സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 9 September 2020

നാവ്

 


✍🏼ജീവിതത്തില്‍ നാം സൂക്ഷിക്കേണ്ട പ്രധാന അവയവങ്ങിലൊന്നാണ് നാവ്. സ്വര്‍ഗത്തില്‍ പ്രവേശിക്കാനും നരകത്തില്‍ നിന്ന് രക്ഷപ്പെടാനുമുള്ള മാര്‍ഗം അന്വേഷിച്ച മുആദ് (റ)നോട് നബി (സ) പറഞ്ഞത് നാവിനെ പിടിച്ചുവെക്കുക എന്നാണ്. അപ്പോള്‍ മുആദ് (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, നാം സംസാരിച്ചതിന്റെ പേരില്‍ നാം ശിക്ഷിക്കപ്പെടുമോ?’ തങ്ങളുടെ നാവ് സമ്പാദിച്ചത് കാരണമായിരിക്കും ആളുകള്‍ നരകത്തില്‍ മുഖം കുത്തിവീഴുക എന്നാണതിന് പ്രവാചകന്‍ (സ) മറുപടി നല്‍കിയത്. നമ്മുടെ വീടകങ്ങളില്‍ ഏറ്റവും പരിശീലനവും നിയന്ത്രണവും നേടേണ്ട അവയവമാണ് നാവ്. നമ്മുടെ വാക്കുകള്‍ നന്നാക്കുകയും ആ രൂപത്തില്‍ നമ്മുടെ മക്കളുടെ സംസാരം ക്രമീകരിക്കുകയും വേണം. 



അല്ലാഹു നാവിനെ സംവിധാനിച്ചതിന്റെ പിന്നിലെ രഹസ്യം നാം വിസ്മരിക്കരുത്. രണ്ട് ചുണ്ടുകളും രണ്ട് നീണ്ട നിര പല്ലുകളും മതിലുകള്‍ കണക്കെ തയാര്‍ ചെയ്ത് അതിനകത്ത് നാവിനെ സ്ഥാപിച്ചത് അതിനെ സൂക്ഷിക്കേണ്ടതിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ്. ഉപകാരമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം സംസാരിക്കുന്നതാണ് ബുദ്ധി. ഒരാളുടെ ബുദ്ധി പൂര്‍ണമായാല്‍ അവന്റെ സംസാരം കുറയുമെന്ന കവിയുടെ വാക്ക് പ്രസിദ്ധമാണല്ലോ. 


ഒരു അഅ്‌റാബി നബി (സ)യോട് ചോദിച്ചു: എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു ആരാധന പറഞ്ഞ് തരൂ.. അവിടുന്ന് പറഞ്ഞു: വിശന്നവനെ ഭക്ഷിപ്പിക്കുക. ദാഹിക്കുന്നവനെ കുടിപ്പിക്കുക. നല്ലത് കൊണ്ട് കല്‍പിക്കുക. ചീത്തയെ വിരോധിക്കുക. ഇതിനൊന്നും സാധിക്കുകയില്ലെങ്കില്‍ നിന്റെ നാവിനെ സൂക്ഷിക്കുക. 


 നാവിന്റെ വിപത്തുകള്‍ വളരെയധികമാണ്. വാ തോരാതെ അന്യരെ പറ്റി ഏഷണിയും പരദൂഷണവും പറയുന്നവര്‍ വ്യക്തിജീവിതത്തില്‍ ശുദ്ധരല്ലെന്നാണ് മനഃശാസ്ത്രജ്ഞരുടെ നിഗമനം. വായില്‍ വരുന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കുക എന്നത് വിശ്വാസികളുടെ സ്വഭാവമല്ല. വാക്കുകള്‍ എത്ര ചെറുതാണെങ്കിലും അവ രേഖപ്പെടുത്തുമെന്നും അവയുടെ പേരില്‍ താന്‍ അല്ലാഹുവിന്റെ സന്നിധിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും തിരിച്ചരിഞ്ഞവനാണല്ലോ വിശ്വാസി. അതിനാല്‍ സൂക്ഷിച്ചു മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. അല്ലാഹു പറയുന്നു: സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നല്ല വാക്ക് സംസാരിക്കുക. എങ്കില്‍ അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിതീര്‍ക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും (അസ്ഹാബ് 70,71 ).


 നബി(സ) യുടെ സംസാര രീതിയെ കുറിച്ച് ആഇശ (റ) പറയുന്നു. അല്ലാഹുവിന്റെ ദൂതന്‍ തുരുതുരാ സംസാരിക്കുന്ന ആളായിരുന്നില്ല. അവിടുന്ന് പറയുന്ന വാക്കുകള്‍ ഒരാള്‍ക്ക് വേണമെങ്കില്‍ എണ്ണാന്‍ പോലും കഴിയുമായിരുന്നു ( ബുഖാരി, മുസ്‌ലിം).


 ഭവനങ്ങളില്‍ റസൂലിന്റെ സംസാരം എങ്ങിനെ ആയിരുന്നെന്ന് ഇത് വരച്ചു കാട്ടുന്നുണ്ട്. ഹസന്‍(റ)പറഞ്ഞു: ബുദ്ധിമാന്റെ നാവ് അവന്റെ ഹൃദയത്തിന്റെ പിന്നിലാകുന്നു, എന്തെങ്കിലും സംസാരിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ ചിന്തിക്കും, അതവന് നന്മയാണെങ്കില്‍ അവനത് പറയും, അവനത് തിന്മയാണെങ്കില്‍ നിശബ്ദനായിരിക്കും. അറിവില്ലാത്തവന്റെ ഹൃദയം അവന്റെ നാവിന് പിന്നിലാകുന്നു. സ്വന്തം ന്യൂനതകളെയും ദൗര്‍ബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി. തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന്‍ അപരന്റെ ന്യൂനതകള്‍ അന്വേഷിച്ചു പരക്കം പായുകയോ പ്രചരിപ്പിക്കുകയോ ഇല്ല. പ്രവാചകന്‍(സ) പറഞ്ഞു: തന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടന്നതിനാല്‍ ജനങ്ങളുടെ ന്യൂനതകള്‍ വിസ്മരിച്ച വ്യക്തിക്ക് ഭാവുകങ്ങള്‍ (ബൈഹഖി). ആരെങ്കിലും ഇങ്ങോട്ട് ചീത്ത വിളിച്ചാല്‍ ക്ഷമിക്കലാണ് ശ്രേഷ്ഠവും കരണീയവും. അപ്പോള്‍ മലക്കുകള്‍ ചീത്ത പറയുന്നവനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും. തിരിച്ചും ചീത്ത വിളിച്ചാലോ? സദസ്സ് ഭാഗ്യശൂന്യമായി, മലക്കുകള്‍ പിരിഞ്ഞു പോകും.


 ഒരിക്കല്‍ നബി(സ) തങ്ങളും സ്വഹാബത്തും ഒരു സദസ്സില്‍ ഇരിക്കുന്ന സമയത്ത് ഒരാള്‍ കടന്നു വന്നു എന്നിട്ട് അബൂബക്കര്‍ സിദ്ദീഖ് (റ)നെ അക്ഷേപിക്കാന്‍ തുടങ്ങി. അബൂബക്കര്‍ സിദ്ദീഖ് (റ) തിരിച്ചൊന്നും പറഞ്ഞില്ല. അല്‍പ നേരം കഴിഞ്ഞ് ആഗതന്‍ വീണ്ടും ആക്ഷേപിക്കാന്‍ തുടങ്ങി മൂന്നു പ്രാവശ്യം ഇതു തുടര്‍ന്നപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) തിരിച്ചും പറഞ്ഞു. അപ്പോള്‍ നബി (സ) തങ്ങള്‍ സദസില്‍ നിന്നും എഴുന്നേറ്റു പോയി. അബൂബക്കര്‍ സിദ്ദീഖ് (റ) നബിയോട് ചോദിച്ചു: നബിയേ, ഞാന്‍ തിരിച്ചാക്ഷേപിച്ചത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല അല്ലേ?. നബി(സ) തങ്ങള്‍ പറഞ്ഞു: അയാള്‍ ആക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന ഒരോ സമയത്തും ആകാശത്തു നിന്നും ഒരു മലക്ക് വന്ന് പറയുകയുണ്ടായി: അയാള്‍ പറയുന്നത് കളവാണെന്ന്. പക്ഷേ താങ്കള്‍ ആയാളെ തിരിച്ചാക്ഷേപിച്ചതാടെ മലക്കിന് പകരം വന്നത് പിശാചാണ്. അതു കൊണ്ടാണ് ആ സദസില്‍ നിന്നും ഞാന്‍ എഴുന്നേറ്റു പോന്നത്. 


സ്വന്തത്തിനോ അപരനോ ഉപകരിക്കുന്ന കാര്യത്തിനല്ലാതെ സംസാരിക്കരുത്. സംസാരിക്കുന്ന സന്ദര്‍ഭത്തിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാവണം. നാവിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരാളുടെ ഇഹപര സൗഭാഗ്യങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ (ബുഖാരി, മുസ്‌ലിം). 

ആഴത്തില്‍ മുറിവേല്‍പ്പിക്കാനും അവസാനിക്കാത്ത തര്‍ക്കങ്ങള്‍ സൃഷ്ടിക്കാനും കാരണമാകുന്ന വാക്കുകള്‍ക്കു പകരം ഒരു സമൂഹത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാനും അനേക നന്മകളുടെ കവാടം തുറക്കാനും ഉതകുന്ന വാക്കുകളാണ് അഭികാമ്യം. നമ്മുടെ ഭവനങ്ങള്‍ ഇതിന്റെ പരിശീലനക്കളരി ആകണം. പക്ഷെ, പുറത്തിങ്ങിയാല്‍ വാക്കുകളില്‍ കാണിക്കുന്ന ശ്രദ്ധ വീടുകളിലെ സംസാരങ്ങളില്‍ കാണുന്നില്ല എന്നതാണ് ഖേദകരം. ഇത് പുതിയതലമുറയുടെ സംസ്‌കാരം ദുഷിപ്പിക്കും. അതിനാല്‍ ജാഗ്രതയോടെ ആകട്ടെ ഓരോ വാക്കുകളും. 

പകർന്നു കൊടുക്കുന്ന വിജ്ഞാനം പരമ പുണ്യമത്രേ..! (നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)