ഏകനായി അല്ലാഹുവിനെ മാത്രം ആരാധിക്കാനും
വണങ്ങാനും ആണ് ഭൂമിയിലെ ആദ്യ ഗേഹമായ കഅ്ബ നിര്‍മ്മിക്കപ്പെട്ടത്. അതേ
ആവശ്യത്തിനു മാത്രമാണ് പിന്നീട് ഇബ്റാഹിം (അ)മും ഇസ്മാഈല്‍ (അ)മും കഅ്ബ
പുനര്‍ നിര്‍മ്മാണം നടത്തിയതും. എന്നാല്‍ അതിനു ശേഷം ചില കാലഘട്ടങ്ങളില്‍
അവിടെ അതിന്‍റെ ഉദ്ദേശ്യങ്ങള്‍ക്ക് നേര്‍ വിരുദ്ധമായി വിഗ്രഹാരാധനയും
ബഹുദൈവ ആരാധനയും അനുഷ്ഠിക്കപ്പെട്ടിരുന്നു. പിന്നീട് മുഹമ്മദ് നബി(സ)
തങ്ങള്‍ ആ പുണ്യഗേഹം ശുദ്ധീകരിച്ച്, വീണ്ടും ഏക ഇലാഹിന്‍റെ ആരാധന അവിടെ
പുനഃസ്ഥാപിച്ചു. ഇതാണു ചരിത്രവും സത്യവും.
ചരിത്രത്തില്‍ എന്നെങ്കിലും വിഗ്രഹാരാധന
നടന്നിടമെല്ലാം ശിവക്ഷേത്രമാവണമെന്നത് സാമാന്യ ബുദ്ധിക്കു യോജിച്ച
നിലപാടല്ല. ഇന്ത്യയില്‍ തന്നെ ശിവ ക്ഷേത്രമല്ലാത്ത, എന്നാല്‍ വിഗ്രഹാരാധന
നടക്കുന്ന അനേകായിരം ക്ഷേത്രങ്ങളും സ്ഥലങ്ങളുമുണ്ടല്ലോ. പദങ്ങളിലെ
വിചിത്രമായ സാമ്യതകള്‍ കണ്ടെത്തുകയും അനുഷ്ഠാനങ്ങളിലെ ബാഹ്യമായ ചില
സാദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയും വ്യാജമായ കൃതികളുദ്ധരിക്കുകയും
അസത്യമായ തെളിവുകള്‍ മെനഞ്ഞുണ്ടാക്കുകയും ചെയ്ത് ലോകത്തുള്ള സര്‍വ്വതും
വേദങ്ങളുമായി ബന്ധപെട്ടതാണെന്നും എല്ലാ സംസ്കാരങ്ങളും ഹിന്ദുത്വയില്‍
നിന്നുത്ഭൂതമായതാണെന്നും നിര്‍ലജ്ജം വാദിക്കുന്ന പി. എന്‍ ഓക് (1917 –
2007) എന്ന പുരുഷോത്തം നാഗേഷ് ഓകിന്‍റേതാണ് കഅ്ബ ശിവക്ഷേത്രമായിരുന്നവെന്ന
പിന്തിരിപ്പന്‍ വാദവും.
13 പേജുകളുള്ള ഒരു ലഘുലേഖയിലൂടെയാണ് അദ്ദേഹം
കഅ്ബ ശിവ ക്ഷേത്രമാണെന്നും അറബ് നാടുകള്‍ വിക്രമാദിത്യന്‍ എന്ന ഭാരത
രാജാവിന്‍റെ കീഴിലായിരുന്നുവെന്നും സ്ഥാപിക്കാനുള്ള വിഫല ശ്രമങ്ങള്‍
നടത്തുന്നത്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അംഗീകരിക്കാനാവാത്ത
വാദമുഖങ്ങളാണ് അയാളതില്‍ നിരത്തിയത്. കഅ്ബയില്‍ തൂക്കിയിട്ട ഒരു സ്വര്‍ണ്ണ
ഗോളത്തില്‍ ഈ രാജാവിന്‍റെ അവതാനങ്ങള്‍ ഉല്ലേഖനം ചെയ്തതായി, 1742 ല്‍
വിരചിതമായ സയാറുല്‍ ഉഖൂല്‍ എന്ന കവിതയില്‍ പറയുന്നതായി അയാള്‍ ജല്‍പനം
നടത്തുന്നു. സുല്‍താന്‍ സലാമിന്‍റെ കല്‍പന പ്രകാരമാണത്രെ അത്
രചിക്കപ്പെട്ടത്. അത്ഭുതമെന്നു പറയട്ടെ ആ കാലഘട്ടത്തില്‍ സലാം എന്ന പേരില്‍
ഒരു സുല്‍താനേ ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്ര സത്യം. ഈ ഗ്രന്ഥം
ഇസ്റ്റാമ്പൂളിലെ സുല്‍താനിയ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും
അയാള്‍ തന്‍റെ ജല്‍പനം തുടരുന്നു. ഓകൊഴികെ ലോകത്ത് ഒരാളും അത്തരം ഒരു
പുസ്തകം കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. ആ സ്വര്‍ണ്ണ ഗോളത്തില്‍
എഴുതിയതിന്‍റെ അറബി മൂലം റോമന്‍ അക്ഷരങ്ങളില്‍ കുറിച്ചിട്ടത്
വായിക്കുമ്പോള്‍ തന്നെ മനസ്സിലാകും അയാളുടെ വിടുവായിത്തം.
വെറും കഅ്ബയെ കുറിച്ചു മാത്രമല്ല ഇത്തരം
വിചിത്ര വാദങ്ങള്‍ മറിച്ച് താജ്മഹല്‍ ഒരു ഹിന്ദു രാജാവിന്‍റെ
കൊട്ടാരമാണെന്നും അത് ശാഹ്ജഹാന്‍ പിടച്ചടക്കിയതാണെന്നും അയാള്‍ തന്‍റെ
പേനയുന്തി. മാത്രമല്ല കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സകല
കെട്ടിടങ്ങള്‍ക്കും ഹിന്ദ്വത്ത്വത്തിന്‍റെ പിതൃത്തം നല്‍കുന്നതില്‍ അദ്ദേഹം
പ്രത്യേക സുഖം അനുഭവച്ചിരുന്നു. അയാളുടെ വിഘടന വാദങ്ങള്‍ ഇന്ത്യയില്‍
മാത്രമൊതുങ്ങിയില്ല. മറിച്ച് വത്തിക്കാന്‍ എന്നത് വേദികില്‍
നിന്നുണ്ടായതാണെന്നും ക്രിസ്ത്യാനിറ്റി കൃഷ്ണ നീതിയില്‍ നിന്നാണെന്നും
മാത്രമല്ല, അങ്ങനെയങ്ങനെ ഇംഗ്ലണ്ടിലെ സ്റ്റോണ്‍ഹെന്ജ് ശിവലിംഗമാണെന്നുവരെ
അയാള്‍ തട്ടിവിട്ടു.
പ്രസിദ്ധ എഴുത്തുകാരനായ Srinivas Aravamudan
ഇയാളെ മിതിസ്റ്റോറിയന്‍ (mythistorian) എന്നാണ് വിളിച്ചത്.
ശബ്ദോല്‍പത്തികളില്‍ പ്രവൃദ്ധ വഞ്ചനകള്‍ നടത്തുന്നതില്‍ ആശാനാണിയാളെന്നും
അദ്ദേഹം ഇദ്ദേഹത്തെ വിശേഷിപ്പിച്ചു. (Guru English: South Asian Religion
in Cosmopolitan Language). Edwin Bryant തന്‍റെ The Quest for the
Origins of Vedic Culture എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തെ crackpot
(അവിവേകി) എന്നാണ് വിശേഷിപ്പിച്ചത്. Giles Tilloston ഇയാളുടെ പുസ്തകത്തെ
കുറിച്ച് വ്യാജ പാണ്ഡിത്യത്തിന്‍റെ വിചിത്രമായ രചന എന്നാണു പറഞ്ഞത്. (The
Daily Telegraph – 13 Sep. 2008). ദ ഹിന്ദുവിന്‍റെ പത്രാധിപനായ എന്‍ റാം
സംഗി ചരിത്രകാരന്‍ എന്നു ഓകിനെ വിശേഷിപ്പിക്കുമ്പോള്‍ (The Hindu 29 Apr
2001), Tapan Raychaudhuri സംഗ് പരിവാര്‍ ഏറെ ബഹുമാനിക്കുന്ന ചരിത്രകാരന്‍
എന്നാണു പരിചയപ്പെടുത്തിയത് (Shadow of Swasthika).
Some Blunders in Indian Historical Research
എന്ന ഓകിന്‍റെ ഗ്രന്ഥം പാര്‍ലിമെന്‍റ് ലൈബ്രറിയില്‍
നിരോധിക്കപ്പെട്ടിരുന്നു. താജ്മഹല്‍ ഹിന്ദു രാജാവ് നിര്‍മ്മിച്ചതാണെന്ന
അയാളുടെ വാദം 2000 ല്‍ സുപ്രീം കോടതി തള്ളുകയും നിശിതമായി ശാസിക്കുകയും
ചെയ്തു. 2005 ഇതേ വദം അലഹബാദ് ഹൈകോടതിയും തള്ളിയിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു തെളിവുകളുമില്ലാതെ,
ചരിത്രത്തിന്‍റെ നേരിയ പിന്‍ബലം പോലുമില്ലാതെ, ഇതുവരെ
കേട്ടുകേള്‍വിയില്ലാത്ത, താന്‍തോന്നിയായ ഒരെഴുത്തുകാരന്‍റെ ചില
ജല്‍പനങ്ങള്‍ ചില ഹിന്ദുത്വവാദികള്‍ ഏറ്റു പിടിക്കുന്നുവെന്നു മാത്രം.