ലേഖനങ്ങൾ

Friday, 28 November 2014

പുണ്യനബിയുടെ വിയോഗം





പ്രവാചകത്വ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുകയും അതിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്തതോടെ തന്റെ പ്രവാചകനെ തിരിച്ചുവിളിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു. മക്കംഫതഹ് മുതല്‍തന്നെ ഇതിന്റെ അടയാളങ്ങള്‍ പ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. ഹജ്ജത്തുല്‍ വിദാഇല്‍ പ്രവാചകന്‍ ഇത് കൂടുതല്‍ വ്യക്തമാക്കുകയും ചെയ്തു.

ഇരുപത്തിമൂന്നു വര്‍ഷത്തെ അനുസ്യൂതവും അവസരോചിതവുമായ ഖുര്‍ആന്‍ അവതരണം ഇതോടെ പരിസമാപ്തി കുറിച്ചു. ഇന്നു ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തീകരിക്കുകയും ഇസ്‌ലാമിനെ നിങ്ങള്‍ക്ക് മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ ഇനിയൊരു പ്രവാചകന്റെ ആവശ്യമില്ലായെന്ന ധ്വനിയുണ്ടായി. ബഹുദൈവാരാധനയുടെ കോട്ടക്കൊത്തളമായിരുന്ന മക്ക തൗഹീദിന്റെ ശക്തികേന്ദ്രമാവുകയും മദീനയെന്ന ഇസ്‌ലാമിക രാഷ്ട്രം രൂപമെടുക്കുകയും ചെയ്തു. അവസാനമായി, ഞാനിതാ ദൈവവിളിക്ക് കാത്തിരിക്കുകയാണെന്നും അതിനാല്‍, ഈ സത്യസന്ദേശം തലമുറകളിലേക്ക് കൈമാറിക്കൊണ്ടിരിക്കല്‍ നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രവാചകന്‍ പ്രഖ്യാപിച്ചു. ഇതോടെ ഒരു യുഗം അവസാനിക്കുകയായി. പ്രവാചകന്‍ റഫീഖുല്‍ അഅ്‌ലായിലേക്ക് പറന്നകലാനുള്ള ഒരുക്കത്തിലായി.
രോഗം പിടിപെടുന്നു
ഹിജ്‌റ വര്‍ഷം പതിനൊന്ന്. പ്രവാചകന് വയസ്സ് അറുപത്തിമൂന്നായി. അപ്പോഴും പ്രവാചകന്‍ പതിവുപോലെ ഓരോ കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നു. സ്വഫര്‍ മാസം. ഒരു രാത്രി പ്രവാചകന്‍ മദീനയിലെ ബഖീഉല്‍ ഗര്‍ഖദില്‍ സന്ദര്‍ശനം നടത്തുകയും അവിടത്തെ ഖബറാളികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അടുത്ത പ്രഭാതത്തില്‍ പ്രവാചകന് ശക്തമായ തലവേദന തുടങ്ങി. അത് അടിക്കടി കൂടിക്കൊണ്ടിരുന്നു. മൈമൂന ബീവിയുടെ വീട്ടിലാണ് അന്ന് പ്രവാചകന്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ ഭാര്യമാരെയെല്ലാം വിളിക്കുകയും ആഇശ (റ) യുടെ വീട്ടിലേക്കു മാറുന്നതിനെക്കുറിച്ച് സമ്മതം ചോദിക്കുകയും ചെയ്തു. അവര്‍ സമ്മതിച്ചു. ഫള്ല്‍ ബിന്‍ അബ്ബാസ് (റ) വിന്റെയും അലി (റ) വിന്റെ സഹായത്തോടെ പ്രവാചന്‍ ആഇശ (റ) യുടെ വീട്ടിലെത്തി. അവിടെ താമസിച്ചു. മുമ്പ് ഖൈബറില്‍നിന്ന് കഴിച്ച വിഷം കലര്‍ന്ന ഭക്ഷണത്തിന്റെ ആഘാതമാണ് ഇതെന്ന് പ്രവാചകന്‍ അവിടെനിന്നും പറയുകയുണ്ടായി.
ഉസാമ (റ) വിന്റെ ദൊത്യസംഘം
ഇതേ കാലയളവില്‍തന്നെ ശാമിലെ ഉബ്‌ന എന്ന പ്രദേശത്തേക്ക് പ്രവാചകന്‍ ഉസാമത്ത് ബിന്‍ സൈദ് (റ) വിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ നിയോഗിച്ചിരുന്നു. സ്വഫര്‍ മാസം അവസാനത്തിലായിരുന്നു ഇത്. തന്റെ പിതാവ് സൈദ് ബിന്‍ ഹാരിസിനെ വധിച്ച റോമക്കാരോട് യുദ്ധം ചെയ്ത് അവരെ ഇസ്‌ലാമിനു കീഴില്‍ കൊണ്ടുവരികയെന്നതായിരുന്നു നിയോഗ ലക്ഷ്യം. സൈന്യം മദീനയില്‍നിന്നും പുറപ്പെടുകയും മൂന്നു മൈല്‍ അകലെ ജുര്‍ഫ് എന്ന പ്രദേശത്ത് തമ്പടിക്കുകയും ചെയ്തു. അപ്പോഴാണ് പ്രവാചകന്‍ രോഗബാധിതനായ വിവരമെത്തുന്നത്. പ്രമുഖരുമായി കൂടിയാലോചിച്ച സംഘം പിന്നീട് മദീനയിലേക്കുതന്നെ തിരിച്ചു വരികയായിരുന്നു. പ്രവാചക വിയോഗത്തിനു ശേഷം അബൂബക്ര്‍ സിദ്ദീഖ് (റ) ഖിലാഫത്ത് ഏറ്റെടുത്തതോടെ ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടു. ഉസാമ (റ) വിന്റെ നേതൃത്വത്തില്‍തന്നെ സൈന്യം പുറപ്പെടുകയും വിജയിച്ചുമടങ്ങുകയുമുണ്ടായി.
അബൂബക്ര്‍ ഇമാം നില്‍ക്കട്ടെ!
ക്രമേണ പ്രവാചകരുടെ രോഗം മൂര്‍ച്ഛിച്ചു. തീരെ വയ്യാതെയായി. ഒരു വേര്‍പാടിന് മാനസികമായി തയ്യാറായ പ്രവാചകന്‍ തന്നെ കാണാന്‍ വരുന്നവരോട് നന്മ ഉപദേശിക്കുകയും തഖ്‌വകൊണ്ട് വസ്വിയ്യത് നടത്തുകയും ചെയ്തു. ശേഷം, വീട്ടിലുണ്ടായിരുന്ന ഒരു സ്വര്‍ണത്തിന്റെ കാര്യം പ്രവാചകന് ഓര്‍മ വന്നു. ആയിശ (റ) യെ വിളിക്കുകയും അത് ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു. ഈ സ്വര്‍ണം വീട്ടില്‍വെച്ചുകൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടല്‍ മുഹമ്മദിന് യോജിച്ചതല്ലെന്നായിരുന്നു ഇതിനോട് പ്രവാചകരുടെ പ്രതികരണം.
രോഗത്തിന് യാതൊരു മാറ്റവുമുണ്ടായില്ല. ഒരു സന്ധ്യാസമയം. ജനങ്ങള്‍ ഇശാ നിസ്‌കാരത്തിനായി പള്ളിയില്‍ എത്തിത്തുടങ്ങി. ‘ജനങ്ങള്‍ നിസ്‌കരിച്ചോ?’ കൂടെയുള്ളവരോട് പ്രവാചകന്‍ ചോദിച്ചു. ‘ഇല്ല, അവര്‍ അങ്ങയെ കാത്തിരിക്കുകയാണ്’ അവര്‍ പ്രതികരിച്ചു. ശേഷം, അംഗശുദ്ധി വരുത്താന്‍ വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. പ്രവാചകന്‍ വുളൂ എടുത്തു തുടങ്ങി. അതിനിടെ ബോധക്ഷയം സംഭവിച്ചു. അല്‍പം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ പ്രവാചകന്‍ വീണ്ടും ചോദിച്ചു; ജനങ്ങള്‍ നിസ്‌കരിച്ചോ. അവര്‍ അതേ മറുപടി തന്നെ നല്‍കി. വീണ്ടും വെള്ളം കൊണ്ടുവരപ്പെട്ടു. വുളൂ തുടങ്ങിയപ്പോഴേക്കും വീണ്ടും ബോധക്ഷയം. ഇങ്ങനെ മൂന്നു തവണ ആവര്‍ത്തിച്ചു. നാലാമത്തെ തവണ ‘ജനങ്ങള്‍ ഇശാ നിസ്‌കരാത്തിനായി അങ്ങയെ കാത്തിരിക്കുകയാണ്’ എന്നു പറഞ്ഞപ്പോള്‍ പ്രവാചകന്‍ ആളെ വിടുകയും സിദ്ദീഖ് (റ) വിനോട് ഇമാമത്ത് നില്‍ക്കാന്‍ പറയുകയും ചെയ്തു.
സിദ്ദീഖ് (റ) മൃതുല ഹൃദയനായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹമിത് ഉമര്‍ (റ) വിനോട് പറഞ്ഞു. താങ്കള്‍ തന്നെയാണ് ഇതിന് അവകാശിയെന്നും അതിനാല്‍ താങ്കള്‍ തന്നെ ഇമാമത്ത് നില്‍ക്കണമെന്നും ഉമര്‍ (റ) നിര്‍ബന്ധിച്ചു. ഒടുവില്‍ സിദ്ദീഖ് (റ) ഇമാം നിന്നു. നിസ്‌കാരം തുടങ്ങി. അതിനിടെ അല്‍പം ശമനം ലഭിക്കുകയും പ്രവാചകന്‍ സ്വഹാബികളുടെ സഹായത്തോടെ നിസ്‌കാരത്തിനെത്തുകയും ചെയ്തു. ഇതുകണ്ട സിദ്ദീഖ് (റ) പിന്നോട്ടു വലയാന്‍ ഉദ്ദേശിച്ചെങ്കിലും അവിടെത്തന്നെ നിന്ന് നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പ്രവാചകന്‍ ആംഗ്യം കാട്ടി. പിന്നില്‍ ഇരുന്നുകൊണ്ട് പ്രവാചകന്‍ നിസ്‌കരിച്ചു. അടുത്ത ദിവസവും സിദ്ദീഖ് (റ) തന്നെയാണ് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. സുബ്ഹി നിസ്‌കാരത്തിന് പള്ളിയില്‍ തടിച്ചുകൂടിയ ജനങ്ങളെ പ്രവാചകന്‍ വീട്ടില്‍നിന്നും വിരി നീക്കി വീക്ഷിച്ചു. തന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ട സംതൃപ്തിയോടെ ആ ഹൃദയം പുഞ്ചിരിച്ചു.

അവസാന നിമിഷങ്ങള്‍

അവസാന സമയങ്ങളിലും നിസ്‌കരം നിലനിര്‍ത്തുന്നതിനെപ്പറ്റിയാണ് പ്രവാചകന്‍ പറഞ്ഞുകൊണ്ടിരുന്നത്. രോഗം വല്ലാതെ മൂര്‍ച്ഛിച്ചപ്പോള്‍ അടുത്ത വെള്ള പാത്രത്തില്‍നിന്നും കൈ നനച്ച് പ്രവാചകന്‍ സ്വന്തം നെറ്റിത്തടം തടവിക്കൊണ്ടിരുന്നു. ആഇശ ബീവിയുടെ മടിയില്‍ തലവെച്ചാണ് പ്രവാചകന്‍ കിടന്നിരുന്നത്. ശേഷം, മരണത്തിന്റെ അപാര വേദനയെ അനുസ്മരിക്കുകയും സത്യവചനം ഉരുവിടുകയും ചെയ്തു. അവസാനം അല്ലാഹുമ്മ റഫീഖുല്‍ അഅ്‌ലാ എന്നു പറഞ്ഞ് ആ കണ്ണുകള്‍ അടഞ്ഞുപോയി. ഇതായിരുന്നു പ്രവാചകരുടെ അവസാന വാക്കുകള്‍. ഹിജ്‌റ വര്‍ഷം പന്ത്രണ്ട് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനായിരുന്നു ഇത്.
സ്വഹാബികളുടെ അവസ്ഥ
പ്രവാചകരുടെ വിയോഗ വാര്‍ത്ത കാട്ടു തീ പോലെ എങ്ങും പ്രചരിച്ചു. ഒരു ഇടിത്തീയേറ്റ ആഘാതമാണ് വിശ്വാസികള്‍ക്കുണ്ടായത്. തങ്ങളുടെ എല്ലാമെല്ലാമായ പ്രവാചകരുടെ വേര്‍പ്പാട് അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഉമര്‍ (റ) വിനെ പോലെയുള്ളവര്‍ അതിനെ ശക്തമായി നിഷേധിച്ചു. ആരെങ്കിലും പ്രവാചകന്‍ മരണപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞാല്‍ അവന്റെ കഥ ഞാന്‍ കഴിക്കുമെന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചു. അതിനിടെ സിദ്ദീഖ് (റ) കടന്നുവരികയും രംഗം ശാന്തമാക്കുകയും ചെയ്തു. പ്രവാചകന്‍ മുന്‍കാല പ്രവാചകന്മാരെപ്പോലെ മരിച്ചുപോകുമെന്നും അതിനാല്‍ ആരുമതില്‍ ആശങ്കപ്പെട്ട് വഴികേടിലാവേണ്ടതില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അതിനിടെ, ഒരു നേതൃത്വത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു സ്വഹാബി പ്രമുഖര്‍. അവര്‍ സഖീഫത്തു ബനീ സാഇദയില്‍ ഒരുമിച്ചുകൂടി ചര്‍ച്ച നടത്തി. മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാചകരുടെ ഖലീഫ ആരായിരക്കണമെന്നതായിരുന്നു ചര്‍ച്ച. ഒടുവില്‍, സിദ്ദീഖ് (റ) വിനെ പ്രഥമ ഖലീഫയായി തെരഞ്ഞെടുത്തു. ശേഷം, എല്ലാവരും കടന്നുവരികയും പ്രവാചകരുടെ ജനാസ കര്‍മങ്ങളില്‍ വ്യാപൃതരാവുകയും ചെയ്തു.
ഖബറടക്കം
പ്രവാചകരുടെ വിയോഗം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു. അതുകൊണ്ടുതന്നെ, തീര്‍ത്തും ഒരു അരക്ഷിതാവസ്ഥയായിരുന്നു തുടക്കത്തില്‍. അതുകൊണ്ടുതന്നെ ജനാസ സംസ്‌കരണത്തിനും മറമാടാനും സമയം വൈകി. ചൊവ്വാഴ്ചയാണ് പ്രവചാകരെ കുളിപ്പിക്കാനെടുക്കുന്നത്. അതുവരെ അടച്ചിട്ട മുറിയില്‍ പുതച്ചു കിടത്തിയതായിരുന്നു. അലി (റ), അബ്ബാസ് (റ), ഫള്ല്‍ ബിന്‍ അബ്ബാസ്, ഖുസം ബിന്‍ അബ്ബാസ് തുടങ്ങിയവര്‍ കുളിപ്പിക്കലിന് നേതൃത്വം നല്‍കി. ശേഷം, പത്തുവീതം ആളുകള്‍ റൂമില്‍ കയറി നിസ്‌കാരം നിര്‍വഹിച്ചു. പ്രവാചകരെ എവിടെ മറമാടണമെന്ന വിഷയത്തിലും തര്‍ക്കങ്ങളുയര്‍ന്നിരുന്നു. അതിനിടെ സിദ്ദീഖ് (റ) ഇടപെടുകയും പ്രവാചകന്മാരെ അവര്‍ മരിച്ച സ്ഥലത്തുതന്നെയാണ് മറമാടേണ്ടതെന്ന് പ്രവാചകന്‍ പറയുന്നതായി താന്‍ കേട്ടിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അതനുസരിച്ച് അബൂഥല്‍ഹ (റ) പ്രവാചകന്‍ കിടന്നിടത്തുതന്നെ ഖബറൊരുക്കി. ചൊവ്വാഴ്ച അസ്തമിച്ചതോടെ പ്രവാചകരെ അതില്‍ ഖബറടക്കുകയും ചെയ്തു.