സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 17 March 2018

അവയവങ്ങള്‍ നാഥനും പ്രവാചകനും

തിരുദൂതരുടെ അമ്മായി ഉമയ്മത്തിന്റെയും റിയാബിന്റെ മകന്‍ ജഹ്ശിന്റെയും പുത്രനാണ് അബ്ദുല്ലാഹിബ്നു ജഹ്ശ്(റ). അദ്ദേഹത്തിന്റെ സഹോദരി സൈനബ(റ) തിരുപത്നിമാരില്‍ ഒരാളാണ്. നബി(സ്വ) തങ്ങളുമായി അടുത്ത കുടുംബ ബന്ധമുണ്ടായിരുന്ന ഇദ്ദേഹം രഹസ്യ പ്രബോധനത്തിന് അല്‍ഖമിന്റെ വീട് സജ്ജമാകുന്നതിന് മമ്പുതന്നെ ഇസ്‌ലാം സ്വീകരിച്ച് ആദ്യകാല വിശ്വാസികളില്‍ ഒരാളായി. വിശ്വാസ സംരക്ഷണത്തിന് എത്യോപ്യയിലേക്കും തുടര്‍ന്ന് മദീനയിലേക്കും ഹിജ്റ പോയിട്ടുണ്ട്. മക്കയിലെ അസദ് കുടുംബമായിരുന്നു ഇവരുടേത്. അദ്ദേഹവും കുടുംബവും പലായനം ചെയ്തതോടെ ഇവര്‍ പാര്‍ത്തിരുന്ന പ്രദേശം വിജനമായിത്തീര്‍ന്നു.
അക്കാലത്ത് ഓരോ ദിവസവും ബന്ധുജനങ്ങളെ ഉപേക്ഷിച്ചു സത്യവിശ്വാസികള്‍ മദീനയിലേക്ക് പാലായനം ചെയ്തുകൊണ്ടിരുന്നു. ഏതു കുടുംബത്തിലെ ആരെല്ലാമാണ് നാടുവിട്ടതെന്ന് ഖുറൈശി പ്രമുഖര്‍ ഓരോ പ്രഭാതത്തിലും അന്വേഷിക്കും. അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ അസദ് ഗോത്രം താമസിച്ചിരുന്ന സാമാന്യം സൗകര്യവുമുള്ള പുരയിടം ശൂന്യമായി കണ്ട ഖുറൈശി പ്രമുഖന്‍ അബൂജഹ്ല്‍ ആ വീട് കൈവശപ്പെടുത്തി.
“യാ റസൂലല്ലാഹ്, മക്കയിലെ ഞങ്ങളുടെ ഭവനം ദുഷ്ടന്‍ അബൂജഹ്ല്‍ കൈവശം വെച്ചിരിക്കുന്നതായി അവിടെ നിന്നെത്തിയവര്‍ പറയുന്നു…’ അബ്ദുല്ല തിരുദൂതരോട് ആവലാതിപ്പെട്ടു.
അബ്ദുല്ലാ, മക്കയിലെ നിങ്ങളുടെ കുടുംബ വീടിനു പകരം സുന്ദരമായ ഒരു മണിമന്ദിരം അല്ലാഹു പകരം നല്‍കുന്നതില്‍ നീ സന്തുഷ്ടനല്ലേ?
“എങ്കില്‍ എനിക്കതുമതി…’ അദ്ദേഹം ആശ്വാസം പൂണ്ടു.
ഏതു പ്രതിസന്ധിയും തരണം ചെയ്യാനും ത്യാഗത്തിന്റെ കൊടുമുടികള്‍ കയറിക്കടക്കാനും പോന്ന ഇച്ഛാശക്തിയുടെ ഉടമയായിരുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ്(റ). ആ ത്യാഗ ബോധത്തിന് തിരുദൂതരടുടെ അംഗീകാരവും ലഭിച്ചു.
“നിങ്ങളില്‍ ഏറ്റവും കൂടുതല്‍ വിശപ്പും ദാഹവും സഹിക്കാന്‍ ശേഷിയുള്ള ഒരാളെയാണ് ഇന്ന് ഞാന്‍ നിങ്ങളുടെ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.’
ഇസ്‌ലാമിന്റെ പ്രഥമ സൈനിക സംരംഭമായി ഹിജ്റ രണ്ടാം വര്‍ഷം റജബ് മാസം എട്ടുപേരുള്ള ഒരു ചെറുസംഘത്തെ സജ്ജമാക്കി അവരുടെ നായകത്വം അബ്ദുല്ല(റ)യെ ഏല്‍പ്പിച്ചു തിരുദൂതര്‍ പറഞ്ഞതാണിത്. തന്റെ സന്തത സഹചാരി സഅദുബ്നു അബീ വഖാസ്(റ)യും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ദൗത്യസംഘത്തിന് സഞ്ചരിക്കാനുള്ള ദിക്കും പാതയും പരിചയപ്പെടുത്തിയ ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)ന്റെ കൈയില്‍ ഒരെഴുത്ത് കൊടുത്ത് നബി(സ്വ) പറഞ്ഞു:
“അബ്ദുല്ലാ, നിങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം എന്റെ ഈ എഴുത്തിലുണ്ട്. പക്ഷേ, ഒരു കാര്യം ഓര്‍മിക്കുക; രണ്ടു നാളത്തെ സഞ്ചാരശേഷമല്ലാതെ ഈ കത്ത് വായിക്കരുത്. പിന്നീട് ഇതിലേ നിര്‍ദേശാനുസാരം വേണ്ടത് ചെയ്യുക.’
അബ്ദുല്ല(റ)ന്റെ നേതൃത്വത്തില്‍ സംഘം പുറപ്പെട്ടു. പറഞ്ഞതുപോലെ രണ്ടു ദിവസം കഴിഞ്ഞ് തിരുറസൂലിന്റെ കുറിമാനം എടുത്തുവായിച്ചു. അതിലിങ്ങനെയുണ്ടായിരുന്നു:
“നിങ്ങള്‍ നഖ്ലയിലേക്ക് പോവുക. അവിടെയുള്ള ഖുറൈശി കച്ചവട സംഘത്തിന്റെ വിവരം രഹസ്യമായി അറിഞ്ഞു മദീനയിലെത്തിക്കുക.’
“അല്ലാഹു സത്യം, റസൂലിന്റെ കല്‍പന സന്പൂര്‍ണമായി ഞാന്‍ അനുസരിച്ചിരിക്കുന്നു.’
ശേഷം കുറിപ്പ് വിശദീകരിച്ച് സഹചാരികളോടായി പറഞ്ഞു: “നിങ്ങളിലൊരാളെ പോലും നിര്‍ബന്ധിച്ചു കൂടെ കൂട്ടരുതെന്ന് എനിക്ക് നിര്‍ദേശമുണ്ട്. അതിനാല്‍ അല്ലാഹുവിന്റെ പ്രീതിയും രക്തസാക്ഷിത്വമെന്ന മഹത്തായ പദവിയും ആഗ്രഹിക്കുന്നവര്‍ മാത്രം എന്നെ അനുഗമിക്കുക. അല്ലാത്തവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുപോകാം.’
“ഞങ്ങളും സന്നദ്ധരാണ്. നബി(സ്വ) എവിടെ പോകാന്‍ കല്‍പിച്ചാലും അവിടേക്ക് നിര്‍ഭയം ഞങ്ങളും വരും.’ അവര്‍ ഏക സ്വരത്തില്‍ പ്രതികരിച്ചു.
അങ്ങനെ അവര്‍ നഖ്ലയിലേക്ക് തിരിച്ചു. ഖുറൈശി സാര്‍ത്ഥവാഹകരെ അന്വേഷിച്ചുകൊണ്ടിരുന്നു. ഇടക്ക് അംറുബ്നുല്‍ അസ്റമി, മുഗീറ, ഹകമുബ്നു അബ്ദില്ല എന്നിവരടങ്ങിയ ഒരു ചെറിയ സംഘത്തെ കാണാനിടയായി. തോലുല്‍പന്നങ്ങളും മുന്തിരിയുമായിരുന്നു അവരുടെ കച്ചവട വസ്തുക്കള്‍.
നിര്‍ഭയ കാലഘട്ടമായി അറബ് ജനത നിര്‍ണയിച്ചുവന്ന ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം, റജബ് എന്നീ മാസങ്ങളുടെയും നിര്‍ഭയ പ്രദേശമായി മാനിച്ചിരുന്ന ഹറമിന്റെയും പവിത്രത കളങ്കപ്പെടുത്തുക വലിയ ആക്ഷേപത്തിനും വിമര്‍ശനത്തിനും വഴിവെക്കും. യുദ്ധം ഹറാമായ റജബ് അവസാനത്തിലോ ശഅ്ബാന്‍ ആരംഭത്തിലോ ആയിരുന്നു അത്. എങ്കിലും നീണ്ട കൂടിയാലോചനക്കു ശേഷം കച്ചവട സംഘത്തെ നേരിടാന്‍ തന്നെയായിരുന്നു തീരുമാനം. അബ്ദുല്ല(റ)ന്റെ നേതൃത്വത്തിലുള്ള സംഘം അവരെ കീഴടക്കി. ഒരാളെ വധിക്കുകയും രണ്ടുപേരെ ബന്ധനസ്ഥനാക്കുകയും ചെയ്തു. നാലാമന്‍ ഓടി രക്ഷപ്പെട്ടു. കച്ചവട വസ്തുക്കള്‍ പിടിച്ചെടുത്തു പോന്നു.
അക്രമം നടന്നത് പരിശുദ്ധമായ റജബിലോ ശഅ്ബാനിലോ എന്ന് സംശയമായി. ഖുറൈശികളും പരോക്ഷമായി അവരോട് സഹകരിച്ച മദീനാ ജൂതന്മാരും സംഭവത്തിന് വമ്പിച്ച പ്രചാരം നല്‍കി. വലിയ ദൈവഭക്തരായി കഴിയുന്ന മുഹമ്മദും കൂട്ടുകാരും വിശുദ്ധ മാസങ്ങളില്‍ കൊലയും കൊള്ളയും നടത്തുന്നുവെന്നായിരുന്നു വിമര്‍ശനം.
തന്റെ ദൗത്യവാഹകരുടെ അതിക്രമമറിഞ്ഞു തിരുദൂതര്‍ സങ്കടംപൂണ്ടു പ്രതികരിച്ചതിങ്ങനെ:
“ഖുറൈശി സാര്‍ത്ഥവാഹകരുടെ മേല്‍ അതിക്രമം കാണിക്കാനും അതിക്രമിച്ചു കൊലപ്പെടുത്താനുമല്ല അവരെ അയച്ചത്. മറിച്ച് അവരുടെ വിവരമന്വേഷിച്ച് അറിയിക്കാന്‍ മാത്രമായിരുന്നു.’
ഇതോടെ അബ്ദുല്ല(റ)യും കൂട്ടരും തിരുകല്‍പന ധിക്കരിച്ചവരായി ചിത്രീകരിക്കപ്പെട്ടു. വിമര്‍ശനങ്ങളും കുത്തുവാക്കുകളും അവരെ മാനസികമായി തളര്‍ത്തി. ഓര്‍ക്കാപ്പുറത്ത് വന്ന അമളിയില്‍ അവര്‍ക്ക് ലജ്ജയും ദുഃഖവും തോന്നി. അക്രമമോ അനീതിയോ തിരുകല്‍പനാ നിരാകരണമോ ആയിരുന്നില്ല അവരുടെ ലക്ഷ്യം. ബദ്ധവൈരികളെ നീക്കം തകര്‍ക്കുക മാത്രമായിരുന്നു. പക്ഷേ, പരിണതി ആക്ഷേപാര്‍ഹമായി. എന്നാലും അവരുടെ അസ്വസ്ഥതക്ക് ഏറെ സമയദൈര്‍ഘ്യമുണ്ടായില്ല. സദുദ്ദേശപരമായ അവരുടെ ഇടപെടലിനെ ശരിവെച്ചു ഖുര്‍ആന്‍ വിവരണം വന്നെത്തി.
“ജനങ്ങള്‍ ചോദിക്കുന്നു, വിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗുരുതരമായ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെ നിന്ന് ബഹിഷ്കരിക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗുരുതരമത്രെ; രക്തം ചിന്തുന്നതിനേക്കാള്‍ ഗുരുതരമാണ് ഫിത്ന’ (അല്‍ബഖറ/217).
ഇതോടെ അബ്ദുല്ല(റ)യും കൂട്ടുകാരും സന്തുഷ്ടരായി. തിരുദൂതര്‍(സ്വ) ബന്ധികള്‍ക്ക് മോചനം നല്‍കുകയും സ്വത്ത് തടഞ്ഞുവെക്കുകയും ചെയ്തു.
അബ്ദുല്ല(റ)ന്റെ ബദ്റിലെ പ്രകടനം ഏറെ Çാഘനീയമായിരുന്നു. എന്നാല്‍ ഉഹ്ദ് രണാങ്കണത്തിലെ അദ്ദേഹത്തിന്റെയും കൂട്ടുകാരന്‍ സഅ്ദുബ്നു അബീ വഖാസ്(റ)ന്റെയും വീരകഥ രോമാഞ്ചജനകവും.
അക്കഥ സഅ്ദ്(റ) വിവരിക്കുന്നതു നോക്കൂ:
ഉഹ്ദ് യുദ്ധത്തിന്റെയന്ന് അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) എന്നോട് ചോദിക്കുകയാണ്:
സഅ്ദേ, നമുക്കിന്ന് നമ്മുടെ രക്ഷിതാവിനോട് നന്നായി ദുആ ചെയ്യേണ്ടേ?
“അതിനെന്താ, നമുക്ക് നിര്‍വഹിക്കാമല്ലോ.’
അങ്ങനെ ഞങ്ങളിരുവരും ഒരു വിജനസ്ഥലത്തു ചെന്നു. ആദ്യം ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു:
“രക്ഷിതാവേ, ഞാനിന്ന് പടക്കളത്തിലിറങ്ങിയാല്‍ ശക്തരായ എതിരാളികളെ എനിക്ക് നേരിടാന്‍ നീ നല്‍കണം. ശക്തമായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം അവനെ പരാജയപ്പെടുത്താനും വധിക്കാനും എനിക്ക് നീ കരുത്തും കഴിവും നല്‍കേണമേ.’
എന്റെ ഈ പ്രാര്‍ത്ഥനക്ക് അബ്ദുല്ല ആമീന്‍ പറഞ്ഞു. പിന്നീട് അദ്ദേഹം പ്രാര്‍ത്ഥിച്ചു:
“കരുണാവാരിധിയായ തമ്പുരാനേ, ഈ യുദ്ധഭൂമികയില്‍ രണശൂര പരാക്രമിയായ ഒരു എതിരാളിയെ എനിക്ക് നീ നല്‍കേണമേ. പോരാട്ടത്തില്‍ അവന്‍ എന്നെ വധിക്കുകയും എന്റെ നാക്കും ചെവിയും അരിഞ്ഞെടുത്ത് വികൃതമാക്കുകയും ചേയ്യേണമേ. അങ്ങനെ ഞാന്‍ ദീനിനുവേണ്ടി അംഗം ഛേദിക്കപ്പെട്ടവനായി പുനര്‍ജന്മവേള നിന്റെ സഭയില്‍ എത്തും. അബ്ദുല്ലയുടെ ചെവിയെവിടെ, നാവെവിടെ എന്നു ചോദിക്കുമ്പോള്‍ ദയാപരനായ അല്ലാഹുവേ, നിനക്കും നിന്റെ പ്രവാചകനുമായി ഞാനവ നല്‍കിയെന്ന് മറുപടി പറയുവാനുള്ള അവസരം നീ എനിക്ക് നല്‍കുകയും ചെയ്യേണമേ.’
അദ്ദേഹത്തിന്റെ ഈ പ്രാര്‍ത്ഥനക്ക് ഞാനും ആത്മാര്‍ത്ഥമായി ആമീന്‍ പറഞ്ഞു. എന്റെ പ്രാര്‍ത്ഥനയേക്കാള്‍ ഉത്തമമായിരുന്നു അബ്ദുല്ല(റ)യുടെ ദുആ. കരുണാമയനായ നാഥന്‍ അദ്ദേഹത്തിന്റെ തേട്ടം കേട്ടു. യുദ്ധാവസാനം സന്ധ്യാനേരത്ത് രണാങ്കണത്തില്‍ അദ്ദേഹം വധിക്കപ്പെട്ടു കിടക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന പോലെ ശരീരം മുഴുവനും വികൃതമാക്കപ്പെട്ടിരിക്കുന്നു. ചെവിയും മൂക്കും ശത്രുക്കള്‍ അരിഞ്ഞെടുത്ത് ഒരു നൂലില്‍ കോര്‍ത്ത് ജനാസക്കരികെയുള്ള മരത്തില്‍ കെട്ടിത്തൂക്കിയ ഹൃദയഭേദകമായ കാഴ്ച ഞാന്‍ കണ്ടു.
അബ്ദുല്ല(റ)ന്റെ അമ്മാവനും രക്തസാക്ഷികളുടെ നേതാവുമായ ഹംസ(റ)വും വധിക്കപ്പെടുകയും മൃതശരീരം വികൃതമാക്കപ്പെടുകയും ചെയ്ത നാളായിരുന്നു അത്. ഉഹ്ദ് പര്‍വതപ്രാന്തത്തില്‍ ആ അമ്മാവനെയും മരുമകനെയും തിരുദൂതര്‍(സ്വ) ഒരേ ഖബറില്‍ അടക്കം ചെയ്തു.
(അല്‍ഇസ്വാബ, സുവറുമിന്‍ ഹയാത്തിസ്വഹാബ)
ടിടിഎ ഫൈസി പൊഴുതന

Tuesday 13 March 2018

അബൂബക്ർ അഹ്മദ് (ശൈഖുനാ കാന്തപുരം)






ജനനം: 1939 മാർച്ച് 22. കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ആലുങ്ങാപൊ യിൽ തറവാട്ടിൽ. പിതാവ്: പ്രമുഖ ഖുർആൻ പണ്ഡിതൻ മൗത്തരിയിൽ അഹ്മദ് കുട്ടി ഹാജി. മാതാവ് : കുഞ്ഞീമ്മ ഹജ്ജുമ്മ.
മൂസാ സോന്കാൽ 
http://sunnisonkal.blogspot.com
പഠനം.

കാന്തപുരം എ. എം . എൽ. പി. സ്കൂളിൽ നിന്ന് പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസം നേടി. പിന്നീട് ഹയർ  `എലിമെന്ററി വിദ്യഭ്യാസം പൂർത്തിയാക്കി. പ്രമുഖ ഖാരിഅ് വെണ്ണക്കോട് പുത്തൂർ അബ്ദുല്ലാ മുസ്ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി.

തുടർന്ന് മർഹൂം എൻ. അബ്ദുൽ ഹമീദ് മുസ്ലിയാരിൽ നിന്ന് കാന്തപുരത്ത് വെച്ച് മൂന്നു വർഷവും മർഹൂം കെ  പോക്കർ കുട്ടി മുസ്‌ലിയാരിൽ നിന്ന് വാവാട് വെച്ച്  രണ്ട് വർഷവും മർഹൂം കെ കെ അബൂബക്ർ ഹസ്രത്തിൽ നിന്ന് വീണ്ടും കാന്തപുരത്ത് വെച്ച് രണ്ട്  വർഷവും മർഹൂം എം ഇമ്പിച്ചാലി മുസ്‌ലിയാരിൽ  നിന്ന് കോളിക്കലിൽ വെച്ച് മൂന്ന് വർഷവും മർഹൂം ഒ . കെ  സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരിൽ നിന്ന് തക്കടത്തൂരിൽ വെച്ച്  രണ്ട്  വർഷവും ചാലിയത്തുവെച്ച് വർഷവും കിതാബുകൾ പഠിച്ചു .

മർഹൂം എൻ ഹമീദ് മുസ്ലിയാരിൽ നിന്ന് മീസാൻ മുതൽ അല്ഫിയ്യയുടെ തുടക്കം വരെയും മുതഫരിദ്  മുതൽ ഫത്ഹുൽ മുഈനിന്റെ തുടക്കം വരെയും പഠിച്ചു. മർഹൂം കെ പോക്കർകുട്ടി മുസ്ലിയാരിൽ നിന്ന് അല്ഫിയ്യയും ഫത്ഹുൽ മുഈനും അദ്കിയാഅ്, റസ്സാനത്ത്, തുടങ്ങിയ ബൈത്തുകിതാബുകളും മറ്റും പഠിച്ചു. മർഹൂം കെ കെ അബൂബക്ർ ഹസ്രത്തിൽ  നിന്ന് മിശ്കാത്തുൽ മസ്വാബീഹ്, ജലാലയ്‌നി, നഫാഇസ്, ഒന്നാം ജുസ്അ് മഹല്ലി, മുഖ്തസ്‌റുൽ മആനി മുതലായവ പഠിച്ചു . മർഹൂം ഇമ്പിച്ചാലി ഉസ്താതിൽ നിന്ന് മഹല്ലിയുടെ ബാക്കി വാള്യങ്ങളും മിശ്കാത്തിന്റെ ബാക്കിയും ശർഹുൽ  അഖാഇദും മറ്റും ഓതി. മർഹൂം ഓ കെ ഉസ്താദിൽ നിന്ന് ശര്ഹുല് അഖാഇദ്, ജംഉൽജവാമിഅ്, തശ്‌രീഹുൽ അഫ്‌ലാഖ്, മയ്ബദീ, ചഗ് മീനി, മുല്ലാഹസൻ, ബൈളാവി, സ്വഹീഹുൽ ബുഖാരിയുടെ മൂന്നിലൊന്നു മുതലായവ പഠിച്ചു .

തുടർന്ന് 1961 -64 -ൽ വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ ഉപരിപഠനം നടത്തി  1963 ഡിസംബർ മുപ്പത്തിന് ബാഖിയാത്തിൽ നിന്നും  'മൗലവി ഫാസിൽ ബാഖവി ' ബിരുദം (സനദ്) നേടി.

അധ്യാപനം .
വെല്ലൂർ  ബാഖിയാത്തുസ്സ്വാലിഹാത്തിൽ നിന്ന് മൗലവി ഫാസിൽ ബാഖവി ബിരുദം കരസ്ഥമാക്കിയശേഷം  1964 -ൽ മങ്ങാട് എളേറ്റിൽ ജുമാമസ്ജിദിൽ ദർസ് ആരംഭിച്ചാണ് അധ്യാപനമേഖലയിലേക്ക് ഔദ്യോഗികമായി കാലെടുത്തുവെച്ചത്. മൂന്നുവർഷം പ്രസ്തുത പള്ളിയിൽ ദർസ് നടത്തിയശേഷം കോളിക്കൽ പള്ളിയിലേക്ക് മാറി. അവിടെ മൂന്നുവർഷം ദർസ് നടത്തിയശേഷം കാന്തപുരത്ത് ആറുവർഷം ദർസ് നടത്തി.


തുടർന്ന് 12 / 4 / 1981 -ൽ മർകസുസ്സഖാഫത്തുസ്സുന്നിയ്യയ്യിൽ മർഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ ഫത്ഉൽമുഈൻ ഓതിക്കൊടുത്ത് ശരീഅത്ത് കോളേജ് ആരംഭിച്ചതുമുതൽ അധ്യാപനം മർകസിലേക്ക് നീങ്ങി.

4 / 8 1983 -ന് ബഹു സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ അൽ ബുഖാരി ഉള്ളാൾ സ്വഹീഹുൽ ബുഖാരി 'കയ്ഫകാന ബദ്ഉൽവഹ്‌യ്....' എന്ന അദ്ധ്യായം ഓതിക്കൊടുത്ത് 'മൗലവിഫാസിൽ സഖാഫി'  ബിരുദം ആരംഭിച്ചു.

17 / 8 / 1988  മർഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ  ;മൗലവി കാമിൽ സഖാഫി' ബിരുദം ഉദ്ഘാടനംചെയ്തു.

5 / 2 / 1999-ൽ ഫിഖ്ഹ്  തഖസ്സ്വുസും  അദബ്  തഖസ്സ്വുസും ശൈഖുനാ ഉദ്ഘാടനം ചെയ്തു. ഇപ്പോൾ കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ: ശരീഅത്ത് കോളേജ് പ്രിസിപ്പലുമാണ്.

പ്രസംഗം.

ഖണ്ഡന പ്രസംഗങ്ങളിൽ മികവുപുലർത്തിയ ശൈഖുനാ ഒട്ടേറെ വാദപ്രതിവാദങ്ങളിൽ പുത്തൻവാദികളെ പരാജയപ്പെടുത്തിയിട്ടുണ്ട്.  കുറ്റിച്ചിറ, പെരുമ്പടപ്പിലെ ഐലൂർ  പാലക്കാട്ടെ കുറ്റൂർ , പട്ടാമ്പി, പുളിക്കൽ, വലിയപറമ്പ് , കൊട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന വാദപ്രതിവാദങ്ങളിൽ ശൈഖുനായുടെ സമര്ഥനം ഏറെ ശ്രദ്ധപിടിച്ചു  പറ്റിയിട്ടുണ്ട്.


സംഘടനാ പ്രവർത്തനം

1974 -ൽ സമസ്ത കേന്ദ്രമുശാവറയിൽ അംഗത്വം ലഭിച്ചു.തുടർന്ന് സെക്രട്ടറിയുമായി. സമസ്തയുടെ ജനറൽബോഡി വിളിച്ചുചേർക്കാത്തതിനെത്തുടർന്ന്  1989 -ൽ ബഹു ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി വിളിച്ചു ചേർത്ത സമസ്തയുടെ ജനറൽബോഡിയോഗത്തിൽവെച്ച് സമസ്തയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

1976 -ൽ അവിഭക്ത സമസ്ത ദേശീയ തലത്തിൽ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മിറ്റിയിൽ അംഗമായിരുന്നു.  1992-ൽ പ്രസ്തുത ദേശീയ കമ്മിറ്റി നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1975 മുതൽ സമസ്തകേരള സുന്നിയുവജന സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ശഖുനാ പിന്നീട് അതിന്റെ പ്രസിഡന്റായും ഇപ്പോൾ സുപ്രീം കൌൺസിൽ സെക്രട്ടറിയായും തുടരുന്നു.


1993-ൽ കോഴിക്കോട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അധികാരമേറ്റ ശൈഖുനാ നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചുവരുന്നു. ഇതിനു പുറമെ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ മതസ്ഥാപനങ്ങളുടെ പ്രസിഡന്റും ഉപദേഷ്ടാവുമാണ് ശൈഖുനാ.

പ്രധാന ശിഷ്യന്മാർ 

എ.പി. മുഹമ്മദ്മുസ്‌ലിയാർ കാന്തപുരം, കെ. കെ. മുഹമ്മദ് മുസ്‌ലിയാർ കരുവംപൊയിൽ, മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, മർഹൂം അണ്ടോണ മുഹ്‌യദ്ദീൻ മുസ്‌ലിയാർ, തുടങ്ങിയവർ ദർസിൽനിന്നുള്ള ശിഷ്യന്മാരി പ്രധാനികളാണ്. 6000 -ൽ പരം വരുന്ന സഖാഫിമാരും കാമിൽ സഖാഫിമാരും ശൈഖുനായുടെ ശിഷ്യസമ്പത്താണ്.

ഗ്രൻഥങ്ങൾ

വിശുദ്ധ പ്രവാചകന്മാർ, സ്ത്രീജുമുഅഃ ജമാഅത്ത് , കൂട്ടുപ്രാർത്ഥന , അമേരിക്കയിലെ അനുഭവങ്ങൾ, അൽഹജ്ജ്‌ , തുടങ്ങിയ മലയാള കൃതികളും
ഇസ്വ്‌മത്തുൽ അമ്പിയാ, ഇള്ഹാറുൽ ഫറഹി വസ്സുറുർബി മീലാദുന്നബിയ്യിൽ മബ്‌റൂർ, അൽബറാഹീനുൽ ഖത്വ്ഇയ്യ: ഫിറദ്ദി അലൽഖാദിയാനിയ്യ:, അൽഅവാഇദുൽവജ്ദിയ്യ ഫീ ശര്ഹിൽ  ഖസ്വാഇദിൽ വിത് രിയ്യ;, രിയാളുത്ത്വാലിബീൻ , ശർഹുസ്വഹീഹിൽബുഖാരി  (കിതാബുതൗഹീദ്),ഫയളാനുൽ മുസൽസല, തഅളീമുൽഅകാബിർ വഇഹ്തിറാമുശ്ശആഇർ, വസീലത്തുൽ ഇബാദ് , അൽഇത്തിബാഉ വാൽഇബ്തിദാഅ, തുടങ്ങിയവ അറബി കൃതികളുമാണ്.

വിദേശപര്യടനം

അമേരിക്ക, ഈജിപ്ത് ,മലേഷ്യ , സൗദി അറേബ്യാ , ഖത്തർ , ബഹ്‌റൈൻ, യു . എ .ഇ . കുവൈത്ത്, ഒമാൻ ,ജോർദാൻ, ലിബിയ ,തുർക്കി,മൊറോക്കോ, ലണ്ടൻ, ഓസ്‌ട്രേലിയ...  തുടങ്ങിയ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1992 - ൽ  ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള ദാറുൽ ഇസ്‌ലാം അക്കാദമി അവാർഡും 2000 -ൽ  ഇന്ത്യൻ ഇസ്‌ലാമിക് അവാർഡും ലഭിച്ചിട്ടുണ്ട്.  ഇതിനുപുറമെ ഇന്തോ  അറബ് ഇസ്‌ലാമിക് പേഴ്‌സണാലിറ്റി അവാർഡ് അബുദാബിയിൽ നിന്നും ഹോളി ഖുർആൻ  അവാർഡ് ദുബായിൽ നിന്നും 2008 -ൽ ഇന്റർ നാഷണൽ ഇസ്‌ലാമിക് ഹെരിറ്റേജ് അവാർഡും ലഭിച്ചിട്ടുണ്ട്.

മഹാന്മാരുമായുള്ള ബന്ധം 

ഔലിയാക്കളെയും സയ്യിദന്മാരെയും ആലിമീങ്ങളെയും മുതഅല്ലിമുകളെയും അങ്ങേയറ്റം പ്രിയം വെക്കുന്നവരും ആദരിക്കുന്നവരുമാണ് ശൈഖുന. മഹാന്മാരെ സന്ദർശിക്കുവാനും അവരുടെ ആശീർവാദങ്ങളും  ദുആയും കരസ്ഥമാക്കുവാനും വേണ്ടി എന്തുത്യാഗവും ചെയ്യുവാനും ശൈഖുനാക്ക് മടിയില്ല. അവരുടെ പ്രാർത്ഥനയും ഗുരുത്വവുമാണ് തന്റെ വിജയത്തിന്റെ നിദാനമെന്ന്  ശൈഖുന  ഉറച്ചുവിശ്വസിക്കുന്നു.  അവേലത്ത് സയ്യിദ് കുടുംബവുമായി ശൈഖുനാക്ക് ചെറുപ്പം മുതൽക്കേ നല്ല ബന്ധമായിരുന്നു. ശൈഖുനായുടെ വാക്കുകൾ ശ്രദ്ദിക്കുക. "ചെറുപ്പ നാളിലെ എനിക്കാകുടുംബവും തങ്ങന്മാരുമായി നല്ല ഹൃദയബന്ധമായിരുന്നു. അഹ്ലുബൈത്തിനെ സ്നേഹിക്കുന്നതിലൂടെ ആത്മാവിന്റെ വിശുദ്ദിയാണ് ഇവിടെ നാം വീണ്ടെടുക്കുന്നത്. മുഹമ്മദുർറസൂൽ (സ) ആദരവോടെയാണ് അഹ്‌ലുബൈത്തിനെക്കുറിച്ച് ലോകത്തോട് സംസാരിച്ചത്".  (മർകസുൽഉലൂം: 2009 : പേ:11)

 കേരളത്തിൽ അറിയപ്പെട്ടവരും അല്ലാത്തവരുമായ സ്വൂഫിവര്യന്മാരുമായും ശൈഖുനായ്ക്ക്  നല്ല ബന്ധമായിരുന്നു. അവരിൽ പ്രമുഖരാണ് മഹാനായ വലിയുല്ലാഹി സി. എം. അബൂബക്ർ മുസ്‌ലിയാർ (ന.മ).  പ്രതിസന്ധിഘട്ടങ്ങളിൽ അവിടുത്തെ നിർദ്ദേശപ്രകാരമായിരുന്നു ശൈഖുന  കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

മതഭൗതികസാംസ്കാരിക കേന്ദ്രമായ മർകസ് സ്ഥാപിക്കാൻ തീരുമാനിച്ച ശേഷം പല സ്ഥലത്തും അനിയോജ്യമായ സ്ഥലം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ബഹുശൈഖുനയും സയ്യിദ് ഫസ്ൽ തങ്ങളും കൊടുവള്ളി അധികാരി ടി.കെ. കുഞ്ഞഹമ്മദാജിയും ബഹു സി.എം. വലിയ്യുല്ലാഹിയെ സന്ദർശിച്ചു കാര്യമുണർത്തി. 'സുന്നിയുവജനസംഘത്തിന്റെ സംസ്ഥാന സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. ആ സമ്മേളനത്തിൽത്തന്നെ സ്ഥാപനത്തിന് തറക്കല്ലിടണം. പക്ഷെ സ്ഥലം ശരിയായിട്ടില്ല.'

"പോകുന്ന യാത്രയിൽ തന്നെ സ്ഥലം കിട്ടും".  മടവൂർ പറഞ്ഞു: ശൈഖുനാ പറയുന്നു: ഞങ്ങൾ പ്രതീക്ഷയോടെ യാത്ര തിരിച്ചു. യാത്രക്കിടയിൽ കാരന്തൂരിനും കുന്ദമംഗലത്തിനുമിടയിൽ സ്ഥലം വിൽക്കാനുണ്ടെന്നു അറിവ് കിട്ടി. അവിടം സന്ദർശിച്ചപ്പോൾ സ്ഥാനത്തിനു പറ്റുമെന്ന് ബോധ്യപ്പെട്ടതോടെ അഡ്വാൻസ് കൊടുത്ത് സ്ഥലം കച്ചവടമുറപ്പിച്ചു. എട്ടേക്കർ സ്ഥലമാണ് പടയാളിപ്പറമ്പിൽ മർകസിനായി ആദ്യം വാങ്ങിയത്. സി.എം. അവർകൾ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സുജൂദ് ചെയ്തിരുന്ന സ്ഥലങ്ങളിൽ ആ സ്ഥലവും ഉൾപ്പെടുന്നു.


ശൈഖുന പറയുന്നു: സി. എം.വലിയുല്ലാഹി(ന.മ) യുമായി മൂന്ന്  പതിറ്റാണ്ടിലേറെ കാലം ഞാൻ ഇടപഴകിയിട്ടുണ്ട്. ആ കാലയളവിനുള്ളിൽ എനിക്ക് നേരിട്ട് തന്നെ അനുഭവപ്പെട്ട കറാമത്തുകൾ നിരവധിയാണ്. രണ്ടു പതിറ്റാണ്ടുകൾക്കുമുമ്പ്  കോഴിക്കോട് താമസിച്ചിരുന്ന ബഹുമാനപ്പെട്ട ശൈഖ് മൊയ്തീൻ സാഹിബിനോടപ്പം ശൈഖുനാ സി. എം. (ന.മ) ഒരു വീട്ടിൽ മഴിഞ്ഞുകൂടിയിരുന്ന കാലഘട്ടമായിരുന്നു. ആ കാലത്ത് അധികമാരോടും സംസാരിക്കാറില്ല.ഞാനൊരിക്കൽ അവിടെ ചെന്ന അവസരത്തിൽ അല്ലാഹുവിന്റെ യഥാർത്ഥ ഔലിയാക്കളുടെ സവിശേഷതകളും കള്ളാ ഔലിയാക്കളുടെ ദുർഗുണങ്ങളും വിശദീകരിച്ച്  അന്ന് വൈകുന്നേരം വരെ എന്നോട് സംസാരിക്കുകയുണ്ടായി. ശൈഖുനായുടെ വിശദീകരണം കേട്ട് ആകൃഷ്‌ടനായ ഞാൻ  പറഞ്ഞു: 'താങ്കളുടെ മാർഗ്ഗത്തിലൂടെ മുന്നോട്ടുപോകാൻ എനിക്കും ആഗ്രഹമുണ്ട്'. പെട്ടെന്ന് അദ്ദേഹം പറയുകയുണ്ടായി:  " ഞങ്ങൾ ഖിളർ(അ)ന്റെ മാർഗ്ഗത്തിലാണ്. നിങ്ങൾ മൂസാ നബി(അ) ന്റെ വഴിയിലും. രണ്ട്  വിഭാഗം ഇവിടെ ഒന്നിച്ച്  മുന്നേറുകയാണുവേണ്ടത്. ഒരു വിഭാഗം മറ്റൊന്നിൽ പ്രവേശിക്കുവകയല്ല. അതുകൊണ്ട് നിങ്ങൾ നല്ല വണ്ണം ദർസ് നടത്തുകയും മഹത്തായ സ്ഥാപങ്ങൾ ഉണ്ടാക്കുകയും പ്രസംഗിക്കുകയും എല്ലാം വേണം".

ശൈഖുന തുടരുന്നു: "വാദപ്രതിവാദ സ്റ്റേജുകളിൽ ഞാൻ കൂടുതൽ പരിചയപ്പെട്ടിട്ടില്ലാത്ത തൊള്ളായിരത്തി എഴുപതുകളിൽ ചില സംഭവികാസങ്ങളുണ്ടായി. മർഹൂം ഇ.കെ ഹസ്സൻ മുസ്‌ലിയാർ വാദപ്രതിവാദ സ്റ്റേജുകളിൽ വെട്ടിത്തിളങ്ങുന്ന സന്ദർഭമായിരുന്നു അത്. ഖണ്ഡന പരിപാടികളിൽ ഞാനും നിരന്തരം പങ്കെടുക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ പാലക്കാട്ട് മുജാഹിദുകളുമായി  വാദപ്രതിവാദത്തിനു സന്ദര്ഭമുണ്ടായി. തവസ്സുൽ, ഇസ്തിഗാസ, സ്ത്രീജുമുഅഃ ജമാഅത്ത്, എന്നീ വിഷയങ്ങളിൽ മൂന്നുദിവസത്തെ വാദപ്രദിവാദത്തിനാണ് അവർ സമ്മതിച്ചിരുന്നതെങ്കിലും സ്ഥലവുംസമയവും തിയ്യതിയും തീരുമാനിച്ചിരുന്നില്ല. ബഹു ഹസ്സൻ മുസ്‌ലിയാർ(ന.മ) ഹജ്ജിന് പുറപ്പെട്ട തക്കം നോക്കി 'പൂടൂർ' എന്ന സ്ഥലത്തുവെച്ച് മുജാഹിദുകൾ വാദപ്രദിവാദത്തിനു തിയ്യതി കുറിച്ചു.

ഈ സ്ഥിതിവിശേഷം പരിഗണിച്ച് പ്രശ്നങ്ങൾ വിലയിരുത്തി വിഷയങ്ങൾ ചർച്ച ചെയ്യാനായി പട്ടിക്കാട് ജാമിഅ നൂരിയ്യ:യിൽ സുന്നീ പണ്ഡിതർ ഒരുമിച്ചു കൂടി. മർഹൂം ശംസുല്ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാർ , മർഹൂം കേട്ടുമല അബൂബക്ർ മുസ്‌ലിയാർ, മർഹൂം വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയ എല്ലാവരും കൂടി മുജാഹിദുകളുമായി  വാദപ്രദിവാദം നടത്തുന്നതിനായി എന്നെ തെരെഞ്ഞെടുത്തു. വാദപ്രദിവാദാം പരിചയമില്ലാത്ത ഞാൻ അല്ലാഹുവിൽ തവക്കുലാക്കി അതേറ്റെടുത്തു. വാദപ്രദിവാദത്തിനു മുമ്പ് ബഹു സി. എം അവർകളെ കൊണ്ട് ദുആ ചെയ്യിപ്പിക്കാൻ ശൈഖുനയെ തേടി പല സ്ഥലത്തും ഞാൻ കറങ്ങി. ഒരു സ്ഥലത്തെത്തുമ്പോഴേക്കും അദ്ദേഹംമറ്റൊരു സ്ഥലത്തേക്ക് പോയിട്ടുണ്ടാകും. ഇങ്ങനെ ദിവസങ്ങളോളം പല സ്ഥലങ്ങളിലും ഞാൻ പോയിനോക്കി. അദ്ദേഹത്തെ കണ്ടില്ല. അങ്ങനെ വാദപ്രദിവാദത്തിനു മുമ്പ് മഞ്ഞക്കുളം മഖാമിൽവെച്ച് മുഴുവൻ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും ഞാൻ ഫാത്തിഹ ഓതി. കൂട്ടത്തിൽ ബഹു ഖളിർ(അ), സി. എം. അബൂബക്ർ മുസ്‌ലിയാർ എന്നിവർക്ക് പ്രത്യേകമായി ഫാത്തിഹ ഓതി ആദിയായ ചെയ്തു. നേരില്കാനൻ കഴിഞ്ഞിട്ടില്ലെങ്കിലും ശൈഖുന എന്റെ പ്രശ്നം അറിയുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. വാദപ്രദിവാദത്തിന്  പൂടൂരിലേക്ക് പുറപ്പെടാൻ സമയമായിക്കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ അബ്ദുറഹ്മാൻ എന്ന ഒരാളെ ബഹു സി.എം അവർകൾ പാലക്കാട്ടേക്ക് പറഞ്ഞയച്ചു. "വാദപ്രദിവാദം ഹഖും ബാത്വിലും തമ്മിലാണ്. അതിനാൽ ഹഖിനുവേണ്ടി വാദിക്കുന്ന നിങ്ങളുടെ കൂടെ മുഴുവൻ ഔലിയാക്കളുമുണ്ട്, ഭയപ്പെടേണ്ട". സി.എം.അവർകളുടെ ഈ ഉപദേശം എന്റെ മനസ്സിന് ധൈര്യം പകർന്നു .

വാദപ്രദിവാദം ആരംഭിച്ചു. പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ സമർത്ഥിക്കുവാനും എതിരാളികളുടെ വാദമുഖങ്ങൾ ഖണ്ഡിച്ചുകൊണ്ട്  മറുപടിനൽകുവാനും അല്ലാഹു എനിക്ക് തൗഫീഖ് നൽകി. ഔലിയാക്കളുടെ ബറക്കത്തുകൊണ്ട് സുന്നത്ത് ജമാഅത്തിന് പൂർണ്ണ വിജയം കിട്ടി.

മൂന്നു ദിവസത്തെ വാദപ്രദിവാദം കഴിഞ്ഞു ഞാൻ നാട്ടിലേക്ക് മടങ്ങി.എനിക്കു  പനിപിടിച്ചു. ശക്തമായ പനി. മൂന്നു ദിവസം നാലു  ഡോക്ടർമാർ പരിശോദിച്ചു മരുന്ന് കഴിച്ചു. 110 ഡിഗ്രിയിൽ നിന്ന്  പനി  കുറഞ്ഞില്ല. അങ്ങനെ വിഷമിക്കുമ്പോൾ രാത്രി ഞാൻ ഔലിയാക്കളുടെ പേരിൽ ഫാതിഹ ഓതി അൽപസമയം ഉറങ്ങി. ഉറക്കത്തിൽ ഞാൻ വലിയ ഒരു മതിലിനു താഴെ നടക്കുന്നു. ഒരാൾ എന്റെ കൂടെ വന്ന്  പലതും സംസാരിക്കുന്നു. എന്റെ ചുമലി അയാൾ കൈവെക്കുന്നു. പരിചയമില്ലാത്തതിനാൽ  ഞാൻ അയ്യാളെ തട്ടി മാറ്റുന്നു. വീണ്ടും അയ്യാൾ എന്നെ പിന്തുടരുന്നു. ഒരു വളവിൽ എത്തിയപ്പോൾ അവിടെ ഒരു വല നിവർത്തിവെച്ചതായും അതിനടിയിൽ ഒരു വലിയ കുഴിയുള്ളതായും എനിക്കുതോന്നുന്നു. എന്നെ അയ്യാൾ അതിലേക്കു പിടിച്ചു വലിക്കുന്നു. ഞാൻ അതിൽ വീഴാതെ പുറത്തേക്ക് ചാടി മാറുന്നു. വീണ്ടും എന്നെ വലയിലേക്ക് വലിച്ചുകൊണ്ടേയിരുന്നു. അപ്പോൾ ബഹു സി.എം  പ്രത്യക്ഷപ്പെട്ടു. ഉടനെ അക്രമി ജീവനുംകൊണ്ടോടി. ശൈഖുനാ സി.എം എന്റെ സമീപം എത്തിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം ഞാൻ വിശദീകരിച്ചു കൊടുത്തു. അപ്പോൾ അവർ എന്റെ വായ തുറക്കാൻ ആജ്ഞാപിച്ചു. ഞാൻ വായ തുറന്നുകൊടുത്തു. അപ്പോൾ എന്റെ വായിൽ നിന്ന് എന്തോ എടുത്തുകളഞ്ഞു. എന്നിട്ട് "താങ്കൾ ഭയപ്പെടരുത്" എന്ന് അറബി ഭാഷയിൽ എന്നെ ഉപദേശിച്ചുകൊണ്ട് ശൈഖുനാ സ്ഥലം വിട്ടു. അന്ന് നേരം പുലർന്നപ്പോഴേക്കും എന്റെ പനി നിശ്ശേഷം മാറിയിരുന്നു. ഡോക്ടർമാർ എല്ലാം കൂടി ശ്രമിച്ചിട്ടു  110  ഡിഗ്രിയിൽ നിന്നും ഒട്ടും കുറയാത്ത പണി ശൈഖുന സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞ ഒരൊറ്റ വാക്കുകാരണം അതേ രാവിൽ പൂർണ്ണമായും സുഖമായി. അൽഹംദുലില്ലാഹ്.

എന്നാൽ അതിലധികം എന്നെ അത്ഭുതപ്പെടുത്തിയ സംഭവമാണ് പിന്നീടുണ്ടായത്. എന്റെ പനിമാറി ക്ഷീണമെല്ലാം പാടെ വട്ടകന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ താമരശ്ശേരിയിൽ ഒരു വീട്ടിൽ ശൈഖുന വന്നിട്ടുണ്ടെന്ന് ഞാൻ കേട്ടു. താമസിയാതെ ശൈഖുനയെ മുഖദാവിൽ കാണാനുള്ള അടങ്ങാത്ത ആഗ്രഹുമായി ഞാൻ അവിടെ ചെന്ന് സലാമ് പറഞ്ഞുകൊണ്ട് അകത്തേക്ക് പ്രവേശിച്ചു. സലാം മടക്കി സ്ഫുടമായ അറബിഭാഷയിൽ ശൈഖുന തുടന്നു...

أما قلت لك لا تخف، فأقول لك الآن لا تحزن،

(താങ്കൾ ഭയപ്പെടേണ്ട എന്ന് ഞാൻ ഞിങ്ങളോട് പറഞ്ഞില്ലേ! അതുകൊണ്ട് ഇപ്പോൾ ഞാൻ വീണ്ടും പറയുന്നു. താങ്കൾ ദുഃഖിക്കുകയും മുഷിപ്പാവുകയും വേണ്ട)

ദർസിൽ ഓതി താമസിച്ചിരുന്ന കാലത്ത് എനിക്ക് കിതാബ് വാങ്ങിയിട്ടും മറ്റുമായി കുറച്ചുകടം ഉണ്ടായിരുന്നു. അന്ന് അറിയപ്പെടുന്ന പല മഹാന്മാരുടെയും ഔലിയാക്കളുടെയും അടുത്തുപോയി ഇൽമിന്ന്  വേണ്ടിയും കടം വീടാണ് വേണ്ടിയും ഞാൻ ദുആ ചെയ്യിപ്പിക്കാറുണ്ടായിരുന്നു. അങ്ങനെ മർഹൂം ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാരുടെ അടുത്ത് ചെന്ന് എല്ലാ ഖൈറുകൾക്കും വേണ്ടി ദുആ ചെയ്യിപ്പിച്ചു. കടം വീടുവാൻ വേണ്ടി ദുആ ചെയ്യുവാൻ പറഞ്ഞപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു:'കടം അധികമാകുന്നതിനെ തൊട്ട് കാവലിനെ  ചോദിക്കാൻ നബി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് കടം കൊണ്ട് വിഷമം ഉണ്ടാവാതിരിക്കട്ടെ' എന്നവിടന്നു പ്രാർത്ഥിച്ചു.

പിന്നീട് സി.എം അവർകളെ കണ്ട് എല്ലാ കാര്യങ്ങളുംപറഞ്ഞ കൂട്ടത്തിൽ കടം വീടുവാൻ വേണ്ടി ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ മർഹൂം ചാപ്പനങ്ങാടി (ന.മ)പറഞ്ഞ അതെ മറുപടിയും പ്രാർത്ഥനയുമായിരുന്നു അവിടെ നിന്നും ഉണ്ടായിരുന്നത്.  പിന്നീട് ഞാൻ വെല്ലൂരിൽ നിന്ന് തഹ്‌സ്വീലായി വന്ന് ദർസ് തുടങ്ങിയിട്ടും കടങ്ങൾ പൂർണ്ണമായും വീടിയില്ല. അങ്ങനെയിരിക്കെ ഒരു വീട്ടിൽ ശൈഖുനാ വന്നപ്പോൾ ഞാൻ അവിടെ ചെന്ന് സലാംപറഞ്ഞ ഉടനെ കിടക്കയിൽ നിന്നും എഴുന്നേറ്റ് നിന്ന് കൊണ്ട് 'നിങ്ങൾക്ക് 4963 രൂപ 34 പൈസ കടം ഉണ്ട്. അത് ഒരു മാസത്തിനുള്ളിൽ വീടും' എന്ന് ഒരൊറ്റ പറയൽ.ഞാനാകെ വിസ്മയിച്ചുപോയി. കാരണം എനിക്ക് പലർക്കും കൊടുക്കാനുണ്ടെന്ന് ഓർമയുണ്ടെന്നതിനപ്പുറം ആകെ എത്ര സംഖ്യയെന്ന് വ്യക്തമായി ഓര്മയില്ലായിരുന്നു. അന്ന് വീട്ടിൽ ചെന്ന് ഞാൻ പലസ്ഥലങ്ങളിലായി എഴുതിവെച്ചതും ഓർമ്മയിൽവെച്ചതുമെല്ലാം കൂടി ഒന്നിച്ചുകൂട്ടി നോക്കുമ്പോൾ സി.എം. അവർകൾ പറഞ്ഞ സംഖ്യക്ക് വ്യത്യാസമില്ലായിരുന്നു. മാത്രമല്ല അവിടുന്ന് പറഞ്ഞപ്രകാരം അന്നുതൊട്ട് ഒരു മാസത്തിനകം എന്റെ മുഴുവൻ കടങ്ങളും പൂർണ്ണമായും വീടും ചെയ്ത്.

ശൈഖുനാ പറയുന്നു: വേർപാടിന്ന്  തൊട്ട്മുമ്പ് അവരുമായിക്കണ്ട് പലകാര്യങ്ങളും സംസാരിച്ചു. ഭൗതികവും ആത്മീയവുമായ എല്ലാ പ്രശ്നങ്ങളിലും മനസ്സിന് ധൈര്യവും ശക്തിയും പകരുന്ന ഉപദേശങ്ങൾ അവിടുന്ന് നൽകുകയുണ്ടായി. സി.എം. അവസാനമായി പറഞ്ഞ വരികൾ 'പ്രാസ്ഥാനികരംഗത്തും വിശ്വാസക്കർമാനുഷ്ഠാനങ്ങളിലും താങ്കൾ ഇപ്പോൾ ഏതൊരു മാർഗ്ഗത്തിലാണോ അത് സത്യമാണ്. ഹഖാണ്. ഈ ഹഖിനെ എതിർക്കുന്നത് ബാത്വിലുമാണ്'. എന്നായിരുന്നു.

ഹൃസ്വമായ കാലയളവിനുള്ളിൽ പ്രാസ്ഥാനികമായും ആശയപരമായും വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ ശൈഖുനാക്ക് സാധിച്ചിട്ടുണ്ട്.ശൈഖുനായുടെ കറാമത്തായിവേണം അതിനെ നോക്കിക്കാണാൻ.

കുടുംബം 

മാങ്ങാട് മർഹൂം അഹ്മദ് ഹാജിയുടെ മകൾ സൈനബാണ് ശൈഖുനായുടെ ഭാര്യ. ഡോ. അബ്ദുഹകീം സഖാഫി അസ്ഹരി , മൈമൂന,ഹഫ്സ്വ,സകീന, റൈഹാനത്,നജ്മഫിർദൗസി എന്നിവർ മക്കളാണ്. 

മർകസ് ജനറൽ മാനേജരും ശരീഅത്ത് കോളേജ് പ്രധാന അധ്യാപകനുമായ മുഹമ്മദ് ഫൈസി പന്നൂർ, അബ്ദുൽബാരി മുസ്‌ലിയാർ അണ്ടോണ. മർഹൂം ഇ.കെ ഹസൻമുസ്ലിയാരുടെ പുത്രൻ ഇ.കെ മുഹമ്മദ് കോയ സഖാഫി, ഉബൈദുല്ല സഖാഫി, സിറാജുദ്ദീൻ എന്നിവർ മരുമക്കളാണ്. 
 
മൂസാ സോന്കാൽ 
http://sunnisonkal.blogspot.com

ഞിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനേയും ഉൾപ്പെടുത്തുക.











ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍




സമസ്ത കേരള ജംഇയ്യത്തുല്‍ ഇലമായുടെ കരുത്തനായ സാരഥി എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ആദരവിന്റെ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ശംസുല്‍ ഉലമാ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍.


ഹിജ്‌റ 1333-ല്‍ (ക്ര.1914) കോഴിക്കോടിനടുത്ത് പറമ്പില്‍കടവിലെ എഴുത്തച്ഛന്‍കണ്ടി എന്ന തറവാട്ടിലാണ് ഇ.കെ. ജനിച്ചത്. യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പണ്ഡിത പരമ്പരയിലെ പ്രമുഖ കണ്ണി കോയക്കുട്ടി മുസ്‌ലിയാരാണ് പിതാവ്.


ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖും, മഹാ പണ്ഡിതനുമായിരുന്ന കോയക്കുട്ടി മുസ്‌ലിയാര്‍ പറമ്പക്കടവില്‍ ദര്‍സ് നടത്തിയിരുന്നു. സ്മര്യപുരുഷനടക്കം തന്റെ മക്കളെല്ലാം ആ ദര്‍സില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസവും, ആത്മീയ ശിക്ഷണവും നേടിയത്. ശേഷം മടവൂര്‍ സി.എം. അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവ് മടവൂര്‍ കുഞ്ഞായിന്‍കോയ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്നു പള്ളിപ്പുറം അബ്ദുള്‍ഖാദിര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദര്‍സിലും (മാട്ടൂല്‍) അബ്ദുല്‍ അലികോമു മുസ്‌ലിയാരുടെ ദര്‍സിലും, അയനിക്കാട് ഇബ്രാഹീം മുസ്‌ലിയാരുടെ ദര്‍സിലും അദ്ദേഹം ഓതി താമസിച്ചിട്ടുണ്ട്. തുടര്‍ന്നു ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ ചേര്‍ന്നു. ശൈഖ് അബ്ദുറഹീം ഹസ്‌റത്ത്, ശൈഖ് ആദംഹസ്‌റത്ത്, ശൈഖ് അബ്ദുല്‍അലി ഹസ്‌റത്ത്, ശൈഖ് അഹ്മദ്‌കോയ ശ്ശാലിയാത്തി മുതലായ പണ്ഡിതരുമായി ശംസുല്‍ ഉലമാ അടുത്തിടപഴകുകയും അവരില്‍ നിന്ന് ത്വരീഖത്തും, ഇജാസത്തും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.



വെല്ലൂരിലെ പഠനകാലത്ത് ആ മഹാനുഭാവന്റെ ബുദ്ധിവൈഭവവും, അഗാധജ്ഞാനവും അറിഞ്ഞ ഉസ്താദുമാര്‍ ചില വിഷയങ്ങള്‍ ക്ലാസ്സെടുക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് മുഹ്‌യിദ്ദീന്‍ എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ.കെ. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ബാഖിയാത്തില്‍ വെച്ച് കഥാപുരുഷന്റെ ശിഷ്യത്വം സ്വീകരിച്ചവരാണ്. പരീക്ഷയില്‍ പൂര്‍ണ്ണമായും ഉത്തരമെഴുതി വിജയിച്ച അദ്ദേഹത്തിന് ബിരുദ ദാനം നല്‍കിക്കൊണ്ട് ശൈഖ് സിയാഉദ്ദീന്‍ ഹസ്‌റത്ത് പറഞ്ഞു ”താങ്കള്‍ക്ക് അനുഗ്രഹാശ്ശിസുകള്‍ നേരുന്നു. താങ്കള്‍ ഈ സ്ഥാപനത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കുക.” ബിരുദാനന്തരം ബാഖിയാത്തില്‍ മുദര്‍യിസായി ഇ.കെ. നിയോഗിക്കപ്പെട്ടു. ഇസ്ലാമിലെ അനന്തരാവകാശ വിധികളില്‍ ഫത്‌വാ നല്‍കാന്‍ ഏല്‍പ്പിക്കപ്പെട്ടതും അദ്ദേഹത്തെ തന്നെയായിരുന്നു.


അനാരോഗ്യം കാരണം വെല്ലൂര്‍ വിട്ട അദ്ദേഹം കേരളക്കരയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്നു. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം, പാറക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മുദര്‍യിസായി സേവനം ചെയ്തു. 1963 മുതല്‍ 1977 വരെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. ശേഷം പൂച്ചക്കാട് ജുമാമസ്ജിദില്‍ മുദര്‍യിസായി. പിന്നെ അന്ത്യം വരേയും നന്തി ദാറുസ്സലാം അറബിക് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു.


ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, മടവൂര്‍ സി.എം. വലിയുള്ളാഹി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എ.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങി അനേകായിരം ബാഖവി, ഫൈസി, ദാരിമി ബിരുദധാരികള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.
1957 മുതല്‍ 1996 ല്‍ ദിവംഗതനാകുന്നതുവരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ശംസുല്‍ ഉലമാ. ഉജ്ജ്വല വാഗ്മിയും, സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്ന ആ മഹാനുഭാവന്‍ സമസ്തയെ ഒരു അജയ്യ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ വളരെയേറെ പ്രയത്‌നിച്ചിട്ടുണ്ട്.

പൂനൂര്‍, ഒതായി, എടവണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ബിദ്അത്തുകാരുമായി സംവാദം നടത്തുകയും അവരുടെ നിരര്‍ത്ഥകവാദങ്ങള്‍ തൊലിയുരിച്ച് കാണിക്കുകയും ചെയ്തത് സ്മര്‍ത്തവ്യമാണ്. മഞ്ചേരിയിലും, എടക്കരയിലും വെച്ച് ക്രൈസ്തവരേയാണ് അദ്ദേഹം നേരിട്ടത്. വൈദികപട്ടമണിഞ്ഞ പാതിരിമാര്‍ ശംസുല്‍ ഉലമായുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കി സ്ഥലം വിടുകയാണ് ചെയ്തത്!
ഖാദിയാനികള്‍ ഖുര്‍ആന്‍-ഹദീസുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു മുസ്‌ലിം ബഹുജനത്തെ പിഴപ്പിക്കാന്‍ ശ്രമിച്ച സന്ദര്‍ഭം സുന്നീ പണ്ഡിതന്മാര്‍ ചെറുത്ത് നില്‍പ്പുതുടങ്ങി. ഈ അവസരത്തില്‍ ഖാദിയാനിസത്തിന്റെ നട്ടെല്ലൊടിക്കുന്ന ഒരു അമൂല്യഗ്രന്ഥം അദ്ദേഹം രചിച്ചു. ജുമുഅ ഖുതുബയെ സംബന്ധിച്ചും ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ കോഴിക്കോട് ശൈഖ് അബ്ദുല്‍ വഫാ മുഹമ്മദുല്‍ അലാഉദ്ദീന്‍ ഹിമ്മസിയെ അധികരിച്ചുള്ള മൗലിദ്, അജ്മീര്‍ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങളെക്കുറിച്ചുള്ള മൗലീദ് തുടങ്ങി അനേകം രചനകള്‍ ആ മഹാനുഭാവന്റെ സംഭാവനയായി സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.

അത്യധികം ആകര്‍ഷകരമായിരുന്നു മഹാനവര്‍കളുടെ വിജ്ഞാനസദസ്സ്. വിദ്യാര്‍ത്ഥികളായ ശിഷ്യഗണങ്ങള്‍ ആ തിരുനാക്കിലൂടെ നിര്‍ഗ്ഗളിക്കുന്നതെന്തും ഹൃദിസ്തമാക്കാന്‍ തയ്യാറായി കാത്തിരിക്കുന്നു. മൊട്ടുസൂചി വീണാല്‍പോലും കേള്‍ക്കുന്ന നിശ്ശബ്ദത. അശ്രദ്ധയോ, ഉറക്കമോ ആ ക്ലാസില്‍ കാണുകയില്ല.

വെള്ളിമാട്കുന്നിലെ ഫാത്വിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ. അബ്ദുസ്സലാം, അബ്ദുര്‍റശീദ്, ആയിശ, ആമിന, ബീവി, നഫീസ, ഹലീമ എന്നിവര്‍ മക്കളാണ്. പാലാട്ട്പറമ്പ് മുഹമ്മദ് മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി.കെ. ഉമ്മര്‍കോയ ഹാജി, അഹ്മദ് വട്ടോളി, കിഴിശ്ശേരി മുഹമ്മദ് ഫൈസി, മാക്കില്‍ മഹ്മൂദ് എന്നിവരാണ് ജാമാതാക്കള്‍.

രണ്ടുതവണ അദ്ദേഹം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്. 1961-ലായിരുന്നു ആദ്യത്തെ ഹജ്ജ് യാത്ര. യു.എ.ഇ. അടക്കം ചില വിദേശരാജ്യങ്ങളും സന്ദര്‍ശിച്ച ശംസുല്‍ ഉലമാ, അറബി, ഉര്‍ദു, ഇംഗ്ലീഷ്, സുറിയാനി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുള്ള പണ്ഡിതനായിരുന്നു. എഴുപത് മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ സംയുക്ത ജമാഅത്തിന്റെ ഖാളിയായിരുന്നു ഇ.കെ. 1996 ആഗസ്ത് 19-ന് പുലര്‍ച്ചെയാണ് മഹാനവര്‍കള്‍ വഫാത്തായത്. പുതിയങ്ങാടി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്താണ് ശംസുല്‍ ഉലമായുടെ മഖ്ബറ.

Wednesday 7 March 2018

ഖുത്വുബ സംശയനിവാരണം ഭാഗം 3




(11). ചോ: ഖുത്വുബയിൽ ജനങ്ങളോട്‌   സംസാരിക്കുന്നതിന് വിരോധമില്ലെന്ന്  ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ടല്ലോ?.



മറുപടി: ഖത്വീബിനോട് ഖുത്വുബക്കിടയിൽ വല്ലതും ചോദിച്ചാൽ അതിനു മറുപടി നല്കുമ്പോഴോ വല്ലവരെയും അപകടത്തിൽ നിന്ന് രക്ഷിക്കുവാനോ മാതൃഭാഷയിൽ സംസാരിക്കൽ  നിഷിദ്ധമല്ല.  എന്നാൽ അതിനെ ഖുത്വുബയായി പരിഗണിക്കുന്നതല്ല.അത് ദിക്‌റുകൾക്കിടയിൽ സംസാരിക്കുന്നത്പോലെയാണ്.ഇത്തരം സംസാരങ്ങളെ കുറിച്ചാണ് ഇമാം ശാഫിഈ(റ) 'ആ സംസാരം ഖുത്വുബക്ക് നാശം വരുത്തുകയില്ല' (അൽ ഉമ്മ് : 1 / 176 ) എന്ന് പറഞ്ഞത്. ഉമ്മിന്റെ ഈവാചകം പ്രസ്തുത സംസാരം ഖുത്വുബയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കുന്നു.


(12) ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്ന പള്ളിയിൽ ജുമുഅക്ക് പങ്കെടുത്താൽ ജുമുഅ സാധുവാകുമോ?

മറുപടി: ഇല്ല, കാരണം ജുമുഅ സാധുവാകാൻ അതിന്റെ മുമ്പ് രണ്ട്  ഖുത്വുബകൾ ഉണ്ടായിരിക്കാൻ നിര്ബന്ധമാണ്. അതിനാൽ രണ്ട് ഖുത്വുബകൾ നിർവ്വഹിക്കാതെ ജുമുഅ നിസ്കരിച്ചാൽ ആ നിസ്കാരം സാധുവല്ല. ഖുത്വുബയുടെ സാധുതയ്ക്ക് അത് അറബിഭാഷയിലായിരിക്കലും നിബന്ധനയാണ്. അതിനാൽ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ  ഖുത്വുബയായി പരിഗണിക്കപ്പെടുന്നതല്ല. അതിനാൽ ഖുത്വുബ ഓതാതെ ജുമുഅ നിസ്കരിച്ച പോലെ വേണം അത്തരം ജുമുഅകളെ  നോക്കിക്കാണാൻ.


(13) ചോ: ആഴ്ചയിലൊരിക്കൽ മാതൃഭാഷയിൽ ജനങ്ങളെ ഉല്ബോധിപ്പിക്കുന്നത് നല്ലതല്ലേ?


മറുപടി: നല്ലകാര്യമാണ്. ആഴ്ചയിലൊരിക്കൽ നിർബന്ധമായും നിർവ്വഹിക്കണമെന്ന് ഇസ്‌ലാം  നിർദ്ദേശിച്ച ഖുത്വുബയും ജുമുഅയും നഷ്ടപ്പെടുത്തി അത് വേണ്ട. പ്രത്യുത അറബിയിലുള്ള ഖുത്വുബയും നിസ്കാരവും കഴിഞ്ഞ ശേഷം അത് നിർവ്വഹിക്കാമല്ലോ . അതിൽ ആർക്കും എതിർപ്പില്ല. 10 മിനിട്ട് അറബി ഖുത്വുബക്കും 15 മിനിട്ട്  നിസ്കാരത്തിനും ദുആക്കും 10 മിനിട്ട്  പ്രസംഗത്തിനും ഉപയോഗിച്ചാൽ 35 മിനിട്ട് കൊണ്ട് എല്ലാം ഭംഗിയായി നടത്താമല്ലോ.


(14) ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ  മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച്  പരിഭാഷപ്പെടുത്തിക്കൂടേ?.


മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:


هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)


ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട്  ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു.  "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം  നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ.  (ശർഹുൽ മുഹദ്ദബ്)


പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്‌', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു: 

 وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١)
       

മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട്  അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട്  അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട്  തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ  മഹല്ലി: 1 / 13 )

'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച്  ഇബ്നു ഹജർ(റ) എഴുതുന്നു: 





 ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )

 ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )

 ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക്  ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും   പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ്‌ അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ്‌ പറയുന്നത് തദ്ദിശയകമായി രണ്ട്  അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ്  എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ  മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല. 


(15) ചോ: നബി(സ) അറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചത് അവിടുത്തെ മാതൃഭാഷ അറബിയായതിനാൽ മാത്രമാണ്. അപ്പോൾ നബി(സ)യോടുള്ള അനുധാവനം പൂർണ്ണമാവാൻ അനറബികൾ അവരവരുടെ മാതൃഭാഷയിൽ ഖുത്വുബ നിർവ്വഹിക്കേണ്ടതില്ലേ?. 

മറുപടി: നിസ്കാരം, ബാങ്ക് തുടങ്ങിയ ആരാധനകളും നബി(സ) അവിടത്തെ മാതൃഭാഷയായ അറബിയിൽ തന്നെയാണല്ലോ നിര്വ്വഹിച്ചത്. എന്തുകൊണ്ട് പരിഭാഷ വാദക്കാർ അവയിൽ നബി(സ)യോട് തുടരുന്നില്ല.?. ഖുത്വുബയിൽ തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് ജനങ്ങളോടായതുപോലെ ബാങ്കും നിസ്കാരത്തിലെ സലാമും ജനങ്ങളോടാണല്ലോ. ഇതിനു പുറമെ നബി(സ)യുടെ ഖുത്വുബയുടെ സദസ്സിൽ അറബിഭാഷയറിയാത്ത അനറബികളായ സ്വഹാബിമാരും ഉണ്ടായിരുന്നുവല്ലോ. ഒരു ഖുത്വുബപോലും അവരുടെ ഭാഷയിൽ നിർവ്വഹിക്കാതെ അവരെ പരിഗണിക്കാതിരുന്നത് ഇസ്‌ലാമിന്റെ സുന്ദരമായ തത്വങ്ങൾക്ക് നിരക്കുന്നതാണോ? . അനറബി നാടുകളിൽ ഇസ്‌ലാം  പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖുത്വുബ അനറബിയിൽ നിർവഹിക്കാനുള്ള എത്രെയോ സാഹചര്യങ്ങളുണ്ടായിട്ടും അതിനു തുനിയാതെ സ്വഹാബത്തും താബിഉകളും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിച്ചത് പ്രസ്തുത വാദത്തിന്റെ അടിവേരറുക്കുന്നതാണ്. അതേസമയം കാരക്കയും മുന്തിരിയും സകാത്ത് കൊടുത്തിരുന്ന സ്വഹാബിമാർ ഇതര നാടുകളിൽ ചെന്നപ്പോൾ അവിടങ്ങളിലെ ഭക്ഷ്യപദാർത്ഥങ്ങളിൽ  നിന്ന് സകാത്ത് നൽകുകയുണ്ടായി. എന്നാൽ ഖുത്വുബയുടെ ഭാഷയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല. 


(16). ചോ: സ്വഹാബത്ത് (റ ) അനറബിയിൽ ഖുത്വുബ നിർവ്വഹിക്കാതിരുന്നത്  അവർക്ക്  അറബേതരഭാഷകൾ അറിയാത്തത്കൊണ്ടായിക്കൂടേ?.


മറുപടി: ആയിക്കൂടാ. കാരണം ഒന്നിലധികം ഭാഷകൾ കൈകാകാര്യം ചെയ്യാനറിയുന്നവരും സ്വഹാബത്തിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നുവല്ലോ. അവരിൽ ഒരാളും തന്നെ അനറബിയിൽ ഖുത്വുബ നിർവ്വഹിച്ചതായി തെളിയിക്കാൻ സാധ്യമല്ല. ഇനി പരിഭാഷാവാദികൾ പറയും പോലെ ശ്രാതാക്കളുടെ ഭാഷക്കാണ് ഖുത്വുബയിൽ പ്രാമുഖ്യം നല്കേണ്ടതെങ്കിൽ അറബിഭാഷ പടിക്കൽ നിർബന്ധമാണെന്ന് പറഞ്ഞപോലെ ശ്രോതാക്കളുടെ ഭാഷ അറിയാത്തവർ നോക്കിവായിക്കാനെങ്കിലും നിർബന്ധമായും അത് പഠിക്കുകയും എന്നിട്ട് ശ്രോതാക്കളുടെ ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുകയും ചെയ്യുകയാണല്ലോ വേണ്ടിയിരുന്നത്. അല്ലെങ്കിൽ ശ്രോതാക്കളുടെ ഭാഷ അറിയുന്നവരെ ഖുത്വുബ നിർവ്വഹിക്കാൻ ഏൽപ്പിക്കേണ്ടിയിരുന്നു. പക്ഷെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെളിയിക്കാൻ സാധ്യവുമല്ല. 


(17) .ചോ: ജുമുഅ ഖുത്വുബയും പെരുന്നാൾ ഖുത്വുബയും വല്ല വ്യത്യാസവുമുണ്ടോ?. ചില നാടുകളിൽ പെരുന്നാൾ ഖുത്വുബ പരിഭാഷപ്പെടുത്തിക്കാണുന്നു. ഇത് തെറ്റാണോ?


മറുപടി: തെറ്റാണ്. ഇമാം റംലി(റ) പറയുന്നു: 



സുന്നത്ത് കരസ്ഥമാവാൻ (40  പേരെ ) കേൾപ്പിക്കലും അവർ കേൾക്കലും പെരുന്നാൾ ഖുത്വുബ അറബിയിലാവലും പരിഗണിക്കുന്നതാണ്. (നിഹായ :2 / 341 )

പെരുന്നാൾ നിസ്കാരവും  അതിനുശേഷം രണ്ട്  ഖുത്വുബകൾ നിർവ്വഹിക്കലും സുന്നത്ത്  മാത്രമാണല്ലോ. ആ സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ  അറബിയിൽ തന്നെ ഓതണം. അല്ലെങ്കിൽ സുന്നത്ത് കരസ്ഥമാവികയില്ലേ. ശ്രോതാക്കൾ അനറബികളാണെങ്കിലും ഈ  ബാധകമാണെന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറയുന്നു:





ഇമാം റംലി(റ)യുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ശ്രോതാക്കൾ അനറബികളാണെങ്കിലും സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണമെന്നാണ്. ഖുത്വുബയുടെ ലക്‌ഷ്യം കേവലം ഉപദേശമല്ലെന്നും ഒരാരാധനയെന്ന നിലക്ക് അതിൽ മികച്ചു നിൽക്കുന്നത് ഇത്തിബാആണെന്നും അതിനു ന്യായം  പറയാവുന്നതാണ്.(ശർവാനി: 3 / 46 )


ഇബ്നു ഹജർ (റ) പറയുന്നു:

ولا بد في أداء سنتها من كونها عربية لكن المتجه أن هذا شرط لكمالها لا لأصلها(تحفة: ٤٦/٣)


ഖുത്വുബയുടെ സുന്നത്ത് വീടാൻ  അറബിയിലാവൽ കൂടാതെ കഴിയില്ല. എങ്കിലും ഇപ്പറഞ്ഞത് ഖുത്വുബയുടെ പൂർണ്ണത ലഭിക്കാനാണ്. അടിസ്ഥാന പ്രതിഫലത്തിനല്ല. (തുഹ്ഫ: 3 / 46 )


അല്ലാമ ശർവാനി (റ ) പറയുന്നു:




ഈ അഭിപ്രായം സകരിയ്യൽ അൻസ്വാരി(റ),ഇമാം റംലി(റ ), ഖത്വീബ് ശിർബീനി (റ) തുടങ്ങിയ പണ്ഡിതന്മാർ പ്രസ്താവിച്ചതിനെതിരാണ് . (ശർവാനി: 3 / 46 )

ഞാൻ ചുരുക്കുന്നു....അപ്പോൾ  ചുരുക്കത്തിൽ അടിസ്ഥാന പ്രതിഫലത്തിന് അറബിയ്യത്ത് ശർത്വില്ലെന്ന ഈ അഭിപ്രായമനുസരിച്ച് ഖുത്വുബ സാധുവാകുമെന്നല്ലാതെ അത് അനുവദനീയമാണെന്ന് വരുന്നില്ല. കാരണം അത് നബി(സ) യും സ്വഹാബത്തും മുതൽ പരമ്പരാഗതമായി വന്നതും മുസ്ലിം സമൂഹം എല്ലാ കാലത്തും നിരന്തരമായി അനുഷ്ഠിച്ചുപോന്നതുമായ സുന്നത്തിനു വിരുദ്ധമാണെന്ന് പറയേണ്ടതില്ല. ഇത് തെറ്റും കുറ്റവുമാണെന്ന് പ്രമാണബദ്ധമായി നേരത്തെ വിവരിച്ചതാണ്. അവസാനിപ്പിക്കുന്നു.

ഞിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.


ഭാഗം 1            ഭാഗം 2

 











Tuesday 6 March 2018

ഖുത്വുബ സംശയനിവാരണം ഭാഗം 2.

ഖുത്വുബ സംശയനിവാരണം   തുടരുന്നു...

 

(4 ). ചോ : അര്കാനുകൾ അല്ലാത്തവയിൽ പരിഭാഷ അനുവദനീയമാണെന്ന് ഇബ്നുഖാസിം(റ )വിനെ ഉദ്ദരിച്ച് അല്ലാമ ശിർബീനി(റ) ശർഹുൽ ബഹ്ജയിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?.


മറുപടി: അതേ  കിതാബന്റെ അതെ പേജിൽ ബഹ്ജക്ക് ഇബ്നുഖാസിം(റ ) എഴുതിയ ശർഹുമുണ്ട്. ആ ശർഹിലോ ഇബ്നുഖാസിം(റ) വിന്റെ മറ്റു ഗ്രന്ധങ്ങളിലോ അത്തരമൊരു പരാമർശം കാണുന്നില്ല. അതിനാൽ ആ ഇബാറത്ത് ആളില്ലാത്തതും തെളിവാക്കാൻ പറ്റാത്തതുമാണ്. ഇനി അങ്ങനെയൊരു ഇബാറത്തുണ്ടെന്ന് സങ്കല്പിച്ചാൽ തന്നെ ഖുത്വുബ സാധുവാകുമെന്ന അർത്ഥത്തിലോ തുടർച്ചമുറിയുന്നത് കാരണമായുള്ള ഹറാമില്ലെന്ന അർത്ഥത്തിലോ അതിനെ വിലയിരുത്താവുന്നതാണ്.എന്നാൽ അത് തന്നെ അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത്  സുന്നത്ത് നിസ്കരിക്കാനാവശ്യമായ സമയത്തേക്കാൾ അനറബിയിലുള്ള സംസാരം നീണ്ടുപോകാൻ പാടില്ലെന്ന് ഇബ്നുഖാസിം(റ) പ്രസ്താവിച്ചിട്ടുണ്ട്. അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ നിഷ്ഫലമാണെന്നും അറബിഭാഷയിൽ കൊണ്ടുവരാൻ കഴിയുന്നതോടപ്പം അനറബിയിൽ കൊണ്ടുവന്നാൽ അത് മതിയാകുന്നതല്ലെന്നും ഇബ്നുഖാസിം(റ) വിനെ ഉദ്ദരിച്ച് ജമലും ബുജയ്‌രിമിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. 

     (5)  ചോ: അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിക്കൽ അനുവദനീയമാണെന്ന് ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടുന്നുണ്ടല്ലോ?.
     മറുപടി: ഇമാം അബൂഹനീഫ(റ) പറഞ്ഞ 'ജവാസി'ന്റെ 
(അനുവദനീയത്തിന്റെ) വിവക്ഷ വിവരിച്ച് പ്രഗത്ഭ ഹനഫീ കർമ്മശാസ്ത്ര പണ്ഡിതൻ അബ്ദുൽഹയ്യ് ല്കനവീ(റ) എഴുതുന്നു. 

      ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതയ്ക്കും അത് മതിയാകുമെന്നർത്ഥം. നിരുപാധികം ഹലാലാണെന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല. കാരണം അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് നബി(സ)യിൽ നിന്നും സ്വഹാബത്തിൽ(റ) നിന്നും അന്തരമായി ലഭിച്ച ചര്യക്കെതിരാണെന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു. ഉംദത്തുൽ രിആയ: 1 / 200 )

 

'ആകാമുന്നഫാഇസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹംപറയുന്നു:

     
 ഇവിടെ (തഹ്‌രീമിന്റെ) കറാഹത്ത് സുന്നത്തിനോട് എതിരായതിന്റെ പേരിലാണ്. കാരണം നബി(സ)യും അവിടത്തെ അനുചരന്മാരും അറബിയിൽ മാത്രമാണ് സ്ഥിരമായി ഖുത്വുബ നിർവഹിച്ചിട്ടുള്ളത്. അവരിൽ ഏതെങ്കിലുമൊരാൾ ഏതെങ്കിലുമൊരു ഖുത്വുബ അനറബിഭാഷയിൽ നിർവ്വഹിച്ചതായി ഒരാളും ഉദ്ദരിക്കുന്നില്ല. (ആകാമുന്നഫാഇസ്: പേ: 66)

    ചുരുക്കത്തിൽ ഖുത്വുബ പേർഷ്യൻ ഭാഷയിൽ നിർവ്വഹിക്കാമെന്ന് ഇമാം അബൂഹനീഫ(റ)പറഞ്ഞത് അതിൽ കുറ്റമില്ല എന്ന അർത്ഥത്തിലല്ല.പ്രത്യുത ഖുത്വുബയുടെ സാധുതയ്ക്ക് അത് മതിയാകുമെന്ന അർത്ഥത്തിൽ മാത്രമാണ്. അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവും അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് കുറ്റകരം തന്നെയാണ്, 

    (6)ചോ:  ജുമുഅയുടെ സാധുതയ്ക്ക് അറബിഭാഷയിൽ ഖുത്വുബനിർവ്വഹിക്കൽ നിബന്ധനയില്ലെന്ന് ഇമാം അബൂഹനീഫ(റ) പറഞ്ഞിരിക്കെ അറബിഭാഷയിൽ ഖുത്വുബ നിർവഹിക്കുന്നതിൽ സലഫും  ഖലഫും ഏകോപിച്ചുവെന്ന് എങ്ങനെയാണ് പറയുക?.

മറുപടി: സലഫും ഖലഫും അറബിഭാഷയിൽ മാത്രമാണ് ഖുത്വുബ നിർവഹിച്ചിട്ടുള്ളത് എന്നാണു നാം പറയുന്നത്. ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കൽ ജുമുഅയുടെ സാധുതയ്ക്ക് നിബന്ധനയാണെന്ന് എല്ലാവരും പ്രസ്താവിച്ചിട്ടുണ്ട് എന്നല്ല. ക്രിസ്തുവർഷം 1920 വരെ ഹനഫീ-ശാഫിഈ-ഹമ്പലീ-മാലികീ എന്ന വ്യത്യാസമില്ലാതെ ലോക മുസ്ലിംകൾ ഒന്നടങ്കം അറബിഭാഷയിൽ മാത്രമാണ് എല്ലാ ഖുത്വുബകളും നിർവ്വഹിച്ചുവന്നിട്ടുള്ളത്. അതിനാൽ ഖുത്വുബ അറബിയിൽ നിർവ്വഹിക്കുകയെന്നതിൽ ലോകമുസ്ലിംകളുടെ പ്രവർത്തനം ഏകോപിച്ചിരിക്കുന്നു. അതിനാൽ അതിന്  മാറ്റം പ്രവർത്തിക്കുന്നത് കുറ്റകരമാണെന്ന് പ്രഗത്ഭ ഹനഫീ പണ്ഡിതൻ അബ്ദുൽ ഹയ്യ്(റ) പ്രസ്താവിച്ചത് നേരത്തെ നാം വായിച്ചതാണ്. അതിനാൽ പ്രവർത്തനത്തിൽ ഇജ്മാഉണ്ട്‍ എന്നാണു നാം പറയുന്നത്. എല്ലാവരും ഖുത്വുബയിൽ അറബിഭാഷ ശർത്വാണെന്ന് പ്രഖ്യാപിച്ചു എന്നല്ല.  ഇതോടെ തത്തുല്യമായൊരു വിഷയം ഇമാം റാസി(റ) വിവരിക്കുന്നത് കാണുക. 


 നിസ്കാരത്തിൽ 'ഫാത്തിഹ' ഓതൽ  നിർബന്ധമാണോ എന്നതിൽ ഉമ്മത്തിന്‌ വീക്ഷണാന്തരമുണ്ടെങ്കിലും  'ഫാതിഹഃ' ഓതുന്ന പ്രവർത്തനത്തിൽ അവരെല്ലാവരും ഏകോപിച്ചിരിക്കുന്നു.കാരണം മശ്‌രിക്-മഗ്‌രിബിനിടയിൽ 'ഫാതിഹഃ' ഓതാതെ നിസ്കരിക്കുന്ന ഒരു മുസ്ലിമിനെയും കാണാൻ സാധ്യമല്ല. ഇതനുസരിച്ച് ഫാതിഹഃ  ഓതാതെ നിസ്കരിക്കുന്നവൻ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവനും ഇനിപ്പറയുന്ന ആയത്തിന്റെ അർത്ഥ വ്യാപ്തിയിൽ കടന്നുവരുന്നവനുമാണ്. 
                "തനിക്ക്  സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷംവും ആരെങ്കിലും റസൂലുമായി എതിർത്തു നിൽക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാമവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പരുവസാനം"! (നിസാഅ്: 18 )
          ഫാതിഹഃ  ഒത്താൽ നിർബന്ധമല്ലെന്ന് വിശ്വസിക്കുന്നവർ സുന്നത്താണെന്ന വിശ്വാസത്തോടെയാണല്ലോ ഫാതിഹഃ  ഓതുന്നത്. അതിനാൽ ഫാതിഹ ഓതൽ നിർബന്ധമാണെന്ന വിഷയത്തിൽ 'ഇജ്മാഅ്' ഉണ്ടായിട്ടില്ലല്ലോ. എന്ന സംശയത്തിന് ഇപ്രകാരം നിവാരണം കണ്ടെത്താവുന്നതാണ്. അവയവങ്ങളുടെ പ്രവർത്തനങ്ങളും ഹൃദയങ്ങളുടെ പ്രവർത്തനവും ഒന്നല്ല. ഫാത്തിഹ ഓതുന്നതിൽ എല്ലാവരും യോജിച്ചിരിക്കുന്നുവെന്ന് നാം വിശദീകരിച്ചുവല്ലോ. അതിനാൽ നിസ്കാരത്തിൽ ഫാതിഹ ഓതാത്തവൻ ഈ പ്രവർത്തനത്തിൽ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവൻ തന്നെയാണ്. അതിനാൽ ആയത്തിൽപ്പറഞ്ഞ മുന്നറിയിപ്പ് അവനും ബാധകമാണ്. നമ്മുടെ വാദത്തിന്  പ്രമാണമായി ഇത്രേയും മതി. നമ്മുടെ വാദം സമർത്ഥിക്കാൻ നിസ്കാരത്തിൽ ഫാത്തിഹ ഓതൽ നിർബന്ധമാണെന്ന് വിശ്വസിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നുവെന്ന് വാദിക്കേണ്ട ആവശ്യം നമുക്കില്ല. (റാസി: 1 / 190 )
    ഇമാം റാസി(റ) സ്വീകരിച്ച അതേ ശൈലി സ്വീകരിച്ച് നമുക്കിങ്ങനെ പറയാവുന്നതാണ്. ജുമുഅയുടെ സാധുതയിലേക്ക് ചേർത്തി ഖുത്വുബ അറബിയിലാവൽ ശർത്വുണ്ടല്ലോ എന്നതിൽ മദ്ഹബിന്റെ നാല് ഇമാമുകളിൽ ഇമാം അബൂഹനീഫ(റ)ക്ക് വീക്ഷണാന്തരമുണ്ടെങ്കിലും അറബിയിൽ ഖുത്വുബ നിർവ്വഹിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു.ഹിജ്‌റഃ  ഒന്നാം നൂറ്റാണ്ടുമുതൽ ക്രിസ്താബ്ദം 1920 വരെയുള്ള കാലയളവ്  എടുത്തു പരിശോദിച്ചാൽ ലോകത്ത് ഒരാളും അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിരുന്നതായി കാണാൻ സാധ്യമല്ല. ഇക്കാര്യം പുത്തൻവാദികളും സമ്മതിച്ചതാണ്. കെ. എം. മൗലവിയെ ഉദ്ദരിച്ച് നേരത്തെ  ഭാഗം 1 ൽ വിവരിച്ചതാണ്. അതിനാൽ അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നവർ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവരും മുകളിൽ വിവരിച്ച ആയത്തിന്റെ പരിധിയിൽ കടന്നുവരുന്നവരുമാണ്. നമ്മുടെ വാദം സമർത്ഥിക്കാൻ ഇത്രെയും മതി. ഖുത്വുബയുടെ സാധുതയ്ക്കു അറബിഭാഷ നിബന്ധനയാണെന്ന് പറയുന്നതിൽ എല്ലാവരും ഏകോപിച്ചുവെന്ന്  വാദിക്കേണ്ട ആവശ്യം നമുക്കില്ല. 

     (7).ചോ: നബി(സ) ഖുത്വുബയിൽ ജനങ്ങൾക്ക് ഉൽബോധനം നടത്തിയിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിലുണ്ടല്ലോ?.

       മറുപടി: അറബിയിൽ നടത്തപ്പെടുന്ന ഖുത്വുബയും മൊത്തത്തിലുള്ള ഉൽബോധനമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഖുത്വുബ ഒരു പ്രത്യേക ആരാധനയായതിനാൽ അതിൽ ഇത്തിബാഇനാണ് പ്രാമുഖ്യം കല്പിക്കേണ്ടത്. നബി(സ)യുടെ സദസ്സിൽ അനറബികളായ സ്വഹാബിമാർ ഉണ്ടായിട്ടുപോലും ഒരിക്കലെങ്കിലും അനറബിയിൽ നബി(സ) ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. നബി(സ)ക്ക്  അനറബിയല്ലാത്ത ഭാഷ സംസാരിക്കാനറിയാത്തത്കൊണ്ടോ അനറിബികൾക്ക് അറബിഭാഷ അറിയുന്നതുകൊണ്ടോ ആവാം നബി(സ) അറബിയിൽ തന്നെ ഖുത്വുബ നിർവ്വഹിച്ചതെന്ന് അനുമാനിക്കാൻ ന്യായമില്ല. കാരണം നബി(സ) ഫാരിസി പോലുള്ള ഇതര ഭാഷകളിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകൾകൊണ്ട് തെളിഞ്ഞിട്ടുണ്ട്. ഇതേപോലെ നബി(സ)യുടെ ഖുത്വുബാസദസ്സിൽ ഹാജറായിരുന്ന അനറബികൾ അധികവും അറബിഭാഷ തീരെ അറിയാത്തവരും ചിലർ മാത്രം അല്പമായി അറിയുന്നവരുമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന സ്വഹാബികൾ അന്യരാജ്യങ്ങളിൽ പോയി ഖുത്വുബ നിർവ്വഹിക്കുമ്പോഴും അറബിയല്ലാത്ത ഭാഷ നിർവ്വഹിച്ചിട്ടേയില്ല. അതുപോലെ സ്വഹാബികൾക്ക് ശേഷം താബിഉകളോ അവരുടെ പിന്ഗാമികളോ ഇതര ഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. മുസ്ലിംകൾ താമസിക്കുന്ന ധാരാളം നാടുകളിലും ഇതുതന്നെയായിരുന്നു പതിവ് . അതുകൊണ്ട് തന്നെ അനറബി ഭാഷയിലുള്ള ഖുത്വുബ ലോകമുസ്ലിംകളുടെ നിരന്തരമായ പ്രവർത്തനത്തിന് വിരുദ്ധമാണ്. അനറബികളോട് അറബിഭാഷയിൽ ഖുത്വുബ ഓതിയിട്ട് എന്തുകാര്യമാണുള്ളതെന്ന് മഹാനായ ഖാസീഹുസയ്ൻ(റ) വിനോട് ചോദ്യമുണ്ടായപ്പോൾ ഖുത്വുബ മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. 

അതിനെ അധികരിച്ച് ഇബ്നുഖാസിം (റ) ശർഹുൽ ബഹ്ജയിൽ എഴുതുന്നു. 



മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന അറിവ് മനുഷ്യന് വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നകാര്യം വ്യക്തമാണ്. അനുഭവം അതിനു സാക്ഷിയാണ്. (ശർഹുൽ ബഹ്ജ: 3 / 41 )
പുത്തൻ വാദികളുടെ നേതാവ് റഷീദ് രിള പറയുന്നു. 

കാരണം അറബിഭാഷ തുർക്കികളിൽ സ്വാധീനം ചെലുത്തിയിരുന്നു. അറബിഭാഷയിലുള്ള ഖുത്വുബ പൂർണ്ണമായും അവർക്ക് ഗ്രാഹ്യമല്ലെങ്കിലും വളരെ ഭയഭക്തിയോടെ അവരത് ശ്രവിക്കുമായിരുന്നു.(തഫ്സീറുൽ മനാർ :9/ 313 )

ചുരുക്കത്തിൽ അനറിബികളോട് അറബിയിൽ ഖുത്വുബ നിർവ്വഹിച്ചാൽ അത് ഉല്ബോധനമാവില്ല എന്ന വാദം ശരിയല്ല. തന്നെയുമല്ല അറബി മുസ്ലിംകളുടെ ഔദ്യോഗിക ഭാഷയാണ്. അത് പടിക്കൽ മുസ്ലിംകളുടെ ബാധ്യതയാണ്. 'മനസ്സിലാവുക' എന്നതിനെ പേരിൽ ഇസ്‌ലാമിലെ പ്രധാന ആരാധനയായ ഖുത്വുബയിൽ നിന്ന് അതിനെ മാറ്റുന്നത് ചെരുപ്പിനൊത്ത് കാൽ മരിക്കുന്നതിന് തുല്യമാണ്. 
പുത്തൻവാദികളുടെ  നേതാവ് കെ . ഉമർ മൗലവി തന്നെ പറയട്ടെ;
      "മുസ്ലിംകളുടെ മതഭാഷയാണ് അറബി. അതായത് മതത്തിന്റെ പ്രമാണമായ ഖുർആനും ഹദീസും  അറബിയിലാണ്.അതിനു പുറമെ ഏതൊരു സമുദായത്തിന്റെയും സംഘടന നിലനിർത്തിപ്പോരുവാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഭാഷ. അതുകൊണ്ട് എല്ലാവരും അറബിഭാഷ പഠിക്കുകയും അവരുടെ സംസാരവും പ്രസംഗവുമെല്ലാം അറബിഭാഷയിലായിരിക്കുകയും ചെയ്യുക എന്നത് വളരെ ആവശ്യമാകുന്നു. ആദ്യകാലങ്ങളിൽ ഈ കാര്യത്തിൽ വളരെ ശ്രദ്ധയുണ്ടായിരുന്നു.  ബഹുമാനപ്പെട്ട ഇമാം ശാഫിഈ(റ) അവർകൾ അദ്ദേഹത്തിൻറെ 'റിസാല' യിൽ മുസ്ലിംകൾക്ക് അറബിഭാഷ പടിക്കൽ 'ഫർള്ഐനി' ആണെന്ന് ഇജ്മാഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. മറ്റു ഇമാമുകൾക്കെതിരായി അദ്ദേഹം സ്വന്തം ഒരഭിപ്രായം പറഞ്ഞതല്ല ഇത്. എല്ലാ ഇമാമുകളും യോജിച്ച ഒരു മതവിധിയാണിത് എന്നാണു അദ്ദേഹം പറയുന്നത്. എന്നാൽ പിൽക്കാലത്ത് മറ്റു കാര്യങ്ങളിലെന്നപോലെ ഈ കാര്യത്തിലും വലിയ വീഴ്ചവന്നുപോയി. പേർഷ്യക്കാർ അവരുടെ ദേശീയ ലഹരിയാൽ അറബിഭാഷയെ അവരുടെ നാട്ടിൽ നിന്ന് ഓടിക്കുകയും പേർഷ്യൻ ഭാഷയെ സജീവമാക്കുകയും ചെയ്തു. മുസ്ത്വഫാകമാലിന്റെ ഭരണകാലത്ത് തുർക്കിയിൽ നിന്ന് അറബിഭാഷ എടുത്തെറിയപ്പെട്ടു. അറബി അക്ഷരങ്ങൾ നിരോധിക്കപ്പെട്ടു.
നമസ്കാരത്തിലെ അദാനിലും കൂടി അറബി ശബ്ദം പാടില്ലെന്നാക്കി.  

       ചുരുക്കത്തിൽ നാമെല്ലാവരും അറബിഭാഷയിൽ പ്രസംഗം കേട്ടാൽ ഒരുവിധമനസ്സിലാകത്തക്കവണ്ണം അറബിഭാഷ പഠിക്കണം.ഖത്വീബ് അറബിയിൽ നന്നായി പ്രസംഗിക്കുവാൻ കഴിയുന്ന ആളായിരിക്കുകയും വേണം. ഇതാണ് ഏറ്റവും ഉത്തമമായതും അല്ലാഹു തആലാക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ രൂപം.എന്നാൽ അക്ഷരത്തിലും അർത്ഥത്തിലും നബി(സ)യെയും സ്വഹാബികളെയും പിന്പറ്റിയവരായി".(ഖുത്വുബത്തുൽജുമുഅഃ :പേ : 9) 
      അതുകൊണ്ടുതന്നെയാണ് സലഫ് -ഖലഫിനോട് പിൻപറ്റാൻ ഖുത്വുബ അറബിഭാഷയിലായിരിക്കൽ നിർബന്ധമാണെന്നും പഠിക്കാൻ വീഴ്ചവരുത്തിയവർ കുറ്റക്കാരാണെന്നും അവർ ജുമുഅ നിസ്കരിക്കാൻ പാടില്ലെന്നും കർമ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയത് ഇബ്നു ഹജറുൽ  ഹയ്തമി (റ) എഴുതുന്നു: 

        
അറബിഭാഷ പഠിക്കാൻ സൗകര്യമുണ്ടെങ്കിൽ അത് പടിക്കൽ എല്ലാവർക്കും നിര്ബന്ധമാണ്. ഒരാൾക്ക് പഠിക്കാനുള്ള സമയം കഴിയുകയും അയ്യാൾ അത് പഠിക്കാതിരിക്കുകയും ചെയ്താൽ എല്ലാവരും കുറ്റക്കാരാകുന്നതാണ്. അവർക്ക് ജുമുഅയില്ല.പ്രത്യുത അവർ ളുഹ്ർ നിസ്കരിക്കുകയാണ് വേണ്ടത്.(തുഹ്ഫ: 2 / 450 )
        ചുരുക്കത്തിൽ ആരാധനാകർമ്മങ്ങളിൽ ഇസ്‌ലാം നിർദ്ദേശിച്ച ഭാഷാ ഐക്യം, 'മനസ്സിലാവുന്നില്ലെ' ന്നതിന്റെ പേരിൽ ഒഴിവാക്കുന്നത് ഒരിക്കലും ശരിയല്ല. 
      (8). ചോ : കേരളത്തിലെ പലപണ്ഡിതന്മാരും പഴയകാലത്ത് ഖുത്വുബ പരിഭാഷപെടുത്തിയിരുന്നതായി പഴമക്കാർ പറയുന്നുണ്ടല്ലോ?. 
      മറുപടി: മുമ്പ് നാം വിവരിച്ച തർജ്ജമയിലെ പരാമർശങ്ങൾ കണ്ടോ അനുബന്ധങ്ങൾ അറബിയിലാവൽ നിബന്ധനയില്ലെന്ന് പറഞ്ഞതിൽ നിന്നോ പുത്തൻവാദികളുടെ കുതന്ത്രങ്ങളാലോ തെറ്റിദ്ധരിച്ച ചിലർ പരിഭാഷപ്പെടുത്തിയിരുന്നു.എന്നാൽ മുഖ്യഘടകങ്ങൾ അവർ അറബിയിൽ  തന്നെ മടക്കുകയും ചെയ്തിരുന്നു. പിന്നീട് പണ്ഡിതന്മാർ അവർക്ക് കാര്യം മനസ്സിലാക്കിക്കൊടുത്തപ്പോൾ അവർ അതിൽ നിന്ന് മടങ്ങുകയും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിക്കുകയും ചെയ്തു.എന്നുമാത്രമല്ല അത്തരക്കാരിൽ ചിലർ പിന്നീട് ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്നെതിരായി പുസ്തകം എഴുതുക കൂടി ചെയ്തിട്ടുണ്ട്. 

      (9). ചോ : ഖുത്വുബ പരിഭാഷ തെറ്റാണെന്ന് സമസ്ത പറഞ്ഞിട്ടില്ലെന്നും 'ഖിലാഫുൽ ഔലാ' (നല്ലതിനു മാറ്റം) എന്നാണ് സമസ്തയുടെ തീരുമാനമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ടല്ലോ?. 

       മറുപടി: തെറ്റിദ്ദാരണ സൃഷ്ട്ടിക്കാൻ ചിലർ മനപ്പൂർവ്വം നടത്തുന്ന പ്രചാരണമാണിത്. യഥാർത്ഥത്തിൽ സമസ്തയുടെ തീരുമാനം ഖുത്വുബ പരിഭാഷ ബിദ്അത്ത് മുൻകറത്ത് (നിഷിദ്ധമായ അനാചാരം) എന്നാണ്. ഖുത്വുബ പരിഭാഷയെന്ന തെറ്റായ പ്രവർത്തനത്തെ മൊത്തത്തിൽ തെറ്റായ ഒരാചാരമാണെന്ന് ജനങ്ങളെ ധരിപ്പിക്കുക മാത്രമായിരുന്നു പ്രസ്തുത തീരുമാനത്തിന്റെ താല്പര്യം. 

        (10). ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്റെ വിധി എന്താണ്?.

        മറുപടി: നബി(സ)യുടെയും ലോകമുസ്ലിംകളുടെയും ചര്യക്ക് വിപരീതമാണിത്. അവരുടെ ചര്യക്ക് വിപരീതം ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഖുർആൻ പ്രഖ്യാപിച്ചതാണ്. നിസാഅ്: 155) സത്യവിശ്വാസികൾ സ്വീകരിച്ചുവന്ന സമീപനത്തെ മറികടക്കൽ നിഷിദ്ധമാണെന്ന് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുബ്കി൯(റ) എഴുതുന്നു: 

        
ഇജ്മാഇന് വിപരീതം പ്രവർത്തിക്കാൻ നിഷിദ്ദമാണ്. കാരണം നേരത്തെ വിവരിച്ച ആയത്തിൽ സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിൻപറ്റുന്നതിന് ശക്തമായ മുന്നറിയിപ്പ് വന്നിട്ടുണ്ട്.(ജംഉൽജവാമിഅ്: 2 / 197 )

      അല്ലാമാ ബന്നാനി(റ) എഴുതുന്നു: 
        
  സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുന്നതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പ്രത്യേകമായി മുന്നറിയിപ്പ് നൽകിയതിനാൽ അത് വാൻ കുറ്റങ്ങളിൽ പെട്ടതാണ്.( ബന്നാനി : 2 / 197 )
       
 ഖുത്വുബ അറബിഭാഷയിൽ മാത്രം ഓതുന്നതിൽ എല്ലാവരും യോജിച്ചതായി നേരത്തെ വിവരിച്ചുവല്ലോ. 
      
ഖുത്വുബ ഒരു ഇബാദത്താണല്ലോ.അതിന്റെ സാധുതയ്ക്ക്  അത് അറബിയിലാവൽ നിബന്ധനയുമാണ്. ഒരു ആരാധനാകർമ്മം അതിന്റെ നിബന്ധനയൊക്കാതെ നിർവ്വഹിക്കുന്നത് നിഷിദ്ധവുമാണ്. ഈ നിലക്ക് ചിന്തിക്കുമ്പോഴും ഖുത്വുബ പരിഭാഷ നിഷിദ്ധമാണെന്ന് കണ്ടെത്താൻ കഴിയും. ഇബ്നു ഹജർ(റ) എഴുതുന്നു:

  
 ശർഅ് (മതം) നിര്ബന്ധമാക്കിയതിനെതിരായി ഒരു കാര്യം നിർവ്വഹിക്കുന്നത് നിഷിദ്ദമാണ്. (തുഹ്ഫ: 1 / 66 )
മഹാനായ ഇബ്നുദഖീഖുൽഈദ് (റ) പറയുന്നു: 

നിബന്ധനയൊക്കാത്ത ഇബാദത്ത് അസാധുവും കുറ്റകരവുമാണ്. (ഇഹ്‌കാമുൽ അഹ്‌കാം :2 / 10 )
അപ്പോൾ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ അസാധുവും നിഷിദ്ധവുമാണെന്ന് വ്യക്തമായല്ലോ.
ഇനി അർകാനുകൾ മാത്രം അറബിയിലും അനുബന്ധങ്ങൾ നീണ്ടുപോവാത്ത വിധം അനറബിയിലും കൊണ്ടുവരുന്നതും നിഷിദ്ദം തന്നെയാണ്. കാരണംപ്രസ്തുത അനുബന്ധങ്ങൾ നിബന്ധനയൊക്കാത്തതിനാൽ ഖുത്വുബയായി അതിനെ പരിഗണിക്കുകയില്ല. അപ്പൊൽ ഖുത്വുബയുടെ ഭാഗം എന്ന നിലയിൽ അതിനെ കൊണ്ടുവരുന്നത് അസാധുവായഒരു ഇബാദത്തുമായി ബന്ധപ്പെടലാണ്. അത് നിഷിദ്ധവുമാണ്.

 ഇബ്നു ഹജർ (റ) എഴുതുന്നു:

നിശ്ചയം അസാധുവായ ആരാധനയുമായി ബന്ധപ്പെടുന്നത് നിഷിദ്ദമാണ്. (ഫതാവൽ കുബ്റ: 1 / 209 )

ഖുത്വുബയുടെ മുഖ്യഘടകങ്ങൾ (അർകാൻ) ചുരുങ്ങിയ നിലയിൽ കൊണ്ടുവന്നാലും ദീർഘിപ്പിച്ചു കൊണ്ടുവന്നാലും അതിനെ റുക്‌നായി തന്നെയാണ് പരിഗണിക്കുന്നത്. ഉദാഹരണമായി തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് (أوصيكم عباد الله بتقوى الله) 'ഊസീക്കും ഇബാദല്ലാഹി ബിതഖ്‌വള്ളാഹി' എന്നതിൽ  ചുരുക്കിയാലും 5 മിനിറ്റ നേരം നീട്ടിപ്പറഞ്ഞാലും തഖ്‌വകൊണ്ടുള്ള വസ്വിയ്യത്തായിത്തന്നെയാണ് അതിനെ പരിഗണിക്കുന്നത്.


 മഹാനായ ഖത്വീബ് ശിർബീനി(റ) എഴുതുന്നു:


അപ്പോൾ നീണ്ടാലും ചുരുങ്ങിയാലും ഉപദേശത്തിന്റെ മേൽ അറിയിക്കുന്ന ഒന്ന് മതിയാകും.(മുഗ്നി )

        അപ്പോൾ ചുരുക്കിയും നീട്ടിയും നിർവ്വഹിക്കാവുന്ന ഒരു മുഖ്യഘടകത്തിന്റെ ചുരുക്കി നിർവഹിക്കപ്പെടുന്ന അളവ് കഴിഞ് ബാക്കിയുള്ളതിന് സുന്നത്തിന്റെ പ്രതിഫലമേയുള്ളുവെങ്കിലും മുഖ്യഘടകത്തിന്റെ എല്ലാ ഉപാധികളും അതിനുംബാധകമാണ്.
ഉദാഹരമായി നിസ്കാരത്തിലെ റുകൂഉം സുജൂദും നീണ്ടാലും ചുരുങ്ങിയാലും അവ മുഴുവൻ നിസ്കാരത്തിന്റെ മുഖ്യഘടകങ്ങളാണ്. ചുരുങ്ങിയ നിലയിൽ നിർവ്വഹിക്കുന്ന റുകൂഇന്റെയും സുജൂദിന്റെയും എല്ലാ ഉപാധികളും ദീർഘിച്ച റുകൂഇനും സുജൂദിനും ബാധകമാണ്. അതേപോലെ ഖുത്വുബയിൽ ചുരുങ്ങിയ ഉപദേശത്തിന്റെ മുഴുവൻ നിബന്ധനകളും ദീർഘിച്ചതിനും ബാധകമാണ്.അതിനാൽ ചുരുങ്ങിയ വസ്വിയ്യത്തിന്റെ അളവ് അറബിയിൽ നിർവ്വഹിച്ച്  ബാക്കി തുടർച്ചയെ പ്രതികൂലമായി ബാധിക്കാത്ത വിധം അനറബിഭാഷയിൽ നിർവ്വഹിച്ചാൽ ഖുത്വുബ സാധുവാകുമെങ്കിലും അസാധുവായി ഇബാദത്തുമായി ബന്ധപ്പെടുന്ന കുറ്റത്തിൽ നിന്നും സത്യവിശ്വാസികളുടെ മാർഗ്ഗം വഴിവാക്കിയ കുറ്റത്തിൽനിന്നും ഒഴിവാകുന്നതല്ല.

ഭാഗം 3

ഞിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഈയുള്ളവനെയും ഉൾപ്പെടുത്തുക.

Monday 5 March 2018

ഖുത്വുബ സംശയനിവാരണം ഭാഗം 1.




ഖുതുബ വിഷയത്തിൽ ഒരുസംശയനിവാരണമാണ് ഇവിടെ നടത്തുന്നത്.

1. ചോ:  'ഖുത്വുബ' എന്ന അറബി പദത്തിന്റെ അർത്ഥം തന്നെ പ്രസംഗം എന്നാണല്ലോ . ശ്രോതാക്കൾക്ക് മനസ്സിലാവാത്ത ഭാഷയിൽ അവരോട് പ്രസംഗിപ്പിച്ച്‌  എന്ത് കാര്യമാണുള്ളത്.

  മറുപടി: ഈ വാദം പലതും കൊണ്ടും ബാലിശമാണ്.

  ഒന്ന് : 'ഖത്വബ' എന്നതിന് ഉപദേശിച്ചു എന്നും സദസ്സ്യർക്ക്  ഖുത്വുബ ഓതിക്കൊടുത്തു എന്നും ഭാഷയിൽ തന്നെ അർത്ഥം ഉണ്ട്.മുൻജിദിൽ പറയുന്നു:


രണ്ട് : മതപരമായ ഖുത്വുബ നിശ്ചിത ഫർളുകളും ശർത്വുകളും സുന്നത്തുകളും അടങ്ങിയ പ്രത്യേക ആരാധനയാണെന്ന് പ്രമാണബദ്ധമായി മുമ്പൊരിക്കൽ എന്റെ സുന്നി സോന്കാൽ ബ്ലോഗിൽ തന്നെ വിശദീകരിച്ചതാണ്. അതുകൊണ്ടു ആവർത്തിക്കുന്നില്ല.

മൂന്ന്: ഒരു ആരാധനാകർമ്മത്തിന്  ഉപയോഗിച്ച പദപ്രയോഗത്തിന്റെ ഭാഷാർത്ഥം നോക്കിയല്ല ആ ആരാധനയുടെ സ്വഭാവവും രീതിയും മനസ്സിലാക്കേണ്ടത്. പ്രത്യുത ആ ആരാധനകർമ്മം നബി(സ) യും സ്വഹാബത്തും സദ്‌വൃത്തരായ സലഫ് - ഖലഫും എപ്രകാരം നിർവ്വഹിച്ചുവോ അപ്രകാരം നിർവ്വഹിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം സ്വലാത്ത് (നിസ്കാരം) എന്നാൽ പ്രാർത്ഥനയാണെന്നും സൗമ് (നോമ്പ്) എന്നാൽ അടക്കം എന്നാണെന്നും സകാത്ത് എന്നാൽ ശുദ്ധീകരണം എന്നാണെന്നും വാദിച്ച് ഒരാൾ നിസ്കാരത്തിന് പകരം നന്നായി പ്രാർത്ഥിക്കുകയും നോമ്പിന് പകരം അടങ്ങിയിരിക്കുകയും സകാത്തിനുപകരം നല്ലപോലെ  വൃത്തിയാവുകയും ചെയ്താൽ മതിയാകുമോ?. ഒരിക്കലുമില്ല. അതേപോലെ ഖുത്വുബ പ്രസംഗമല്ലേ എന്ന് പറഞ്ഞു  ഒരു പ്രസംഗം കാച്ചിയാലും മതപരമായ ഖുത്വുബയായി അതിനെ പരിഗണിക്കുന്നതല്ല,

നാല്:  ഖുത്വുബയും വഅ്ളും തമ്മിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഇമാം മഹല്ലി (റ) പറയുന്നു:

 സ്ത്രീകളുടെ ഇമാമത്ത് ഖുത്വുബ നിർവ്വഹിക്കരുത്. അവൾ എഴുന്നേറ്റ് നിന്ന് അവരെ ഉപദേശിക്കുന്നതിൽ വിരോധമില്ല. (ശർഹുൽമഹല്ലി : 1 / 312 )

ശർഇന്റെ വീക്ഷണത്തിൽ ഖുത്വുബയും വഅ്ളും രണ്ടാണെന്ന് പ്രസ്തുത ഇബാറത്തിൽ നിന്ന് വ്യക്തമാണ്. 

അഞ്ച്:  ഖുത്വുബ കേവല പ്രസംഗമാണെങ്കിൽ ഭയഭക്തികൊണ്ടുള്ള ഉപദേശമടക്കമുള്ള അതിന്റെ അർകാനുകൾ (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?. അർകാനുകൾ  അറബിയിൽ തന്നെയാകണമെന്ന് പുത്തൻവാദികളുടെ നേതാവ് കെ. എം  മൗലവി തന്നെ സമ്മതിച്ചതാണ്. അദ്ദേഹം പറയുന്നു:  


ജുമുഅ ഖുത്വുബ . പേ :33 . പ്രസാധകർ. കേരള നദ്‌വത്തുൽ മുജാഹിദീൻ. മുജാഹിദ് സെന്റര്. കോഴിക്കോട് 2 .

(2). ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കണമെന്ന് പറയുന്ന ഫിഖ്ഹ് ഗ്രൻഥങ്ങൾ തന്നെ അർകാനുകൾ മാത്രം അറബിയിലായാൽ മതിയെന്ന് പറയുന്നുണ്ടല്ലോ. ഉദാഹരണത്തിന് ഹജറുൽ ഹൈതമി(റ) പറയുന്നു: 

( ويشترط كونها ) أي الأركان دون ما عداها ( عربية ) للاتباع (تحفة المحتاج في شرح المنهاج:٤٥٠/٢)

ഇത്തിബാഇനുവേണ്ടി ഖുത്വുബ അറബിയാവൽ നിബന്ധനയാണ്. അതായത് അർകാൻ. അർകാൻ അല്ലാത്തതല്ല.(തുഹ്ഫത്തുൽ മുഹ്താജ് : 2/ 450)

മറുപടി:  ഖുത്വുബയുണ്ടാവാനാവശ്യമായ ഘടകങ്ങളാണ് അർകാ. നേരത്തെ വിവരിച്ചപ്പോലെ ചുരുങ്ങിയ രൂപത്തിൽ അർകാ മാത്രംകൊണ്ടുവന്നാലും അതിനെ ഖുത്വുബയായി പരിഗണിക്കുന്നതും ജുമുഅയുടെ മുമ്പ് രണ്ട് ഖുത്വുബകൾ വേണമെന്ന നിബന്ധന അതുകൊണ്ട് പൂർത്തീകരിക്കപ്പെടുന്നതുമാണ്. അപ്പോൾ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ ഖുത്വുബ 'അർകാൻ' (മുഖ്യഘടകങ്ങൾ) മാത്രമാണ്. 'അർകാൻ' അല്ലാത്തവയല്ല എന്നാണ്  പ്രസ്തുത പരാമർശത്തിന്റെ താല്പര്യം. അപ്പോൾ അർകാനല്ലാത്തവ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമില്ല. ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ 'അർകാൻ' അറബിയിലായിരിക്കൽ നിബന്ധനയുമാണ്. അതേസമയം അർകാനല്ലാത്തവ കൊണ്ടുവരാൻ ഖുത്വുബയുടെ സാധുതയ്ക്കു നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരികയാണെങ്കിൽ ഖുത്വുബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലായിരിക്കൽ നിര്ബന്ധമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്;



 മുഹമ്മദ് റംലി(റ) പറയുന്നു: അനുബന്ധങ്ങൾ അനറബിയിലായാൽ 'മുവാലാത്തി' ന് (അര്കാനുകൾ തുടരെ കൊണ്ടുവരൽ) അത് തടസ്സം സൃഷ്ട്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്ന പക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർക്കാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നംസൃഷ്ട്ടിക്കുമല്ലോ.അതേ പോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ 'ല്ഗവ്' (നിഷ്ഫലം) ആണ്. അതിനെ പരിഗണിക്കുകയില്ല. കാരണം അറബിയിൽ പറയാൻ കഴിയുന്നതോടപ്പം  അറബേതരഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ്. (ബുജൈരിമി. 1 / 389 )  

അപ്പോൾ അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വുബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമായ തീരാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിര്ബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വുബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനാവശ്യമായ സമയം ഉണ്ടായാൽ അര്കാനുകളുടെ തുടർച്ചയെ അത് നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വുബതന്നെ ബാത്വിലാകുന്നതുമാണ്.

(3) ചോ. അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നതിൽ മൊത്തത്തിൽ ഉപദേശമുള്ളതിനാൽ അത് നീണ്ടാലും പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് 'ഖിയാസ്' എന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞിട്ടുണ്ടല്ലോ?. 

والقياس عدم الضرر مطلقا ويفرق بينه وبين السكوت بأن في السكوت إعراضا عن الخطبة بالكلية بخلاف غير العربي فإن فيه وعظا في الجملة ع ش(شرواني: ٤٥٠/٢)


അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നിരുപാധികം പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് വരേണ്ടത്. അങ്ങനെ കൊണ്ടുവരുന്നതും മൗനംദീക്ഷിക്കുന്നതും തമ്മിൽ ഇങ്ങനെ വ്യത്യാസം പറയാവുന്നതാണ്. മൗനംദീക്ഷിക്കുന്നതിൽ ഖുത്വുബയിൽ നിന്നും പൂർണ്ണമായും പിന്തിരിയൽ  വരുന്നുണ്ട്.അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് അങ്ങനെയല്ല. കാരണം അതിൽ മൊത്തത്തിൽ ഉപദേശമുണ്ടല്ലോ. (ശർവാനി: 2 / 450 )

അപ്പോൾ അർകാനുകൾ മാത്രം അറബിയിൽ ഓതി അനുബന്ധങ്ങൾ മാതൃഭാഷയിൽ പറയാമെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.?. 

മറുപടി: പ്രസ്തുത പരാമർശം മുകളിൽ നാം സമർത്ഥിച്ച ആശയത്തോട് എതിരല്ലെന്ന് ഇനിപ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നു.

      (1). അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ താല്പര്യം, നിയമം ഇബ്നുഖാസിം (റ) പറഞ്ഞതുപോലെയാണെങ്കിലും ഇങ്ങനെയുമൊരു ന്യായം പറയാമെന്ന് വ്യക്തമാക്കൽ  മാത്രമാണ്. അല്ലാതെ ഇമാം നവവി(റ),ഇമാം റാഫിഈ(റ), ഇമാം റംലി (റ),ഇബ്നു ഖാസിം(റ) , തുടങ്ങിയ പണ്ഡിത മഹത്തുക്കൾ പറഞ്ഞത്തെ നിയമത്തെ വിമർശിക്കലല്ല . അപ്പോൾ 'വൽഖിയാസു'(والقياس)എന്ന അദ്ദേഹത്തിൻറെ വാചകത്തിലെ 'വാവ്' ഹാലിയ്യത്താണ്. അപ്പോൾ ഇബ്നു ഖാസിം(റ) വിന്റെ വാചകം ഉദ്ദരിച്ച ശേഷം അദ്ദേഹം പറഞ്ഞതിന്റെ സാരം ഇങ്ങനെയാണ്; "ഏതുസ്ഥിതിയിൽ ന്യായം മതിയാകുമെന്ന് പറയുന്നതും അനുബന്ധങ്ങൾ അറബേതരഭാഷകളിൽ കൊണ്ട് വരുന്നതും അർകാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നതും തമ്മിൽ വ്യത്യാസം പറയുന്നതുമാണ്. (എന്നാൽ ഈ ന്യായം കർമ്മശാസ്ത്ര പണ്ഡിതന്മാർ പരിഗണിക്കുന്നില്ല"). 

     ന്യായമായ ഒരു കാര്യം അനുവദനീയമാണെന്ന് വരുന്നത് അത് പാടില്ലെന്നതാണ് പ്രബലമെന്ന് പറയുന്നതിനോട് എതിരല്ല. ഇമാം റാഫിഈ (റ) പറയുന്നു:





ഒരുകാര്യം അനുവദനീയമാണെന്ന് പറയുന്നതാണ് കൂടുതൽ ന്യായമെന്ന് തോന്നുന്നത് അക്കാര്യം  പാടില്ലെന്നാണ് പ്രബലവീക്ഷണമെന്ന പ്രസ്താവനയോട് എതിരല്ല. കാരണം വ്യത്യസ്ത രണ്ട്  വീക്ഷണങ്ങളിൽ ഒന്ന് ന്യായവുമായി കൂടുതൽ അടുത്തതാണെങ്കിലും മറ്റേത് പ്രബലമായി വരാവുന്നതാണ്. (ശര്ഹുല് കബീർ : 4 / 610 )

     (2) . അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നീണ്ടുപോയാൽ ഖുത്വുബയുടെ സാധുതയെ അത് ബാധിക്കുമെന്ന് പറഞ്ഞവരെ വിമർശിക്കലാണ് അദ്ദേഹത്തിൻറെ ലക്ഷ്യമെന്ന് വിചാരിക്കുക. എന്നാൽ അദ്ദേഹത്തേക്കാൾ മദ്ഹബിൽ പ്രാമുഖ്യം കൽപ്പിക്കപ്പെടുന്നവർ ഇമാം റംലി(
റ), ഇബ്നു ഖാസിം(റ) തുടങ്ങിയവരാണ്. അതിനാൽ അവരുടെ പ്രസ്താവനക്കെതിരായ അദ്ദേഹത്തിൻറെ പ്രസ്താവനയെ പരിഗണിക്കുന്നതല്ല. 

    (3). അലിയ്യുശബ്‌റാമുല്ലസി(റ) അവതരിപ്പിച്ച ന്യായം മറ്റു പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല. കാരണം ഖുത്വുബ അറബിയിലായിരിക്കണം എന്ന് നിബന്ധനവെക്കുന്ന പണ്ഡിതന്മാർ അനറബി ഭാഷയിൽ പറഞ്ഞാലും മൊത്തത്തിൽ ഉപദേശമുണ്ടല്ലോ എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. കാരണം അത് സലഫ്-ഖലഫിനോടുള്ള അനുധാവത്തിന്  എതിരാണ്. അതുകൊണ്ടാണ് അത് നിഷ്ഫലമാണെന്ന് അവർ പ്രസ്താവിച്ചത്. അപ്പോൾ വർ പ്രാമുഖ്യം കൽപ്പിക്കുന്നത് ഇത്തിബാഇനും അറബിഭാഷക്കുമാണ്. അപ്പോൾ അവർ പറയുന്നതിന്റെ സാരമിതാണ്; 'ശ്രോതാക്കൾ അനറബികളാണെങ്കിലും ഖുത്വുബ അറബിഭാഷയിൽ തന്നെ ഓതണം.അങ്ങനെ ഓതുമ്പോൾ അവർക്ക് ഖുത്വുബ മനസ്സിലാവുന്നില്ലെങ്കിലും അത് മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് അവർക്കു മനസ്സിലാക്കാമല്ലോ. അത്രമതി '. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിലുള്ള ഉപദേശമുണ്ടായാൽ മതിയെന്നല്ല അവരുടെ പക്ഷം. അങ്ങനെയായിരുന്നുവെങ്കിൽ അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞത് ന്യായമാണെന്ന് നമുക്ക് പറയാമായിരുന്നു. ഇക്കാര്യം ഇനിപ്പറയുന്ന ഇബാറത്തുകളിൽ നിന്ന് വ്യക്തമാണ്. ഖൽയൂബി(റ) എഴുതുന്നു:



ഖുത്വുബയുടെ അടിസ്ഥാനഭാഷ അറബിഭാഷയാണ്. അതിനാൽ മൊത്തത്തിലുള്ള ഉപദേശം മറ്റു ഭാഷകൾകൊണ്ടും ഉണ്ടാകുമല്ലോ. എന്നതിനു പരിഗണയില്ല. ഖൽയൂബി. (1 / 279 )

ഇമാം ഹലബി(റ)യെ ഉദ്ദരിച്ച്  ഇമാം ബുജയ്‌രിമി എഴുതുന്നു:


മൊത്തത്തിൽ ഉപദേശമാവുകയെന്നത് അറബേതരഭാഷകളിൽ ഓതിയാലും ഉണ്ടാവുമല്ലോ എന്ന് പറയാവുന്നതാണ്. എന്നാൽ അത് സലഫ്-ഖലഫിന്റെ പ്രവർത്തനത്തിന് വിരുദ്ധമാണ്.(ബുജയ്‌രിമി: 1 / 389 )

ചുരുക്കത്തിൽ സുന്നിസോന്കാൽ ബ്ലോഗിലെ വായനക്കാരെ അറബിയിൽ നടത്തെപ്പെടുന്ന ഖുത്വുബകൊണ്ട് മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന ആശയം മാത്രമാണ് ശ്രോതാക്കൾക്ക് ലഭിക്കുന്നതെങ്കിലും സലഫ് -ഖലഫിനോട് അനുധാവനം ചെയ്യാൻ അത് അറബിയിലായിരിക്കൽ നിബന്ധനയാണ്. എന്നാണു കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞത്. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിൽ അതൊരു ഉപദേശമാണെന്ന് ശ്രോതാക്കൾ മനസ്സിലാക്കിയാൽ മതി എന്നല്ല. അതിനാൽ അലിയ്യുശബ്‌റാമുല്ലസി(റ) വിവരത്തെ ന്യായത്തെ ന്യായമായി കാണാൻ വകുപ്പില്ല.അതുകൊണ്ടായിരിക്കാം ഇമാം നവവി(റ)യെ പോലുള്ളവർ അത് പറയാതിരുന്നത്. 

     (4).  'അർകാൻ' (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് കാണിക്കുന്ന പ്രമാണങ്ങൾ അനുബന്ധങ്ങളും അറബിയിലാവണമെന്ന് കാണിക്കുന്നു. എന്നിരിക്കെ അർകാനുകൾ ഒരുഭാഷയിലും അനുബന്ധങ്ങൾ മറ്റൊരുഭാഷയിലും കൊണ്ടുവരാമെന്നതിന് എന്ത് തെളിവാണുള്ളത്?. 

     (5). ഇനി അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ ഒരു അഭിപ്രായമായി നാം പരിഗണിച്ചാൽ തന്നെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സലഫ് -ഖലഫിനോട് എതിരാവാലുള്ളതിനാൽ അത് പറ്റില്ല.  

 

ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉൾപ്പെടുത്തണേ....