സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 1 January 2015

മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം

ക്ളോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങള്‍ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹത്തിന് അവസരം ലഭിക്കുന്നത്. അനാവശ്യകാര്യങ്ങളെക്കുറിച്ചു ചര്‍വ്വിത ചര്‍വ്വണം നടത്തി സമയം കളയുന്നുവെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളെക്കുറിച്ചു ചില മോഡേണിസ്റ്റുകള്‍ ആരോപിക്കുവാന്‍ കാരണമായ ചില നിയമ വിശകലനങ്ങളില്‍ പെട്ടതാണ് ഇവയെന്നോര്‍ക്കു മ്പോഴാണു നമ്മുടെ ഫിഖ്ഹിന്റെ പുതുമ കൂടുതല്‍ തെളിഞ്ഞു വരുന്നത്.
ഒരു കുട്ടി മാതാവിലേക്കോ പിതാവിലേക്കോ ബന്ധം ചേര്‍ക്കപ്പെടുന്നതിനു ചില ഉപാധികളുണ്ട്. പ്രസ്തുത ഉപാധികള്‍ സമ്മേളിക്കുമ്പോള്‍ മാത്രമാണ് അവരെ അവന്റെ മാതാപിതാക്കളായി പരിഗണിക്കുക. ഒരു ശിശുവുമായി ഒരു സ്ത്രീക്കു മാതൃബന്ധം സ്ഥാപിതമാവണമെങ്കില്‍ അഥവാ അതിന്റെ മാതാവായി അവളെ പരിഗണിക്കണമെങ്കില്‍, രണ്ടു നിബന്ധനകളാണുള്ളത്. ഒന്ന്, അത് അവളുടെ ശരീരഭാഗം (കോശം) ആവുക. രണ്ട്, അതു പൂര്‍ണ്ണ മനുഷ്യനായി അവളില്‍ നിന്നു പുറത്തു വരിക. ഈ രണ്ടു നിബന്ധനകള്‍ ഒത്തു ചേര്‍ന്നാല്‍ ശിശുവിന്റെ മാതാവ് അവള്‍ തന്നെ. അതുകൊണ്ടാണു വ്യഭിചാരത്തില്‍ അവള്‍ക്കു ജനിക്കുന്ന ശിശുവിനു, വ്യഭിചാരി പിതാവാകില്ലെങ്കിലും, അവള്‍ മാതാവായി പരിഗണിക്കപ്പെടുന്നത്. കാരണം, സ്ത്രീയുടെ ഒരു ഭാഗമാണ് അവളുടെ ലൈംഗിക കോശമായ അണ്ഡം. അണ്ഡം ബീജവുമായി സംഗമിച്ചാണല്ലോ ഭ്രൂണം ഉണ്ടാകുന്നത്. ഈ ഭ്രൂണമാണല്ലോ പരിണാമ ദശകള്‍ പിന്നിട്ടു, പിന്നീടു ശിശുവായി അവളുടെ ഗര്‍ഭാശയത്തില്‍ നിന്നു പുറത്തുവരുന്നത്.
സ്ത്രീയുടെ അണ്ഡം പോലെതന്നെ പുരുഷ ബീജവും ഭ്രൂണത്തില്‍ ഒരു ഭാഗമായി വര്‍ത്തിക്കുന്നുണ്ടെങ്കിലും അതു മനുഷ്യരൂപം പൂണ്ടു പുറത്തു വരുന്നതു സ്ത്രീയില്‍ നിന്നു മാത്രമാണ്. അതുകൊണ്ട് ശുക്ളത്തിനു വ്യഭിചാര രൂപത്തില്‍ പവിത്രതയില്ലെങ്കിലും മാതൃത്വം സ്ഥാപിതമാകുന്നു; പിതൃത്വം സ്ഥാപിതമാകുന്നില്ല. തുഹ്ഫഃ 7:299-ല്‍ നിന്ന് ഇതു ഗ്രഹിക്കാം.
ഒരു പുരുഷന്റെ ബീജത്തില്‍ നിന്നു ജനിച്ച ശിശു അവന്റേതായി പരിഗണിക്കണമെങ്കില്‍ അഥവാ ആ ശിശുവിന്റെ പിതാവായി അവന്‍ പരിഗണിക്കപ്പെടണമെങ്കില്‍ ബീജസ്ഖലനം നിയമാനുസൃതമായിരിക്കണം. തനിക്കു സംഭോഗം അനുവദനീയമായ ഒരു സ്ത്രീയെയോ അല്ലെങ്കില്‍ അവളെന്നു തെറ്റിദ്ധരിച്ചു മറ്റു വല്ല സ്ത്രീയെയോ സംഭോഗം നടത്തുക മുഖേന ജനിക്കുന്ന കുട്ടിയുടെ പിതൃത്വം അവനുണ്ടായിരിക്കും. നിയമാനുസൃതമല്ലാത്ത സംഭോഗത്തിലൂടെ -വ്യഭിചാരത്തിലൂടെ- ജനിക്കുന്ന ശിശുവിനു മാതാവുണ്ടാകുമെങ്കിലും പിതാവുണ്ടായിരിക്കില്ല.
ഇത്യാദി വിഷയങ്ങളിലെല്ലാം സംഭോഗത്തിന്റെ സ്ഥാനം തന്നെയാണ് ബീജം കയറ്റുന്നതിനും കര്‍മശാസ്ത്രം നല്‍കിയിട്ടുള്ളത്. പക്ഷേ, സംഭോഗവും ബീജം പ്രവേശിപ്പിക്കലും തമ്മില്‍ ഒരു അന്തരമുണ്ട്. ബീജം പുരുഷനില്‍ നിന്നെടുക്കുമ്പോഴും സ്ത്രീയില്‍ പ്രവേശിപ്പിക്കുമ്പോഴും നി യമാനുസൃതമായിരിക്കണം. നിയമലംഘനത്തിലൂടെ പവിത്രത നഷ്ടപ്പെട്ട രീതിയില്‍ അ തെടുക്കുകയോ കയറ്റുകയോ ചെയ്താല്‍ പിതൃത്വം സ്ഥാപിതമാവുകയില്ല. മാതൃത്വം സ്ഥാപിതമാവാന്‍ മുന്‍ ഉപാധികള്‍ മാത്രം മതി. ഈ നിബന്ധനയാവശ്യമില്ല. ഇതു തുഹ്ഫഃ (7:302) യുടെ പ്രസ്താവനയില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
സംഭോഗത്തില്‍ ബീജം പുറപ്പെടുമ്പോള്‍ മാത്രം നിയമാനുസൃതമായാല്‍ മതി; സ്ത്രീയിലേക്കു പ്രവേശിക്കുമ്പോള്‍ പവിത്രത ഉണ്ടായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിനു ഒരാള്‍ തന്റെ ഭാര്യയാണെന്നു ധരിച്ചു ഒരന്യസ്ത്രീയെ സംഭോഗിച്ചു. അവളാകട്ടെ അന്യപുരുഷനാണെ ന്നറിഞ്ഞുകൊണ്ട് അവനു വഴങ്ങി. ഈ ഭോഗം പുരുഷനെ സംബന്ധിച്ചിടത്തോളം കുറ്റമറ്റതും സ്ത്രീക്കു വ്യഭിചാരവുമാണ്. അതുകൊണ്ടു, ബീജത്തിന്റെ പുറപ്പാടു പവിത്രമെങ്കിലും പ്രവേശം അവിശുദ്ധമാണ്. പക്ഷേ, പ്രവേശ സമയത്തെ അവിശുദ്ധി ഇവിടെ പരിഗണനീയമല്ല. കാരണം പുറപ്പാടും പ്രവേശവും- വിശുദ്ധിയും അവിശുദ്ധിയും- ഒരേ സമയം പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പുറപ്പാടിനും അതിന്റെ വിശുദ്ധി ക്കുമാണു പരിഗണന. അതുകൊണ്ടു പുരുഷനു പിതൃത്വം ലഭിക്കുന്നു. എന്നാല്‍ ബീജം പുരുഷനില്‍ നിന്നെടുത്തു സ്ത്രീയില്‍ പ്രവേശിപ്പിക്കുന്നുവെങ്കില്‍ എടുക്കുമ്പോഴും വെക്കുമ്പോഴും രണ്ടവസരത്തിലും നിയമ വിശുദ്ധി വേണം; സംഭോഗത്തിലെന്ന പോലെ പുറപ്പാടു സമയത്തു തന്നെ ഇവിടെ പ്രവേശവും നടക്കുന്നില്ല. അതുകൊണ്ട് അവ രണ്ടും രണ്ടായിതന്നെ ഗണിക്കേണ്ടതാണ്. ഇതാണു ഫിഖ്ഹിലെ പ്രബലമായ അഭിപ്രായം. ഇബ്നു ഹജര്‍ (റ) ഇക്കാര്യം തുഹ്ഫഃ (7:303304) യില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
ക്ളോണ്‍ ശിശുവിന്റെ മാതാപിതാക്കള്‍
ചുരുക്കത്തില്‍, ഫിഖ്ഹിന്റെ വീക്ഷണത്തില്‍ ഒരു സ്ത്രീയുടെ അണ്ഡത്തിനു പങ്കുള്ള ഭ്രൂണത്തെ അവള്‍ ഗര്‍ഭം ധരിച്ചു പ്രസവിച്ചാല്‍ അവള്‍ അതിന്റെ മാതാവാകും. അതു സംഭോഗം മുഖേനയാവട്ടെ; അല്ലെങ്കില്‍ ബീജം കയറ്റുക വഴിയാവട്ടെ; നിയമാനുസൃതമാവട്ടെ, അല്ലാതിരിക്കട്ടെ.
ഇനി പിതൃത്വത്തിന്റെ കാര്യം പറയാം. പുരുഷബീജം പുറത്തുവന്നതു നിയമാനുസൃതമായ സംഭോഗം വഴിയാണോ എന്നാല്‍ ബീജോടമ കുട്ടിയുടെ പിതാവാകും. അപ്രകാരം തന്നെ ഹലാലായ വിധത്തില്‍ പുറത്തെടുത്ത പുരുഷബീജം, ഹലാലായ മാര്‍ഗ്ഗത്തില്‍ തന്നെ സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിപ്പിച്ചാല്‍ അതില്‍ ജനിക്കുന്ന കുഞ്ഞിന്റെ പിതൃത്വം ബീജോടമയ്ക്കുണ്ടായിരിക്കും.
ഈ നിയമങ്ങളുടെ വെളിച്ചത്തില്‍ ക്ളോണിങ് ശിശുവെക്കുറിച്ചു നമുക്ക് വിശകലനം നടത്താം. ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തില്‍ മറ്റൊരാളുടെ ലൈംഗികേതര കോശത്തിലെ ന്യൂക്ളിയസ് വെച്ചാണല്ലോ ഇവിടെ ഭ്രൂണം ഉണ്ടാക്കുന്നത്. ഇത് ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു ക്ളോണിങ് ശിശുവെയും നിര്‍മ്മിക്കുന്നു. ഇവിടെ സാധ്യതകള്‍ പലതുണ്ട്. കോശ ദാതാവ് ആണോ പെണ്ണോ ആവാം. ആണാണെങ്കില്‍ അണ്ഡോടമയുടെ ഭര്‍ത്താവോ അന്യനോ ആകാം. ഭ്രൂണം നിക്ഷേപിക്കുന്ന ഗര്‍ഭാശയം, അണ്ഡോടമയുടേതോ മറ്റൊരു സ്ത്രീയുടേതോ ആകാം.
ഒരു സ്ത്രീയുടെ അണ്ഡവും അവളുടെ ഭര്‍ത്താവിന്റെ കോശവും ചേര്‍ത്തു ഭ്രൂണം അ വളുടെ തന്നെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ അവള്‍ ആ ശിശുവിന്റെ മാ താവു തന്നെ. കാരണം, സ്ത്രീയുടെ അണ്ഡഭാഗത്തിനു ഭ്രൂണത്തില്‍ പങ്കുള്ളതു കൊ ണ്ടും മനുഷ്യരൂപം പൂണ്ട ശേഷം അതിനെ അവള്‍ പ്രസവിച്ചതു കൊണ്ടും മാതൃത്വത്തിന്റെ രണ്ട് ഉപാധികളും ഇവിടെ സമ്മേളിച്ചിരിക്കുന്നു.
ഇനി, ഭര്‍ത്താവിന്റെ ലൈംഗികേതര കോശവും സ്ത്രീയുടെ, ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡവും ചേര്‍ത്തു രൂപപ്പെടുത്തിയ ഭ്രൂണം മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നി ക്ഷേപിച്ചു ക്ളോണ്‍ ശിശുവിനു ജന്മം നല്‍കുന്നുവെങ്കില്‍ അതിനു മാതാവില്ല. ഒന്നാമത്തവളും രണ്ടാമത്തവളും മാതാവാകില്ല. കാരണം, അണ്ഡഭാഗം ഒന്നാമത്തവളുടേതെങ്കിലും അവളല്ല കുട്ടിയെ പ്രസവിച്ചത്. രണ്ടാമത്തവള്‍ പ്രസവിച്ചുവെങ്കിലും ഭ്രൂണത്തില്‍ അവള്‍ക്കു പങ്കാളിത്തമില്ല.
ഒരു സ്ത്രീയുടെ, ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തോടു മറ്റൊരു സ്ത്രീയുടെയോ അന്യ പുരുഷന്റെയോ ശരീരകോശം ചേര്‍ത്ത് അവളുടെ (അണ്ഡോടമയുടെ) ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുന്നുവെങ്കില്‍ അവള്‍ കുട്ടിയുടെ മാതാവു തന്നെ. കാരണം, അണ്ഡോടമ തന്നെയാണല്ലോ കുട്ടിയെ പ്രസവിച്ചത്. ഒരു സ്ത്രീയുടെ അണ്ഡമെടുത്ത് ആണോ പെണ്ണോ ആയ മറ്റൊരാളുടെ ശരീര കോശം ചേര്‍ത്തു മറ്റൊരു അന്യസ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ ക്ളോണ്‍ ശിശുവിനു മാതാവില്ല. അണ്ഡോടമ പ്രസവിക്കാത്തതു കൊണ്ടും പ്രസവിച്ചവള്‍ക്കു ഭ്രൂണത്തില്‍ പങ്കില്ലാത്തതു കൊണ്ടും.
എന്നാല്‍, ഒരു സാഹചര്യത്തിലും ക്ളോണ്‍ മനുഷ്യനു പിതാവുണ്ടായിരിക്കില്ല. കാരണം, കോശം എടുക്കുമ്പോഴും കയറ്റുമ്പോഴും പവിത്രതയുണ്ടെങ്കില്‍ മാത്രമേ പിതൃത്വം സ്ഥാ പിതമാവുകയുള്ളൂവെന്നു നേരത്തേ പറഞ്ഞുവല്ലോ. പുരുഷന്റെ ശരീര കോശം അ വന്റെ ശരീരത്തിന്റെ ഒരു ഭാഗമായതു കൊണ്ടു പ്രത്യുല്‍പാദനാവശ്യാര്‍ഥം അതെടുക്കുന്നതു തന്നെ ഹറാമാണ്. ഒരു മനുഷ്യന്റെ ശരീരഭാഗം -അതു ചെറുതാകട്ടെ, വലുതാകട്ടെ- എടുക്കണമെങ്കില്‍ ആ ശരീരത്തിന്റെ അനിവാര്യമായ ഒരാവശ്യത്തിനു വേണ്ടിയായിരിക്കണം. ശരീരത്തിന്റെ സ്വന്തമായ ആവശ്യം തന്നെ അനിവാര്യമല്ലെങ്കില്‍ അതെടുക്കല്‍ അനുവദനീയമല്ല. അപ്രകാരം തന്നെ മറ്റൊരാളുടെ ആവശ്യത്തിനു വേണ്ടിയും സ്വന്തം ശരീരഭാഗം എടുക്കുന്നതു നിഷിദ്ധവും കുറ്റകരവുമാണ്.
ഒരാളുടെ ശരീര ഭാഗം മുറിച്ചെടുക്കാവുന്ന ആവശ്യങ്ങള്‍ ഇസ്ലാമിക കര്‍മശാസ്ത്ര വീക്ഷണത്തില്‍ രണ്ടെണ്ണമാണ്. ഒന്ന്, ചികിത്സാവശ്യാര്‍ഥം ശരീരത്തിന്റെ വല്ല ഭാഗവും മുറിച്ചു മാറ്റുക. മുറിക്കുന്നതു കൊണ്ടു കൂടുതല്‍ അപകട സാധ്യതയില്ലെങ്കില്‍ മാത്രമേ ഈ ചികിത്സ അനുവദിക്കപ്പെടുകയുള്ളൂ. ആരോഗ്യ സംരക്ഷണത്തിനായി ഞരമ്പു മുറിക്കുക, കാന്‍സര്‍ പിടിച്ച അവയവം മുറിച്ചു മാറ്റുക, വൈകൃതം നീക്കാന്‍ മുഴ മുറിച്ചു നീക്കുക മുതലായ കാര്യങ്ങള്‍ ഈയിനത്തില്‍പ്പെട്ടതാണ്. മിന്‍ഹാജ്, തുഹ്ഫഃ, മുഗ്നി (മിന്‍ഹാജ:് പേ: 177,തുഹ്ഫ: 9/194,മുഗ്നി:4/200)മുതലായ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ ആവശ്യം, ഒന്നും ഭക്ഷിക്കാന്‍ കിട്ടാതെ വരുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്തു ഭക്ഷിക്കുകയാണ്. ആത്മരക്ഷാര്‍ഥം ഇങ്ങനെ മുറിച്ചെടുക്കല്‍ അനുവദനീയമാകുന്നതിനു രണ്ട് ഉപാധികളുണ്ട്. ശവം പോലും ഭക്ഷിക്കാന്‍ കിട്ടാതിരിക്കുക. മുറിച്ചെടുക്കുന്നതിലുള്ള അപകടാശങ്ക അതു മുറിച്ചെടുത്തു കഴിക്കാതിരിക്കുന്നതിലുള്ളതിനേക്കാള്‍ കുറവായിരിക്കുക. ഇവയാണു രണ്ട് ഉപാധികള്‍. ഇക്കാര്യം ഇമാം നവവി (റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ മിന്‍ഹാജില്‍ (188) രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് അനുവദനീയമാകുന്നതിനുള്ള കാരണം തുഹ്ഫഃ(9/397) വിവരിക്കുന്നു: “പൂര്‍ണ ശരീരം അവശേഷിപ്പിക്കുന്നതിനു വേണ്ടി അല്‍പഭാഗം മുറിച്ചെടുക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. അപ്പോള്‍ അതു കാന്‍സര്‍ ബാധിച്ച കൈ മുറിച്ചു മാറ്റുന്നതിനു തുല്യമാണ്”.
ക്ളോണ്‍ ശിശുവിനെ സൃഷ്ടിക്കുവാന്‍ ശരീരകോശം പറിച്ചെടുക്കുന്നത് അനുവദനീയമായ ഈ രണ്ടാവശ്യങ്ങളിലും പെടില്ല. മറ്റൊരാളുടെ ആത്മ രക്ഷക്കുവേണ്ടി പോലും സ്വന്തം ശരീരഭാഗം മുറിച്ചു കൊടുക്കാന്‍ പാടില്ലയെന്നാണ് നിയമം (മിന്‍ഹാജ്: 188). അ പ്പോള്‍, കോശം നിയമവിരുദ്ധമായാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് വ്യഭിചാരത്തിലെ ബീജമെന്ന പോലെതന്നെ അതിനു പവിത്രതയില്ല. പവിത്രതയില്ലാത്തതു കൊണ്ടുതന്നെ പി തൃത്വം സ്ഥിരപ്പെടുകയുമില്ല. പുരുഷകോശത്തില്‍ നിന്നു ക്ളോണ്‍ ചെയ്ത ശിശുവിന്റെ കാര്യമാണ് ഇത്രയും പറഞ്ഞത്. സ്ത്രീയുടെ ശരീര കോശത്തില്‍ നിന്നാണു ക്ളോണ്‍ ചെയ്യുന്നതെങ്കില്‍ പിതാവില്ലെന്നു പറയേണ്ടതില്ലല്ലോ.
ചുരുക്കത്തില്‍, ക്ളോണ്‍ മനുഷ്യനു ചില പ്രത്യേക സാഹചര്യങ്ങളില്‍ മാതാവുണ്ടാകുമെങ്കിലും ഒരു സാഹചര്യത്തിലും പിതാവുണ്ടായിരിക്കില്ല. ഈ തന്തയില്ലാത്ത സന്താനങ്ങളായിരിക്കാം ലോകാവസാനത്തെ അഭിമുഖീകരിക്കുന്ന ദുഷ്ടജനം.
ക്ളോണ്‍ മനുഷ്യന്റെ അവകാശങ്ങളും ബാധ്യതകളും
ക്ളോണ്‍ മനുഷ്യനു മാതാവുണ്ടാകുന്ന സാഹചര്യത്തില്‍ അവന് അവളില്‍ നിന്ന് അനന്തരാ വകാശം ലഭിക്കുന്നതും അവളുടെ പുത്രീ പുത്രന്മാര്‍ അവന്റെ സഹോദരീ സഹോദരന്മാരാ കുന്നതുമാണ്. പിതാവില്ലെന്ന പോലെത്തന്നെ മാതാവും ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ അവനു യാതൊരു വിധ കുടുംബ ബന്ധവുമുണ്ടായിരിക്കില്ല. മുലകുടി ബന്ധത്തിലുള്ള മാതാപിതാക്കന്മാരും സഹോദരീ സഹോദരന്മാരും മാത്രമേ ഉണ്ടായിരിക്കു കയുള്ളൂ.
പിതാവില്ലാത്ത സാഹചര്യത്തിലും മാതാവും പിതാവുമില്ലാത്ത സാഹചര്യത്തിലും, ബു ദ്ധിയുണ്ടെങ്കില്‍ അവനെ മറ്റുള്ളവരെപ്പോലെ മനുഷ്യനായി പരിഗണിക്കുന്നതാണ്. മാനുഷികമായ വിധിവിലക്കുകള്‍ അവനും ബാധകമായിരിക്കും. മാനുഷികതയ്ക്കു മാതാപിതാക്കള്‍ ആവശ്യമില്ല. ആദിമ മനുഷ്യരായ ആദം, ഹവ്വാ (അ) എന്നിവര്‍ക്ക് മാതാപിതാക്കളില്ലല്ലോ. വിശേഷബുദ്ധിയാണു മാനുഷിക ബാധ്യതകള്‍ ബാധകമാക്കുന്നതിന് ആധാരം. തുഹ്ഫഃയുടെ പ്രസ്താവനയില്‍ നിന്ന് ഇതു ഗ്രഹിക്കാം.
‘മനുഷ്യര്‍ക്കു ജനിച്ച കുട്ടി നായയുടെ രൂപത്തിലാണെങ്കിലും ശുദ്ധമാണ്. നായരൂപത്തിലുള്ള മനുഷ്യക്കുട്ടി സംസാരവും ബുദ്ധിയുമുള്ളവനെങ്കില്‍ മതത്തിന്റെ വിധിവിലക്കുകള്‍ക്കു വിധേയനാണ്. കാരണം, വിശേഷ ബുദ്ധിയാണു മതബാധ്യതയ്ക്ക് ആധാരം. അത് ഇവിടെയുണ്ടല്ലോ. രണ്ടാടുകള്‍ ചേര്‍ന്നുണ്ടായ മനുഷ്യരൂപത്തിലുള്ള കുട്ടിയും, ബുദ്ധിയും സംസാരശേഷിയുമുള്ളവനാണെങ്കില്‍ മതബാധ്യതയുള്ളവനായി പരിഗണിക്കപ്പെടും (തുഹ്ഫഃ 1-291).
ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ? എന്ന ശീര്‍ഷകം കൂടി കാണുക (ഫിഖ്ഹ്).