സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 18 April 2020

ജ്ഞാന_സരണി ഇസ്‌ലാം

മാനവരാശിയെ അന്ധവിശ്വാസത്തിൽ നിന്നും അറിവിലേക്കു / സ്ഥിരീകൃത വിശ്വാസത്തിലേക്കു നയിക്കുന്നു. ഇസ്‌ലാമിൽ ജ്ഞാന മാർഗ്ഗം ഏകാത്മകമല്ല. പ്രത്യുത, അറിയാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ പ്രകൃതമനുസരിച്ച് അതു വ്യത്യാസപ്പെടുന്നു. ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം മൂന്നു തരം ജ്ഞാന മാർഗങ്ങൾ മുന്നോട്ടു വെക്കുന്നു. 1. ദർശനം, ശ്രവണം സ്പർശനം, രസനം, ഘ്രാണം തുടങ്ങിയ സംവേദനേന്ദ്രിയങ്ങൾ 2. ധിഷണ / യുക്തി : ലളിതവും സുഗ്രഹവുമായ സത്യങ്ങളാണുദ്ദേശ്യം [ഉദാഹരണം : വൈരുദ്ധ്യം അസംഭവ്യമാണ്, രണ്ട് നാലിന്റെ പകുതിയാണ്, ഏതു വസ്തുവും അതിന്റെ അംശത്തേക്കാൾ വലുതാണ്] അവ മുഖേന സങ്കീർണ സത്യങ്ങളിൽ എത്തിച്ചേരുവാൻ കഴിയും. 3. സത്യവാർത്ത / സത്യ പ്രസ്താവന : ഇത് രണ്ടു തരമാണ്. എ. അനിഷേധ്യ വാർത്ത / സത്യമാണെന്ന് നൂറു ശതമാനം ഉറപ്പു നൽകാൻ മാത്രം സമൃദ്ധമായ കണ്ണികളിലൂടെ /തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വാർത്ത. ഉദാഹരണം : ഔറംഗസീബ് ഇന്ത്യ ഭരിച്ചു, മുഹമ്മദ് നബി (ﷺ) യുടെ കൈക്ക് നിരവധി അമാനുഷിക കാര്യങ്ങൾ പ്രകടമായി. ബി. പ്രവാചകന്മാരുടെ [ഉപര്യുക്ത രീതിയിലൂടെ പ്രവാചകത്വം സ്ഥിരീകരിക്കപ്പെട്ടവരുടെ] പ്രസ്താവന. ഭൗതിക ശാസ്ത്രം പ്രധാനമായും ഒന്നാം ജ്ഞാന രീതിയെ ആശ്രയിക്കുന്നു. എന്നാൽ ശാസ്ത്ര രീതി മാത്രമാണ് ജ്ഞാന മാർഗ്ഗമെന്ന് കരുതുന്ന ചിലരുണ്ട്. വിചിത്രമെന്നു പറയാം ശാസ്ത്ര വാദികളെന്നോ ഭൗതിക വാദിളെന്നോ വിളിക്കപ്പെടാനല്ല , യുക്തിവാദികളെന്നു വിളിക്കപ്പെടാനാണ് അവർക്കും താൽപര്യം ജ്ഞാന മാർഗ്ഗം ശാസ്ത്ര രീതി മാത്രമാണെന്ന പ്രസ്താവന പോലും സത്യത്തിൽ തത്വശാസ്ത്രപരമാണ്.ആ പ്രസ്താവന ശാസ്ത്ര രീതിയിലൂടെ അവർക്കു തെളിയിക്കാനാവില്ല. പ്രസ്താവന തന്നെ സ്വയം ഖണ്ഡിക്കുന്നുവെന്നു സാരം. ഇതു സംബന്ധമായ ഏതാനും സന്ദേഹങ്ങൾക്ക് നിവാരണം കുറിക്കാം. സന്ദേഹം 1 മസ്ജിദുൽ ഹറാമിൽ നിന്ന് ബൈതുൽ മഖ്ദിസിലെ മസ്ജിദുൽ അഖ്സയിലേക്ക് നടന്ന പ്രവാചകരുടെ ഇസ്‌റാഉം അവിടെനിന്ന് സപ്ത ആകാശങ്ങളുടെ അപ്പുറത്തേക്ക് നടന്ന മിഅ്റാജും പ്രവാചകരുടെ ശത്രുവിൽ നിന്നാണ് സിദ്ദീഖ് റ ആദ്യമായി കേൾക്കുന്നത്, എന്നിട്ടും കേട്ട മാത്രയിൽ അദ്ദേഹം അത് വിശ്വസിച്ചുവെന്നും, അക്കാരണത്താൽ അദ്ദേഹത്തിന് സിദ്ദീഖ് എന്ന സ്ഥാനപ്പേര് ലഭിച്ചുവെന്നുമില്ലേ ? നിവാരണം : കേട്ടമാത്രയിൽ വിശ്വസിക്കുകയായിരുന്നില്ല. മറിച്ച്, അക്കാര്യം മുഹമ്മദ് നബി (ﷺ) പറഞ്ഞുവെന്ന് ഉറപ്പു വരുത്തിയിട്ടാണ് വിശ്വസിച്ചത്. എങ്കിൽ, അത് അന്ധവിശ്വാസമല്ല. പ്രത്യുത, മൂന്നാം ജ്ഞാന മാധ്യമം മുഖേന ലഭിച്ച ബോധ്യത്തിൽ അധിഷ്ഠിതമായ വിശ്വാസമാണ്. നിലവിലെ ലോകക്രമമനുസരിച്ച് പലർക്കും ഇസ്റാഅ് മിഅ്റാജ് അവിശ്വസനീയമായ ഘട്ടത്തിൽ, അങ്ങനെ ലോകം സംവിധാനിച്ച അല്ലാഹുവിന്, തന്റെ ഇഷ്ടദാസനു വേണ്ടി ബദൽ സംവിധാനമേപ്പെടുത്താനും കഴിയുമെന്ന വ്യതിരിക്ത ബോധ്യത്തിൽ അതിവേഗം എത്താൻ അവർക്ക് കഴിഞ്ഞു. മുഹമ്മദ് നബി (ﷺ) പ്രസ്താവിച്ചോ ഇല്ലേ എന്ന് ബോധ്യപ്പെടുകയെന്ന കടമ്പ മാത്രമാണ് തന്റെ മുന്നിലുള്ളത്, മറ്റെല്ലാം വളരെ ലളിതം എന്ന ബുദ്ധിപൂർവ്വകമായ നിലപാട്, പരിഹാസക സമൂഹത്തോട് നിസ്സങ്കോചം തുറന്നു പറഞ്ഞതിന്റെ ആദരവായാണ് സിദ്ദീഖ് (ഏറെ സത്യസന്ധൻ) എന്ന സ്ഥാനപ്പേര് അവർക്കു ലഭിച്ചത്. സന്ദേഹം 2 വൈരുധ്യം സംഭവിച്ചുവെന്ന് പ്രവാചകർ പറഞ്ഞതായി കേട്ടാലും അദ്ദേഹം അത് വിശ്വസിക്കുമായിരുന്നോ ? നിവാരണം : വൈരുദ്ധ്യം സംഭവിച്ചുവെന്ന് പ്രവാചകർ പറഞ്ഞുവെന്നാണു കേട്ടിരുന്നതെങ്കിൽ, പ്രവാചകരങ്ങനെ പറഞ്ഞോ എന്ന് ഉറപ്പു വരുത്താൻ സിദ്ദീഖ് റ നെപ്പോലോത്തവർ ശ്രമിക്കുകയില്ല. കാരണം; വൈരുദ്ധ്യം അസംഭവ്യമാണെന്നതു പോലോത്ത ലളിതവും സുഗ്രഹവുമായ സത്യം നിഷേധിക്കാൻ വന്നവരല്ല. മറിച്ച്, സത്യം മാത്രം പറഞ്ഞതിനാൽ സത്യസന്ധരായി വാഴ്ത്തപ്പെട്ടവരും സൃഷ്ടാവിനാൽ സത്യസന്ധത സ്ഥിരീകരിക്കപ്പെട്ടവരുമാണ് പ്രവാചകരെന്ന് അവർക്കറിയാം. എന്നാൽ, മുൻചൊന്ന ഇസ്‌റാഅ്-മിഅ്റാജ് സാധാരണ പ്രാപഞ്ചിക വ്യവസ്ഥകൾക്ക് അതീതമാണെങ്കിലും അസംഭവ്യമൊന്നുമല്ല എന്ന് ബുദ്ധിശാലികൾക്ക് അനായാസം മനസ്സിലാക്കാം. വിശിഷ്യാ സിദ്ദീഖ് റ നെ പോലുള്ളവർക്ക്. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഭീമാകാരനായ ഒരു ഗോളം അക്ഷത്തിൽ കറങ്ങുമ്പോൾ കേന്ദ്ര ബിന്ദുവിനു സമീപമുള്ള ബിന്ദുക്കൾ ഹൃസ്വസമയം (ഒരു സെകന്റ് / മൈക്രോ സെകന്റ് / നാനോ സെകന്റ്/...) കൊണ്ട് കുറഞ്ഞ ദൂരം സഞ്ചരിച്ച് ഒരു കറക്കം പൂർത്തിയാക്കുന്നു. ഗോളോപരിതലത്തിലെ ഓരോ ബിന്ദുവും അത്ര സമയത്തിനകം, ലക്ഷക്കണക്കിനു കിലോ മീറ്റർ സഞ്ചരിച്ചാണ് ഒരു കറക്കം പൂർത്തിയാക്കുന്നത്. സന്ദേഹം 3 അന്ധ വിശ്വസം പര്യാപ്തമല്ലെന്ന അഹ്ലുസ്സുന്നയുടെ വീക്ഷണം അവരുടെ അമിത യുക്തിഭക്തിയും സാധാരണ ജനങ്ങളെ അവിശ്വാസികളായി മുദ്രകുത്താൻ ഹേതുവാകുന്നതുമല്ലേ ? നിവാരണം : ഇസ്‌ലാമിക വിശ്വാസകാര്യങ്ങളിൽ ദൃഢ വിശ്വാസമില്ലാത്തവനാണു അവിശ്വാസി. ഒരാളുടെ വിശ്വാസം അന്ധവിശ്വാസമായാൽ / പ്രമാണങ്ങൾ അറിയാതെ ആയാൽ പോലും അവനൊരു വിശ്വാസിയായി പരിഗണിക്കപ്പെടും, വിശ്വാസം ദൃഢവും വസ്തുതാപരവും ആയിരിക്കണമെന്നു മാത്രം. എന്നാൽ ഈ വസ്തുതാപരമായ അന്ധവിശ്വാസം സ്ഥിരീകൃതവിശ്വാസമായി ഭവിക്കാൻ പ്രമാണം അഭ്യസിക്കൽ, പ്രാപ്തരായ ആളുകൾക്കു നിർബന്ധമാണെന്നു മാത്രമാണ് അഹ്ലുസ്സുന്ന പറയുന്നത്. സ്ഥിരീകൃതവിശ്വാസം നടേ പറഞ്ഞ മൂന്നു മാധ്യമങ്ങളിൽ അധിഷ്ഠിതമാണ്. യുക്തി അതിൽ ഒന്നു മാത്രം. യുക്തിയിലൂടെ തന്നെ സ്ഥിരീകരിക്കേണ്ട കാര്യങ്ങളുമുണ്ട് ഉദാ : ദൈവാസ്തിക്യം ദൈവദൂതരുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കാൻ പറ്റില്ല കാരണം : അവർ ദൈവദൂതരാണെന്ന് സ്ഥിരീകരിക്കാൻ ആദ്യം ദൈവാസ്തിക്യം സ്ഥിരീകൃതമായിരിക്കണം. പ്രമാണ പഠനം ബുദ്ധിശാലികൾക്കു മാത്രം ഗ്രാഹ്യമാകുന്ന ദാർശനിക രീതിയിൽ ആയിക്കൊള്ളണമെന്നൊന്നുമില്ല (അത് സാമൂഹിക ബാധ്യത മാത്രമാണ്) മറിച്ച്, സാധാരക്കാർക്കും സുഗ്രഹമാകുന്ന പ്രമാണങ്ങളും ആ ഗണത്തിൽ വരും. ഉദാ: നിരക്ഷരനായ ഒരു മലയോര വാസിയോട് ചോദിക്കപ്പെട്ടു: അല്ലാഹുവിൽ വിശ്വസിക്കാൻ താങ്കൾക്കു പ്രചോദനമായ കാര്യമെന്ത്? അദ്ദേഹം പ്രതികരിച്ചു: ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരൊട്ടകമുണ്ടെന്ന് മനസ്സിലാകില്ലേ? കാൽപാടുകൾ ദൃഷ്ടിയിൽപെട്ടാൽ അതിലൂടെ ഒരാൾ നടന്നു പോയതായി മനസ്സിലാകില്ലേ? എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്‌വരകളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷമജ്ഞനായ അല്ലാഹു ഉണ്ടെന്നതിന് തെളിവല്ലേ?" എങ്കിൽ, അന്ധമായി വിശ്വസിക്കേണ്ടി വരുന്നവർ താണ ധൈഷണിക നിലവാരം പുലർത്തുന്ന ന്യൂനാൽ ന്യൂനപക്ഷം മാത്രമാണ്. പ്രമാണ പഠനം അവർക്ക് നിർബന്ധവുമല്ല.

 അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Wednesday, 15 April 2020

ഖുർആൻ_ബൈബിളിന്റെ_കോപ്പിയല്ല

#അമ്പത്_ഉത്തരങ്ങൾ!!!

 1. ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മാലാഖമാരേയും സാത്താനെയും പടച്ചിട്ടുണ്ടെന്നു ഖുർആൻ. ബൈബിളിൽ മൗനം.

 2. സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു മാലാഖ (FALLEN ANGEL) ആണ് സാത്താൻ എന്നു ബൈബിൾ. ഇതു ഖുർആൻ വിരുദ്ധമാണ്.

 3. നോഹയുടെ ജനം വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നീ പൂജാബിംബങ്ങൾക്ക് ഉപാസനയർപ്പിച്ചിരുന്നു എന്നു ഖുർആൻ. ബൈബിളിൽ മൗനം.

 4. നോഹയുടെ പേടകം അറാറത്ത് പർവ്വതത്തിൽ ഉറച്ചു എന്നാണ് ബൈബിളിലുള്ളത്. അതൊരു പർവ്വതനിരയുടെ പേരാണ്. ഖുർആനിൽ ജൂദിമല എന്ന് വ്യക്തമായി എടുത്തു പറയുന്നു. അതു ബൈബിളിലില്ല.
5. ഹവ്വ പാപം ചെയ്തതിനാൽ യഹോവയായ ദൈവം അവളെ പ്രസവവേദന കൊണ്ട് കഷ്ടപ്പെടുത്തി എന്ന് ബൈബിൾ. ഖുർആനിൽ അങ്ങനെയില്ല.

 6. ആദ്, സമൂദ് ഗോത്രങ്ങളെ കുറിച്ചു ഖുർആൻ പറയുന്നു. ഖുർആനിക വിവരണങ്ങളോട് യോജിക്കുന്ന വിധത്തിൽ ആദ് സമൂഹത്തിന്റെ വാസസ്ഥലം സഊദി അറേബ്യയിലെ മാദാഇനു സ്വാലിഹിൽ കണ്ടെത്തി. സമൂദ് ഗോത്രക്കാരുടെ വാസസ്ഥലം ഈയടുത്ത് നാസയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെട്ടു. ഇവരെ പറ്റി ബൈബിളിലില്ല.

 7. ബൈബിളിൽ സ്വാലിഹ് നബി അ. ഇല്ല.

 8. ബൈബിളിൽ ഹൂദ് നബി അ. ഇല്ല.

 9. ബൈബിളിൽ ശുഐബ് നബി അ.യുടെ പേര് ഇല്ല. 
10. ബൈബിളിൽ ഖിള്ർ അ. ഇല്ല.
 11. ബൈബിളിൽ ലുഖ്മാൻ അ. ഇല്ല.
 12. ബൈബിളിൽ മൂസ നബിയും തന്റെ ജനതയും ഇടപെട്ട 'പശു സംഭവം' ഇല്ല.

 13. ബൈബിളിലുള്ള ഹോശേയ, മലാഖി, മീഖാ, യൂദാ, നഹൂം, നെഹമ്യാവ്, ഓബദ്യാവ്, എസ്തേർ, യോവേൽ, രൂത്ത് മുതലയവരൊന്നും ഖുർആനിലില്ല.

 14. ദുൽഖർനൈനിനെ പറ്റി ബൈബിളിലില്ല.

 15. അസ്ഹാബുൽ കഹ്ഫ് ബൈബിളിലില്ല.

 16. സൂറതു യാസീൻ പറഞ്ഞ അന്തോഖ്യ ഗ്രാമവാസികളുടെ കഥ ബൈബിളിലില്ല.

 17. യേശുവിനെ ക്രൂശിച്ചു കൊന്നു എന്നു ബൈബിൾ. രക്ഷിച്ചുയർത്തി എന്നു ഖുർആൻ.

 18. അബ്രഹാം തന്റെ ഏകജാതനായ പുത്രൻ യെസഹാഖിനെ ബലി നൽകുന്നതായി ബൈബിൾ. ഖുർആനിലത് യിശ്മയേൽ. ബൈബിളിലും ഖുർആനിലും മൂത്തപുത്രൻ യിശ്മയേൽ. എങ്കിൽ ആരാണ് ആദ്യജാതൻ?!

 19. ഉൽപത്തി 37ലുള്ള യോസേഫിന്റെ സ്വപ്നം നിറവേറിയതായി ഖുർആൻ. ബൈബിളിലതില്ല. മാത്രമോ, യോസേഫിന്റെ സ്വപ്നത്തിനു മുമ്പേ അമ്മ മരിച്ചുവെന്നും ബൈബിൾ. പ്രവചനപ്പിഴവ്.

 20. യേശുക്രിസ്തുവിന്റെ അമ്മ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗൎഭിണിയായി എന്നു ബൈബിൾ. പരിശുദ്ധാത്മാവ് ദൈവത്തിന്റെ സുവിശേഷം അറിയിക്കുകയും ആത്മാവ് ഊതുകയും ചെയ്യുകയായിരുന്നു എന്നു ഖുർആൻ.

 21. മോശെയെ ദത്തെടുത്തത് ഫറോവയുടെ പുത്രിയെന്നു ബൈബിൾ, ഭാര്യയെന്നു ഖുർആൻ.

 22. ലോത്ത് ഭക്തനും സദ്‌വൃത്തനുമായ പ്രവാചകനെന്നു ഖുർആൻ. സ്വന്തം മക്കളെ പോലും ഭോഗിച്ചു രസിച്ച ദുർവൃത്തനെന്നു ബൈബിൾ.

 23. ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തവനും അനുസരണാ ശീലനുമായിരുന്നു മോശെ എന്നു ഖുർആൻ. സംഖ്യാപുസ്തകം 20 ൽ മോശെ ദൈവത്തെ ധിക്കരിക്കുന്നു.

 24. തോറയെ ശാസ്ത്രിമാരുടെ കള്ളെഴുത്തു കോലുകൾ തന്നെ വ്യാജമാക്കി കളഞ്ഞുവെന്നു യിരമ്യാവ് 8. ഒരു തരത്തിലുള്ള ഭേദഗതികളുമില്ലാതെ സംരക്ഷിക്കപ്പെടുമെന്നു ഖുർആൻ.

 25. ഫറോവ മുങ്ങിയിട്ടില്ലെന്നു ബൈബിൾ. മുങ്ങി മരിച്ചെന്നും കടൽ പുറംതള്ളിയെന്നും ഖുർആൻ.

 26. ഉൽപത്തി പുസ്തകത്തിൽ ദൈവം ക്ഷീണിച്ചു വിശ്രമിക്കുന്നു, ആദാമിനെ തിരഞ്ഞു നടക്കുന്നു, മനുഷ്യനെ സൃഷ്ടിച്ചതിൽ അനുതപിക്കുന്നു. ഖുർആനിൽ ദൈവം സർവജ്ഞാനിയും സർവശക്തനും സൃഷ്ടി സഹജഗുണങ്ങളില്ലാത്തവനുമാണ്.

 27. യേശു തൊട്ടിലിൽ വെച്ചു സംസാരിച്ചെന്നു ഖുർആൻ. ശൈശവ ജീവിതത്തെ പറ്റി ബൈബിളിൽ പൂർണ മൗനം.

 28. യേശു പക്ഷികളുടെ ശില്പമുണ്ടാക്കുകയും ജീവൻ നൽകുകയും ചെയ്യുന്ന അത്ഭുതത്തെ പറ്റി ഖുർആൻ. ബൈബിൾ എഴുത്തുകാർ അതറിഞ്ഞിട്ടില്ല.

 29. അഹരോൺ അപരാധിയല്ലെന്നും പ്രവാചകനാണെന്നും ഖുർആൻ. അദ്ദേഹമല്ല ശമരിയക്കാരനാണ് ഗോവിഗ്രഹം ഉണ്ടാക്കിയത് എന്നുമാണ് ഖുർആനിലുള്ളത്. എന്നാൽ ഗോവിഗ്രഹം ഉണ്ടാക്കിയതു അഹരോണാണെന്നു ബൈബിൾ.

 30. ഖുർആനിക് ക്രിമിനോളജി നിശ്ചിത പരിധിക്കപ്പുറം മോഷണക്കുറ്റം ചെയ്തവരുടെ കൈപ്പാദം ഛേദിക്കണമെന്ന് ശാസിക്കുന്നു. ഇക്കാര്യം ബൈബിളിലില്ല.

 31. പരസ്ത്രീഗമനം നടത്തുന്ന അവിവാഹിതനു നൂറടി ശിക്ഷ പറയുന്നു ഖുർആൻ. ഇതും ബൈബിളിലില്ല.

 32 . ഒരു മാസം പൂർണമായി വ്രതമനുഷ്ഠിക്കാൻ ഖുർആൻ പഠിപ്പിക്കുന്നു, ബൈബിളിലില്ല.

 33. പെൺമക്കൾക്കു നൽകുന്നതിന്റെ ഇരട്ടി ദായധനം ആൺമക്കൾക്കു നൽകാനാണ് ഖുർആനിന്റെ ശാസന, ബൈബിളിലില്ല.

 34. യുദ്ധങ്ങൾക്കിടയിൽ യോദ്ധാക്കളല്ലാത്തവരെ നേരിടരുതെന്നു ഖുർആൻ. സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വൃദ്ധർ തുടങ്ങിയവരെ ഉപദ്രവിക്കരുത്. വൃക്ഷങ്ങൾ പോലും നശിപ്പിക്കരുത്. എന്നാൽ, ബൈബിളിൽ കൃഷികളും ചെടികളുമുൾപ്പടെ അവരുടെ ആവാസവ്യവസ്ഥ ആകെ തകർക്കണമെന്നു പഠിപ്പിക്കുന്നു.

 35. അവിശ്വാസികളായ പുരുഷൻമാരെയും പുരുഷനോടു കൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നു കളയാനും പുരുഷനോടു കൂടെ ശയിക്കാത്ത യുവതികളെ ജീവനോടു വെച്ചു കൊള്ളാനും ബൈബിൾ പഠിപ്പിക്കുന്നു, ഖുർആൻ വിരുദ്ധമാണ്.

 36. അടിമത്ത മോചനം നടത്തുന്നവർക്ക് സ്വർഗമുണ്ടെന്ന് ഖുർആൻ. ബൈബിളിൽ ഇങ്ങനെയൊരു വാഗ്ദാനമില്ല.

 37. ജിന്ന് വർഗത്തെ കുറിച്ച് ഖുർആനിലുണ്ട്, ബൈബിളിലില്ല.

38. ഖുർആനിൽ ഹജ്ജ് കല്പിക്കുന്നു, ബൈബിളിലില്ല. 

39. അബ്രഹാമും യിശ്മയേലും ചേർന്നാണ് കഅ്ബ നിർമിച്ചതെന്നു ഖുർആൻ. ബൈബിളിൽ അതില്ല.

 40. ദാവീദ് കൊലക്കുറ്റം ചെയ്തെന്നു ബൈബിൾ ആരോപിക്കുന്നു. ഖുർആനിൽ അദ്ദേഹം സദ്‌വൃത്തനായ പ്രവാചകനാണ്.

 41. ബൈബിളിൽ ശലമോന്റെയും ബൽഖീസിന്റെയും കഥയില്ല.

 42. ശലമോനു വേണ്ടി വേലയും സൈനിക സേവനവും ചെയ്തിരുന്ന ജിന്നുകളെ കുറിച്ച് ബൈബിളിലില്ല.

 43. ശലമോൻ പക്ഷികളോടു സംസാരിച്ചിരുന്നത് ബൈബിളിലില്ല.

 44. പെൺതേനീച്ചകൾ മാത്രമാണ് ഇരതേടുകയെന്നു ഖുർആനിലുണ്ട്, ബൈബിളിലില്ല.

 45. സ്വർഗത്തിന്റെ വ്യത്യസ്ത വിതാനങ്ങളെ കുറിച്ച് ഖുർആൻ സംസാരിക്കുന്നു. ബൈബിളിലില്ല.

 46. നരകത്തിലെ സുഖൂം വൃക്ഷത്തെ കുറിച്ച് ബൈബിളിലില്ല, ഖുർആനിലുണ്ട്.

 47. ഖുർആനിൽ ദുൽകിഫ്ൽ അ.നെ പറ്റി പറയുന്നു, ബൈബിളിലില്ല.

 48. ദൈവത്തിനു പുത്രനില്ലെന്നു ഖുർആൻ. ബൈബിൾ അനേകം പേരെ ദൈവപുത്രൻ എന്നു പരിചയപ്പെടുത്തുന്നു.

 49. യേശുവിന്റെ ശിഷ്യൻമാരുടെ പേർ ഖുർആനിലില്ല. 

50. യോസേഫിന്റെ കാലത്തെ രാജാവിനെ ബൈബിൾ ഫറോവ എന്നു പരിചയപ്പെടുത്തുന്നു. ഇതു തെറ്റാണെന്ന് ഈജിപ്റ്റോളജി തെളിയിച്ചു. ഖുർആനിൽ അദ്ദേഹത്തെ മലിക് - രാജാവ് എന്നു മാത്രം പരിചയപ്പെടുത്തുന്നു. ഇനിയും അനേകം ഉദ്ധരിക്കാനാകും. ഒന്നിലുള്ളത് മറ്റേതിലില്ല. ബൈബിൾ പറഞ്ഞ ആളുകളെ പറ്റിയോ സംഭവങ്ങളെ കുറിച്ചോ ഖുർആൻ പറയുമ്പോൾ വസ്തുതാപരമായ കൃത്യതയും കണിശതയും പുലർത്തുകയും ചെയ്യുന്നു. ബൈബിൾ എഴുത്തുകാർക്ക് പിണഞ്ഞ അബദ്ധങ്ങൾ ഖുർആനിലില്ല. സത്യാന്വേഷകർക്കിവ ധാരാളം. ദുർവാശിക്കാർക്കോ കർത്താവിന്റെ അഗ്നിപൊയ്ക
മാത്രം ശരണം.

 ✍🏻 Muhammad Sajeer Bukhari

തിരുകേശത്തിന്റെ മഹത്വം


തിരുകേശത്തിന് മഹത്വം ഉണ്ടെന്നകാര്യം മുത്ത് നബി ﷺ തന്നെ പഠിപ്പിച്ചതും അവിടുത്തെ ഭാര്യമാരും സ്വഹാബത്തും രോഗശമനത്തിനും മറ്റും ഉപയോഗിച്ചതും ഇമാം ബുഖാരി(റ) മുസ്‌ലിം(റ) തുടങ്ങി നിരവധി ഹദീസ് പണ്ഡിതന്മാർ ഉദ്ധരിച്ച സ്വഹീഹായ ഹദീസുകളിൽ നിന്ന് വ്യക്തമാണ്. യുക്തിവാദിക്കല്ലാതെ അത് നിഷേധിക്കാൻ സാധ്യമല്ല. അതുപോലെ തന്നെയാണ് സംസം വെള്ളത്തിന്റെ കാര്യവും. സംസം അനുഗ്രഹീത വെള്ളം

 ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻯ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِّﻠْﻌَٰﻠَﻤِﻴﻦَ - فِيهِ ءَايَٰتٌۢ بَيِّنَٰتٌ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ 

 തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍(മക്കയില്‍) ഉള്ളതത്രെ. (അത്‌) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു).അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍, (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം ഉണ്ട്‌. ആര് അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (ഖു൪ആന്‍ :3/96-97)

 അല്ലാഹുവിനെ ആരാധിക്കുന്നതിനായി ലോകത്ത് ഒന്നാമതായി സ്ഥാപിക്കപ്പെട്ട മന്ദിരമായ കഅബയെ കുറിച്ചാണ് ഈ ആയത്തില്‍ പരാമ൪ശിച്ചിട്ടുള്ളത്. അതോടൊപ്പം അതിന്റെ പ്രാധാന്യത്തെയും, പവിത്രതയെയും തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങളും അവിടെയുണ്ടെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. ഇബ്രാഹീം നബി(അ) നിന്ന സ്ഥലം എടുത്തു പറയുകയും ചെയ്തിരിക്കുന്നു. ഈ ആയത്തിന്റെ വിശദീകരണത്തില്‍ സംസം വെള്ളത്തേയും വ്യക്തമായ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ മുഫസ്സിറുകള്‍ എണ്ണിയിട്ടുണ്ട്. ഹജറുല്‍ അസ്വദിന് കിഴക്കും മഖാമു ഇബ്രാഹീമിന് തെക്കും ഭാഗത്തായിട്ടാണ് സംസം കിണ൪ സ്ഥിതി ചെയ്യുന്നത്. സംസമിന്റെ ചരിത്രം ഇബ്രാഹീം (അ) മകന്‍ ഇസ്മാഈല്‍ (അ) മുലകുടിക്കുന്ന കാലത്ത്, ഭാര്യ ഹാജറിനെയും(അ), കുഞ്ഞിനെയും കൂട്ടി മക്കയില്‍ വന്നു. അന്ന് മക്കയില്‍ ജനവാസമില്ല. ജലശൂന്യവും ഫലശൂന്യവുമായ പാറക്കുന്നുകളും, മണല്‍ക്കാടുകളും മാത്രമുള്ള മരുപ്രദേശമായിരുന്നു മക്ക. ഇബ്രാഹീം (അ), ഇന്ന് കഅ്ബ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് – നാലുഭാഗവും പാറക്കുന്നുകളാല്‍ ആവൃതമായ ആ താഴ്വരയില്‍ – അല്ലാഹുവിന്റെ നി൪ദ്ദേശാനുസരണം അവരെ കുടിയിരുത്തിക്കൊണ്ടു തിരിച്ചുപോവുകയാണ്.

അദ്ദേഹത്തിന്റെ പിന്നാലെ ചെന്ന പത്‌നി ഇബ്രാഹീമിനോട് ചോദിച്ചു: അല്ലയോ ഇബ്രാഹീം, മനുഷ്യരോ മറ്റെന്തെങ്കിലും വസ്തുക്കളോ ഇല്ലാത്ത ഈ മരുഭൂവില്‍ ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് താങ്കള്‍ പോകുന്നത്? പലതവണ ചോദിച്ചെങ്കിലും അദ്ദേഹം തിരിഞ്ഞു നോക്കിയതു പോലുമില്ല. കാരണം അല്ലാഹുവിന്റെ വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അതില്‍ നിന്ന് തടയുക സാധ്യമല്ല എന്ന് ഭാര്യക്കും നല്ല ബോധ്യമുണ്ടായിരുന്നു. അവ൪ ചോദിച്ചു: അല്ലാഹുവിന്റെ കല്‍പനയാണോ ഇത്. അദ്ദേഹം 'അതെ' എന്നു മറുപടി പറഞ്ഞു. ഇത് കേട്ടപ്പോള്‍ അവ൪ പറഞ്ഞു: എങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കുകയില്ല. ഇത് പറഞ്ഞ് ഹാജറ(അ) തിരിഞ്ഞു നടന്നു. ഇബ്രാഹീം(അ) ആ ചെറു കുടുംബത്തെ പുറംതള്ളിയതോ ഉപേക്ഷിച്ചതോ അല്ല. അല്ലാഹുവിന്റെ തീരുമാനം നടപ്പാക്കിയതാണ്. അവരില്‍ നിന്നും കണ്ണ് മറഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.

 ﺭَّﺑَّﻨَﺎٓ ﺇِﻧِّﻰٓ ﺃَﺳْﻜَﻨﺖُ ﻣِﻦ ﺫُﺭِّﻳَّﺘِﻰ ﺑِﻮَاﺩٍ ﻏَﻴْﺮِ ﺫِﻯ ﺯَﺭْﻉٍ ﻋِﻨﺪَ ﺑَﻴْﺘِﻚَ ٱﻟْﻤُﺤَﺮَّﻡِ ﺭَﺑَّﻨَﺎ ﻟِﻴُﻘِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻓَﭑﺟْﻌَﻞْ ﺃَﻓْـِٔﺪَﺓً ﻣِّﻦَ ٱﻟﻨَّﺎﺱِ ﺗَﻬْﻮِﻯٓ ﺇِﻟَﻴْﻬِﻢْ ﻭَٱﺭْﺯُﻗْﻬُﻢ ﻣِّﻦَ ٱﻟﺜَّﻤَﺮَٰﺕِ ﻟَﻌَﻠَّﻬُﻢْ ﻳَﺸْﻜُﺮُﻭﻥَ 

ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം. (ഖു൪ആന്‍:14/37)

 അങ്ങനെ ഹാജറയും(റ) കുഞ്ഞും ആ കുന്നിന്‍ പ്രദേശത്ത് ഒറ്റപ്പെട്ടു. കൈവശമുണ്ടായിരുന്ന വെള്ളവും തീര്‍ന്നു. മാതാവിനും, കുഞ്ഞിനും ദാഹം വര്‍ദ്ധിച്ചു. വല്ല യാത്രക്കാരുമായും കണ്ടുമുട്ടി അല്‍പം വെള്ളം കിട്ടുമോ എന്നു അന്വേഷിക്കുവാന്‍ മാതാവ് കുഞ്ഞിനെ അവിടെ കിടത്തി പുറപ്പെടുന്നു. ദൂരത്തേക്ക് എത്തിനോക്കുന്നതിനുവേണ്ടി ഒരു ഭാഗത്ത് സ്വഫാ കുന്നിന്മേല്‍ കയറുന്നു. ആരെയും കാണുന്നില്ല. ഉടനെ മറുഭാഗത്തു മര്‍വാ കുന്നിന്മേല്‍ കയറിനോക്കുന്നു. ആരെയും കാണുന്നില്ല. ഏഴ് തവണ രണ്ട് കുന്നുകളിലുമായി അങ്ങുമിങ്ങും അവര്‍ നടന്നു. ആരെയും കണ്ടുകിട്ടിയില്ല.പരിക്ഷീണതയായി നിരാശയോടെ അവള്‍ തന്റെ കുഞ്ഞിന്റെ അരികിലേക്ക് തിരിച്ചു. കുഞ്ഞ് കിടക്കുന്നതിന്റെ അടുത്തുനിന്ന് അവര്‍ ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ അതാ ഒരു നീരുറവ. അല്ലാഹു ജിബ്‌രീലിനെ(അ) കുഞ്ഞിന്റെയരികിലേക്ക് അയച്ചിരുന്നു. കുഞ്ഞിന്റെ പാദമുദ്രയേറ്റ സ്ഥലത്ത് ജിബ്‌രീല്‍ തന്റെ ചിറക് കൊണ്ട് അടിക്കുകയും അല്ലാഹു തീരുമാനിച്ചതനുസരിച്ച് അവിടെ നിന്നും ഉറവ പൊട്ടിയൊഴുകുകയും ചെയ്തു. അവ൪ വെള്ളമെടുത്ത് കുഞ്ഞിന് നല്‍കി. വെള്ളം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഒഴുകിയപ്പോള്‍ അവ൪ പറഞ്ഞു. സം.. സം.. (അടങ്ങൂ.. അടങ്ങൂ..) അങ്ങനെ ആ നീരുറവക്ക് സംസം എന്ന പേര് വന്നുചേര്‍ന്നു. ഈ നീരുറവ നിമിത്തമാണ്, ക്രമേണ ആളുകള്‍ വന്നുകൂടി മക്കായില്‍ ജനവാസമുണ്ടായത്. ഇബ്റാഹീമിന്റെ(അ) പ്രാ൪ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയെന്ന് പറയുന്നതാണ് ശരി.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ يَرْحَمُ اللَّهُ أُمَّ إِسْمَاعِيلَ، لَوْلاَ أَنَّهَا عَجِلَتْ لَكَانَ زَمْزَمُ عَيْنًا مَعِينًا

 ‏‏‏. ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉമ്മു ഇസ്മാഈലിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. സംസമിനെ അവര്‍ കെട്ടി നിര്‍ത്താതെ ഉപേക്ഷിച്ചുരുന്നുവെങ്കില്‍ ഒഴുകുന്ന ഒരു നദിയാകുമായിരുന്നു സംസം. (ബുഖാരി:3362,3363) മക്കാ നിവാസികളുടെ നിലനില്‍പ്പ് തന്നെ ആ സംസമിന്റെ അടിസ്ഥാനത്തിലായി. ധാരാളം വ൪ഷങ്ങള്‍ അത് നിലനില്‍ക്കുകയും ചെയ്തു. എന്നാല്‍ കാലപ്പഴക്കത്തില്‍ അല്ലാഹുവിന്റെ തീരുമാനമനുസരിച്ച് അടയാളം പോലും അവ്യക്തമായ രൂപത്തില്‍ സംസം മറഞ്ഞുപോയി. പിന്നീട് വ൪ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നബിയുടെ ﷺ പിതാമഹനായ അബ്ദുല്‍ മുത്വലിബ് അല്ലാഹുവിന്റെ ഉദ്ദേശിച്ചതിനാല്‍ മണ്ണിനടിയില്‍ മൂടികിടന്ന സംസം കുഴിച്ച് പുറത്തുകൊണ്ടുവന്നു. അന്ന് മുതല്‍ ഇന്നുവരെയും വറ്റാത്ത നീരുറവയായി സംസം നിലനില്‍ക്കുന്നു. സംസമിന്റെ ശ്രേഷ്ടതകള്‍ സംസം വെള്ളത്തിന് പ്രത്യേകതയും ശ്രേഷ്ടതയുമുണ്ടെന്ന് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.ഇമാം മുസ്ലിം(റഹി) അബൂദ൪റില്‍(റ) നിന്നും ഉദ്ദരിക്കുന്ന സുദീ൪ഘമായ ഹദീസില്‍ ഇപ്രകാരം കാണാം.

 قَالَ ‏"‏ مَتَى كُنْتَ هَا هُنَا ‏"‏ ‏.‏ قَالَ قُلْتُ قَدْ كُنْتُ هَا هُنَا مُنْذُ ثَلاَثِينَ بَيْنَ لَيْلَةٍ وَيَوْمٍ قَالَ ‏"‏ فَمَنْ كَانَ يُطْعِمُكَ ‏"‏ ‏.‏ قَالَ قُلْتُ مَا كَانَ لِي طَعَامٌ إِلاَّ مَاءُ زَمْزَمَ ‏.‏ فَسَمِنْتُ حَتَّى تَكَسَّرَتْ عُكَنُ بَطْنِي وَمَا أَجِدُ عَلَى كَبِدِي سُخْفَةَ جُوعٍ قَالَ ‏"‏ إِنَّهَا مُبَارَكَةٌ إِنَّهَا طَعَامُ طُعْمٍ …....... 

നബി ﷺ ചോദിച്ചു: നീ എത്ര ദിവസമായി ഇവിടെ കഴിഞ്ഞു കൂടുന്നു. അബൂദ൪റ്(റ) പറഞ്ഞു: മുപ്പത് ദിവസമായി. നബി ﷺ ചോദിച്ചു: അപ്പോള്‍ ആരായിരുന്നു നിനക്ക് ഭക്ഷണം തന്നിരുന്നത്? അബൂദ൪റ്(റ) പറഞ്ഞു: സംസം വെള്ളമല്ലാതെ മറ്റൊന്നും എനിക്ക് ഭക്ഷണമായി ഉണ്ടായിരുന്നില്ല. ഞാന്‍ അത് കുടിച്ചുകൊണ്ട് കഴിഞ്ഞുകൂടി. അതിനിടയില്‍ എനിക്ക് വിശപ്പ് അനുഭവപ്പെട്ടില്ല. മാത്രമല്ല, എന്റെ വയറിന് മടക്ക് വീഴുന്നതുവരെ ഞാന്‍ തടിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: തീ൪ച്ചയായും അത് (സംസം) അനുഗ്രഹീതമാണ്. തീ൪ച്ചയായും അത് (സംസം) ഭക്ഷണത്തിന് ഭക്ഷണവുമാണ്. (മുസ്‌ലിം :2473) ഭൂമിയില്‍ ഏറ്റവും ഖൈറായ(ഉത്തമവും ശ്രേഷ്ടവുമായ) വെള്ളം സംസം വെള്ളമാണ്. അത് ഭക്ഷണത്തിന് വേണ്ടി കുടിക്കുന്നവ൪ക്ക് ഭക്ഷണവും രോഗത്തിന് വേണ്ടി കുടിക്കുന്നവ൪ക്ക് രോഗശമനവുമാണ്.


 عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُ مَاءٍ عَلى وَجْهِ الأَرْضِ مَاءُ زَمْزَمَ، فِيهِ طَعَامٌ مِنَ الطُّعْمِ، وَشِفَاءٌ مِنَ السُّقْمِ 

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭൂമിയില്‍ ഏറ്റവും ഖൈറായ(ഉത്തമവും ശ്രേഷ്ടവുമായ) വെള്ളം സംസം വെള്ളമാണ്. അതില്‍ ഭക്ഷണത്തിന് ഭക്ഷണവും രോഗശമനവുമുണ്ട്. (മുഅ്ജമു ത്വബ്റാനി:11/98 – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ - സലഫി നേതാവ് അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

 عَنْ أَبِي ذَرٍّ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّهَا مُبَارَكَةٌ وَهِيَ طَعَامُ طٌعْمٍ، وَشِفَاءُ سُقْمِ

അബൂദർറിൽ(റ) നിന്ന് നിവേദനം: സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ്. (ബസാർ - സ്വഹീഹ് അൽബാനി) ഇബ്നുല്‍ ഖയ്യിംപറഞ്ഞു: സംസം വെള്ളം കൊണ്ട് ഞാനും മറ്റുള്ളവരും ഒരുപാട് രോഗങ്ങള്‍ക്കായി പരീക്ഷണം നടത്തിയപ്പോള്‍ അല്‍ഭുതകരമായ ഒരുപാട് കാര്യങ്ങളാണ് കാണാന്‍ സാധിച്ചത്. ഒരുപാട് രോഗങ്ങള്‍ക്ക് സംസം കുടിച്ചപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ ആ രോഗമെല്ലാം സുഖമാകുകയുണ്ടായി. അതുപോലെ ഭക്ഷണമായി സംസം മാത്രം അരമാസമോ അതിലധികമോ കുടിച്ചവരെ ഞാന്‍ കാണുകയുണ്ടായി. അവ൪ക്ക് വിശപ്പനുഭവപ്പെട്ടിരുന്നില്ല. അവ൪ ജനങ്ങളോടൊപ്പം ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു. അവരില്‍ ഒരാള്‍ എന്നോട് പറയുകയുണ്ടായി. നാല്പത് ദിവസം സംസം മാത്രം കുടിച്ചപ്പോള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെടാനും ധാരാളം നോമ്പ് അനുഷ്ടിക്കാനും ത്വവാഫ് ചെയ്യാനും സാധിച്ചിരുന്നു. (സാദുല്‍ മആദ് :4/356) ശൈഖ് അൽബാനിയുടെ(റഹി) അസുഖം നോമ്പ് അനുഷ്ടിക്കുകയും സംസം വെള്ളം കുടിക്കുകയും ചെയ്തത് കാരണത്താല്‍ അല്ലാഹുവിന്റെ അനുമതിയോടെ ശിഫയായത് അദ്ദേഹം തന്റെ പല ക്ലാസുകളിലും പറഞ്ഞിരുന്നു. അല്ലാഹുവിന്റെ ദാനമായി മനുഷ്യ൪ക്ക് ലഭിച്ച അനുഗ്രഹീതമായ വെള്ളമാണെന്ന ഉദ്ദേശത്തോടെ ഒരാള്‍ എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാണ് സംസം എന്നും നബി ﷺ പറഞ്ഞിട്ടുണ്ട്.

عَنْ جَابِرَ بْنَ عَبْدِ اللَّهِ، يَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ : مَاءُ زَمْزَمَ لِمَا شُرِبَ لَهُ 

ജാബിർ ബ്നു അബ്ദില്ലയിൽ(റ) നിന്ന് നിവേദനം: റസൂൽ ﷺ പറഞ്ഞു: സംസം വെള്ളം എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാകുന്നു. (ഇബ്നുമാജ:25/3178 – സ്വഹീഹ് അല്‍ബാനി)

 سُئِـلَ ابـن خزيمـة: مـن أيـن أُوتيـت العِلـم؟ فقـال : قـال رسـول اللـه صلـﮯ اللـه عليـه وسلم - :" مـاء زمـزم لِمَـا شُـرب لـه " وإنِّـي لَمَّـا شَربتُـه سألـت اللـه علمـاً نافعـاً. 

 ഇബ്നു ഖുസൈമ (റഹി) ചോദിക്കപ്പെട്ടു: താങ്കള്‍ക്ക് ഇല്‍മ് നല്‍കപ്പെട്ടത് എവിടെനിന്നാണ് ?അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞിട്ടുണ്ട് : സംസം വെള്ളം എന്തിനാണൊ,കുടിച്ചത് അതിനുള്ളതാണ്'തീര്‍ച്ചയായും ഞാനത് കുടിച്ചപ്പോള്‍ അല്ലാഹുവിനോട് ഉപകാരപ്രദമായ ഇല്‍മിനെ ചോദിച്ചു.

 سيـر أعـلام النُّبـلاء-١٤/٣٧٠ عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، قَالَ رَسُولَ اللَّهِ ـ صلى الله عليه وسلم ـ : إِنَّ آيَةَ مَا بَيْنَنَا وَبَيْنَ الْمُنَافِقِينَ أَنَّهُمْ لاَ يَتَضَلَّعُونَ مِنْ زَمْزَمَ ‏‏ 

 അബ്ദുറഹ്മാനിബ്നു അബീബക്കറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെയും കപട വിശ്വാസികളുടെയും അടയാളം അവ൪ സംസം കൊണ്ട് വയ൪ നിറക്കില്ല എന്നതാണ്. (ഇബ്നുമാജ:3061) ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ശൈഖ് ഉഥൈമീൻ (റഹി ) പറഞ്ഞു: സംസം വെള്ളം മാധുര്യമുള്ളതോ രുചിയുള്ളതോ അല്ല, മറിച്ച് ഉപ്പ് രുചിയോടാണ് അതിന് സാമ്യം ഉള്ളത്. സത്യവിശ്വാസികൾ ഉപ്പുരസമുള്ള ഈ വെള്ളം കുടിക്കുന്നത് അത് അനുഗ്രഹീത വെള്ളമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. അപ്പാൾ ആ വെള്ളം കൊണ്ട് വയർ നിറക്കുന്നുവെങ്കിൽ അത് അവന്റെ വിശ്വാസത്തെയാണ് കാണിക്കുന്നത്. (ശറഹുൽ മുംതിഅ: 7/379) നബിയുടെ(സ്വ) ജീവിതത്തില്‍ രണ്ടു തവണ അവിടുത്തെ നെഞ്ച് പിള൪ത്തി ഹൃദയം സംസം വെള്ളം കൊണ്ട് കഴുകിയ സംഭവം സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒന്ന് നുബുവ്വത്തിന് മുമ്പ് ചെറുപ്പത്തില്‍ കൂട്ടുകാരോടൊപ്പം ആടിനെ മേച്ച് കളിച്ചു നടന്നിരുന്ന വേളയിലും മറ്റൊന്ന് നുബുവ്വത്തിന് ശേഷം മിഅ്റാജ് നടത്തിയ വേളയിലുമായിരുന്നു. ഈ രണ്ട് പ്രാവശ്യവും അവിടുത്തെ നെഞ്ച് പിള൪ത്തി ഹൃദയം കഴുകിയത് സംസം വെള്ളം കൊണ്ടായിരുന്നു.

 عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَتَاهُ جِبْرِيلُ صلى الله عليه وسلم وَهُوَ يَلْعَبُ مَعَ الْغِلْمَانِ فَأَخَذَهُ فَصَرَعَهُ فَشَقَّ عَنْ قَلْبِهِ فَاسْتَخْرَجَ الْقَلْبَ فَاسْتَخْرَجَ مِنْهُ عَلَقَةً فَقَالَ هَذَا حَظُّ الشَّيْطَانِ مِنْكَ ‏.‏ ثُمَّ غَسَلَهُ فِي طَسْتٍ مِنْ ذَهَبٍ بِمَاءِ زَمْزَمَ ثُمَّ لأَمَهُ ثُمَّ أَعَادَهُ فِي مَكَانِهِ وَجَاءَ الْغِلْمَانُ يَسْعَوْنَ إِلَى أُمِّهِ - يَعْنِي ظِئْرَهُ - فَقَالُوا إِنَّ مُحَمَّدًا قَدْ قُتِلَ ‏.‏ فَاسْتَقْبَلُوهُ وَهُوَ مُنْتَقَعُ اللَّوْنِ ‏.‏ قَالَ أَنَسٌ وَقَدْ كُنْتُ أَرَى أَثَرَ ذَلِكَ الْمِخْيَطِ فِي صَدْرِهِ ‏.‏ 

അനസില്‍(റ) നിന്ന് നിവേദനം : നബി ﷺ കുട്ടികളുടെ കൂട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ജിബ്‌രീല്‍ വന്നു, നബിയെ പിടിച്ചു മലര്‍ത്തിക്കിടത്തിയ ശേഷം ഹൃദയം പിളര്‍ത്തി നെഞ്ച്‌ പുറത്തെടുത്ത്‌ അതില്‍ നിന്നും ഒരു രക്തക്കഷ്‌ണം പുറത്തെടുത്തു. എന്നിട്ട്‌ പറഞ്ഞു: ഇതാണ്‌ നിന്നിലുള്ള പൈശാചിക അംശം. പിന്നീട്‌ അത്‌ ഒരു സ്വര്‍ണ്ണത്തളികയില്‍ വെച്ച്‌ സംസം വെള്ളമുപയോഗിച്ച്‌ കഴുകിയ ശേഷം അതിനെ യോജിപ്പിച്ചുവെക്കുകയും അതിന്റെ പൂര്‍വസ്ഥാനത്ത്‌ തന്നെ മടക്കുകയും ചെയ്‌തു. കുട്ടികള്‍ അദ്ദേഹത്തിന്റെ ആയയുടെ അടുത്തേക്ക്‌ ഓടിവന്നു. മുഹമ്മദ്‌ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു. അവര്‍ വന്നപ്പോള്‍ നബിയെ വിവര്‍ണ്ണനായി (ചുകന്ന മുഖത്തോടെ) കണ്ടു. അനസ്‌(റ) പറയുന്നു: ഞാന്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ തുന്നിയ പാടുകള്‍ കണ്ടിട്ടുണ്ട്. (മുസ്‌ലിം:162)

 أَنَسُ بْنُ مَالِكٍ كَانَ أَبُو ذَرٍّ ـ رضى الله عنه ـ يُحَدِّثُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ فُرِجَ سَقْفِي وَأَنَا بِمَكَّةَ، فَنَزَلَ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ فَفَرَجَ صَدْرِي، ثُمَّ غَسَلَهُ بِمَاءِ زَمْزَمَ، ثُمَّ جَاءَ بِطَسْتٍ مِنْ ذَهَبٍ مُمْتَلِئٍ حِكْمَةً وَإِيمَانًا، فَأَفْرَغَهَا فِي صَدْرِي، ثُمَّ أَطْبَقَهُ، ثُمَّ أَخَذَ بِيَدِي فَعَرَجَ إِلَى السَّمَاءِ الدُّنْيَا‏.‏ 

അനസില്‍(റ) നിന്ന് നിവേദനം : നബി ﷺ പറയുന്നു: ഞാൻ മക്കയിലായിരിക്കേ എന്റെ വീടിന്റെ മുകൾ ഭാഗത്ത് നിന്ന് ജിബ്രീല്‍ ഇറങ്ങി വന്ന് നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത് സംസം വെള്ളംകൊണ്ട് കഴുകി. ശേഷം ഹിക്മത്തും (ജ്ഞാനം) ഈമാനും നിറച്ച സ്വർണ തളികയിൽ നിന്ന് അവ നെഞ്ചിനകത്തേക്ക് ഒഴിക്കുകയും, പിന്നീട് നെഞ്ച് കൂട്ടി പഴയ രൂപത്തിലേക്ക് ആക്കുകയും, ശേഷം ഒന്നാനാകാശത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. (ബുഖാരി:1636) ഹജ്ജും ഉംറയും നി൪വ്വഹിക്കുമ്പോള്‍ ത്വവാഫ് പൂ൪ത്തിയായി കഴിയുമ്പോള്‍ മഖാമു ഇബ്രാഹീമിന് പിന്നിലുള്ള രണ്ട് റക്അത്ത് നമസ്കാരത്തിന് ശേഷം സംസം വെള്ളം കുടിക്കുന്നത് സുന്നത്താണ്.

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم شَرِبَ مِنْ زَمْزَمَ مِنْ دَلْوٍ مِنْهَا وَهُوَ قَائِمٌ

 ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ നിന്നുകൊണ്ട് ബക്കറ്റില്‍ നിന്നും സംസം വെള്ളം കുടിക്കുകയുണ്ടായി. (മുസ്ലിം: 2027) ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: (ത്വവാഫിന് ശേഷമുള്ള രണ്ട് റക്അത്ത്) നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി ﷺ സംസമിന്റെ അടുത്ത് പോയി സംസം വെള്ളം കുടിക്കുകയും തന്റെ ശിരസില്‍ സംസം ഒഴിക്കുകയും ചെയ്തു. റസൂൽ ‍ﷺ പറയുകയുണ്ടായി: സംസം വെള്ളം എന്തിനാണൊ,കുടിച്ചത് അതിനുള്ളതാണ്. (മനാസികുല്‍ ഹജ്ജ് വല്‍ ഉംറ) സംസം വെള്ളം നിന്നുകൊണ്ടാണോ കുടിക്കേണ്ടത് ? സംസം വെള്ളം നിന്നുകൊണ്ടാണ് കുടിക്കേണ്ടതെന്ന ധാരണ ഇന്ന് സമൂഹത്തില്‍ പ്രചരിച്ചിട്ടുണ്ട്. താഴെ പറയുന്ന ഹദീസാണ് അതിനായി തെളിവ് പിടിച്ചിട്ടുള്ളത്.

 عَنِ ابْنِ عَبَّاسٍ، قَالَ شَرِبَ النَّبِيُّ صلى الله عليه وسلم قَائِمًا مِنْ زَمْزَمَ‏‏

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ സംസം വെള്ളം നിന്നുകുടിച്ചു. (ബുഖാരി: 5617)

 عَنِ ابْنِ، عَبَّاسٍ قَالَ سَقَيْتُ رَسُولَ اللَّهِ صلى الله عليه وسلم مِنْ زَمْزَمَ فَشَرِبَ وَهُوَ قَائِمٌ 

 ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ നെ സംസം വെള്ളം കുടിപ്പിച്ചു. അങ്ങനെ അദ്ദേഹം നിന്നുകൊണ്ട് കുടിച്ചു. (മുസ്ലിം: 2027)

 എന്നാല്‍ ഈ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് സംസം വെള്ളം നിന്നുകൊണ്ടാണ് കുടിക്കേണ്ടതെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടില്ല. എല്ലാ സമയത്തും വെള്ളം കുടിക്കേണ്ടത് ഇരുന്നുകൊണ്ടാണെന്നും അതിന് സൌകര്യമില്ലെങ്കില്‍ നിന്നുകൊണ്ട് കുടിക്കല്‍ അനുവദനീയമാണെന്നുമാണ് പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളത്. ഇവിടെ നബിക്ക്(സ്വ) മതിയായ കാരണമുള്ളതുകൊണ്ടാണ് അവിടുന്ന് നിന്നുകൊണ്ട് കുടിച്ചത്. ഹജ്ജിന്റെ സന്ദ൪ഭമാണ് മേല്‍ പറഞ്ഞിട്ടുള്ള ഹദീസുകളിലുള്ളതെന്നാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) വിശദീകരിച്ചിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ കാര്യം കൂടുതല്‍ വ്യക്തമാണ്. അതായത് ഹജ്ജിന്റെ അവസരത്തില്‍ കൂടുതല്‍ ആളുകളെ കൊണ്ടുള്ള തിരക്കിനാലാണ് നബി(സ്വ) സംസം വെള്ളം നിന്നുകൊണ്ടാണ് കുടിച്ചത്. എല്ലാ സമയത്തും വെള്ളം കുടിക്കേണ്ടത് ഇരുന്നുകൊണ്ടാണെങ്കിലും മതിയായ കാരണമുണ്ടെങ്കില്‍ നിന്നുകുടിക്കുന്നത് അനുവദനീയമാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് നബി(സ്വ) സംസം വെള്ളം നിന്നുകൊണ്ട് കുടിച്ചതെന്നും ചില പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുണ്ട്. മക്കയില്‍ നിന്ന് സംസം വെള്ളം പുറത്തേക്ക് കൊണ്ടുപോകാന്‍ പാടുണ്ടോ? മക്കയില്‍ നിന്ന് സംസം വെള്ളം പുറത്തേക്ക് കൊണ്ടുപോകാവുന്നതാണ്. നബിയും(സ്വ) സ്വഹാബത്തും താബിഉകളുമെല്ലാം സംസം വെള്ളം തോല്‍ സഞ്ചിയിലും കുപ്പിയിലും പാത്രങ്ങളിലുമായി മക്കയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയിരുന്നു.

 عَنْ عَائِشَةَ، رضى الله عنها أَنَّهَا كَانَتْ تَحْمِلُ مِنْ مَاءِ زَمْزَمَ وَتُخْبِرُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَحْمِلُهُ ‏.

 ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ സംസം വെള്ളം (മക്കയില്‍ നിന്നും) വഹിച്ചുകൊണ്ടുപോയിരുന്നു. അവ൪ പറഞ്ഞു: നബി(സ്വ) (അപ്രകാരം മക്കയില്‍ നിന്നും) സംസം വെള്ളം വഹിച്ചുകൊണ്ടുപോയിരുന്നു. (തി൪മിദി:963) ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: ബറകത്ത് പ്രതീക്ഷിച്ചുകൊണ്ട് ആ൪ക്കെങ്കിലും കഴിയുമെങ്കില്‍ സംസം വെള്ളം വഹിച്ചുകൊണ്ടു പോകാവുന്നതാണ്. കാരണം അല്ലാഹുവിന്റെ റസൂല്‍(സ്വ) ചെറിയ പാത്രങ്ങളിലും വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലും സംസം കൂടെകൊണ്ടുപോകാറുണ്ടായിരുന്നു. അങ്ങനെ രോഗികളുടെ ശരീരത്തില്‍ ഒഴിക്കുകയും അവ൪ക്ക് കുടിക്കാന്‍ കൊടുക്കുകയും ചെയ്തിരുന്നു. ഇമാം ബുഖാരി തന്റെ താരീഖില്‍ ഉദ്ദരിച്ചിട്ടുണ്ട്. തി൪മിദി ഹസനാണെന്ന് പറഞ്ഞിരിക്കുന്നു. ആയിശയുടെ ഹദീസില്‍ നിന്ന്, അത് അല്‍ അഹാദീസു സ്വഹീഹയില്‍ 883 നമ്പരായി ചേ൪ത്തിട്ടുണ്ട്. മാത്രമല്ല, നബി(സ്വ) മദീനയിലായിരിക്കെ മക്ക വിജയിച്ചടക്കുന്നതിനുമുമ്പ് സുഹൈലയബ്നു അംറിന്റെ അടുത്തേക്ക് ദൂതന്‍മാരെ പറഞ്ഞയക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് നിങ്ങള്‍ സംസം സമ്മാനമായി കൊടുത്തയക്കണം, ഉപേക്ഷിക്കരുത്. തിരുദൂതരിലേക്ക് രണ്ട് തോല്‍ സഞ്ചി നിറയെ സംസം കൊടുത്തയക്കുകയും ചെയ്തിരുന്നു. (ജാബിറില്‍ നിന്ന് ജയ്യിദായ സനദോടെ ഇമാം ബൈഹഖി റിപ്പോ൪ട്ട് ചെയ്തത്. മുസന്നഫ് അബ്ദു൪ റസാഖില്‍ സ്വഹീഹും മു൪സലുമായ ഒരു തെളിവ് കൂടിയുണ്ട്.) ഇബ്നു തൈമിയ്യ പറയുന്നു: സ്വലഫുകള്‍ (മുന്‍ഗാമികള്‍) (സംസം) വഹിച്ചു കൂടെകൊണ്ടു പോകാറുണ്ടായിരുന്നു. (അല്‍ബാനിയുടെ മനാസികുല്‍ ഹജ്ജ് വല്‍ ഉംറ)

Sunday, 5 April 2020

മഹാമാരി: ദൈവം അനങ്ങാത്തത് എന്തുകൊണ്ട്?


ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കൊവിഡ് – 19 ന്റെ വ്യാപനത്തില്‍ സമൂഹമൊന്നടങ്കം ആശങ്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഈ കലക്കുവെള്ളത്തില്‍ ചിലരെങ്കിലും മീന്‍ കിട്ടുമെന്ന് വെറുതെ ആശിക്കുന്നു. ദൈവനിഷേധികളാണ് ഇക്കാര്യത്തില്‍ ഏറെ ആശ വെക്കുന്നവര്‍. വൈറസ് ബാധയെ ചെറുക്കാന്‍ അവര്‍ക്കൊരു സംഭാവനയും ചെയ്യാനായിട്ടില്ല. ചിന്തോദ്ദീപകമായ ഒരു ആശയമെങ്കിലും സമര്‍പ്പിക്കാന്‍ അവര്‍ക്കായില്ല. എന്നാലോ, സമൂഹമാധ്യമങ്ങളിലിരുന്ന് ദൈവമില്ലെന്ന് ഊഹം പരത്തുകയാണവര്‍. ദൈവഭക്തര്‍ പോലും ഇങ്ങനെ നിരന്തരം ദൈവത്തെ ഓര്‍ക്കാറില്ല എന്നാലോചിക്കുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നും.
കൊറോണക്കു മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് ശാസ്ത്രലോകം. ബ്രേക് ദി ചെയ്ന്‍ നടപടികള്‍ പ്രഖ്യാപിച്ചും ക്വാറന്റയ്നെ കുറിച്ചും ശുചിത്വത്തെപ്പറ്റിയും പ്രത്യേക ബോധവത്കരണ പരിപാടികള്‍ ആവിഷ്‌കരിച്ചും 163 രാജ്യങ്ങളിലും സര്‍ക്കാറുകള്‍ കഠിനാധ്വാനം ചെയ്യുന്നു. മാസ്‌കും ഗ്ലൗസും സാനിറ്റൈസറുകളും സൗജന്യമായി വിതരണം ചെയ്തു സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. അണുബാധയുള്ളവരെ പരിചരിക്കാനും നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുവാനും ഓവര്‍ടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫും. ആരാധനാലയങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ജനം കൂട്ടംകൂടുന്നതിനെ നിയന്ത്രിക്കുന്ന മത നേതൃത്വം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സംരംഭങ്ങളും അവധി കൊടുത്തു. നിരത്തില്‍ വാഹനങ്ങള്‍ കുറഞ്ഞു. പലയിടത്തും കടകമ്പോളങ്ങളില്‍ ആളില്ല. ആശുപത്രികള്‍ പോലും വിജനം. എവിടെ ചെന്നാലും കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍ എല്ലാവരും ഒത്തുപിടിക്കുന്നു.
എന്നാല്‍, മേല്‍ പറഞ്ഞവര്‍, പ്രളയം വന്നാലും പേമാരി വന്നാലും മഹാമാരി വന്നാലും ഒരേയൊരു മോഹം മാത്രമുള്ളവര്‍. മനുഷ്യര്‍ മുങ്ങിയോ പിടഞ്ഞോ ശ്വാസം മുട്ടിയോ ചാവണം. എന്നിട്ടാ ശവത്തില്‍ കുത്തി ചോദിക്കണം: കണ്ടോ, കണ്ടോ ചാവുന്നു, ദൈവം ഉണ്ടെങ്കിലെവിടെ? ആരെയും രക്ഷിക്കാത്തതെന്തേ? ഇവരാണ് പ്രാര്‍ഥന ഫലിക്കരുതേ എന്നു ‘പ്രാര്‍ഥിക്കുന്നവര്‍’!
എല്ലാ മതങ്ങളെയും അടച്ചാക്ഷേപിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് കവര്‍ സ്റ്റോറി ചെയ്തത്. മഹാമാരിയെ പിടിച്ചു നിര്‍ത്താനാവാത്തതു കൊണ്ടു പ്രാര്‍ഥനയും ആചാരങ്ങളും മതവിശ്വാസവും ദൈവവിശ്വാസം തന്നെയും അത്രയൊക്കേ ഉള്ളൂ, അവയൊന്നും വേണ്ടെന്നു വെച്ചതുകൊണ്ട് ഒന്നും വരാനില്ല എന്നായിരുന്നു തീര്‍പ്പ്.
ഇവര്‍ ഉന്നയിക്കുന്ന ഒരു ചോദ്യവും വാസ്തവത്തില്‍ നമ്മുടെ മറുപടി അര്‍ഹിക്കുന്നില്ല. ഇത് പറയാന്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്. മതം തെറ്റാണെന്നാണ് ഈ വക ചോദ്യങ്ങളുടെ ആകെത്തുക. ഇന്നുവരെ അതു സത്യസന്ധമായി സ്ഥാപിക്കാന്‍ അവര്‍ക്കായിട്ടില്ല, കുറെ ട്രോളുകളല്ലാതെ.
ജീവിതം ശാന്തവും സുന്ദരവും സ്വച്ഛന്ദവുമായി ഒഴുകണമെങ്കില്‍ നിയതമായ ഒരു ദര്‍ശനം കൂടിയേ തീരൂ. അതിനാല്‍ മതം / വിശ്വാസം ഒരു അനിവാര്യതയാണ്. മതമോ നിര്‍മതവാദമോ ശരി എന്ന തത്വചിന്താപരമായ ചോദ്യം മൗലിക പ്രാധാന്യമുള്ളതാകുന്നത് അതുകൊണ്ടാണ്.
വിശ്വാസത്തിന്റെ മനഃശാസ്ത്രമറിയാത്തവനു അതിന്റെ സൗന്ദര്യമറിയില്ല. വിശ്വാസി അനുഭവിക്കുന്ന ആത്മവിശ്വാസവും മനഃസംതൃപ്തിയും ധൈര്യവും ശുഭ പ്രതീക്ഷയും മനസ്സിലാകില്ല. അമ്മയ്ക്കു മക്കളോടുള്ള വികാരം പേറ്റുനോവറിയാത്തവള്‍ക്കറിയില്ല. അതൊന്നും പുസ്തകത്താളുകളില്‍ നിന്നല്ല ആസ്വദിക്കേണ്ടത്, അനുഭവത്തില്‍ നിന്നാണ്.
രണ്ട്. മതങ്ങള്‍ എന്ന് പൊതുവില്‍ പറഞ്ഞാല്‍ അതില്‍ പലതും ഉണ്ട്. യുക്തിഹീനമായ പലതും പല മതങ്ങളിലുമുണ്ട്. അതിനെയെല്ലാം കൂടി ന്യായീകരിക്കാനോ ഇസ്ലാമിനോടു സമീകരിക്കാനോ കഴിയില്ല. ഇസ്ലാം ഭദ്രമാണ്. സംതൃപ്തമായ ന്യായങ്ങളില്ലാത്ത ഒന്നും അതിലില്ല. ഏതു കാലത്തെയും സാഹചര്യത്തെയും സ്വീകരിക്കാന്‍ ക്ഷമതയുണ്ടതിന്. അറിവിന്റെ വികാസങ്ങളെ ഉള്‍ക്കൊള്ളുന്നതാണത്. അതിശയകരമാം വിധം കാലേക്കൂട്ടി കാര്യങ്ങളെ വ്യവഹരിച്ചതുമാണ്. അവിടെ നിന്നാണ് നാം സംസാരിക്കുന്നത്. കണ്ണടച്ചു ഇരുട്ടാക്കുന്നവര്‍ക്ക് വര്‍ണരാജികള്‍ കാണാനാകില്ല. അതു മനസ്സിലാക്കാന്‍ അറിവല്ല, ബോധമാണു വേണ്ടത്.
കൊറോണയെ തുരത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനു അല്ലാഹു?
അല്ലാഹു ആരാണെന്നറിയാത്തതിന്റെ കുഴപ്പമാണീ ചോദ്യം. വാച്ചുണ്ടാക്കിയ ആളെ കാണാന്‍ അത് പൊളിച്ചു നോക്കുകയാണിവര്‍. ഇതു മാതിരി പ്രപഞ്ചകര്‍ത്താവിനെ കാണാന്‍ അതിനുള്ളില്‍ നോക്കുന്നവര്‍ക്കെന്ത് കൊറോണ ! എന്ത് അല്ലാഹു? മനസ്സിലാകില്ല. ചില മിത്തുകളില്‍ കാണുന്നതുപോലെ മനുഷ്യന്‍ ആവശ്യപ്പെടുന്നതെല്ലാം അപ്പടി ഒരുക്കി തയാറാക്കി തരേണ്ട/ തരുന്ന ഒരാളല്ല സൃഷ്ടികര്‍ത്താവ്. ഇങ്ങനെ പടപ്പുകള്‍ വിചാരിക്കുന്ന പോലെയെല്ലാം ഇടപെട്ടു കാണിക്കാന്‍ അല്ലാഹു ആരുടെയും വീട്ടുവേലക്കാരനല്ല. യാക്കോബിനോടു ഗുസ്തിമത്സരത്തില്‍ തോറ്റുപോയ ദൈവമുണ്ട് ബൈബിളിലെ ഉത്പത്തി പുസ്തകത്തില്‍. അങ്ങനെയാണത്രെ അദ്ദേഹത്തിനു യിസ്രയേല്‍ എന്നു പേരു വന്നത്?! എന്നാല്‍, അല്ലാഹു അങ്ങനെയല്ല. അവന്‍ പരമാധികാരിയാണ്. സ്വന്തം ഇച്ഛക്കൊത്തു അധികാരം വിനിയോഗിക്കുന്നവന്‍. നിങ്ങളുടെ ഹിതമല്ല, അവന്റെ ഹിതം.അതത്രെ അവന്‍ നടപ്പാക്കുന്നത്.
ഇസ്ലാമിക വിശ്വാസത്തിന്റെ മൗലിക പ്രമാണമായ തത്വമത്രെ നന്‍മയും തിന്‍മയും അല്ലാഹുവിന്റെ അധികാരത്തിലാണ് എന്നത്. ഇതംഗീകരിക്കാത്തയാള്‍ മുസ്ലിമേ അല്ല! അല്ലാഹു ഏകനാണെന്നും അവന്‍ സര്‍വ്വശക്തനും എല്ലാത്തിനും മീതെ അധികാരിയുമാണ് എന്നു പറയുന്നതിന്റെ ആവിഷ്‌കരണമാണത്.
മറിച്ച്, ദൈവവിശ്വാസികളായ ചിലര്‍ തന്നെ വിശ്വസിച്ചു വരുന്നതു പോലെ, തിന്‍മകള്‍ / രോഗങ്ങള്‍ / ദുരിതങ്ങള്‍ / പരീക്ഷണങ്ങള്‍ സൃഷ്ടിക്കുന്നതു ദൈവമല്ല എന്നു വിശ്വസിക്കുന്നത് ഇസ്ലാമികമല്ല. അത് ദൈവാസ്തിക്യ തത്വത്തിന് ക്ഷതമേല്‍പിക്കും. ലോകത്ത് സുഖിക്കുന്നവരെക്കാളേറെ ദുഃഖിക്കുന്നവരെ കാണുന്നു. അരോഗദൃഢ ഗാത്രരെക്കാളേറെ രോഗികളാണുള്ളത്. ധനികരുടെ എത്രയോ ഇരട്ടി ദരിദ്രര്‍. സുഭിക്ഷമായി ഭുജിക്കുന്നവരെക്കാള്‍ ശതകോടി പട്ടിണിപ്പാവങ്ങള്‍. നന്മയും തിന്മയും ത്രാസിലിട്ടാല്‍ തിന്മ തന്നെ മുന്‍പന്തിയില്‍. അവയൊന്നും അല്ലാഹുവിന്റെ സൃഷ്ടിയല്ലെങ്കില്‍ അവയുണ്ടാക്കിയ കര്‍ത്താവ് വേറെയാണെന്നു പറയണം. അതു അല്ലാഹുവിന്റെ ഏകത്വത്തെ മാത്രമല്ല, ആസ്തിക്യത്തെ തന്നെ നിഷേധിക്കുന്നതാണ്. അതിനാല്‍ സന്തോഷങ്ങളാവട്ടെ, സന്താപങ്ങളാവട്ടെ – എല്ലാം അല്ലാഹുവില്‍ നിന്നാണ് , ഇതാണ് യഥാര്‍ത്ഥ നിലപാട്. അതവന്റെ അധികാര വാഴ്ചയുടെ പ്രകാശനമാണ്. ആരുടെയെങ്കിലും സാമൂഹിക പദവിയോ സാമ്പത്തിക നിലയോ വാക്ചാതുരിയോ അവന്റെ ഇച്ഛകളെ തിരുത്തില്ല എന്നാണ് മുസ്ലിം വിശ്വാസം. അതു കൊണ്ടാണ്, പ്രളയമോ പേമാരിയോ മഹാമാരിയോ വിശ്വാസത്തെ ഉലയ്ക്കാതിരിക്കുന്നത്.
ഫലം കാണുന്നില്ലെങ്കില്‍ പിന്നെയെന്തിനു പ്രാര്‍ഥിക്കണം?
മനുഷ്യര്‍ അറിവില്ലാത്തതിന്റെ ശത്രുവാണെന്നു പറഞ്ഞതിന്റെ മറ്റൊരു ഉദാഹരണമാണീ ചോദ്യവും. പ്രാര്‍ഥന എന്നാല്‍ എന്താണ്, അതിന്റെ ലക്ഷ്യം എന്ത്, അതിന്റെ ഫലം എന്ത് എന്നീ കാര്യങ്ങളിലെല്ലാം വിശ്വാസിക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്.
പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും ഓരോരുത്തരുടെയും ആവശ്യങ്ങളും അവസ്ഥാന്തരങ്ങളും അറിയുന്നവനത്രെ അല്ലാഹു. ഖുഥുബുല്‍ ഇര്‍ശാദ് ഇമാം ഹദ്ദാദിന്റെ(റ) ഈയര്‍ഥത്തിലുള്ള ഒരു കവിത ലോകപ്രശസ്തമാണ്. ‘ഖദ് കഫാനീ ഇല്‍മു റബ്ബീ, മിന്‍ സുആലീ വഖ്തിയാരീ – ‘എന്റെ പ്രാര്‍ഥനകളെക്കാളും ഇഷ്ടപ്രകടനങ്ങളെക്കാളും എന്റെ നാഥന്റെ പരമജ്ഞാനം മതിയെനിക്ക്’ എന്നാണതിന്റെ തുടക്കം. താന്‍ യാചിച്ചില്ലെങ്കിലും തന്നെ കാക്കാന്‍ അല്ലാഹുവുണ്ടെന്നു തന്നെയാണ് വിശ്വാസിയുടെ മനസ്. എന്നാലും അവന്‍ പ്രാര്‍ഥിക്കും. കാരണം, പ്രാര്‍ഥന ആരാധനയാണ്. നുഅ്മാനു ബ്നു ബശീര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ‘പ്രാര്‍ഥന തന്നെയാണ് ആരാധന’ എന്നു കാണാം (അഹ്മദ്). പ്രത്യക്ഷത്തില്‍ ഫലം കണ്ടാലും ഇല്ലെങ്കിലും വിശ്വാസി പ്രാര്‍ഥന തുടരും. അവനതൊരു സാധനയാണ്. സ്രഷ്ടാവിന്റെ മുമ്പിലുള്ള സമര്‍പ്പണത്തിന്റെ ആനന്ദവും ആസ്വാദനവുമാണ്!
പ്രാര്‍ഥിച്ചാല്‍ ഫലം കാണുകയില്ലെന്നു വിശ്വാസി കരുതുന്നില്ല. ഉത്തരം ലഭിക്കുമെന്നത് അവനു കിട്ടിയ വാഗ്ദാനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ.ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം’ (ഗാഫിര്‍ : 60 ).
പ്രാര്‍ഥനയെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകളും ധാരാളം. അബ്ദുല്ലാഹി ബ്നു മസ്ഊദിന്റെ(റ)നിവേദനം: നബി (സ്വ) പറഞ്ഞു: ”നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക. അല്ലാഹു ചോദിക്കുന്നത് ഇഷ്ടപ്പെടുന്നു എന്നത് സത്യം” (തിര്‍മിദി).
പ്രാര്‍ഥിച്ചാല്‍ ഉത്തരം നല്‍കുമെന്നത് വാഗ്ദാനമാണ്; അതവന്‍ ലംഘിക്കില്ല. ഉത്തരം കിട്ടുമെന്ന ഉറപ്പോടെയാണ് സത്യവിശ്വാസി പ്രാര്‍ഥിക്കുന്നത്. അബൂ ഹുറയ്റ(റ) പറയുന്നു: നബി ? പറഞ്ഞു: ”ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.” (തിര്‍മിദി)
എന്നിട്ടെന്തേ, കൊറോണ നശിച്ചില്ല? പ്രാര്‍ഥനയുടെ ഫലം കാണുന്നില്ലെങ്കില്‍ അല്ലാഹു വാഗ്ദാനം ലംഘിച്ചുവെന്നല്ലേ അര്‍ഥം? എന്ന ചോദ്യങ്ങളൊന്നും വിശ്വാസികള്‍ മുഖവിലക്കെടുക്കില്ല. അവന്‍ വില കല്പിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിനാണ്. പ്രാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ച ശരീഅതു തന്നെ അതിന്റെ വാഗ്ദത്ത ഫലം എപ്പടിയായിരിക്കും പറഞ്ഞിട്ടുണ്ട്. മൂസബ്നു ഹാറൂനില്‍നിന്ന് (റ) ഇമാം ത്വബ് രി(റ) ജാമിഉല്‍ ബയാനില്‍ നിവേദനം ചെയ്യുന്നു: ‘ഒരാള്‍ പ്രാര്‍ഥിക്കുന്നതിന്റെ ആത്യന്തിക ഗുണഫലം ഇഹലോകത്തു വെച്ചു നല്‍കലാണെങ്കില്‍ അങ്ങനെ. ഇഹലോകത്തു കിട്ടുന്നില്ലെങ്കിലോ ആ സദ്കര്‍മം ഒരു നിധിയായി പാരത്രിക ലോകത്ത് കിട്ടും. മാത്രമല്ല, പ്രാര്‍ഥനയുടെ ഫലമായി മറ്റെന്തെങ്കിലും ദുരിതം അവനില്‍ നിന്ന് അകറ്റിക്കൊടുക്കും’. സമാനവും അതിലധികവും വിശദീകരണങ്ങള്‍ വന്നിട്ടുള്ള ധാരാളം ഹദീസുകള്‍ ഉണ്ട്. ദൈര്‍ഘ്യം ഭയന്ന് ഒഴിവാക്കുന്നു. ചുരുക്കത്തില്‍, പ്രാര്‍ഥനയുടെ ഫലം ഏറ്റവും ഉചിതമായ വിധത്തില്‍ തനിക്കു ലഭിക്കുമെന്നു തന്നെയാണ് ഓരോ ഘട്ടത്തിലും വിശ്വാസിയുടെ പ്രതീക്ഷ.
ഫലം പ്രത്യക്ഷത്തില്‍ കണ്ടില്ലെങ്കിലും വിശ്വാസികള്‍ പ്രാര്‍ഥന നിര്‍ത്തില്ലെങ്കില്‍ പിന്നെയെന്തിനു പള്ളികളടച്ചു? ഉംറയടക്കമുള്ള തീര്‍ഥാടനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി?
പ്രാര്‍ഥന ആരാധനയാണെന്നു പറഞ്ഞല്ലോ. ആരാധന എന്നതു കൊണ്ടു ഒരു മുസ്ലിം അര്‍ഥമാക്കുന്നത് എന്താണെന്നു കൂടി മനസ്സിലാക്കിയാല്‍ ഈ സംശയത്തിനു സ്ഥാനമുണ്ടാവില്ല.
‘അഖ്സാ ഗായതില്‍ ഖുളൂഇ വതദല്ലുല്‍’ – അല്ലാഹുവിന്റെ മുമ്പില്‍ പരമാവധി വിധേയത്വവും സമര്‍പ്പണവും കാണിക്കുക എന്നാണ് ആരാധന/ ഇബാദത് എന്നതിന്റെ നിര്‍വചനം. ഓരോ സന്ദര്‍ഭത്തിലും ശരീഅത് ആവശ്യപ്പെടുന്നതു പ്രകാരം ഇബാദത്തു ചെയ്യുമ്പോഴാണ് അതു യഥാര്‍ഥത്തില്‍ വിധേയത്വവും സമര്‍പ്പണവും ആകുന്നത്. ഇല്ലെങ്കില്‍, തന്നിഷ്ടമാവും. പകര്‍ച്ച വ്യാധികളുള്ളപ്പോള്‍ രോഗികളുമായുള്ള സമ്പര്‍ക്കത്തിന് വിലക്കേര്‍പ്പെടുത്തിയത് ശരീഅതാണ്. അതിനെ അനുസരിക്കലാണ് ആരാധന! അതിനാല്‍, വിശ്വാസി പള്ളി അടച്ചിടുന്നതും തീര്‍ഥാടനം നിര്‍ത്തിവെക്കുന്നതും പ്രതിഫലാര്‍ഹമാണ്, ആരാധനയുമാണ്.
അല്ലാഹു തന്നിരിക്കുന്ന അനുഗ്രഹങ്ങളെത്രയാണോ അതിനൊത്താണ് അവന്‍ വിധേയത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരോടാണ് റമളാന്‍ വ്രതം ആവശ്യപ്പെട്ടത്. നിശ്ചിത ധനരേഖയ്ക്കു മുകളില്‍ വര്‍ഷം മുഴുവന്‍ സമ്പാദ്യമുള്ളവരാണ് സകാത് കൊടുക്കേണ്ടത്. ശരീരം, സാമ്പത്തിക നില, യാത്രാസാധ്യതകള്‍, സംവിധാനങ്ങള്‍ എന്നിവ അനുകൂലമായിരുന്നാല്‍ മാത്രമേ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ഥാടനം വേണ്ടതുള്ളൂ. ഇപ്പറഞ്ഞവയെല്ലാം ഉപാധികളാണ്. പരമാവധി വിധേയത്വവും സമര്‍പ്പണവും കാണിക്കുക എന്നു പറഞ്ഞതിന്റെ വിധങ്ങളും പ്രകാരങ്ങളും നിശ്ചയിക്കുന്ന ഉപാധികള്‍. ഇവ ഒത്തു വന്നില്ലെങ്കിലും സാഹചര്യേണ വിധേയത്വവും സമര്‍പ്പണവും കാണിക്കാന്‍ വിശ്വാസിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. അവശത മൂലം ശരീരം കൊണ്ടു നിസ്‌കാരം സാധ്യമാവാതെ വന്നാല്‍ നിസ്‌കാരക്രമം അപ്പടി മനസില്‍ സങ്കല്പിക്കണമെന്നു അധ്യയനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെ താത്പര്യം അതാണ്. തത്വത്തില്‍, ഏതു സാഹചര്യത്തിലും അല്ലാഹുവിനു കീഴടങ്ങുക എന്നര്‍ഥം.
കര്‍മശാസ്ത്രപരമായ ചില പ്രശ്നങ്ങളെ സമീപിക്കുന്നേടത്ത് നിദാനശാസ്ത്രം മുന്നോട്ടു വെക്കുന്ന ഒരു മൗലിക തത്വമാണ് ദര്‍ഉല്‍ മഫാസിദി മുഖദ്ദമുന്‍ അലാ ജല്‍ബില്‍ മസ്വാലിഹ്- ‘ആപത്തുകളെ പ്രതിരോധിക്കുന്നതിനു നന്മകള്‍ നേടുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കണം’ എന്നത്. സമാനാര്‍ഥമുള്ള മറ്റൊരു തത്വത്തില്‍ യുതഹമ്മലു ള്ളററുല്‍ ഖാസ്സു ലിദഫ്ഇ ള്ളററില്‍ ആമ്മി: ‘വ്യാപകമായ നാശനഷ്ടങ്ങളെ തടയുന്നതിനു പ്രത്യേകമായ ചില നഷ്ടങ്ങള്‍ സഹിക്കാവുന്നതാണ്’ എന്നും പറയുന്നുണ്ട്. ഈ മൗലികതത്വങ്ങളില്‍ ഊന്നി നിന്നു ഇസ്ലാമിക ശരീഅത് നല്‍കിയിട്ടുള്ള ക്വാറന്റയ്ന്‍, ഐസൊലേഷന്‍ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് പള്ളികളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ഇപ്പോള്‍ വിശ്വാസി പ്രവേശം നിയന്ത്രിക്കുന്നത്.
ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കൊറോണയോ നിപ്പയോ സ്പാനിഷ് ഫ്‌ളൂവോ കണ്ടപ്പോള്‍ ഉണ്ടായതുമല്ല. തിരുനബി യുടെ (സ്വ) കാലം തൊട്ടിന്നോളം മതപണ്ഡിതന്‍മാര്‍ പഠിപ്പിച്ചു തന്ന നിയമങ്ങളാണ്. മഹാമാരികളെക്കുറിച്ചും അവ ഉണ്ടായാല്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടുകളെയും കുറിച്ചു മാത്രം ഇമാം ഇബ്നു അബിദ്ദുന്‍യാ, ഇമാം താജുദ്ദീനുസ്സുബ്കി, ഇമാം സര്‍കശി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജരില്‍ അസ്ഖലാനി(റ) തുടങ്ങി ഇരുപത്തഞ്ചിലധികം പണ്ഡിതരുടെ രചനകള്‍ എന്റെ കൈവശമുണ്ട്. ഐസൊലേഷനെ കുറിച്ചു മാത്രം ഗ്രന്ഥങ്ങളുണ്ട്. ഹി. 471 ല്‍ മരണപ്പെട്ട ഇമാം അബൂ അലീ ഹുസൈനുബ്നു അബ്ദില്ലാഹില്‍ ബഗ്ദാദിയുടെ(റ) അര്‍രിസാലതുല്‍ മുഗ്നിയ ഫിസ്സുകൂതി വ ലുസൂമില്‍ ബുയൂത് ഐസൊലേഷന്റെ ആത്മീയ ഗുണങ്ങള്‍ വിശദമാക്കുന്നതാണ്. അബ്ദുര്‍ റസ്സാഖി ബ്നു അബ്ദില്‍ മുഹ്സിന്‍(റ) അതിനെ വിശകലനം ചെയ്ത് മറ്റൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇങ്ങനെ പരശ്ശതം ഗ്രന്ഥങ്ങള്‍. അതിനാല്‍, ഇസ്ലാം വിമര്‍ശകര്‍ മനസ്സിലാക്കേണ്ടത് ഗവണ്‍മെന്റോ ആരോഗ്യ വിദഗ്ധരോ ഇപ്പോള്‍ ക്വാറന്റയ്നും ഐസൊലേഷനും നിര്‍ദ്ദേശിച്ചിട്ടില്ലായിരുന്നെങ്കില്‍ പോലും മുസ്ലിംകള്‍ അതു തന്നെ അനുവര്‍ത്തിച്ചിട്ടുണ്ടാവും. അതാണ് ഇസ്ലാം.
രോഗം പകരില്ലെന്നല്ലേ ഹദീസിലുള്ളത്? പിന്നെന്തിനാണ് ഐസൊലേഷനും ക്വാറന്റയ്നും?
വിശുദ്ധ ഇസ്ലാമിനെയും മുത്തുനബിയെയും(സ്വ) ചെറുതാക്കി കാണിക്കാന്‍ എല്ലാ കാലത്തും ദുര്‍വ്യാഖ്യാനം ചെയ്ത ഹദീസാണ് -ലാ അദ് വാ- എന്നത്. പകര്‍ച്ചവ്യാധികള്‍ വന്നതോടെ ഇസ്ലാം ആറാം നൂറ്റാണ്ടിലെ പഴഞ്ചന്‍പുരാണങ്ങളുടെ ഭാണ്ഡമാണെന്നു കൂടുതല്‍ വ്യക്തമാകുന്നുവെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഹദീസിന്റെ അര്‍ഥം പറയുന്നതിനു മുമ്പ് ഒരു ഉപോദ്ഘാതം പറയാം.
ശുചിത്വ സംവിധാനങ്ങളെ നടപ്പുശീലങ്ങളുടെ ഭാഗമാക്കുന്നതില്‍ ഇസ്ലാമോളം സക്രിയമായി ഇടപെട്ട ഒരു ദര്‍ശനവുമില്ല. ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സദ്കര്‍മങ്ങളായി പരിചയപ്പെടുത്തിയവയുടെ ലിസ്റ്റില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശുചിത്വം. ‘വൃത്തിയാണ് മതവിശ്വാസത്തിന്റെ പാതി’ എന്ന തിരുനബിവചനം മാത്രം ആലോചിച്ചു നോക്കൂ.
ഒരുദാഹരണം മാത്രം പറയാം; നിസ്‌കാരം. വിശ്വാസിയെയും അവിശ്വാസിയെയും വ്യവഛേദിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതിയാണ്.അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍. പുലര്‍ന്നെണീറ്റതു മുതല്‍ അന്തിമയങ്ങുന്നതു വരെയുള്ള നമ്മുടെ ആക്ടീവ് ടൈം സ്പാനിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കുളിച്ചും അംഗസ്നാനം ചെയ്തിട്ടുമല്ലാതെ നിസ്‌കാരം അനുവദനീയമല്ല. അംഗസ്നാനം മുമ്മൂന്ന് തവണ നിര്‍വഹിക്കണം. എല്ലാ അര്‍ഥത്തിലും മാലിന്യമുക്തമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഓരോ നിസ്‌കാരത്തിനും മുമ്പ് ദന്തശുദ്ധി നടത്തണം. ശരീരവും വസ്ത്രവും നിസ്‌കരിക്കുന്ന സ്ഥലവും ഉള്‍പ്പടെ എല്ലാം പൂര്‍ണമായും മാലിന്യമുക്തമാകണം – ഇല്ലെങ്കില്‍ നിസ്‌കാരം സ്വീകാര്യമല്ല. ഇപ്രകാരം ദിവസവും അഞ്ചു തവണ രോഗമുള്ളപ്പോഴും അല്ലാത്തപ്പോഴും ശരിയായ വിശ്വാസി ശുചീകരണം നടത്തുന്നു.
ഇനി, പകര്‍ച്ചവ്യാധികളിലേക്കു വരാം. ഇതു സംബന്ധിച്ച ക്വാറന്റയ്ന്‍ നടപടികളുടെ ഭാഗമായി ലോകത്താദ്യമായി ഗമനാഗമനവിലക്കും ഐസൊലേഷന്‍ നടപടിയും നിര്‍ദ്ദേശിച്ചിട്ടുള്ളത് നബിതിരുമേനി (സ്വ)യാണ്. ഇക്കാര്യം ഇക്കഴിഞ്ഞ മാര്‍ച്ച് 17 ന് പ്രസിദ്ധീകരിച്ച അമേരിക്കയിലെ ന്യൂസ് വീക്ക് മാഗസിനില്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ എഴുതിയ CAN THE POWER OF PRAYER ALONE STOP A PANDEMIC LIKE THE CORONAVIRUS? EVEN THE PROPHET MUHAMMAD THOUGHT OTHERWISE എന്ന ലേഖനത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. തിരുമേനി(സ്വ) നിര്‍ദ്ദേശിച്ച ക്വാറന്റയ്ന്‍ നടപടികളല്ലാതെ മറ്റൊരു പ്രതിരോധ മാര്‍ഗവും കൊവിഡ് -19ന്റെ കാര്യത്തില്‍ ഇതുവരെയും ഇല്ലെന്നതും ഓര്‍മിക്കണം.
ഈ വിഷയത്തില്‍ എടുത്തു പറയേണ്ട രണ്ടു ഹദീസുകള്‍ ഉദ്ധരിക്കാം. കൊവിഡ് – 19 പോലെയുള്ള ഭയാനകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളില്‍ ജുമുഅ, ജമാഅതുകള്‍ക്കടക്കം നിയന്ത്രണമാകാമെന്നു കര്‍മശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയതും ഈ ഹദീസുകളുടെ വെളിച്ചത്തിലാണ്.
ഒന്ന്: പ്ലേഗ് – അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ – ഒരിടത്തുണ്ടെന്നറിഞ്ഞാല്‍ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കില്‍ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്ലിം). രണ്ട്: സാംക്രമിക രോഗങ്ങള്‍ ഉള്ളവര്‍ അതു മറ്റുള്ളവരിലേക്കു പടര്‍ത്തരുത്. (ബുഖാരി, മുസ്ലിം).
സ്വന്തം സുരക്ഷയും ജനങ്ങളുടെ രക്ഷയും പരിഗണിച്ച് വീട്ടില്‍ അടങ്ങിയിരിക്കുന്നതിനെ പ്രശംസിച്ചു കൊണ്ടുള്ള ഒരു ഹദീസ് ഇമാം അഹ്മദ്, ത്വബ്റാനി, ബസ്സാര്‍, ഇബ്നു ഖുസയ്മ, ഇബ്നു ഹിബ്ബാന്‍, അബൂദാവൂദ്, അബൂ യഅ്‌ലാ, ഇമാം സുയൂഥി(റ) എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഐസൊലേഷന്‍ നടപടിയെ കൃത്യമായി നിര്‍ദ്ദേശിക്കുന്ന ഏറ്റവും ആദ്യത്തെ പ്രസ്താവനയാണിത്.
അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ സുഖമോ അസുഖമോ ഉണ്ടാവുന്നില്ലെന്നാണ് ഇസ്ലാമിക വിശ്വാസം: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് – ചേതനവും അചേതനവുമായ സകലതിന്റെയും ചലന നിശ്ചലനങ്ങളോ പ്രവര്‍ത്തനശേഷിയോ ഒന്നും അവന്റെ അധികാരമോ നിയന്ത്രണമോ കൂടാതെ സംഭവിക്കുന്നില്ല. സ്വഭാവികമായും ആ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു രോഗാണുവിനും സ്വന്തമായി പടര്‍ന്നു പിടിക്കാനും വിപത്തു പരത്താനും സാധിക്കുകയില്ലെന്നത്. അതു അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാല്‍ ഏതു സാഹചര്യത്തിലും അവന്റെ ശാസനകള്‍ ശിരസ്സാവഹിച്ച് പുതിയ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ക്കായി ഗവേഷണങ്ങള്‍ നടത്തിയും ക്വാറന്റയ്ന്‍ നടപടികളോടു സഹകരിച്ചും മതപാഠങ്ങളെ അനുസരിക്കുക. അവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയും പ്രാര്‍ഥനാ നിരതരാവുകയും ചെയ്യുക. അവന്‍ രോഗാണുവിന്റെയും പ്രതിരോധാണുവിന്റെയും അധികാരിയാകുന്നു.
രക്ഷപ്പെടുത്താന്‍ ഒരാളുണ്ടെന്ന സനാഥത്വ ബോധമില്ലാത്തവനാകട്ടെ, രോഗ പ്രതിരോധത്തിനായുള്ള ഇമ്മാതിരി ശാസനകളെ അനുസരിക്കാന്‍ കൂട്ടാക്കാതെ പേടിച്ചോടുന്നു. രോഗാണു വന്നാല്‍ പടരാതിരിക്കില്ല എന്നാണവന്‍ കരുതുന്നത്. ഇസ്ലാം പൂര്‍വകാലത്ത് – ജാഹിലിയ്യാ കാലത്ത് ഇതായിരുന്നു ജനങ്ങളുടെ ധാരണ. ഇത്തരം വ്യാധികള്‍ ചില മൂര്‍ത്തികളിലൂടെ പടര്‍ന്നു പിടിക്കുന്ന ബാധകളാണ് എന്നവര്‍ ധരിച്ചിരുന്നു. അവ ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു ബാധയായി പടര്‍ന്നു കയറുന്നതു കൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതെന്നായിരുന്നു വിശ്വാസം. ഇത്തരം അന്ധവിശ്വാസങ്ങള്‍ നിമിത്തം രോഗം പടര്‍ന്നു പിടിച്ച സ്ഥലത്തു നിന്നു ക്വാറന്റയ്ന്‍ നടപടികളെ അനുസരിക്കാതെ ആളുകള്‍ കൂട്ടത്തോടെ മാറിത്താമസിക്കാന്‍ ഒരുമ്പെട്ടാല്‍ അതു ഗുരുതരമായ ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങള്‍ക്കു വഴിവെക്കും. ഉദാഹരണത്തിനു കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളക്കാരെല്ലാം നാടുവിട്ടോടിപ്പോയിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതും അതിവിദൂരവുമായിരിക്കും. അതിനാല്‍, കൃത്യമായ വസ്തുതകള്‍ ജനങ്ങളെ അറിയിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട രംഗമാണിത്. നബിതിരുമേനി (സ്വ) ഓര്‍മപ്പെടുത്തി: ലാ അദ്്വാ…. രോഗം സ്വന്തമായി പടര്‍ന്നു പിടിക്കില്ല.
ഈ ഹദീസിലെ ‘ലാ…’ എന്ന പദം ഇംഗ്ലീഷിലെ NO എന്നതിനു സമാനമായ പദമാണ്. ഇവിടെ അതു നിഷേധാര്‍ഥത്തിലാണോ നിരോധനാര്‍ഥത്തിലാണോ പ്രയോഗിച്ചത് എന്ന കാര്യത്തില്‍ പണ്ഡിത ലോകത്ത് രണ്ടു നിലപാടുകളുണ്ട്. നിഷേധാര്‍ഥത്തിലാണെന്ന നിലപാടിലാണ് ‘ലാ അദ്്വാ’ക്ക് ‘രോഗം സ്വന്തമായി പടര്‍ന്നു പിടിക്കില്ല’ എന്നര്‍ഥം പറഞ്ഞത്. അതേ സമയം, നിരോധനാര്‍ഥത്തിലാണെങ്കില്‍ ‘സാംക്രമിക രോഗങ്ങള്‍ മറ്റുള്ളവരിലേക്കു പടര്‍ത്തരുത്’ എന്നാകും അര്‍ഥം. ആദ്യത്തേത് വസ്തുതാ കഥനത്തിലൂടെ വിശ്വാസമുറപ്പിക്കലും രണ്ടാമത്തേത് ക്വാറന്റയ്ന്‍ നടപടിക്കുള്ള ആഹ്വാനവുമാണ്. രണ്ടായാലും ഇസ്ലാമിനും വിശ്വാസിക്കും ഈ പ്രസ്താവന അഭിമാനമാണ്.
മുഹമ്മദ് സജീര്‍ ബുഖാരി