സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 12 December 2014

ഇമാം അശ്.അരി(റ)യും ഇബ്നു ഖുദാമ(റ)യും ... (Yoosuf Habeeb)

സയ്യിദ് മുഹമ്മദ്‌ അലവി മാലികി(റ) തന്റെ 'മഫാഹീമി'ൽ 'മരിക്കുന്ന സത്യങ്ങൾ' എന്ന അധ്യായത്തിൽ എഴുതുന്നു:
"അല്ലാഹുവിന്റെ കലാമിനെ കുറിച്ചുള്ള ചര്ച്ച മറ്റൊരുദാഹരണമാണ്. അല്ലാഹുവിന്റെ കലാം നഫ്സിയാണെന്ന് (അക്ഷരവും ശബ്ദവുമില്ലാത്തത്) ഒരു വിഭാഗവും അക്ഷരവും ശബ്ദവുമുള്ളതാണെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ഈ രണ്ടു വിഭാഗവും ശിർക്കിന്റെ എല്ലാ ഇനങ്ങളിൽ നിന്നും അല്ലാഹുവിനെ പരിശുദ്ധനാക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥ പരിശുദ്ധിയാണ് രണ്ടു വിഭാഗവും ആഗ്രഹിക്കുന്നത്. കലാമിന്റെ കാര്യം നിഷേധിക്കാൻ പറ്റാത്ത വിധം സ്ഥിരീകരിക്കപ്പെട്ട സത്യമാണ്. മറ്റൊരു നിലക്ക് ചിന്തിക്കുമ്പോൾ ഖുർആനിൽ പറഞ്ഞ ഒരു ദൈവിക സിഫത്താണത് (ഗുണം). അത് സ്ഥിരീകരിക്കപ്പെട്ടതാണ്. അല്ലാഹുവല്ലാതെ മറ്റാർക്കും അതിന്റെ യാഥാർത്ഥ്യം അറിയുകയുമില്ല.
അല്ലാഹുവിനു കലാമുണ്ട്. ഖുർആൻ അവന്റെ കലാമാണ്. അല്ലാഹു മുതകല്ലിം (സംസാരശേഷിയുള്ളവൻ) ആണ് എന്ന് അംഗീകരിക്കുകയും വിശ്വസിക്കുകയുമാണ് നാം ചെയ്യേണ്ടത്. അത് അക്ഷരവും ശബ്ദവുമുള്ളതാണോ അല്ലാത്തതാണോ എന്ന് ഗവേഷണം നടത്തേണ്ടതില്ല. അതൊക്കെ അനാവശ്യമാണ്. തൗഹീദ് പഠിപ്പിക്കാൻ നിയുക്തനായ നബി(സ) അതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് നബി(സ) ചെയ്തതിനെ നാം മറി കടക്കുന്നത്. നബി അനുവര്ത്തിച്ചതിനേക്കാൾ നാം എന്തിനു വർധിപ്പിക്കുന്നു? യഥാർത്ഥത്തിൽ ഈ വിധ ചർച്ചകളല്ലേ ഏറ്റവും മോശമായ ബിദ്അത്ത്?
ജനങ്ങളെല്ലാം അല്ലാഹുവിന്റെ സന്നിധിയിൽ ഒന്നിച്ചു ചേരുന്ന ദിവസം നബി(സ) അത് വിവരിച്ചു തരും. ഇവ്വിഷയകമായും മറ്റുമുള്ള നമ്മുടെ വിവരണവും നിലപാടും അതിന്റെ യാഥാർത്ഥ്യം അംഗീകരിക്കുന്നതും രൂപഭാവങ്ങളെയും സ്വഭാവങ്ങളെയും കുറിച്ചുള്ള ചർച്ചകളിൽ നിന്ന് മുക്തവുമായിരിക്കണം."
ശൈഖ് മാലികിയുടെ ഉദ്ധരണി കഴിഞ്ഞു. ഇനി മറ്റൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്.
“ولا نعرف في أهل البدع طائفة يكتمون مقالتهم ولا يتجاسرون على إظهارها إلا الزنادقة والأشعرية”
"തങ്ങളുടെ വാക്കുകളെ മറച്ചു വെക്കുകയും അത് വെളിപ്പെടുത്താൻ അധൈര്യപ്പെടുകയും ചെയ്യുന്നവരിൽ മതനിഷേധികളെയും അശ്.അരികളെയുമല്ലാതെ ബിദഈ കക്ഷികളിൽ നിന്ന് വേറെ ആരെയും നാം അറിയുന്നില്ല."
ഇപ്പോൾ നെറ്റിൽ വ്യാപകമായി സലഫികൾ പ്രചരിപ്പിക്കുന്ന ഒരു മുറി ഇബാറത്താണ് ഇത്. ഹമ്പലീ മദ്.ഹബുകാരൻ ആയ ഇമാം ഇബ്നു ഖുദാമ(റ)വിന്റെ "അൽ മുനാളറത്തു ഫിൽ ഖുർആൻ" (ഖുർആന്റെ വിഷയത്തിൽ നടന്ന സംവാദം) എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ഉദ്ധരണി ആയിട്ടാണ് ഇത് കൊടുക്കുന്നത്.
ഈ ഉദ്ധരണിയിൽ തന്നെ വസ്തുതാപരമായ ഒരു പിഴവ് ഉണ്ട്. "അശ്അരിയ്യത്ത്" പിഴച്ച മുബ്തദിഉകൾ ആണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ നിരീശ്വര-നിർമ്മത വാദികളായ സിന്ദീഖുകൾ ഏത് നിലക്കാണ് മുബതദിഉകൾ ആയി പരിചയപ്പെടുത്തപ്പെടുന്നത്? അവർ മതത്തിൽ നിന്ന് പുറത്തല്ലേ? അവരെ ബിദഇകൾ എന്നു വിളിക്കാമോ? അതോ അവരെ പോലെ അശ്.അരികളും മതത്തിൽ നിന്ന് പുറത്താണെന്നാണോ? എങ്കിൽ അഹ്.ലുൽ ബിദഅ് എന്ന് വിളിക്കേണ്ട കാര്യമില്ലല്ലോ? ഉള്ള കാര്യം നേരെ അങ്ങു പറഞ്ഞാൽ മതിയായിരുന്നല്ലോ? ഇബാറത്തിൽ പറഞ്ഞത് പോലെ സ്വന്തം വാദങ്ങൾ വെളിപ്പെടുത്തുന്നതിനു എന്തിനു അധൈര്യപ്പെടണം? ഇങ്ങനെ പല ചോദ്യങ്ങളും ഇത് സംബന്ധമായി ഉണ്ട്. ഇരിക്കട്ടെ ...
ഇമാം ഇബ്നു ഖുദാമ(റ)യുടെ കിതാബുകളുടെ ലിസ്റ്റിൽ ഇങ്ങനെ ഒരു ഗ്രന്ഥം കാണപ്പെടുന്നില്ല. ഇമാം ഇബ്നു റജബ്(റ) എഴുതിയ ഇമാം ഇബ്നു ഖുദാമയുടെ തർജുമയിൽ പറയുന്ന കിതാബുകളുടെ കൂട്ടത്തിൽ ഈ പേര് ഇല്ല.
ഇനി ഇബ്നുഖുദാമ(റ)യുടെ തന്നെ കിതാബുകളുടെ ലിസ്റ്റിൽ വന്ന അറിയപ്പെട്ട ഒരു കിതാബാണ് "ലംഅത്തുൽ ഇഅതിഖാദ്" എന്ന ഗ്രന്ഥം. (വിശ്വാസത്തിന്റെ തിളക്കം) അതിലെ ഒരു ഉദ്ധരണി നോക്കുക:
(وكل متسم بغير الاسلام والسنة مبتدع كالرافضة والجهمية والخوارج والقدرية والمرجئة والمعتزلة والكرامية والكلابية ونظائرهم ، فهذه فرق الضلال وطوائف البدع أعاذنا الله منها) (لمعة الإعتقاد)
"ഇസ്.ലാമും സുന്നത്തും ഇല്ലാത്ത എല്ലാ വ്യതിരിക്ത കക്ഷികളും മുബ്തദിഉകൾ തന്നെയാണ്. റാഫിളത്ത്, ജഹ്.മിയ്യത്ത്, ഖവാരിജ്, ഖദരിയ്യത്ത്, മുർജിഅത്ത്, മുഅതസിലത്ത, കർറാമിയ്യത്ത്, കല്ലാബിയ്യത്ത്, തതുല്യകക്ഷികളും ഉദാഹരണം. ഇവയെല്ലാം പിഴച്ച കക്ഷികളും ബിദഈ സംഘങ്ങളും ആണ്. അല്ലാഹു അവരുടെ ശറിൽ നിന്നും നമ്മെ കാക്കട്ടെ.."
അപ്പോൾ എവിടെ പോയി നേരത്തെ പറഞ്ഞ അശ്അരിയ്യത്ത്? നിലവിലുള്ള എല്ലാ കക്ഷികളെയും പേരെടുത്ത് എണ്ണിയ ഇമാം എന്ത് കൊണ്ട് ഇവിടെ ഈ ഇബാറത്തിൽ, ബിദഈ കക്ഷികളെ നേർക്ക് നേരെ എണ്ണുന്ന ഈ ഇബാറത്തിൽ, അശ്അരിയ്യത്തിനെ വിട്ടു പോയി???
ഇബ്നു തീമിയ്യക്കും മുമ്പ് ഹമ്പലികളും അശ്.അരീ മദ്.ഹബുകാരും തമ്മിൽ ചില അഭിപ്രായവിത്യാസങ്ങളും തർക്കങ്ങളും രൂക്ഷമായ പദപ്രയോഗങ്ങളും സംഭവിച്ചിട്ടുണ്ട്. ഹമ്പലീ മദ്ഹബുകാരനായ ഇമാം ഇബ്നു ഖുദാമ(റ)യും അതിന്റെ ഭാഗമായിട്ടുണ്ടായിരിക്കാം. നാം നിഷേധിക്കുന്നില്ല.
അതു കൊണ്ടാണല്ലോ ഇമാം സുബ്കി(റ) തന്റെ ത്വബഖാത്തിൽ അശ്.അരീ സരണി പരിചയപ്പെടുത്തുമ്പോൾ ഹനഫി, ഷാഫി, മാലികി മദ്ഹബുകാർ മുഴുവനും ഹമ്പലീ മദ്.ഹബിലെ പ്രമുഖരും ഈ സരണിയുടെ ഭാഗമാണ് എന്നു പ്രത്യേകം എഴുതിയത്. അഥവാ ഹമ്പലീ മദ്.ഹബുകാർ മുഴുവനും അശ്.അരികളോ മാതുരീദികളോ അല്ല എന്നർഥം. ഇബ്നുഖുദാമയെയും ഇബ്നു തീമിയ്യയെയും മനസ്സിൽ കണ്ടിട്ടാവാം മഹാനവർകൾ അങ്ങനെ എഴുതിയത്.
'തഹ്.രീമുന്നള്ർ' എന്ന കിതാബിൽ ഇബ്നു ഖുദാമ(റ) മറ്റൊരു പണ്ഡിതന്റെ ഉദ്ധരണി കൊടുക്കുന്നത് ഇങ്ങനെയാണ്.
وقال أحمد بن إسحاق المالكي أهل الأهواء والبدع عند أصحابنا هم أهل الكلام فكل متكلم من أهل الأهواء والبدع أشعريا كان أو غير أشعري لا تقبل له شهادة ويهجر ويؤدب على بدعته فإن تمادى عليها استتيب منها
تحريم النظر في كتب الكلام [ صفحة 42 ]
“മാലികീ പണ്ഡിതനായ അഹ്.മദു ബിൻ ഇസ്.ഹാഖ് എന്നവർ പറഞ്ഞു: "ഹവയുടെയും (ദേഹേച്ചക്കനുസരിച്ച് അഭിപ്രായം പറയുന്നവർ) ബിദ്.അത്തിന്റെയും ആളുകൾ നമ്മുടെ അടുക്കൽ ഇല്മുൽ കലാമിന്റെ (പ്രമാണങ്ങളെ യുക്തിയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നവർ) ആളുകൾ ആണ്. അവർ അശ്.അരികൾ ആകട്ടെ അല്ലാത്തവർ ആകട്ടെ അവരിൽ നിന്നും സാക്ഷിത്വം സ്വീകരിക്കപ്പെടുകയില്ല. അവരുടെ ബിദ്അത്തിന്റെ പേരിൽ അവർ ശിക്ഷിക്കപ്പെടുകയും നാടു കടത്തപ്പെടുകയും വേണം. അവർ അതിൽ തന്നെ തുടരുകയാണെങ്കിൽ അവരിൽ നിന്നും തൗബ തേടണം."
ഇനി ആദ്യം പറഞ്ഞ "അൽമുനാളറത്തു ഫിൽ ഖുർആൻ" എന്ന കിതാബിന്റെ ചരിത്രം. ഇബ്നുഖുദാമ(റ)യുടെ കിതാബുകൾ പറയപ്പെട്ട കൂട്ടത്തിൽ ഇങ്ങനെ ഒരു പേരു വന്നിട്ടില്ല എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഈ കിതാബിൽ ഇതിന്റെ ചരിത്രം പറയുന്നുണ്ട്. ദമസ്കസിലെ ഒരു ലൈബ്രറിയിൽ നിന്നാണ് ഇതിന്റെ കയ്യെഴുത്ത് പ്രതി കണ്ടെടുക്കുന്നത്. ഇത് ഇബ്നു ഖുദാമ(റ)വിന്റേതാണ്ന്ന് വേറെ ഒരു പണ്ഡിതൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം വിശ്വസതനാണെന്നതിനു ധാരാളം ഉദ്ധരണികളും ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഉള്ള പ്രതി കുവൈത്തിലെ ഒരു ലൈബ്രറിയിൽ നിന്നും എടുത്ത് തഹ്ഖീഖ് (ശരിപ്പെടുത്തി എന്നു മലയാളം ) ചെയ്തു പ്രസിദ്ധീകരിച്ചത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു കുവൈത്തീ സലഫി പണ്ഡിതൻ ആണ്. ആ കിതാബാണ് ഇപ്പോൾ ലഭ്യമാവുന്നത്. വേറെയും ഒരു തഹ്ഖീഖ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ ഈ വരികൾ ഇബ്നു ഖുദാമ(റ)വിന്റേത് തന്നെയാവാം. അല്ലായിരിക്കാം. രണ്ടു സാധ്യതകളും നിലനിൽക്കുന്നു.
എന്നാൽ ഈ കിതാബിൽ ഇബ്നു ഖുദാമ(റ) അശ്അരിയ്യത്തിനെ മാത്രമല്ല ഇമാം അശ്.അരി(റ)നെ തന്നെ പേരെടുത്ത് വിമർശിക്കുന്നുണ്ട്. ഇവിടെ വഹാബികളുടെ ഒരു കെട്ടു കഥയാണ് പൊളിയുന്നത്. അഥവാ മുഅതസലീ ആശയക്കാരൻ ആയിരുന്ന ഇമാം അശ്.അരി(റ) തൗബ ചെയ്തു സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങി എന്നത് ഒരു യാഥാർത്ഥ്യമാണ്. തുടർന്നാണ് അശ്അരീ സരണി വ്യാപകമായത്. ഈ തൗബയെ വഹാബികൾ ചിത്രീകരിക്കുന്നത് ഇമാം അശ്അരി(റ) അശ്.അരിയ്യത്തിൽ നിന്നും തൗബ ചെയ്തു (അവരുടെ കണ്ണിൽ മുഅതസിലത്തും അശ്.അരിയ്യത്തും ഒരെ പോലെ തന്നെയാണ്) സലഫിസം എന്ന് അവർ വിളിക്കുന്ന സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങി എന്നാണ്. അപ്പോൾ ഇമാം അശ്.അരി(റ) ഇപ്പോൾ അവരുടെ ആളാണ്. എന്നാൽ ആ തൗബക്കഥയാണ് ഇമാം ഇബ്നു ഖുദാമ(റ)വിന്റെ പേരിലുള്ള ഈ കിതാബിൽ പൊളിയുന്നത്. കാരണം ഇമാം അശ്.അരി(റ) മരണമടഞ്ഞു രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ജനിച്ച ഇബ്നു ഖുദാമ(റ) ഇമാം അശ്.അരി(റ)യെ അശ്.അരിയ്യത്തിന്റെ പേരിൽ രൂക്ഷമായി വിമർശിക്കുന്ന ഇബാറത്തുകൾ ഈ "അൽ മുനാളറ"യിൽ എമ്പാടും ഉണ്ട്. അതിന്റെ അർഥം അങ്ങനെ ഒരു തൗബ ഇമാം അശ്.അരി(റ)യുടെ പേരിൽ പിന്നീട് വന്നവർ കെട്ടിവെച്ചതാണ് എന്നു തന്നെയാണ്. ആ തൗബ ഇബ്നു ഖുദാമ(റ) അറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ വിമർശനം അദ്ദേഹം നടത്തുമായിരുന്നോ? ഇമാം അശ്.അരി(റ) വഫാത്തായി രണ്ട് തലമുറ കഴിഞ്ഞു മൂന്നാം തലമുറയിൽ വന്ന ഇബ്നു ഖുദാമ(റ)ക്ക് ഇമാം അശ്.അരി(റ) ഇവർ കൊട്ടിഘോഷിക്കുന്ന യഥാർത്ഥ സലഫീ ആശയത്തിലേക്ക് വന്നു എന്നു അറിയാൻ കഴിഞ്ഞില്ല എന്നു വാദിക്കുന്നത് അസംബന്ധമാണ്.
അപ്പോൾ സലഫികൾക്ക് മുമ്പിൽ ഒരു വഴിയേ ഉള്ളൂ. അവർ ഇബ്നു ഖുദാമ(റ)യുടെ ഈ കിതാബ് അംഗീകരിക്കുന്നുവെങ്കിൽ ഇമാം അശ്.അരി(റ)യെ തള്ളണം. ഇമാം അശ്.അരി(റ)യെ സ്വന്തം ആളാക്കി, അദ്ദേഹം തൗബ ചെയ്തു മടങ്ങി, അനുയായികൾ ആണ് അതിൽ ഉറച്ചു നിൽക്കുന്ന അശ്.അരിയ്യത്ത്, അവർ പിഴച്ചവരാണ് എന്ന വൃത്തി കെട്ട വാദവുമായി ഇനി അവർ വിവരമുള്ളവരുടെ അടുത്തേക്ക് വരരുത്. അല്ലെങ്കിൽ ഈ കിതാബ് തള്ളണം. രണ്ടും കൂടി നടക്കില്ല.
അൽ മുനാളറയിൽ ഇമാം അശ്.അരി(റ)ക്കെതിരെ ഇമാം ഇബ്നു ഖുദാമ(റ)യുടേതെന്ന് പറയപ്പെടുന്ന ഒരു ഉദ്ധരണി ഉദാഹരണത്തിനു കൊടുക്കുന്നു. ധാരാളം ഉദ്ധരണികൾ വേറെയുമുണ്ട്.
المناظرة في القرآن [ صفحة 47 ]
وعند الأشعري أنها مخلوقة فقوله قول المعتزلة لا محالة إلا أنه يريد التلبيس فيقول في الظاهر قولا يوافق أهل الحق ثم يفسره بقول المعتزلة فمن ذلك أنه يقول القرآن مقروء متلو محفوظ مكتوب مسموع ثم يقول القرآن في نفس الباري قائم به ليس هو سورا ولا آيات ولا حروفا ولا كلمات فكيف يتصور إذا قراءته وسماعه وكتابته ويقولون إن موسى سمع كلام الله من الله ثم يقولون ليس بصوت ويقولون إن القرآن مكتوب في المصاحف ثم يقولون ليس فيها إلا الحبر والورق

അശ്അരീ പണ്ഡിതനായ ഇമാം അബൂശാമ അൽമുഖദ്ദസി(റ) തന്റെ ഗുരുവര്യനായ ഇമാം ഇബ്നുഖുദാമ(റ)യെ കുറിച്ച് രേഖപ്പെടുത്തുന്നു:
قال أبو شامة المقدسي الأشعري عن شيخه الإمام موفق الدين ابن قدامة رحمه الله :
( كان إماما من أئمة المسلمين علما من اعلام الدين في العلم و العمل صنف كتبا كثيرة حسانا في الفقه و غيره و لكن كلامه فيما يتعلق بالعقائد في مسائل الصفات و الكلام هو على الطريقة المشهورة عن اهل مذهبه فسبحان من لم يوضح الامر له فيها على جلالته في العلم و معرفته بمعاني الاخبار و الاثار و سمعت عليه مسند الشافعي .ألخ )اهـ عن تراجم القرنين السادس و السابع لأبي شامة المقدسي الاشعري
"അദ്ദേഹം മുസ്.ലിംകളുടെ ഇമാമുമാരിൽ ഒരു ഇമാം ആകുന്നു. ഇല്മിലും അമലിലും ദീനിന്റെ അവലംബങ്ങളിൽ പെട്ട ഒരു അവലംബം ആകുന്നു. ഫിഖ്ഹിലും മറ്റു വിഷയങ്ങളിലും ധാരാളം നല്ല നല്ല കൃതികൾ അദ്ദേഹം രചിച്ചു. പക്ഷെ, സ്വിഫാത്തിന്റെയും കലാമിന്റെയും മസ്.അലകളിലുള്ള വിശ്വാസശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ തന്റെ മദ്ഹബുകാരുടെ അറിയപ്പെട്ട വഴിക്ക് എതിരായിരുന്നു. എന്തു ചെയ്യാം! വൈജ്ഞാനികരംഗത്ത് ഉള്ള ഔന്നത്യത്തോടും ഹദീസുകളുടെയും അസറുകളുടെയും അർഥതലങ്ങൾ മനസ്സിലാക്കാനുള്ള പ്രത്യേകജ്ഞാനത്തോടും കൂടെ ഈ വിഷയത്തിൽ അല്ലാഹു സുബ്ഹാനഹു വതആലാ അദ്ദേഹത്തിനു കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തില്ല എന്നു പറയാം. മുസ്നദു ശ്ശാഫിഈ ഞാൻ അദ്ദേഹത്തിൽ നിന്നാണ് ശ്രവിച്ചത്." (ആറ്, ഏഴ് നൂറ്റാണ്ടുകളിലെ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന അബൂശാമ(റ)യുടെ കൃതിയിൽ നിന്ന്)
ഇമാം അശ്അരി(റ)യെ സംബന്ധിച്ച ഇമാം ഇബ്നു ഖുദാമ(റ)യുടെ നിലപാടിന്റെ പേരിൽ ഒരു നിലക്കും നമുക്ക് ഇബ്നു ഖുദാമ(റ)യോട് അനാദരവ് ഉണ്ടാകാൻ പാടില്ല. അദ്ദേഹം അഹ്.ലുസ്സുന്നയുടെ ഒരു മഹാനായ നേതാവ് തന്നെയാണ്. ലോക പ്രശസ്തമായ തന്റെ മുഗ്നി എന്ന കര്മ്മ ശാസ്ത്ര ഗ്രന്ഥത്തിൽ ഇസ്തിഘാസ സ്ഥാപിച്ച് എഴുതിയ ഇമാമാണ്. ഇമാം അബൂ ശാമ(റ) പറഞ്ഞത് പോലെ ഫിഖ്ഹിലും മറ്റും അദ്ദേഹം നമുക്ക് അവലംബം തന്നെയാണ്. അതെ സമയം അഖീദയിലെ ചില വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകളോട് നമ്മുടെ ഇമാമുമാർ വിയോജിച്ചത് പോലെ നാമും ആദരവോടെ വിയോജിക്കുന്നു. ഇതിന്റെ അർത്ഥം നാം ഇമാമിനെ തള്ളി എന്നല്ല. ഇമാമുമാർക്കിടയിൽ അഭിപ്രായ വിത്യാസങ്ങൾ സ്വാഭാവികമാണ്. ചില അഭിപ്രായ വിത്യാസങ്ങൾ ഒരു പക്ഷെ, രൂക്ഷമായിരിക്കും. നാം എല്ലാ ഇമാമുമാരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. അവരിൽ ഒരാൾക്ക് ചില വിഷയങ്ങളിൽ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ മറ്റു ഇമാമുമാർ അത് തിരുത്തിയിട്ടുമുണ്ടാകും. അതാണ്‌ അഹ്.ലുസ്സുന്നയുടെ കറാമത്ത്. സമകാലിക പണ്ടിതരോടും നമ്മുടെ സമീപനം ഇത് തന്നെ ആയിരിക്കണം. എല്ലാവരെയും ഒരു പോലെ ബഹുമാനിക്കുക - ചേരി നോക്കാതെ ...
അന്ന് ജമൽ യുദ്ധത്തിൽ തന്റെ എതിര് ചേരിയിൽ നിന്ന ത്വൽഹത്ത് ബ്നു ഉബൈദില്ലാഹ്(റ) അമ്പേറ്റ് വീണു വഫാത്താകുമ്പോൾ അലി(റ) തന്റെ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി, ത്വൽഹത്ത്(റ)വിന്റെ ശരീരം തന്റെ മടിയിൽ ഇരുത്തി അവിടുത്തെ മനോഹരമായ മുഖത്തും താടിയിലും (വളരെ സുന്ദരനായിരുന്നു ത്വൽഹത്ത്(റ)) പറ്റിപ്പിടിച്ച മണ്ണ് സ്വന്തം കൈ കൊണ്ട് തുടച്ച് കളഞ്ഞു കൊണ്ട് വിലപിച്ചില്ലേ ... ഹോ, ഞാൻ ഒരു ഇരുപത് കൊല്ലം മുമ്പ് വഫാതായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന്.