മറ്റു മതസ്ഥരുടെ ഓണം, ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങള്‍ ഒരു മുസ്ലിമിന് ആഘോഷിക്കാന്‍ പാടുണ്ടോ..
എല്ലാ ഓണത്തിനും ക്രിസ്മസിനും മുസ്ലീങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാറുള്ള
ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
ഇപ്രകാരം മറുപടി നല്‍കാനുള്ള എന്റെ യോഗ്യത എന്ത് എന്നു ചോദിച്ചാല്‍ കഴിഞ്ഞ
പത്തുവര്‍ഷത്തോളം ഖുര്‍ആനും സുന്നത്തും മുസ്ലിം പണ്ഡിതന്മാരുടെ
അഭിപ്രായങ്ങളും ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു എന്നാണ് ഉത്തരം. അനിസ്ലാമിക
ആഘോഷങ്ങളോടുള്ള കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളില്‍ പെട്ട
പണ്ഡിതന്മാരുടെയും അന്താരാഷ്ട്ര പണ്ഡിതന്മാരുടെയും നിലപാടുകളും ഞാന്‍
മനസിലാക്കിയിട്ടുണ്ട്. അവയൊക്കെ മുന്നില്‍ വെച്ച് ഗൗരവത്തോടെ ചിന്തിച്ച
ശേഷമാണ് ഞാന്‍ ഈ മറുപടികള്‍ കുറിക്കുന്നത്. പരമാവധി സൂക്ഷ്മത പാലിക്കാന്‍
ശ്രമിച്ചതിനാല്‍ മറുപടികള്‍ തെറ്റിയാലും മുഹമ്മദ് നബി(സ) പറഞ്ഞതു പോലെ
അല്ലാഹുവില്‍ നിന്ന് ഒരു പ്രതിഫലവും ശരിയായാല്‍ രണ്ടു പ്രതിഫലവും കിട്ടും
എന്നു പ്രതീക്ഷിക്കുന്നു. (ബുഖാരി) ഈ മറുപടികള്‍ പൂര്‍ണമായും എന്റെ
മറുപടികള്‍ മാത്രമാണ്. ഒരു പ്രസ്ഥാനത്തിനും ഈ മറുപടികളുടെ കാര്യത്തില്‍
യാതൊരു പങ്കുമില്ല. ചോദ്യോത്തരങ്ങളിലൂടെ കടന്നു പോയാലും;
ചോദ്യം: മറ്റു മതസ്ഥരുടെ ഓണം, ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങള്‍ ഒരു മുസ്ലിമിന് ആഘോഷിക്കാന്‍ പാടുണ്ടോ...?
മറുപടി: മുഹമ്മദ് നബി(സ) യുടെ വാക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്ര്,
ഈദുല്‍ അദ്ഹായും അയ്യാമു തശ് രീഖും, വെള്ളിയാഴ്ച എന്നീ മൂന്നു തരം ആഘോഷ
ദിവസങ്ങള്‍ മാത്രമാണ് ഇസ്ലാമില്‍ ഉള്ളത്. എന്നാല്‍ ഒരു മുസ്ലിമിന് ഈ
മൂന്നു തരം ദിവസങ്ങള്‍ മാത്രമെ ആഘോഷിക്കാന്‍ പാടുള്ളൂ എന്ന് ഇസ്ലാം
എവിടെയും പറഞ്ഞിട്ടില്ല. വിവാഹ ദിവസം, പുതിയ വീട്ടില്‍ കേറി താമസിക്കുന്ന
ദിവസം, പുതിയ ബിസിനസ് തുടങ്ങുന്ന ദിവസം എന്നിങ്ങനെ പ്രത്യേക സന്തോഷമുള്ള
ഏതു ദിവസവും ഒരു മുസ്ലിമിന് ആഘോഷിക്കാം. എങ്കിലും മേല്‍ പറഞ്ഞ
ഇസ്ലാമിലുള്ള മൂന്നു തരം ആഘോഷ ദിവസങ്ങളില്‍ പെടാത്ത ദിവസങ്ങള്‍
ആഘോഷിക്കുമ്പോള്‍ ഒരു മുസ്ലിം താഴെ പറയുന്ന ചില വ്യവസ്ഥകള്‍
പാലിക്കേണ്ടതുണ്ട്.
ഒന്ന്: അത് മറ്റു മതക്കാരുടെ ആഘോഷമാകരുത്.
കാരണം മറ്റു മതക്കാരുടെ വിശ്വാസ- ആചാര- അനുഷ്ഠാനങ്ങളോടുള്ള ഒരു
മുസ്ലിമിന്റെ നിലപാട് നിങ്ങള്‍ക്ക് 'നിങ്ങളുടെ മതം എനിക്ക് എന്റെ മതം'
എന്നതാണ്(ഖുര്‍ആന്‍:109:6). മാത്രമല്ല മുഹമ്മദ് നബി(സ) പറഞ്ഞു: "ഒരാള്‍
ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവന് അവരില്‍ പെട്ടവന്
തന്നെയാണ്"(അബൂദാവൂദ്, ത്വബ്റാനി). മുഹമ്മദ് നബി(സ): പറഞ്ഞു:
"നാമല്ലാത്തവരെ അനുകരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. നിങ്ങള്‍ യഹൂദരെയും
ക്രിസ്ത്യാനികളെയും അനുകരിച്ച് പ്രവര്‍ത്തിക്കരുത്"(തിര്‍മിദി,
ത്വബ്റാനി). മുഹമ്മദ് നബിയുടെ ശിഷ്യന് അബ്ദുല്ലാഹിബ്നു അമ്ര്ബ്നുല്‍
ആസ്വ്(റ) പറഞ്ഞു: "അമുസ്ലീങ്ങളുള്ള ഒരു പ്രദേശത്ത് താമസിക്കുന്ന ഒരു
മുസ്ലിം അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തുകൊണ്ടിരിക്കുന്ന
അവസ്ഥയില്‍ മരണപ്പെട്ടാല്‍ അവരോടൊപ്പമായിരിക്കും അവന് പരലോകത്ത് ഒരുമിച്ചു
കൂട്ടപ്പെടുക". നബി ശിഷ്യന് ഉമര്‍(റ) പറഞ്ഞു: "നിങ്ങള്‍ അമുസ്ലീങ്ങളുടെ
ആഘോഷ ദിവസം അവരെ അവരുടെ പാട്ടിനു വിടുക" (ബൈഹഖി)
രണ്ട്: പ്രസ്തുത
ആഘോഷം ബഹുദൈവ വിശ്വാസത്തിന്റെയോ അന്ധ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍
ഉള്ളത് ആയിരിക്കരുത്. കാരണം ബഹുദൈവ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും
പിന്‍പറ്റല്‍ അല്ലാഹു മുസ്ലീങ്ങള്‍ക്ക് നിരോധിച്ചിരിക്കുന്നു. അല്ലാഹു
ഖുര്‍ആനില്‍ പറഞ്ഞു: "അവരില്‍(സത്യനിഷേധികളില്‍) അധികം പേരും
അന്ധവിശ്വാസത്തെ പിന്‍പറ്റുക മാത്രമാണ് ചെയ്യുന്നത്. സത്യത്തിന്റെ
സ്ഥാനത്ത് അന്ധവിശ്വാസം ഒരു ഉപകാരവും ചെയ്യില്ല. തീര്‍ച്ചയായും അല്ലാഹു
നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നു"(10:36)
മേല്‍ പറഞ്ഞ രണ്ടു
വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചില ആഘോഷങ്ങളെ നമുക്ക് പരിശോധിക്കാം.
ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം ഏതെങ്കിലും മതക്കാരുടെ
ആഘോഷമല്ല. അത് ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍
ഉള്ളതുമല്ല. അതുകൊണ്ട് ഇസ്ലാം വിലക്കിയ കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ഒരു
മുസ്ലിമിന് അത് ആഘോഷിക്കാം. ക്രിസ്തുമതക്കാരുടെ ആഘോഷം എന്ന നിലക്ക്
ക്രിസ്മസ് മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. ക്രിസ്തുവിന്റെ കാലത്ത്
ക്രിസ്മസില്ല. ക്രിസ്തുവിനു ശേഷം രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ്
ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയത്. അതായത് ക്രിസ്മസ് ക്രിസ്തു തന്നെ
പഠിപ്പിക്കാത്ത ആഘോഷമാണ്. ക്രിസ്തുമതം എന്ന മതം തന്നെ ക്രിസ്തു
ഉണ്ടാക്കിയിട്ടില്ല. അത് പൌലോസിന്റെ സൃഷ്ടിയാണെന്ന് ചരിത്രകാരന്മാര്
അംഗീകരിച്ച കാര്യമാണ്. ഖുര്‍ആന്‍ പറയുന്നത് ക്രിസ്തു മുസ്ലിമായിരുന്നു
എന്നാണ്. ഡിസംബര്‍ 25 നാണ് ക്രിസ്തു ജനിച്ചത് എന്നതിനും ചരിത്ര
പിന്‍ബലമില്ല. അതൊരു അന്ധവിശ്വാസമാണ്. മാത്രമല്ല ദൈവത്തിനൊരു കുഞ്ഞ്
ജനിച്ചു എന്ന സന്തോഷത്തിലാണല്ലോ ക്രിസ്മസ് കൊണ്ടാടപ്പെടുന്നത്. ഖുര്‍ആന്‍
പറയുന്നത് ആകാശവും ഭൂമിയും പൊട്ടിക്കീറാന്‍ കാരണമാകുന്ന ഗുരുതരമായ ഒരു
വ്യാജ വാദമാണ് ക്രിസ്തു ദൈവത്തിന്റെ പുത്രനാണ് എന്ന വാദം(19: 90,91)
ഇക്കാരണങ്ങളാല്‍ ക്രിസ്മസ് ഒരു മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല.
ഓണം പൂര്‍ണമായും അന്ധവിശ്വാസത്തിന്റെ മുകളില്‍ കെട്ടിപ്പൊക്കിയ ഒരു
ആഘോഷമാണ്. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി നാടു കാണാന്‍
വരും എന്ന അന്ധ വിശ്വാസമാണ് ഓണത്തിന്റെ അടിസ്ഥാനം. മുസ്ലിംകളെയും മറ്റു
ന്യൂനപക്ഷ മതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്റെ സംസ്കാരത്തില്‍
ലയിപ്പിക്കാനുള്ള സംഘ പരിവാരത്തിന്റെ ശ്രമഫലമായി സര്‍ക്കാര്‍ ഓണത്തെ ഒരു
പൊതു ആഘോഷമാക്കി പ്രഖ്യാപിച്ചതു കൊണ്ടൊന്നും അതിലെ അന്ധവിശ്വാസം
ഇല്ലാതാകില്ല. അതുകൊണ്ട് ഓണവും മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. ഇങ്ങനെ
പറയുമ്പോള്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈദുല്‍ ഫിത്റും ഈദുല്‍
അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍
ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും
അമുസ്ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം
എനിക്ക് എന്റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു
മുസ്ലിമിന്റെ നിലപാട്. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന
ചൊറിച്ചില്‍ ഒരു മുസ്ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍
പറഞ്ഞു: "യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി
തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക:
അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ്
വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും
പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ
സഹായിക്കുവാനോ ആരുമുണ്ടാവില്ല. [2:220]
ചോദ്യം: അത്തപ്പൂക്കളം
ഉണ്ടാക്കല്‍ മല്‍സരം, ഓണാഘോഷ പരിപാടികള്‍, ക്രിസ്മസ് ട്രീ ഉണ്ടാക്കല്‍
മല്‍സരം, ക്രിസ്മസിന്റെയും ഓണത്തിന്റെയും ഭാഗമായി നടക്കുന്ന ഗാനമേള
പോലുള്ളവയില്‍ ഒരു മുസ്ലിമിന് പങ്കെടുക്കാന്‍ പാടുണ്ടോ...?
മറുപടി:
ഇവയിലൊക്കെ പങ്കെടുക്കല്‍ തന്നെയല്ലെ സഹോദരാ ആഘോഷിക്കല്‍....? ഇവയില്‍ ഇനി
എന്താണ് കുറവ്....? ക്രിസ്മസിനും ഓണത്തിനും ചര്‍ച്ചിലോ അമ്പലത്തിലോ പോകലും
പുതിയ വസ്ത്രങ്ങള്‍ ധരിക്കലും ഭക്ഷണമുണ്ടാക്കലുമോ...? മേല്‍
വിവരിച്ചവയില്‍ പങ്കെടുക്കല്‍ തന്നെയാണ് ആഘോഷിക്കല്‍. അതാണ് മുസ്ലിമിന്
പാടില്ലെന്നു പറഞ്ഞത്. പൂക്കളമൊരുക്കുന്നത് മാവേലിക്കു
വേണ്ടിയല്ലേ...?ക്രിസ്മസ് ട്രീ ഒരുക്കുന്നത് സാന്താക്ലോസിന് വേണ്ടിയും.
ഇത്തരം അന്ധവിശ്വാസങ്ങളുമായി മുസ്ലിമിന് സഹകരിക്കാന്‍ പാടില്ല. അല്ലാഹു
ഖുര്‍ആനില്‍ പറഞ്ഞു: "നിങ്ങള്‍ പാപത്തിലും അതിക്രമത്തിലും
സഹകരിക്കരുത്".(5:2) ഇസ്ലാമിക വിധിവിലക്കുകള്‍ പ്രമാണങ്ങളില്‍ നിന്നു
പഠിക്കാത്ത മുസ്ലിം ബുദ്ധിജീവി നാട്യക്കാര്‍ എന്തു പറയുന്നു എന്നല്ല ഒരു
മുസ്ലിം നോക്കേണ്ടത്. ഇസ്ലാമിക പ്രമാണങ്ങള്‍ എന്തു പറയുന്നു എന്നാണ്
നോക്കേണ്ടത്. ഇസ്ലാമില്‍ മത സൗഹാര്‍ദ്ദമെന്ന പരിപാടി തീരെയില്ല. മനുഷ്യ
സൗഹാര്‍ദ്ദമാണെങ്കില്‍ ഇസ്ലാമിലുള്ള അത്ര മറ്റൊരു മതത്തിലോ ദര്‍ശനത്തിലോ
ഇല്ലതാനും. ഒരു മുസ്ലിം മത സൗഹാര്‍ദ്ദമല്ല മുറുകെ പിടിക്കേണ്ടത് മനുഷ്യ
സൗഹാര്‍ദ്ദമാണ്.
ചോദ്യം:ഓണത്തിനും ക്രിസ്മസിനും കൃസ്ത്യന്‍ സുഹൃത്തുക്കള്‍ക്കും ഹൈന്ദവ സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ വാങ്ങി കൊടുക്കാമോ...?
മറുപടി: പാടില്ല. അങ്ങനെ ചെയ്യല്‍ അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള
അവരുടെ ആഘോഷങ്ങളെ അംഗീകരിക്കലും സഹായിക്കലും ചെയ്യലാണല്ലോ. അല്ലാഹു പറഞ്ഞു:
"നിങ്ങള്‍ പാപത്തിലും അതിക്രമത്തിലും സഹായിക്കരുത്".(5:2) അവരുടെ ആഘോഷ
ദിവസങ്ങളല്ലാത്ത ദിവസങ്ങളില്‍ അവര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാം.
മുഹമ്മദ് നബി(സ) അങ്ങനെ ചെയ്തിട്ടുണ്ട്.
ചോദ്യം: അയല്‍വാസികള്‍ ക്ഷണിച്ചാല്‍ ഓണ സദ്യയിലും ക്രിസ്മസ് സദ്യയിലും ഒരു മുസ്ലിമിന് പങ്കെടുക്കാമോ...?
മറുപടി: അയല്‍വാസി ഏതു മതക്കാരന് എന്നു നോക്കാതെ അയല്പക്ക ബന്ധത്തിന്
വളരെയധികം പ്രാധാന്യം നല്കുന്ന മതമാണ് ഇസ്ലാം. ഓണ സദ്യ, ക്രിസ്മസ് സദ്യ
എന്നല്ല അനുവദനീയമായ ഏതു സദ്യക്ക് അയല്‍വാസി എന്നല്ല ആരു ക്ഷണിച്ചാലും
'ക്ഷണം സ്വീകരിക്കണം' എന്നതാണ് മുഹമ്മദ് നബി(സ)യുടെ ചര്യ. മുഹമ്മദ്
നബി(സ) ഒരു ജൂത സ്ത്രീയുടെ ക്ഷണം സ്വീകരിച്ചു പോയി മാംസം തിന്നിട്ടുണ്ട്.
ഓണസദ്യ കഴിക്കുന്നതിന് ഇസ്ലാമില്‍ ഒരു വിരോധവുമില്ല. അങ്ങനെ ഒരു നിരോധനം
ഉണ്ടെന്നു തെളിയിക്കാനും സാദ്ധ്യമല്ല. ഇസ്ലാം നീതിയില്‍ അധിഷ്ഠിതമായ
മതമാണ്. മുസ്ലീങ്ങളുടെ പെരുന്നാളിന് അയല്‍വാസിയായ അന്യ മതക്കാരനെ
ക്ഷണിച്ചാല്‍ അവന് വരണം എന്ന് ഒരു മുസ്ലിം ആഗ്രഹിക്കുന്നെങ്കില്‍ അങ്ങനെ
ആഗ്രഹിക്കാനുള്ള അവകാശം ആ അയല്വാസിക്കുമുണ്ട്. 'ങ്ങളെ സദ്യ ഞമ്മക്ക്
പറ്റൂല. ഞമ്മളെ ബിര്യാണി ങ്ങള് തിന്നണം' എന്ന് വിവരമുള്ളവരോട് പറയാന്‍
പറ്റില്ല. എന്നാല്‍ യഹൂദരും ക്രിസ്ത്യാനികളും ഒഴികെയുള്ള ബഹുദൈവ
വിശ്വാസികള്‍ അറുത്ത മാംസം ഭക്ഷിക്കല്‍ മുസ്ലിമിന് അനുവദനീയമല്ല എന്ന്
ഖുര്‍ആനില്‍ നിന്ന് മനസിലാക്കാം. യഹൂദരും ക്രിസ്ത്യാനികളും അറുക്കുമ്പോള്‍
അല്ലാഹു അല്ലാത്ത ആരാധ്യരുടെ നാമം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഭക്ഷിക്കലും
മുസ്ലിമിന് അനുവദനീയമല്ല എന്ന് ചില നബി ശിഷ്യന്മാരും പറഞ്ഞിട്ടുണ്ട്.
സൂക്ഷ്മതക്കായി അവ ഒഴിവാക്കാം. ഇനി അവര്‍ അറുക്കുന്നത് കാണാതിരിക്കുകയോ
അവര്‍ അറുക്കുമ്പോള്‍ എന്തു പറഞ്ഞു എന്ന് അറിയാതിരിക്കുകയോ ആണെങ്കില്‍
തിന്നുന്നതിന് മുമ്പ് ഒരു മുസ്ലിം അല്ലാഹുവിന്റെ നാമം പറഞ്ഞു തിന്നാല്‍
മതി. കേരളത്തിലെ മിക്ക സ്ഥലത്തും മമ്മദും കാദറും പോക്കരും തന്നെയാണല്ലോ
അറവുകാര്.
ചോദ്യം: ഓണത്തിന്റെയും ക്രിസ്മസിന്റെയും ഭാഗമായി
അയല്‍വാസികളില്‍ നിന്ന് കിട്ടുന്ന കേക്ക്, പായസം പോലുള്ളവ മുസ്ലിമിന്
കഴിക്കാന്‍ പാടുണ്ടോ...?
മറുപടി: അയല്‍വാസിയായ ക്രിസ്ത്യാനിയും
ഹിന്ദുവും അവരുടെ ആഘോഷത്തിന്റെ ഭാഗമായി ഒരു മുസ്ലിമിന്റെ വീട്ടിലേക്കു
കൊണ്ട് വരുന്ന ഭക്ഷണം കഴിക്കല്‍ മുസ്ലിമിന് അനുവദനീയമാണ്. റസൂല്‍
അബൂദര്ര്(റ)വിനോട് പറഞ്ഞു: "നീ നിന്റെ വീട്ടില്‍ ഒരു വിശേഷ ഭക്ഷണം
ഉണ്ടാക്കിയാല്‍ അതില്‍ അല്പം വെള്ളം ചേര്‍ത്തെങ്കിലും അയല്‍വാസിക്ക്
കൊടുക്കണം". (മുസ്ലിം,തിര്‍മിദി,നസാഇ) മുഹമ്മദ് നബി(സ) ആടിനെ അറുത്താല്‍
അയല്‍വാസിയായ ജൂതന് കൊടുത്തിരുന്നു. അതൊക്കെ അങ്ങോട്ട് പറ്റുമെങ്കില്‍
ഇങ്ങോട്ടും പറ്റും. ഇസ്ലാം നീതിയെയും മനുഷ്യ സ്നേഹത്തെയും
ഇഷ്ടപ്പെടുന്നു. പക്ഷെ അയല്‍വാസി കൊണ്ടുവരുന്നത് അല്ലാഹു അല്ലാത്ത
ആരാധ്യരുടെ പേരില്‍ അര്‍പ്പിക്കപ്പെട്ട ഭക്ഷണമാണെങ്കില്‍ മുസ്ലിമിന്
കഴിക്കാന്‍ പാടില്ല എന്ന് കുര്‍ആനില്‍ നിന്ന് മനസിലാക്കാം(5:3) വിവേകമുള്ള
ക്രിസ്ത്യാനിയും ഹിന്ദുവും അങ്ങനെയുള്ളതൊന്നും മുസ്ലിമിന്റെ വീട്ടിലേക്കു
കൊണ്ടു വരികയുമില്ല. ഒരു മുസ്ലിം സ്ത്രീ ഒരിക്കല്‍ മുഹമ്മദ് നബി(സ)യുടെ
ഭാര്യ ആഇശ(റ)യോട് ചോദിച്ചു: "ഞങ്ങള്‍ക്ക് അഗ്നിയാരാധകരായ ചില ആയമാരുണ്ട്.
അവര്‍ അവരുടെ ആഘോഷ ദിവസം ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരാറുണ്ട്. അത് നമുക്ക്
ഉപയോഗിക്കാമോ...? ആഇശ(റ) പറഞ്ഞു: "അവരുടെ ആഘോഷ ദിവസത്തിനായി അവര്‍ അറുത്തതു
നിങ്ങള്‍ ഭക്ഷിക്കരുത്. എന്നാല്‍ അന്നത്തെ അവരുടെ പച്ചക്കറികള്‍ നിങ്ങള്‍
ഭക്ഷിച്ചു കൊള്ളുക." (ഇബ്നു അബീശൈബ). അബൂബര്‍സ(റ)ന് കുറച്ച് അഗ്നിയാരാധകരായ
കൊല്ലപ്പണിക്കാര്‍ ഉണ്ടായിരുന്നു. അവര്‍ അവരുടെ ആഘോഷ ദിവസങ്ങളില്‍
അബൂബര്‍സ(റ)വിന്റെ കുടുംബത്തിന് സമ്മാനങ്ങള്‍ കൊടുത്തിരുന്നു. അപ്പോള്‍
അബൂബര്‍സ(റ) തന്റെ വീട്ടുകാരോടു പറയും. "അവരുടെ പഴങ്ങള്‍ പോലുള്ള
സമ്മാനങ്ങള്‍ സ്വീകരിക്കുക. അല്ലാത്തത് (അറുത്തത്) മടക്കി കൊടുക്കുക".
(ഇബ്നു അബീശൈബ)
ചോദ്യം: ഓണത്തിനും ക്രിസ്മസിനും ആശംസ നേരാന്‍ ഒരു മുസ്ലിമിന് പാടുണ്ടോ?
മറുപടി: മനുഷ്യര്‍ തമ്മില്‍ പൊള്ളയായ വാക്കുകള്‍ ഉപയോഗിച്ച് ആശംസ നേരല്‍
പ്രസക്തമായ ഒരു കാര്യമല്ല. മറ്റു മതസ്ഥരുടെ ആഘോഷങ്ങള്‍ക്ക് അവരോടു ആശംസ
പറയലോ അവര്‍ക്ക് ആശംസ എഴുതി അയച്ചു കൊടുക്കലോ ഇസ്ലാം വിരോധിക്കുന്നില്ല.
താങ്കള്‍ക്ക് സന്തോഷകരമായ ഒരു ഓണമുണ്ടാകട്ടെ അല്ലെങ്കില്‍
ക്രിസ്മസുണ്ടാകട്ടെ എന്നാണല്ലോ ആശംസയില്‍ കൂടി പറയുന്നത്. അങ്ങനെ
പറയുന്നതില്‍ ഇസ്ലാമികമായി തെറ്റെന്നു പറയാന്‍ മാത്രം യാതൊന്നും
കാണുന്നില്ല.