സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 13 December 2014

തിരുസമക്ഷത്തിങ്കലേക്ക്



മദീനയിലെത്തിയാല്‍ ഏറെ താമസിയാതെ മസ്ജിദുന്നബവിയിലേക്ക് വരാം. വളരെ ഉല്‍കൃഷ്ടമായ ആഗ്രഹവും അഭിലാഷവും വെച്ച് പതിറ്റാണ്ടുകളായി താലോലിച്ച സ്വപ്നം ഇതാ പൂവണിയുകയാണ്. ഹബീബായ റസൂലുല്ലാഹി(സ്വ)യുടെ ആദരണീയ സമക്ഷത്തിങ്കല്‍ ചെന്ന് നേരിട്ടൊരു സലാം പറയാനുള്ള മുഹൂര്‍ത്തം സഫലമാവുകയാണ്.
വലതുകാല്‍മുന്തിച്ച് സാധാരണ പള്ളികളില്‍ പ്രവേശിക്കും പ്രകാരം മസ്ജിദുന്നബവിയില്‍ കടന്നുചെല്ലുമ്പോള്‍ അഊദുബില്ലാഹില്‍ അദീം. വബിവജ്ഹിഹില്‍ കരീം…..എന്ന ദുആ (“ദിക്റു ദുആകള്‍”) ഉരുവിടുക..
ബാബു ജിബ്രീലിലൂടെ കടക്കുന്നത് സുന്നത്താണ്. പള്ളിയിലേക്ക് കയറിയ ഉടനെ വിശുദ്ധ റൌളയിലേക്ക് പോയി മിമ്പറിനരികില്‍ വെച്ച് രണ്ട് റക്അത് തഹിയ്യത്ത് നിസ്കരിക്കുക. പള്ളിയില്‍ കയറുമ്പോള്‍ റൌള പെട്ടെന്ന് കണ്ടെത്താനും അവിടെ നിസ്കാരസ്ഥാനം ലഭിക്കാനും പ്രയാസമായാല്‍ പള്ളിയുടെ ഏതെങ്കിലും സ്ഥലത്തുനിന്ന് തഹിയ്യത്ത് നിസ്കരിക്കുക. പരമാവധി പള്ളിയുടെ പഴയഭാഗങ്ങളില്‍ നിന്നാകാന്‍ ശ്രമിക്കണം.
റൌളയില്‍വെച്ച് തഹിയ്യത്ത് നിസ്കരിച്ചശേഷം അല്ലാഹുമ്മ ഇന്ന ഹാദിഹീ റൌദതുന്‍… (“ദിക്റു ദുആകള്‍”). എന്ന് പ്രാര്‍ഥിക്കുക.
നിസ്കാരശേഷം അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും ഈ അനുഗ്രഹത്തിന് നന്ദി പറഞ്ഞുകൊണ്ടും അവനെ പുകഴ്ത്തുക. സിയാറത്ത് സ്വീകാര്യമായിത്തീരാന്‍ വേണ്ടി പ്രാര്‍ഥിക്കുക. തുടര്‍ന്ന് ഖബറുശ്ശരീഫ് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് സിയാറത്തിനായി മര്യാദപൂര്‍വ്വം നീങ്ങുക. ആരുടെ സമക്ഷത്തിങ്കലേക്കാണ് നീങ്ങുന്നത് എന്ന് മനസ്സില്‍ ഒന്നുകൂടി കാണുക. നബി(സ്വ)യുടെ വ്യക്തിത്വപ്രഭാവങ്ങളും മഹോന്നത സ്ഥാനങ്ങളും ഓര്‍ത്തുകൊണ്ട് വിനയാന്വിതനായി ഖബറുശ്ശരീഫിനെ സമീപിക്കുക.
റൌള്വാശരീഫ്
അശ്റഫുല്‍ ഖല്‍ഖ് റസൂല്‍(സ്വ)യുടെ ഖബറുശ്ശരീഫ് അവിടുന്ന് താമസിച്ചിരുന്ന ഹുജ്റയിലാണ് സ്ഥിതിചെയ്യുന്നത്. ചുറ്റുഭാഗങ്ങളും പിത്തളകൊണ്ടുള്ള ചുവര്‍ കൊണ്ട് മറക്കപ്പെട്ടിരിക്കുന്നു. ഹുജ്റ ശരീഫില്‍ മൂന്ന് ഖബറുകളുണ്ട്. മദീനയില്‍ നിന്ന് തെക്കുഭാഗമാണ് ഖിബ്ല. മുഖം ഖിബ്ലയിലേക്ക് തിരിഞ്ഞ് വലതുവശം ചെരിഞ്ഞുകിടക്കുമ്പോള്‍ തലഭാഗം പടിഞ്ഞാറും കാല് കിഴക്കുമായാണ് വരിക.
ഖിബ്ലയുടെ ഭാഗത്ത് കൂടി ചെല്ലുമ്പോള്‍ ആദ്യം നബി(സ്വ)യുടെ ഖബറും അല്‍പ്പം പിറകില്‍ നബി(സ്വ)യുടെ ചുമലിനുനേരെ തലയാകും വിധം അബൂബക്ര്‍സ്വിദ്ദീഖി(റ)ന്റെ ഖബറും അവരുടെ പിറകിലായി നബി(സ്വ)യുടെ കാലിനു നേരെ വരും വിധം ഉമറുല്‍ഫാറൂഖി(റ)ന്റെ ഖബറും സ്ഥിതിചെയ്യുന്നു. പുറത്തുനിന്ന് സിയാറത്ത് ചെയ്യുന്ന ആള്‍ക്ക് ഇപ്രകാരം സങ്കല്‍പ്പിക്കാനേ കഴിയുകയുള്ളൂ. ചുറ്റും കെട്ടിയിട്ടുള്ള ദ്വാരങ്ങള്‍ നിറഞ്ഞ പിത്തളച്ചുവരില്‍ ആദ്യം കാണുന്ന വലിയദ്വാരം നബി(സ്വ)യുടെ മുഖത്തിനുനേരെയാണ്. അടുത്തത് അബൂബക്ര്‍(റ)ന്റെയും മൂന്നാമത്തേത് ഉമര്‍(റ)ന്റെയും മുഖത്തിനു നേരെയാണ് സ്ഥിതി ചെയ്യുന്നത്.
വലിയ ദ്വാരത്തിന്റെ നേരെയെത്തിയാല്‍ ഖിബ്ലക്ക് പിന്നിട്ട് ഖബറുശ്ശരീഫിലേക്ക് മുഖംതിരിച്ച് വിനയത്തോടെ നിന്ന് നബി(സ്വ) തങ്ങള്‍ക്ക് സലാം പറയണം. ഇഹലോക വിചാരങ്ങളെല്ലാം ഉപേക്ഷിച്ച് താന്‍ ആഗതനായി നില്‍ക്കുന്ന മഹാനേതാവിന്റെ ഔന്നിത്യഭാവങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ട് ബഹുമാനാദരങ്ങളോടെയായിരിക്കണം നബി(സ്വ)യെ സമീപിക്കുന്നത്.
ജീവിച്ചിരിക്കുന്ന പ്രവാചകരെ(സ്വ) കാണ്‍മാന്‍ വരുന്ന സര്‍വ്വ മര്യാദകളും മനസ്സില്‍ വേ ണം. കൂടുതല്‍ ശബ്ദം ഉയര്‍ത്തരുത്. റസൂല്‍(സ്വ)യുടെ സവിധത്തില്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്ന് പരിശുദ്ധ ഖുര്‍ആനിന്റെ ശക്തമായ വിലക്കുള്ളതാണ്. അപ്രകാരം സംസാരിക്കുന്നവരുടെ സര്‍വ്വ നന്മകളും നഷ്ടമായിപ്പോകുമെന്ന് അല്ലാഹു പഠിപ്പിച്ചിരിക്കുന്നു. ഭക്തിയാദരവോടെ പതുങ്ങിയ സ്വരത്തില്‍ തന്റെ ശരീരവും വളരെ അടുത്തുള്ളവനും മാത്രം കേള്‍ക്കുന്ന രൂപത്തില്‍ സലാം പറയേണ്ടതാണ്. നബി(സ്വ)ക്ക് സലാം പറയേണ്ട ഉത്തമമായ രൂപം (“ദിക്റു ദുആകള്‍”) എന്ന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. ഇത്രയും ചൊല്ലാന്‍ തിര ക്ക് മൂലം പ്രയാസമാവുകയോ സമയം ഇടുങ്ങുകയോ ചെയ്താല്‍ ചുരുങ്ങിയ രീതിയില്‍ “അസ്സലാമു അലൈക യാ റസൂലല്ലാഹ്” എന്ന് ചൊല്ലി ചുരുക്കാം. ഇപ്രകാരം ഖലീഫമാര്‍ കും മറ്റുമുള്ള സലാമും ചുരുങ്ങിയ രീതിയില്‍ നിര്‍വഹിക്കുക.
സിയാറത്തിന് പുറപ്പെടുമ്പോള്‍ സലാം രൂപം വിവരിച്ച ഒരു ഗ്രന്ഥം കൈവശമുണ്ടാകുന്നത് നല്ലതാണ്. സ്വയം സലാം ചൊല്ലിയശേഷം നബി(സ്വ)ക്ക് സലാം പറയുവാന്‍ വല്ലവരും ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് പറയണം. പ്രത്യേകമായി പേരെടുത്തുപറയാന്‍ സാധിക്കാത്തപക്ഷം എന്നെ ഏല്‍പ്പിച്ചവരുടെ മുഴുവന്‍ സലാമും എന്ന് പറയാം. പ്രത്യേകമായി ഏല്‍പ്പിച്ചവരുടെ പേരുകള്‍ പറഞ്ഞ് ഇപ്രകാരം സലാം പറയണം. അസ്സലാമു അലൈക യാ റസൂലല്ലാഹ് മിന്‍……..ഇബ്നി………….(ഒഴിവിട്ട ഭാഗത്ത് ഏല്‍പ്പിച്ചയാളുടെ പേരും പിതാവിന്റെ പേ രും ചേര്‍ക്കുക).
റസൂല്‍(സ്വ)യുടെ കൂട്ടുകാരായ അബൂബക്ര്‍(റ)വും ഉമര്‍(റ)വും തൊട്ടടുത്താണ് മറയടക്കം ചെയ്യപ്പെട്ടതെന്ന് മുമ്പ് പറഞ്ഞുവല്ലോ. നബി(സ്വ)ക്ക് സലാം ചൊല്ലിയ ശേഷം അല്‍പ്പം വലത്തോട്ട് നീങ്ങി രണ്ടാം ദ്വാരത്തിന്റെ നേരെ നിന്ന് അബൂബക്ര്‍സ്വിദ്ദീഖ്(റ)വിന് സലാം പറയ ണം. ശേഷം അല്‍പ്പം കൂടി വലത്തോട്ട് നീങ്ങി മൂന്നാമത്തെ ദ്വാരത്തിന്റെ നേര്‍ക്കുനിന്ന് ഉമറുല്‍ഫാറൂഖി(റ)ന് സലാം പറയണം (“ദിക്റു ദുആകള്‍”). മൂന്നുപേര്‍ക്കും സലാം ചൊ ല്ലിക്കഴിഞ്ഞ ശേഷം ആദ്യം സലാം ചൊല്ലിയ വലിയ ദ്വാരത്തിന്റെ അടുത്തേക്ക് തന്നെ തിരി ച്ച് ചെന്ന് നബി(സ്വ)യുടെ തിരുമുഖത്തിനഭിമുഖമായി നിന്ന് തങ്ങളെ വസീലയാക്കി ദുആ ചെയ്യണം.(തിരക്ക് മൂലവും സുരക്ഷാകാരണങ്ങളാലും ഇപ്രകാരം സാധിച്ചില്ലെങ്കില്‍ ഓരോരുത്തര്‍ക്കും സലാം പറഞ്ഞ് പുറത്തിറങ്ങി തിരുമുറ്റത്ത് നിന്ന് ദുആ ചെയ്യുക). ആത്മീയവും ഭൌതികവുമായ സര്‍വ്വകാര്യങ്ങളും ചോദിക്കാം.
പ്രവാചകകാലം മുതല്‍ ഇന്നുവരെ പരകോടി സത്യവിശ്വാസികള്‍ ഇവിടം വന്ന് തങ്ങളുടെ ഏറ്റവും പ്രിയങ്കരനായ റസൂല്‍(സ്വ)യുടെ സ്ഥാനവലിപ്പം മുന്‍നിര്‍ത്തി തങ്ങളുടെ ആവശ്യങ്ങള്‍ അല്ലാഹുവോട് പറയുകയും സാധിച്ചുകിട്ടുകയും ചെയ്തിട്ടുണ്ട്. സ്വഹാബികളുടെ ജീവിതത്തില്‍നിന്നു തന്നെ നിരവധി അനുഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ദുആയില്‍ ഇപ്രകാരം ചൊല്ലുന്നത് ഉത്തമമാണ്.( ഈ ദുആ, “ദിക്റ് ദുആകള്‍’’ എന്ന ഭാഗത്ത് അറബിയില്‍ ചേര്‍ത്തിട്ടുണ്ട്).
“അല്ലാഹുവേ, നിന്റെ വചനം സത്യമാണ്. നീ പറഞ്ഞിരിക്കുന്നല്ലോ. ‘നിശ്ചയം അവര്‍ ചെയ് തുപോയ പാപങ്ങളുമായി നബിയെ സമീപിക്കുകയും അല്ലാഹുവിനോട് അവരും അവര്‍ക്കുവേണ്ടി നബിയും പാപമോചനത്തിനപേക്ഷിച്ചാല്‍ അല്ലാഹുവെ പശ്ചാതാപം സ്വീകരിക്കുന്നവനും കാരുണ്യവാനുമായി അവര്‍ എത്തിക്കും’ എന്ന്. അല്ലാഹുവേ ഇത് നിന്റെ വാക്കാണ്. നിന്റെ കല്‍പ്പനയനുസരിച്ച് നിനക്ക് കീഴ്പ്പെട്ട് നബി(സ്വ)തങ്ങളെ ശിപാര്‍ശകരാക്കി ഞങ്ങളിതാ വന്നിരിക്കുന്നു. പാപങ്ങള്‍ ഏറ്റുപറഞ്ഞു നിന്നിലേക്ക് ഞങ്ങള്‍ പശ്ചാതപിച്ച് മടങ്ങുന്നു. നീ ഞങ്ങളുടെ തൌബ സ്വീകരിക്കണമേ. ഞങ്ങളില്‍ അവിടുത്തെ ശിപാര്‍ശ നീ അംഗീകരിക്കേണമേ. നിന്റെ അടുക്കല്‍ നബിതങ്ങള്‍ക്കുള്ള മഹോന്നത പദവിയും സ്ഥാനവും കൊണ്ട് ഞങ്ങളെ നീ ഉയര്‍ത്തേണമേ. എന്റെ നേതാവായ തിരുനബിയേ, ഞാന്‍ എന്റെ പാപങ്ങളെയും പേറി അങ്ങയുടെ സന്നിധിയിലേക്ക് ഭയന്നോടി വന്നിരിക്കുന്നിതാ, അന്ധകാരത്തിലെ പ്രദീപവും ദുഃഖിതരുടെ ദുഃഖം തീര്‍ക്കുന്നവരും സമുദായത്തിന്റെ ശിപാര്‍ശകരുമായ നബിയേ, അങ്ങ് എനിക്കുവേണ്ടി രക്ഷിതാവിനോട് ശിപാര്‍ശ ചെയ്താലും. അല്ലാഹുവേ, ഈ പ്രവാചകരുടെ ഹഖ് കൊണ്ട് നരകത്തെ തൊട്ട് രക്ഷിക്കണേ. കാരുണ്യത്തിന്റെ പ്രവാചകരായിട്ടുള്ളവരേ, അങ്ങയോടുള്ള കടപ്പാടുകള്‍ മനസ്സിലാക്കിക്കൊണ്ടും അങ്ങയിലേക്ക് ആശവെച്ചുകൊണ്ടും അങ്ങയുടെ സന്ദര്‍ശകരായി ഞങ്ങള്‍ വരികയും അങ്ങയുടെ ഈ മഹത്തായ പടിവാതില്‍ക്കല്‍ ഞങ്ങള്‍ വന്നുനില്‍ക്കുകയും ചെയ്യുന്നു. ഞങ്ങളെ നിരാശരാക്കി മടക്കി അയക്കരുതേ. അങ്ങയുടെ ശിപാര്‍ശയെ ഞങ്ങള്‍ക്ക് തടയരുതേ. ഞങ്ങളുടെ യജമാനരായിട്ടുള്ള അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയോട് ഞാന്‍ ശിപാര്‍ശ തേടുന്നു. അങ്ങ് അല്ലാഹുവിന്റെ ശിപാര്‍ശകരാണ്. സ്വിറാത്വില്‍ പാദമിടറുമ്പോള്‍ അങ്ങയുടെ ശിപാര്‍ശ സ്വീകരിക്കപ്പെടുന്നതാണ്. അല്ലാഹുവേ, മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബിമാര്‍ക്കും കഴിഞ്ഞുപോയ മുഅ്മിന്‍ സഹോദരന്മാര്‍ക്കും ഞങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. കരുണാവാരിധിയേ, നിന്റെ തിരുനബിയുടെ പുണ്യഖബറും ഹറമുമായുള്ള ഞങ്ങളുടെ ബന്ധം ഇതുകൊണ്ട് അന്ത്യം കുറിക്കാതെ വീണ്ടും വന്ന് സന്ദര്‍ശിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അല്ലാഹുവേ, നിന്റെ വിധിക്കതീതമായി ഒന്നും ഭവിക്കില്ലെന്ന ദൃഢത ലഭിക്കുമാറുള്ള സത്യസന്ധമായ ഉറപ്പും പരിപൂര്‍ണ ഈമാനും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഉപകാരപ്രദമായ അറിവും ഭക്തിധന്യമായ മനസ്സും ദിക്റ് ചൊല്ലുന്ന അധരവും വിശാലമായ ഉപജീവനമാര്‍ഗവും ഹലാലായ ആഹാരവും സ്വീകാര്യമായ സദ്കര്‍മങ്ങളും നഷ്ടമില്ലാത്ത കച്ചവടവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ മനസ്സകം തുറക്കുകയും ന്യൂനതകള്‍ മറക്കുകയും പാപങ്ങള്‍ പൊറുക്കുകയും ഞങ്ങളുടെ ഭയമകറ്റുകയും സദ്വൃത്തികള്‍ കൊണ്ട് ഞങ്ങളുടെ കര്‍മ്മങ്ങള്‍ പരിസമാപിക്കയും ഞങ്ങളുടെ സിയാറത്തിനെ സ്വീകരിക്കയും വിജയശ്രീലാളിതരും സുരക്ഷിതരുമായി ഞങ്ങളെ ഭാര്യസന്താനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യേണമേ. ഭയാശങ്കകളും വ്യസനങ്ങളുമില്ലാത്ത സദ്ജനവിഭാഗത്തില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തേണമേ. നാഥാ, നീ ഞങ്ങള്‍ക്ക് നേര്‍മാര്‍ഗം നല്‍കിയ ശേഷം ഞങ്ങളുടെ ഖല്‍ബുകളെ വ്യതിചലിപ്പിക്കരുതേ. നിന്റെ ഭാഗത്തു നിന്നും കാരുണ്യം ഔദാര്യമായിത്തരേണമേ. നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും വിചാരണനാളില്‍ നീ പൊറുത്തുതരേണമേ. ‘വിശുദ്ധ ജഢം മണ്ണില്‍ അടക്കപ്പെടുകയും അതിന്റെ സൌരഭ്യത്താല്‍ കുന്നുകളും മൈതാനങ്ങളും പരിശുദ്ധമാവുകയും ചെയ്തവരില്‍ അതിശ്രേഷ്ഠരേ, അങ്ങ് വിശ്രമിക്കുന്ന ഈ ഖബറിടത്തിന് എന്റെ ശരീരം ബലിയര്‍പ്പിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. ഔദാര്യവും ധര്‍മ്മവും മര്യാദയും നിലകൊള്ളുന്നതിവിടമാണ്. സ്വിറാത്വ് പാലത്തിന്മേല്‍ പാദങ്ങള്‍ ഇടറുന്ന വേളയില്‍ രക്ഷക്കെത്തുന്ന ശിപാര്‍ശകരാണ് അങ്ങ്. അവിടുത്തെ രണ്ട് കൂട്ടുകാരെയും ഞാന്‍ വിസ്മരിക്കുന്നില്ല. പേന ചലിക്കും കാലമഖിലം നിങ്ങള്‍ക്ക് ശാന്തിയായിരിക്കട്ടെ.’ അങ്ങ് അല്ലാഹുവിന്റെ സ്നേഹനിധിയാണ്. മുതലും മക്കളുമൊന്നും ഉപകാരപ്പെടാത്ത പരിഭ്രമനാളില്‍ അല്ലാഹുവിങ്കല്‍ അങ്ങയുടെ ശിപാര്‍ശ ഞങ്ങള്‍ ചോദിക്കുന്നു. ഞങ്ങള്‍ക്കും ഞങ്ങളുടെ മാതാപിതാക്കള്‍, അയല്‍ക്കാര്‍, മശാഇഖുമാര്‍, ഗുരുഭൂദര്‍, ദുആക്ക് വസ്വിയ്യത്ത് ചെയ്തവര്‍ എന്നിവര്‍ക്കെല്ലാം അവിടുന്ന് ശഫാഅത് ചെയ്യണേ.”
റസൂല്‍(സ്വ)ക്ക് മുന്നിട്ടുകൊണ്ടുള്ള ദുആക്കുശേഷം ഖിബ്ലക്കു തിരിഞ്ഞു തനിക്കും തന്റെ മാതാപിതാക്കള്‍ കുടുംബങ്ങള്‍, ഗുരുവര്യന്മാര്‍, സഹോദരന്മാര്‍ തുടങ്ങി ബന്ധപ്പെട്ടവര്‍ക്കും പൊതുവില്‍ എല്ലാ മുസ്ലിംകള്‍ക്കും ഐഹികവും പാരത്രികവുമായ നന്മക്കുവേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കണം.
നബി(സ്വ)യുടെ പുണ്യസവിധത്തില്‍ എത്തിച്ചേരാന്‍ സൌഭാഗ്യം വന്നതില്‍ അല്ലാഹുവെ സ്തുതിച്ചുകൊണ്ടും തന്റെ ഇഹപര വിജയങ്ങള്‍ ചോദിച്ചുകൊണ്ടും വേണ്ടുവോളം അവിടെവെച്ച് പ്രാര്‍ഥിക്കുക. തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സമയം ഹുജ്റ ശരീഫയുടെ ഖിബ്ല ഭാഗത്ത് നില്‍ക്കാന്‍ സാധിക്കുകയില്ല. മറ്റ് സന്ദര്‍ശകര്‍ക്ക് സൌകര്യം ചെയ്യല്‍ അനിവാര്യവുമാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലും രാത്രി പള്ളി അടച്ച ശേഷവുമെല്ലാം റൌളയുടെ കിഴക്ക് ഭാഗത്തുള്ള വിശാലമായ മൈതാനിയില്‍ ചെന്നിരുന്ന് പ്രാര്‍ഥിക്കാം. ഹബീബായ നബി(സ്വ)യുടെ ഖബറുശ്ശരീഫിനു മുകളില്‍ സ്ഥാപിച്ച മനോഹരമായ പച്ചഖുബ്ബ കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ട് സ്വസ്ഥമായി പ്രാര്‍ഥിക്കാന്‍ ഈ സ്ഥലം വളരെ സൌകര്യമാണ്. സ്ത്രീകള്‍ക്കും മറ്റും കൂട്ടമായിരുന്ന് ദുആ ചെയ്യാന്‍ ഗവണ്‍മെന്റ് ഇവിടെ വിശാലമായ സൌകര്യം ചെയ്തിട്ടുണ്ട്.
റൌളാശരീഫിനകത്ത് നിസ്കരിക്കാനും ഖബറുശ്ശരീഫിനടുത്ത് ചെന്ന് സിയാറത്ത് നടത്താനും സ്ത്രീകള്‍ക്കു പ്രത്യേകം സൌകര്യമുണ്ട്. അതിന് ദിവസേന രാവിലെയും വൈകുന്നേരവും നിശ്ചിതസമയങ്ങളില്‍ പുരുഷന്മാരെ മുഴുവന്‍ പുറത്താക്കി സ്ത്രീകള്‍ക്ക് മാത്രം സൌകര്യം ചെയ്തു കൊടുക്കുന്നുണ്ട്. സ്ത്രീ പുരുഷന്മാര്‍ ഇടകലരാതിരിക്കാനും ഇരുവിഭാഗത്തിനും സംതൃപ്തമായി ദുആ ചെയ്യാനും ഉപയുക്തമായ സംവിധാനമാണ് മദീനാമുനവ്വറയില്‍ ഭരണാധികാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കുള്ള പ്രത്യേക സമയത്ത് സഹോദരിമാര്‍ വളരെ മര്യാദയോടും അച്ചടക്കത്തോടും ബഹുമാനാദരവുകളോടും കൂടി നിശ്ചിത സ്ഥലത്തുചെന്ന് നിസ്കരിക്കുകയും സിയാറത്ത് നടത്തുകയും വേണം.
ഖബറുശരീഫിനടുത്തും റൌള്വാശരീഫിലും വെച്ച് വളരെ വിനയപുരസ്സരം അച്ചടക്കവും മൌനവും പാലിക്കണം. സ്വലാത്ത്, ദിക്റ്, ഖുര്‍ആന്‍ പാരായണം എന്നിവ പോലും അത്യുച്ചത്തിലാകരുത്. നബി(സ്വ)യുടെ തിരുഹള്വ്റത്തില്‍ വെച്ച് ശബ്ദം ഉയര്‍ത്തുന്നവരുടെ അമലുകള്‍ നിഷ്ഫലമായി പോകുമെന്ന് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ താക്കീതു ചെയ്തത് എപ്പോഴും അനുസ്മരിക്കണം.
റസൂല്‍(സ്വ)യുടെ വിയോഗശേഷം അവിടുത്തെ പള്ളിയില്‍വെച്ച് രണ്ട് വ്യക്തികള്‍ കുറച്ച് ഉച്ചത്തില്‍ എന്തോ വര്‍ത്തമാനം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട ഖലീഫാ ഉമര്‍(റ) അവരോട് ദേഷ്യപ്പെടുകയും ‘നബിയുടെ സന്നിധിയില്‍ വെച്ച് ശബ്ദമുയര്‍ത്തിയ നിങ്ങള്‍ വിദേശികളായിപ്പോയി. അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കുമായിരുന്നു’ എന്ന് താക്കീതു ചെയ്യുകയും ചെയ്ത സ്ഭവം സ്വഹീഹായ ഹദീസിലുണ്ട്.
പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കയ്യിലുള്ള ചെരിപ്പുകള്‍ ശബ്ദമില്ലാതെ പതുക്കെ വെക്കണം. ബീവി ആഇശ(റ) ഒരിക്കല്‍ പ്രവാചക പത്നിമാരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് ചുവരില്‍ ആണിയടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ വളരെ ശക്തിയായി വെറുപ്പ് പ്രകടിപ്പിക്കുകയും അത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും റസൂല്‍(സ്വ)യുടെ സന്നിധിയില്‍ ശബ്ദമുണ്ടാക്കുന്നത് ആരാണെന്ന് അന്വേഷിക്കാന്‍ ആളെ വിടുകയും ചെയ്ത സംഭവം ചരിത്രത്തിലുണ്ട്. ആരുടെ ഹള്വ്റത്തിലാണ് നിലകൊള്ളുന്നത് എന്നബോധം ശക്തിയായി സദാ പിന്തുടരണം.
അവിടുത്തെ ജീവിതകാലത്തിലെന്ന പോലെ വളരെ ഭക്തിയാദരവോടെ മാത്രം പെരുമാറണം. ഖബറ് തൊടലും ചുംബിക്കലും അദബുകേടാണ്. അത് ചെയ്യരുത്. വിവരമില്ലാത്ത ചിലര്‍ കാട്ടിക്കൂട്ടുന്ന അനാവശ്യമായ വിക്രിയകള്‍ ഉപേക്ഷിക്കണം. ഖബറുശ്ശരീഫിനു സമീപമുള്ള ചുവരുകളും മറ്റും തൊട്ട് ചുംബിക്കുക, നെറ്റി അമര്‍ത്തിവെച്ചു ഉച്ചത്തില്‍ നിലവിളിക്കുക, മദീനയിലെ മഖ്ബറകളില്‍ നിന്നും മണ്ണ് വാരിക്കൊണ്ട് പോവുക. ‘ബഖീഇ’ന്റെ ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് ആര്‍ത്തട്ടഹസിക്കുക, ഇവയെല്ലാം അനാചാരങ്ങളും വര്‍ജിക്കേണ്ടവയുമാണ്. മദീനയിലെ താമസകാലം മുഴുവന്‍ എല്ലാ നേരങ്ങളിലും നിസ്കാര ശേഷം നബി(സ്വ)ക്ക് സലാം പറയല്‍ പതിവാക്കണം. നിസ്കാരാനന്തരം അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെടാറുണ്ട്. തിരുമുമ്പില്‍ വെച്ച് ദുആ ചെയ്യാന്‍ സൌകര്യം ലഭിച്ചില്ലെങ്കില്‍ ഖബറുശ്ശരീഫിന്റെ നേരെയുള്ള ജനലിന്റെ താഴെനിന്നോമറ്റോ പ്രാര്‍ഥിക്കാം.
സിയാറത്ത് കഴിഞ്ഞ ശേഷം റൌള്വയില്‍ പ്രവേശിച്ച് ഖിബ്ലയിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്യുകയും ഖുര്‍ആന്‍ പാരായണം, സ്വലാത്ത് എന്നിവ വര്‍ധിപ്പിക്കുകയും വേണം. മദീനയില്‍ വെച്ച് വിവിധസ്വലാത്തുകള്‍ പലതവണചൊല്ലി പുണ്യം സമ്പാദിക്കണം.