സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 19 July 2018

ഖവാരിജുകളും വഹാബികളും

അന്ന് ഖവാരിജുകൾ ചെയ്തത്:

സ്വഹാബികൾക്ക് ഖുർആൻ ഉയർത്തിക്കാണിക്കപ്പെട്ടപ്പോൾ സ്വഹാബത്തിനെ ഖുർആനിലേക്ക്‌ ക്ഷണിച്ചു.

ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:

സുന്നികൾക്ക് ഖുർആൻ ഉയർത്തിക്കാണിച്ച്  ഖുർആനിലേക്ക് ക്ഷണിക്കുന്നു.

അന്ന് ഖവാരിജുകൾ ചെയ്തത്:

അല്ലാഹുവിന്റെ മാത്രം അധികാരത്തിൽ സ്വഹാബത്ത് പങ്കു ചേർത്തു എന്ന് വാദിച്ചു.

ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:

അല്ലാഹുവിന്റെ മാത്രം അവകാശത്തിൽ സുന്നികൾ പങ്കു ചേർത്തു എന്ന് വാദിക്കുന്നു.

അന്ന് ഖവാരിജുകൾ ചെയ്തത്:

കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ സ്വഹാബത്തിന്റെ മേൽ കെട്ടിവെച്ച് സ്വഹാബത്തിൽ കുഫ്‌റാരോപിച്ചു.

ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:

കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ സുന്നികളുടെ മേൽ കെട്ടിവെച്ച് സുന്നികളിൽ ശിർക്കാരോപിക്കുന്നു.

അന്ന് ഖവാരിജുകൾ ചെയ്തത്:

'വിധികർതൃത്വം അല്ലാഹുവിനു മാത്രം' എന്നവർ മുദ്രാവാക്യം മുഴക്കി തക്ഫീർ നടത്തി.

ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്:

'പ്രാർത്ഥന അല്ലാഹുവിന് മാത്രം' എന്നിവർ മുദ്രാവാക്യം മുഴക്കി തക്ഫീർ നടത്തുന്നു.

അന്ന് ഖവാരിജുകൾ ചെയ്തത്‌:

അല്ലാഹുവിന്റെ അധികാരത്തിൽ സ്വഹാബത്ത്‌ പങ്കുചേർത്തു എന്ന വ്യാജേന രിദ്ദത്താരോപിച്ച്‌ സ്വഹാബത്തിന്റെ രക്തം ഹലാലാക്കി, ചിലരെ വധിച്ചു.

ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്‌:

സൗദിയിൽ വഹ്ഹാബിസം തുടങ്ങുന്ന കാലത്ത്‌ ഖബറാരാധകർ എന്ന് മുദ്രകുത്തി രിദ്ദത്താരോപിച്ച്‌ സുന്നികളുടെ രക്തം ഹലാലാക്കി - ആയിരങ്ങളെ വധിച്ചു.

അന്ന് ഖവാരിജുകൾ ചെയ്തത്‌:

മുഖ്യധാരാ മുസ്ലിമീങ്ങളായ സ്വഹാബത്തിൽ കുഫ്രാരോപിക്കുകയും സ്വയം വിഘടിച്ച്‌ പല വിഭാഗങ്ങളായി പിരിഞ്ഞു പരസ്പരം തങ്ങളല്ലാത്ത വിഭാഗങ്ങളുടെ മേൽ കുഫ്രാരോപിക്കുകയും ചെയ്തു.

ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്‌:

മുഖ്യധാരാ മുസ്ലിമീങ്ങളായ സുന്നികളിൽ ശിർക്കാരോപിക്കുകയും തൗഹീദിന്റെ പേരിൽ പരസ്പരം ഭിന്നിച്ച്‌ തങ്ങളല്ലാത്ത സംഘങ്ങളുടെ തൗഹീദ്‌ പിഴച്ചുവെന്ന് പറഞ്ഞ്‌ അവരുടെ മേൽ കുഫ്രാരോപിക്കുന്നു.

അന്ന് ഖവാരിജുകൾ ചെയ്തത്‌:

മുഴുസമയം അല്ലാഹുവിനുള്ള ഇബാദത്തുകളിൽ മുഴുകി, നിസ്കരിച്ച്‌ സുജൂദ്‌ ചെയ്ത്‌ മുട്ടുകളും നെറ്റിയും പൊട്ടി, ഉറങ്ങാതെ ഖുർആൻ ഓതി കണ്ണുകൾ വരണ്ടു..

ഇന്ന് വഹ്ഹാബികൾ ചെയ്യുന്നത്‌:

മുഴുസമയം ഇബാദത്തിലായി, ഖുർആൻ ഓത്തുകാരായ നോമ്പുകാരായ, ഉറക്കമിളച്ച്‌ നിസ്കരിക്കുന്ന ഒട്ടനവധി പേരെ കാണാം ഇക്കൂട്ടത്തിലും.

അന്ന് ഖവാരിജുകൾ ചെയ്തത്‌:

സ്വിഫ്ഫീൻ യുദ്ധസമയത്ത്‌ യുദ്ധതന്ത്രം തിരിച്ചറിഞ്ഞ്‌ പോരാട്ടം തുടരാൻ പറഞ്ഞപ്പോൾ
"അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക്‌ ക്ഷണിച്ചിട്ട്‌ നിങ്ങളത്‌ നിരസിക്കുകയാണോ?" എന്നവർ അലിയാർ(റ) വിനോട്‌ ചോദിച്ചു.

ഇന്ന്  വഹ്ഹാബികൾ ചെയ്യുന്നത്‌:

ദുരുദ്ദേശം തിരിച്ചറിഞ്ഞത്‌ കൊണ്ട്‌ വഹ്ഹാബികളോട്‌ അടുക്കരുതെന്നും അവർക്കെതിരെയുള്ള പ്രവർത്തനം നിർത്തരുതെന്നും പറയുന്ന സുന്നികളോട്‌ "അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക്‌ ക്ഷണിക്കുകയാണു ഞങ്ങൾ - നിങ്ങളത്‌ തള്ളുകയാണോ?" എന്ന് ചോദിക്കുന്നു.!

ഇനിയും പല പല സാമ്യതകളും നമുക്ക്‌ കാണാൻ കഴിയും ഈ രണ്ട്‌ വിഭാഗവും തമ്മിൽ. പ്രത്യക്ഷത്തിൽ ഇതിൽ പലതും നല്ലതെന്ന് നമുക്ക്‌ തോന്നാം..

ഇവരുടെ വാക്കുകൾ ബാഹ്യമായി സത്യമെന്ന് വിവരദോഷികളായ പാവങ്ങൾക്ക്‌ തോന്നാറുണ്ട്‌.

لا حكم الا لله

(വിധിക്കാനുള്ള അവകാശം അല്ലാഹുവിനു മാത്രം) എന്ന ഖവാരിജുകളുടെ വാദത്തെ പറ്റി ഹസ്രത്ത്‌ അലി(റ) പറഞ്ഞത്‌

 كلمة حق أريد بها باطل

(ഹഖായ വചനം, അതു പറയുന്നത്‌ കൊണ്ടുള്ള ഉദ്ദേശ്യം തിന്മയും!) എന്നാണ്‌.

ഈ സാമ്യതകൾ തന്നെ മതിയാകും. ഖവാരിജുകളുടെ അടയാളമായി പറഞ്ഞതിൽ ഒന്ന് അവർ കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുസ്ലിമീങ്ങളുടെ മേൽ ആരോപിക്കുന്നവരാണ്‌ എന്നാണ്‌.

ഖുർആനിലേക്ക്‌ വിളിച്ചതിന്റെ പേരിൽ ഒരു വിഭാഗം ഹഖിലാകുമായിരുന്നു എങ്കിൽ വഹ്ഹാബികളേക്കാൾ എന്ത്‌ കൊണ്ടും അതിനു യോഗ്യർ ഖവാരിജുകളായിരുന്നു. പക്ഷേ അവരുടെ ഖുർആൻ ഓത്ത്‌ തൊണ്ടക്കുഴിയുടെ താഴേക്ക്‌ ഇറങ്ങില്ല എന്ന് പ്രാവാചകർ പഠിപ്പിച്ചതിൽ പെട്ടതായിരുന്നു.

ഇബാദത്തിലും ത്വാഅത്തിലും അല്ലാഹുവിനുള്ള സമർപ്പണത്തിലുമെല്ലാം പൂർണ്ണമായും സമർപ്പിതരായിട്ടും അന്ന് തിരുനബി തങ്ങൾ(സ്വ) ഖവാരിജുകളെ കുറിച്ച് പറഞ്ഞ പ്രവചനം മറക്കാതിരിക്കുക:

"ഖവാരിജുകൾ നരകത്തിലെ പട്ടികളാണ്".

വഹ്ഹാബികളും ഖവാരിജുകളും തമ്മിൽ എന്തൊരു സാമ്യം!!! വിശ്വാസ വൈകല്യം പിടികൂടിക്കഴിഞ്ഞാൽ കർമ്മങ്ങൾ എത്ര നന്നായത്‌ കൊണ്ടും രക്ഷനേടാൻ കഴിയില്ല.

അമ്പ്‌ വില്ലിൽ നിന്നും തെറിച്ചു പോകുമ്പോലെ ദീനിൽ നിന്നും പുറത്ത്‌ പോകുമെന്ന് തിരുനബിതങ്ങൾ(സ്വ) പഠിപ്പിച്ച ഖവാരിജുകളുടെ അടയാളങ്ങൾ മിക്കതും സമ്മേളിച്ച വഹ്ഹാബിസത്തെ കരുതിയിരിക്കുക.

അവർ അല്ലാഹുവിന്റെ വചനങ്ങളെ സ്വേഛപ്രകാരം വളച്ചൊടിച്ച്‌ മുഖ്യധാരാ മുസ്ലിമീങ്ങളുടെ മേൽ കുഫ്രും ശിർക്കും ആരോപിച്ചു കൊണ്ടേയിരിക്കും..

ابو زاهد

Thursday, 31 May 2018

റമളാനിൽ ബന്ധപ്പെടൽ



“റമള്വാന്‍ രാത്രിയില്‍ ഭാര്യയെ സമീപിക്കുന്നതില്‍ നിങ്ങള്‍ക്ക് ഇളവ് തന്നിരിക്കുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്കു നിങ്ങള്‍ വസ്ത്രസമാനമാകുന്നു. അവര്‍തിരിച്ചും. പ്രഭാതം വരെ ഇനി നിങ്ങള്‍ക്കു അന്നപാനാദികള്‍ നിരുപാധികം ഉപയോഗിക്കാവുന്നതാണ്.” (അല്‍ബഖറ 187) ഈ പുതിയ വിധി വന്നപ്പോള്‍ സ്വഹാബികള്‍ സന്തോഷഭരിതരായി. നിരുപാധികമായി ലഭിച്ച ഈ ആനുകൂല്യത്തിനു വലിയ വിലയുണ്ട്. ആ വില ബോധ്യപ്പെടുത്തുന്ന നിയമമാണ് വ്രത സമയത്തെ ലൈംഗിക ബന്ധത്തിനു നല്‍കേണ്ട പ്രായശ്ചിത്തം. നോമ്പുകാരനായിരിക്കെ റമള്വാന്‍ പകലില്‍ ഭാര്യാഭര്‍ത്താക്കള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കടുത്ത പ്രായശ്ചിത്തം നിര്‍വ്വഹിക്കണം. അതിന്റെ നിയമവശം ശ്രദ്ധിക്കുക.
ലൈംഗിക ബന്ധം കാരണം നോമ്പ് മുറിഞ്ഞാലാണ് കഫ്ഫാറത് നിര്‍ബന്ധമാവുക. ഇതനുസരിച്ച് മറ്റേതെങ്കിലും കാര്യത്താല്‍ നോമ്പ് മുറിഞ്ഞവന്‍ പിന്നീട് ഭാര്യയുമായി ബന്ധപ്പെട്ടാല്‍ ആ പേരില്‍ പ്രായശ്ചിത്തം ചെയ്യേണ്ടതില്ല. സംസര്‍ഗം മൂലം ഇന്ദ്രിയസ്ഖലനം നടക്കണമെന്ന നിബന്ധനയില്ല. ഭോഗിക്കുന്നത് മൃഗത്തെയോ ശവത്തെയോ ആയാലും ഈ വിധി ബാധകമാണ്. നോമ്പുകാരനാണെന്ന കാര്യം മറന്നാണ് ഭോഗം നടത്തിയതെങ്കില്‍ കഫ്ഫാറത്ത് ബാധകമല്ല. ബലാല്‍ക്കാരത്തിനു വിധേയമായി ചെയ്തവര്‍ക്കും പ്രായശ്ചിത്തം നല്‍കേണ്ടതില്ല. നോമ്പിനു രാത്രി നിയ്യത്ത് ചെയ്യാന്‍ മറന്നവര്‍ പകല്‍ ഇംസാക് പുലര്‍ത്തുന്ന വേളയില്‍ ചെയ്താലും കഫ്ഫാറത് നല്‍കേണ്ടതില്ല.
റമള്വാന്‍ നോമ്പ് സമയത്ത്, ഹറാമാണെന്നറിവുണ്ടായിരിക്കെ അത് ചെയ്ത് വ്രതം മുറിച്ചാലാണ് കഫ്ഫാറത് നിര്‍ബന്ധമാകുന്നത്്. ഈ അറിവില്ലാത്തവന് മേല്‍പ്പറഞ്ഞ വിധി ബാധകമല്ല. എന്നാല്‍ അതു നിഷിദ്ധമാണെന്നറിവുണ്ട്. കഫ്ഫാറത്ത് വേണമെന്ന കാര്യത്തിലാണ് അറിവില്ലാത്തതെങ്കില്‍ കഫ്ഫാറത്ത് നിര്‍ബന്ധം തന്നെയാണ്.
സ്വയംഭോഗം നിമിത്തം ഇന്ദ്രിയസ്ഖലനം സംഭവിച്ചാല്‍ കഫ്ഫാറത്ത് ആവശ്യമില്ല. സ്ത്രൈ ണാവയവത്തിലല്ലാതെ നടത്തുന്ന ക്രീഡകള്‍ നിമിത്തം സ്ഖലനം സംഭവിച്ചാലും കഫ്ഫാറത്ത് വേണ്ടതില്ല. നേര്‍ച്ച, പ്രായശ്ചിത്തം, ഖളാഅ് തുടങ്ങിയ നിര്‍ബന്ധ വ്രതങ്ങള്‍ ജിമാഅ് കാരണം നഷ്ടപ്പെട്ടാലും കഫ്ഫാറത്ത് ബാധകമല്ല. എന്നാല്‍ ഗുദഭോഗം നടത്തിയതിന് അത് പുരുഷനെയായിരുന്നാലും കഫ്ഫാറത്ത് നിര്‍ബന്ധമാണ്. ഗുദഭോഗത്തിന് വിധേയനായ പുരുഷന് പ്രായശ്ചിത്തം നിര്‍ബന്ധമില്ലെന്ന് പണ്ഢിതന്മാരില്‍ പ്രബലവിഭാഗം അഭിപ്രായപ്പെടുന്നു.അതുപോലെ തന്നെ ഭോഗിക്കപ്പെട്ട പെണ്ണിനും കഫ്ഫാറത്തിന്റെ വിധി ബാധകമല്ലെന്ന് ഇവര്‍ പറയുന്നു. ഇവര്‍ക്ക് കഫ്ഫാറത്ത് സുന്നത്താണെന്നാണ് ഇസ്ലാമിക കര്‍മശാസ്ത്ര വീക്ഷണം.
യാത്രക്കാരന്‍, രോഗി തുടങ്ങി നോമ്പനുഷ്ഠിക്കുന്നതില്‍ ആനുകൂല്യം നല്‍കപ്പെട്ടവര്‍ ഈ ആ നുകൂല്യം മുതലെടുത്ത് ജിമാഅ് ചെയ്തു നോമ്പ് മുറിച്ചാലും കഫ്ഫാറത്ത് ബാധകമല്ല. വ്യഭിചാരത്തിനും കഫ്ഫാറത്തിന്റെ വിധി ബാധകമാണ്. രാത്രിയാണെന്ന ധാരണയില്‍ ജിമാഅ് ചെയ്യുകയും പ്രഭാതമായിരുന്നെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്താല്‍ കഫ്ഫാറത്ത് വിധി ബാധകമല്ല. സൂര്യനസ്തമിച്ചു എന്ന ധാരണയില്‍ ജിമാഅ് ചെയ്താലും ഇങ്ങനെ തന്നെയാണ് വിധി. നോമ്പുണ്ടെന്ന കാര്യം മറന്നു വ്യഭിചരിച്ചാല്‍ കഫ്ഫാറത് നിയമം ബാധകമല്ല. ജിമാഇലൂടെ നഷ്ടപ്പെടുത്തിയ ഓരോ റമള്വാന്‍ നോമ്പിനും വെവ്വേറെ കഫ്ഫാറത്ത് നിര്‍ബന്ധമാണ്. ഒരു ദിവസം പലതവണ ഭോഗം നടത്തിയാലും ഒരു കഫ്ഫാറത്ത് മതിയാകും. ബന്ധപ്പെടുന്നത് വ്യത്യസ്ത ഭാര്യമാരുമായാലും ഇതാണ് നിയമം. സംഭോഗം നടന്നതിനു പിറകെ നോമ്പിന്റെ നിര്‍ബന്ധത്തിനു ഭംഗം വരുത്തുന്ന മതപരിത്യാഗമോ യാത്രയോ സംഭവിച്ചാലും കഫ്ഫാറത്ത് നിര്‍ബന്ധം തന്നെയാണ്. കാരണം ജിമാഅ് നടക്കുന്ന സമയത്ത് ഇവര്‍ക്ക് നോമ്പ് നിര്‍ബന്ധമായിരുന്നല്ലോ.
എന്നാല്‍ ജിമാഅ് ചെയ്തു നോമ്പ് നഷ്ടപ്പെടുത്തിയവര്‍ക്ക് പിന്നീട് ഭ്രാന്തനാവുകയോ മരണപ്പെടുകയോ ചെയ്താല്‍(അത് ആത്മഹത്യയാണെങ്കിലും) അവരെ കഫ്ഫാറത്തി ന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുക്തരായി വിധിക്കേണ്ടതാകുന്നു. കാരണം, മരണവും ഭ്രാന്തും പ്രസ്തുത ദിവസത്തെ വ്രതത്തെ പാടേ നിഷ്ഫലമാക്കുന്നതാണ്. രോഗം കാ രണം നോമ്പ് മുറിക്കേണ്ടിവരുന്നത് നേരത്തേ നടത്തിയ ജിമാഇന്റെ കഫ്ഫാറത്തില്‍ നിന്നൊഴിവു നല്‍കുന്നില്ല.
സ്ത്രീക്കും കഫ്ഫാറത്ത് നിര്‍ബന്ധമാണെന്ന ഒരഭിപ്രായത്തെപ്പറ്റി മുകളില്‍ സൂചിപ്പിച്ചിരുന്നു. സംഭോഗത്തിനു വിധേയയായത് അവളുടെ അറിവോടും സമ്മതത്തോടും കൂടിയാണെങ്കിലാണ് ഈ വിധി. ഉറക്കത്തിലോ നോമ്പില്ലാത്ത ഘട്ടത്തിലോ ആണ് അവള്‍ ഭോഗത്തിന് വിധേയയായതെങ്കില്‍ കഫ്ഫാറത്ത് നിര്‍ബന്ധമില്ല. എന്നാല്‍ ഉറങ്ങിക്കൊണ്ടിരിക്കുന്നവര്‍ ഭോഗസമയത്ത് ഉണരുകയും സമ്മതമെന്നോണം കിടക്കുകയും ചെയ് താല്‍ പ്രസ്തുത വിധിപ്രകാരം കഫ്ഫാറത്ത് നിര്‍ബന്ധമാകും. കഫ്ഫാറത്ത് നിര്‍വഹിച്ചാലും നഷ്ടപ്പെടുത്തിയ വ്രതം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.
എന്താണ് കഫ്ഫാറത്ത്?
മറ എന്നര്‍ഥമുള്ള കഫ്ര്‍ എന്നതില്‍ നിന്നാണ് കഫ്ഫാറത് എന്ന പദത്തിന്റെ ഉത്പത്തി. ഈ അടിസ്ഥാനത്തില്‍ കുറ്റത്തെ മറച്ചുവെക്കുന്നത്, പാപത്തെ ഇല്ലാതാക്കുന്നത് എന്നെല്ലാമാണ് ഇതിന്റെ വിവക്ഷ. സത്യവിശ്വാസി യായ ഒരു അടിമയെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കലാ ണ് പ്രായശ്ചിത്തം. ഇത് അസൌകര്യമായാല്‍ (അടിമയെ  ലഭിക്കാത്ത നമ്മുടെ രാജ്യം പോലെ) തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ് (അറുപത് ദിവസമെന്നാണുദ്ദേശ്യം). രോഗം, വാര്‍ധക്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഇത് അസാധ്യമായാല്‍ അറുപത് അഗതികള്‍ക്കോ ദരിദ്രര്‍ക്കോ നാട്ടിലെ പ്രധാന ഭക്ഷ്യധാന്യങ്ങളില്‍ നിന്ന് ഒരു മുദ്ദ് വീതം നല്‍കലാണ് നിര്‍ബന്ധമായത് (ഫത്ഹുല്‍ മു’ഈന്‍ പേജ് 195 – 197 നോക്കുക).
ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസ് കാണുക. അബൂഹുറയ്റ(റ) പറയുന്നു: ഞങ്ങളൊരിക്കല്‍ പ്രവാചക സന്നിധിയിലിരിക്കുമ്പോള്‍ ഒരു വ്യക്തി കടന്നുവന്നു ആവലാതി പറഞ്ഞു. ‘പ്രവാചകരേ ഞാന്‍ നശിച്ചു.’ നബി(സ്വ) ചോദിച്ചു. എന്താണ് നിങ്ങള്‍ക്ക് പറ്റിയത്’?
ആഗതന്‍: ഞാന്‍ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടുപോയി. നബി(സ്വ): നിങ്ങളുടെ കൈയില്‍ സ്വതന്ത്രരാക്കാന്‍ പറ്റിയ അടിമയുണ്ടോ? ആഗതന്‍: ഇല്ല നബിയേ.
നബി(സ്വ): എങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കാന്‍ കഴിയുമോ? ആഗതന്‍: സാധിക്കില്ല തിരുദൂതരേ.
നബി(സ്വ): അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ നിനക്കു സാധിക്കുമോ?. ആഗതന്‍: അതും എനിക്ക് അസാധ്യമാണ്. അല്‍പ്പസമയം കഴിഞ്ഞു. ആരോ നബിക്ക് അല്‍പ്പം കാരക്ക കൊണ്ടുവന്നുകൊടുത്തു. ഉടന്‍ നബി(സ്വ) ആരാഞ്ഞു? ‘എവിടെ ആ മനുഷ്യന്‍’. ഞാനിതാ നബിയേ എന്നുപറഞ്ഞ് അയാള്‍ മുന്നോട്ടുവന്നു. നബി(സ്വ): ഇതാ നിങ്ങള്‍ ഇതു സ്വദഖ ചെയ്യൂ’.
ആഗതന്‍: നബിയേ ഞാനിതു ദാനം ചെയ്യേണ്ടത് എന്നെക്കാള്‍ പാവപ്പെട്ടവര്‍ക്കല്ലേ. മദീനയില്‍ എന്നെക്കാള്‍ ദരിദ്രനായ മറ്റൊരാളുണ്ടാകില്ല നബിയേ. എന്റെ വീട്ടുകാര്‍ തന്നെയാണ് ഈ ദാനം വാങ്ങാന്‍ ഏറ്റവും അര്‍ഹന്‍. ഇതുകേട്ട പ്രവാചകര്‍ ചിരിച്ചു. അവിടത്തെ പല്ലുകള്‍ പുറത്തു കാണുന്നതുവരെ ചിരി പടര്‍ന്നു. അവസാനം നബി(സ്വ) പറഞ്ഞു. ‘എങ്കില്‍ ഇത് കൊണ്ടുപോയി നിങ്ങള്‍ വീട്ടുകാരെ ഭക്ഷിപ്പിക്കുക’.
ഈ ഹദീസില്‍ നിന്നു കഫ്ഫാറത്ത് സംബന്ധമായി കുറേ വിധികള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. കര്‍മ്മശാസ്ത്ര വിശാരദന്മാരുടെ വീക്ഷണത്തിലൂടെ അത് വിശദീകരിക്കാം. കഫ്ഫാറത്തില്‍ മുന്‍ഗണന നല്‍കേണ്ടത് അടിമ മോചനത്തിനാണ്. അതിനു കഴിയില്ലെങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണ ദാനം. പ്രസ്തുത കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെങ്കിലും കഫ്ഫാറത്ത് ഒഴിവാകുന്നതല്ല. സാധ്യമായ സന്ദര്‍ഭത്തില്‍ നിര്‍ബന്ധമായി പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. വീട്ടിയില്ലെങ്കില്‍ അല്ലാഹുവിന് ബാധ്യതപ്പെട്ട ഒരു കടമയായി അത് അവശേഷിക്കുന്നതാണ്. കഫ്ഫാറത്തിന് അശക്തനാണെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്നൊഴിവാകില്ലെന്നതിന് മതിയായ തെളിവാണ് നബി(സ്വ)യുടെ അടുക്കല്‍ വന്നു ചോദിച്ചയാള്‍ ഒന്നി നും സാധിക്കാത്ത ആളായിരുന്നിട്ടും നബിതങ്ങള്‍ അയാളെ വിടാതെ പിടിച്ചുനിര്‍ത്തിയതും നബിക്ക് ലഭിച്ച കാരക്ക ദാനം ചെയ്യാന്‍ ആജ്ഞാപിച്ചതും.
നിശ്ചിത സമയത്ത് പ്രായശ്ചിത്തം നല്‍കാന്‍ കഴിയാത്തവര്‍ കഴിവുണ്ടായാല്‍ പെട്ടെന്നുതന്നെ അത് നിര്‍വഹിക്കേണ്ടതാണ്. ഒരാള്‍ ആദ്യം ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ മുതി ര്‍ന്നു. പിന്നീട് നോമ്പനുഷ്ഠിക്കാന്‍ സാധിക്കുമെന്ന ധാരണ വന്നാല്‍ അന്നദാനം നിര്‍ ത്തി നോമ്പനുഷ്ഠിക്കല്‍ സുന്നത്താകുന്നു. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അതുവരെ ചെയ്ത അന്നദാനം ഐച്ഛിക കര്‍മ്മത്തിന്റെ പരിധിയില്‍ പെടുത്തുന്നതും പ്രതിഫലം ലഭിക്കുന്നതുമാണ്.
കഫ്ഫാറത്തായി വ്രതം തുടങ്ങിയാല്‍ രണ്ടുമാസം തുടര്‍ച്ചയായിത്തന്നെ അത് നിര്‍വ്വഹിക്കണം. ഇടക്ക് ഒരു ദിവസം വിട്ടുപോയാല്‍ പിന്നെയുംആദ്യം മുതല്‍ തുടങ്ങേണ്ടതായിവരും.
കഫ്ഫാറത്തായി നല്‍കുന്ന ഭക്ഷണ സാധനം വാങ്ങാന്‍ അര്‍ഹതയുള്ളവരുടെ ഗണത്തില്‍ ഫഖീറും പെടും. എന്നാല്‍ ഫഖീറിനും മസ്കീനിനും തന്റെ തന്നെ കഫ്ഫാറത്ത് സ്വന്തം ഭാര്യാസന്താനങ്ങള്‍ക്കു സമ്മാനിക്കാവുന്നതല്ല. പ്രസ്തുത ഹദീസില്‍ നബിതങ്ങള്‍ ആഗതനോട് തന്റെ ഭാര്യാസന്താനങ്ങള്‍ക്കു തന്നെ നല്‍കാന്‍ പറഞ്ഞത് കാണുന്നു. തുഹ്ഫയില്‍ ഇക്കാര്യം പറയുന്നുണ്ട്. നബിതങ്ങള്‍ തനിക്കു ലഭിച്ച ദാനം പ്രായശ്ചിത്തമായി നല്‍കാന്‍ തന്നെയാണ് സ്വഹാബിക്ക് സമ്മാനിച്ചത്. എന്നാല്‍ മദീനയില്‍ അത് വാങ്ങാന്‍ തന്നെക്കാള്‍ അര്‍ഹരില്ലെന്നു പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പരിതാപകരമായ അവസ്ഥ അറിഞ്ഞ നബി(സ്വ) അത് സ്വയം വിനിയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അല്ലാതെ കഫ്ഫാറതെന്ന വ്യവസ്ഥ പ്രകാരമല്ല.
മൂസ സോന്കാൽ 
ഞിങ്ങളുടെ ഓരോരുത്തരുടെയും ദുആയിൽ എന്നേയും എന്റെ കുടുംബത്തേയും ഉൾപ്പെടുത്തണേ...  

Tuesday, 29 May 2018

പ്രവാസി ഫിത്വർ സകാത്ത്



ഫിത്വ്ര്‍ സകാത് പണമായി നല്‍കുന്നതും സ്വീകാര്യമല്ല. ഇതു കൊണ്ട് സകാത് വീടുകയില്ല. സകാത് വാങ്ങാന്‍ അര്‍ഹരായവര്‍ വസ്തുക്കള്‍ സ്വീകരിക്കില്ലെന്നും പണമായി നല്‍കിയാല്‍ സ്വീകരിക്കുമെന്നുമുള്ള വാദം നിരര്‍ഥകമാണ്. ശാഫി’ഈ മദ്ഹബ് പ്രകാരം ഇങ്ങനെ പണമായി നല്‍കുന്നതിന് ഒരടിസ്ഥാനവുമില്ല. ഗള്‍ഫിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. സകാത് വീടണമെന്നാഗ്രഹിക്കുന്നവര്‍ ഈ കാര്യം പ്രത്യേകം പരിഗണിക്കേണ്ടതാണ്. ഇമാം നവവി(റ) പറയുന്നു: “ഭക്ഷണ സാധനമായ ധാന്യം കൊടുക്കുന്നതിനു പകരം മാവ്, റൊട്ടി തുടങ്ങിയവ കൊടുത്താല്‍ മതിയാകില്ല. വില നല്‍കിയാല്‍ മതിയാകാത്ത പോലെ തന്നെ” (റൌള്വ 2/164).
ഹനഫീ മദ്ഹബില്‍ പക്ഷേ, വില നല്‍കിയാലും മതിയെന്ന അഭിപ്രായമാണുള്ളത്. ഇമാം നവവി(റ) തന്നെ പറയട്ടെ: “ശാഫി’ഈ ഇമാമും അവിടുത്തെ അനുചരന്മാരും വില നല്‍കിയാല്‍ മതിയാകില്ലെന്നാണ് പറയുന്നത്. ബഹു ഭൂരിപക്ഷം പണ്ഢിതന്മാരുടെയും അഭിപ്രായം ഇതുതന്നെയാണ്. എന്നാല്‍ വില കൊടുത്താല്‍ മതിയെന്ന പക്ഷക്കാരനാണ് ഇമാം അബൂഹനീഫ(റ)” (ശര്‍ഹുല്‍ മുഹദ്ദബ് 6/132).

ശാഫി’ഈ മദ്ഹബിലെ ആധികാരിക പണ്ഢിതനായ ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “കേടുപാടുകളില്ലാത്ത ധാന്യം തന്നെയായിരിക്കണം കൊടുക്കേണ്ടതെന്ന് വരുമ്പോള്‍ ഉണക്കമില്ലായ്മ, പുഴുക്കുത്ത് തുടങ്ങിയ കേടുകളുള്ളവയും ധാന്യത്തിന്റെ വിലയും മതിയാകുന്നതല്ല” (തുഹ്ഫ 3/324).

നമ്മുടെ മദ്ഹബില്‍ വിലകൊടുത്താല്‍ മതിയാകില്ലെന്നത് ഏകകണ്ഠാഭിപ്രായമാണെന്ന് നിഹായ 3/123ലും മുഗ്നി 1/407ലും പ്രസ്താവിച്ചിട്ടുണ്ട്. ഇത് ശര്‍വാനി(റ) തുഹ്ഫയുടെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. ശാഫി’ഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളുടെ ഉപര്യുക്ത ഉദ്ധരണികളില്‍ നിന്ന് ധാന്യത്തി ന്റെ വില നല്‍കിയാല്‍ മതിയാകില്ലെന്നത് ശാഫി’ഈ മദ്ഹബിലെ ഏകകണ്ഠാഭിപ്രായമാണെന്നും മറ്റു മദ്ഹബിലെ ഭൂരിപക്ഷ പണ്ഢിതന്മാരും ഈ അഭിപ്രായക്കാര്‍ തന്നെയാണെന്നും ഇമാം അബൂഹനീഫ (റ) വില നല്‍കിയാലും മതിയെന്ന പക്ഷക്കാരനാണെന്നും വ്യക്തമായി.

ഗള്‍ഫിലെ പ്രത്യേക സാഹചര്യം എടുത്തുകാട്ടി ചില ശാഫി’ഈ മദ്ഹബുകാര്‍ തന്നെ അവിടങ്ങളില്‍ സകാത് പണമായി നല്‍കുകയും അതിന് ഹനഫീ മദ്ഹബിന്റെ പിന്തുണ അവകാശപ്പെടുകയും ചെയ്യാറുണ്ട്. ഇവിടെ ശ്രദ്ധേയമായൊരു വസ്തുതയുണ്ട്. വെറും എളുപ്പം കണക്കിലെടുത്ത് മാത്രം മാറാവുന്നതല്ല മദ്ഹബ്. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമാണ് അത് അനുവദനീയമാകുന്നത്. ഇബ്നുഹജര്‍(റ) പറയുന്നു; “സ്വന്തം ‘അമലിന് വേണ്ടി മറ്റു മദ്ഹബുകള്‍ അനുകരിക്കാമെന്ന് പറഞ്ഞത് എല്ലാ മദ്ഹബില്‍ നിന്നുമുള്ള എളുപ്പമാര്‍ഗങ്ങള്‍ ചികഞ്ഞെടുക്കാതിരിക്കുമ്പോഴാണ്. അല്ലെങ്കില്‍ അതുകൊ ണ്ട് അവന്‍ കുറ്റക്കാരനാകും. എന്നല്ല ഫാസിഖ്വാകും എന്നുവരെ അഭിപ്രായമുണ്ട്” (തുഹ്ഫ 1/47).

ഇനി ഹനഫീ മദ്ഹബ് അവലംബിക്കല്‍ തന്നെ ആ മദ്ഹബില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും പഠിച്ചതിനു ശേഷമേ ആകാവൂ. ഒരു വിഷയത്തില്‍ സ്വന്തം മദ്ഹബ് വിട്ട് മറ്റൊന്ന് അവലംബിക്കുമ്പോള്‍ തല്‍വിഷയവുമായി ബന്ധപ്പെട്ട സര്‍വ്വ നിബന്ധനകളിലും ആ മദ്ഹബ് തന്നെ സ്വീകരിക്കണമെന്നാണ് നിയമം.” (തുഹ്ഫ 1/47) ഇത് പാലിക്കാതിരുന്നാല്‍ ഒരു ഇമാമും പറയാത്ത രൂപമായിരിക്കും അയാള്‍ സ്വീകരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ എല്ലാ മദ്ഹബിന്റെയും പിന്‍ബലം അവന് നഷ്ടപ്പെടുകയായിരിക്കും ഫലം. ഇത് ഖ്വാള്വിക്കും മുഫ്തിക്കും മാത്രമല്ല സ്വന്തം ‘അമലിനും ബാധകമാണെന്ന് തുഹ്ഫ 1/47ല്‍ തന്നെ വിശദീകരിക്കുന്നു. പത്താം വാള്യത്തില്‍ ഖ്വള്വാഇ(വിധി)ന്റെ അധ്യായത്തില്‍ തുഹ്ഫ ഇത് കൂടുതല്‍ വിശദമാക്കുന്നുണ്ട്.

എന്നാല്‍ നാട്ടിലെ പ്രധാന ധാന്യം കിട്ടാതെ വന്നാല്‍ മദ്ഹബ് മാറാവുന്നതാണ്. ഇമാം റംലി(റ) പറയുന്നു: “(സകാതുല്‍ ഫിത്വ്ര്‍ ഗോതമ്പ് കൊടുക്കേണ്ട സ്ഥലത്ത്) ഒരാള്‍ക്ക് ഗോതമ്പ് ലഭിച്ചില്ലെങ്കില്‍ ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് തഖ്വ്ലീദ് ചെയ്ത് സകാതിന് വില കണക്കാക്കി ദിര്‍ഹമുകള്‍ നല്‍കാവുന്നതാണ്.” (ഫതാവാ റംലി, ഹാമിശു ഫതാവല്‍ കുബ്റ 2/55).

ധാന്യം ആരും സ്വീകരിക്കില്ലെന്ന ന്യായം മദ്ഹബ് മാറാന്‍ ശാസിക്കുന്നില്ല. സകാത് നിര്‍ബന്ധമായ നാട്ടില്‍ വാങ്ങാന്‍ തരപ്പെട്ടവര്‍ ഇല്ലാതാകുകയോ ഉള്ളവര്‍ തിരസ്കരിക്കുകയോ ചെയ്താല്‍ അയല്‍ നാടുകളിലേക്ക് നീക്കം ചെയ്യണമെന്നാണ് ശാഫി’ഈ മദ്ഹബ് നിര്‍ദേശിക്കുന്നത്. ഇങ്ങനെ നീക്കുമ്പോള്‍ വസ്തുക്കള്‍ തന്നെ നീക്കം ചെയ്യണമെന്നില്ല. സകാത് ധാന്യം വാങ്ങിക്കൊടുക്കാന്‍ ഒരാളെ വകാലതാക്കി പണം അയാള്‍ക്ക് അയച്ച് കൊടുക്കാവുന്നതാണ്. അയാള്‍ സാധനങ്ങള്‍ വാങ്ങി അര്‍ഹര്‍ക്ക് നല്‍കിക്കൊള്ളട്ടെ. സകാത് വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ സാധനം സ്വീകരിക്കില്ലെന്ന് പറയുന്നതും ശരിയല്ല. അനുഭവം ഇതിനെതിരാണ്.
നാല് മദ്ഹബിലും മുഫ്തിയും സമസ്തയുടെ മുന്‍കാല നേതാക്കളില്‍ പ്രധാനിയുമായ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി(റ)യോട് ഇതേ വിഷയകമായി ഉന്നയിക്കപ്പെട്ട ചോദ്യവും മറുപടിയും താഴെ ചേര്‍ക്കുന്നു.

ചോദ്യം: അരിയും നെല്ലും ഭക്ഷണത്തിന് മതിയാകുന്ന നിലക്ക് കിട്ടാതിരിക്കുകയും അധികവിലക്ക് കിട്ടിയാല്‍ കൊണ്ടുവരാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫിത്വ്ര്‍ സകാത് വില കൊടുത്താല്‍ വീടുമോ? പലരും പല വിധവും പറയുന്നു. ഈ കാര്യത്തില്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് മറുപടി തരാന്‍ അപേക്ഷിക്കുന്നു.


മറുപടി: പൂള(മരച്ചീനി) മുതലായവ ‘ഗാലിബൂ ഖ്വൂതില്‍ ബലദ്’ (നാട്ടിലെ പ്രധാന ഭക്ഷണം) ആയ സ്ഥിതി നോക്കുമ്പോള്‍ അതു കൊണ്ടു തന്നെ സകാതുല്‍ ഫിത്റ് നല്‍കേണ്ടതാണ്. ഹനഫീ മദ്ഹബില്‍ വില കൊടുത്താല്‍ മതിയെന്ന് പറയുന്നത് സാധനം കിട്ടുന്ന ന്യായവിലയാണ്. (ക്ഷാമമേറിയ ഈ അവസരത്തില്‍) കണ്‍ട്രോള്‍ വിലക്ക് സാധനം കിട്ടുകയില്ലല്ലോ. കൂടാതെ ആ മദ്ഹബിലെ തഫ്സ്വീലുകള്‍ (വിശദീകരണങ്ങള്‍) അറിഞ്ഞ് അതേ പ്രകാരം കൊടുത്ത് വീട്ടേണ്ടതുമാണ്. ഇതില്‍ പല കുഴപ്പങ്ങളും വന്നു കൂടാനിടയുണ്ട്. കാരണം ഹനഫീ മദ്ഹബില്‍ ഒരു സ്വാ’അ് എന്ന് പറയുന്നത് ഇറാഖ്വ് തൂക്കമനുസരിച്ചുള്ള എട്ട് റാത്തലുകളാണ്. ശാഫി’ഈ മദ്ഹബില്‍ അഞ്ച് റാത്തലും ഒരു റാത്തലിന്റെ മുന്നില്‍ ഒരു വിഹിതവുമാണ്. മാത്രമല്ല സകാത് കൊടുക്കാന്‍ നിര്‍ബന്ധമായ തുക കയ്യിലിരിപ്പുള്ള സ്വതന്ത്രനും മുസ്ലിമുമായ വ്യക്തിക്ക് മാത്രമാണ് ഹനഫീ മദ്ഹബ് പ്രകാരം സകാത് നിര്‍ബന്ധമാവുക. ആ വ്യക്തി സ്വന്തം ശരീരത്തിനു വേണ്ടിയും ഫഖ്വീറായ കുട്ടിക്ക് വേണ്ടിയും അവന്റെ ഉടമയില്‍പ്പെട്ട പരിചാരകന് വേണ്ടിയും സകാത് കൊടുക്കണം. ഭാര്യക്ക് വേണ്ടിയും വലിയ കുട്ടിക്ക് വേണ്ടിയും കഴിവുള്ള കുട്ടിക്ക് വേണ്ടിയും സകാത് നല്‍കേണ്ടതില്ല. പെരുന്നാള്‍ ദിവസത്തിന്റെ ഫജ്റുസ്വാദിഖ്വ് ഉദിക്കുന്നതോടെയാണ് സകാത് നിര്‍ബന്ധമാവുക. പിന്നെ ക്ഷേമമുള്ളപ്പോള്‍ ആവശ്യാനുസൃതം സാധനം വാങ്ങാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഭക്ഷണ സാധനം തന്നെ സകാതായി കൊടുക്കുന്നതാണ് നല്ലത്. അല്ലാത്ത സ്ഥലങ്ങളില്‍ വിലയും. ക്ഷാമമുള്ളപ്പോള്‍ ഭക്ഷണ സാധനം തന്നെ കൊടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഏതവസരത്തിലും നിരുപാധികം ഭക്ഷണസാധനം തന്നെ കൊടുക്കലാണുത്തമമെന്ന അഭിപ്രായവുമുണ്ട്. ഇതനുസരിച്ചാണ് ഹനഫീ മദ്ഹബില്‍ ഫത്വ നല്‍കപ്പെടുന്നത്. (ഹനഫീ കര്‍മശാസ്ത്രമായ) ശര്‍ഹുല്‍ വിഖ്വായ, അതിന്റ വ്യാഖ്യാനമായ ഉംദതുരി’ആയ എന്നിവയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എന്നിരിക്കെ ഭക്ഷണത്തിന് ക്ഷാമം വ്യാപകമായ ഈ കാലത്ത് (ഹി. 1363) വിലകൊടുക്കാന്‍ ഫത്വ നല്‍കുന്നതിന് ഹനഫീ മദ്ഹബില്‍ ഫത്വ നല്‍കപ്പെടുന്നതിന് വിരുദ്ധമാണ്. അതു കൊണ്ടുതന്നെ ആ ഫത്വക്ക് സാധുതയുമില്ല. ഈ വിഷയകമായി എനിക്ക് മനസ്സിലായവയാണ് ഇവയെല്ലാം.”

എന്ന്, ശിഹാബുദ്ദീന്‍ അഹ്മദ്കോയശാലിയാത്തി. റമള്വാന 17. ഹി. 1363 (അല്‍ഫതാവല്‍ അസ്ഹരിയ്യ, 1/131) 

മാത്രമല്ല ഹനഫീ മദ്ഹബില്‍ ഓരോ വ്യക്തിക്കും വേണ്ടി ഫിത്വ്ര്‍ സകാതായി നല്‍കേണ്ടത് ഒരു സ്വാ’ഇന്റെ പകുതിയാണെന്ന് ബദാഇഉസ്വനഇഅ് 2/72ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയും വിശദീകരണങ്ങള്‍ ഹനഫീ മദ്ഹബനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴുള്ളത് കൊണ്ട് ഇതൊന്നും പരിഗണിക്കാതെ കേവലം പതിനഞ്ച് ദിര്‍ഹം കൊടുത്താല്‍ മതിയെന്ന് പറഞ്ഞ് സാധാരണക്കാരില്‍ നിന്ന് അത് പിരിച്ചെടുക്കുന്നത് ഏത മദ്ഹബനുസരിച്ചും അസാധുവാകാന്‍ സാധ്യതയുള്ളതിനു പുറമെ ഫിത്വ്ര്‍ സകാത് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത്  വിതരണം ചെയ്യുന്ന സംഘടിത സകാതിന്റെ കുറ്റവും വരുന്നുണ്ട്.

ഇപ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സിലായി.
(1) ആഹാര സാധനങ്ങള്‍ സ്വീകരിക്കില്ലെന്ന കാരണത്താല്‍ സകാത് പണമായി നല്‍കാന്‍ ശാഫി’ഈ മദ്ഹബില്‍ നിര്‍വാഹമില്ല. (2) ഇത്തരം ഘട്ടങ്ങളില്‍ സകാത് അന്യനാടുകളിലേക്ക് നീക്കുകയാണ് വേണ്ടത്. (3) ഇങ്ങനെ നീക്കുമ്പോള്‍ വസ്തുക്കള്‍ തന്നെ നീക്കണമെന്നില്ല. പണം അയച്ച് കൊടുത്ത് മറ്റൊരാളെ വകാലത്താക്കിയാലും മതി. (4) ഓരോ വ്യക്തിയുടെയും സകാതിന് പകരം പതിനഞ്ച് ദിര്‍ഹം ഈടാക്കുകയും അവ എന്തിനെല്ലാമോ വിനിയോഗിക്കുകയും ചെയ്യുന്ന ഗള്‍ഫ് നാടുകളിലെ പ്രവണത ദുരൂഹവും അടിസ്ഥാനരഹിതവുമാണ്.

അവകാശികള്‍
മുസ്ലിം സമുദായത്തില്‍ പെട്ട എട്ട് വിഭാഗക്കാരെയാണ് സകാതിന്റെ അവകാശികളായി ഖ്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.  അവരല്ലാത്തവര്‍ക്ക് നല്‍കിയാല്‍ സകാത്  വീടില്ലെന്നും ഖ്വുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നു. (1) ഫഖ്വീര്‍ (ദരിദ്രന്‍). തന്റെ പ്രതിദിന ജീവിതം വഴി മുട്ടിയവന്‍. ദൈനംദിന  ചെലവുകളുടെ അന്‍പത് ശതമാനം വരെ വരുമാനമില്ലാത്തവനാണ് ഫഖീര്‍. (2) മിസ്കീന്‍(അഗതി). ജീവിതം  പ്രയാസമുള്ളതാണെങ്കിലും ചെലവിന്റെ അന്‍പത് ശതമാനമോ അതിലധികമോ വരുമാനമുള്ളവന്‍. (3) സകാത് ജീവനക്കാര്‍. ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ സകാത് പിരിച്ചെടുക്കാനും വിതണം ചെയ്യാനും സൂക്ഷിക്കുവാനും കണക്കെഴുതാനും മറ്റുമായി സംഘടിപ്പിക്കുന്ന ബൈതുല്‍മാലിന്റെ ഉദ്യോഗസ്ഥരാണിക്കൂട്ടര്‍. നമ്മുടെ രാജ്യം ഇസ്ലാമിക റിപ്പബ്ളിക് അല്ലാത്തതിനാല്‍ ഇക്കൂട്ടര്‍ ഇവിടെയില്ല. എന്നിരിക്കെ നമ്മുടെ രാജ്യത്ത് സകാത് പിരിച്ചെടുത്ത് വിതരണം ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന കമ്മിറ്റി ഉദ്യോഗസ്ഥന്മാര്‍ ഈ വിഭാഗത്തില്‍ പെട്ടവരാണെന്ന് പറഞ്ഞ് അവര്‍ക്ക് സകാത് വിഹിതം നല്‍കുന്നത് നിഷിദ്ധവും വിവരക്കേടിന്റെ സൃഷ്ടിയുമാണ്. എന്നല്ല, സകാത് വീടുകയും ഇല്ല. (4) മുഅല്ലഫതുല്‍ ഖ്വുലൂബ് (പുതുവിശ്വാസികള്‍) ഇസ്ലാമിന്റെ സൌന്ദര്യമാസ്വദിക്കാന്‍ വെമ്പല്‍ കൊണ്ട് മറ്റു മതങ്ങളില്‍ നിന്നും ഇസ്ലാം സ്വീകരിച്ചവര്‍. ഇത്തരമാളുകളുടെ സാമ്പത്തിക ഭദ്രതക്ക് വേണ്ടിയും ഇതരരുടെ ഇസ്ലാമികാശ്ളേഷണത്തിന് പ്രചോദനമേകാനും വേണ്ടിയാണ് പുതു വിശ്വാസികള്‍ക്ക് സകാത് നല്‍കുന്നത്.

(5) ഉടമയുമായി മോചനക്കരാറില്‍ ഏര്‍പ്പെട്ട അടിമ. (നിശ്ചിത തുകയടച്ചാല്‍ നിന്നെ സ്വതന്ത്രനാക്കാമെന്ന് യജമാനന്‍ വാഗ്ദത്തം നല്‍കിയ അടിമ). ഉടമക്ക് മേല്‍ സംഖ്യ അടച്ചുതീര്‍ക്കേണ്ട ആവശ്യത്തിലേക്ക് വിനിയോഗിക്കുന്നതിന് വേണ്ടി ഈ അടിമയെ സകാതിന്റെ അവകാശികളില്‍ ഇസ്ലാം ഉള്‍പ്പെടുത്തുന്നു. ഈ സാധ്യത ഇന്നില്ലാത്തതിനാല്‍ ഈ വിഭാഗം ഇന്നില്ലെന്ന് ശ്രദ്ധേയമാണ്.

(6) കടക്കാരന്‍. അനിസ്ലാമികമല്ലാത്ത കാര്യങ്ങള്‍ക്ക് കടക്കാരനായവന്‍. സാമൂഹിക നന്മ, ഒത്തുതീര്‍ പ്പ്, പള്ളി നിര്‍മ്മാണം, അതിഥി സല്‍ക്കാരം എന്നിവക്കു വേണ്ടി കടക്കാരനായവനുംഇതില്‍പ്പെടുന്നു.

(7) യോദ്ധാവ്: ഇസ്ലാമിക മുദ്രാവാക്യം ഉയര്‍ന്നു കാണുന്നതിന് വേണ്ടി വേതനം വാങ്ങാതെ ശത്രുക്കളോട് പട പൊരുതാന്‍ തയ്യാറെടുത്തവന്‍. ഐശ്വര്യമുണ്ടെങ്കില്‍ തന്നെ ഇവരുടെ സേവനത്തിന്റെ ഗൌരവം കണക്കിലെടുത്ത് ആയുധം, വസ്ത്രം, ഭക്ഷണം എന്നിവയുടെ ഭീമമായ ചെലവിലേക്ക് വേണ്ടി ഇവര്‍ക്കും സകാത് നല്‍കേണ്ടതാണ്. ജിഹാദ് നടത്തേണ്ടത് മുസ്ലിം ഭരണാധികാരിയുടെ അധീനത്തിലാകേണ്ടതിനാലും മതേതര രാജ്യമായ ഇന്ത്യയില്‍ ഇന്ന് ആ ഭരണാധികാരിയുടെ അഭാവത്താലും ഇസ്ലാം പറഞ്ഞ യോദ്ധാവ് ഇന്ത്യയില്‍ ഇന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
(8) യാത്രക്കാരന്‍: ഇസ്ലാം വിലക്കാത്ത യാത്ര നടത്തുന്ന വ്യക്തി. മറ്റു രാജ്യത്തുനിന്നും തുടങ്ങി സകാത് നല്‍കുന്നവന്റെ നാട്ടിലൂടെ യാത്ര ചെയ്താലും കൊടുക്കുന്ന നാട്ടില്‍നിന്നുതന്നെ യാത്രതുടങ്ങിയാലും അവകാശി തന്നെ. യാത്ര ശിക്ഷയുടെ ഒരു ഭാഗമാണെന്ന നബിവചനം യാത്രക്കാരന്റെ പരാധീനതയെകുറിക്കുന്നു.

വിതരണ രീതി
വളരെ പ്രധാനമായ ഒരു വിഷയമാണിത്. നിര്‍ബന്ധദാനം ആത്മാര്‍ത്ഥമായി കൊടുത്തുവീട്ടുന്നവന്‍ അറിയാതെ വഞ്ചിക്കപ്പെടുന്നത് ഏറെ ഖേദകരമാണ്. ജീവിതകാലത്ത് സകാത് ഇനത്തില്‍ ഭീമമായ തുക ചിലവഴിച്ച് പ്രതിഫലേച്ഛയുമായി പരലോകത്തെത്തുമ്പോഴാണ് തങ്ങളുടെ സകാത് വീടിയിട്ടില്ലെന്നവരറിയുക. ഇവര്‍ ഒരിക്കല്‍ പോലും സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷയാണ് അനുഭവിക്കേണ്ടിവരിക. ഇത് എത്രമേല്‍ ഗൌരവമല്ല.?

സകാത് വിതരണത്തിന് മൂന്ന് മാര്‍ഗമാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. നാലാമതൊരു രൂപം ഇതിനില്ല. ഈ മൂന്ന് രൂപങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ തന്റെ വിതരണ രീതി ഉള്‍പ്പെട്ടതായി ഓരോ സകാത് ദായകനും ഉറപ്പു വരുത്തേണ്ടതാണ്.

(1) സകാത് വിഹിതം അവകാശികള്‍ക്ക് താന്‍ തന്നെ എത്തിച്ച് കൊടുക്കുക. (2) ഇസ്ലാമിക ഭരണം നടത്തുന്ന ഇമാമി(ഇസ്ലാമിക ഭരണാധികാരി)നെ ഏല്‍പ്പിക്കുക. (3) അവകാശികളിലെത്തിക്കാന്‍ വേ ണ്ടി വിശ്വസ്തനായ ഒരു വകീലിനെ ചുമതലപ്പെടുത്തുക.

ഇമാം നവവി(റ) ഈ വിഷയം വിവരിക്കുന്നത് ശ്രദ്ധേയമാണ്. “സകാത് വിതരണത്തിന് നിയ്യതും പ്രവൃത്തിയും ആവശ്യമാകും. പ്രവൃത്തി മൂന്നു വിധത്തില്‍ സംഭവിക്കാം. ഒന്ന്: ഉടമസ്ഥര്‍ തന്നെ നേരിട്ട് (അവകാശികള്‍ക്ക്) എത്തിക്കല്‍. രണ്ട്: ഇമാമിലേക്ക് എത്തിക്കല്‍. മൂന്ന്: ഇമാമിനോ അല്ലെങ്കില്‍ അവകാശികള്‍ക്കോ എത്തിക്കാന്‍ വകീലിനെ ചുമതലപ്പെടുത്തല്‍.” (റൌള്വ 2/60, 61)

“വകീലിനെ ചുമതലപ്പെടുത്തുമ്പോള്‍ ഉത്തര വാദിത്വം ഒഴിവാകണമെങ്കില്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്റെ സകാത് എത്തുന്നുണ്ടെന്ന് പൂര്‍ണമായും ഉറപ്പുവരുത്തലും എത്തി എന്നറിയലും നിര്‍ബന്ധമാണ്.” (ഹാശിയതുന്നിഹായ 3/136)

വകീല്‍ വഞ്ചന നടത്തിയാല്‍ ഉടമസ്ഥന്റെ ബാധ്യത ഒഴിവാകുന്നില്ല. കാരണം ഉടമസ്ഥന്റെ കരവും വകീലിന്റെ കരവും ഒന്നാണ്. ഉടമസ്ഥന്‍ നേരിട്ട് വിതരണം ചെയ്യുന്ന രൂപത്തില്‍ അവകാശികള്‍ കൈപ്പറ്റിയില്ലെങ്കില്‍ സകാത് വീടാത്ത പോലെ വകീല്‍ വിതരണം ചെയ്യുമ്പോഴും അര്‍ഹരായവര്‍ കൈപ്പറ്റിയിട്ടില്ലെങ്കില്‍ ബാധ്യത ഒഴിവാകുന്നതല്ല. മറിച്ച് ഇമാമിനെ ഏല്‍പ്പിക്കുകയും ഇമാം ഉദാസീനത കാട്ടി അര്‍ഹര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്താല്‍ ഉടമസ്ഥന്‍ കടക്കാരനല്ലാത്തതിന് പുറമെ ബാധ്യത വീടുകയും ചെയ്യും. കാരണം ഇമാം അവകാശികളെ പ്രതിനിധീകരിക്കുന്നതിനാല്‍ ഇമാമിനെ ഏല്‍പ്പിക്കല്‍ തത്വത്തില്‍ അവകാശികളെ ഏല്‍പ്പിക്കലായി. ശര്‍ഹുല്‍ മുഹദ്ദബ് 6/165, റൌള്വ 2/61, തുഹ്ഫ 3/345 എന്നിവ നോക്കുക.
ഇമാം നവവി(റ) തന്നെ പറയട്ടെ: “അപ്പോള്‍ വകീലിന്റെ ഉത്തരവാദിത്വം ഇമാമിനെയോ ഇമാമിന്റെ പ്രതിനിധിയെയോ ഏല്‍പ്പിക്കലോ യഥാര്‍ത്ഥ അവകാശികള്‍ക്ക് വിതരണം ചെയ്യലോ ആണ്” (ശര്‍ ഹുല്‍ മുഹദ്ദബ് 6/165). ഇബ്നുഹജര്‍(റ) എഴുതുന്നു: “സകാതിന്റെ സാധുതക്ക് നിയ്യത് നിര്‍ബന്ധമാണ്. ഉടമസ്ഥന്‍ തന്നെ നിയ്യത് ചെയ്യേണ്ടതും അല്ലെങ്കില്‍ വകീലിനെ നിയ്യത് ചെയ്യാന്‍ ചുമതലപ്പെടുത്തേണ്ടതുമാണ്” (തുഹ്ഫ 3/348, 349).

ഉടമസ്ഥന്‍ തന്നെ നിയ്യത് ചെയ്യണമെന്നും അല്ലെങ്കില്‍ വകീലിനെ ഏല്‍പ്പിക്കണമെന്നും രണ്ടുമില്ലെങ്കില്‍ സകാത് അസാധുവാണെന്നും മേല്‍ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ സകാത് കമ്മിറ്റികളെ ഏല്‍പ്പിക്കല്‍ മേല്‍ പറഞ്ഞ ഒരിനത്തിലും പെടില്ലെന്നത് പ്രത്യേകം ഗ്രഹിക്കേണ്ടതാണ്. കാരണം ഒന്നാം രൂപം ഉടമസ്ഥന്‍ നേരിട്ട് അവകാശികള്‍ക്ക് കൊടുക്കലാണ്. അവകാശികളില്‍ കമ്മിറ്റി പെടില്ല. രണ്ടാം ഇനം ഉടമസ്ഥന്‍ തന്റെ സകാത് നല്‍കാന്‍ വേണ്ടി ഇമാമിനെ ഏല്‍പ്പിക്കലാണ്. കമ്മിറ്റിയെ ഏല്‍പ്പിക്കല്‍ ഈ ഇനത്തിലും പെടില്ല. കമ്മിറ്റി ഇമാമല്ലെന്നതാണ് കാരണം. മൂന്നാമത്തെ ഇനം തന്റെ സകാത് കൊടുത്തു വീട്ടാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തുകയും ആ വകീല്‍ അവകാശികള്‍ക്ക് വിതരണം ചെയ്യലുമാണ്. സകാത് വിതരണ കമ്മിറ്റി ഈ ഇനത്തിലും പെടില്ല. ഇതല്‍പ്പം വിശദീകരിക്കാം.

സകാത് കമ്മിറ്റി ഒരു വകീലിന്റെ റോളിലാണെന്നും വകീല്‍ വിതരണം ചെയ്താല്‍ സകാത് സാധുവാകുന്നത് പോലെ കമ്മിറ്റിയാകുന്ന വകീല്‍ വിതരണം ചെയ്താലും സാധുവാകുമെന്നുമാണ് ചിലരുടെ വാദം. ഒരു കാരണവശാലും കമ്മിറ്റി വകീലാവുകയില്ല. ഒരാള്‍ വകീലായി പരിഗണിക്കപ്പെടാന്‍ ധാരാളം നിബന്ധനകള്‍ ഉണ്ട്.

(1) ഊമയല്ലാത്തവന്‍ വ്യക്തമായ വാക്കോ വകാലതിനെ കരുതലോടെയുള്ള അവ്യക്തമായ വാക്കോ എഴുത്തോ മുഖേന വകാലതാക്കണം. ഊമയാണെങ്കില്‍ വകാലതിനെ കുറിക്കുന്ന ആംഗ്യം ഉണ്ടായിരിക്കേണ്ടതാണ് (തുഹ്ഫ 5/298). (2) വകീല്‍ നിശ്ചിത വ്യക്തിയായിരിക്കണം. നിങ്ങള്‍ രണ്ടിലൊരാളെ ഞാന്‍ വകീലാക്കി എന്നു പറഞ്ഞാല്‍ സാധുവാകുന്നതല്ല(തുഹ്ഫ 5/298).

ഈ പറഞ്ഞ രണ്ട് നിബന്ധനകളും കമ്മിറ്റിയെ ഏല്‍പ്പിക്കുമ്പോള്‍ പാലിക്കപ്പെടുന്നില്ല. കാരണം കമ്മിറ്റിയെ ഏല്‍പ്പിക്കുന്ന സമയത്ത് വാക്കോ എഴുത്തോ മുഖേന ചുമതലപ്പെടുത്തലില്ല. മറിച്ച് പാത്രവുമായി നടക്കുന്ന റസീവറുടെ പാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കമ്മിറ്റിയെ ഏല്‍പ്പിക്കുമ്പോള്‍ നിശ്ചിതമായ ഒരാളല്ല ഏല്‍ക്കുന്നത്. പലരും ഉള്‍പ്പെടുന്ന സംഘമാണ്. വകീല്‍ നിശ്ചിത വ്യക്തിയായിരിക്കണമെന്ന നിബന്ധന ഇവിടെ ലംഘിക്കപ്പെടുന്നു.

(3) ഏല്‍പ്പിച്ച വ്യക്തി യഥാര്‍ത്ഥത്തില്‍ അവകാശികള്‍ക്ക് സകാത് എത്തിച്ചിരിക്കുന്നുവെന്ന് ഏല്‍പ്പിക്കുന്നവന് ഉറപ്പുണ്ടാകണം.

 (4) വകീലിനെ ഏല്‍പ്പിക്കുമ്പോഴോ ഏല്‍പ്പിക്കപ്പെട്ട വകീല്‍ വിതരണം ചെയ്യുമ്പോഴോ സ്വത്തിന്റെ ഉടമസ്ഥനോ അവന്റെ സമ്മത പ്രകാരം വകീലോ നിയ്യത് ചെയ്തിരിക്കണം. ഈ പറഞ്ഞ രണ്ടു നിബന്ധനകളും ഇന്നത്തെ സകാത് കമ്മിറ്റിയെ ചുമതലപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്നില്ല. കാരണം കമ്മിറ്റി പ്രസ്തുത സ്വത്ത് ആര്‍ക്കൊക്കെ എങ്ങനെയൊക്കെ വിതരണം ചെയ്യുന്നുവെന്നും ബാക്കി എന്തു ചെയ്യുന്നുവെന്നും പാവം പൊതു ജനം അറിയുന്നില്ല. മിക്കവാറും ഉടമസ്ഥന്‍ കമ്മിറ്റിയെ നിയ്യത് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നുമില്ല. എന്നല്ല, അവന്‍ സ്വയം അത് ചെയ്യുന്നുമില്ല.

(5) ഉടമസ്ഥന്‍ ഒരാളെ വകീലാക്കിയാല്‍ അവന്‍ തന്നെ ആ കാര്യം നിര്‍വഹിക്കണം. അവന്‍ മറ്റൊരാളെ ചുമതലപ്പെടുത്താന്‍ പാടില്ല. (തുഹ്ഫ 5/323) ഇന്നത്തെ കമ്മിറ്റികളില്‍ പിരിച്ചെടുക്കുന്നവരല്ല വിതരണം ചെയ്യുന്നത്. ഒരു വിഭാഗം പിരിക്കാനും മറ്റൊരു വിഭാഗം വിതരണത്തിനുമെന്നിങ്ങനെയാണ് ഈ സകാത് കമ്മിറ്റിയുടെ ശൈലി.

(6) ഏല്‍പ്പിക്കുന്ന ഉടമസ്ഥന്‍ തന്റെ വകീലിനെ തല്‍സ്ഥാനത്തു നിന്നും പിന്‍വലിച്ചാല്‍, അല്ലെങ്കില്‍ സകാത് കൊടുക്കേണ്ട ബാധ്യതയില്‍ നിന്നും അവന്‍ ഒഴിവായാല്‍ സ്വത്ത് തിരിച്ചേല്‍പ്പിക്കാന്‍ വകീലിന്് കഴിയണം. (തുഹ്ഫ 5/340) കമ്മിറ്റി ശൈലിയില്‍ ഇതും അസാധ്യമാണ്. മാത്രമല്ല, സകാത് കൊടുക്കാന്‍ ബാധ്യസ്ഥനായ വ്യക്തി തന്നെ സകാത് സ്വീകരിക്കാനും അര്‍ഹതയുള്ളവനായാല്‍ നല്‍കിയ സ്വത്ത് തിരിച്ച് ലഭിക്കുന്ന രൂപവും സംഘടിത വിതരണത്തില്‍ സംഭവിക്കുന്നു. ഇക്കാരണത്താലെല്ലാം ഇന്നത്തെ സംഘടിത രീതി സാധുവാകുകയില്ലെന്ന് ബോധ്യമായി.
Moosa Sonkal
http://sunnisonkal.blogspot.com
ഞിങ്ങളുടെ ഓരോരുത്തരുടെയും ദുആയിൽ എന്നേയും എന്റെ കുടുംബത്തേയും ഉൾപ്പെടുത്തണേ...

Sunday, 27 May 2018

സംഘടിതമായുള്ള സകാത്ത്




സംഘടിത സകാതിന്റെ ഇസ്ലാമിക വിധി വിശദമാക്കാം. മൊത്തം സകാതിനെ മുസ്ലിം പണ്ഢിതന്മാര്‍ രണ്ടിനമായി തിരിക്കുന്നു. ഒന്ന് ബാഹ്യമായ ധനത്തിന്റെ സകാതും മറ്റൊന്ന് ആന്തരികമായ ധനത്തിന്റെ സകാതും. ഇമാം നവവി(റ) പറയുന്നു: “ഫിത്വ്ര്‍ സകാത്, കച്ചവട സ്വത്ത്, നിധി, സ്വര്‍ണം, വെള്ളി എന്നിവ ആന്തരികമായ സ്വത്തുക്കളും ഖനിജങ്ങള്‍, പഴവര്‍ഗങ്ങള്‍, ആട്,മാട്,ഒട്ടകം, കൃഷി എന്നിവ ബാഹ്യമായ സ്വത്തുക്കളുമാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 6/146).
 ഈ വിഭജനത്തിന്റെ മാനദണ്ഡം ഇങ്ങനെ ഗ്രഹിക്കാം. ഒരു വ്യക്തിയുടെ അരികില്‍ സൂക്ഷിപ്പുള്ള തുകയെ സംബന്ധിച്ചും തനിക്കു കിട്ടിയ നിധിയെ സംബന്ധിച്ചും തന്റെ കടയിലും ഗോഡൌണിലും സ്റ്റോക്കുള്ള ചരക്കുകളെ സംബന്ധിച്ചും അന്യര്‍ക്ക് അറിയുന്നതിലുപരി തനിക്ക് തന്നെയാണ് അറിയുക. അതു പോലെ തന്റെ ശരീരത്തിനും തന്നെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്കും പെരുന്നാള്‍ ദിവസം ആവശ്യമായവ കഴിച്ച് തന്റെ കയ്യില്‍ വല്ലതും ശേഷിക്കുമ്പോഴാണല്ലോ ഫിത്വ്ര്‍ സകാത് നിര്‍ബന്ധമാകുന്നത്. ഇത് സംബന്ധിച്ചും തനിക്കാണ് കൂടുതല്‍ അറിവ്. അന്യന്റെ നിരീക്ഷണങ്ങള്‍ക്കു ഇവകള്‍ പൂര്‍ണമായും അധീനമല്ലെന്ന് ചുരുക്കം. ഇതാണ് ഇവകള്‍ ആന്തരിക സകാതായി കാണുന്നതിന്റെ ന്യായം.

എന്നാല്‍ കൃഷികള്‍, ആട്, മാട്, പഴവര്‍ഗങ്ങള്‍, ഒട്ടകം, ഖനിയില്‍ നിന്ന് കിട്ടുന്ന ലോഹങ്ങള്‍ എന്നിവയുടെ സകാത് മുമ്പ് പറഞ്ഞത് പോലെയല്ല. ഇസ്ലാമിക ഭരണകൂടത്തിനു കീഴില്‍ സ്ഥാപിതമാകുന്ന ബൈതുല്‍ മാല്‍ ഫണ്ടിന്റെ ഉദോഗസ്ഥര്‍ക്ക് നേരിട്ടുള്ള നിരീക്ഷണത്തിലൂടെ സകാത് ഇത്രയുണ്ടാകുമെന്ന് കണക്കാക്കാന്‍ കഴിയും. ഉടമസ്ഥന്റെ അറിവിനെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ല ഇത്. വയലില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്ല് ഇത്രയുണ്ടാകുമെന്നും അതില്‍ നിന്നു തന്നെ സകാത് ഇത്രയുണ്ടാകുമെന്നും അവര്‍ക്ക് കണക്കാക്കാനാകും. അതു പോലെ തന്നെയാണ് മുന്തിരി, കാരക്ക തോട്ടങ്ങളിലെ പഴവര്‍ഗങ്ങളും ഖനിയില്‍ നിന്നെടുക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളും. ഇതാണ് ഇത് ബാഹ്യധനമായി കാണുന്നതിന്റെ രഹസ്യം. ഈ വിഷയങ്ങള്‍ പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. തുഹ്ഫ 3/337, നിഹായ 3/130, മുഗ്നി 1/114, മഹല്ലി 2/40, ജമല്‍ 2/239, ബുജൈരിമി 2/587 എന്നിവനോക്കുക.

ഈ രണ്ടിനം സകാതുകള്‍ ഇമാമോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ ചോദിക്കുന്നതും തദവസരത്തില്‍ സകാത് ദായകരുടെ ബാധ്യതയും സംബന്ധിച്ച് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് കാണുക: ഇമാം നവവി(റ) പറയുന്നു: “ബാഹ്യമായ ധനത്തിന്റെ സകാത് ഇമാം ആവശ്യപ്പെട്ടാല്‍ ഇമാമിനെ ഏല്‍പ്പിക്കല്‍ ഉടമസ്ഥന്റെ ബാധ്യതയാണെന്നതില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍ ഇമാമിന് നല്‍കാതെ അവകാശികള്‍ക്ക് ഉടമസ്ഥന്‍ നേരിട്ട് തന്നെ നല്‍കാന്‍ തയ്യാറായാല്‍ പോലും അരാജകത്വമില്ലാതാക്കാന്‍ വേണ്ടി മുസ്ലിം ഭരണാധിപരന്‍ അവരോട് യുദ്ധം ചെയ്യേണ്ടതാണ്. ഇമാം ചോദിക്കാതിരിക്കുകും ഇമാം നിശ്ചയിക്കുന്ന വ്യക്തി വരാതിരിക്കുകയും ചെയ്താല്‍ വരുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ സകാത് പിന്തിച്ച് വെക്കേണ്ടതും വരുമെന്ന് പ്രതീക്ഷയില്ലെങ്കില്‍ സകാത് ദായകനു തന്നെ സ്വയം വിതരണം ചെയ്യാവുന്നതുമാണ്. ഇമാം ശാഫി’ഈ(റ) ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആന്തരിക സ്വത്തിന്റെ സകാതാണെങ്കില്‍ അധികാരികള്‍ക്കതില്‍ ചിന്തിക്കേണ്ടതില്ല. ഉടമസ്ഥന്‍ സ്വയം അവകാശികള്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. സ്വമേധയാ ഉടമസ്ഥന്‍ ഇമാമിനെ ഏല്‍പ്പിച്ചാല്‍ അവരില്‍ നിന്നും ഇമാമിന് സ്വീകരിക്കാവുന്നതാണ്. ഇമാം മാവര്‍ദി(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 6/166).

“ആന്തരികമായ ധനത്തിന്റെ സകാത് തന്നെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടലും അത് പിരിച്ചെടുക്ക ലും ഇമാമിന് (മുസ്ലിം ഭരണാധികാരി) അനുവദനീയമല്ലെന്നാണ് പണ്ഢിതലോകത്തിന്റെ ഇജ്മാ’അ് (ഏകാഭിപ്രായം) തുഹ്ഫ 3/344, ഇപ്രകാരം നിഹായ 3/136, മുഗ്നി 1/413, ജമല്‍ 2/294, ബുജൈരിമി 2/587 എന്നിവയിലും കാണാം. നിഹായയുടെ വാക്കിനെ വ്യാഖ്യാനിച്ച് കൊണ്ട് ശൈഖ് അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു: “ഇമാം ആവശ്യപ്പെട്ടാലും ആന്തരികമായ ധനത്തിന്റെ സകാത് അദ്ദേഹത്തിന് നല്‍കല്‍ ഉടമസ്ഥന് നിര്‍ബന്ധമില്ല. ആവശ്യപ്പെടല്‍ ഇമാമിന് നിഷിദ്ധവുമാണ്” (ഹാശിയതുന്നിഹായ 3/136).

ഇമാം നവവി(റ) പറയുന്നു; “വല്ല വ്യക്തിയും ആന്തരികമായ സ്വത്തിന്റെ സകാത് നല്‍കാത്തതായി ഇമാമിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം അവകാശികള്‍ക്ക് നല്‍കാനോ അല്ലെങ്കില്‍ അവകാശികള്‍ക്ക് എത്തിക്കാന്‍ വേണ്ടി എന്റെ വശം തരണമെന്നോ ഇമാമിന് പറയാവുന്നതാണ്.” (ശര്‍ഹുല്‍ മുഹദ്ദബ് 6/166)

ഇബ്നു ഹജര്‍(റ) തുടരുന്നു: “ഒരു വ്യക്തി ആന്തരികമായ സ്വത്തിലെ നിര്‍ബന്ധ സകാത് നല്‍കുന്നില്ലെന്ന് ഇമാം മനസ്സിലാക്കിയാല്‍ അവനോട് അത് കൊടുക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ അവകാശികള്‍ക്ക് കൊടുക്കാന്‍ വേണ്ടി തന്നെ ഏല്‍പ്പിക്കാന്‍ വേണ്ടിയോ  കല്‍പ്പിക്കല്‍ ഇമാമിന് നിര്‍ബന്ധമാണ്. ഞാന്‍ നല്‍കിക്കൊള്ളാമെന്ന വാക്ക് കേട്ട് മതിയാക്കരുത്. കാരണം പെട്ടെന്ന് കൊടുത്തു തീര്‍ക്കാന്‍ രണ്ടാലൊന്ന് ചെയ്യണം. എല്ലാ നല്ല കാര്യങ്ങളുടെയും സംസ്ഥാപനത്തിലും ചീത്ത കാര്യങ്ങളുടെ വിപാടനത്തിലും ഇമാം ശ്രദ്ധിക്കേണ്ടതിനാലാണിത്” (തുഹ്ഫ 3/345 ശര്‍വാനി സഹിതം നോക്കുക).

ചുരുക്കത്തില്‍ ഇസ്ലാമിക ഭരണാധികാരിയാണെങ്കില്‍ പോലും ആന്തരികമായ സകാത് പിരിക്കാനോ ആവശ്യപ്പെടാനോ ശരീ’അത്തില്‍ നിയമമില്ല. എന്നാല്‍ ഉടമസ്ഥന്‍ സകാത് കൊടുക്കില്ലെന്നറിഞ്ഞാല്‍ അവനെ കൊണ്ട് കൊടുപ്പിക്കുകയോ തന്നെ ഏല്‍പ്പിക്കണമെന്ന് പറയുകയോ ആണ് ഇമാം ചെയ്യേണ്ടത്. ഇമാം റംലി(റ) നിഹായയില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു. “ഇമാമിനെ പോലെ മറ്റുള്ളവര്‍ക്കും അവനോട് സകാത് കൊടുക്കാന്‍ കല്‍പ്പിക്കാവുന്നതാണ്. പക്ഷേ അവനെ ഏല്‍പ്പിക്കാന്‍ പറയാവതല്ല” (ഹാശിയതുന്നിഹായ 3/136). ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമായി.
(1) ആന്തരിക സ്വത്തിന്റെ സകാത് മുസ്ലിം ഭരണാധികാരിക്ക് പോലും ജനങ്ങളില്‍ നിന്ന് ശേഖരിച്ച് വിതരണം നടത്താന്‍ വകുപ്പില്ല. (2) ജനങ്ങളില്‍ നിന്ന് അത് പിരിച്ചെടുക്കുന്നത് നിഷിദ്ധമാണെന്നതില്‍ ഇജ്മാ’ഉണ്ട്. (3) സകാത് ദായകന്‍ സകാത് കൊടുക്കില്ലെന്നറിഞ്ഞാല്‍ പോലും ഖണ്ഡിതമായി അത് തന്നെ ഏല്‍പ്പിക്കണമെന്ന് ഇമാമിന് പോലും പറയാന്‍ പാടില്ല. (4) സ്വന്തമായി കൊടുക്കുകയോ അല്ലെങ്കില്‍ തന്നെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്നേ പറയാന്‍ പാടുള്ളൂ. (5) ഇമാമ് അല്ലാത്തവര്‍ക്ക് ഇപ്പറഞ്ഞതിനും വകുപ്പില്ല. (6) നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ സകാത് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമേ അവര്‍ക്ക് ചെയ്യാന്‍ ന്യായമുള്ളൂ.

ഇസ്ലാമിക ഭരണാധികാരിയായ ഇമാമിന് പോലും(തന്റെ അധികാര പരിധിക്ക് പുറത്തായതിനാല്‍) ആ ന്തരികമായ സ്വത്തിന്റെ സകാത് പിരിക്കാന്‍ അര്‍ഹതയില്ലെന്നിരിക്കെ മറ്റുള്ള കൈകാര്യകര്‍ത്താക്കള്‍ക്ക് -ഇന്നത്തെ രീതിയിലുള്ള കമ്മിറ്റിക്ക് പ്രത്യേകിച്ചും- ഫിത്വ്ര്‍ സകാത് പിരിക്കാനോ ആവശ്യപ്പെടാനോ ഇസ്ലാമില്‍ ഒരു വകുപ്പുമില്ല.

ചില സംശയങ്ങള്‍ക്ക് മറുപടി

(1) പരിശുദ്ധ ഖ്വുര്‍ആനിലെ ആയതുകള്‍ ഉദ്ധരിച്ച് സംഘടിത സകാതിനെ ന്യായീകരിക്കുന്നവരുണ്ട്. “അവരുടെ സ്വത്തില്‍ നിന്നും നിങ്ങള്‍ സ്വദഖ്വയെ പിടിക്കണം.” എന്നര്‍ത്ഥം വരുന്ന ആയതാണ് അവര്‍ എടുത്തു കാണിക്കുന്നത്.
ജനങ്ങളുടെ സമ്പത്തില്‍ നിന്ന് ശഖരിച്ച് ദരിദ്രര്‍ക്ക് വിതരണം ചെയ്യപ്പെടണമെന്ന ഹദീസും സംഘടിത സകാതു വാദികള്‍ ഉദ്ധരിക്കാറുണ്ട ്.

രണ്ട് രൂപത്തില്‍ ഇതിന്റെ മറുപടി ഗ്രഹിക്കാം.

ഒന്ന്: ഈ പറഞ്ഞ ശേഖരണവും വിതരണവും ബാഹ്യമായ സ്വത്തിന്റെ സകാത് സംബന്ധിച്ചാണ്. ആന്തരികമായ സ്വത്തിനെ സംബന്ധിച്ചല്ല. കാരണം ഉടമസ്ഥന് ആന്തരികമായ ധനത്തിന്റെ സകാത് സ്വയം വിതരണം നടത്താമെന്നതില്‍ അഭിപ്രായ ഭിന്നതയില്ലാത്തതാണെന്ന് ഇമാം ശാഫി’ഈ(റ)യും അസ്വ്ഹാബും പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, ലോക മുസ്ലിംകളുടെ ഇജ്മാ’അ് തന്നെ അതിലുണ്ടെന്ന് നമ്മുടെ അസ്വ്ഹാബ് ഉദ്ധരിക്കുന്നു” (ശര്‍ഹുല്‍ മുഹദ്ദബ് 6/164).

രണ്ട്: ഇബ്നുഹജര്‍(റ) പറയുന്നു: “ശേഖരിച്ച് വിതരണം ചെയ്യണമെന്ന ആജ്ഞ ഒരു യാദൃശ്ചിക കാരണത്തിനു വേണ്ടിയായിരുന്നു (സകാത് നിര്‍ബന്ധമാക്കിയ ആദ്യഘട്ടത്തില്‍) ജനങ്ങള്‍ അത് വേണ്ടത്ര ഗ്രഹിക്കാത്തതും അതിനോട് അവര്‍ക്കുള്ള വിയോജിപ്പുമായിരുന്നു അത്. ശരീ’അത്തിന്റെ നിയമങ്ങളെല്ലാം സ്ഥിരമാകാത്തതാണിതിനു കാരണം. ഈ പറഞ്ഞ ന്യായമെല്ലാം പിന്നീട് നീങ്ങിയിട്ടുണ്ട്” (തുഹ്ഫ 3/344).

(2) ആയതുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠതയിലായി ഇമാം ബുഖാരി(റ) അബൂഹുറയ്റ(റ)യില്‍ നിന്നുദ്ധരിച്ച ഹദീസില്‍ റമള്വാനിലെ സകാത് സൂക്ഷിക്കാന്‍ നബി(സ്വ) എന്നെ ഏല്‍പ്പിച്ചു.’ എന്നര്‍ത്ഥം വരുന്ന ഭാഗം കൊണ്ട് ഫിത്വ്ര്‍  സകാത് നബി(സ്വ്വ)യുടെ കാലത്ത് ശേഖരിച്ച് വിതരണം ചെയ്യലായിരുന്നുവെന്ന് വരുന്നില്ലെ?

മറുപടി: ഇല്ല. കാരണം ഹദീസില്‍ സകാതു റമള്വാന്‍ എന്നാണുള്ളത്. മറിച്ച് സകാതുല്‍ ഫിത്വ്ര്‍ എന്നല്ല. ഇനി വാദത്തിനുവേണ്ടി ഫിത്വ്ര്‍ സകാതാണെന്ന് സമ്മതിച്ചാല്‍ തന്നെ (ഇപ്രകാരം ചില ഹദീസ് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.) പിരിക്കാനും വിതരണം ചെയ്യാനും ഈ ഹദീസില്‍ തെളിവില്ല. പിരിവുകാരനെ അയക്കുകയോ ജനങ്ങളില്‍നിന്ന് സകാത് ആവശ്യപ്പെടുകയോ ചെയ്യാതെ നബി(സ്വ)യുടെ അരികില്‍ സകാത് ദായകരില്‍ നിന്ന് റമള്വാന്‍ മാസത്തില്‍ സംഘടിച്ചു കിട്ടിയ ഫിത്വ്ര്‍ സകാത് സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിനു വേണ്ടി അബൂഹുറയ്റ(റ)യെ നബി(സ്വ)ചുമതലപ്പെടുത്തിയെന്ന് മാത്രമാണ് പരമാവധി ഹദീസില്‍നിന്ന് ഗ്രാഹ്യമാവുക. ഇസ്ലാമിക ഭരണാധികാരിയായ ഇമാമുള്ളപ്പോള്‍ ഇമാമിന്റെ ഭാഗത്തു നിന്നുള്ള പിരിച്ചെടുക്കലോ ആവശ്യപ്പെടലോ ഇല്ലാതെ മൊത്തം സകാത് സ്വത്തുക്കള്‍ ഇമാമിന്റെ അരികിലെത്തിക്കലാണ് ഏറ്റവും ശ്രേഷ്ഠതയെന്ന കര്‍മശാസ്ത്ര നിയമം ഇതിനുപോല്‍ബലകമാണ്.
(3) ഇബ്നുഹജര്‍(റ) പറയുന്നു: “പൊതുവായ രൂപത്തില്‍ ഖ്വാള്വിയെ സ്ഥാനമേല്‍പ്പിക്കല്‍ കൊണ്ട് മുഴുവന്‍ അധികാരങ്ങളും പൊതുജന പ്രശ്നങ്ങളും ഖ്വാള്വിയുടെ ചുമതലയില്‍ വരുന്നു. മറ്റൊരാളെ ഏല്‍പ്പിക്കാത്ത സകാത് കാര്യങ്ങള്‍ വരെ.” (തുഹ്ഫ 10/120) ഇതുകൊണ്ട് സകാത് ശേഖരിച്ച് വിതരണം ചെയ്യാനും ഖ്വാള്വിക്ക് അധികാരമുണ്ടെന്ന് വരുന്നില്ലേ?
മറുപടി: തുഹ്ഫയുടെ ഈ ഉദ്ധരണി ഒരിക്കലും സകാത് കമ്മിറ്റിക്കാര്‍ക്കനുകൂലമല്ല. മറിച്ച് അനാഥന്‍, സ്വയം ക്രയവിക്രയം അനുവദിക്കപ്പെടാത്തവന്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക സംരക്ഷകരില്ലാത്തപ്പോള്‍ സകാതിന്റെ കാര്യം പൊതുസംരക്ഷകനെന്ന നിലക്ക് ഖ്വാള്വി ശ്രദ്ധിക്കേണ്ടതിനെ സംബന്ധിച്ചാണത്. മേലുദ്ധരണിയുടെ അവസാനത്തിലെ “മറ്റാരെയും ഉത്തരവാദപ്പെടുത്താത്ത സകാത് കാര്യം വരെ.” എന്ന വാക്ക് ഇതിന് ബലം നല്‍കുന്നു. മറ്റുള്ള പണ്ഡിതന്മാരുടെ വാക്കുകളും ഇതിന് പിന്‍ബലമായുണ്ട്.

ഇമാം അഹ്മദുറംലി(റ) പറയുന്നു: “അസ്നയുടെ വാക്കിന്റെ താത്പര്യം സകാത് പിരിക്കാനും വിതരണം ചെയ്യാനും ഖ്വാള്വിക്ക് അവകാശമുണ്ടെന്നാണെങ്കിലും ഖ്വാള്വിയുടെ സംരക്ഷണത്തിലുള്ള അനാഥക്കുട്ടികളുടെ സ്വത്തിലാണത്” (ഹാശിയതു അസ്നല്‍ മത്വാലിബ് 1/395).
ഇമാം ഖത്വീബുശിര്‍ബീനി(റ)യുടെ വാക്കുകള്‍ കാണുക: “ഖ്വാള്വിക്ക് സകാത് സ്വത്ത് വാങ്ങി വിതരണം ചെയ്യാവുന്നതാണെന്നാണ് മൂലഗ്രന്ഥകാരന്റെ (ഇമാം നവവി)വാക്കിന്റെ താത്പര്യം. എന്നാല്‍ ഇപ്പറഞ്ഞത് തന്റെ സംരക്ഷണത്തിലുള്ള അനാഥക്കുട്ടികളുടെ സ്വത്തിലാണ്. പ്രസ്തുത മുതലുകളുടെ സംരക്ഷണത്തിന് മുസ്ലിം ഭരണാധികാരി ഒരു നാള്വിറി(മേല്‍ നേട്ടക്കാരന്‍)നെ നിശ്ചയിക്കാതിരിക്കുമ്പോള്‍ ഖ്വാള്വിയുടെ അധികാരപരിധിയില്‍ ആ സ്വത്തിന്റെ സംരക്ഷണം ഉള്‍പ്പെടുമെന്നാണ് പ്രബലമായത്. ഇപ്രകാരം മൂലഗ്രന്ഥകാരന്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇമാം റാഫി’ഈ(റ) ഖ്വള്വാഅ് സംബന്ധിച്ച അധ്യായത്തില്‍ പ്രസ്തുത സ്വത്തുക്കളുടെ സംരക്ഷണം ഖ്വാള്വിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണെന് നിരുപാധികമായി പറഞ്ഞിട്ടുണ്ട്. ഒരു നാള്വിറിനെ ഇമാം നിശ്ചയിക്കാത്തിടത്താണ് അപ്പറഞ്ഞതെന്ന് വെക്കേണ്ടതാണ്” (മുഗ്നി 3/199).
ബഹു. ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ. “വിവേകമില്ലാത്തത് കാരണം ജപ്തി ചെയ്യപ്പെട്ടവനും ഇങ്ങനെ തന്നെയാണെന്നത് അവിതര്‍ക്കിതമാണ്. ഇങ്ങനെ മജ്മൂ’ഇല്‍ പ്രസ്താവിച്ചിട്ടുണ്ട്” (ഫത്ഹുല്‍ ജവാദ് 1/199).

ഇമാം സുബ്കി(റ)യുടെ വാക്കുകള്‍ കാണുക: “കുട്ടിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നവന്റെ ബാധ്യത അവകാശികള്‍ക്ക് അതിന്റെ സകാത് സ്വയം വിതരണം ചെയ്യലാണെന്നതില്‍ സന്ദേഹമില്ല. ഇനി ഇമാമിലേക്കോ ഖ്വാള്വിയിലേക്കോ അതേല്‍പ്പിക്കുകയും അവകാശികള്‍ക്ക് രണ്ടിലൊരാള്‍ അവ വിഹിതിച്ച് കൊടുക്കുകയും ചെയ്താല്‍ തന്റെ ബാധ്യത ഒഴിവാകുമെന്നതും സംശയരഹിതമാണ്” (ഫതാവാ സുബ്കി 1/201).
എന്നാല്‍ ഇപ്പറഞ്ഞത് തന്നെ സകാത് കാര്യങ്ങള്‍ നോക്കുന്നതിന് വേണ്ടി നിശ്ചിതമായ ഒരാളെ ഇമാമ് നിയോഗിക്കാതിരിക്കുമ്പോഴാണ്. നിയോഗിക്കുന്ന പക്ഷം സകാത് കാര്യങ്ങള്‍ ഖ്വാള്വിയുടെ നിയന്ത്രണ പരിധിയില്‍ നിന്ന് പാടേ പുറത്താണ്. ഇമാം നവവി(റ) പറയുന്നു: “സകാത് കാര്യങ്ങള്‍ ഇമാം മാവര്‍ദി (റ) ഇങ്ങനെ വിശദീകരിക്കുന്നു. “സകാത് കാര്യങ്ങള്‍ക്ക് വേണ്ടി നിശ്ചിതമായ ഒരാളെ ഇമാമ് നിയമിക്കുന്ന പക്ഷം അവ ഖ്വാള്വിയുടെ അധികാര പരിധിയില്‍ നിന്ന് പുറപ്പെടുന്നതാണ്” (റൌള്വ 11/125).

(4) ചിലരുടെ സംശയം ‘ഉംദയുടെ ‘ഇബാറത്തിലാണ്. “ഒരു സംഘമാളുകള്‍ അരുടെ ഫിത്വ്ര്‍ സകാത് ഒരുമിച്ച് കൂട്ടിക്കലര്‍ത്തി അവരോ അവര്‍ സമ്മതം നല്‍കിയ ഒരാളോ വിതരണം ചെയ്താല്‍ സാധുവാകുന്നതാണ്”.
മറുപടി: “ഈ പറഞ്ഞത് നമ്മുടെ വിഷയമേ അല്ലെന്ന് ഒരാവര്‍ത്തി കൂടി വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. കാരണം പലരുടെയും സകാത് പിരിച്ചെടുക്കാനും അവകാശികള്‍ക്ക് വിതരണം ചെയ്യാനും ഒരു വിഭാഗമാളുകള്‍ സംഘടിക്കുകയും പൊതു ജനങ്ങളില്‍ നിന്നും അവരുടെ സകാതിനെ ആവശ്യപ്പെടുകയും അത് പിരിച്ചെടുത്ത് വിതരണം നടത്തുകയും ചെയ്യുന്ന സംഘടിത സകാതിലുണ്ടാകുന്ന ന്യൂനതകളാണ് മേല്‍ പറഞ്ഞത്. ‘ഉംദയുടെ വാക്കിലാണെങ്കില്‍ പിരിച്ചെടുക്കലോ അതിനൊരു കമ്മിറ്റിയോ കമ്മിറ്റി വിതരണമോ അല്ല പറയുന്നത്. മറിച്ച് കുറച്ചാളുകള്‍ അവരുടെ സകാത് ഒരുമിച്ചുകൂട്ടിക്കലര്‍ത്തി അവര്‍ തന്നെയോ അല്ലെങ്കില്‍ അവര്‍ സമ്മതം നല്‍കിയ ഒരാളോ അവകാശികള്‍ക്കെത്തിക്കുന്ന രൂപമാണ് സാധുവാകുന്നതെന്ന് പറഞ്ഞത്. സ്വത്തിന്റെ ഉടമസ്ഥന്‍മാര്‍ തന്നെ സ്വമേധയാ അവരുടെ സകാത് ഒരുമിച്ച് കൂട്ടിക്കലര്‍ത്തി അവനവന്റെ വിഹിതം വിതരണം നടത്തിയാല്‍ കൂട്ടിക്കലര്‍ത്തിയതിന്റെ പേരില്‍ പ്രശ്നമില്ലെന്ന് സാരം.

(5) സകാതിന്റെ യഥാര്‍ത്ഥ അവകാശികള്‍ യാചകരെ പോലെ പണക്കാരുടെ വീട്ടുപടിക്കല്‍ സഞ്ചിയും ചുമന്ന് നില്‍ക്കുന്ന ദയനീയ രംഗം തുടച്ചു മാറ്റാന്‍ വേണ്ടിയാണ് സകാത് കമ്മിറ്റിക്കാര്‍ ശ്രമിക്കുന്നത്. ഇത് നാമെന്തിന് എതിര്‍ക്കണം? എന്നതാണ് ചിലരുടെ സംശയം.
മറുപടി: വാസ്തവത്തില്‍ ഒറ്റപ്പെട്ട യാചന ഒഴിവാക്കുന്നതിന് വേണ്ടി സംഘടിത യാചന ഏര്‍പ്പെടുത്തുന്നത് വിരോധാഭാസമാണ്. ഇതാണ് സംഘടിത സകാതിലൂടെ നടക്കുന്നത്. ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ക്ക് സാധുത ലഭിക്കാന്‍ കുറേ ഉപാധികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ ഉപാധികളിലൊന്നിന് ഭംഗം വരുത്തിയാല്‍ ആ കര്‍മ്മം അസ്വീകാര്യായി. സകാതിന്റെ സ്വീകാര്യതക്കുള്ള ഉപാധികള്‍ മുഴുവന്‍ സ്വീകരിക്കപ്പെട്ടാല്‍ മാത്രം അത് ഇസ്ലാമില്‍ സകാതായി അംഗീകരിക്കപ്പെടും. മറ്റു ഉപദേശങ്ങളൊന്നും ഈ വിഷയത്തില്‍ സ്വീകാര്യമല്ല. നിയമപരമായി സകാത് സാധുവാകുന്നുണ്ടോയെന്നതാണ് ഇസ്ലാം നോക്കുന്നത്. അല്ലാത്ത പക്ഷം അംഗീകാരവുമില്ല. ഇത്തരം സാമൂഹിക നന്മകളില്ലെന്ന് വെച്ച് ഉപാധികളൊത്ത സകാതിന്റെ സാധുതക്ക് പ്രശ്നമില്ല. ഉപാധിയൊക്കാത്തതിന് ഈ നന്മയുണ്ടായി എന്ന് കരുതി അസ്വീകാര്യത പരിഹരിക്കുന്നുമില്ല. ഉപാധിയോടെ സകാത് കൊടുക്കുമ്പോള്‍ തന്നെ ഇത്തരം സാമൂഹിക നന്മക്ക് വേണ്ടി യത്നിക്കലാണ് മുസ്ലിംകളുടെ സകാത് അസാധുവാക്കുന്ന പൊതു പ്രവര്‍ത്തനത്തെക്കാള്‍ ഉത്തമമെന്ന് പറയേണ്ടതില്ലല്ലോ.

അല്ലാഹു ഖ്വുര്‍ആനില്‍ പറയുന്നത് ചോദിച്ചുവരുന്നവര്‍ക്കും ചോദിക്കാത്തവര്‍ക്കും മുഅ്മിനിന്റെ സ്വത്തില്‍ വിഹിതമുണ്ടെന്നാണ്. എല്ലാവര്‍ക്കും കൊടുക്കുന്നവനാണ് പൂര്‍ണ വിശ്വാസി. മാത്രമല്ല ശര്‍’ഇന്റെ മാനമില്ലാതെ പൊതുനന്മകള്‍ ശര്‍’ഇല്‍ അവലംബ രേഖയല്ലെന്ന് നിദാന ശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ട തത്വമാണ്. ഇനി യാചന ഒഴിവാക്കുകയെന്ന നന്മ പരിഗണിച്ചാല്‍ തന്നെയും സ്വന്തമായി കൊടുത്താലും  ഇത് നടപ്പാക്കാമല്ലോ. സംഘടിപ്പിച്ച് വിതരണം ചെയ്താലേ ഈ നന്മ നടപ്പിലാക്കാനാകൂ എന്നത് നിരര്‍ത്ഥകമാണ്. എല്ലാം പോകട്ടെ. ഇങ്ങനെയൊരു നന്മക്കു വേണ്ടി സംഘടിപ്പിച്ച് വിതരണം ചെയ്യലായിരുന്നു അഭികാമ്യമെങ്കില്‍ ഈ ശ്രേഷ്ഠ പ്രവര്‍ത്തിയുടെ പ്രയോക്താക്കളാകേണ്ടി യിരുന്നത് പൂര്‍വ്വീക മഹത്തുക്കളായിരുന്നു. ശര്‍’ഇല്‍ അനുമതിയില്ലാത്തത് കൊണ്ടാണല്ലോ അവരത് ചെയ്യാതിരുന്നത്.

ഇബ്നുഹജര്‍(റ) പറയുന്നു: “മുസ്ലിം ഉമ്മതിലെ സല്‍വൃത്തരും ശ്രേഷ്ഠരുമായവര്‍ക്ക് വിലക്കപ്പെട്ട ഒരുകാര്യം പില്‍ക്കാല ജനങ്ങള്‍ക്ക് അനുവദിക്കപ്പെടുമെന്ന് ആരെങ്കിലും ഊഹിക്കുമോ, ഒരിക്കലുമില്ല” (ഫതാവാ ഇബ്നുഹജര്‍ 3/161). ഇമാം അബൂശാമ(റ) പറയുന്നു: “അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള മാര്‍ഗവും വഴിപാടുമാണെന്ന് മിക്കജനങ്ങളും ധരിക്കുന്ന ചില കാര്യങ്ങളൊന്നും അങ്ങനെയാകില്ല. എന്നല്ല, അങ്ങനെ പ്രവര്‍ത്തിക്കുന്നതിലുപരി ഉപേക്ഷിക്കുന്നതിലാകും നന്മ. ഇത് വിശദീകരിക്കുന്നതിന് വേണ്ടിയാണ് എന്റെ ഈ രചന തന്നെ. യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടര്‍ അല്ലാഹു ശര്‍’ആക്കാത്ത ഒന്ന് മുഖേനയാണ് അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നത്. എന്നല്ല അല്ലാഹു വിരോധിച്ച കാര്യം മുഖേന. ഭൂമിയില്‍ നിങ്ങള്‍ നാശം വിതക്കരുതെന്നവരോട് പറയപ്പെട്ടാല്‍ ഞങ്ങള്‍ നന്മ വിതക്കുന്നവരാണെന്നായിരിക്കും അവരുടെ മറുപടി. നിശ്ചയം ഇക്കൂട്ടരാണ് നാശകാരികളെന്നറിയുക. പക്ഷേ, അവര്‍ക്കറിയില്ല” (അബൂശാമ(റ)യുടെ കിതാബുല്‍ ബാഇസ്, പേജ് 25).

ഏറ്റവും നല്ലത്

ഇനി ഒരു നാട്ടില്‍ രൂപീകൃതമായ കമ്മിറ്റി ജനങ്ങളില്‍ നിന്ന് തീരെ സകാത് ആവശ്യപ്പെടാതെ ആരെങ്കിലും ഏല്‍പ്പിക്കുന്നത് സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സങ്കല്‍പ്പിക്കുക.(പക്ഷേ, ഇത് സാങ്ക ല്‍പ്പിക്കം മാത്രമാണ്) എന്നാല്‍ തന്നെ കമ്മിറ്റിയിലെ നിശ്ചിത ഒരാളെ നിയമാനുസൃതം വകാലതാക്കുകയും മറ്റെല്ലാ നിബന്ധനകളും ഒത്തു കൂടുകയും ചെയ്താല്‍ ഉടമസ്ഥന്റെ ബാധ്യത വീടുമെങ്കിലും അത് ശ്രേഷ്ഠമായതിന് വിരുദ്ധമാണെന്നതില്‍ പക്ഷാന്തരമില്ല. കാരണം സ്വന്തമായി വിതരണം ചെയ്യുന്നത് വകാലതായി വിതരണം ചെയ്യുന്നതിനെക്കാള്‍ ശ്രേഷ്ഠമാണെന്നതില്‍ തര്‍ക്കമേയില്ലെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 6/165, റൌള്വ 2/61, ശര്‍ഹുല്‍ കബീര്‍ 5/521, മുഗ്നി 1/414 എന്നിവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉടമ നേരിട്ട് വിതരണം ചെയ്യല്‍ മറ്റൊരാളെ ഏല്‍പ്പിക്കുന്നതിനെക്കാള്‍ പുണ്യമാണെന്നതില്‍ പക്ഷാന്തരമില്ല(മുഗ്നി 1/414, നിഹായ 3/135, മഹല്ലി 2/42). ചുരുക്കത്തില്‍ ഒരു പരിതസ്ഥിതിയിലും വകീലിനെ ഏല്‍പ്പിക്കുന്നത് ഉത്തമമല്ലെന്ന് വ്യക്തം.

ഇമാമ് നിലവിലില്ലാത്ത നമ്മുടെ നാട് പോലെയുള്ള സ്ഥലങ്ങളില്‍ സ്വയം വിതരണം നടത്തലാണ് ഏറ്റവും അഭികാമ്യമെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണെന്ന് സംക്ഷിപ്തം. ശരിയായ വകാലതിന് തന്നെ രണ്ടാം സ്ഥാനമേയുള്ളൂ. അപ്പോള്‍ പിന്നെ സാധുതയില്ലാത്ത രൂപത്തിലുള്ള വകാലതും വിതരണവും വഴി മുസ്ലിംകളുടെ പുണ്യ കര്‍മ്മം പാഴാക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. സംശയരഹിതമായ രൂപത്തില്‍ സകാത് നല്‍കി, ചെയ്യുന്ന നല്ല കാര്യങ്ങള്‍ അതിന്റേതായ രൂപത്തിലാകാന്‍ മുസ്ലിംകള്‍ ശ്രദ്ധിക്കണം.

അബൂസ’ഈദില്‍ മഖ്ബുരി(റ)യില്‍ നിന്ന് നിവേദനം: “ഇരുനൂറ് ദിര്‍ഹമുമായി ഞാന്‍ ‘ഉമറുബ്നുല്‍ ഖത്ത്വാബി(റ)ന്റെ അരികില്‍ ചെന്ന് ഇങ്ങനെ പറഞ്ഞു. ഓ അമീറുല്‍ മുഅ്മിനീന്‍, ഇതെന്റെ ധനത്തിന്റെ സകാതാണ്. അവിടുന്നിപ്രകാരം പ്രതിവചിച്ചു. ഇത് നീ തന്നെ കൊണ്ടുപോയി വിതരണം ചെയ്യുക. (ബൈഹഖ്വി) സ്വന്തമായി സകാത് വിതരണം ചെയ്യുന്നതിന് ഈ ഹദീസ് രേഖയാണെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 6/164ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

സൂക്ഷിപ്പ് പണമായ ദിര്‍ഹമുകളുടെ സകാതായിരുന്നു ഹദീസില്‍ പറഞ്ഞതെന്ന് വ്യക്തം. സൂക്ഷിപ്പ് പണം ആന്തരിക ധനത്തില്‍ പെട്ടതാണെന്ന് ശ്രദ്ധേയമാണ്. ആന്തരികസ്വത്തിന്റെ സകാത് സ്വന്തമായി കൊടുക്കല്‍ ഉത്തമമായത് കൊണ്ട് തന്നെയാണ് ‘ഉമര്‍(റ) സ്വന്തമായി കൊടുക്കാന്‍ പറഞ്ഞതെന്ന് തീര്‍ച്ച .

Saturday, 26 May 2018

ഈദുല്‍ഫിത്വര്‍ ആഘോഷം



“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു” (ഹദീസ്). ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്‍. ‘ഈദ് എന്ന അറബി പദത്തെക്കുറിച്ച് ഇബ്നുഹജറുല്‍ ഹൈതമി(റ) എഴുതുന്നു: “‘ഈദിന്റെ നിഷ്പത്തി ‘ഔ ദില്‍ നിന്നാണ്. അതിന്റെ വിവക്ഷ ആവര്‍ത്തനം എന്നാകുന്നു. പെരുന്നാളിന് ഈ പേര് നല്‍കാന്‍ കാ രണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാകാം. പെരുന്നാള്‍ ദിനം മുസ്ലിം മനസ്സുകളില്‍ സന്തോഷത്തിന്റെ ആവര്‍ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിനു പിന്നില്‍ ചിലര്‍ കാണുന്നുണ്ട്. ചില പണ്ഢിതന്മാരുടെ അഭിപ്രായം പെരുന്നാള്‍ സുദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ദാസന്മാര്‍ക്കുമേല്‍ വര്‍ഷിക്കുന്നുവെന്ന അര്‍ഥത്തില്‍ ‘അവാഇദുല്ലാഹ് -അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എന്ന പദത്തില്‍ നിന്നാണ് ‘ഈദ് ഉണ്ടായതെന്നാണ്. പെരുന്നാള്‍ ആഘോഷത്തിന്റെ സുദിനമാണ്. പക്ഷേ, ഇസ്ലാമില്‍ ആഘോഷത്തിനും പരിമിതികളുണ്ട്. പെരുന്നാള്‍ ആഘോ ഷം സംബന്ധിച്ച പ്രമാണങ്ങള്‍ നമുക്ക് പരിശോധിക്കാം.

അനസുബ്നു മാലിക്(റ) പറയുന്നു: “ജാഹിലിയ്യാ കാലത്ത് വര്‍ഷത്തില്‍ രണ്ടുദിവസം ആ ഘോഷത്തിമര്‍പ്പിനായി നിശ്ചയിക്കപ്പെട്ടിരുന്നു. ആ ദിവസങ്ങളില്‍ ജനങ്ങള്‍ കളിച്ചുരസിക്കുക പതിവായിരുന്നു. നബി(സ്വ) മദീനയിലെത്തിയ ശേഷം പ്രഖ്യാപിച്ചു: “മാന്യസഹോദരങ്ങളേ, നിങ്ങള്‍ക്ക് കളിച്ചുരസിക്കാന്‍ കഴിഞ്ഞകാലത്ത് രണ്ട് പെരുന്നാളുകളുണ്ടായിരുന്നുവല്ലോ. അവയെക്കാള്‍ ശ്രേഷ്ഠമായ രണ്ടു ദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നു. ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായും”.

ആഘോഷങ്ങള്‍ സമൂഹത്തിന്റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യ ത്തെ ഇസ്ലാം മാനിക്കുന്നുവെന്നും നമുക്കീ ഹദീസില്‍ നിന്നു ഗ്രഹിക്കാം. ജാഹിലിയ്യാ കാലത്തെ ആ ഘോഷങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നിരസിക്കുന്നതും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമായതുകൊണ്ട് അവ നബി(സ്വ) തടഞ്ഞു. അന്യസമൂഹത്തിന്റെ ആചാരാഘോഷങ്ങളില്‍ വിശ്വാസികള്‍ സഹകാരികളാകരുതെന്നും ഈ ഹദീസ് സൂചിപ്പിക്കുന്നു. സ്വത്വം നഷ്ടപ്പെടുത്തി അന്യമത ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നത് മതപരമായി തെറ്റുതന്നെയാണെന്ന് ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്നുഹജറുല്‍ ‘അസ്ഖ്വലാനി(റ) പറഞ്ഞിട്ടുണ്ട്.

ആത്മീയവും ഭൌതികവുമായ മോക്ഷമാണല്ലോ ഇസ്ലാമിന്റെ ലക്ഷ്യം. അതിനനുസരിച്ച കര്‍മാനുഷ്ഠാനങ്ങള്‍ക്കാണ് ഇസ്ലാം പ്രാധാന്യം കാണുന്നത്. പെരുന്നാളാഘോഷ കാര്യത്തിലുംഇതു ബാധകമാണ്. അതുകൊണ്ട് പെരുന്നാളിലും ശരീ’അത്തിനു വിരുദ്ധമല്ലാത്ത വിധം നമു ക്കു സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാം. ഒരു ഹദീസ് കാണുക: ആ’ഇശാബീവി(റ) പറയുന്നു: ‘ഒരു ചെറിയ പെരുന്നാള്‍ ദിവസം എന്റെ പിതാവ് അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സ്വാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാട്ടുപാടുകയായിരുന്നു. രണാങ്കണത്തി ല്‍ ശക്തി തെളിയിച്ച പൂര്‍വ്വികരെ കുറിച്ചുള്ള പ്രകീര്‍ത്തനമാണവര്‍ ആലപിച്ചിരുന്നത്. ആ കുട്ടികള്‍ സ്ഥിരം പാട്ടുകാരായിരുന്നില്ല. ഇതുകണ്ടപ്പോള്‍ അബൂബക്ര്‍(റ) ദേഷ്യപ്പെട്ടു. ‘എന്താണിത്, പ്രവാചക ഭവനത്തിലാണോ ഈ പൈശാചിക ഗാനങ്ങള്‍?’ അദ്ദേഹം ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അബൂബക്ര്‍, ഓരോ സമുദായത്തിനും പെരുന്നാളുണ്ട്. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണല്ലോ’ (ഇമാം ബുഖാരി, ഇബ്നുമാജ, ഹ.നമ്പര്‍. 1898).

പെരുന്നാള്‍ സുദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് അന്നു വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്. അന്നപാനാദികളാണല്ലോ ഏത് ആഘോഷത്തിന്റെയും പ്രധാന ഭാഗം. ഇതുസംബന്ധമായ ഏതാനും ഹദീസുകള്‍ കാണുക: “അബൂനുബൈശ(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: “പെരുന്നാള്‍ സുദിനങ്ങള്‍ അന്നപാനാദികള്‍ക്കും ഇലാഹീ സ്മരണ പുതുക്കാനുമുള്ളതാണ്’ (മുസ്ലിം).

സ്വഹാബികളില്‍ പ്രധാനിയായ അബൂ’ഉബൈദ്(റ) പറയുന്നു: “ഞാനൊരു പെരുന്നാള്‍ ദിനത്തില്‍ ഉമര്‍ (റ)വിനെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: “രണ്ടുദിനങ്ങളിലെ നോമ്പാചരണം നബി(സ്വ) വ്യക്തമായി വിലക്കിയതാണ്. ഒന്ന്: റമള്വാനു സമാപ്തിയായെത്തുന്ന ചെറിയ പെരുന്നാള്‍ സുദിനം. മറ്റൊന്ന് – ഉള്വ് ഹിയ്യത്ത് മാംസം യഥേഷ്ടമുപയോഗിക്കാന്‍ നിങ്ങള്‍ക്കവസരമൊരുക്കുന്ന ബലിപെരുന്നാള്‍ സുദിനവും” (ബുഖാരി).
അബൂസ’ഈദ്(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: “ചെറിയ വലിയ പെരുന്നാള്‍ ദിനങ്ങളിലെ നോമ്പാചരണം പ്രവാചകര്‍ നിരോധിച്ചിരിക്കുന്നു” (ബുഖാരി).

നബി(സ്വ) വ്യക്തമായി വിലക്കിയതാണ്. ഒന്ന്: റമള്വാനു സമാപ്തിയായെത്തുന്ന ചെറിയ പെരുന്നാള്‍ സുദിനം. മറ്റൊന്ന് – ഉള്വ് ഹിയ്യത്ത് മാംസം യഥേഷ്ടമുപയോഗിക്കാന്‍ നിങ്ങള്‍ക്കവസരമൊരുക്കുന്ന ബലിപെരുന്നാള്‍ സുദിനവും” (ബുഖാരി).
അബൂസ’ഈദ്(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: “ചെറിയ വലിയ പെരുന്നാള്‍ ദിനങ്ങളിലെ നോമ്പാചരണം പ്രവാചകര്‍ നിരോധിച്ചിരിക്കുന്നു” (ബുഖാരി).

തക്ബീര്‍
പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ സദ്കര്‍മ്മമാണ് തക്ബീര്‍ ചൊല്ലല്‍. പെരുന്നാള്‍ ദിനത്തി ലെ തക്ബീര്‍ ഘോഷത്തെപറ്റി വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്. വിശുദ്ധറമള്വാന്റെയും വ്രതാചരണത്തിന്റെയും മഹത്വവും പ്രസക്തിയും വ്യക്തമാക്കുന്ന അല്‍ബഖ്വറയിലെ 185-ാം വാക്യത്തിന്റെ അവസാനത്തിലെ ‘വലിതുക്മിലൂ…’ എന്നു തുടങ്ങുന്ന ആയത്തിന്റെ ആശയം ഇമാം ശാഫി’ഈ(റ) വ്യക്തമാക്കുന്നതിങ്ങനെ: “വിശുദ്ധ റമള്വാന്‍ മാസം പൂര്‍ത്തീകരിക്കാനും അല്ലാഹുവിനെ അനുസരിക്കാനും നിങ്ങള്‍ക്കു ലഭിച്ച അവസരത്തെ മാനിച്ചു റമള്വാന്‍ സമാപന സന്ദര്‍ഭത്തില്‍ അല്ലാഹുവിനു നിങ്ങള്‍ തക്ബീര്‍ ചൊല്ലാനും അതുവഴി നിങ്ങള്‍ കൃതജ്ഞതയുള്ളവരായിത്തീരാനും’.

പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം റാസി(റ) ഇതുസംബന്ധമായി എഴുതുന്നത് കാണുക: “ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ താത്പര്യം ഈദുല്‍ഫിത്വര്‍ രാവിലെ തക്ബീര്‍ ആണെന്നു പറയാം”. ഇബ്നു’അബ്ബാസ്(റ) പറഞ്ഞു: “ശവ്വാല്‍പിറവി ദൃശ്യമായാല്‍ തക്ബീര്‍ ചൊല്ലല്‍ എല്ലാ മുസ്ലിംകളുടെയും ബാധ്യതയാണ്”. ഇമാം ശാഫി’ഈ(റ) പറഞ്ഞു: “രണ്ടു പെരുന്നാള്‍ ദിനങ്ങളിലെ തക്ബീര്‍ ഞാനേറെ താത്പര്യപ്പെടുന്ന ഒന്നാണ്”.
പ്രസ്തുത ഖുര്‍ആന്‍ വാക്യം തന്നെയാണ് പെരുന്നാളിലെ തക്ബീറിന് ആധാരമായി ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ ഉദ്ധരിക്കുന്നത്. പെരുന്നാളിലെ തക്ബീറിനെ സംബന്ധിച്ചുള്ള ഹദീസുകള്‍ കാണുക. നാഫി’അ്(റ)വില്‍ നിന്നു നിവേദനം. “നബി(സ്വ) രണ്ട് പെരുന്നാള്‍ ദിനത്തിലും നിസ്കാരത്തിന് പുറപ്പെടാറ് ഫള്വ്ലുബ്നു ‘അബ്ബാസ്, ‘അബ്ദുല്ലാഹിബ്നു ‘അബ്ബാസ്, ‘അലിയ്യ്, ജ’അ്ഫര്‍, ഹസന്‍, ഹുസൈന്‍, ഉസാമതുബ്നു സൈദ്, സൈദുബ്നു ഹാരിസ, അയ്മന്‍ ഇബ്നു ഉമ്മിഅയ്മന്‍(റ.ഹും) എന്നിവരോടൊത്ത് ഉച്ചത്തില്‍ തക്ബീറും തഹ്ലീലും ചൊല്ലിക്കൊണ്ടായിരുന്നു. അങ്ങനെ പലവഴികള്‍ താണ്ടി അവര്‍ നിസ്കാരാസ്ഥലത്തെത്തിച്ചേരും”.
‘അബ്ബാസ്(റ) പറഞ്ഞു: “ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ പിന്നെ പെരുന്നാളാഷോഘത്തില്‍ നിന്നു വിരമിക്കുന്നത് വരെ തക്ബീര്‍ ചൊല്ലല്‍ മുസ്ലിംകള്‍ക്കു ബാധ്യതയാണ്. അല്ലാഹു തന്നെ ഇക്കാര്യം ഉണര്‍ത്തിച്ചതാണിതിനു കാരണം’. അനസ്(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ നബി(സ്വ) ഇങ്ങനെ നിര്‍ദേശിച്ചതായി കാണാം. “നിങ്ങള്‍ പെരുന്നാള്‍ ദിനത്തെ തക്ബീര്‍ ധ്വനികളാല്‍ അലംകൃതമാക്കുവീന്‍’ (ത്വബ്റാനി).
അബൂ അബ്ദിറഹ്മാനുസ്സലമിയില്‍ നിന്ന്: “സ്വഹാബികള്‍ ‘ഈദുല്‍ ഫിത്വറില്‍ തക്ബീര്‍ മുഴക്കുന്ന കാര്യത്തില്‍ വളരെ ഔത്സുക്യം കാണിക്കുന്നവരായിരുന്നു’ (ദാറഖ്വുത്വ്നി, ബൈഹഖ്വി). അത്വാഅ്(റ)വില്‍ നിന്ന്: ‘പെരുന്നാളിലെ തക്ബീര്‍ തിരുനബി ചര്യയില്‍ പെട്ടതാണ്’ (ഇബ്നു അബീശൈബ).

തക്ബീറിന്റെ വിധികള്‍
‘ഈദുല്‍ഫിത്വറില്‍ തക്ബീര്‍ മുഴക്കേണ്ട സമയം, പൈരുനാനാള്‍ രാവിന്റെ ആരംഭം കുറിക്കുന്ന സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത് വരെയാണ്. ഈ സമയത്തിനിടയില്‍ എപ്പോഴും തക്ബീര്‍ സുന്നത്താണ്. തക്ബീര്‍ ചൊല്ലല്‍ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ ക്കും സുന്നത്താണ്. വീടുകള്‍, പള്ളികള്‍, നടവഴികള്‍, അങ്ങാടികള്‍ തുടങ്ങി എവിടെ വെച്ചും തക് ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും തക്ബീര്‍ സുന്നത്താണ്. എന്നാല്‍ അവര്‍ അന്യപുരുഷന്മാരുടെ സമീപത്തുവെച്ചു ശബ്ദമുയര്‍ത്തി ചൊല്ലാന്‍ പാടില്ലെന്നാണ് നിയമം. ഒറ്റക്കോ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരുടെ അടുക്കല്‍വെച്ചോ ശബ്ദമുയര്‍ത്തി ചൊല്ലുന്നതില്‍ വിരോധമില്ല. പുരുഷന്മാര്‍ ഏതവസ്ഥയിലും ഉച്ചത്തില്‍ ചൊല്ലുന്നതാണ് സുന്നത്ത്.

പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായാല്‍ പെരുന്നാള്‍ നിസ്കാരസമയം വരെ തക്ബീറില്‍ മുഴുകുന്നതാണ് അഭികാമ്യം. അതനുസരിച്ച് അല്‍കഹ്ഫ്, സ്വലാത്ത് എന്നിവയെക്കാള്‍ പ്രാധാന്യം തക്ബീറിനാണ്. എന്നാല്‍ പെരുന്നാള്‍ നിസ്കാരം നേരത്തേ നിര്‍വ്വഹിക്കുകയാണെങ്കില്‍ തക്ബീറും ജുമുഅ ദിനചര്യകളും വെവ്വേറെ നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുമല്ലോ.

അണിഞ്ഞൊരുങ്ങല്‍
പെരുന്നാള്‍ ദിനത്തില്‍ കുളിക്കലും അണിഞ്ഞൊരുങ്ങലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇവ സുന്നത്താണ്. ഇബ്നു ‘ഉമര്‍(റ)വില്‍ നിന്ന്: ഇബ്നു’ഉമര്‍(റ) ‘ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പ്രത്യേക കുളി നബിചര്യയായി അനുഷ്ഠിച്ചിരുന്നു. പെരുന്നാള്‍ രാവ് പകുതി പിന്നിട്ടാ ല്‍ പെരുന്നാള്‍ കുളി സുന്നത്തായി. പള്ളിയില്‍ പോകുന്നവര്‍ക്കും പോകാത്തവര്‍ക്കും കുളി സുന്നത്താണ്. വല്ല കാരണത്താലും കുളിക്കാന്‍ സാധിക്കാതെ വന്നാല്‍ പ്രസ്തുത സുന്നത്ത് വീണ്ടെടുക്കുന്നു എന്ന ഉദ്ദേശ്യത്തോടെ പിന്നീട് ഈ കുളി നിര്‍വ്വഹിക്കല്‍(ഖളാഅ്) സുന്നത്താണെന്ന് പണ്ഢിതന്മാര്‍ പറയുന്നു.

പല്ലുതേക്കുക, ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ ഒഴിവാക്കുക, മീശ വെട്ടുക, കൈകാല്‍ നഖങ്ങള്‍ വെട്ടുക, കക്ഷത്തിലെയും അധോഭാഗത്തെയും രോമങ്ങള്‍ നീക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ദിവസത്തെ മാനിച്ചു പ്രത്യേകം ചെയ്യേണ്ടതാണ്.

പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിയുന്നത് പ്രത്യേകം സുന്നത്താണ്. നബി(സ്വ) പെരുന്നാളില്‍ യമന്‍ നിര്‍മിതമായ വസ്ത്രമാണണിഞ്ഞിരുന്നതായി ഇബ്നു’അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസില്‍ കാണാം. കൈവശമുള്ളതില്‍ ഏറ്റവും മുന്തിയ വസ്ത്രമാണ് ധരിക്കല്‍ സുന്നത്ത്. സുഗന്ധം ഉപയോഗിക്കലും ഈ ദിനത്തില്‍ പ്രധാന സുന്നത്താണ്. ഈ കാര്യങ്ങളെല്ലാം സ്ത്രീകള്‍ക്കും വീട്ടില്‍വെച്ച് സുന്നത്ത് തന്നെയാണ്. പെരുന്നാളില്‍ കുട്ടികളെ പ്രത്യേകം പരിഗണിക്കണമെന്നതാണ് പണ്ഢിതവിധി. ബഹുവന്ദ്യരായ ഇമാം ശാഫി’ഈ(റ) ഇക്കാര്യം എടുത്തുപറഞ്ഞതായി കാണാം. ആഭരണങ്ങളും മറ്റുമണിയിച്ച് അവരെ സംതൃപ്തരാക്കണം. സന്തോഷത്തിമര്‍പ്പിന് ഏറെ ദാഹിക്കുന്ന മനസ്സാണല്ലോ കുട്ടികളുടേത്. അതുകൊണ്ട് അവരെ അവഗണിക്കുന്നത് തെറ്റാണ്.

മൈലാഞ്ചി
പെരുന്നാള്‍ പ്രമാണിച്ചും അല്ലാതെയും മൈലാഞ്ചി ഉപയോഗിക്കല്‍ സാധാരണമാണ്. ഇതിന്റെ മതവിധി താഴെ പറയുന്നു. വിവാഹിതകളായ സ്ത്രീകള്‍ക്ക് ഏതവസരത്തിലും മൈലാഞ്ചിയണിയല്‍ സുന്നത്താണ്. അവിവാഹിതകള്‍ക്ക് ഇത് സുന്നത്തില്ല എന്നുമാത്രമല്ല കറാഹത്തുമാണ്. ‘ഇദ്ദയനുഷ്ഠിക്കുന്ന സ്ത്രീക്ക് മൈലാഞ്ചിയിടല്‍ ഹറാമാണ്. പുരുഷന്മാര്‍ക്കും നപുംസകത്തിനും ഇത് ഹറാം തന്നെയാണ്. എന്നാല്‍ ചികിത്സയായോ മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കോ പുരുഷന്മാര്‍ക്കും മൈലാഞ്ചിയിടാം.
ഇതു സംബന്ധമായി ഇമാം നവവി(റ) പറയുന്നത് കാണുക: “കൈകാലുകള്‍ മൈലാഞ്ചി തേച്ചു ചായം പിടിപ്പിക്കല്‍ വിവാഹതകള്‍ക്കു സുന്നത്താണ്. പ്രസിദ്ധമായ ഹദീസുകള്‍ ഇതിനു പിന്‍ബലമുണ്ട്. ചികിത്സപോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ പുരുഷന്മാര്‍ മൈലാഞ്ചിയണിയല്‍ ഹറാമാണ്. അതിനു തെളിവായി സ്വഹീഹായ ഹദീസ് കാണുക.”പുരുഷന്മാരില്‍നിന്നു സ്ത്രീകളോട് തുല്യമാകുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു”.

അബൂഹുറയ്റ(റ)വില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ പറയുന്നു: “കൈകാലുകള്‍ മൈലാഞ്ചിയണി ഞ്ഞു നിറം പിടിപ്പിച്ച ഒരു മനുഷ്യനെ നബിസന്നിധിയില്‍ ഹാജരാക്കപ്പെട്ടു. എന്താണിവന്റെ കഥ? റസൂല്‍(സ്വ) ആരാഞ്ഞു. ആളുകള്‍ പറഞ്ഞു. ഇയാള്‍ സ്ത്രീകളോട് സദൃശമായിരിക്കുന്നു. നബി(സ്വ) ആ മനുഷ്യനെ തല്‍ക്കാലം നഖീ’ഇലേക്കു നാടുകടത്താല്‍ വിധിച്ചു. സ്വഹാബത്ത് ചോദിച്ചു. ഞങ്ങളിയാളെ വധിക്കട്ടെയോ? തങ്ങള്‍ പറഞ്ഞു. പറ്റില്ല. നിസ്കരിക്കുന്നവനെ കൊല്ലാന്‍ ന്യായമില്ല. അത് നിരോധിതമാകുന്നു” (സുനന്‍ അബീദാവൂദ്).

ഇമാം നവവി(റ) പറയുന്നു: “ഭര്‍ത്താവുള്ള സ്ത്രീക്ക് മൈലാഞ്ചിയണിയല്‍ ഏതുസമയത്തും സുന്നത്താണ്. കാരണം മൈലാഞ്ചി പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കുന്നതും ആഡംബരവുമാണ്. എന്നാല്‍ അവിവാഹിതകള്‍ കാരണമില്ലാതെ മൈലാഞ്ചിയണിയല്‍ കറാഹത്താണ്. അവള്‍ക്കുതന്നെ ചിലപ്പോഴത് ആപത്തുവരുത്തുമെന്നതാണിതിനു കാരണം”.
പ്രഗത്ഭ പണ്ഢിതന്‍ ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: ”പുരുഷന്മാര്‍ക്കു മൈലാഞ്ചിയണിയല്‍ ഹറാമാണെന്നതിനു പ്രബലമായ ഹദീസുകളും ഖണ്ഡിതമായ രേഖകളും തെളിവുണ്ട്. അതുതന്നെയാണ് ശാഫി’ഈ മദ്ഹബിന്റെ വീക്ഷണവും. മുഖ്തസ്വറുല്‍ മുസ്നിയില്‍ ഇതുകാണാം. അവിടത്തെ അസ്വ്ഹ്വാബും ഇതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. ഈ കാര്യം ഇത്രയും വ്യക്തമായിരിക്കെ ഇതിനെതിരു പ്രവര്‍ത്തിക്കുന്നവന്‍ തീര്‍ത്തും വഴിതെറ്റിയിരിക്കുന്നുവെന്ന് വ്യക്തം”.
പുരുഷന്മാര്‍ക്കു മൈലാഞ്ചിയണിയല്‍ ഹറാമില്ല എന്ന വാദക്കാര്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇത്രയും കാര്യങ്ങള്‍ കുറിച്ചിരിക്കുന്നത്. മൈലാഞ്ചി ഇരു കൈപ്പത്തിയും നിറയെ മണിബന്ധം വരെ അണിയുന്നതാണ് ശൈലിയെന്ന് ഇമാം നവവി(റ) പറയുന്നു.

ലൈലതുല്‍ ഫിത്വ്ര്‍
പെരുന്നാള്‍ രാവില്‍ സുന്നത്ത് നിസ്കാരങ്ങളിലും ദിക്റുകളിലും പ്രാര്‍ഥനകളിലും മുഴുകല്‍ സുന്നത്താണ്. ഇതിനുപോല്‍ബലകമായ നബിവചനങ്ങള്‍ കാണുക. അബൂഉമാമ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘പെരുന്നാള്‍ രാവുകളില്‍ പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ ഹൃദയങ്ങള്‍, എല്ലാ ഹൃദയങ്ങളും മരിക്കുന്ന നാളില്‍ ജീവസ്സുറ്റതായി നില്‍ക്കുന്നതാണ്” (ഇബ്നുമാജ).

മു’ആദുബ്നു ജബല്‍(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: “അഞ്ചു രാവുകള്‍ സജീവമാക്കുന്നവര്‍ക്കു സ്വര്‍ഗം സുനിശ്ചിതമാണ്. ആ രാവുകളില്‍ നാലാമതായി എണ്ണിയത് ചെറിയപെരുന്നാള്‍ രാവായിരുന്നു” (ഇസ്വ്ബഹാനി). ഇതേ ആശയമുള്‍ക്കൊള്ളുന്ന വേറെയും ഹദീസുകള്‍ കാണാവുന്നതാണ്. ഈ രാവിന്റെ പ്രാധാന്യത്തെ ഇമാം ശാഫി’ഈ(റ) തന്റെ ഉമ്മില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതായി ഇമാം നവവി(റ) ഉദ്ധരിക്കുന്നു: “ഇബ്റാഹിം ഇബ്നുമുഹമ്മദ് നമ്മോട് പറഞ്ഞിരിക്കുന്നു. മദീനയിലെ സാത്വികരായ പല ശൈഖുമാരും രണ്ട് പെരുന്നാള്‍ രാവിലും മസ്ജിദുന്നബവിയില്‍ വന്നു പ്രത്യേക ദിക്റും പ്രാര്‍ഥനയും നടത്തിയിരുന്നതായി ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. രാത്രിയില്‍ നിന്നല്‍പ്പസമയം മാത്രം ശേഷിക്കുന്നത് വരെ അവര്‍ ഈ കര്‍മ്മങ്ങള്‍ തുടര്‍ന്നിരുന്നു”. ഇബ്നു’ഉമര്‍(റ) പെരുന്നാള്‍ രാവിനെ സജീവമാക്കിയതായി വാര്‍ത്ത ലഭിച്ചിട്ടുണ്ടെന്നും ശാഫി’ഈ(റ) പറഞ്ഞിട്ടുണ്ട്. നബി(സ്വ)യെ പൂര്‍ണാര്‍ഥത്തില്‍ പിന്തുടര്‍ന്നിരുന്ന മഹാന്‍ ഒരടിസ്ഥാനവുമില്ലാതെ ഇങ്ങനെ ചെയ്യുകയില്ലെന്നു നമുക്ക് ഊഹിക്കാവുന്നതാണല്ലോ.
ഈ രാവ് ‘ഹയാത്താക്കാന്‍’ എത്രസമയം ഉപയോഗപ്പെടുത്തണമെന്നതു സംബന്ധമായി ശറഹുല്‍ മുഹദ്ദബില്‍ ഇങ്ങനെ കാണാം: “രാവിന്റെ മുഖ്യഭാഗവും സജീവമാക്കണമെന്നു തന്നെയാണ് പ്രബലാഭിപ്രായം. ഒരു മണിക്കൂര്‍ ചിലവാക്കിയാലും മതിയാകുമെന്നും അഭിപ്രായമുണ്ട്. ഖ്വാള്വി ഹുസൈന്‍, ഇബ്നു’അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു. ലൈലതുല്‍ ‘ഈദ് ഹയാത്താക്കി എന്നുവരാന്‍ ഇശാഅ്, സ്വുബ്ഹി എന്നീ നിസ്കാരങ്ങള്‍ ജമാഅത്തായി നിസ്കരിച്ചെന്ന് ഉറപ്പുവരുത്തിയാല്‍ മതിയാകുന്നതാണ്”.
ചുരുക്കത്തില്‍, പെരുന്നാള്‍ രാവ് വിനോദങ്ങളിലായി നഷ്ടപ്പെടുത്താനുള്ളതല്ല. കഴിയുന്നത്ര സമയം സജീവമാക്കി പുണ്യം നേടാനാണ് ശ്രമിക്കേണ്ടത്. ചെറിയ പെരുന്നാള്‍ രാവിന്റെയും (ലൈലതുല്‍ ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷദിനമാകുന്നു” (ഹദീസ്). ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്‍. ‘ഈദ് എന്ന അറബി പദത്തെക്കുറിച്ച് ഇബ്നുഹജറുല്‍ ഹൈതമി(റ) എഴുതുന്നു: “‘ഈദിന്റെ നിഷ്പത്തി ‘ഔ ദില്‍ നിന്നാണ്. അതിന്റെ വിവക്ഷ ആവര്‍ത്തനം എന്നാകുന്നു. പെരുന്നാളിന് ഈ പേര് നല്‍കാന്‍ കാ രണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാകാം. പെരുന്നാള്‍ ദിനം മുസ്ലിം മനസ്സുകളില്‍ സന്തോഷത്തിന്റെ ആവര്‍ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിനു പിന്നില്‍ ചിലര്‍ കാണുന്നുണ്ട്. ചില പണ്ഢിതന്മാരുടെ അഭിപ്രായം പെരുന്നാള്‍ സുദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ദാസന്മാര്‍ക്കുമേല്‍ വര്‍ഷിക്കുന്നുവെന്ന അര്‍ഥത്തില്‍ ‘അവാഇദുല്ലാഹ് -അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എന്ന പദത്തില്‍ നിന്നാണ് ‘ഈദ് ഉണ്ടായതെന്നാണ്. പെരുന്നാള്‍ ആഘോഷത്തിന്റെ സുദിനമാണ്. പക്ഷേ, ഇസ്ലാമില്‍ ആഘോഷത്തിനും പരിമിതികളുണ്ട്. പെരുന്നാള്‍ ആഘോ ഷം സംബന്ധിച്ച പ്രമാണങ്ങള്‍ നമുക്ക് പരിശോധിക്കാം.

അനസുബ്നു മാലിക്(റ) പറയുന്നു: “ജാഹിലിയ്യാ കാലത്ത് വര്‍ഷത്തില്‍ രണ്ടുദിവസം ആ ഘോഷത്തിമര്‍പ്പിനായി നിശ്ചയിക്കപ്പെട്ടിരുന്നു. ആ ദിവസങ്ങളില്‍ ജനങ്ങള്‍ കളിച്ചുരസിക്കുക പതിവായിരുന്നു. നബി(സ്വ) മദീനയിലെത്തിയ ശേഷം പ്രഖ്യാപിച്ചു: “മാന്യസഹോദരങ്ങളേ, നിങ്ങള്‍ക്ക് കളിച്ചുരസിക്കാന്‍ കഴിഞ്ഞകാലത്ത് രണ്ട് പെരുന്നാളുകളുണ്ടായിരുന്നുവല്ലോ. അവയെക്കാള്‍ ശ്രേഷ്ഠമായ രണ്ടു ദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നു. ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായും”.

ആഘോഷങ്ങള്‍ സമൂഹത്തിന്റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യ ത്തെ ഇസ്ലാം മാനിക്കുന്നുവെന്നും നമുക്കീ ഹദീസില്‍ നിന്നു ഗ്രഹിക്കാം. ജാഹിലിയ്യാ കാലത്തെ ആ ഘോഷങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നിരസിക്കുന്നതും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമായതുകൊണ്ട് അവ നബി(സ്വ) തടഞ്ഞു. അന്യസമൂഹത്തിന്റെ ആചാരാഘോഷങ്ങളില്‍ വിശ്വാസികള്‍ സഹകാരികളാകരുതെന്നും ഈ ഹദീസ് സൂചിപ്പിക്കുന്നു. സ്വത്വം നഷ്ടപ്പെടുത്തി അന്യമത ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നത് മതപരമായി തെറ്റുതന്നെയാണെന്ന് ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്നുഹജറുല്‍ ‘അസ്ഖ്വലാനി(റ) പറഞ്ഞിട്ടുണ്ട്.

ആത്മീയവും ഭൌതികവുമായ മോക്ഷമാണല്ലോ ഇസ്ലാമിന്റെ ലക്ഷ്യം. അതിനനുസരിച്ച കര്‍മാനുഷ്ഠാനങ്ങള്‍ക്കാണ് ഇസ്ലാം പ്രാധാന്യം കാണുന്നത്. പെരുന്നാളാഘോഷ കാര്യത്തിലുംഇതു ബാധകമാണ്. അതുകൊണ്ട് പെരുന്നാളിലും ശരീ’അത്തിനു വിരുദ്ധമല്ലാത്ത വിധം നമു ക്കു സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാം. ഒരു ഹദീസ് കാണുക: ആ’ഇശാബീവി(റ) പറയുന്നു: ‘ഒരു ചെറിയ പെരുന്നാള്‍ ദിവസം എന്റെ പിതാവ് അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സ്വാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാട്ടുപാടുകയായിരുന്നു. രണാങ്കണത്തി ല്‍ ശക്തി തെളിയിച്ച പൂര്‍വ്വികരെ കുറിച്ചുള്ള പ്രകീര്‍ത്തനമാണവര്‍ ആലപിച്ചിരുന്നത്. ആ കുട്ടികള്‍ സ്ഥിരം പാട്ടുകാരായിരുന്നില്ല. ഇതുകണ്ടപ്പോള്‍ അബൂബക്ര്‍(റ) ദേഷ്യപ്പെട്ടു. ‘എന്താണിത്, പ്രവാചക ഭവനത്തിലാണോ ഈ പൈശാചിക ഗാനങ്ങള്‍?’ അദ്ദേഹം ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അബൂബക്ര്‍, ഓരോ സമുദായത്തിനും പെരുന്നാളുണ്ട്. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണല്ലോ’ (ഇമാം ബുഖാരി, ഇബ്നുമാജ, ഹ.നമ്പര്‍. 1898).
പെരുന്നാള്‍ സുദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് അന്നു വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്. അന്നപാനാദികളാണല്ലോ ഏത് ആഘോഷത്തിന്റെയും പ്രധാന ഭാഗം. ഇതുസംബന്ധമായ ഏതാനും ഹദീസുകള്‍ കാണുക: “അബൂനുബൈശ(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: “പെരുന്നാള്‍ സുദിനങ്ങള്‍ അന്നപാനാദികള്‍ക്കും ഇലാഹീ സ്മരണ പുതുക്കാനുമുള്ളതാണ്’ (മുസ്ലിം).

സ്വഹാബികളില്‍ പ്രധാനിയായ അബൂ’ഉബൈദ്(റ) പറയുന്നു: “ഞാനൊരു പെരുന്നാള്‍ ദിനത്തില്‍ ഉമര്‍ (റ)വിനെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: “രണ്ടുദിനങ്ങളിലെ നോമ്പാചരണം ഫിത്വ്റ്) പെരുന്നാല്‍ പകലിന്റെയും ആത്മീയപ്രാധാന്യം വ്യക്തമാക്കുന്ന ഹദീസിലെ ഒരു ഭാഗം കാണുക: ഇബ്നുഹിബ്ബാന്‍(റ), ബൈഹഖി(റ) തുടങ്ങിയ ഹദീസ് പണ്ഢിതന്മാര്‍ സ്വീകാര്യമായ പരമ്പര വഴി നിവേദനം ചെയ്ത ഈ ഹദീസില്‍ പെരുന്നാള്‍ രാവിനെ സമ്മാനസുദിനം ലൈലതുല്‍ ജാഇസ എന്നാണ് വിശേഷിപ്പിച്ചത്. “പെരുന്നാള്‍ പ്രഭാതമായാല്‍ അല്ലാഹു ഒരു സംഘം മലകുകളെ ഭൂമിയിലേക്കയക്കുന്നു. അവര്‍ വന്നിറങ്ങാത്ത ഒറ്റ ഗ്രാമം പോലുമുണ്ടാകില്ല. ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയോരങ്ങളില്‍ അവര്‍ തമ്പടിക്കും. എന്നിട്ട് വിളിച്ചുപറയും. “മുഹമ്മദ് നബിയുടെ സമുദായമേ, വിശാലമായ പ്രതിഫലം നല്‍കാനൊരുങ്ങി നില്‍ക്കുന്ന ധര്‍മിഷ്ഠനായ നാഥനിലേക്ക് നിങ്ങള്‍ ധൃതിയില്‍ പുറപ്പെടുവീന്‍. അവനിതാ നിങ്ങള്‍ക്കു മാപ്പരുളാന്‍ കാത്തിരിക്കുന്നു”.
മലകുകളുടെ ഈ ശബ്ദം മനുഷ്യ-ജിന്നു വര്‍ഗങ്ങള്‍ക്കുമാത്രം കേള്‍ക്കാന്‍ കഴിയുകയില്ലെന്നുനബി(സ്വ) പറയുന്നു. ഇതരജീവജാലങ്ങള്‍ക്കിതു കേള്‍ക്കാന്‍ കഴിയുമത്രെ.ഹദീസില്‍ തുടര്‍ന്നുപറയുന്നത് മുസ്ലിംകള്‍ പെരുന്നാള്‍ നിസ്കാരത്തിന് സംഗമിച്ചാല്‍ ഉന്നതങ്ങളില്‍ നടക്കുന്ന ഒരു സംഭാഷണത്തെപ്പറ്റിയാണ്. അല്ലാഹു മലകുകളുമായി നടത്തുന്ന പ്രസ്തുത സംഭാഷണം ശ്രദ്ധിക്കുക.

അല്ലാഹു: എന്റെ ഇഷ്ടദാസന്മാരായ മലകുകളേ, ഒരു കൂലിക്കാരന്‍ താനേറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചാല്‍ അവനെന്താണ് അര്‍ഹിക്കുന്നത്?

മലകുകള്‍: ഞങ്ങളുടെ രക്ഷകാ, സര്‍വ്വജ്ഞനായ നിന്നോട് ഞങ്ങളെന്തു പറയാന്‍. ആ കൂലി ക്കാരന് വാഗ്ദാനം ചെയ്തത് പൂര്‍ണമായി സമ്മാനിക്കുക.
അല്ലാഹു: എങ്കില്‍ മലകുകളേ, നിങ്ങളെ സാക്ഷിനിര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു. അവര്‍ റമള്വാന്‍ മാസത്തെ ധന്യമാക്കി നോമ്പനുഷ്ഠിച്ചതിനും രാത്രികളില്‍ നിസ്കരിച്ചതിനുമെല്ലാം എ ന്റെ പൊരുത്തവും വിട്ടുവീഴ്ചയും ഞാനിതാ പ്രതിഫലമായ നല്‍കുന്നു.
തുടര്‍ന്ന് അല്ലാഹു പറയുമത്രെ: “എന്റെ പ്രിയ ദാസന്മാരേ നിങ്ങള്‍ക്കെന്നോട് ചോദിക്കാനുള്ള അവസരമാണിത്. ആവശ്യപ്പെട്ടുകൊള്ളുക. എന്റെ സര്‍വ്വമാന പ്രതാപങ്ങളുമാണ് സത്യം. നിങ്ങ ള്‍ ആവശ്യപ്പെടുന്നതെന്തും സമ്മാനിക്കാന്‍ ഞാനൊരുക്കമാണ്. നിങ്ങളാവശ്യപ്പെടുന്നത് പരലോക കാര്യമാണെങ്കില്‍ അത് ഞാന്‍ തീര്‍ത്തുതരാം. ഇനി ഭൌതികമാണോ അതും പരിഹരിച്ചുതരാം. എന്റെ മഹോന്നത പ്രതാപത്തെ സാക്ഷിനിര്‍ത്തി ഒരിക്കല്‍ക്കൂടി ഞാന്‍ പറയട്ടെ. ഞാന്‍ നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്തുകയില്ല. ഒരുലോകത്തും പരിഹാസ്യരാക്കുകയില്ല. നിങ്ങ ള്‍ എന്നെ മതിവരുവോളം സംതൃപ്തനാക്കി. നിങ്ങള്‍ക്കിനി പിരിഞ്ഞുപോകാം. പാപരഹിതരായി. ഞാന്‍ നിങ്ങളില്‍ സംപ്രീതനായിരിക്കുന്നു. ഈ പ്രഖ്യാപനത്തിനു ദൃക്സാക്ഷികളാകുന്ന മലകുകള്‍ റമളാന്‍ മാസ സമാപ്തിവേളയില്‍ അല്ലാഹു ഈ സമുദായത്തിനു സമ്മാനിച്ചതോര്‍ത്തു സന്തോഷിക്കുന്നതാണ്’.

മനുഷ്യന്റെ മഹത്വത്തെയാണീ ഹദീസ് തെളിയിക്കുന്നത്. എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്ര മലകുകള്‍ ഈ രംഗത്തിനു സാക്ഷിയാണെന്നു വരുമ്പോള്‍ അതെത്ര വലിയ സംഭവമാണെന്നോര്‍ത്തുനോക്കൂ. റമള്വാന്‍ മാസത്തില്‍ സത്യവിശ്വാസികള്‍ സഹിക്കുന്ന ത്യാഗം നേരില്‍ കാ ണാനും രേഖപ്പെടുത്താനും അവസരം ലഭിക്കുന്ന മലകുകള്‍ക്ക് അല്ലാഹുവിന്റെ ഈ ഔദാര്യം ഏറെ സന്തോഷം നല്‍കുന്നു. പ്രസ്തുത ആശയം വലിയ വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്ന വേറെ ഹദീസുകളും കാണാവുന്നതാണ്.

പെരുന്നാള്‍ ആശംസകള്‍
പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരുന്നത് നല്ലചര്യയാണെന്ന് പണ്ഢിതാഭിപ്രായമുണ്ട്. ശിഹാബുബ്നു ഹജര്‍(റ) ഇതു ശറ’ഇല്‍ അനുവദിക്കപ്പെട്ട ആചാരമാണെന്നു പറഞ്ഞിട്ടുണ്ട്. ബൈഹഖി(റ)യുടെ ഒരു ഹദീസ് അദ്ദേഹം ഇതിനു തെളിവായി ഉദ്ധരിക്കുന്നു. മറ്റു ചില ഹദീസുകളും ആസാറും ഇതിനു പിന്‍ബലമേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അനുഗ്രഹത്തിനുള്ള നന്ദിപ്രകാശനമായ ശുക്റിന്റെ സാഷ്ടാംഗവും വിപത്തുകള്‍ വന്നുപെട്ടാല്‍ നടത്തുന്ന അനുശോചനവും അഥവാ തഅ്സിയതും ഇസ്ലാമികമായി അംഗീകൃതമാണ്. ആ ഗണത്തില്‍ പെടുത്താവുന്നതാണ് പെരുന്നാള്‍ ആശംസകളും. ക’അ്ബുബ്ന്‍ മാലിക്(റ)വിന്റെ പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ തൌബ സ്വീകരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ത്വല്‍ഹ(റ) ആശംസയര്‍പ്പിച്ചതും അത് അംഗീകരിച്ചതും സ്വീകാര്യമായ ഹദീസിലുണ്ടല്ലോ.

ആശംസകള്‍ക്ക് ഏതു നല്ല വാക്കും ഉപയോഗിക്കാം. തഖ്വബ്ബലല്ലാഹു മിന്നാ വമിന്‍കും എന്നു സാധാരണ ഉപയോഗിക്കാറുണ്ട്. കൈപിടിച്ചു മുസ്വാഫഹത് ചെയ്യുന്നതും നല്ലതാണ്. ജനങ്ങള്‍ക്കിടയില്‍ പരസ്പരം സ്നേഹവും സൌഹാര്‍ദ്ദവും വളര്‍ത്താനിതുപകരിക്കും.

നിസ്കാരത്തിനുമുമ്പ് ഭക്ഷണം
ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം കഴിച്ചശേഷം നിസ്കാരത്തിനു പോകുന്നതാണ് സുന്നത്ത്. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: “ഇമാം ശാഫി’ഈ(റ)യും അനുചരന്മാരും ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ എന്തെങ്കിലും ഭൂജിച്ചശേഷം മാത്രമേ നിസ്കാരത്തിന് പുറപ്പെടാവൂ എന്നത്. ഈ ഭക്ഷണം കാരക്കയായാല്‍ നന്ന്. അതാണ് നബിചര്യ”. ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ കുറിക്കുന്നു: പെരുന്നാള്‍ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് വല്ലതും തിന്നുകയും കുടിക്കുകയും വേണം. ഇതിനു സൌകര്യമൊത്തില്ലെങ്കില്‍ വഴിയില്‍ വെച്ചോ നിസ്കാരസ്ഥലത്തെത്തിയോ എന്തെങ്കിലും കഴിക്കണം. ഇ ങ്ങനെ ചെയ്യാത്തവരെക്കുറിച്ച് പ്രത്യേക വിധിയൊന്നും പറയാനില്ല. ഉപേക്ഷിച്ചത് കറാഹത്താ യി മാറുമെന്നു മാത്രം”.

പ്രസ്തുത സുന്നത്തുകള്‍ക്കാധാരമായ ഹദീസുകള്‍ കാണുക: “ബുറയ്ദ(റ)യില്‍ നിന്ന്: നബിതങ്ങള്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ വല്ലതും കഴിക്കാതെ പുറപ്പെടാറില്ലായിരുന്നു”.

അനസ്(റ)വില്‍ നിന്ന്: “നബി(സ്വ) ഈദുല്‍ഫിത്വറില്‍ അല്‍പ്പം കാരക്ക തിന്ന ശേഷമേ നിസ് കാരത്തിനെത്താറുണ്ടായിരുന്നുള്ളൂ. ഓരോന്നു വീതമായിരുന്നു അവിടുന്ന് ഭക്ഷിച്ചിരുന്നത്” (ബുഖാരി). വീട്ടില്‍നിന്നു തിന്നാന്‍ കഴിയാതെ വന്നവര്‍ക്കു പള്ളിയില്‍വെച്ചു സൌകര്യമൊത്താ ല്‍ തിന്നാമെന്നു ഹദീസില്‍ നിന്നു വ്യാഖ്യാനിക്കാം. പള്ളിയില്‍ വെച്ചോ വഴിയില്‍വെച്ചോ തി ന്നുന്നത് ഈ പ്രത്യേക സാഹചര്യത്തില്‍ മോശമായി പരിഗണിക്കപ്പെടുന്നതല്ലെന്നു തുഹ്ഫയില്‍ പറയുന്നുണ്ട്.

പെരുന്നാളും വെള്ളിയാഴ്ചയും
പെരുന്നാളും വെള്ളിയാഴ്ചയും ഒത്തുവന്നാല്‍ പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തവര്‍ക്കു ജുമു ‘അ നിര്‍വഹണ ബാധ്യതയില്ലെന്ന അബദ്ധധാരണ ചിലര്‍ക്കുണ്ട്. വിദൂരങ്ങളില്‍ നിന്നും എത്തിപ്പെടുന്ന ഗ്രാമവാസികള്‍ക്കു തിരുനബി(സ്വ) നല്‍കിയിരുന്ന ചില പ്രത്യേക ആനുകൂല്യങ്ങളെ പറ്റി ഹദീസുകളില്‍ പരാമര്‍ശമുണ്ട്. ഈ ആനുകൂല്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് ചിലരെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതുസംബന്ധമായി ഇമാം നവവി(റ) പറയുന്നത് കാണുക. പെരുന്നാളും വെള്ളിയാഴ്ചയും ഒത്തുവന്നാല്‍ പെരുന്നാള്‍ നിസ്കാരം കൊണ്ട് അന്നത്തെ ജുമു’അ ഒഴിവായിക്കിട്ടുമെന്ന് ആര്‍ ക്കും അഭിപ്രായമില്ല. ജുമു’അ വേറെ തന്നെ നടത്തണമെന്നതാണ് ഐക്യകണ്ഠേനയുള്ള വിധി. എന്നാല്‍ സാധാരണ ജുമുഅക്കെത്തിപ്പെടാന്‍ പ്രയാസമുള്ള ഗ്രാമപ്രദേശത്തുകാര്‍ പിന്നെയും വിഷമം സഹിച്ചു ജുമു’അക്ക് പങ്കെടുക്കണമോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. ‘ഉസ്മാനുബ്നു ‘അഫ്ഫാന്‍  (റ), ‘ഉമറുബ്നു ‘അബ്ദുല്‍ ‘അസീസ് (റ), ഇമാം ശാഫി’ഈ(റ) തുടങ്ങി ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇത്തരം ഗ്രാമവിസികള്‍ക്ക് അന്നത്തെ ജുമു’അ ഒഴിവാക്കാവുന്നതാണെന്നാണ്. ഇതിനു പ്രമാണമായി അബൂ ഇസ്ഹാഖുശ്ശീറാസി ഉദ്ധരിക്കുന്നത് കാണുക.
ഒരിക്കല്‍ വെള്ളിയാഴ്ച പെരുന്നാള്‍ വന്നണഞ്ഞപ്പോള്‍ ‘ഉസ്മാന്‍(റ) പ്രഖ്യാപിച്ചു. “ജനങ്ങളേ, ഇന്നു നിങ്ങള്‍ക്കു രണ്ട് പെരുന്നാളുകള്‍ ഒത്തുവന്നിരിക്കുന്നു. മദീനയുടെ കിഴക്ക് ഭാഗത്തുള്ള ‘ആലിയയില്‍ നിന്നു വിഷമം സഹിച്ചു വന്നെത്തിയവര്‍ക്ക് ഞങ്ങളോടൊത്ത് ജുമുഅയില്‍ പങ്കുകൊള്ളുകയോ ജുമുഅ ഒഴിവാക്കി പോവുകയോ ചെയ്യാം”. ‘ഉസ്മാന്‍(റ) ഇങ്ങനെ പ്രഖ്യാപിച്ചപ്പോള്‍ സ്വഹാബികളില്‍ ആരും അതിനെ വിമര്‍ശിച്ചില്ല (ബുഖാരി).

ഗ്രാമവാസികള്‍ക്ക് ഇങ്ങനെ ഒരു ആനുകൂല്യം നല്‍കിയത് അവരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ്. അവര്‍ ജുമു’അക്ക് കൂടി നിന്നാല്‍ അത് പെരുന്നാള്‍ സംബന്ധമായ കാര്യങ്ങള്‍ക്കു സമയക്കുറവ് വരുത്തും. ഗ്രാമത്തിലേക്ക് പോയി വീണ്ടും വരാമെന്നുവെച്ചാല്‍ അത് അന്നത്തെ സാഹചര്യത്തില്‍ ഏറെ വിഷമകരവുമായിരുന്നു. വസ്തുത ഇതായിരിക്കെ ഇന്ന് ജുമു’അ നടത്താന്‍ എല്ലാ നിലക്കും സൌകര്യമുള്ള നാം പെരുന്നാളിന്റെ പേരില്‍ ജുമു’അ ഒഴിവാക്കുന്നത് ഇസ്ലാമിക വിരുദ്ധം തന്നെയാണ്.
Moosa sonkal
http://sunnisonkal.blogspot.com

Thursday, 24 May 2018

പുത്തൻവാദിയുടെ ദുർബ്ബലമായ രേഖകൾ- തറാവീഹ്



Moosa Sonkal
http://sunnisonkal.blogspot.com

രേഖകളെ വ്യഭിചരിക്കുകയും സ്വഹാബതിന്റെ ഇജ്മാ’ഇനെ പുറം തള്ളുകയും ലോക മുസ്ലിം ഉമ്മതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന എട്ട് റക്’അതു വാദികള്‍ അവലംബിക്കുന്ന രേഖകള്‍ മുഴുക്കെയും ബാലിശമാണ്. അവ ഓരോന്നും ഇവിടെ വിവരിക്കാം.

(1) ജാബിര്‍(റ)വില്‍നിന്ന് നിവേദനം: “നബി(സ്വ) ഞങ്ങള്‍ക്ക് ഇമാമായി എട്ട് റക്’അതും വിത്റും നിസ് കരിച്ചു”.

(2) ഉബയ്യുബ്നു ക’അ്ബി(റ)ല്‍ നിന്ന് നിവേദനം: “ഒരു റമള്വാനില്‍ നബി(സ്വ)യുടെ സന്നിധിയില്‍ വന്ന് അവര്‍ ഇങ്ങനെ പറഞ്ഞു. കഴിഞ്ഞ രാത്രി എന്നില്‍നിന്നൊരു സംഭവമുണ്ടായി. നബി(സ്വ) ചോദിച്ചു. അതെന്താണ്? ഉബയ്യ്(റ) ഇപ്രകാരം വിശദീകരിച്ചു. വീട്ടിലെ സ്ത്രീകള്‍ എന്റെ കൂടെ തുടര്‍ന്നു നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ഇമാമായി എട്ട് റക്അതും വിത്റും നിസ്കരിച്ചു. നബി(സ്വ) ഇത് തൃപ്തിപ്പെട്ട പോലെ മൌനം ദീക്ഷിച്ചു.”

ഈ രണ്ട് ഹദീസുകളും അവയുടെ ദൌര്‍ബല്യങ്ങളും നേരത്തേ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒന്നാമത്തെ ഹദീസിനെ സംബന്ധിച്ച് ഇസ്നാദുഹു വസത്വുന്‍ (ഇതിന്റെ നിവേദക പരമ്പര മധ്യനിലവാരത്തിലുള്ളതാണ്) എന്നാണ് ഹാഫ്വിളുദ്ദഹബി മീസാനുല്‍ ഇ’അ്തിദാല്‍ 3/311ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ ബലഹീനത ഉണ്ടെന്നും അതിന്റെ നിദാനം റിപ്പോര്‍ട്ടകരില്‍ ഒരാളായ ‘ഈസബ്നുജാരിയ എന്ന അയോഗ്യ വ്യക്തിയാണെന്നും ശൈഖ് നൈമവി(റ) പറഞ്ഞശേഷം ഇപ്രകാരം തുടരുന്നു;
“എന്നാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മധ്യനിലവാരത്തിലുള്ളതാണെന്ന ദഹബിയുടെ പരാമര്‍ശം വാസ്തവ വിരുദ്ധവും നിവേദക പരമ്പര അപ്പറഞ്ഞതിനും താഴെയുള്ളതുമാകുന്നു” (ത’അ്ലീഖ്വുആസാരിസ്സുനന്‍ 2/52).

ഇനി ഹദീസിന്റെ നിവേദക പരമ്പര പരിഗണിക്കാതെ ആശയം അംഗീകരിച്ചാല്‍ തന്നെയും പ്രസ്തുത ഹദീസില്‍ പറഞ്ഞ എട്ട് റക്’അത് തറാവീഹ് തന്നെയാണെന്നതിന് യാതൊരു രേഖയുമില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്.

(ഒന്ന്) ഹദീസിന്റെ വാചകത്തില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചു എന്ന് മാത്രമേയുള്ളൂ. അപ്പോള്‍ ആ പറഞ്ഞ എട്ട് റക്’അത് തഹജ്ജുദാകാന്‍ ന്യായമുണ്ട്. ഇമാം ത്വബ്റാനി(റ) ഔസത്വില്‍ അനസ്(റ) വഴിയായി നിവേദനം ചെയ്ത ഹദീസ് ഇതിനുപോല്‍ബലകമാണ്. അനസ്(റ) പറഞ്ഞു: “നബി(സ്വ) രാത്രിയെ എട്ട് റക്’അതുകളെക്കൊണ്ട് ഹയാതാക്കാറുണ്ടായിരുന്നു.” (മജ്മ’ഉസ്സവാഇദ് 2/277) ഇപ്പറഞ്ഞത് രാത്രി നിസ്കാരമായ തഹജ്ജുദിനെ സംബന്ധിച്ചാണെന്ന് പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

(രണ്ട്) ഹദീസില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചുവെന്ന് പറഞ്ഞത് പൂര്‍ണമായും വിത്റിനെ സംബന്ധിച്ചു തന്നെയാകാം. എന്നാല്‍ പിന്നെ എട്ട് റക്’അതും വിത്റും എന്ന് പറയാനുള്ള കാരണം ആദ്യത്തെ എട്ട് റക്’അതുകള്‍ ഈരണ്ട് റക്അതുകളായി നിസ്കരിച്ചതും അവസാനത്തെ മൂന്ന് റക്’അത് ഒന്നിച്ച് നിസ്കരിച്ചതുമാണ്. അപ്പോള്‍ വിത്റ് നിസ്കരിച്ചു എന്നത് കൊണ്ടുദ്ദേശിക്കുന്നത് ആദ്യത്തെ എട്ട് റക്’അതുകള്‍ പോലെ ഇരട്ടയാക്കാതെ അവസാനത്തെ മൂന്ന് റക്’അത് ഒറ്റയാക്കിയെന്നാണ്. (വിത്റ് എന്നാല്‍ ഒറ്റ എന്നാണല്ലോ ഭാഷാര്‍ത്ഥം). ഒരു നിവേദനത്തില്‍ ‘സമാന റക്അതിന്‍ വ ഔതറ’ (എട്ട് റക്’അത് നിസ്കരിക്കുകയും ഒറ്റയായി നിസ്കരിക്കുകയും ചെയ്തു) എന്ന പ്രയോഗം തന്നെ ഇതിന് ഉപോല്‍ബലകമാണ്. ഇതു കൊണ്ട് തന്നെയാണ് ഹദീസ് റിപ്പോര്‍ട്ടു ചെയ്ത ഇബ്നു ഖുസൈമ(റ)യും മറ്റും തറാവീഹിന്റെ അധ്യായത്തില്‍ ഈ ഹദീസിനെ കൊണ്ട് വരാതെ വിത്റിന്‍റെ അധ്യായത്തില്‍ കൊണ്ടു വന്നത്. ‘വിത്റ് നിസ്കാരം നിര്‍ബന്ധമില്ലെന്നതിന് രേഖ പറയുന്ന അധ്യായം’ എന്ന തലവാചകത്തിലാണ് ഇബ്നു ഖുസൈമ(റ) സ്വഹീഹ് 2/138ല്‍ ഈ ഹദീസ് കൊണ്ടു വന്നത്. ഹദീസിന്റെ പൂര്‍ണ രൂപം കാണുക.

ജാബിര്‍ (റ) പറഞ്ഞു: “നബി(സ്വ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി എട്ട് റക്’അതും വിത്റും നിസ്കരിച്ചു. പിറ്റേ ദിവസം ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചു കൂടുകയും നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെടുമെന്ന് പ്രത്യാശിക്കുകയും ചെയ്തെങ്കിലും നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടില്ല. ഞങ്ങള്‍ നേരം പുലരുന്നത് വരെ പള്ളിയില്‍ തന്നെയായിരുന്നു. അങ്ങനെ ഞങ്ങള്‍ നബി (സ്വ)യുടെ അടുക്കലേക്ക് കടന്നു ചെന്ന് ചോദിച്ചു;
അല്ലാഹുവിന്റെ റസൂലേ, തങ്ങള്‍ ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെടുമെന്നും ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുമെന്നും ഞങ്ങള്‍ ആശിച്ചിരുന്നു. നബി(സ്വ) പ്രത്യുത്തരം നല്‍കി. നിങ്ങള്‍ക്ക് വിത്റ് നിര്‍ബന്ധമാക്കപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല.” (സ്വഹീഹു ഇബ്നുഖുസൈമ)

നബി(സ്വ) പതിവാക്കുക എന്നത് അല്ലാഹു ഒരു കാര്യം നിര്‍ബന്ധമാക്കാന്‍ കാരണമാകുമെന്ന് നബി(സ്വ) അറിഞ്ഞത് കൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്. ഇത് ഹദീസില്‍ പറഞ്ഞ നിസ്കാരത്തിന് ബാധകമാണല്ലോ. എട്ട് റക്’അത് സംബന്ധിച്ച് ഇത് ബാധകമല്ലായിരുന്നുവെങ്കില്‍ എട്ട് റക്അത് നിസ്കരിച്ചശേഷം വിത്റ് നിസ്കരിക്കാന്‍ വീട്ടിലേക്ക് പോയാല്‍ മതിയായിരുന്നു. ഇത് ചെയ്യാതെ വിത്റ് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ലെന് നബി(സ്വ)പറഞ്ഞത് ആ നിസ്കാരം പൂര്‍ണമായും വിത്റാണെന്നതിന് രേഖയാണ്. വിത്റിന്റെ എട്ട് റക്അതുകള്‍ ഇരട്ടകളായും മൂന്ന് റക്അത് ഒറ്റയായും നബി(സ്വ)നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് ‘അബ്ദുല്ലാഹി ബ്നു അബീഖ്വൈസി(റ)ല്‍നിന്ന് അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസില്‍നിന്ന് വ്യക്തമാകും.

“‘അബ്ദുല്ലാഹി(റ) ‘ആഇശ(റ)യോട് ചോദിച്ചു. നബി(സ്വ)എത്ര റക്’അതുകള്‍ കൊണ്ടായിരുന്നു വിത്റ് നിസ്കരിച്ചിരുന്നത്? ‘ആഇശ(റ) പറഞ്ഞു. നാലും മൂന്നുമായും ആറും മൂന്നുമായും എട്ടും മൂന്നുമായും നിസ്കരിച്ചിരുന്നു.’ (സുനനു അബീദാവൂദ് 1/193)

ചുരുക്കത്തില്‍ മൂന്ന് റക്’അതുകള്‍ ഒന്നിച്ചു നിസ്കരിച്ചത് കൊണ്ടും മൂന്ന് എന്ന എണ്ണം ഒറ്റയായത് കൊണ്ടുമാണ് ‘വല്‍ വിത്റ, വ ഔതറ’ എന്നൊക്കെയുള്ള പരാമര്‍ശം വന്നത്. ആദ്യത്തെ എട്ട് റക്’അതുകള്‍ വിത്റ് നിസ്കാരത്തില്‍ പെട്ടതല്ലാത്തത് കൊണ്ടല്ല.

ഇനി ഹദീസില്‍ പറഞ്ഞ എട്ട് റക്’അത് തറാവീഹാണെന്ന് സമ്മതിച്ചാല്‍ തന്നെ ജാബിര്‍(റ) നബി(സ്വ)യോട് തുടര്‍ന്നു നിസ്കരിച്ചത് മുതല്‍ക്കുള്ള എണ്ണമാണ് ജാബിര്‍(റ) പരാമര്‍ശിക്കുന്നത്. ബുഖാരി, മുസ്ലിം അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ തറാവീഹ് നിസ്കാരതിന് നബി(സ്വ) മൂന്ന് ദിവസം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നും നാലാം ദിവസം പള്ളിയിലേക്ക് വന്നില്ലെന്നുമാണുള്ളത്. ജാബിര്‍(റ)വിന്റെ റിപ്പോര്‍ട്ടിലാകട്ടെ ഒരു ദിവസം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നും പിറ്റേ ദിവസം നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടില്ല എന്നുമാണുള്ളത്. മറ്റു ഹദീസ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച നാലു രാത്രികളിലെ മൂന്ന്, നാല് രാത്രികളില്‍ മാത്രമേ ജാബിര്‍(റ) പള്ളിയില്‍ ഹാജരായിട്ടുള്ളൂവെന്ന് ഈ വാക്ക് തന്നെ കുറിക്കുന്നുണ്ട്. മൂന്നാം രാത്രിയില്‍ തന്നെ പന്ത്രണ്ട് റക്അതുകള്‍ കഴിഞ്ഞതിന് ശേഷവുമാകാം ജാബിര്‍(റ) വന്ന് തുടരുന്നത്.

ഇമാം മഹല്ലി(റ) പറയുന്നത് കാണുക: “മൂന്ന്, നാല് രാത്രികളില്‍ മാത്രമേ ജാബിര്‍(റ) പള്ളിയില്‍ വന്നിട്ടുള്ളൂവെന്നാണ് മനസ്സിലാകുന്നത്.” ഇതിനെ വ്യാഖ്യാനിച്ച് ഖല്‍യൂബി (റ) പറയുന്നു: “അത് തന്നെ എട്ടു റക്അത് മാത്രം ബാക്കിയുള്ളപ്പോഴുമാകുന്നു.” (മഹല്ലി, ഖ്വല്‍യൂബി ഹിതം 1/217)
ഇനി മൂന്നാം രാത്രിയില്‍ തറാവീഹ് നിസ്കാരത്തിന് ആദ്യം മുതല്‍ തന്നെ ജാബിര്‍(റ) ഉണ്ടായിരുന്നുവെന്ന് വെച്ചാല്‍ തന്നെയും എട്ട് റക്’അതും വിത്റും എന്ന പരാമര്‍ശത്തിനുള്ള കാരണം ആകെയുള്ള ഇരുപത്തിയൊന്ന് റക്അതുകളില്‍ ആദ്യത്തെ എട്ട് മാത്രം തറാവീഹും ശേഷമുള്ള പതിമൂന്ന് റക്അതുകള്‍ വിത്റുമാണെന്ന് ജാബിര്‍(റ) ധരിച്ചതാകാം. നബി(സ്വ) വിത്റ് പതിമൂന്ന് നിസ്കരിച്ചിരുന്നുവെന്ന് ജാബിര്‍(റ) തന്നെ നിവേദനം ചെയ്തത് ഇതിനുപോല്‍ബലകമാണ്.

ജാബിര്‍(റ) പറയുന്നു: “നിശ്ചയം നബി(സ്വ) ഇശാ നിസ്കാരത്തിനുശേഷം പതിമൂന്ന് റക്അതുകള്‍ നിസ്കരിച്ചിരുന്നു.’ (സ്വഹീഹു ഇബ്നി ഖുസൈമ 2/192)

ചുരുക്കത്തില്‍ നബി(സ്വ)ഇരുപത് റക്’അത് തറാവീഹും ഒരു റക്’അത് വിത്റും നിസ്കരിച്ചത് എട്ട് റക്’അത് തറാവീഹും പതിമൂന്ന് റക്’അത് വിത്റുമായി ജാബിര്‍(റ) മനസ്സിലാക്കിക്കാണും. ഇതിന് നിദാനം നബി(സ്വ)പതിമൂന്ന് റക്’അത് വിത്റ് നിസ്കരിച്ചുവെന്ന ഹദീസുമാണ്. ഇനി പ്രസ്തുത രാത്രിയില്‍ നബി (സ്വ) എട്ട് റക്’അത് നിസ്കരിച്ചു എന്നത് തറാവീഹിനെക്കുറിച്ചു തന്നെയാണെന്ന് സമ്മതിച്ചാല്‍ തന്നെ അത് പള്ളിയില്‍ വെച്ചു നടന്ന പൊതുവായ ജമാഅതിനെ സംബന്ധിച്ചാണ്. ബാക്കിയുള്ള പന്ത്രണ്ട് റക്അതുകള്‍ ജമാഅതായിട്ടല്ലാതെ നബി(സ്വ) നിസ്കരിച്ചിരിക്കാം.
ശബീര്‍ അഹ്മദ് തന്റെ ഫത്ഹുല്‍ മുല്‍ഹിം 2/319ല്‍ എഴുതുന്നു: “നബി(സ്വ) അവരിലേക്ക് പ്രത്യക്ഷപ്പെടും മുമ്പ് അല്ലാഹു ഉദ്ദേശിച്ചത്ര റക്’അതുകള്‍ തനിച്ചു നിസ്കരിച്ചിരിക്കാം. പിന്നെ എട്ട് റക്’അതും വിത്റും നിസ്കരിച്ചതുമാകാം.”

ബഹു. ‘അലിയ്യുശ്ശിബ്റാ മുല്ലസി(റ)യുടെ വാക്കുകള്‍ കാണുക: “ബാക്കിയുള്ള റക്’അതുകള്‍ പള്ളിയിലേക്ക് വരുന്നതിന് മുമ്പോ ശേഷമോ വീട്ടില്‍ വെച്ച് നബി(സ്വ)നിസ്കരിച്ചിരിക്കാന്‍ സാധ്യതയുണ്ട്.” (ഹാശിയതുന്നിഹായ 2/121)
ബിദ്’അതുകാരനായ ജസീരി പറയുന്നത് കാണുക: “അവരും(സ്വഹാബാക്കള്‍) ബാക്കിയുള്ള റക്’അതകള്‍ വീടുകളില്‍ വെച്ച് നിസ്കരിച്ചിരിക്കാം. തേനീച്ചയുടെ മൂളല്‍ ശബ്ദം പോലെയുള്ള ഒരു ശബ്ദം അവരുടെ വീടുകളില്‍നിന്ന് കേള്‍ക്കാമായിരുന്നു.” (കിതാബുല്‍ ഫിഖ്വ്ഹി ‘അലല്‍ മദാഹിബില്‍ അര്‍ബ’അ 1/341) ഇപ്രകാരം ബാജൂരി 1/139, ശര്‍വാനി 2/240 തുടങ്ങിയവയിലും കാണാം. ചുരുക്കത്തില്‍ ഈ സാധ്യതകളെല്ലാം ഉള്ള ഹദീസാണ് ജാബിര്‍(റ)വിന്റേത.്  അത് സ്വഹീഹാണെന്ന് സമ്മതിച്ചാല്‍ പോലും  എട്ട് റക്’അത് വാദികള്‍ക്ക് അത് തെളിവാക്കാന്‍ യാതൊരു ന്യായവുമില്ല.

(3) ‘ആഇശ(റ)യില്‍ നിന്ന് നിവേദനം: “റമള്വാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ) പതിനൊന്ന് റക്’തുകളെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല.” ഈ ഹദീസ് മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും റിപ്പോര്‍ട്ടു ചെയ്തതാണ്. പക്ഷേ, ഇത് റമള്വാനില്‍ മാത്രമുള്ള തറാവീഹ് നിസ്കാരത്തെ പരാമര്‍ശിക്കുന്നതല്ലെന്ന് മാത്രം. അതിന് പല കാരണങ്ങളുമുണ്ട്.

(ഒന്ന്) ഹദീസിന്റെ വാചകത്തിലെ ‘റമള്വാനിലും അല്ലാത്ത കാലങ്ങളിലും’ എന്ന പരാമര്‍ശം തന്നെ കുറിക്കുന്നത് പ്രസ്തുത പതിനൊന്ന് റക്’അത് റമള്വാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ കാലങ്ങളിലും നിസ്കരിക്കുന്നതാണെന്നുമാണ്.  പക്ഷേ, റമള്വാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിച്ച് എല്ലാ കാലത്തുമുള്ള ഒരു നിസ്കാരം തന്നെയാണ് തറാവീഹും വിത്റും ഖ്വിയാമുല്ലൈലും ഖ്വിയാമുറമള്വാനും തഹജ്ജുദും ഒക്കെയാകുന്നതെന്ന തലതിരിഞ്ഞ മോഡേണ്‍ വാദത്തിന് പ്രസ്തുത ഹദീസ് രേഖയാക്കിക്കൂടെന്നില്ല. എന്നാല്‍ ഇത് മുസ്ലിം ലോകമോ പൌരാണിക പുത്തന്‍ വാദികള്‍ പോലുമോ അംഗീകരിക്കുകയില്ലെന്നേയുള്ളൂ.
യഥാര്‍ഥത്തില്‍ പ്രസ്തുത ഹദീസ് പരാമര്‍ശിക്കുന്ന നിസ്കാരം വിത്റ് ആണെന്നാണ് പണ്ഢിതമതം. ഇമാം ഖ്വസ്ത്വല്ലാനി(റ)യുടെ വാക്കുകള്‍ കാണുക. “നമ്മുടെ അസ്വ്ഹാബ് ഈ ഹദീസിനെ വിത്റിന്റെ മേല്‍ ചുമത്തിയിരിക്കുന്നു.’ (ഇര്‍ശാദുസ്സാരി 3/426) ഇപ്രകാരം ഇമാം ശംസുര്‍റംലി(റ)യുടെ ഗായതുല്‍ ബയാന്‍ പേജ് 79ലും കാണാം.
ഇബ്നുഹജര്‍(റ) പറയുന്നത് കാണുക: “വിത്റില്‍ നിന്ന് അധികരിച്ചത് പതിനൊന്ന് റക്’അതുകളാകുന്നു. ‘ആഇശ(റ)യില്‍നിന്ന് അവിതര്‍ക്കിതമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹദീസാണ് രേഖ. റമള്വാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ)പതിനൊന്ന് റക്’അതിനെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണത് പ്രസ്തുത ഹദീസ്.’ (തുഹ്ഫ 2/225) ഇപ്രകാരം ശൈഖുല്‍ ഇസ്ലാമി (റ)ന്റെ അസ്നല്‍ മത്വാലിബ് 1/202ലും കാണാം.

ഇബ്നു തൈമിയ്യ പറയുന്നു: “നബി(സ്വ)യുടെ രാത്രി നിസ്കാരം അത് വിത്റ് തന്നെയായിരുന്നു. റമള്വാനിലും അല്ലാത്ത കാലങ്ങളിലും പതിനൊന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നത്.’ (മജ്മൂ’ഉല്‍ ഫതാവ 23/112)
ശൈഖ് ഇബ്റാഹീമുല്‍ ബാജൂരി(റ) ശമാഇലുല്‍ മുഹമ്മദിയ്യയുടെ വ്യാഖ്യാനമായ അല്‍മവാഹിബുല്ലദുന്നിയ്യ പേജ് 168ല്‍ എഴുതുന്നു: ” ‘ആഇശ(റ)യുടെ ഹദീസില്‍ പ്രസ്താവിച്ചത് നബി(സ്വ)ഒന്നുറങ്ങിയതിനു ശേഷമുള്ള നിസ്കാരം സംബന്ധിച്ചാണ്. അതുകൊണ്ടു തന്നെ ഉറങ്ങുന്നതിന് മുമ്പ് മറ്റൊരു സുന്നത് നിസ്കരിച്ചിരുന്നുവെന്ന ഹദീസിനോട് ഇത് എതിരല്ല. അപ്പോള്‍ റമള്വാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിക്കുന്നവരല്ല ‘ആഇശ(റ) എന്ന് വ്യക്തം”.

ഇബ്നുതൈമിയ്യ തന്നെ പറയട്ടെ. “ഒരു വിഭാഗം ആളുകള്‍ക്ക് ഈ അടിസ്ഥാന തത്വത്തില്‍ അസ്വസ്ഥത ബാധിച്ചു. ഖുലഫാഉര്‍റാശിദുകളുടെ ചര്യയോടും ലോക മുസ്ലിംകളുടെ ‘അമലിനോടും പ്രസ്തുത ഹദീസ് എതിരാകുമെന്ന് അവര്‍ തെറ്റിദ്ധരിച്ചുപോയി.” (മജ്മൂ’ഉല്‍ ഫതാവ 23/113)

പ്രസ്തുത ഹദീസ് തറാവീഹ് സംബന്ധിച്ചുള്ളതാണെന്നും ആ ഹദീസില്‍ പതിനൊന്ന് റക്’അതുകളേ പറയുന്നുള്ളൂവെന്നും ഇത് ഖുലഫാഉറാശിദുകളുടെ ചര്യയും ലോക മുസ്ലിംകളുടെ പ്രവൃത്തിയുമായ ഇരുപത് റക്’അത് തറാവീഹിനോട് വിരുദ്ധമാകുന്നുണ്ടെന്നും ഉള്ള ധാരണ പിഴവാണെന്നാണ് ഇബ്നുതൈമിയ്യ പറയുന്നത്.

(രണ്ട്) അബൂസലമ(റ)വിന്റെ ചോദ്യത്തിന്റെ മറുപടിയായിട്ടാണ് ‘ആഇശ(റ)യുടെ ഹദീസ്. ചോദ്യം ഇപ്രകാരമായിരുന്നു. “നബി(സ്വ)യുടെ റമള്വാനിലെ നിസ്കാരം എങ്ങനെയായിരുന്നു?’ ഈ നിസ്കാരം കൊണ്ട് വിവക്ഷ രാത്രി നിസ്കാരമായ തഹജ്ജുദ് ആകാന്‍ ന്യായമുണ്ട്. ഇബ്നുഖുസൈമ(റ)യുടെ ഒരു നിവേദനം ഇതിനുപോല്‍ബലകമാണ്. അബൂസലമ(റ) ചോദിച്ചു. നബി(സ്വ)യുടെ രാത്രി നിസ്കാരത്തെ സംബന്ധിച്ചു എനിക്ക് പറഞ്ഞുതരിക. ഉമ്മുല്‍ മുഅ്മിനീന്‍!. (സ്വഹീഹു ഇബ്നിഖുസൈമ 3/341)

അപ്പോള്‍ അബൂസലമ(റ)യുടെ ചോദ്യത്തിന്റെ സംക്ഷിപ്തം ഇങ്ങനെ സംഗ്രഹിക്കാം. റമള്വാനിലായത് കൊണ്ട് സാധാരണക്കപ്പുറമായി തഹജ്ജുദിന്റെ റക്അതുകളെ നബി   (സ്വ)വര്‍ധിപ്പിക്കാറുണ്ടോ?
ബാജൂരി(റ) പറയുന്നത് കാണുക: “റമള്വാനില്‍ നബി(സ്വ)യുടെ നിസ്കാരം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന്റെ വിവക്ഷ റമള്വാനിന്റെ രാത്രികളില്‍ തഹജ്ജുദിന്റെ സമയത്ത് വര്‍ധനവ് വരുത്താറുണ്ടോ എന്നാണ്.” (ശര്‍ഹു ശ്ശമാഇല്‍ 168)

പ്രസ്തുത ഹദീസിന് തലവാചകമായി ഇബ്നുഖുസൈമ(റ) പറയുന്നത് കാണുക: “രാത്രി നിസ്കാരത്തിന്റെ റക്അതുകളുടെ എണ്ണങ്ങളില്‍ റമള്വാനല്ലാത്തപ്പോള്‍ നിസ്കരിക്കുന്നതിലുപരി റമള്വാനില്‍ നബി(സ്വ)വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നതിന് തെളിവ് പരാമര്‍ശിക്കുന്ന അധ്യായം.” പ്രസ്തുത ഹദീസ് തറാവീഹിനെ സ്പര്‍ശിക്കുന്നില്ലെന്നും അത് തഹജ്ജുദ് സംബന്ധമായുള്ളതാണെന്നും സംക്ഷിപ്തം.

(മൂന്ന്) ബാജൂരി(റ) പറയുന്നു: “റമള്വാനിലും അല്ലാത്തപ്പോഴും പതിനൊന്ന് റക്’അതുകളെക്കാള്‍ നബി(സ്വ) വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്ന ‘ആഇശ(റ)യുടെ പരാമര്‍ശം അവരുടെ അപ്പോഴത്തെ അറിവനുസരിച്ചാകാം. കാരണം റമള്വാനില്‍ മാത്രമുള്ള ഒരു പ്രത്യേക നിസ്കാരം നബി(സ്വ)ക്കുണ്ടായിരുന്നുവെന്ന് ആദ്യകാലഘട്ടത്തിലെ ബഹുഭൂരിപക്ഷത്തിന്റെ അടുക്കലും സ്ഥിരപ്പെട്ടതാണ്” (ബാജൂരി(റ)യുടെ മവാഹിബ്, പേജ് 168).

ഇബ്നുല്‍ ‘അറബി(റ), തിര്‍മിദി വ്യാഖ്യാനമായ ‘ആരിളതുല്‍ അഹ്വദി 2/230 ല്‍ എഴുതുന്നു. “നബി(സ്വ) പതിനൊന്ന് റക്’അതുകളെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണ് ‘ആഇശ(റ) ഉദ്ധരിക്കുന്നത്. അവരുടെ അരികില്‍വെച്ചുള്ള നിസ്കാരമുദ്ദേശിച്ചാണിത്. കാരണം മൈമൂന(റ)യുടെ വീട്ടില്‍വെച്ച് നബി(സ്വ)പതിനാറ് റക്’അത് നിസ്കരിക്കുന്നതായി ഇബ്നു ‘അബ്ബാസ്(റ) കണ്ടിട്ടുണ്ട്.”

അപ്രകാരം തന്നെ പള്ളിയില്‍വെച്ച് തറാവീഹ് ഇരുപത് റക്’അത് നിസ്കരിക്കുന്നതായും ഇബ്നു ‘അബ്ബാസ്(റ) തന്നെ കണ്ടിട്ടുണ്ട്. ‘ആഇശ(റ)യാകട്ടെ പള്ളിയില്‍ നടക്കുന്ന നിസ്കാരത്തിന് സംബന്ധിക്കാത്തത് കൊണ്ട് പള്ളിയില്‍ വെച്ചു നടന്ന തറാവീഹ് നിസ്കാരത്തെ കണ്ടിട്ടില്ല.
(നാല്) അധിക ദിവസങ്ങളിലും നബി(സ്വ) നിസ്കരിക്കുന്ന  നിശാ നിസ്കാരത്തെ സംബന്ധിച്ചാണ് പ്രസ്തുത ഹദീസ്. ഖാള്വി ഇയാള്വ്(റ) പറയുന്നു: “പതിനൊന്ന് റക്’അതുകള്‍ എന്നുള്ള ‘ആഇശ(റ)യുടെ പരാമര്‍ശം അധിക ദിവസങ്ങളിലുമുള്ളത് സംബന്ധിച്ചാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ‘ആഇശ(റ)യില്‍ നിന്ന് തന്നെയുള്ള മറ്റു റിപ്പോര്‍ട്ടുകള്‍ ചില സമയങ്ങളില്‍ മാത്രം നടന്നത് സംബന്ധിച്ചുമാകാം.” (ഉംദത്തുല്‍ഖ്വാരി 1/187)

ശബീര്‍ അഹ്മദ് പറയുന്നത് കാണുക. “അപ്പോള്‍ നബി(സ്വ)റമള്വാനില്‍ ഇരുപത് റക്’അത് നിസ്കരിച്ചിരുന്നുവെന്ന് ഇബ്നു അബീശൈബ, ത്വബ്റാനി, ബൈഹഖ്വി(റ) തുടങ്ങിയവര്‍ ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്നുദ്ധരിക്കുന്ന ഹദീസിനും ‘ആഇശ(റ)യുടെ ഈ ഹദീസിനുമിടയില്‍ വൈരുദ്ധ്യമില്ല. കാരണം ഇബ്നു ‘അബ്ബാസി(റ)ന്റെ ഹദീസില്‍ പറയുന്നത് ചില രാത്രികളിലുണ്ടായ കാര്യം മാത്രമാണ്. അധിക രാത്രികളിലും ഉള്ളതല്ല.’ (ഫത്ഹുല്‍ മുല്‍ഹിം 2/320)
ഇബ്നുല്‍ ‘ആബിദീന്‍(റ) പറയുന്നു: ” ‘ആഇശ(റ)യുടെ ഹദീസിന് ഇങ്ങനെ മറുപടി പറയാം. അപ്പറഞ്ഞത് നബി(സ്വ)യുടെ അധികസന്ദര്‍ഭത്തിലുമുള്ള നിസ്കാരം സംബന്ധിച്ചാണ്. ഇത് (ഇബ്നു ‘അബ്ബാസി(റ)ന്റെ ഹദീസ്) കേവലം രണ്ട് രാത്രികളിലെ നിസ്കാരം സംബന്ധിച്ചുമാണ്. (അല്ലെങ്കില്‍ മൂന്ന് രാത്രികളില്‍) അപ്പോള്‍ ഈ ഹദീസില്‍ പറയുന്ന നിസ്കാരത്തെ ‘ആഇശ(റ) പരാമര്‍ശിച്ചിട്ടില്ല.” (മിന്‍ഹതുല്‍ ഖാലിഖ്വ് 2/66)

ഈ സാധ്യതകളെല്ലാം നിലനില്‍ക്കുമ്പോള്‍ ‘ആഇശ(റ)യുടെ പ്രസ്തുത ഹദീസ് തറാവീഹിന് രേഖയാക്കാന്‍ പറ്റുകയില്ലെന്ന് ചുരുക്കം. ബദ്ലുല്‍ മജ്ഹൂദ് 2/290ല്‍ പറയുന്നത് കാണുക. “നിശ്ചയം ഈ ഹദീസിന് തറാവീഹ് നിസ്കാരവുമായി ഒരു ബന്ധവുമില്ല. തറാവീഹ് എട്ട് റക്’അതാണെന്നതിന് ഈ ഹദീസ് രേഖയാക്കുന്നത് നിഷ്ഫലമാണ്.”

എന്നാല്‍ പിന്നെ സ്വഹീഹുല്‍ ബുഖാരിയില്‍ ഈ ഹദീസ് തറാവീഹിന്റെ അധ്യായത്തില്‍ കൊണ്ടുവന്നതെന്തിന്?  പ്രതിയോഗികളുടെ ചോദ്യമാണിത്. ഇത് ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ചുള്ള അജ്ഞതയില്‍ നിന്നുടലെടുത്തതാണ്. തലവാചകമായി പറയുന്ന ആശയത്തിന് അനുകൂലമോ പ്രതികൂലമോ ആയ ഹദീസുകള്‍, പ്രസ്തുത ആശയവുമായി ഏതെങ്കിലും പണ്ഢിതന്മാര്‍ ബന്ധപ്പെടുത്തിയ ഹദീസുകള്‍ തുടങ്ങിയവയൊക്കെ ആ തലവാചകത്തിന് താഴെ കൊണ്ടുവരിക ഇമാം ബുഖാരി(റ)യുടെ പതിവാണ്.  ആ ആശയങ്ങളെ ല്ലാം ഇമാം ബുഖാരി(റ) അംഗീകരിച്ചതാകണമെന്നില്ല.

(4) സാഇബി(റ)ല്‍നിന്ന് നിവേദനം: “അവര്‍ പറഞ്ഞു. ഉബയ്യുബ്നു ക’അ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്’അത് നിസ്കരിക്കാന്‍ ‘ഉമര്‍(റ) ആജ്ഞാപിച്ചു. ഈ ഹദീസ് ഇമാം മാലിക്(റ) മുവത്ത്വ 1/40ലും ബൈഹഖ്വി(റ) സുനന്‍ 2/496ലും നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നുവഹ്ബ്(റ), അബ്ദുര്‍റസ്സാഖ്(റ), ള്വിയാഉല്‍ മഖ്വ്ദിസി(റ), ത്വഹാവി(റ), ജ’അ്ഫറുല്‍ ഫിര്‍യാബി(റ) തുടങ്ങിയവര്‍ ഇമാം മാലിക്(റ) വഴിയായി തന്നെ ഈ ഹദീസ് നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/283ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസ് പല കാരണങ്ങളാലും എട്ട് റക്’അത് വാദികള്‍ക്ക് രേഖയാക്കാന്‍ പറ്റില്ല.
(ഒന്ന്) മാലികി മദ്ഹബുകാരനും സുപ്രസിദ്ധ ഹദീസ് പണ്ഢിതനുമായ ഹാഫിള്വ് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) (മരണം ഹി. 462) പറയുന്നത് കാണുക: “ഇമാം മാലിക് അല്ലാത്തവരെല്ലാം ഈ ഹദീസ് നിവേദനത്തില്‍ ഇരുപത്തിയൊന്ന് റക്’അത് എന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. അത് തന്നെയാണ് സ്വഹീഹും. മാലിക് (റ) അല്ലാതെ പതിനൊന്ന് റക്’അതെന്ന് പ്രസ്താവിച്ചതായി മറ്റാരെയും നാം അറിയുന്നില്ല. എന്റെ ബലമായ ധാരണ, പതിനൊന്ന് റക്’അതാണെന്ന പ്രസ്താവന പിഴവാകുമെന്നാണ്.” (സുര്‍ഖ്വാനി 1/239)

ഇബ്നു ‘അബ്ദില്‍ബര്‍റി(റ)ന്റെ മേല്‍ വാക്കുകള്‍ ഉദ്ധരിച്ച ശേഷം ഔജസുല്‍ മസാലിക് 1/394ല്‍ എഴുതുന്നു: “ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പറഞ്ഞതാണ് എന്റെ വ്യക്തമായ അഭിപ്രായം. കാരണം, മിക്ക നിവേദക പരമ്പരകളിലും തറാവീഹ് ഇരുപത് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.”

ഇതു കൊണ്ടു തന്നെയാണ് മാലികി മദ്ഹബുകാരന്‍ തന്നെയായ ഇബ്നുല്‍ ‘അറബി(റ) തന്റെ തിര്‍മിദി വ്യാഖ്യാനമായ ‘ആരിളതുല്‍ അഹ്വദി 4/19 ല്‍ ഇപ്രകാരം പറഞ്ഞത്. “(ഉബയ്യുബ്നു ക’അ്ബ്(റ) പതിനൊന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു. എന്നാല്‍ ജനങ്ങളെല്ലാം അതിനെതിരാണ്. അവര്‍ ഇരുപത്തൊന്ന് റക്അത് നിസ്കരിച്ചിരുന്നുവെന്നാണ് പറയുന്നത്.”

ചുരുക്കത്തില്‍ തറാവീഹ് ജമാഅതായി പള്ളികളില്‍ ‘ഉമര്‍(റ) പുനഃസംഘടിപ്പിച്ചപ്പോള്‍ ഒരു റക്’അത് വിത്റ് സഹിതം ഇരുപത്തൊന്ന് റക്’അതാണ് കല്‍പ്പിച്ചതെന്നാണ് ഇമാം മാലിക്(റ) അല്ലാത്തവരുടെ നിവേദനങ്ങളിലെല്ലാം ഉള്ളത്. മാലിക്(റ)വിന്റെ നിവേദനത്തില്‍ മാത്രം പതിനൊന്ന് എന്നാണ്. ഇരുപത്തിയൊന്ന് എന്നിടത്ത് പതിനൊന്ന് എന്ന് പറഞ്ഞത് പിഴവാകാനാണ് സാധ്യത എന്ന് സംക്ഷിപ്തം.

കാരണം തറാവീഹ് ഇരുപത് റക്’അതാണ് ‘ഉമര്‍(റ) പുനഃസംഘടിപ്പിച്ചപ്പോള്‍ നിസ്കരിച്ചതെന്ന് സാഇബി(റ)ല്‍നിന്ന് ഹാരിസ്(റ) വഴിയായി മുസ്വന്നഫു അബ്ദിര്‍റസ്സാഖ് 4/261ലും, യസീദ്(റ) വഴിയായി ഇമാം മാലിക്(റ) മവത്ത്വയിലും, ബൈഹഖ്വി(റ) സുനന്‍ 2/496ലും, മുഹമ്മദുബ്നു നസ്വ്ര്‍(റ) ഖ്വിയാമുല്ലൈല്‍ പേജ് 91ലും നിവേദനം ചെയ്തിട്ടുണ്ട്. ഇപ്രകാരം തന്നെ സാഇബി(റ)ല്‍നിന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയായി മുസ്വന്നഫു അബ്ദിറസ്സാഖ് 4/260ലും നിവേദനം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇബ്നു ‘അബ്ദില്‍ബര്‍റ്(റ)പ്രസ്താവിച്ചതിന് ഖണ്ഡനമുണ്ടെന്നും കാരണം ഇമാം മാലിക്(റ) വഴിയല്ലാതെ തന്നെ പതിനൊന്ന് എന്ന പരാമര്‍ശം വന്നിട്ടുണ്ടെന്നും ഇബ്നുഹജര്‍(റ) തന്റെ ഇംദാദ് 1/103ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം മാലിക്(റ) വഴിയല്ലാതെ പതിനൊന്ന് എന്ന പരാമര്‍ശം വന്നത് സ’ഈദു ബ്നു മന്‍സ്വൂറി(റ)ന്റെ സുനനിലാണ്. മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴിക്കാണ് സ’ഈദുബ്നു മന്‍സ്വൂര്‍(റ) ഇങ്ങനെ നിവേദനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇമാം സുബ്കി(റ) ഇപ്രകാരം പറഞ്ഞത്. “ഇബ്നു അബ്ദില്‍ ബര്‍റ്(റ) സഈദുബ്നു മന്‍സൂറി(റ)ന്റെ സുനന്‍ കണ്ടിട്ടില്ലെന്ന് തോന്നുന്നു. കാരണം അതിലെ നിവേദനം ഇമാം മാലികി(റ)ന്റെ നിവേദനം പോലെ തന്നെയാണ്.” (ഫതാവാ സുയൂഥ്വി 1/350)

ഇപ്രകാരം തന്നെയാണ് മുഹമ്മദുബ്നു യൂസുഫി(റ)ല്‍ നിന്ന് യഹ്യബ്നു സ’ഈദ്(റ) നിവേദനം ചെയ്തിട്ടുള്ളതെന്ന് ഇബ്നു അബീശൈബ(റ)യില്‍ നിന്ന് നൈമവി(റ)യുടെ തഅ്ലീഖ്വു ആസാരിസ്സുനന്‍ 2/55ല്‍ ഉദ്ധരിച്ചിട്ടുണ്ട്. മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ഇമാം മാലിക്(റ) തന്റെ മുവത്ത്വയില്‍ പതിനൊന്ന് റക്’അതെന്ന് പരാമര്‍ശിച്ച പോലെ അതേ മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് തന്നെ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) പതിനൊന്ന് എന്ന് പരാമര്‍ശിച്ചതായി സ’ഈദുബ്നു മന്‍സ്വൂറിന്റെ സുനനിലും യഹ്യബ്നു സ’ഈദ്(റ) പരാമര്‍ശിച്ചതായി ഇബ്നുഅബീശൈബ(റ)യുടെ മുസ്വന്നഫിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംക്ഷിപ്തം. അ പ്പോള്‍ ഇമാം മാലിക്(റ)വിന് പിഴവു പറ്റിയെന്ന് പറയാവതല്ല.

എന്നാല്‍ സാഇബി(റ)ല്‍ നിന്നുള്ള മിക്ക നിവേദക പരമ്പരകളിലും ഇരുപത്തിയൊന്ന് എന്നു പറയുമ്പോള്‍ സാഇബി(റ)ല്‍ നിന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയായുള്ള നിവേദനത്തില്‍ മാത്രം (മുഹമ്മദ്ബ്നു യൂസുഫി(റ)യില്‍നിന്ന് ഇമാം മാലികും(റ), അബ്ദുല്‍ അസീസുദുറാര്‍ദി(റ)യും യഹ്യബ്നു സഈദും(റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തതില്‍) വന്ന പിഴവ് എവിടെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്.

ഔജസുല്‍ മസാലികില്‍ പറയുന്നത് കാണുക: “എന്റെ വീക്ഷണത്തില്‍ പിഴവ് സംഭവിച്ചത് മുഹമ്മദ് ബ്നു യൂസുഫി(റ)ല്‍ നിന്നാണ്. ഇമാം മാലികി(റ)ല്‍ നിന്നല്ല. സ’ഈദുബ്നു മന്‍സ്വൂറി(റ)ന്റെ സുനനില്‍ മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തത് ഇതിനുപോല്‍ബലകമാണ് (ഔജസുല്‍ മസാലിക് 1/394).

മുഹമ്മദു ബ്നു യൂസുഫി(റ)ല്‍ നിന്ന് ദാവൂദു ബ്നു ഖ്വൈസ്(റ) നിവേദനം ചെയ്തപ്പോള്‍ ഇരുപത്തിയൊന്ന് എന്നു തന്നെ പ്രസ്താവിച്ചതായി മുസ്വന്നഫു ‘അബ്ദിര്‍റസ്സാഖ് 4/260ലും ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) തന്നെ മുഹമ്മദുബ്നു യൂസുഫി(റ)ല്‍ നിന്ന് മറ്റൊരിക്കല്‍ നിവേദനം ചെയ്തപ്പോള്‍ ഇതേ പോലെ ഇരുപത്തിയൊന്ന് എന്ന് പ്രസ്താവിച്ചതായി മവാഹിബുല്ലദുന്നിയ്യ 7/420ലും ഇപ്രകാരം തന്നെ മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് മുഹമ്മദു ബ്നു നസ്വ്റ്(റ) നിവേദനം ചെയ്തതായി നൈലുല്‍ ഔ ത്വാര്‍ 3/54ലും രേഖപ്പെടുത്തിയത് ഔജസില്‍ പ്രസ്താവിച്ചതിന് ഉപോല്‍ബലകമാകുന്നുണ്ട്. കാരണം മുഹമ്മദ്ബ്നു യൂസുഫ്(റ) ദാവൂദു ബ്നു ഖ്വൈസി(റ)നും ഒരിക്കല്‍ അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ)ക്കും മുഹമ്മദു ബ്നു നസ്റ്(റ)നും ഈ ഹദീസ് നിവേദനം ചെയ്ത് കൊടുത്തപ്പോള്‍ മറ്റു നിവേദനങ്ങളോട് യോജിച്ചു കൊണ്ട് ഇരുപത്തിയൊന്ന് എന്ന് പറഞ്ഞ സ്ഥിതിക്ക് അതേ മുഹമ്മദുബ്നു യൂസുഫ്(റ) ഇമാം മാലിക്(റ)നും മറ്റൊരിക്കല്‍ ‘അബ്ദുല്‍ ‘അസീസുദ്ദറാവര്‍ദി(റ)ക്കും യഹ്യബ്നു സ’ഈദി(റ)നും നിവേദനം ചെയ്തു കൊടുത്തപ്പോള്‍ പതിനൊന്ന് എന്നുപറഞ്ഞത് പിഴച്ചു പറഞ്ഞതാകാനേ നിര്‍വാഹമുള്ളൂ.

സാഇബുബ്നു യസീദി(റ)ല്‍ നിന്ന് പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരകള്‍ ഇപ്രകാരം സംഗ്രഹിക്കാം. (1) സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹാരിസു ബ്നു ‘അബ്ദിറഹ്മാന്‍(റ) വഴി ഇരുപത്തിമൂന്ന് എന്ന് ‘അബ്ദുര്‍റസ്സാഖ്വി(റ)ന്റെ നിവേദനം. (2) സാഇബ്ബ്നു യസീദി(റ)ല്‍നിന്ന് യസീദുബ്നു ഖസീഫ(റ) വഴി ഇരുപത് എന്ന് ഇമാം മാലിക്(റ)ന്റെയും മുഹമ്മദുബ്നു നസ്വ്റ്(റ)ന്റെയും നിവേദനം. (3) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് മുഹമ്മദ് ബ്നു യൂസുഫ്(റ) വഴി ഏഴു രൂപത്തില്‍ നിവേദനം. അവ ഇപ്രകാരമാണ്. (അ) മുഹമ്മദു ബ്നു യൂസുഫി(റ)ല്‍ നിന്ന് ദാവൂദു ബ്നു ഖ്വൈസ്(റ) വഴി ഇരുപത്തിയൊന്ന് (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ്), (ആ) മുഹമ്മദുബ്നു യൂസുഫി  (റ)ല്‍ നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴി ഇരുപത്തിയൊന്ന്. (അല്‍ മവാഹിബുല്ലദുന്നിയ്യ), (ഇ) മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് മുഹമ്മദുബ്നു നസ്വ്റ്(റ)വഴി ഇരുപത്തിയൊന്ന്. (നൈലുല്‍ ഔത്വാര്‍), (ഉ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍നിന്ന് മുഹമ്മദു ബ്നു ഇസ്ഹാഖ്വ്(റ) വഴി പതിമൂന്ന് (ഖ്വിയാമുല്ലൈല്‍), (ഋ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ഇമാം മാലിക്(റ) വഴി പതിനൊന്ന്. (മുവത്ത്വ), (എ) മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് മറ്റൊരിക്കല്‍ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴി പതിനൊന്ന്. (സുനനു സ’ഈദിബ്നി മന്‍സൂര്‍), (ഏ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് യഹ്യബ്നു സ’ഈദ്(റ) വഴി പതിനൊന്ന്. (മുസ്വന്നഫു ഇബ്നി അബീ ശൈബ).
എന്നാല്‍ മുഹമ്മദ്ബ്നു ഇസ്ഹാഖ്വി(റ)ന്റെ നിവേദനം ദുര്‍ബലമാണ്. കാരണം മുഹമ്മദുബ്നു ഇസ്ഹാഖ്വ്(റ) അയോഗ്യനാണെന്ന് താരീഖു ബഗ്ദാദ് 1/223ലും, തഹ്ദീബുത്തഹ്ദീബ് 9/38ലും, ഖുലാസ്വത്തുല്‍ ഖസ്റജി 2/379ലും, മീസാനുല്‍ ഇ’അ്തിദാല്‍ 3/24ലും വിശദീകരിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ‘ഉമര്‍(റ) തറാവീഹ് നിസ്കാരം പുനഃസംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അത് തന്നെയായിരുന്നു നിസ്കരിച്ചിരുന്നതെന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയല്ലാത്ത എല്ലാ നിവേദക പരമ്പരയും ഒത്തു സമ്മതിക്കുന്നു. മുഹമ്മദുബ്നു യൂസുഫ് (റ) വഴിയായി തന്നെയുള്ള മൂന്ന് നിവേദക പരമ്പരയിലും ഇരുപത് എന്നു തന്നെയാണ്. മറ്റ് മൂന്ന് പരമ്പരകളില്‍ മാത്രമാണ് പതിനൊന്ന് എന്ന് പറയുന്നത്. അതില്‍ തന്നെ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ)യുടെ നിവേദനം ബലഹീനവുമാണ്. കാരണം അദ്ദേഹം ഹദീസില്‍ കൂടുതല്‍ പിഴവ് സംഭവിച്ചിരുന്ന ആളായിരുന്നുവെന്ന് ത്വബഖ്വാതു ഇബ്നി സ’അ്ദ് 5/424ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഹാഫിള്വ് ഇബ്നുഹജര്‍(റ) പറയുന്നു: “മുവത്ത്വയിലും ഇബ്നു അബീശൈബയിലും,ബൈഹഖ്വിയിലും ഇപ്രകാരമുണ്ട്; ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അതായിരുന്നു നിസ്കരിച്ചിരുന്നത്.” (ഹാഫിള്വിന്റെ തല്‍ഖീസ് 4/265)
ഹാഫിള്വ് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പറയുന്നു: “ഉബയ്യുബ്നു ക’അ്ബി(റ)ല്‍ നിന്ന് സ്വഹീഹായി വന്നിട്ടുള്ളത് ഇതു തന്നെയാണ്. സ്വഹാബതില്‍ നിന്നാര്‍ക്കും ഇതിനെതിരില്‍ അഭിപ്രായം ഉണ്ടായിട്ടില്ല. (‘ഉംദതുല്‍ ഖ്വാരി 11/127) ഇപ്രകാരം ലാമി’ഉദ്ദിറാരി 2/87ലും, ശര്‍ഹുസ്സുര്‍ഖ്വാനി അലല്‍ മവാഹിബ് 7/420ലും കാണാം.

ഇബ്നുതൈമിയ്യ പറയുന്നു: “റമള്വാന്‍ മാസത്തില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും ഉബയ്യുബ്നു ക’അ്ബ്(റ) നിസ്കരിച്ചിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം പണ്ഢിതരും അഭിപ്രായപ്പെടുന്നത് ഇതു തന്നെയാണ് സുന്നതെന്നാകുന്നു. കാരണം മുഹാജിറുകളും അന്‍സ്വാറുകളുമടങ്ങുന്ന സ്വഹാബതിനിടയിലാണ് ഉബയ്യുബ്നു ക’അ്ബ്(റ) ഇത് നിലനിര്‍ത്തിയത്. അവരില്‍ നിന്നാരും തന്നെ ഇതിനെ എതിര്‍ത്തിട്ടില്ല.” (മജ്മൂ’ഉല്‍ ഫതാവ 23/112) മിര്‍ഖ്വാത് 2/175ലും ഇതുദ്ധരിച്ചിട്ടുണ്ട്.

ശൈഖ് മഹ്മൂദ് ഹസന്‍ തന്റെ തഖ്വ്രീറു തിര്‍മിദി പേജ് 26ല്‍ പറയുന്നു: “സ്വഹാബതിന്റെ ഇജ്മാ’ഇനെക്കാള്‍ സുശക്തമായ മറ്റെന്തൊരു രേഖയാണുള്ളത്. കാരണം നബി (സ്വ)യുടെ വാക്കുകളും പ്രവൃത്തികളും കൂടുതല്‍ അറിയുന്നവര്‍ അവരാണല്ലോ. എന്നിരിക്കെ ഇരുപത് അല്ലാത്തതിനെ അവര്‍ ഉപേക്ഷിച്ച സ്ഥിതിക്ക് തറാവീഹിന്റെ റക്’അതുകള്‍ ഇരുപത് തന്നെയാണെന്ന് തെളിയിക്കുന്ന രേഖ നബി(സ്വ)യില്‍ നിന്ന് അവര്‍ക്ക് വ്യക്തമായിട്ടുണ്ടെന്ന് ഉറപ്പിക്കാം. അപ്പോള്‍ തങ്ങള്‍ അഹ്ലുല്‍ ഹദീസാണെന്ന് അവകാശപ്പെടുന്ന ചിലര്‍ എട്ടാക്കി ചുരുക്കിയതിന് ഹദീസുകളില്‍ യാതൊരടിസ്ഥാനവുമില്ല. അത് ചിന്തിക്കാത്തതിന്റെയും ബുദ്ധിമാന്ദ്യതയുടെയും സൃഷ്ടി മാത്രമാണ്.”

(2) ശൈഖ് ‘അത്വിയ്യ(റ) പറയുന്നു: ” ‘ഉമര്‍(റ) രണ്ട് ഇമാമുകളെ നിശ്ചയിച്ചത് പുരുഷന്മാര്‍ക്കു തന്നെയാണ്. ആ രണ്ട് ഇമാമുകള്‍ ഉയ്യുബ്നു ക’അ്ബും(റ) തമീമുദ്ദാരി(റ)യുമത്രെ. ഒരു രാത്രിയില്‍ തന്നെ രണ്ടുപേരും ഇമാമത് നില്‍ക്കും. ഒരാള്‍ അവസാനിച്ചിടത്തുനിന്ന് രണ്ടാമത്തെയാള്‍ തുടങ്ങുന്നു. ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്’അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചുവെന്ന് പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്.” (‘അത്വിയ്യ(റ)യുടെ അത്തറാവീഹു അക്സറ മിന്‍ അല്‍ഫി ആം, പേജ് 28, 29)

ഔജസിന്റെ വാക്കുകള്‍ കാണുക: “രണ്ടുപേരും കൂടി ഇമാമായി നിസ്കരിച്ചതിനെ പരിഗണിച്ചാണ് ഇരുപത്തൊന്ന് റക്അതുകള്‍ നിസ്കരിച്ചുവെന്ന നിവേദനമെന്നും ഓരോരുത്തരും നിസ് കരിച്ചത് പരിഗണിച്ചാണ് പതിനൊന്ന് റക്അത് നിസ്കരിച്ചുവെന്ന നിവേദനമെന്നും പറയാന്‍ ന്യായമുണ്ട്. രണ്ടുപേരും പത്ത് റക്’അതുകള്‍ വീതം നിസ്കരിക്കും. ഒരു റക്’അത് വിത്റ് ഒരു പ്രാവശ്യം ഒരു ഇമാമ് നിസ്കരിച്ചാല്‍ മറ്റൊരു പ്രാവശ്യം മറ്റേ ഇമാമ് നിസ്കരിക്കും. ഈ അര്‍ത്ഥത്തില്‍ രണ്ടു പേരിലേക്കും പതിനൊന്ന് എന്ന് ചേര്‍ത്തു പറയല്‍ ശരി തന്നെ. ഇതനുസരിച്ച് നിവേദനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ല. ഈ വിഷയമായി വന്ന മറ്റു റിപ്പോര്‍ട്ടുകളോട് ഇത് എതിരാകുന്നുമില്ല.” (ഔജസുല്‍ മസാലിക് 1/394)

ഇബ്നു സ’അ്ദി(റ)ന്റെ നിവേദനം ഇതിനുപോല്‍ബലകമാകുന്നുണ്ട്. ‘അംറ്(റ) പറയുന്നു: “നി ശ്ചയം ഉബയ്യു ബ്നു ക’അ്ബും തമീദുദ്ദാരി(റ)യും നബി(സ്വ) നിസ്കരിച്ച സ്ഥാനത്ത് തന്നെ പുരുഷന്മാര്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു.” (ത്വബഖ്വാതു ഇബ്നി സ’അ്ദ് 5/26)
ചുരുക്കത്തില്‍ അധിക നിവേദനങ്ങളിലും ഇരുപത്തൊന്ന് റക്’അതുകള്‍ എന്നു വന്നപ്പോള്‍ ചില നിവേദനങ്ങളില്‍ പതിനൊന്ന് റക്’അതുകള്‍ എന്ന് വന്നത് പരസ്പര വൈരുദ്ധ്യമല്ല. നിവേദനത്തില്‍ ഇരുപത്തിയൊന്ന് എന്ന് പറയേണ്ടിടത്ത് പതിനൊന്ന് എന്ന് പിഴവായി പറഞ്ഞതാണെന്ന് വെക്കേണ്ടതുമില്ല. കാരണം ഉബയ്യുബ്നു ക’അ്ബ്  (റ) പത്തും തമീമുദ്ദാരി(റ) പത്തും നിസ്കരിച്ച ശേഷം ഒരു റക്’അത് വിത്റ് നിസ്കാരത്തിന് ഇമാമായി ഒരാള്‍ നിന്നാല്‍ മറ്റേ ദിവസം രണ്ടാമത്തെയാള്‍ നില്‍ക്കുന്നു. ഇതനുസരിച്ച് ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചുവെന്ന് പരാമര്‍ശിക്കുന്ന ഹദീസുകള്‍ ചില ദിവസങ്ങളില്‍ വിത്റ് മൂന്ന് റക്’അത് നിസ്കരിക്കുന്നതിനെ സംബന്ധിച്ചാണെന്ന് ഗ്രഹിക്കാനാകും.

(3) നബി(സ്വ) നിസ്കരിച്ചതായും ‘ഉമര്‍(റ) തറാവീഹിന് ജനങ്ങളെ സംഘടിപ്പിച്ചതായുമുള്ള എല്ലാ റിപ്പോര്‍ട്ടുകളും നിവേദക പരമ്പരകളുടെ ബലാബലം പരിഗണിക്കാതെ ഇങ്ങനെ സമന്വയിപ്പിക്കാനാകും:- നബി(സ്വ) പടിപടിയായി റക്’അതുകള്‍ വര്‍ധിപ്പിച്ചത് പോലെ ‘ഉമര്‍(റ) വര്‍ധിപ്പിച്ചതാണ്. ആദ്യം എട്ട് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കുകയും ശേഷം പത്ത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കുകയും അവസാനം ഇരുപത് റക്’അത് തറാവിഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കുകയും ചെയ്തു .

നു’അ്മാനു ബ്നു ബശീറി(റ)ല്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: “റമള്വാനിന്റെ ഇരുപത്തിമൂന്നാം രാവില്‍ രാത്രിയുടെ മൂന്നിലൊന്ന് ഭാഗം ആകുന്നത് വരെയും ഇരുപത്തഞ്ചാം രാവില്‍ രാത്രി പകുതി ആകുന്നത് വരെയും ഇരുപത്തേഴാം രാവില്‍ ഞങ്ങള്‍ക്ക് അത്താഴം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നത് വരെയും നബി(സ്വ)യോടൊന്നിച്ച് ഞങ്ങള്‍ നിസ്കരിച്ചു.” ഈ ഹദീസ് ഇബ്നു അബീശൈബ(റ)മുസ്വന്നഫ് 2/394ലും, നസാഈ(റ)സുനന്‍ 1/182ലും, മുസ്തദ്റക് 1/44ലും, സ്വഹീഹു ഇബ്നി ഖുസൈമ 3/336ലും, ഖ്വിയാമുല്ലൈല്‍ പേജ് 89ലും നിവേദനം ചെയ്തിട്ടുണ്ട്.

അബൂ ദര്‍റി(റ)ല്‍ നിന്നുളള മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം കാണാം. “ഞങ്ങള്‍ നബി(സ്വ)യോടൊന്നിച്ച് റമള്വാന്‍ മാസത്തില്‍ വ്രതമെടുത്തു. ആ മാസത്തില്‍ ഏഴ് ദിവസം ബാക്കിയാവുന്നത് വരെയുള്ള  ദിവസങ്ങളില്‍  (റമള്വാനിലെ പ്രത്യേക  നിസ്ക്കാരം) ഞങ്ങള്‍ക്ക് ഇമാമായി നബി(സ്വ) നിസ്കരിച്ചില്ല. അങ്ങനെ ഏഴു ദിവസം ബാക്കിയുള്ളപ്പോള്‍ ആദ്യമായി (23 ന്റെ രാത്രിയില്‍) രാത്രിയുടെ മൂന്നിലൊരു ഭാഗം കഴിയുന്നത് വരെ ഞങ്ങള്‍ക്ക് ഇമാമായി നബി(സ്വ) നിസ്കരിച്ചു. പിറ്റേ ദിവസം നിസ്കരിച്ചില്ല. അഞ്ചു ദിവസം ബാക്കിയുള്ളപ്പോള്‍ (25 ന്റെ രാവില്‍) രാത്രി പകുതിയാകുന്നത് വരെ ഞങ്ങള്‍ക്ക് ഇമാമായി നബി(സ്വ) നിസ്കരിച്ചു. അപ്പോള്‍ ഞങ്ങള്‍ നബി(സ്വ)യോട് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, ബാക്കിയുള്ള രാവുകളിലും ഇങ്ങനെ ചെയ്തിരുന്നെങ്കില്‍!. നബി(സ്വ) പറഞ്ഞു: “നിശ്ചയം ഒരാള്‍ അവസാനം വരെ ഇമാമിനോടൊന്നിച്ച് നിസ്കരിച്ചാല്‍ ആ രാത്രി മുഴുക്കെയും നിസ്കരിച്ചതായി അവന് കണക്കാക്കപ്പെടുന്നു. പിറ്റേ ദിവസവും നിസ്കരിച്ചില്ല. മൂന്നു ദിവസം ബാക്കിയുള്ളപ്പോള്‍ (27 ന്റെ രാവില്‍) ഞങ്ങള്‍ക്ക് അത്താഴം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നത് വരെ നബി(സ്വ)നിസ്കരിച്ചു. മാസത്തിലെ ബാക്കിയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചതുമില്ല.” ഈ ഹദീസ് സുനനുദ്ദാരിമി 2/27ലും, ത്വയാലിസി, ഇബ്നു സന്‍ജവൈഹി, ഇബ്നു ഹിബ്ബാന്‍, ബൈഹഖ്വി (റ) തുടങ്ങിയവര്‍ നിവേദനം ചെയ്തതായി അദ്ദുര്‍റുല്‍ മന്‍സൂര്‍ 6/374ലും കാണാം.

അപ്പോള്‍ ‘ഈസബ്നു ജാരിയ വഴിയായി ഇബ്നു ഖുസൈമ(റ)യും മറ്റും ജാബിര്‍(റ)വില്‍നിന്ന് ഉദ്ധരിച്ച ഹദീസില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചുവെന്ന് പറഞ്ഞത് ഇരുപത്തിമൂന്നാം രാവിലും മുഹമ്മദ്ബ്നു ഇസ്ഹാഖ്വ്(റ) വഴിയായി മുഹമ്മദ്ബ്നു നസ്വ്റ് (റ) നിവേദനം ചെയ്ത ഹദീസില്‍ വിത്റ് സഹിതം പതിമൂന്ന് റക്’അതുകള്‍ എന്ന് പറഞ്ഞത് ഇരുപത്തഞ്ചാം രാവിലും അബൂ ശൈബ(റ) വഴിയായി ബൈഹഖ്വി(റ)യും മറ്റും ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അത് നിസ്കരിച്ചുവെന്നത് ഇരുപത്തിയേഴാം രാവിലും ആയിരുന്നുവെന്ന് വെക്കാന്‍ ന്യായമുണ്ട്. അപരിചിതമായ ഒരു നിസ്കാരം ആദ്യമേ ദീര്‍ഘമായ ഇരുപത്തിമൂന്ന് റക്അതുകള്‍ നിസ്കരിച്ചാല്‍ ജനങ്ങള്‍ക്ക് അലസത വരുമെന്ന് വെച്ച് തുടക്കത്തില്‍ നബി(സ്വ) ലഘൂകരിക്കുകയും പടിപടിയായി ഉയര്‍ത്തുകയും ചെയ് തുവെന്ന് സംക്ഷിപ്തം. പിന്നീട് നബി(സ്വ)യുടെ കാലവും സ്വിദ്ദീഖ്വ്(റ)വിന്റെ കാലവും ‘ഉമര്‍(റ)വിന്റെ ഭരണത്തിന്റെ ആദ്യകാലവും കഴിയുന്നത് വരെ ഈ നിസ്കാരം പള്ളിയില്‍ വെച്ച് ജമാഅതായി നടത്തപ്പെട്ടിരുന്നില്ല. ശേഷം ‘ഉമര്‍(റ) ഇത് പുനഃസംഘടിപ്പിച്ചപ്പോള്‍ അന്നത്തെ അധികജനങ്ങള്‍ക്കും അപരിചിതമായ ഈ നിസ്കാരം നബി(സ്വ)യെ അനുകരിച്ച് ഉമര്‍(റ) റക്അതുകളെ പടിപടിയായി വര്‍ധിപ്പിച്ചു. ആദ്യം ഇമാം മാലികും(റ) മറ്റും റിപ്പോര്‍ട്ടു ചെയ്ത പോലെ വിത്റ് സഹിതം പതിനൊന്നും പിന്നീട് മുഹമ്മദു ബ്നു നസ്വ്റും(റ) മറ്റും നിവേദനം ചെയ്ത പോലെ വിത്റ് സഹിതം പതിമൂന്നും അവസാനം അബ്ദുര്‍റസ്സാഖ്വും(റ) മറ്റും നിവേദനം ചെയ്ത പോലെ വിത്റ് സഹിതം ചിലപ്പോള്‍ ഇരുപത്തിയൊന്നും മറ്റു ചിലപ്പോള്‍ ഇരുപത്തിമൂന്നും ‘ഉമര്‍(റ)വിന്റെ ആജ്ഞ പ്രകാരം നിസ്കരിച്ചുവെന്ന് വെക്കാന്‍ ന്യായമുണ്ട്.

ഇതു തന്നെയാണ് പതിനൊന്ന് കൊണ്ട് ആജ്ഞാപിച്ചുവെന്ന ഹദീസ് ആദ്യകാലഘട്ടത്തിലാകാനും ഇരുപത്തൊന്ന് റക്’അതുകളെന്ന് വന്നത് അവസാനമാകാനും സാധ്യതയുണ്ടെന്ന് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പ്രസ്താവിച്ചത്. (ശര്‍ഹുല്‍ മുവ്വത്ത്വഅ് 1/239 നോക്കുക.)
ശൈഖ് മുഹമ്മദ് ഇദ്രീസിന്റെ വാക്കുകള്‍ കാണുക. “നബി(സ്വ) ആദ്യരാത്രിയില്‍ രാത്രിയുടെ മൂന്നിലൊന്ന് വരെ എട്ട് റക്’അതും വിത്റുമായും അവസാന ദിവസം ഏകദേശം രാത്രി പൂര്‍ത്തിയാകുന്നത് വരെ ഇരുപത് റക്’അതും വിത്റുമായും പടിപടികളാക്കി വര്‍ധിപ്പിച്ചത് പോലെ ‘ഉമര്‍(റ) എട്ട് മുതല്‍ ഇരുപത് വരെ പടിപടികളായി ഉയര്‍ത്തിയിരിക്കാം.” (അത്തഅ്ലീഖ്വുസ്വബീഹ് 2/105)

അബ്ദുറഹ്മാനുല്‍ ജസീരി എഴുതുന്നു: “തറാവീഹ് ഇരുപത് റക്’അതാണെന്ന് നിശ്ചയം ‘ഉമര്‍(റ) വെ ളിപ്പെടുത്തിയിട്ടുണ്ട്. പള്ളിയില്‍ വെച്ച് അവസാനമായി ഇത്ര എണ്ണം നിസ്കരിച്ചുവെന്നതാണ് അതിനുള്ള രേഖ. അറ്റു സ്വഹാബികളെല്ലാം ‘ഉമര്‍(റ)വിനോട് യോജിക്കുകയായിരുന്നു. അവരില്‍ നിന്നോ ശേഷമുള്ളവരില്‍ നിന്നോ ഒരു എതിരഭിപ്രായവും ഉണ്ടായിട്ടേയില്ല. (അല്‍മദാഹിബുല്‍ അര്‍ബ’അ 1/341)

ഇഖ്തിയാറില്‍ പ്രസ്താവിച്ചതായി ശൈഖ് ഇബ്നു നുജൈം(റ) ഉദ്ധരിക്കുന്നു. “‘ഉമര്‍(റ) ഈ ചെയ്തതിനെ സംബന്ധിച്ച് അബൂയുസുഫ്(റ) ഇമാം അബൂഹനീഫ(റ)യോട് ചോദിച്ചു. അവിടുന്നിപ്രകാരം പ്രതിവചിക്കുകയുണ്ടായി. ഇത് ശക്തിയാര്‍ജ്ജിച്ച സുന്നതാകുന്നു. ‘ഉമര്‍(റ) സ്വന്തം അഭിപ്രായമനുസരിച്ച് ചെയ്തതല്ല ഇത്. തല്‍വിഷയത്തില്‍ ‘ഉമര്‍ ഒരു നവീന ആശയ ക്കാരനായിട്ടുമില്ല. നബി(സ്വ)യില്‍ നിന്ന് അറിയപ്പെട്ടതും അവരുടെ അരികില്‍ സ്ഥിരപ്പെട്ടതുമായ ഒരു അടിസ്ഥാന രേഖ അവലംബമാക്കിയിട്ടല്ലാതെ ‘ഉമര്‍(റ) ഇങ്ങനെ ചെയ്യാന്‍ ആജ്ഞാപിച്ചിട്ടില്ല.” (ഇബ്നു നുജൈമി(റ)ന്റെ അല്‍ ബഹ്റുര്‍ റാഇഖ്വ് 2/66)
Moosa Sonkal
http://sunnisonkal.blogspot.com