സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 15 December 2014

ഇസ്ലാമും മാന്ത്രിക ചികിത്സയും?






മന്ത്രം, ഉറുക്ക്, ഏലസ്സ് മുതലായവകൊണ്ട് ചികിത്സിക്കുന്നതിനാണല്ലോ മാന്ത്രികചികിത്സ എന്നു പറയുന്നത്. അല്ലാഹുവിന്റെ പേരുകള്‍, ഖുര്‍ആന്‍ വചനങ്ങള്‍, നബി(സ)യുടെ വചനങ്ങള്‍, അദ്കാറുകള്‍ തുടങ്ങിയവ കൊണ്ട് ചികിത്സിക്കുമ്പോള്‍ അതിന് ഇസ്‌ലാമിക മാന്ത്രികചികിത്സ എന്നു പറയാം. ഇത് ഇസ്‌ലാം അംഗീകരിച്ചതും പ്രമാണങ്ങളിലും പണ്ഡിത വചനങ്ങളിലും തെളിവുള്ളതുമാണ്. ശിര്‍ക്കു വരുന്ന വചനങ്ങള്‍ കൊണ്ട് ചികിത്സിക്കുന്നതിനെയാണ് ഇസ്‌ലാം വിരോധിച്ചിട്ടുള്ളത്. ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടും ദിക്‌റുകള്‍ കൊണ്ടും മന്ത്രിക്കുന്നത് സുന്നത്താണെന്നും അത് വിരോധിക്കപ്പെട്ടതല്ലെന്നും ഇമാം നവവി(റ) ശറഹ് മുസ്‌ലിം 2/219-ല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
നബി(സ) മന്ത്രിക്കുകയും ഊതുകയും ചെയ്തിരുന്നു വെന്നും അത് ചെയ്തിരുന്നവരെ അംഗീകരിച്ചിരുന്നുവെന്നും സ്വഹാബികളെ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും ഹദീസുകളില്‍നിന്നും മനസ്സിലാക്കാം. ആയിശ(റ) പറയുന്നു: ഉറങ്ങാന്‍ കിടക്കുമ്പോള്‍ നബി(സ) ഖുല്‍ഹുവല്ലാഹ് സൂറത്തും മുഅവ്വിദതൈനിയും ഓതുകയും രണ്ടു കയ്യിലും ഊതി മുഖത്തും കയ്യെത്തുന്ന ശരീരഭാഗങ്ങളിലും തടവുകയും ചെയ്യുമായിരുന്നു. തിരുമേനിക്ക് രോഗം വന്നപ്പോള്‍ അപ്രകാരം ചെയ്തുകൊടുക്കാന്‍ എന്നോട് കല്‍പ്പിക്കുകയുണ്ടായി. (ബുഖാരി: 2/855) ഇമാം സുഹ്‌രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇപ്രകാരം ചെയ്തതായി യൂനുസ്(റ) പറഞ്ഞതും ഇമാം ബുഖാരി(റ) ഉദ്ദരിച്ചിട്ടുണ്ട്.
ആയിശ(റ) തന്നെ പറയുന്നു: തന്റെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ നബി(സ) മുഅവ്വിദാത്ത് കൊണ്ട് മന്ത്രിക്കുമായിരുന്നു. തിരുമേനി വഫാത്തായ രോഗം വന്നപ്പോള്‍ ഞാന്‍ മന്ത്രിക്കുകയും തിരുമേനിയുടെ കൈകൊണ്ട് തന്നെ തടവിക്കൊടുക്കുകയും ചെയ്തു. എന്റെ കയ്യിനേക്കാള്‍ ബറകത്തുള്ളത് തിരുമേനിയുടെ കരത്തിനാണല്ലോ. (മുസ്‌ലിം 2/222) സ്ത്രീ പുരുഷനെ മന്ത്രിക്കുക എന്ന ഒരു അദ്ധ്യായം തന്നെ ബുഖാരിയിലുണ്ട്. മേല്‍സംഭവമാണ് അതില്‍ പ്രതിപാദിച്ചിട്ടുള്ളത്.
നബി(സ) മന്ത്രിക്കുമ്പോള്‍ ‘തുര്‍ബതു അര്‍ളിനാ വരീഖതു ബഅ്‌ളിനാ യശ്ഫീ സഖീമനാ ബിഇദ്‌നി റബ്ബിനാ’ എന്ന് പറയാറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ട്. ‘നബി(സ)യുടെ മന്ത്രം’ എന്ന അദ്ധ്യായത്തിലാണ് ഈ ഹദീസുള്ളത്. (2/856)
മന്ത്രിക്കുമ്പോള്‍ തിരുമേനി ഊതിയിരുന്നു എന്ന് ഇബ്‌നുമാജ നിവേദനം ചെയ്തിട്ടുണ്ട് (പേ. 252). ഇതിന്റെ അര്‍ത്ഥം ഇബ്‌നുമാജയുടെ ഹാശിയയില്‍ ഇപ്രകാരം വിവരിക്കുന്നു: അതായത് തിരുമേനി മുഅവ്വിദാത്ത് ഓതുകയും രോഗിയുടെ മേല്‍ ഊതുകയും ചെയ്തിരുന്നു. (ഇന്‍ജാഹുല്‍ ഹാജ ഹാശിയാത്തു ഇബ്‌നുമാജ).
സാഇബുബ്‌നു യസീദ്(റ) എന്ന സ്വഹാബി പറയുന്നു: എന്റെ മാതൃസഹോദരി എന്നെ നബി(സ)യുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്റെ സഹോദരീ പുത്രന്‍ രോഗിയാണ്.’ തിരുമേനി എന്റെ തല തടവുകയും എനിക്ക് ബറക്കത്ത് കൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് നബി(സ) വുളു ചെയ്യുകയും തിരുമേനിയുടെ ബാക്കി വെള്ളം ഞാന്‍ കുടിക്കുകയും ചെയ്തു. (ബുഖാരി: 1/31)
അബൂമൂസാ(റ) എന്ന സ്വഹാബി പറയുന്നു: നബി തിരുമേനി ഒരു പാത്രം വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. നബി(സ) രണ്ടു കയ്യും മുഖവും വെള്ളത്തില്‍ കഴുകി. ആ വെള്ളത്തിലേക്ക് തുപ്പുകയും ചെയ്തു. പിന്നീട് എന്നോടും ബിലാല്‍(റ)വിനോടും ആ വെള്ളം കുടിക്കാനും ഞങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കാനും പറഞ്ഞു. (ബുഖാരി: 1/31)
ജാബിര്‍(റ) രോഗിയായപ്പോള്‍ നബി(സ) സന്ദര്‍ശിക്കാന്‍ ചെന്നു. അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല. നബി(സ) വുളു ചെയ്യുകയും ബാക്കി വെള്ളം അദ്ദേഹത്തിനുമേല്‍ ഒഴിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് ബോധം തെളിയുകയും നബി(സ)യോട് അനന്തരാവകാശത്തെ കുറിച്ച് മസ്അല ചോദിക്കുകയും ചെയ്തു. (ബുഖാരി 1/32)
ഉമ്മു സുലൈം(റ) നബി(സ)യുടെ വിയര്‍പ്പ് ശേഖരിച്ചിട്ട് കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന സംഭവം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തതാണ്. ഇതെന്താണെന്ന് തിരുമേനിയുടെ ചോദ്യത്തിന് സുഗന്ധമായി ഉപയോഗിക്കാനും കുട്ടികള്‍ക്ക് ബര്‍ക്കത്തിനും വേണ്ടി എന്നായിരുന്നു മഹതിയുടെ മറുപടി. ഈ മറുപടിക്ക് ‘അസ്വബ്തി’ ( നീ ശരി കണ്ടെത്തിയിരിക്കുന്നു) എന്നായിരുന്നു നബി(സ)യുടെ പ്രതികരണം.
ഉമ്മു സലമ ബീവി(റ)യുടെ വശം നബി(സ)യുടെ ഒരു മുടി ഉണ്ടായിരുന്നു. ആര്‍ക്കെങ്കിലും കണ്ണേറോ  മറ്റു വല്ല രോഗമോ സംഭവിച്ചാല്‍ ഒരു പാത്രം വെള്ളവുമായി മഹതിയെ സമീപിക്കുകയും മുടി വെള്ളത്തില്‍മുക്കി കുടിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി)
നബി(സ)യുടെ ഒരു കുപ്പായം ആയിശ(റ)യുടെ വശമുണ്ടായിരുന്നു. മഹതി വഫാതായപ്പോള്‍ അത് സഹോദരി അസ്മാഅ് ബിന്‍ത് അബൂബക്കര്‍(റ) ആണ് സൂക്ഷിച്ചിരുന്നത്. രോഗികള്‍ക്ക് ആ കുപ്പായം വെള്ളത്തിലിട്ട് കുടിക്കാന്‍ കൊടുത്ത് ചികിത്സിക്കാറുണ്ടായിരുന്നു. (മുസ്‌ലിം)
ഹബീബുബ്‌നു യസാഫ്(റ) വിന് ബദ്ര്‍ യുദ്ധത്തില്‍ വെട്ടു കൊണ്ട് പരിക്കേറ്റു. നബി(സ) അദ്ദേഹത്തെ മന്ത്രിക്കുകയും സുഖപ്പെടുകയും ചെയ്തു. (ബൈഹഖി)
ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ ഒരു കുട്ടിയുമായി നബി(സ)യെ സമീപിച്ചു. ആ കുട്ടിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരുമേനി അല്പം വെള്ളം കൊണ്ടുവരികയും അതിലേക്ക് കുലുക്കുഴിഞ്ഞ് തുപ്പുകയും രണ്ട് കൈകളും ആ വെള്ളത്തില്‍ കഴുകുകയും ചെയ്തു. ആ വെള്ളം ആ സ്ത്രീക്ക് കൊടുത്ത് കുട്ടിക്ക് കുടിക്കാന്‍ കൊടുക്കാനും കുട്ടിയെ വെള്ളംകൊണ്ട് തടവാനും ആജ്ഞാപിച്ചു. കുട്ടി സുഖംപ്രാപിക്കുകയും മറ്റുള്ളവരേക്കാള്‍ ബുദ്ധിമാനാവുകയും ചെയ്തു. (ഇബ്‌നു അബീ ശൈബ)
ആയിശ(റ) മുഅവ്വിദതൈനി ഓതി മന്ത്രിച്ച വെള്ളം രോഗികള്‍ക്ക് നല്‍കാറുണ്ടായിരുന്നു. (ഖുര്‍തുബി)
ഉറക്കത്തില്‍ പേടിച്ചാല്‍ ‘അഊദു ബികലിമാത്തില്ലാഹി ത്താമ്മാത്തി…’ എന്നു തുടങ്ങുന്ന ഒരു പ്രാര്‍ത്ഥന ചൊല്ലാന്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അംറ്(റ) എന്ന സ്വഹാബി തന്റെ പ്രായപൂര്‍ത്തി എത്തിയ മക്കള്‍ക്ക് ഈ പ്രാര്‍ത്ഥന പഠിപ്പിച്ചുകൊടുത്തു. ഇതൊരു കടലാസിലെഴുതി പ്രായപൂര്‍ത്തി എത്താത്ത മക്കളുടെ കഴുത്തില്‍ കെട്ടിക്കൊടുക്കുകയും ചെയ്തു. (അബൂദാവൂദ്, തുര്‍മുദി)
ഖുര്‍ആന്‍ എഴുതിക്കെട്ടാന്‍ സഈദുബ്‌നു മുസയ്യബ് (റ) എന്ന സ്വഹാബി കല്‍പിച്ചിരുന്നതായി ബൈഹഖി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ള ഖുര്‍ആനിനെ നാം അവതരിപ്പിക്കുന്നു. അധര്‍മകാരികള്‍ക്ക് അത് നഷ്ടത്തെയല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല’ എന്ന ആശയമുള്ള ഖുര്‍ആന്‍ വചനത്തിന്റെ (ഇസ്‌റാഅ്/82) വ്യാഖ്യാനത്തില്‍, ഖുര്‍ആന്‍ ആത്മീയ രോഗത്തിന് ശമനമായത് പോലെ ശാരീരിക രോഗത്തിനും ശമനമാണെന്ന് റാസി റൂഹുല്‍ ബയാന്‍, ഖുര്‍തുബി, ഗറാഹിബുല്‍ ഖുര്‍ആന്‍ തുടങ്ങിയ തഫ്‌സീറുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിക്കല്‍ കൊണ്ടും ഐക്കല്ല് കെട്ടല്‍ കൊണ്ടും മറ്റുമാണ് ഖുര്‍ആന്‍ ശാരീരിക രോഗത്തിന് ശമനമാവുക എന്നുകൂടി ഖുര്‍തുബി വിവരിച്ചിരിക്കുന്നു. ഈ ആയത്തുകള്‍ വൃത്തിയിലുള്ള പാത്രത്തില്‍ എഴുതി വൃത്തിയുള്ള വെള്ളം കൊണ്ട് മായ്ച് മൂന്നു മുറുക്കായി കുടിക്കണമെന്നുകൂടി ഖുര്‍തുബി നിര്‍ദേശിച്ചിരിക്കുന്നു.
ജാബിര്‍(റ) പറയുന്നു: ഞങ്ങളില്‍പെട്ട ഒരാളെ ഒരിക്കല്‍ തേള്‍ കുത്തുകയുണ്ടായി. ഞങ്ങള്‍ നബി(സ)യോടൊപ്പം ഇരിക്കുകയായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലെ, ഞാന്‍ മന്ത്രിക്കട്ടെയോ.” ”സഹോദരന്ന് ഉപകാരംചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്തുകൊള്ളട്ടെ” എന്നായിരുന്നു തിരുമേനിയുടെ മറുപടി. (മുസ്‌ലിം 2/222)
അബൂസഈദില്‍ ഖുദ്‌രി(റ)യില്‍ നിന്നും നിവേദനം: നബി(സ)യുടെ സ്വഹാബികളില്‍ പെട്ട ഒരു സംഘം ഒരു യാത്രപോയി. അവര്‍ ഒരു അറബി ഗോത്രക്കാര്‍ക്ക് സമീപം ഇറങ്ങി. അവരോട് സല്‍ക്കരിക്കാനാവശ്യപ്പെട്ടു. വിസമ്മതിക്കുകയാണവര്‍ ചെയ്തത്. ഗോത്രത്തലവന് തേള്‍ ധ്വംസനമേറ്റ് വിഷമേല്‍ക്കുകയുണ്ടായി. അവര്‍ പല ചികിത്സകളും നടത്തി. യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ അവര്‍ സ്വഹാബികളായ യാത്രക്കാരെ സമീപിച്ചുകൊണ്ട് പറഞ്ഞു: ”അല്ലയോ യാത്രാ സമൂഹമേ, ഞങ്ങളുടെ നേതാവിന് വിഷമേറ്റിരിക്കുന്നു. ഞങ്ങള്‍ പലതും ചെയ്തുനോക്കി. യാതൊരു ഫലവും ലഭിച്ചില്ല. നിങ്ങളുടെ വശം വല്ലതുമുണ്ടോ?” യാത്രക്കാരില്‍പെട്ട ഒരാള്‍ പറഞ്ഞു: ”ഞാന്‍ മന്ത്രിച്ച് വിഷമിറക്കാം. പക്ഷേ, ഞങ്ങള്‍ നിങ്ങളോട് ഞങ്ങളെ സല്‍ക്കരിക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ സല്‍ക്കരിച്ചില്ല. അതിനാല്‍ നല്ല പ്രതിഫലം ലഭിച്ചാല്‍ മാത്രമേ ഞാന്‍ മന്ത്രിക്കുകയുള്ളൂ.” ഒരുകൂട്ടം ആടുകളെ നല്‍കാമെന്നവര്‍ സമ്മതിച്ചു. അദ്ദേഹം ചെന്ന് ഫാതിഹ സൂറ ഓതി മന്ത്രിക്കുകയും വിഷമിറക്കുകയും ചെയ്തു. കിട്ടിയ ആടുകളെ അവര്‍ ഓഹരി വെക്കാന്‍ ആലോചിച്ചപ്പോള്‍ മന്ത്രിച്ച സ്വഹാബി പറഞ്ഞു: ”നാം നബി(സ)യുടെ അടുക്കല്‍ ചെന്ന് വിവരം പറഞ്ഞ് അവിടുന്ന് കല്‍പിക്കുന്നതനുസരിച്ച് പ്രവര്‍ത്തിക്കാം.” നബി(സ) അവരെ അംഗീകരിക്കുകയും നബി(സ)ക്കു കൂടി ഒരു വിഹിതം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (ബു. മു.)
രോഗചികിത്സക്കായി മന്ത്രപ്രയോഗം നബി(സ)യും സ്വഹാബത്തും ധാരാളമായി നടത്തിയിരുന്നു എന്ന് തെളിയിക്കാനാണ് ഇത്രയും വിവരിച്ചത്. മന്ത്രിക്കുന്നതില്‍ ഊതല്‍ അനുവദനീയമാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ടെന്നും സ്വഹാബാക്കള്‍, താബിഉകള്‍, ശേഷമുള്ളവര്‍ എന്നിവരിലെ ഭൂരിപക്ഷവും അത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇമാം നവവി(റ) ശറഹ് മുസ്‌ലിമില്‍ പ്രസ്താവിച്ചിരിക്കുന്നു. (2/222). ഊതുക എന്നതിന് ‘നഫസ’ എന്നാണ് ഹദീസുകളിലും മറ്റും പ്രയോഗിച്ചുകാണുന്നത്. ഉമിനീരോട് കൂടെ ഊതുക എന്നാണ് നഫസ എന്ന വാക്കിനര്‍ത്ഥം. ഇങ്ങനെ ഊതുന്നതിന്റെ പ്രയോജനം ശറഹുമുസ്‌ലിമില്‍ വിവരിക്കുന്നു. ആ നനവ് കൊണ്ടും വായു കൊണ്ടും മന്ത്രത്തോടു ചേര്‍ന്ന ശ്വാസം കൊണ്ടും ബറക്കത്ത് ലഭിക്കുകയെന്നാണ് ഊതുന്നതിന്റെ ഫാഇദ. ദിക്‌റുകള്‍, അസ്മാഉല്‍ ഹുസ്‌ന തുടങ്ങിയവ മായ്ച് വെള്ളം കൊണ്ട് ബറക്കത്തെടുക്കുന്നത് പൊലെയത്രെ അത്. ഇമാം മാലിക്(റ) സ്വന്തം ശരീരത്തില്‍ മന്ത്രിച്ച് ഊതാറുണ്ടായിരുന്നു.
കെട്ടുകളില്‍ ഊതുന്നവരുടെ നാശത്തെ തൊട്ട് കാവല്‍ ചോദിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.. (സൂറത്തുല്‍ ഫലഖ്). ഇതിനെക്കുറിച്ച് ഇമാം റാസി പറയുന്നു: ശരീരത്തെയും ആത്മാവിനെയും വിഷമിപ്പിക്കുന്ന മാരണം (സിഹ്‌റ്) ആകുമ്പോഴാണ് കെട്ടുകളില്‍ ഊതുന്നത് ആക്ഷേപാര്‍ഹമാവുക. തടിയെയും റൂഹിനെയും ശരിപ്പെടുത്തി നന്നാക്കാനാണ് ഊതുന്നതെങ്കില്‍ അത് ഹറാമല്ലെന്ന് പറയല്‍ അനിവാര്യമാണ്. (തഫ്‌സീര്‍ റാസി 32/189)
മൂന്ന് നിബന്ധനകള്‍ ഒത്തുവന്നാല്‍ മന്ത്രം അനുവദനീയമാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ടെന്ന് മഹാനായ ഇബ്‌നുഹജര്‍ അസ്ഖലാനി രേഖപ്പെടുത്തിയിരിക്കുന്നു. നിബന്ധനകള്‍:
(1) മന്ത്രിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങള്‍ കൊണ്ടോ അസ്മാഅ്-സ്വിഫാത്ത് കോണ്ടോ വചനങ്ങള്‍ കൊണ്ടോ ആവണം.
(2) അറബി ഭാഷയിലോ അര്‍ത്ഥമറിയുന്ന മറ്റു ഭാഷകളിലോ ആയിരിക്കണം.
(3) മന്ത്രം സ്വയം ഫലംചെയ്യുകയില്ലെന്നും അല്ലാഹുവാണ് ഫലമുണ്ടാക്കുന്നതെന്നും വിശ്വസിച്ചിരിക്കണം. (ഫത്ഹുറബ്ബാനി)