സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 9 September 2020

നാവ്

 


✍🏼ജീവിതത്തില്‍ നാം സൂക്ഷിക്കേണ്ട പ്രധാന അവയവങ്ങിലൊന്നാണ് നാവ്. സ്വര്‍ഗത്തില്‍ പ്രവേശിക്കാനും നരകത്തില്‍ നിന്ന് രക്ഷപ്പെടാനുമുള്ള മാര്‍ഗം അന്വേഷിച്ച മുആദ് (റ)നോട് നബി (സ) പറഞ്ഞത് നാവിനെ പിടിച്ചുവെക്കുക എന്നാണ്. അപ്പോള്‍ മുആദ് (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, നാം സംസാരിച്ചതിന്റെ പേരില്‍ നാം ശിക്ഷിക്കപ്പെടുമോ?’ തങ്ങളുടെ നാവ് സമ്പാദിച്ചത് കാരണമായിരിക്കും ആളുകള്‍ നരകത്തില്‍ മുഖം കുത്തിവീഴുക എന്നാണതിന് പ്രവാചകന്‍ (സ) മറുപടി നല്‍കിയത്. നമ്മുടെ വീടകങ്ങളില്‍ ഏറ്റവും പരിശീലനവും നിയന്ത്രണവും നേടേണ്ട അവയവമാണ് നാവ്. നമ്മുടെ വാക്കുകള്‍ നന്നാക്കുകയും ആ രൂപത്തില്‍ നമ്മുടെ മക്കളുടെ സംസാരം ക്രമീകരിക്കുകയും വേണം. 



അല്ലാഹു നാവിനെ സംവിധാനിച്ചതിന്റെ പിന്നിലെ രഹസ്യം നാം വിസ്മരിക്കരുത്. രണ്ട് ചുണ്ടുകളും രണ്ട് നീണ്ട നിര പല്ലുകളും മതിലുകള്‍ കണക്കെ തയാര്‍ ചെയ്ത് അതിനകത്ത് നാവിനെ സ്ഥാപിച്ചത് അതിനെ സൂക്ഷിക്കേണ്ടതിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ്. ഉപകാരമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം സംസാരിക്കുന്നതാണ് ബുദ്ധി. ഒരാളുടെ ബുദ്ധി പൂര്‍ണമായാല്‍ അവന്റെ സംസാരം കുറയുമെന്ന കവിയുടെ വാക്ക് പ്രസിദ്ധമാണല്ലോ. 


ഒരു അഅ്‌റാബി നബി (സ)യോട് ചോദിച്ചു: എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു ആരാധന പറഞ്ഞ് തരൂ.. അവിടുന്ന് പറഞ്ഞു: വിശന്നവനെ ഭക്ഷിപ്പിക്കുക. ദാഹിക്കുന്നവനെ കുടിപ്പിക്കുക. നല്ലത് കൊണ്ട് കല്‍പിക്കുക. ചീത്തയെ വിരോധിക്കുക. ഇതിനൊന്നും സാധിക്കുകയില്ലെങ്കില്‍ നിന്റെ നാവിനെ സൂക്ഷിക്കുക. 


 നാവിന്റെ വിപത്തുകള്‍ വളരെയധികമാണ്. വാ തോരാതെ അന്യരെ പറ്റി ഏഷണിയും പരദൂഷണവും പറയുന്നവര്‍ വ്യക്തിജീവിതത്തില്‍ ശുദ്ധരല്ലെന്നാണ് മനഃശാസ്ത്രജ്ഞരുടെ നിഗമനം. വായില്‍ വരുന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കുക എന്നത് വിശ്വാസികളുടെ സ്വഭാവമല്ല. വാക്കുകള്‍ എത്ര ചെറുതാണെങ്കിലും അവ രേഖപ്പെടുത്തുമെന്നും അവയുടെ പേരില്‍ താന്‍ അല്ലാഹുവിന്റെ സന്നിധിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും തിരിച്ചരിഞ്ഞവനാണല്ലോ വിശ്വാസി. അതിനാല്‍ സൂക്ഷിച്ചു മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. അല്ലാഹു പറയുന്നു: സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നല്ല വാക്ക് സംസാരിക്കുക. എങ്കില്‍ അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിതീര്‍ക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും (അസ്ഹാബ് 70,71 ).


 നബി(സ) യുടെ സംസാര രീതിയെ കുറിച്ച് ആഇശ (റ) പറയുന്നു. അല്ലാഹുവിന്റെ ദൂതന്‍ തുരുതുരാ സംസാരിക്കുന്ന ആളായിരുന്നില്ല. അവിടുന്ന് പറയുന്ന വാക്കുകള്‍ ഒരാള്‍ക്ക് വേണമെങ്കില്‍ എണ്ണാന്‍ പോലും കഴിയുമായിരുന്നു ( ബുഖാരി, മുസ്‌ലിം).


 ഭവനങ്ങളില്‍ റസൂലിന്റെ സംസാരം എങ്ങിനെ ആയിരുന്നെന്ന് ഇത് വരച്ചു കാട്ടുന്നുണ്ട്. ഹസന്‍(റ)പറഞ്ഞു: ബുദ്ധിമാന്റെ നാവ് അവന്റെ ഹൃദയത്തിന്റെ പിന്നിലാകുന്നു, എന്തെങ്കിലും സംസാരിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ ചിന്തിക്കും, അതവന് നന്മയാണെങ്കില്‍ അവനത് പറയും, അവനത് തിന്മയാണെങ്കില്‍ നിശബ്ദനായിരിക്കും. അറിവില്ലാത്തവന്റെ ഹൃദയം അവന്റെ നാവിന് പിന്നിലാകുന്നു. സ്വന്തം ന്യൂനതകളെയും ദൗര്‍ബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി. തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന്‍ അപരന്റെ ന്യൂനതകള്‍ അന്വേഷിച്ചു പരക്കം പായുകയോ പ്രചരിപ്പിക്കുകയോ ഇല്ല. പ്രവാചകന്‍(സ) പറഞ്ഞു: തന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടന്നതിനാല്‍ ജനങ്ങളുടെ ന്യൂനതകള്‍ വിസ്മരിച്ച വ്യക്തിക്ക് ഭാവുകങ്ങള്‍ (ബൈഹഖി). ആരെങ്കിലും ഇങ്ങോട്ട് ചീത്ത വിളിച്ചാല്‍ ക്ഷമിക്കലാണ് ശ്രേഷ്ഠവും കരണീയവും. അപ്പോള്‍ മലക്കുകള്‍ ചീത്ത പറയുന്നവനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും. തിരിച്ചും ചീത്ത വിളിച്ചാലോ? സദസ്സ് ഭാഗ്യശൂന്യമായി, മലക്കുകള്‍ പിരിഞ്ഞു പോകും.


 ഒരിക്കല്‍ നബി(സ) തങ്ങളും സ്വഹാബത്തും ഒരു സദസ്സില്‍ ഇരിക്കുന്ന സമയത്ത് ഒരാള്‍ കടന്നു വന്നു എന്നിട്ട് അബൂബക്കര്‍ സിദ്ദീഖ് (റ)നെ അക്ഷേപിക്കാന്‍ തുടങ്ങി. അബൂബക്കര്‍ സിദ്ദീഖ് (റ) തിരിച്ചൊന്നും പറഞ്ഞില്ല. അല്‍പ നേരം കഴിഞ്ഞ് ആഗതന്‍ വീണ്ടും ആക്ഷേപിക്കാന്‍ തുടങ്ങി മൂന്നു പ്രാവശ്യം ഇതു തുടര്‍ന്നപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) തിരിച്ചും പറഞ്ഞു. അപ്പോള്‍ നബി (സ) തങ്ങള്‍ സദസില്‍ നിന്നും എഴുന്നേറ്റു പോയി. അബൂബക്കര്‍ സിദ്ദീഖ് (റ) നബിയോട് ചോദിച്ചു: നബിയേ, ഞാന്‍ തിരിച്ചാക്ഷേപിച്ചത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല അല്ലേ?. നബി(സ) തങ്ങള്‍ പറഞ്ഞു: അയാള്‍ ആക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന ഒരോ സമയത്തും ആകാശത്തു നിന്നും ഒരു മലക്ക് വന്ന് പറയുകയുണ്ടായി: അയാള്‍ പറയുന്നത് കളവാണെന്ന്. പക്ഷേ താങ്കള്‍ ആയാളെ തിരിച്ചാക്ഷേപിച്ചതാടെ മലക്കിന് പകരം വന്നത് പിശാചാണ്. അതു കൊണ്ടാണ് ആ സദസില്‍ നിന്നും ഞാന്‍ എഴുന്നേറ്റു പോന്നത്. 


സ്വന്തത്തിനോ അപരനോ ഉപകരിക്കുന്ന കാര്യത്തിനല്ലാതെ സംസാരിക്കരുത്. സംസാരിക്കുന്ന സന്ദര്‍ഭത്തിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാവണം. നാവിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരാളുടെ ഇഹപര സൗഭാഗ്യങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ (ബുഖാരി, മുസ്‌ലിം). 

ആഴത്തില്‍ മുറിവേല്‍പ്പിക്കാനും അവസാനിക്കാത്ത തര്‍ക്കങ്ങള്‍ സൃഷ്ടിക്കാനും കാരണമാകുന്ന വാക്കുകള്‍ക്കു പകരം ഒരു സമൂഹത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാനും അനേക നന്മകളുടെ കവാടം തുറക്കാനും ഉതകുന്ന വാക്കുകളാണ് അഭികാമ്യം. നമ്മുടെ ഭവനങ്ങള്‍ ഇതിന്റെ പരിശീലനക്കളരി ആകണം. പക്ഷെ, പുറത്തിങ്ങിയാല്‍ വാക്കുകളില്‍ കാണിക്കുന്ന ശ്രദ്ധ വീടുകളിലെ സംസാരങ്ങളില്‍ കാണുന്നില്ല എന്നതാണ് ഖേദകരം. ഇത് പുതിയതലമുറയുടെ സംസ്‌കാരം ദുഷിപ്പിക്കും. അതിനാല്‍ ജാഗ്രതയോടെ ആകട്ടെ ഓരോ വാക്കുകളും. 

പകർന്നു കൊടുക്കുന്ന വിജ്ഞാനം പരമ പുണ്യമത്രേ..! (നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക) 

Saturday 18 April 2020

ജ്ഞാന_സരണി ഇസ്‌ലാം

മാനവരാശിയെ അന്ധവിശ്വാസത്തിൽ നിന്നും അറിവിലേക്കു / സ്ഥിരീകൃത വിശ്വാസത്തിലേക്കു നയിക്കുന്നു. ഇസ്‌ലാമിൽ ജ്ഞാന മാർഗ്ഗം ഏകാത്മകമല്ല. പ്രത്യുത, അറിയാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ പ്രകൃതമനുസരിച്ച് അതു വ്യത്യാസപ്പെടുന്നു. ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം മൂന്നു തരം ജ്ഞാന മാർഗങ്ങൾ മുന്നോട്ടു വെക്കുന്നു. 1. ദർശനം, ശ്രവണം സ്പർശനം, രസനം, ഘ്രാണം തുടങ്ങിയ സംവേദനേന്ദ്രിയങ്ങൾ 2. ധിഷണ / യുക്തി : ലളിതവും സുഗ്രഹവുമായ സത്യങ്ങളാണുദ്ദേശ്യം [ഉദാഹരണം : വൈരുദ്ധ്യം അസംഭവ്യമാണ്, രണ്ട് നാലിന്റെ പകുതിയാണ്, ഏതു വസ്തുവും അതിന്റെ അംശത്തേക്കാൾ വലുതാണ്] അവ മുഖേന സങ്കീർണ സത്യങ്ങളിൽ എത്തിച്ചേരുവാൻ കഴിയും. 3. സത്യവാർത്ത / സത്യ പ്രസ്താവന : ഇത് രണ്ടു തരമാണ്. എ. അനിഷേധ്യ വാർത്ത / സത്യമാണെന്ന് നൂറു ശതമാനം ഉറപ്പു നൽകാൻ മാത്രം സമൃദ്ധമായ കണ്ണികളിലൂടെ /തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വാർത്ത. ഉദാഹരണം : ഔറംഗസീബ് ഇന്ത്യ ഭരിച്ചു, മുഹമ്മദ് നബി (ﷺ) യുടെ കൈക്ക് നിരവധി അമാനുഷിക കാര്യങ്ങൾ പ്രകടമായി. ബി. പ്രവാചകന്മാരുടെ [ഉപര്യുക്ത രീതിയിലൂടെ പ്രവാചകത്വം സ്ഥിരീകരിക്കപ്പെട്ടവരുടെ] പ്രസ്താവന. ഭൗതിക ശാസ്ത്രം പ്രധാനമായും ഒന്നാം ജ്ഞാന രീതിയെ ആശ്രയിക്കുന്നു. എന്നാൽ ശാസ്ത്ര രീതി മാത്രമാണ് ജ്ഞാന മാർഗ്ഗമെന്ന് കരുതുന്ന ചിലരുണ്ട്. വിചിത്രമെന്നു പറയാം ശാസ്ത്ര വാദികളെന്നോ ഭൗതിക വാദിളെന്നോ വിളിക്കപ്പെടാനല്ല , യുക്തിവാദികളെന്നു വിളിക്കപ്പെടാനാണ് അവർക്കും താൽപര്യം ജ്ഞാന മാർഗ്ഗം ശാസ്ത്ര രീതി മാത്രമാണെന്ന പ്രസ്താവന പോലും സത്യത്തിൽ തത്വശാസ്ത്രപരമാണ്.ആ പ്രസ്താവന ശാസ്ത്ര രീതിയിലൂടെ അവർക്കു തെളിയിക്കാനാവില്ല. പ്രസ്താവന തന്നെ സ്വയം ഖണ്ഡിക്കുന്നുവെന്നു സാരം. ഇതു സംബന്ധമായ ഏതാനും സന്ദേഹങ്ങൾക്ക് നിവാരണം കുറിക്കാം. സന്ദേഹം 1 മസ്ജിദുൽ ഹറാമിൽ നിന്ന് ബൈതുൽ മഖ്ദിസിലെ മസ്ജിദുൽ അഖ്സയിലേക്ക് നടന്ന പ്രവാചകരുടെ ഇസ്‌റാഉം അവിടെനിന്ന് സപ്ത ആകാശങ്ങളുടെ അപ്പുറത്തേക്ക് നടന്ന മിഅ്റാജും പ്രവാചകരുടെ ശത്രുവിൽ നിന്നാണ് സിദ്ദീഖ് റ ആദ്യമായി കേൾക്കുന്നത്, എന്നിട്ടും കേട്ട മാത്രയിൽ അദ്ദേഹം അത് വിശ്വസിച്ചുവെന്നും, അക്കാരണത്താൽ അദ്ദേഹത്തിന് സിദ്ദീഖ് എന്ന സ്ഥാനപ്പേര് ലഭിച്ചുവെന്നുമില്ലേ ? നിവാരണം : കേട്ടമാത്രയിൽ വിശ്വസിക്കുകയായിരുന്നില്ല. മറിച്ച്, അക്കാര്യം മുഹമ്മദ് നബി (ﷺ) പറഞ്ഞുവെന്ന് ഉറപ്പു വരുത്തിയിട്ടാണ് വിശ്വസിച്ചത്. എങ്കിൽ, അത് അന്ധവിശ്വാസമല്ല. പ്രത്യുത, മൂന്നാം ജ്ഞാന മാധ്യമം മുഖേന ലഭിച്ച ബോധ്യത്തിൽ അധിഷ്ഠിതമായ വിശ്വാസമാണ്. നിലവിലെ ലോകക്രമമനുസരിച്ച് പലർക്കും ഇസ്റാഅ് മിഅ്റാജ് അവിശ്വസനീയമായ ഘട്ടത്തിൽ, അങ്ങനെ ലോകം സംവിധാനിച്ച അല്ലാഹുവിന്, തന്റെ ഇഷ്ടദാസനു വേണ്ടി ബദൽ സംവിധാനമേപ്പെടുത്താനും കഴിയുമെന്ന വ്യതിരിക്ത ബോധ്യത്തിൽ അതിവേഗം എത്താൻ അവർക്ക് കഴിഞ്ഞു. മുഹമ്മദ് നബി (ﷺ) പ്രസ്താവിച്ചോ ഇല്ലേ എന്ന് ബോധ്യപ്പെടുകയെന്ന കടമ്പ മാത്രമാണ് തന്റെ മുന്നിലുള്ളത്, മറ്റെല്ലാം വളരെ ലളിതം എന്ന ബുദ്ധിപൂർവ്വകമായ നിലപാട്, പരിഹാസക സമൂഹത്തോട് നിസ്സങ്കോചം തുറന്നു പറഞ്ഞതിന്റെ ആദരവായാണ് സിദ്ദീഖ് (ഏറെ സത്യസന്ധൻ) എന്ന സ്ഥാനപ്പേര് അവർക്കു ലഭിച്ചത്. സന്ദേഹം 2 വൈരുധ്യം സംഭവിച്ചുവെന്ന് പ്രവാചകർ പറഞ്ഞതായി കേട്ടാലും അദ്ദേഹം അത് വിശ്വസിക്കുമായിരുന്നോ ? നിവാരണം : വൈരുദ്ധ്യം സംഭവിച്ചുവെന്ന് പ്രവാചകർ പറഞ്ഞുവെന്നാണു കേട്ടിരുന്നതെങ്കിൽ, പ്രവാചകരങ്ങനെ പറഞ്ഞോ എന്ന് ഉറപ്പു വരുത്താൻ സിദ്ദീഖ് റ നെപ്പോലോത്തവർ ശ്രമിക്കുകയില്ല. കാരണം; വൈരുദ്ധ്യം അസംഭവ്യമാണെന്നതു പോലോത്ത ലളിതവും സുഗ്രഹവുമായ സത്യം നിഷേധിക്കാൻ വന്നവരല്ല. മറിച്ച്, സത്യം മാത്രം പറഞ്ഞതിനാൽ സത്യസന്ധരായി വാഴ്ത്തപ്പെട്ടവരും സൃഷ്ടാവിനാൽ സത്യസന്ധത സ്ഥിരീകരിക്കപ്പെട്ടവരുമാണ് പ്രവാചകരെന്ന് അവർക്കറിയാം. എന്നാൽ, മുൻചൊന്ന ഇസ്‌റാഅ്-മിഅ്റാജ് സാധാരണ പ്രാപഞ്ചിക വ്യവസ്ഥകൾക്ക് അതീതമാണെങ്കിലും അസംഭവ്യമൊന്നുമല്ല എന്ന് ബുദ്ധിശാലികൾക്ക് അനായാസം മനസ്സിലാക്കാം. വിശിഷ്യാ സിദ്ദീഖ് റ നെ പോലുള്ളവർക്ക്. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഭീമാകാരനായ ഒരു ഗോളം അക്ഷത്തിൽ കറങ്ങുമ്പോൾ കേന്ദ്ര ബിന്ദുവിനു സമീപമുള്ള ബിന്ദുക്കൾ ഹൃസ്വസമയം (ഒരു സെകന്റ് / മൈക്രോ സെകന്റ് / നാനോ സെകന്റ്/...) കൊണ്ട് കുറഞ്ഞ ദൂരം സഞ്ചരിച്ച് ഒരു കറക്കം പൂർത്തിയാക്കുന്നു. ഗോളോപരിതലത്തിലെ ഓരോ ബിന്ദുവും അത്ര സമയത്തിനകം, ലക്ഷക്കണക്കിനു കിലോ മീറ്റർ സഞ്ചരിച്ചാണ് ഒരു കറക്കം പൂർത്തിയാക്കുന്നത്. സന്ദേഹം 3 അന്ധ വിശ്വസം പര്യാപ്തമല്ലെന്ന അഹ്ലുസ്സുന്നയുടെ വീക്ഷണം അവരുടെ അമിത യുക്തിഭക്തിയും സാധാരണ ജനങ്ങളെ അവിശ്വാസികളായി മുദ്രകുത്താൻ ഹേതുവാകുന്നതുമല്ലേ ? നിവാരണം : ഇസ്‌ലാമിക വിശ്വാസകാര്യങ്ങളിൽ ദൃഢ വിശ്വാസമില്ലാത്തവനാണു അവിശ്വാസി. ഒരാളുടെ വിശ്വാസം അന്ധവിശ്വാസമായാൽ / പ്രമാണങ്ങൾ അറിയാതെ ആയാൽ പോലും അവനൊരു വിശ്വാസിയായി പരിഗണിക്കപ്പെടും, വിശ്വാസം ദൃഢവും വസ്തുതാപരവും ആയിരിക്കണമെന്നു മാത്രം. എന്നാൽ ഈ വസ്തുതാപരമായ അന്ധവിശ്വാസം സ്ഥിരീകൃതവിശ്വാസമായി ഭവിക്കാൻ പ്രമാണം അഭ്യസിക്കൽ, പ്രാപ്തരായ ആളുകൾക്കു നിർബന്ധമാണെന്നു മാത്രമാണ് അഹ്ലുസ്സുന്ന പറയുന്നത്. സ്ഥിരീകൃതവിശ്വാസം നടേ പറഞ്ഞ മൂന്നു മാധ്യമങ്ങളിൽ അധിഷ്ഠിതമാണ്. യുക്തി അതിൽ ഒന്നു മാത്രം. യുക്തിയിലൂടെ തന്നെ സ്ഥിരീകരിക്കേണ്ട കാര്യങ്ങളുമുണ്ട് ഉദാ : ദൈവാസ്തിക്യം ദൈവദൂതരുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കാൻ പറ്റില്ല കാരണം : അവർ ദൈവദൂതരാണെന്ന് സ്ഥിരീകരിക്കാൻ ആദ്യം ദൈവാസ്തിക്യം സ്ഥിരീകൃതമായിരിക്കണം. പ്രമാണ പഠനം ബുദ്ധിശാലികൾക്കു മാത്രം ഗ്രാഹ്യമാകുന്ന ദാർശനിക രീതിയിൽ ആയിക്കൊള്ളണമെന്നൊന്നുമില്ല (അത് സാമൂഹിക ബാധ്യത മാത്രമാണ്) മറിച്ച്, സാധാരക്കാർക്കും സുഗ്രഹമാകുന്ന പ്രമാണങ്ങളും ആ ഗണത്തിൽ വരും. ഉദാ: നിരക്ഷരനായ ഒരു മലയോര വാസിയോട് ചോദിക്കപ്പെട്ടു: അല്ലാഹുവിൽ വിശ്വസിക്കാൻ താങ്കൾക്കു പ്രചോദനമായ കാര്യമെന്ത്? അദ്ദേഹം പ്രതികരിച്ചു: ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരൊട്ടകമുണ്ടെന്ന് മനസ്സിലാകില്ലേ? കാൽപാടുകൾ ദൃഷ്ടിയിൽപെട്ടാൽ അതിലൂടെ ഒരാൾ നടന്നു പോയതായി മനസ്സിലാകില്ലേ? എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്‌വരകളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷമജ്ഞനായ അല്ലാഹു ഉണ്ടെന്നതിന് തെളിവല്ലേ?" എങ്കിൽ, അന്ധമായി വിശ്വസിക്കേണ്ടി വരുന്നവർ താണ ധൈഷണിക നിലവാരം പുലർത്തുന്ന ന്യൂനാൽ ന്യൂനപക്ഷം മാത്രമാണ്. പ്രമാണ പഠനം അവർക്ക് നിർബന്ധവുമല്ല.

 അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Wednesday 15 April 2020

ഖുർആൻ_ബൈബിളിന്റെ_കോപ്പിയല്ല

#അമ്പത്_ഉത്തരങ്ങൾ!!!

 1. ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മാലാഖമാരേയും സാത്താനെയും പടച്ചിട്ടുണ്ടെന്നു ഖുർആൻ. ബൈബിളിൽ മൗനം.

 2. സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു മാലാഖ (FALLEN ANGEL) ആണ് സാത്താൻ എന്നു ബൈബിൾ. ഇതു ഖുർആൻ വിരുദ്ധമാണ്.

 3. നോഹയുടെ ജനം വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നീ പൂജാബിംബങ്ങൾക്ക് ഉപാസനയർപ്പിച്ചിരുന്നു എന്നു ഖുർആൻ. ബൈബിളിൽ മൗനം.

 4. നോഹയുടെ പേടകം അറാറത്ത് പർവ്വതത്തിൽ ഉറച്ചു എന്നാണ് ബൈബിളിലുള്ളത്. അതൊരു പർവ്വതനിരയുടെ പേരാണ്. ഖുർആനിൽ ജൂദിമല എന്ന് വ്യക്തമായി എടുത്തു പറയുന്നു. അതു ബൈബിളിലില്ല.
5. ഹവ്വ പാപം ചെയ്തതിനാൽ യഹോവയായ ദൈവം അവളെ പ്രസവവേദന കൊണ്ട് കഷ്ടപ്പെടുത്തി എന്ന് ബൈബിൾ. ഖുർആനിൽ അങ്ങനെയില്ല.

 6. ആദ്, സമൂദ് ഗോത്രങ്ങളെ കുറിച്ചു ഖുർആൻ പറയുന്നു. ഖുർആനിക വിവരണങ്ങളോട് യോജിക്കുന്ന വിധത്തിൽ ആദ് സമൂഹത്തിന്റെ വാസസ്ഥലം സഊദി അറേബ്യയിലെ മാദാഇനു സ്വാലിഹിൽ കണ്ടെത്തി. സമൂദ് ഗോത്രക്കാരുടെ വാസസ്ഥലം ഈയടുത്ത് നാസയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെട്ടു. ഇവരെ പറ്റി ബൈബിളിലില്ല.

 7. ബൈബിളിൽ സ്വാലിഹ് നബി അ. ഇല്ല.

 8. ബൈബിളിൽ ഹൂദ് നബി അ. ഇല്ല.

 9. ബൈബിളിൽ ശുഐബ് നബി അ.യുടെ പേര് ഇല്ല. 
10. ബൈബിളിൽ ഖിള്ർ അ. ഇല്ല.
 11. ബൈബിളിൽ ലുഖ്മാൻ അ. ഇല്ല.
 12. ബൈബിളിൽ മൂസ നബിയും തന്റെ ജനതയും ഇടപെട്ട 'പശു സംഭവം' ഇല്ല.

 13. ബൈബിളിലുള്ള ഹോശേയ, മലാഖി, മീഖാ, യൂദാ, നഹൂം, നെഹമ്യാവ്, ഓബദ്യാവ്, എസ്തേർ, യോവേൽ, രൂത്ത് മുതലയവരൊന്നും ഖുർആനിലില്ല.

 14. ദുൽഖർനൈനിനെ പറ്റി ബൈബിളിലില്ല.

 15. അസ്ഹാബുൽ കഹ്ഫ് ബൈബിളിലില്ല.

 16. സൂറതു യാസീൻ പറഞ്ഞ അന്തോഖ്യ ഗ്രാമവാസികളുടെ കഥ ബൈബിളിലില്ല.

 17. യേശുവിനെ ക്രൂശിച്ചു കൊന്നു എന്നു ബൈബിൾ. രക്ഷിച്ചുയർത്തി എന്നു ഖുർആൻ.

 18. അബ്രഹാം തന്റെ ഏകജാതനായ പുത്രൻ യെസഹാഖിനെ ബലി നൽകുന്നതായി ബൈബിൾ. ഖുർആനിലത് യിശ്മയേൽ. ബൈബിളിലും ഖുർആനിലും മൂത്തപുത്രൻ യിശ്മയേൽ. എങ്കിൽ ആരാണ് ആദ്യജാതൻ?!

 19. ഉൽപത്തി 37ലുള്ള യോസേഫിന്റെ സ്വപ്നം നിറവേറിയതായി ഖുർആൻ. ബൈബിളിലതില്ല. മാത്രമോ, യോസേഫിന്റെ സ്വപ്നത്തിനു മുമ്പേ അമ്മ മരിച്ചുവെന്നും ബൈബിൾ. പ്രവചനപ്പിഴവ്.

 20. യേശുക്രിസ്തുവിന്റെ അമ്മ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗൎഭിണിയായി എന്നു ബൈബിൾ. പരിശുദ്ധാത്മാവ് ദൈവത്തിന്റെ സുവിശേഷം അറിയിക്കുകയും ആത്മാവ് ഊതുകയും ചെയ്യുകയായിരുന്നു എന്നു ഖുർആൻ.

 21. മോശെയെ ദത്തെടുത്തത് ഫറോവയുടെ പുത്രിയെന്നു ബൈബിൾ, ഭാര്യയെന്നു ഖുർആൻ.

 22. ലോത്ത് ഭക്തനും സദ്‌വൃത്തനുമായ പ്രവാചകനെന്നു ഖുർആൻ. സ്വന്തം മക്കളെ പോലും ഭോഗിച്ചു രസിച്ച ദുർവൃത്തനെന്നു ബൈബിൾ.

 23. ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തവനും അനുസരണാ ശീലനുമായിരുന്നു മോശെ എന്നു ഖുർആൻ. സംഖ്യാപുസ്തകം 20 ൽ മോശെ ദൈവത്തെ ധിക്കരിക്കുന്നു.

 24. തോറയെ ശാസ്ത്രിമാരുടെ കള്ളെഴുത്തു കോലുകൾ തന്നെ വ്യാജമാക്കി കളഞ്ഞുവെന്നു യിരമ്യാവ് 8. ഒരു തരത്തിലുള്ള ഭേദഗതികളുമില്ലാതെ സംരക്ഷിക്കപ്പെടുമെന്നു ഖുർആൻ.

 25. ഫറോവ മുങ്ങിയിട്ടില്ലെന്നു ബൈബിൾ. മുങ്ങി മരിച്ചെന്നും കടൽ പുറംതള്ളിയെന്നും ഖുർആൻ.

 26. ഉൽപത്തി പുസ്തകത്തിൽ ദൈവം ക്ഷീണിച്ചു വിശ്രമിക്കുന്നു, ആദാമിനെ തിരഞ്ഞു നടക്കുന്നു, മനുഷ്യനെ സൃഷ്ടിച്ചതിൽ അനുതപിക്കുന്നു. ഖുർആനിൽ ദൈവം സർവജ്ഞാനിയും സർവശക്തനും സൃഷ്ടി സഹജഗുണങ്ങളില്ലാത്തവനുമാണ്.

 27. യേശു തൊട്ടിലിൽ വെച്ചു സംസാരിച്ചെന്നു ഖുർആൻ. ശൈശവ ജീവിതത്തെ പറ്റി ബൈബിളിൽ പൂർണ മൗനം.

 28. യേശു പക്ഷികളുടെ ശില്പമുണ്ടാക്കുകയും ജീവൻ നൽകുകയും ചെയ്യുന്ന അത്ഭുതത്തെ പറ്റി ഖുർആൻ. ബൈബിൾ എഴുത്തുകാർ അതറിഞ്ഞിട്ടില്ല.

 29. അഹരോൺ അപരാധിയല്ലെന്നും പ്രവാചകനാണെന്നും ഖുർആൻ. അദ്ദേഹമല്ല ശമരിയക്കാരനാണ് ഗോവിഗ്രഹം ഉണ്ടാക്കിയത് എന്നുമാണ് ഖുർആനിലുള്ളത്. എന്നാൽ ഗോവിഗ്രഹം ഉണ്ടാക്കിയതു അഹരോണാണെന്നു ബൈബിൾ.

 30. ഖുർആനിക് ക്രിമിനോളജി നിശ്ചിത പരിധിക്കപ്പുറം മോഷണക്കുറ്റം ചെയ്തവരുടെ കൈപ്പാദം ഛേദിക്കണമെന്ന് ശാസിക്കുന്നു. ഇക്കാര്യം ബൈബിളിലില്ല.

 31. പരസ്ത്രീഗമനം നടത്തുന്ന അവിവാഹിതനു നൂറടി ശിക്ഷ പറയുന്നു ഖുർആൻ. ഇതും ബൈബിളിലില്ല.

 32 . ഒരു മാസം പൂർണമായി വ്രതമനുഷ്ഠിക്കാൻ ഖുർആൻ പഠിപ്പിക്കുന്നു, ബൈബിളിലില്ല.

 33. പെൺമക്കൾക്കു നൽകുന്നതിന്റെ ഇരട്ടി ദായധനം ആൺമക്കൾക്കു നൽകാനാണ് ഖുർആനിന്റെ ശാസന, ബൈബിളിലില്ല.

 34. യുദ്ധങ്ങൾക്കിടയിൽ യോദ്ധാക്കളല്ലാത്തവരെ നേരിടരുതെന്നു ഖുർആൻ. സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വൃദ്ധർ തുടങ്ങിയവരെ ഉപദ്രവിക്കരുത്. വൃക്ഷങ്ങൾ പോലും നശിപ്പിക്കരുത്. എന്നാൽ, ബൈബിളിൽ കൃഷികളും ചെടികളുമുൾപ്പടെ അവരുടെ ആവാസവ്യവസ്ഥ ആകെ തകർക്കണമെന്നു പഠിപ്പിക്കുന്നു.

 35. അവിശ്വാസികളായ പുരുഷൻമാരെയും പുരുഷനോടു കൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നു കളയാനും പുരുഷനോടു കൂടെ ശയിക്കാത്ത യുവതികളെ ജീവനോടു വെച്ചു കൊള്ളാനും ബൈബിൾ പഠിപ്പിക്കുന്നു, ഖുർആൻ വിരുദ്ധമാണ്.

 36. അടിമത്ത മോചനം നടത്തുന്നവർക്ക് സ്വർഗമുണ്ടെന്ന് ഖുർആൻ. ബൈബിളിൽ ഇങ്ങനെയൊരു വാഗ്ദാനമില്ല.

 37. ജിന്ന് വർഗത്തെ കുറിച്ച് ഖുർആനിലുണ്ട്, ബൈബിളിലില്ല.

38. ഖുർആനിൽ ഹജ്ജ് കല്പിക്കുന്നു, ബൈബിളിലില്ല. 

39. അബ്രഹാമും യിശ്മയേലും ചേർന്നാണ് കഅ്ബ നിർമിച്ചതെന്നു ഖുർആൻ. ബൈബിളിൽ അതില്ല.

 40. ദാവീദ് കൊലക്കുറ്റം ചെയ്തെന്നു ബൈബിൾ ആരോപിക്കുന്നു. ഖുർആനിൽ അദ്ദേഹം സദ്‌വൃത്തനായ പ്രവാചകനാണ്.

 41. ബൈബിളിൽ ശലമോന്റെയും ബൽഖീസിന്റെയും കഥയില്ല.

 42. ശലമോനു വേണ്ടി വേലയും സൈനിക സേവനവും ചെയ്തിരുന്ന ജിന്നുകളെ കുറിച്ച് ബൈബിളിലില്ല.

 43. ശലമോൻ പക്ഷികളോടു സംസാരിച്ചിരുന്നത് ബൈബിളിലില്ല.

 44. പെൺതേനീച്ചകൾ മാത്രമാണ് ഇരതേടുകയെന്നു ഖുർആനിലുണ്ട്, ബൈബിളിലില്ല.

 45. സ്വർഗത്തിന്റെ വ്യത്യസ്ത വിതാനങ്ങളെ കുറിച്ച് ഖുർആൻ സംസാരിക്കുന്നു. ബൈബിളിലില്ല.

 46. നരകത്തിലെ സുഖൂം വൃക്ഷത്തെ കുറിച്ച് ബൈബിളിലില്ല, ഖുർആനിലുണ്ട്.

 47. ഖുർആനിൽ ദുൽകിഫ്ൽ അ.നെ പറ്റി പറയുന്നു, ബൈബിളിലില്ല.

 48. ദൈവത്തിനു പുത്രനില്ലെന്നു ഖുർആൻ. ബൈബിൾ അനേകം പേരെ ദൈവപുത്രൻ എന്നു പരിചയപ്പെടുത്തുന്നു.

 49. യേശുവിന്റെ ശിഷ്യൻമാരുടെ പേർ ഖുർആനിലില്ല. 

50. യോസേഫിന്റെ കാലത്തെ രാജാവിനെ ബൈബിൾ ഫറോവ എന്നു പരിചയപ്പെടുത്തുന്നു. ഇതു തെറ്റാണെന്ന് ഈജിപ്റ്റോളജി തെളിയിച്ചു. ഖുർആനിൽ അദ്ദേഹത്തെ മലിക് - രാജാവ് എന്നു മാത്രം പരിചയപ്പെടുത്തുന്നു. ഇനിയും അനേകം ഉദ്ധരിക്കാനാകും. ഒന്നിലുള്ളത് മറ്റേതിലില്ല. ബൈബിൾ പറഞ്ഞ ആളുകളെ പറ്റിയോ സംഭവങ്ങളെ കുറിച്ചോ ഖുർആൻ പറയുമ്പോൾ വസ്തുതാപരമായ കൃത്യതയും കണിശതയും പുലർത്തുകയും ചെയ്യുന്നു. ബൈബിൾ എഴുത്തുകാർക്ക് പിണഞ്ഞ അബദ്ധങ്ങൾ ഖുർആനിലില്ല. സത്യാന്വേഷകർക്കിവ ധാരാളം. ദുർവാശിക്കാർക്കോ കർത്താവിന്റെ അഗ്നിപൊയ്ക
മാത്രം ശരണം.

 ✍🏻 Muhammad Sajeer Bukhari

തിരുകേശത്തിന്റെ മഹത്വം


തിരുകേശത്തിന് മഹത്വം ഉണ്ടെന്നകാര്യം മുത്ത് നബി ﷺ തന്നെ പഠിപ്പിച്ചതും അവിടുത്തെ ഭാര്യമാരും സ്വഹാബത്തും രോഗശമനത്തിനും മറ്റും ഉപയോഗിച്ചതും ഇമാം ബുഖാരി(റ) മുസ്‌ലിം(റ) തുടങ്ങി നിരവധി ഹദീസ് പണ്ഡിതന്മാർ ഉദ്ധരിച്ച സ്വഹീഹായ ഹദീസുകളിൽ നിന്ന് വ്യക്തമാണ്. യുക്തിവാദിക്കല്ലാതെ അത് നിഷേധിക്കാൻ സാധ്യമല്ല. അതുപോലെ തന്നെയാണ് സംസം വെള്ളത്തിന്റെ കാര്യവും. സംസം അനുഗ്രഹീത വെള്ളം

 ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻯ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِّﻠْﻌَٰﻠَﻤِﻴﻦَ - فِيهِ ءَايَٰتٌۢ بَيِّنَٰتٌ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ 

 തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍(മക്കയില്‍) ഉള്ളതത്രെ. (അത്‌) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു).അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍, (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം ഉണ്ട്‌. ആര് അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (ഖു൪ആന്‍ :3/96-97)

 അല്ലാഹുവിനെ ആരാധിക്കുന്നതിനായി ലോകത്ത് ഒന്നാമതായി സ്ഥാപിക്കപ്പെട്ട മന്ദിരമായ കഅബയെ കുറിച്ചാണ് ഈ ആയത്തില്‍ പരാമ൪ശിച്ചിട്ടുള്ളത്. അതോടൊപ്പം അതിന്റെ പ്രാധാന്യത്തെയും, പവിത്രതയെയും തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങളും അവിടെയുണ്ടെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. ഇബ്രാഹീം നബി(അ) നിന്ന സ്ഥലം എടുത്തു പറയുകയും ചെയ്തിരിക്കുന്നു. ഈ ആയത്തിന്റെ വിശദീകരണത്തില്‍ സംസം വെള്ളത്തേയും വ്യക്തമായ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ മുഫസ്സിറുകള്‍ എണ്ണിയിട്ടുണ്ട്. ഹജറുല്‍ അസ്വദിന് കിഴക്കും മഖാമു ഇബ്രാഹീമിന് തെക്കും ഭാഗത്തായിട്ടാണ് സംസം കിണ൪ സ്ഥിതി ചെയ്യുന്നത്. സംസമിന്റെ ചരിത്രം ഇബ്രാഹീം (അ) മകന്‍ ഇസ്മാഈല്‍ (അ) മുലകുടിക്കുന്ന കാലത്ത്, ഭാര്യ ഹാജറിനെയും(അ), കുഞ്ഞിനെയും കൂട്ടി മക്കയില്‍ വന്നു. അന്ന് മക്കയില്‍ ജനവാസമില്ല. ജലശൂന്യവും ഫലശൂന്യവുമായ പാറക്കുന്നുകളും, മണല്‍ക്കാടുകളും മാത്രമുള്ള മരുപ്രദേശമായിരുന്നു മക്ക. ഇബ്രാഹീം (അ), ഇന്ന് കഅ്ബ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് – നാലുഭാഗവും പാറക്കുന്നുകളാല്‍ ആവൃതമായ ആ താഴ്വരയില്‍ – അല്ലാഹുവിന്റെ നി൪ദ്ദേശാനുസരണം അവരെ കുടിയിരുത്തിക്കൊണ്ടു തിരിച്ചുപോവുകയാണ്.

അദ്ദേഹത്തിന്റെ പിന്നാലെ ചെന്ന പത്‌നി ഇബ്രാഹീമിനോട് ചോദിച്ചു: അല്ലയോ ഇബ്രാഹീം, മനുഷ്യരോ മറ്റെന്തെങ്കിലും വസ്തുക്കളോ ഇല്ലാത്ത ഈ മരുഭൂവില്‍ ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് താങ്കള്‍ പോകുന്നത്? പലതവണ ചോദിച്ചെങ്കിലും അദ്ദേഹം തിരിഞ്ഞു നോക്കിയതു പോലുമില്ല. കാരണം അല്ലാഹുവിന്റെ വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അതില്‍ നിന്ന് തടയുക സാധ്യമല്ല എന്ന് ഭാര്യക്കും നല്ല ബോധ്യമുണ്ടായിരുന്നു. അവ൪ ചോദിച്ചു: അല്ലാഹുവിന്റെ കല്‍പനയാണോ ഇത്. അദ്ദേഹം 'അതെ' എന്നു മറുപടി പറഞ്ഞു. ഇത് കേട്ടപ്പോള്‍ അവ൪ പറഞ്ഞു: എങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കുകയില്ല. ഇത് പറഞ്ഞ് ഹാജറ(അ) തിരിഞ്ഞു നടന്നു. ഇബ്രാഹീം(അ) ആ ചെറു കുടുംബത്തെ പുറംതള്ളിയതോ ഉപേക്ഷിച്ചതോ അല്ല. അല്ലാഹുവിന്റെ തീരുമാനം നടപ്പാക്കിയതാണ്. അവരില്‍ നിന്നും കണ്ണ് മറഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.

 ﺭَّﺑَّﻨَﺎٓ ﺇِﻧِّﻰٓ ﺃَﺳْﻜَﻨﺖُ ﻣِﻦ ﺫُﺭِّﻳَّﺘِﻰ ﺑِﻮَاﺩٍ ﻏَﻴْﺮِ ﺫِﻯ ﺯَﺭْﻉٍ ﻋِﻨﺪَ ﺑَﻴْﺘِﻚَ ٱﻟْﻤُﺤَﺮَّﻡِ ﺭَﺑَّﻨَﺎ ﻟِﻴُﻘِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻓَﭑﺟْﻌَﻞْ ﺃَﻓْـِٔﺪَﺓً ﻣِّﻦَ ٱﻟﻨَّﺎﺱِ ﺗَﻬْﻮِﻯٓ ﺇِﻟَﻴْﻬِﻢْ ﻭَٱﺭْﺯُﻗْﻬُﻢ ﻣِّﻦَ ٱﻟﺜَّﻤَﺮَٰﺕِ ﻟَﻌَﻠَّﻬُﻢْ ﻳَﺸْﻜُﺮُﻭﻥَ 

ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം. (ഖു൪ആന്‍:14/37)

 അങ്ങനെ ഹാജറയും(റ) കുഞ്ഞും ആ കുന്നിന്‍ പ്രദേശത്ത് ഒറ്റപ്പെട്ടു. കൈവശമുണ്ടായിരുന്ന വെള്ളവും തീര്‍ന്നു. മാതാവിനും, കുഞ്ഞിനും ദാഹം വര്‍ദ്ധിച്ചു. വല്ല യാത്രക്കാരുമായും കണ്ടുമുട്ടി അല്‍പം വെള്ളം കിട്ടുമോ എന്നു അന്വേഷിക്കുവാന്‍ മാതാവ് കുഞ്ഞിനെ അവിടെ കിടത്തി പുറപ്പെടുന്നു. ദൂരത്തേക്ക് എത്തിനോക്കുന്നതിനുവേണ്ടി ഒരു ഭാഗത്ത് സ്വഫാ കുന്നിന്മേല്‍ കയറുന്നു. ആരെയും കാണുന്നില്ല. ഉടനെ മറുഭാഗത്തു മര്‍വാ കുന്നിന്മേല്‍ കയറിനോക്കുന്നു. ആരെയും കാണുന്നില്ല. ഏഴ് തവണ രണ്ട് കുന്നുകളിലുമായി അങ്ങുമിങ്ങും അവര്‍ നടന്നു. ആരെയും കണ്ടുകിട്ടിയില്ല.പരിക്ഷീണതയായി നിരാശയോടെ അവള്‍ തന്റെ കുഞ്ഞിന്റെ അരികിലേക്ക് തിരിച്ചു. കുഞ്ഞ് കിടക്കുന്നതിന്റെ അടുത്തുനിന്ന് അവര്‍ ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ അതാ ഒരു നീരുറവ. അല്ലാഹു ജിബ്‌രീലിനെ(അ) കുഞ്ഞിന്റെയരികിലേക്ക് അയച്ചിരുന്നു. കുഞ്ഞിന്റെ പാദമുദ്രയേറ്റ സ്ഥലത്ത് ജിബ്‌രീല്‍ തന്റെ ചിറക് കൊണ്ട് അടിക്കുകയും അല്ലാഹു തീരുമാനിച്ചതനുസരിച്ച് അവിടെ നിന്നും ഉറവ പൊട്ടിയൊഴുകുകയും ചെയ്തു. അവ൪ വെള്ളമെടുത്ത് കുഞ്ഞിന് നല്‍കി. വെള്ളം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഒഴുകിയപ്പോള്‍ അവ൪ പറഞ്ഞു. സം.. സം.. (അടങ്ങൂ.. അടങ്ങൂ..) അങ്ങനെ ആ നീരുറവക്ക് സംസം എന്ന പേര് വന്നുചേര്‍ന്നു. ഈ നീരുറവ നിമിത്തമാണ്, ക്രമേണ ആളുകള്‍ വന്നുകൂടി മക്കായില്‍ ജനവാസമുണ്ടായത്. ഇബ്റാഹീമിന്റെ(അ) പ്രാ൪ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയെന്ന് പറയുന്നതാണ് ശരി.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ يَرْحَمُ اللَّهُ أُمَّ إِسْمَاعِيلَ، لَوْلاَ أَنَّهَا عَجِلَتْ لَكَانَ زَمْزَمُ عَيْنًا مَعِينًا

 ‏‏‏. ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉമ്മു ഇസ്മാഈലിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. സംസമിനെ അവര്‍ കെട്ടി നിര്‍ത്താതെ ഉപേക്ഷിച്ചുരുന്നുവെങ്കില്‍ ഒഴുകുന്ന ഒരു നദിയാകുമായിരുന്നു സംസം. (ബുഖാരി:3362,3363) മക്കാ നിവാസികളുടെ നിലനില്‍പ്പ് തന്നെ ആ സംസമിന്റെ അടിസ്ഥാനത്തിലായി. ധാരാളം വ൪ഷങ്ങള്‍ അത് നിലനില്‍ക്കുകയും ചെയ്തു. എന്നാല്‍ കാലപ്പഴക്കത്തില്‍ അല്ലാഹുവിന്റെ തീരുമാനമനുസരിച്ച് അടയാളം പോലും അവ്യക്തമായ രൂപത്തില്‍ സംസം മറഞ്ഞുപോയി. പിന്നീട് വ൪ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നബിയുടെ ﷺ പിതാമഹനായ അബ്ദുല്‍ മുത്വലിബ് അല്ലാഹുവിന്റെ ഉദ്ദേശിച്ചതിനാല്‍ മണ്ണിനടിയില്‍ മൂടികിടന്ന സംസം കുഴിച്ച് പുറത്തുകൊണ്ടുവന്നു. അന്ന് മുതല്‍ ഇന്നുവരെയും വറ്റാത്ത നീരുറവയായി സംസം നിലനില്‍ക്കുന്നു. സംസമിന്റെ ശ്രേഷ്ടതകള്‍ സംസം വെള്ളത്തിന് പ്രത്യേകതയും ശ്രേഷ്ടതയുമുണ്ടെന്ന് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.ഇമാം മുസ്ലിം(റഹി) അബൂദ൪റില്‍(റ) നിന്നും ഉദ്ദരിക്കുന്ന സുദീ൪ഘമായ ഹദീസില്‍ ഇപ്രകാരം കാണാം.

 قَالَ ‏"‏ مَتَى كُنْتَ هَا هُنَا ‏"‏ ‏.‏ قَالَ قُلْتُ قَدْ كُنْتُ هَا هُنَا مُنْذُ ثَلاَثِينَ بَيْنَ لَيْلَةٍ وَيَوْمٍ قَالَ ‏"‏ فَمَنْ كَانَ يُطْعِمُكَ ‏"‏ ‏.‏ قَالَ قُلْتُ مَا كَانَ لِي طَعَامٌ إِلاَّ مَاءُ زَمْزَمَ ‏.‏ فَسَمِنْتُ حَتَّى تَكَسَّرَتْ عُكَنُ بَطْنِي وَمَا أَجِدُ عَلَى كَبِدِي سُخْفَةَ جُوعٍ قَالَ ‏"‏ إِنَّهَا مُبَارَكَةٌ إِنَّهَا طَعَامُ طُعْمٍ …....... 

നബി ﷺ ചോദിച്ചു: നീ എത്ര ദിവസമായി ഇവിടെ കഴിഞ്ഞു കൂടുന്നു. അബൂദ൪റ്(റ) പറഞ്ഞു: മുപ്പത് ദിവസമായി. നബി ﷺ ചോദിച്ചു: അപ്പോള്‍ ആരായിരുന്നു നിനക്ക് ഭക്ഷണം തന്നിരുന്നത്? അബൂദ൪റ്(റ) പറഞ്ഞു: സംസം വെള്ളമല്ലാതെ മറ്റൊന്നും എനിക്ക് ഭക്ഷണമായി ഉണ്ടായിരുന്നില്ല. ഞാന്‍ അത് കുടിച്ചുകൊണ്ട് കഴിഞ്ഞുകൂടി. അതിനിടയില്‍ എനിക്ക് വിശപ്പ് അനുഭവപ്പെട്ടില്ല. മാത്രമല്ല, എന്റെ വയറിന് മടക്ക് വീഴുന്നതുവരെ ഞാന്‍ തടിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: തീ൪ച്ചയായും അത് (സംസം) അനുഗ്രഹീതമാണ്. തീ൪ച്ചയായും അത് (സംസം) ഭക്ഷണത്തിന് ഭക്ഷണവുമാണ്. (മുസ്‌ലിം :2473) ഭൂമിയില്‍ ഏറ്റവും ഖൈറായ(ഉത്തമവും ശ്രേഷ്ടവുമായ) വെള്ളം സംസം വെള്ളമാണ്. അത് ഭക്ഷണത്തിന് വേണ്ടി കുടിക്കുന്നവ൪ക്ക് ഭക്ഷണവും രോഗത്തിന് വേണ്ടി കുടിക്കുന്നവ൪ക്ക് രോഗശമനവുമാണ്.


 عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُ مَاءٍ عَلى وَجْهِ الأَرْضِ مَاءُ زَمْزَمَ، فِيهِ طَعَامٌ مِنَ الطُّعْمِ، وَشِفَاءٌ مِنَ السُّقْمِ 

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭൂമിയില്‍ ഏറ്റവും ഖൈറായ(ഉത്തമവും ശ്രേഷ്ടവുമായ) വെള്ളം സംസം വെള്ളമാണ്. അതില്‍ ഭക്ഷണത്തിന് ഭക്ഷണവും രോഗശമനവുമുണ്ട്. (മുഅ്ജമു ത്വബ്റാനി:11/98 – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ - സലഫി നേതാവ് അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

 عَنْ أَبِي ذَرٍّ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّهَا مُبَارَكَةٌ وَهِيَ طَعَامُ طٌعْمٍ، وَشِفَاءُ سُقْمِ

അബൂദർറിൽ(റ) നിന്ന് നിവേദനം: സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ്. (ബസാർ - സ്വഹീഹ് അൽബാനി) ഇബ്നുല്‍ ഖയ്യിംപറഞ്ഞു: സംസം വെള്ളം കൊണ്ട് ഞാനും മറ്റുള്ളവരും ഒരുപാട് രോഗങ്ങള്‍ക്കായി പരീക്ഷണം നടത്തിയപ്പോള്‍ അല്‍ഭുതകരമായ ഒരുപാട് കാര്യങ്ങളാണ് കാണാന്‍ സാധിച്ചത്. ഒരുപാട് രോഗങ്ങള്‍ക്ക് സംസം കുടിച്ചപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ ആ രോഗമെല്ലാം സുഖമാകുകയുണ്ടായി. അതുപോലെ ഭക്ഷണമായി സംസം മാത്രം അരമാസമോ അതിലധികമോ കുടിച്ചവരെ ഞാന്‍ കാണുകയുണ്ടായി. അവ൪ക്ക് വിശപ്പനുഭവപ്പെട്ടിരുന്നില്ല. അവ൪ ജനങ്ങളോടൊപ്പം ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു. അവരില്‍ ഒരാള്‍ എന്നോട് പറയുകയുണ്ടായി. നാല്പത് ദിവസം സംസം മാത്രം കുടിച്ചപ്പോള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെടാനും ധാരാളം നോമ്പ് അനുഷ്ടിക്കാനും ത്വവാഫ് ചെയ്യാനും സാധിച്ചിരുന്നു. (സാദുല്‍ മആദ് :4/356) ശൈഖ് അൽബാനിയുടെ(റഹി) അസുഖം നോമ്പ് അനുഷ്ടിക്കുകയും സംസം വെള്ളം കുടിക്കുകയും ചെയ്തത് കാരണത്താല്‍ അല്ലാഹുവിന്റെ അനുമതിയോടെ ശിഫയായത് അദ്ദേഹം തന്റെ പല ക്ലാസുകളിലും പറഞ്ഞിരുന്നു. അല്ലാഹുവിന്റെ ദാനമായി മനുഷ്യ൪ക്ക് ലഭിച്ച അനുഗ്രഹീതമായ വെള്ളമാണെന്ന ഉദ്ദേശത്തോടെ ഒരാള്‍ എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാണ് സംസം എന്നും നബി ﷺ പറഞ്ഞിട്ടുണ്ട്.

عَنْ جَابِرَ بْنَ عَبْدِ اللَّهِ، يَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ : مَاءُ زَمْزَمَ لِمَا شُرِبَ لَهُ 

ജാബിർ ബ്നു അബ്ദില്ലയിൽ(റ) നിന്ന് നിവേദനം: റസൂൽ ﷺ പറഞ്ഞു: സംസം വെള്ളം എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാകുന്നു. (ഇബ്നുമാജ:25/3178 – സ്വഹീഹ് അല്‍ബാനി)

 سُئِـلَ ابـن خزيمـة: مـن أيـن أُوتيـت العِلـم؟ فقـال : قـال رسـول اللـه صلـﮯ اللـه عليـه وسلم - :" مـاء زمـزم لِمَـا شُـرب لـه " وإنِّـي لَمَّـا شَربتُـه سألـت اللـه علمـاً نافعـاً. 

 ഇബ്നു ഖുസൈമ (റഹി) ചോദിക്കപ്പെട്ടു: താങ്കള്‍ക്ക് ഇല്‍മ് നല്‍കപ്പെട്ടത് എവിടെനിന്നാണ് ?അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞിട്ടുണ്ട് : സംസം വെള്ളം എന്തിനാണൊ,കുടിച്ചത് അതിനുള്ളതാണ്'തീര്‍ച്ചയായും ഞാനത് കുടിച്ചപ്പോള്‍ അല്ലാഹുവിനോട് ഉപകാരപ്രദമായ ഇല്‍മിനെ ചോദിച്ചു.

 سيـر أعـلام النُّبـلاء-١٤/٣٧٠ عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، قَالَ رَسُولَ اللَّهِ ـ صلى الله عليه وسلم ـ : إِنَّ آيَةَ مَا بَيْنَنَا وَبَيْنَ الْمُنَافِقِينَ أَنَّهُمْ لاَ يَتَضَلَّعُونَ مِنْ زَمْزَمَ ‏‏ 

 അബ്ദുറഹ്മാനിബ്നു അബീബക്കറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെയും കപട വിശ്വാസികളുടെയും അടയാളം അവ൪ സംസം കൊണ്ട് വയ൪ നിറക്കില്ല എന്നതാണ്. (ഇബ്നുമാജ:3061) ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ശൈഖ് ഉഥൈമീൻ (റഹി ) പറഞ്ഞു: സംസം വെള്ളം മാധുര്യമുള്ളതോ രുചിയുള്ളതോ അല്ല, മറിച്ച് ഉപ്പ് രുചിയോടാണ് അതിന് സാമ്യം ഉള്ളത്. സത്യവിശ്വാസികൾ ഉപ്പുരസമുള്ള ഈ വെള്ളം കുടിക്കുന്നത് അത് അനുഗ്രഹീത വെള്ളമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. അപ്പാൾ ആ വെള്ളം കൊണ്ട് വയർ നിറക്കുന്നുവെങ്കിൽ അത് അവന്റെ വിശ്വാസത്തെയാണ് കാണിക്കുന്നത്. (ശറഹുൽ മുംതിഅ: 7/379) നബിയുടെ(സ്വ) ജീവിതത്തില്‍ രണ്ടു തവണ അവിടുത്തെ നെഞ്ച് പിള൪ത്തി ഹൃദയം സംസം വെള്ളം കൊണ്ട് കഴുകിയ സംഭവം സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒന്ന് നുബുവ്വത്തിന് മുമ്പ് ചെറുപ്പത്തില്‍ കൂട്ടുകാരോടൊപ്പം ആടിനെ മേച്ച് കളിച്ചു നടന്നിരുന്ന വേളയിലും മറ്റൊന്ന് നുബുവ്വത്തിന് ശേഷം മിഅ്റാജ് നടത്തിയ വേളയിലുമായിരുന്നു. ഈ രണ്ട് പ്രാവശ്യവും അവിടുത്തെ നെഞ്ച് പിള൪ത്തി ഹൃദയം കഴുകിയത് സംസം വെള്ളം കൊണ്ടായിരുന്നു.

 عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَتَاهُ جِبْرِيلُ صلى الله عليه وسلم وَهُوَ يَلْعَبُ مَعَ الْغِلْمَانِ فَأَخَذَهُ فَصَرَعَهُ فَشَقَّ عَنْ قَلْبِهِ فَاسْتَخْرَجَ الْقَلْبَ فَاسْتَخْرَجَ مِنْهُ عَلَقَةً فَقَالَ هَذَا حَظُّ الشَّيْطَانِ مِنْكَ ‏.‏ ثُمَّ غَسَلَهُ فِي طَسْتٍ مِنْ ذَهَبٍ بِمَاءِ زَمْزَمَ ثُمَّ لأَمَهُ ثُمَّ أَعَادَهُ فِي مَكَانِهِ وَجَاءَ الْغِلْمَانُ يَسْعَوْنَ إِلَى أُمِّهِ - يَعْنِي ظِئْرَهُ - فَقَالُوا إِنَّ مُحَمَّدًا قَدْ قُتِلَ ‏.‏ فَاسْتَقْبَلُوهُ وَهُوَ مُنْتَقَعُ اللَّوْنِ ‏.‏ قَالَ أَنَسٌ وَقَدْ كُنْتُ أَرَى أَثَرَ ذَلِكَ الْمِخْيَطِ فِي صَدْرِهِ ‏.‏ 

അനസില്‍(റ) നിന്ന് നിവേദനം : നബി ﷺ കുട്ടികളുടെ കൂട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ജിബ്‌രീല്‍ വന്നു, നബിയെ പിടിച്ചു മലര്‍ത്തിക്കിടത്തിയ ശേഷം ഹൃദയം പിളര്‍ത്തി നെഞ്ച്‌ പുറത്തെടുത്ത്‌ അതില്‍ നിന്നും ഒരു രക്തക്കഷ്‌ണം പുറത്തെടുത്തു. എന്നിട്ട്‌ പറഞ്ഞു: ഇതാണ്‌ നിന്നിലുള്ള പൈശാചിക അംശം. പിന്നീട്‌ അത്‌ ഒരു സ്വര്‍ണ്ണത്തളികയില്‍ വെച്ച്‌ സംസം വെള്ളമുപയോഗിച്ച്‌ കഴുകിയ ശേഷം അതിനെ യോജിപ്പിച്ചുവെക്കുകയും അതിന്റെ പൂര്‍വസ്ഥാനത്ത്‌ തന്നെ മടക്കുകയും ചെയ്‌തു. കുട്ടികള്‍ അദ്ദേഹത്തിന്റെ ആയയുടെ അടുത്തേക്ക്‌ ഓടിവന്നു. മുഹമ്മദ്‌ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു. അവര്‍ വന്നപ്പോള്‍ നബിയെ വിവര്‍ണ്ണനായി (ചുകന്ന മുഖത്തോടെ) കണ്ടു. അനസ്‌(റ) പറയുന്നു: ഞാന്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ തുന്നിയ പാടുകള്‍ കണ്ടിട്ടുണ്ട്. (മുസ്‌ലിം:162)

 أَنَسُ بْنُ مَالِكٍ كَانَ أَبُو ذَرٍّ ـ رضى الله عنه ـ يُحَدِّثُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ فُرِجَ سَقْفِي وَأَنَا بِمَكَّةَ، فَنَزَلَ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ فَفَرَجَ صَدْرِي، ثُمَّ غَسَلَهُ بِمَاءِ زَمْزَمَ، ثُمَّ جَاءَ بِطَسْتٍ مِنْ ذَهَبٍ مُمْتَلِئٍ حِكْمَةً وَإِيمَانًا، فَأَفْرَغَهَا فِي صَدْرِي، ثُمَّ أَطْبَقَهُ، ثُمَّ أَخَذَ بِيَدِي فَعَرَجَ إِلَى السَّمَاءِ الدُّنْيَا‏.‏ 

അനസില്‍(റ) നിന്ന് നിവേദനം : നബി ﷺ പറയുന്നു: ഞാൻ മക്കയിലായിരിക്കേ എന്റെ വീടിന്റെ മുകൾ ഭാഗത്ത് നിന്ന് ജിബ്രീല്‍ ഇറങ്ങി വന്ന് നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത് സംസം വെള്ളംകൊണ്ട് കഴുകി. ശേഷം ഹിക്മത്തും (ജ്ഞാനം) ഈമാനും നിറച്ച സ്വർണ തളികയിൽ നിന്ന് അവ നെഞ്ചിനകത്തേക്ക് ഒഴിക്കുകയും, പിന്നീട് നെഞ്ച് കൂട്ടി പഴയ രൂപത്തിലേക്ക് ആക്കുകയും, ശേഷം ഒന്നാനാകാശത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. (ബുഖാരി:1636) ഹജ്ജും ഉംറയും നി൪വ്വഹിക്കുമ്പോള്‍ ത്വവാഫ് പൂ൪ത്തിയായി കഴിയുമ്പോള്‍ മഖാമു ഇബ്രാഹീമിന് പിന്നിലുള്ള രണ്ട് റക്അത്ത് നമസ്കാരത്തിന് ശേഷം സംസം വെള്ളം കുടിക്കുന്നത് സുന്നത്താണ്.

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم شَرِبَ مِنْ زَمْزَمَ مِنْ دَلْوٍ مِنْهَا وَهُوَ قَائِمٌ

 ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ നിന്നുകൊണ്ട് ബക്കറ്റില്‍ നിന്നും സംസം വെള്ളം കുടിക്കുകയുണ്ടായി. (മുസ്ലിം: 2027) ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: (ത്വവാഫിന് ശേഷമുള്ള രണ്ട് റക്അത്ത്) നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി ﷺ സംസമിന്റെ അടുത്ത് പോയി സംസം വെള്ളം കുടിക്കുകയും തന്റെ ശിരസില്‍ സംസം ഒഴിക്കുകയും ചെയ്തു. റസൂൽ ‍ﷺ പറയുകയുണ്ടായി: സംസം വെള്ളം എന്തിനാണൊ,കുടിച്ചത് അതിനുള്ളതാണ്. (മനാസികുല്‍ ഹജ്ജ് വല്‍ ഉംറ) സംസം വെള്ളം നിന്നുകൊണ്ടാണോ കുടിക്കേണ്ടത് ? സംസം വെള്ളം നിന്നുകൊണ്ടാണ് കുടിക്കേണ്ടതെന്ന ധാരണ ഇന്ന് സമൂഹത്തില്‍ പ്രചരിച്ചിട്ടുണ്ട്. താഴെ പറയുന്ന ഹദീസാണ് അതിനായി തെളിവ് പിടിച്ചിട്ടുള്ളത്.

 عَنِ ابْنِ عَبَّاسٍ، قَالَ شَرِبَ النَّبِيُّ صلى الله عليه وسلم قَائِمًا مِنْ زَمْزَمَ‏‏

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ സംസം വെള്ളം നിന്നുകുടിച്ചു. (ബുഖാരി: 5617)

 عَنِ ابْنِ، عَبَّاسٍ قَالَ سَقَيْتُ رَسُولَ اللَّهِ صلى الله عليه وسلم مِنْ زَمْزَمَ فَشَرِبَ وَهُوَ قَائِمٌ 

 ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ നെ സംസം വെള്ളം കുടിപ്പിച്ചു. അങ്ങനെ അദ്ദേഹം നിന്നുകൊണ്ട് കുടിച്ചു. (മുസ്ലിം: 2027)

 എന്നാല്‍ ഈ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് സംസം വെള്ളം നിന്നുകൊണ്ടാണ് കുടിക്കേണ്ടതെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടില്ല. എല്ലാ സമയത്തും വെള്ളം കുടിക്കേണ്ടത് ഇരുന്നുകൊണ്ടാണെന്നും അതിന് സൌകര്യമില്ലെങ്കില്‍ നിന്നുകൊണ്ട് കുടിക്കല്‍ അനുവദനീയമാണെന്നുമാണ് പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളത്. ഇവിടെ നബിക്ക്(സ്വ) മതിയായ കാരണമുള്ളതുകൊണ്ടാണ് അവിടുന്ന് നിന്നുകൊണ്ട് കുടിച്ചത്. ഹജ്ജിന്റെ സന്ദ൪ഭമാണ് മേല്‍ പറഞ്ഞിട്ടുള്ള ഹദീസുകളിലുള്ളതെന്നാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) വിശദീകരിച്ചിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ കാര്യം കൂടുതല്‍ വ്യക്തമാണ്. അതായത് ഹജ്ജിന്റെ അവസരത്തില്‍ കൂടുതല്‍ ആളുകളെ കൊണ്ടുള്ള തിരക്കിനാലാണ് നബി(സ്വ) സംസം വെള്ളം നിന്നുകൊണ്ടാണ് കുടിച്ചത്. എല്ലാ സമയത്തും വെള്ളം കുടിക്കേണ്ടത് ഇരുന്നുകൊണ്ടാണെങ്കിലും മതിയായ കാരണമുണ്ടെങ്കില്‍ നിന്നുകുടിക്കുന്നത് അനുവദനീയമാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് നബി(സ്വ) സംസം വെള്ളം നിന്നുകൊണ്ട് കുടിച്ചതെന്നും ചില പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുണ്ട്. മക്കയില്‍ നിന്ന് സംസം വെള്ളം പുറത്തേക്ക് കൊണ്ടുപോകാന്‍ പാടുണ്ടോ? മക്കയില്‍ നിന്ന് സംസം വെള്ളം പുറത്തേക്ക് കൊണ്ടുപോകാവുന്നതാണ്. നബിയും(സ്വ) സ്വഹാബത്തും താബിഉകളുമെല്ലാം സംസം വെള്ളം തോല്‍ സഞ്ചിയിലും കുപ്പിയിലും പാത്രങ്ങളിലുമായി മക്കയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയിരുന്നു.

 عَنْ عَائِشَةَ، رضى الله عنها أَنَّهَا كَانَتْ تَحْمِلُ مِنْ مَاءِ زَمْزَمَ وَتُخْبِرُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَحْمِلُهُ ‏.

 ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ സംസം വെള്ളം (മക്കയില്‍ നിന്നും) വഹിച്ചുകൊണ്ടുപോയിരുന്നു. അവ൪ പറഞ്ഞു: നബി(സ്വ) (അപ്രകാരം മക്കയില്‍ നിന്നും) സംസം വെള്ളം വഹിച്ചുകൊണ്ടുപോയിരുന്നു. (തി൪മിദി:963) ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: ബറകത്ത് പ്രതീക്ഷിച്ചുകൊണ്ട് ആ൪ക്കെങ്കിലും കഴിയുമെങ്കില്‍ സംസം വെള്ളം വഹിച്ചുകൊണ്ടു പോകാവുന്നതാണ്. കാരണം അല്ലാഹുവിന്റെ റസൂല്‍(സ്വ) ചെറിയ പാത്രങ്ങളിലും വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലും സംസം കൂടെകൊണ്ടുപോകാറുണ്ടായിരുന്നു. അങ്ങനെ രോഗികളുടെ ശരീരത്തില്‍ ഒഴിക്കുകയും അവ൪ക്ക് കുടിക്കാന്‍ കൊടുക്കുകയും ചെയ്തിരുന്നു. ഇമാം ബുഖാരി തന്റെ താരീഖില്‍ ഉദ്ദരിച്ചിട്ടുണ്ട്. തി൪മിദി ഹസനാണെന്ന് പറഞ്ഞിരിക്കുന്നു. ആയിശയുടെ ഹദീസില്‍ നിന്ന്, അത് അല്‍ അഹാദീസു സ്വഹീഹയില്‍ 883 നമ്പരായി ചേ൪ത്തിട്ടുണ്ട്. മാത്രമല്ല, നബി(സ്വ) മദീനയിലായിരിക്കെ മക്ക വിജയിച്ചടക്കുന്നതിനുമുമ്പ് സുഹൈലയബ്നു അംറിന്റെ അടുത്തേക്ക് ദൂതന്‍മാരെ പറഞ്ഞയക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് നിങ്ങള്‍ സംസം സമ്മാനമായി കൊടുത്തയക്കണം, ഉപേക്ഷിക്കരുത്. തിരുദൂതരിലേക്ക് രണ്ട് തോല്‍ സഞ്ചി നിറയെ സംസം കൊടുത്തയക്കുകയും ചെയ്തിരുന്നു. (ജാബിറില്‍ നിന്ന് ജയ്യിദായ സനദോടെ ഇമാം ബൈഹഖി റിപ്പോ൪ട്ട് ചെയ്തത്. മുസന്നഫ് അബ്ദു൪ റസാഖില്‍ സ്വഹീഹും മു൪സലുമായ ഒരു തെളിവ് കൂടിയുണ്ട്.) ഇബ്നു തൈമിയ്യ പറയുന്നു: സ്വലഫുകള്‍ (മുന്‍ഗാമികള്‍) (സംസം) വഹിച്ചു കൂടെകൊണ്ടു പോകാറുണ്ടായിരുന്നു. (അല്‍ബാനിയുടെ മനാസികുല്‍ ഹജ്ജ് വല്‍ ഉംറ)

Sunday 5 April 2020

മഹാമാരി: ദൈവം അനങ്ങാത്തത് എന്തുകൊണ്ട്?


ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കൊവിഡ് – 19 ന്റെ വ്യാപനത്തില്‍ സമൂഹമൊന്നടങ്കം ആശങ്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഈ കലക്കുവെള്ളത്തില്‍ ചിലരെങ്കിലും മീന്‍ കിട്ടുമെന്ന് വെറുതെ ആശിക്കുന്നു. ദൈവനിഷേധികളാണ് ഇക്കാര്യത്തില്‍ ഏറെ ആശ വെക്കുന്നവര്‍. വൈറസ് ബാധയെ ചെറുക്കാന്‍ അവര്‍ക്കൊരു സംഭാവനയും ചെയ്യാനായിട്ടില്ല. ചിന്തോദ്ദീപകമായ ഒരു ആശയമെങ്കിലും സമര്‍പ്പിക്കാന്‍ അവര്‍ക്കായില്ല. എന്നാലോ, സമൂഹമാധ്യമങ്ങളിലിരുന്ന് ദൈവമില്ലെന്ന് ഊഹം പരത്തുകയാണവര്‍. ദൈവഭക്തര്‍ പോലും ഇങ്ങനെ നിരന്തരം ദൈവത്തെ ഓര്‍ക്കാറില്ല എന്നാലോചിക്കുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നും.
കൊറോണക്കു മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് ശാസ്ത്രലോകം. ബ്രേക് ദി ചെയ്ന്‍ നടപടികള്‍ പ്രഖ്യാപിച്ചും ക്വാറന്റയ്നെ കുറിച്ചും ശുചിത്വത്തെപ്പറ്റിയും പ്രത്യേക ബോധവത്കരണ പരിപാടികള്‍ ആവിഷ്‌കരിച്ചും 163 രാജ്യങ്ങളിലും സര്‍ക്കാറുകള്‍ കഠിനാധ്വാനം ചെയ്യുന്നു. മാസ്‌കും ഗ്ലൗസും സാനിറ്റൈസറുകളും സൗജന്യമായി വിതരണം ചെയ്തു സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. അണുബാധയുള്ളവരെ പരിചരിക്കാനും നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുവാനും ഓവര്‍ടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫും. ആരാധനാലയങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ജനം കൂട്ടംകൂടുന്നതിനെ നിയന്ത്രിക്കുന്ന മത നേതൃത്വം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സംരംഭങ്ങളും അവധി കൊടുത്തു. നിരത്തില്‍ വാഹനങ്ങള്‍ കുറഞ്ഞു. പലയിടത്തും കടകമ്പോളങ്ങളില്‍ ആളില്ല. ആശുപത്രികള്‍ പോലും വിജനം. എവിടെ ചെന്നാലും കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍ എല്ലാവരും ഒത്തുപിടിക്കുന്നു.
എന്നാല്‍, മേല്‍ പറഞ്ഞവര്‍, പ്രളയം വന്നാലും പേമാരി വന്നാലും മഹാമാരി വന്നാലും ഒരേയൊരു മോഹം മാത്രമുള്ളവര്‍. മനുഷ്യര്‍ മുങ്ങിയോ പിടഞ്ഞോ ശ്വാസം മുട്ടിയോ ചാവണം. എന്നിട്ടാ ശവത്തില്‍ കുത്തി ചോദിക്കണം: കണ്ടോ, കണ്ടോ ചാവുന്നു, ദൈവം ഉണ്ടെങ്കിലെവിടെ? ആരെയും രക്ഷിക്കാത്തതെന്തേ? ഇവരാണ് പ്രാര്‍ഥന ഫലിക്കരുതേ എന്നു ‘പ്രാര്‍ഥിക്കുന്നവര്‍’!
എല്ലാ മതങ്ങളെയും അടച്ചാക്ഷേപിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് കവര്‍ സ്റ്റോറി ചെയ്തത്. മഹാമാരിയെ പിടിച്ചു നിര്‍ത്താനാവാത്തതു കൊണ്ടു പ്രാര്‍ഥനയും ആചാരങ്ങളും മതവിശ്വാസവും ദൈവവിശ്വാസം തന്നെയും അത്രയൊക്കേ ഉള്ളൂ, അവയൊന്നും വേണ്ടെന്നു വെച്ചതുകൊണ്ട് ഒന്നും വരാനില്ല എന്നായിരുന്നു തീര്‍പ്പ്.
ഇവര്‍ ഉന്നയിക്കുന്ന ഒരു ചോദ്യവും വാസ്തവത്തില്‍ നമ്മുടെ മറുപടി അര്‍ഹിക്കുന്നില്ല. ഇത് പറയാന്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്. മതം തെറ്റാണെന്നാണ് ഈ വക ചോദ്യങ്ങളുടെ ആകെത്തുക. ഇന്നുവരെ അതു സത്യസന്ധമായി സ്ഥാപിക്കാന്‍ അവര്‍ക്കായിട്ടില്ല, കുറെ ട്രോളുകളല്ലാതെ.
ജീവിതം ശാന്തവും സുന്ദരവും സ്വച്ഛന്ദവുമായി ഒഴുകണമെങ്കില്‍ നിയതമായ ഒരു ദര്‍ശനം കൂടിയേ തീരൂ. അതിനാല്‍ മതം / വിശ്വാസം ഒരു അനിവാര്യതയാണ്. മതമോ നിര്‍മതവാദമോ ശരി എന്ന തത്വചിന്താപരമായ ചോദ്യം മൗലിക പ്രാധാന്യമുള്ളതാകുന്നത് അതുകൊണ്ടാണ്.
വിശ്വാസത്തിന്റെ മനഃശാസ്ത്രമറിയാത്തവനു അതിന്റെ സൗന്ദര്യമറിയില്ല. വിശ്വാസി അനുഭവിക്കുന്ന ആത്മവിശ്വാസവും മനഃസംതൃപ്തിയും ധൈര്യവും ശുഭ പ്രതീക്ഷയും മനസ്സിലാകില്ല. അമ്മയ്ക്കു മക്കളോടുള്ള വികാരം പേറ്റുനോവറിയാത്തവള്‍ക്കറിയില്ല. അതൊന്നും പുസ്തകത്താളുകളില്‍ നിന്നല്ല ആസ്വദിക്കേണ്ടത്, അനുഭവത്തില്‍ നിന്നാണ്.
രണ്ട്. മതങ്ങള്‍ എന്ന് പൊതുവില്‍ പറഞ്ഞാല്‍ അതില്‍ പലതും ഉണ്ട്. യുക്തിഹീനമായ പലതും പല മതങ്ങളിലുമുണ്ട്. അതിനെയെല്ലാം കൂടി ന്യായീകരിക്കാനോ ഇസ്ലാമിനോടു സമീകരിക്കാനോ കഴിയില്ല. ഇസ്ലാം ഭദ്രമാണ്. സംതൃപ്തമായ ന്യായങ്ങളില്ലാത്ത ഒന്നും അതിലില്ല. ഏതു കാലത്തെയും സാഹചര്യത്തെയും സ്വീകരിക്കാന്‍ ക്ഷമതയുണ്ടതിന്. അറിവിന്റെ വികാസങ്ങളെ ഉള്‍ക്കൊള്ളുന്നതാണത്. അതിശയകരമാം വിധം കാലേക്കൂട്ടി കാര്യങ്ങളെ വ്യവഹരിച്ചതുമാണ്. അവിടെ നിന്നാണ് നാം സംസാരിക്കുന്നത്. കണ്ണടച്ചു ഇരുട്ടാക്കുന്നവര്‍ക്ക് വര്‍ണരാജികള്‍ കാണാനാകില്ല. അതു മനസ്സിലാക്കാന്‍ അറിവല്ല, ബോധമാണു വേണ്ടത്.
കൊറോണയെ തുരത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനു അല്ലാഹു?
അല്ലാഹു ആരാണെന്നറിയാത്തതിന്റെ കുഴപ്പമാണീ ചോദ്യം. വാച്ചുണ്ടാക്കിയ ആളെ കാണാന്‍ അത് പൊളിച്ചു നോക്കുകയാണിവര്‍. ഇതു മാതിരി പ്രപഞ്ചകര്‍ത്താവിനെ കാണാന്‍ അതിനുള്ളില്‍ നോക്കുന്നവര്‍ക്കെന്ത് കൊറോണ ! എന്ത് അല്ലാഹു? മനസ്സിലാകില്ല. ചില മിത്തുകളില്‍ കാണുന്നതുപോലെ മനുഷ്യന്‍ ആവശ്യപ്പെടുന്നതെല്ലാം അപ്പടി ഒരുക്കി തയാറാക്കി തരേണ്ട/ തരുന്ന ഒരാളല്ല സൃഷ്ടികര്‍ത്താവ്. ഇങ്ങനെ പടപ്പുകള്‍ വിചാരിക്കുന്ന പോലെയെല്ലാം ഇടപെട്ടു കാണിക്കാന്‍ അല്ലാഹു ആരുടെയും വീട്ടുവേലക്കാരനല്ല. യാക്കോബിനോടു ഗുസ്തിമത്സരത്തില്‍ തോറ്റുപോയ ദൈവമുണ്ട് ബൈബിളിലെ ഉത്പത്തി പുസ്തകത്തില്‍. അങ്ങനെയാണത്രെ അദ്ദേഹത്തിനു യിസ്രയേല്‍ എന്നു പേരു വന്നത്?! എന്നാല്‍, അല്ലാഹു അങ്ങനെയല്ല. അവന്‍ പരമാധികാരിയാണ്. സ്വന്തം ഇച്ഛക്കൊത്തു അധികാരം വിനിയോഗിക്കുന്നവന്‍. നിങ്ങളുടെ ഹിതമല്ല, അവന്റെ ഹിതം.അതത്രെ അവന്‍ നടപ്പാക്കുന്നത്.
ഇസ്ലാമിക വിശ്വാസത്തിന്റെ മൗലിക പ്രമാണമായ തത്വമത്രെ നന്‍മയും തിന്‍മയും അല്ലാഹുവിന്റെ അധികാരത്തിലാണ് എന്നത്. ഇതംഗീകരിക്കാത്തയാള്‍ മുസ്ലിമേ അല്ല! അല്ലാഹു ഏകനാണെന്നും അവന്‍ സര്‍വ്വശക്തനും എല്ലാത്തിനും മീതെ അധികാരിയുമാണ് എന്നു പറയുന്നതിന്റെ ആവിഷ്‌കരണമാണത്.
മറിച്ച്, ദൈവവിശ്വാസികളായ ചിലര്‍ തന്നെ വിശ്വസിച്ചു വരുന്നതു പോലെ, തിന്‍മകള്‍ / രോഗങ്ങള്‍ / ദുരിതങ്ങള്‍ / പരീക്ഷണങ്ങള്‍ സൃഷ്ടിക്കുന്നതു ദൈവമല്ല എന്നു വിശ്വസിക്കുന്നത് ഇസ്ലാമികമല്ല. അത് ദൈവാസ്തിക്യ തത്വത്തിന് ക്ഷതമേല്‍പിക്കും. ലോകത്ത് സുഖിക്കുന്നവരെക്കാളേറെ ദുഃഖിക്കുന്നവരെ കാണുന്നു. അരോഗദൃഢ ഗാത്രരെക്കാളേറെ രോഗികളാണുള്ളത്. ധനികരുടെ എത്രയോ ഇരട്ടി ദരിദ്രര്‍. സുഭിക്ഷമായി ഭുജിക്കുന്നവരെക്കാള്‍ ശതകോടി പട്ടിണിപ്പാവങ്ങള്‍. നന്മയും തിന്മയും ത്രാസിലിട്ടാല്‍ തിന്മ തന്നെ മുന്‍പന്തിയില്‍. അവയൊന്നും അല്ലാഹുവിന്റെ സൃഷ്ടിയല്ലെങ്കില്‍ അവയുണ്ടാക്കിയ കര്‍ത്താവ് വേറെയാണെന്നു പറയണം. അതു അല്ലാഹുവിന്റെ ഏകത്വത്തെ മാത്രമല്ല, ആസ്തിക്യത്തെ തന്നെ നിഷേധിക്കുന്നതാണ്. അതിനാല്‍ സന്തോഷങ്ങളാവട്ടെ, സന്താപങ്ങളാവട്ടെ – എല്ലാം അല്ലാഹുവില്‍ നിന്നാണ് , ഇതാണ് യഥാര്‍ത്ഥ നിലപാട്. അതവന്റെ അധികാര വാഴ്ചയുടെ പ്രകാശനമാണ്. ആരുടെയെങ്കിലും സാമൂഹിക പദവിയോ സാമ്പത്തിക നിലയോ വാക്ചാതുരിയോ അവന്റെ ഇച്ഛകളെ തിരുത്തില്ല എന്നാണ് മുസ്ലിം വിശ്വാസം. അതു കൊണ്ടാണ്, പ്രളയമോ പേമാരിയോ മഹാമാരിയോ വിശ്വാസത്തെ ഉലയ്ക്കാതിരിക്കുന്നത്.
ഫലം കാണുന്നില്ലെങ്കില്‍ പിന്നെയെന്തിനു പ്രാര്‍ഥിക്കണം?
മനുഷ്യര്‍ അറിവില്ലാത്തതിന്റെ ശത്രുവാണെന്നു പറഞ്ഞതിന്റെ മറ്റൊരു ഉദാഹരണമാണീ ചോദ്യവും. പ്രാര്‍ഥന എന്നാല്‍ എന്താണ്, അതിന്റെ ലക്ഷ്യം എന്ത്, അതിന്റെ ഫലം എന്ത് എന്നീ കാര്യങ്ങളിലെല്ലാം വിശ്വാസിക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്.
പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും ഓരോരുത്തരുടെയും ആവശ്യങ്ങളും അവസ്ഥാന്തരങ്ങളും അറിയുന്നവനത്രെ അല്ലാഹു. ഖുഥുബുല്‍ ഇര്‍ശാദ് ഇമാം ഹദ്ദാദിന്റെ(റ) ഈയര്‍ഥത്തിലുള്ള ഒരു കവിത ലോകപ്രശസ്തമാണ്. ‘ഖദ് കഫാനീ ഇല്‍മു റബ്ബീ, മിന്‍ സുആലീ വഖ്തിയാരീ – ‘എന്റെ പ്രാര്‍ഥനകളെക്കാളും ഇഷ്ടപ്രകടനങ്ങളെക്കാളും എന്റെ നാഥന്റെ പരമജ്ഞാനം മതിയെനിക്ക്’ എന്നാണതിന്റെ തുടക്കം. താന്‍ യാചിച്ചില്ലെങ്കിലും തന്നെ കാക്കാന്‍ അല്ലാഹുവുണ്ടെന്നു തന്നെയാണ് വിശ്വാസിയുടെ മനസ്. എന്നാലും അവന്‍ പ്രാര്‍ഥിക്കും. കാരണം, പ്രാര്‍ഥന ആരാധനയാണ്. നുഅ്മാനു ബ്നു ബശീര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ‘പ്രാര്‍ഥന തന്നെയാണ് ആരാധന’ എന്നു കാണാം (അഹ്മദ്). പ്രത്യക്ഷത്തില്‍ ഫലം കണ്ടാലും ഇല്ലെങ്കിലും വിശ്വാസി പ്രാര്‍ഥന തുടരും. അവനതൊരു സാധനയാണ്. സ്രഷ്ടാവിന്റെ മുമ്പിലുള്ള സമര്‍പ്പണത്തിന്റെ ആനന്ദവും ആസ്വാദനവുമാണ്!
പ്രാര്‍ഥിച്ചാല്‍ ഫലം കാണുകയില്ലെന്നു വിശ്വാസി കരുതുന്നില്ല. ഉത്തരം ലഭിക്കുമെന്നത് അവനു കിട്ടിയ വാഗ്ദാനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ.ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം’ (ഗാഫിര്‍ : 60 ).
പ്രാര്‍ഥനയെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകളും ധാരാളം. അബ്ദുല്ലാഹി ബ്നു മസ്ഊദിന്റെ(റ)നിവേദനം: നബി (സ്വ) പറഞ്ഞു: ”നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക. അല്ലാഹു ചോദിക്കുന്നത് ഇഷ്ടപ്പെടുന്നു എന്നത് സത്യം” (തിര്‍മിദി).
പ്രാര്‍ഥിച്ചാല്‍ ഉത്തരം നല്‍കുമെന്നത് വാഗ്ദാനമാണ്; അതവന്‍ ലംഘിക്കില്ല. ഉത്തരം കിട്ടുമെന്ന ഉറപ്പോടെയാണ് സത്യവിശ്വാസി പ്രാര്‍ഥിക്കുന്നത്. അബൂ ഹുറയ്റ(റ) പറയുന്നു: നബി ? പറഞ്ഞു: ”ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.” (തിര്‍മിദി)
എന്നിട്ടെന്തേ, കൊറോണ നശിച്ചില്ല? പ്രാര്‍ഥനയുടെ ഫലം കാണുന്നില്ലെങ്കില്‍ അല്ലാഹു വാഗ്ദാനം ലംഘിച്ചുവെന്നല്ലേ അര്‍ഥം? എന്ന ചോദ്യങ്ങളൊന്നും വിശ്വാസികള്‍ മുഖവിലക്കെടുക്കില്ല. അവന്‍ വില കല്പിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിനാണ്. പ്രാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ച ശരീഅതു തന്നെ അതിന്റെ വാഗ്ദത്ത ഫലം എപ്പടിയായിരിക്കും പറഞ്ഞിട്ടുണ്ട്. മൂസബ്നു ഹാറൂനില്‍നിന്ന് (റ) ഇമാം ത്വബ് രി(റ) ജാമിഉല്‍ ബയാനില്‍ നിവേദനം ചെയ്യുന്നു: ‘ഒരാള്‍ പ്രാര്‍ഥിക്കുന്നതിന്റെ ആത്യന്തിക ഗുണഫലം ഇഹലോകത്തു വെച്ചു നല്‍കലാണെങ്കില്‍ അങ്ങനെ. ഇഹലോകത്തു കിട്ടുന്നില്ലെങ്കിലോ ആ സദ്കര്‍മം ഒരു നിധിയായി പാരത്രിക ലോകത്ത് കിട്ടും. മാത്രമല്ല, പ്രാര്‍ഥനയുടെ ഫലമായി മറ്റെന്തെങ്കിലും ദുരിതം അവനില്‍ നിന്ന് അകറ്റിക്കൊടുക്കും’. സമാനവും അതിലധികവും വിശദീകരണങ്ങള്‍ വന്നിട്ടുള്ള ധാരാളം ഹദീസുകള്‍ ഉണ്ട്. ദൈര്‍ഘ്യം ഭയന്ന് ഒഴിവാക്കുന്നു. ചുരുക്കത്തില്‍, പ്രാര്‍ഥനയുടെ ഫലം ഏറ്റവും ഉചിതമായ വിധത്തില്‍ തനിക്കു ലഭിക്കുമെന്നു തന്നെയാണ് ഓരോ ഘട്ടത്തിലും വിശ്വാസിയുടെ പ്രതീക്ഷ.
ഫലം പ്രത്യക്ഷത്തില്‍ കണ്ടില്ലെങ്കിലും വിശ്വാസികള്‍ പ്രാര്‍ഥന നിര്‍ത്തില്ലെങ്കില്‍ പിന്നെയെന്തിനു പള്ളികളടച്ചു? ഉംറയടക്കമുള്ള തീര്‍ഥാടനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി?
പ്രാര്‍ഥന ആരാധനയാണെന്നു പറഞ്ഞല്ലോ. ആരാധന എന്നതു കൊണ്ടു ഒരു മുസ്ലിം അര്‍ഥമാക്കുന്നത് എന്താണെന്നു കൂടി മനസ്സിലാക്കിയാല്‍ ഈ സംശയത്തിനു സ്ഥാനമുണ്ടാവില്ല.
‘അഖ്സാ ഗായതില്‍ ഖുളൂഇ വതദല്ലുല്‍’ – അല്ലാഹുവിന്റെ മുമ്പില്‍ പരമാവധി വിധേയത്വവും സമര്‍പ്പണവും കാണിക്കുക എന്നാണ് ആരാധന/ ഇബാദത് എന്നതിന്റെ നിര്‍വചനം. ഓരോ സന്ദര്‍ഭത്തിലും ശരീഅത് ആവശ്യപ്പെടുന്നതു പ്രകാരം ഇബാദത്തു ചെയ്യുമ്പോഴാണ് അതു യഥാര്‍ഥത്തില്‍ വിധേയത്വവും സമര്‍പ്പണവും ആകുന്നത്. ഇല്ലെങ്കില്‍, തന്നിഷ്ടമാവും. പകര്‍ച്ച വ്യാധികളുള്ളപ്പോള്‍ രോഗികളുമായുള്ള സമ്പര്‍ക്കത്തിന് വിലക്കേര്‍പ്പെടുത്തിയത് ശരീഅതാണ്. അതിനെ അനുസരിക്കലാണ് ആരാധന! അതിനാല്‍, വിശ്വാസി പള്ളി അടച്ചിടുന്നതും തീര്‍ഥാടനം നിര്‍ത്തിവെക്കുന്നതും പ്രതിഫലാര്‍ഹമാണ്, ആരാധനയുമാണ്.
അല്ലാഹു തന്നിരിക്കുന്ന അനുഗ്രഹങ്ങളെത്രയാണോ അതിനൊത്താണ് അവന്‍ വിധേയത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരോടാണ് റമളാന്‍ വ്രതം ആവശ്യപ്പെട്ടത്. നിശ്ചിത ധനരേഖയ്ക്കു മുകളില്‍ വര്‍ഷം മുഴുവന്‍ സമ്പാദ്യമുള്ളവരാണ് സകാത് കൊടുക്കേണ്ടത്. ശരീരം, സാമ്പത്തിക നില, യാത്രാസാധ്യതകള്‍, സംവിധാനങ്ങള്‍ എന്നിവ അനുകൂലമായിരുന്നാല്‍ മാത്രമേ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ഥാടനം വേണ്ടതുള്ളൂ. ഇപ്പറഞ്ഞവയെല്ലാം ഉപാധികളാണ്. പരമാവധി വിധേയത്വവും സമര്‍പ്പണവും കാണിക്കുക എന്നു പറഞ്ഞതിന്റെ വിധങ്ങളും പ്രകാരങ്ങളും നിശ്ചയിക്കുന്ന ഉപാധികള്‍. ഇവ ഒത്തു വന്നില്ലെങ്കിലും സാഹചര്യേണ വിധേയത്വവും സമര്‍പ്പണവും കാണിക്കാന്‍ വിശ്വാസിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. അവശത മൂലം ശരീരം കൊണ്ടു നിസ്‌കാരം സാധ്യമാവാതെ വന്നാല്‍ നിസ്‌കാരക്രമം അപ്പടി മനസില്‍ സങ്കല്പിക്കണമെന്നു അധ്യയനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെ താത്പര്യം അതാണ്. തത്വത്തില്‍, ഏതു സാഹചര്യത്തിലും അല്ലാഹുവിനു കീഴടങ്ങുക എന്നര്‍ഥം.
കര്‍മശാസ്ത്രപരമായ ചില പ്രശ്നങ്ങളെ സമീപിക്കുന്നേടത്ത് നിദാനശാസ്ത്രം മുന്നോട്ടു വെക്കുന്ന ഒരു മൗലിക തത്വമാണ് ദര്‍ഉല്‍ മഫാസിദി മുഖദ്ദമുന്‍ അലാ ജല്‍ബില്‍ മസ്വാലിഹ്- ‘ആപത്തുകളെ പ്രതിരോധിക്കുന്നതിനു നന്മകള്‍ നേടുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കണം’ എന്നത്. സമാനാര്‍ഥമുള്ള മറ്റൊരു തത്വത്തില്‍ യുതഹമ്മലു ള്ളററുല്‍ ഖാസ്സു ലിദഫ്ഇ ള്ളററില്‍ ആമ്മി: ‘വ്യാപകമായ നാശനഷ്ടങ്ങളെ തടയുന്നതിനു പ്രത്യേകമായ ചില നഷ്ടങ്ങള്‍ സഹിക്കാവുന്നതാണ്’ എന്നും പറയുന്നുണ്ട്. ഈ മൗലികതത്വങ്ങളില്‍ ഊന്നി നിന്നു ഇസ്ലാമിക ശരീഅത് നല്‍കിയിട്ടുള്ള ക്വാറന്റയ്ന്‍, ഐസൊലേഷന്‍ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് പള്ളികളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ഇപ്പോള്‍ വിശ്വാസി പ്രവേശം നിയന്ത്രിക്കുന്നത്.
ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കൊറോണയോ നിപ്പയോ സ്പാനിഷ് ഫ്‌ളൂവോ കണ്ടപ്പോള്‍ ഉണ്ടായതുമല്ല. തിരുനബി യുടെ (സ്വ) കാലം തൊട്ടിന്നോളം മതപണ്ഡിതന്‍മാര്‍ പഠിപ്പിച്ചു തന്ന നിയമങ്ങളാണ്. മഹാമാരികളെക്കുറിച്ചും അവ ഉണ്ടായാല്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടുകളെയും കുറിച്ചു മാത്രം ഇമാം ഇബ്നു അബിദ്ദുന്‍യാ, ഇമാം താജുദ്ദീനുസ്സുബ്കി, ഇമാം സര്‍കശി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജരില്‍ അസ്ഖലാനി(റ) തുടങ്ങി ഇരുപത്തഞ്ചിലധികം പണ്ഡിതരുടെ രചനകള്‍ എന്റെ കൈവശമുണ്ട്. ഐസൊലേഷനെ കുറിച്ചു മാത്രം ഗ്രന്ഥങ്ങളുണ്ട്. ഹി. 471 ല്‍ മരണപ്പെട്ട ഇമാം അബൂ അലീ ഹുസൈനുബ്നു അബ്ദില്ലാഹില്‍ ബഗ്ദാദിയുടെ(റ) അര്‍രിസാലതുല്‍ മുഗ്നിയ ഫിസ്സുകൂതി വ ലുസൂമില്‍ ബുയൂത് ഐസൊലേഷന്റെ ആത്മീയ ഗുണങ്ങള്‍ വിശദമാക്കുന്നതാണ്. അബ്ദുര്‍ റസ്സാഖി ബ്നു അബ്ദില്‍ മുഹ്സിന്‍(റ) അതിനെ വിശകലനം ചെയ്ത് മറ്റൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇങ്ങനെ പരശ്ശതം ഗ്രന്ഥങ്ങള്‍. അതിനാല്‍, ഇസ്ലാം വിമര്‍ശകര്‍ മനസ്സിലാക്കേണ്ടത് ഗവണ്‍മെന്റോ ആരോഗ്യ വിദഗ്ധരോ ഇപ്പോള്‍ ക്വാറന്റയ്നും ഐസൊലേഷനും നിര്‍ദ്ദേശിച്ചിട്ടില്ലായിരുന്നെങ്കില്‍ പോലും മുസ്ലിംകള്‍ അതു തന്നെ അനുവര്‍ത്തിച്ചിട്ടുണ്ടാവും. അതാണ് ഇസ്ലാം.
രോഗം പകരില്ലെന്നല്ലേ ഹദീസിലുള്ളത്? പിന്നെന്തിനാണ് ഐസൊലേഷനും ക്വാറന്റയ്നും?
വിശുദ്ധ ഇസ്ലാമിനെയും മുത്തുനബിയെയും(സ്വ) ചെറുതാക്കി കാണിക്കാന്‍ എല്ലാ കാലത്തും ദുര്‍വ്യാഖ്യാനം ചെയ്ത ഹദീസാണ് -ലാ അദ് വാ- എന്നത്. പകര്‍ച്ചവ്യാധികള്‍ വന്നതോടെ ഇസ്ലാം ആറാം നൂറ്റാണ്ടിലെ പഴഞ്ചന്‍പുരാണങ്ങളുടെ ഭാണ്ഡമാണെന്നു കൂടുതല്‍ വ്യക്തമാകുന്നുവെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഹദീസിന്റെ അര്‍ഥം പറയുന്നതിനു മുമ്പ് ഒരു ഉപോദ്ഘാതം പറയാം.
ശുചിത്വ സംവിധാനങ്ങളെ നടപ്പുശീലങ്ങളുടെ ഭാഗമാക്കുന്നതില്‍ ഇസ്ലാമോളം സക്രിയമായി ഇടപെട്ട ഒരു ദര്‍ശനവുമില്ല. ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സദ്കര്‍മങ്ങളായി പരിചയപ്പെടുത്തിയവയുടെ ലിസ്റ്റില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശുചിത്വം. ‘വൃത്തിയാണ് മതവിശ്വാസത്തിന്റെ പാതി’ എന്ന തിരുനബിവചനം മാത്രം ആലോചിച്ചു നോക്കൂ.
ഒരുദാഹരണം മാത്രം പറയാം; നിസ്‌കാരം. വിശ്വാസിയെയും അവിശ്വാസിയെയും വ്യവഛേദിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതിയാണ്.അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍. പുലര്‍ന്നെണീറ്റതു മുതല്‍ അന്തിമയങ്ങുന്നതു വരെയുള്ള നമ്മുടെ ആക്ടീവ് ടൈം സ്പാനിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കുളിച്ചും അംഗസ്നാനം ചെയ്തിട്ടുമല്ലാതെ നിസ്‌കാരം അനുവദനീയമല്ല. അംഗസ്നാനം മുമ്മൂന്ന് തവണ നിര്‍വഹിക്കണം. എല്ലാ അര്‍ഥത്തിലും മാലിന്യമുക്തമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഓരോ നിസ്‌കാരത്തിനും മുമ്പ് ദന്തശുദ്ധി നടത്തണം. ശരീരവും വസ്ത്രവും നിസ്‌കരിക്കുന്ന സ്ഥലവും ഉള്‍പ്പടെ എല്ലാം പൂര്‍ണമായും മാലിന്യമുക്തമാകണം – ഇല്ലെങ്കില്‍ നിസ്‌കാരം സ്വീകാര്യമല്ല. ഇപ്രകാരം ദിവസവും അഞ്ചു തവണ രോഗമുള്ളപ്പോഴും അല്ലാത്തപ്പോഴും ശരിയായ വിശ്വാസി ശുചീകരണം നടത്തുന്നു.
ഇനി, പകര്‍ച്ചവ്യാധികളിലേക്കു വരാം. ഇതു സംബന്ധിച്ച ക്വാറന്റയ്ന്‍ നടപടികളുടെ ഭാഗമായി ലോകത്താദ്യമായി ഗമനാഗമനവിലക്കും ഐസൊലേഷന്‍ നടപടിയും നിര്‍ദ്ദേശിച്ചിട്ടുള്ളത് നബിതിരുമേനി (സ്വ)യാണ്. ഇക്കാര്യം ഇക്കഴിഞ്ഞ മാര്‍ച്ച് 17 ന് പ്രസിദ്ധീകരിച്ച അമേരിക്കയിലെ ന്യൂസ് വീക്ക് മാഗസിനില്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ എഴുതിയ CAN THE POWER OF PRAYER ALONE STOP A PANDEMIC LIKE THE CORONAVIRUS? EVEN THE PROPHET MUHAMMAD THOUGHT OTHERWISE എന്ന ലേഖനത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. തിരുമേനി(സ്വ) നിര്‍ദ്ദേശിച്ച ക്വാറന്റയ്ന്‍ നടപടികളല്ലാതെ മറ്റൊരു പ്രതിരോധ മാര്‍ഗവും കൊവിഡ് -19ന്റെ കാര്യത്തില്‍ ഇതുവരെയും ഇല്ലെന്നതും ഓര്‍മിക്കണം.
ഈ വിഷയത്തില്‍ എടുത്തു പറയേണ്ട രണ്ടു ഹദീസുകള്‍ ഉദ്ധരിക്കാം. കൊവിഡ് – 19 പോലെയുള്ള ഭയാനകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളില്‍ ജുമുഅ, ജമാഅതുകള്‍ക്കടക്കം നിയന്ത്രണമാകാമെന്നു കര്‍മശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയതും ഈ ഹദീസുകളുടെ വെളിച്ചത്തിലാണ്.
ഒന്ന്: പ്ലേഗ് – അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ – ഒരിടത്തുണ്ടെന്നറിഞ്ഞാല്‍ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കില്‍ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്ലിം). രണ്ട്: സാംക്രമിക രോഗങ്ങള്‍ ഉള്ളവര്‍ അതു മറ്റുള്ളവരിലേക്കു പടര്‍ത്തരുത്. (ബുഖാരി, മുസ്ലിം).
സ്വന്തം സുരക്ഷയും ജനങ്ങളുടെ രക്ഷയും പരിഗണിച്ച് വീട്ടില്‍ അടങ്ങിയിരിക്കുന്നതിനെ പ്രശംസിച്ചു കൊണ്ടുള്ള ഒരു ഹദീസ് ഇമാം അഹ്മദ്, ത്വബ്റാനി, ബസ്സാര്‍, ഇബ്നു ഖുസയ്മ, ഇബ്നു ഹിബ്ബാന്‍, അബൂദാവൂദ്, അബൂ യഅ്‌ലാ, ഇമാം സുയൂഥി(റ) എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഐസൊലേഷന്‍ നടപടിയെ കൃത്യമായി നിര്‍ദ്ദേശിക്കുന്ന ഏറ്റവും ആദ്യത്തെ പ്രസ്താവനയാണിത്.
അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ സുഖമോ അസുഖമോ ഉണ്ടാവുന്നില്ലെന്നാണ് ഇസ്ലാമിക വിശ്വാസം: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് – ചേതനവും അചേതനവുമായ സകലതിന്റെയും ചലന നിശ്ചലനങ്ങളോ പ്രവര്‍ത്തനശേഷിയോ ഒന്നും അവന്റെ അധികാരമോ നിയന്ത്രണമോ കൂടാതെ സംഭവിക്കുന്നില്ല. സ്വഭാവികമായും ആ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു രോഗാണുവിനും സ്വന്തമായി പടര്‍ന്നു പിടിക്കാനും വിപത്തു പരത്താനും സാധിക്കുകയില്ലെന്നത്. അതു അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാല്‍ ഏതു സാഹചര്യത്തിലും അവന്റെ ശാസനകള്‍ ശിരസ്സാവഹിച്ച് പുതിയ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ക്കായി ഗവേഷണങ്ങള്‍ നടത്തിയും ക്വാറന്റയ്ന്‍ നടപടികളോടു സഹകരിച്ചും മതപാഠങ്ങളെ അനുസരിക്കുക. അവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയും പ്രാര്‍ഥനാ നിരതരാവുകയും ചെയ്യുക. അവന്‍ രോഗാണുവിന്റെയും പ്രതിരോധാണുവിന്റെയും അധികാരിയാകുന്നു.
രക്ഷപ്പെടുത്താന്‍ ഒരാളുണ്ടെന്ന സനാഥത്വ ബോധമില്ലാത്തവനാകട്ടെ, രോഗ പ്രതിരോധത്തിനായുള്ള ഇമ്മാതിരി ശാസനകളെ അനുസരിക്കാന്‍ കൂട്ടാക്കാതെ പേടിച്ചോടുന്നു. രോഗാണു വന്നാല്‍ പടരാതിരിക്കില്ല എന്നാണവന്‍ കരുതുന്നത്. ഇസ്ലാം പൂര്‍വകാലത്ത് – ജാഹിലിയ്യാ കാലത്ത് ഇതായിരുന്നു ജനങ്ങളുടെ ധാരണ. ഇത്തരം വ്യാധികള്‍ ചില മൂര്‍ത്തികളിലൂടെ പടര്‍ന്നു പിടിക്കുന്ന ബാധകളാണ് എന്നവര്‍ ധരിച്ചിരുന്നു. അവ ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു ബാധയായി പടര്‍ന്നു കയറുന്നതു കൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതെന്നായിരുന്നു വിശ്വാസം. ഇത്തരം അന്ധവിശ്വാസങ്ങള്‍ നിമിത്തം രോഗം പടര്‍ന്നു പിടിച്ച സ്ഥലത്തു നിന്നു ക്വാറന്റയ്ന്‍ നടപടികളെ അനുസരിക്കാതെ ആളുകള്‍ കൂട്ടത്തോടെ മാറിത്താമസിക്കാന്‍ ഒരുമ്പെട്ടാല്‍ അതു ഗുരുതരമായ ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങള്‍ക്കു വഴിവെക്കും. ഉദാഹരണത്തിനു കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളക്കാരെല്ലാം നാടുവിട്ടോടിപ്പോയിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതും അതിവിദൂരവുമായിരിക്കും. അതിനാല്‍, കൃത്യമായ വസ്തുതകള്‍ ജനങ്ങളെ അറിയിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട രംഗമാണിത്. നബിതിരുമേനി (സ്വ) ഓര്‍മപ്പെടുത്തി: ലാ അദ്്വാ…. രോഗം സ്വന്തമായി പടര്‍ന്നു പിടിക്കില്ല.
ഈ ഹദീസിലെ ‘ലാ…’ എന്ന പദം ഇംഗ്ലീഷിലെ NO എന്നതിനു സമാനമായ പദമാണ്. ഇവിടെ അതു നിഷേധാര്‍ഥത്തിലാണോ നിരോധനാര്‍ഥത്തിലാണോ പ്രയോഗിച്ചത് എന്ന കാര്യത്തില്‍ പണ്ഡിത ലോകത്ത് രണ്ടു നിലപാടുകളുണ്ട്. നിഷേധാര്‍ഥത്തിലാണെന്ന നിലപാടിലാണ് ‘ലാ അദ്്വാ’ക്ക് ‘രോഗം സ്വന്തമായി പടര്‍ന്നു പിടിക്കില്ല’ എന്നര്‍ഥം പറഞ്ഞത്. അതേ സമയം, നിരോധനാര്‍ഥത്തിലാണെങ്കില്‍ ‘സാംക്രമിക രോഗങ്ങള്‍ മറ്റുള്ളവരിലേക്കു പടര്‍ത്തരുത്’ എന്നാകും അര്‍ഥം. ആദ്യത്തേത് വസ്തുതാ കഥനത്തിലൂടെ വിശ്വാസമുറപ്പിക്കലും രണ്ടാമത്തേത് ക്വാറന്റയ്ന്‍ നടപടിക്കുള്ള ആഹ്വാനവുമാണ്. രണ്ടായാലും ഇസ്ലാമിനും വിശ്വാസിക്കും ഈ പ്രസ്താവന അഭിമാനമാണ്.
മുഹമ്മദ് സജീര്‍ ബുഖാരി

Friday 13 March 2020

രോഗം_പകരില്ല_എന്ന_ഹദീസ് വിശദീകരിക്കാമോ?

വിശുദ്ധ ഇസ്‌ലാമിനെയും മുത്തുനബി സ്വ.യെയും ചെറുതാക്കി കാണിക്കാൻ ഇപ്പോൾ കൊറോണക്കാലത്തും മുമ്പ് നിപ്പക്കാലത്തും സമാനമായ പല സാഹചര്യങ്ങളിലും വിരോധികൾ ദുർവ്യാഖ്യാനം ചെയ്ത ഹദീസാണ് ലാ അദ്'വാ എന്നത്. പകർച്ചവ്യാധികൾ വന്നതോടെ ഇസ്‌ലാം ആറാം നൂറ്റാണ്ടിലെ പഴഞ്ചൻപുരാണങ്ങളുടെ ഭാണ്ഡമാണെന്നു കൂടുതൽ വ്യക്തമാകുന്നുവെന്നാണ് ഇമ്മിണി ബല്യ ബുജീകളുടെ കണ്ടെത്തൽ. ഹദീസിന്റെ അർഥം പറയുന്നതിനു മുമ്പ് ഒരു ഉപോദ്ഘാതം പറയാം. ശുചിത്വ സംവിധാനങ്ങളെ നടപ്പു ശീലങ്ങളുടെ ഭാഗമാക്കുന്നതിൽ ഇസ്‌ലാമോളം സക്രിയമായി ഇടപെട്ട ഒരു ദർശനവും വേറെയില്ല.

 അല്ലാഹുവിങ്കൽ ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സത്കർമങ്ങളായി പരിചയപ്പെടുത്തിയവയുടെ ലിസ്റ്റിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വം. "വൃത്തിയാണ് മതവിശ്വാസത്തിന്റെ പാതി" എന്ന തിരുനബിവചനം മാത്രം ആലോചിച്ചു നോക്കൂ. ഒരുദാഹരണം മാത്രം പറയാം; നിസ്കാരം. വിശ്വാസിയെയും അവിശ്വാസിയെയും വ്യവഛേദിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതിയാണ് അഞ്ചു നേരത്തെ നിസ്കാരങ്ങൾ.

പുലർന്നെണീറ്റതു മുതൽ അന്തിമയങ്ങുന്നതു വരെയുള്ള നമ്മുടെ ആക്ടീവ് ടൈം സ്പാനിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കുളിച്ചും അംഗസ്നാനം ചെയ്തിട്ടുമല്ലാതെ നിസ്കാരം അനുവദനീയമല്ല. അംഗസ്നാനം മുമ്മൂന്ന് തവണ നിർവഹിക്കണം. എല്ലാ അർഥത്തിലും മാലിന്യമുക്തമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഓരോ നിസ്കാരത്തിനും മുമ്പ് ദന്തശുചീകരണം നടത്തണം.

ശരീരവും വസ്ത്രവും നിസ്കരിക്കുന്ന സ്ഥലവും ഉൾപ്പടെ എല്ലാം പൂർണമായും മാലിന്യമുക്തമാകണം - ഇല്ലെങ്കിൽ നിസ്കാരം സ്വീകാര്യമല്ല തന്നെ. ഇപ്രകാരം ദിവസവും അഞ്ചു തവണ രോഗമുള്ളപ്പോഴും അല്ലാത്തപ്പോഴും ശരിയായ വിശ്വാസി ശുചീകരണം നടത്തുന്നു. ഇനി, പകർച്ചവ്യാധികളിലേക്കു വരാം. ഇതു സംബന്ധിച്ച ക്വാറന്റയ്ൻ നടപടികളുടെ ഭാഗമായി നബിതിരുമേനി സ്വ. നിർദ്ദേശിച്ചിട്ടുള്ള ഗമനാഗമനവിലക്കും ഐസൊലേഷൻ നടപടിയും *കൊറോണ* *വിശ്വാസിയും_ഭൗതികവാദിയും* എന്ന പോസ്റ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. ഒന്ന്: പ്ലേഗ് - അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ - ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്‌ലിം). രണ്ട്: സാംക്രമിക രോഗങ്ങൾ ഉള്ളവർ അതു മറ്റുള്ളവരിലേക്കു പടർത്തുന്ന വിധം സമ്പർക്കം പുലർത്തരുത് (ബുഖാരി, മുസ്‌ലിം). ഏതു രോഗത്തിനും മരുന്നുണ്ടെന്നും പഠിച്ചു കണ്ടെത്തേണ്ട ഉത്തരവാദിത്തം അറിവാളരുടേതാണെന്നും ഇസ്‌ലാം പഠിപ്പിച്ചു. തിരുമേനി സ്വ. നിർദ്ദേശിച്ച ക്വാറന്റയ്ൻ നടപടികളല്ലാതെ മറ്റൊരു പ്രതിരോധ മാർഗവും കൊവിഡ് -19ന്റെ കാര്യത്തിൽ ഇതുവരെയും ഇല്ലെന്നതും ഓർമിക്കണം.

 ഇത്തരം ഭയാനകമായ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിൽ ജുമുഅ, ജമാഅതുകൾക്കടക്കം നിയന്ത്രണമാകാമെന്നു കർമശാസ്ത്ര വിശാരദർ രേഖപ്പെടുത്തിയതും ഈ ഹദീസിന്റെ വെളിച്ചത്തിലാണ്. അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ സുഖമോ അസുഖമോ ഉണ്ടാവുന്നില്ലെന്നാണ് ഇസ്‌ലാമിക വിശ്വാസം: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് - ചേതനവും അചേതനവുമായ സകലതിന്റെയും ചലന നിശ്ചലനങ്ങളോ പ്രവർത്തനശേഷിയോ ഒന്നും അവന്റെ അധികാരമോ നിയന്ത്രണമോ കൂടാതെ സംഭവിക്കുന്നില്ല. സ്വഭാവികമായും ആ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു രോഗാണുവിനും സ്വന്തമായി പടർന്നു പിടിക്കാനും വിപത്തു പരത്താനും സാധിക്കുകയില്ലെന്നത്. അതു അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാൽ ഏതു സാഹചര്യത്തിലും അവന്റെ ശാസനകൾ ശിരസ്സാവഹിച്ച് പുതിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾക്കായി ഗവേഷണങ്ങൾ നടത്തിയും ക്വാറന്റയ്ൻ നടപടികളോടു സഹകരിച്ചും മതപാഠങ്ങളെ അനുസരിക്കുക. അവനിൽ പ്രതീക്ഷയർപ്പിക്കുകയും പ്രാർഥനാ നിരതരാവുകയും ചെയ്യുക. അവൻ രോഗാണുവിന്റെയും പ്രതിരോധാണുവിന്റെയും അധികാരിയാകുന്നു!! രക്ഷപ്പെടുത്താൻ ഒരാളുണ്ടെന്ന സനാഥത്വ ബോധമില്ലാത്തവനാകട്ടെ, രോഗ പ്രതിരോധത്തിനായുള്ള ഇമ്മാതിരി ശാസനകളെ അനുസരിക്കാൻ കൂട്ടാക്കാതെ പേടിച്ചോടുന്നു. രോഗാണു വന്നാൽ പടരാതിരിക്കില്ല എന്നാണവൻ കരുതുന്നത്. ഇസ്‌ലാം പൂർവകാലത്ത് - ജാഹിലിയ്യാ കാലത്ത് ഇതായിരുന്നു ജനങ്ങളുടെ ധാരണ. രോഗം പടർന്നു പിടിച്ച സ്ഥലത്തു നിന്നു ക്വാറന്റയ്ൻ നടപടികളെ അനുസരിക്കാതെ ആളുകൾ കൂട്ടത്തോടെ മാറിത്താമസിക്കാൻ ഒരുമ്പെട്ടാൽ അതു ഗുരുതരമായ ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾക്കു വഴിവെക്കും. ഉദാഹരണത്തിനു കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ കേരളക്കാരെല്ലാം നാടുവിട്ടോടിപ്പോയിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതും അതിവിദൂരവുമായിരിക്കും. അതിനാൽ, കൃത്യമായ വസ്തുതകൾ ജനങ്ങളെ അറിയിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട രംഗമാണിത്. നബിതിരുമേനി സ്വ. ഓർമപ്പെടുത്തി: ലാ അദ്'വാ.... രോഗം സ്വന്തമായി പടർന്നു പിടിക്കില്ല. ഈ ഹദീസിലെ "ലാ..." എന്ന പദം ഇംഗ്ലീഷിലെ NO എന്നതിനു സമാനമായ പദമാണ്. ഇവിടെ അതു നിഷേധാർഥത്തിലാണോ നിരോധനാർഥത്തിലാണോ പ്രയോഗിച്ചത് എന്ന കാര്യത്തിൽ പണ്ഡിത ലോകത്ത് രണ്ടു നിലപാടുകളുണ്ട്.

നിഷേധാർഥത്തിലാണെന്ന നിലപാടിലാണ് "ലാ അദ്'വാ"ക്ക് "രോഗം സ്വന്തമായി പടർന്നു പിടിക്കില്ല" എന്നർഥം പറഞ്ഞത്. അതേ സമയം, നിരോധനാർഥത്തിലാണെങ്കിൽ "സാംക്രമിക രോഗങ്ങൾ മറ്റുള്ളവരിലേക്കു പടർത്തരുത്" എന്നാകും അർഥം. ആദ്യത്തേത് വസ്തുതാ കഥനത്തിലൂടെ വിശ്വാസമുറപ്പിക്കലും രണ്ടാമത്തേത് ക്വാറന്റയ്ൻ നടപടിക്കുള്ള ആഹ്വാനവുമാണ്. രണ്ടായാലും ഇസ്‌ലാമിനും വിശ്വാസിക്കും ഈ പ്രസ്താവന അഭിമാനമാണ്.

✍ *Muhammad Sajeer Bukhari* http://bit.ly/2U2P0E7

Thursday 6 February 2020

മൗനം

വാക്കുകൾ മൊഴിയാതിരിക്കലല്ല; വചനപ്പൊരുളറിഞ്ഞു അവയുടെ അഭൗമ സുന്ദരമായ ഉറവിടത്തിലേക്ക് ഉണർന്നിരിക്കലാണ് മൗനം!

 ഇല്ലെങ്കിൽ, മൗനിയായിരിക്കുന്നത് ജ്ഞാനിയുടെ അലങ്കാരമാകുമോ? മാനവ ജനതക്കു വാക്കുകളിലൂടെ ജ്ഞാന പ്രകാശം പകർന്നുനൽകിയ പ്രവാചകന്മാരും മഹാഗുരുക്കന്മാരുമെല്ലാം മഹാജ്ഞാനികൾ ആയിരുന്നല്ലോ. ധിക്കാരിയായ ഭരണാധികാരിക്കു മുമ്പിലും സത്യത്തെ മാത്രം ജ്വലിപ്പിക്കുന്ന വാക്കാണ് മികച്ച ജിഹാദെന്നു ഹദീസിൽ വന്നിട്ടുണ്ട്. മാത്രമോ, തൗഹീദിന്റെ വചനത്തെ മനോഹരമായ വാക്ക് - കലിമതുൻ ത്വയ്യിബ എന്നാണ് വ്യവഹരിച്ചിരിക്കുന്നത്. മഹാഗുരുക്കളിലൂടെ പരമ്പരാഗതമായി വന്നു കിട്ടിയ വേദവചനങ്ങളും മൊഴിമുത്തുകളുമെല്ലാം ജ്ഞാനമല്ലെന്നോ അവർക്കാർക്കും മൗനത്തിന്റെ അർത്ഥാന്തരങ്ങൾ അറിയില്ലെന്നോ പറയുന്നത് എത്ര മാത്രം മൗഢ്യമാണ്?!

ജ്ഞാനവും മൗനവും തമ്മിലുള്ള യഥാർത്ഥ ബന്ധവും ശരിയായ വ്യത്യാസവും എന്താണ്? ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും അനുരാഗത്തിന്റെയുമെല്ലാം പരിണിതിയാണ് മൗനം. വിവേകത്തിലേക്കും ജ്ഞാനത്തിലേക്കും അടുത്തുവരും തോറും മൗനം ഒരു ഭാവമായ്, സ്വഭാവമായ് രൂപപ്പെടുന്നു / പെടണം.

 കുട്ടികളെ കണ്ടിട്ടില്ലേ, ചെറിയ ക്ലാസിൽ പഠിക്കുമ്പോഴുള്ള കലപില ബഹളവും അട്ടഹാസങ്ങളുമെല്ലാം വലിയ വലിയ ക്ലാസുകളിൽ എത്തുമ്പോൾ ഇല്ലാതാവുകയോ കുറഞ്ഞുവരുകയോ ചെയ്യുന്നു. പക്വതയും പാകതയും കൈവരുമ്പോൾ ഒച്ചപ്പാട് കുറഞ്ഞുകുറഞ്ഞ് മൗനത്തോടടുക്കുന്നു. ഉച്ചത്തിൽ പരസ്പരം സംസാരിച്ചിരുന്നവർ വിദ്യാസമ്പന്നരും സംസ്കൃതരും ആവുമ്പോൾ ശബ്ദത്തിൽ മിതത്വവും വാക്കുകളിൽ പിശുക്കും സൂക്ഷ്മതയും പുലർത്തുന്നത് നാം കാണുന്നു. ഖേദിക്കേണ്ടി വരുന്ന ഒരു വാക്കിനേക്കാൾ ഗുണം ചതിക്കുഴിയിൽ വീഴ്ത്താത്ത ആയിരം യാമങ്ങളുടെ മൗനമാണ്.

 ശബ്ദങ്ങളിൽ നിന്ന് മൗനത്തിലേക്കുള്ള പരിണാമം അധ്യാത്മിക വളർച്ചയുടെ അടയാളമാണ്. എന്നാൽ, വാക്കുകൾ ഉരിയാടാതിരിക്കലല്ല മൗനം. അതിലുപരി, സമ്പൂർണമായ നിറവിലും തിരിച്ചറിവിലും ഉള്ളടങ്ങുമ്പോൾ നിറഞ്ഞു വിരിയുന്ന അലൗകികമായ ഒരു അനുഭൂതിയാണത്. ആ മൗനത്തിൽ നിന്നാണ് ആത്മാവുള്ള വാക്കുകൾ പിറവി കൊള്ളുന്നത്. ആ വാക്കുകൾക്കു അദൃശ്യമായ ഒരാത്മാവുണ്ട്; അധ്യാത്മ ജ്ഞാനത്തിന്റെ ആത്മാവ്.

ആ അവബോധത്തിൽ നിന്നാണ് ഹൃദയങ്ങളെ മാറ്റി മറിക്കാൻ ശേഷിയുള്ള കരുത്തും സർഗ്ഗസിദ്ധിയുമുള്ള വാഗ്വിലാസങ്ങളും സംഗീതവും ഗാനങ്ങളുമെല്ലാം പിറവിയെടുക്കുന്നത്. ബാഹ്യ നേത്രങ്ങൾ അടച്ചുപിടിച്ചു മനസിന്റെ ചെവിക്കുടകൾ തുറന്നു വെക്കൂ, ഒരായുസ്സു മുഴുവൻ കേട്ടാലും തീരാത്തത്ര വാചാലമാണ് മൗനം.

 ✍🏻 Sajeer Bukhari

Wednesday 5 February 2020

 പള്ളിയിലേക്കുള്ള നടത്തം



അന്ത്യനാളിൽ എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ വിശ്വാസിക്ക് വെളിച്ചം പകരുന്ന അമലാണ് പള്ളിയിലേക്കുള്ള നടത്തം. പള്ളിയിലേക്ക് നടന്നു പോകുന്നത് ഓരോ ചവിട്ടടിയും അല്ലാഹുവിന്റെ ദർബാറിൽ വിശ്വാസിയുടെ സ്ഥാനം വർദ്ധിപ്പിക്കും. തെറ്റുകൾ മായ്ക്കപ്പെടും. സദ് ചിന്തകൾ വർദ്ധിക്കും. കൂടുതൽ നന്മ ചെയ്യാൻ പ്രേരണയുണ്ടാകും. വിശ്വാസികളോട് പ്രത്യേകമായ സ്നേഹവും മമതയും ആദരവും വളരും. തിന്മകളിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രചോദനം ശക്തമാകും. മനസ്സ് വിശാലമാകും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ ഉള്ള പ്രതീക്ഷ വർദ്ധിക്കും. അവന്റെ ശിക്ഷയെക്കുറിച്ചുള്ള പേടി ഹൃദയത്തെ ഭരിക്കും. സത്കർമ്മങ്ങൾ മാത്രമാണ് പ്രതീക്ഷ എന്ന ചിന്ത സദാ ഓർമ്മയിൽ നിലനിർത്തും. സഹജീവികളോടും സഹകാരികളോടും സ്നേഹ മനോഭാവത്തോടെ ഇടപഴകാനുള്ള ഊർജ്ജം ലഭിക്കും.

 വിശ്വാസികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. അവർ തമ്മിൽ ഐക്യം നിലനിൽക്കും .ശത്രു ഭയപ്പെടും. അവരുടെ തന്ത്രങ്ങൾ പരാജയപ്പെട്ടു പോകും. മനസ്സുകൾ വിഭ്രമിക്കും. സത്യത്തിലേക്ക് ആകൃഷ്ടരാവുകയോ അസത്യം തുണയ്ക്കുകയില്ലെന്ന് ഭയപ്പെടുകയോ ചെയ്യും. എല്ലാ അർത്ഥത്തിലും പള്ളിയിലേക്കുള്ള നടത്തം ഗുണകരം തന്നെ.

 ഇപ്പറഞ്ഞവയെല്ലാം അഞ്ചുനേരവും പള്ളിയിലേക്ക് നടക്കുന്നത് സംബന്ധിച്ചുള്ളതാണ്. എന്നാൽ, സുബഹിക്കും ഇശാഇനു തള്ളിന് പള്ളിയിൽ പോകുന്നവരെ സംബന്ധിച്ച് ഹദീസുകൾ പ്രത്യേകമായി വാചാലമായിട്ടുണ്ട്. ഇരുളുകളിൽ പള്ളികളിലേക്ക് നടക്കുന്നവർക്ക് അന്ത്യനാളിൽ അള്ളാഹു അവന്റെ അനുഗ്രഹമായ പ്രത്യേക പ്രകാശം കൊണ്ട് അനുഗ്രഹിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

 വുളൂവോടു കൂടിയാണ് പള്ളിയിലേക്ക് പോകേണ്ടത്. പോകുമ്പോൾ ദീർഘമായ വഴിയിലൂടെയും മടങ്ങുമ്പോൾ ഹൃസ്വമായ വഴിയിലൂടെയും യാത്ര ചെയ്യുക. സാധ്യമാവുമെങ്കിൽ നടന്നാണ് പോകേണ്ടത്. സദാ പള്ളിയും അവിടെ ആരാധനാ നിമഗ്നനായിരിക്കുന്നതും മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കുക. ഹൃദയം പള്ളിയിൽ പൂട്ടിയിട്ടിരിക്കുന്നവനു തണലുകളില്ലാത്ത നാളിൽ അർശിന്റെ തണൽ ഉണ്ടാകുമെന്ന് നബിതിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം സന്തോഷം അറിയിച്ചിരിക്കുന്നു..!

 പള്ളിയിൽ പോകുമ്പോൾ ഈ ദിക്റ് പതിവാക്കുക.

 اللهم إني أسألك بحق السائلين عليك، ولحق الراغبين إليك، وبحق ممشاي هذا إليك، فإني لم أخرج أشرًا ولا بطرًا ولا رياء ولا سمعة، بل خرجت اتقاء سخطك وابتغاء مرضاتك، فأسألك اللهم أن تنقذني من النار، وأن تغفر لي ذنوبي فإنه لا يغفر الذنوب إلا أنت 

വലിയ അനുഗ്രഹങ്ങൾ സമ്മേളിച്ചിരിക്കുന്ന, അനേകം
 നന്മകൾക്ക് കാരണമാകുന്ന, ജീവിതവിജയത്തിന് വഴികാട്ടിയാകുന്ന ഈ ദിക്റ്. അബൂസഈദിനിൽ ഖുദ്'രിയ്യി റ.വിൽ നിന്ന് ഇമാം അഹ്'മദു ബ്നു ഹമ്പലും ഇമാം ഇബ്നുമാജയും നിവേദനം ചെയ്തതാണ്. ഹാഫിള് ഇബ്നു ഹജരിൽ അസ്ഖലാനി ഹസനായി എണ്ണുകയും ചെയ്തിട്ടുണ്ട്. പതിവാക്കാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ, ആമീൻ..! 

✍🏻 Sajeer Bukhari

Saturday 11 January 2020

പ്രതിസന്ധികളിൽ_പതറാത്ത_വിശ്വാസം

സുപ്രസിദ്ധ സ്വഹാബിയായ സയ്യിദുനാ ബിലാൽ റ.വിനെ കേൾക്കാത്ത വിശ്വാസികളുണ്ടാവില്ല. നബിതിരുമേനി സ്വ.യുടെ മുഅദ്ദിൻ, അതിനേക്കാൾ ചേരുന്ന വേറെ വിശേഷണം ഇല്ല! ആദ്യകാലത്തു ഒരു കാഫിറിന്റെ അടിമയായിരുന്നു ബിലാൽ റ. ഇസ്‌ലാം ആശ്ലേഷിച്ചതു കാരണം ശത്രുക്കൾ അദ്ദേഹത്തെ പലവിധത്തിലുള്ള ഉപ്രദവങ്ങൾ ഏല്പിച്ചു. ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്ന ഉമയ്യത്തു ബ്നു ഖലഫ് എന്ന മഹാദുഷ്ടൻ നട്ടുച്ച സമയത്ത് മരുഭൂമിയിലെ ചുട്ടുപഴുത്ത മണലിൽ അദ്ദേഹത്തെ മലർത്തിക്കിടത്തി, അനങ്ങാൻ കഴിയാത്ത വണ്ണം ഭാരമേറിയ ഒരു കല്ലും അദ്ദേഹത്തിന്റെ നെഞ്ചത്ത് കയറ്റിവയ്ക്കുമായിരുന്നു. എന്നിട്ട്, ദിഗന്തങ്ങൾ പൊട്ടുമാറ് ഉച്ചത്തിൽ അട്ടഹസിച്ചു ചിരിച്ചു കൊണ്ടു പറയും: ഇങ്ങനെ കിടന്ന് ചാവെടാ ! ജീവിക്കണമെന്നുണ്ടെങ്കിൽ ഇസ്‌ലാമിൽ നിന്ന് പിൻമാറുക. പക്ഷേ, അദ്ദേഹം "അഹദ് ! അഹദ് !'', - ആരാധ്യൻ അല്ലാഹു മാത്രമാണ്, അല്ലാഹു മാത്രമാണ്, എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. രാത്രികളിൽ ചങ്ങലയിൽ പൂട്ടിയിട്ട് ശരീരം മുഴുവൻ ചാട്ടവാർ കൊണ്ട് അതികഠിനമായി അടിച്ചുപൊട്ടിക്കും. പകൽസമയത്ത്, രക്തം വാർന്നൊലിക്കുന്ന ആ ശരീരം ചുട്ടുപഴുത്ത മണലിൽ കൊണ്ടിട്ട് വലിച്ചിഴക്കുകയും കഠിനമായി വേദനിപ്പിക്കുകയും ചെയ്യും. വേദന കൊണ്ടു പുളയുമ്പോൾ "ചാവേണ്ടെങ്കിൽ ഇസ്‌ലാം വിട്ടോ" എന്നു പറഞ്ഞു മർദ്ധിക്കും. എടുത്താൽ പൊന്താത്ത പാറക്കല്ലു നെഞ്ചിൻക്കൂട്ടിലേക്ക് ഉരുട്ടിക്കയറ്റും, യാ റബ്ബു യാ റബ്ബ്...! അദ്ദേഹം ഇസ്‌ലാം വിടണം; ഇല്ലെങ്കിൽ, ഇഞ്ചിഞ്ചായി പിടഞ്ഞു മരിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ മർദ്ദിക്കുന്നവർ തളർന്നതല്ലാതെ അദ്ദേഹത്തിന്റെ ആശയത്തിൽ ഇത്തിരിയെങ്കിലും ചാഞ്ചല്യം സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞില്ല. ആകാവുന്നത്ര ശക്തിയിൽ അബൂജഹൽ അദ്ദേഹത്തെ മർദ്ധിക്കും. തളരുമ്പോൾ ഉമയ്യത് ബ്നു ഖലഫ്. അയാളും തളരുമ്പോൾ വേറെയാരെങ്കിലും. ഇങ്ങനെയിങ്ങനെ, ഇടതടയില്ലാതെ പല ആളുകളും അദ്ദേഹത്തെ ഉപദ്രവിച്ചു കൊണ്ടേയിരുന്നു. അവരെല്ലാം തളർന്നവശരായി എന്നല്ലാതെ സയ്യിദുനാ ബിലാൽ റ.വിന്റെ വിശ്വാസത്തിനു ഒരു ഭംഗവും സംഭവിച്ചില്ല. ഒരിക്കൽ സയ്യിദുനാ അബൂബക്ർ റ. ഈ ദയനീയമായ അവസ്ഥ കണ്ടു. അപ്പോൾ തന്നെ അദ്ദേഹത്തെ വിലയ്ക്കുവാങ്ങി സ്വതന്ത്രനാക്കി വിട്ടു. അറബികൾ വിഗ്രഹാരാധകരായിരുന്നല്ലോ. ബഹുദൈവ വിശ്വാസികളായിരുന്ന അവർക്കെതിരിൽ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ തൗഹീദ് പ്രഖ്യാപിക്കാനാണ് ബിലാൽ റ. അഹദ്'! അഹദ് എന്ന് ഉച്ചരിച്ചു കൊണ്ടിരുന്നത്. മാത്രമല്ല, അല്ലാഹുവിനോടുള്ള മഹബ്ബത്തായിരുന്നു അദ്ദേഹത്തിന്റെ അകം നിറയെ. സത്യവിശ്വാസികൾ സര്‍വോപരി അല്ലാഹുവിനെയാണ് സ്‌നേഹിക്കുകയെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ - وَٱلَّذِینَ ءَامَنُوۤا۟ أَشَدُّ حُبࣰّا لِّلَّهِۗ (അൽബഖറ: 165). അല്ലാഹുവിനോടുള്ള ഇഷ്ടത്താലാണ് അദ്ദേഹം അഹദ്'! അഹദ് എന്നു ഉരുവിട്ടുകൊണ്ടേയിരുന്നത്. ആരെങ്കിലും മറ്റൊരാളെ നന്നായി സ്നേഹിക്കുന്നുവെങ്കിൽ അയാളുടെ പേരെടുത്തു പറയുന്നതിൽ പ്രത്യേകം രസം കൊള്ളുന്നതായി നശ്വരമായ ഈ ലോകത്തിലെ കപട സ്നേഹത്തിൽ തന്നെ നാം കാണാറുണ്ട്. യാതൊരു പ്രയോജനവുമില്ലാതെ അയാളുടെ പേരെടുത്തു പറയുന്നതിൽ രസം കൊള്ളുന്നു! എന്നാൽ ഇരു ലോകത്തിന്റെയും രക്ഷാധികാരിയായ അല്ലാഹുവിനോടുള്ള സ്നേഹം ഐഹികവും പാരത്രികവുമായി എമ്പാടും നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതു തന്നെയാണ് സയ്യിദുനാ ബിലാൽ റ.വിനെ പല വിധത്തിലും കഠിനമായ മർദ്ദനങ്ങൾ ഏൽപ്പിച്ചിട്ടും കഴുത്തിൽ കയറിട്ടു അങ്ങാടിപിള്ളേരുടെ കയ്യിൽ കൊടുത്ത് കമ്പോളത്തിൽ ചുറ്റിത്തിരിച്ചു വലിച്ചിഴച്ചു കൂക്കി വിളിപ്പിച്ചിട്ടും അദ്ദേഹം അഹദ്'! അഹദ് ! എന്നാവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നത്...!!! ഈ ത്യാഗത്തിന്റെയെല്ലാം ഫലമായിട്ടാണ് ഒടുവിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയിൽ മുഅദ്ദിനായി തീർന്നത്. നാട്ടിൽ വെച്ചും യാത്രയിലും ബാങ്ക് വിളിക്കുന്നതിനുള്ള മഹാഭാഗ്യം അദ്ദേഹത്തിനു തന്നെ ലഭിച്ചു. കാതങ്ങൾക്കു അപ്പുറത്തേക്കെത്തുന്ന ശ്രവണ സുന്ദരമായ ശബ്ദത്തിൽ അദ്ദേഹം മുറ തെറ്റാതെ 'അല്ലാഹു അക്ബർ' എന്നുറക്കെ വിളിച്ചു ശഹാദത്തിന്റെ പ്രഖ്യാപനം നടത്തി - "ഞാൻ അല്ലാഹു ഒരേയൊരുവൻ എന്നും ആദരവായ മുഹമ്മദ് സ്വ. അവന്റെ ദൂതനാണ് എന്നും സാക്ഷ്യം ചെയ്യുന്നു - വിജയത്തിലേക്കു വരൂ" എന്നുറക്കെ എന്നും അഞ്ചു തവണ മദീനത്താകെ മുഴങ്ങുമാറ് വിളിച്ചു. ആ മധുരബാങ്കൊലി കേട്ടാണ് സ്വഹാബികൾ നിസ്കാരങ്ങൾക്കു വന്നത്! റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം വഫാത്തായതിനു ശേഷം തിരുമേനിയുടെ അഭാവത്തിൽ മദീനയിൽ പാർക്കാൻ സയ്യിദുനാ ബിലാൽ റ.വിനു മനസു വന്നില്ല. ശിഷ്ടകാലം ജിഹാദിൽ കഴിച്ചു കൂട്ടാമെന്നുള്ള ഉദ്ദേശത്താൽ മദീന വിട്ട അദ്ദേഹം തിരിച്ച് വന്നതേയില്ല. ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം "ബിലാലേ ! ഇത് എന്തു അക്രമമാണ് ? നീ, ഒരിക്കൽ പോലും നമ്മെ സന്ദർശിക്കുവാൻ വരുന്നില്ലല്ലോ' എന്നു പരാതി പറയുന്നതായി അദ്ദേഹം സ്വപ്നം കണ്ടു. ഞെട്ടിയുണർന്ന ഉടനെ മദീനയിലേക്കു പുറപ്പെട്ടു. മദീന, മദീനത്തുർറസൂൽ.....!! വേച്ചു വെച്ചാണ് ബിലാൽ റ. നടന്നത്. ഓർമകളിൽ എന്തെല്ലാം. അടിമത്തം, തടങ്കൽ പാളയം, ഉമയ്യത്തിന്റെ ദുഷ്ടതകൾ, സിദ്ദീഖ് റ.വിന്റെ സ്നേഹം, ജീവന്റെ ജീവനായ മുത്തുനബി, പട്ടിണി കിടന്നപ്പോൾ കിട്ടിയ റൊട്ടി കൊണ്ടൂട്ടിയത്, നാട്ടിലും മറുനാട്ടിലും നിഴലായി നടന്നത്, കഅബക്കു മുകളിൽ കയറ്റി ബാങ്കു വിളിപ്പിച്ചത്, സ്വർഗത്തിൽ കണ്ട കഥ പറഞ്ഞത്..... ആ കാലം, ആ കാലം ഒരിക്കലും ഒരിക്കലും അവസാനിച്ചിട്ടില്ലായിരുന്നുവെങ്കിൽ...!! ബിലാലിന്റെ വരവറിഞ്ഞു ധാരാളം പേർ ഒത്തു കൂടി. കൂട്ടത്തിൽ സയ്യിദുനാ ഹസൻ, സയ്യിദുനാ ഹുസൈൻ റ.അമാ. - മുത്തു നബിയുടെ തങ്കക്കുടങ്ങൾ. അവർക്കാർക്കും ഓർമകളെ നിയന്ത്രിക്കാനായില്ല. എല്ലാവരുടെയും മനസിൽ തിരുമേനിയുടെ കാലം നിറഞ്ഞു നിന്നു. മ്ലാനത, മൂകത, വിങ്ങൽ, വെമ്പൽ, ഗദ്ഗദം...ഒടുവിൽ ബിലാൽ ഭയപ്പെട്ടതു സംഭവിച്ചു. ആരോ പറഞ്ഞു: ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ...? പലരും ഏറ്റു പറഞ്ഞു: ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ, ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ, ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ...???? ഹസനും ഹുസൈനും വന്നു പറഞ്ഞു: ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ...? അവസാനം, ആ അരുമ മക്കളുടെ അപേക്ഷയെ തള്ളിക്കളയാൻ കഴിയാതെ മനസില്ലാ മനസ്സോടെ ബിലാൽ ബാങ്കു വിളിക്കാനാരംഭിച്ചു. ആ ശബ്ദം കേട്ടതോടെ മദീനയാകെ ഇളകി. മുത്തു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തു കേട്ടു കൊണ്ടിരുന്ന ശബ്ദം. മദീനയൊന്നാകെ ഇളകി മറിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം കരഞ്ഞു നിലവിളിച്ചു കൊണ്ട് വെളിയിലേക്കു വന്നു. അവരെല്ലാവരും ഒരേ ദിശയിലേക്കാണു നടന്നത്. എല്ലാവരുടെയും മനസിൽ മുത്താറ്റൽ നബി നിറഞ്ഞു നിന്നു. ആർക്കും ഓർമകളെ നിയന്ത്രിക്കാനായില്ല. പൊട്ടിയൊലിക്കുന്ന കൺതടങ്ങളെ തടഞ്ഞുവെക്കാനായില്ല. ബിലാലിനാവട്ടെ, മനസിന്റെ നിയന്ത്രണം വിട്ടു. അവിടുത്തെ തിരുനാമം എത്തിയപ്പോൾ ആ അനുരാഗ വിവശൻ തളർന്നറ്റു വീണു. ഉമയ്യത്തിന്റെ അടി കൊണ്ടിട്ടും അബൂജഹലിന്റെ മർദ്ധനമേറ്റിട്ടും തെരുവു പിള്ളേർ കയറു കെട്ടി വലിച്ചിഴച്ചിട്ടും പതറാത്ത ആ മനസു പതറി, ബോധമറ്റു. യാ അല്ലാാാാഹ്....! എല്ലാവരുടെയും ശാഠ്യങ്ങൾക്കു വഴങ്ങി ഏതാനും ദിവസം മദീനയിൽ താമസിച്ച ശേഷം അദ്ദേഹം തിരിച്ചു പോയി. ഹിജ്'റ ഇരുപതാം വർഷം വഫാത്താകുമ്പോൾ ഡമസ്കസിൽ ആയിരുന്നു. അല്ലാഹു അവിടുത്തെ ദറജ ഉയർത്തട്ടെ. അവരെ ബറകതിനാൽ പ്രതിസന്ധികളിൽ പതറാത്ത, അചഞ്ചലമായ ഈമാൻ നമുക്കേകട്ടെ. അല്ലാഹുവിനോടും തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലമയോടുമുള്ള സ്നേഹം വർധിപ്പിക്കട്ടെ, ആമീൻ. ✍🏻Muhammad Sajeer Bukhari

സയ്യിദുനാ_ബിലാൽ

പ്രതിസന്ധികളിൽ_പതറാത്ത_വിശ്വാസം സുപ്രസിദ്ധ സ്വഹാബിയായ സയ്യിദുനാ ബിലാൽ റ.വിനെ കേൾക്കാത്ത വിശ്വാസികളുണ്ടാവില്ല. നബിതിരുമേനി സ്വ.യുടെ മുഅദ്ദിൻ, അതിനേക്കാൾ ചേരുന്ന വേറെ വിശേഷണം ഇല്ല! ആദ്യകാലത്തു ഒരു കാഫിറിന്റെ അടിമയായിരുന്നു ബിലാൽ റ. ഇസ്‌ലാം ആശ്ലേഷിച്ചതു കാരണം ശത്രുക്കൾ അദ്ദേഹത്തെ പലവിധത്തിലുള്ള ഉപ്രദവങ്ങൾ ഏല്പിച്ചു. ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്ന ഉമയ്യത്തു ബ്നു ഖലഫ് എന്ന മഹാദുഷ്ടൻ നട്ടുച്ച സമയത്ത് മരുഭൂമിയിലെ ചുട്ടുപഴുത്ത മണലിൽ അദ്ദേഹത്തെ മലർത്തിക്കിടത്തി, അനങ്ങാൻ കഴിയാത്ത വണ്ണം ഭാരമേറിയ ഒരു കല്ലും അദ്ദേഹത്തിന്റെ നെഞ്ചത്ത് കയറ്റിവയ്ക്കുമായിരുന്നു. എന്നിട്ട്, ദിഗന്തങ്ങൾ പൊട്ടുമാറ് ഉച്ചത്തിൽ അട്ടഹസിച്ചു ചിരിച്ചു കൊണ്ടു പറയും: ഇങ്ങനെ കിടന്ന് ചാവെടാ ! ജീവിക്കണമെന്നുണ്ടെങ്കിൽ ഇസ്‌ലാമിൽ നിന്ന് പിൻമാറുക. പക്ഷേ, അദ്ദേഹം "അഹദ് ! അഹദ് !'', - ആരാധ്യൻ അല്ലാഹു മാത്രമാണ്, അല്ലാഹു മാത്രമാണ്, എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. രാത്രികളിൽ ചങ്ങലയിൽ പൂട്ടിയിട്ട് ശരീരം മുഴുവൻ ചാട്ടവാർ കൊണ്ട് അതികഠിനമായി അടിച്ചുപൊട്ടിക്കും. പകൽസമയത്ത്, രക്തം വാർന്നൊലിക്കുന്ന ആ ശരീരം ചുട്ടുപഴുത്ത മണലിൽ കൊണ്ടിട്ട് വലിച്ചിഴക്കുകയും കഠിനമായി വേദനിപ്പിക്കുകയും ചെയ്യും. വേദന കൊണ്ടു പുളയുമ്പോൾ "ചാവേണ്ടെങ്കിൽ ഇസ്‌ലാം വിട്ടോ" എന്നു പറഞ്ഞു മർദ്ധിക്കും. എടുത്താൽ പൊന്താത്ത പാറക്കല്ലു നെഞ്ചിൻക്കൂട്ടിലേക്ക് ഉരുട്ടിക്കയറ്റും, യാ റബ്ബു യാ റബ്ബ്...! അദ്ദേഹം ഇസ്‌ലാം വിടണം; ഇല്ലെങ്കിൽ, ഇഞ്ചിഞ്ചായി പിടഞ്ഞു മരിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ മർദ്ദിക്കുന്നവർ തളർന്നതല്ലാതെ അദ്ദേഹത്തിന്റെ ആശയത്തിൽ ഇത്തിരിയെങ്കിലും ചാഞ്ചല്യം സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞില്ല. ആകാവുന്നത്ര ശക്തിയിൽ അബൂജഹൽ അദ്ദേഹത്തെ മർദ്ധിക്കും. തളരുമ്പോൾ ഉമയ്യത് ബ്നു ഖലഫ്. അയാളും തളരുമ്പോൾ വേറെയാരെങ്കിലും. ഇങ്ങനെയിങ്ങനെ, ഇടതടയില്ലാതെ പല ആളുകളും അദ്ദേഹത്തെ ഉപദ്രവിച്ചു കൊണ്ടേയിരുന്നു. അവരെല്ലാം തളർന്നവശരായി എന്നല്ലാതെ സയ്യിദുനാ ബിലാൽ റ.വിന്റെ വിശ്വാസത്തിനു ഒരു ഭംഗവും സംഭവിച്ചില്ല. ഒരിക്കൽ സയ്യിദുനാ അബൂബക്ർ റ. ഈ ദയനീയമായ അവസ്ഥ കണ്ടു. അപ്പോൾ തന്നെ അദ്ദേഹത്തെ വിലയ്ക്കുവാങ്ങി സ്വതന്ത്രനാക്കി വിട്ടു. അറബികൾ വിഗ്രഹാരാധകരായിരുന്നല്ലോ. ബഹുദൈവ വിശ്വാസികളായിരുന്ന അവർക്കെതിരിൽ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ തൗഹീദ് പ്രഖ്യാപിക്കാനാണ് ബിലാൽ റ. അഹദ്'! അഹദ് എന്ന് ഉച്ചരിച്ചു കൊണ്ടിരുന്നത്. മാത്രമല്ല, അല്ലാഹുവിനോടുള്ള മഹബ്ബത്തായിരുന്നു അദ്ദേഹത്തിന്റെ അകം നിറയെ. സത്യവിശ്വാസികൾ സര്‍വോപരി അല്ലാഹുവിനെയാണ് സ്‌നേഹിക്കുകയെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ - وَٱلَّذِینَ ءَامَنُوۤا۟ أَشَدُّ حُبࣰّا لِّلَّهِۗ (അൽബഖറ: 165). അല്ലാഹുവിനോടുള്ള ഇഷ്ടത്താലാണ് അദ്ദേഹം അഹദ്'! അഹദ് എന്നു ഉരുവിട്ടുകൊണ്ടേയിരുന്നത്. ആരെങ്കിലും മറ്റൊരാളെ നന്നായി സ്നേഹിക്കുന്നുവെങ്കിൽ അയാളുടെ പേരെടുത്തു പറയുന്നതിൽ പ്രത്യേകം രസം കൊള്ളുന്നതായി നശ്വരമായ ഈ ലോകത്തിലെ കപട സ്നേഹത്തിൽ തന്നെ നാം കാണാറുണ്ട്. യാതൊരു പ്രയോജനവുമില്ലാതെ അയാളുടെ പേരെടുത്തു പറയുന്നതിൽ രസം കൊള്ളുന്നു! എന്നാൽ ഇരു ലോകത്തിന്റെയും രക്ഷാധികാരിയായ അല്ലാഹുവിനോടുള്ള സ്നേഹം ഐഹികവും പാരത്രികവുമായി എമ്പാടും നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതു തന്നെയാണ് സയ്യിദുനാ ബിലാൽ റ.വിനെ പല വിധത്തിലും കഠിനമായ മർദ്ദനങ്ങൾ ഏൽപ്പിച്ചിട്ടും കഴുത്തിൽ കയറിട്ടു അങ്ങാടിപിള്ളേരുടെ കയ്യിൽ കൊടുത്ത് കമ്പോളത്തിൽ ചുറ്റിത്തിരിച്ചു വലിച്ചിഴച്ചു കൂക്കി വിളിപ്പിച്ചിട്ടും അദ്ദേഹം അഹദ്'! അഹദ് ! എന്നാവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നത്...!!! ഈ ത്യാഗത്തിന്റെയെല്ലാം ഫലമായിട്ടാണ് ഒടുവിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയിൽ മുഅദ്ദിനായി തീർന്നത്. നാട്ടിൽ വെച്ചും യാത്രയിലും ബാങ്ക് വിളിക്കുന്നതിനുള്ള മഹാഭാഗ്യം അദ്ദേഹത്തിനു തന്നെ ലഭിച്ചു. കാതങ്ങൾക്കു അപ്പുറത്തേക്കെത്തുന്ന ശ്രവണ സുന്ദരമായ ശബ്ദത്തിൽ അദ്ദേഹം മുറ തെറ്റാതെ 'അല്ലാഹു അക്ബർ' എന്നുറക്കെ വിളിച്ചു ശഹാദത്തിന്റെ പ്രഖ്യാപനം നടത്തി - "ഞാൻ അല്ലാഹു ഒരേയൊരുവൻ എന്നും ആദരവായ മുഹമ്മദ് സ്വ. അവന്റെ ദൂതനാണ് എന്നും സാക്ഷ്യം ചെയ്യുന്നു - വിജയത്തിലേക്കു വരൂ" എന്നുറക്കെ എന്നും അഞ്ചു തവണ മദീനത്താകെ മുഴങ്ങുമാറ് വിളിച്ചു. ആ മധുരബാങ്കൊലി കേട്ടാണ് സ്വഹാബികൾ നിസ്കാരങ്ങൾക്കു വന്നത്! റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം വഫാത്തായതിനു ശേഷം തിരുമേനിയുടെ അഭാവത്തിൽ മദീനയിൽ പാർക്കാൻ സയ്യിദുനാ ബിലാൽ റ.വിനു മനസു വന്നില്ല. ശിഷ്ടകാലം ജിഹാദിൽ കഴിച്ചു കൂട്ടാമെന്നുള്ള ഉദ്ദേശത്താൽ മദീന വിട്ട അദ്ദേഹം തിരിച്ച് വന്നതേയില്ല. ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം "ബിലാലേ ! ഇത് എന്തു അക്രമമാണ് ? നീ, ഒരിക്കൽ പോലും നമ്മെ സന്ദർശിക്കുവാൻ വരുന്നില്ലല്ലോ' എന്നു പരാതി പറയുന്നതായി അദ്ദേഹം സ്വപ്നം കണ്ടു. ഞെട്ടിയുണർന്ന ഉടനെ മദീനയിലേക്കു പുറപ്പെട്ടു. മദീന, മദീനത്തുർറസൂൽ.....!! വേച്ചു വെച്ചാണ് ബിലാൽ റ. നടന്നത്. ഓർമകളിൽ എന്തെല്ലാം. അടിമത്തം, തടങ്കൽ പാളയം, ഉമയ്യത്തിന്റെ ദുഷ്ടതകൾ, സിദ്ദീഖ് റ.വിന്റെ സ്നേഹം, ജീവന്റെ ജീവനായ മുത്തുനബി, പട്ടിണി കിടന്നപ്പോൾ കിട്ടിയ റൊട്ടി കൊണ്ടൂട്ടിയത്, നാട്ടിലും മറുനാട്ടിലും നിഴലായി നടന്നത്, കഅബക്കു മുകളിൽ കയറ്റി ബാങ്കു വിളിപ്പിച്ചത്, സ്വർഗത്തിൽ കണ്ട കഥ പറഞ്ഞത്..... ആ കാലം, ആ കാലം ഒരിക്കലും ഒരിക്കലും അവസാനിച്ചിട്ടില്ലായിരുന്നുവെങ്കിൽ...!! ബിലാലിന്റെ വരവറിഞ്ഞു ധാരാളം പേർ ഒത്തു കൂടി. കൂട്ടത്തിൽ സയ്യിദുനാ ഹസൻ, സയ്യിദുനാ ഹുസൈൻ റ.അമാ. - മുത്തു നബിയുടെ തങ്കക്കുടങ്ങൾ. അവർക്കാർക്കും ഓർമകളെ നിയന്ത്രിക്കാനായില്ല. എല്ലാവരുടെയും മനസിൽ തിരുമേനിയുടെ കാലം നിറഞ്ഞു നിന്നു. മ്ലാനത, മൂകത, വിങ്ങൽ, വെമ്പൽ, ഗദ്ഗദം...ഒടുവിൽ ബിലാൽ ഭയപ്പെട്ടതു സംഭവിച്ചു. ആരോ പറഞ്ഞു: ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ...? പലരും ഏറ്റു പറഞ്ഞു: ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ, ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ, ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ...???? ഹസനും ഹുസൈനും വന്നു പറഞ്ഞു: ബിലാൽ, ഒന്നു ബാങ്കു വിളിക്കാമോ...? അവസാനം, ആ അരുമ മക്കളുടെ അപേക്ഷയെ തള്ളിക്കളയാൻ കഴിയാതെ മനസില്ലാ മനസ്സോടെ ബിലാൽ ബാങ്കു വിളിക്കാനാരംഭിച്ചു. ആ ശബ്ദം കേട്ടതോടെ മദീനയാകെ ഇളകി. മുത്തു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തു കേട്ടു കൊണ്ടിരുന്ന ശബ്ദം. മദീനയൊന്നാകെ ഇളകി മറിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം കരഞ്ഞു നിലവിളിച്ചു കൊണ്ട് വെളിയിലേക്കു വന്നു. അവരെല്ലാവരും ഒരേ ദിശയിലേക്കാണു നടന്നത്. എല്ലാവരുടെയും മനസിൽ മുത്താറ്റൽ നബി നിറഞ്ഞു നിന്നു. ആർക്കും ഓർമകളെ നിയന്ത്രിക്കാനായില്ല. പൊട്ടിയൊലിക്കുന്ന കൺതടങ്ങളെ തടഞ്ഞുവെക്കാനായില്ല. ബിലാലിനാവട്ടെ, മനസിന്റെ നിയന്ത്രണം വിട്ടു. അവിടുത്തെ തിരുനാമം എത്തിയപ്പോൾ ആ അനുരാഗ വിവശൻ തളർന്നറ്റു വീണു. ഉമയ്യത്തിന്റെ അടി കൊണ്ടിട്ടും അബൂജഹലിന്റെ മർദ്ധനമേറ്റിട്ടും തെരുവു പിള്ളേർ കയറു കെട്ടി വലിച്ചിഴച്ചിട്ടും പതറാത്ത ആ മനസു പതറി, ബോധമറ്റു. യാ അല്ലാാാാഹ്....! എല്ലാവരുടെയും ശാഠ്യങ്ങൾക്കു വഴങ്ങി ഏതാനും ദിവസം മദീനയിൽ താമസിച്ച ശേഷം അദ്ദേഹം തിരിച്ചു പോയി. ഹിജ്'റ ഇരുപതാം വർഷം വഫാത്താകുമ്പോൾ ഡമസ്കസിൽ ആയിരുന്നു. അല്ലാഹു അവിടുത്തെ ദറജ ഉയർത്തട്ടെ. അവരെ ബറകതിനാൽ പ്രതിസന്ധികളിൽ പതറാത്ത, അചഞ്ചലമായ ഈമാൻ നമുക്കേകട്ടെ. അല്ലാഹുവിനോടും തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലമയോടുമുള്ള സ്നേഹം വർധിപ്പിക്കട്ടെ, ആമീൻ. ✍🏻Muhammad Sajeer Bukhari

Friday 10 January 2020

സത്യസന്ധമായ വിശ്വാസം

പ്രതിസന്ധികളെ_അതിജീവിക്കും* ഹിജ്റ ആറാം വർഷം. ആദരവായ റസൂലുല്ലാഹി സ്വ.യും സ്വഹാബികളും ഉംറ നിർവ്വഹിക്കുന്നതിനായി മക്കയിലേക്ക് പോവുകയായിരുന്നു. മക്കയിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ വീണ്ടും അവിടേക്കു തന്നെ വരുകയോ? മക്കക്കാർക്ക് അതു വലിയ അപമാനമായി തോന്നി. എന്തു വില കൊടുത്തും അവരെ തടയുമെന്നു തീരുമാനിച്ചു.

അക്കാരണത്താൽ റസൂലുല്ലാഹി സ്വ.യും സ്വഹാബികളും മക്കയിലേക്കു പോകാനാവാതെ ഹുദൈബിയ്യയിൽ തമ്പടിക്കേണ്ടി വന്നു. റസൂലുല്ലാഹി സ്വ.യുടെ മുൻപിൽ ജീവാർപ്പണം ചെയ്യുന്നത് അഭിമാനമായി കരുതിയിരുന്ന സ്വഹാബികൾ ഒരു യുദ്ധമുഖത്തെ നേരിടാൻ സധീരം സന്നദ്ധരായിരുന്നു. എന്നാൽ, പരമാവധി ഒരു യുദ്ധം ഒഴിവാക്കാനും ഒരു ഉഭയകക്ഷി കരാറിൽ പ്രതിപക്ഷത്തെ എത്തിക്കാനുമായിരുന്നു റസൂലുല്ലാഹി സ്വ. തങ്ങൾ ഉദ്ധേശിച്ചത്.

 സന്ധിക്കു വേണ്ടി മക്കക്കാർ എന്തെല്ലാം നിബന്ധനകൾ വച്ചോ അതെല്ലാം അവിടുന്ന് അംഗീകരിച്ചു. ഏകപക്ഷീയമായിരുന്നു അവരുടെ അവരുടെ ഉടമ്പടി വ്യവസ്ഥകൾ. അവയ്ക്കെല്ലാം സർവാത്മനാ വഴങ്ങിക്കൊടുത്തുള്ള നടപടി സയ്യിദുനാ ഉമർ റ.വിനെ പോലെയുള്ള സ്വഹാബികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും റസൂലുല്ലാഹി സ്വ.യുടെ തീരുമാനങ്ങൾക്കു മുമ്പിൽ എന്തു ചെയ്യാനാണ്? ജീവാർപ്പണത്തിനു തയ്യാറായിരുന്നതു പോലെ പൂർണ്ണമായി അനുസരണയുള്ളവരുമായിരുന്നല്ലോ അവർ. ഈ സംഭവമാണ് ഹുദൈബിയ്യാ സന്ധി എന്ന പേരിൽ വിശ്രുതമായത്. മക്കക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകളുടെ കൂട്ടത്തിൽ ഏറ്റവും അസഹനീമായത് ഇതായിരുന്നു: 'മക്കക്കാരായ കാഫിറുകളിൽ നിന്ന് ആരെങ്കിലും ഇസ്‌ലാം സ്വീകരിച്ചു മദീനയിലേക്കു ഹിജ്റ ചെയ്താൽ അവരെ മക്കക്കാർക്ക് തിരിച്ചേൽപ്പിക്കണം; മദീനയിൽ നിന്ന് ആരെങ്കിലും മക്കയിലേക്കു വന്നാൽ അവരെ മദീനയിലേക്ക് തിരിച്ചയക്കുകയില്ല'! ഈ ഉടമ്പടി വ്യവസ്ഥകൾ എഴുതി കരാർ പത്രം പൂർത്തിയാക്കുന്നതിനു മുമ്പ് അബൂജൻദൽ റ. എന്ന സ്വഹാബി അവിടെ വന്നെത്തി. അദ്ദേഹം മുസ്‌ലിമായ കാരണത്താൽ പല വിധത്തിലുള്ള മർദ്ദന മുറൾക്കു വിധേയനായി ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരുന്നു. മുസ്‌ലിം സംഘം വന്നെന്നു കേട്ടപ്പോൾ, 'എങ്ങനെങ്കിലും അവരുടെ കൂട്ടത്തിൽ ചെന്നെത്തിയാൽ ഈ ആപത്തിൽ നിന്നു രക്ഷപ്പെടാം' എന്ന ഉത്ക്കടമായ പ്രതീക്ഷയോടെ വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വന്നെത്തിയത്. അന്ന് മക്കക്കാരുടെ പക്ഷത്തെ പ്രതിനിധീകരിച്ചു സന്ധി സംഭാഷണത്തിനു നിയോഗിക്കപ്പെട്ട ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവ് സുഹൈൽ. (അന്ന് അദ്ദേഹം മുസ്‌ലിമായിരുന്നില്ല; മക്കാ വിജയത്തിന് ശേഷം ഇസ്‌ലാം സ്വീകരിച്ചു). അദ്ദേഹം മകന്റെ ചെകിട്ടത്ത് ആഞ്ഞടിച്ചു. "വന്ന വഴിക്കു പോടാ..." എന്നു ആക്രോശിച്ചു. "ഉടമ്പടിപ്പത്രം ഇതുവരെയും പൂർണമായിട്ടില്ലല്ലോ; ഇപ്പോൾ എന്തിനാണ് ഇങ്ങനെ നിർബന്ധം കാണിക്കുന്നത്?' എന്നു റസൂലുല്ലാഹി സ്വ. പറഞ്ഞെങ്കിലും അദ്ദേഹം വീണ്ടും വീണ്ടും ശാഠ്യം പിടിച്ചുകൊണ്ടിരുന്നു. "ഞാൻ ഒരു മനുഷ്യനെ ദാനമായിട്ട് ചോദിക്കുന്നു. അതിന്റെ പേരിൽ അദ്ദേഹത്തെ എനിക്ക് വിട്ടുതരിക'' എന്ന് വീണ്ടും റസൂലുല്ലാഹി സ്വ. പറഞ്ഞെങ്കിലും അവരത് ഗൗനിച്ചില്ല. തിരിച്ചു പോകുവാൻ തന്നെ അബൂജൻദൽ നിർബന്ധിതനായപ്പോൾ അദ്ദേഹം മുസ്‌ലിംകളോടു കരഞ്ഞു കൊണ്ട് ചോദിച്ചു: 'ഞാൻ മുസ്‌ലിമായതിന്റെ പേരിൽ കണക്കറ്റ മർദ്ദനങ്ങൾ ഏറ്റു, ഇപ്പോൾ നിങ്ങളുടെ അടുക്കൽ വന്നിട്ടും എന്നെ തിരിച്ചയക്കുകയാണോ?' ഇത് കേട്ടപ്പോൾ മുസ്‌ലിംകളുടെ ഹൃദയത്തിലുണ്ടായ വേദന എത്രയെന്നു അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ. "നീ ക്ഷമിക്കുക; താമസം വിനാ അല്ലാഹു നിനക്ക് മോചനമാർഗ്ഗം തുറന്നുതരും” എന്ന് പറഞ്ഞുകൊണ്ട് റസൂലുല്ലാഹി സ്വ. അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഉടമ്പടിപ്പത്രം പൂർത്തിയായതിനു ശേഷം അബൂബസീർ എന്ന മറ്റൊരാൾ ഇസ്‌ലാം സ്വീകരിച്ചു മദീനായിലെത്തി. ശത്രുക്കൾ അദ്ദേഹത്തെ തിരിച്ചുവിളിക്കാനായി രണ്ടാളുകളെ അയച്ചു. റസൂലുല്ലാഹി സ്വ. കരാറനുസരിച്ച് അദ്ദേഹത്തെ അവർക്കു വിട്ടുകൊടുത്തു. 'യാ റസൂലല്ലാഹ്! ഞാൻ ഇസ്‌ലാം സ്വീകരിച്ച് അങ്ങയുടെ അടുക്കൽ വന്നതാണ്. എന്നെ വീണ്ടും കാഫിറുകളുടെ പിടിയിൽ ഏല്പിക്കുകയാണോ?' എന്ന് അദ്ദേഹം അപേക്ഷിച്ചു. “ക്ഷമിക്കുക ! അല്ലാഹു നിനക്ക് മാർഗ്ഗം തുറന്നുതരും" എന്ന് പറഞ്ഞ് റസൂലുല്ലാഹി സ്വ. അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹം അവരുടെ കൂട്ടത്തിൽ തിരിച്ചുപോയി. വഴി മദ്ധ്യേ അവരിൽ ഒരാളോട് ഇങ്ങനെ ചോദിച്ചു: "സ്നേഹിതാ, നിങ്ങളുടെ ഈ വാൾ വളരെ വിലപിടിപ്പുള്ളതാണല്ലോ” മുഖസ്തുതിയിൽ വഞ്ചിതനായ ആ അല്പൻ പെട്ടെന്ന് ഉറയിൽ നിന്നും വാൾ ഊരി കയ്യിൽ പിടിച്ച് 'ഹാ ! ഞാൻ ഇത് അനേകം ആളുകളുടെ മേൽ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്, ഇതാ നോക്കൂ' എന്നു പറഞ്ഞു വാൾ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം വാങ്ങി അയാളുടെ മേൽ തന്നെ പരീക്ഷിച്ചു. ഇത് കണ്ടുനിന്ന മറ്റേയാൾ, തന്നെയും കൊന്നു കളഞ്ഞേക്കുമെന്ന ഭയത്താൽ പേടിച്ചോടി റസൂലുല്ലാഹി സ്വ.യുടെ സന്നിധിയിലെത്തി. "എന്റെ കൂട്ടുകാരൻ വധിക്കപ്പെട്ടു; ഇനിഎന്നെയും കൊല്ലാൻ പോവുകയാണ്; രക്ഷിക്കണം" എന്നു കരഞ്ഞു പറഞ്ഞു. അധികം കഴിയുന്നതിനു മുമ്പ് അബൂബസീറും തങ്ങളുടെ അടുക്കലെത്തി. "യാ റസൂലല്ലാഹ് ! തങ്ങൾ കരാറനുസരിച്ച് എന്നെ അവരുടെ കൂട്ടത്തിൽ തിരിച്ചയച്ചു. ഞാനും അവരുമായി യാതൊരു കരാറും ഉത്തരവാദിത്വവുമില്ല. അവർ എന്നെ എന്റെ ദീനിൽ നിന്നും വ്യതിചലിപ്പിക്കാൻ പരിശ്രമിച്ചു. അതുകൊണ്ടു ഞാൻ ഇങ്ങനെ ചെയ്തു' എന്നറിയിച്ചു. അപ്പോൾ "കലഹം ഉണ്ടാക്കുന്നവനാണല്ലോ! ഹാ! ഇയാളെ സഹായിക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ'' എന്നു റസൂലുല്ലാഹി സ്വ. പറഞ്ഞു. ഇതു കേട്ട് "ഇനിയും ആരെങ്കിലും തന്നെ അന്വേഷിച്ചു വരികയാണെങ്കിൽ തിരിച്ചയയ്ക്കപ്പെടും'' എന്ന ഭയത്താൽ ഉടൻ തന്നെ അദ്ദേഹം അവിടെ നിന്നും പുറപ്പെട്ടു സമുദ്ര തീരത്തുള്ള ഒരു വനാന്തരത്തിൽ ഒറ്റയ്ക്ക് താമസമുറപ്പിച്ചു. ഈ സംഭവം മക്കയിൽ അറിഞ്ഞപ്പോൾ, നടേ വന്ന അബൂജൻദൽ എന്ന സ്വഹാബിയും ഒളിച്ചും പാത്തും അവിടെയെത്തി. ഇപ്രകാരം മക്കയിൽ ഇസ്‌ലാം സ്വീകരിക്കുന്ന ആളുകളെല്ലാം അവിടെ ചെന്നുകൂടി. വിശ്വാസികളുടെ ഒരു സമൂഹം വികസിക്കുന്ന വാർത്ത കൂടുതൽ പേരെ ഇസ്‌ലാം സ്വീകരിക്കാൻ ധൈര്യപ്പെടുത്തി. ഏതാനും ദിവസം കൊണ്ട് അവിടെ ഒരു ചെറുസംഘം താമസമുറപ്പിച്ചു. എന്നാൽ, മനുഷ്യവാസമില്ലാത്ത ആ വനാന്തരത്തിൽ ആഹാരത്തിനുളള തോട്ടങ്ങളോ മറ്റ് മാർഗ്ഗങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ എന്തെല്ലാം വിധത്തിലുള്ള കഷ്ടതകൾ അവർ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് അല്ലാഹുവിനല്ലാതെ ആർക്കുമറിയില്ല. എന്നാൽ, അവരെ ഈ നിസ്സഹായവസ്ഥയിലാക്കിയ അക്രമികളുടെ നാശത്തിന് ഇതു തന്നെ കാരണമായി ഭവിച്ചു. നിരന്തരം അതുവഴി കടന്നു പോകുന്ന മക്കക്കാരായ കച്ചവടസംഘങ്ങളോട് അവർ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. മക്കക്കാർക്ക് ഇതു വലിയ പരിഭ്രാന്തിയുണ്ടാക്കി. ഈ അനിയന്ത്രിത സംഘത്തെ തിരുമേനി സ്വ.യുടെ അടുക്കലേയ്ക്കു വിളിക്കണമെന്നും, കരാർ വ്യവസ്ഥകളിൽ മറ്റു മുസ്‌ലിംകൾക്കൊപ്പം അവരെയും ഉൾപ്പെടുത്തണമെന്നും തങ്ങളുടെ കച്ചവട യാത്രകൾക്കു നേരിട്ടു കൊണ്ടിരിക്കുന്ന മാർഗതടസ്സം മാറ്റി തരണമെന്നും അപേക്ഷിച്ചു കൊണ്ട് അവർ തിരുമേനിയുടെ അടുക്കലേക്ക് ആളയച്ചു! മദീനയിലേക്ക് വരുന്നതിന് അനുവാദം നൽകിക്കൊണ്ട് റസൂലുല്ലാഹി സ്വ. അവർക്ക് എഴുത്തു കൊടുത്തയച്ചു. ആ എഴുത്തു കിട്ടിയപ്പോൾ അബൂബസീർ റ. മരണാസന്നനായി കിടക്കുകയായിരുന്നു. റസൂലുല്ലാഹി സ്വ.യുടെ എഴുത്തും കൈയിൽ വച്ചു കൊണ്ട് അതേ അവസ്ഥയൽ തന്നെ അദ്ദേഹം മരണപ്പെട്ടു - റളിയല്ലാഹു അൻഹു വഅന്നാ വഅൻ ജമീഇൽ മുസ്‌ലിമീൻ. സത്യവിശ്വാസികളേ, പരിശുദ്ധ ദീനിൽ അടിയുറച്ചു നിൽക്കുമെന്ന് ആത്മാർഥമായി ശപഥം ചെയ്യുകയാണെങ്കിൽ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല - അവരെത്ര വലിയ ശക്തിയായിരുന്നാലും ശരി. നിശ്ചയം, അന്തിമ വിജയം അല്ലാഹുവിനെ ഭയപ്പെടുന്നവർക്കു മാത്രമായിരിക്കും.

അനേകം ഹദീസുകളിൽ ആത്മാർഥമായി ചൊല്ലിയാൽ സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു പ്രതിജ്ഞാ വാചകം ഒന്നേറ്റു ചൊല്ലാമോ:

 رَضِيتُ بِاللَّهِ رَبًّا ، وَبِالْإِسْلَامِ دِينًا ، وَبِسَيِّدِنَا مُحَمَّدٍ صلى الله عليه وسلم نَبِيَّا وَرَسُولًا

അല്ലാഹുവിനെ രക്ഷാധികാരിയായും വിശുദ്ധ ഇസ്‌ലാമിനെ മതമായും സയ്യിദുനാ മുഹമ്മദ് സ്വ.യെ നബിയും റസൂലുമായും ഞാൻ സംതൃപ്തിയോടെ സ്വീകരിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ! ✍🏻Muhammad Sajeer Bukhari