ലേഖനങ്ങൾ

Friday, 10 October 2014

മദ്യപാനം

മദ്യം, സര്‍വ്വ നീചപ്രവര്‍ത്തനങ്ങളുടെയും അടിത്തറയാകുന്നു. അത്‌ വന്‍ദോശങ്ങളില്‍ വലുതുമാകുന്നു. മദ്യപന്‍ നിസ്കാരം ഉപേക്ഷിക്കുന്നതും വകതിരിവില്ലാതെ തന്റെ മാതാവ്‌, എളയുമ്മ, അമ്മായി മുതലായവരെ പ്രാപിക്കുന്നതുമാണ്. ( ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് ത്വബ്‌ റാനി (റ ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

മദ്യം എന്നതില്‍ എല്ലാ ലഹരിയുണ്ടാക്കുന്നതും ഉള്‍പ്പെടും. ഇവ വില്‍ക്കുന്നതും കുടിക്കുന്നതും എല്ലാ വന്‍ദോശങ്ങളില്‍ എണ്ണപ്പെട്ടിരിക്കുന്നു. മദ്യപനു മിക്ക സമയത്തും വകതിരിവ്‌ (തിരിച്ചറിവ്‌ ) ഉണ്ടായിരിക്കയില്ല. അവനു മാതാവിനെയും സഹോദരിയെയും തിരിച്ചറിയുകയില്ല. ദുര്‍ഗുണമല്ലാതെ സത്ഗുണമൊന്നും മദ്യപനില്‍ ഉണ്ടാവുകയില്ല. അതിനാല്‍ തന്നെ മദ്യം സര്‍വ്വ നീചപ്രവത്തിയുടെയും അടിസ്ഥാമായി നബി(സ) തങ്ങള്‍ പ്രഖ്യാപിച്ചത്‌.


മദ്യപാനത്തിന്റെയും അതിന്റെ ദൂഷ്യ വശങ്ങളെപറ്റിയും കൂടുതല്‍ പറയേണ്ട ആവശ്യമുദിക്കുന്നില്ല. പക്ഷെ എല്ലാമറി‍ഞ്ഞിരുന്നിട്ടും ആധുനിക ലോകം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കരാളഹസ്തത്തില്‍ നാള്‍ക്ക്‌ നാള്‍ അമര്‍ന്ന് കൊണ്ടിരിക്കയാണെന്നതാണു വസ്ഥുത. സ്വന്തം മകളെ വരെ മദ്യത്തിന്റെ ലഹരിയില്‍ പ്രാപിക്കുന്ന അധമന്മാരായി മാറ്റാന്‍ മദ്യമെന്ന വിഷത്തിനു കഴിയുന്നു. എല്ലാ നീചപ്രവര്‍ത്തനങ്ങളും ചെയ്യുന്നതിനു മുന്നെ മൂക്കറ്റം മദ്യപിക്കുന്നത്‌ പതിവെന്നത്‌ തന്നെ സര്‍വ്വ നീചപ്രവത്തിയുടെയും അടിത്തറയായി മദ്യത്തെ എണ്ണിയതിനെ നമുക്ക്‌ മനസ്സിലാക്കി തരുന്നു. എത്രയോ കുടുബങ്ങളാണു ദിനംപ്രതി മദ്യത്തിന്റെ പിടിയില്‍ അമര്‍ന്ന് ശിഥിലമായികൊണ്ടിരിക്കുന്നത്‌. ഇന്ത്യയില്‍ പലയിടത്തും മദ്യനിരോധനം നടപ്പിലാക്കിയിട്ടുണ്ടങ്കിലും ഒന്നും തന്നെ അതിന്റെ ഫല പ്രാപ്തിയിലെത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. വിദ്യഭ്യാസം കൊണ്ടും സംസ്കാരം കൊണ്ടുമൊക്കെ മുന്നിലാണെന്നവകാശാപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ മതപരമായ ആഘോഷങ്ങള്‍ക്ക്‌ വരെ മദ്യം ഒഴിച്ച്‌ കൂടാനാവാത്ത ഇനമായി മാറിയിരിക്കുന്ന ദുരവസ്ഥ. ഇന്ന് സ്ത്രീകളും കുട്ടികളുമടക്കം ലഹരിയുടെ പിടിയില്‍ അമര്‍ന്ന് നരകിക്കുമ്പോഴും ഭരണ കര്‍ത്താക്കള്‍ അബ്കാരി നയം ലഘൂകരിച്ച്‌ വരുമാനം ഉണ്ടാക്കാന്‍ വീണ്ടു വഴി അന്വഷിക്കുകയാണു.

പ്രഭാതം മുതല്‍ പ്രദോശം വരെ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന തൊഴിലാളിയുടെ വരുമാനത്തിന്റെ ഏറിയ പങ്കും മദ്യഷാപ്പുകളിലെത്തുന്നു. വീട്ടിലെത്തുന്നത്‌ തെറിയഭിശേകവും തൊഴിയൂം വഴക്കും മാത്രം. തൊഴിലാളികള്‍ എന്നും ഇങ്ങിനെ നരകിക്കണമെന്ന് ചിന്തിക്കുന്ന അതിലൂടെ തങ്ങളുടെ നില നില്‍പ്പ്‌ (അവരെ ഉപയോഗിച്ച്‌ ) കണ്ടെത്തുന്ന രാഷ്ടീയക്കാര്‍ ഒരിക്കലും ഈ ദുരവസ്ഥ കാണുകയില്ല. മദ്യം വരുത്തി വെക്കുന്ന സാമൂഹ്യവിപത്തിലൂടെ, കുടുംബത്തിന്റെ തകര്‍ച്ചയിലൂടെ, കൊലപാതകങ്ങളിലൂടെ , ആത്മഹത്യയിലൂടെ, അപകടങ്ങളിലൂടെയെല്ലാം രാജ്യത്തിനു നഷ്ടമായികൊണ്ടിരിക്കുന്ന മനുഷ്യവിഭവം, സമാധാന അന്തരീക്ഷം ഇതിന്റെയൊക്കെ വില ഒന്ന് കൂട്ടിയിരുന്നെങ്കില്‍ ലാഭ നഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്ക്‌ തെളിയുമായിരുന്നു.

അതൊക്കെ ചിന്തിക്കാന്‍ ആര്‍ ക്കിവിടെ സമയം..?