സമസ്ത കേരള ജംഇയ്യത്തുല്‍ ഇലമായുടെ കരുത്തനായ സാരഥി എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ആദരവിന്റെ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ശംസുല്‍ ഉലമാ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍.
ഹിജ്‌റ 1333-ല്‍ (ക്ര.1914) കോഴിക്കോടിനടുത്ത് പറമ്പില്‍കടവിലെ എഴുത്തച്ഛന്‍കണ്ടി എന്ന തറവാട്ടിലാണ് ഇ.കെ. ജനിച്ചത്. യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പണ്ഡിത പരമ്പരയിലെ പ്രമുഖ കണ്ണി കോയക്കുട്ടി മുസ്‌ലിയാരാണ് പിതാവ്.
ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖും, മഹാ പണ്ഡിതനുമായിരുന്ന കോയക്കുട്ടി മുസ്‌ലിയാര്‍ പറമ്പക്കടവില്‍ ദര്‍സ് നടത്തിയിരുന്നു. സ്മര്യപുരുഷനടക്കം തന്റെ മക്കളെല്ലാം ആ ദര്‍സില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസവും, ആത്മീയ ശിക്ഷണവും നേടിയത്. ശേഷം മടവൂര്‍ സി.എം. അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവ് മടവൂര്‍ കുഞ്ഞായിന്‍കോയ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്നു പള്ളിപ്പുറം അബ്ദുള്‍ഖാദിര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദര്‍സിലും (മാട്ടൂല്‍) അബ്ദുല്‍ അലികോമു മുസ്‌ലിയാരുടെ ദര്‍സിലും, അയനിക്കാട് ഇബ്രാഹീം മുസ്‌ലിയാരുടെ ദര്‍സിലും അദ്ദേഹം ഓതി താമസിച്ചിട്ടുണ്ട്. തുടര്‍ന്നു ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ ചേര്‍ന്നു. ശൈഖ് അബ്ദുറഹീം ഹസ്‌റത്ത്, ശൈഖ് ആദംഹസ്‌റത്ത്, ശൈഖ് അബ്ദുല്‍അലി ഹസ്‌റത്ത്, ശൈഖ് അഹ്മദ്‌കോയ ശ്ശാലിയാത്തി മുതലായ പണ്ഡിതരുമായി ശംസുല്‍ ഉലമാ അടുത്തിടപഴകുകയും അവരില്‍ നിന്ന് ത്വരീഖത്തും, ഇജാസത്തും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
വെല്ലൂരിലെ പഠനകാലത്ത് ആ മഹാനുഭാവന്റെ ബുദ്ധിവൈഭവവും, അഗാധജ്ഞാനവും അറിഞ്ഞ ഉസ്താദുമാര്‍ ചില വിഷയങ്ങള്‍ ക്ലാസ്സെടുക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് മുഹ്‌യിദ്ദീന്‍ എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ.കെ. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ബാഖിയാത്തില്‍ വെച്ച് കഥാപുരുഷന്റെ ശിഷ്യത്വം സ്വീകരിച്ചവരാണ്. പരീക്ഷയില്‍ പൂര്‍ണ്ണമായും ഉത്തരമെഴുതി വിജയിച്ച അദ്ദേഹത്തിന് ബിരുദ ദാനം നല്‍കിക്കൊണ്ട് ശൈഖ് സിയാഉദ്ദീന്‍ ഹസ്‌റത്ത് പറഞ്ഞു ”താങ്കള്‍ക്ക് അനുഗ്രഹാശ്ശിസുകള്‍ നേരുന്നു. താങ്കള്‍ ഈ സ്ഥാപനത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കുക.” ബിരുദാനന്തരം ബാഖിയാത്തില്‍ മുദര്‍യിസായി ഇ.കെ. നിയോഗിക്കപ്പെട്ടു. ഇസ്ലാമിലെ അനന്തരാവകാശ വിധികളില്‍ ഫത്‌വാ നല്‍കാന്‍ ഏല്‍പ്പിക്കപ്പെട്ടതും അദ്ദേഹത്തെ തന്നെയായിരുന്നു.
അനാരോഗ്യം കാരണം വെല്ലൂര്‍ വിട്ട അദ്ദേഹം കേരളക്കരയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്നു. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം, പാറക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മുദര്‍യിസായി സേവനം ചെയ്തു. 1963 മുതല്‍ 1977 വരെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. ശേഷം പൂച്ചക്കാട് ജുമാമസ്ജിദില്‍ മുദര്‍യിസായി. പിന്നെ അന്ത്യം വരേയും നന്തി ദാറുസ്സലാം അറബിക് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു.
ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, മടവൂര്‍ സി.എം. വലിയുള്ളാഹി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എ.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങി അനേകായിരം ബാഖവി, ഫൈസി, ദാരിമി ബിരുദധാരികള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.
1957 മുതല്‍ 1996 ല്‍ ദിവംഗതനാകുന്നതുവരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ശംസുല്‍ ഉലമാ. ഉജ്ജ്വല വാഗ്മിയും, സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്ന ആ മഹാനുഭാവന്‍ സമസ്തയെ ഒരു അജയ്യ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ വളരെയേറെ പ്രയത്‌നിച്ചിട്ടുണ്ട്.
പൂനൂര്‍, ഒതായി, എടവണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ബിദ്അത്തുകാരുമായി സംവാദം നടത്തുകയും അവരുടെ നിരര്‍ത്ഥകവാദങ്ങള്‍ തൊലിയുരിച്ച് കാണിക്കുകയും ചെയ്തത് സ്മര്‍ത്തവ്യമാണ്. മഞ്ചേരിയിലും, എടക്കരയിലും വെച്ച് ക്രൈസ്തവരേയാണ് അദ്ദേഹം നേരിട്ടത്. വൈദികപട്ടമണിഞ്ഞ പാതിരിമാര്‍ ശംസുല്‍ ഉലമായുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കി സ്ഥലം വിടുകയാണ് ചെയ്തത്!
ഖാദിയാനികള്‍ ഖുര്‍ആന്‍-ഹദീസുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു മുസ്‌ലിം ബഹുജനത്തെ പിഴപ്പിക്കാന്‍ ശ്രമിച്ച സന്ദര്‍ഭം സുന്നീ പണ്ഡിതന്മാര്‍ ചെറുത്ത് നില്‍പ്പുതുടങ്ങി. ഈ അവസരത്തില്‍ ഖാദിയാനിസത്തിന്റെ നട്ടെല്ലൊടിക്കുന്ന ഒരു അമൂല്യഗ്രന്ഥം അദ്ദേഹം രചിച്ചു. ജുമുഅ ഖുതുബയെ സംബന്ധിച്ചും ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ കോഴിക്കോട് ശൈഖ് അബ്ദുല്‍ വഫാ മുഹമ്മദുല്‍ അലാഉദ്ദീന്‍ ഹിമ്മസിയെ അധികരിച്ചുള്ള മൗലിദ്, അജ്മീര്‍ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങളെക്കുറിച്ചുള്ള മൗലീദ് തുടങ്ങി അനേകം രചനകള്‍ ആ മഹാനുഭാവന്റെ സംഭാവനയായി സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.
അത്യധികം ആകര്‍ഷകരമായിരുന്നു മഹാനവര്‍കളുടെ വിജ്ഞാനസദസ്സ്. വിദ്യാര്‍ത്ഥികളായ ശിഷ്യഗണങ്ങള്‍ ആ തിരുനാക്കിലൂടെ നിര്‍ഗ്ഗളിക്കുന്നതെന്തും ഹൃദിസ്തമാക്കാന്‍ തയ്യാറായി കാത്തിരിക്കുന്നു. മൊട്ടുസൂചി വീണാല്‍പോലും കേള്‍ക്കുന്ന നിശ്ശബ്ദത. അശ്രദ്ധയോ, ഉറക്കമോ ആ ക്ലാസില്‍ കാണുകയില്ല.
വെള്ളിമാട്കുന്നിലെ ഫാത്വിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ. അബ്ദുസ്സലാം, അബ്ദുര്‍റശീദ്, ആയിശ, ആമിന, ബീവി, നഫീസ, ഹലീമ എന്നിവര്‍ മക്കളാണ്. പാലാട്ട്പറമ്പ് മുഹമ്മദ് മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി.കെ. ഉമ്മര്‍കോയ ഹാജി, അഹ്മദ് വട്ടോളി, കിഴിശ്ശേരി മുഹമ്മദ് ഫൈസി, മാക്കില്‍ മഹ്മൂദ് എന്നിവരാണ് ജാമാതാക്കള്‍.
രണ്ടുതവണ അദ്ദേഹം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്. 1961-ലായിരുന്നു ആദ്യത്തെ ഹജ്ജ് യാത്ര. യു.എ.ഇ. അടക്കം ചില വിദേശരാജ്യങ്ങളും സന്ദര്‍ശിച്ച ശംസുല്‍ ഉലമാ, അറബി, ഉര്‍ദു, ഇംഗ്ലീഷ്, സുറിയാനി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുള്ള പണ്ഡിതനായിരുന്നു. എഴുപത് മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ സംയുക്ത ജമാഅത്തിന്റെ ഖാളിയായിരുന്നു ഇ.കെ. 1996 ആഗസ്ത് 19-ന് പുലര്‍ച്ചെയാണ് മഹാനവര്‍കള്‍ വഫാത്തായത്. പുതിയങ്ങാടി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്താണ് ശംസുല്‍ ഉലമായുടെ മഖ്ബറ.