സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday, 18 December 2015

വഫാത്തുന്നബിയ്യി


ജന്നത്തുല്‍ ബഖീഇല്‍ അന്നൊരു ഖാബറടക്കല്‍ നടന്നു, നബി ﷺ തങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ പോയി.
അവിടെ നിന്ന് മടങ്ങുമ്പോള്‍ നേര്‍ത്ത തലവേദന തോന്നി..
പിന്നെ അത് വര്‍ദ്ധിച്ചു..
കലശലായ തലവേദന...!!!
പുണ്യ പൂമേനിയുടെ ഊഷ്മാവ്‌ വര്‍ദ്ധിച്ചു..
നല്ല പനി, വല്ലാത്ത ക്ഷീണം..!!
നബി ﷺ തങ്ങള്‍ക്ക് രോഗം .!!!
ഇതിനു മുമ്പ്‌ കടുത്ത രോഗം വന്നിട്ടില്ല...
രോഗ വിവരം ഭാര്യമാരെ വിഷമിപ്പിച്ചു.
ഹിജ്റ ആറാം വര്‍ഷം രോഗം വന്നു. അന്ന് ഭക്ഷണത്തോട് വെറുപ്പ്‌ തോന്നി.
പിന്നെ രോഗം മാറി
ഹിജ്റ ഏഴാം വര്‍ഷത്തില്‍ വിഷം കലര്‍ന്ന മാംസം ചവച്ചതിന്‍റെ കാരണത്താല്‍ രോഗം വന്നു. അതിന്‍റെ ശല്യം ഇടക്ക് ഉണ്ടാകാറുണ്ട്.
എങ്കിലും ഇതുപോലെ കടുത്ത രോഗം വന്നിട്ടില്ല.
13 ദിവസം രോഗം നീണ്ടുനിന്നു.
രോഗിയാണെങ്കിലും നിസ്കാരത്തിനു നേതൃത്ത്വം നല്‍കാനായി പള്ളിയിലെത്തും.
നല്ല വേദന സഹിച്ചുകൊണ്ടാണ് മുത്ത് നബി ﷺ തങ്ങള്‍ നിസ്കാരത്തിന് നേതൃത്ത്വം നല്‍കുന്നത്.
മസ്ജിദുന്നബവിയില്‍ ആകെ വിഷാദം നിറഞ്ഞു.
നിസ്കാരം കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങും.
"നാളെ ഞാന്‍ എവിടെയായിരിക്കും..??" പുന്നാര നബി ﷺ തങ്ങള്‍ പത്നിമാരോട് ചോദിച്ചു.
ഇങ്ങനെ ചോതിക്കുന്നതെന്തിനാണെന്ന്..?? ഭാര്യമാര്‍ പരസ്പരം ചോദിച്ചു.., അവര്‍ക്കു കാര്യം പിടികിട്ടി..
ആയിശ ബീവി (റ) യുടെ വീട്ടിലെത്താന്‍സമയമായോ എന്നാണ് ചോദിക്കുന്നത്.
അവര്‍ ഒരു തീരുമാനത്തിലെത്തി, രോഗം സുഗപ്പെടുന്നതുവരെ ആയിശ ആയിശ ബീവി (റ) യുടെ വീട്ടില്‍ താമസിക്കട്ടെ..
ഭാര്യമാര്‍ ഈ തീരുമാനം റസൂല്‍ ﷺ തങ്ങളെ അറിയിച്ചു.
ആ മുഖത്ത് പ്രസന്ന ഭാവം, അവരുടെ തീരുമാനം സന്തോഷത്തോടെ സ്വീകരിച്ചു.
ഒറ്റക്ക് നടന്നുപോകാനാകില്ല..
രണ്ട് പ്രമുഖ സ്വാഹബിമാര്‍ സഹായത്തിനെത്തി, അബ്ബാസ്‌ (റ) വും അലിയ്യുബ്നു അബീത്വാലിബ് (റ) വും.
ഇവരുടെ ചുമലില്‍ പിടിച്ചാണ് റസൂലുല്ലാഹി ﷺ തങ്ങള്‍ ആയിശ ബീവി (റ) യുടെ വീട്ടിലെത്തിയത്‌.
വീടെന്ന് പറഞ്ഞാല്‍ പള്ളിയോട് ചേര്‍ന്നുള്ള മുറിയാണ്.
അവസാനത്തെ ഒരാഴ്ച്ച മുത്ത് നബി ﷺ തങ്ങള്‍ അവിടെയാണ് താമസിച്ചത്.

വിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ രണ്ട് ചെറിയ സൂറത്തുകള്‍
"മുഅവ്വിദത്തൈനി"
ഈ സൂറത്തുകള്‍ ഒതിയാല്‍ വമ്പിച്ച പ്രതിഫലം ലഭിക്കും. ഇവ ഓതി മന്ത്രിച്ചാല്‍ ആശ്വാസം കിട്ടും.
മുത്ത് ﷺ തങ്ങള്‍ക്ക് പനിയും തലവേദനയും വര്‍ദ്ധിച്ചു വരുമ്പോള്‍ ആയിശ ബീവി (റ) ഈ സൂറത്തുകള്‍ ഓതി റസൂലുല്ലാഹി ﷺ തങ്ങളെ മന്ത്രിക്കും
.
അപ്പോള്‍ നേര്‍ത്ത ആശ്വാസം തോന്നും, മുഖം തെളിയും.
മുത്ത് നബി ﷺ തങ്ങള്‍ പല ദുആകളും അവരെ പഠിപ്പിച്ചിരുന്നു, അവയെല്ലാം ഓര്‍മയിലുണ്ട്.
ആയിശ ബീവി (റ) അത്തരം ദുആകള്‍ ഓതുകയും മന്ത്രിക്കുകയും ആ പുണ്യ മേനിയില്‍ തടവിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.
നബി ﷺ തങ്ങളുടെ വേദന ബീവിയെ അസ്വസ്ഥയാക്കി.
അതൊരു ബുധനാഴ്ചയായിരുന്നു,
പനി കഠിനമായി, എന്തൊരു ചൂട്, വേദന വര്‍ദ്ധിച്ചു,
മുത്ത് നബി ﷺ തങ്ങള്‍ക്ക് ബോധക്ഷയം സംഭവിച്ചു.
ബോധം തെളിഞ്ഞപ്പോള്‍ മുത്ത് നബി ﷺ തങ്ങള്‍ ഇങ്ങനെ പറഞ്ഞു:
" ഏഴ് കിണറുകളില്‍ നിന്ന്‍ ഏഴ് പാത്രം വെള്ളം കൊണ്ടുവരുക.."
ആളുകള്‍ പാത്രവുമായി ഓടി !!
അപൂര്‍വ്വ സ്വഭാവമുള്ളോരു കുളി !!!
കുറച്ചു നേരം ഇത് തുടര്‍ന്നു,
"മതി മതി ഇനി മതി." മുത്ത് നബി ﷺ തങ്ങള്‍ അരുളി.
കുളി നിര്‍ത്തി. നേര്‍ത്ത ആശ്വാസം...
അല്‍ഹംദുലില്ലാഹ്...
മുത്ത് നബി ﷺ തങ്ങളുടെ പുണ്യവദനം തെളിഞ്ഞു, സംസാരിക്കാന്‍ കഴിയുന്നുണ്ട്.
തലവേദന വിട്ടുമാറിയില്ല..
തലവേദന കൂടിയപ്പോള്‍ ഷറഫാക്കപ്പെട്ട ശിരസ്സില്‍ തുണികൊണ്ട് വരിഞ്ഞു കെട്ടി.
പരസഹായത്തോടെ ഹബീബ്‌ തങ്ങള്‍ പള്ളിയിലെത്തി.
മിമ്പറില്‍ ഇരുന്നു.
അല്‍ഹംദുലില്ലാഹ്...
അവിടുന്ന്‍ അല്ലാഹുവിനെ സ്തുതിച്ചു
ഉഹ്ദ്‌ യുദ്ധത്തില്‍ പങ്കെടുത്തവരെ കുറിച്ച് ഓര്‍മപ്പെടുത്തി, ഉഹ്ദില്‍ ശഹീദായവരെ അനുസ്മരിച്ചു, അവര്‍ക്കു വേണ്ടി ദുആ ചെയ്തു.
കുറച്ചു കാര്യങ്ങള്‍ പറഞ്ഞു.
അല്പ നേരം നിര്‍ത്തി, ശക്തി സംഭരിച്ച ശേഷം വീണ്ടും തുടര്‍ന്നു..
"ഐഹികജീവിതമോ പാരത്രിക ജീവിതമോരണ്ടാലൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്രം അല്ലാഹു അവന്‍റെ ഒരു ദാസന് നല്‍കി. എന്നാല്‍ ആ ദാസന്‍ അല്ലാഹുവിങ്കലുള്ളത് തിരഞ്ഞെടുത്തു."
സദസ്സ് നിശബ്ദമായിരുന്നു, ചലനമില്ല
തലയില്‍ പക്ഷി ഇരിക്കുന്നത് പോലെ അവര്‍ നിശ്ചലമായിരുന്നു.
അപ്പോളതാ ഒരു കരച്ചില്‍..!!!!
അബൂബക്കര്‍ സിദ്ധിഖ്(റ)വിന്‍റെ കരച്ചില്‍..
മുത്ത് നബി ﷺ തങ്ങള്‍ ആരെ പറ്റിയാണ് പറഞ്ഞെതെന്ന്‍ പലര്‍ക്കും മനസ്സിലായില്ല. അബൂബക്കര്‍ സിദ്ധീഖ്(റ)വിന് മനസ്സിലായി.
മുത്ത് നബി ﷺ തങ്ങളെ തന്നെയാണ് സൂചിപ്പിച്ചത്‌. അതോര്‍ത്തപ്പോള്‍ സിദ്ധീഖുല്‍ അക്ബര്‍(റ)വിനു സഹിക്കാന്‍ കഴിഞ്ഞില്ല...
കരഞ്ഞുപോയി..
തേങ്ങിക്കരഞ്ഞു കൊണ്ട് അവര്‍ പറഞ്ഞു:
"അങ്ങേക്ക് പകരം ഞങ്ങളുടെ ജീവനും മക്കളെയും ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്."
മുത്ത് നബി ﷺ തങ്ങള്‍ അത് ശ്രദ്ധിച്ചു.
ആഗ്യം കാണിച്ചു നബി ﷺ തങ്ങള്‍ മൊഴിഞ്ഞു:
"അബൂബക്കര്‍ ധൈര്യമായിരിക്കൂ.."
മുത്ത് നബി ﷺ തങ്ങള്‍ അബൂബക്കര്‍(റ) വിനോട് പറഞ്ഞു:
എന്‍റെ സ്വഹാബത്തില്‍ നിങ്ങളെക്കാള്‍ പ്രിയമുള്ളവരായി ഒരാളുമില്ല.. താങ്കള്‍ എന്‍റെ ആത്മമിത്രമാണ്,
അള്ളാഹു അവന്‍റെ സന്നിദിയില്‍ ഒരുമിച്ച് കൂട്ടും വരെ ഈ സാഹോദര്യം നിലനില്‍ക്കും. സത്യവിശ്വസത്തില്‍ അടിത്തറയിട്ട സൗഹൃദമാണിത്"
സദസ്സിനോട് കാര്യം ഉണര്‍ത്തി,
"മുഹാജിര്‍ സമൂഹമേ...
അന്‍സാറുകള്‍ക്ക് നന്മ ചെയ്യുക, നന്മ മാത്രം കാംക്ഷിക്കുക. മുസ്ലിം സമുദായം എണ്ണത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും.
അന്‍സാറുകള്‍ ഇന്നുള്ളത്‌ മാത്രം, അവര്‍ വര്‍ദ്ധിക്കുകയില്ല.
അവര്‍ എന്‍റെ സ്വന്തക്കാര്‍....
എനിക്ക് അഭായമാണവര്‍....
എന്‍റെ വിശ്വസ്ഥരായ സ്വഹാബത്ത്, അവര്‍ക്ക്‌ ഗുണം ചെയ്യുക...
അവരില്‍ ന്യൂനതയുള്ളവരോട് കരുണ കാണിക്കുക..
അവരോട് വിട്ടുവീഴ്ച്ച ചെയ്യുക..."
പ്രസംഗം നിര്‍ത്തി.
റസൂലുല്ലാഹി ﷺ തങ്ങള്‍ ആയിശ(റ) യുടെ വീട്ടിലേക്ക്‌ മടങ്ങി.
പ്രസംഗം കാരണമായി അവിടുന്ന്‍ വലിയ ക്ഷീണത്തിലായി.
ഉറങ്ങാന്‍ കിടന്നു, ഉറക്കം വരുന്നില്ല..
ഊണും ഉറക്കവുമെല്ലാം നഷ്ടപ്പെട്ടിരുന്നു...
പനിയും തലവേദനയും നിരന്തരം വര്‍ധിക്കുകയാണ്...
ഉറങ്ങാത്ത രാത്രി...
ആയിശ ബീവി(റ)യും ഉറങ്ങിയില്ല, മറ്റുഭാര്യമാര്‍ക്കും ഉറക്കമില്ല...
നേരം പുലര്‍ന്നു...
പുന്നാര നബി ﷺ തങ്ങള്‍ക്ക് തീരെ വയ്യ..
ഹബീബുല്ലാഹി ﷺ തങ്ങള്‍ക്ക് പള്ളിയില്‍ പോകാന്‍ പ്രയാസം ..
സുബഹി നിസ്കാരത്തിനു ആര് നേതൃത്വം നല്‍കും...??
മദീനത്തെ പള്ളിയില്‍ ആളുകള്‍ വന്നു തുടങ്ങി, അവര്‍ ഇമാമിനെ കാത്തിരിക്കുന്നു..
മറ്റൊരാളെ ഇമാമായി നിര്‍ത്തേണ്ട ഘട്ടം വന്നിരിക്കുന്നു...
ആരാവും പുതിയ ഇമാം....????


മുത്ത് നബി ﷺ തങ്ങള്‍ക്ക് പള്ളിയിലേക്ക്‌ നടക്കാന്‍ കഴിയുന്നില്ല...
പള്ളിയില്‍ ആളുകള്‍ സുബഹി നിസ്കാരത്തിന് റസൂലുല്ലാഹി ﷺ തങ്ങളെ കാത്തിരിക്കുയാണ്.
മറ്റൊരാളെ ഇമാമായി നിര്‍ത്തേണ്ട ഘട്ടം വന്നിരിക്കുന്നു.
മുത്ത് റസൂല്‍ ﷺ തങ്ങള്‍ ആയിശ ബീവി (റ) യോട് ഇങ്ങനെ ആവശ്യപ്പെട്ടു..
"അബൂബക്കറിനെ വിളിക്കൂ.. അദ്ധേഹം ഇമാമായി നില്‍കട്ടെ..
ആയിശ ബീവി (റ) ഇങ്ങനെ മറുപടി നല്‍കി:
"എന്‍റെ പിതാവ് ലോലഹൃദയനാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ കരഞ്ഞുപോകും ഇമാമത്ത് നില്‍കാന്‍ അദ്ധേഹത്തെ കൊണ്ടാവില്ല."
"അബൂബക്കറിനെ വിളിക്കൂ.. അദ്ധേഹം നിസ്കാരത്തിനു നേതൃത്വം നല്‍കട്ടെ.."
വീണ്ടും റസൂല്‍ ﷺ തങ്ങള്‍ ആവശ്യപ്പെട്ടു.
"എന്‍റെ പിതാവ് വളരെ ദുര്‍ബ്ബലനാണ്. നിസ്കാരം നയിക്കാന്‍ മാത്രം അദ്ധേഹം ശക്തനല്ല"
ആയിശ ബീവി (റ) ഒന്നുകൂടി പറഞ്ഞു നോക്കി.
വേദനകൊണ്ട് പുളയുകയായിരുന്ന മുത്ത് നബി ﷺ തങ്ങള്‍ ശബ്ദമുയര്‍ത്തി..
"അബൂബക്കറിനോട് നിസ്കാരത്തിനു നേതൃത്വം നല്‍കാന്‍ പറയൂ, നിങ്ങള്‍ സ്ത്രീകള്‍ യൂസുഫ്‌ നബി(അ)യെ കുടുക്കാന്‍ നോക്കിയവരല്ലേ..."
മുത്ത് നബി ﷺ തങ്ങള്‍ പുതിയ നേതാവിനെ കണ്ടെത്തുകയാണ് ആയിശ ബീവി (റ)ക്ക് മനസ്സിലായി..
തങ്ങള്‍ എന്‍റെ വീട്ടിലാണ്. താന്‍ സ്വാധീനം ചെലുത്തി പിതാവിനെ നേതൃ സ്ഥാനത്ത്‌ എത്തിച്ചതാണെന്ന്‍ ആരെങ്കിലും തെറ്റുധരിക്കുമോ..??
അതാണ് ബീവിയുടെ ഭയം..
ഇത് ഉറച്ച തീരുമാനമാണ്..
ആയിശ ബീവി (റ) പിന്നെ ഒന്നും പറഞ്ഞില്ല..
പിതാവിനെ വരുത്തി,
മുത്ത് റസൂല്‍ ﷺ തങ്ങള്‍ അദ്ധേഹത്തോട് നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ പറഞ്ഞു
അദ്ധേഹം വിഷമിച്ചുപോയി,
പ്രവാചകര്‍ ﷺ ക്ക് പകരം താന്‍ ഇമാമാവുക...!!!!
എങ്ങനെ തനിക്കതിനു കഴിയും..??
ഹൃദയം കിടുകിടാ വിറച്ചു,
പള്ളിയിലേക്ക്‌ നടന്നു..
പള്ളിയില്‍ നിറയെ സത്യവിശ്വാസികള്‍. അവര്‍ സുബഹി നിസ്കാരത്തിന് പ്രതീക്ഷിച്ചിരിക്കുകയാണ്.
ഇഖാമത്ത്‌ കൊടുത്തു, അബൂബക്കര്‍ (റ) ഇമാമായി നില്‍കുന്നു..
പള്ളിയില്‍ മുത്ത് നബി ﷺ തങ്ങളെ കാണാത്ത ദുഃഖം.
ആ ദുഖത്തോടെ ജനം അണിനിരന്നു,
അബൂബക്കര്‍(റ) പരവശ്യത്തോടെയാണ് നില്‍ക്കുന്നത്.
"الله أكبر"
എങ്ങനെയോ പറഞ്ഞൊപ്പിച്ചു
നിസ്കാരം തുടങ്ങി, മനസ്സ് നിസ്കാരത്തില്‍ മുഴുകി..
കര്‍മങ്ങള്‍ പൂര്‍ത്തിയായി, നിസ്കാരം കഴിഞ്ഞു,
വല്ലാത്തൊരു പരീക്ഷണം കടന്നുപോയി.
നിസ്കാരത്തിനു നേതൃത്വംനല്‍കുന്നതിനു അബൂബക്കര്‍ (റ) വന്നതോടെ മുത്ത് നബി ﷺ തങ്ങള്‍ക്ക് രോഗം ഗുരുതരമാണെന്ന് മദീനയിലുള്ളവര്‍ക്ക് മനസ്സിലായി.
സംസാരിക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥ.
സര്‍വ്വ ലോകത്തിനും കരുണ്യമായ മുത്ത് നബി ﷺ തങ്ങളെ അവസ്ഥ എല്ലാവരെയും വിഷമിപ്പിച്ചു.
എന്തെങ്കിലും ഔഷധം നല്‍കണമെന്ന് തീരുമാനിച്ചു.
മൈമൂന ബീവി(റ)യുടെ സഹോദരിയാണ് അസ്മാ ബീവി(റ), അവര്‍ അബ്സീനയില്‍ ഹിജ്റ പോയപ്പോള്‍ അവിടുന്നൊരു ഔഷധം ഉണ്ടാക്കാന്‍ പഠിച്ചിരുന്നു.
ഫലപ്രദമായൊരു ഔഷധം.
അവര്‍ അത് തയ്യാറാക്കി.
മുത്ത് നബി ﷺ തങ്ങള്‍ അബോധാവസ്ഥയിലായ ഒരു ഘട്ടത്തില്‍ ഔഷധം കുടിപ്പിച്ചു.
ബോധം വന്നപ്പോള്‍ റസൂലുല്ലാഹി ﷺ തങ്ങള്‍ ചോദിച്ചു:
"നിങ്ങള്‍ എന്തിനത് ചെയ്തു..???
അല്ലാഹു എനിക്ക് രക്ഷയേകിയ രോഗമാണിത്."

മുത്ത് നബി ﷺ തങ്ങള്‍ക്ക് മരുന്ന് നല്‍കിയതിന്‍റെ പിറ്റേ ദിവസം,
പ്രഭാതമായി, നേര്‍ത്ത ആശ്വാസം.
വുളൂഅ് എടുത്തു, പള്ളിയില്‍ സുബഹി നിസ്കാരം തുടങ്ങിക്കഴിഞ്ഞു. അബൂബക്കര്‍(റ) ഇമാമായി നിസ്കരിക്കുന്നു
റസൂലുല്ലാഹി ﷺ തങ്ങള്‍ ശിരസ്സ് മുറുക്കി കെട്ടി.
അലി (റ)വിന്‍റെയും ഫള്ലുബ്നു അബ്ബാസ്‌ (റ)വിന്‍റെയും ചുമലില്‍ പിടിച്ചു നടന്നു.
പള്ളിയിലെ വാതില്‍ക്കല്‍ റസൂലുല്ലാഹി ﷺ തങ്ങളുടെ പുണ്യ വദനം കണ്ടപ്പോള്‍, മുത്ത് നബി ﷺ തങ്ങളുടെ അസുഗം കുറഞ്ഞിരിക്കുന്നു എന്ന് സ്വഹബികള്‍ക്ക് തോന്നി.
നിസ്കരത്തിലായിട്ടും അവര്‍ക്ക്‌ ആഹ്ലാദം.!!!
ആ സംഗ നിസ്കാരം കണ്ടപ്പോള്‍ മുത്ത് നബി ﷺ തങ്ങള്‍ക്കും ആഹ്ലാദം.
നിസ്കാരം തുടങ്ങാന്‍ ആഗ്യം കാണിച്ചു.
അബൂബക്കര്‍ (റ) പിന്നോട്ട് മാറാന്‍ തുടങ്ങുകയായിരുന്നു.
മുത്ത് നബി ﷺ തങ്ങള്‍ അത് തടഞ്ഞു. ഇമാമായി തുടരാന്‍ ആവശ്യപ്പെട്ടു.
അബൂബക്കര്‍(റ)വിന്‍റെ വലതുഭാഗത്ത് റസൂലുല്ലാഹി ﷺ തങ്ങള്‍ ഇരുന്നു.
നിസ്കാരത്തിനു ശേഷം മുത്ത് നബി ﷺ തങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു  പറഞ്ഞു:
"ഞാന്‍ എങ്ങനെയോ തീ കൊളുത്തപ്പെട്ടു കഴിഞ്ഞു, വലിയ കുഴപ്പങ്ങള്‍ വരാന്‍ പോകുന്നു. അല്ലാഹുവാണെ സത്യം ഞാനതിന് ഉത്തരവാദിയല്ല..
അല്ലാഹുവാണെ സത്യം ഖുര്‍ആന്‍ അനുവദിനീയമാക്കിയതല്ലാതെ ഞാനൊന്നും അനുവദിനീയമാക്കിയിട്ടില്ല, ഖുര്‍ആന്‍ നിരോധിച്ചതല്ലാതെ ഞാന്‍ ഒന്നും നിരോധിച്ചിട്ടില്ല"
റസൂലുല്ലാഹി ﷺ തങ്ങള്‍ ആയശ ബീവി(റ)യുടെ വീട്ടിലേക്ക്‌ മടങ്ങി.
സ്വഹാബികള്‍ ആ പോക്ക് നോക്കി നിന്നു...
ഇന്ന് രോഗത്തിന് ശമനം വന്നപോലെയുണ്ട്..
എല്ലാവര്‍ക്കും സന്തോഷം..!!!
മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ കരളിന്‍റെ കഷ്ണമായ ഫാത്തിമ ബീവി(റ) പിതാവിനെ കാണാന്‍ വന്നു.
സാധാരണ ഗതിയില്‍ മകള്‍ വന്നാല്‍ എഴുന്നേറ്റു കെട്ടിപ്പിടിച്ചു സ്വീകരിക്കും, കവിളില്‍ ചുമ്പിക്കും, തൊട്ടടുത്ത് പിടിച്ചിരുത്തി സംസാരിക്കും.
ഒരു കൊച്ചു കുട്ടിയെ ലാളിക്കുന്നത് പോലെ പെരുമാറും.
ഫാത്തിമ ബീവി(റ) വന്നു പിതാവിനെ ചുമ്പിച്ചു.
പിതാവും പുത്രിയും സ്നേഹം പങ്കിടുന്ന രംഗം വീട്ടുകാര്‍ നോക്കി നില്‍ക്കുന്നു.
നബി ﷺ തങ്ങള്‍  ഫാത്തിമ ബീവി(റ)വിന്‍റെ  ചെവിയില്‍ എന്തോ പറഞ്ഞു.
ഫാത്തിമ ബീവി(റ)  പൊട്ടിക്കരഞ്ഞു പോയി, അല്പം കഴിഞ്ഞ് നബി ﷺ തങ്ങള്‍ മറ്റെന്തോ സ്വകാര്യം പറഞ്ഞു
അപ്പോള്‍ ഫാത്തിമ ബീവി(റ) പുഞ്ചിരിതൂകി..
കണ്ടുനിന്നവര്‍ക്ക്‌ വിസ്മയം, എന്തായിരിക്കും ആ രഹസ്യം..
ആയിശ ബീവി(റ) ഇതിനെ പറ്റി ഫാത്തിമ ബീവി(റ)യോട്‌ ചോദിച്ചു.
"അല്ലാഹുവിന്‍റെ റസൂലിന്‍റെ രഹസ്യം വെളിപ്പെടുത്തികക്കൂടാ..." എന്നായിരുന്നു ഫാത്തിമ ബീവി(റ)യുടെ മറുപിടി. 
മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ വഫാത്തിനു ശേഷം ഫാത്തിമ ബീവി(റ) ആ രഹസ്യം വെളിപ്പെടുത്തി.
ഒന്നാമതായി പറഞ്ഞത്‌ ഇതായിരുന്നു:
"ഈ രോഗത്തില്‍ നിന്ന് ഞാനിനി മോചിതനാകുകയില്ല, ഇത് അവസാനത്തെ രോഗമാണ്"
ഇത് കേട്ട് സങ്കടം സഹിക്കാനാവാതെയാണ് ഞാന്‍ കരഞ്ഞത്‌.
രണ്ടാമതായി നബി ﷺ തങ്ങള്‍ പറഞ്ഞത്‌ ഇതായിരുന്നു.
"എന്‍റെ മരണത്തിന് ശേഷം എന്നോട് ആദ്യമായി വന്നു ചേരുന്ന കുടുംബാഗം നീയായിരിക്കും"
ഇത് കേട്ടപ്പോളാണ് ഞാന്‍ ചിരിച്ചത്‌..
സ്വര്‍ഗത്തിലെ  വനിതകളുടെ നേതാവായിരിക്കും ഫാത്തിമ ബീവി(റ)

ഇനിയുള്ള ഭാഗങ്ങള്‍ എഴുതാനും വായിക്കാനും മുത്ത് റസൂല്‍ ﷺ തങ്ങളുടെ ആശിഖീങ്ങള്‍ക്ക് കണ്ണീരോടെയല്ലാതെ പറ്റില്ല.
മുത്ത് നബി ﷺ തങ്ങള്‍ മകളെയും പേരമക്കളെയും പത്നിമാരെയുമൊക്കെ വിളിച്ചു വരുത്തി.
അവര്‍കൊക്കെ സ്നേഹവും നല്ല ഉപദേശവും നല്‍കി ദുആ ചെയ്തു.
വീണ്ടും വേദനയുടെ വേലിയേറ്റം..
പിതാവിന്‍റെ പ്രയാസം കണ്ട് പുന്നരമോള്‍ ഫാത്തിമ ബീവി(റ)ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, പൊട്ടിക്കരഞ്ഞുപോയി.
മുത്ത് നബി ﷺ തങ്ങള്‍ മകളെ ആശ്വസിപ്പിച്ചു:
"പിതാവിന്‍റെ എല്ലാ വേദനകളും ഇന്നോടെ തീരും മോളെ..."
പിന്നെ റസൂലുല്ലാഹി ﷺ തങ്ങള്‍ ശക്തമായ ഭാഷയില്‍ ഇങ്ങനെ പറഞ്ഞു.
"നിസ്കാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുക, ഗൗരവമായി പരിഗണിക്കുക, നിങ്ങളുടെ അധീനതയിലുള്ളവരുടെ കാര്യവും ശ്രദ്ധിക്കുക"
മുത്തൊളി ത്വാഹാ റസൂല്‍ ﷺ തങ്ങള്‍ അവിടുത്തെ വഫാത്തിനോടടുത്ത് കഠിന വേദന സഹിക്കുമ്പോഴും നിസ്കാരത്തിന്‍റെ കാര്യമാണ് സമുദായത്തെ ഉത്ഭോദിപ്പിച്ചത്.
നിസ്കാരത്തിന്‍റെ കാര്യത്തില്‍ ആരും അലംഭാവം കാണിക്കല്ലേ...!!!!!!
ആ പ്രഭാതത്തിന് ചെറിയൊരു തെളിച്ചം..
രോഗം ഭേദപ്പെടുകയാണെന്ന് കൂടിനിന്നവര്‍ക്ക് തോന്നി.
പള്ളിയില്‍ തടിച്ച് കൂടിയവര്‍ക്കെല്ലാം ആഹ്ലാദം..!!
അബൂബക്കര്‍ സിദ്ധീഖ് (റ) കടന്നുവന്നു റസൂലുല്ലാഹി ﷺ തങ്ങള്‍ക്ക് സലാം ചൊല്ലി.
"അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേക്ക് ഇന്ന നല്ല സുഗമുണ്ട്.
അല്‍ഹംദുലില്ലാഹ്......
ഞാന്‍ എന്‍റെ ഭാര്യയുടെ വീടുവരെ ഒന്ന് പോയി വന്നോട്ടെ, സമ്മതം തരുമോ..???"
അബൂബക്കര്‍ സിദ്ധീഖ് (റ) സമ്മതംചോദിച്ചു.
മുത്ത് നബി ﷺ തങ്ങള്‍ സമ്മതം കൊടുത്തു.
അദ്ധേഹം ധൃതിയില്‍ അങ്ങോട്ട്‌ തിരിച്ചു.
ഉമര്‍ (റ) സ്വന്തം വീട്ടിലേക്ക്‌ പോയി, തന്‍റെ ജോലികളില്‍ മുഴുകി.
അലി(റ)വും സ്ഥലം വിട്ടു.
ആശ്വാസത്തിന്‍റെ പ്രഭാതം, കുറെ നാളായി ഉത്കണ്ഠയായിരുന്നു.
ഇന്ന് എല്ലാവര്‍ക്കും ആശ്വാസം.
ഇത് അവസാനത്തിനു മുമ്പുള്ള ഒരു തെളിച്ചം മാത്രമാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
മരണം അടുത്തു വരുകയായിരുന്നു.
മുഖം പ്രസന്നമായിരുന്നെങ്കിലും വേദന ശമിച്ചിരുന്നില്ല.
നേരിയ ആശ്വാസം മാത്രം.
വേദന വര്‍ദ്ധിച്ചു, ക്ഷീണം കൂടി..!!
"ഒരു പത്രം തണുത്ത വെള്ളം കൊണ്ടുവരൂ"
മുത്ത് നബി ﷺ തങ്ങള്‍ ആവശ്യപ്പെട്ടു.
ഹഫ്സ(റ)വിന്‍റെ വീട്ടില്‍ നിന്ന് തണുത്ത വെള്ളം കൊണ്ടുവന്നു.
ആയിശ ബീവി (റ) അതില്‍ കൈമുക്കി മുഖം തടവിക്കൊടുത്തു. ഫാത്തിമ ബീവി (റ) ചാരത്ത് നില്‍പുണ്ട്.
അപ്പോഴാണതാ വാതില്‍ക്കല്‍ ഒരു സലാം കേള്‍ക്കുന്നത്.
"അസ്സലാമു അലൈക യാ അഹ്ല ബൈത്തിന്നുബുവ്വ.."
ഫാത്തിമ ബീവി (റ) ഓടി വാതില്‍ക്കല്‍ വന്ന് പറഞ്ഞു:
"പറ്റില്ലാ... വാതില്‍ തുറക്കൂലാ... എന്‍റെ ഉപ്പാക്ക്, എന്‍റെ ഹബീബ്‌ ﷺ ന് സംസാരിക്കാന്‍ കഴിയുന്നില്ലാ..
എന്‍റെ റസൂലുല്ലാഹ് ﷺ തങ്ങള്‍ക്ക് വേദനകൊണ്ട് ആയിശ ബിവി(റ) വെള്ളം നനച്ച കൈകൊണ്ട് നെറ്റിത്തടം തടവിക്കൊടുക്കുകയാണ്. അതുകൊണ്ട് ആരാണെങ്കിലും മടങ്ങിപ്പൊയ്ക്കോ..??"
രണ്ടാമതും സലാം കേള്‍ക്കുന്നു,
"അസ്സലാമു അലൈക യാ അഹ്ല ബൈത്തിന്നുബുവ്വ.."
രണ്ടാമതും സലാം കേട്ടപ്പോള്‍ റസൂലുല്ലാഹി ﷺ തങ്ങള്‍ക്ക് ആളെ മനസ്സിലായി.
പക്ഷെ, ഫാത്തിമ ബീവി (റ) കയറ്റിവിടുന്നില്ല,
എന്‍റെ ഹബീബിനെ കാണാന്‍ പറ്റൂലാ.. റസൂലുല്ലാഹ് ﷺ ഇത്രയും പ്രയാസപ്പെട്ട രംഗമുണ്ടായിട്ടില്ല... അതുകൊണ്ട് മടങ്ങി പൊയ്ക്കോ.."
മൂന്നാമതും സലാം പറയുന്നു:
"അസ്സലാമു അലൈക യാ അഹ്ല ബൈത്തിന്നുബുവ്വ.."
മൂന്നമാതും സലാം കേട്ടപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:
" വാതില്‍ തുറന്നു കൊടുക്കൂ ഫാത്തിമാ..
വാതില്‍ തുറക്ക്, അത് എന്നെ കാണാന്‍ വന്നതാണ്‌"
ആരാണെന്ന് ചോതിക്കുമ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറയുന്നു:
"അത് അസ്റാഈല്‍(അ) ആണ്."
കൂടെ ജിബ്രീല്‍(അ)മും ഉണ്ടായിരുന്നു.
അസ്റാഈല്‍(അ) റസൂല്‍ ﷺ തങ്ങളുടെ ചാരെ വന്ന് നിന്നുകൊണ്ട് ചോദിക്കുന്നു:
"ഒന്നുകില്‍ നിങ്ങളെ കണ്ട് സുഗവിവരം അന്വേഷിച്ച് മടങ്ങിപോയ്ക്കോളം.. അങ്ങ് അനുവദിക്കുകയാണെങ്കില്‍, നബിയേ... അവിടുത്തെ റൂഹ് പിടിച്ചു കൊണ്ടുപോയേക്കാം."
റസൂല്‍ ﷺ തങ്ങള്‍ ആയിശ ബിവി(റ)യുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് അല്ലാഹുവിന്‍റെ ഹബീബ്‌ ﷺ തങ്ങള്‍ അസ്റാഈല്‍(അ)നു എല്ലാ സൗകര്യങ്ങളും എല്ലാ സമ്മതങ്ങളും ചെയ്തുകൊടുത്തു.
മുത്ത് നബി ﷺ തങ്ങളുടെ തള്ളവിരലില്‍ നിന്നും റൂഹ് പിടിക്കാന്‍ തുടങ്ങി.
തൊട്ടടുത്തിരിക്കുന്ന ഫാത്തിമ ബീവി(റ)യോട് അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:
"ഫാത്തിമാ.. മരണത്തിന്‍റെ വേദന, സകറാത്തിന്‍റെ വേദന ഉപ്പാക്ക് സഹിക്കാന്‍ കഴിയുന്നില്ല മോളേ..."
ഫാത്തിമ ബീവി (റ) പൊട്ടിക്കരയാന്‍ തുടങ്ങി.
"അസ്റാഈലേ.. ഒന്ന് പതുക്കെ, നേര്‍മയായി പിടിക്കൂ അസ്റാഈലേ.."
എന്ന് അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറയുമ്പോള്‍,
അസ്റാഈല്‍(അ) മറുപിടി പറഞ്ഞു:
"നബിയേ.. ലോകത്തിതുവരെയും ഒരാളുടെപോലും റൂഹ് ഇത്ര നേര്‍മയില്‍ പിടിച്ചിട്ടില്ല റസൂലേ..."
ആ സമയത്താണ് അബ്ദുറഹ്‌മാനുബ്നു ഔഫ്‌ (റ) ഹബീബ് ﷺ തങ്ങളുടെ രോഗവിവരം അറിയാന്‍ അവിടെ വന്നത്.
അല്ലാഹുവിന്‍റെ റസൂല്‍ ﷺ തങ്ങള്‍ അബ്ദുറഹ്‌മാനുബ്നു ഔഫ്‌(റ)വിന്‍റെ കൈയ്യിലേക്ക് നോക്കുന്നുണ്ട്.
അവരുടെ കൈയ്യില്‍ മിസ്‌വാക്ക്‌ ഉണ്ട്.
ആയിശ(റ) ആ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലായി. നബി ﷺ തങ്ങള്‍ക്ക് മിസ്‌വാക്ക്‌ ചെയ്യണം.
ആയിശ മിസ്‌വാക്ക്‌ വാങ്ങി പതം വരുത്തി. റസൂല്‍ ﷺ യുടെ ദന്തശുദ്ധി വരുത്തി.
വേദന കൂടിവരുകയാണ്..
"അല്ലാഹുവേ... മരണവേദനയുടെ ശക്തി കുറച്ചുതരണമേ...."
ഹബീബുല്ലാഹി ﷺ തങ്ങള്‍ ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു.
ചുണ്ടുകള്‍ ചലിച്ചുകൊണ്ടിരുന്നു..,
"അല്ലാഹുവേ... നീ അനുഗ്രഹിച്ചവരുടെ കൂടെ അംബിയക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍, സിദ്ധീഖീങ്ങള്‍, ഇവരുടെ കൂടെ ഉന്നത സ്ഥാനത്തേക്ക് ചേര്‍ക്കേണമേ...
അല്ലാഹുവേ... പൊറുത്തു തരണമേ...
കരുണകാണിക്കേണമേ..."
കണ്ണുകള്‍ മേല്‍പോട്ട്...
ലോകാനുഗ്രഹി ത്വാഹാ റസൂല്‍ ﷺ തങ്ങള്‍ അന്ത്യശാസന്ന നിലയിലാണ്..
ശരീരം കനക്കുന്നതായി ആയിശ ബീവി(റ)ക്ക് തോന്നി..
വെപ്രാളത്തോടെ ആ മുഖത്തേക്ക് നോക്കി.

ആയിശ ബീവി(റ) വെപ്രാളത്തോടെ മുത്ത്‌ ഹബീബ് ﷺ തങ്ങളുടെ സുന്ദരവദനത്തിലേക്ക്‌ നോക്കി..
വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു:
"അല്ലാഹുവാണേ.... അങ്ങേക്ക്‌ തിരഞ്ഞെടുക്കാന്‍ സ്വതന്ത്രം കിട്ടി. ഉന്നതമായത് അങ്ങ് തിരഞ്ഞെടുക്കുകയും ചെയ്തു."
നിമിഷങ്ങള്‍ കടന്നുപോയി.
അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു.
പെട്ടന്ന് ശ്വാസം നിലച്ചു, കൈകള്‍ കുഴഞ്ഞു.
ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ചു തന്നെ മുത്ത്‌ റസൂല്‍ ﷺ തങ്ങള്‍ വഫാത്തായി.
അന്ത്യപ്രവാചകര്‍ മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ യാത്രയായി....
ഇനിയൊരു പ്രവാചകനില്ല...
ഇസ്ലാം ദീന്‍ പൂര്‍ത്തിയായി...
ദൗത്യം പൂര്‍ത്തിയാക്കി ലോകത്തിന്‍റെ നായകന്‍ കടന്നുപോയിരിക്കുന്നു.
إنا لله وإنا إليه راجعون
ആയിശ ബീവി(റ) തന്‍റെ മടിയില്‍ നിന്നും റസൂലുല്ലാഹി ﷺ തങ്ങളുടെ പുണ്യ ശിരസ്സ്‌ മെല്ലെ ഉയര്‍ത്തി തലയിണയില്‍ വെച്ചു.
മുറിയില്‍ ആളുകള്‍ നിറഞ്ഞു...
ആയിശ ബീവി(റ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, തിളങ്ങുന്ന മുഖവുമായി മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ കട്ടിലില്‍ കിടക്കുന്നു.
ആയിശ ബീവി (റ) മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റു,
പതറുന്ന പാതങ്ങള്‍ നിലത്ത് വെച്ച് മെല്ലെ നടന്നു.
സ്ത്രീകളുടെ കൂട്ടത്തില്‍ ചേര്‍ന്നു.
എല്ലാം അസ്തമിച്ചു.......!!!!!!!!!!!!
ലോകഗുരുവില്‍ നിന്നും തനിക്ക്‌ കിട്ടികൊണ്ടിരുന്ന പ്രത്യേക പദവികള്‍.
എല്ലാം ഓര്‍മയായി...
അവര്‍ക്ക്‌ വിതുമ്പലടക്കാന്‍ പറ്റുന്നില്ല..
രോഗം തുടങ്ങിയതു മുതല്‍ തന്‍റെ കൈവലയത്തിലായിരുന്നു പുണ്യ റസൂല്‍ ﷺ തങ്ങള്‍.
ഇപ്പോഴിതാ കൈവിട്ടു പോയിരിക്കുന്നു...
മദീനാ പട്ടണം ഒന്നാകെ ഇളകിവരും...
അറേബ്യ ഒന്നാകെ ഉണരും...
ഇവിടെ ജനസമുദ്രമായി മാറും...
ഓര്‍ക്കാന്‍ കഴിയുന്നില്ല, ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം..
ക്രിസ്തുവര്‍ഷം 632, ജൂണ്‍ 8, ഹിജ്‌റ 11,തിങ്കളാഴ്ച
കാലം മറക്കാത്ത മുഹൂര്‍ത്തം....

മദീനാ പട്ടണം മരവിച്ചു നില്‍കുന്നു...
എന്താണ് തങ്ങള്‍ കേട്ടത്..??
മുത്തായ ഹബീബ്‌ ﷺ തങ്ങള്‍ വഫാത്തായെന്നോ..????
തങ്ങളുടെ മുത്ത് നബി ﷺ തങ്ങള്‍ മരണപ്പെടുകയോ..???
അത് സംഭവിച്ചിട്ടുണ്ടോ..??
അതോ.. വെറും തോന്നലായിരിക്കുമോ..??
ഇന്ന്‍ രാവിലെയും മുത്തായ ഹബീബ്‌ ﷺ തങ്ങളുടെ പ്രസന്നമായ സുന്ദര വദനം കണ്ടതാണല്ലോ...???
പള്ളിയില്‍ ആളുകള്‍ കണക്കില്ലാതെ തടിച്ചുകൂടി.
എന്താണ് ചെയ്യേണ്ടത്‌ അവര്‍ക്കറിയില്ല...
ഇരുട്ടില്‍ തപ്പുന്ന അവസ്ഥ...
വഴി കാണുന്നില്ല...
വിളക്കണഞ്ഞു പോയിരിക്കുന്നു...
ചിലര്‍ വാവിട്ടു കരയുന്നു.
ഇനി ആരാണ് തങ്ങള്‍ക്ക് നേതൃത്വം നല്‍കുക...
ആര് വഴികാണിക്കും...
ആരുടെ സവിധത്തിലേക്ക് ഓടിചെല്ലും...
മുത്ത് നബി ﷺ തങ്ങളെ കാണാതെ എങ്ങനെ ജീവിക്കും..
അപ്പോഴതാ.. കൊടുങ്കാറ്റുപോലെ ഒരാള്‍ കുതിച്ചുവരുന്നു.
ധീരനായ ഉമറുബ്നു ഖത്താബ് (റ)...
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.
കട്ടിലില്‍ മുത്ത് നബി ﷺ തങ്ങളുടെ ജനാസ...!!!!
ഒരു തുണികൊണ്ട് മൂടപ്പെട്ടിരിക്കുന്നു....
സുബ്ഹാനല്ലാഹ്...
പുണ്യ വദനത്തില്‍ നിന്നും തുണിമാറ്റി,
ശാന്തമായ പ്രസന്നവദനം..
പെട്ടന്നതാ..
ഉമറുബ്നു ഖത്താബ് (റ)യുടെ മുഴങ്ങുന്ന ശബ്ദം...
"ഇല്ലാ... പ്രവാചകര്‍ വഫാത്തായിട്ടില്ലാ..!!!!"
പള്ളിയിലുള്ളവര്‍ ഞെട്ടി..!!!
മുത്തായ നബി ﷺ തങ്ങള്‍ വഫാത്തായിട്ടില്ലേ..???
ചിലര്‍ക്ക് ആശ്വാസം, പ്രതീക്ഷ...
"റസൂലുല്ലാഹി ﷺ തങ്ങള്‍ വഫാത്തയെന്നു പറയുന്നവര്‍ കപടന്മാരാണ്.
അവരെ ഞാന്‍ വെറുതെ വിടില്ല....
മുത്തായ നബി ﷺ തങ്ങള്‍ ഉണരും, എഴുന്നേല്‍ക്കും..!!! "
ഉമറുബ്നു ഖത്താബ് (റ) അവിടമാകെ പറഞ്ഞു നടന്നു.
അതുകണ്ട് പലരും ആവേശംകൊണ്ടു..
ജനങ്ങള്‍ ആകപ്പാടെ അങ്കലാപ്പായി..
ഞങ്ങളുടെ മുത്തായ നബി ﷺ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഫാത്തായിട്ടുണ്ടോ...???
അതോ ഭോതമറ്റ് കിടക്കുകയാണോ...??
ആശങ്കാകുലമായ നിമിഷങ്ങള്‍...!!!
അപ്പോഴതാ...
ദുഖാകുലനായി ഓടിക്കിതച്ചു വരുന്നു അബൂബക്കര്‍ സിദ്ധീഖ് (റ).
പള്ളിയിലെ രംഗം കണ്ട് അദ്ധേഹം പകച്ചുനിന്നുപോയി...
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.
ജനങ്ങള്‍ നോക്കിനില്‍ക്കെമുഖത്തുനിന്നും തുണി നീക്കി.
പുണ്യ വദനത്തിലേക്ക്‌ ഉറ്റുനോക്കി...
ചുണ്ടുകള്‍ വിതുമ്പി...
കണ്ണുകള്‍ നിറഞ്ഞൊഴുകി....
ദുഃഖ പരവശ്യത്തോടെ ആ കവിളില്‍ ചുംബിച്ചു.
"അങ്ങെത്ര പരിശുദ്ധര്‍, ജീവിതത്തിലും മരണത്തിലും.."
മുത്ത്‌ നബി ﷺ തങ്ങളുടെ ശിരസ്സ് കയ്യില്‍ താങ്ങി, കണ്ടിട്ട് മതിവരുന്നില്ല...
എന്നിട്ട് പറഞ്ഞു:
"അല്ലാഹു വിധിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു, ഇനിയൊരു മരണമില്ല."
ശിരസ്സില്‍നിന്നും കൈ മാറ്റി മുഖത്ത് തുണിയിട്ടു.
പള്ളിയില്‍ നിന്നും ശബ്ദം മുഴങ്ങുന്നു.
അബൂബക്കര്‍ സിദ്ധീഖ് (റ) ചെന്നു ഉച്ചത്തില്‍ പറഞ്ഞു:
"ഉമര്‍.. ശന്തനാകൂ... ശന്തനായിരിക്കൂ ഉമര്‍..."
എല്ലാവരും ശാന്തരായി അദ്ധേഹത്തിന്‍റെമുഖത്തേക്ക് നോക്കി നിന്നു...
"ജനങ്ങളെ.... ആരെങ്കിലും മുത്ത് നബി ﷺ തങ്ങളെ ആരാധിച്ചിരുന്നുവോ..
എങ്കില്‍ അറിയുക...!!!
മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു..
ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍,
അറിയുക..!!!
അല്ലാഹു മരണമില്ലാത്തവനും എന്നും ജീവിചിരിക്കുന്നവനും ആകുന്നു."
ഇത്രയും പറഞ്ഞ ശേഷം ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു.
"മുത്ത് നബി ﷺ തങ്ങള്‍ ഒരു പ്രവാചകന്‍ മാത്രം. മുമ്പും ഇതുപോലെ പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. പ്രവാചകര്‍ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിങ്ങോടുകയോ..???
പിന്തിരിഞ്ഞാല്‍ അവന്‍ അല്ലാഹുവിന് ഒരു നഷ്ടവും വരുത്തുന്നില്ല, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും.."
ഈ ആശയം വരുന്ന വിശുദ്ധ ഖുര്‍ആന്‍റെ വചനം കേട്ടതോടെ എല്ലാവരും സ്തംഭിച്ചു നിന്നുപോയി..
പഠിച്ചു വെച്ചതാണ് എല്ലാവരും, തക്ക സമയത്ത് ഓര്‍മ വന്നില്ല...
കേട്ടപ്പോള്‍ ആദ്യമായി കേട്ടപോലെ തോന്നി.
ഉമര്‍ (റ) വിതുമ്പി കരയുന്നു.
പുണ്യ തിരുമേനി മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു...
ആ സത്യം ഉമര്‍ (റ) മെല്ലെ ഉള്‍കൊള്ളാന്‍ ശ്രമിച്ചു.
അതോടെ ശക്തി ചോര്‍ന്നുപോയി...
തളര്‍ന്നു പോയി...
മദീനാ പട്ടണം ദുഖസാഗരമായി മാറി...

മുത്ത് നബി മുസ്‌തഫാ ﷺ തങ്ങളുടെ അടുത്ത ബന്ധുക്കൾ ജനാസ കുളിപ്പിച്ചു.
അലിയ്യുബിനു അബീത്വാലിബ് (റ), അബ്ബാസുബ്നു അബ്ദിൽ മുത്ത്വലിബ് (റ), അബ്ബാസ്‌ (റ) വിന്‍റെ പുത്രൻ ഫലൽ (റ), മറ്റൊരു പുത്രനായ ഖുസാം (റ), ഉസാമത്ത്ബ്നു സൈദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണ്‌ കുളിപ്പിച്ചത്.
അലി (റ) പുണ്യപൂമേനി കഴുകി,
മേനിയിൽ നിന്നും സുഗന്ധം പരക്കുന്നു.
അതാസ്വതിച്ചു കൊണ്ട് അലി (റ) പറഞ്ഞു,
"ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങ് സുഗന്ധം പരത്തുന്നു",
കുളിപ്പിച്ച് തീർന്നു,
പുണ്യമേനിയിലേ വെള്ളം തുടച്ചു,
മൂന്ന് തുണികൾ പൊതിഞ്ഞു,
വംബിച്ച ജനവാലി എത്തിയിട്ടുണ്ട്,
അവർക്ക് നിസ്കരിക്കണം,
പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു.
ആളുകൾ മുറിയിലേക്ക്‌ ഒഴുകി,
അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം ഒഴുകിവരികയാണ്‌,
കണ്ണീരും തേങ്ങലും നെടുവീർപിടലും........
കാഫിലക്കൂട്ടങ്ങളും കാരക്കാത്തോട്ടങ്ങളും തങ്ങളുടെ രക്ഷകന്‍റെ വേർപാടോര്‍ത്ത്‌ മനംപൊട്ടി വിങ്ങികരഞ്ഞു.
പകലും രാവും കടന്നുപോയി ബുധനാഴ്ച്ച സന്ധ്യയായി,
അവസാന കർമങ്ങൾ ആരംഭിച്ചു,
മുത്ത് നബി തങ്ങൾ അതേ മുറിയിൽതന്നെ ഖബർ തയ്യാറാക്കി.
കുളിപ്പിക്കുന്നതിനു നേതൃത്വം നൽകിയവർതന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു.
പള്ളിയും പരിസരവും ജനനിബിധമാണ്,
അവർ തങ്ങളുടെ നേതാവിന് വേണ്ടി പ്രാർത്തിക്കുന്നു.
ദിക്റുകളും ദുആകളും വിശുദ്ധ ഖുർആൻ പാരായണവും,
ഭക്തിനിർഭരമായ അന്തരീക്ഷം,
നിർത്താതെയുള്ള സ്വലാത്ത് എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു ചുണ്ടുകളുടെ മന്ത്രം.
ലോകാനുഗ്രഹിയായ മുത്ത് നബി തങ്ങളുടെ ഭൗതിക ശരീരം അപ്രത്യക്ഷമാവാൻ പോകുന്നു.
മരുഭൂമിയിൽ ഇരുട്ടിനു കനം രാത്രി വളരുകയാണ് നനയാത്ത കണ്ണുകളില്ല,
നീറി പുകയാത്ത ഖൽബുകളില്ല.
ലോകചരിത്രത്തിൽ ഇത്രയും ദുഖകുളമായ ഒരുദിവസവും ഇല്ല .
ലോകാവസാനം വരേ ഇതുപോലോരുനാൾ വരാനില്ല.
ലോകാനുഗ്രഹി ആണ് അല്ലാഹു വിശേഷിപ്പിച്ച വ്യക്തി,
മനുഷ്യ വർഗത്തിലെ ഏറ്റവും ഉന്നതരായ ആൾ ഇതാ പോവുകയായി ജനലക്ഷങ്ങൾ നിശബ്ദരായി നിൽക്കുകയാണ്.
മിസ്കിന്‍റെ സുഗന്ധമുള്ള മൃദുലമേനി മണ്ണിലേക്ക് ഇറക്കിവെച്ചു.
മണ്ണും വിണ്ണും മലരും മനുഷ്യരും എല്ലാം ഒരുപോലെ കരഞ്ഞുപോയി.
മനസും ശരീരവും അനുവധിക്കാത്ത ഒരിക്കലുമാഗ്രഹിക്കാത്ത ആരംഭപ്പൂവിതൾ മേനിയിലേക്ക് നാഥന്‍റെ നിയമങ്ങൾക്കടിമപ്പെട്ട് കരൾ നീറി നനഞ്ഞ മൂന്നുപിടി മണ്ണ്.
"മിൻഹാ..... താറത്തൻ ഉഹ്‌റാ....."
ഖബർ മണ്ണുകൊണ്ട് മൂടി....

തിരു നബി ﷺ തങ്ങളുടെ ജനാസ കുളിപ്പിക്കുമ്പോൾ അതിനു നേതൃത്വം കൊടുത്ത അലി (റ) വിനും അബ്ബാസ് (റ) വിനും ഒരു സംശയം ഉടലെടുത്തു.....
ഹബീബിന്‍റെ തിരു ﷺ തങ്ങളുടെ ശരീരത്തിലുള്ള വസ്ത്രം കുളിപ്പിക്കുന്നസമയത്ത് ശരീരത്തിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ടോ...???
ഈ സംശയത്തിനു കാരണവുമുണ്ട്........
പിറന്നു വീണ സമയം മുതൽ വഫാത്ത് വരെ ഉമ്മയായ ആമിന ബീവി(റ)യോ കല്യാണം കഴിഞ്ഞതിനു ശേഷം ഭാര്യമാരോ ഹബീബിന്‍റെ ഔറത്ത് കണ്ടിട്ടില്ല...
മാതാവിനും ഭാര്യമാര്‍ക്കും ഔറത്തു കാണൽ തെറ്റില്ല എന്നിരിക്കെ എങ്ങനെ നമ്മൾ കാണും എന്ന ചിന്ത അവരുടെ മനസ്സില്‍ ഓടി എത്തി,
ഇനി എന്ത് ചെയ്യും ........??
സംശയം ചോതിച്ചു തീര്‍ക്കാനുള്ള ഏക ആശ്രയം ഇതാ നമ്മുടെ മുന്നിൽ ആത്മാവില്ലാത്ത ശരീരം ആയി കിടക്കുന്നു......
ഞങ്ങൾക്ക് ആണെങ്കിൽ ഇതിനു മുൻപ് ഒരു പ്രവാചകന്‍റെ ജനാസ സംസകരിച്ച അറിവും ഇല്ല...
എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴേക്കും അവരെ ഉറക്കം കീഴ്പ്പെടുതുകയാണ്,
ആ ഉറക്കത്തിൽ അള്ളാഹു അവര്‍ക്ക് സ്വപ്ന രൂപത്തിൽ മുത്ത് നബി ﷺ തങ്ങളുടെ ജനാസ തുണി നീക്കം ചെയ്യാതെ വെള്ളം ഒഴിച്ച് കുളിപ്പിക്കുവാനും, അലി (റ) ഒഴികെ ബാക്കി എല്ലാവരും കണ്ണ് കെട്ടി അതിൽ പങ്കെടുക്കുവാനും നിര്‍ദേശിച്ചു ...........
ഇത് പോലെ തന്നെ ജനാസ നമസ്കാരത്തിലും പ്രത്യേകതകൾ നിറഞ്ഞു നിന്നു...
കൂട്ടം കൂട്ടമായി ആളുകൾ മദീനയിലേക് ഒഴുകി കൊണ്ടിരിക്കുകയാണ്...
അറിഞ്ഞവരിൽ നിന്നും അറിയാത്തവരിലേക് വാർത്ത പരക്കുകയാണ്...
പള്ളിയും പരിസരവും ജനനിബിടമായി ......
ആളുകൾ കൂട്ടം കൂട്ടമായി ജനാസ നമസ്കരിക്കുകയാണ്...
എന്നാൽ അത് ജമാഅത് അല്ലാതെ ഉള്ള നമസ്കാരം ആയിരുന്നു...
ലോക നായകന്‍റെ മുന്നിൽ നിന്നു കൊണ്ട് മറ്റുള്ളവര്‍ക്ക് നേത്രത്വം നല്കാനുള്ള ചങ്കുറപ്പ് ഉള്ളവരയിരുന്നില്ല സ്വഹാബാക്കൾക്ക്..
നമസ്കാരത്തിൽ ദുആ - യുടെ സ്ഥാനത്ത് ഖുർആൻ ആയത്തായ
" ﺍﺇﻥ ﺍﻟﻠﻪ ﻭﻣﻼﺋﻜﺘﻪ ﻳﻮﺻﻠﻮﻥ
എന്ന് തുടങ്ങുന്ന ആയത്ത് പാരായണം ചെയ്യുക്കയാണ് ചെയ്തത്.
അല്ലാതെ നേതാവിന് വേണ്ടി ഉമ്മത് ദുആ ചെയ്യുകയോ....??
അതിനു മാത്രം പരിപൂർണമായവർ അന്നോ അതിനു മുന്പോ.. ശേഷമോ.. ഉണ്ടായിട്ടില്ല...
എന്ന് മാത്രമല്ല ഇനി ഉണ്ടാവാൻ പോകുന്നുമില്ല,
ജനാസ ഖബറിൽ ഇറക്കുമ്പോഴും സ്വപ്ന രൂപേണ ഉള്ള നിര്‍ദേശം വരികയുണ്ടായി........
അഹല് ബൈത്ത് ഒന്ന് തൊട്ടു കൊടുക്കുക മാത്രം ചെയ്താൽ മതി...
ആ പൂമേനി മലാഇകത്ത് ഖബറിലേക് ഇറക്കി വെച്ച് കൊള്ളും എന്ന നിര്‍ദേശം ആണ് ഉണ്ടായിരുന്നത്......
മദീന ഇപ്പോഴും കരയുകയാണ് നബി ﷺ തങ്ങള്‍ ഇല്ലാത്ത മദീന വിട്ടു പലരും പല പ്രദേശങ്ങളിലേക്കും യാത്ര തിരിച്ചു.
ഇനി ബിലാൽ (റ)ന്‍റെ ബാങ്കൊലി മദീനയിൽ കേൾക്കില്ല.....
ആ ശബ്ദധാരയും ചുമന്ന് ഇളം കാറ്റുകള്‍ക്ക് സഞ്ചരിക്കാനാവില്ല..
മുത്ത് നബി തങ്ങൾ ഈ ലോകത്തോട് വിടപറയുന്ന സമയത്ത് അറേബ്യ മുഴുവനും അവിടുത്തെ കാൽകീഴിലായിരുന്നു ..
ലോകരാജാക്കന്മാർ തിരുദൂതരേ ഭയന്നിരുന്നു.
സമ്പത്ത് മുഴുവനും സമർപ്പിക്കാനുള്ള അനുചരന്മാർ ഉണ്ടായിരുന്നു പക്ഷേ ഒരു ദിനാറോ അടിമയോ റസൂലുല്ലാഹി തങ്ങളുടെ അടുക്കലില്ലായിരുന്നു..
ഒരു വെളുത്ത കോവർകഴുത ചില ആയുദങ്ങൾ അൽപം ഭൂമിയും മാത്രം അതെല്ലാം ദാനം നൽകുകയും ചെയ്തു.
14 നൂറ്റാണ്ടുകൾക്ക്‌ മുമ്പ് തുടങ്ങിയ റൗളാ ശരീഫിലേക്കുള്ള സന്ദർശനം ഇന്നും തുടരുകയാണ്,
മദീന മുനവ്വറയിലേക്ക്..............
അല്ലാഹുവേ പാപികളായ ഞങ്ങള്‍ക്കും മുത്തായ ഹബീബുല്ലാഹി ﷺ തങ്ങളുടെ ചാരത്ത് എത്താനും,
അവിടത്തോടുള്ള മുഹബ്ബത്ത് കൊണ്ട് രക്ഷപ്പെടാനുമുള്ള തൗഫീഖ്‌ നല്‍കണേ റഹ്മാനേ....
ആമീന്‍ യാ റബ്ബല്‍ ആലമീന്‍
ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ
تقبل الله منا صلاتنا وسلامنا وسائر أعمالنا