ലേഖനങ്ങൾ

Sunday, 7 February 2016

സഅ്യിന്റെ നിബന്ധനകള്‍

സ്വഫാ മര്‍വക്കിടയില്‍ സഅ്യ് ചെയ്യുന്നതിന്റെ നിബന്ധനകള്‍ നാലാകുന്നു.
1. സ്വഫാ മര്‍വയുടെ ഇടയിലുള്ള സ്ഥലങ്ങള്‍ മുഴുവനും വിട്ടുകടക്കുക. കുന്നുകളുടെ രൂപഭാവങ്ങള്‍ മാറിയ സാഹചര്യത്തില്‍ ഉറപ്പുവരുന്നത് വരെ കയറേണ്ടതാണ്. എന്നാല്‍ സ്വഫയില്‍ കയറിനില്‍ക്കാന്‍ ഇപ്പോഴും ഉയര്‍ന്ന ഭാഗങ്ങളുണ്ട്. അതിന്റെ മുകളില്‍ വരെ കയറേണ്ടതില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ല.
2. സ്വഫ മുതല്‍ നടത്തം ആരംഭിക്കുക. ഇടക്കുവെച്ചോ മര്‍വയില്‍ നിന്നോ നടത്തം തുടങ്ങിയാല്‍ അത്രയും ഭാഗം പരിഗണിക്കുന്നതല്ല. സ്വഫയില്‍ നിന്ന് തുടങ്ങിയതേ ഗണിക്കപ്പെടുകയുള്ളൂ.
3. ഏഴുവട്ടം പൂര്‍ത്തിയാക്കുക.
4. സഅ്യ് സ്വഹീഹായ ത്വവാഫിനു ശേഷമായിരിക്കുക. മീഖാത്തില്‍ നിന്ന് ഹജ്ജിനുമാത്രം ഇഹ്റാം ചെയ്തവര്‍ക്ക് മക്കയിലെത്തി ആദ്യമായി നടത്തുന്ന ഖുദൂമിന്റെ ത്വവാഫിനുശേഷം ഹജ്ജിന്റെ സഅ്യ് ചെയ്യുന്നതാണ് ശ്രേഷ്ഠമായത്. ഹജ്ജിന്റെ ഭാഗമായ ഇഫാള്വതിന്റെ ത്വവാഫിനുശേഷം സഅ്യ് ചെയ്താലും മതി. ഖുദൂമിന്റെ ത്വവാഫിനുശേഷം സഅ്യ് ചെയ്തവര്‍ പിന്നീട് സഅ്യ് ചെയ്യേണ്ടതില്ല.
മീഖാത്തില്‍ നിന്ന് ഉംറക്കു മാത്രം ഇഹ്റാം ചെയ്തവര്‍ പിന്നീട് മക്കയില്‍ നിന്നു തന്നെ ഹജ്ജി നു ഇഹ്റാം ചെയ്യുകയാണെങ്കില്‍ അവര്‍ ഇഫാള്വതിന്റെ ത്വവാഫിനു ശേഷം സഅ്യ് ചെയ്യല്‍ നിര്‍ബന്ധമാണ്.


സഅ്യിന്റെ സുന്നത്തുകള്‍

 

1. സഅ്യ് ത്വവാഫിന്റെ ഉടനെയാവുക. രണ്ടിനുമിടയില്‍ സമയം വൈകിയാലും സാധുവാകുന്നതാണ്.
2. സ്വഫയിലും മര്‍വയിലും വെച്ച് മുന്‍വിവരിച്ച ദിക്റ് ദുആകള്‍ നിര്‍വഹിക്കുക.
3. പുരുഷന്മാര്‍ രണ്ട് പച്ചത്തൂണുകള്‍ക്കിടയില്‍ വേഗത്തില്‍ നടക്കുക.
4. ഔറത്ത് വെളിവാക്കാതിരിക്കുക. വുള്വൂഅ് ഉണ്ടായിരിക്കുക.
5. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക.
6. വാഹനം കയറാതെ നടന്നുകൊണ്ട് സഅ്യ് ചെയ്യുക.
സഅ്യിലെ ഓരോ ചുറ്റിലും മറ്റും ചൊല്ലേണ്ട ദിക്റുകളും പ്രാര്‍ഥനകളും സഅ്യിന് ശേഷമുള്ള പ്രാര്‍ഥനയും ‘ദിക്ര്‍ ദുആകള്‍’ എന്ന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്.