സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 20 June 2017

ലൗഡ് സ്പീക്കർ

  



എന്താണ് ലൗഡ് സ്പീക്കർ?
"ശ്രോതാക്കൾക്ക് വ്യക്തമായി കേൾക്കാൻ കഴിയത്തക്കവിധം ശബ്ദത്തെ ഉച്ചത്തിൽ ആക്കുന്ന വൈദ്യുതോപകരണം".

ഇനി ഞമ്മൾക്ക്  ജുമുഅ  ഖുതുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെക്കുറിച്ച്  ചർച്ച ചെയ്യാം. 

ജുമുഅ  ഖുതുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനു വിരോധമില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം വിരോധമില്ലെന്നാണ് പ്രമാണങ്ങൾ വ്യക്തമാക്കുന്നത്. ലൗഡ് സ്പീക്കർ ഉപയോഗിച്ചാൽ ഖുതുബയുടെ സാധുതയെ ബാധിക്കുമെന്ന് പറയുന്നവർക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിൽ അവരുടെ വാദം സമർത്ഥിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ച്  ലോകത്തെമ്പാടുമുള്ള മുസ്ലിംകൾ വാങ്കും ഖുതുബയും നിരാക്ഷേപം നിർവഹിച്ചു വരുന്നു. പണ്ഡിതന്മാരും സാദാത്തുക്കളും അത്തരം ജുമുഅകളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു.

വിഷയത്തിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് പരിശുദ്ധ മക്കയിലെ വിശ്രുത പണ്ഡിതനായിരുന്ന മർഹൂം സയ്യിദ് അലവി മാലിക്(റ) ലൗഡ്‌സ്‌പീക്കർ സംബന്ധമായി നൽകിയ ഫത്‍വ നമുക്ക് വായിക്കാം;


അർത്ഥം:
ഖുതുബയിലും  ജമാഅത്ത് നിസ്കാരത്തിലും ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കുന്നതിനെപ്പറ്റി വന്ന ചോദ്യത്തിന്റെ മറുപടി. പ്രാരംഭമുറകൾക്കുശേഷം.

 ഖുത്വുബയും ഇമാമിന്റെ ഖുർആൻ പാരായണവും ശ്രവിക്കുന്നതിനായി പല തെളിവുകളുടെ അടിസ്ഥാനത്തിൽ ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാവുന്നതാണ്.

1 - ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാർ ഹാജരാകുന്ന രണ്ട് ഹറം ശരീഫുകളിലും  ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ചിരുന്നു . പണ്ഡിതലോകം അത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും പരിശുദ്ധമായ സ്ഥലങ്ങളിൽ പോലും പണ്ഡിതന്മാർ അതിനെ വിമര്ശിച്ചിട്ടില്ല. ഇമാം അഹ്മദ്(റ) മർഫൂആയും മൗഖൂഫായും ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. ഹദീസ് മൗഖൂഫാണെന്നതാണ് ശരിയെങ്കിലും അതിന്റെ മാർഫൂഇന്റെ സ്ഥാനം തന്നെയാണുള്ളത്. കാരണത്തെ സ്വന്തം അഭിപ്രായം പറയാൻ വിഷയമല്ല അത്. "മുസ്ലിം ലോകം നല്ലതായി കാണുന്ന കാര്യം അല്ലാഹുവിന്റെ അടുക്കലും നല്ലതുതന്നെയാണ്". ഇതിന്റെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ ഖുത്വുബയിലും ജമാഅത്ത് നിസ്കാരത്തിലും ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാമെന്നത് പണ്ഡിതന്മാർ ഏകോപിച്ച്പറഞ്ഞ സ്ഥാനത്തായി. 

2 - മാധ്യമങ്ങൾക്ക്  ലക്ഷ്യങ്ങളുടെ വിധി തന്നെയാണുള്ളത്. ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കുന്നതിന്റെ ലക്‌ഷ്യം നല്ലതാണ്. ഖുത്വുബയും ഖിറാഅത്തും ശ്രവിക്കാനും ഇമാമിന്റെ നീക്കുപോക്കുകൾ കൃത്യമായി മനസ്സിലാക്കുവാനും അതുവഴി ഇമാമിനോടുള്ള തുടർച്ച സാധുവാക്കുവാനുമാണല്ലോ അതുപയോഗിക്കുന്നത്. എന്നുവരുമ്പോൾ അതും മതം അംഗീകരിക്കുന്ന ഒരു നല്ല കാര്യമായി തീരുന്നു. കാരണം ഖുത്വുബയും മറ്റും ശ്രദ്ദിച്ചുകേൾക്കാനായി മിണ്ടാതിരിക്കുകയെന്നത് മതം ആവശ്യപ്പെടുന്ന കാര്യമാണ്. ഹജ്ജത്തുൽ വദായിൽ വെച്ച് നബി(സ) ഇപ്രകാരം നിർദ്ദേശിച്ചുവല്ലോ: "ഓ ബിലാൽ, താങ്ങൾ ജനങ്ങളോട് മിണ്ടാതിരിക്കാൻ പറയൂ". 

3 - ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കുന്നതിനാൽ മതത്തിൽ വിരോധിക്കപ്പെട്ട വല്ല തകരാറും വന്നുചേരുകയോ മതത്തിന്റെ സ്ഥാപിത പൊതുതത്വങ്ങളിൽ ഏതെങ്കിലുമൊന്ന് ലംഘിക്കപ്പെടുകയോ ചെയ്യുന്നില്ല. പ്രത്യുത എല്ലാം നന്മ മാത്രമാണ്. നാശങ്ങൾ തട്ടിക്കളയുകയും നന്മകൾ സ്വീകരിക്കുകയും ചെയ്യുകയെന്ന അടിസ്ഥാന തത്വത്തിന്മേൽ സ്ഥാപിക്കപ്പെട്ടതാണ് മതം. ലൗഡ് സ്‌പീക്കറിന് വല്ല തകരാറും സംഭവിക്കുന്ന പക്ഷം അതിനാലുള്ള ലക്‌ഷ്യം സാക്ഷാൽക്കരിക്കപ്പെടാത്തതിനാൽ അത് ഓഫ്‌ഫാക്കൽ അനിവാര്യമാണെന്ന് നീ മനസ്സിലാക്കുന്നില്ലേ.

4 - നിഷിദ്ധമാണെന്ന്  അറിയിക്കുന്ന പ്രമാണമില്ലാത്തപ്പോൾ ഏതിന്റെയും അടിസ്ഥാന നിയമം അത് ഹലാലാണെന്നതാണ്. ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കൽ ഹറാമാണെന്ന് കാണിക്കുന്ന പ്രാമാണം  ഇല്ല. അങ്ങനെ വല്ലവർക്കും വാദമുണ്ടെങ്കിൽ അത് തെളിയിക്കേണ്ടുന്ന ബാധ്യത അവർക്കുണ്ട്. (മജ്‌മൂഉൽ ഫതാവാ  വറസാഇൽ: പേ: 174)

മേൽപ്പറഞ്ഞ പ്രമാണങ്ങൾ ശാഫിഈ കർമ്മശാസ്ത്ര ഗ്രൻഥങ്ങളിൽ നിന്നും സുലഭമായി ലഭിക്കുന്നതാണ്. 

കഴിയുന്നത്ര ഉച്ചത്തിൽ ബാങ്ക് വിളിക്കാൻ ഇസ്‌ലാം കല്പിച്ചിട്ടുണ്ട്. അത് ഉയർന്ന മിനാരം പോലെയുള്ള സ്ഥലത്ത് വെച്ചായിരിക്കൽ സുന്നത്താണെന്ന് കർമ്മശാസ്ത്ര പൺഡിതന്മാർ വ്യക്തമാക്കിയതാണ്. (ഫത്ഹുൽ മുഈൻ: പേ: 94 )

ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തങ്ങൾ കൂടുതൽ  ആളുകളെ കേൾപ്പിക്കാൻ വേണ്ടിയാണല്ലോ വിശുദ്ധ ഇസ്‌ലാം ഇപ്രകാരം നിർദ്ദേശിച്ചത്. ഇതുപോലെ നിസ്കാരത്തിൽ ഇമാം ഖുർആനും തക്ബീറും ഉച്ചത്തിൽ ചൊല്ലുന്നതും മഅമൂമുകളെ കേൾപ്പിക്കാൻ വേണ്ടിയാണല്ലോ. ഇമാമിന്റെ തക്ബീറുകളും നീക്കുപോക്കുകളും അറിയാൽ മഅമൂമിന് ആവശ്യമാണ്. ഇമാമിന്റെ ശബ്ദംകൊണ്ടു അതുണ്ടാവുന്നില്ലെങ്കിൽ ആവശ്യാനുസൃതം മുബല്ലിഗിനെ നിശ്ചയിക്കൽ സുന്നത്താണെന്ന് ശർഹുൽ  മുഹദ്ദബ്: (3 / 398 )ൽ  വ്യക്തമാക്കിയിട്ടുണ്ട്.

ഇതുപോലെ ഖുത്വുബ ഉറക്കെയാക്കുന്നതും മിമ്പർ പോലെയുള്ളവയിൽ നിന്ന് നിർവഹിക്കുന്നതും കൂടുതൽ പേരെ കേൾപ്പിക്കാൻ വേണ്ടിയാണല്ലോ. ഇവയിൽ സ്പീക്കർ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യവും കൂടുതൽ ആളുകളെ കേൾപ്പിക്കാൻ തന്നെയാണ്. 

നബി(സ)യോ സ്വഹാബികിറാമോ ഖുർആനോതുമ്പോഴോ ഖുത്വുബ നിർവ്വഹിക്കുമ്പോഴോ കണ്ണട ഉപയോഗിച്ചതായി അറിയില്ല. ഇന്ന് കാഴ്ച കുറവുള്ളവർ  അതുപയോഗിക്കുന്നു. മുമ്പ് കുതിരയും വാളും പരിചയുമായിരുന്നു യുദ്ധത്തിൽ ഉപയോഗിച്ചിരുന്നത്. ഇന്ന് ആ സ്ഥാനത്ത് ആധുനിക ആയുധങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഈ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോഴും ബാങ്ക്, നിസ്കാരം, ഖുത്വുബ തുടങ്ങിയവയിൽ ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാവുന്നതാണ്. 

ലൗഡ്‌സ്‌പീക്കർ വിരോധികൾ പറയുന്നത് 

 ഖുത്വുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പറ്റില്ലെന്ന് പറയുന്നവർ പ്രധാനമായും എടുത്തുപറയുന്നു ന്യായം ഇനിപ്പറയപ്പെടുന്നതാണ്. 

ഖുത്വുബയുടെ അര്കാനുകൾ 40 പേരെ (ഇമാമടക്കം) കേൾപ്പിക്കാൻ നിബന്ധനയാണ്. ഖത്വീബ് തന്റെ ശബ്ദം ഉയർത്തി 40  പേരെ കേൾപ്പിക്കണമെന്ന്  കർമശാസ്ത്ര പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ച ഖുത്വുബ നിർവ്വഹിക്കുമ്പോൾ  ശബ്ദമുയർത്തുന്നത് സ്‌പീക്കറാണ്, ഖത്വീബല്ല. ജനങ്ങൾ കേൾക്കുന്നത് ഖത്വീബിന്റെ ശബ്ദമല്ല. മറിച്ച്  അതിനോട് സാദൃശ്യമുള്ള മറ്റൊരു ശബ്ദമാണ്. അതിനാൽ ലൗഡ്‌സ്‌പീക്കറിലൂടെയുള്ള ഖുത്വുബയിൽ പ്രസ്തുത ഉപാധി പാലിക്കപ്പെടുന്നില്ല. 

                                                                 ഖണ്ഡനം

 ജുമുഅയിൽ സാന്നിധ്യം അനിവാര്യമായ ഇമാമിനെക്കൂടാതെ 39 പുരുഷന്മാർ കേൾക്കുന്ന വിധം ശബ്ദമുയർത്തി ഖത്വീബ് ഖുത്വുബയുടെ മുഖ്യഘടകങ്ങൾ നിർവ്വഹിക്കൽ നിബന്ധനയാണെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ വിവക്ഷ ലൗഡ് സ്പീക്കർ പോലുള്ള ശബ്ദമുയർത്താൻ പര്യാപ്തമായ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നല്ല. പ്രത്യുത ഖുത്വുബ കേൾക്കാത്ത വിധം പതുക്കെ നിർവഹിച്ചാൽ പാട്ടുകയില്ലെന്നാണ്. ഇമാം റംലി(റ) എഴുതുന്നു. 


 അർത്ഥം:
അഞ്ചാമത്തെ നിബന്ധന പരിപൂർണ്ണരായ 40 പേരെ കേൾപ്പിക്കലാണ്. ഖത്വീബ് തന്റെ ശബ്ദമുയർത്തി രണ്ട്  ഖുത്വുബയുടെ മുഖ്യഘടകങ്ങൾ അവനല്ലാത്ത 39 പേരെ കേൾപ്പിക്കണം. ഖുത്വുബയുടെ ലക്ഷ്യം (മൊത്തത്തിൽ) അവരെ ഉപദേശിക്കലുമാണല്ലോ. ശബ്ദമുയർത്താതെ അത് കരസ്ഥമാവുകയില്ലല്ലോ.... ആകയാൽ വാങ്കുപോലെ പതുക്കെ നിർവഹിച്ചാൽ മതിയാവുകയില്ല. (നിഹായ, മുഗ്‌നി : ശർവാനി: 2 / 452 )

ഖത്വീബ് ശബ്ദമുയർത്തലും ശ്രോതാക്കൾ കേൾക്കലും നിബന്ധനയാണെന്നാണ്  ഇബ്നുഹജർ(റ) തുഹ്ഫയിൽ പ്രബലമാക്കിയിരിക്കുന്നത്. എന്നാൽ ഏതൊരു ഉപാധിയും കൂടാതെ കേൾക്കണമെന്ന് നിബന്ധനയാക്കിയിട്ടില്ല. മാസം കാണുന്നതിനെ സംബന്ധിച്ച്  പറഞ്ഞ സ്ഥലങ്ങളിൽ ഉപകരണത്തിന്റെ കാര്യം ഫുകഹാഹ് വ്യക്തമാക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ അതുണ്ടായിട്ടില്ല. 

ഖത്വീബിന്റെയോ മറ്റോ ശബ്ദം യാതൊരു മാറ്റവും കൂടാതെ ശ്രാതാക്കളുടെ ചെവിയിൽ എത്തിക്കൽ ശർത്തോ ഫർളോ  സുന്നത്തോ ആണെന്ന് ഖുർആനിലോ സുന്നത്തിലോ കര്മശാസ്ത്ര ഗ്രൻഥങ്ങളിലോ പറഞ്ഞിട്ടില്ല. ശുദ്ദിവരുത്താനുപയോഗിക്കുന്ന വെള്ളം മാറ്റങ്ങൾക്ക് വിധേയമാകുന്നത് സംബന്ധിച്ച് ഫുഖഹാക്കൾ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ഖത്വീബിന്റെ ശബ്ദം മാറ്റങ്ങൾക്ക് വിധേയമാവരുത് എന്ന് സൂചിപ്പിക്കുന്ന ഒരു വാചകം പോലും കര്മശാസ്ത്ര ഗ്രൻഥങ്ങളിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ ആർക്കും സാധിച്ചിട്ടില്ല. 

ലൗഡ്  സ്‌പീക്കറിൽകൂടി കേൾക്കുന്നത് സംസാരിക്കുന്നവന്റെ ശബ്ദം തന്നെയോ അതല്ല തത്തുല്യമായ മറ്റു ശബ്ദമോ എന്നതിനെക്കുറിച്ച് പാകിസ്ഥാനിലെ ദാറുൽഉലും അറബി കോളേജ് പ്രിസിപ്പളും പാകിസ്ഥാനിലെ ചീഫ് മുഫ്തിയുമായ മൗലാനാ മുഫ്തി മുഹമ്മദ് ശരീഫ് ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. തന്റെ 'ആലാത്ത് ജദീദകെ ശർഈ അഹ്‌കാം' എന്ന ഗ്രൻഥത്തിൽ 112 പേജ് ലൗഡ്‌സ്‌പീക്കറിനെ കുറിച്ചാണ് ചർച്ച. അതേക്കുറിച്ച് ധാരാളം ശാസ്ത്രമതപണ്ഡിതന്മാരോട് അദ്ദേഹം ചോദിച്ച ചോദ്യവും അവരുടെ മറുപടിയും ആ ഗ്രൻഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ അന്തിമ തീരുമാനം രേഖപ്പെടുത്തിയതിപ്രകാരമാണ്. 

"കൂലങ്കഷമായി ചിന്തിച്ചതിൽ നിന്നും സ്‌പീക്കറിൽകൂടി കേൾക്കുന്ന ശബ്ദം സംസാരിക്കുന്നവന്റെ ശബ്ദം തന്നെയാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതുപയോഗിക്കുന്നത് കൊണ്ട് നിസ്കാരത്തിനു യാതൊരു തകരാറും സംഭവിക്കുന്നതല്ല. ഇനി തത്തുല്യമായ മറ്റൊരു ശബ്ദമാണെങ്കിലും ദോഷമില്ല". (ആലാത്ത് : പേ :7 )

 അലിഗർ യൂണിവേഴ്സിറ്റി സയൻസ് പ്രൊഫസ്സർ ഷബീർ അലി സാഹിബും കറാച്ചി കമ്മ്യൂണിക്കേഷൻ ആൻഡ് ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ മസ്ഊദ് റഫീഉം മറ്റു വിദഗ്ദന്മാരും സ്‌പീക്കറിന്റെ ശബ്ദം യഥാർത്ഥ ശബ്ദം തന്നെയാണെന്നും ഗ്രാമഫോണിന്റെയും ടേപ്പിന്റെയോ ശബ്ദം പോലെ മറ്റൊരു ശബ്ദമല്ലെന്നും അഭിപ്രായപ്പെട്ടത് പാകിസ്ഥാൻ മുഫ്തി രേഖപ്പെടുത്തിയിട്ടുണ്ട്. (ആലാത്ത്  ജദീദ : പേ:93 -95 )

ഇനി സ്‌പീക്കറിന്റെ ശബ്ദം അസ്സൽ ശബ്ദത്തോട് സാദൃശ്യമായ മറ്റൊന്നാണെന്ന്  വെച്ചാൽ തന്നെ നമുക്ക് പ്രശ്‌നമില്ലെന്ന് നേരത്തെ വിവരിച്ചുവല്ലോ. ഇതിനു പുറമെ ഒരു വസ്തുവിനോട് സാദൃശ്യമുള്ള മറ്റൊന്നിനും ആ വസ്തുവിന്റെ വിധിയല്ലെന്ന്  പറയുവക പക്ഷം, നിഷിദ്ധ്യമായ ഗാനം, ഏഷണി, പരദൂഷണം മുതലായവ സ്‌പീക്കറിൽ കൂടി കേൾക്കുന്നതിന് വിരോധമില്ലെന്ന് പറയേണ്ടിവരുമല്ലോ. 

ചുരുക്കിപ്പറഞ്ഞാൽ ഖുത്വുബ നിർവഹിക്കുമ്പോൾ ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാൻ പാടില്ല എന്നതിന് ഫിഖ്ഹിന്റെ കിതാബുകളിൽ നിന്ന് തെളിവുദ്ധരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഖത്വീബ്  ഉയർത്തണമെന്ന് പറഞ്ഞത് പതുക്കെയാക്കാൻ പാറ്റുകയില്ലെന്നതിനാണ് തെളിവാകുന്നത്. ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പറ്റുകയില്ല എന്നതിനല്ല . 'ബിഅൻ യർഫഅൽ ഖത്വീബു സൗതഹു' എന്ന കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ വിശദീകരണത്തിന്റെ താല്പര്യം ലൗഡ് സ്പീക്കർ പോലെയുള്ളത് ഉപയോഗിക്കാൻ പാടില്ലെന്നാണെന്ന് ഒരു കർമ്മശാസ്ത്ര പണ്ഡിതനും പറഞ്ഞിട്ടില്ല. ഖുത്വുബ നാൽപതാളെ കേൾപ്പിക്കൽ ശർത്വാണെന്ന് പറഞ്ഞപ്പോൾ സ്വാഭാവികമായും ശ്രോതാക്കളെ കേൾപ്പിക്കൽ ഖത്വീബിന്റെ കഴിവിൽപ്പെട്ടതല്ലേ .
 

Monday 19 June 2017

മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാൽ


മുത്വലാഖിനെ കുറിച്ച് ഇന്ന് പലചർച്ചകളും നടക്കുമ്പോൾ എന്താണ് മുത്വലാഖ്‌ എന്നും അതിന്റെ ഇസ്‌ലാമിക വീക്ഷണം എന്താണെന്ന് അറിയാത്ത ഒരുപാട് സുഹിർത്തുക്കൾ ഇമെയിലിലൂടെ ബന്ധപ്പെട്ടു ബ്ലോഗിലൂടെ വിശദമായ വിവരം നൽകണമെന്ന് അഭിപ്രായപ്പെട്ടതനുസരിച്ച് കിട്ടുന്ന ചെറിയ അവസരം ഇതിന്നുവേണ്ടി ഉപയോഗിക്കുന്നു.

ഹലാലായകാര്യങ്ങൾ വെച്ച് അല്ലാഹുവിനു ഏറ്റം  ദേഷ്യമുള്ള കാര്യമാണ് വിവാഹമോചനമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.അതിനാൽ കഴിവിന്റെ പരമാവധി വിവാഹമോചനം ഒഴിവാക്കി വിശാല വീക്ഷണത്തോടെ ദാമ്പത്ത്യജീവിതം തുടരാനാണ് വിശുദ്ധ ഇസ്‌ലാമിന്റെ നിർദ്ദേശം. എന്നാൽ വിവാഹബന്ധം വേർപെടുത്താതെ കഴിയുകയില്ലെന്നു വരുമ്പോൾ ഉടനടി സന്ദിക്കണമെന്ന് തോന്നിയാൽ അതിനു പറ്റിയ വിധത്തിലായിരിക്കണം ത്വലാഖ് ചൊല്ലുന്നത്. അതിനുവേണ്ടിയാണ് മൂന്നു അവസരം വിശുദ്ധ ഇസ്‌ലാം നൽകിയിരിക്കുന്നത്. ഒരുതവണ ത്വലാഖ് ചൊല്ലിയാൽ ഇദ്ദ കഴിയുന്നതിനുമുമ്പ് വിവാഹം കൂടാതെയും ഇദ്ദക്ക് ശേഷം പുനർ വിവാഹത്തിലൂടെയും അവളെ തിരിച്ചെടുക്കാവുന്നതാണ്. തുടർന്ന് രണ്ടാം പ്രാവശ്യം ത്വലാഖ് ചൊല്ലിയാലും നിയമം ഇതു  തന്നെ. എന്നാൽ രണ്ടു ത്വലാഖുകൾ ഒന്നിച്ചു ചൊല്ലിയാൽ തിരിച്ചെടുക്കാനുള്ള അവസരങ്ങളിൽ ഒന്ന് നഷ്ടപ്പെടും.

മൂന്നു ത്വലാഖ് ഒന്നിച്ച് ചൊല്ലുവാനുള്ള അധികാരം പുരുഷനുണ്ട്. എന്നാൽ മൂന്നു ഘട്ടങ്ങളിലായി ചൊല്ലലാണുത്തമം.എന്നാൽ മൂന്നും ഒന്നിച്ചുചൊല്ലിയാൽ മൂന്നു ത്വലാഖും സംഭവിക്കുന്നതാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളും ഏകോപിച്ചിരിക്കുന്നു. ഇമാം നവവി(റ ) എഴുതുന്നു:

وقد اختلف العلماء فيمن قال لامرأته أنت طالق ثلاثا فقال الشافعي ومالك وأبو حنيفة وأحمد وجماهير العلماء من السلف والخلف : يقع الثلاث . وقال طاوس وبعض أهل الظاهر : لا يقع بذلك إلا واحدة . وهو رواية عن الحجاج بن أرطأة ومحمد بن إسحاق والمشهور عن الحجاج بن أرطأة أنه لا يقع به شيء ، وهو قول ابن مقاتل ورواية عن محمد بن إسحاق .(شرح النووي على مسلم: ٢٢١/٥)

"നീ  മൂന്ന് ത്വലാഖും പോയവളാണ്" എന്ന് തന്റെ ഭാര്യയോട് പറഞ്ഞവന്റെ കാര്യത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. ശാഫിഈ(റ), മാലിക്(റ), അബൂഹനീഫ(റ) എന്നിവരും സലഫ്-കലഫിൽ  നിന്നുള്ള ബഹുഭൂരിഭാഗവും പറയുന്നത് മൂന്നു ത്വലാഖും സംഭവിക്കും എന്നാണു. ത്വാഊസും(റ) ളാഹിരിയത്തിൽ നിന്ന്  ചിലരും പറയുന്നത് ഒന്ന് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് . ഹജ്‌ജാജുബ്നുഅർത്വാത്(റ) മുഹമ്മദുബ്നു ഇസ്‌ഹാഖ്‌ (റ) എന്നിവരിൽ നിന്നും അങ്ങനെ ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാൽ അങ്ങനെ പറഞ്ഞാൽ ഒന്നും സംഭവിക്കുകയില്ലെന്നാണ് ഹജ്‌ജാജുബ്നുഅർത്വാത്(റ)ൽ നിന്ന് പ്രസിദ്ധമായ അഭിപ്രായം. ഇബ്നു മുഖാതിലി (റ)ന്റെ അഭിപ്രയവും മുഹമ്മദുബ്നു ഇസ്‌ഹാഖി (റ ) ൽ നിന്നുള്ള ഒരു റിപ്പോർട്ടും അതാണ്. (ശർഹുൽ  മുസ്‌ലിം : 5/ 221 )

മൂന്നും ഒരുമിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്ന ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനുള്ള പ്രമാണം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:


അർത്ഥം:
"അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവൻ അവനോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനുശേഷം അല്ലാഹു പുതുതായി വല്ല കാര്യവും കൊണ്ടുവന്നേക്കുമോ എന്ന് നിനക്കറിയില്ല" എന്ന ഖുർആനിക വചനമാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാർ രേഖയായി സ്വീകരിക്കുന്നത്. പ്രസ്തുത വചനത്തിനു അവർ നൽകുന്ന വിശദീകരണമിതാണ്: 'ത്വലാഖ് ചൊല്ലിയവൻ അതിന്റെ പേരിൽ ഖേദിക്കാം. അപ്പോൾ ഭാര്യ അവനുമായി വേര്പിരിഞ്ഞതിനാൽ അവന് അവളെ മടക്കിയെടുക്കാൻ സാധിക്കില്ലെല്ലോ. അപ്പോൾ മൂന്നും ഒരുമിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കുകയില്ലെങ്കിൽ മടക്കിയെടുക്കാവുന്ന ത്വലാഖായി മാത്രമാണല്ലോ അത് സംഭവിക്കുക. അപ്പോൾ അവനു ഖേദിക്കേണ്ടതില്ലല്ലോ. റുകാന(റ) തന്റെ ഭാര്യയെ 'അൽബത്ത'  ത്വലാഖ് ചൊല്ലിയ സംഭവവും അവർ രേഖയായി സ്വീകരിക്കുന്നു. നബി(സ) റുകാനയോട്  നീ ഒന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് സത്യം ചെയ്തു ചോദിച്ചപ്പോൾ അതെ ഞാൻ ഒന്നുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് റുകാന(റ ) മറുപടി നൽകി. മൂന്നും ഉദ്ദേശിച്ചാൽ മൂന്നും സംഭവിക്കുമെന്നതിന് ഈ സംഭവം രേഖയാണ്.അല്ലാത്ത പക്ഷം റുകാന(റ)യെ സത്യം ചെയ്യിച്ചതിന് യാതൊരു അർത്ഥവും ഉണ്ടാവുകയില്ലല്ലോ. (ശർഹു മുസ്‌ലിം : 5/ 221 )

മൂന്നും ഒന്നിച്ച് ചൊല്ലിയാൽ ഒന്നുമാത്രമേ സംഭവിക്കുകയുള്ളൂ എന്നതിന് ആ വാദക്കാർ പ്രമാണമായി സ്വീകരിക്കുന്നത് ഇനിപ്പറയുന്ന ഹദീസാണ്. 


അർത്ഥം: 
"ഇബ്നു അബ്ബാസി(റ) ൽ നിന്നു നിവേദനം : നബി(സ)യുടെയും അബൂബക്റി(റ) ന്റെയും ഉമറി(റ) ന്റെ ഭരണത്തിൽ നിന്ന് രണ്ട് വർഷവും മൂന്ന് ത്വലാഖ് ഒന്നായിരുന്നു. അപ്പോൾ ഉമറുബ്നുൽ ഖത്വാബ്(റ) പറഞ്ഞു: "നിശ്ചയം ജനങ്ങൾ അവർക്ക് സാവകാശമുള്ളൊരു വിഷയത്തിൽ ദൃതികാണിച്ചിരിക്കുന്നു. അതിനാൽ അവരുടെ മേൽ നാം അത് (മൂന്ന് ത്വലാഖ്) നടപ്പാകുകയാണെങ്കിൽ'. അങ്ങനെ അവരുടെ മേൽ അദ്ദേഹം അത് നടപ്പാക്കി". (മുസ്‍ലിം :2689)

 ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) എഴുതുന്നു: 


അർത്ഥം:
ഇബ്നു അബ്ബാസി(റ)ന്റെ ഈ ഹദീസാണ് ഇക്കൂട്ടർ പ്രമാണമായി സ്വീകരിക്കുന്നത്. ഇതിനു പുറമെ ഇബ്നു ഉമറി(റ) ന്റെ ഹദീസിന്റെ ചില റിവായത്തുകളിൽ, അദ്ദേഹം ആർത്തവമുള്ളപ്പോൾ മൂന്നു ത്വലാഖ് ചൊല്ലിയെന്നും അത് പരിഗണിച്ചില്ലെന്നും വന്നിട്ടുണ്ട്. ഇതിനും പുറമെ റുകാന(റ)യുടെ ഹദീസിൽ അദ്ദേഹം തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലിയെന്നും ഭാര്യയെ തിരിച്ചെടുക്കാൻ നബി(സ) അദ്ദേഹത്തോട് നിർദ്ദേശിച്ചുവെന്നും വന്നിട്ടുണ്ട്. അതും അവർ പ്രമാണമായി സ്വീകരിക്കുന്നു. (ശർഹു  മുസ്‌ലിം : 5/ 221 )

പ്രസ്തുത ഹദീസുകൾക്കുള്ള മറുപടി ഇമാം നവവി(റ) വിവരിക്കുന്നു: 


അർത്ഥം:
റുകാന(റ) ഭാര്യയെ മൂന്ന്  ത്വലാഖ് ചൊല്ലിയെന്നും നബി(സ) അതിനെ മൂന്നായി പരിഗണിച്ചെന്നും പ്രതിയോഗികൾ ഉദ്ധരിക്കുന്ന റിപ്പോർട്ട് അജ്ഞാതരെ തൊട്ടുള്ള ദുർബ്ബലമായ രിവായത്താണ് . അൽബത്ത ത്വലാഖാണ് അദ്ദേഹം ചൊല്ലിയതെന്ന റിപ്പോർട്ടാണ് ശരി. 'അൽബത്ത' എന്ന പ്രയോഗം ഒന്നിനും മൂന്നിനും സാധ്യതയുള്ളതാണ്. ദുർബ്ബലമായ ഈ രിവായത്തിന്റെ വക്താവ് 'അൽബത്ത' എന്ന പടം മൂന്നിനെ കാണിക്കുന്നതാണെന്ന് വിശ്വസിക്കുകയും താൻ മനസ്സിലാക്കിയ ആശയം ഉദ്ധരിക്കുകയും ചെയ്തതാകാനാണ് സാധ്യതകാണുന്നത്. അതിൽ അദ്ദേഹം പിഴക്കുകയും ചെയ്തു. ഇബ്നു ഉമർ(റ)യുടെ ഹദീസിന്റെ പ്രബലമായ റിപ്പോർട്ടുകൾ മുസ്‌ലിമും(റ)മറ്റും ഉദ്ധരിച്ചത് അദ്ദേഹം ഒരു ത്വലാഖ് ചൊല്ലി എന്നാണ്. (ശർഹു മുസ്‌ലിം : 5/221)

ഇബ്നു അബ്ബാസി(റ)ന്റെ ഹദീസിനുള്ള മറുപടി ഇമാം നവവി(റ) വിവരിക്കുന്നതിങ്ങനെ:



അർത്ഥം: 
ഇബ്നു അബ്ബാസി(റ) ന്റെ ഹദീസിന്‌ പണ്ഡിതന്മാർ പല വ്യാഖ്യാനങ്ങളും പറയുന്നുണ്ട്. അവയിൽ പ്രബലമായ വ്യാഖ്യാനമിതാണ്: ആദ്യകാലത്ത് ഒരാൾ തന്റെ ഭാര്യയോട് 'നീ തലാഖ് പോയവളാണ് നീ ത്വലാഖ് പോയവളാണ് നീ ത്വലാഖ് പോയവളാണ്' എന്നിങ്ങനെ മൂന്നു പ്രാവശ്യം പറയുകയും ശക്തിപ്പെടുത്താലോ മറ്റൊന്നുകൂടി കൊണ്ടുവരലോ ഉദ്ദേശിക്കാതിരിക്കുകയും ചെയ്താൽ ഒരു ത്വലാഖ് പോയതായി വിധിച്ചിരിക്കുന്നു. കാരണം അതുകൊണ്ടു മറ്റൊന്നുകൂടി സംഭവിക്കൽ ഉദ്ദേശിക്കൽ അക്കാലത്ത് നന്നേ കുറവായിരുന്നു. അതിനാൽ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുകയെന്ന സാധാരണയുള്ള നിലപാടായി അതിനെ കണ്ടു. ഉമർ(റ) ന്റെ കാലമായപ്പോൾ ജനങ്ങൾ ആ വാചകം കൂടുതലായി ഉപയോഗിക്കുകയും ഓരോന്നുകൊണ്ടും ഓരോ ത്വലാഖ് ഉദ്ദേശിക്കുകയും ചെയ്യാൻ തുടങ്ങി. അപ്പോൾ നിരുപാധികം അങ്ങനെ പറയുമ്പോൾ അക്കാലത്ത് മനസ്സിലേക്ക് വരുന്നത് മൂന്നായത് കൊണ്ട് മൂന്നും സംഭവിക്കുമെന്ന് വെച്ചു. 

    പ്രസ്തുത ഹദീസിന്റെ താല്പര്യം ഇനിപ്പറയുന്ന വിധമാണെന്നും അഭിപ്രായമുണ്ട്. ഒരു ത്വലാഖ് ചൊല്ലലായിരുന്നു ആദ്യകാലത്തുള്ള പതിവ്. ഉമരി(റ)ന്റെ കാലമായപ്പോൾ ജനങ്ങൾ മൂന്നും വന്നിച്ച്  ചൊല്ലാൻ തുടങ്ങി. അപ്പോൾ അതിനെ മൂന്നായി തന്നെ ഉമർ(റ) നടപ്പാക്കുകയും ചെയ്തു. ഇതനുസരിച്ച് ജനങ്ങളുടെ സമ്പ്രദായത്തിൽ വന്ന മാറ്റമാണ് പ്രസ്തുത ഹദീസ് കാണിക്കുന്നത്. ഒരു വിഷയത്തിന്റെ നിയമത്തിൽ വന്ന മാറ്റമല്ല. (ശർഹ് മുസ്‌ലിം : 5/ 221)

ചുരുക്കിപ്പറഞ്ഞാൽ മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്നതിൽ ഉമർ(റ) ന്റെ കാലത്ത് സ്വഹാബികിറാം(റ) ഏകോപിച്ചിട്ടുമുണ്ട്. നാല് മദ്ഹബിന്റെ ഇമാമുകളും അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. 

വിവാഹ മോചനത്തിന്റെ വാചകം പറയുമ്പോൾ ഒന്നെന്നോ രണ്ടെന്നോ മൂന്നെന്നോ ഉദ്ദേശിച്ചാൽ അത്രെയും എണ്ണം സംഭവിക്കുന്നതാണ്. ഒരു നിശ്ചിത എണ്ണം ഉദ്ദേശിക്കാതെ  വിവാഹ മോചനത്തിന്റെ വാചകം പറഞ്ഞാൽ ഒന്നുമാത്രമേ സംഭവിക്കുന്നതാണ് . 

ഒന്നിച്ചോ  തവണകളായോ മൂന്നു ത്വലാക്കുകൾ ചൊല്ലി ഒഴിവാക്കിയ സ്ത്രീയെ അവനു വിവാഹം കഴിക്കണമെങ്കിൽ ശരിയായ നിക്കാഹിലൂടെ അവൾ ഒരു ഭർത്താവിനെ സ്വീകരിക്കുകയും അവൻ അവളുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും പിന്നീട് അവൻ ത്വലാഖ് ചൊല്ലി അവളുടെ ഇദ്ദ കഴിയുകയും വേണം. ഇക്കാര്യം വിശുദ്ധ ഖുർആൻ  വ്യക്തമാക്കിയിട്ടുണ്ട് . അല്ലാഹു പറയുന്നു. 

الطَّلَاقُ مَرَّتَانِ ۖ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَن يَخَافَا أَلَّا يُقِيمَا حُدُودَ اللَّـهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّـهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ ۗ تِلْكَ حُدُودُ اللَّـهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَأُولَـٰئِكَ هُمُ الظَّالِمُونَ*فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَن يَتَرَاجَعَا إِن ظَنَّا أَن يُقِيمَا حُدُودَ اللَّـهِ ۗ وَتِلْكَ حُدُودُ اللَّـهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ.


അർഥം:
(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.  ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.(അൽബഖറ : 229 -230 )



മൂന്നു ത്വലാഖുകൾ ചൊല്ലുന്ന പ്രവണതയിൽ നിന്ന് ഭർത്താക്കന്മാരെ അകറ്റിനിര്ത്തുകയാണ് ഈ നിയമത്തിന്റെ പിന്നിലുള്ളത്.



വിശുദ്ധ റമളാന്റെ അവസാനത്തെ പത്തും തീരാറായിക്കൊണ്ടിരിക്കുന്നു. ഞിങ്ങളുടെ ഈ മാസത്തിലെ വിലപ്പെട്ട ദുആയിൽ ഈ വിനീതനെയും ഉൾപ്പെടുത്താൻ മറക്കരുത്.


Saturday 3 June 2017

അറിവിന്റെ പ്രകാശം




അറിവാണ് ഇസ്‌ലാമിന്റെ ജീവൻ എന്നത് പ്രചുര പ്രചാരമുള്ള നബി വചനമാണ്. അർത്ഥവ്യാപ്തിയിലും ആശയ സമ്പന്നതയിലും നിരവധി ആഴങ്ങൾ ഈ വചനത്തിനുണ്ട്. പ്രമുഖരായ മുഹദ്ദിസുകളെല്ലാം ആ നിലയിലാണ് ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടുള്ളത.് പണ്ഡിതന്റെ മഹത്ത്വം കുറിക്കുന്ന വചനങ്ങളിൽ ഏറെ ആശയ സമ്പന്നതയുണ്ട് ഈ ഹദീസിന്.
പ്രപഞ്ചത്തിന് അല്ലാഹു നൽകിയ അനുഗ്രഹമാണ് ഇസ്‌ലാം. ബോധമുള്ള മനുഷ്യന് വഴികാണിക്കുന്ന സരണിയാണത്. ഇസ്‌ലാമിന്റെ നിലനിൽപ്പും പ്രസരിപ്പും മാത്രമല്ല, അതിന്റെ ആത്മാവ് തന്നെ നിലനിൽക്കുന്നത് അറിവിലൂടെയാണ്. അറിവിന്റെ വാഹകരിലൂടെയാണ് ഇസ്‌ലാമിന്റെ കൈമാറ്റം നടക്കുക. മഹാന്മാരായ പ്രവാചകന്മാരെ നിയോഗിച്ചു കൊണ്ടാണ് അല്ലാഹു അറിവിന്റെ പ്രകാശം ലോകത്തിനു നൽകിയത്. കഴിഞ്ഞകാല സമൂഹങ്ങൾക്കിടയിൽ അരാജകത്വവും അജ്ഞതയും നടമാടുകയും മതത്തിന്റെ മൂല്യങ്ങളിൽ തിരിമറികളും പുതുചിന്തകളും ഉണ്ടാവുകയും ചെയ്തപ്പോഴെല്ലാം പ്രവാചകന്മാരുടെ നിയോഗത്തിലൂടെ അറിവിന്റെ ധർമം ലോകത്ത് നിലനിന്നുപോന്നിട്ടുണ്ട്. തിരുനബിക്കു മുമ്പ് പ്രവാചകന്മാരാണ് പ്രധാനമായും ഈ ധർമം നിലനിർത്തിയത്. മുൻകാല പ്രവാചകന്മാരുടെ കാലത്ത് പണ്ഡിതന്മാരുടെ സാന്നിധ്യം, മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിലെ പണ്ഡിതന്മാരെ അപേക്ഷിച്ച് കുറവായിരുന്നു. തിരുനബിയുടെ രിസാലത്തോട് കൂടി പൂർത്തിയാക്കപ്പെട്ട ഇസ്‌ലാമിനെ പിൽക്കാലത്തേക്ക് കൈമാറിയതും അത്ഭുതാവഹമായ ചിന്തകൾ, രചനകൾ, ഗവേഷണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ നൽകി അറിവിനെ സമ്പന്നമാക്കിയതും പണ്ഡിത മഹാത്മാക്കളാണ്. തിരുനബിയിൽ നിന്ന് സ്വഹാബാക്കൾ ഏറ്റെടുത്ത്, അത് താബിഉകൾ മുഖേനെ ലോകത്തിന്റെ മുഴുവൻ കോണുകളിലും പ്രചരിച്ചു. അറിവിന്റെ വെളിച്ചെത്തിനു ഊർജ്ജം നൽകി അധ്വാനിച്ച പണ്ഡിതന്മാരുടെ സാന്നിധ്യം തന്നെയാണ് ലോകത്തെവിടെയും കാണുന്ന ഇസ്‌ലാമിക പ്രഭക്കു കാരണം. കൊച്ചു കേരളം തുല്യതയില്ലാത്ത സേവനമാണ് ഈ രംഗത്ത് കാഴ്ച്ചവെച്ചതും ഇപ്പോഴും നൽകി കൊണ്ടിരിക്കുന്നതും. പണ്ഡിതന്റെ മഹത്ത്വം ഉദ്‌ഘോഷിക്കുന്ന നിരവധി വചനങ്ങൾ ഖുർആനിൽ കാണാം. ‘അല്ലാഹു അല്ലാതെ ആരാധ്യനില്ല’ എന്നതിന് അല്ലാഹു സാക്ഷ്യം നിന്നിട്ടുണ്ട്. മലക്കുകളും പണ്ഡിതന്മാരും സാക്ഷികളായിട്ടുണ്ട് (ആലു ഇംറാൻ-18). അല്ലാഹുവിന്റെ അസ്ഥിത്വത്തിന് തന്നെയും അല്ലാഹു സാക്ഷികളാക്കി കാണിച്ചത് മലക്കുകൾക്കു പുറമേ പണ്ഡിതന്മാരെയാണ്. പ്രമുഖരായ ഖുർആൻ വ്യാഖ്യാതാക്കൾ പണ്ഡിത മഹത്ത്വത്തിന്റെ നിറവായാണ് ഈ വചനത്തെ വിശദീകരിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണ് അല്ലാഹു. അവന്റെ അസ്ഥിത്വത്തിന് സാക്ഷികളാവുക എന്നത് തന്നെ മതി പണ്ഡിതന്റെ മഹത്ത്വത്തിന്. നീതിമാന്മാരെയാണ് സാക്ഷികളാക്കേണ്ടത്. പണ്ഡിതന്മാരിലൂടെ നീതിയുടെയും സത്യത്തിന്റെയും പ്രകാശനമാണ് അല്ലാഹു ഇവിടെ പഠിപ്പിക്കുന്നത്. ‘നബിയേ നിങ്ങൾ പറയുക, വിവരമുള്ളവരും ഇല്ലാത്തവരും സമമാകുമോ’ (സുമർ 9).
പണ്ഡിതന്മാരുടെ  മഹത്ത്വത്തെക്കുറിക്കുന്ന ശക്തമായ ഭാഷ. സ്വർഗവാസികളും നരകവാസികളും സമമാകുമോ എന്ന ചോദ്യം പോലെ, ഇരുട്ടും വെളിച്ചവും സമമാണോ എന്നതു പോലെ, വിശ്വാസവും അവിശ്വാസവും ഒരു പോലെയാണോ എന്ന ചോദ്യം പോലെ. സമാനമായ മറ്റൊരു വചനം ഇങ്ങനെ. ‘നബിയേ നിങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടത് സത്യമാണെന്ന് അറിയിക്കുന്നവൻ അന്ധെന പോലെയാണോ? ഒരിക്കലുമല്ല. ചിന്തിക്കുന്നവർ പാഠം ഉൾക്കൊള്ളും’ (റഅദ് 19). വിവരമുള്ളവരുടെ മറുഭാഗത്തുള്ളവർ അന്ധത ബാധിച്ചവരാണെന്നാണ് ഇവിടുത്തെ ഭാഷ്യം. അന്ധന് എല്ലാം ഇരുട്ടാണല്ലോ, അത് തന്നെയാണ് വിവരമില്ലാത്തവന്റെ സ്ഥിതിയും. വിവരമുള്ളവൻ ഇരുട്ടകറ്റുന്നവനാണ്, പ്രകാശം പൊഴിക്കുന്നവനാണ്. ഈ നിലക്കാണ് അറിവിനെ പ്രകാശം എന്ന് വിളിക്കുന്നത്. ഖുർആനിലും ഹദീസിലും അത്തരം പരാമർശങ്ങൾ നിരവധി കാണാനാവും. സൂറത്തുൽ അൻകബൂത്തിലെ 43-ാം വചനത്തിന്റെ ആശയം ഇങ്ങനെ. ‘ആ ഉപമകൾ മനുഷ്യർക്ക് വേണ്ടി നാം നിശ്ചയിക്കുന്നതാണ്. വിവരമുള്ളവർ മാത്രമേ  ആ ഉപമകൾ മനസ്സിലാക്കുകയുള്ളൂ.’ മഹാന്മാരിൽ ഒരാൾ പറഞ്ഞു: ഖുർആനിലെ ഒരു ഉപമ എനിക്ക് മനസ്സിലാകാതെ വന്നാൽ ഞാൻ വല്ലാതെ പ്രയാസപ്പെടും. കാരണം വിവരമുള്ളവർക്കേ അതു മനസ്സിലാകൂ എന്നല്ലേ ഖുർആൻ പറഞ്ഞത്. ഞാൻ വിവരമില്ലാത്തവനാണല്ലോ. ‘നിങ്ങളിൽ വിശ്വാസമുള്ളവർക്കും വിജ്ഞാനം നൽകപ്പെട്ടവർക്കും നിരവധി പദവികളിൽ ഉയർച്ച നൽകുന്നതാണ്’ (മുജാദല 11). ഭൗതികമായി തന്നെ പണ്ഡിതന്റെ മഹത്ത്വം എത്രത്തോളമുണ്ട്. നിരവധി രാജാക്കളും ഭരണാധികാരികളും സമ്പന്നരും കഴിഞ്ഞ് പോയ ഈ പ്രപഞ്ചത്തിൽ അന്തസ്സാർന്ന ഓർമകൾ നിലനിൽക്കുന്നത് പണ്ഡിതരുടേത് മാത്രമാണ്. അവർ തീർത്ത ജ്ഞാനത്തിന്റെ മതിൽ ഒരു കോട്ടവും തട്ടാതെ, ഇളക്കമില്ലാതെ ഇന്നും തലയുയർത്തി നിൽക്കുന്നു. നെഞ്ച് വിരിച്ച് മസിൽ ചുരുട്ടി മേൻമകൾ കാണിച്ച ഉശിരൻമാരെ ചരിത്രം കാണുന്നേയില്ല. പണ്ഡിത തേജസ്വികളോ, ആദരവോടെയല്ലാതെ അവരെ സ്മരിക്കപ്പെടുന്നുമില്ല. ഇമാം അഹ്മദും ഇമാം ശാഫിഈയും ഇമാം മാലികും ഇമാം അബൂഹനീഫയും സുഫ്‌യാനുസ്സൗരിയും ഇമാം ഗസ്സാലിയും ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ചെറിയ പ്രായത്തിൽ പിരിഞ്ഞു പോയ ഇമാം നവവി(റ)യുമെല്ലാം ഇന്നും ചരിത്രത്തിന്റെ സ്‌നേഹ വികാരങ്ങളല്ലേ? പ്രപഞ്ചത്തിന്റെ അഷ്ടദിക്കുകളിലും അവർ ഇന്നും ജീവിക്കുന്നു. അവരുടെ നാമങ്ങൾ മർഹമത്തോടെ പറയപ്പെടുന്നു. അവരുടെ രചനകൾ എല്ലായിടത്തും പാരായണം ചെയ്യപ്പെടുന്നു. അവരെ അനുകരിച്ചും പിൻതുടർന്നും ജീവിക്കുന്ന എത്ര കോടി ജനങ്ങളാണ് കഴിഞ്ഞു പോയത്. ഇപ്പോൾ ജീവിക്കുന്നത്! ഈ മഹാപ്രപഞ്ചത്തിലെ ഓരോ മുസ്‌ലിമും തനിക്ക് മുന്നിൽ കാണുന്ന പ്രകാശത്തിന്റെ കൈത്തിരി ഏറ്റുവാങ്ങിയത് ഈ മഹാവ്യക്തിത്വങ്ങളിൽ നിന്നല്ലേ? വിശ്വാസവും ആരാധനകളടക്കമുള്ള എല്ലാ മതചിഹ്നങ്ങളും ആവാഹിച്ചെടുത്തത് ഈ മഹാമനീഷികളിൽ നിന്നല്ലേ? നന്മയുടെ വഴികാട്ടികളായി ഇന്നും ജീവിക്കുന്ന പണ്ഡിത തേജ്വസികളുടെ ഓരം പറ്റി ജീവിതത്തെ മിനുക്കിയെടുത്ത് പാകപ്പെടുത്താൻ താൽപര്യപൂർവം കൊതിച്ച് നിൽക്കുന്ന എത്ര പേരെയാണ് ലോകത്തിന് കാണാനായത്, ഇന്നും കാണുന്നതും. ഇതിനപ്പുറം ഭൗതിക ലോകത്ത് എന്ത് വേണം? മഹാഭാഗ്യശാലികൾ! വിജയശ്രേണിയിലെ അതികായർ! സൂറത്തുൽ ഫാത്വിർ 28, അൻകബൂത്ത് 49, തൗബ 122, അൻആം 122, നിസാഅ് 83, നിസാഅ് 59, സബഅ് 6 എന്നീ വചനങ്ങൾ പണ്ഡിതന്റെ മഹത്ത്വങ്ങൾ കുറിക്കുന്നവയാണ്. തിരുനബി(സ്വ) പറഞ്ഞു: ‘അല്ലാഹു ഒരാളിൽ നന്മ ഉദ്ദേശിക്കുന്നുവെങ്കിൽ ദീനിലുള്ള ജ്ഞാനം അവന് നൽകും’ (ബുഖാരി, മുസ്‌ലിം). മതത്തെക്കുറിച്ചറിയാനും പഠിക്കാനും ഭാഗ്യം ലഭിക്കാത്തവനിൽ ഒരു ഗുണവും ഇല്ലെന്നാണ് ഈ ഹദീസിന്റെ അർത്ഥം. ഏതെങ്കിലും നന്മ ഉള്ളവർ അല്ലാഹുവിന്റെ ദീൻ പഠിച്ചവരും മനസ്സിലാക്കിയവരുമാണ് എന്ന നിലക്കാണ് ഈ ഹദീസിനെ മുഹദ്ദിസുകൾ വ്യാഖ്യാനിക്കുന്നത്. നബി(സ്വ)പറഞ്ഞു: ‘നമ്മുടെ ഈ പള്ളിയിൽ ഒരു നന്മ പഠിക്കാനോ പഠിപ്പിക്കാനോ വരുന്ന ഒരുത്തൻ അല്ലാഹുവിന്റെ മാർഗത്തിലെ പടയാളിയെപോലെയാണ്’ (അഹ്മദ്). അല്ലാഹുവിന്റെ മാർഗത്തിന് തടസ്സമാകുന്ന ശത്രുവിനെ തടഞ്ഞുനിറുത്തുന്ന പടയാൡയുടെ ധർമസമരം തന്നെയാണ് പണ്ഡിതനും നടത്തുന്നത്. ജീവനുള്ള ഒരു ദർശനത്തിന്റെ സന്ദേശം ഏറ്റെടുത്ത് കൈമാറ്റം ചെയ്യുന്നതിലൂടെ സാധ്യമാവുന്നത് അതാണ്.
മനുഷ്യന്റെ രക്ഷ പണ്ഡിതന്മാരുടെ സാന്നിധ്യത്തിലാണ്. അല്ലാഹുവിന്റെ അമാനത്താകുന്ന ഇസ്‌ലാമിനെ പഠിപ്പിക്കുകയും അവന്റെ കലാമിനെ യഥാവിധി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ധർമമാണവരുടേത്. തിരുസുന്നത്തിന്റെ ചലിക്കുന്ന പതിപ്പുകളും ജീവസ്സുറ്റ വരികളുമാണവർ. അവരുടെ നഷ്ടം മനുഷ്യന്റെ നാശവും നഷ്ടവുമാണ്. തിരുനബി(സ്വ) പറഞ്ഞല്ലോ: അറിവിനെ അല്ലാഹു അടിമകളിൽ നിന്ന് പെട്ടെന്ന് തിരിച്ച് പിടിക്കില്ല. പണ്ഡിതന്മാരുടെ വേർപ്പാട് മുഖേനെയാണ് അറിവ് നഷ്ടപ്പെടുക(ബുഖാരി,  മുസ്‌ലിം). ഇബ്‌നു അബ്ബാസ്(റ) പറയുന്നു: തിരുനബി ചോദിച്ചു: അറിവ് നഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയുമോ? ഭൂമിയിൽ നിന്ന് പണ്ഡിതന്മാരുടെ വേർപ്പാടുണ്ടാകുമ്പോഴാണ് അത് സംഭവിക്കുക. മഹാനായ അബൂ ഉമാമയുടെ ഹദീസിൽ ഇങ്ങനെ വായിക്കാം. തിരുനബി(സ്വ) പറഞ്ഞു: അറിവ് നഷ്ടപ്പെടുന്നതിന് മുമ്പ് അത് നിങ്ങൾ സമ്പാദിക്കുക. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: നബിയേ, അറിവ് എങ്ങനെയാണ് നഷ്ടപ്പെടുക, ഞങ്ങൾക്കിടയിൽ അല്ലാഹുവിന്റെ കിതാബുണ്ടല്ലോ? അപ്പോൾ നബി(സ്വ) ഗൗരവത്തോടെ പറഞ്ഞു: ബനൂ ഇസ്‌റാഈലിൽ തൗറാത്തും ഇഞ്ചീലും ഉണ്ടായിരുന്നില്ലേ. എന്നിട്ട് അവർക്കെന്താണ് സംഭവിച്ചത്? അറിവ് നഷ്ടപ്പെടുക എന്നാൽ അറിവിന്റെ വാഹകരുടെ വേർപ്പാടാണ് (ദാരിമി).
ഖുർആനിന്റെ സാന്നിധ്യം മാത്രം പോരാ. അതിനെ യഥാക്രമം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാർ നിർബന്ധമാണെന്ന് സാരം. ഭൂമിയുടെ പല ഭാഗങ്ങളിൽ നിന്നായി അതിനെ നാം ചുരുക്കുന്നത് അവർ കണ്ടിട്ടില്ലേ (റഅ്ദ് 41). ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഭൂമിയുടെ ഭാഗങ്ങളിൽ ചുരുങ്ങൽ അനുഭവപ്പെടുക എന്നതിന്റെ താൽപര്യം പണ്ഡിതന്മാരുടെ മരണമാണ്. ഖവാരിജ്, മുർജിഅത്ത്, ജഹ്മിയ്യത്ത്, മുജസ്സിമത്ത് അടക്കമുള്ള അസത്യവാദികളുടെ കടന്ന് കയറ്റത്തെ തടയിട്ട് വിശുദ്ധ ഗ്രന്ഥത്തിന്റെ മൗലികത നിലനിറുത്താനായത് കഴിഞ്ഞ കാലത്തിലെ മഹാത്മാക്കളുടെ നിറസാന്നിധ്യം മൂലമായിരുന്നെങ്കിൽ ഇന്നും അത് നിലനിൽക്കുന്നത് അവരുടെ പിൻഗാമികളായ മഹത്തുക്കളിലൂടെ തന്നെയാണ്. ഇമാം ശാഫിഈ(റ) പറഞ്ഞു: പണ്ഡിതന്മാർ ആഖിറത്തിൽ അല്ലാഹുവിന്റെ ഔലിയാക്കളാണ്. അല്ലെങ്കിൽ അല്ലാഹുവിന് വലിയ്യ് ഇല്ലതന്നെ. ഇക്‌രിമ(റ) പറഞ്ഞു: പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരെ നിങ്ങൾ സൂക്ഷിക്കുക. പണ്ഡിതരെ പ്രയാസപ്പെടുത്തുന്നവർ തിരുനബിയെയാണ് പ്രയാസപ്പെടുത്തുന്നത്. കാരണം പണ്ഡിതന്മാർ തിരുനബിയുടെ സുന്നത്തിന്റെ പതിപ്പുകളാണ്. ഹസൻ(റ) പറഞ്ഞു: പണ്ഡിതന്റെ മരണം ഇസ്‌ലാമിന് സംഭവിക്കുന്ന വിള്ളലാണ്. കാലം എത്ര ചെന്നാലും ആ വിള്ളൽ അടയുകയില്ല.
ആകാശത്തും ഭൂമിയിലുമുള്ള സകല ജീവികളും വെള്ളത്തിനടിയിലെ മീനുകളും ഉറുമ്പുകൾ വരെയും ആലിമിന് വേണ്ടി പ്രാർത്ഥിക്കുമെന്നും പാപമോചനം തേടുമെന്നും അബൂദാവൂദ്, ഇബ്‌നുമാജ, തുർമുദി ഉദ്ധരിച്ച ഹദീസിലുണ്ട്. എത്ര ഉന്നതമായ മഹത്ത്വമാണിത്. ഒരാൾ നമുക്ക് വേണ്ടി ഒരു തവണ പ്രാർത്ഥിച്ചു എന്ന് കേട്ടാൽ നമുക്കുണ്ടാവുന്ന സന്തോഷവും ആനന്ദവും എത്രയാണ്. എന്നാൽ ലോകം നിലനിൽക്കുവോളം ആലിമിന് ലഭിക്കുന്ന പ്രാർത്ഥനയാണ് ഹദീസിൽ പരാമർശിച്ചത്. ആകാശ വാസികളായ മലക്കുകൾ മുതൽ ഉറുമ്പുകൾ വരെ നടത്തുന്ന പ്രാർത്ഥന. ‘പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാർ ദീനാറോ ദിർഹമോ അനന്തരമായി നൽകിയിട്ടില്ല. ജ്ഞാനമാണ് അവർ അനന്തരമായി നൽകിയത്. അത് കൊണ്ട് ജ്ഞാനം സമ്പാദിക്കുന്നവൻ പൂർണ വിഹിതമാണ് നേടുന്നത്’ (അബൂദാവൂദ്). അനന്തരവനോട് അനന്തരാവകാശിക്കുള്ള ബന്ധം കൊണ്ടാണല്ലോ അനന്തരസ്വത്തിൽ പങ്കാളിത്തമുണ്ടാകുന്നത്. ഇതുപോലെ പ്രവാചകന്മാരുമായി അടുത്ത ബന്ധമാണ് പണ്ഡിതന്മാർക്ക്. അത് കാരണമാണ് അവരുടെ അനന്തരസ്വത്ത് (ജ്ഞാനം) അനന്തരമായി പണ്ഡിതന്മാർക്ക് ലഭിച്ചത്. പ്രവാചകന്റെ തിരുശേഷിപ്പാണ് പണ്ഡിതന്മാർ വഹിക്കുന്ന ജ്ഞാന സമ്പത്തെന്നർത്ഥം.
അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന മഹത്തായ കർമമാണ് പണ്ഡിതൻ നിർവഹിക്കുന്നത്. എന്റെ പ്രതിനിധിയെ ഭൂമിയിലേക്ക് നിശ്ചയിക്കുന്നു എന്നതിന്റെ താൽപര്യവും അത് തന്നെ. അല്ലാഹുവിന്റെ പ്രതിനിധിയായി പണ്ഡിതനാണ് ഈ ദൗത്യ നിർവഹണത്തിന്റെ മുന്നിൽ നിൽക്കേണ്ടത്. നിസ്‌കാരത്തിനായി നിങ്ങളെ വിളിച്ചുണർത്തുന്ന കോഴിയെ ചീത്ത പറയരുതെന്ന് തിരുവചനമുണ്ട്. അപ്പോൾ അല്ലാഹുവിന്റെ തൗഹീദിലേക്കും കിതാബ്, സുന്നത്തിലേക്കും മറ്റ് മതപരമായ കാര്യങ്ങളിലേക്കും ക്ഷണിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന പണ്ഡിതനെ അപഹസിക്കുന്നത് എത്ര കുറ്റകരമാണ്. അല്ലാഹു പറഞ്ഞു: എന്റെ വലിയ്യിനോട് ഒരാൾ മത്സരിച്ചാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട് (ബുഖാരി). അടിസ്ഥാനപരമായി അല്ലാഹുവിന്റെ വലിയ്യ് അവന്റെ അറിവിന്റെ വാഹകരാണ്. അവർ മുഖേനെയാണ് തൗഹീദും കിതാബും സുന്നത്തും നിലനിൽക്കുന്നത്. ചില തിരുവചനങ്ങൾ  ശ്രദ്ധിക്കുക: ‘പ്രവാചകരോട് അടുത്ത് നിൽക്കുന്ന രണ്ട് പദവികളാണ് പണ്ഡിതന്റെയും പോരാളികളുടെയും പദവികൾ.’ പണ്ഡിതൻ പ്രവാചകന്മാരുടെ ദൗത്യം നിർവഹിക്കുന്നു. പോരാളിയോ മതത്തിനെതിരെയുള്ള ശത്രുക്കളെ പ്രതിരോധിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു: ‘ഒരു പണ്ഡിതന്റെ മരണത്തേക്കാൾ ചെറുതാണ് ഒരു നാടിന്റെ മരണം.’ ‘നാൽപ്പത് ഹദീസുകൾ മനഃപാഠമാക്കുകയും എന്റെ സമുദായത്തിൽ അത് പ്രബോധനം നടത്തുകയും ചെയ്താൽ അന്ത്യനാളിൽ ഞാൻ അവന് സാക്ഷിയും ശിപാർശകനുമാകും.’ ഇബ്‌റാഹീം നബിയോട് അല്ലാഹു പറഞ്ഞു: ഇബ്‌റാഹീം, ഞാൻ അറിവുള്ളവനാണ്. അറിവുള്ള എല്ലാവരേയും ഞാൻ ഇഷ്ടപ്പെടുന്നു (ഇഹ്‌യ).
ജീവിതം മുഴുവൻ ജ്ഞാനസമ്പാദനത്തിനും സേവനത്തിനുമായി മാറ്റിവെച്ച മഹത്തുക്കളെയാണ് നമ്മുടെ മുൻഗാമികളിൽ കാണുന്നത്. പട്ടിണിയും ദാരിദ്ര്യവും ക്ഷീണവും പ്രയാസവും യാത്രയും എല്ലാം ഒന്നിച്ച് തിരിച്ചടിച്ചു കൊണ്ടിരുന്നപ്പോഴും അവർ അതിൽ നിന്ന് പിൻമാറിയിട്ടില്ല. അതിരറ്റ ആഗ്രഹവും അതീവ ഉത്സാഹവും അവരെ വീണ്ടും വീണ്ടും കർമോത്സുകരാക്കി. അഹ്‌ലുസ്സുഫയിൽ നാം ആ മാതൃക കാണുന്നു. അബൂഹുറൈറ(റ) അടക്കമുള്ള എഴുപത് സ്വഹാബി പണ്ഡിത പ്രമുഖരുടെ ത്യാഗം ചരിത്രം വരച്ചിടുന്നുണ്ട്. അവരിൽ നിന്ന് പാഠമുൾക്കൊണ്ട് കടന്നുവന്ന താബിഈ പ്രമുഖർ നിരവധി. അത്വാഉബ്‌നു അബീ റബാഅ്, ഉർവത്തുബ്‌നു സുബൈർ, ഖാളി ശുറൈഹ്, ഹസനുൽ ബസ്വരി, ഉമറുബ്‌നു അബ്ദുൽ അസീസ്, മുഹമ്മദുബ്‌നു സീരീൻ(റ) തുടങ്ങിയവർ അതിൽ പ്രമുഖരാണ്. മദ്ഹബിന്റെ നാല് ഇമാമുകളുടെ സേവനവും അധ്വാനവും ചെറുതല്ല. അവരെ ആശ്രയിച്ചാണ് ലോകമുസ്‌ലിംകൾ ഇന്നും മുന്നോട്ട് പോകുന്നത് എന്ന് വരുമ്പോൾ മദ്ഹബിന്റെ ഇമാമുകളുടെ പ്രൗഢി കൂടുതൽ തിളങ്ങുന്നു. ബുദ്ധികൂർമതയും സൂക്ഷ്മതയും നിരന്തര പരിശ്രമവുമായിരുന്നു അവരുടെ പ്രകൃതം. ഇമാം അബൂ ഹനീഫ(റ)യെ കുറിച്ച് ഇമാം യൂസുഫ്(റ) പറഞ്ഞു: ‘അബൂഹനീഫത്തുന്നുഅ്മാൻ(റ) നിഷിദ്ധ കാര്യങ്ങൾക്കെതിരെ ശക്തമായ അമർഷമുള്ളവരും നീണ്ട സമയം മൗനിയായി ചിന്തിക്കുന്നയാളുമായിരുന്നു.’ മറ്റ് മൂന്ന് ഇമാമുമാരുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. ഈ വിധം അനുപമമാണ് പണ്ഡിത ദൗത്യം.




Friday 2 June 2017

ലൈംഗികതയിലെ ശരിതെറ്റുകൾ



വളരെയധികം മൃദുലമായ തലോടലുകളാണ് ഇണകൾ പരസ്പരം നടത്തേണ്ടത്. കൈകൾ കൊണ്ടും നാവ് ഉപയോഗിച്ചും തൊട്ടു തൊട്ടില്ല എന്ന നിലയിൽ ഇണയെ തൂവൽ സ്പർശം(Feather touch) ചെയ്യാൻ സാധിച്ചാൽ അതൊരു അനിർവചനീയമായ അനുഭവമായിരിക്കും.  ഉത്തേജനത്തിലേക്കെത്തുന്ന ഈ ഘട്ടത്തിൽ ലൈംഗിക തമാശ(sex fun) കളുമാവാം. ഭർത്താവിന്റെ ശരിയായ സ്‌നേഹം കിട്ടുന്ന ഭാര്യക്ക് ലൈംഗിക ഉണർവിലേക്കെത്തുക താരതമ്യേന എളുപ്പമായിരിക്കും. എന്നാൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ദമ്പതികളാണെങ്കിൽ ഭാര്യക്ക് ലൈംഗിക ഉണർവ് വളരെ സാവധാനത്തിലുണ്ടാവുകയോ അല്ലെങ്കിൽ ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്യാം. ബില്ലി ക്രിസ്റ്റലിന്റെ വാക്കുകൾ പ്രസക്തമാണിവിടെ: ‘സെക്‌സിൽ ഏർപ്പെടാൻ സ്ത്രീക്ക് ഒരു കാരണം വേണം. എന്നാൽ, പുരുഷന് ഒരു സ്ഥലം മതി’. ശരിയാണ്. തന്നെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന ഭർത്താവുമായുള്ള ലൈംഗിക ബന്ധം സ്ത്രീക്ക് ഇരട്ടി മധുരം നൽകും. കാരണം സ്ത്രീക്ക് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും തുടർച്ചയാണ് സെക്‌സ്.
ഭർത്താവിന്റെ മുമ്പിൽ നന്നായി അണിഞ്ഞൊരുങ്ങി മോഹിപ്പിക്കുന്ന തരത്തിലാണ് ഭാര്യ പ്രത്യക്ഷപ്പെടേണ്ടത്. ആ കാഴ്ച തന്നെ പുരുഷനെ വല്ലാതെ സന്തോഷിപ്പിക്കും. ഭർത്താവിന്റെ മുമ്പിലേക്ക് മൈലാഞ്ചിയും സുറുമയുമിട്ട് ആഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി വരാത്ത ഭാര്യമാരെ അല്ലാഹുവിന്റെ പ്രവാചകർ(സ്വ)ക്ക് വെറുപ്പായി
രുന്നു എന്ന് ഹദീസുകളിൽ കാണാം. സ്ത്രീകൾക്കും സെക്‌സിൽ മുൻകയ്യെടുക്കാം, താൽപര്യം പ്രകടിപ്പിക്കാം. ഇത് പുരുഷന് വലിയ ആവേശമുണ്ടാക്കും. ഇണ താനുമായി ലൈംഗിക താൽപര്യം പ്രകടിപ്പിക്കുന്നു എന്നത് പരസ്പര സ്‌നേഹത്തിന്റെ പ്രഖ്യാപനം കൂടിയാണ്. പുരുഷൻ സ്‌നേഹപൂർവമുള്ള തൊടലും തലോടലും സംസാരങ്ങളുമായി സാവധാനം ഭാര്യയെ താൽപര്യത്തിലേക്ക് കൊണ്ടുവരികയും വേണം.
ഒരു ചടങ്ങ് പോലെ എന്നും ഒരേ രീതി, ഒരേ സ്ഥലം, ഒരേ തുടക്കം എന്നതിന് പകരം വ്യത്യസ്ത സമീപനങ്ങൾ, പൊസിഷനുകൾ, സ്ഥലങ്ങൾ (ബെഡിൽ തന്നെ വിവിധ രീതികൾ, നിലത്ത് വിരിച്ച്, സാധ്യമെങ്കിൽ മറ്റു റൂമുകളിൽ) ഒക്കെ സെക്‌സിനെ കൂടുതൽ ആസ്വാദ്യമാക്കും. ഇണക്കിഷ്ടമില്ലാത്ത കാര്യങ്ങൾക്കു നിർബന്ധിക്കരുത്. രണ്ടുപേരും പരസ്പര ധാരണയോടെയാണ് ഇതൊക്കെ ചെയ്യേണ്ടത്.
സെക്‌സ് നടക്കുന്ന സ്ഥലത്തിനുമുണ്ട് വലിയ പ്രാധാന്യം. നല്ല വെളിച്ചത്തിലോ ഇരുട്ടിലോ അല്ലാതെ മങ്ങിയ വെളിച്ചത്തിൽ ചെയ്യുന്നതാണ് നല്ലത്. റൂം  വൃത്തിയുള്ളതും സുഗന്ധമുള്ളതും ആവശ്യത്തിന് ശുദ്ധവായു കിട്ടുന്നതുമായിരിക്കുക. അഴിച്ചിട്ട വസ്ത്രങ്ങളോ ദുർഗന്ധമുണ്ടാകുന്ന അവസ്ഥകളോ റൂമിൽ ഇല്ലാതിരിക്കുക. ഇപ്പോൾ ആരെങ്കിലും വരുമോ, കുട്ടി ഉണരുമോ തുടങ്ങിയ ചിന്തകൾ സ്ത്രീക്ക് ലൈംഗിക സുഖം കുറക്കുകയും പുരുഷന് പെട്ടെന്നുള്ള സ്ഖലനത്തിന് (Premature Ejaculation) കാരണമാവുകയും ചെയ്യും. അതുകൊണ്ട് പുറത്തു നിന്ന് യാതൊരു തരത്തിലുള്ള ഇടപെടലുകളും ഇല്ലാതിരിക്കാൻ പരമാവധി സാധ്യതയുള്ള സമയം സെക്‌സിന് വേണ്ടി തിരഞ്ഞെടുക്കുക.
സന്താനോൽപാദനത്തിന് കൂടി സാധ്യതയുള്ളതുകൊണ്ട് ഓരോ തവണ ബന്ധപ്പെടുമ്പോഴും കുഞ്ഞിനെ പ്രതീക്ഷിച്ചാവുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തരുമെന്ന് പണ്ഡിതൻമാരും മനഃശാസ്ത്ര വിദഗ്ധരും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കുഞ്ഞ് വേണ്ടെന്ന അവസ്ഥയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കുട്ടികൾക്ക് മാതാപിതാക്കളോട് വൈകാരിക അടുപ്പവും മാനസികാരോഗ്യവും കുറവായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ദമ്പതികൾ പൂർണ നഗ്നരായി വേഴ്ചയിലേർപ്പെടുന്നതും ലൈംഗിക അവയവങ്ങളിലേക്ക് പരസ്പരം നോക്കിയിരിക്കുന്നതും സെക്‌സിനിടക്ക് സംസാരിക്കുന്നതും ഇസ്‌ലാം നിരുത്സാഹപ്പെടുത്തി. പിൻദ്വാര ഭോഗവും(Anal sex) ആർത്തവകാല രതിയും ഇസ്‌ലാം ശക്തമായി നിരോധിച്ചിട്ടുണ്ട്. ആരോഗ്യപരവും മാനസികവുമായ നിരവധി കാരണങ്ങൾ ഇതിനുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുകയും ചെയ്തിട്ടുണ്ട്.