ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശര്ത്വുകളില് ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ വുളൂഅ് എടുക്കുന്നതില്‍ ചില റുഖ്സ്വ(വിട്ടുവീഴ്ച)കള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകള്‍ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ(കാലുറ)യുടെ മേല്‍ തടവിയാല്‍ മതി എന്നത്. ഇതിന് ധാരാളം തെളിവുകള്‍ നബി(സ്വ)യുടെ പ്രവൃത്തിയിലും വാക്കുകളിലും കാണാന്‍ സാധിക്കും.
ഇമാം ബുഖാരിയും ഇമാം മുസ്ലിമും (റ) മുഗീറത്ബ്നു ശുഅ്ബ (റ) വില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ്വ) മലമൂത്രവിസര്‍ജ്യത്തിന് പുറപ്പെട്ടു. അപ്പോള്‍ ഞാന്‍ ഒരു വെള്ളപ്പാത്രവുമായി നബി(സ്വ)യെ അനുഗമിച്ചു. ആവശ്യ നിര്‍വഹണത്തിനു ശേഷം നബി(സ്വ) വുളു ചെയ്തു കാലുറ തടവുകയും ചെയ്തു.
ചില സന്ദര്‍ഭങ്ങളില്‍ ഖുഫ്ഫ തടവല്‍ നിര്‍ബന്ധമാവുകയും ചെയ്യും. ഉദാഹരണമായി, ഒരു മനുഷ്യന് ധരിച്ച രണ്ട് ഖുഫ്ഫയും അഴിച്ച് രണ്ട് കാലും കഴുകുമ്പോഴേക്ക് നിസ്കാരത്തിന്റെ വഖ്ത്(സമയം) നഷ്ടപ്പെട്ടു പോകും എന്ന് ഉറപ്പായി, അല്ലെങ്കില്‍ രണ്ട് കാലും കഴുകാന്‍ മതിയാവുന്നത്രവെള്ളം ഇല്ലാതെ വന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ കാല് കഴുകുന്നതിന് പകരമായി ഖുഫ്ഫ തടവല്‍ നിര്‍ബന്ധമായി വരും. എന്നാല്‍ ഇങ്ങനെ ഖുഫ്ഫയെ തടവല്‍ അനുവദിക്കപ്പെട്ടതിന് നിശ്ചിത സമയ പരിധിയും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരന് മൂന്ന് രാപ്പകലും നാട്ടില്‍ താമിസിക്കുന്നവന് ഒരു ദിവസവുമാണ് അനുവദിക്കപ്പെട്ട സമയം. ഈ നിശ്ചിത സമയം കഴിഞ്ഞാല്‍ അത് ഊരിയെടുത്ത് വീണ്ടും കാല് രണ്ടും കഴുകി മേല്‍ പ്രകാരം തുടരാം.
അബൂഹുറൈറ (റ) വില്‍ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇതേ അഭിപ്രായം കര്‍മശാസ്ത്ര പണ്ഢിതനായ ഇമാം ഇബ്നു ഹജര്‍(റ) അവിടുത്തെ തുഹ്ഫ (1/244) ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതേ അഭിപ്രായം തന്നെ ഹനഫി മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും പറഞ്ഞതായി ഇമാം നവവി(റ) ശരഹുല്‍ മുഹദ്ദബില്‍(1/483) പറഞ്ഞത് കാണാം.
എന്നാല്‍ മാലിക് മദ്ഹബില്‍ ഭൂരിപക്ഷം പണ്ഢിതന്മാരും ഖുഫ്ഫ തടവുന്നത് നിശ്ചിത സമയമില്ലെന്നും അവ അഴിക്കുന്നതുവരെയോ വലിയ അശുദ്ധി ഉണ്ടാവുന്നത് വരെയോ തടവാം എന്ന അഭിപ്രായമുള്ളവരാണ് (മജ്മൂഅ് 1/484). തടവുന്ന കാലയളവില്‍ ഫര്‍ളും സുന്നത്തും നേര്‍ചയും ഖളാഉം എത്രയും നിസ്കരിക്കാം എന്ന വിഷയത്തിലും പണ്ഢിതന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസമില്ല(ശറഹുല്‍ മുഹദ്ദബ്. 1/481). ഖുഫ്ഫ ധരിച്ച ശേഷമുണ്ടാവുന്ന മൂത്രം, ഉറക്കം, അന്യസ്ത്രീ സ്പര്‍ശം മുതലായ അശുദ്ധി മുതലാണ് നിശ്ചിത സമയത്തിന്റെ തുടക്കം (തുഹ്ഫ. 1/244,5).
എന്നാല്‍ അശുദ്ധിക്കാരനായി, നാട്ടില്‍ വെച്ച് തടവല്‍ തുടങ്ങി ഒരു ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് അയാള്‍ യാത്ര തുടങ്ങിയാല്‍ ശാഫി, മാലികി, ഹമ്പലി എന്നീ മദ്ഹബ് പ്രകാരം ഒരു ദിവസത്തെ തടവല്‍ പൂര്‍ത്തിയാക്കാം. എന്നാല്‍ ഹനഫി മദ്ഹബ് പ്രകാരം യാത്രക്കാരന്റെ സമയപരിധി അവന് ലഭിക്കും (മജ്മൂഅ്. 1/488). ഇതുപോല ത്തന്നെ യാത്രയില്‍ ഖുഫ്ഫ തടവി നാട്ടിലെത്തിയവനും ഖുഫ്ഫ തടവിയത് യാത്രയിലോ നാട്ടിലോ എന്ന് സംശയിച്ചാലും നാട്ടില്‍ താമസിക്കുന്നവന്റെ യാത്രപരിധിയേ ലഭിക്കൂ (തുഹ്ഫ 1/255). ഖുഫ്ഫ തടവുന്നതിന്റെ പരിധി കഴിഞ്ഞോ ഇല്ലയോ എന്ന് സംശയിച്ചാല്‍ പിന്നെ തടവാന്‍ പാടുള്ളതല്ല( തുഹ്ഫ 1/255). അശുദ്ധിയുണ്ടായത് ളുഹ്റിന്റെ സമയത്തോ അസ്വറിന്റെ സമയത്തോ എന്ന് സംശയിച്ചാല്‍ ളുഹ്റിന്റെ സമയത്തെന്ന് തീരുമാനിച്ച് അതനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കണം (ശറഹുല്‍ മുഹദ്ദബ് 1/490). ഖുഫ്ഫ തടവുന്ന കാലയളവില്‍ വലിയ അശുദ്ധി ഉണ്ടായാല്‍ ഖുഫ്ഫ അഴിച്ച് കാല്‍കഴുകല്‍ നിര്‍ബന്ധമാണ്.
നിബന്ധനകള്‍
ഖുഫ്ഫ തടവല്‍ അനുവദനീയമാവണമെങ്കില്‍ ഒരുപാട് നിബന്ധനകള്‍ മേളിച്ചിരിക്കണം. ഒന്ന്: ഖുഫ്ഫകള്‍ രണ്ട് അശുദ്ധിയില്‍ നിന്നും പൂര്‍ണമായും ശുദ്ധിയായതിന് ശേഷം ധരിച്ചതായിരിക്കണം (തുഹ്ഫ 1/247). ഇങ്ങനെയാവു മ്പോള്‍ ഒരു കാല് കഴുകി അതില്‍ ഖുഫ്ഫ ധരിച്ചു, ശേഷം മറ്റേ കാല് കഴുകി അതിലും ഖുഫ്ഫ ധരിച്ചാല്‍ ഒന്നാമത്തേത് ഊരി വീണ്ടും ധരിച്ചില്ലെങ്കില്‍ അവിടെ തടവല്‍ അനുവദനീയമല്ല. കാരണം ഒന്നാമത്തേത് തടകിയത് ശുദ്ധിപൂര്‍ത്തിയാവുന്നതിന്ന് മുമ്പാണ് (തുഹ്ഫ് 1/248). രണ്ട്: ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കുക. നജസു കൊണ്ടുണ്ടാക്കിയ ഖുഫ്ഫ തടവല്‍ അനുവദനീയമല്ല. ഖുഫ്ഫ നജസായതാണെങ്കില്‍ ആ നജസ് ഇളവ് നല്ക പ്പെടാത്തതുമാണെങ്കില്‍ തടവല്‍ അനുവദനീയമല്ല. ഇനി ഇളവ് നല്കപ്പെടുന്ന നജസാണെങ്കില്‍ നജസില്ലാത്ത സ്ഥലം തടവിയാല്‍ സാധുവാകും. നജസുള്ള സ്ഥലം തടവി വെള്ളവും നജസും കൂടിക്കലര്‍ന്നാല്‍ അത് അനുവദ നീയമല്ല (തുഹ്ഫ 1/249).
നായയുടെയോ, പന്നിയുടെയോ, ഊറക്കിടാത്ത മറ്റു ശവങ്ങളുടെയോ തോലുകൊണ്ടുള്ള ഖുഫ്ഫ തടവാന്‍ പറ്റില്ല എന്നതില്‍ പണ്ഢിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസം ഇല്ല (ശറഹുല്‍ മുഹദ്ദബ് 1/510). മൂന്ന്: കാലില്‍ നിന്ന് കഴു കല് നിര്‍ബന്ധമുള്ള ഭാഗം മുഴുവന്‍ ഖുഫ്ഫ കൊണ്ട് മറഞ്ഞിരിക്കണം. നാല്: കാലിലേക്ക് വെള്ളമൊഴിച്ചാല്‍ ഉള്ളി ലേക്ക് വെള്ളമിറങ്ങാന്‍ പഴുതില്ലാത്ത രൂപത്തിലുള്ളതായിരിക്കണം. എന്നാല്‍ ഉള്‍ഭാഗം കാണുന്ന ഗ്ളാസ് പോലുള്ള വസ്തുകൊണ്ടുണ്ടാക്കിയ ഖുഫ്ഫ ധരിച്ച് നടക്കാന്‍ സാധ്യമാണെങ്കില്‍ അത് തടവുന്നതിന്ന് വിരോധമില്ല. ഇത് ഔ റത്ത് മറക്കുന്നതിന് വിപരീതമായ മസ്അലയാണ്. കാരണം ഇവിടെ വെള്ളം ഉള്ളിലേക്ക് ചേരുന്നത് തടയുന്നതാവ ണം എന്നേ ഉദ്ദേശ്യമുള്ളു (തുഹ്ഫ 1/248). അഞ്ച്: ഖുഫ്ഫ ധരിച്ച് തന്റെ ആവശ്യനിര്‍വഹണത്തിന് മുഴുവനും നട ക്കാന്‍ സൌകര്യമുള്ളതാവണം (അഥവാ അത് ഊരാതെ തന്നെ എല്ലാറ്റിനും സാധിക്കണം). ഈ പറയപ്പെട്ട നിബന്ധ നകള്‍ മുഴുവനും മേളിക്കുകയാണെങ്കില്‍ കാല് കഴുകുന്നതിന് പകരം ഖുഫ്ഫയുടെ മേല്‍ തടവുന്നത് വിരോധമില്ല.
ഇതില്‍ നിന്ന് ഏതെങ്കിലും ഒരു നിബന്ധന ഇല്ലാതായാല്‍ തടവല്‍ അനുവദനീയമല്ല.
ആധുനിക സോക്സ് തടവുന്നതിന്റെ വിധി
ഇതുവരെ നാം ചര്‍ച ചെയ്തത് പഴയ കാലത്ത് ആളുകള്‍ വ്യാപകമായി ധരിച്ചിരുന്ന ഖുഫ്ഫയെ കുറിച്ചാണ്. ഈ ഖുഫ്ഫ നിര്‍മിക്കുന്നത് തോല്, തൂവല്‍, മുടി, പഞ്ഞി പോലോത്ത വസ്തുക്കള്‍ കൊണ്ടാണ്. ഇതില്‍ തോല് അല്ലാ ത്ത വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയതിന് ജൌറബ് എന്നാണ് പറയുക. ഇതാണ് നാം സോക്സ് കൊണ്ട്് ഉദ്ദേശി ക്കുന്നതും.
എന്നാല്‍ മേല്‍ പറഞ്ഞ നിബന്ധനകള്‍ വെച്ച് നോക്കിയാല്‍ ആധുനിക സോക്സ് ധരിച്ചാല്‍ അതിന് മുകളില്‍ തടവി യാല്‍ മതിയാവുകയില്ല എന്ന് വളരെ വ്യക്തമായി ബോധ്യപ്പെടും. കാരണം ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കുക, അത് മാത്രം ധരിച്ച് പുറമെ ചെരിപ്പ് ധരിക്കാതെ ആവശ്യപൂര്‍ത്തികരണത്തിന് മുഴുവനും നടക്കാന്‍ കഴിയുക തുടങ്ങിയ നിബന്ധനകള്‍ ഒരിക്കലും ഇതില്‍ മേളിക്കുന്നില്ല.
ഇമാമാം നവവി(റ) പറയുന്നു: ഒരാള്‍ ജൌറബ് ധരിച്ചാല്‍ രണ്ട് നിബന്ധനകളോട് കൂടി അതിന്മേല് തടവല്‍ അനുവ ദനീയമാകുന്നതാണ്. ഒന്ന്: ജൌറബ് നല്ല കട്ടിയുള്ളതാവണം. നേര്‍മയുള്ളതാവാന്‍ പാടില്ല. രണ്ട്: ചെരിപ്പില്‍ നട ക്കാന്‍ കഴിയുന്നത് പോലെ അതിന്മേല് സ്വന്തം നടക്കാന്‍ സാധിക്കണം (ശറഹുല്‍ മുഹദ്ദബ്). ഈ രണ്ട് നിബന്ധന യും ആധുനിക സോക്സില്‍ യോജിക്കുന്നില്ല എന്നത് ഉറപ്പാണ്. അതു കൊണ്ട്് തന്നെ ഒരിക്കലും ജൌറബിന്റെ മേല്‍ തടവിയാല്‍ അത് ശരിയാവുകയുമില്ല. ഇതേ അഭിപ്രായം തന്നെ (കുര്‍ദി 1/95) ലും ഉദ്ദരിച്ചിട്ടുണ്ട്.
ഹനഫീ മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് ഒരു ഫര്‍സഖില്‍ കൂടുതല്‍ നടക്കാന്‍ സാധിക്കണം. (ഫര്‍സഖ് 3 മൈല്‍). മാലിക് മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ തന്നെ ഖുഫ്ഫ തോലിന്റേതാകണം എന്ന് നിര്‍ബന്ധം ഉണ്ട്. ഹമ്പലി മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് നടക്കാന്‍ കഴിണം. പ്രത്യേക വഴിദൂരം ഒന്നും അവര്‍ നിശ്ചയിച്ചിട്ടില്ല. നാട്ട് നടപ്പാണ് അതില്‍ അവലംബമെന്നവര്‍ പറഞ്ഞു(മദാഹിബുല്‍ അര്‍ബഅ 1/141).
ചുരുക്കത്തില്‍ നാല് മദ്ഹബനുസരിച്ചും ആധുനിക സോക്സ് തടവിയാല്‍ ശരിയാവുകയില്ല്. കാരണം ഒരു മദ്ഹ ബിലും പറഞ്ഞ നിബന്ധനകള്‍ അതില്‍ ഒരുമിച്ച് കൂടിയിട്ടില്ല. എന്നാല്‍ ഇന്ന് പലയാളുകളും ഇങ്ങനെ സോക്സിന്റെ മേല്‍ തടവുന്നുണ്‍ട്്. ഇത് വിവരമില്ലാത്തത് കൊണ്ടാണ്. ആരെങ്കിലും ചെയ്യുന്നത് നോക്കി അവരെ അനുകരിക്കാന്‍ നമുക്ക് നിവൃത്തിയുള്ളതല്ല. ഏതൊരു പ്രവൃത്തിയും നാലാലൊരു മദ്ഹബനുസരിച്ച് സ്വഹീഹാവല്‍ ശര്‍ത്വാണ്. ഈ വിഷയത്തില്‍ ഒരു മദ്ഹബിന്റെയും പിന്‍ബലം ഇല്ലാത്തത് കൊണ്ട്് ഒരിക്കലും ശരിയാവുകയില്ല. ഇതിന് പുറമെ ജൌറബിനെ കുറിച്ച് ഖുഫ്ഫ എന്ന പേര് പറയാറില്ല എന്നത് കൊണ്ട് തന്നെ ഏത് ജൌറബിന്റെ മേലിലും തടവല്‍ ശരിയാവുകയില്ല എന്നാണ് പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്.
തടവേണ്ട രൂപം
തടവുന്ന സമയത്ത് ഊരുകയോ പാദം വെളിവാവുകയോ ചെയ്യരുത് ഇടതു കൈ വിരലുകള്‍ വിടര്‍ത്തി മടമ്പിന്റെ താഴ്ഭാഗത്തും വലതു കൈ വിരലുകള്‍ കാല് വിരലുകളുടെ മുകള്‍ ഭാഗത്തും വെച്ച് വലതു കൈ കാലിന്റെ വണ്ണ വരെയും ഇടതു കൈ കാല്‍വിരലുകള്‍ വരെയും നീക്കണം. ഇതാണ് പൂര്‍ണ രൂപം. എന്നാല്‍ ഖുഫ്ഫയുടെ മുകള്‍ ഭാഗത്ത് നിന്നും കാലിന്റെ കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തിന് നേരെയുള്ള ഭാഗത്തു നിന്നും അല്പം മാത്രം തടവിയാലും മതിയാവുന്നതാണ്.
ഖുഫ്ഫ തടവല്‍ അനുവദനീയമായ കാലയളവില്‍, അവ രണ്ടും അഴിച്ചോ ഒന്നഴിച്ചോ അല്ലെങ്കില്‍ കെട്ടഴിഞ്ഞോ മറ്റോ കാലില്‍ നിന്നും അല്പം വെളിവായാല്‍ തടവല്‍ അനുവദനീയമല്ല. വെളിവായത് എത്ര കുറച്ചാണെങ്കിലും ശരി. എന്നാല്‍ അത് അഴിച്ചാല്‍ വുളു മുറിഞ്ഞിട്ടില്ലെങ്കില്‍ കാല് കഴുകിയാല്‍ മതി. മുമ്പുള്ളതൊന്നും ആവര്‍ത്തിക്കേണ്ട തില്ല (തുഹ്ഫ 1/256).
കൈവിരല്‍ കൊണ്ട് തന്നെ തടവണം എന്നില്ല. മരക്കഷ്ണം, തുണിക്കഷ്ണം തുടങ്ങിയ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ട് തടവിയാലും മതിയാവുന്നതാണ്. തടവല്‍ ആവര്‍ത്തിക്കല്‍ സുന്നത്തില്ല. മൂന്ന് പ്രാവശ്യം തടവല്‍ ഉത്ത മത്തിന് വിരുദ്ധമാണ് (ശറഹു ബാ ഫള്ല് 1/98,99).
ഹമ്പലി മദ്ഹബ് പ്രകാരം ഖുഫ്ഫയുടെ ഉള്ളിലോ അടിഭാഗത്തോ നജസുണ്ടാവുകയും ഊരല്‍ കൂടാതെ നജസിനെ നീക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്താല്‍ അതിന്റെ മേല്‍ തടവിയാല്‍ സ്വഹീഹാകുന്നതാണ്. ഹനഫി മദ്ഹബ് പ്രകാരം വിടുതി നല്കപ്പെടുന്ന നജസാണെങ്കില്‍ തടവല്‍ സ്വഹീഹാകുന്നതാണ്.
