സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 9 January 2015

നബിദിന റാലിയും വഴിമുടക്കവും ....(yusuf habeebi)



സുന്നികൾ നടത്തുന്ന നബിദിന റാലികൾ കൊണ്ട് പലരുടെയും വഴി മുടങ്ങുന്നുണ്ടെന്നത് ഒരു സത്യമാണ്. പ്രവാചക വചനങ്ങൾ നാഴികക്ക് നാൽപത് വട്ടം ഉരുവിട്ട് കൊണ്ട് പ്രവാചക ചര്യയുടെ പേറ്റന്റ് കരസ്ഥമാക്കാൻ ശ്രമിക്കുന്ന നവോഥാന വംശാവലിക്കാർ ആണ് അക്കൂട്ടർ. മുസ്.ലിം ലോകം ബഹു ഭൂരിപക്ഷവും കൊണ്ടാടുന്ന മീലാദ് നാളുകളിൽ ആ കൂട്ടത്തിൽ പ്രവാചക ഗാഥകളുമായി അക്കൂട്ടരെയൊന്നും പൊതു സമൂഹം കാണുന്നില്ല എന്നത് കൊണ്ട് അവർക്ക് ഉണ്ടാകുന്ന മന:പ്രയാസം ചില്ലറയൊന്നുമല്ല. എതിർക്കാനാണെങ്കിൽ എതിർത്തും പോയി. ഇനി ഒരു തിരിച്ചു പോക്കിനാണെങ്കിൽ ഒരു വകുപ്പും ഇല്ല. എന്ത് ചെയ്യാം? അതെ സമയം കൊട്ടി ഘോഷിക്കപ്പെടുന്ന നവോഥാന മാഹാത്മ്യത്തിന്റെ ഇതിഹാസ നായകർ മീലാദ് ആഘോഷങ്ങൾ കൊണ്ടാടിയിരുന്നു എന്ന ചരിത്ര വസ്തുത ഭൂതകാലത്തിന്റെ മട്ടുപ്പാവിൽ പല്ലിളിച്ച് നിൽക്കുന്നുമുണ്ട്. ആ വൈരുധ്യത്തിനു മറുപടി പറഞ്ഞു പറഞ്ഞു ഒരു വഴിക്കാവുകയും ചെയ്തു ...  

ഇത്രയും പറഞ്ഞത് ആലങ്കാരികം. ഇനി യഥാര്ഥത്തിൽ ഉള്ള വഴി മുടക്കത്തെ കുറിച്ച് തന്നെ ആവാം. നബിദിന റാലിയിൽ മാത്രം സംഭവിക്കുന്ന ഒരു വൻദോഷമാണ് ഈ പ്രതിഭാസം. വഴിയിൽ തടസ്സങ്ങൾ ഉണ്ടാക്കരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്, മുത്ത് നബിയുടെ കൽപനയാണ്, ഈമാനിന്റെ ശാഖയാണ്‌ തുടങ്ങിയ ഉപദേശങ്ങൾ ദോഷപരിഹാരാർഥം കോരിച്ചൊരിയും ഗുണകാംക്ഷികൾ. 

ഇവിടെ ശരീഅത്ത് സംരക്ഷണം എന്ന പേരിൽ എല്ലാ മുസ്.ലിം സംഘടനകളും കൂടി എത്ര റാലികൾ നടത്തി? വഴി മുടക്കരുത് എന്ന് പറഞ്ഞ ശരീഅത്ത് സംരക്ഷിക്കണം എന്നും പറഞ്ഞു നടന്ന റാലിയിൽ തന്നെ എത്ര സ്ഥലത്ത് വഴി മുടങ്ങി? കോഴിക്കോടും തൃശൂരും ഒക്കെ അന്ന് കണ്ടറിഞ്ഞത് അല്ലെ ശരീഅത്തിനോടുള്ള നമ്മുടെ പ്രതിബദ്ധത? ബാബരി മസ്ജിദ് സംരക്ഷണാർഥം എത്ര റാലികൾ സംയുക്തമായി നടത്തി? കരിപ്പൂര് എയർപോര്ട്ടിലേക്ക് ഒരു മാര്ച്ച് നടത്തിയത് ഓർമ്മയുണ്ടോ? അന്ന് എത്ര വഴികൾ മുടങ്ങി? സംവരണ സംരക്ഷണാര്ഥം തെക്കൻ ജില്ലകളിലെ മുസ്.ലിം കൂട്ടായ്മ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത് ഓർമ്മയുണ്ടോ? ഒരാളുടെ പോലും വഴി മുടക്കാതെ ആയിരുന്നോ അത് നടത്തിയത്???

ഇവിടെയൊന്നും വഴി മുടക്കൽ എന്ന മഹാപാപം കാണാത്തവർ മീലാദ് റാലിയിൽ മാത്രം ഇത് കണ്ടെത്തി ദീനീ നിലപാട് ഓര്മ്മിപ്പിക്കുന്നത് കാണുമ്പോൾ ഉദ്ദേശ ശുദ്ധി ആരായാലും സംശയിച്ചു പോകും. ശരീഅത്ത് നിയമം അതാണെങ്കിൽ മീലാദിനെന്നല്ല, ഒരു വിഷയത്തിലും ഒരു മുസ്.ലിം സംഘടനയും റാലിയോ മാര്ച്ചോ നടത്തി പോകരുത്. എല്ലാവരും സംയുക്തമായി അങ്ങനെ ഒന്ന് തീരുമാനിക്കട്ടെ. എന്തിനു മീലാദ് കാംപയിനെ മാത്രം ഒറ്റപ്പെടുത്തി ഈ വിഷയം ചര്ച്ച ചെയ്യണം??? നിയമങ്ങൾ എല്ലാ മുസ്.ലിമ്കൾക്കും ഒരു പോലെ ബാധകം ആണല്ലോ ???

ഗ്രാമാന്തരങ്ങളിലെ മദ്രസ്സയിലെ ചെറിയ കുട്ടികൾ നടത്തുന്ന വ്യാപകമായ നബിദിന റാലികൾ അത്ര വലിയ ഗതാഗത പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാറില്ല. ഉണ്ടെങ്കിൽ തന്നെ അൽപ സമയത്തേക്ക് മാത്രം. സഹൃദയരായ കേരളീയ സമൂഹത്തിനു അതിൽ ഒരു അസ്വാരസ്യവും ഇല്ല. പിന്നെ നാം എന്തിനു ഉള്ളിൽ നിന്ന് എതിർക്കണം?

നഗരങ്ങളിൽ സംഘടിതമായി നടക്കുന്ന വലിയ റാലികൾ കുറച്ച് സമയത്തേക്ക് ഗതാഗത തടസ്സം ഉണ്ടാക്കിയേക്കാം. അതിനു മുന്കൂട്ടി അനുവാദം സംഘടിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ അത് നിയമ വിധേയവുമാണ്‌. മാത്രമല്ല, അധികാരികൾ ആ സമയത്തേക്ക് പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താറും ഉണ്ട്. റാലി നടത്തുന്നവർ തന്നെ പരമാവധി വിട്ടു വീഴ്ച ചെയ്തു കൊണ്ട് തന്നെ, മറ്റുള്ളവരെ പരമാവധി ബുദ്ധിമുട്ടിക്കാതെ തന്നെയാണ് അത് നടത്താന് ശ്രമിക്കാറും ഉള്ളത്. പല പ്രസ്ഥാനക്കാരുടെയും പല മത സമൂഹങ്ങളുടെയും വകയായി ഇത്തരം പരിപാടികൾ പലപ്പോഴായി വീക്ഷിക്കുന്ന കേരളീയ സമൂഹം അതുമായി താദാദ്മ്യപ്പെട്ടിരിക്കുന്നു എന്ന് വേണം പറയാൻ. തങ്ങളുടെ സംഘടിത ശക്തി പ്രകടിപ്പിക്കാൻ വേണ്ടി മനപൂർവം നിരത്തുകൾ കയ്യടക്കി ഹുങ്ക് കാണിക്കുന്നവർ ആരായാലും ആക്ഷേപാർഹർ തന്നെ. സംശയമില്ല. അതെ സമയം പരസ്പര സഹകരണത്തോടെയും വിട്ടു വീഴ്ചയോടെയും മുന്.കൂട്ടിയുള്ള നിയമപരമായ അനുവാദത്തോടെയും റാലികൾ സംഘടിപ്പിക്കുന്നതിനെ എന്തിനു എതിർക്കണം? നിരത്തുകൾ എല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതല്ലേ? ഒരു കൂട്ടം ആളുകൾ കുറച്ച് സമയത്തേക്ക് അത് ഒരു പ്രത്യേക ഉദ്ദേശത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ചാൽ അവരുടെ അവകാശം വക വെച്ചു കൊടുക്കേണ്ടത് തന്നെയല്ലേ???