സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 21 December 2015

സ്ത്രീകളുടെ ഖബര്‍ സിയാറത്ത്



അടുത്തബന്ധുക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് കറാഹത്താണ്. സ്ത്രീകള്‍ ലോല  ഹ്ര്‍ദയരും പ്രതിസന്ധിഘട്ടങ്ങളില്‍ ക്ഷമാപൂര്‍വ്വം പിടിച്ചുനില്‍ക്കാനുള്ള മനഃക്കരുത്ത് കുറഞ്ഞവരുമായതിനാല്‍ അടുത്തബന്ധുക്കളുടെ ഖബ്റുകള്‍ നേരില്‍ കാണുമ്പോള്‍ പൊട്ടിക്കരയാനും അനാവശ്യങ്ങള്‍ വിളിച്ചുപറയാനും ഏറെ സാധ്യതയുള്ളതിനാലാണിത്. അതിനാല്‍ അവള്‍ അവരെ സന്ദര്‍ശിക്കുന്നത് ദുഃഖം ഇളക്കിപ്പുറപ്പെടുവിക്കുവാനും പ്രതിസന്ധിഘട്ടം അനുസ്മരിക്കാനും മാത്രമേ സഹായിക്കൂ.
എന്നാല്‍ മുഹമ്മദ് നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും സുന്നത്താണ്. എന്നു മാത്രമല്ല ഏറ്റവും വലിയ ഇബാദത്ത് എന്നാണ് പണ്ഡിതന്മാര്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേപോലെ മറ്റു  അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കല്‍, ചില ഉപാധികള്‍ക്കുവിധേയമായി സ്ത്രീകള്‍ക്കുസുന്നത്താണ്. കാരണം അവരുടെ ദര്‍ഗകള്‍ സിയാറത്തുകൊണ്ട് സജീവമാക്കുന്നത് അവരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമാണ്.  അവരെ ആദരിക്കാന്‍ എല്ലാവരോടും കല്‍പ്പനയുമുണ്ട്. കാരണം മതനേതാക്കളെ ആദരിക്കുന്നതും അവരുടെ സ്മരണ ലോകത്ത് നിലനിര്‍ത്തുന്നതും മതത്തിന്‍റെ പുരോഗതിക്കും അവരുടെ സരണിയിലേക്ക് ജനങ്ങള്‍ കടന്നുവരുന്നതിനും കാരണമാണല്ലോ. ഇതിനു പുറമെ അവരെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉഖ്റവിയ്യായ പല സഹായങ്ങളും അവരില്‍ നിന്ന് ലഭിക്കുന്നതുമാണ്. ഇത്തരം സഹായങ്ങള്‍ സ്ത്രീകള്‍ക്കും ആവശ്യമാണ്. എന്നാല്‍ നൂറുശതമാനം മതനിയമങ്ങള്‍ പാലിച്ചുമാത്രമേ സ്ത്രീകള്‍ സിയാറത്തിനും മറ്റു ആവശ്യങ്ങള്‍ക്കും പുറത്തുപോകാവൂ. ഈ വിഷയത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നകാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഇബ്നുഹജര്‍(റ)എഴുതുന്നു:
നാശത്തെ ഭയപ്പെടുന്നതിനാലും സ്ത്രീകള്‍ അത്യുച്ചത്തില്‍ കരയുന്നതിനാലും സ്ത്രീകള്‍ക്കും നപുംസകര്‍ക്കും നിരുപാധികം ഖബ്ര്‍ സിയാറത്ത് കറാഹത്താണ്. എന്നാല്‍ നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്താണ്. മറ്റു അമ്പിയാഔലിയാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നതും അവര്‍ക്ക് സുന്നത്താണെന്ന് പണ്ഡിതന്മാരില്‍ ചിലര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഒന്നിലധികം പണ്ഡിതന്മാര്‍ അത് തൃപ്തിപ്പെടുകയും അതുകൊണ്ട് തറപ്പിച്ചു പറയുകയും ചെയ്തിരിക്കുന്നു….പണ്ഡിതന്മാര്‍ പോലെയുള്ള മഹാന്മാരും അടുത്തബന്ധുക്കളും തമ്മില്‍ വ്യത്യാസമുണ്ട്. പണ്ഡിതന്മാര്‍ പോലെയുള്ള മഹാന്മാരുടെ ദര്‍ഗകള്‍ സജീവമാക്കി അവരെ ആദരിക്കലാണ് അവരെ സന്ദര്‍ശിക്കുന്നതിന്‍റെ ലക്ഷ്യം. ഇതിനു പുറമെ അവരെ സന്ദര്‍ശിക്കുന്നവര്‍ക്ക് അവരില്‍ നിന്ന് ഉഖ്റവിയ്യായ സഹായം ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്‍റെ റഹ്.മത്ത് തടയപ്പെട്ട ഹതഭാഗ്യരല്ലാതെ അക്കാര്യം നിഷേധിക്കുകയില്ല (തുഹ്ഫത്തുല്‍ മുഹ്താജ്: 3/201).
സ്ത്രീയുടെ അടുത്ത ബന്ധുക്കള്‍ മഹാന്മാരാണെങ്കില്‍ ആ വീക്ഷണത്തില്‍ അവരെ സന്ദര്‍ശിക്കല്‍  സ്ത്രീക്കും സുന്നത്താണ്. അല്ലാമ ശര്‍വാനി(റ) എഴുതുന്നു:  അടുത്തബന്ധുക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്തില്ലെന്നു പറയുന്നത് അവര്‍ പണ്ഡിതന്മാരോ ഔലിയാക്കളോ സ്വാലിഹീങ്ങളോ ശുഹദാക്കളോ അല്ലെങ്കില്‍ മാത്രമാണ്. (ശര്‍വാനി: 3/201)
ഖത്വീബ് ശിര്‍ബീനി(റ) എഴുതുന്നു:സ്ത്രീകളുടെ സിയാറത്ത് സംബന്ധമായി വന്ന അഭിപ്രായങ്ങള്‍ മുര്‍സലീങ്ങളുടെ നേതാവിന്റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നതിനെപ്പറ്റിയല്ല. അത് സന്ദര്‍ശിക്കല്‍  സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ ഇബാദത്തുകളില്‍പെട്ടതാണ്. മറ്റു അമ്പിയാക്കള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കലും സ്ത്രീകള്‍ക്കു സുന്നത്താണെന്ന് ഇമാം ദംനഹൂരി (റ) പ്രസ്താവിച്ചിട്ടുണ്ട്. പൂര്‍വ്വ സൂരികള്‍ അപ്രകാരം പ്രസ്താവിച്ചത് ഞാന്‍ കണ്ടിട്ടില്ലെന്ന് ഇമാം അദ്റഈ (റ) പറയുന്നുണ്ടെങ്കിലും ഇക്കാര്യം വളരെ സ്പഷ്ടമാണ്. (മുഗ്.നി: 1/365)
ഇമാം റംലി(റ) പറയുന്നു:നബി(സ്വ)യുടെ ഖബ്.ര്‍  സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കു കറാഹത്തില്ലെന്നു മാത്രമല്ല അത് സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ പുണ്യകര്‍മ്മങ്ങളില്‍ പെട്ടതാണ്. ഇബ്നുരിഫ്അത്തും (റ) ഖമൂലി(റ)യും പ്രസ്താവിച്ചപോലെ മറ്റു അമ്പിയാഔലിയാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നതും സ്ത്രീകള്‍ക്ക് സുന്നത്താകേണ്ടിയിരിക്കുന്നു.  പ്രബലാഭിപ്രായം അതാണ് (നിഹായ: 3/37)
ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുആബീദീന്‍ (റ) പറയുന്നു:നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ നിബന്ധനയൊത്ത രൂപത്തില്‍ സ്ത്രീകള്‍ക്ക് സുന്നത്താണെന്നാണ് പ്രബലാഭിപ്രായം. ഇക്കാര്യം പണ്ഡിതരില്‍ ചിലര്‍ വ്യക്തമായിതന്നെ പ്രസ്താവിച്ചതാണ്. ഖബ്ര്‍സിയാറത്തിനുള്ള അനുമതി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ബാധകമാണെന്ന് കര്‍ഖി(റ)യും മറ്റും പ്രസ്താവിച്ചതാണ് നമ്മുടെ മദ്ഹബിലെ പ്രബലാഭിപ്രായം. ഇതനുസരിച്ച് ഇക്കാര്യത്തില്‍ സംശയമേയില്ല. അതല്ലാത്ത അഭിപ്രായമനുസരിച്ചും സ്ത്രീകള്‍ക്ക് നബി(സ്വ)യുടെ ഖബ്.ര്‍ സിയാറത്ത് സുന്നത്താണെന്ന് അസ്ഹാബ് നിരുപാധികം പ്രസ്താവിച്ചതിനാല്‍ അത് സുന്നത്താണ്. (റദ്ദുല്‍മുഖ്താര്‍: 9/170)
ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ അലിയ്യുബ്നു ഉബയ്ദില്ലാഹി സ്സാഗൂനി (റ) (ഹി: 455527) ‘അല്‍ഇഖ്നാഅ്‘ ല്‍ പറയുന്നു: സ്ത്രീകള്‍ കരയാനും ശബ്ദമുയര്‍ത്താനും ഏറെ സാധ്യതകളുള്ളതിനാല്‍ ഖബ്.ര്‍ സിയാറത്ത് സ്ത്രീകള്‍ക്ക് കറാഹത്താണ്. എന്നാല്‍ നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്താണ്. നിശ്ചയം അത് ഏറ്റം വലിയ ഇബാദത്തുകളില്‍ പെട്ടതുമാണ്. മറ്റു അമ്പിയാക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍ തുടങ്ങിയവരുടെ ഖബ്റുകളേയും അതോട് താരതമ്യം ചെയ്യല്‍ അത്യാവശ്യമാണ്. (അല്‍ ഇഖ്നാഅ്: 1/192)
മഹതിയായ ബീവി ആഇശാ (റ) നബി(സ്വ)യുടെയും രണ്ട് ഖലീഫമാരുടെയും ഖബ്റുകള്‍ സന്ദര്‍ശിച്ചിരുന്നതായി ഇമാം അഹ്.മദ് (റ) പ്രബലമായ പരമ്പരയിലൂടെ മുസ്നദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാന്മാരുടെയും അടുത്ത ബന്ധുക്കള്‍ മഹാന്മാരാകുമ്പോള്‍ അവരുടെയും ഖബ്റുകള്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്താണെന്നതിനു ഈ ഹദീസ് രേഖയാക്കാവുന്നതാണ്. ഹദീസ് വായിക്കുക; 
ആഇഷ(റ)യില്‍ നിന്നു നിവേദനം. അവര്‍ പറയുന്നു: റസൂലുല്ലാഹി(സ്വ)യെയും എന്‍റെ പിതാവിനെയും മറവു ചെയ്യപ്പെട്ട എന്‍റെ വീട്ടിലേക്ക് പൂര്‍ണ്ണരൂപത്തില്‍ വസ്ത്രം ധരിക്കാതെ ഞാന്‍ പ്രവേശിക്കാറുണ്ടായിരുന്നു. ഒന്ന് എന്‍റെ ഭര്‍ത്താവും മറ്റേത് എന്‍റെ പിതാവുമാണല്ലോ. എന്നാല്‍ ഉമര്‍(റ)വിനെ കൂടി അവരുടെ കൂടെ മറവു ചെയ്യപ്പെട്ടപ്പോള്‍ ഉമര്‍(റ)വിനെ തൊട്ട് ലജ്ജിച്ചതിനാല്‍ പൂര്‍ണ്ണമായ രൂപത്തില്‍ വസ്ത്രം ധരിച്ചുകൊണ്ടല്ലാതെ ഞാന്‍ അവിടേക്ക് പ്രവേശിക്കാറില്ല (മുസ്നദ്: 24480).
ഈ ഹദീസിനെ അധികരിച്ച് നൂറുദ്ദീന്‍ ഹൈസമി(റ) എഴുതുന്നു:    ഈ ഹദീസ് അഹ്.മദ് (റ) നിവേദനം ചെയ്തിട്ടുണ്ട്. അതിന്‍റെ നിവേദക പരമ്പരയിലുള്ളവര്‍ സ്വഹീഹിന്‍റെ നിവേദകരാണ്. (മജ്മഉസ്സവാഇദ്: 3/372)
നിബന്ധനകള്‍
കിഴവിയായ സ്ത്രീക്ക് സുഗന്ധം ഉപയോഗിക്കാതെയും ആഭരണവും അലങ്കാര വസ്ത്രങ്ങളും ധരിച്ച് ഭംഗിയാകാതെയും മഹാന്മാരെ സിയാറത്ത് ചെയ്യാന്‍ പോകാവുന്നതാണ്. അവളുടെ ശരീരം  മറയ്ക്കുന്ന വാഹനമോ മറ്റോ ആവശ്യമില്ല.   എന്നാല്‍ അന്യപുരുഷന്മാരില്‍ നിന്ന് ശരീരം മറയ്ക്കുന്ന വാഹനം പോലെയുള്ളതിലാണ് പോകുന്നതെങ്കില്‍ നാശം ഭയപ്പെടാനില്ലാത്തതിനാല്‍ യുവതിക്കും സിയാറത്ത് സുന്നത്താണ്. ഇബ്നുഹജര്‍ (റ) എഴുതുന്നു: മറ്റു അമ്പിയാക്കള്‍, ഔലിയാക്കള്‍, പണ്ഡിതന്മാര്‍ എന്നിവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കല്‍ സുന്നത്താകുന്ന വിഷയത്തില്‍ സത്യമായ നിലപാട് ഇനിപ്പറയുന്ന വിശദീകരണമാണ്. സ്ത്രീയുടെ ശരീരം അന്യപുരുഷന്മാരില്‍ നിന്ന് മറയ്ക്കുന്ന വാഹനത്തിലോ മറ്റോ അല്ല അവള്‍ പോകുന്നതെങ്കില്‍ അവള്‍ സുഗന്ധം ഉപയോഗിച്ചും ആഭരണവും അലങ്കാര വസ്ത്രങ്ങളും ധരിച്ചും ഭംഗിയാവാത്ത കിഴവിയായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇനി അവളുടെ ശരീരം അന്യപുരുഷന്മാരില്‍ നിന്ന് മറയ്ക്കുന്ന വാഹനത്തിലോ മറ്റോ ആണ് അവള്‍ പോകുന്നതെങ്കില്‍ യുവതിക്കും സിയാറത്ത് സുന്നത്താണ്. കാരണം ഈ രൂപത്തില്‍ നാശം ഭയപ്പെടാനില്ലല്ലോ. (തുഹ്ഫ: 3/201)
‘അവളുടെ ശരീരം അന്യപുരുഷന്മാരില്‍ നിന്ന് മറയ്ക്കുന്ന‘ എന്ന പരാമര്‍ശം വിശദീകരിച്ച് അല്ലാമ ശര്‍വാനി(റ) എഴുതുന്നു: ‘അവളുടെ ശരീരം അന്യപുരുഷന്മാരില്‍ നിന്ന് മറയ്ക്കുന്ന എന്തോ ഒന്നില്‍ പോകണമെന്ന് പറയുന്നത് ദര്‍ഗയില്‍ അന്യപുരുഷന്മാരില്‍പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ്. ഇല്ലെങ്കില്‍ അങ്ങനെ ഉപാധിവെക്കുന്നതിന് യാതൊരു ന്യായവുമില്ല. (ശര്‍വാനി: 3/201)
ചുരുക്കത്തില്‍ നബി (സ്വ) അല്ലാത്ത അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍, പണ്ഡിതന്മാര്‍, തുടങ്ങിയ മഹാന്മാരുടെ ഖബ്ര്‍സിയാറത്തിനു പോകല്‍ മുകളില്‍ പറഞ്ഞ വിശദീകരണത്തോടെ സ്ത്രീകള്‍ക്കും സുന്നത്താണ്. മഹാന്മാരില്‍ നിന്നു ലഭിക്കുന്ന സഹായങ്ങള്‍ സ്ത്രീകള്‍ക്കും ആവശ്യമാണല്ലോ.http://sunnisonkal.blogspot.com