ലേഖനങ്ങൾ

Monday, 15 September 2014

നല്ല മനുഷ്യരാവാന്‍ നോമ്പ്

മറ്റുള്ളവരെ ഭരിക്കാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യമാണ്. അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്, ഇങ്ങോട്ടു വാ, അങ്ങോട്ട് പോ എന്നൊക്കെ കല്‍പിക്കുമ്പോള്‍ എന്തൊരു ഗമയാണെന്നോ പലര്‍ക്കും. നാം പറയുന്നത് മറ്റുളളവര്‍ അനുസരിക്കുന്നതു കാണുമ്പോള്‍ മനസ്സിനൊരു സുഖമാണ്. അല്ലേ? മറ്റുള്ളവരെ കീഴ്പ്പെടുത്താനും ഭരിക്കാനുമുള്ള നമ്മുടെ സഹജ വാസനയാണിതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മനുഷ്യവര്‍ഗത്തിന്റെ തന്നെ മേന്മയായി വിലയിരുത്തി വരുന്നു.
മറ്റുള്ളവരെയൊക്കെ അടക്കി ഭരിക്കുന്ന, ഭരിക്കാന്‍ കൊതിക്കുന്ന ഈ ഞാനുണ്ടല്ലോ ഒരിടത്തു തോറ്റു തൊപ്പിയിട്ടു പിന്മാറുന്നു. ഏതു കൊലകൊമ്പനും മുട്ടു മടക്കുന്നു. എവിടെയാണിതെന്ന് കുട്ടികള്‍ക്കറിയേണ്ടയോ? സ്വന്തം ശരീരത്തിനു മുമ്പില്‍. ശരീരത്തിന്റെ ആഗ്രഹങ്ങള്‍ക്കും കല്‍പനക്കും മുമ്പില്‍ വിനീത ദാസരായി മാറുന്നവരാണു മനുഷ്യരിലധികവും. ഹായ് വിശക്കുന്നു, വല്ലാത്ത വിശവപ്പ്… പിന്നെ നമ്മുടെ ഒരു പരിപാടിയും നടപ്പില്ല. ഒരു പരിധി കഴിഞ്ഞാല്‍ പിടിച്ചു പറിച്ചും കട്ടെടുത്തും ആളെ കാണാതെയും എടുത്തു തിന്നാന്‍വരെ തയ്യാര്‍.!!!
‘എനിക്കു കിടക്കണം, ഉറങ്ങണം’, ശരീരം പറഞ്ഞാല്‍ പിന്നെ കിടന്നു കൊടുക്കുക തന്നെ. നേരത്തെ ഉണരാന്‍ വിചാരിച്ചാലും അല്‍പം കൂടി കിടക്കാമെന്നു ശരീരം പറഞ്ഞാല്‍ എന്തു പരിപാടിയുണ്ടെങ്കിലും മാറ്റിവെച്ചു നമ്മള്‍ കിടന്നു കൊള്ളും. അഥവാ ശരീരത്തിന്റെ ആജ്ഞകള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെ പാഞ്ഞുകൊള്ളും നമ്മുടെ മനസ്സ്.
ഈ ശരീരത്തെയും മനസ്സിനെയും അങ്ങിനെ വിടാന്‍ പറ്റുമോ? വിടുന്നതാണ് സകല പ്രശ്നങ്ങള്‍ക്കും കാരണം. പിന്നെ എങ്ങനെ പിടിച്ചു കെട്ടാം? മനസിനെ തടഞ്ഞുവെ ക്കണം, ശരീരത്തെ നിയന്ത്രിക്കണം. നമ്മുടെ ഉറച്ച തീരുമാനങ്ങള്‍ക്കനുസരിച്ചു ശരീരത്തെയും മനസ്സിനെയും വരച്ച വരയില്‍ നിറുത്താന്‍ കഴിയണം. അപ്പോഴാണ് നാം യഥാര്‍ഥ മനുഷ്യരാവുക.
ഇതെങ്ങനെ കഴിയുമെന്നാവും സംശയം. ഉത്തരം വളരെ ലളിതം. നന്നായി നോമ്പു നോല്‍ക്കുക. നോമ്പ് ഇതിനുള്ള പരിശീലനമാണ്. വിശക്കുന്നു, ഭക്ഷണം മുമ്പിലുണ്ട്, അല്‍പം കഴിച്ചാലോ,എന്നാലോചിക്കുമ്പോഴേക്കും മനസു പറയുന്നു നീ നോമ്പു നോറ്റിട്ടുണ്ട്. ആരൊക്കയോ കുറ്റം പറയാന്‍ നാവു ചൊറിയുന്നു. അപ്പോഴും മനസ്സില്‍ നിന്നു ബോധമുണരുന്നു: നോമ്പുകാര്‍ക്കു പറ്റിയതല്ല ഇതെന്ന്. ദേഷ്യം വരുന്നു; മനസു പറയുന്നു: നോമ്പുകാര്‍ ദേശ്യത്തെ നിയന്ത്രിക്കുന്നവനാണെന്ന്. കൗതുകമുണര്‍ത്തുന്ന തെറ്റായ മാര്‍ഗത്തിലേക്കു കണ്ണു തിരിയുന്നു, അപ്പോള്‍ മനസു പറയുന്നു അതിലേക്കു നോമ്പുകാര്‍ നോക്കരുത്. ഇങ്ങനെയിങ്ങനെ നമ്മുടെ ഓരോ പ്രവര്‍ത്തനത്തെയും നോമ്പ് നിയന്ത്രിക്കുന്നു. അപ്പോള്‍ നാം നമ്മെ ഭരിക്കാന്‍ പഠിക്കുന്നു. അതിലൂടെ നാം നല്ല മനുഷ്യരായിത്തീരുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും.