അല്ലാഹു വിജ്ഞാനവും ദാര്‍ശനിക യുക്തിയും നല്കി അനുഗ്രഹിക്കുകയും അങ്ങനെ അനിതര സാധാരണമായ നന്മ സിദ്ധിക്കുകയും ചെയ്ത പണ്ഡിതവര്യനാണ് ശൈഖ് രിഫാഈ(റ). തിരുനബി(സ)യിലേക്ക് എത്തിച്ചേരുന്ന താഴ്വഴിയും ശൈഖിന്റെ ശ്രേഷ്ഠതക്ക് മാറ്റ് കൂട്ടുന്നു.
ഈ താവഴിയിലെ ഇരുപതാമത്തെ പുത്രനായി ഇറാഖിലെ ബത്വാഇഹ് ദേശത്തെ ഗ്രാമത്തില്‍ ഹിജ്റ 500 റജബ് മാസത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാമഹന് റിഫാഅത്തിലേക്ക് ചേര്‍ത്തുകൊണ്ട് അഹ്മദ് രിഫാഈ(റ) എന്ന് പ്രശസ്തനായി. ജനനത്തിന് മുമ്പ് പിതാവ് മരിച്ചു. മാതൃസഹോദരന്‍ ശൈഖ് മന്‍സ്വൂറുല്‍ ബത്വാഇഹി(റ) യുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ചെറുപ്രായത്തില്‍ തന്നെ ബുദ്ധിവൈഭവവും പഠനമികവും സല്‍സ്വഭാവവും കൊണ്ട് ആദരവ് കരസ്ഥമാക്കി. ഖുര്‍ആന്‍ വ്യാഖ്യാതാവ്, ഹദീസ് പണ്ഡിതന്, ഹദീസ് നിവേദകന്, ശാഫിഈ കര്മശാസ്ത്രജ്ഞന്, ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിലെ അഗ്രഗണ്യന്‍ തുടങ്ങിയ നിലകളില്‍ ശൈഖ് രിഫാഈ(റ) ശോഭിച്ചു.
സമ്പത്ത്, പ്രശംസ എന്നിവ ലക്ഷ്യം വെക്കാതെയുള്ള ജീവിതമായിരുന്നു. വിനയാന്വിതനും പ്രസന്നവദനനും ലളിതഹൃദയനും ഉത്തമ പെരുമാറ്റക്കാരനുമായ അദ്ദേഹം മൗനത്തിലായിരുന്നു കൂടുതല്‍ സമയവും. തിരുനബി(സ)യുടെ സുന്നത്തുകള്‍ പ്രചരിപ്പിക്കുക, നന്മ കല്‍പ്പിക്കുക, തിന്മ വിലക്കുക എന്നിവ പുലര്‍ത്തിയ ശൈഖിന്റെ വാക്കുകള്‍ പ്രവര്‍ത്തനത്തിന് വിരുദ്ധമായിരുന്നില്ല.
സൂറത്തുല്‍ ഇഖ്ലാസ് ആയിരം തവണ ഓതിക്കൊണ്ടുള്ള നാല് റക്അത്ത് നിസ്കാരം ശൈഖ് അവര്‍കളുടെ പതിവ് ആരാധനാകര്‍മങ്ങളില്‍ ഒന്നായിരുന്നു. പാപമോചന പ്രാര്‍ഥനയും ദിനംപ്രതി ആയിരം തവണ ചൊല്ലാറുണ്ടായിരുന്നു. രിഫാഇയ്യ, അഹ്മദിയ്യ എന്നീ പേരുകളില്‍ അദ്ദേഹത്തിന്റെ ത്വരീഖത്ത് പ്രസിദ്ധിയാര്‍ജിച്ചു.
ശൈഖ് രിഫാഈ (റ) തന്റെ ത്വരീഖത്തിന്റെ അവലംബം വിശദീകരിച്ചു കൊണ്ട് പറഞ്ഞു: ‘ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും പരസ്പരം ശക്തി പകരുന്നതും 55 ഖുര്‍ആന്‍ ആയത്തുകളെ ആശ്രയിക്കുന്നതുമായ 55 കാര്യങ്ങളാണ് എന്റെ ത്വരീഖത്തിന്റെ അടിസ്ഥാനം. അല്ലാഹുവിനെ അടുത്തറിയുക (വി.ഖു 51:56), സൃഷ്ടി പരിപാലകന് അല്ലാഹു മാത്രമാണെന്ന് അംഗീകരിക്കുക (2:163), അല്ലാഹുവുമായുള്ള ഉടമ്പടിക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക (2:40), അല്ലാഹുവിനെ മാത്രം ആരാധിക്കുക (98:5), അല്ലാഹു, റസൂല്‍, പണ്ഡിതന്മാര് എന്നിവരെ അനുസരിക്കുക(4:59), അല്ലാഹുവിന്റെ കരാറില്‍ വിശ്വസിക്കുക(11:6) അല്ലാഹുവിന്റെ ഓഹരി വെക്കലില് തൃപ്തിപ്പെടുക(58:22), ശരീരേച്ഛാശക്തി മനസ്സിലാക്കി അതിനോട് സമരം ചെയ്യുക (12:53), പിശാചിനോട് പോരാടുക(35:6)….എന്നിങ്ങനെ അദ്ദേഹം അത് വിവരിക്കുന്നുണ്ട്.
നിസ്സാരമായി ഗണിക്കപ്പെടുന്ന തിന്മകളില് നിന്ന് പോലും ശിഷ്യന്മാരെ തടയുന്നതിലും സംസ്കരിക്കുന്നതിലും ശൈഖ്(റ) അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഒരിക്കല്‍ ശൈഖ്(റ) പറഞ്ഞു: അന്യ സ്ത്രീയുമായി തനിച്ചാകുന്നവനില് നിന്ന് ഞാന്‍ ഒഴിവായിരിക്കുന്നു. നമ്മുടെ രക്ഷിതാവും അവനില്‍ നിന്ന് ഒഴിവാണ്. താടി ഇല്ലാത്ത ആണ്‍കുട്ടികളുമായി തനിച്ചാകുന്നവന്റെയും അവസ്ഥ അങ്ങനെ തന്നെ. എന്റെ ത്വരീഖത്ത് അനുസരിച്ച് സന്മാര്ഗദര്ശിയായി ജീവിക്കാമെന്ന കരാര്‍ ആരെങ്കിലും ലംഘിച്ചാല്‍ അതവന് ആപത്താണ്.’
അല്ലാഹുവിന്റെ നിയമങ്ങളെയും ചിഹ്നങ്ങളെയും ആദരിക്കുക, തിരുനബി(സ)യുടെ സുന്നത്ത് അനുധാവനം ചെയ്യുക, സൃഷ്ടികളോട് കരുണ കാണിക്കുക എന്നതായിരുന്നു ശൈഖ് രിഫാഈ(റ)ന്റെ വിജയപാത. ഏറ്റവും ലളിതമെന്നാണ് പ്രസ്തുത വഴിയെ ശൈഖ്(റ) വിശേഷിപ്പിച്ചത്. വിറക്, വെള്ളം എന്നിവ ശേഖരിച്ച് വിധവകള്‍ക്കും ദരിദ്രര്‍ക്കും വിതരണം ചെയ്യുന്നത് ശൈഖിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. വിറക് ശേഖരിക്കാനും വിതരണം ചെയ്യാനും ശിഷ്യന്മാര് അനുഗമിക്കുമായിരുന്നു. പരുക്കന്‍ വസ്ത്രങ്ങളാണ് ശൈഖ് ധരിച്ചിരുന്നത്. കടുത്ത ശൈത്യകാലത്ത് പോലും പുറംകോട്ട് ധരിച്ചിരുന്നില്ല. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ ഒരു തവണ മാത്രമാണ് ആഹാരം കഴിച്ചിരുന്നത്. ശൈഖിനെ പോലെ തന്നെ ശിഷ്യന്മാരും പരമ വിനയാന്വിതരായിരുന്നു. ഒരു ഉദാഹരണം. ”എന്നില്‍ എന്തെങ്കിലും ന്യൂനത ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും എന്നോട് പറയണ”മെന്ന് സത്യം ചെയ്ത് ശൈഖ് ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. ഉമര്‍ ഫാറൂഖ്(റ) എന്ന ശിഷ്യന് എഴുന്നേറ്റു പറഞ്ഞു ‘അങ്ങയുടെ ഒരു ന്യൂനത എനിക്കറിയാം’ ‘എന്താണ് പറയൂ ഉമര്‍’. ‘ ഞങ്ങളെപ്പോലുള്ളവര്‍ അങ്ങയുടെ ശിഷ്യന്മാര് ആയി എന്നതാണ് അങ്ങയുടെ ന്യൂനത’. ഇതുകേട്ട് ശൈഖ് കരയാന്‍ തുടങ്ങി. ശിഷ്യന്മാരും കരഞ്ഞു. ഏറേ നേരത്തേക്ക് കൂട്ടക്കരച്ചില്‍. ”തീര്‍ച്ച വാഹനം രക്ഷപ്പെട്ടാല്‍ വാഹനത്തിലുള്ള അക്രമികളും രക്ഷപ്പെടും” എന്ന പ്രതീക്ഷയുടെ വാചകമാണ് പിന്നീട് ശൈഖ്(റ) പറഞ്ഞത്.
വൃദ്ധര്‍, കുഷ്ഠരോഗികള്‍ എന്നിവരുടെ വസ്ത്രം അലക്കി കൊടുക്കുക, അവരെ കുളിപ്പിക്കുക, മുടി ചീകി കൊടുക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനങ്ങളായിരുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചു കൊടുത്തിരുന്ന ശൈഖ്(റ) പലപ്പോഴും അവരോടൊപ്പം ഭക്ഷണം കഴിക്കുമായിരുന്നു. അവരോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. വഴിയില്‍ കാണുന്ന അന്ധന്മാരെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊടുക്കുമായിരുന്നു അദ്ദേഹം. ശിഷ്യന്മാര്ക്ക് അദ്ദേഹം തന്നെ ഭക്ഷണങ്ങള്‍ ഒരുക്കിയിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചിരുന്ന ശൈഖിന്റെ മിണ്ടാപ്രാണികളോടുള്ള കാരുണ്യം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. നിസ്കാരത്തിന് സമയമായപ്പോള്‍ പള്ളിയിലേക്ക് പുറപ്പെടാന്‍ വേണ്ടി തന്റെ ഏക ഖമീസ് ധരിക്കാനൊരുങ്ങിയപ്പോള്‍ അതിന്റെ കൈയില്‍ ഒരു പൂച്ച ഉറങ്ങുന്നുണ്ടായിരുന്നു. പൂച്ചയുടെ ഉറക്കം ശല്യപ്പെടുത്താതെ ഖമീസിന്റെ കൈ മുറിച്ച് മാറ്റിയ ശേഷം ഖമീസ് ധരിച്ച് പള്ളിയിലേക്ക് പോയി. മടങ്ങി വന്നപ്പോള്‍ പൂച്ച ഉറക്കം ഉണര്‍ന്ന് സ്ഥലം വിട്ടിരുന്നു. മുറിച്ച് മാറ്റിയ കൈ ഖമീസില്‍ അദ്ദേഹം തുന്നിച്ചേര്‍ത്തു. ഒരു ഭക്ഷണശാലയിലെ അവശിഷ്ടങ്ങള്‍ ഒരു പറ്റം നായ്ക്കള്‍ പരസ്പരം കടിച്ചു കീറി തിന്നിന്നത് ശ്രദ്ധയില്‍ പെട്ട ശൈഖ്(റ) അവയെ ആരെങ്കിലും ശല്യപ്പെടുത്താതിരിക്കാന്‍ അവിടെ കാവല്‍ നിന്നു. എന്നിട്ട് നായ്ക്കളോടായി ശൈഖ്(റ) പറഞ്ഞു. ”ജിവികളേ, നിങ്ങള്‍ തമ്മില്‍ പിണങ്ങരുത്. സുരക്ഷിതമായി ഭക്ഷിക്കുക. നിങ്ങള്‍ കടിപിടി കൂടി ബഹളമുണ്ടാക്കിയാല്‍ ഒരുപക്ഷേ ഭക്ഷണശാലയുടെ ഉടമസ്ഥര്‍ നിങ്ങളെ തടഞ്ഞേക്കാം.” ജീവിതത്തിന്റെ ബാഹ്യവും ആന്തരികവും രഹസ്യവും പരസ്യവും വൈയക്തികവും സാമൂഹികവുമായ മുഴുവന്‍ മേഖലകളിലും മഹാ മാതൃക മാത്രമായിരുന്ന ശൈഖ് രിഫാഈ(റ) ഹിജ്റ 578 ജുമാദുല്‍ അവ്വല്‍ 12ന് വഫാത്തായി. ഉമ്മു അബീദ ഗ്രാമത്തില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.