സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 3 December 2022

മന്ത്രവും മന്ത്രത്തിന്റെ വിലക്കും

 



ഒരു അഭൗതിക ചികിത്സ രീതിയാണ് മന്ത്രം. ഇത് അനുവദനീയവും അതിലുമുപരി സുന്നത്തുമാണ്. മന്ത്രങ്ങൾ ഉരുവിട്ട് രോഗ ശമനം തേടുകയെന്നത്  നബി ചര്യയിൽ പെട്ടതാണ്. നബി(സ) സ്വയം മന്ത്രിക്കുകയും മറ്റുള്ളവർക്ക് മന്ത്രിച്ചുകൊടുക്കുകയും മന്ത്രിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണാവുന്നതാണ്. നബി(സ) ക്ക് രോഗം ബാധിച്ചാൽ ജിബ്‌രീൽ(അ )മന്ത്രിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്ന് മഹതിയായ ആയിഷ(റ )യുടെ നിവേദനത്തിൽ കാണാം. 

മന്ത്രത്തിന്റെ വിധി 

മന്ത്രം സുന്നത്താണ്. ഇമാം നവവി(റ ) എഴുതുന്നു. 

وأما الرقى بآيات القرآن وبالأذكار المعروفة فلانهى فيه بل هو سنة(شرح مسلم: ٣٢٥)

ഖുർആനിക വചനങ്ങൾ കൊണ്ടും  അറിയപ്പെട്ട ദിക്റുകൾ കൊണ്ടും മന്ത്രിക്കുന്നതിന് വിലക്ക്  ബാധകമല്ല.   മാത്രമല്ല അത് സുന്നത്തും കൂടിയാണ്.. (ശർഹുൽ മുസ്‌ലിം : 7/ 325 )

 ഇബ്നു അസ്ഖലാനി(റ) എഴുതുന്നു: 

 

മൂന്ന് നിബന്ധനകൾ മേളിക്കുമ്പോൾ മന്ത്രം അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ വചനം കൊണ്ടോ അവന്റെ നാമങ്ങൾ കൊണ്ടോ അവന്റെ വിശേഷണങ്ങൾ കൊണ്ടോ ആയിരിക്കുക,അറബിഭാഷയിലോ അർത്ഥം അറിയാവുന്ന മറ്റുഭാഷകളിലോ ആവുക,മന്ത്രം സ്വയം ഉപകാരം ചെയ്യുകയില്ലെന്നും അല്ലാഹുവാണ് ഉപകാരം ചെയ്യുന്നതെന്നും വിശ്വസിച്ചയാവുക എന്നിവയാണ് പ്രസ്തുത ഉപാധികൾ. (ഫത്ഹുൽ ബാരി: 16/ 258 )


മന്ത്രവും ഊത്തും 

മന്ത്രിക്കുമ്പോൾ ഊതുന്നത് സുന്നത്താണ്. നബി(സ) സ്വന്തം ശരീരത്തിലേക്ക് മന്ത്രിച്ച് ഊതിയിരുന്നതായും നബി(സ)ക്ക് ആയിഷ (റ) മന്ത്രിച്ചു ഊതിക്കൊടുത്തിരുന്നതായും നബി(സ) ഭാര്യമാരിൽ ചിലർക്ക് മന്ത്രിച്ച് ഊതിക്കൊടുത്തിരുന്നതായും പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. ഏതാനും ഹദീസുകൾ നമുക്ക് വായിക്കാം.;


ആയിഷ (റ) യിൽ നിന്ന് നിവേദനം : നബി (സ) വഫാത്തായ രോഗത്തിൽ മുഅവ്വിദാത്ത് ഓതി നബി(സ) തന്റെ ശരീരത്തിൽ ഊതിയിരുന്നു. നബി (സ) യുടെ രോഗം കഠിനമായപ്പോൾ മുഅവ്വിദാത്ത് ഓതി ഞാൻ നബി(സ)യുടെ ശരീരത്തിൽ ഊതുകയും നബി(സ)യുടെ കയ്യിന്റെ ബറകത്ത് ബറകത്ത് കണക്കിലെടുത്ത് അതുകൊണ്ട് നബി(സ)ക്ക് തടവികൊടുക്കുകയും ചെയ്തിരുന്നു". റിപ്പോർട്ടർ പറയുന്നു: നബി(സ) ശരീരത്തിൽ ഊതിയിരുന്നത് എങ്ങനെയായിരുന്നുവെന്ന് സുഹ്‌രി(റ)യോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചതിങ്ങനെ: 'നബി(സ) കൈകളിലേക്ക് ഊതി അവകൊണ്ട് മുഖം തടവുമായിരുന്നു'(ബുഖാരി : 5735 )

മന്ത്രിക്കുമ്പോൾ  ഊതുന്നതിന്റെ ഫലം ഖാളീ ഇയാള്(റ ) വിവരിക്കുന്നതിങ്ങനെ :


قال عياض : فائدة النفث التبرك بتلك الرطوبة أو الهواء الذي ماسه الذكر كما يتبرك بغسالة ما يكتب من الذكر، وقد يكون على سبيل التفاؤل بزوال ذلك الألم عن المريض كانفصال ذلك عن الراقي(فتح الباري: ٢٥٩/١٦)


ദിക്റുമായി ബന്ധപ്പെട്ട വായുകൊണ്ടോ നനവ് കൊണ്ടോ ബറക്കത്തെടുക്കലാണ് ഊത്തിന്റെ ഫലം.ദിക്ർ എഴുതിയ വെള്ളം കഴുകി കുടിച്ച് ബറക്കത്തെടുക്കാറുണ്ടല്ലോ. പ്രസ്തുത വായു മന്ത്രിക്കുന്നയാളിൽ നിന്ന് പിരിയുന്നത്പോലെ രോഗിയിൽ നിന്ന് വേദന പിരിയണമെന്ന ശുഭല ക്ഷണവുമാകാം അതിന്റെ ഫലം.  (ഫത്ഹുൽ  ബാരി: 16/ 259 )

ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം. :

عَنْ عَائِشَةَ قَالَتْ: كَانَ رَسُولُ اللهِ ﷺ إِذَا مَرضَ أَحَدٌ مِنْ أَهْلِهِ نَفَتْ عَلَيْهِ بِالْمُعَوذَاتِ، فَلَمَّا مَرِضَ مَرَضَهُ الَّذِي مَاتَ فِيهِ جَعَلْتُ أَنْفُتْ عَلَيْهِ وَأَمْسَحْهُ بَيَد نَفْسه، لأَنْهَا كَانَتْ أَعْظَمَ بَرَكَةً مِنْ يَدِي(مسلم:٤٠٦٥)

ആയിഷ (റ ) ൽ നിന്ന് നിവേദനം :

"തന്റെ വീട്ടുകാരിൽ ആർക്കെങ്കിലും അസുഖമായാൽ മുഅവ്വിദത്ത് ഓതി നബി(സ) അവർക്കു ഊതിക്കൊടുക്കുമായിരുന്നു. നബി(സ) വഫാത്തായ രോഗമായപ്പോൾ നബി(സ)ക്കു ഞാൻ ഊതിക്കൊടുക്കുകയും നബി(സ)യുടെ കൈകൊണ്ട് തടവിക്കൊടുക്കുകയും ചെയ്തിരുന്നു.  കയ്യിനെക്കാൾ ബറക്കത്തുള്ള നബി(സ) യുടെ കൈക്കാണല്ലോ". (4065 )

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) എഴുതുന്നു:


فِيهِ اسْتِحْبَابُ النَّفْتِ فِي الرِّقْيَةِ، وَقَدْ أَجْمَعُوا عَلَى جَوَازِهِ،  وَاسْتَحبَّهُ الْجُمْهُورُ مِنَ الصَّحَابَةِ وَالتَّابِعِينَ وَمَن بَعْدَهُمْ(شرح مسلم:٣٣٢/٧)


മന്ത്രിക്കുമ്പോൾ ഊതൽ സുന്നത്താണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ഊതൽ അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. സ്വഹാബത്തിൽ നിന്നും താബിഉകളിൽ നിന്നും അവർക്കു ശേഷമുള്ളവരിൽ നിന്നും ബഹുഭൂരിപക്ഷത്തിന്റെ പക്ഷം ഊതൽ സുന്നത്താണെന്നാണ്. (ശർഹ് മുസ്‌ലിം )


"കെട്ടുകളിൽ ഊതുന്ന സ്ത്രീകളുടെ കെടുതിയിൽ നിന്നും (ഞാൻ കാവൽ തേടുന്നു) എന്ന ആയത്തിൽ അടിസ്ഥാനത്തിൽ മന്ത്രിക്കുമ്പോൾ ഊതാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല. കാരണം.  ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു:


 لأن المذموم ما كان من نفث السحرة وأهل الباطل ، ولا يلزم منه ذم النفث مطلقا ، ولا سيما بعد ثبوته في الأحاديث الصحيحة 

കാരണം മാരണം ചെയ്യുന്നവരും അസത്യത്തിന്റെ വക്താക്കളും ചെയ്യുന്ന ഊത്താണ്  ആക്ഷേപാർഹമായത്. ഊത്ത് നിരുപാധികം മോശമാണെന്ന് അതിനാൽ വരുന്നില്ല. പ്രബലമായ ഹദീസുകളിൽ അത് സ്ഥിരപ്പെട്ട സ്ഥിതിക്ക് വിശേഷിച്ചും. (ഫത്ഹുൽ ബാരി : 16/ 277)

പ്രസ്തുത ആയത്തിന്റെ വെളിച്ചത്തിൽ മന്ത്രത്തിൽ ഊതുന്നതും മോശമാണെന്ന് പറയുന്ന അഭിപ്രായം  ദുർബ്ബലമാണെന്ന് പറഞ്ഞു ഇമാം റാസി (റ) അതിന്റെ   കാരണം വിവരിക്കുന്നു.


لأن النفث في العقد إنما يكون مذموما إذا كان سحرا مضرا بالأرواح والأبدان ، فأما إذا كان هذا النفث لإصلاح الأرواح والأبدان وجب أن لا يكون حراما .


കെട്ടുകളിൽ ഊതുന്നത് ആക്ഷേപാർഹമായി തീരുന്നത് ആത്മാവിനും ശരീരത്തിനും ഉപദ്രവം ചെയ്യുന്ന മാരണമാകുമ്പോഴാണ്. അതേസമയം ആത്മാവിനെയും ശരീരത്തെയും നന്നാക്കാൻ വേണ്ടി ഊതുന്നത് ഹറാമാകാതിരിക്കൽ നിർബന്ധമാണ്. (റാസി : 17 /  308)

മന്ത്രത്തിന്  പ്രതിഫലം  വാങ്ങാമോ ? 

മന്ത്രത്തിനു പ്രതിഫലം വാങ്ങാമെന്നു  പ്രബലമായ   ഹദീസുകൊണ്ട്  സ്ഥിരപ്പെട്ട കാര്യമാണ്.  ഇമാം ബുഖാരി (റ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു :



അബൂസഈദുൽ ഖുദ്‌രിയ്യ്(റ) യിൽ നിന്ന് നിവേദനം:   നബി(സ) യുടെ അനുചരന്മാരിൽ ചിലർ ഒരു അറബ് ഗോത്രത്തെ സമീപിച്ചു. ആ ഗോത്രക്കാർ അവരെ സൽകരിച്ചില്ല. അതിനിടയിൽ ആ ഗോത്രത്തലവന് വിഷബാധയേറ്റു. അപ്പോൾ അവർ നിങ്ങളുടെ കൈവശം മരുന്നോ മന്ത്രിക്കുന്നവരോ ഉണ്ടോ എന്ന് സ്വഹാബാകിറാമിനോട് ആരാഞ്ഞു. അപ്പോൾ അവർ പ്രതിവചിച്ചു.നിങ്ങൾ ഞങ്ങളെ സൽകരിച്ചിട്ടില്ല.അതിനാൽ പ്രതിഫലം നിശ്ചയിക്കാതെ ഞങ്ങൾ ഒന്നും ചെയ്യുകയില്ല. അപ്പോൾ ആ ഗോത്രക്കാർ ഒരാട്ടിൻപറ്റത്തെ അവർക്ക് പ്രതിഫലമായി നിശ്ചയിച്ചു. തുടർന്ന് സ്വഹാബത്തിൽപ്പെട്ട ഒരാൾ ഫാത്തിഹ ഓതി ഉമിനീർ ശേഖരിച്ച് മന്ത്രിക്കാനും തുപ്പാനും തുടങ്ങി. അതോടെ രോഗി സുഖം പ്രാപിച്ചു. തുടർന്ന് പ്രതിഫലമായി നിശ്ചയിച്ച ആട്ടിൻപറ്റവുമായി ഗോത്രക്കാർ അവരെ സമീപിച്ചപ്പോൾ നബി(സ)യോട് അന്വേഷിക്കാതെ ഞങ്ങളത് സ്വീകരിക്കുകയില്ലെന്ന് അവർ പറഞ്ഞു. നബി(സ)യോട് അതേപ്പറ്റി അന്വേഷിച്ചപ്പോൾ നബി(സ) പ്രതിവചിച്ചു. "അത് മന്ത്രമാണെന്ന് താങ്കൾ എങ്ങനെ മനസ്സിലാക്കി? പ്രതിഫലം വാങ്ങിക്കോളൂ, ഒരു വിഹിതം എനിക്കും വെച്ചോളൂ". (ബുഖാരി: 5295 ,മുസ്‌ലിം :4080 )

പ്രസ്തുത ഹദീസ്  വിശദീകരിച്ച് ഇമാം നവവി (റ) എഴുതുന്നു: 

هذا تصريح بجواز أخذ الأجرة على الرقية بالفاتحة والذكر ، وأنها حلال لا كراهة فيها ، وكذا الأجرة على تعليم القرآن ، وهذا مذهب الشافعي ومالك وأحمد وإسحاق وأبي ثور وآخرين من السلف ومن بعدهم ، ومنعها أبو حنيفة في تعليم القرآن ، وأجازها في الرقية .

ഫാതിഹ കൊണ്ടും ദിക്ർ കൊണ്ടും മന്ത്രിക്കുന്നതിന് പ്രതിഫലം വാങ്ങാമെന്നും അത് ഹലാലാണെന്നും കറാഹത്തില്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. ഖുർആൻ പഠിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങുന്നതും തതൈവ. ഇമാം ശാഫിഈ (റ) ,അഹ്മദ്(റ), ഇസ്ഹാഖ്‌ (റ)അബൂസൗർ (റ) തുടങ്ങീ സലഫിൽ നിന്നും അവർക്കുശേഷമുള്ളവരിൽ നിന്നും പലരുടെയും വീക്ഷണം അതാണ്. ഖുർആൻ പഠിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങാൻ പാടില്ലെന്നും മന്ത്രത്തിന് വാങ്ങാമെന്നുമാണ് അബൂഹനീഫ(റ ) യുടെ പക്ഷം  (ശർഹുൽ മുസ്‌ലിം : 7 / 339 )

മന്ത്രിക്കാൻ നിർദ്ദേശം നൽകുന്നു: 

മന്ത്രിക്കാൻ നബി(സ) നിർദ്ദേശം നൽകിയതായി പ്രബലമായ ഹദീസുകളിൽ കാണാം. ഇമാം ബുഖാരി(റ ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു: 
 
عن عائشة رضي الله عنها قالت أمرني رسول الله صلى الله عليه وسلم أو أمر أن يسترقى من العين


ആഇശ(റ )യിൽ നിന്ന് നിവേദനം: "കണ്ണേറിന്  മന്ത്രിക്കാൻ നബി(സ) എന്നോട് കൽപ്പിച്ചു.(ബുഖാരി:5297 )

ഇമാം ബുഖാരിയുടെ മറ്റൊരു നിവേദത്തിലിങ്ങനെ വായിക്കാം: 

 عن أم سلمة رضي الله عنها أن النبي صلى الله عليه وسلم رأى في بيتها جارية في وجهها سفعة فقال استرقوا لها فإن بها النظرة

ഉമ്മുസലമ (റ)യിൽ നിന്ന് നിവേദനം: നബി(സ) ബീവിയുടെ വീട്ടിൽ വെച്ച് ഒരു അടിമസ്ത്രീയെ കാണാനിടയായി. അവളുടെ മുഖം മഞ്ഞ വർണ്ണമായിരുന്നു. അപ്പോൾ നബി(സ) നിർദ്ദേശിച്ചു: "നിങ്ങൾ അവൾക്കു .മന്ത്രിക്കുക,നിശ്ചയം അവൾക്ക്‌ കണ്ണേർ ബാധിച്ചിരിക്കുന്നു ". (ബുഖാരി: 5298 )

മന്ത്രത്തിന് വിലക്ക് 

നബി(സ) മന്ത്രം വിലക്കിയതായി പരാമർശിക്കുന്ന ചില ഹദീസുകൾ വന്നിട്ടുണ്ട്. അതിന്റെ താല്പര്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം. 

عن جابر) رضي الله عنه؛ (قال: نهى رسول الله، صلى الله عليه) وآله (وسلم: عن الرقى. فجاء آل عمرو بن حزم: إلى رسول الله، صلى الله عليه) وآله (وسلم؛ فقالوا: يا رسول الله! إنه كانت عندنا رقية نرقي بها من العقرب، وإنك نهيت عن الرقى. قال: فعرضوها عليه، فقال: "ما أرى بأسا. من استطاع منكم: أن ينفع أخاه، فلينفعه" ) .


ജാബിറി (റ)ൽ നിന്ന് നിവേദനം : നബി(സ) മന്ത്രം വിലക്കിയപ്പോൾ അംറുബ്‌നു ഹസ്‌മി (റ) ന്റെ കുടുംബം നബി(സ)യെ സമീപിച്ചു പറഞ്ഞു : "അല്ലാഹുവിന്റെ റസൂലേ , തേളിന്റെ വിഷമേറ്റാൽ മന്ത്രിക്കുന്ന മന്ത്രം ഞങ്ങളുടെ പക്കലുണ്ട്. നിങ്ങൾ മന്ത്രം വിലക്കിയിട്ടുണ്ടല്ലേ". തുടർന്ന് അവരുടെ മന്ത്രം നബി(സ)ക്കവർ കാണിച്ചുകൊടുത്തപോപോൾ അവിടന്ന് പറഞ്ഞു : "ഞാനൊരു വിരോധവും കാണുന്നില്ല. ,നിങ്ങളിൽനിന്ന് തന്റെ സഹോദരന് ഉപകാരം ചെയ്യാൻ സാധിക്കുന്നവർ അത് ചെയ്യട്ടെ ". (മുസ്‌ലിം : 4078 )

മന്ത്രം നിരോധിച്ചതിനെ കാരണം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെ: 

وأما قوله في الرواية الأخرى : ( يا رسول الله إنك نهيت عن الرقى ) فأجاب العلماء عنه بأجوبة أحدها كان نهى أولا ، ثم نسخ ذلك ، وأذن فيها ، وفعلها ، واستقر الشرع على الإذن .

والثاني أن النهي عن الرقى المجهولة كما سبق .

والثالث أن النهي لقوم كانوا يعتقدون منفعتها وتأثيرها بطبعها كما كانت الجاهلية تزعمه في أشياء كثيرة .


ആദ്യം നബി(സ) മന്ത്രം നിരോധിക്കുകയും പിന്നീട് അത് ദുർബ്ബലപ്പെടുത്തി അതിനു അനുവാദം നൽകുകയും നബി(സ) മന്ത്രിക്കുകയും അനുവാദം മതത്തിൽ സ്ഥിരപ്പെടുകയും ചെയ്തു. അർഥം അറിയപ്പെടാത്ത മന്ത്രങ്ങളാണ് നബി(സ) വിലക്കിയതെന്നാണ് രണ്ടാം മറുപടി. ജാഹിലിയ്യാക്കൾ പല വസ്തുക്കളിലും വാദിച്ചിരുന്നത്പോലെ പ്രകൃതിപരമായ മന്ത്രം പ്രയോജനവും പ്രതിഫലനവും ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമാണ് വിലക്ക് ബാധകം എന്നാണു മൂന്നാം മറുപടി. (ശർഹു മുസ്‌ലിം : 7 / 325 )

ശിർക്കുപരമായ വിശ്വാസങ്ങളോ വാചകങ്ങളോ ഇല്ലാത്തപ്പോൾ മന്ത്രം ആകാമെന്ന നബി(സ)യുടെ പ്രസ്താവനയിൽ നിന്ന് തന്നെ വിലക്ക് ഏതിനാണെന്നു മനസ്സിലാക്കാമല്ലോ. 

عن عوف بن مالك الأشجعي رضي الله عنه قال: كنا نَرقي في الجاهلية، فقلنا: يا رسول الله، كيف ترى في ذلك؟ فقال: (اعْرِضُوا عَلَيَّ رُقَاكُمْ، لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ) رواه مسلم.

ഔഫുബ്നു മാൽകുൽ അശ് ജഈ (റ ) യിൽ നിന്ന് നിവേദനം : ജാഹിലിയ്യത്തിൽ ഞങ്ങൾ മന്ത്രിക്കാറുണ്ടായിരുന്നു. അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് നബി(സ) തങ്ങളോട് ഞങ്ങൾ ചോദിച്ചപ്പോൾ അവിടന്ന് പറഞ്ഞു: "നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ചു തരൂ,ശിർക്കില്ലാതിരിക്കുമ്പോൾ മന്ത്രത്തിനു വിരോധമില്ല.". (മുസ്‌ലിം : 4079 )

വിളക്കിന്റെ മാനദണ്ഡം എന്താണെന്ന് ഈ ഹദീസിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. 

മന്ത്രം എന്തിനെല്ലാം 

എല്ലാവിധരോഗങ്ങൾക്കും ചികിത്സയായി മന്ത്രം സ്വീകരിക്കാമെന്ന് ഹദീസുകളിൽ നിന്ന് വ്യക്തമാണ്. 


അനസ് (റ)ൽ നിന്ന് നിവേദനം : "കണ്ണേറിനും വിഷത്തിനും ശരീരത്തിൽ പുറപ്പെടുന്ന മുറികൾക്കും മന്ത്രിക്കാൻ നബി(സ) വിടുതി നൽകി ". (മുസ്‌ലിം : 3981 )

മേൽ ഹദീസ് വിവരിച്ചു ഇമാം നവവി(റ ) എഴുതുന്നു:


മന്ത്രിക്കാനുള്ള അനുവാദം ഈ മൂന്നെണ്ണത്തിന് മാത്രം ബാധകമാണെന്നല്ല ഹദീസിന്റെ താല്പര്യം, മറിച്ച് ഈ മൂന്നിനെക്കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടപ്പോൾ അതിൽ അവിടന്ന് അനുവാദം നൽകി. മറ്റുള്ളവയെക്കുറിച്ച് നബി(സ) യോട് ചോദിച്ചിരുന്നുവെങ്കിൽ അതിലും അനുവാദനം  നൽകുമായിരുന്നു.ഇവരല്ലാത്തവർക്ക് നബി(സ) അനുവാദനം നൽകിയിട്ടുമുണ്ട്. ഈ മൂന്നെണ്ണം അല്ലാത്തവയിൽ നബി(സ)തന്നെ മന്ത്രിച്ചിട്ടുമുണ്ട്. (ശർഹു മുസ്‌ലിം : 7 / 333 )

ഇമാം മുസ്‍ലിം നിവേദനം :

عن عثمان بن أبي العاص الثقفي أنه شكا إلى رسول الله صلى الله عليه وسلم وجعا يجده في جسده منذ أسلم فقال له رسول الله صلى الله عليه وسلم ضع يدك على الذي تألم من جسدك وقل باسم الله ثلاثا وقل سبع مرات أعوذ بالله وقدرته من شر ما أجد وأحاذر

ഉസ്മാനുബ്‌നുഅബൽ ആസ്വി(റ) ൽ നിന്ന് നിവേദനം : മുസ്ലിമായതുമുതൽ തന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന വേദനയെക്കുറിച്ച് നബി(സ)യോട് അദ്ദേഹം ആവലാതി ബോധിപ്പിച്ചു. അപ്പോൾ വേദനയുള്ള സ്ഥലത്ത് കൈവെച്ച് മൂന്നുപ്രാവശ്യം "ബിസ്മില്ലാഹ്" എന്നും ഏഴ് പ്രാവശ്യം" അഊദു ബില്ലാഹി വഖുദ്റത്തിഹി മിൻശര് രി മാ അജ് ദു  വഉഹാദിറു" എന്നും ചെല്ലാൻ അവിടന്ന് നിർദ്ദേശിച്ചു .(മുസ്‌ലിം : 4082 )