സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 6 December 2014

നിങ്ങളീ പരീക്ഷത്തിൽ വിജയിച്ചോ ?



“സത്യ വിശ്വാസികളേ, നിങ്ങളുടെ കൈകൾ കൊണ്ടും കുന്തങ്ങൾ കൊണ്ടും എളുപ്പത്തിൽ പിടികൂടാൻ കഴിയുന്ന വേട്ട വസ്തുവിനെകൊണ്ട് നിങ്ങളെ അല്ലാഹു പരിശോധിക്കും. അഭാ‍വത്തിൽ തന്നെ ഭയപ്പെടുന്നവരാരെന്ന് അല്ലാഹുവിനു വ്യക്തമായി തിരിച്ചറിയാൻ വേണ്ടിയാണിത്. ഈ താക്കീതിനു ശേഷം അല്ലാഹു നിശ്ചയിച്ച പരിധി ലംഘിക്കുന്നവർക്ക് വേദനയേറിയ ശിക്ഷയാണുള്ളത് “ (വിശുദ്ധ ഖുർ‌ആൻ സൂ‍റത്ത് മാ‌ഇദ : 94) ആ ആയത്ത് ഇതാണ്

നമ്മുടെ ഈമാനിനെയും നിഷ്കളങ്കതയെയും അല്ലാ‍ഹു പല നിലക്കും പരീക്ഷിക്കുന്നതാണ്. മനുഷ്യൻ സൌകര്യം കിട്ടിയാൽ തെറ്റ് ചെയ്യുന്നുണ്ടോ എന്ന പരീക്ഷണം ഇതിൽ പെട്ടതാണ്. ചരിത്ര പ്രസിദ്ധമായ ഹുദൈബിയ സന്ധി നടന്ന കാലത്ത് നബി صلى الله عليه وسلم  യും സഹാബാക്കളും ഉം‌റക്ക് വേണ്ടിയാണ് മക്കയിലേക്ക് പുറപ്പെട്ടത്.  അന്നവിടെ തങ്ങളുടെ തമ്പുകളിൽ പോലും തിന്നാൽ പറ്റുന്ന കാട്ടു മൃഗങ്ങൾ വിഹരിക്കുന്ന അവരെ അത്ഭുതപ്പെടുത്തി. ചെറിയ മൃഗങ്ങൾ കൈകൾ കൊണ്ട് പിടിക്കത്തക്ക വിധത്തിലും ,വലിയവ കുന്തങ്ങളെറിഞ്ഞ് പിടിക്കാവുന്ന വിധത്തിലും അടുത്ത്. ഒരു വലിയ പരീക്ഷണമായിരുന്നു അത്. പക്ഷെ സഹാബികൾ എല്ലാവരും ആ പരീക്ഷണത്തിൽ വിജയിച്ചു.ആരും ഒന്നിനെ പോലും പിടിച്ചില്ല.കൊന്നുമില്ല.

ഇത് പോലൊരു പരീക്ഷണ ഘട്ടത്തിലൂടെയാണ് ഇന്ന് വിശ്വാസികൾ കടന്ന് പോകുന്നത്. ഒരു കാലത്ത് ഒരു സ്ത്രീയുടേ നഗ്ന ഫോട്ടോയോ അല്ലെങ്കിൽ രതിവൈകൃതങ്ങളുടെ ഫിലുമുകളോ കാണാൻ ഒരു പാട് ബുദ്ധിമുട്ടേണ്ടിയിരുന്നു. ഇന്നിതാ വിരൽ തുമ്പിൽ ,അല്ലെങ്കിൽ ഒരു മൌസ് ക്ലിക്കിൽ അവ യഥേഷ്ടം ലഭ്യമായിരിക്കുന്നു. മൊബൈൽ ഫോണിലൂടെ ജോലി സ്ഥലത്ത് വെച്ചും യാത്രയിലും റൂമിലും  ഒരു ബട്ടൺ അമർത്തിയാൽ ഏത് അശ്ലീലവും സ്ക്രീനിൽ കാണാം. നോക്കൂ മുകളിൽ ആയത്തിന്റെ ശകലം

“ആരും കാണാത്ത സമയത്ത് തന്നെ ഭയപ്പെടുന്നവാരെന്ന് അല്ലാഹുവിനു വ്യക്തമായി തിരിച്ചറിയാൻ വേണ്ടിയാണിത്“
എന്താണ് നമ്മുടെ അവസ്ഥ ? നാം വിജയിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ആയത്തിന്റെ അടുത്ത ഭാ‍ഗം നോക്കൂ

“ഈ താക്കീതിനു ശേഷം അല്ലാഹു നിശ്ചയിച്ച പരിധി ലംഘിക്കുന്നവർക്ക് വേദനയേറിയ ശിക്ഷയാണുള്ളത്”

ഒരു പക്ഷെ ഇന്ന് നമ്മുടെ കൈകളും മറ്റ് അവയവങ്ങളും ഇവക്ക് മൂകസാക്ഷികളായിരിക്കാം. നാളെയോ ?ഏതെല്ലാം സന്ദർഭങ്ങളിൽ തങ്ങളെ എങ്ങിനെയെല്ല്ലാം ഉപയോഗിച്ചുവെന്ന് അവ സധൈര്യം അല്ലാഹുവിന് മുന്നിൽ വിളിച്ച് പറയും..!


“അങ്ങനെ എല്ലാവരും അവിടെ എത്തിച്ചേർന്നാലോ, ഭൂലോകത്ത് വെച്ച് പ്രവർത്തിച്ച്കൊണ്ടിരുന്നതെന്താണെന്നതിന് അവരുടെ ചെവികളും കണ്ണുകളും തൊലികളും അവർക്കെതിരിൽ സാക്ഷി പറയും (വിശുദ്ധ ഖുർ‌ആൻ സൂറത്ത് ഫുസ്സിലത്ത് 20 )

ചർമ്മം പോലും സാക്ഷി പറയുമെന്ന്..!  വല്ലാത്തൊരു പരീക്ഷണമാണിത്.
നാഥാ നിന്റെ കാരുണ്യവും മ‌ഗ്‌ഫിറത്തുമല്ലാതെ ഞങ്ങൾക്കൊന്നുമില്ല. നീ ഞങ്ങളെ വഷളാക്കരുത്. ഞങ്ങളോട് നീ മാപ്പാക്കണേ. ആമീൻ