സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 30 January 2017

ഉമ്മയുടെ തേട്ടം:നേട്ടത്തിനും കോട്ടത്തിനും





ജുറയ്ജിന്റെ കഥ കേട്ടോളൂ.
ആള്‍ വലിയ ഭക്തനായിരുന്നു. നിസ്‌കാരത്തിലും നോമ്പിലും മറ്റും മുഴുകിയ ജീവിതം. ഒരു മണ്‍കുടില്‍ നിര്‍മിച്ച് അതിനകത്ത് ആരാധനയില്‍ കഴിഞ്ഞു ആ മഹാന്‍.
ഒരു ദിവസം ഉമ്മ കാണാന്‍ വന്നു. പുറത്തുനിന്നു മകനെ വിളിച്ചു.
മകന്‍ അപ്പോള്‍ നിസ്‌കരിക്കുകയായിരുന്നു. ഉമ്മയുടെ ശബ്ദം കേട്ട് ജുറയ്ജ് ആശയക്കുഴപ്പത്തിലായി. നിസ്‌കാരം തുടരണോ, ഉമ്മയുടെ വിളി കേള്‍ക്കണോ?
നിസ്‌കാരമല്ലേ വലുത് എന്നുചിന്തിച്ച് അദ്ദേഹം നിസ്‌കാരം തുടര്‍ന്നു.
പിറ്റേന്നും ഉമ്മ വന്ന് വിളിച്ചു. അന്നും ജുറയ്ജ് നിസ്‌കാരം തുടര്‍ന്നു.
മൂന്നാം ദിവസവും ഉമ്മവന്നു, വിളിച്ചു.
ജുറയ്ജ് നിസ്‌കാരത്തില്‍ തന്നെ.
മകന്‍ വിളി കേള്‍ക്കാതിരുന്നതോടെ ഉമ്മ തെറ്റിദ്ധരിച്ചു. എന്റെ മുഖമൊന്നു കാണാന്‍ പോലും അവനു പറ്റില്ലെന്നോ? എങ്കില്‍ ‘പടച്ചവനേ, വേശ്യയുടെ മുഖത്തുനോക്കിയിട്ടല്ലാതെ അവനെ നീ മരിപ്പിക്കരുതേ’ എന്ന് ഉമ്മ സങ്കടത്തോടെ പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥിച്ചത് ഉമ്മയാണ്. ഫലിക്കാതിരിക്കുമോ?
അതിനു വഴിയൊരുങ്ങുന്നത് നോക്കൂ. മഹാഭക്തനായ ജുറയ്ജ് പ്രസിദ്ധനായി. ആളുകള്‍ അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ടിരുന്നു. നാട്ടില്‍ ഒരു വേശ്യയുണ്ടായിരുന്നു. സുന്ദരി എന്നു പറഞ്ഞാല്‍ പോരാ. സൗന്ദര്യത്തിന് ഉപമയാക്കാറുണ്ട് അവളെ.
തന്റെ സൗന്ദര്യത്തില്‍ ആരും വീണുപോകുമെന്നു വിശ്വാസമുള്ള അവള്‍ വെല്ലുവിളിച്ചു; ജുറയ്ജിനെയും വീഴ്ത്തുമെന്ന്.
ചമഞ്ഞൊരുങ്ങി അവള്‍ ജുറയ്ജിനെ സമീപിച്ചു. പക്ഷേ അദ്ദേഹം തിരിഞ്ഞു നോക്കിയതുപോലുമില്ല.
അവള്‍ക്ക് നാണക്കേടും പകയുമായി. എന്റെ സൗന്ദര്യത്തില്‍ വീഴാത്ത ഒരു മനുഷ്യനോ? ആളുകളറിയുമ്പോള്‍ തനിക്ക് കുറച്ചിലല്ലേ?
അവള്‍ പരിഹാരം കണ്ടു. ഒരു ഇടയനില്‍ നിന്ന് ഗര്‍ഭംധരിച്ച് പ്രസവിച്ചു. കുട്ടി ജുറയ്ജിന്റേതാണെന്ന് പ്രചരിപ്പിച്ചു. ജനം ഇളകി. അവര്‍ അദ്ദേഹത്തെ പിടിച്ചുവലിച്ചിട്ടു മര്‍ദ്ദിച്ചു. കുടില്‍ തകര്‍ത്തു.
ആളുകള്‍ ഒന്നടങ്ങിയപ്പോള്‍ അദ്ദേഹം സംഭവമെന്താണെന്നന്വേഷിച്ചു. കാര്യമറിഞ്ഞപ്പോള്‍ ആ കുട്ടിയെ ഒന്നു കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടുറക്അത്ത് നിസ്‌കരിച്ച ശേഷം ആ കുഞ്ഞിന്റെ വയറിലൊന്ന് കുത്തിയിട്ട് ജുറയ്ജ് ചോദിച്ചു: കുട്ടീ, നിന്റെ പിതാവാരാണ്?
തൊട്ടിലില്‍ കിടന്ന് ഈസാ(അ) സംസാരിച്ചപോലെ ഈ കുട്ടിയും സംസാരിച്ചു: ‘എന്റെ പിതാവ് ഇന്ന ഇടയനാണ്.’
വിസ്മയിച്ചുപോയ ആളുകള്‍ക്ക് സംഗതി തിരിഞ്ഞു. അവര്‍ ജുറയ്ജിനോട് മാപ്പുചോദിച്ചു. തകര്‍ത്ത കുടിലിനു പകരം സ്വര്‍ണം കൊണ്ട് വീടുപണിതുതരാമെന്ന് പറഞ്ഞു.
വേണ്ട, പഴയപോലെ മണ്ണുകൊണ്ട് മതിയെന്ന് ജുറയ്ജ്.
നബി(സ്വ) പറഞ്ഞതാണീ ചരിത്രകഥ.
ഗൗരവമുള്ള ഒരു പാഠം ഇതില്‍ നിന്ന് ഗ്രഹിക്കാനുണ്ട്. ഉമ്മയുടെ പ്രാര്‍ത്ഥന, അത് വളരെ ഗൗരവമുള്ളതാണ്. സ്വീകാര്യമായ പ്രാര്‍ത്ഥനയാണത്.
അനുകൂലമായാലും പ്രതികൂലമായാലും മാതാവ് മനസ്സറിഞ്ഞുപ്രാര്‍ത്ഥിച്ചാല്‍ ഫലിക്കും. നേട്ടങ്ങള്‍ കിട്ടിയ ഒട്ടേറെ മക്കളുടെ ചരിത്രം നമുക്ക് മുമ്പിലുണ്ട്. ഉമ്മയുടെ പ്രാര്‍ത്ഥനാ ഫലത്താല്‍ മഹാ വിജയം വരിച്ചവര്‍. മഹത്തുക്കളായ പല ഇമാമുകളുടെയും ചരിത്രം അതാണ്.
ആത്മീയ ഔന്നിത്യം മാത്രമല്ല, ഭൗതിക നേട്ടത്തിനും ഉമ്മയുടെ പ്രാര്‍ത്ഥന നിമിത്തമാകും. വര്‍ത്തമാന കാലത്തു നാം കാണുന്നതും അതൊക്കെത്തന്നെയാണ്. പണവും പദവിയും പത്രാസുമൊക്കെ പലര്‍ക്കും കിട്ടിയത് മാതാവ് വഴി തന്നെയാണ്. പക്ഷേ ഉന്നതിയിലെത്തിയ മക്കള്‍ പലരും അറിയുന്നില്ല ഇതെന്റെ ഉമ്മയുടെ തേട്ടത്തിന്റെ ഫലമാണെന്ന്. സ്വന്തം സാമര്‍ത്ഥ്യം കൊണ്ടെന്ന് മേനി നടിക്കുകയാണവര്‍. ഉമ്മമാരാകട്ടെ, അതുപറഞ്ഞു ആളാവുകയുമില്ല. അതല്ലേ ഉമ്മ!
മാതൃപ്രാര്‍ത്ഥന സൂക്ഷിക്കണമെപ്പോഴും; മാതാവും മക്കളും. പ്രതികൂലമായി പ്രാര്‍ത്ഥിച്ചു പോകാതിരിക്കാന്‍ ഉമ്മ ശ്രദ്ധിക്കണം. അങ്ങനെ പ്രാര്‍ത്ഥനക്കിരയാവാതിരിക്കാന്‍ മക്കളും.
സങ്കടം പരിധി വിടുമ്പോഴേ ഉമ്മയില്‍ നിന്നു മക്കള്‍ക്കെതിരായ പ്രാര്‍ത്ഥനയുണ്ടാകൂ. അതിനിട വരുത്തുന്ന മക്കള്‍ തന്നെയാണ് കുറ്റവാളികള്‍.
എങ്കിലും ഉമ്മ ശ്രദ്ധിച്ചേ പറ്റൂ. പ്രാര്‍ത്ഥന ഫലിച്ചുകഴിഞ്ഞാല്‍ ഉമ്മാക്കു തന്നെ അതില്‍ ഖേദം തോന്നും. പക്ഷേ പരിഹാരം പിന്നെ അസാധ്യമായേക്കും.
നിങ്ങള്‍ സ്വന്തം ദേഹങ്ങള്‍ക്കോ മക്കള്‍ക്കോ എതിരായി പ്രാര്‍ത്ഥിക്കരുത് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടെന്നറിയുക(മുസ്‌ലിം).
മക്കളുടെ അനുസരണക്കേടും അവിവേകവുമാണ് ഉമ്മമാരെ പ്രകോപിതരാക്കുന്നത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മക്കള്‍ ഉമ്മയെ വേദനിപ്പിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അവര്‍ റബ്ബിനോട് തേടിപ്പോകും.
ഉമ്മയുടെ മഹത്വം മക്കള്‍ക്ക് പറഞ്ഞുതരികയും അവര്‍ക്ക് വഴിപ്പെടാന്‍ കല്‍പ്പിക്കുകയും ചെയ്ത റബ്ബ് വേദനിക്കുന്ന ഉമ്മയുടെ തേട്ടം സ്വീകരിക്കാതിരിക്കുമോ?
ജുറയ്ജിന്റെ മാതാവ് തെറ്റിദ്ധരിച്ചാണ് പ്രാര്‍ത്ഥിച്ചത്. അതും നിസ്‌കാരത്തിലായിട്ട്. എന്നിട്ടും അല്ലാഹു അത് സ്വീകരിക്കാതിരുന്നില്ല. എങ്കില്‍…
ഉമ്മയുടെ പദവി അറിയാത്ത മക്കളാണിന്നേറെ. ഞാന്‍ പറയുന്നതൊക്കെ ഉമ്മ അനുസരിക്കണമെന്നു ചിന്തിക്കുന്ന മൂഢന്മാര്‍.
ഉമ്മയോട് തനിക്കു തീര്‍ത്താല്‍തീരാത്ത കടപ്പാടുണ്ടെന്നും ഞാന്‍ ഉമ്മയെ അനുസരിക്കുകയും ആദരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അറിഞ്ഞു പ്രവര്‍ത്തിക്കുന്ന മക്കള്‍ക്ക് ഉമ്മയിലൂടെ ഭാഗ്യം നേടാം. അല്ലാത്തവര്‍ക്ക് ഉമ്മ വഴി നിര്‍ഭാഗ്യവും.
ജുറയ്ജിന്റെ കഥ പറഞ്ഞുതന്ന നബി(സ്വ) ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. ജുറയ്ജ് പണ്ഡിതനായിരുന്നുവെങ്കില്‍ ഉമ്മയുടെ വിളിക്ക് പ്രത്യുത്തരം ചെയ്യുമായിരുന്നു. എന്ന്. ഉമ്മയുടെ വിളി കേള്‍ക്കാന്‍ സുന്നത്തു നിസ്‌കാരം മുറിക്കാമെന്നര്‍ത്ഥം.
ഉമ്മ ആരാണെന്ന് മനസ്സിലായോ?


സ്വാദിഖ് അന്‍വരി

Sunday, 29 January 2017

അലി(റ)




ഹിജ്റക്ക് മുമ്പ് 53-ാം കൊല്ലത്തില് ജനിച്ചു. ഉമ്മ ഹൈദര് എന്ന പേര് വെച്ചു. ഉപ്പ അലി എന്നും പേരിട്ടു. റസൂലിന്റെ സംരക്ഷണം അബൂത്വാലിബിന്റെ കൈയിലെത്തിയപ്പോള് രണ്ട് പേരും ഉറ്റ ചങ്ങാതിമാരായി. അത് കൊണ്ടാണ് അലി(റ) ആദ്യഘട്ടത്തില് തന്നെ മുസ്ലിമായത്. അബൂത്വാലിബിന്റെ വീട് നബി (സ്വ) യുടെ സംരക്ഷണ വലയം കൂടിയായിരുന്നു. ഖദീജയുമായുള്ള വിവാഹാലോചന നടത്തുകയും മഹ്റിന് പണം കണ്ടെത്തിയതും അബൂത്വാലിബാണ്. റസൂലിനെതിരെയുള്ള അവിശ്വാസികളുടെ പ്രലോഭനത്തിലകപ്പെടാതെ പൂര്ണ്ണവലയം തീര്ത്ത അബൂത്വാലിബ് റസൂലിന്റെ ജീവിതത്തിലെ അവിസ്മരണീയ അദ്ധ്യായമാണ്. ആ തീരാത്ത കടപ്പാടിന്റെ ബന്ധമായിരുന്നു. അലി(റ) നോടും. അബൂത്വാലിബിന്റെ നാല് ആണ്മക്കളിലെ ഇളയ മകനാണ് അലി (റ).
ഒരിക്കല് മക്കയില് വ്യാപിച്ച ശക്തമായ ദാരിദ്രത്തില് നിന്നും രക്ഷ നേടാനായി അബൂത്വാലിബിനെ തന്റെ മക്കളെ ഏറ്റെടുക്കാമെന്ന് പറഞ്ഞ് അബ്ബാസ്, ഹംസ, റസൂല് തുടങ്ങിയവര് സമീപിച്ചു. നബി(സ്വ)ഏറ്റെടുത്തത് അലി (റ) വിനെയാണ്. അത് മുതല്ക്കാണ് അലി (റ) വിന്റെ ജീവിതം കരുപിടിച്ച് തുടങ്ങിയത്. ഏകദേശം തന്റെ ആറാം വയസ്സിലാണിത്. അവിടുന്നങ്ങോട്ട് അലി (റ) നെ റസൂല് ചിട്ടപ്പെടുത്തിയെടുത്തു. ബിംബത്തെ കാണാതെ കള്ള് കുടിക്കാതെ, മറ്റു അനാശ്യാസ പ്രവണതകളിലേക്ക് ചായാതെ, തീര്ത്തും മാതൃകാപരമായ ജീവിതം കെട്ടിപ്പടുക്കാന് അലിക്ക് ഈ കൂട്ട് വലിയ തുണയായി. അതിനാലാണ് തന്റെ പത്ത് വയസ്സായപ്പോഴേക്കും റസൂല് കൊണ്ടു വന്ന ദിപശിഖയെ കൈയേന്താന് സമയമെടുക്കാതിരുന്നത്. പ്രവാചക്ത്വം നല്കപ്പെട്ട പിറ്റേ ദിനം തന്നെ അലി (റ) മുസ്ലിമായെന്നാണ് ചരിത്രം.
കുട്ടികളിലെ പ്രഥമവിശ്യാസി, ബനൂഹാശിം കുടുംബത്തിലെ പ്രഥമഖലീഫ, മികച്ച സാഹിത്യ ഭാഷകന്, പ്രപഞ്ചപരിത്യാഗി, വിജ്ഞാനത്തിന്റെ കെടാവിളക്ക് എന്നീ തീരാത്ത മഹിമകളുടെ ഉടമായാണ് അലി(റ). ഹിജ്റക്ക് ശേഷം റസൂല് വിശ്വാസികളെ പരസ്പരം അകമഴിഞ്ഞ് സുഹൃത്തുക്കളാക്കിയ വേളയില് കലങ്ങിയ കണ്ണുമായി അലി (റ) വന്നു. ഓ നബിയെ എനിക്കാരും കൂട്ടിനില്ല. നബി (സ്വ) പറഞ്ഞു: “ദുന്യാവിലും പരലോകത്തും ഞാനുണ്ട് നിങ്ങള്ക്ക് കൂട്ടിന്”. ഒരിക്കല് നബി (സ്വ) പറഞ്ഞു: “ഞാന് ആരുടെ നേതൃത്വമാണോ, അലി അവര്ക്കും നേതാവാണ്”. അലിയെ സ്നേഹിക്കാന് വിശ്വാസിക്കെ കഴിയുകയുള്ളു. വെറുക്കാന് കപടനും.
കണിശ ബുദ്ധി, അര്ത്ഥം നിറഞ്ഞ വാക്കുകള്, പിഴക്കാത്ത തീരുമാനം എന്നീ ഗുണങ്ങളാല് അബൂബക്കര് (റ) വിന്റെ കാലത്ത് തന്നെ ഫത്വക്ക് അവസാനവാക്കായിരുന്നു. ഉമര് (റ)ന്റെ കാലത്തും സ്ഥിതി തുടര്ന്നു. ഉമര് (റ) പറയാറുണ്ട് അലിയാണ് ഞങ്ങളിലെ ഏറ്റവും വലിയ വിധികര്ത്താവ്. അങ്ങേയറ്റത്തെ ദീനാനുകമ്പ മഹാനിലെ ഗുണമായിരുന്നു. ഒരിക്കല് മഹാന് തന്റെ അടിമയെ ആവര്ത്തിച്ച് വിളിച്ചെങ്കിലും വന്നില്ല. മഹാന് ചെന്നു നോക്കുമ്പോള് ഉറങ്ങാതെ കിടക്കുന്നു. “എന്തേ നീ വിളിക്കുത്തരം ചെയ്യാതിരുന്നത് ?”. അടിമ പറഞ്ഞു: “താങ്കള് വലിയ കരുണയുള്ളയാളായതിനാല് പ്രശ്നമില്ലല്ലോ എന്ന് കരുതി മടി കാണിച്ചതാണ്”. മഹാന് പറഞ്ഞു: “നിനക്ക് പോകാം. നീ മോചിതനാണ്”. ഭൗതിക ലാവണ്യങ്ങളില് കണ്ണഞ്ചാതെ അപരന് തന്റെ ജീവിതോപാധികള് വരെ കൈമാറി ലോകത്തിനു മുന്നില് പ്രപഞ്ച പരിത്യാഗത്തിന്റെ തീരാത്ത മാതൃകകള് സ്രഷ്ടിച്ചു.
ഒരിക്കല് അലി (റ) ഒരു യഹൂദിക്ക് വേണ്ടി പണിയെടുത്തു. കൂലി അല്പം ഗോതമ്പ് മണികള്. അതിനെ മൂന്നായി ഭാഗിച്ച് പൊടിച്ച് ഒരു ദിനത്തെ ഭക്ഷണം ഫാത്വിമ(റ) ചുട്ടെടുത്ത് നില്ക്കവെ ഒരു മിസ്കീന് വാതിലില് മുട്ടി. അതവന് കൊടുത്തു. രണ്ടാം ഭാഗം പൊടിച്ച് തയ്യാറാക്കിയ നേരത്താണ് ഒരു യതീം കതകില് മുട്ടുന്നത്. അതവനും നല്കി. മൂന്നാം ഭാഗം ചുട്ട് തയ്യാറാക്കിയ വേളയില് വാതിലില് ഒരു തടവുകാരന് മുട്ടുന്നു. അത് അവനിക്കും സമ്മാനിച്ചു. ആ ദമ്പതികള്ക്ക് മുഴു പട്ടിണി. ഈ വലിയ ത്യാഗത്തെ ഖുര്ആന് പോലും പ്രശംസിച്ച് പോയി. മറ്റൊരു സംഭവം: ഒരു ദിനം തന്റെ അടിമയോട് അലി(റ) വിലയിലും ഭംഗയിലും വിത്യാസമുള്ള രണ്ട് വസ്ത്രങ്ങള് മേടിക്കാന് കാശ് കൊടുത്തു. അവന് വാങ്ങി വന്നപ്പോള് മുന്തിയ നല്ല ഭംഗിയുള്ള വസ്ത്രം അവനു നല്കിക്കൊണ്ടു പറഞ്ഞു: “നിനക്കിതാണ് ഭംഗി”.
അറബി വ്യാകരണ നിയമത്തിന്റെ പിറവിക്ക് പിന്നില് അലി (റ) ആണ്. ഇസ്ലാം ലോകമെമ്പാടും വ്യാപിച്ചു. പല രാജ്യങ്ങളും ഇസ്ലാമിക ഭരണത്തിനധീനമായി. തല്ഫലമായി അറബി ഭാഷക്ക് സാരമായ ഭംഗം വന്നു തുടങ്ങിയിരുന്നു. ഈ വിപത്തില് നിന്നും എന്താണ് രക്ഷാമാര്ഗമെന്നാലോചിച്ച് അബുല് അസ്വദ് (റ) അലി (റ) നെ സമീപിച്ചു. അലി (റ) പറഞ്ഞു തുടങ്ങി: “വാക്യം ഇസ്മ്, ഫിഅ്ല്, ഹര്ഫ് തുടങ്ങിയവയാലുണ്ടാകുന്നതാണ്. ഇസ്മ് ചിലപ്പോള് മര്ഫൂഓ മന്സൂബോ മജ്റൂറോ ആകും. ഇത് പോലെ നീ നിയമങ്ങള് കണ്ടെത്തുക”.
അലി (റ) ആദ്യം വിവാഹം കഴിച്ചത് ഫാത്വിമ(റ) യെയാണ്. ഹസന്, ഹുസൈന്, സൈനബ, ഉമ്മുഖുല്സും, മുഹ്സിന് തുടങ്ങിയ സന്താനങ്ങള്ക്ക് സൗഭാഗ്യമുണ്ടായി. ഫാത്വിമ(റ) വഫാതായതിന് ശേഷം അസ്മാഅ ബിന്ത് ഉമൈസിനെ വിവാഹം കഴിച്ചു. ഇവര് അബൂബക്കര് (റ) ന്റെ ഭാര്യയായിരുന്നു. മഹാന്റെ വഫാതിന് ശേഷമാണ് ഈ വിവാഹം നടന്നത്. ഖൗല ബിന്ത് ജഅ്ഫര് എന്ന മഹതിയും ഭാര്യയാണ്. ഇവരിലാണ് മുഹമ്മദ് ബ്നുല് ഹനഫിയ എന്ന കുട്ടി ജനിക്കുന്നത്. അര്ത്ഥവത്തായ ധാരാളം പ്രയോഗങ്ങള് അലി (റ) വിന്റെതായി പ്രസിദ്ധമാണ്. ചിലത് കാണുക. “നിന്റെ അടുപ്പക്കാര് സ്നേഹിച്ചടുത്തടുത്തവരാണ്, അവന് നിന്റെ കുടുംബക്കാരനല്ലെങ്കിലും. നിന്നോടകന്നവന് ശത്രുതയാല് അകന്നവനാണ്. അവന് നിന്റെ കുടംബക്കാരനായാലും”. “കൈയ്യോളം ശരീരത്തിനോടടുത്ത അവയവമില്ല. പക്ഷെ കൈ കേട് വന്നാല് മുറിച്ച് മാറ്റേണ്ടി വരും”. മഹാന് പറയുന്നു: “ഏഴ് കാര്യങ്ങള് പൈശാചികമാണ്. അമിതകോപം, അമിത കോട്ടുവായ, ചര്ദ്ദി, ഊന് രക്തം പൊടിയല്, രഹസ്യം പറയല്, ദിക്റിന്റെ വേളയില് ഉറക്കം”.
അലി (റ) ന്റെ കാലഘട്ടത്തില് വിഭിന്നങ്ങളായ പ്രതിസന്ധികള് ഉടലെടുത്തു. പ്രധാനമായും ഖവാരിജ് എന്ന പുത്തന് ചിന്താഗതിക്കാര് പ്രശ്നങ്ങള്ക്ക് ആക്കം കൂട്ടി. അലി(റ) നോടുള്ള അമര്ഷമായിരുന്നു അവരുടെ ആകെത്തുക. അബ്ദുറഹ്മാനു ബ്നുല് മുല്ജിം എന്ന വ്യക്തിയെ ഉപയോഗപ്പെടുത്തി അവര് അലി(റ) വിനെ കൊലപ്പെടുത്തി.