സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 29 January 2015

ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും

രോഗത്തിന് മതവും ശാസ്ത്രവും ചികിത്സ നിര്‍ദേശിക്കുന്നു. എന്നാല്‍ ആത്മനാശകരമായ ക്രിയകള്‍ ഇസ്‌ലാം പാപമായാണ് കാണുന്നത്. രോഗമേതിനും ചികിത്സയുണ്ടെങ്കിലും അതറിഞ്ഞു പ്രയോഗിക്കണമെന്നാണ് പണ്ഡിത നിര്‍ദേശം. രോഗത്തിനനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്. ചികിത്സകനും ചില യോഗ്യത വേണം. ചികിത്സയിലുണ്ടാവുന്ന പരാജയങ്ങള്‍ ഏറെയാണ്. എന്നാല്‍ അതെല്ലാം ചികിത്സാ രീതിയുടെ കുഴപ്പമാകണമെന്നില്ല. അനുപാദം പോലെ മരുന്ന് പ്രയോഗം നടത്തുന്നതില്‍ വന്ന പിഴവുമാകാം പ്രത്യക്ഷത്തില്‍ പരാജയകാരണം.

അതേസമയം ചികിത്സാ വിജയവും രോഗി സുഖജീവിതത്തിലേക്ക് തിരിച്ചുവന്നതും പരിഗണിച്ചു മാത്രം ചികിത്സകന്‍ യോഗ്യനാണെന്നു മാനദണ്ഡമാക്കാനും പറ്റില്ല. കാരണം വ്യാജന്മാര്‍ പലപ്പോഴും ഫലപ്രദമായ ചികിത്സകള്‍ നടത്തി പിടിച്ചുനില്‍ക്കാറുണ്ടല്ലോ. ചികിത്സയുമായി ബന്ധപ്പെട്ട് വിവേചനപൂര്‍വമുള്ള നിലപാട് അനിവാര്യമാണെന്ന് ചുരുക്കം. ഒരാളുടെ ന്യൂനതയെ ആ വിഭാഗത്തെ മുഴുവന്‍ പഴിക്കുന്നതിന് ഉപാധിയാക്കുന്നത് നീതിയല്ലെന്ന് മാത്രം. അതിനാല്‍ ചികിത്സ പരാജയപ്പെടുന്നിടത്തല്ല വ്യാജ വിലാസം കാണേണ്ടത്. പ്രത്യുത ചികിത്സ യഥാതഥമാണോ പ്രമാണവിരുദ്ധമാണോ എന്നതിലാണ്.

ഇത്രയും പറയേണ്ടി വന്നത്, ഈയിടെ ആത്മീയ ചികിത്സയുടെ മറവില്‍ നടന്ന രണ്ട് ദാരുണ സംഭവങ്ങള്‍ മുന്നില്‍ വെച്ച് ആ ചികിത്സാ ശാഖ പൂര്‍ണമായി തെറ്റാണെന്നു വരുത്താനുള്ള ചില കൊണ്ടുപിടിച്ച ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ്. ചിലര്‍ ആത്മീയ ചികിത്സ മതത്തിനും മനുഷ്യനുമെതിരാണെന്നു സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ആ രണ്ട് സംഭവങ്ങളിലും ചികിത്സയുടെ പേരിലുള്ള ശാരീരിക മര്‍ദനം മൂലം രോഗികള്‍ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരവും നിയമനടപടികള്‍ അര്‍ഹിക്കുന്നതുമാണ്. ഇനി വിഷയത്തിലേക്ക് വരാം.

നിര്‍ദ്ദിഷ്ടവും അനുവദനീയവുമായ ചികിത്സാ മാര്‍ഗം കൃത്യമായി അറിയാതെ കൈകാര്യം ചെയ്യുന്നത് ആതുര ശുശ്രൂഷാ രംഗത്ത് ഒരര്‍ത്ഥത്തിലും ശരിയല്ല. ധര്‍മവിചാരത്തിന്റെയും ആത്മീയ ബോധത്തിന്റെയും അഭാവമോ കുറവോ ആണ് യഥാര്‍ത്ഥത്തില്‍ വ്യാജന്മാരെ സൃഷ്ടിക്കുന്നത്. നിപുണനായ ചികിത്സകന് തന്നെ ചിലപ്പോള്‍ അപാകം സംഭവിച്ചേക്കാം. ഏതെങ്കിലുമൊരു ചികിത്സാ ശാഖയില്‍ സ്പ്യെലൈസ് ചെയ്തിട്ടുള്ള ഡോക്ടറില്‍ നിന്ന് തന്നെ ഇത്തരം കേസുകള്‍ ഉണ്ടായേക്കാം. എങ്കിലും തന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളും രോഗിയുടെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കുന്ന സമ്മതപത്രവും അയാളെ രക്ഷിക്കാന്‍ മതിയാവും. അതിനാല്‍ തന്നെ പരാജയപ്പെട്ട ചികിത്സയുടെ പേരില്‍ ആ ഡോക്ടര്‍ വ്യാജനാവുന്നില്ല. അലോപ്പതിയെ അംഗീകരിക്കാത്ത ഒരാള്‍ ഇതിന്റെ പേരില്‍ കലാപം നയിക്കുന്നതിലര്‍ത്ഥവുമില്ല.

രോഗം അടിസ്ഥാന പരമായി മാനുഷികമായ അവസ്ഥകളെ ചൊല്ലിയുള്ളതാണ്. അത് മാനസികമാവാം, ശാരീരികവും ആത്മീയവുമാവാം. അതിനെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഉപാധി നടപ്പാക്കുകയാണ് ചികിത്സകന്‍ ചെയ്യുന്നത്. അതിനായി അയാള്‍ നടത്തുന്ന ഇടപെടലാണ് ചികിത്സ.

ചികിത്സകനും മനുഷ്യനാണ് എന്നതിനാല്‍ യോഗ്യനെങ്കിലും ദൗര്‍ബല്യങ്ങളും കൈപ്പിഴകളും സ്വാഭാവികം. അയാള്‍ക്ക് മനസാക്ഷിയും മനുഷ്യപ്പറ്റുമുണ്ട് എന്ന ബോധ്യം രോഗിക്കും ബന്ധുക്കള്‍ക്കും വേണ്ടതുണ്ട്. ആത്മീയബോധവും സേവനമനസ്ഥിതിയും പരിരക്ഷിക്കുവാന്‍ ചികിത്സകനും ബാധ്യതയുണ്ട്. വ്യാജ ചികിത്സാരിയെ ന്യായീകരിക്കാന്‍ പാടില്ലാത്തതുപോലെ ഇത്തരം കേന്ദ്രങ്ങളില്‍ ചെല്ലുന്നവരെ വെള്ള പൂശാനുമാകില്ല.

ചികിത്സാ മുറകള്‍

അലോപ്പതി വ്യൈശാഖയില്‍ ലളിതവും സങ്കീര്‍ണവുമായ ചികിത്സാമുറകള്‍ കാണാം. വെറും മരുന്ന് സേവ ലളിതമാണെങ്കില്‍ ശസ്ത്രക്രിയ സങ്കീര്‍ണമാണ്. ശരീരപ്രകൃതത്തിനു അന്യമായതിനെ അകറ്റാനാണിത് കൂടുതലായും ഉപയോഗിക്കുന്നത്. അത് നിര്‍വഹിക്കുന്നതിന് ഒരുപാട് ഘടകങ്ങള്‍ അടിസ്ഥാനപരമായി വേണ്ടതുണ്ട്. അവയെല്ലാം ഒത്തിണങ്ങിയാല്‍ സര്‍ജനായ ഡോക്ടര്‍ ആത്മവിശ്വാസത്തോടെ കൃത്യം ചെയ്തത് വിജയിക്കുകയാണ് പതിവ്. മുറിവാക്കിയോ പഴുതാക്കിയോ നടത്തുന്ന ഈ ക്രിയയില്‍ ഉപയോഗിക്കുന്ന വിവിധ മെഡിക്കല്‍ ഉപകരണങ്ങളുണ്ട്. ഡോക്ടറല്ലാത്ത ഒരാള്‍ ഇത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ആരിലെങ്കിലും പരീക്ഷണം നടത്തുന്നുവെങ്കില്‍ അത് കുറ്റകരമാണെന്നതില്‍ തര്‍ക്കമില്ല.

ഇത് അലോപ്പതിയുടെ മാത്രം പ്രശ്നമല്ല. വിരുദ്ധഫലം വേഗത്തില്‍ പ്രകടമാകുന്നതാണ് അലോപ്പതിയെന്നതിനാല്‍ ഔഷധമാറ്റങ്ങളും പ്രശ്നകാരണമാണ്. മറ്റു പല ചികിത്സാ രീതികളിലും ഇതുണ്ട്, താരതമ്യേന കുറവാണെങ്കിലും. ചില ഔഷധങ്ങളുടെ പ്രവര്‍ത്തനവും അതിനാലുണ്ടാവുന്ന പ്രതിപ്രവര്‍ത്തനവും ആരോഗ്യപരമായി പ്രത്യാഘാതങ്ങളുണ്ടാക്കും. ഔഷധങ്ങളും അവയുടെ ഗുണദോഷങ്ങളും കൃത്യമായി നിശ്ചയമില്ലാത്തവന്‍ ചികിത്സിച്ചാല്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കുക സ്വാഭാവികം.

എല്ലാ രോഗങ്ങള്‍ക്കും ഒരു ചികിത്സാ സന്പ്രദായത്തില്‍ മരുന്നുണ്ടാവണമെന്നില്ല. അപ്പോള്‍ അനുയോജ്യമായ മറ്റു ചികിത്സാ ശാഖയെ അവലംബിക്കേണ്ടിവരും. ആ മേഖലയെക്കുറിച്ചറിയാത്തവര്‍ വിമര്‍ശിച്ചാലും പരിഹാരം അവിടെ നിന്നു ലഭിച്ചെന്നിരിക്കും. ആ സമയത്തും തമ്പോരിമയില്‍ ഊറ്റംകൊള്ളുന്നത് നാശമേ വരുത്തൂ. താരതമ്യേന പാര്‍ശ്വഫലങ്ങളില്ലാത്തവ അവലംബിക്കുന്നത് മഠയത്തമൊന്നുമല്ല. ശരിയായ ആത്മീയ ചികിത്സ ഇത്തരത്തിലുള്ളതാണ്.

അറിയാതെ നടത്തുന്ന ചികിത്സ കൊണ്ടുണ്ടാവുന്ന നഷ്ടത്തിന് ചികിത്സകന്‍ ഉത്തരവാദിയായിരിക്കുമെന്നാണ് ഇസ്ലാമിക പാഠം. സമീപനത്തിന്റെ സ്ഥിതിയും സാഹചര്യവും പോലെ പ്രായശ്ചിത്തമോ പ്രതിക്രിയയോ ശിക്ഷയായി ലഭിക്കുകയും ചെയ്യും.

നബി(സ്വ)യുടെ പാഠങ്ങളില്‍ നിന്ന് അവയിലടങ്ങിയ ആരോഗ്യ ചികിത്സാ വശങ്ങളെ വേര്‍തിരിച്ചെടുത്ത് വിവരിച്ച പണ്ഡിതര്‍ അവരുടെ കൃതികളില്‍ ചികിത്സകനുണ്ടായിരിക്കേണ്ട യോഗ്യതകളും ഗുണങ്ങളും എണ്ണിപ്പറഞ്ഞിട്ടുണ്ട്.

രോഗത്തിന് വ്യത്യസ്ത അവസ്ഥകളുള്ള പോലെ രോഗകാരണങ്ങള്‍ക്കും അതുണ്ടാകും. ശരീരവും മനസ്സും രോഗത്തിനടിപ്പെടാം. അപ്പോള്‍ രണ്ടിനും അനുയോജ്യമായ ചികിത്സകളാണ് ലഭിക്കേണ്ടത്. രോഗ കാരണം ഭൗതികമാണെന്നു വിധിച്ച് അത്തരത്തിലുള്ള ചികിത്സ എല്ലാറ്റിലും നടക്കണമെന്നില്ല. ഭൗതിക സംവിധാനങ്ങള്‍ക്ക് വിധേയപ്പെടാത്ത രോഗങ്ങളും രോഗഹേതുകങ്ങളും ഉണ്ടെന്നതാണ് കാരണം. അവക്ക് ആത്മീയ ചികിത്സ തന്നെ വേണ്ടിവരും. മറ്റുള്ളവ ഭാഗിക/താത്ക്കാലിക ശമനമേ നല്‍കൂ.

മാനസികമായ രോഗങ്ങള്‍ക്കും അസന്തുലിതാവസ്ഥക്കും കാരണമാവുന്ന ശാരീരിക പ്രശ്നങ്ങളെ ഭൗതിക ഔഷധങ്ങള്‍ കൊണ്ട് സുഖപ്പെടുത്താന്‍ സംവിധാനങ്ങളുണ്ട്. മനസ്സിനെ തന്നെ കേന്ദ്രീകരിച്ച് മരുന്നില്ലാത്ത ഭൗതിക ചികിത്സാ രീതികളും നടപ്പിലുണ്ട്. മനഃശാസ്ത്ര ചികിത്സകള്‍ ഉദാഹരണം. ചില ദുശ്ശീലങ്ങളെയും ദൗര്‍ബല്യങ്ങളെയും മാറ്റിയെടുക്കാന്‍ അത്തരം മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നത് ശരിയുമാണ്. എന്നാല്‍ എല്ലാവിധ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമല്ല.

ആത്മീയ ചികിത്സ

ആത്മീയ ചികിത്സയെക്കുറിച്ച് ചിലര്‍ക്ക് കേള്‍ക്കാനിഷ്ടമില്ല. അത്യാവശ്യഘട്ടത്തില്‍ രഹസ്യമായി അത് സ്വീകരിക്കുന്നവര്‍ തന്നെയും പരസ്യമായി അതിനെ അംഗീകരിക്കാതിരിക്കാന്‍ പണിപ്പെടുന്നു. ഖുര്‍ആന്‍, പ്രാര്‍ത്ഥന, ദിക്റ്, സ്വലാത്ത് തുടങ്ങിയ മന്ത്രങ്ങള്‍, മന്ത്രിച്ചൂതല്‍, എഴുതി മായ്ച്ച് വെള്ളം കുടിക്കല്‍, എഴുതിക്കെട്ടല്‍ തുടങ്ങിയ രീതികള്‍ ആത്മീയ ചികിത്സയില്‍പ്പെടുന്നു. ചില അടിസ്ഥാനയോഗ്യതകള്‍ ചേരുമ്പോള്‍ ഇവ കൂടുതല്‍ ഫലപ്രദമായിത്തീരും. ഓരോ വിജ്ഞാനശാഖക്കും അതിന്റെതായ ആദാനപ്രദാന രീതികളുണ്ടാവും. അതുവഴി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതിന് ഗുണ ചോരണം സംഭവിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ ഗുണമാവുകയാണുണ്ടാവുക.

മനുഷ്യന്റെ പ്രവര്‍ത്തനത്തിന്റെയും ജീവിതശൈലിയുടെയും ഫലമായി രോഗങ്ങള്‍ വന്നുചേരാറുണ്ട്. വൈറസുകളോ മറ്റു രോഗാണുക്കളോ കാരണമായി രോഗമുണ്ടാവും. പിശാചുക്കള്‍, ഭൂത വര്‍ഗം, മാലാഖമാര്‍, ആത്മാക്കള്‍ തുടങ്ങിയവ മനുഷ്യനില്‍ ഇടപെടാന്‍ സാധിക്കുന്ന സൃഷ്ടികളാണ്. മാലാഖമാരും ശുദ്ധാത്മാക്കളും മനുഷ്യന് ഗുണം വരുത്തുന്നുവെങ്കില്‍ പിശാച് മനുഷ്യന്റെ ആത്യന്തിക ശത്രുത മുഖമുദ്രയാക്കിയവനാണ്. അവന്റെ സാന്നിധ്യം ശാരീരികവും മാനസികവുമായി ചിലരെ പ്രയാസപ്പെടുത്തും, രോഗികളാക്കും. വലിയൊരു വിഭാഗത്തെ ഭൗതിക പ്രമത്തതയുടെ പിടിയിലൊതുക്കും.

മനുഷ്യനുമായി ബന്ധപ്പെട്ട ഏതൊന്നിന്റെയും യഥാര്‍ത്ഥ ഗുണവശങ്ങളെ നിര്‍വീര്യമാക്കുകയും പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമോ കുറ്റകരമോ ആക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ് അവന്റെ പ്രധാന ജോലി. ജീവിതാവശ്യങ്ങളെയും ശീലങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും എല്ലാം അവന്‍ തന്റെ ഇടപാടിലൂടെ നാശമാക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റില്‍ നിന്നും മോചനത്തിനുള്ള ആത്മസംരക്ഷണോപാധികളായി മന്ത്രങ്ങളും കര്‍മകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കൃത്യമായ രീതികളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ആത്മരക്ഷാ മാര്‍ഗങ്ങള്‍ ആത്മീയ ചികിത്സയുടെ പരിധിയില്‍ വരുന്നതിന് മുമ്പ് ചികിത്സ വേണ്ടി വരുന്ന രോഗാവസ്ഥയെ തന്നെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ്.

അല്ലാഹുവിന്റെ അടിമ എന്ന മേല്‍വിലാസം അംഗീകരിക്കുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍ എന്തായിരുന്നാലും പിശാചിനെ കീഴ്പ്പെടുത്താന്‍ ശക്തി നല്‍കപ്പെട്ടവനായിരിക്കും. ഖുര്‍ആന്‍ പറയുന്നു: “നിശ്ചയം എന്റെ അടിമകള്‍, നിനക്ക് അവരുടെ മേല്‍ യാതൊരധികാരവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലല്ലാതെ” (അല്‍ ഹിജ്ര്‍ 42).

പിശാചിന്റെയും അവിശുദ്ധാത്മാക്കളുടെയും ഇടപെടല്‍ മനുഷ്യനെ ശാരീരികമായും മാനസികമായും ആത്മീയമായും രോഗിയാക്കും. പിശാച് ബാധ എന്നത് നിഷേധിക്കാന്‍ ഒരു വാചകം മതിയാവും. പക്ഷേ പ്രമാണങ്ങളെയും ചില അനുഭവങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും തള്ളിക്കളയാന്‍ വാക്കുകള്‍ മതിയാവില്ല എന്നതാണ് പരമാര്‍ത്ഥം. ശാരീരികമോ മാനസികമോ ആയി അനുഭവപ്പെടുന്ന തകരാറുകള്‍ ഉപരിസൂചിത ആത്മീയ ചികിത്സാ രീതികള്‍ മൂലം ഫലപ്രദമായിട്ടുള്ളതും അനുഭവമാണ്.

ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ) ഭൂതവര്‍ഗത്തില്‍പ്പെട്ട ശുദ്ധരുടെയും അശുദ്ധരുടെയും പ്രവര്‍ത്തനങ്ങളിലും ശേഷികളിലും സുന്നി വിശ്വാസമെന്താണെന്ന് വിവരിച്ചിട്ടുണ്ട്. കര്‍മശാസ്ത്ര പണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവിധ മസ്അലകളുമായി ബന്ധപ്പെട്ട് ഭൂതവര്‍ഗത്തിന്റെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ട് വരുന്ന മതവിധികളും അവരുടെ ലോകം കേന്ദ്രീകരിച്ച് ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങളും വിലയിരുത്തുന്ന ഗ്രന്ഥങ്ങള്‍ പോലും വിരചിതമായിട്ടുണ്ട്. ഖാളി ബദ്റുദ്ദീനിശ്ശിബ്ലി(റ)യുടെ ആകാമുല്‍ മര്‍ജാന്‍ ഈ വിഷയത്തില്‍ പ്രധാനമാണ്. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. സ്വാലിഹുര്‍റഖബ് ജിന്ന് പിശാച് ബാധയെ കുറിച്ച് പൂര്‍വികരും ആധുനികരുമായ പണ്ഡിതരടക്കം അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഭാഗം ക്രോഡീകരിച്ചു കാണാം.

സ്വന്തമായി ദുരനുഭവമോ മനസ്സിലാക്കാനുള്ള അവസരമോ ഇല്ലാത്തവരാണ് നിഷേധികളില്‍ പലരും. അനുഭവത്തെ കണ്ണടച്ച് നിഷേധിക്കുന്നവരുമുണ്ട്. അഹ്ലുസ്സുന്നയെ സംബന്ധിച്ചിടത്തോളം പിശാച് മിഥ്യല്ല, സത്യമാണ്. അവന്‍ ധിക്കാരിയും മനുഷ്യവര്‍ഗത്തിന്റെ ആത്യന്തിക ശത്രുവുമാണ്. അതിനാല്‍ തന്നെ മനുഷ്യനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനായിരിക്കും. അത്യാകര്‍ഷകവും പ്രത്യക്ഷാനന്ദകരവുമായ പലതും അതിനായവന്‍ ഉപയോഗിക്കുകയും ചെയ്യും. ആ സാഹചര്യങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കുപരിയായി ചില ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നേക്കും. ചില രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നത് പോലെ, ചില പൈശാചിക ബാധകള്‍ ഇല്ലാതാക്കാന്‍ കൈക്രിയയും ആവശ്യമാകും. പക്ഷേ, യോഗ്യര്‍ നിശ്ചിത വിധം നടത്തണമെന്നു മാത്രം.

നിശയുടെ മറവില്‍ ദുര്‍ബല വിശ്വാസികളെ കബളിപ്പിച്ച് നടത്തുന്ന ചികിത്സാ കേന്ദ്രങ്ങളെല്ലാം സുന്നി സംരംഭങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്, അതിലേറെ ദുരുപദിഷ്ടമാണ്. എല്ലാ കബളിപ്പിക്കലും ഇസ്‌ലാം വിലക്കിയിട്ടുള്ളതാണ്. എന്നാല്‍ അറിവും പരിചയവും പൊരുത്തവുമുള്ളവര്‍ കൃത്യമായും തഖ്വയോടെയും ധര്‍മ പ്രതിബദ്ധതയോടും കൂടി നടത്തുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കള്ള നാണയങ്ങള്‍ നടത്തുന്ന കബളിപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇരുലോകത്തും ശിക്ഷാര്‍ഹമാണ് താനും.

നിന്റെ സഹോദരന് ഒരു ഗുണം നല്‍കുവാന്‍ നിനക്ക് സാധിക്കുന്നുവെങ്കില്‍ അത് നീ ചെയ്യുക എന്നാണ് ചികിത്സയെ കുറിച്ച അന്വേഷണത്തിന് നബി(സ്വ) മറുപടി പറഞ്ഞത്.

അതിനാല്‍ ഒരു മേഖലയെ അന്ധമായി അവലംബിക്കുകയും മറ്റുള്ളവയെ അമാന്യമായി വിമര്‍ശിക്കുകയും ചെയ്യുകയല്ല വേണ്ടത്. രോഗത്തിന് ഫലപ്രദമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയും അതിന് അവസരമുണ്ടാക്കുകയുമാണ്. യോഗ്യതയും അര്‍ഹതയും ഇല്ലാത്തവര്‍ ഇത്തരം മേഖലകളെ ജീവിതോപാധിയാക്കാതിരിക്കാന്‍ നാം ജാഗ്രത്താവുകയും വേണം. ആത്മീയ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാക്കാവുന്ന വ്യാജ ചരക്കുകളെയെല്ലാം മഹാന്‍മാരായ പണ്ഡിതന്മാര്‍ ഗൗരവപൂര്‍വം സമീപിച്ചതായി കാണാം. മേഖലയിലെ ചൂഷണം കേവല ചൂഷണമായി കാണാനാവില്ലെന്നതാണ് കാരണം.

ആത്മീയ പ്രഭാവത്തില്‍ തട്ടിപ്പു ചികിത്സ നടത്തുന്നവര്‍ ഒരു തരം ആകര്‍ഷണസിദ്ധി(?) കൂടിയുള്ളവരായിരിക്കും. ആകര്‍ഷണതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യും. അവിടങ്ങളില്‍ ചികിത്സ തേടിച്ചെന്ന് ആത്മനാശം സംഭവിക്കുന്നത് വലിയ ദുരന്തമാണ്. ആത്മീയ ചികിത്സകനെ ചികിത്സകനായി കാണുന്നത് ശരിയായ രീതിയാണ്, എന്നാല്‍ അദ്ദേഹത്തെ ആത്മീയ ഗുരുവായി കാണുന്നത് തക്ക യോഗ്യതകളും ഗുണവിശേഷങ്ങളും അടിസ്ഥാനമാക്കിയേ പാടുള്ളൂ. ആത്മീയ സിദ്ധി വിശേഷങ്ങള്‍ക്ക് കാരണമാവുന്ന പ്രത്യക്ഷ അടയാളങ്ങളുള്ളവരെത്തന്നെ ചില കാരണങ്ങളാല്‍ വര്‍ജിക്കേണ്ടിവരും. എന്നാല്‍ പരമ്പരാഗതമായി സമൂഹത്തിന് ഗുണവും സേവനവും ചെയ്തുവരുന്ന തണല്‍ മരങ്ങള്‍ നല്‍കുന്ന ഉപകാരത്തെ അകാരണമായും അറിവില്ലാതെയും എതിര്‍ത്തുകൂടാത്തതാണ്.

അടി ചികിത്സ

പൈശാചിക ബാധക്കുള്ള ചികിത്സാ രീതി, രോഗാവസ്ഥയുടെ ഗൗരവത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ബാധയേറ്റവനെ ചികിത്സിക്കുന്ന ഘട്ടത്തില്‍ ചിലപ്പോള്‍ നിയന്ത്രിത രീതിയിലുള്ള അടി തന്നെ നടത്തേണ്ടി വരും. ശരിയായി പിശാച് ബാധയുള്ളവനാണെങ്കില്‍ അടിയുടെ ആഘാതം രോഗിയല്ല, പിശാചാണ് ഏല്‍ക്കുന്നത്. തത്സമയത്തെ ശബ്ദങ്ങളും അവന്‍റേതുതന്നെ. ഖാജാ ബദ്റുദ്ദീനിശ്ശിബ്ലി(റ) എഴുതുന്നു: “ചില ഘട്ടത്തില്‍ ബാധയേറ്റവനെ സുഖപ്പെടുത്തുന്നതിനും ഭൂതത്തെ അവനില്‍ നിന്ന് അകറ്റുന്നതിനും അടിക്കേണ്ടിവരും, നന്നായി തന്നെ പ്രഹരിക്കേണ്ടി വന്നേക്കും. അടി ഏല്‍ക്കുന്നത് ഭൂതമായിരിക്കും. ബാധിതന്‍ അതറിയുന്നു തന്നെയുണ്ടാവില്ല. താനൊന്നുമറിഞ്ഞില്ലെന്ന് ഭേദമായ ശേഷം അവന്‍ പറയുകയും ചെയ്യും. അവന്റെ ശരീരത്തില്‍ പ്രഹരത്തിന്റെ അടയാളവും ഉണ്ടാകാറില്ല” (ആകാമുല്‍ മര്‍ജാന്‍). ബിദ്അത്തുകാരുടെ അംഗീകൃത പണ്ഡിതന്‍ ഇബ്നുതൈമിയ്യ വരെയും ഇതംഗീകരിച്ചിട്ടുണ്ട്.

ഈ കൃത്യം നിര്‍വഹിക്കുന്നവന്‍ ഭക്തനും സൂക്ഷ്മാലുവും പരിചയസമ്പന്നനുമായിരിക്കണമെന്ന് പണ്ഡിതര്‍ നിര്‍ദേശിച്ചു. ഈ അര്‍ത്ഥത്തില്‍ അടി ഒരു ചികിത്സാ മുറയാണ്. പക്ഷേ. അതറിയുന്നവര്‍ മാത്രമാണ് നടത്തേണ്ടത്. ഗള്‍ഫ് സലഫി പണ്ഡിതര്‍ വരെ ഇത്തരം പ്രഹര ചികിത്സ നടത്തിയത് മുജാഹിദ് പ്രസ്ഥാനത്തില്‍ ഇടക്കാലത്ത് വിവാദം സൃഷ്ടിച്ചിരുന്നല്ലോ. അവരില്‍ വലിയൊരു പക്ഷം ഇന്നും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും ബാധ ചികിത്സ പ്രമാണികമാണെന്നു തന്നെയാണ്. ആത്മീയ ചികിത്സയെ മന്ത്രവാദമാക്കുന്നത് ആടിനെ പട്ടിയാക്കലാണ്. എന്നിട്ട് അത് മതത്തിനും മനുഷ്യനും എതിരാണെന്ന് പ്രചരിപ്പിക്കുന്നത് മാന്യമായി പറഞ്ഞാല്‍ കടുത്ത വിവരമില്ലായ്മയും.

Tuesday 27 January 2015

അദൃശ്യജ്ഞാനം ഖുര്‍ആനിക പരിപ്രേക്ഷ്യം

മഹാത്മാക്കള്‍ക്ക് അദൃശ്യ ജ്ഞാനമുണ്ടെന്ന വിശ്വാസം അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങളില്‍ പ്രധാനമാണ്. കാരണം അതിന്റെ നിഷേധം മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും നിഷേധമാണ്. അതിമാനുഷികവും അനിതര സാധാരണവുമായ കാര്യങ്ങളാണല്ലോ മുഅ്ജിസത്തും കറാമത്തും. അവയില്‍പെട്ടതു തന്നെയാണ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാമെന്ന വിശ്വാസവും.

അദൃശ്യജ്ഞാനമുള്ളവന്‍ എന്നത് അല്ലാഹുവിന്റെ വിശേഷണമാണ്. എന്നാല്‍ മറ്റു ചിലര്‍ക്കും അവന്റെ അനുമതി പ്രകാരം അദൃശ്യങ്ങളറിയാന്‍ കഴിയുമെന്നാണ് ഇസ്ലാമിക വിശ്വാസം. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ വസ്തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്. “വിശുദ്ധരില്‍ നിന്നും അശുദ്ധരെ വേര്‍തിരിക്കാതെ ഈ സ്ഥിതിയില്‍ അല്ലാഹു നിങ്ങളെ വിടുകയില്ല. മറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരികയുമില്ല. പക്ഷേ, തന്റെ ദൂതരില്‍ നിന്നും താനുദ്ദേശിക്കുന്നവരെ (അതിനു വേണ്ടി) അല്ലാഹു തെരഞ്ഞെടുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിക്കുവീന്‍. വിശ്വസിക്കുകയും സൂക്ഷ്മത കൈവരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് വലിയ പ്രതിഫലമുണ്ട്” (വിശുദ്ധ ഖുര്‍ആന്‍ 3/179).

അദൃശ്യജ്ഞാനം അല്ലാഹു ചിലര്‍ക്കു നല്‍കുമെന്ന് വ്യക്തമാക്കുന്ന ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ എഴുതുന്നു: “അതായത്, അല്ലാഹു പ്രവാചകമാരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും (ഖാസിം 1/308). അല്ലാഹു അറിയിച്ചു കൊടുക്കുന്നത് കൊണ്ട് അവര്‍ക്ക് അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നു (നസഫി). അദൃശ്യങ്ങള്‍ അറിയിച്ചു കൊടുത്തു കൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേകത നല്‍കുന്നു (അല്‍ ബഹ്റുല്‍ മുഹീത്വ്). അല്ലാഹു നല്‍കുന്ന കഴിവു കൊണ്ട് അവനുദ്ദേശിക്കുന്ന പ്രവാചകര്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

വഹ്യ്, സ്വപ്നം, ഇല്‍ഹാം, സവിശേഷസിദ്ധി തുടങ്ങിയവ മുഖേനയാണ് അല്ലാഹു മഹത്തുക്കള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയിച്ചു കൊടുക്കുക. നാം ദൃശ്യമായ കാര്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയല്ല എന്നതുപോലെ, മഹാന്മാര്‍ അദൃശ്യമായ കാര്യങ്ങള്‍ അറിയുന്നതും സ്വയം പര്യാപ്തതയോടെയല്ല. സ്വയം പര്യാപ്തതയിലധിഷ്ഠിതമായ അറിവാകട്ടെ  ദൃശ്യവും അദൃശ്യവും അല്ലാഹുവിന് മാത്രമുള്ളതത്രെ. അതേ സമയം, അല്ലാഹു അവനു താല്‍പര്യമുള്ള മറ്റുള്ളവര്‍ക്ക് അദൃശ്യങ്ങള്‍ അറിയിച്ചു കൊടുക്കുമെന്നത് അനിഷ്യേവുമാണ്. ഇമാം ഖുര്‍ത്വുബി(റ) ഇക്കാര്യം വിശകലനം ചെയ്യുന്നത് കാണുക: അല്ലാഹു ഉദ്ദേശിക്കുന്ന അദൃശ്യ കാര്യങ്ങള്‍ പ്രവാചകമാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. കാരണം അവര്‍ അമാനുഷിക കാര്യങ്ങള്‍ കൊണ്ട് ശക്തി നല്‍കപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളില്‍ പെട്ടതു തന്നെയാണ് അദൃശ്യ കാര്യങ്ങള്‍ പറയലും (തഫ്സീറുല്‍ ഖുര്‍ത്വുബി).
അല്ലാഹു അവന്റെ ഇഷ്ടദാസന്മാര്‍ക്ക് നല്‍കിയ അദൃശ്യജ്ഞാന ചരിതങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രവാചകന്മാരും മഹത്തുക്കളും അദൃശ്യകാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍! ഈസാ നബി(അ) അവകാശപ്പെടുന്നത് കാണുക: “നിങ്ങളുടെ നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളെ സമീപിക്കുന്നത്. അതായത്, നിങ്ങള്‍ക്കായി കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം പോലെ ഞാന്‍ ഉണ്ടാക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യും. അപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് പക്ഷിയായിത്തീരും. ഞാന്‍ അല്ലാഹുവിന്റെ സമ്മതത്തോടെ മരിച്ചവരെ ജീവിപ്പിക്കുകയും അന്ധനെയും കുഷ്ഠ രോഗിയെയും സുഖപ്പെടുത്തുകയും ചെയ്യും. നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” (ഖുര്‍ആന്‍ 3/49).

ഈസാ നബി (അ)ന് അദൃശ്യകാര്യങ്ങള്‍ അറിയാമായിരുന്നുവെന്നത് ഈ സൂക്തത്തില്‍ നിന്ന് സ്പഷ്ടമാണ്. “നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും”എന്ന പ്രയോഗം വിശേഷിച്ചും. ഈസാ നബി(അ) കുട്ടികളോട് അവരുടെ മാതാപിതാക്കള്‍ അവര്‍ക്ക് വേണ്ടി വീട്ടിലെടുത്തുവെച്ച സാധനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ കുട്ടികള്‍ വീട്ടില്‍ ചെന്ന് അതന്വേഷിക്കുകയും കിട്ടുന്നത് വരെ കരയുകയും ചെയ്തിരുന്നു. ഗതി മുട്ടിയ മാതാപിതാക്കള്‍ ആ”മാരണക്കാരനോ”ട് കൂടെ നിങ്ങള്‍ കളിക്കാന്‍ പോകരുതെന്ന് വരെ പറയുമായിരുന്നു (റാസി 3/229).

സുലൈമാന്‍ നബി(അ) അദൃശ്യങ്ങളറിഞ്ഞിരുന്നുവെന്ന് കുറിക്കുന്ന സൂക്തങ്ങളും ഖുര്‍ആനില്‍ കാണാം: അങ്ങനെ അവര്‍ ഉറുന്പുകളുടെ താഴ്വരയില്‍ എത്തിയപ്പോള്‍ ഒരുറുമ്പ് പറഞ്ഞു: “ഉറുന്പുകളേ, നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാന്‍ നബിയും അദ്ദേഹത്തിന്റെ സൈന്യങ്ങളും അറിയാത്തവിധം നിങ്ങളെ ചവിട്ടിയരക്കാതിരിക്കട്ടെ”. അതിന്റെ വാക്ക് കേട്ട് അദ്ദേഹം ചിരിച്ചു (27/1719). ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: “ഇവിടെ സുലൈമാന്‍ നബി(അ) ചിരിച്ചത് രണ്ടു കാരണത്താലാണ്. ഒന്ന്, ഇതില്‍ അത്ഭുതം പൂണ്ട്. മറ്റൊന്ന്, ഉറുമ്പിന്റെ സംസാരം കേള്‍ക്കുകയും അതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുകയെന്ന, മറ്റാര്‍ക്കും നല്‍കപ്പെടാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിലുള്ള സന്തോഷം കൊണ്ട് (റാസി 8/549). ഇതില്‍ നിന്നും സുലൈമാന്‍ നബി (അ) ഉറുമ്പിന്റെ സംസാരം കേട്ടതും മനസ്സിലാക്കിയതും അല്ലാഹു നല്‍കിയ അദൃശ്യജ്ഞാനമുള്ളതു കൊണ്ടാണെന്ന് വ്യക്തം.

യൂസുഫ് നബി(അ)യുടെ വസ്ത്രം എത്തുന്നതിന് മുമ്പ് തന്നെ അതിന്റെ വാസന യഅ്ഖൂബ് നബി(അ)ക്കെത്തിയ വിവരണവും ഖുര്‍ആനിലുണ്ട്. നിങ്ങള്‍ എന്റെ ഈ കുപ്പായവുമായി പോവുകയും എന്റെ പിതാവിന്റെ മുഖത്ത് അത് ചാര്‍ത്തുകയും ചെയ്യുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനാകും. നിങ്ങളെല്ലാവരും കുടുംബസമേതം എന്റെയടുത്ത് വരികയും ചെയ്യുക. യാത്രാ സംഘം പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: തീര്‍ച്ച, യൂസുഫിന്റെ ഗന്ധം എനിക്കനുഭവപ്പെടുന്നു. നിങ്ങളെന്നെ പടുവിഡ്ഢിയാക്കുന്നില്ലെങ്കില്‍ നന്നായിരുന്നു” (12/9394).
എട്ടോ പത്തോ ദിവസത്തെ യാത്രാവഴിദൂരമുള്ള സ്ഥലത്ത് നിന്നാണ് യഅ്ഖൂബ് (അ)ന് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധമെത്തിയത് (അദ്ദുര്‍റുല്‍ മന്‍സൂര്‍). അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ട് 77 വര്‍ഷവുമായിരുന്നു (തഫ്സീറു ബഹ്റില്‍ മുഹീത്വ്). അദൃശ്യങ്ങള്‍ അറിയാനുള്ള കഴിവുണ്ടായത് കൊണ്ടാണ് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധം ദിവസങ്ങളോളം വഴിദൂരമുള്ള സ്ഥലത്തിനപ്പുറത്തു നിന്നും യഅ്ഖൂബ് നബി(അ)ക്ക് അനുഭവപ്പെട്ടത്.

അല്ലാഹു ഇബ്റാഹിം നബി(അ)ക്ക് അദൃശ്യ ലോകത്തെ അത്ഭുത ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തതും ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്: “അപ്രകാരം ആകാശഭൂമികളുടെ ആധിപത്യ വ്യവസ്ഥയും നാം ഇബ്റാഹീമിന് കാണിച്ചു കൊടുത്തു. അദ്ദേഹം ദൃഢവിശ്വാസികളില്‍ പെടാന്‍ വേണ്ടി” (6/75). ഇബ്റാഹീമുന്നഖ്ഈ (റ) വില്‍ നിന്ന് നിവേദനം: “ഇബ്റാഹിം നബിക്ക് അല്ലാഹു ഏഴ് ആകാശങ്ങളും തുറന്നുകൊടുത്തു. അങ്ങനെ അദ്ദേഹം അര്‍ശ് വരെ കണ്ടു. അതാണ് അന്‍കബൂത് സൂറത്തിലെ “ഇബ്റാഹിം നബിക്ക് തന്റെ പ്രതിഫലം ഇഹലോകത്ത് വെച്ച് തന്നെ നാം നല്‍കി”യെന്നതിന്റെ വിവക്ഷ (ഖുര്‍തുബി).

ഇമാം റാസി(റ) എഴുതുന്നു: “ഈ സൂക്തത്തില്‍ പ്രസ്താവിച്ച കാഴ്ചയെ പറ്റി രണ്ട് വ്യാഖ്യാനമുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. അല്ലാഹു ഇബ്റാഹിം നബിക്ക് ആകാശഭൂമികളെ തുറന്നുകൊടുത്തു. അദ്ദേഹം അര്‍ശും കുര്‍സും അതിലുള്ള മറ്റു അത്യപൂര്‍വവും അത്ഭുതകരവുമായ കാഴ്ചകളും കണ്ടു (തഫ്സീറു റാസി) ആകാശഭൂമികളിലെ ഇത്തരം അപൂര്‍വ കാഴ്ചകളെല്ലാം അല്ലാഹു ഇബ്റാഹിം നബി(അ) കാണിച്ചു കൊടുത്തുവെന്നാല്‍ നമുക്ക് അദൃശ്യമായ പലതും അറിയിച്ചുവെന്നര്‍ത്ഥം.

ഖിള്ര്‍ നബി(അ)യും മൂസ നബി(അ)യും നടത്തിയ കപ്പല്‍ യാത്രക്കിടയില്‍ നല്ല കപ്പലുകള്‍ പിടിച്ചെടുക്കുന്ന രാജാവിന്റെ കൈകളില്‍ നിന്ന് പാവപ്പെട്ടവരുടെ കപ്പലിനെ രക്ഷിക്കാന്‍ വേണ്ടി ഖിള്ര്‍ നബി(അ) കപ്പലില്‍ ദ്വാരമുണ്ടാക്കിയതും സത്യവിശ്വാസികളായ മാതാപിതാക്കളെ ഭാവിയില്‍ അക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിക്കുന്ന ബാലനെ കൊലപ്പെടുത്തിയതും പൊളിഞ്ഞു കിടക്കുന്ന മതിലിന് താഴെ സദ്വൃത്തനായ ഒരു പിതാവിന്റെ രണ്ട് അനാഥ മക്കള്‍ക്കുള്ള നിധിയുണ്ടെന്ന് മനസ്സിലാക്കിയതു കൊണ്ട്, തങ്ങള്‍ക്ക് അന്നവും വെള്ളവും നല്‍കാതിരുന്നിട്ടും ആ നാട്ടുകാരുടെ മതില്‍ നിര്‍മിച്ചു നല്‍കാന്‍ സന്മനസ്സ് കാട്ടിയതുമായ വിവരണം വിശുദ്ധ ഖുര്‍ആനിലുണ്ട് (സൂറത്തുല്‍ കഹ്ഫ്/7182). പ്രവാചകനായ മൂസ(അ) ഖിള്ര്‍(അ)നോട് കൂടെ നടത്തിയ ഈ യാത്രയിലെ മൂന്ന് കാര്യങ്ങളും ഖിള്ര്‍(അ)ന് ലഭിച്ച അദൃശ്യജ്ഞാനത്തിന്റെ മകുടോദാഹരണങ്ങളാണ്. ഇവ ഓരോന്നിലും ഭാവി മുന്‍കൂട്ടിക്കണ്ടു കൊണ്ടുള്ള ധീരമായ ഇടപെടലുകളാണ് ഖിള്ര്‍(അ) നടത്തിയിട്ടുള്ളതെന്ന് തീര്‍ച്ച.

ഇങ്ങനെ അല്ലാഹു നല്‍കുന്ന സവിശേഷ സിദ്ധി കൊണ്ട് സൃഷ്ടികളില്‍ പലരും അദൃശ്യങ്ങളറിയും. ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിക്കുന്നു: “അവന്‍ അദൃശ്യ കാര്യങ്ങള്‍ അറിയുന്നവനാണ്. എന്നാല്‍ തന്റെ അദൃശ്യജ്ഞാനം അവന്‍ ഇഷ്ടപ്പെട്ട റസൂലിനല്ലാതെ അത് വെളിപ്പെടുത്തുകയില്ല” (73/2627).

പ്രസ്തുത സൂക്തങ്ങളിലെല്ലാം അല്ലാഹുവിന്റെ റസൂല്‍ അദൃശ്യങ്ങളറിയുമെന്നാണ് പരാമര്‍ശമെങ്കിലും നബിയെ പിമ്പറ്റുന്ന ഔലിയാക്കളും ഈ ആയത്തിന്റ പരിധിയില്‍ പെടുമെന്നാണ് ഇസ്ലാമിക പ്രമാണ പക്ഷം. റസൂലല്ലാത്ത ഇഷ്ട ദാസന്മാര്‍ അദൃശ്യങ്ങളറിഞ്ഞിരുന്നതായി ഖുര്‍ആന്‍ തന്നെ വിവരിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഇമാം ഗസ്സാലി(റ) എഴുതുന്നു: “പ്രവാചകന്മാരും അവരുടെ പന്ഥാവിനെ സത്യസന്ധമായി അനുധാവനം ചെയ്യുന്നവരും അദൃശ്യം അറിയുമെന്നതാണ് സൂറത്തുല്‍ ജിന്നിലെ 27ാമത്തെ സൂക്തത്തിന്റെ വിവക്ഷ. കാരണം അതിന് ശരിയായ മതദര്‍ശനങ്ങള്‍ തെളിവുണ്ട് (ഇംലാഅ്). ദുല്‍ഖര്‍നൈനി(റ), ഖിള്ര്‍(അ), ആസ്വഫ്(റ), സ്വിദ്ദീഖ് (റ) തുടങ്ങി പലരും അദൃശ്യ കാര്യങ്ങളറിഞ്ഞിരുന്നുവെന്ന് തെളിവായി ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്.
പ്രവാചകന്‍മാരും ഔലിയാക്കളും അദൃശ്യങ്ങള്‍ അറിയുമെന്നും അവര്‍ തമ്മില്‍ ഇവ്വിഷയത്തിലുള്ള പ്രധാന വ്യത്യാസം പ്രവാചകന്മാര്‍ അത് അറിയുന്നത് വഹ്യിന്റെ വിവിധയിനങ്ങള്‍ മുഖേനയും ഔലിയാക്കള്‍ അറിയുന്നത് സ്വപ്നം, ഇല്‍ഹാം എന്നീ മാര്‍ഗങ്ങളിലൂടെയാണെന്നതാണെന്നും ഇമാം ഇബ്നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുള്ളത് (ഫത്ഹുല്‍ ബാരി 13/803). മാത്രമല്ല, റസൂല്‍ എന്ന പരാമര്‍ശമായതു കൊണ്ട് മറ്റു ഇഷ്ട ദാസന്മാര്‍ പെടില്ലെന്ന വാദത്തിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ യാതൊരു പിന്തുണയുമില്ല. ഇബ്റാഹീം നബി (അ)ന് ആകാശ ഭൂമികളുടെ ഭരണവ്യവസ്ഥ കാണിച്ചു കൊടുത്തുവെന്ന സൂറത്തുല്‍ അന്‍ആമിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇസ്മാഈലുല്‍ ഹിഖി(റ) എഴുതുന്നു: “ഇത്തരം അദൃശ്യകാര്യങ്ങളെ ഈ വിധത്തില്‍ കാണിച്ചു കൊടുക്കല്‍ അല്ലാഹുവിന്റെ രീതിയാണ്. അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അല്ലാഹു അത് കാണിച്ചു കൊടുക്കും (തഫ്സീര്‍ റൂഹുല്‍ ബയാന്‍).

പ്രവാചകന്മാരല്ലാത്ത മറ്റാര്‍ക്കും അദൃശ്യമറിയിച്ചു കൊടുക്കുകയില്ലെന്നത് ഈ ആയത്തിന്റെ ഉദ്ദ്യേം തന്നെയല്ലെന്ന് ഉറപ്പിച്ചു മനസ്സിലാക്കേണ്ടതാണെന്ന് ഇമാം റാസി(റ)യും (തഫ്സീറുര്‍റാസി) ഔലിയാക്കള്‍ അദൃശ്യമറിയുന്നതുമായി ബന്ധപ്പെട്ട കറാമത്തിനെ നിഷേധിക്കുന്ന യാതൊന്നും ഇതിലില്ലെന്ന് ഇമാം അബുസ്സുഊദ്(റ)വും (തഫ്സീറു അബുസ്സുഊദ്) രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെയുമല്ല, നഹാവന്ദില്‍ നടക്കുന്ന യുദ്ധത്തിന് മദീനാ പള്ളിയിലെ മിമ്പറില്‍ നിന്ന് നേതൃത്വം നല്‍കുന്ന ഉമര്‍(റ)ന്റെ സംഭവം വിവരിക്കുന്നതിലൂടെ പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കു പോലും സുസമ്മതനായ ഇബ്നു തൈമിയ്യ പോലും പ്രവാചകന്മാര്‍ മാത്രമല്ല, ഔലിയാക്കളും മറഞ്ഞ കാര്യങ്ങള്‍ മൂലമുള്ള കറാമത്തുകള്‍ പ്രകടിപ്പിക്കുമെന്ന് തുറന്നു സമ്മതിക്കുന്നുമുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ).

നബിമാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യജ്ഞാനമുണ്ടെന്ന നിരവധി തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ വ്യക്തമായുണ്ടായിട്ടും മഹത്തുക്കളുടെ അദൃശ്യജ്ഞാനത്തെ പല ദുര്‍വാദങ്ങള്‍ ഉന്നയിച്ച് നിഷേധിക്കുകയാണ് ബിദ്അത്തുകാര്‍. “അദൃശ്യജ്ഞാനത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെയടുത്താണുള്ളത്. അവനല്ലാതെ അതറിയുകയില്ല” (സൂറത്തുല്‍ അന്‍ആം/59). അല്ലാഹു അല്ലാതെ ആകാശ ഭൂമിയിലുള്ള ആരും അദൃശ്യമറിയുകയില്ല (സൂറത്തുന്നംല്/65). തീര്‍ച്ചയായും അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമുള്ളതാണ് (സൂറത്തു യൂനുസ്/20). തുടങ്ങിയ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് ബിദഇകള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇവയാകട്ടെ, സ്വതന്ത്രവും സ്വയം പര്യാപ്തമായും ആര്‍ക്കും ഒരറിവും കിട്ടുകയില്ല എന്നറിയിക്കുന്ന സൂക്തങ്ങളാണ്.

ഇതു സംബന്ധമായുള്ള സംശയത്തിന് വ്യക്തവും സ്പഷ്ടവുമായ മറുപടി ഇമാം നവവി (റ) നല്‍കുന്നുണ്ട്. ഭാവി സംബന്ധമായ കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്ന ശൈലി അമ്പിയാക്കളുടെ മുഅ്ജിസത്തുകളിലും ഔലിയാക്കളുടെ കറാമത്തുകളിലും വന്നിട്ടുണ്ടെന്നിരിക്കെ, “അല്ലാഹു അല്ലാത്ത ആകാശ ഭൂമിയിലെ ഒരാളും അദൃശ്യങ്ങളറിയില്ല”തുടങ്ങിയ ആയത്തുകളുടെയും “നാളെ എന്താണുണ്ടാവുന്നതെന്ന് അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയില്ല”തുടങ്ങിയ ഹദീസുകളുടെയും അര്‍ത്ഥമെന്താണെന്നാണ് ചോദ്യം. ഇമാം നവവി(റ)യുടെ മറുപടി ഇങ്ങനെ: “സ്വതന്ത്രമായുള്ളതും എല്ലാ ജ്ഞാനങ്ങളെയുമുള്‍ക്കൊള്ളുന്നതുമായ അറിവ് അല്ലാഹുവിന് മാത്രമാണുള്ളത്. അതേ സമയം, മുഅ്ജിസത്ത്, കറാമത്ത് മുഖേന ലഭിക്കുന്ന അദൃശ്യജ്ഞാനം അല്ലാഹു പ്രവാചകര്‍ക്കും ഔലിയാക്കള്‍ക്കും അറിയിച്ച് കൊടുക്കുന്നത് കൊണ്ട് കിട്ടുന്നതാണ്. അവ സ്വതന്ത്രവും സ്വയം പര്യാപ്തവുമല്ല” (ഫതാവന്നവവി/241)
സ്വതന്ത്രവും സ്വയം പര്യാപ്തവുമായ വിധത്തില്‍ ആരെങ്കിലും അദൃശ്യങ്ങളറിയുമെന്ന വാദത്തെയാണ് ഖുര്‍ആന്‍ ഇവിടെ നിരാകരിക്കുന്നത്. അല്ലാഹു അല്ലാത്തവര്‍ അദൃശ്യജ്ഞാനമറിയില്ലെന്നതിന്റെ ഉദ്ദ്യേം സ്വയം പര്യപ്തമായ വിധത്തില്‍ അറിയില്ലെന്നും, അറിയുമെന്ന് പറയുന്നതിന്റെ താല്‍പര്യം അല്ലാഹു നല്‍കുന്നതു കൊണ്ട് അറിയുമെന്നുമാണ്.

അതേ സമയം, അമ്പിയാക്കളും ഔലിയാക്കളും സദാസമയവും എല്ലാ അദൃശ്യങ്ങളും അറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന വാദം ഇസ്ലാമിലില്ല. കാരണം, കേള്‍വി ശക്തിയുള്ള നാം തന്നെ പലപ്പോഴും നമ്മുടെ തൊട്ട് മുന്നില്‍ വെച്ച് പറയുന്ന പല കാര്യങ്ങളും കേള്‍ക്കാറില്ല. കാഴ്ച ശക്തിയുള്ള രണ്ട് കണ്ണുകളുണ്ടായിട്ടും പലപ്പോഴും കണ്‍മുന്നിലുള്ളതു പോലും കാണാറുമില്ല. അതിന്റെ പേരില്‍ നമ്മെ ആരും ബധിരനെന്നോ അന്ധനെന്നോ മുദ്ര കുത്താറുമില്ല. ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ മറ്റേതു വിട്ടു പോകുന്നത് സ്വാഭാവികമാണ്. സ്വഹാബികളുടെ ജീവിതത്തില്‍ പോലും ഇതു ദൃശ്യമാണ്.

ഉസ്മാന്‍(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു: “നബി(സ്വ)യുടെ വഫാത്ത് സ്വഹാബികളെ ഏറെ ദുഃഖത്തിലാഴ്ത്തി. അതു പലരെയും ആശയ കുഴപ്പത്തിലാക്കി. അക്കൂട്ടത്തിലായിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ ഒരു കോട്ടയുടെ തണലില്‍ ഇരിക്കവെ, ഉമര്‍(റ) എന്റെ അരികിലൂടെ നടന്നു പോയി. എന്നോട് സലാം പറയുകയും ചെയ്തു. പക്ഷേ അദ്ദേഹം നടന്നു പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞില്ല. എന്നാല്‍ ഉമര്‍(റ) ഈ വിവരം അബൂബക്കര്‍(റ)നോട് ചെന്ന് പറഞ്ഞു. “ഇതെന്ത് അതിശയം? ഞാന്‍ ഉസ്മാന്‍(റ)ന്റെ അരികിലൂടെ നടന്നു പോകുമ്പോള്‍ സലാം പറഞ്ഞിട്ടും അദ്ദേഹം മടക്കിയില്ല”. അങ്ങനെ ഇരുവരും എന്റെ അടുത്ത് വന്ന് സലാം പറഞ്ഞു. ശേഷം അബൂബക്കര്‍(റ) പറഞ്ഞു: “നിങ്ങളുടെ സുഹൃത്ത് എന്റെയടുക്കല്‍ വന്ന് പറഞ്ഞു. അദ്ദേഹം നിങ്ങളുടെയരികിലൂടെ നടന്ന് പോകുമ്പോള്‍ സലാം ചൊല്ലിയിട്ടും താങ്കള്‍ മടക്കിയില്ലെന്ന്. എന്താണതിന് കാരണം? ഉടനെ ഉസ്മാന്‍(റ) അതു തിരുത്തി: ഞാനതു ചെയ്തിട്ടില്ല.”അല്ലാഹുവാണ, നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നായി ഉമര്‍(റ). അപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അല്ലാഹു തന്നെ സത്യം, താങ്കള്‍ എന്റെയരികിലൂടെ നടന്ന് പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞിട്ടേയില്ല. അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: ഉസ്മാന്‍(റ) പറഞ്ഞത് സത്യമാണ്. അദ്ദേഹത്തെ മറ്റൊരു പ്രധാന കാര്യം വ്യാപൃതനാക്കിയിരിക്കുന്നു” (മുസ്നദു അഹ്മദ്).

കണ്ണും ചെവിയുമുണ്ടായിട്ടും ഉസ്മാന്‍(റ), ഉമര്‍(റ)ന്റെ നടത്തം കാണുകയോ സലാം കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്നു കരുതി ഉസ്മാന്‍ (റ) അന്ധനും ബധിരനുമാണെന്ന് വിധി പറയാന്‍ പറ്റുമോ? ഇതു തന്നെയാണ് അദൃശ്യജ്ഞാനത്തിന്റെ കാര്യവും. അമ്പിയാക്കളും ഔലിയാക്കളും ചില വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു വിഷയങ്ങള്‍ അവര്‍ ശ്രദ്ധിച്ചില്ലെന്ന് വരാം. ചിലപ്പോള്‍ വഹ്യോ ഇല്‍ഹാമോ ഇല്ലാത്തതു കൊണ്ട് അവര്‍ അറിഞ്ഞില്ലെന്നും വരാം. മാത്രമല്ല, നാം തന്നെ ചില വിഷയങ്ങളുടെ ഗുണവശങ്ങള്‍ പരിഗണിച്ച് പല കാര്യങ്ങളും വെളിപ്പെടുത്താറില്ല. എന്നുവെച്ച്, നാം പറയാത്തതെല്ലാം നമുക്ക് അറിയാത്തതാണെന്ന് വിധി പറയുന്നതും ബുദ്ധിയല്ലല്ലോ. അതു പോലെത്തന്നെയാണ് മഹത്തുക്കളും. ഗുണവശങ്ങള്‍ കണക്കിലെടുത്ത് അറിഞ്ഞകാര്യം തന്നെ അവര്‍ പറയാതിരിക്കുകയും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യാം. അതവര്‍ക്ക് അദൃശ്യജ്ഞാനമില്ലെന്നതിന്റെ തെളിവല്ല.

ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ മറ്റോ വല്ലപ്പോഴും അമ്പിയാക്കള്‍ക്കോ ഔലിയാക്കള്‍ക്കോ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ലെന്നു കരുതി അദൃശ്യജ്ഞാന കഴിവിനെ പാടേ നിഷേധിക്കുന്നത് ഭൂഷണമല്ല. മറിച്ച് അവരുടെ ജീവിതത്തില്‍ തീരെ അതുണ്ടായിട്ടില്ലെന്ന് തെളിയിക്കാന്‍ സാധിക്കുമ്പോഴാണ് നിഷേധത്തിനു പ്രസക്തിയുണ്ടാവുന്നത്. അതാവട്ടെ പ്രമാണങ്ങള്‍ സാക്ഷിയായുള്ള കാലം അസാധ്യവുമാണ്. ചുരുക്കത്തില്‍ അല്ലാഹു അല്ലാത്തവര്‍, അമ്പിയാക്കളായാലും ഔലിയാക്കളായാലും, അദൃശ്യമറിയുമെന്ന് സമര്‍ത്ഥിക്കുന്ന അസംഖ്യം പ്രമാണങ്ങളെ അവഗണിച്ചും മൂടിവെച്ചും ഒറ്റപ്പെട്ട ചില സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അല്ലാഹു അല്ലാത്ത ആരും അദൃശ്യമറിയില്ലെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന നവീന വാദികള്‍ മതപ്രമാണങ്ങള്‍ മൂടിവെക്കുകയാണ്. സത്യം അവര്‍ക്ക് എന്നും അരോചകമാണല്ലോ.

Monday 26 January 2015

കസേര നിസ്കാരം: ശരിയും തെറ്റും

നിര്‍ബന്ധ നിസ്കാരത്തില്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ നിന്നുതന്നെ നിസ്കരിക്കണമെന്നത് നിബന്ധനയാണ്. നിന്നു നിസ്കരിക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ നില്‍ക്കാന്‍ കഴിയാതിരിക്കുക എന്നതിന്റെ താല്‍പര്യമെന്താണ്? ഇസ്‌ലാമിക കര്‍മശാസ്ത്രം ഇതെല്ലാം വിശദമായി അപഗ്രഥിക്കുന്നുണ്ട്.
കാലിന്റെ മുട്ട് വളയാതിരിക്കുക, കാലിന് ബാന്‍ഡേജ് ഇട്ടതിനാലോ മറ്റോ വളക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ പ്രകടമായ ഒരു കാരണവുമില്ലാതെ ചെറിയൊരു ഊരവേദനയോ മറ്റോ മൂലം പലരും കസേരയില്‍ നിസ്കരിക്കുന്നത് പള്ളികളിലെ വ്യാപക കാഴ്ചയാണ്. റുകൂഉം സുജൂദും കൃത്യമായി നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ പോലും തക്ബീറതുല്‍ ഇഹ്റാമില്‍ നില്‍ക്കാന്‍ കഴിയുമെങ്കില്‍ നിന്ന് തന്നെ നിര്‍വഹിക്കണമെന്നാണ് നിയമം. ഇത് പലരും പാലിക്കാറില്ല.
“റുകൂഉം സുജൂദും അവയുടെ കൃത്യരൂപത്തില്‍ ചെയ്യാന്‍ കഴിയാത്തവനും നിന്നു നിര്‍വഹിക്കേണ്ടവ നിര്‍ബന്ധമായും അങ്ങനെതന്നെ ചെയ്യണം. റുകൂഉം സുജൂദും സാധ്യമാവുന്ന രൂപത്തില്‍ നിര്‍വഹിക്കുക. മുതുകും പിരടിയും തലയും കുനിച്ചുകൊണ്ട് സാധ്യമായ നിലയില്‍ ചെയ്യണം. കാരണം കഴിയാത്ത ഒന്നിന്റെ പേരില്‍ കഴിയുന്നത് ചെയ്യാതിരിക്കാനാകില്ല. റുകൂഇന് കുനിയുന്നതിനേക്കാള്‍ കൂടുതല്‍ സുജൂദിന് കുനിയണമെന്നതും ശ്രദ്ധിക്കണം’ (തുഹ്ഫ 2/22).
വളഞ്ഞ് മാത്രമേ നില്‍ക്കാന്‍ കഴിയുകയുള്ളൂവെങ്കില്‍ നിര്‍ബന്ധമായും അങ്ങനെ നില്‍ക്കണമെന്നാണ് പ്രബലാഭിപ്രായം. എന്നിട്ട് റുകൂഇന് വേണ്ടി കുറച്ചുകൂടെ കുനിയുക. അല്ലാതെ ഉടന്‍ തന്നെ കസേരകളിലേക്കോ മറ്റു ഇരുത്തങ്ങളിലേക്കോ തിരിയരുത്.
എന്നാല്‍ ശക്തമായ പ്രയാസം കൊണ്ട് നില്‍ക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കരിക്കാവുന്നതാണ്. ഇരുത്തത്തില്‍ ഏറ്റവും ശ്രേഷ്ഠം ഇഫ്തിറാശിന്‍റേത് (വലതുകാല്‍പാദം നാട്ടിയും ഇടതുകാല്‍പാദം ചെരിച്ചും വെച്ച് അതിന്മേല്‍ ഇരിക്കുക). പിന്നെ തവര്‍റുക് (നാട്ടിവെച്ച വലതു കാല്‍പാദത്തിനു താഴെ കൂടി ചെരിച്ചുവെച്ച ഇടതു കാല്‍പാദം പുറത്തേക്ക് തള്ളി നിലത്ത് ഇരിക്കുക). ചമ്രം പതിഞ്ഞിരുന്ന് നിസ്കരിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെയുമാവാം. എന്നാല്‍ കാലുകള്‍ നീട്ടിവെച്ചുകൊണ്ട് ഇരുന്ന് നിസ്കരിക്കുക, രണ്ടു ചന്തിയില്‍ ഇരുന്ന് കാല്‍ നീട്ടിവെച്ച് (നായ ഇരിക്കുന്നതുപോലെ) നിസ്കരിക്കുക എന്നിവ കറാഹത്താണ്.
ഇംറാനുബ്നു ഹുസൈന്‍(റ)ല്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസാണ് നില്‍ക്കാന്‍ കഴിയാത്തവന് എങ്ങനെ നിസ്കരിക്കാം എന്നു പഠിപ്പിക്കുന്നത്. മൂലക്കുരു കാരണം നിസ്കാരത്തില്‍ നില്‍ക്കാന്‍ പ്രയാസപ്പെട്ട അദ്ദേഹത്തോട് നബി(സ്വ) പറഞ്ഞു: നിന്നാണ് നിങ്ങള്‍ നിസ്കരിക്കേണ്ടത്. അതിന് കഴിയില്ലെങ്കില്‍ ഇരിക്കുക. അതിനും കഴിയില്ലെങ്കില്‍ കിടന്ന് നിസ്കരിക്കുക (മുഗ്നി 1/153).
ഫത്ഹുല്‍ മുഈന്‍ പറയുന്നതിങ്ങനെ: ശക്തമായ പ്രയാസം കാരണം നില്‍ക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കരിക്കാം. നില്‍ക്കുന്നത് കാരണം താങ്ങാനാവാത്ത പ്രയാസം അനുഭവപ്പെടുക, ഭക്തി കുറഞ്ഞുപോവുന്ന രൂപത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയൊക്കെ ഇരുന്ന് നിസ്കരിക്കാനുള്ള സാഹചര്യങ്ങളാണ്. നില്‍ക്കാന്‍ കഴിയാതെ ഇരിക്കുന്നവന് ഏറ്റവും ഉത്തമം ഇഫ്തിറാശിന്റെ ഇരുത്തമാണ്.
സാധാരണയില്‍ താങ്ങാന്‍ കഴിയാത്ത പ്രയാസങ്ങളാണ് ഇവിടെയൊക്കെ ഇരിക്കാന്‍ കാരണമായി പറയുന്നത്. ആ ഇരുത്തം തന്നെ മേല്‍പറഞ്ഞ രൂപത്തിലാവണം. തക്ബീറത്തുല്‍ ഇഹ്റാമിന് നില്‍ക്കാന്‍ കഴിയുന്നവര്‍ അങ്ങനെതന്നെ ചെയ്യലും നിര്‍ബന്ധമാണ്. ഇമാം മഹല്ലി(റ) പറയുന്നു: തക്ബീറത്തുല്‍ ഇഹ്റാമിന്റെ സമയത്ത് നില്‍ക്കാന്‍ കഴിയുന്നവര്‍ അതിന് വേണ്ടി നില്‍ക്കല്‍ നിര്‍ബന്ധമാണ്. റൗളയുടെയും മറ്റും അഭിപ്രായവും ഇങ്ങനെതന്നെ (1/144).
നിന്ന് നിസ്കരിക്കുന്നവര്‍ എങ്ങനെ നില്‍ക്കണമെന്നിടത്ത് തന്നെ കൃത്യമായ രൂപം പഠിപ്പിക്കുന്നുണ്ട്. മുതുക് നിവര്‍ത്തിപ്പിടിച്ച് നില്‍ക്കലാണ് നിര്‍ത്തത്തിന്റെ കൃത്യതയെന്ന് ഇമാം നവവി(റ) പറയുന്നു. “നിര്‍ത്തത്തില്‍ മുതുകെല്ല് നിവര്‍ത്തണമെന്നതാണ് പരിഗണനീയം. അപ്പോള്‍ നില്‍ക്കാന്‍ കഴിവുള്ളവന്‍ ഏതെങ്കിലുമൊരു ഭാഗത്തേക്ക് ചാഞ്ഞോ റുകൂഇന്റെ ഭാഗത്തേക്ക് കുനിഞ്ഞോ നില്‍ക്കാന്‍ പാടുള്ളതല്ല. അങ്ങനെയുള്ള നിര്‍ത്തത്തില്‍ നിസ്കാരം ശരിയാവില്ല എന്നതാണ് പ്രബലാഭിപ്രായം. എന്നാല്‍ പ്രായാധിക്യം കാരണമോ മറ്റോ മുതുകെല്ല് വളഞ്ഞ് പ്രയാസപ്പെടുന്നവര്‍ സാധ്യമാകുംവിധം നിന്നാല്‍ മതി. നിവര്‍ന്ന് നിന്ന് നിസ്കരിക്കാന്‍ കഴിയുന്നവര്‍ വടിയിലോ മറ്റോ ചാരിനിന്ന് നിസ്കരിച്ചാല്‍ പോലും നിസ്കാരം ശരിയാവില്ല എന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം’ (ശറഹുല്‍ മുഹദ്ദബ് 3/261).
ഇമാം നവവി(റ) തുടരുന്നു: നില്‍ക്കാന്‍ കഴിവുള്ളവന്‍ നിര്‍ത്തത്തിലല്ലാതെ തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയാല്‍ നിസ്കാരം ശരിയാവില്ലെന്നാണ് അബൂമുഹമ്മദ്(റ) തബ്സ്വീറയില്‍ പറയുന്നത്. നിര്‍ത്തത്തിലല്ലാതെ അവന്റെ തക്ബീറത്തുല്‍ ഇഹ്റാമിന്റെ അല്‍പഭാഗം സംഭവിച്ചാല്‍ പോലും നിസ്കാരം ശരിയാവില്ല. തക്ബീര്‍ പൂര്‍ണമായും നിര്‍ത്തത്തില്‍ തന്നെയാവണം.
സുന്നത്ത് നിസ്കാരങ്ങളില്‍ നില്‍ക്കാന്‍ കഴിവുള്ളവന് പോലും ഇരുന്ന് ചെയ്യാം. പക്ഷേ, നിന്ന് നിസ്കരിക്കുന്നവന്റെ പ്രതിഫലത്തിന്റെ പകുതി മാത്രമേ അവന് ലഭിക്കൂ എന്നു മാത്രം. ഹദീസില്‍ കാണാം: “ഒരാള്‍ക്ക് നിന്ന് നിസ്കരിക്കാന്‍ കഴിയുമെങ്കില്‍ അതാണ് ശ്രേഷ്ഠം. ഇരുന്ന് നിസ്കരിക്കുന്നവന് നിന്ന് നിസ്കരിക്കുന്നവന്റെ പ്രതിഫലത്തിന്റെ പകുതിയും കിടന്ന് നിസ്കരിക്കുന്നവന് ഇരുന്ന് നിസ്കരിക്കുന്നവന്റെ പ്രതിഫലത്തിന്റെ പകുതിയുമാണ് ലഭിക്കുക’ (ബുഖാരി).
ഇന്നു കാണുന്ന കസേര നിസ്കാരങ്ങള്‍ മിക്കതും മേല്‍പറഞ്ഞ അടിസ്ഥാനത്തില്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. കൃത്യമായ ഒരു കാരണവുമില്ലാതെ കസേര വലിച്ചിട്ടാണ് പലരുടെയും നിസ്കാരം. കൂടുതല്‍ സമയം നില്‍ക്കാന്‍ പ്രയാസമുള്ളവരുംനിര്‍ത്തത്തിലെ ഫര്‍ളുകള്‍ ചെയ്യേണ്ടത് നിന്നുകൊണ്ടാവണമെന്നതും പലരും പരിഗണിച്ച് കാണുന്നില്ല.
നമ്മുടെ പള്ളികളില്‍ എങ്ങനെ ഈ കസേരകളെത്തി എന്നതുതന്നെ ആശ്ചര്യകരമാണ്. അറേബ്യന്‍ നാടുകളില്‍ നിന്നായിരിക്കണം ഇതിന്റെ ഇറക്കുമതി. കസേര നിസ്കാരങ്ങളെ പൂര്‍ണമായും തള്ളുന്നില്ലെങ്കിലും ഇതിന്റെ മതകീയ മാനങ്ങള്‍ പരിഗണിക്കാനും ശ്രദ്ധിക്കാനും മറന്നുപോകരുത്. നില്‍ക്കാന്‍ കഴിയാത്തവന്‍ തന്നെ ഏറ്റവും ശ്രേഷ്ഠകരമായ മറ്റു ഇരുത്തരൂപങ്ങള്‍ കഴിയില്ലെങ്കില്‍ മാത്രമേ കസേരകള്‍ ഉപയോഗപ്പെടുത്താവൂ. കസേര നിസ്കാരത്തിലെ ഏതാനും കാര്യങ്ങളാണ് സൂചിപ്പിച്ചത്. വിവിധ ഭാഗങ്ങള്‍ അധികരിച്ചുള്ള വിശദ ചര്‍ച്ചകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്.

Monday 12 January 2015

ആത്മാവും ശരീരവും

മനുഷ്യ സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ മുഴുവന്‍ മനുഷ്യാത്മാക്കളുടെയും സംഗമവും കരാറും ആലമുല്‍ അര്‍വാഹില്‍ വെച്ച് നടന്നു. “നാഥന്‍ ആദം സന്തതികളെ പുറത്ത് കൊണ്ടുവരികയും അവരെ സാക്ഷീകരണം നടത്തുകയും ചെയ്തു.(അല്ലാഹു ചോദിച്ചു) ഞാന്‍ നിങ്ങളുടെ നാഥനല്ലയോ? അവര്‍ അതേ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുകയുണ്ടായി” (അഅ്റാഫ് 172). പ്രഥമ മനുഷ്യന്‍ ആദം(അ) സൃഷ്ടിക്കപ്പെട്ടയുടനെ പിറക്കാനിരിക്കുന്ന മുഴുവന്‍ മനുഷ്യരെയും അദ്ദേഹത്തിന്റെ മുതുകില്‍ നിന്ന് പുറത്ത് കൊണ്ടുവന്ന് അല്ലാഹു നടത്തിയ കരാറിനെക്കുറിച്ചാണ് ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. “അതി സൂക്ഷ്മ ജീവികളായിരുന്നു അന്നവര്‍. അവരുടെ നെറ്റിയില്‍ പ്രത്യേക പ്രകാശം പരക്കുന്നുണ്ടായിരുന്നു” (മിശ്കാത്ത്). ഉടന്‍ സൃഷ്ടിക്കപ്പെടാനിരിക്കുന്നവരും ലോകാവസാനം വരെ വരാനിരിക്കുന്നവരുമായ സ്ത്രീ പുരുഷ, കാലദേശ വര്‍ണ വര്‍ഗാന്തരങ്ങളിലുള്ളവരെല്ലാം അതിലുണ്ടായിരുന്നു.

ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു; “”ഭൂജാതരാവാനിരിക്കുന്ന മുഴുവന്‍ മനുഷ്യരെയും ആത്മീയലോകത്ത്(ആലമുല്‍ അര്‍വാഹില്‍) ഒരുമിച്ച് കൂട്ടി. നാല് അണികളിലായി എല്ലാവരെയും നിര്‍ത്തി. മുന്നണിയില്‍ പ്രവാചകന്മാരും അവരുടെ പിന്നണിയില്‍ ഔലിയാക്കളും തൊട്ടുപിറകില്‍ സത്യ വിശ്വാസികളും ഒടുവില്‍ അവിശ്വാസികളും. ശേഷം നാഥന്‍ ചോദിച്ചു, ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? പ്രവാചകന്മാര്‍ തടസ്സങ്ങളൊന്നുമില്ലാതെ തന്നെ മറുപടി പറഞ്ഞു. തന്മൂലം അവര്‍ ഭൂമിയില്‍ അതുല്യസൃഷ്ടികളായി മാറി, തന്നെയുമല്ല മധ്യവര്‍ത്തികളില്ലാതെ നാഥന്‍ അവര്‍ക്ക് ദൈവീകവചനങ്ങള്‍ അറിയിച്ചു കൊടുക്കുകയും ചെയ്തു.

ഔലിയാക്കളിലേക്ക് പ്രസ്തുത ചോദ്യം ചെന്നെത്തിയത് പ്രവാചകാത്മാക്കളുടെ പ്രകാശത്തില്‍ സ്പര്‍ശിച്ചുകൊണ്ടായിരുന്നു. അതുമൂലം ഭൂമിലോകത്ത് അവര്‍ക്കും അല്ലാഹുവിനുമിടയില്‍ പ്രവാചകശ്രേഷ്ഠര്‍ മധ്യവര്‍ത്തികളായി. പിന്നണിയിലെ വിശ്വാസികള്‍ പ്രസ്തുത ചോദ്യം ശ്രവിച്ചത് രണ്ടുവിഭാഗത്തിന്റെയും ആത്മീയ പ്രകാശത്തില്‍ നിന്നായിരുന്നു. അതിനാല്‍ പവിത്രതയില്‍ രണ്ടുവിഭാഗത്തിന്റെയും പിന്നിലായി അവര്‍. ഒടുവില്‍ നിലയുറപ്പിച്ച അവിശ്വാസികളും കപടവിശ്വാസികളും ഒരു അപശബ്ദമാണ് കേട്ടത്. തങ്ങള്‍ക്ക് വ്യക്തമല്ലാത്ത ദൈവീക ഉടമ്പടിക്ക് മുമ്പില്‍ മുന്നണിയിലുള്ളവര്‍ “അതേ”യെന്ന് പറയുന്നത് കേട്ട് അവരും അങ്ങനെ പ്രതികരിച്ചു. അതുവഴി അവര്‍ ഭൂമിയില്‍ അധമന്മാരും കപടന്മാരുമായി അധഃപതിച്ചു (ആശയം, റൂഹുല്‍ ബയാന്‍ 1/223).

ഖുര്‍ആന്‍ പറയുന്നു: “”പ്രവാചകന്മാരില്‍ നിന്നും നാഥന്‍ കരാര്‍ സ്വീകരിച്ച സന്ദര്‍ഭം ഓര്‍ക്കുക. നാം നിങ്ങള്‍ക്ക് ഗ്രന്ഥവും വിജ്ഞാനവും നല്‍കി. ശേഷം നിങ്ങളുടെ പക്കലുള്ളത് സത്യപ്പെടുത്തുന്ന ഒരു ദൂതന്‍ നിങ്ങളില്‍ നിയോഗിതനായാല്‍ തീര്‍ച്ചയായും നിങ്ങള്‍ ആ പ്രവാചകനില്‍ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം. (ശേഷം) അല്ലാഹു ചോദിച്ചു: നിങ്ങള്‍ സമ്മതിച്ചുവോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ സമ്മതിച്ചു”“(ആലുഇംറാന്‍ 81) മനുഷ്യന്റെ പ്രയാണം ആരംഭിച്ചത് തന്നെ സ്രഷ്ടാവുമായുള്ള ഈ ഉടമ്പടിയോടെയാണെന്ന് ഗ്രഹിക്കാം. നന്മയോടും സത്യത്തോടും ആഭിമുഖ്യമുണ്ടാകും വിധം സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ പ്രകൃത്യാ പ്രപഞ്ച നാഥനോട് കടമപ്പെട്ടവരാണ്.

പിതാവിന്റെ മുതുക്, മാതാവിന്റെ ഉദരം
ആത്മീയ ലോകത്തെ കൂടിക്കാഴ്ച്ചക്ക് ശേഷം മനുഷ്യന്‍ തന്റെ പ്രയാണ പരിണാമത്തില്‍ പിതാവിന്റെ മുതുകില്‍ (ആലമുല്‍ അസ്വ്ലാബില്‍) എത്തിച്ചേര്‍ന്നു. ആ ശുക്ലത്തില്‍ അടങ്ങിയിരിക്കുന്ന ദശലക്ഷക്കണക്കിന് ബീജങ്ങളില്‍ നിന്ന് ഒന്നിനെ മാത്രം തെരഞ്ഞെടുത്തു. നാഥന്‍ ചോദിക്കുന്നു: “സ്രവിക്കുന്ന ശുക്ലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ, അതോ നാമാണോ അതിന്റെ സൃഷ്ടി കര്‍ത്താവ്” (വാഖിഅ/59). ശാസ്ത്രം ഭ്രൂണത്തെക്കുറിച്ച് ചിന്തിക്കുന്നതിന്റെ നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് വിശുദ്ധ ഖുര്‍ആന്‍ ഈ യാഥാര്‍ത്ഥ്യം വിളിച്ചോതുന്നതെന്നോര്‍ക്കണം.

ശുക്ലം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. അല്ലാഹു പറയുന്നു: “നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തയില്‍ നിന്ന് നാം സൃഷ്ടിച്ചു. പിന്നീട് അതിനെ നാം ഭ്രൂണമാക്കി രൂപപ്പെടുത്തി. ഭ്രൂണത്തെ മാംസപിണ്ഡമാക്കി, മാംസപിണ്ഡത്തെ അസ്ഥികൂടമാക്കി, അസ്ഥികൂടത്തെ നാം മാംസം കൊണ്ട് ആവരണം ചെയ്തു. പിന്നീടതിനെ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു. ഏറ്റവും വലിയ സൃഷ്ടികര്‍ത്താവായ നാഥന്‍ അനുഗ്രഹ സമ്പൂര്‍ണനാകുന്നു” (മുഅ്മിനൂന്‍ /1214).

ഗര്‍ഭാശയത്തില്‍ വെച്ച് അല്ലാഹു അതിന് മനുഷ്യരൂപം നല്‍കി. കേള്‍വിയും കാഴ്ചയും ചര്‍മവും സൃഷ്ടിച്ചു. ശേഷം അതില്‍ ആത്മാവിനെ പ്രതിനിധിയാക്കുകയും മാതാവ് കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ പോഷകങ്ങള്‍ ഞരമ്പ് വഴി ഗര്‍ഭസ്ഥ ശിശുവിലേക്ക് അല്ലാഹു എത്തിച്ചു കൊടുക്കുകയും ചെയ്തു. അതോടെയാണ് മനുഷ്യകുഞ്ഞ് ജീവിതയാത്രയിലേക്ക് പ്രവേശിക്കുന്നത്.

ശാരീരിക ലോകം

ശാരീരിക ലോകത്ത് (ആലമുല്‍ അജ്സാദ്) എത്തിച്ചേര്‍ന്ന മനുഷ്യനെ അല്ലാഹു അത്ഭുത സൃഷ്ടിയായാണ് രൂപപ്പെടുത്തിയത്. സുന്ദരമായ ആകാരം, നട്ടെല്ലില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ശേഷി, വാഹനങ്ങളൊരുക്കി സഞ്ചരിക്കാനുള്ള സൗകര്യം, ഭക്ഷണ പാനീയാദികളില്‍ അഭീഷ്ടങ്ങളുടെയും അഭിരുചികളുടെയും സാധൂകരണം, പാകം ചെയ്തും ചേരുവകള്‍ ചേര്‍ത്തും കഴിക്കാനുള്ള അവസരം, കൈകൊണ്ട് ആവശ്യമുള്ളിടത്ത് നിന്ന് കഴിക്കാനുള്ള സൗകര്യം, ഇതരജീവികളെ മെരുക്കി ഉപയോഗിക്കാനുള്ള യോഗ്യത, ഇതിലെല്ലാമുപരി മനുഷ്യാദരത്തിന്റെ കേന്ദ്രമായ ബുദ്ധിശേഷി തുടങ്ങിയ അനുഗ്രഹങ്ങള്‍ നല്‍കി അവന്‍ ആദരിച്ചിരിക്കുന്നു.

മനുഷ്യന് ജീവിക്കാനുതകുന്ന രീതിയില്‍ ഭൂമിയെ സംവിധാനിച്ച നാഥനെത്ര പരിശുദ്ധന്‍! ഉഷ്ണ ശ്യൈകാലങ്ങളില്‍ ഒരുപോലെ ജീവിക്കാന്‍ പറ്റുന്നു ഭൂമിയില്‍. ഇങ്ങനെ നാഥന്റെ അനിര്‍വചനീയമായ അനുഗ്രഹങ്ങള്‍ മനുഷ്യവര്‍ഗത്തിനായി ഏര്‍പ്പെടുത്തി. ഭൂമിയിലുള്ള മുഴുവനും മനുഷ്യന് വേണ്ടിയാണ് നാം സൃഷ്ടിച്ചത്.”

“അവനാണ് ഭൂമിയെ നിങ്ങള്‍ക്ക് ഒരുക്കിത്തന്നത്. അതിന്റെ മാറിടങ്ങളിലൂടെ നടന്നുകൊള്‍ക. അവന്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യുക. അവനിലേക്കാണ് മടക്കം” (മുനാഫിഖൂന്‍/7).

അല്ലാഹുവിന്റെ സൃഷ്ടിചാരുതയെപ്പറ്റി മനുഷ്യവിവേകത്തിന് ഉള്‍ക്കൊള്ളാവുന്ന പരാമര്‍ശങ്ങളാണ് ഖുര്‍ആനിലുള്ളത്. സുഖിക്കാനും ഭോഗിക്കാനും നടക്കാനുമെല്ലാം പറ്റിയ പ്രകൃതത്തില്‍ അവന്‍ നമ്മെ സൃഷ്ടിച്ചു സംവിധാനിച്ചു.
പ്രപഞ്ചം നിയന്ത്രിക്കുന്നവനെ അനുസരിക്കലാണ് ബുദ്ധി. ശാസ്ത്രജ്ഞര്‍ ഭൂമികുലുക്കത്തെക്കുറിച്ച് സൂചന നല്‍കുമ്പോഴേക്ക് മനുഷ്യന്‍ ഭയചകിതനാകുന്നു. പ്രവചിക്കാനാകാത്ത ഋതുപ്പകര്‍ച്ചകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാനേ മനുഷ്യന് കഴിയൂ. നിയന്ത്രണം വിട്ട് രൗദ്രഭാവം പൂണ്ട് അലറിവരുന്ന കാറ്റിന്റെ നാശം നോക്കിനില്‍ക്കാനും ഇരയാവാനുമല്ലാതെ പ്രതിരോധിക്കാന്‍ മനുഷ്യന് സാധ്യമല്ല. ജലപ്രവാഹവും തഥൈവ. അതിന്റെയൊന്നും ഗതി മനുഷ്യന് കീഴൊതുക്കാനാവാത്തതാണ്. ശക്തമായ വെള്ളെപ്പാക്കങ്ങള്‍ കൊണ്ട് അല്ലാഹു പലസമുദായത്തെയും പരീക്ഷിച്ചിട്ടുണ്ട്. പ്രളയം കൊണ്ട് മാത്രമല്ല, ജല ക്ഷാമം കൊണ്ട് പരീക്ഷിക്കാനും നാഥന് കഴിയും. മുക്കാല്‍ ഭാഗവും വെള്ളം കൊണ്ട് ചുറ്റപ്പെട്ട ഒരു തുരുത്തുപോലെയുള്ള ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍ ജലക്ഷാമം അനുഭവപ്പെടുന്നത് പതിവു കാഴ്ച.

ശാരീരിക ലോകം നശ്വരവും നൈരാശ്യം നിറഞ്ഞതുമാണെന്ന് ചുരുക്കം. അതിന് ഉദാത്തമായ ഉദാഹരണമാണ് അടിക്കടിയായുണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍. ഭൗമാന്തര്‍ഭാഗത്തുള്ള പാളികള്‍ പതുക്കെയാണെങ്കിലും ചലിക്കാമെന്നു ശാസ്ത്രം. ഭൂഗര്‍ഭത്തിലുണ്ടാകുന്ന മര്‍ദം മൂലം പാറയുടെ പാളികള്‍ പൊട്ടുകയും താഴേക്ക് പതിക്കുകയും ചെയ്യുന്നത് ഭൂമികുലുക്കത്തിന് കാരണമാണെന്ന് അവര്‍ പറയുന്നു. മേല്‍ വിവരണങ്ങളില്‍ നിന്ന് ഇഹലോകത്തിന്റെ നശ്വരത ബോധ്യപ്പെടുന്നുണ്ട്. ജീവിതയാത്രയില്‍ അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങാന്‍ ഓരോ മനുഷ്യനും നിര്‍ബന്ധിതനാണ്.

ആത്മാവിന്റെ വാഹനമാണ് ശരീരം. ഉയര്‍ത്തെഴുന്നേല്‍പുനാളില്‍ ഇതേ വാഹനം തന്നെ വേണമെന്നില്ല. ഇമാം ഗസ്സാലി(റ) പറയുന്നു: “കുതിര മാറിയാലും സവാരിക്കാരന്‍ മുമ്പത്തെ ആള്‍ തന്നെയാണ്. ബാല്യം മുതല്‍ വാര്‍ധക്യം വരെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആത്മാവില്‍ ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല!”

ഉറ്റമിത്രത്തെ വിട്ടുപിരിയാന്‍ ശരീരം തയ്യാറാവുകയില്ല. അതിനാല്‍ മരണത്തിന്റെ മാലാഖക്ക് മനുഷ്യ ശരീരത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടിവന്നേക്കാം. ഭൗതികതയുടെ ആനന്ദത്തിമിര്‍പ്പില്‍ ലയിച്ച് ശരീരത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുന്ന ആത്മാവിനോട് ഒരു ദയയുമില്ലാതെ പിടിച്ച് വലിച്ച് പുറത്തിടുന്ന രംഗമാണ് മരണം. അവിടെ വിശ്വാസിയുടെ ആത്മാവിന് പരിഗണന ലഭിക്കും. “പ്രശാന്തി നേടിയ ആത്മാവേ, നീ നിന്റെ നാഥന്റെ സവിധത്തിലേക്ക് പൂര്‍ണ തൃപ്തിയോടെ മടങ്ങുക. സ്വര്‍ഗത്തില്‍ പ്രവേശിക്കുക”എന്ന് മാലാഖ സൗമ്യമായി പറയും.

എന്നാല്‍ മ്ലേച്ചാത്മാവിന്റെ മരണരംഗം ഹൃദയഭേദകം. അതിനെയും വഹിച്ച് ആകാശത്തേക്ക് കയറുന്ന മാലാഖമാരോട് പോലും മറ്റുള്ളവര്‍ നീരസം പ്രകടിപ്പിക്കും. ആകാശവും ഭൂമിയും അവനെ ശപിക്കുന്നു. തന്നില്‍ നിന്ന് പറന്നകലുന്ന ആത്മാവിനെ സങ്കടത്തോടെ ശരീരം നോക്കുന്ന രംഗം പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്.

“അവര്‍ക്കുപിറകില്‍ ഉയര്‍ത്തെഴുന്നേല്‍പുനാള്‍ വരെ ബര്‍സഖുണ്ട്” (22/100). മരണത്തിനും പുനരുദ്ധാരണത്തിനുമിടക്കുള്ള ഘട്ടം ആത്മാക്കള്‍ക്ക് വിസ്മൃതിയുടെ കാലമല്ല. അവയുടെ അസ്തിത്വം ശൂന്യതയില്‍ ലയിക്കുകയുമില്ല. ഉണ്മയില്ലായ്മയുടെ ഘട്ടത്തിലേക്കുള്ള സംക്രമണമല്ല മരണം. പുനര്‍ജന്മം നടക്കുന്നത് വരെ ഇല്ലിയ്യീനിലും സിജ്ജീനിലുമാണ് ആത്മാക്കള്‍ വസിക്കുന്നത്. ചലനമറ്റ് കിടക്കുന്ന ശരീരത്തെ അകലെ തന്റെ സങ്കേതത്തില്‍ വിശ്രമിക്കുന്ന ആത്മാവ് കാണുന്നു. അതുപോലെ ശരീരം ആ കിടപ്പില്‍ തന്നെ പരിസരം സാകൂതം വീക്ഷിക്കുകയും ചെയ്യുന്നു. അത് അനുഭവിക്കുന്ന സുഖദു:ഖങ്ങളിലെല്ലാം വിദൂരതയിലെ ആത്മാവ് ചേരുന്നു.

ആലമുല്‍ ബര്‍സഖില്‍ മനുഷ്യന്‍ അതിലെ അനന്തരക്രിയകളുമായി മുന്നോട്ട്പോകും. മരിച്ചവര്‍ക്ക് പ്രഭാതത്തിലും പ്രദോഷത്തിലും അവരുടെ അന്തിമ സങ്കേതം കാണിക്കപ്പെടും. “”നരകം രാവിലെയും വൈകുന്നേരവും അതില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു” (40/46).

പരിശുദ്ധാത്മാവ് സ്വര്‍ഗത്തിന്റെ സുഗന്ധവും സൗന്ദര്യവും മ്ലേച്ഛാത്മാവ് നരകത്തിന്റെ യാതനകളും ആസ്വദിച്ചുകൊണ്ടിരിക്കുന്ന കല്ലറയില്‍ എത്രകാലം കഴിച്ചുകൂട്ടണം? ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവര്‍ ഇപ്പോഴും അതില്‍ കഴിയുന്നു. അന്ത്യനാള്‍ വരെയുള്ള ഭവനം എന്ന് ഖുര്‍ആനികവചനങ്ങള്‍ ദ്യോതിപ്പിക്കുന്നു ഖബറിനെക്കുറിച്ച്. മറവ് ചെയ്യപ്പെടുന്ന ഭൗതികജഡം മണ്ണിലലിഞ്ഞ് ചേര്‍ന്ന് നശിക്കുകയാണ്. പുഴുക്കളും മറ്റും കടിച്ച് വലിച്ച് കണ്ണുകള്‍ കൊഴിഞ്ഞ് നശിക്കുന്നു. നാഥന്‍ പ്രത്യേക പരിഗണന നല്‍കിയ മഹത്തുക്കളുടേതൊഴികെ.

ഖബര്‍ ശിക്ഷയുടെ കാഠിന്യത്തെ പ്രവാചക വചനം സൂചിപ്പിക്കുന്നുണ്ട്: “”ഓരോ ഖബറും ഭീകരമായ സ്വരത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്; ആദമിന്റെ മക്കളേ, നിങ്ങള്‍ എന്നെ മറന്നോ? ഏകാന്തതയുടെ ഭവനമാണുഞാന്‍. വിജനമായ ഒരു തുണ്ട് ഭൂമി. പുഴുക്കളുടെയും ചെള്ളുകളുടെയും മാളം. കാഠിന്യത്തിന്റെയും വിചാരണയുടെയും ഇടം. അല്ലാഹു എന്നെ ആര്‍ക്കുവേണ്ടി വാസയോഗ്യമാക്കുന്നുവോ, അവര്‍ക്കൊഴികെ എല്ലാവര്‍ക്കും ഞാന്‍ ശിക്ഷാകേന്ദ്രമാണ്. പ്രവാചകര്‍ ഇത്രകൂടി വ്യക്തമാക്കി, ഖബര്‍ ഒന്നുകില്‍ ഒരു നരകക്കുണ്ട്. അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു ആരാമം!” (ത്വബ്റാനി).


Friday 9 January 2015

ബ ബ്ബ ബ്ബ വരുന്ന വഴി ....(yusuf habeebi)

ബ ബ്ബ ബ്ബ വരുന്ന വഴി ....

ഒരു സുന്നി നിസ്കരിക്കുകയായിരുന്നു. ഒരു മുജാഹിദ് അയാളെ തുടർന്ന് നിസ്കരിച്ചു.

സലാം വീട്ടിയതിനു ശേഷം സുന്നി മുജാഹിദിനോട് ചോദിച്ചു. "ഞാൻ സുന്നി ആണെന്ന് നിനക്ക് അറിയില്ലെ?"
മുജാഹിദ്: "അറിയാം."
സുന്നി: "ഞാൻ മങ്കൂസ് മൗലിദ് ഓതുന്ന ആൾ ആണ്, മുഹ്.യിദ്ദീൻ റാതീബ് ചൊല്ലുന്ന ആൾ ആണ്, ബദ്.രിയ്യത്തും, ഖുത്തുബിയ്യത്തും ബുർദ്ദയും നാരിയ്യത്ത് സ്വലാത്തും ഒക്കെ പതിവാക്കുന്ന ആൾ ആണ്, ഇതെല്ലാം നിനക്ക് അറിയില്ലെ?"
മുജാഹിദ്: "അറിയാം".

സുന്നി: "ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ, ഇതെല്ലാം ശിർക്കാണെന്നല്ലെ നിങ്ങളുടെ വിശ്വാസം?"
മുജാഹിദ്: "അതെ".
സുന്നി: "ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ, ശിർക്ക് ചെയ്യുന്നവനെ മുശ്.രിക്ക് എന്നല്ലെ പറയുക?"
മുജാഹിദ്: "അതെ".

സുന്നി: "ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ, മുശ്.രിക്കുകൾ മുസ്.ലിംകൾ അല്ലല്ലൊ?"
മുജാഹിദ്: "അല്ല"
സുന്നി: "അപ്പൊ പിന്നെ, ഈ ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ, അമുസ്.ലിംകളെ തുടർന്ന് നിസ്കരിക്കാമോ?"
മുജാഹിദ്: "ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാകുന്നു സഹോദരാ" 

സുന്നി: "ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ ആ പറഞ്ഞത് വളരെ ശരിയാണ്; ഇനി അതെ ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ അമുസ്.ലിംകളെ തുടർന്ന് നിസ്കരിക്കുന്നതിന്റെ വിധിയാണ് ചോദിച്ചത്"
മുജാഹിദ്: മൗനം .. 

സുന്നി: "ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മുസ്.ലിംകളെ അമുസ്.ലിംകൾ ആക്കാമെങ്കിൽ, അതെ ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ അമുസ്.ലിംകളെ തുടർന്ന് നിസ്കരിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ടോ? നിങ്ങളെന്താ മാധവന്റെയും ഗോപാലന്റെയും പിന്നിൽ നിന്ന് നിസ്കരിക്കാത്തത്? നിങ്ങളെന്താ അവരുടെ അമ്പലത്തിൽ പോകാത്തത്? നിങ്ങളെന്താ ഞങ്ങളുടെ സ്ഥലത്ത് മാത്രം വരുന്നത്? നിങ്ങളുടെ കണ്ണിൽ അവരും മുശ്.രിക്കുകൾ, ഞങ്ങളും മുശ്.രിക്കുകൾ!!! അപ്പോൾ പിന്നെ എന്തിനീ വിവേചനം??? അതോ മുസ്.ലിംകളെ അമുസ്.ലിംകൾ ആക്കുന്നിടത്ത് മാത്രമാണോ നിങ്ങൾക്ക് ഖുർആൻ സുന്നത്ത് ആവശ്യം. നിസ്കാരത്തിനും അനന്തരം എടുക്കാനും അറുത്തത് തിന്നാനും കുട്ട്യേളെ കെട്ടാനും കെട്ടിക്കാനും നിങ്ങൾക്ക് ഈ പറഞ്ഞ ഖുർആൻ സുന്നത്ത് വേണ്ടേ??? അവിടെയൊക്കെ നിങ്ങളുടെ പ്രമാണം രാമായണം ആണോ കാക്കാ???"

മുജാഹിദ്: "ബ ബ്ബ ബ്ബ ... "

സുന്നി: "ഈ ബ ബ്ബ ബ്ബ യും ഖുർആൻ സുന്നത്തിന്റെ അടിസ്ഥാനത്തിൽ വരവു വെക്കട്ടെയോ?! .... "

നബിദിന റാലിയും വഴിമുടക്കവും ....(yusuf habeebi)



സുന്നികൾ നടത്തുന്ന നബിദിന റാലികൾ കൊണ്ട് പലരുടെയും വഴി മുടങ്ങുന്നുണ്ടെന്നത് ഒരു സത്യമാണ്. പ്രവാചക വചനങ്ങൾ നാഴികക്ക് നാൽപത് വട്ടം ഉരുവിട്ട് കൊണ്ട് പ്രവാചക ചര്യയുടെ പേറ്റന്റ് കരസ്ഥമാക്കാൻ ശ്രമിക്കുന്ന നവോഥാന വംശാവലിക്കാർ ആണ് അക്കൂട്ടർ. മുസ്.ലിം ലോകം ബഹു ഭൂരിപക്ഷവും കൊണ്ടാടുന്ന മീലാദ് നാളുകളിൽ ആ കൂട്ടത്തിൽ പ്രവാചക ഗാഥകളുമായി അക്കൂട്ടരെയൊന്നും പൊതു സമൂഹം കാണുന്നില്ല എന്നത് കൊണ്ട് അവർക്ക് ഉണ്ടാകുന്ന മന:പ്രയാസം ചില്ലറയൊന്നുമല്ല. എതിർക്കാനാണെങ്കിൽ എതിർത്തും പോയി. ഇനി ഒരു തിരിച്ചു പോക്കിനാണെങ്കിൽ ഒരു വകുപ്പും ഇല്ല. എന്ത് ചെയ്യാം? അതെ സമയം കൊട്ടി ഘോഷിക്കപ്പെടുന്ന നവോഥാന മാഹാത്മ്യത്തിന്റെ ഇതിഹാസ നായകർ മീലാദ് ആഘോഷങ്ങൾ കൊണ്ടാടിയിരുന്നു എന്ന ചരിത്ര വസ്തുത ഭൂതകാലത്തിന്റെ മട്ടുപ്പാവിൽ പല്ലിളിച്ച് നിൽക്കുന്നുമുണ്ട്. ആ വൈരുധ്യത്തിനു മറുപടി പറഞ്ഞു പറഞ്ഞു ഒരു വഴിക്കാവുകയും ചെയ്തു ...  

ഇത്രയും പറഞ്ഞത് ആലങ്കാരികം. ഇനി യഥാര്ഥത്തിൽ ഉള്ള വഴി മുടക്കത്തെ കുറിച്ച് തന്നെ ആവാം. നബിദിന റാലിയിൽ മാത്രം സംഭവിക്കുന്ന ഒരു വൻദോഷമാണ് ഈ പ്രതിഭാസം. വഴിയിൽ തടസ്സങ്ങൾ ഉണ്ടാക്കരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്, മുത്ത് നബിയുടെ കൽപനയാണ്, ഈമാനിന്റെ ശാഖയാണ്‌ തുടങ്ങിയ ഉപദേശങ്ങൾ ദോഷപരിഹാരാർഥം കോരിച്ചൊരിയും ഗുണകാംക്ഷികൾ. 

ഇവിടെ ശരീഅത്ത് സംരക്ഷണം എന്ന പേരിൽ എല്ലാ മുസ്.ലിം സംഘടനകളും കൂടി എത്ര റാലികൾ നടത്തി? വഴി മുടക്കരുത് എന്ന് പറഞ്ഞ ശരീഅത്ത് സംരക്ഷിക്കണം എന്നും പറഞ്ഞു നടന്ന റാലിയിൽ തന്നെ എത്ര സ്ഥലത്ത് വഴി മുടങ്ങി? കോഴിക്കോടും തൃശൂരും ഒക്കെ അന്ന് കണ്ടറിഞ്ഞത് അല്ലെ ശരീഅത്തിനോടുള്ള നമ്മുടെ പ്രതിബദ്ധത? ബാബരി മസ്ജിദ് സംരക്ഷണാർഥം എത്ര റാലികൾ സംയുക്തമായി നടത്തി? കരിപ്പൂര് എയർപോര്ട്ടിലേക്ക് ഒരു മാര്ച്ച് നടത്തിയത് ഓർമ്മയുണ്ടോ? അന്ന് എത്ര വഴികൾ മുടങ്ങി? സംവരണ സംരക്ഷണാര്ഥം തെക്കൻ ജില്ലകളിലെ മുസ്.ലിം കൂട്ടായ്മ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത് ഓർമ്മയുണ്ടോ? ഒരാളുടെ പോലും വഴി മുടക്കാതെ ആയിരുന്നോ അത് നടത്തിയത്???

ഇവിടെയൊന്നും വഴി മുടക്കൽ എന്ന മഹാപാപം കാണാത്തവർ മീലാദ് റാലിയിൽ മാത്രം ഇത് കണ്ടെത്തി ദീനീ നിലപാട് ഓര്മ്മിപ്പിക്കുന്നത് കാണുമ്പോൾ ഉദ്ദേശ ശുദ്ധി ആരായാലും സംശയിച്ചു പോകും. ശരീഅത്ത് നിയമം അതാണെങ്കിൽ മീലാദിനെന്നല്ല, ഒരു വിഷയത്തിലും ഒരു മുസ്.ലിം സംഘടനയും റാലിയോ മാര്ച്ചോ നടത്തി പോകരുത്. എല്ലാവരും സംയുക്തമായി അങ്ങനെ ഒന്ന് തീരുമാനിക്കട്ടെ. എന്തിനു മീലാദ് കാംപയിനെ മാത്രം ഒറ്റപ്പെടുത്തി ഈ വിഷയം ചര്ച്ച ചെയ്യണം??? നിയമങ്ങൾ എല്ലാ മുസ്.ലിമ്കൾക്കും ഒരു പോലെ ബാധകം ആണല്ലോ ???

ഗ്രാമാന്തരങ്ങളിലെ മദ്രസ്സയിലെ ചെറിയ കുട്ടികൾ നടത്തുന്ന വ്യാപകമായ നബിദിന റാലികൾ അത്ര വലിയ ഗതാഗത പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാറില്ല. ഉണ്ടെങ്കിൽ തന്നെ അൽപ സമയത്തേക്ക് മാത്രം. സഹൃദയരായ കേരളീയ സമൂഹത്തിനു അതിൽ ഒരു അസ്വാരസ്യവും ഇല്ല. പിന്നെ നാം എന്തിനു ഉള്ളിൽ നിന്ന് എതിർക്കണം?

നഗരങ്ങളിൽ സംഘടിതമായി നടക്കുന്ന വലിയ റാലികൾ കുറച്ച് സമയത്തേക്ക് ഗതാഗത തടസ്സം ഉണ്ടാക്കിയേക്കാം. അതിനു മുന്കൂട്ടി അനുവാദം സംഘടിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ അത് നിയമ വിധേയവുമാണ്‌. മാത്രമല്ല, അധികാരികൾ ആ സമയത്തേക്ക് പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താറും ഉണ്ട്. റാലി നടത്തുന്നവർ തന്നെ പരമാവധി വിട്ടു വീഴ്ച ചെയ്തു കൊണ്ട് തന്നെ, മറ്റുള്ളവരെ പരമാവധി ബുദ്ധിമുട്ടിക്കാതെ തന്നെയാണ് അത് നടത്താന് ശ്രമിക്കാറും ഉള്ളത്. പല പ്രസ്ഥാനക്കാരുടെയും പല മത സമൂഹങ്ങളുടെയും വകയായി ഇത്തരം പരിപാടികൾ പലപ്പോഴായി വീക്ഷിക്കുന്ന കേരളീയ സമൂഹം അതുമായി താദാദ്മ്യപ്പെട്ടിരിക്കുന്നു എന്ന് വേണം പറയാൻ. തങ്ങളുടെ സംഘടിത ശക്തി പ്രകടിപ്പിക്കാൻ വേണ്ടി മനപൂർവം നിരത്തുകൾ കയ്യടക്കി ഹുങ്ക് കാണിക്കുന്നവർ ആരായാലും ആക്ഷേപാർഹർ തന്നെ. സംശയമില്ല. അതെ സമയം പരസ്പര സഹകരണത്തോടെയും വിട്ടു വീഴ്ചയോടെയും മുന്.കൂട്ടിയുള്ള നിയമപരമായ അനുവാദത്തോടെയും റാലികൾ സംഘടിപ്പിക്കുന്നതിനെ എന്തിനു എതിർക്കണം? നിരത്തുകൾ എല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതല്ലേ? ഒരു കൂട്ടം ആളുകൾ കുറച്ച് സമയത്തേക്ക് അത് ഒരു പ്രത്യേക ഉദ്ദേശത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ചാൽ അവരുടെ അവകാശം വക വെച്ചു കൊടുക്കേണ്ടത് തന്നെയല്ലേ???

Moulavikk maruvadi(noufal kallachi)

പിലാചേരി മൌലവിയുടെ പോസ്റ്റ്‌:
==============================
Pilacherry Aboobackerതൌഹീദ് ഒരു തുറന്ന ചര്ച്ച
3 hrs ·
ഡിയര് ബ്രദേര്സ്..
മുസ്ലിയാക്കന്മാര് പറയുന്നു...അടിമഉടമയോട് ചോദിക്കുന്നത് മാത്രമേ പ്രാര്ത്ഥന ആവുകയുള്ളൂ..എന്ന്..
ഖുര്ആന് പറയുന്നു....അടിമ അടിമയോട് ചോദിച്ചാലും അത് പ്രാര്ത്ഥനയാണ്.. എന്ന്..
ان الذين تدعون من دون الله عباد امثالكم "നിശ്ചയം അല്ലാഹുവിനെ കൂടാതെ നിങ്ങള് ആരോടാണോ പ്രാര്ത്ഥന നടത്തുന്നത് അവര് നിങ്ങളെപ്പോലെയുള്ള അടിമകളാണ്.." ഇവിടെ അടിമ അടിമകളോട് നടത്തുന്നതിനെ പ്രാര്ത്ഥന എന്നാണ് പറയുന്നത്..
മുസ്ലിയാക്കന്മാര് പറയുന്നു...മുസ്ലിം സമുദായത്തില് ഒരിക്കലും ശിര്ക്ക് സംഭവിക്കുകയില്ല..എന്ന് .
മുത്ത് റസൂല് (സ) പറയുന്നു.. എന്റെ സമുദായത്തില് ശിര്ക്ക് സംഭവിക്കും എന്ന്...
.لا تقوم الساعة حتى تعبد اللات والعزي "എന്റെ സമുദായത്തില് ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നത് വരെ ഖിയാമത്ത് നാള് സംഭവിക്കുകയില്ല.." അതായത് അന്ത്യ നാളിന്റെ ലക്ഷണമാണ് ശിര്ക്ക് സംഭവിക്കുക എന്ന് മുത്ത് റസൂല് പറയുന്നു...
സുഹൃത്തുക്കളെ...ശിര്ക്കില് നിന്ന് ജനങ്ങളെ ബോധവല്ക്കരണം നടത്തേണ്ടത്തിനുപകരം മുസ്ലിയാക്കന്മാര് ചെയ്യുന്നത് ശിര്ക്കിന് ന്യായീകരണം കണ്ടെത്തുകയാണ്...
ഇത്തരം മുസ്ലിയാക്കന്മാരുടെ ദ്രോഹത്തില് നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ..ആമീന്
Like · · Share
3 people like this.
=================================================
മറുപടി:
========
1) അടിമ ഉടമയോട് ചോദിക്കുന്നതിനാണ്‌ പ്രാർത്ഥന എന്ന് പറഞ്ഞത് മുസ്ല്യാക്കന്മാർ ആണെങ്കിൽ അതിൽ പെട്ട ഒരു മുസ്ല്യാരെ കണ്ടോളൂ - ഇമാം ഫഖ്രുദ്ദീൻ റാസി..
استدعاء العبد ربه جل جلاله العناية واستمداده المعونة
ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ- ഇമാമീങ്ങൾ എല്ലാം ഞങ്ങളെ പോലെ മുസ്ല്യാക്കന്മാർ ആണല്ലോ..!
ആയത്തിന്റെ ദുർവ്യാഖ്യാനം:
അത് കൊണ്ട് തന്നെയാണ് കള്ള വഹ്ഹാബികളുടെ പരിഭാഷ പഠിക്കരുത് - ഇമാമീങ്ങളുടെ തഫ്സീരുകൾ വെച്ച് പഠിക്കണം എന്ന് ഞങ്ങൾ ജനങ്ങളോട് പറയുന്നത് - അല്ലെങ്കിൽ ഇത് പോലത്തെ സഫാഹതുകൾ ആണ് പഠിക്കുക..!
قوله تعالى إن الذين تدعون من دون الله عباد أمثالكم حاجهم في عبادة الأصنام . تدعون : تعبدون . وقيل : تدعونها آلهة . " من دون الله " أي من غير الله
ഇമാം ഖുർതുബി വ്യക്തമായി പടിപ്പിക്കുന്നുണ്ടല്ലോ - ഇവിടെ വിഗ്രഹങ്ങളെ ഇലാഹാണെന്ന് വിശ്വസിച്ചു അതിനു ആരാധിക്കുന്ന മക്കത്തെ മുശ്രിക്കുകളോട്അല്ലാഹു പറഞ്ഞതാണ് ഇത്. അഥവാ ഇവിടെ അവർ ആരാധിക്കുന്നത് ആ വിഗ്രഹങ്ങൾ ദൈവമാണ് എന്ന വിശ്വാസത്തിലാണ്.
കള്ള പാതിരി വഹ്ഹാബികൾ തെറ്റിദ്ധരിപ്പിക്കുന്നത് ജോലിയാക്കി ഇറങ്ങിയതാണ് - എന്ത് ചെയ്യാൻ ഇമാമീങ്ങൾ എല്ലാം ഈ തറ വഹ്ഹാബീ വിശ്വാസത്തിനു എതിരായിഒപ്പൊയി..!!!
2) ലാത്തയെയും ഉസ്സയെയും ആരാധിക്കും മുസ്ലിമീങ്ങൾ എന്ന് നബിതങ്ങൾ പറഞ്ഞോ അതിന്റെ യാഥാർത്ഥ്യം എന്ത്?
========
പിലാച്ചേരി ഉദ്ധരിചതിന്റെ മുഴുരൂപം പല മുഹദ്ദിസുകളും ഉദ്ധരിച്ചിട്ടുണ്ട് - ഒന്ന് നോക്കൂ..
لا يذهب الليل والنهار حتى تعبد اللات والعزى فقلت يا رسول الله إن كنت لأظن حين أنزل الله هو الذي أرسل رسوله بالهدى ودين الحق ليظهره على الدين كله ولو كره المشركون أن ذلك تاما قال إنه سيكون من ذلك ما شاء الله ثم يبعث الله ريحا طيبة فتوفى كل من في قلبه مثقال حبة خردل من إيمان فيبقى من لا خير فيه فيرجعون إلى دين آبائهم
ലാത്തയെയും ഉസ്സയെയും ആരാധിക്കും എന്ന് പറഞ്ഞ നബിതങ്ങൾ (സ്വ) തന്നെ അത് എപോഴാണ് - ആരാണ് എന്നൊക്കെ പറഞ്ഞത് പിലാചെരിയെ പോലത്തെ കള്ള മൌലവിമാർ മുക്കുന്നതാണോ..?!
إنه سيكون من ذلك ما شاء الله ثم يبعث الله ريحا طيبة فتوفى كل من في قلبه مثقال حبة خردل من إيمان فيبقى من لا خير فيه فيرجعون إلى دين آبائهم
ഇതൊന്നു അർഥം വെച്ചേ പിലാചെരീ ആളുകൾ കാണട്ടെ - പഠിക്കട്ടെ..
(ഇവിടെ നബിതങ്ങൾ പറയുന്നത് തൗഹീദിലായ സമുദായത്തെ അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നിലനിർത്തുകയും ശേഷം ഒരു കാറ്റിനെ അല്ലാഹു അയക്കുകയും അത് തലോടുന്ന ഒരനുമണി തൂക്കം എങ്കിലും ഈമാൻ മനസ്സിൽ ഉള്ള സകല മുസ്ലിമും മരിച്ചു വീഴുകയും ഒരു ഖൈറും ഇല്ലാത്ത അനുമണിതൂക്കം പോലും ഈമാൻ ഇല്ലാത്ത ആളുകൾ മാത്രം ബാക്കിയാകുകയും അവർ അവരുടെ പൂർവ്വ പിതാക്കളുടെ (ലാത്തയെയും ഉസ്സയെയും ആരാധിച്ചിരുന്ന മുൻ കഴിഞ്ഞ സമുദായത്തിന്റെ)ദീനിലേക്ക് മടങ്ങുകയും ചെയ്യും എന്നാണു.)
ഇനി അത് ഈ കാലത്ത് ആണ് എന്ന് വാദം ഉണ്ടെങ്കിൽ അത് പറയണം - കാരണം നബിതങ്ങൾ (സ്വ) പറയുന്നത് അന്ന് ഈമാൻ ഒരു കണിക പോലും ബാക്കിയുള്ള ഒരാൾ പോലും ഭൂമിക്ക് മുകളിൽ ബാക്കി ഉണ്ടാകില്ല എന്നാണ്..അപ്പൊ ഞങ്ങളെ കാഫിറെന്നു വിളിക്കുന്ന നിങ്ങൾ സ്വയവും അതിൽ പെട്ടല്ലോ.നിങ്ങൾക്കും അണുമണിതൂക്കം പോലും ഈമാൻ ഇല്ലേ..?!
ഇല്ലാത്ത ശിർക്കും പറഞ്ഞു സത്യവിശ്വാസികളുടെ മേൽ വൃത്തികെട്ട ആരോപണം നടത്തുന്ന വഹ്ഹാബികൾ തീർച്ചയായും 'നരകത്തിലെ പട്ടികൾ' ആയ ഖവാരിജിന്റെ ആധുനിക രൂപമാണ്. അവരുടെ സ്വഭാവം നബിതങ്ങൾ(സ്വ) പഠിപ്പിച്ചല്ലോ - കാഫിരീങ്ങളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുസ്ലിമീങ്ങളുടെമേൽ വെച്ച് കെട്ടുന്ന പിഴച്ചു നശിച്ച കൂട്ടം..അതേ വഴിയിൽ വഹ്ഹാബിസവും..
ഇമ്മാതിരി വളിപ്പും കൊണ്ട് ഇരങ്ങരുതെ പിലാചെരീ..കുഞാടുകളുടെ അടുത്തേ വേവൂ..

Thursday 1 January 2015

തിരുഭവനം ചരിത്രനിയോഗം

പ്രവാചകശ്രേഷ്ഠര്‍ മുഹമ്മദ് നബി (സ്വ) യുടെ ജീവിതവും ജീവിതത്തിലെ സര്‍വ്വമാന ചലനങ്ങളും നിയോഗപരമായിരുന്നു. സര്‍വ്വനിയന്താതാവായ അല്ലാഹു പ്രത്യേകം തീരുമാനിച്ചു സജ്ജമാക്കിയ പന്ഥാവിലൂടെ മാത്രമാണ് നബിയുടെ ജീവിതചലനങ്ങളും സമസ്ത നീക്കങ്ങളും സംഭവിച്ചിട്ടുള്ളത്. അവയില്‍ യാതൊന്നും യാദൃശ്ചികമായി വന്നുചേര്‍ന്നതോ സ്വാഭാവിക രീതിയില്‍ സംഭവിച്ചിട്ടുള്ളതോ അല്ല. സര്‍വ്വലോകത്തിനും നേതാവായി അല്ലാ ഹു പ്രത്യേകം സജ്ജമാക്കുകയായിരുന്നു. ആ പരിശുദ്ധ ജീവിതവുമായി ബന്ധപ്പെട്ട ഏതൊരു സംഗതിയുടെയും ചരിത്ര വസ്തുത വിശകലനം ചെയ്താല്‍ അത് ബോധ്യമാകുന്നതാണ്. ഒന്നും യാദൃശ്ചിക നീക്കങ്ങളായിരുന്നില്ല.
നബി (സ്വ) യെ ഭൂജാതനാക്കാന്‍ അല്ലാഹു തെരഞ്ഞെടുത്ത കാലഘട്ടം, ജന്മദേശം, വംശം, കുലം, പിതൃ മാതൃ നിയോഗം, ജന്മമാസം, തിയ്യതി, സമയം എന്നിവയെക്കുറിച്ചെല്ലാം ഗാഢമായി പരിശോധിച്ചാല്‍ മേല്‍പറഞ്ഞ വസ്തുത വ്യക്തമാകുന്നതാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തില്‍, ഏതെങ്കിലും ഒരു പ്രദേശത്ത്, ഏതോ ഒരു കുടുംബത്തില്‍, ഏതോ ഒരു ദിവസം ഏതോ മാതാപിതാക്കള്‍ക്ക് എങ്ങനെയോ പിറന്നുവീണ ഒരു ശിശുവിന്റെ ചരിത്രമല്ല നബിക്കുള്ളത്. മറിച്ച് തികഞ്ഞ ആസൂത്രണങ്ങളുടെ തണലിലായിരുന്നു പൂര്‍ണ്ണമായും എല്ലാ കാര്യങ്ങളും സംഭവിച്ചത്. ബുദ്ധിപൂര്‍വ്വകമായ തീരുമാനത്തിന്റെ വെളിച്ചത്തില്‍ നിയോഗപരമായ നീക്കങ്ങളായിരുന്നു അവയെല്ലാം. എല്ലാം സര്‍വ്വജ്ഞനായ അല്ലാഹുവിന്റെ ആസൂത്രിതമായ നീക്കങ്ങള്‍…!!
നബി (സ്വ) യുടെ ജീവിതസംഭവങ്ങളിലുടനീളം മുഴച്ചുനില്‍ക്കുന്ന ഈ നിയോഗപരമായ സത്യം പഠനവിധേയമാക്കേണ്ടതാണ്. തദ്വിഷയകമായി ചിന്തിച്ചു തുടങ്ങുവാന്‍ അവിടുത്തെ ജീവിതത്തിലെ ഒരു ഉദാഹരണം മാത്രം ഇവിടെ വിശകലനം ചെയ്യാം.
നബി (സ്വ) മക്കയില്‍ നിന്ന് പലായനം ചെയ്തു മദീനയിലെത്തിയ ഉടന്‍ അവിടുന്ന് താമസിക്കാന്‍ തിരഞ്ഞെടുത്ത ഭവനം മദീനാവാസികളുടെ പ്രമുഖ നേതാവും, വിശിഷ്ട സ്വഹാബിവര്യനുമായ അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) താമസിച്ചിരുന്ന വസതി ആയിരുന്നല്ലോ.
മദീനയിലെത്തിയ തിരുനബി (സ്വ) ഉചിതനായ ഒരു ഗുണകാംക്ഷിയുടെ വീട്ടില്‍ പൊതുസൌകര്യങ്ങള്‍ പരിഗണിച്ച് യാദൃശ്ചികമായി താമസിച്ചതായിരിക്കാം എന്ന നിഗമനമാണ് ബാഹ്യമായ ചരിത്രവായനയില്‍ നിന്ന് മനസ്സിലാവുക. കാരണം നബി (സ്വ) താമസിച്ച അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) യുടെ വീട് അവിടുന്ന് പിന്നീട് താവളമായി തിരഞ്ഞെടുത്ത ‘മസ്ജിദുന്നബവി’യുടെ ഏറ്റവും അടുത്തുള്ള വീടായിരുന്നുവല്ലോ. പള്ളി നിര്‍മ്മാണത്തിനും മറ്റും സൌകര്യമാകാനും, മദീനക്കാരുടെ അനിഷേധ്യ നേതാവിന്റെ വീട്ടില്‍ താമസിക്കുന്നത് പൊതുസമ്മതം കൂടുതല്‍ ലഭിക്കാനും സഹായകമാകുമെന്ന് കരുതിയാവാം എന്നെല്ലാം പ്രത്യക്ഷത്തില്‍ വിലയിരുത്താം. എന്നാല്‍ ചരിത്രത്തിന്റെ അകത്താളുകള്‍ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുക മറ്റൊന്നാണ്. നബി (സ്വ) അബൂ അയ്യൂബിന്റെ വീട്ടില്‍ താമസിക്കാന്‍ എത്തിച്ചേര്‍ന്നത് കേവലം യാദൃശ്ചികമായിട്ടോ, സ്വാഭാവിക രീതിയിലോ ആയിരുന്നില്ല. മറിച്ച് അഭൌതികമായ ഒരു ആസൂത്രണത്തിന്റെ തണലിലായിരുന്നു.
ഹിജ്റാവേളയില്‍ നബി (സ്വ) മദീനയുടെ പരിസരത്തെത്തുന്നു. അല്ലാഹുവിന്റെ തീരുമാനപ്രകാരം പ്രത്യേകപ്പെട്ട ഒരു സ്ഥലത്ത് ഒട്ടകത്തില്‍ നിന്നിറങ്ങി അല്‍പ്പദിവസം താമസിക്കുന്നു. പ്രഥമ മസ്ജിദായി ‘ഖുബാ പള്ളി’ പണിയുന്നു. തുടര്‍ന്ന് അവിടെ നിന്നും ഒട്ടകപ്പുറത്തേറി മദീനാ നിവാസികളുടെ വീടുകള്‍ തങ്ങിനില്‍ക്കുന്ന കേന്ദ്രത്തിലേക്ക് പ്രയാണം ചെയ്യുന്നു. മദീനാശരീഫിലെ പ്രമുഖ ഗോത്രങ്ങളുടെ തലവന്മാരെല്ലാം അവരവരുടെ വസതിക്ക് മുമ്പിലെത്തുമ്പോള്‍ നബിപുംഗവരെ മനസാ വാചാ സ്വീകരിച്ചാനയിക്കുന്നു. തങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ വിനയപുരസ്സരം അതീവ താല്‍പര്യത്തോടെ ആവശ്യപ്പെടുന്നു. നബി (സ്വ) യുടെ മറുപടി ഒരു പ്രവാചകന്റെ നിയുക്തി വ്യക്തമാക്കും വിധത്തിലുള്ളതായിരുന്നു. അവിടുന്ന് ജനങ്ങളോടെല്ലാം പറഞ്ഞുകൊണ്ടിരുന്നു. “എന്റെ ഒട്ടകത്തെ നിങ്ങള്‍ അതിന്റെ പാട്ടിനു വിടുവീന്‍. അത് പ്രത്യേകമായ കല്‍പ്പനക്ക് വിധേയമാണ്. ഇറങ്ങേണ്ട സ്ഥാനത്തെത്തുമ്പോള്‍ അത് സ്വയം മുട്ടുകുത്തിക്കൊള്ളും…!” ഈ മറുപടി റസൂല്‍ (സ്വ) പലതവണ പലരോടുമായി പറഞ്ഞുകൊണ്ടിരുന്നതാണ്. ഒടുവില്‍ നബി (സ്വ) യുടെ ‘അല്‍ ഖസ്വവാഅ്’ എന്ന മിമ്പര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് മുട്ടുകുത്തി. തൊട്ടടുത്ത വീട്ടുകാരനായ അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) സന്തോഷാധിക്യത്താല്‍ മതിമറന്നു. “അല്ലാഹുവിന്റെ തിരുദൂതരേ… തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഇക്കാണുന്ന വീട് ഞാന്‍ താമസിക്കുന്നിടമാണ്. അവിടുത്തെ സാധനങ്ങള്‍ ഞാന്‍ അവിടെക്കൊണ്ട് ചെന്നു വെക്കട്ടെയോ എന്ന് പ്രതീക്ഷാപൂര്‍വ്വം തിരക്കുകയായിരുന്നു.” ‘അതെ’ എന്ന മറുപടിയും കിട്ടി. തുടര്‍ന്നു നബി (സ്വ) വിശ്രമിക്കാന്‍ പ്രസ്തുത വീട്ടിലേക്ക് പ്രവേശിക്കുകയാണുണ്ടായത്. ഇത്രയും പറഞ്ഞ ചരിത്ര ഭാഗം എല്ലാവരും പറഞ്ഞുവരുന്നതാണ്. ഒട്ടകം പ്രത്യേക സ്ഥലത്ത് മുട്ടുകുത്തിയത് നിയോഗപരമായ ഒരു ആസൂത്രണം, അഭൌതികമായി അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ്. എന്നാല്‍ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ഇനിയും ഇറങ്ങിച്ചെന്നാല്‍ നാം കാണുന്നത് വിസ്മയകരമായ മറ്റൊരു നിയോഗത്തിന്റെ വര്‍ത്തമാനമാണ്. ആധികാരിക ചരിത്രകാരനായ ഇമാം ഇബ്നു ഇസ്ഹാഖ് ‘അല്‍ മുബ്തദഇ’ലും വിഖ്യാതനായ ഇമാം ഇബ്നു ഹിശാം ‘അല്‍ തീജാനിലും’ മറ്റും ഉദ്ധരിച്ച ചരിത്ര വിവരണം കൂട്ടി വായിക്കുക.
പ്രിയപ്പെട്ട തിരുനബി (സ്വ) മദീനയില്‍ പ്രഥമമായി താമസിച്ചത് യഥാര്‍ഥത്തില്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) ന്റെ വീട്ടിലായിരുന്നില്ല. മറിച്ച് മുഹമ്മദ് നബി (സ്വ) ക്ക് താമസിക്കാന്‍ വേണ്ടി പ്രത്യേകം നിര്‍മ്മിച്ച നബി (സ്വ) യുടെ വീട്ടില്‍ തന്നെയായിരുന്നു എന്ന വസ്തുത നമ്മെ വിസ്മയം കൊള്ളിപ്പിക്കുന്നു. സംഭവം ഇപ്രകാരമാണ്… നബി (സ്വ) യുടെ മദീനാ ആഗമനത്തിന് പതിറ്റാണ്ടുകള്‍ക്കു മുമ്പ്?- നബിയുടെ ജനനത്തിനും എത്രയോ മുമ്പ്- മദീനാ പ്രദേശത്തു കൂടി യാത്ര ചെയ്ത  പ്രശസ്തനായ അറേബ്യന്‍ രാജാവ് ‘തുബ്ബഅ് ഒന്നാമന്‍’ അന്ത്യപ്രവാചകരായി വരാന്‍ പോകുന്ന മുഹമ്മദ് നബിക്ക് വസിക്കുവാനായി പ്രത്യേകം നിര്‍മ്മിച്ച ഭവനമായിരുന്നു അബൂ അയ്യൂബുല്‍ അന്‍സ്വാരി താമസിച്ചിരുന്ന വീട്. തുബ്ബഅ് രാജാവും പരിവാരവും ദീര്‍ഘമായ സഞ്ചാരത്തിലായിരുന്നു. യാത്രാ സംഘത്തില്‍ നാനൂറോളം മഹാവേദാന്തികളായ ജ്ഞാനികളുമുണ്ടായിരുന്നു. സംഘം സഞ്ചാരമധ്യേ മദീനയില്‍ എത്തിച്ചേര്‍ന്നു. മദീനയുടെ അക്കാലത്തെ പേര് ‘യസ്രിബ്’ എന്നായിരുന്നു. മഹാരാജാവിന്റെ സംഘത്തിലുള്ള ജ്ഞാനികള്‍ മദീനയെ നിരീക്ഷിച്ചപ്പോള്‍ അവര്‍ക്ക് ഒരു സത്യം ബോധ്യപ്പെട്ടു. തങ്ങളുടെ വേദങ്ങളില്‍ പരാമര്‍ശമുള്ള അന്ത്യപ്രവാചകരുടെ വാസപ്രദേശമാകുന്നു ഇത്. വേദത്തില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഈ പ്രദേശത്തിന് ഇണങ്ങുന്നതാണ്. മഹാരാജാവിനെ അവര്‍ അറിയിച്ചു. “ഞങ്ങള്‍ നാനൂറ് (400) പേരും ഈ പ്രദേശം വിട്ടു വരുന്നില്ല. ഇത് നമ്മുടെ വേദങ്ങളില്‍ പരാമര്‍ശിച്ച അന്ത്യപ്രവാചകരുടെ പലായന ഭൂമിയാണ്. ഞങ്ങള്‍ ഇവിടം വിട്ടു വരുന്നില്ല. ഞങ്ങള്‍ക്കോ, അല്ലെങ്കില്‍ ഞങ്ങളുടെ സന്താന തലമുറകള്‍ക്കെങ്കിലും ആ ശ്രേഷ്ഠ പ്രവാചകരെ ദര്‍ശിച്ച മഹാഭാഗ്യം നേടാന്‍ കഴിയണമെന്ന് ഞങ്ങള്‍ ആശിക്കുന്നു…” വേദാന്ത പണ്ഢിതന്മാരുടെ പ്രവചനം കേട്ടപ്പോള്‍ ‘തുബ്ബഅ്’ രാജാവിനും കൌതുകമായി. അദ്ദേഹം കുറച്ചുകൂടി കാലം മദീനയില്‍ അധിവസിച്ചു. തന്റെ കൂടെയുള്ള നാനൂറ് (400) പണ്ഢിതന്മാര്‍ക്കും താമസിക്കാന്‍ യോഗ്യമായ വീടുകള്‍ വെച്ചുകൊടുത്തു. കൂട്ടത്തില്‍ അന്ത്യപ്രവാചകര്‍ പലായനം ചെയ്തെത്തുമ്പോള്‍ ആ പുണ്യപൂമാന് വസിക്കുവാനായി പ്രത്യേകം ഒരു വീടും തയ്യാറാക്കി… വേദങ്ങ ളിലെ പ്രവചിത ദൂതര്‍ ഈ പുണ്യപ്രദേശത്തു വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിനു വേണ്ടി നിര്‍മ്മിച്ച ഈ ഭവനത്തില്‍ താമസിച്ചുകൊള്ളണമെന്ന് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ പൂര്‍വ്വ പിതാക്കളില്‍ പെട്ട ഒരാളുടെ കൈവശം പ്രസ്തുത വീട് നബിക്കു സമര്‍പ്പിക്കുവാനായി കൊടുത്തേല്‍പ്പിക്കുകയും ചെയ്തു.
പ്രസ്തുത വേദപണ്ഢിതന്മാരുടെ കൈവശം വരാന്‍ പോകുന്ന പ്രവാചകശ്രേഷ്ഠര്‍ക്കു സമര്‍പ്പിക്കാന്‍ ഒരു സന്ദേശവും എഴുതി നല്‍കിയ ശേഷമാണ് തുബ്ബഅ് ചക്രവര്‍ത്തി മദീന വിട്ടുപോയത്. നബിയുടെ ആഗമനത്തിന്റെ പതിറ്റാണ്ടുകള്‍ക്കു മുമ്പ് നബിക്കു നല്‍കുവാനായി തുബ്ബഅ് ചക്രവര്‍ത്തി ഏല്‍പ്പിച്ച കത്ത് ഒരു കവിതാ രൂപത്തിലായിരുന്നു. അതില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു:
“മനുഷ്യസ്രഷ്ടാവായ അല്ലാഹു നിയോഗിച്ച സത്യദൂതനാണ് അഹ്മദ് എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ആ നിയോഗപുരുഷന്റെ കാലം വരെ എനിക്ക് ദീര്‍ഘായുസ്സുണ്ടാകുമെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഒരു മന്ത്രിയും ഗുണകാംക്ഷിയുമായി സേവനം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ശത്രുക്കളോടു ഞാന്‍ പടപൊരുതുമായിരുന്നു. അദ്ദേഹത്തിന് വരുന്ന ശത്രുതകള്‍ ഞാന്‍ പ്രതിരോധിക്കുമായിരുന്നു…”
ഈ വരികള്‍ സ്വര്‍ണ്ണം കൊണ്ട് മുദ്ര ചെയ്ത ശേഷം ഭദ്രമായി കെട്ടി രാജാവ് നബി തിരുമേനിക്കു നല്‍കുവാനായി കൊടുത്തേല്‍പ്പിച്ചു.
അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) ന്റെ പൂര്‍വ്വപിതാവ് തുബ്ബഅ് രാജാവില്‍ നിന്ന് നബിക്കു താമസിക്കുവാനുള്ള ഭവനം ഏറ്റെടുക്കുകയായിരുന്നു. പരമ്പരാഗതമായി സൂക്ഷി ച്ചുവന്ന വീട് സമയം വന്നപ്പോള്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരി യഥാര്‍ഥ അവകാശിക്ക് സന്തോഷപൂര്‍വ്വം ഏല്‍പ്പിക്കുകയും ചെയ്തു. മദീനയില്‍ നിവസിച്ച അന്‍സ്വാരികളെല്ലാം ഈ സംഘത്തിലുണ്ടായിരുന്ന വേദാന്തികളുടെ പിന്‍തലമുറക്കാരായിരുന്നു എന്ന് ചരിത്രം ഉദ്ഘോഷിക്കുന്നു. ചുരുക്കത്തില്‍ നബി (സ്വ) മദീനയില്‍ വസിക്കുവാനുള്ള വീടു പോലും പതിറ്റാണ്ടുകള്‍ക്കു മുമ്പ് അല്ലാഹു മുന്‍കൂട്ടി സജ്ജമാക്കി വെച്ചതായിരുന്നു എന്ന് സാരം.
നിയോഗപരമായ നബിയുടെ സത്യത ബോധ്യപ്പെടാന്‍ സഹായകമായ ഈ ചരിത്രം പ്രമുഖ പണ്ഢിതനായ ഇമാം മുഹമ്മദ് യൂസുഫുസ്സ്വാലിഹുശ്ശാമീ (മരണം ഹി.942) തന്റെ സീറ (വാള്യം:4, പുറം:390) യില്‍ വിശദമായി ഉദ്ധരിച്ചിരിക്കുന്നു. മദീനയുടെ ആധുനിക ചരിത്രകാരനായ പ്രൊഫ. അഹ്മദ് യാസീന്‍ ഈ സംഭവം വിശദമായി തന്റെ ‘താരീഖു മആലിമില്‍ മദീന’യിലും (പേജ് 167) ഉദ്ധരിച്ചിട്ടുണ്ട്.

മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം

ക്ളോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങള്‍ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹത്തിന് അവസരം ലഭിക്കുന്നത്. അനാവശ്യകാര്യങ്ങളെക്കുറിച്ചു ചര്‍വ്വിത ചര്‍വ്വണം നടത്തി സമയം കളയുന്നുവെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളെക്കുറിച്ചു ചില മോഡേണിസ്റ്റുകള്‍ ആരോപിക്കുവാന്‍ കാരണമായ ചില നിയമ വിശകലനങ്ങളില്‍ പെട്ടതാണ് ഇവയെന്നോര്‍ക്കു മ്പോഴാണു നമ്മുടെ ഫിഖ്ഹിന്റെ പുതുമ കൂടുതല്‍ തെളിഞ്ഞു വരുന്നത്.
ഒരു കുട്ടി മാതാവിലേക്കോ പിതാവിലേക്കോ ബന്ധം ചേര്‍ക്കപ്പെടുന്നതിനു ചില ഉപാധികളുണ്ട്. പ്രസ്തുത ഉപാധികള്‍ സമ്മേളിക്കുമ്പോള്‍ മാത്രമാണ് അവരെ അവന്റെ മാതാപിതാക്കളായി പരിഗണിക്കുക. ഒരു ശിശുവുമായി ഒരു സ്ത്രീക്കു മാതൃബന്ധം സ്ഥാപിതമാവണമെങ്കില്‍ അഥവാ അതിന്റെ മാതാവായി അവളെ പരിഗണിക്കണമെങ്കില്‍, രണ്ടു നിബന്ധനകളാണുള്ളത്. ഒന്ന്, അത് അവളുടെ ശരീരഭാഗം (കോശം) ആവുക. രണ്ട്, അതു പൂര്‍ണ്ണ മനുഷ്യനായി അവളില്‍ നിന്നു പുറത്തു വരിക. ഈ രണ്ടു നിബന്ധനകള്‍ ഒത്തു ചേര്‍ന്നാല്‍ ശിശുവിന്റെ മാതാവ് അവള്‍ തന്നെ. അതുകൊണ്ടാണു വ്യഭിചാരത്തില്‍ അവള്‍ക്കു ജനിക്കുന്ന ശിശുവിനു, വ്യഭിചാരി പിതാവാകില്ലെങ്കിലും, അവള്‍ മാതാവായി പരിഗണിക്കപ്പെടുന്നത്. കാരണം, സ്ത്രീയുടെ ഒരു ഭാഗമാണ് അവളുടെ ലൈംഗിക കോശമായ അണ്ഡം. അണ്ഡം ബീജവുമായി സംഗമിച്ചാണല്ലോ ഭ്രൂണം ഉണ്ടാകുന്നത്. ഈ ഭ്രൂണമാണല്ലോ പരിണാമ ദശകള്‍ പിന്നിട്ടു, പിന്നീടു ശിശുവായി അവളുടെ ഗര്‍ഭാശയത്തില്‍ നിന്നു പുറത്തുവരുന്നത്.
സ്ത്രീയുടെ അണ്ഡം പോലെതന്നെ പുരുഷ ബീജവും ഭ്രൂണത്തില്‍ ഒരു ഭാഗമായി വര്‍ത്തിക്കുന്നുണ്ടെങ്കിലും അതു മനുഷ്യരൂപം പൂണ്ടു പുറത്തു വരുന്നതു സ്ത്രീയില്‍ നിന്നു മാത്രമാണ്. അതുകൊണ്ട് ശുക്ളത്തിനു വ്യഭിചാര രൂപത്തില്‍ പവിത്രതയില്ലെങ്കിലും മാതൃത്വം സ്ഥാപിതമാകുന്നു; പിതൃത്വം സ്ഥാപിതമാകുന്നില്ല. തുഹ്ഫഃ 7:299-ല്‍ നിന്ന് ഇതു ഗ്രഹിക്കാം.
ഒരു പുരുഷന്റെ ബീജത്തില്‍ നിന്നു ജനിച്ച ശിശു അവന്റേതായി പരിഗണിക്കണമെങ്കില്‍ അഥവാ ആ ശിശുവിന്റെ പിതാവായി അവന്‍ പരിഗണിക്കപ്പെടണമെങ്കില്‍ ബീജസ്ഖലനം നിയമാനുസൃതമായിരിക്കണം. തനിക്കു സംഭോഗം അനുവദനീയമായ ഒരു സ്ത്രീയെയോ അല്ലെങ്കില്‍ അവളെന്നു തെറ്റിദ്ധരിച്ചു മറ്റു വല്ല സ്ത്രീയെയോ സംഭോഗം നടത്തുക മുഖേന ജനിക്കുന്ന കുട്ടിയുടെ പിതൃത്വം അവനുണ്ടായിരിക്കും. നിയമാനുസൃതമല്ലാത്ത സംഭോഗത്തിലൂടെ -വ്യഭിചാരത്തിലൂടെ- ജനിക്കുന്ന ശിശുവിനു മാതാവുണ്ടാകുമെങ്കിലും പിതാവുണ്ടായിരിക്കില്ല.
ഇത്യാദി വിഷയങ്ങളിലെല്ലാം സംഭോഗത്തിന്റെ സ്ഥാനം തന്നെയാണ് ബീജം കയറ്റുന്നതിനും കര്‍മശാസ്ത്രം നല്‍കിയിട്ടുള്ളത്. പക്ഷേ, സംഭോഗവും ബീജം പ്രവേശിപ്പിക്കലും തമ്മില്‍ ഒരു അന്തരമുണ്ട്. ബീജം പുരുഷനില്‍ നിന്നെടുക്കുമ്പോഴും സ്ത്രീയില്‍ പ്രവേശിപ്പിക്കുമ്പോഴും നി യമാനുസൃതമായിരിക്കണം. നിയമലംഘനത്തിലൂടെ പവിത്രത നഷ്ടപ്പെട്ട രീതിയില്‍ അ തെടുക്കുകയോ കയറ്റുകയോ ചെയ്താല്‍ പിതൃത്വം സ്ഥാപിതമാവുകയില്ല. മാതൃത്വം സ്ഥാപിതമാവാന്‍ മുന്‍ ഉപാധികള്‍ മാത്രം മതി. ഈ നിബന്ധനയാവശ്യമില്ല. ഇതു തുഹ്ഫഃ (7:302) യുടെ പ്രസ്താവനയില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
സംഭോഗത്തില്‍ ബീജം പുറപ്പെടുമ്പോള്‍ മാത്രം നിയമാനുസൃതമായാല്‍ മതി; സ്ത്രീയിലേക്കു പ്രവേശിക്കുമ്പോള്‍ പവിത്രത ഉണ്ടായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിനു ഒരാള്‍ തന്റെ ഭാര്യയാണെന്നു ധരിച്ചു ഒരന്യസ്ത്രീയെ സംഭോഗിച്ചു. അവളാകട്ടെ അന്യപുരുഷനാണെ ന്നറിഞ്ഞുകൊണ്ട് അവനു വഴങ്ങി. ഈ ഭോഗം പുരുഷനെ സംബന്ധിച്ചിടത്തോളം കുറ്റമറ്റതും സ്ത്രീക്കു വ്യഭിചാരവുമാണ്. അതുകൊണ്ടു, ബീജത്തിന്റെ പുറപ്പാടു പവിത്രമെങ്കിലും പ്രവേശം അവിശുദ്ധമാണ്. പക്ഷേ, പ്രവേശ സമയത്തെ അവിശുദ്ധി ഇവിടെ പരിഗണനീയമല്ല. കാരണം പുറപ്പാടും പ്രവേശവും- വിശുദ്ധിയും അവിശുദ്ധിയും- ഒരേ സമയം പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പുറപ്പാടിനും അതിന്റെ വിശുദ്ധി ക്കുമാണു പരിഗണന. അതുകൊണ്ടു പുരുഷനു പിതൃത്വം ലഭിക്കുന്നു. എന്നാല്‍ ബീജം പുരുഷനില്‍ നിന്നെടുത്തു സ്ത്രീയില്‍ പ്രവേശിപ്പിക്കുന്നുവെങ്കില്‍ എടുക്കുമ്പോഴും വെക്കുമ്പോഴും രണ്ടവസരത്തിലും നിയമ വിശുദ്ധി വേണം; സംഭോഗത്തിലെന്ന പോലെ പുറപ്പാടു സമയത്തു തന്നെ ഇവിടെ പ്രവേശവും നടക്കുന്നില്ല. അതുകൊണ്ട് അവ രണ്ടും രണ്ടായിതന്നെ ഗണിക്കേണ്ടതാണ്. ഇതാണു ഫിഖ്ഹിലെ പ്രബലമായ അഭിപ്രായം. ഇബ്നു ഹജര്‍ (റ) ഇക്കാര്യം തുഹ്ഫഃ (7:303304) യില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
ക്ളോണ്‍ ശിശുവിന്റെ മാതാപിതാക്കള്‍
ചുരുക്കത്തില്‍, ഫിഖ്ഹിന്റെ വീക്ഷണത്തില്‍ ഒരു സ്ത്രീയുടെ അണ്ഡത്തിനു പങ്കുള്ള ഭ്രൂണത്തെ അവള്‍ ഗര്‍ഭം ധരിച്ചു പ്രസവിച്ചാല്‍ അവള്‍ അതിന്റെ മാതാവാകും. അതു സംഭോഗം മുഖേനയാവട്ടെ; അല്ലെങ്കില്‍ ബീജം കയറ്റുക വഴിയാവട്ടെ; നിയമാനുസൃതമാവട്ടെ, അല്ലാതിരിക്കട്ടെ.
ഇനി പിതൃത്വത്തിന്റെ കാര്യം പറയാം. പുരുഷബീജം പുറത്തുവന്നതു നിയമാനുസൃതമായ സംഭോഗം വഴിയാണോ എന്നാല്‍ ബീജോടമ കുട്ടിയുടെ പിതാവാകും. അപ്രകാരം തന്നെ ഹലാലായ വിധത്തില്‍ പുറത്തെടുത്ത പുരുഷബീജം, ഹലാലായ മാര്‍ഗ്ഗത്തില്‍ തന്നെ സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിപ്പിച്ചാല്‍ അതില്‍ ജനിക്കുന്ന കുഞ്ഞിന്റെ പിതൃത്വം ബീജോടമയ്ക്കുണ്ടായിരിക്കും.
ഈ നിയമങ്ങളുടെ വെളിച്ചത്തില്‍ ക്ളോണിങ് ശിശുവെക്കുറിച്ചു നമുക്ക് വിശകലനം നടത്താം. ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തില്‍ മറ്റൊരാളുടെ ലൈംഗികേതര കോശത്തിലെ ന്യൂക്ളിയസ് വെച്ചാണല്ലോ ഇവിടെ ഭ്രൂണം ഉണ്ടാക്കുന്നത്. ഇത് ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു ക്ളോണിങ് ശിശുവെയും നിര്‍മ്മിക്കുന്നു. ഇവിടെ സാധ്യതകള്‍ പലതുണ്ട്. കോശ ദാതാവ് ആണോ പെണ്ണോ ആവാം. ആണാണെങ്കില്‍ അണ്ഡോടമയുടെ ഭര്‍ത്താവോ അന്യനോ ആകാം. ഭ്രൂണം നിക്ഷേപിക്കുന്ന ഗര്‍ഭാശയം, അണ്ഡോടമയുടേതോ മറ്റൊരു സ്ത്രീയുടേതോ ആകാം.
ഒരു സ്ത്രീയുടെ അണ്ഡവും അവളുടെ ഭര്‍ത്താവിന്റെ കോശവും ചേര്‍ത്തു ഭ്രൂണം അ വളുടെ തന്നെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ അവള്‍ ആ ശിശുവിന്റെ മാ താവു തന്നെ. കാരണം, സ്ത്രീയുടെ അണ്ഡഭാഗത്തിനു ഭ്രൂണത്തില്‍ പങ്കുള്ളതു കൊ ണ്ടും മനുഷ്യരൂപം പൂണ്ട ശേഷം അതിനെ അവള്‍ പ്രസവിച്ചതു കൊണ്ടും മാതൃത്വത്തിന്റെ രണ്ട് ഉപാധികളും ഇവിടെ സമ്മേളിച്ചിരിക്കുന്നു.
ഇനി, ഭര്‍ത്താവിന്റെ ലൈംഗികേതര കോശവും സ്ത്രീയുടെ, ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡവും ചേര്‍ത്തു രൂപപ്പെടുത്തിയ ഭ്രൂണം മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നി ക്ഷേപിച്ചു ക്ളോണ്‍ ശിശുവിനു ജന്മം നല്‍കുന്നുവെങ്കില്‍ അതിനു മാതാവില്ല. ഒന്നാമത്തവളും രണ്ടാമത്തവളും മാതാവാകില്ല. കാരണം, അണ്ഡഭാഗം ഒന്നാമത്തവളുടേതെങ്കിലും അവളല്ല കുട്ടിയെ പ്രസവിച്ചത്. രണ്ടാമത്തവള്‍ പ്രസവിച്ചുവെങ്കിലും ഭ്രൂണത്തില്‍ അവള്‍ക്കു പങ്കാളിത്തമില്ല.
ഒരു സ്ത്രീയുടെ, ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തോടു മറ്റൊരു സ്ത്രീയുടെയോ അന്യ പുരുഷന്റെയോ ശരീരകോശം ചേര്‍ത്ത് അവളുടെ (അണ്ഡോടമയുടെ) ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുന്നുവെങ്കില്‍ അവള്‍ കുട്ടിയുടെ മാതാവു തന്നെ. കാരണം, അണ്ഡോടമ തന്നെയാണല്ലോ കുട്ടിയെ പ്രസവിച്ചത്. ഒരു സ്ത്രീയുടെ അണ്ഡമെടുത്ത് ആണോ പെണ്ണോ ആയ മറ്റൊരാളുടെ ശരീര കോശം ചേര്‍ത്തു മറ്റൊരു അന്യസ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ ക്ളോണ്‍ ശിശുവിനു മാതാവില്ല. അണ്ഡോടമ പ്രസവിക്കാത്തതു കൊണ്ടും പ്രസവിച്ചവള്‍ക്കു ഭ്രൂണത്തില്‍ പങ്കില്ലാത്തതു കൊണ്ടും.
എന്നാല്‍, ഒരു സാഹചര്യത്തിലും ക്ളോണ്‍ മനുഷ്യനു പിതാവുണ്ടായിരിക്കില്ല. കാരണം, കോശം എടുക്കുമ്പോഴും കയറ്റുമ്പോഴും പവിത്രതയുണ്ടെങ്കില്‍ മാത്രമേ പിതൃത്വം സ്ഥാ പിതമാവുകയുള്ളൂവെന്നു നേരത്തേ പറഞ്ഞുവല്ലോ. പുരുഷന്റെ ശരീര കോശം അ വന്റെ ശരീരത്തിന്റെ ഒരു ഭാഗമായതു കൊണ്ടു പ്രത്യുല്‍പാദനാവശ്യാര്‍ഥം അതെടുക്കുന്നതു തന്നെ ഹറാമാണ്. ഒരു മനുഷ്യന്റെ ശരീരഭാഗം -അതു ചെറുതാകട്ടെ, വലുതാകട്ടെ- എടുക്കണമെങ്കില്‍ ആ ശരീരത്തിന്റെ അനിവാര്യമായ ഒരാവശ്യത്തിനു വേണ്ടിയായിരിക്കണം. ശരീരത്തിന്റെ സ്വന്തമായ ആവശ്യം തന്നെ അനിവാര്യമല്ലെങ്കില്‍ അതെടുക്കല്‍ അനുവദനീയമല്ല. അപ്രകാരം തന്നെ മറ്റൊരാളുടെ ആവശ്യത്തിനു വേണ്ടിയും സ്വന്തം ശരീരഭാഗം എടുക്കുന്നതു നിഷിദ്ധവും കുറ്റകരവുമാണ്.
ഒരാളുടെ ശരീര ഭാഗം മുറിച്ചെടുക്കാവുന്ന ആവശ്യങ്ങള്‍ ഇസ്ലാമിക കര്‍മശാസ്ത്ര വീക്ഷണത്തില്‍ രണ്ടെണ്ണമാണ്. ഒന്ന്, ചികിത്സാവശ്യാര്‍ഥം ശരീരത്തിന്റെ വല്ല ഭാഗവും മുറിച്ചു മാറ്റുക. മുറിക്കുന്നതു കൊണ്ടു കൂടുതല്‍ അപകട സാധ്യതയില്ലെങ്കില്‍ മാത്രമേ ഈ ചികിത്സ അനുവദിക്കപ്പെടുകയുള്ളൂ. ആരോഗ്യ സംരക്ഷണത്തിനായി ഞരമ്പു മുറിക്കുക, കാന്‍സര്‍ പിടിച്ച അവയവം മുറിച്ചു മാറ്റുക, വൈകൃതം നീക്കാന്‍ മുഴ മുറിച്ചു നീക്കുക മുതലായ കാര്യങ്ങള്‍ ഈയിനത്തില്‍പ്പെട്ടതാണ്. മിന്‍ഹാജ്, തുഹ്ഫഃ, മുഗ്നി (മിന്‍ഹാജ:് പേ: 177,തുഹ്ഫ: 9/194,മുഗ്നി:4/200)മുതലായ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ ആവശ്യം, ഒന്നും ഭക്ഷിക്കാന്‍ കിട്ടാതെ വരുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്തു ഭക്ഷിക്കുകയാണ്. ആത്മരക്ഷാര്‍ഥം ഇങ്ങനെ മുറിച്ചെടുക്കല്‍ അനുവദനീയമാകുന്നതിനു രണ്ട് ഉപാധികളുണ്ട്. ശവം പോലും ഭക്ഷിക്കാന്‍ കിട്ടാതിരിക്കുക. മുറിച്ചെടുക്കുന്നതിലുള്ള അപകടാശങ്ക അതു മുറിച്ചെടുത്തു കഴിക്കാതിരിക്കുന്നതിലുള്ളതിനേക്കാള്‍ കുറവായിരിക്കുക. ഇവയാണു രണ്ട് ഉപാധികള്‍. ഇക്കാര്യം ഇമാം നവവി (റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ മിന്‍ഹാജില്‍ (188) രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് അനുവദനീയമാകുന്നതിനുള്ള കാരണം തുഹ്ഫഃ(9/397) വിവരിക്കുന്നു: “പൂര്‍ണ ശരീരം അവശേഷിപ്പിക്കുന്നതിനു വേണ്ടി അല്‍പഭാഗം മുറിച്ചെടുക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. അപ്പോള്‍ അതു കാന്‍സര്‍ ബാധിച്ച കൈ മുറിച്ചു മാറ്റുന്നതിനു തുല്യമാണ്”.
ക്ളോണ്‍ ശിശുവിനെ സൃഷ്ടിക്കുവാന്‍ ശരീരകോശം പറിച്ചെടുക്കുന്നത് അനുവദനീയമായ ഈ രണ്ടാവശ്യങ്ങളിലും പെടില്ല. മറ്റൊരാളുടെ ആത്മ രക്ഷക്കുവേണ്ടി പോലും സ്വന്തം ശരീരഭാഗം മുറിച്ചു കൊടുക്കാന്‍ പാടില്ലയെന്നാണ് നിയമം (മിന്‍ഹാജ്: 188). അ പ്പോള്‍, കോശം നിയമവിരുദ്ധമായാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് വ്യഭിചാരത്തിലെ ബീജമെന്ന പോലെതന്നെ അതിനു പവിത്രതയില്ല. പവിത്രതയില്ലാത്തതു കൊണ്ടുതന്നെ പി തൃത്വം സ്ഥിരപ്പെടുകയുമില്ല. പുരുഷകോശത്തില്‍ നിന്നു ക്ളോണ്‍ ചെയ്ത ശിശുവിന്റെ കാര്യമാണ് ഇത്രയും പറഞ്ഞത്. സ്ത്രീയുടെ ശരീര കോശത്തില്‍ നിന്നാണു ക്ളോണ്‍ ചെയ്യുന്നതെങ്കില്‍ പിതാവില്ലെന്നു പറയേണ്ടതില്ലല്ലോ.
ചുരുക്കത്തില്‍, ക്ളോണ്‍ മനുഷ്യനു ചില പ്രത്യേക സാഹചര്യങ്ങളില്‍ മാതാവുണ്ടാകുമെങ്കിലും ഒരു സാഹചര്യത്തിലും പിതാവുണ്ടായിരിക്കില്ല. ഈ തന്തയില്ലാത്ത സന്താനങ്ങളായിരിക്കാം ലോകാവസാനത്തെ അഭിമുഖീകരിക്കുന്ന ദുഷ്ടജനം.
ക്ളോണ്‍ മനുഷ്യന്റെ അവകാശങ്ങളും ബാധ്യതകളും
ക്ളോണ്‍ മനുഷ്യനു മാതാവുണ്ടാകുന്ന സാഹചര്യത്തില്‍ അവന് അവളില്‍ നിന്ന് അനന്തരാ വകാശം ലഭിക്കുന്നതും അവളുടെ പുത്രീ പുത്രന്മാര്‍ അവന്റെ സഹോദരീ സഹോദരന്മാരാ കുന്നതുമാണ്. പിതാവില്ലെന്ന പോലെത്തന്നെ മാതാവും ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ അവനു യാതൊരു വിധ കുടുംബ ബന്ധവുമുണ്ടായിരിക്കില്ല. മുലകുടി ബന്ധത്തിലുള്ള മാതാപിതാക്കന്മാരും സഹോദരീ സഹോദരന്മാരും മാത്രമേ ഉണ്ടായിരിക്കു കയുള്ളൂ.
പിതാവില്ലാത്ത സാഹചര്യത്തിലും മാതാവും പിതാവുമില്ലാത്ത സാഹചര്യത്തിലും, ബു ദ്ധിയുണ്ടെങ്കില്‍ അവനെ മറ്റുള്ളവരെപ്പോലെ മനുഷ്യനായി പരിഗണിക്കുന്നതാണ്. മാനുഷികമായ വിധിവിലക്കുകള്‍ അവനും ബാധകമായിരിക്കും. മാനുഷികതയ്ക്കു മാതാപിതാക്കള്‍ ആവശ്യമില്ല. ആദിമ മനുഷ്യരായ ആദം, ഹവ്വാ (അ) എന്നിവര്‍ക്ക് മാതാപിതാക്കളില്ലല്ലോ. വിശേഷബുദ്ധിയാണു മാനുഷിക ബാധ്യതകള്‍ ബാധകമാക്കുന്നതിന് ആധാരം. തുഹ്ഫഃയുടെ പ്രസ്താവനയില്‍ നിന്ന് ഇതു ഗ്രഹിക്കാം.
‘മനുഷ്യര്‍ക്കു ജനിച്ച കുട്ടി നായയുടെ രൂപത്തിലാണെങ്കിലും ശുദ്ധമാണ്. നായരൂപത്തിലുള്ള മനുഷ്യക്കുട്ടി സംസാരവും ബുദ്ധിയുമുള്ളവനെങ്കില്‍ മതത്തിന്റെ വിധിവിലക്കുകള്‍ക്കു വിധേയനാണ്. കാരണം, വിശേഷ ബുദ്ധിയാണു മതബാധ്യതയ്ക്ക് ആധാരം. അത് ഇവിടെയുണ്ടല്ലോ. രണ്ടാടുകള്‍ ചേര്‍ന്നുണ്ടായ മനുഷ്യരൂപത്തിലുള്ള കുട്ടിയും, ബുദ്ധിയും സംസാരശേഷിയുമുള്ളവനാണെങ്കില്‍ മതബാധ്യതയുള്ളവനായി പരിഗണിക്കപ്പെടും (തുഹ്ഫഃ 1-291).
ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ? എന്ന ശീര്‍ഷകം കൂടി കാണുക (ഫിഖ്ഹ്).

ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍

നിസ്കാരാനന്തരം ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകലാണെന്ന് ഫിഖ്ഹിന്റെ സര്‍വ കിതാബുകളിലുമുണ്ടെന്നും എന്നിരിക്കെ ഇക്കാലത്തെ ഇമാമുമാര്‍ ഈ ശ്രേ ഷ്ഠത ഒഴിവാക്കി മഅ്മൂമുകളിലേക്ക് വലത് ഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവുമാക്കി തിരിഞ്ഞിരിക്കുന്നത് തനി ബിദ്അത്താണെന്നുമുള്ള വാദം ശരിയാണോ? ‘അമ്മല്‍ ഇമാമു ഇദാ തറകല്‍ ഖിയാമ മിന്‍ മുസ്വല്ലാഹു’ എന്ന് തുടങ്ങി ഫത്ഹുല്‍ മുഈനില്‍ പറഞ്ഞത് ഇതിനുപോല്‍ബലകമല്ലേ?
ഉത്തരം:
ഇമാമിന് സലാം വീട്ടിയശേഷം സുന്നത്ത് എന്താണെന്നതില്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ക്കിടയില്‍ മൂന്നഭിപ്രായമുണ്ട്. ഒന്ന്. ഇമാമ് എഴുന്നേറ്റ് നിന്ന് ദുആ ചെയ്യുക. ഇതാണ് ഇമാം റുഅ്യാനി(റ)യും ജീലി(റ)യും അഭിപ്രായപ്പെട്ടത് (അല്‍ ഖൌലു ത്താം ഫീ അഹ്കാമില്‍ ഇമാമി വല്‍ മഅ്മൂം, പേജ് 176).
രണ്ട്, മുസ്വല്ലയില്‍ നിന്ന് മാറി അല്‍പ്പം വലഭാഗത്തേക്കോ ഇടഭാഗത്തേക്കോ തെറ്റി സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇതാണ് സഈദുബ്നുജുബൈറി(റ)ന്റെ അഭിപ്രായമെന്ന് സൌരി(റ) വഴി ഹാഫിള് അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫ് 2/243ല്‍ റിപ്പോര്‍ ട്ടുചെയ്തിട്ടുണ്ട്. ഈ അഭിപ്രായത്തെയാണ് ഇബ്നുഹജര്‍(റ) തന്റെ തുഹ്ഫ 2/104ല്‍ പ്ര ബലമാക്കിയിട്ടുള്ളത്.
ഇമാം നവവി(റ) പറയുന്നു: “ഏറ്റവും പ്രബലമായത് ഇമാമിന്റെ ഇടത് ഭാഗം മിഹ്റാബിലേക്കും വലതുഭാഗം ജനങ്ങളിലേക്കുമാക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തേക്ക് മാറി ഇരിക്കലാകുന്നു. ഇമാം ബഗ്വി(റ) തഹ്ദീബില്‍ പറഞ്ഞതാണിത്. ബഗ്വി(റ) തന്നെ തന്റെ ശറഹു സുന്നയില്‍ ഇത് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. ബറാഉബ്നു ആസിബി(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസ് അതിനദ്ദേഹം രേഖയാക്കിയിട്ടുണ്ട്. ബറാഅ്(റ) പറഞ്ഞു. നബി(സ്വ)യുടെ പിന്നില്‍ ഞങ്ങള്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലത് ഭാഗത്താകാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. നിസ്കാരാനന്തരം ഞങ്ങളിലേക്ക് നബി(സ്വ) തിരിഞ്ഞിരിക്കുന്നതാണ് കാരണം” (ശര്‍ഹുല്‍ മുഹദ്ദബ്, 3/490). ഈ അര്‍ഥത്തിലാണ് ചില കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ നിസ്കാരാനന്തരം ഇമാം മുസ്വല്ലയെ വിട്ടുപിരിയലാണ് സുന്നത്തെന്ന് പറഞ്ഞത്. ഈ അഭിപ്രായമനുസരിച്ച് മിഹ്റബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതും, മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതിന് വിരുദ്ധവുമാകുന്നു.
മൂന്ന്, മുസ്വല്ലയില്‍ തന്നെ സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇപ്രകാരം ധാരാളം പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം റംലി(റ) തന്റെ ഫതാവ 1/228ല്‍ പ്രബലമാക്കിയതും ഈ അഭിപ്രായത്തെയാണ്. ഇമാം റംലി(റ) തന്നെ നിഹായയില്‍ പറയുന്നത് കാണുക.: “ദിക്റിനും ദുആഇനും വേണ്ടി നിസ്കാരാനന്തരം ഇമാമ് നിസ്കരിക്കുമ്പോള്‍ വലതുഭാഗം മഅ്മൂമുകളിലേക്കും ഇടത് ഭാഗം മിഹ്റാബിലേക്കുമായി ഇരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത നബിചര്യക്കുവേണ്ടിയാണിത്” (നിഹായ 1/554).
അവസാനം പറഞ്ഞ രണ്ടഭിപ്രായവും ഇമാമ് നിസ്കാരാനന്തരം മിഹ്റാബിലേക്ക് ഇടത് ഭാഗവും മഅ്മൂമുകളിലേക്ക് വലത് ഭാഗവുമാക്കി തിരിഞ്ഞിരിക്കലാണ് സുന്നത്തെന്നതില്‍ ഏകോപിച്ചിട്ടുണ്ട്. പക്ഷേ, മിഹ്റാബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കലാണോ മിഹ്റാബില്‍ തന്നെ തിരിഞ്ഞിരിക്കലാണോ ഏറ്റവും ശ്രേഷ്ഠമായത് എന്നതിലാണ് തര്‍ക്കം. മിഹ്റാബിന്റെ ഇടതു ഭാഗത്തേക്ക് മാറി തിരിഞ്ഞിരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് ഇമാം ബഗ്വി(റ)യെ ഉദ്ധരിച്ച് ശറഹുല്‍ മുഹദ്ദബില്‍ പ്രബലമാക്കിയത് തന്നെയാണ് ഇബ്നുഹജറി(റ)ന്റെയും പക്ഷമെന്ന് വ്യക്തം. മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കലാണ് ശ്രേഷ്ഠമായതെന്ന അഭിപ്രായമാണ് ഇമാം റംലി(റ)യുടെ പക്ഷം. രണ്ട് വിഭാഗവും ഇമാമ് മഅ്മൂമുകളിലേക്ക് വലഭാഗമാക്കി തിരിഞ്ഞിരിക്കലാണ് നബിചര്യയെന്ന് സമ്മതിക്കുന്നു. അതുകൊണ്ടുതന്നെയാണ് ബറാഇ(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസ് ഇരുവിഭാഗവും രേഖയാക്കിയത്.
ഏതായാലും ഉപര്യുക മൂന്നവസ്ഥകളെ സംബന്ധിച്ചും കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ ഖിയാമ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഫത്ഹുല്‍ മുഈന്‍ പേജ് 78ല്‍ ഇദാ തറകല്‍ ഖിയാമ എന്ന സ്ഥലത്തുള്ള ഖിയാമ് കൊണ്ട് വിവക്ഷിക്കുന്നത് രണ്ടാമത്തെ രൂപമാണ്. ഇതനുസരിച്ച് ഫത്ഹുല്‍ മുഈനിന്റെ ആശയം ഇങ്ങനെയാണ്. ഇമാമിന് ഏറ്റവും ശ്രേഷ്ഠമായത് വലത് ഭാഗം മഅ്മൂമുകളിലേക്കും ഇടതുഭാഗം ഖിബ്ലയിലേക്കുമാക്കി തിരിഞ്ഞിരിക്കലാണ്. എന്നാല്‍ ഇപ്പറഞ്ഞത് മുസ്വല്ലയില്‍ നിന്ന് മാറി തിരിഞ്ഞിരിക്കുക എന്ന (ഇബ്നുഹജര്‍(റ) പറഞ്ഞ) ശ്രേഷ്ഠത ഉപേക്ഷിക്കുന്ന നേരത്താണ്.
അപ്പോള്‍ മുസ്വല്ലയില്‍ നിന്നല്‍പ്പം വലതുഭാഗത്തേക്കോ ഇടതു ഭാഗത്തേക്കോ മാറി തിരിഞ്ഞിരിക്കല്‍ ശ്രേഷ്ഠതയുള്ള ഒന്നാണെങ്കിലും അതിലും കൂടുതല്‍ ശ്രേഷ്ഠതയുള്ളത് മുസ്വല്ലയില്‍ തന്നെ തിരിഞ്ഞിരിക്കലാണ് എന്നായി ഫത്ഹുല്‍ മുഈന്‍ പറഞ്ഞതിന്റെ ആകത്തുക. ഇത് ഇമാം റംലി(റ)യുടെ അഭിപ്രായത്തെ പ്രബലമാക്കുന്നതിലേക്ക് സൂചനയാണ്. എങ്കിലും തന്റെ ഉസ്താദായ ഇബ്നുഹജര്‍(റ) പ്രബലമാക്കിയ മുസ്വല്ലയില്‍ നിന്നല്‍പ്പം വലത്തോട്ടോ ഇടത്തോട്ടോ മാറിയുള്ള തിരിഞ്ഞിരിക്കല്‍ ഒരു നിലയില്‍ ശ്രേഷ്ഠതയുള്ളത് തന്നെയാണെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇദാ തറകല്‍ ഖിയാമ എന്നുപറഞ്ഞത്. കാരണം സലാം വീട്ടിയപ്പോഴുള്ള അതേ അവസ്ഥയില്‍ തന്നെ മുസ്വല്ലയില്‍ ഇരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായത് മുസ്വല്ലയില്‍ നിന്ന് തെറ്റിയിരിക്കല്‍ തന്നെയാണ്.
ഇസ്മുത്തഫ്ളീല്‍ അലിഫ്ലാമോടുകൂടെയും അല്ലാതെയും വരുമ്പോഴുള്ള നിയമങ്ങള്‍ അറിയുന്നവര്‍ക്ക് ഈ ആശയം ഫത്ഹുല്‍ മുഈനില്‍ നിന്ന് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്.
ചുരുക്കത്തില്‍ ഖിയാമ് എന്ന പദത്തിന് എഴുന്നേറ്റ് പോവുക എന്നൊരര്‍ഥം മാത്രം മനസ്സിലാക്കിയവരാണ് കര്‍മശാസ്ത്രജ്ഞന്മാരുടെ വല്‍ അഫ്ളലു ലില്‍ ഇമാമി അന്‍യഖൂമ മിന്‍ മുസ്വല്ലാഹു എന്ന വാക്കില്‍ നിന്ന് ഇമാമ് നിസ്കാരാനന്തരം ഉടനെ സ്ഥലം വിടണമെന്ന് കണ്ടെത്തിയത്. യഥാര്‍ഥത്തില്‍ അന്‍യഖൂമ എന്ന വാക്കും അന്‍യുഫാരിഖ എന്ന വാക്കും മുസ്വല്ലയിലും മിഹ്റാബിലും ഇരുത്തം ഉറപ്പിക്കാതെ അല്‍പ്പം ഇടതു ഭാഗത്തേ ക്കോ വലത് ഭാഗത്തേക്കോ മാറിയിരിക്കണമെന്ന് സൂചിപ്പിക്കാനാണ് അവര്‍ പ്രയോഗിച്ചത്. പാടേ സ്ഥലം വിടാനല്ല.
ഇമാമ് മുസ്വല്ലയില്‍ നിന്ന് വിട്ടുപിരിയലാണ് സുന്നത്തെന്ന ശറഹുല്‍ ബഹ്ജയുടെ വാക്ക് ഇബ്നുഖാസിം(റ) വ്യാഖ്യാനിക്കുന്നത് കാണുക. ‘വരാന്‍ പോകുന്ന രൂപത്തില്‍ (മഅ്മൂമുകളിലേക്ക് വലതുഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവുമാക്കി) തിരിഞ്ഞിരിക്കല്‍ നിസ്കരിച്ച ആ സ്ഥലത്ത് നിന്ന് അല്‍പ്പം മാറാതെയാകുമ്പോള്‍ അത് സുന്നത്തിന് മാറ്റമാണെന്ന് ശറഹുല്‍ ബഹ്ജയുടെ വാക്കുകള്‍ കൊണ്ട് വരുന്നു. എങ്കിലും ഉപര്യുക്ത രൂപത്തില്‍ തിരിഞ്ഞിരിക്കുന്നത് കൊണ്ട് നേരത്തെയുള്ള അവസ്ഥയില്‍ നിന്ന് മാറി എന്നുപറയാം. സുന്നത്ത് വീടാന്‍ ഇത്രമതി” (ശര്‍ഹുല്‍ ബഹ്ജ 1/340).
ഇതനുസരിച്ച് നിസ്കാരാനന്തരം ഇമാമ് മുസ്വല്ലയില്‍ നിന്ന് മാറണമെന്ന പരാമര്‍ശം സാ ധുവാകാന്‍ മുസ്വല്ലയില്‍ നിന്ന് മാറിക്കൊള്ളണമെന്ന് തന്നെയില്ല. മുസ്വല്ലയില്‍ തന്നെ ആയാലും ഖിബ്ലക്ക് നേരെ തിരിഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് മാറിയിരുന്നാലും മതി. സ്ഥലം മാറ്റമല്ല വിവക്ഷിക്കുന്നത്. അവസ്ഥ മാറ്റമാണെന്ന് സംക്ഷിപ്തം.

പെരും നുണ

ശാഫിഈ മദ്ഹബനുസരിച്ച് തന്നെ നിസ്കാരത്തില്‍ കൈനെഞ്ചിന് മുകളിലാണ് കെട്ടേണ്ടതെന്ന് ഇവിടെ ചില മുജാഹിദുകള്‍ പറയുന്നു. മദ്ഹബിന്റെ ഗ്രന്ഥങ്ങളുടെയും പ്രബല ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നത് മാത്രമാണ് ഇസ്ലാമികമത്രെ. ഒരു വിശദീകരണം നല്‍കാമോ?
ഉത്തരം: ശാഫിഈ മദ്ഹബനുസരിച്ച് കൈ കെട്ടേണ്ടത് പൊക്കിളിന് മീതെയും നെ ഞ്ചിന് താഴെയുമാണ്. മദ്ഹബ് വിശകലനം ചെയ്ത ഇമാമുകള്‍ മുഴുവനും ഇക്കാര്യം ഖണ്ഢിതമായി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിസ്കാരത്തില്‍ കൈ വെക്കേണ്ടത് നെഞ്ചിന് മീതെയാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ശാഫിഈ അഇമ്മത്തിന്റെ പേരിലുള്ള കല്ലുവെച്ച നുണയാണെന്ന് തീര്‍ച്ച.
ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനുതാഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281). ഇമാം നവവി(റ) പറയുന്നത് കാ ണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 3/313).
ഇമാം നവവി(റ) തന്നെ പറയട്ടെ. “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താ ഴെയും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള, 1/250).
ഇമാം റാഫിഈ(റ), നവവി(റ) എന്നീ രണ്ട് ഇമാമുകള്‍ ഏകകണ്ഠമായി പറഞ്ഞതാണ് മുകളിലുദ്ധരിച്ചത്. ശാഫിഈ മദ്ഹബിന്റെ രണ്ട് നെടുംതൂണുകളായ ഈ ഇമാമുകള്‍ ഏകോപിച്ചാല്‍ പിന്നെ മറ്റൊരു രേഖ ശാഫിഈ മദ്ഹബുകാര്‍ക്ക് ആവശ്യമില്ലെന്നതാണ് മദ്ഹബിന്റെ പില്‍ക്കാല പണ്ഢിതരുടെ ഏകകണ്ഠാഭിപ്രായം. അതുകൊണ്ടുതന്നെ മദ് ഹബിന്റെ പ്രബല ഗ്രന്ഥങ്ങളിലെല്ലാം ഈ രണ്ട് ഇമാമുകളോട് യോജിച്ച് മാത്രമാണ് രേ ഖപ്പെടുത്തിയിട്ടുള്ളത്.
ഇബ്നുഹജരില്‍ ഹൈതമി(റ) പറയുന്നത് കാണുക: “രണ്ട് കയ്യും പൊക്കിളിന് മുകളിലും നെഞ്ചിന് താഴെയുമായി വെക്കേണ്ടതാണ്” (തുഹ്ഫ 2/102).
ഇപ്രകാരമാണ് മദ്ഹബിലെ എല്ലാ പണ്ഢിതരും പറഞ്ഞത്. ഇത് ശാഫിഈ മദ്ഹബി ന്റെ മാത്രം വകയല്ല. ഇസ്ലാമിക ലോകത്ത് ഈ വിഷയത്തില്‍ മൂന്നു വിധത്തിലുള്ള അഭിപ്രായമാണുള്ളത്. ഈ അഭിപ്രായങ്ങളിലൊന്നും നെഞ്ചിന് മുകളില്‍ വെക്കുക എന്ന ആശയം സ്വീകാര്യയോഗ്യമായ ഒരു മദ്ഹബിന്റെ ഇമാമില്‍ നിന്നും രേഖപ്പടുത്തിയതായി കാണുന്നില്ല.
മുസ്ലിം ലോകത്ത് വളരെ ആക്ഷേപങ്ങള്‍ക്ക് വിധേയനായ ശൌകാനി എന്ന ഒരാള്‍ മുമ്പ് ഇങ്ങനെ ഒരു വാദം നടത്തിയിട്ടുണ്ട്. പക്ഷേ, പണ്ഢിതന്മാരുടെ നിശിതമായ വിമര്‍ ശനങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ തളരുകയാണ് ചെയ്തത്.
ബദ്ലുല്‍ മജ്ഹൂദില്‍ പറയുന്നു: “ശൌകാനി പറഞ്ഞ അഭിപ്രായം മുസ്ലിംകളുടെ അഭിപ്രായത്തില്‍ പെട്ടതായി കാണുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം നെഞ്ചിന് മുകളില്‍ വെക്കുക എന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വാദം മുസ്ലിംകളുടെ ഇജ്മാഇനെ പൊളിച്ച് കളയുന്നതുമാണ്” (ബദ്ലുല്‍ മജ്ഹൂദ് 4/485).
ജരീരി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ അലി(റ) നിസ്കരിക്കുന്നത് കണ്ടു. അവര്‍ ഇടത്തെ കയ്യിന്റെ മേല്‍ വലതു കൈകൊണ്ട് പിടിച്ച് പൊക്കിളിന് മീതെ വെച്ചിട്ടുണ്ട്’ (അബൂദാവൂദ്, ബദ്ലുല്‍ മജ്ഹൂദ് 4/479, 480).
നെഞ്ചിന് മുകളില്‍ കൈവെച്ചുകൊണ്ടാണ് നബി(സ്വ) നിസ്കരിച്ചതെന്നതിന് ഉദ്ധരിക്കാ റുളള ‘അലാ സ്വദ്രിഹി; എന്ന വാചകമുള്ള ഹദീസ് കൊണ്ട് നെഞ്ചിന് മുകളില്‍ കൈ വെച്ചു എന്ന് തെളിയുന്നില്ല. ഇതിന്റെ വിശദീകരണം ‘തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍’ എന്ന മറുപടിയില്‍ വന്നിട്ടുണ്ട്. അവിടെ ശ്രദ്ധിച്ചാല്‍ വ്യക്തമാകും.

പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം


ന്ദിയുടെയും വന്ദനത്തിന്റെയും വികാരം തോമസ് ബ്രൌണ്‍ പറഞ്ഞ പോലെ “ഉജ്ജ്വലമായ സ്നേഹ വികാരം തന്നെയാണ്. ഒരു വ്യക്തിയില്‍ നിന്നു നമുക്ക് നേട്ടങ്ങള്‍ ലഭിക്കുമ്പോഴാണ് ഈ സ്നേഹ വികാരമുണ്ടാകുന്നത്. സമ്പൂര്‍ണ്ണമായ സന്തോഷത്തോടെയും അന്യൂനമായ ആത്മാര്‍ഥതയോടെയും നിര്‍വ്വഹിക്കുന്ന ശ്രേഷ്ഠമായ പെരുമാറ്റത്തോടുള്ള ഫലപ്രദമായ പ്രതികരണമാണു നന്ദിയും വന്ദനവും. ഈ പ്രതികരണം സത്വരവും സ്വാഭാവികവുമാണ്”. ഒരാള്‍ സ്നേഹിക്കപ്പെടാനും തദ്വാരാ നന്ദിക്കും വന്ദനത്തിനും അര്‍ഹനായിത്തീരാനുമുള്ള കാരണത്തിന്റെ ഒരു ഭൌതിക വീക്ഷണമാണു മുകളില്‍ ഉദ്ധരിച്ചത്. പ്രൊ. വില്യം ഡേവിഡ് സന്‍ (William H. Davidson) അദ്ദേഹത്തിന്റെ മത ധര്‍മ വിജ്ഞാന കോശത്തില്‍ (Encyclopaedia of Religion and Ethics vol: 6, P. 391) ല്‍ രേഖപ്പെടുത്തിയിട്ടുള്ള വീക്ഷണമാണിത്.
ഈ വീക്ഷണം അപൂര്‍ണ്ണമാണ്. സ്നേഹവായ്പിന്റെ ഒരു നിമിത്തം മാത്രമാണ് ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഖാളീ ഇയാള്(ഹി: 476-544) നടത്തിയ വീക്ഷണം വളരെ സമഗ്രമാണ്. “മനുഷ്യന്റെ അഭിരുചിയോട് ഒരു വസ്തുവോ വ്യക്തിയോ ഔചിത്യം പുലര്‍ത്തുന്നതു മൂലം അവന് ആ വസ്തുവിനോട് അല്ലെങ്കില്‍ ആ വ്യക്തിയോട് ഉണ്ടാവുന്ന പ്രതിപത്തിയാണു സ്നേഹം. എന്നാല്‍ സ്നേഹത്തിനാധാരമായ ഈ ഔചിത്യത്തിനു കാരണമായി വര്‍ത്തിക്കുന്നതു മൂന്നു സംഗതികളാണ്. ആ വ്യക്തി അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കു ഗോചരീഭവിക്കുന്നതു കൊണ്ട് അവന് ആസ്വാദനമുണ്ടാവുക. സുന്ദരരൂപങ്ങളോടും സുരഭിലഗന്ധങ്ങളോടും മധുരശബ്ദങ്ങളോടും രുചികരമായ ആഹാരപാനീയങ്ങളോടും മനുഷ്യന്‍ സ്നേഹം പ്രകടിപ്പിക്കുന്നത് ഇക്കാരണത്താലാണ്. രണ്ട്, ഒരു വ്യക്തിയുടെ ശ്രേഷ്ഠമായ ആന്തരിക ഗുണങ്ങളെ സംബന്ധിച്ചു ബുദ്ധി മുഖേനയുണ്ടാകുന്ന ഗ്രഹണാസ്വാദനം. സജ്ജനങ്ങള്‍, പണ്ഡിതന്മാര്‍, ധര്‍മിഷ്ഠര്‍, സച്ചരിതരും സദ്വൃത്തരുമായി അറിയപ്പെട്ട മറ്റു വ്യക്തികള്‍ ഇവരെയൊക്കെ നാം സ്നേഹിക്കുന്നത് ഈ വഴിക്കാണ്. ഇത്തരക്കാരോടുള്ള സ്നേഹ വായ്പ് പ്രകൃതി സഹജമാണ്. മൂന്ന്, ആ വ്യക്തിയില്‍ നിന്ന് ഉപകാരമോ അനുഗ്രഹമോ ലഭിക്കുക. ഉപകാരവും ഗുണവും ചെയ്യുന്നവരോടു സ്നേഹം ജനിക്കുക മനുഷ്യപ്രകൃതമാണ്(ശിഫാ 2:23).
ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുന്നതിനു കാരണമായി മൂന്നു കാര്യങ്ങളാണു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സൌന്ദര്യം തുടങ്ങിയ ബാഹ്യഗുണങ്ങള്‍, വിജ്ഞാനം തുടങ്ങിയ ആന്തരിക ഗുണങ്ങള്‍, അയാളില്‍ നിന്നു തനിക്കു ലഭിക്കുന്ന നന്മകളും ഉപകാരങ്ങളും. ഈ മൂന്നിനങ്ങള്‍ക്കും ശാഖകളും ഉപശാഖകളുമുണ്ട്. അവയൊക്കെ സ്നേഹത്തിനാധാരമാണ്. ഒരു വ്യക്തിയില്‍ ഒത്തുചേര്‍ന്ന ഗുണങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും അനുപാതമനുസരിച്ചായിരിക്കും സ്നേഹത്തിന്റെ ഏറ്റക്കുറച്ചില്‍. സുന്ദരനോടും മഹാസുന്ദരനോടുമുള്ള സ്നേഹം തുല്യമല്ല. പണ്ഡിതനോടും മഹാപണ്ഡിതനോടുമുള്ള സ്നേഹങ്ങള്‍ തമ്മിലുമുണ്ട് അന്തരം. അപ്രകാരം തന്നെ ചെറിയ ഗുണം ചെയ്തവനോടുള്ള സ്നേഹമല്ല വലിയ ഗുണം ചെയ്തവനോടുള്ളത്. ഒരു ഗുണം ചെയ്തവനോടുണ്ടായിത്തീരുന്ന സ്നേഹവും പല ഗുണങ്ങള്‍ ചെയ്തവനോടുള്ള സ്നേഹവും തമ്മില്‍ പ്രകടമായ വ്യത്യാസം കാണാം.
എന്നാല്‍ സ്നേഹത്തിന്റെ എല്ലാ നിമിത്തങ്ങളും സമഗ്രമായി ഒരു വ്യക്തിയില്‍ ഒത്തു ചേര്‍ ന്നാലോ? ആ വ്യക്തി ലോകത്ത്, എല്ലാവരാലും, എപ്പോഴും, ഏറ്റവും സ്നേഹിക്കപ്പെടാന്‍ അര്‍ഹനായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കത്തിനിടയില്ല. അങ്ങനെ ഒരു വ്യക്തി പക്ഷേ ഉണ്ടാകുമോ? അതു സംഭവ്യമാണോ? അതേ, സംഭവ്യമാണ്; സംഭവിച്ചിട്ടുണ്ട്. ലോകം ആ വ്യക്തിയെ വ്യക്തമായി കണ്ടു. അദ്ദേഹത്തിന്റെ അതുല്യമായ വ്യക്തിപ്രഭാവത്തെ ശത്രുമിത്ര ഭേദമെന്യേ രേഖപ്പെടുത്തുകയുമുണ്ടായി.
സൌന്ദര്യം, സൌരഭ്യം, പ്രസന്നത, പ്രതിഭാശക്തി, സദാചാരം, സല്‍സ്വഭാവം, സഹനം, സഹിഷ്ണുത, വിശാല മനസ്കത, വിശാല വീക്ഷണം, ദീര്‍ഘ ദര്‍ശനം, കാരുണ്യം, മഹാമനസ്കത, ധൈര്യം, സ്ഥൈര്യം, സാഹസികത, ഭരണം, നേതൃത്വം, സ്വാധീനം, നയതന്ത്രം, നീതിന്യായം, യുദ്ധപാടവം, സൈന്യാധിപത്യം, അധ്യാപനം, സംസ്കരണം, സമുദ്ധാരണം, പ്രസംഗം, ഉപദേശം, ശിക്ഷണം, സ്ഥിരോത്സാഹം, ആത്മാര്‍ഥത, പ്രവര്‍ത്തനം, സേവനം, സംഘാടനം, ആദിയായ എല്ലാ മഹദ് ഗുണങ്ങളിലും അക്ഷരാര്‍ഥത്തില്‍ അതുല്യമായ ഒരു മഹാവ്യക്തിത്വത്തെ നാം ചരിത്രത്തില്‍ കാണുന്നു. അതാണു ലോകപ്രവാചകനായ മുഹമ്മദ് നബി(സ്വ). മനുഷ്യ സമൂഹത്തിന്റെ മോക്ഷത്തിനും സമുദ്ധാരണത്തിനും വേണ്ടി നബി(സ്വ) ചെയ്തിട്ടുള്ള സേവനമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഖാളീ ഇയാളി(റ)നെ തന്നെ ഉദ്ധരിക്കട്ടെ. “സകല വിശ്വാസികള്‍ക്കും അവിടുന്ന് ചെയ്ത ഗുണത്തെക്കാള്‍ മഹത്തരമായൊരു ഗുണം മറ്റെന്തുണ്ട്.!? സര്‍വ്വ മുസ്ലിംകള്‍ക്കും അവിടുന്ന് ചെയ്ത അനുഗ്രഹത്തെക്കാള്‍ വലിയ അനുഗ്രഹം മറ്റെന്തുണ്ട്!? അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കി അന്ധതയില്‍ നിന്നവരെ രക്ഷിച്ചു വിജയത്തിലേക്കും പ്രതാപത്തിലേക്കും അവരെ ക്ഷണിച്ചു. അവരുടെ നാഥനിലേക്കുള്ള മാധ്യമവും ശിപാര്‍ശകനും സാക്ഷിയുമായി വര്‍ത്തിക്കുകയും ശാശ്വത സൌഭാഗ്യവും നിത്യസൌഖ്യവും അവര്‍ക്ക് അനിവാര്യമാക്കിത്തീര്‍ക്കുകയും ചെയ്തു.
മത വീക്ഷണത്തില്‍ യഥാര്‍ഥ സ്നേഹത്തിന്റെ അവകാശിയാണു നബിതങ്ങളെന്നു ഹദീസുകള്‍ വ്യക്തമാക്കുന്നു. പ്രകൃത്യാ നോക്കിയാലും യഥാര്‍ഥ സ്നേഹത്തിനു പ്രവാചകന്‍ അര്‍ഹനാണെന്ന കാര്യം സ്പഷ്ടമാണ്. തങ്ങളുടെ വിശാലമായ ഗുണവും വ്യാപകമായ അനുഗ്രഹവും അതിനു തെളിവാണ്. ഭൌതിക ലോകത്ത് തനിക്ക് ഒന്നോ രണ്ടോ തവണ വല്ല ഉപകാരവും നല്‍കുകയോ അല്ലെങ്കില്‍ ഒരപകടത്തില്‍ നിന്നോ ഒരു ചെറിയ വിഷമത്തില്‍ നിന്നോ രക്ഷ നല്‍കുകയോ ചെയ്ത വ്യക്തിയെ മനുഷ്യന്‍ സ്നേഹിക്കുന്നുവെങ്കില്‍ അനശ്വര സൌഭാഗ്യം പ്രദാനം ചെയ്യുകയും ഒടുങ്ങാത്ത ശിക്ഷയില്‍ നിന്നു രക്ഷിക്കുകയും ചെയ്ത വ്യക്തി മനുഷ്യന്റെ സ്നേഹത്തിന് ഏറ്റവും അര്‍ഹനാണ്. മനുഷ്യന്‍ പ്രകൃത്യാ തന്നെ, ഒരു ഭരണാധിപനെ അവന്റെ സദ്ഭരണത്തിന്റെ പേരിലും ഒരു ന്യായാധിപനെ അവ ന്റെ നീതിയുടെ പേരിലും ഒരു വിദൂരസ്ഥനെ അയാളുടെ പ്രസിദ്ധമായ വിജ്ഞാനത്തിന്റെ യോ സ്വഭാവ മഹിമയുടെയോ പേരിലും സ്നേഹിക്കുന്നുവെങ്കില്‍ ഈ മഹദ്ഗുണങ്ങള്‍ മുഴുവന്‍ പരിപൂര്‍ണ്ണമായി സമ്മേളിച്ച ഒരു വ്യക്തി സ്നേഹത്തിനും പ്രതിപത്തിക്കും ഏറ്റവും അര്‍ഹന്‍ തന്നെ”(ശിഫാ 2:24-25).
ഏതൊരു പരിഷ്കര്‍ത്താവിനെ സംബന്ധിച്ചിടത്തോളവും അസാധ്യമായ ഒരു വിപ്ളവമാണു നബി(സ്വ) സാധിച്ചത്. പ്രവാചകരുടെ പ്രഥമ സംബോധിതരായ അറബികളുടെ ദുരവസ്ഥയും പതനവും അതിനു മതിയായ തെളിവാണ്. അതിലേറെ ദയനീയമായിരുന്നു റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെയും യൂറോപ്പിന്റെയും സ്ഥിതി. എച്ച്. ജി. വെല്‍സിന്റെ വരികള്‍ കുറിക്കട്ടെ. “ബൈസാന്തിയന്‍ സാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവും നശീകരണ പോരാട്ടങ്ങളിലായിരുന്നു. ഇന്ത്യയാകട്ടെ തദവസരം ഛിദ്രതയിലും ദുസ്ഥിതിയിലുമായിരുന്നു” (A Short History of the World P. 144). (സീറഃ നബവിയ്യഃ നദ്വി: 35).
യൂറോപ്പിന്റെ പതനം റോബര്‍ട്ട് ബ്രിഫോള്‍ട്ടിന്റെ വരികളില്‍ നിന്നു ഗ്രഹിക്കാം. ‘അഞ്ചാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ടു വരെ യൂറോപ്പിലുടനീളം തമോരാത്രി വ്യാപിച്ചിരുന്നു. ഈ രാത്രിയുടെ തമസ്സ് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അക്കാലത്തെ മൃഗീയത പുരാതന യുഗങ്ങളിലെ മൃഗീയതയേക്കാള്‍ ഭീകരവും അറുവഷളനുമായിരുന്നു. (The Making of Humanity P. 164).(സീറഃ നബവിയ്യഃ നദ്വി: 33).
നാഗരിക ലോകം മുഴുവന്‍ അക്കാലത്ത് നാശ വക്ത്രത്തിലെത്തിയിരുന്നുവെന്നാണ് ജെ.എച്ച് ഡെനിനന്‍ പറയുന്നത്. “ക്രി: അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ നാഗരിക ലോകം മുഴുവന്‍ അരാജകത്വത്തിന്റെയുംനാശത്തിന്റെയും വായയിലെത്തിക്കഴിഞ്ഞിരുന്നു. നാലായിരം വര്‍ഷങ്ങളായിട്ടു വളര്‍ന്നു വന്ന നാഗരികത അന്തര്‍ദ്ധാനം ചെയ്യാറായെന്നു, കാണുന്നവര്‍ക്കൊ ക്കെ തോന്നുമായിരുന്നു. മനുഷ്യന്‍ വീണ്ടും മൃഗീയതയിലേക്കും പ്രാകൃതത്വത്തിലേക്കും മടങ്ങുകയായിരുന്നു. ആ മൃഗീയതയില്‍ ഗോത്രങ്ങള്‍ പരസ്പരം കഴുത്തറുക്കുകയും വര്‍ഗ്ഗങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കുമിടയില്‍ യുദ്ധം ആളിപ്പടരുകയുമായിരുന്നു. തദ്വാരാ സമാധാനം നിശ്ശേഷം നഷ്ടപ്പെട്ടിരുന്നു. (Emotion as the basis of civilization P 265). (അല്‍ ബഅ്സുല്‍ ഇസ്ലാമി)
ഈ തലതിരിഞ്ഞ ലോകത്തിന്റെ ഗതിക്കു മാറ്റം വരുത്തി ഒരു വിശ്വോത്തര സമുദായത്തെ വാര്‍ത്തെടുക്കുക സാധ്യമായിരുന്നില്ല. പക്ഷേ, മുഹമ്മദ് മുസ്തഫാ(സ്വ) അല്ലാഹുവിന്റെ സഹായത്തോടെ ഇതു സാധിതമാക്കി. പ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരനായ ലാമര്‍ട്ടിന്‍ (17901869 നബി തിരുമേനി(സ്വ)യുടെ നിരുപമമായ വിജയത്തിനു മുമ്പില്‍ നമ്രശിരസ്കനാകുന്നതു കാണുക: “ഇത്രയും മഹോന്നതമായ ഒരു ലക്ഷ്യത്തിനായി ഒരു മനുഷ്യനും ഇറങ്ങിത്തിരിച്ച ചരിത്രമില്ല. കാരണം ഈ ലക്ഷ്യം മനുഷ്യകഴിവിന്നതീതമായിരുന്നു.മനുഷ്യന്റെയും അവന്റെ സ്രഷ്ടാവിന്റെയും ഇടയ്ക്കു സൃഷ്ടിക്കപ്പെട്ട മിഥ്യാഭിത്തികള്‍ തകര്‍ക്കുകയും മനുഷ്യനെ കൈപിടിച്ച് അവന്റെ നാഥന്റെ പടിവാതുക്കലേക്കാനയിക്കുകയും ഉജ്ജ്വലവും സംശുദ്ധവുമായ ഏകദൈവ സിദ്ധാന്തം, സര്‍വ്വ വ്യാപകമായ വിഗ്രഹാരാധനയുടെയും ഭൌതിക ദൈവങ്ങളുടെയും കാര്‍മേഘാന്തരീക്ഷത്തില്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുകയായിരുന്നു ആ പരമോന്നത ലക്ഷ്യം. ചെറുതും നിസ്സാരവുമായ മാധ്യമങ്ങളുമായി ഇവ്വിധം ദുര്‍വഹവും എന്നാല്‍ അതിപ്രധാനവും അത്യുദാത്തവുമായ ഉത്തരവാദിത്തം മറ്റൊരു മനുഷ്യനും ഏറ്റെടുത്ത സംഭവമുണ്ടായിട്ടില്ല” (Histore de la Turquie 2/276, Islam in the world: P1516 ) (സീറഃ നബവിയ്യ: നദ്വി 51).
ഇക്കാരണം കൊണ്ടു തന്നെയാണ് ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് തോമസ് കാര്‍ലൈല്‍ സകല പ്രവാചകന്മാരുടെയും കൂട്ടത്തില്‍ നിന്ന് മുഹമ്മദ് നബി(സ്വ)യെ ഏറ്റവും വലിയ ചരിത്ര പുരുഷനായി തിരഞ്ഞെടുത്തത്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മൈക്കല്‍ എച്ച് ഹാര്‍ട്ട്, ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു മഹാന്മാരുടെ ചരിത്ര പട്ടികയുള്‍കൊള്ളിച്ച് ഠവല വൌിറൃലറ എന്ന ഗ്രന്ഥമെഴുതിയപ്പോള്‍ മുഹമ്മദ്(സ്വ)യ്ക്കു പ്രഥമ സ്ഥാനം നല്‍കിയതിന്റെ കാരണവും മറ്റൊന്നല്ല.
വിശ്വവിമോചകനായ പ്രവാചക ശിരോമണിയെ സ്നേഹിക്കാന്‍ ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. “സകല ലോകത്തിനും അനുഗ്രഹമായിട്ടുമാത്രമാണു താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്” എന്നാണു ഖുര്‍ആന്റെ പ്രസ്താവം. ഈ യാഥാര്‍ഥ്യം അറിഞ്ഞോ അറിയാതെയോ സമ്മതിക്കാന്‍ സന്മനസ്സു കാണിച്ച ചരിത്രകാരന്മാരില്‍ ഒരാളായ ജോണ്‍ വില്യം ഡ്രാപ്പര്‍ (Jonhn William Draper) പറയുന്നു. ” ജസ്റ്റീനിയന്‍ (ഖൌശിെേശമി) കാലഗതി പ്രാപിച്ച് നാലു വര്‍ഷങ്ങള്‍ക്കു ശേഷം, ക്രി. 569 ല്‍ അറേബ്യന്‍ ഉപദ്വീപിലെ ഒരു പട്ടണമായ മക്കയില്‍ മഹാന്‍ ജനിച്ചു. അദ്ദേഹത്തിനു, മനുഷ്യ വര്‍ഗ്ഗത്തില്‍ മുഴുവന്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചു. മുഹമ്മദ് നബിയില്‍ സമ്മേളിച്ച മദ്ഹ്ഗുണങ്ങള്‍ സമുദായങ്ങളുടെയും വര്‍ഗ്ഗങ്ങളുടെയും രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും ഗതികള്‍ക്കു മാറ്റം വരുത്തുകയുണ്ടായി (A History of the Intellectual Development of Europe 1:229).
ഒരു മനുഷ്യന്റെ പ്രഥമവും പരമവുമായ സ്നേഹം അവന്റെ സ്രഷ്ടാവായ അല്ലാഹുവോടായിരിക്കണം. അതുകൊണ്ടു തന്നെ രണ്ടാമത്തെ സ്നേഹം അല്ലാഹുവിന്റെ പ്രവാചകരായ തിരുനബിയോടായിരിക്കണം. അഥവാ സൃഷ്ടികളില്‍ ഏറ്റവും വലിയ സ്നേഹം പ്രവാചകനോട്. ഈ സ്നേഹം സത്യവിശ്വാസത്തിന്റെ മൌലികഘടകമാണ്. “പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും നിങ്ങളുടെ കുടുംബങ്ങളും നിങ്ങള്‍ സമ്പാദിച്ച സമ്പത്തുക്കളും നിങ്ങള്‍ മാന്ദ്യം ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും നിങ്ങള്‍ ഇഷ്ടപ്പെട്ട ഭവനങ്ങളുമാണ് അല്ലാഹുവെക്കാളും അവന്റെ റസൂലിനെക്കാളും അവന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മസമരം നടത്തുന്നതിനെക്കാളും നിങ്ങള്‍ക്കു പ്രിയങ്കരമെങ്കില്‍ അല്ലാഹു അവ ന്റെ കല്‍പ്പന നടപ്പില്‍ വരുത്തുന്നതു വരെ നിങ്ങള്‍ കാത്തിരിക്കുക. അതിക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല (വിശുദ്ധ ഖുര്‍ആന്‍ 9:24).
തന്റെ സന്താനങ്ങള്‍, മാതാപിതാക്കള്‍, മറ്റു ജനങ്ങള്‍ ഇവരെല്ലാവരെക്കാളും എന്നെ സ്നേ ഹിക്കുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ലെന്ന നബി(സ്വ)യുടെ പ്രസ്താവന സുപ്രസിദ്ധമാണ്. ഉമര്‍ ഫാറൂഖ്(റ) ഒരിക്കല്‍ നബി(സ്വ)യോട് ഇപ്രകാരം പറഞ്ഞു. “അല്ലാഹുവാണെ, ഞാന്‍ അങ്ങയെ, എന്റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്തുക്കളെക്കാളും പ്രിയങ്കരനാക്കുന്നു”. അപ്പോള്‍ നബി(സ്വ) പറഞ്ഞു; സ്വന്തം ആത്മാവിനെക്കാളും ഞാന്‍ തനിക്കു പ്രിയങ്കരനാകുന്നത് വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല”. ഉടനെ ഉമര്‍(റ) ഇങ്ങനെ പ്രതികരിച്ചു: ‘അങ്ങയ്ക്കു വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചവന്‍ തന്നെ സത്യം, എന്റെ ശരീരത്തിലെ ആത്മാവിനെക്കാളും അങ്ങ് എനിക്കു പ്രിയങ്കരനാണ്’. ഉടനെ അവിടുന്ന് പ്രതിവചിച്ചു: “ഉമറേ ഇപ്പോള്‍…….”(ബുഖാരി). ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യെ സമീപിച്ചു ചോദിച്ചു: ‘അന്ത്യദിനം എപ്പോഴാണ്?’ ‘നീ അതിനായി എന്തു തയ്യാര്‍ ചെയ്തിട്ടുണ്ട്?’ എന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. അദ്ദേഹം പറഞ്ഞു: ‘അതിനായി ഞാന്‍ കൂടുതല്‍ നിസ്ക്കാരവും നോമ്പും സ്വദഖയും തയ്യാര്‍ ചെയ്തിട്ടില്ല. പക്ഷേ, ഞാന്‍ അല്ലാഹുവെയും റസൂലിനെയും സ്നേഹിക്കുന്നു’. അവിടുന്ന് പറഞ്ഞു: “നീ സ്നേഹിച്ചവരോടൊപ്പം തന്നെ”.
അല്ലാഹുവെയും റസൂലിനെയും ഏറ്റവും അധികം സ്നേഹിക്കണമെന്നും അത് ഈമാനിന്റെ അനിവാര്യഘടകമാണെന്നും സ്നേഹം ഏറ്റവും ഉത്തമമായ ഒരു ഇബാദത്താണെ ന്നും നാം മനസ്സിലാക്കി. എന്നാല്‍ എന്താണു സ്നേഹത്തിന്റെ ലക്ഷണം. ഇതു സംബന്ധമായി അല്ലാമാ; ഖാളി ഇയാള്(റ) നല്‍കിയ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം. “ഒരാള്‍ മറ്റൊരാളെ സ്നേഹിച്ചാല്‍ അവനു മുന്‍ഗണന നല്‍കുന്നു. അവനോടു യോജിപ്പു പ്രകടിപ്പിക്കുന്നു. ഇല്ലെങ്കില്‍ അവന്റെ സ്നേഹവാദം മിഥ്യയായിരിക്കും. പ്രവാചക സ്നേഹവും തഥൈവ. “ഒരാള്‍ പ്രവാചകനെ സ്നേഹിക്കുന്നുവെന്നു പറഞ്ഞാല്‍, അതില്‍ സത്യവും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ ആ സ്നേഹത്തിന്റെ ലക്ഷണം അവനില്‍ പ്രകടമാകും. പ്രവാചക സ്നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “ഓ നബീ, പറയുക. നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും”.
അപ്പോള്‍ നബിചര്യ ജീവിതത്തില്‍ പകര്‍ത്തണം. മനോവാക്കര്‍മങ്ങളില്‍ നബി(സ്വ)യെ അനുകരിക്കണം. അതാണു സ്നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. നബി തിരുമേനി(സ്വ) അനസുബ്നു മാലിക്(റ) എന്ന ശിഷ്യനു നല്‍കിയ ഒരുപദേശം കാണുക: “കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. കുഞ്ഞുമകനേ അത് എന്റെ ചര്യയില്‍ പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചു. എന്നെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗ്ഗത്തിലായി.
പ്രവാചക സ്നേഹത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ മറ്റു ചിലതു കൂടി പറയാം.
(1)നബി (സ്വ)യെ അര്‍ഹമായ വിധം ബഹുമാനിക്കുക. നബി(സ്വ)യുടെ പേരു കേള്‍ക്കുമ്പോള്‍ ബഹുമാനവും വിനയവും പ്രകടിപ്പിച്ചു കൊണ്ട് സ്വലാത്ത് ചൊല്ലുക.
(2) നബി(സ്വ)യെ കൂടുതലായി പ്രശംസിക്കുക.
(3) കാണാന്‍ ഉല്‍ക്കടമായ ആഗ്രഹം പ്രകടിപ്പിക്കുക.
(4) നബി (സ്വ) സ്നേഹിച്ചവരെ സ്നേഹിക്കുകയും അവരെ വെറുക്കുന്നവരെ വെറുക്കുകയും ചെയ്യുക.
(5) നബി(സ്വ)യോടു ശത്രുത പുലര്‍ത്തുന്നവരോടു വെറുപ്പു പ്രകടിപ്പിക്കുക.
(6) ബിദ്അത്തുകാരെ ബഹിഷ്കരിക്കുക.
(7) ശരീഅത്തിനു വിരുദ്ധമായ ഏതൊരു കാര്യത്തോടും അനിഷ്ടം പ്രകടിപ്പിക്കുക.
(8) ഖുര്‍ആനോടു സ്നേഹം പ്രകടിപ്പിക്കുകയും അതു പാരായണം ചെയ്യുകയും ആശയം ഗ്രഹിച്ചു പ്രാവര്‍ത്തികമാക്കുകയും ചെയ്യുക.
(9) നബി(സ്വ)യുടെ അനുയായികളോടു കൂറും കാരുണ്യവും കാണിക്കുകയും അവരുടെ രക്ഷയ്ക്കും ഗുണത്തിനും വേണ്ടി യത്നിക്കുകയും ചെയ്യുക.
(10) ഐഹിക വിരക്തിയും ദരിദ്രജീവിതവും തിരഞ്ഞെടുക്കുക.
“പര്‍വ്വതത്തിനു മുകളില്‍ നിന്നു താഴ്വരയിലേക്കു വെള്ളം ഒഴുകുന്ന ശീഘ്രതയില്‍ എന്നെ സ്നേഹിക്കുന്നവരിലേക്കു ദാരിദ്യ്രം ഒഴുകിവരുമെന്ന്” നബി(സ്വ) അബൂസഈദില്‍ ഖുദ്രി (റ)യോടു പറയുകയുണ്ടായി. ഒരാള്‍, “അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു” എന്നു പറഞ്ഞപ്പോള്‍ “പറയുന്ന കാര്യം ശ്രദ്ധാപൂര്‍വ്വം ചിന്തിക്കൂ” എന്ന് അവിടുന്ന് പറഞ്ഞു. തദവസരം ആണയിട്ടു മൂന്നു തവണ ആവര്‍ത്തിച്ച് അയാള്‍ പറഞ്ഞു: ‘ഞാന്‍ അങ്ങയെ സ്നേഹിക്കുക തന്നെ ചെയ്യുന്നു’. തിരുമേനി(സ്വ) പറഞ്ഞു: “നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ ദാരിദ്യ്രത്തെ തരണം ചെയ്യാന്‍ ക്ഷമയുടെ ഒരു രക്ഷാകവചം തന്നെ തയ്യാര്‍ ചെയ്യുക”.
മഹാനായ സഹ്ലുത്തുസ്തരി(റ) പറയുന്നു: “അല്ലാഹുവോടുള്ള സ്നേഹത്തിന്റെ ലക്ഷണം ഖുര്‍ആനോടുള്ള സ്നേഹമാണ്. ഖുര്‍ആനെ സ്നേഹിക്കുന്നുവെന്നതിന്റെ അടയാളം നബി(സ്വ)യെ സ്നേഹിക്കുകയാണ്. അതിന്റെ തെളിവ് നബിചര്യയെ സ്നേഹിക്കുകയാണ്. അതിന്റെ ചിഹ്നം പരലോകസ്നേഹമാണ്. അതിന്റെ ലക്ഷണം ഭൌതിക ലോകത്തോടുള്ള അതൃപ്തിയാണ്. അതിന്റെ അടയാളം ജീവിത യാത്രയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ അല്ലാതെ മറ്റൊന്നും സംഭരിച്ചു സൂക്ഷിക്കാതിരിക്കുകയാണ്”(ശിഫാ 2:22).