ലേഖനങ്ങൾ

Friday, 26 August 2016

ഖിയാമത്തിന്റെ അടയാളങ്ങൾ




 അന്ത്യനാളിനോടനുബന്ധിച്ച് സംഭവിക്കുന്ന വലുതും ചെറുതുമായ നിരവധി അടയാളങ്ങൾ നബി(സ) നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. അവയിൽ ചിലത് നമുക്കിപ്പോൾ വായിക്കാം.
                            ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി.

أن تلد الأمة ربتها

(1) അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം)

(2) വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും.

മറ്റു നിരവധി ഹദീസുകളിൽ അന്ത്യദിനത്തിന്റെ മുന്നോടിയായി ഉണ്ടാകുന്ന പല അടയാളങ്ങളും വന്നിട്ടുണ്ട്. 


(3) വിജ്ഞാനം ഉയർത്തപ്പെടുക.
(4) അജ്ഞത വർദ്ദിപ്പിക്കുക.
(5) വ്യഭിചാരം വർദ്ദിപ്പിക്കുക.
(6) മദ്യപാനം വർദ്ദിപ്പിക്കുക
(7) 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക.

(8) തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു: 

 إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة أن تقاتلوا قوما عراض الوجوه كأن وجوههم المجان المطرقة(البخاري: ٢٧١٠) 

നിശ്ചയം രോമത്തിന്റെ ചെരുപ്പുകൾ ധരിക്കുന്ന ഒരു വിഭാഗത്തോട് നിങ്ങൾ യുദ്ദം ചെയ്യൽ അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപെട്ടതാണ്. നിശ്ചയം പരന്ന മുഖങ്ങളുള്ള ഒരു വിഭാഗത്തോട് നിങ്ങൾ യുദ്ദം ചെയ്യൽ അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപെട്ടതാണ്.
             രോമത്തിന്റെ ചെരുപ്പുകൾ ധരിക്കുന്നവർ തുർക്കികളല്ലെന്നും നിഷിദ്ധമായ കാര്യങ്ങൾ ഹലാലാക്കിയ ബാബക്കിന്റെ അനുയായികളാണെന്നും ഫത്ഹുൽ ബാരിയിൽ കാണാവുന്നതാണ്. മഅ്മൂൻ രാജാവിന്റെ ഭരണകാലത്ത് അവർ ത്വബ്ർസ്ഥാൻ, റയ്യ് തുടങ്ങിയ പല നാടുകളിലും ആധിപത്യം സ്ഥാപിച്ചിരുന്നു. മുഅ്തസ്വിമിന്റെ  ഭരണകാലത്ത് ബാബക് വധിക്കപ്പെട്ടു. ഹിജ്‌റ വർഷം 201 നോ അതിനുമുമ്പോ രംഗത്തുവന്ന ബാബക് 222 ൽ  വധിക്കപ്പെട്ടു. (ഫത്ഹുൽബാരി: 9/93)
من أشراط الساعة: أن يتباهى الناس في المساجد( رواه النسائي: ٦٨٢)

(9) ജനങ്ങൾ പള്ളികളുടെ പേരിൽ അഭിമാനം കൊള്ളുക. 

من أشراط الساعة أن يفشو المال ويكثر، وتفشو التجارة

 (10) സ്വത്തും കച്ചവടവും വർദ്ദിക്കുക.
(11) മനുഷ്യരിൽ അല്ലാഹുവിലുള്ള വിശ്വാസം കുറഞ്ഞുവരിക.
(12) വിപ്ലവങ്ങളും  അരാജകത്വവും വർദ്ദിക്കുക.
(13) ലോകത്താകെ നാശം പറക്കുക. എത്രത്തോളമെന്നാൽ ഒരു ഖബ്‌റിന്നരികിലൂടെ മനുഷ്യൻ നടന്നുപോകുമ്പോൾ 'ഇയാൾക്കുപകരം ഞാനായിരുന്നുവെങ്കിൽ' എന്ന് നടന്നുപോകുന്നവൻ ആശിച്ചുപോകും.
(14) ഇറാഖ്, സിറിയ എന്നിവ നികുതിയടക്കാൻ വിസമ്മതിക്കും. (അവ സ്വതന്ത്ര രാജ്യങ്ങളാവും എന്നാവാം അർത്ഥം)
(15) മദീനയിലെ കെട്ടിടങ്ങളുടെ നീളം മക്കയിലെത്തും.
(16) ബഹുദൈവാരാധന സാര്വത്രികമാകും. അറബികൾ ലാത്ത, ഉസ്സ, തുടങ്ങിയ പുരാതന ജാഹിലി വിഗ്രഹങ്ങളെ പൂജിക്കാൻ തുടങ്ങും. ഹൃദയത്തിൽ കടുമണിത്തൂക്കം വിശ്വാസമുള്ളവർ വരെ മരിച്ച ശേഷമാണ് ഇത് സംഭവിക്കുക. സിറിയയിൽ ആഞ്ഞു വീശുന്ന പരിമളപൂരിതമായ ഒരു ശീതവാതം അവസാനത്തെ വിശ്വാസിയുടെ ആത്മാവിനെ മരിപ്പിച്ചുകൊണ്ടുപോകുകയും ചെയ്യും. തൽഫലമായി ഏറ്റവും ഭീകരമായ അജ്ഞതയിൽ ജനം ഒരു നൂറു കൊല്ലം കഴിയേണ്ടിവരും.
(17) വിശ്വസ്തത നഷ്ടപ്പെടുക.
(18) ഭാര്യമാർക്ക് വഴിപ്പെട്ട് മാതാവിനെ വെറുപ്പിക്കുക.
(19) സ്നേഹിതനെ അടുപ്പിക്കുകയും പിതാവിനെ അകറ്റി നിറുത്തുകയും ചെയ്യുക.
(20) സമുദായത്തിലെ അവസാനത്തവർ ആദ്യത്തവരെ ശപിക്കുക.
(21) സകാത്ത് കൊടുക്കാതിരിക്കുക.
(22) പള്ളികളിൽ ശബ്ദങ്ങളുയരുക.
(23) പാട്ടുകാരികൾ വർദ്ദിക്കുക.
(24) പുരുഷൻ പട്ടുവസ്ത്രം ധരിക്കുക.
(25) ഒരാളുടെ അക്രമം ഭയന്ന് അയാളെ ആദരിക്കുക.
(26) ലൈംഗിക വൃത്തിക്ക് പുരുഷന്മാർ പുരുഷന്മാരെക്കൊണ്ടും സ്ത്രീകൾ സ്ത്രീകളെകൊണ്ടും മതിയാക്കുക.
(27) കാര്യങ്ങൾ അനർഹർ കൈകാര്യം ചെയ്യുക.
(28) യൂഫ്രട്ടീസ്‌ തടങ്ങളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വമ്പിച്ച കൂമ്പാരങ്ങൾ കണ്ടെടുക്കും. പലർക്കും അത് നാശമായി ഭവിക്കും.
(29) എത്യോപിയക്കാരാൽ മക്കയിലെ കഅ്ബ തകർക്കപ്പെടും.
(30) മൃഗങ്ങളും ജീവില്ലാത്ത വസ്തുക്കളും സംസാരിക്കും.
(31) ഹിജാസ്, യമൻ ഭാഗത്തുനിന്ന് അതിഭയാനകമായ അഗ്നി ഉയരും.
(32) കഹ്താൻ ഗോത്രത്തിന്റെ പിന്ഗാമികളിൽ നിന്ന്‌ ഒരാൾ പ്രത്യക്ഷപ്പെടും. അയാൾ തനിക്കുമുമ്പിലെ ജനങ്ങളെ തന്റെ വടികൊണ്ട് തെളിക്കും.
(33) ഇമാം മഹ്ദി(റ)യുടെ ആഗമനം.
ഇമാം മഹ്ദി(റ) സത്യധർമ്മത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി ഭൂമിയാകെ നന്മയും നീതിയും ക്ഷേമവും നിറയ്ക്കും. മരിച്ചുപോയ തങ്ങളുടെ ബന്ധുമിത്രാദികളും മറ്റും ആ സമയം ജീവിച്ചിരുന്നെങ്കിൽ എന്ന് ജനം ആശിക്കും. അത്രമാത്രം ക്ഷേമൈശ്വര്യ സമ്പൂർണ്ണമായിരിക്കും മഹ്ദി(റ)യുടെ ഭരണകാലം.
(34) ഭൂകമ്പങ്ങളും ഭൂതകാഴ്ചകളും സംഭവിക്കും.
(35) ക്രമാതീതമായി ധനം വർദ്ദിക്കും.
(36) മുസ്ലിംകൾ ജൂതന്മാരുമായി പോരാടി വിജയിക്കും. മദീനയിലെ ജനവാസം കുറയുകയും ജറുസലേം പ്രശസ്ത നഗരമായി ഉയരുകയും ചെയ്യും.
(37) ഭൂമികുലുക്കങ്ങളും ആകാശത്തുനിന്നുള്ള കല്ലേറുകളും സംഭവിക്കും. ബസ്വറയിൽ ഭൂമി പാതാളത്തിലേക്ക്‌ ഇടിഞ്ഞു വീഴുകയും ചെയ്യും.
(38) മസീഹ് ദജ്ജാൽ പുറപ്പെടും അതിനുശേഷം ഈസാനബി(അ) ഭൂമിയിൽ  വരികയും ലോകമൊട്ടാകെ ഇസ്‌ലാം സ്ഥാപിക്കുകയും ചെയ്യും.
(39) ഒരു നീഗ്രോഭരണാധികാരി കഅ്ബ പൊളിക്കുകയും നിധികൾ എടുത്തുകൊണ്ടുപോവുകയും ചെയ്യും.
(40) സൂര്യൻ പടിഞ്ഞാറുനിന്നുദിക്കും.
(41) ദാബ്ബത്തുൽഅര്ള്   പ്രത്യക്ഷപ്പെടും. മക്കയിലെ സ്വഫാമലയുടെ മുകളിൽ നിന്നാണ് അത് പ്രത്യക്ഷപ്പെടുക. വിവിധ സ്ഥലങ്ങളിലായി മൂന്നു തവണ ഈ ജീവി പ്രത്യക്ഷപ്പെടും. മൂസാ നബി(അ)യുടെ വടിയും സുലൈമാൻ നബി(അ)യുടെ മുദ്രയും ഈ ജീവി വഹിക്കും. അതിവേഗതയുള്ള ഈ ജീവിയെ യാതൊന്നിനും മറികടക്കാനോ ഈ ജീവിയിൽനിന്നു ഓടി രക്ഷപ്പെടാനോ സാധ്യമല്ല. ഈ ജീവിയുടെ ആദ്യത്തെ ആഘാതത്തിൽതന്നെ  വിശ്വാസിയുടെ നെറ്റിയിൽ 'മുഅ്മിൻ' എന്നും അവിശ്വാസിയുടെ നെറ്റിയിൽ 'കാഫിർ' എന്നും പാതിയും. അങ്ങനെ ഓരോരുത്തനെയും അവരുടെ വിശ്വാസമനുസരിച്ച് തിരിച്ചറിയാനാവും. ഇസ്‌ലാം ഒഴികെയുള്ള എല്ലാ മതങ്ങളുടെയും വ്യാജ സ്വഭാവം ഈ ജീവി വെളിപ്പെടുത്തും. അറബിയിലാണ് സംസാരിക്കുക.

(42) മുസ്ലിംകൾ  റോമക്കാർ/ ഗ്രീക്കുകാരോട് യുദ്ദം ചെയ്യും. ഇസ്ഹാഖ് നബി(അ)യുടെ പിന്ഗാമികളിൽപ്പെട്ട 70,000 പേര് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കും. ആയുധശക്തികൊണ്ടല്ല.  പ്രത്യുത അവർ 'ലാഇലാഹഇല്ലല്ലാഹു' (لاإله إلا الله) എന്ന് ഉദ്‌ഘോഷിക്കുമ്പോൾ ആ നഗരത്തിന്റെ മതിലുകൾ അവർക്കുമുമ്പിൽ തകർന്നുവീഴും. തുടർന്നു അവർ ആർജ്ജിത വീതിക്കുമ്പോൾ മസീഹുദ്ദജ്ജാൽ പുറപ്പെട്ടതായി അവരോടു വിളിച്ചു പറയപ്പെടും. അവൻ ഒറ്റക്കണ്ണനായിരിക്കും. അവന്റെ നെറ്റിയിൽ ക-ഫ-റ (കാഫിർ) എന്നെഴുതി വെച്ചിട്ടുണ്ടായിരിക്കും. സിറിയഖും ഇറാഖിനും ഇടയിലാണ് (ഖുറാസാൻ) അവൻ പ്രത്യക്ഷപ്പെടുക. അവൻ ഒരു വെളുത്ത കഴുതപ്പുറത്താണ് സഞ്ചരിക്കുക. അസ്ഫഹാനിലെ 70000 ജൂതന്മാർ അവനെ പിന്തുടരും. ഭൂമിയിൽ അവൻ 40 ദിവസം വാഴും. അതിലെ ഓരോ ദിനവും ഓരോ വർഷത്തിന്റെ നീളമുള്ളതായിരിക്കും. ബാക്കിദിനങ്ങൾ സാധാരണ ദൈർഘ്യമുള്ളവയായിരിക്കും. എല്ലാ നാടും അവൻ തരിശാക്കും. മാലാഖമാർ കാവൽ നിൽക്കുന്ന മക്കയിലും മദീനയിലും അവൻ കടക്കുകയില്ല. ദജ്ജാലാലിനെ ഒടുവിൽ ഈസാനബി(അ) വധിക്കും. ലുദ്ദ് കവാടത്തിനടുത്തുവെച്ചാണ് അവർ തമ്മിൽ സംഘട്ടനം നടക്കുക.

(43) ഈസാനബി(അ) യുടെ രണ്ടാം വരവ്. ഡമസ്കസിന്റെ കിഴക്കുള്ള വെള്ള ഗോപുരത്തിനു കിഴക്കാണ്‌ അദ്ദേഹം വന്നിറങ്ങുക. ജനങ്ങൾ കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കി വരുമ്പോഴായിരിക്കും അത്. അദ്ദേഹം മുഹമ്മദ് നബി(സ) ശരീഅത്ത് സ്വീകരിച്ച് പ്രവർത്തിക്കും. വിവാഹം ചെയ്യും. അതിൽ മക്കൾ ജനിക്കും. വ്യാജക്രിസ്തുവേ വധിക്കും. 40/24 കൊല്ലം ജീവിച്ച ശേഷം അദ്ദേഹം വഫാത്താകും. മദീനയിൽ റൗളാ ശരീഫിലാണ് അദ്ദേഹത്തെ ഖബറടക്കം ചെയ്യുക. അദ്ദേഹത്തിൻറെ ഭരണകാലത്ത് ലോകത്താകെ സുരക്ഷിതത്വവും ക്ഷേമവും ഉണ്ടാകും. വെറുപ്പും പകയുമെല്ലാം ഒഴിവാകും. സിംഹങ്ങളും ഒട്ടകങ്ങളും ആടുകളും കരടികളും സമാധാനത്തിൽ ജീവിക്കും. ഉപദ്രവമില്ലാതെ കുഞ്ഞുങ്ങൾ സർപ്പവുമായ കളിക്കും.

(44) ജൂതന്മാരുടെ യുദ്ദം. മുസ്ലിംകൾ ഈസാ നബി(അ)യുടെ കീഴിൽ ജൂതന്മാരുടെ യുദ്ദം ചെയ്യും. ജൂതന്മാർ ഒളിച്ചിരിക്കുന്ന ഓരോ കല്ലും ഓരോ ചെടിയും 'ഇവിടെ ഒരു ജൂതൻ ഒളിച്ചിരിക്കുന്നു' എന്ന് വിളിച്ച് പറയും. 'ഗർഖദ്' വൃക്ഷമൊഴികെ. അത് ജൂതന്മാരുടെ ആരാധന വൃക്ഷമെത്രെ.

(45)യഅ്ജൂജ് മഅ്ജൂജിന്റെ ആഗമന. ഇവർ കിഴക്കൻ മലകൾക്കപ്പുറത്തുനിന്നാണ് പുറപ്പെടുക. പടക്കൂട്ടവുമായി കണ്ണിൽകണ്ടതെല്ലാം അവർ നശിപ്പിക്കും. തിബാരിയാസ് തടാകം കുടിച്ചു തീർക്കും. അവർ ജറുസലേം വരെ എത്തുകയും ഈസാനബി(അ)ക്കും സഹവാസികൾക്കും അങ്ങേയറ്റം ക്ലേശമുണ്ടാക്കുകയും ചെയ്യും. അദ്ദേഹത്തിൻറെ സഹചരന്മാരുടെയും പ്രാർത്ഥന സ്വീകരിച്ച് അല്ലാഹു അവരെ നശിപ്പിക്കും. അവരുടെ ശവങ്ങൾകൊണ്ട് ഭൂമി നിറയും. തുടർന്ന് അല്ലാഹു ഒരു തരാം പക്ഷികളെ അയക്കുകയും അവ അവരുടെ ശവങ്ങൾ കൊത്തിയെടുത്തുകൊണ്ടുപോകുകയും ചെയ്യും. അവരുടെ ആയുധങ്ങൾ മുസ്ലിംകൾ ഏഴു വർഷം കത്തിക്കും.

(46) ഭൂമി മുഴുവൻ മൂടുന്ന പുക.
(47) ചന്ദ്രഗ്രഹണം. അന്ത്യനാളിൽ മുമ്പ് മൂന്നു ഗ്രഹണങ്ങൾ സംഭവിക്കുമെന്ന് നബി(സ) പ്രവചിക്കുകയുണ്ടായി. അതിലൊന്ന് കിഴക്കും മറ്റേത് പടിഞ്ഞാറും മൂന്നാമത്തേത് അറേബ്യായിലും  ദൃശ്യമാകും. അന്ത്യദിനം എപ്പോൾ സംഭവിമ്മുമെന്ന കാര്യം അപ്പോഴും അജ്ഞാതമായവശേഷിപ്പിക്കും.

ഇസ്‌റാഫീൽ(അ) എന്ന മലക്ക് 'സ്വൂർ' എന്ന കാഹളത്തിൽ ഊതുന്നതോടെയാണ് ഖിയാമത്ത് സംഭവിക്കുക. ഈ കാഹള ധ്വനി മൂന്നുതവണ മുഴുക്കപ്പെടും. ആദ്യത്തെ തവണ മുഴങ്ങുമ്പോൾ അല്ലാഹു അവന്റെ കൃപയാൽ മാറ്റിനിർത്തിയവരൊഴികെയുള്ള മനുഷ്യരും പറവകളും മൃഗങ്ങളും സർവ്വ ജീവജാലങ്ങളും കൊടുംഭീതിയിലാകും. ഈ ധ്വനി സൃഷ്ട്ടിക്കുന്ന ആഖാതം ഭയാനകമായിരിക്കും. ആ ദിവസത്തിന്റെ ഭയങ്കരതയെക്കുറിച്ച് ഖുർആൻ വിവരിക്കുന്നതിങ്ങനെയാണ്.
إِذَا الشَّمْسُ كُوِّرَتْ ﴿١ وَإِذَا النُّجُومُ انكَدَرَتْ ﴿٢ وَإِذَا الْجِبَالُ سُيِّرَتْ ﴿٣ وَإِذَا الْعِشَارُ عُطِّلَتْ ﴿٤ وَإِذَا الْوُحُوشُ حُشِرَتْ ﴿٥ وَإِذَا الْبِحَارُ سُجِّرَتْ ﴿٦ وَإِذَا النُّفُوسُ زُوِّجَتْ ﴿٧ وَإِذَا الْمَوْءُودَةُ سُئِلَتْ ﴿٨ بِأَيِّ ذَنبٍ قُتِلَتْ ﴿٩ وَإِذَا الصُّحُفُ نُشِرَتْ ﴿١٠ وَإِذَا السَّمَاءُ كُشِطَتْ ﴿١١ وَإِذَا الْجَحِيمُ سُعِّرَتْ ﴿١٢ وَإِذَا الْجَنَّةُ أُزْلِفَتْ ﴿١٣ عَلِمَتْ نَفْسٌ مَّا أَحْضَرَتْ. (سورة التكوير١-١٤)


"സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍, നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍, പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍, പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍, വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍, സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍, ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,താൻ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടതെന്ന് (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍, ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍,ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍. സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍. ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌". 

അല്ലാഹു പറയുന്നു:  

إِذَا السَّمَاءُ انفَطَرَتْ ﴿١﴾ وَإِذَا الْكَوَاكِبُ انتَثَرَتْ ﴿٢﴾ وَإِذَا الْبِحَارُ فُجِّرَتْ ﴿٣﴾ وَإِذَا الْقُبُورُ بُعْثِرَتْ ﴿٤﴾ عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ. (سورة الإنفطار١-٤)

"ആകാശം പൊട്ടി പിളരുമ്പോള്‍.നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍. സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്,ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റിവെച്ചതും എന്താണെന്ന് അറിയുന്നതാണ്‌".

രണ്ടാമത്തെ കാഹളധ്വനിയോടെ ഭൂമിയിലും ആകാശങ്ങളിലുമുള്ള എല്ലാ സൃഷ്ട്ടി ജാലകങ്ങളും നശിക്കും. അല്ലാഹു പൊതുവിധിയിൽ നിന്നു മാറ്റിനിർത്തയവരൊഴികെ. ഇതെല്ലാം കണ്ണിമവെട്ടുന്ന സമയംകൊണ്ടാണ് സംഭവിക്കുക. തുടർന്ന് അല്ലാഹുവല്ലാത്തതെല്ലാം നശിക്കും. സ്വർഗ്ഗനരഗങ്ങൾ, അവയിലെ നിവാസികൾ എന്നിവരും അവശേഷിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. ഏറ്റവും അവസാനമായി മരിക്കുക കാഹളം മുഴക്കാൻ നിയുക്തനായ ഇസ്‌റാഫീൽ(അ) എന്ന മലക്കായിരിക്കും.

തുടർന്ന് 40 വർഷത്തിനുശേഷം വീണ്ടും കാഹളം മുഴക്കപ്പെടും. ഇത് ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമായിരിക്കും. ഇതിന്നായി ജിബ്‌രീൽ(അ), മീക്കാഈൽ(അ), ഇസ്‌റാഫീൽ(അ) എന്നീ മലക്കുകളെ അല്ലാഹു പുനർജീവിപ്പിക്കും. ഉണങ്ങിയതും ദ്രവിച്ചതുമായ എല്ലുകളും വേര്പിരിഞ്ഞുപോയ ശരീരഭാഗങ്ങളും രോമങ്ങൾ വരെ വിചാരണയ്ക്കായി ഒരുമിച്ച് കൂട്ടും. അല്ലാഹുവിന്റെ കൽപ്പനയിൽ ഇസ്‌റാഫീൽ(അ) വീണ്ടും കാഹളം മുഴക്കുമ്പോൾ എല്ലാ ആത്മാവുകളും എല്ലാ ഭാഗത്തുനിന്നുമായി ആകാശത്തിനും ഭൂമിക്കുമിടയിൽ തേനീച്ചകളെപ്പോലെ ഒരുമിച്ചുകൂടി പാറിക്കളിക്കും. തുടർന്ന് അവയുടെ ശരീരങ്ങളിലേക്കു തിരിച്ചുപോകും. ജീവികളെല്ലാം മരണനിദ്രവിട്ടുണരും. ആദ്യം എഴുന്നേൽക്കുക മുഹമ്മദ് നബി(സ) ആയിരിക്കും.

40 വർഷം നീണ്ടുനിൽക്കുന്ന വർഷപാതം ഭൂമിയെ ഇതിനായി സജ്ജീകരിക്കും. അര്ശിന്റെ താഴെയുള്ള ജീവജാലത്തിൽനിന്നാണ് ഈ വർഷപാതം ഉണ്ടാവുക. വിത്തുകൾപോലുള്ള മനുഷ്യാവശിഷ്ടങ്ങൾക്കുമേൽ നാല്പതുവർഷത്തെ മഴ പെയ്തതിനെത്തുടർന്ന് ഗർഭാശയത്തിലെന്നോണം മനുഷ്യ ശരീരങ്ങൾ ഭൂമിയിൽ വളരും. മഴകൊണ്ട് ധാന്യങ്ങൾ മുളയ്ക്കുന്നതുപോലെ. പിന്നെ അവരിൽ ജീവശ്വാസം ഊതപ്പെടും. അന്തിമകാഹളം മുഴങ്ങുന്നതുവരെ അവ ആ കുഴിയുടെ മാളങ്ങളിലുറങ്ങും.

അന്ത്യദിനം അതിന്റെ ഭയങ്കരതയാൽ അതിദീർഘമായിരിക്കും.  അതിന്റെ ദൈർഘ്യം സാധാരണത്തെ ആയിരമോ (ഖു. 32-4) അമ്പതിനായിരമോ(ഖു. 70-4) വർഷം വരെ നീണ്ടതായിരിക്കുമെന്ന്‌ വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്.

ഉയിർത്തെഴുന്നേൽപ്പ് എല്ലാ ജീവികൾക്കും ബാധകമാണ്. മലക്കുകൾ, ജിന്നുകൾ, മനുഷ്യൻ, മൃഗങ്ങൾ, എല്ലാവരും പുനർജ്ജീവിപ്പിക്കപ്പെടും.

ശാശ്വത സമാധാനത്തിനായി വിധിക്കപ്പെട്ടവർ ആദരവോടെയും സുരക്ഷിതത്വത്തോടെയുമാണ് എഴുന്നേൽക്കുക. ശിക്ഷകൾക്ക് വിധിയായവർ നിഗ്രഹിതരും മുഖം ഇരുണ്ടവരുമായി എഴുന്നേൽക്കും. അല്ലാഹു പറയുന്നു.  


"ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്‌? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക. എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്‌".

പ്രസ്തുത ആയത്തിനെ അധികരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:  


ഇമാം മാലിക്(റ), ദൈലമി(റ) എന്നിവർ ഇബ്നു ഉമർ (റ)യിൽ നിന്ന് നിവേദനം ചെയ്തതായി ഖത്വീബ് (റ) ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: "അഹ് ലുസ്സുന്നയുടെ മുഖങ്ങൾ പ്രകാശിക്കുന്നതും അഹ്‌ലുൽ ബിദ്അയുടെ മുഖങ്ങൾ കറുക്കുന്നതുമാണെന്നാണ് ആയത്തിന്റെ വിവക്ഷ". (അദ്ദുർറൂൽ മൻസൂർ. 2/407) ഖുർത്വുബി 4/167-ലും ഇതേ വിവരണം കാണാവുന്നതാണ്.

പ്രസ്തുത ആശയം മുഫസ്സിറുകളുടെ നേതാവ് ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിരവധി തഫ്സീറുകളിൽ ഉദ്ധരിക്കുന്നുണ്ട്. 



(ഉദാഹരണത്തിന് ഇബ്നുകസീർ 2/92-7/111- ഖുർത്വുബി 4/167- ബഗ്‌വി 2/87- ഇബ്നുഅബീഹാതിം 3/124- ഫത്ഹുൽ ഖദീർ 2/10 സാദുൽമസീർ 1/393 ഖാസിൻ 1/436  അൽബഹ്‌റുൽമദീദ് 1/318)

മാതാവിന്റെ ഗര്ഭാശയത്തിൽനിന്നു ജനിച്ചു വീണ കുഞ്ഞുങ്ങളെപ്പോലെ നഗ്നരും നഗ്നപാദരും സുന്നത്ത് കഴിക്കപ്പെടാത്തവരുമായിരിക്കും അവർ. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്.  


ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം; നബി(സ) ഞങ്ങളിൽ എണീറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: "നിശ്ചയം നിങ്ങൾ നഗ്നരും നഗ്നപാദരും സുന്നത്തുകഴിക്കപ്പെടാത്തവരുമായി ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്". 'ആദ്യമായി സൃഷ്ട്ടി ആരംഭിച്ചതുപോലെതന്നെ നാം അത് ആവർത്തിക്കുന്നതാണ്' എന്നർത്ഥം വരുന്ന ആയത്ത് (അംമ്പിയാഅ്: 104) നബി(സ) പാരായണം ചെയ്തു. അന്ത്യനാളിൽ സൃഷ്ട്ടികളിൽവെച്ച് ആദ്യമായി വസ്ത്രം ധരിക്കപ്പെടുന്നത് ഇബ്‌റാഹീം(അ) ആണ്. (ബുഖാരി: 6045)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി(റ) എഴുതുന്നു. 


നമ്മുടെ നബി(സ) ഏതുവസ്ത്രത്തിലാണോ മരണപ്പെട്ടത് അതേവസ്ത്രം ധരിച്ചായിരിക്കും ഖബ്‌റിൽ നിന്ന് എണീക്കുകയെന്ന് എനിക്കിപ്പോൾ വ്യക്തമായിരിക്കുന്നു. അപ്പോൾ ഇബ്‌റാഹീം നബി(അ) ക്കു ശേഷം നബി(സ)ക്ക്  ധരിക്കപ്പെടുമെന്ന് പറയുന്ന വസ്ത്രം ആദരവിന്റെ സ്വർഗ്ഗീയ വസ്ത്രം മാത്രമാണ്. അര്ശിന്റെ താഴ്ഭാഗത്ത് കുർസിയ്യിൽ നബി(സ)യെ ഇരുത്തുമെന്ന പരാമർശം ഇതിനു തെളിവാണ്. അപ്പോൾ നബി(സ) ഒഴിച്ചുള്ള സൃഷ്ട്ടികളിലേക്ക് ചേർത്തിയാണ് വസ്ത്രം ധരിക്കുന്നവരുടെ കൂട്ടത്തിൽ ഇബ്‌റാഹീം നബി(അ) ഒന്നാമനാകുന്നത്. (ഫത്ഹുൽബാരി)

സഭ്യതയുടെ സീമകൾ ലംഘിക്കുകയെന്ന ഭയം ആർക്കുമുണ്ടാവില്ല. ആ ദിവസത്തിന്റെ വ്യവഹാരം അത്രമാത്രം ഭാരമുള്ളതും  കഠിനവുമായിരിക്കും. ഖബറടക്കപ്പെട്ട അതെ വസ്ത്രത്തിലാണ് മരിച്ചവർ ഉയർത്തെഴുന്നേൽക്കുകയെന്ന് ചിലർ കരുതുന്നു. അപ്പോൾ നഗ്നരെന്നു പറഞ്ഞത് ഓരോരുത്തരോടും യോജിച്ച വസ്ത്രമില്ലാത്തതിനാലാണ്. അന്ത്യദിനത്തിന്റെ അടയാളം വിവരിക്കുന്ന കൂട്ടത്തിൽ പ്രസ്തുത അർത്ഥത്തിൽ നഗ്നർ എന്നു പ്രയോഗിച്ചതായി പ്രബലമായ ഹദീസിൽ തന്നെ കാണാവുന്നതാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു: 



ചെരിപ്പ് ധരിക്കാത്തവരും വസ്ത്രം ധരിക്കാത്തവരും നേതാക്കളാകുന്നത് അന്ത്യദിനത്തിന്റെ അടയാളങ്ങളിൽപ്പെട്ടതാണ്. (ബുഖാരി: 4404)

ഈ ഹദീസിൽ തീരെ വസ്ത്രം ധരിക്കാത്തവർ എന്നല്ലല്ലോ അർത്ഥമാക്കുന്നത്. എന്നാൽ നബി(സ) ഇത് പ്രസ്താവിക്കുമ്പോൾ അവർ പരസ്പരം ഔറത്ത് കാണില്ലേ എന്നാ ആയിഷാബീവി(റ) യുടെ ചോദ്യം വ്യക്തമാക്കുന്നത് അവർ പൂർണ്ണനഗ്നരായിരിക്കും എന്നുമാണ്.

ശരീരത്തിന്റെ ബാഹ്യമായ വസ്ത്രധാരണമല്ല. മനസ്സിന്റെ ആന്തരികമായ വസ്ത്രധാരണമാണ് ഇതിന്റെ ഉദ്ദേശ്യം എന്നും വ്യാഖ്യാനമുണ്ട്. ഓരോരുത്തരും അവന്റെ വിശ്വാസം, നിഷേധം, അറിവ്, അജ്ഞത, നന്മ, തിന്മകളായ കർമ്മങ്ങൾ എന്നിവയോടെയാണ് പുനർജീവിക്കുക.

തുടർന്ന് അല്ലാഹുവിന്റെ സന്നിധിയിൽ മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ടപ്പെടും. അവർ മൂന്നുവിഭാഗമായിരിക്കും. കാൽനടത്തക്കാർ, ദ്രുതകാമികൾ, മുട്ടിലിഴയുന്നവർ എന്നിങ്ങനെ. പുണ്യകർമ്മങ്ങൾ കഷ്ടിയായ വിശ്വാസികളാണ് ആദ്യവിഭാഗം. അല്ലാഹുവിന്നു ഏറെ സ്വീകാര്യരും അവൻ ആദരിച്ചവരുമാണ് രണ്ടാം വിഭാഗം. പുണ്യവാന്മാർക്കുവേണ്ടി അവർ ഖബ്‌റുകളിൽനിന്ന് എഴുന്നേൽക്കുമ്പോൾ തങ്കച്ചിറകുകളുള്ള ഒട്ടകങ്ങളെ ഒരുക്കിനിർത്തിയിട്ടുണ്ടാകുമെന്ന് അലി(റ) നിവേദനം ചെയ്ത ഒരു ഹദീസിലുണ്ട്. അവരുടെ ജീനി/കടിഞ്ഞാൽ സ്വർണ്ണമായിരിക്കും. മൂന്നാം വിഭാഗം സത്യനിഷേധികളാണ്. മുഖം കുത്തിയ നിലയിലും അന്ധരും ബധിരരും ഊമകളുമായ നിലയിലുമാണ് അല്ലാഹു അവരെ ഒരുമിച്ചുകൂട്ടുക. നിഗ്രഹീതരെ തിരിച്ചറിയാൻ വേറെയും അടയാളമുണ്ട്.


يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّـهِ الْوَاحِدِ الْقَهَّارِ ﴿٤٨ وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ﴿٤٩ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ﴿٥٠ لِيَجْزِيَ اللَّـهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّـهَ سَرِيعُ الْحِسَابِ. (سورة ابراهيم٤٨-٥١)

"
ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം. ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌. ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ".

ഭൂമിയെ മറ്റൊരു ഭൂമിയായി മാറ്റുമെന്നതിന്റെ വിവക്ഷയെന്താണെന്നതിൽ മുഫസ്സിറുകൾക്ക് രണ്ടു വീക്ഷണങ്ങളുണ്ട്.

(1) ഭൂമി ഇപ്പോൾ നിലവിലുള്ള ഭൂമിതന്നെയായിരിക്കും. അതിന്റെ വിശേഷണങ്ങളിൽ മാത്രമാണ് മാറ്റം സംഭവിക്കുന്നത്. ഭൂമിയിലെ നിലവിലുള്ള പർവ്വതങ്ങൾ പറന്നുപോയി വറ്റിവരണ്ട സമുദ്രം നികത്തുന്നതിനാൽ സമനിരപ്പായ ഒരു ഭൂപതി രൂപാന്തരപ്പെടുമെന്നാണ് ഇവരുടെ വീക്ഷണം. ഈ അഭിപ്രായം ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നുണ്ട്.

(2) നിലവിലുള്ള ഭൂമി മാറ്റി രക്തച്ചൊരിച്ചിലിനോ പാപത്തിനോ വിധേയമാവാത്ത സംശുദ്ധമായ വെള്ളിപോലുള്ള ഒന്നിനാൽ നിർമ്മിതമായ ഒരു ഭൂമിയെ അല്ലാഹു സൃഷ്ട്ടിക്കും. മഹാനായ ഇബ്നു മസ്ഊദ്(റ) വില നിന്ന് ഈ അഭിപ്രായം നിവേദനം ചെയ്യപ്പെടുന്നുണ്ട്.  എന്നാൽ പലരും പ്രബലമായി കാണുന്നത് ആദ്യവീക്ഷണത്തെയാണ്. (റാസി)

അല്ലാഹു പറയുന്നു:

نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ﴿٦٠ عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ. (سورة الواقعة: ٦٠-٦١)

 "നാം നിങ്ങൾക്കിടയിൽ മരണം വിധിച്ചിട്ടുണ്ട്. നിങ്ങളുടെ രൂപം മാറ്റുന്നതിനും നിങ്ങൾക്കറിഞ്ഞുകൂടാത്ത മറ്റേതോ രൂപത്തിൽ നിങ്ങളെ സൃഷ്ടിക്കുന്നതിനും നാം അശക്തനല്ല". 


അന്ത്യദിനത്തിൽ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അന്തരം വിവരിച്ചു ഖുർആൻ പറയുന്നു: 


 وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ﴿٦٨﴾ وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُم بِالْحَقِّ وَهُمْ لَا يُظْلَمُونَ ﴿٦٩﴾ وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ ﴿٧٠﴾ وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ ﴿٧١﴾ قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ ﴿٧٢﴾ وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ ﴿٧٣﴾ وَقَالُوا الْحَمْدُ لِلَّـهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ ۖ فَنِعْمَ أَجْرُ الْعَامِلِينَ ﴿٧٤﴾ (سورة الزمر: ٦٨-٧٤)

 "കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു. ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല. ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചത് നിറവേറ്റികൊടുക്കപ്പെടുകയും ചെയ്യും. അവര്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനത്രെ. സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ. എന്ന് അതിന്‍റെ (നരകത്തിന്‍റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി. (അവരോട്‌) പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത! തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക. അവര്‍ പറയും: നമ്മളോടുള്ള തന്‍റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!".

 അല്ലാഹു പറയുന്നു:

 مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴿٤٩﴾ فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ ﴿٥٠﴾ وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴿٥١﴾ قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ الرَّحْمَـٰنُ وَصَدَقَ الْمُرْسَلُونَ ﴿٥٢﴾ إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴿٥٣﴾ فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴿٥٤﴾(سورة يس: ٥١-٥٤)
 "വാസ്തവത്തിൽ ഇവർ നോക്കികൊണ്ടിരിക്കുന്നത് ഒരു ഘോരഗർജ്ജനം മാത്രമാകുന്നു. ഇവർ ബഹളം വെച്ചുകൊണ്ടിരിക്കെ ആകസ്മികമായി ഇത് അവരെ പിടികൂടും. പിന്നെ ഒരു കാഹളത്തിൽ ഊതപ്പെടുന്നു. അപ്പോൾ പെട്ടെന്നതാ അവരൊക്കെയും താന്താങ്ങളുടെ ഖബ്‌റുകളിൽനിന്ന് എഴുന്നേറ്റു അവരുടെ റബ്ബിന്റെ സമക്ഷത്തിൽ ഹാജറാവാൻ ദൃതിയിൽ യാത്രയാകുന്നു. അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്‌? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്‌. അത് ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ഒന്നടങ്കം നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നു".

അല്ലാഹു പറയുന്നു:

إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا ﴿١٧﴾ يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا ﴿١٨﴾ وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا ﴿١٩﴾ وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا (سورة النبإ: ١٨-٢٠)

 "തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു. അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം. ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും. പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മണൽപ്രദേശമായിത്തീരുന്നു". 

 ഭൂമി ശോണിമ കലർന്ന വെള്ളനിറത്തിൽ പരന്നുവിശാലമായി മരങ്ങളോ ചെടികളോ പര്വതങ്ങളോ നദികളോ ഇല്ലാതെ സമതലമായി വ്യാപിച്ചുകിടക്കും. സൂര്യൻ തലയ്ക്കു മുകളിൽ അധികം അകലെയല്ലാതെ ജ്വലിച്ചു നിൽക്കും. നഗ്നരും നഗ്നപാദരും ചേലാകർമ്മം കഴിഞ്ഞിട്ടില്ലാത്തവരുമായി ജനങ്ങള എഴുന്നേറ്റുവരും. അന്ന് ദൈവത്തിന്റെ സിംഹാസനത്തിന് താഴെ ഒഴികെ യാതൊരു തണലും ഉണ്ടായിരിക്കുന്നതല്ല.

ഒടുവിൽ ആ കാതടപ്പിക്കുന്ന ഘോഷം ഉയരുമ്പോൾ അന്നു മനുഷ്യൻ തന്റെ സഹോദരനിൽ നിന്നും മാതാവിൽനിന്നും പിതാവിൽ നിന്നും സഹധർമ്മിണിയിൽ നിന്നും സന്തതികളിൽ നിന്നും ഓടിയകലുന്നു. അവരിലോരോരുത്തരും അന്ന് താനല്ലാതെ മറ്റാരെക്കുറിച്ചും വിചാരിക്കുകയില്ല. അന്ന് ചില മുഖങ്ങൾ പ്രശോഭിതമാകുന്നു. സുസ്മേരവും ഹര്ഷപുളിക്കിതവുമാകുന്നു. ചില മുഖങ്ങളോ അന്നാളിൽ പൊടിപുരണ്ടതും ഇരുൾ മൂടിയതുമാകുന്നു. അവരാകുന്നു തെമ്മാടികളായ നിഷേധികൾ. മുഹമ്മദ് നബി(സ)യായിരിക്കും ഉത്ഥാനനാളിൽ ആദ്യമായി ഉയിർത്തെഴുന്നേൽക്കുക. ശേഷം ഇതര പ്രവാചകന്മാരും  പുണ്യാത്മാക്കളും എഴുന്നേൽക്കും.

ശാരീരികമായിത്തന്നെയാണ് ഉത്ഥാനനാളിൽ മനുഷ്യൻ ഉയിർത്തെഴുന്നേൽക്കുകയെന്നാണ് അഹ്‌ലുസ്സുന്നയുടെ വീക്ഷണം. എന്നാലത് ആത്മീയമാണെന്ന് ചില ഉല്പതിഷ്ണുക്കൾ പറയുന്നു. ഇത് ശരിയല്ല.  

പുനരുത്ഥാനത്തിൽ ആദ്യസൃഷ്ട്ടി  മുതൽ അവസാന സൃഷ്ട്ടിവരെയുള്ള സർവ്വ ചരാചരങ്ങളൂം അല്ലാഹുവിനുമുമ്പിൽ സമ്മേളിക്കും.. ഇതിനു 'മഹ്ശറ' എന്ന് പറയുന്നു. അന്നത്തെ അത്യുഷ്ണവും മാനസിക ഭാരവും കാരണം ജനങ്ങൾ അക്ഷരാർത്ഥത്തിൽ തന്നെ വിയർപ്പിൽ മുങ്ങും. അരുവികൾ പോലെ വിയർപ്പൊഴുക്കുമെന്ന് നബി(സ) പറഞ്ഞതായി ഹദീസിലുണ്ട്. അന്ന് ഭൂമിയിൽ വിയർപ്പു നിറയും. ചിലരുടെ ഞെരിയാണിവരെ വിയർപ്പിൽ മുങ്ങുമെങ്കിൽ ചിലർ വിയർപ്പിൽ മുങ്ങാൻ മാത്രം വിയർക്കും. ജനങ്ങൾ 40 വർഷം ആകാശത്തുനിന്നു കനിവുകാണിക്കുന്നതും കാത്തു നിൽക്കും. ദാഹം അവരെ അതികഠിനമായി കീഴ്പ്പെടുത്തും. വയർ വിശപ്പുകൊണ്ട് കത്തും. അല്ലാഹു പറയുന്നു:

فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ ﴿١٣ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً ﴿١٤ فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ ﴿١٥ وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ﴿١٦ وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ ﴿١٧ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ ﴿١٨ فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ ﴿١٩ إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ ﴿٢٠ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٢١ فِي جَنَّةٍ عَالِيَةٍ ﴿٢٢ قُطُوفُهَا دَانِيَةٌ ﴿٢٣ كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ ﴿٢٤ وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ ﴿٢٥ وَلَمْ أَدْرِ مَا حِسَابِيَهْ ﴿٢٦ يَا لَيْتَهَا كَانَتِ الْقَاضِيَةَ ﴿٢٧ مَا أَغْنَىٰ عَنِّي مَالِيَهْ ۜ ﴿٢٨ هَلَكَ عَنِّي سُلْطَانِيَهْ ﴿٢٩ خُذُوهُ فَغُلُّوهُ ﴿٣٠ ثُمَّ الْجَحِيمَ صَلُّوهُ ﴿٣١ ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ ﴿٣٢ إِنَّهُ كَانَ لَا يُؤْمِنُ بِاللَّـهِ الْعَظِيمِ ﴿٣٣ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ ﴿٣٤فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ ﴿٣٥ وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ ﴿٣٦ لَّا يَأْكُلُهُ إِلَّا الْخَاطِئُونَ. (سورة الحاقة: ١٣-٣٧)


"കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍, ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി. ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും. മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌. അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല. എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം വായിച്ചുനോക്കൂ. തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌. അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു. ഉന്നതമായ സ്വര്‍ഗത്തില്‍. അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു. കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും.) എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍, എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.) അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!) എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. (അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും:) നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ. പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ. പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ. തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല. ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല". 

 അല്ലാഹു പ്രവാചകരോട് ചോദിക്കും എന്താണ് നിങ്ങളുടെ കാര്യം?. അവർ പറയും ഞങ്ങൾക്കറിയില്ല. നീയല്ലോ രഹസ്യങ്ങൾ അറിയുന്നവൻ. അല്ലാഹുവിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ അവർ വിരണ്ടുപോകുന്നതാണ്. പ്രവാചകനായ നൂഹ്(അ) വിളിച്ചു ചോദിക്കും; "താങ്കൾ എന്റെ സന്ദേശങ്ങൾ എത്തിച്ചുകൊടുത്തുവോ?" അദ്ദേഹം പറയും; "അതെ". അല്ലാഹു ജങ്ങളോട് ചോദിക്കും; "അദ്ദേഹം നിങ്ങള്ക്ക് എത്തിച്ചുതന്നുവോ?" ജനങ്ങൾ പറയും; "ഞങ്ങൾക്ക് ഒരു മുന്നറിയിപ്പുകാരനും വന്നിട്ടില്ല". തുടർന്ന് ഈസാനബി(അ)നോട് ചോദിക്കും; താങ്കൾ എന്താണ് ജനങ്ങളോട് പറഞ്ഞത്. എന്നെയും എന്റെ മാതാവിനെയും അല്ലാഹുവിനെക്കൂടാതെ ദൈവമാക്കാനോ?. അദ്ദേഹം പറയും; "നീയെത്രെ പരിശുദ്ധൻ. എനിക്ക് (പറയാൻ) യാതൊരാവകാശമില്ലാത്തത് ഞാൻ പറയാവതല്ലല്ലോ.  ഞാനത് പറഞ്ഞിരുന്നുവെങ്കിലും തീർച്ചയായും നീ അതറിഞ്ഞിരിക്കുമല്ലോ"....(മാഇദ: 116)

തുടർന്ന് എല്ലാ പ്രവാചകന്മാരെയും വൈയക്തികമായി വിളിച്ച അല്ലാഹു ഇങ്ങനെ വിചാരണ ചെയ്യും. ജിബ്‌രീൽ(അ)നോട് പറയും; "ജിബ്‌രീൽ എന്റെ സന്നിധിയിലേക്ക് നരകം കൊണ്ടുവരൂ". ഉടൻ തന്നെ ജിബ്‌രീൽ(അ) അല്ലാഹുവിന്റെ കൽപ്പന അനുസരിക്കും. തുടർന്ന് അല്ലാഹു ചോദിക്കും; "ഓ നരകമേ! ആരാണ് നിന്റെ സൃഷ്ട്ടാവ്?".... ......തുടർന്ന് നരകം ആളിക്കത്തും. അപ്പോൾ സൃഷ്ട്ടികളെല്ലാം പേടിച്ചു മരിക്കാനാകും. അല്ലാഹു പറയുന്നു:

 وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ(سورة الجاثية: ٢٨)


"അവർ തങ്ങളുടെ റബ്ബിന്റെ മുമ്പിൽ മുട്ടുകുത്തിവീഴും. ജനങ്ങൾ എല്ലാം മുട്ടുകുത്തിയവരായി നീ കാണും. ഓരോ ജനതയെയും അന്ന് അവരുടെ ഗ്രൻഥത്തിലേക്ക്  വിളിക്കും".

സത്യാ നിഷേധികളും ധിക്കാരികളും മർദ്ദകരും അന്ന് ഖേദം കൊണ്ട് ആർത്തട്ടഹസിക്കുകയും പൊട്ടിക്കരയുകയും ചെയ്യും. വിശ്വാസികൾ പോലും അന്ന് എന്റെ കാര്യം, എന്റെ കാര്യം, (യാനഫ്സീ, യാനഫ്സീ) എന്നു വിളിച്ചു പറഞ്ഞുപോകും. ഈ സമയം നരകം ഒരിക്കൽ കൂടി അതിഘോരമായി ആളിക്കത്തുകയും അതുകണ്ട് ജനം ഭയക്കുകയും ചെയ്യും. ഇങ്ങനെ മൂന്നാം തവണയും ആവർത്തിക്കുമ്പോൾ ജനങ്ങൾ അവരുടെ മുഖം അടിച്ചുവീഴും. അല്ലാഹു പറയുന്നു:

 يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِ وَأَبِيهِ ﴿٣٥﴾ وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ. (سورة عبس:٣٤-٣٧)

"പിതാവ് മകനിൽ നിന്നും സഹോദരൻ സഹോദരനിൽ നിന്നും ഭാര്യയിൽ നിന്ന് ഭർത്താവും അന്ന് ഓടി അകലും".

തുടർന്ന് ഓരോരുത്തരെയായി അല്ലാഹു വിചാരണയ്ക്ക് വിളിക്കും. ജനങ്ങളുടെ കർമ്മങ്ങൾക്ക് വിശ്വസ്തരായ മാലാഖമാർ തങ്ങൾ എഴുതിവെച്ച രേഖകളുമായി സാക്ഷിനിൽക്കും. തുടർന്ന് പാപികളുടെ വായ മുദ്രവെക്കപ്പെടുകയും ശരീരാംഗങ്ങൾ സംസാരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: 

الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ(سورة يس:٦٥)

ഈ ദിവസം തന്റെ ജീവിതകാലം എന്തിനുവേണ്ടി ചെലവഴിച്ചുവെന്നും തന്റെ കർമ്മങ്ങൾ എന്ത് ഉദ്ദേശ്യത്തോടെ ചെയ്തുവെന്നും തന്റെ ധനം എങ്ങനെ സമ്പാദിച്ചുവെന്നും ചെലവഴിച്ചുവെന്നും ചോദിക്കാതെ ഒരാളെയും വിടുകയില്ല. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു: നബി(സ്) പറഞ്ഞു: 



അഞ്ചുകാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തിൽ ഒരു ദാസനും രണ്ട് കാൽപാദങ്ങൾ മുമ്പോട്ട് എടുത്തുവെക്കാൻ കഴിയില്ല. തന്റെ വയസ്സ് എന്തിൽ നശിപ്പിച്ചുവെന്നും തന്റെ യുവത്വം എന്തിൽ വിനിയോഗിച്ചുവെന്നും തന്റെ സമ്പത്ത് എങ്ങനെ സമ്പാദിച്ചുവെന്നും അത് എന്തിൽ ചെലവഴിച്ചുവെന്നും അറിഞ്ഞതനുസരിച്ച് എന്ത് പ്രവർത്തിച്ചുവെന്നുമാണ് അഞ്ച് കാര്യങ്ങൾ (അൽ മുഅ്ജമുസ്സ്വഗീർ: 761)

അപ്പോൾ വരവും ചെലവും കൃത്യമായി അല്ലാഹുവിന്റെ മുമ്പിൽ ബോധിപ്പിക്കേണ്ടി വരും. ആദ്യന്തമുള്ള സർവ്വസൃഷ്ടിജാലങ്ങളുടെയും മുമ്പാകെവെച്ചാണ് ഈ വിചാരണ നടക്കുക. തുടർന്ന് കർമ്മ പുസ്തകം നൽകപ്പെടും. അല്ലാഹു പറയുന്നു:

كُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا * اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا. (سورة الإسراء: ١٣-١٤)

 "ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും. നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സ്സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും)".

 നന്മ പ്രവർത്തിച്ചവർ വളം കൈകൊണ്ടാണ് ഗ്രൻഥം വാങ്ങുക. തിന്മ പ്രവർത്തിച്ചവർക്ക് ഇടതുകൈയിൽ വെച്ചുകൊടുക്കും. ഈ ഗ്രൻഥം ലഭിക്കുക വഴി നബി(സ) യുടെ സമുദായത്തിൽപ്പെട്ട എഴുപതിനായിരം മുസ്ലിംകൾ നേരിട്ട് സ്വർഗ്ഗത്തിലേക്ക് പോകും. യഅ്ജൂജ്-മഅ്ജൂജ് ഗോത്രങ്ങളിലെ 100-ൽ 99 പേരും നരകത്തിൽ പോകും. തുടർന്ന് പാപികളെ ശിക്ഷിക്കാൻ അല്ലാഹു മാലാഖമാരെ നിയോഗിക്കും. ആകാശവും ഭൂമിയും വിങ്ങിപൊട്ടിക്കരയുകയും സാമ്പത്തിക ശേഷികൊണ്ടോ ആൾ സ്വാധീനം കൊണ്ടോ രക്ഷപ്പെടാൻ കഴിയുന്ന കോടതിയല്ല അത്. അല്ലാഹുവിന്റെ അനുമതികൂടാതെ ആർക്കും അവിടെ ശുപാർശ പറയാൻ കഴിയില്ല. ഖുർആൻ പറയുന്നു:

 قُل لِّلَّـهِ الشَّفَاعَةُ جَمِيعًا ۖ لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ (سورة الزمر: ٤٤)

"പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്‌". 

 അല്ലാഹു പറയുന്നു: 

مَا لَكُم مِّن دُونِهِ مِن وَلِيٍّ وَلَا شَفِيعٍ(سورة السجدة: ٤)

 "അവന്നു പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല."

അല്ലാഹു പറയുന്നു: 

مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ(سورة غافر:١٨)

"അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല". 

അല്ലാഹു പറയുന്നു: 

 وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّـهُ لِمَن يَشَاءُ وَيَرْضَىٰ (سورة النجم: ٢٦)

 "ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ".

തങ്ങളുടെ ദൈവങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന ബഹുദൈവാരാധകരുടെ വാദത്തെ ഖണ്ഡിച്ച് ഖുർആൻ പറയുന്നു:  

وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ (سورة الزخرف: ٨٦)


"അവനെ വെടിഞ്ഞു ഇക്കൂട്ടർ വിളിച്ചുകൊണ്ടിരിക്കുന്നവരുണ്ടല്ലോ അവർ ശുപാർശ ചെയ്യാനധികാരമുള്ളവരല്ല. ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ സത്യത്തിനു സാക്ഷ്യം വഹിച്ചവരൊഴികെ"  

വിശ്വാസികൾക്ക് ശുപാർശ

നബി(സ) പരലോകത്തുവെച്ച് നന്മ കുറഞ്ഞ വിശ്വാസികൾക്കുവേണ്ടി ശുപാർശ നടത്തുമെന്നും ഈ ശുപാർശ അല്ലാഹു സ്വീകരിക്കുമെന്നും പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കുവേണ്ടി നബി(സ) ശുപാർശ പറയുമെന്ന് പണ്ഡിതന്മാർ വിശദീകരിച്ചുതന്നിട്ടുണ്ട്.

(1) ജനങ്ങളെ അതിവേഗം വിചാരണയ്ക്ക് എടുക്കുകയും അവരെ അനിശ്ചിതമായ കാത്തിരിപ്പിൽ നിന്ന് രക്ഷിക്കുകയും ചെയ്യുക. ഇത് 'അശ്ശഫാഅത്തുൽ ഉള്വമാ' (ഏറ്റവും വലിയ ശുപാർശ) എന്ന പേരിൽ അറിയപ്പെടുന്നു. ഇത് മുഹമ്മദ് നബി(സ)ക്കു മാത്രം അവകാശപ്പെട്ടതാണ്.

(2) വിചാരണകൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക.
(3) നന്മയും തിന്മയും തുല്യമായവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക.
(4) നരകശിക്ഷ വിധിച്ചവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക.
(5) പദവിയും സ്ഥാനവും ഉയർത്തുക.
(6) പ്രവാചകനെ സ്നേഹിച്ച, തെറ്റുചെയ്ത ജനങ്ങളെ നരകത്തിൽ നിന്നു രക്ഷിക്കുക.
(7) ശിക്ഷയുടെ കാഠിന്യം കുറയ്ക്കുക.
(8) മദീനയിൽ നബിയോടപ്പം ത്യാഗങ്ങൾ സഹിച്ചസഹചരന്മാരെ രക്ഷിക്കുക.
 ബാങ്കിനുശേഷവും മറ്റും നബി(സ)ക്ക് വസീലയും ശഫാഅത്തിൽ നിന്നുള്ള അവകാശവും നൽകണമെന്ന് പ്രാർത്ഥിച്ചവർക്ക് നബി(സ)യുടെ ശുപാർശ ലഭിക്കുന്നതാണ്.

വിധിനാളിൽ യഥാർത്ഥ നീതി വിധിക്കപ്പെടും. അതിനായി 'മീസാൻ'(ത്രാസ്) സഥാപിക്കും. ജിബ്‌രീലാണ് ഈ ത്രാസ് പിടിക്കുക. ഇതിന്റെ ഒരു തട്ട് സ്വർഗ്ഗത്തിന്റെ മുകളിലും മറ്റൊരു തട്ട് നരകത്തിന്റെ മുകളിലും തൂങ്ങിക്കിടക്കാൻ മാത്രം വിശാലമായതായിരിക്കും. ഭൂമിയും ആകാശവും ഉൾകൊള്ളാൻ മാത്രം വലുപ്പം ഈ തട്ടുകൾക്കുണ്ടായിരിക്കും.

 അല്ലാഹു പറയുന്നു:     

وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ. (سورة الأنبياء: ٤٧)


"ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്‌. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്‌. കണക്ക് നോക്കുവാന്‍ നാം തന്നെ മതി".

ഈ തുലനം അതിവേഗതയിലാണ് നടക്കുക. ഓരോ ജീവിയും ഇതര ജീവികൾ തന്നോട് ചെയ്ത അതിക്രമങ്ങൾക്ക് പരലോകത്തുവെച്ചു പകരം വീട്ടും. പകരത്തിനുപകരം എന്ന തത്വപ്രകാരം, അതിക്രമിയായ മനുഷ്യരുടെ നന്മകൾ ഇരയായ മനുഷ്യർക്ക് ചാർത്തി നൽകുകയും പകരം ഇരയായ മനുഷ്യന്റെ തിന്മകൾ അതിക്രമിയുടെ കണക്കിൽ ചേർക്കുകയും ചെയ്യും. തുടർന്ന് അണുമണിത്തൂക്കമെങ്കിലും നന്മ അവശേഷിക്കുന്ന മനുഷ്യനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. തിന്മ മാത്രം അവശേഷിക്കുന്നവരെ നരകത്തിൽ തള്ളും.

മൃഗങ്ങൾ പരസ്പരം പ്രതികാരം നിർവ്വഹിച്ചു കഴിഞ്ഞാൽ അല്ലാഹുവിന്റെ ആജ്ഞാനുസരണം അവരെ പൊടിയാക്കി മാറ്റപ്പെടും. കഠിന ശിക്ഷ നൽകാനായി ദുഷ്ടരെ അല്ലാഹു മാറ്റി നിർത്തും. മൃഗങ്ങളുടെ വിധി കണ്ട് അവർ 'തങ്ങളെയും അല്ലാഹു പൊടിയാക്കി മാറ്റുമോ' എന്ന് ചോദിക്കും പിശാചിനെയും അവന്റെ കൂട്ടാളികളെയും നരകത്തിൽ നിത്യവാസികളാക്കുമെന്ന് ഖുർആൻ പറയുന്നു.

 
നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും ഉൾപ്പെടുത്തണം.