവിക്കുന്നതും. അതുകൊണ്ടുതന്നെ സമൂഹത്തിലെ പലരോടും അവനു കടപ്പാടുകളുണ്ട്. ഈ കടപ്പാടുകള്‍ നിറവേറ്റി ഊട്ടിയുറപ്പി ച്ചെങ്കിലേ സാമൂഹിക ഭദ്രതയും സ്വാസ്ഥ്യവും നിലനില്‍ക്കുകയുള്ളൂ.
ഏറ്റം കൂടുതല്‍ കടപ്പാട്് മാതാവിനോടും പിന്നെ പിതാവിനോടുമാണ്. ഒരാള്‍ പ്രവാചകരുടെ സമീപത്തുവന്ന്, എന്റെ ഉത്തമ പെരുമാറ്റത്തിന് ജനങ്ങളില്‍ ഏറ്റം അര്‍ഹതയുള്ളത് ആരെന്നു ചോദിച്ചു. അവിടുന്ന് ‘നിന്റെ മാതാവ്’ എന്നു പ്രതിവചിച്ചു. ചോദ്യോത്തരം തുടര്‍ന്നു. ‘പിന്നെ ആര്?’ ‘നിന്റെ മാതാവ് തന്നെ.’ ‘പിന്നെ ആര്?’ ‘നിന്റെ മാതാവു തന്നെ.’ ‘പിന്നെ ആര്?’ ‘നിന്റെ പിതാവ്’(ബുഖാരി, മുസ്ലിം). അബ്ദുല്ലാഹിബ്ന്‍ മസ്ഊദ് (റ) നബി (സ്വ) യോടു ചോദിച്ചു: ‘അല്ലാഹുവിന് ഏറ്റം പ്രിയങ്കരമായ കര്‍മം ഏത്?’ അവിടുന്ന് പറഞ്ഞു: ‘നിസ്കാരം അതിന്റെ കൃത്യസമയത്തു നിര്‍വഹിക്കുക.’ ‘പിന്നെ എന്ത്?’ എന്നദ്ദേഹം ചോദിച്ചു. മാതാപിതാക്കള്‍ക്കു നന്മ ചെയ്യുക എന്ന് തിരുമേനി പറഞ്ഞു. പിന്നെ എന്ത് എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ അല്ലാ ഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരം എന്നായിരുന്നു തിരുമേനിയുടെ മറുപടി.
സന്താനങ്ങള്‍, സന്താന സന്താനങ്ങള്‍, പിതൃ സഹോദരീ സഹോദരന്മാര്‍, മാതൃസഹോദരീ സഹോദരന്മാര്‍, സ്വന്തം സഹോദരീ സഹോദരന്മാര്‍ മുതലായവരൊക്കെ കുടുംബബന്ധു ക്കളില്‍ പെടുന്നു. ഇവരോടൊക്കെ ബന്ധം പുലര്‍ത്തേണ്ടത് സത്യവിശ്വാസത്തിന്റെ അനുപേക്ഷ ണീയമായ ഉപാധിയുമാണ്. നബിതിരുമേനി (സ്വ) പറഞ്ഞതായി അബൂഹുറയ്റഃ (റ) ഉദ്ധരി ക്കുന്നു: ‘വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവനെങ്കില്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു വെങ്കില്‍ കുടുംബബന്ധം ചേര്‍ക്കട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കു ന്നുവെങ്കില്‍ നല്ലതുപറയട്ടെ, അല്ലെങ്കില്‍ മൌനം അവലംബിക്കട്ടെ’ (ബുഖാരി, മുസ്ലിം).
കുടുംബബന്ധം പുലര്‍ത്തി സ്നേഹം വളര്‍ത്തി, വിശ്വാസ വീര്യം ഉയര്‍ത്തി, അല്ലാഹുവിന്റെ പൊരുത്തം നേടുന്നതിനു സഹായകമായ വിധം, സ്വന്തം വംശപരമ്പര പഠിച്ചിരിക്കണം. പ്രവാചകര്‍ പറയുന്നു: ‘വംശങ്ങളില്‍ നിന്ന് നിങ്ങളുടെ കുടുംബബന്ധം പുലര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കുക. കുടുംബബന്ധം പുലര്‍ത്തല്‍ കുടുംബത്തില്‍ സ്നേഹവും സമ്പത്തില്‍ വര്‍ധനവും ആയുഷ്കാലത്തില്‍ നീളവും നേടിത്തരുന്നു’ (തിര്‍മുദി).
ഈ നേട്ടങ്ങള്‍ മാത്രമല്ല, ആഹാരത്തില്‍ ബറകതും ആപത്തുകളില്‍ നിന്നുള്ള രക്ഷയും ദുര്‍മരണത്തില്‍ നിന്നുള്ള സംരക്ഷണവും സ്ഥാന പദവികളിലുള്ള ഉയര്‍ച്ചയും കുടുംബ ബന്ധം പുലര്‍ത്തുന്നതുകൊണ്ടു കരഗതമാവുമെന്നു വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി (സ്വ) തന്റെ ചില ശിഷ്യന്മാര്‍ക്ക് നല്‍കിയ പ്രത്യേക വസ്വിയ്യത്തുകളില്‍ ഇക്കാര്യം പ്രത്യേകം ഊന്നിപ്പറഞ്ഞതായി കാണാം. അബൂദര്‍റ് (റ) പറയുന്നൂ: ‘എന്റെ സ്നേഹിതനായ പ്രവാചകര്‍ നന്മപരമായ ചിലകാര്യങ്ങള്‍ എന്നോടു വസ്വിയ്യത്തു ചെയ്തു. (ഭൌതികാനുഗ്രഹങ്ങളില്‍) എന്റെ മുകളിലുള്ളവരിലേക്ക് നോക്കാതെ താഴെയുള്ളവരിലേക്കു നോക്കണമെന്നും അഗതികളെ സ്നേഹിക്കുകയും അവരോട് അടുപ്പം കാണിക്കുകയും ചെയ്യണമെന്നും അവിടുന്ന് എ ന്നോടു വസ്വിയ്യത്തു ചെയ്തു. എന്റെ കുടുംബബന്ധം, അതു  പിന്തിരിഞ്ഞു പോയാലും ചേര്‍ ക്കണമെന്നു തിരുമേനി എന്നോടു വസ്വിയ്യത്തു ചെയ്തു. അല്ലാഹുവിന്റെ കാര്യത്തില്‍ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയക്കരുതെന്ന് എന്നോടു വസ്വിയ്യത്തു ചെയ്തു. സത്യം കൈപ്പുള്ളതെങ്കിലും തുറന്നുപറയണമെന്നും എന്നോടു വസ്വിയ്യത്തു ചെയ്തു. ‘ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന കീര്‍ത്തനം വര്‍ധിപ്പിക്കണം. കാരണം അത് സ്വര്‍ഗത്തിലേ ക്കുള്ള നിധികളില്‍ ഒരു നിധിയാകുന്നു എന്നും നബി (സ്വ) എന്നോടു വസ്വിയ്യത്തു ചെയ്തു’ (ഇബ്നുഹിബ്ബാന്‍, ബൈഹഖി).
കുടുംബബന്ധം വിച്ഛേദിക്കുന്നതു മഹാപാതകമാണ്. കുടുംബബന്ധം വിച്ഛേദിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നു പ്രവാചകര്‍ പ്രസ്താവിച്ചതായി ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്. മനുഷ്യരുടെ കര്‍മങ്ങള്‍ പ്രതിവാരം പ്രദര്‍ശിപ്പിക്കപ്പെടുമെന്നും അപ്പോള്‍ കുടും ബബന്ധം വിച്ഛേദിച്ചവന്റെ സദ്കര്‍മം സ്വീകരിക്കപ്പെടുകയില്ലെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട്. (അഹ്മദ്). ഇവ്വിഷയകമായി വന്ന മറ്റു ചില ഹദീസുകള്‍ കൂടി കാണുക: ‘പരലോകത്തേക്കു വേണ്ടി സൂക്ഷിക്കപ്പെടുന്ന ശിക്ഷയ്ക്കു പുറമെ, ഇഹലോകത്തു തന്നെ ശിക്ഷ ലഭിക്കുവാന്‍ ഏറ്റം അര്‍ഹമായി, അക്രമത്തെക്കാളും കുടുംബബന്ധ വിച്ഛേദത്തെക്കാളും വലിയ ഒരു പാതക വുമില്ല’ (തിര്‍മുദി, ഇബ്നുമാജ, ഹാകിം).
പ്രവാചകര്‍ ഒരുദിനം തന്റെ ശിഷ്യസമൂഹത്തോടു പറഞ്ഞു: മുസ്ലിം സമൂഹമേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുകയും കുടുംബബന്ധം പുലര്‍ത്തുകയും ചെയ്യുക. കാരണം കുടുംബം ചേര്‍ക്കുന്നതിനേക്കാള്‍ ശീഘ്രപ്രതിഫലമുള്ള മറ്റൊരു കാര്യവുമില്ല. നിങ്ങള്‍ അക്രമം ചെയ്യരുത്. അക്രമത്തെക്കാള്‍ ശീഘ്ര ശിക്ഷയുള്ള മറ്റൊരു കാര്യവുമില്ല. നിങ്ങള്‍ മാതാപിതാക്ക ന്മാരെ വിഷമിപ്പിക്കരുത്. കാരണം സ്വര്‍ഗത്തിന്റെ പരിമളം സഹസ്രാബ്ദങ്ങളുടെ അകലെത്തു നിന്നേ അനുഭവപ്പെടും. അല്ലാഹുവാണ് സത്യം, ആ പരിമളം മാതാപിതാക്കന്മാരെ വിഷമിപ്പി ക്കുന്നവനോ, കുടുംബബന്ധം വിച്ഛേദിക്കുന്നവനോ, വ്യഭിചാരിയായ വൃദ്ധനോ, പൊങ്ങച്ചം നി മിത്തം ഉടുമുണ്ട് വലിച്ചിഴക്കുന്നവനോ അനുഭവിക്കുകയില്ല. അഹങ്കാരം ലോകരക്ഷിതാവായ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു (ത്വബ്റാനി).
വിപത്തുകളില്‍ സമാശ്വാസം നല്‍കിയും വിഷമങ്ങള്‍ ലഘൂകരിച്ചുകൊടുത്തും മറ്റവസരങ്ങളില്‍ സഹായോപകരണങ്ങള്‍ നല്‍കിയും ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിയും കത്തിടപാടുകള്‍ നടത്തിയും ആതിഥ്യം നല്‍കിയുമെല്ലാം കുടുംബബന്ധം പുലര്‍ത്തേണ്ടതാണ്. ബന്ധുക്കള്‍ ഇങ്ങോട്ടു മോശമായി പെരുമാറിയാലും അങ്ങോട്ടു ഭംഗിയായി പെരുമാറണം. ഇങ്ങോട്ട് ഉപദ്ര വിച്ചാലും അങ്ങോട്ടു ഉപകാരം ചെയ്യണം. അതാണു ബന്ധസ്ഥാപനത്തിന്റെ ശരിയായ രൂപം. അല്ലാഹുവിന് ഏറ്റം ഇഷ്ടപ്പെട്ട നിലപാടും. ചിരിച്ചവനോടു ചിരിക്കുക, മിണ്ടിയവനോട് മി  ണ്ടുക, സന്ദര്‍ശിച്ചവനെ സന്ദര്‍ശിക്കുക, സഹായിച്ചവനെ സഹായിക്കുക, സല്‍ക്കരിച്ചവനെ സ ല്‍ക്കരിക്കുക, ആദരിച്ചവനെ ആദരിക്കുക എന്ന നിലപാട് – പകരത്തിനു പകരം എന്ന സ്വഭാവം – സത്സ്വഭാവിയായ വിശ്വാസിക്കു ചേര്‍ന്നതല്ല.
അല്ലാഹുവിന്റെ ഇഷ്ടത്തിനു മുമ്പില്‍ സ്വന്തം ഇഷ്ടം ബലികഴിക്കണം, തിന്മയെ നന്മകൊണ്ട് നേരിടണം. വൈരാഗ്യത്തെ സ്നേഹമെന്ന സിദ്ധൌഷധം കൊണ്ടു തുടച്ചുനീക്കണം, അകലുന്ന മനങ്ങളെ അനുരഞ്ജനം നടത്തി അടുപ്പിക്കണം. പിണങ്ങുന്നവനോട് ഇണങ്ങണം, പരുഷഭാവ ക്കാരോടു പുഞ്ചിരി തൂകണം. അതാണു ബന്ധസ്ഥാപനത്തിന്റെ മാതൃകാപരമായ രൂപം. ഈ ആശയമാണ് ഉപര്യുക്ത ഹദീസ് പഠിപ്പിക്കുന്നത്. താഴെപ്പറയുന്ന ഹദീസുകള്‍ മേലുദ്ധരിച്ച ഹദീസിന്റെ ആശയം വിശദമാക്കുന്നു. നിങ്ങള്‍ ഏറാന്‍മൂളികളാവരുത്. അഥവാ ജനങ്ങള്‍ നന്മ ചെയ്താല്‍ ഞങ്ങളും നന്മ ചെയ്യും. അവര്‍ അനീതിചെയ്താല്‍ ഞങ്ങളും അനീതി ചെയ്യും എന്നു പറയുന്നവരാവരുത്. പ്രത്യുത, ജനങ്ങള്‍ നന്മചെയ് താല്‍ നിങ്ങള്‍ നന്മ ചെയ്യുന്നതിനും അവര്‍ തിന്മ ചെയ്താല്‍ നിങ്ങള്‍ അനീതി ചെയ്യാതിരിക്കുന്നതിനും നിങ്ങളുടെ മനസ്സുകളെ നിങ്ങള്‍ പാകപ്പെടുത്തിയെടുക്കണം (തിര്‍മുദി). പക വച്ചു നടക്കുന്ന കുടുംബ ബന്ധുവിനു നല്‍ കുന്ന സ്വദഖഃ യാണ് ഏറ്റം ശ്രേഷ്ഠമായ സ്വദഖഃ (മുസ്ലിം). ഇഹത്തിലും പരത്തിലും ഏറ്റം ഉല്‍കൃഷ്ടമായ സ്വഭാവം ഞാന്‍ അറിയിച്ചുതരട്ടെയോ? അതു മൂന്നുകാര്യങ്ങളാണ്: നീയുമായി ബന്ധം വിച്ഛേദിച്ചവരോട് ബന്ധം സ്ഥാപിക്കുക, നിനക്ക് ഉപകാരം വിലക്കിയവര്‍ക്ക് നീ ഉപകാരം ചെയ്തുകൊടുക്കുക, നിന്നോട് അനീതി കാണിച്ചവര്‍ക്ക് നീ മാപ്പുനല്‍കുക. (ത്വബ്റാനി).
ഏറ്റം ശീഘ്രമായി പ്രതിഫലം കിട്ടുന്ന പുണ്യകര്‍മം കുടുംബ ബന്ധം പുലര്‍ത്തുകയെന്നതാണ്. എത്രത്തോളമെന്നാല്‍ ദുരാചാരികളായ ഒരു കുടുംബം അവര്‍ പരസ്പരബന്ധം പുലര്‍ത്തി ക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ സമ്പത്ത് അഭിവൃദ്ധിപ്പെടുകയും അംഗസംഖ്യ വര്‍ധിക്കുകയും ചെയ്യുന്നതാണ് (ത്വബ്റാനി).