സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 30 September 2014

പരാശക്തിയിലുള്ള വിശ്വാസം

എല്ലാ മനുഷ്യരുടെ ഹൃദയത്തിലും ഒരു പരാശക്തിയെക്കുറിച്ചുള്ള വിശ്വാസമുണ്ട്. മതവും നിയമവും വേണ്ടെന്നു വാദിക്കുന്നവരും അവരറിഞ്ഞോ അറിയാതെയോ ചില വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നു. നിരീശ്വരവാദിയും യുക്തിവാദിയും മനസ്സമാധാനത്തിന് നേതാവിന്റെ ഫോട്ടോ ഭക്തിപുരസ്സരം നോക്കിയിരിക്കുന്നു. കമ്യൂണിസ്റ്റുകാരന്‍ മാര്‍ക്സിന്റെയും കോണ്‍ഗ്രസുകാരന്‍ നെഹ്റുവിന്റെയും ഛായാപടത്തിനു മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്നു.
ഒരുതരത്തിലുള്ള പ്രബോധനവും മാര്‍ഗദര്‍ശനവും ലഭിക്കാത്ത ആദിവാസികളും ഗിരിജനങ്ങളും ഏതോ പരാശക്തിയെ തൊഴുതുവരുന്നു. അജ്ഞാതരായ എന്തിനെയോ ഭയപ്പെടുന്നു. ആരാധിക്കുന്നു, ലോകത്തിന്റെ മുക്കുമൂലകളിലുള്ള സര്‍വ്വ ജനങ്ങളുടെയും ഹൃദയത്തില്‍ ഈ വിശ്വാസം എങ്ങനെ കടന്നുകൂടി. സാഹചര്യത്തിന്റെ സൃഷ്ടിയാണ് വിശ്വാസവും മതവുമെന്ന് പറയുന്നവര്‍ ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. നാഗരിക സമൂഹങ്ങളുമായി ഇടപഴകാനോ ബൂര്‍ഷ്വകളുടെയും ആഡ്യന്മാരുടെയും അടിമത്വത്തില്‍ കഴിഞ്ഞുകൂടാനോ നിര്‍ബന്ധിതരായിട്ടില്ലാത്ത കാട്ടുമനുഷ്യര്‍, പ്രവാചകന്മാരുടെയോ പുരോഹിതന്മാരുടെയോ യതികളുടെയോ സാമീപ്യം ലഭിക്കാത്തവര്‍, കാടിനപ്പുറം ലോകമുണ്ടെന്നറിയാത്തവര്‍, അവരെ ഒരു സാഹചര്യവും ദൈവവിശ്വാസത്തിന് നിര്‍ബന്ധിച്ചിട്ടില്ല. ദൈവവിശ്വാസത്തിന്റെ ആവശ്യകത പഠിപ്പിച്ചിട്ടില്ല. പരപ്രേരണ കൂടാതെ തന്നെ അവര്‍ വിശ്വാസികളായിരിക്കുന്നു.
മനുഷ്യപ്രകൃതിയിലും സ്വതന്ത്രബുദ്ധിയിലും ഊട്ടപ്പെട്ടതാണ് ദൈവ വിശ്വാസം. പ്രകൃതിയിലെ അഖില വസ്തുക്കളും ദൈവാസ്തിക്യം തെളിക്കുന്നു. ചിന്തയും ബോധവുമുള്ളവര്‍ക്ക് അതുവഴി ദൈവത്തിന്റെ യഥാര്‍ഥ മുഖം കാണാന്‍ കഴിയുന്നു. ചിന്താബോധമില്ലാത്തവരുടെ മനസ്സില്‍ ദൈവം പല രൂപഭാവങ്ങളിലായി നിലനില്‍ക്കുന്നു. കാലിലൊരു മുള്ളുതറക്കുമ്പോള്‍, വഴുതി വീഴുമ്പോള്‍, ഓര്‍ക്കാപ്പുറത്ത് വല്ലതും സംഭവിക്കുമ്പോള്‍, ദൈവ നിഷേധിയുടെയും നാവില്‍ നിന്നുവരുന്ന ശബ്ദമുണ്ടല്ലോ. ദൈവമേ, അല്ലാഹ്, തുടങ്ങിയ ശബ്ദം അതെന്താണ് വ്യക്തമാക്കുന്നത്. ദൈവവിശ്വാസം മനുഷ്യമനസ്സിന്റെ പ്രകൃതിദത്തമായ അംശമാണെന്ന് തന്നെ.
ഇസ്ലാമിന്റെ ഇലാഹീവീക്ഷണം സര്‍വ മനസ്സിനെയും തൃപ്തമാക്കാന്‍ പര്യാപ്തമാണ്. യുക്തിക്കും ശാസ്ത്രത്തിനും അംഗീകരിക്കത്തക്കതാണ് ലക്ഷ്യത്തിന്റെയും ദൃഷ്ടാന്തങ്ങളുടെയും വെളിച്ചത്തില്‍ സമര്‍ഥിക്കപ്പെട്ടതാണ്. ഏക ഇലാഹ്. രൂപവിശേഷങ്ങളില്ലാത്ത, സ്ഥലകാല പരിധിയില്ലാത്ത, ആദ്യവും അന്ത്യവുമില്ലാത്ത ഒരു മഹാശക്തി. അജയ്യനും അപാരനുമായ സര്‍വ്വശ്രേഷ്ഠതകളും ഒത്തിണങ്ങിയ പരാശ്രയരഹിതനും നിസ്തുലനുമായ സത്ത. അതാണ് അല്ലാഹു. അവന്‍ ഏകനാണ്. സര്‍വോന്നതനാണ്. സര്‍ശക്തനാണ്. സര്‍വജ്ഞനാണ്. സൂക്ഷ്മദൃക്കും ശാശ്വതനുമാണ്. സര്‍വ്വത്തിന്റെയും നിയന്താവും സ്രഷ്ടാവും സംരക്ഷകനും അവനാണ്.
ഇങ്ങനെ ഒരു സ്രഷ്ടാവുണ്ടെന്നു ചിന്താമണ്ഡലങ്ങളെ തട്ടിയുണര്‍ത്തിക്കൊണ്ടാണ് ഇസ്ലാം പ്രഖ്യാപിച്ചത്. സ്വയം ചിന്തിച്ച് കണ്ടെത്താവുന്ന സ്രഷ്ടാവ്. ചിന്താശേഷി കുറഞ്ഞവര്‍ക്കു ആ സ്രഷ്ടാവിനെ കുറിച്ച് പഠിക്കാന്‍ പ്രവാചകര്‍ വന്നപ്പോഴാണ് കഴിഞ്ഞത്. വികലമായ ഭാവനയും അപൂര്‍ണമായ ചിന്തയും ചിലപ്പോള്‍ ആ സ്രഷ്ടാവിനെ കണ്ടെത്തുന്നതില്‍ നിന്നു ചിലരെ തടഞ്ഞിരിക്കാം. അവര്‍ പ്രകൃതിയുടെ വിളികേട്ടു ദൈവത്തില്‍ വിശ്വസിക്കുകയും അതിനു മൂര്‍ത്തികളുടെയും പ്രേതങ്ങളുടെയും പ്രപഞ്ച വസ്തുക്കളുടെയും രൂപം സങ്കല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ അവരുടെ വിശ്വാസം പൂര്‍ണത പ്രാപിക്കാതെ, യാഥാര്‍ഥ്യത്തിന്റെ നിറം ലഭിക്കാതെ ദുര്‍ബലമായി. അവരുടെ യാത്ര ലക്ഷ്യത്തിലെത്താതെ വഴിമുട്ടി നിന്നു. പൈശാചിക പ്രേരണയും ശാരീരികാഗ്രഹങ്ങളും സ്വാര്‍ഥതയും അവരെ എത്തിയേടത്ത് നിര്‍ത്തി. അവിടന്നങ്ങോട്ട് നീങ്ങിയാല്‍ ഭൌതികമായ ചിലത് ക്ഷണികമെങ്കിലം ജീവിതത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനന്ദവും സുഖവും നഷ്ടമാകുമെന്നരീതി അവരെ നിഷ്ക്രിയരാക്കി. പലപ്പോഴും ഇലാഹിന്റെ ആസ്തിക്യവും ഏകത്വവും മനസ്സു മന്ത്രിച്ചിട്ടും ബുദ്ധി വിധിച്ചിട്ടും ദുരാഹങ്കാരവും സ്വാര്‍ഥ ചിന്തയും കുടിലധികാരവും ആ വിധി അവഗണിച്ചു. ചിന്തിക്കാതിരിക്കാന്‍ അവര്‍ തീരുമാനിച്ചു.
മനുഷ്യബുദ്ധിയെ ഒരു കുറ്റിയില്‍ തളച്ചിടാതെ ഒരു ഉപാധിയും വെക്കാതെ ഒരു കുരുക്കിലും ബന്ധിക്കാതെ വെറുതെ വിടുക. മുന്‍വിധി മാറ്റിവെച്ച് സ്വതന്ത്രമായ ചിന്തക്ക് അനുവദിക്കുക നിശ്ചയമായും അവന്‍ ചില സത്യങ്ങള്‍ കണ്ടുപിടിക്കും. ഒരു കപ്പല്‍ ഒരേസമയം രണ്ട് കപ്പിത്താന്മാര്‍ നയിച്ചാല്‍, ഒരു വാഹനം ഒരേസമയം രണ്ട് ഡ്രൈ വര്‍മാര്‍ നിയന്ത്രിച്ചാല്‍ വന്നുഭവിക്കുന്ന ഭവിഷ്യത്ത് മനസ്സിലാക്കാന്‍ ആര്‍ക്കാണ് പ്രയാസമുള്ളത്. രണ്ട് ദൈവത്തിന്റെ കാര്യം അതിലേറെ സങ്കീര്‍ണമാണ്. അതിസൂക്ഷ്മമായ ഈ പ്രപഞ്ച നിയന്ത്രണം സര്‍വ്വശക്തനായ ഒരു നിയന്താവിന്റെ കയ്യിലേ സുരക്ഷിതമാവുകയുള്ളൂ. അല്ലാത്തിടത്ത് ബഹുദൈവങ്ങളെ സങ്കല്‍പ്പിക്കുന്നിടത്ത് ദൈവങ്ങള്‍ തമ്മില്‍ ഘോരയുദ്ധം നടക്കുന്നു. മനുഷ്യക്കുരുതി നടക്കുന്നു. മത്സരിച്ചുള്ള സൃഷ് ടിയും സംഹാരവും നടക്കുന്നു. അവസാനം ദുര്‍ബലനായ ദൈവത്തിന്റെ പത്നിയെ ശക്തന്‍ തമ്പുരാന്‍ തട്ടിക്കൊണ്ട് പോവുകയും ദുര്‍ബല ദൈവത്തിന്റെ നെറുകയില്‍ കാലെടുത്തുവെച്ച് പാവത്തിനെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നു.
വിചിത്രമായ ഇത്തരം ദൈവസങ്കല്‍പ്പങ്ങള്‍ മനുഷ്യമനസ്സിന്റെ വികൃതിയാണ്. സത്യത്തിലേക്കു ചെന്നെത്താന്‍ സാധിക്കാത്തപ്പോള്‍ മനസ്സിന്റെ ഭാവനാശക്തി പടച്ചുണ്ടാക്കുന്നതാണ്. ‘എല്ലാ ശിശുക്കളും പ്രകൃതിവ്യവസ്ഥയിലാണ് ജനിക്കുന്നത്. പിന്നീടതിനെ ക്രിസ്ത്യാനിയും ജൂതനും സൌരാഷ്ട്രീയനുമാക്കുന്നത് മാതാപിതാക്കളാണ്.’ എന്ന് പ്രവാചകന്‍ പറഞ്ഞതെത്ര സത്യം. ഒരു പ്രത്യേക വിശ്വാസം അടിച്ചേല്‍പ്പിക്കാതെ പ്രേരിപ്പിക്കാതെ ഏതൊരു കുഞ്ഞിനെ വിട്ടാലും അവന്‍ ഏക ഇലാഹീ വിശ്വാസത്തിലെത്തിച്ചേരും. പക്ഷേ, മാതാപിതാക്കളുടെയും സാഹചര്യങ്ങളുടെയും കൂട്ടുകെട്ടുകളുടെയും മാമൂലുകളുടെയും സമ്മര്‍ദ്ദം അവന്റെ ചിന്തയെ മരവിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നു.
അനേകം മതങ്ങളിവിടെയുണ്ട്. പക്ഷേ, ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഏതു മതത്തിനാണുള്ളത്. കാലത്തിന്റെ വെല്ലുവിളി നേരിട്ട് ധീരമായി ചെറുത്തുനില്‍ക്കാന്‍ കഴിവുള്ള മതം ഏതാണ്. ശാസ്ത്രത്തിന്റെ പരീക്ഷണ ശാലയില്‍ പുതിയ കണ്ടുപിടുത്തങ്ങളുണ്ടാകുമ്പോള്‍ മനുഷ്യമസ്തിഷ്കങ്ങളില്‍ പുതിയ ചിന്തകളും ഭാവനകളും ഉരുണ്ടുകൂടുമ്പോള്‍ അതിനോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഏതു മതത്തിനാണ് കഴിവുള്ളത്. ഒരു സത്യാന്വേഷി ഇത് ചിന്തിക്കേണ്ടതാണ്.
കേവലം ഒരു ചടങ്ങിനുവേണ്ടി ആഴ്ചയിലോ മാസത്തിലോ വര്‍ഷത്തിലോ ഋതുഭേദങ്ങളിലോ ഒരു മാമൂലിനുവേണ്ടി എന്തിനാണൊരു മതം. ഒരു കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടില്ലാതെ മനുഷ്യനെ കയറൂരിവിടുന്ന മതം കൊണ്ട് എന്താണ് പ്രയോജനം. നിരര്‍ഥകരായ ഏതാനും മന്ത്രോച്ചാരണങ്ങളിലും യാന്ത്രികമായ ചലനവിക്രിയകളാലും ഒതുങ്ങി നില്‍ക്കുന്ന ഒരു മതം മനുഷ്യനെന്തുപകാരമാണ് ചെയ്യുന്നത്. പ്രവര്‍ത്തനശേഷിയില്ലാതെ, ആത്മാവില്ലാതെ വിപ്ളവാസക്തിയില്ലാതെ അഭ്രപാളികളില്‍ മിന്നിമറയുന്ന ചിത്രങ്ങളെപ്പോലെ അയഥാര്‍ഥങ്ങളുടെയും ഐതിഹ്യങ്ങളുടെയും ഒരുപിടി ഓര്‍മകള്‍ക്കും പുരാണങ്ങള്‍ക്കും മുന്നില്‍ മനുഷ്യനെ തളച്ചിടുന്ന ഒരു ആചാരമാണ് മത മെങ്കില്‍ എന്താണതുകൊണ്ട് നേട്ടം.
ഇസ്ലാം ഒരു ശരാശരി മതമല്ല. നിര്‍ജീവവും നിശ്ചലവുമായ ഒരു സമൂഹത്തില്‍ ഇസ്ലാം നിലനില്‍ക്കില്ല. അജ്ഞതയും അധര്‍മ്മവും കീഴടക്കിയ ഒരു സമൂഹത്തില്‍ ഇസ്ലാം ജീവിക്കുകയില്ല. സ്വാര്‍ഥതക്കും സങ്കുചിതത്വത്തിനും സ്ഥാനം ലഭിച്ച ഒരു ഹൃദയത്തില്‍ ഇസ്ലാം താമസിക്കുകയില്ല. കാപട്യവും വഞ്ചനയും മാത്സര്യവും പകയും നിറഞ്ഞ അഹങ്കാരവും അസൂയയും വളരുന്ന ഒരു ഹൃദയത്തില്‍ ഇസ്ലാം കണികാണില്ല.
ഇസ്ലാമിന്റെ മൌലികമായ ലക്ഷ്യം മനുഷ്യന്റെ മോചനമാണ്. സര്‍വാത്മനായുള്ള മോചനം. അധര്‍മ്മത്തിന്റെ, അനാശാസ്യതയുടെ അനാചാരത്തിന്റെ ചങ്ങലകളില്‍ നിന്നുള്ള മോചനം, അടിമത്തത്തിന്റെയും സൃഷ്ടിപൂജയുടെയും ഭീകരസത്വത്തിന്റെ കരാള ഹസ്തത്തില്‍ നിന്നുള്ള മോചനം, ശിര്‍ക്കിന്റെ മിഥ്യയുടെ ഇരുളിന്റെ അഗാധതയില്‍ നിന്നു തൌഹീദിന്റെയും റിസാലതിന്റെയും ആഖിറതിന്റെയും വെളിച്ചത്തിലേക്കുള്ള മോചനം, മാമൂലുകളുടെയും അന്ധവിശ്വാസങ്ങളുടെയും ചിന്താശൂന്യതയുടെയും ദുര്‍ബലമേഖലയില്‍ നിന്നും സദാചാരത്തിന്റെയും സത്യവിശ്വാസത്തിന്റെയും ബുദ്ധിയുടെയും സുശക്തമായ താവളത്തിലേക്ക് ശാശ്വതവിജയവും ഐഹികക്ഷേമവും ഒന്നിച്ചു ലഭ്യമാകുന്ന സരണിയിലേക്കുള്ള മോചനം.
മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ കയ്യൊഴിച്ച് അല്ലാഹുവിന്റെ നിയമത്തിനു വഴങ്ങി ജീവിക്കുകയും വളരെ നിഷ്കര്‍ഷയോടെ പാരത്രികവിജയം നേടുകയുമാണ് ഇസ്ലാമിന്റെ മുഖ്യലക്ഷ്യം. പാരത്രികജീവിതസജ്ജീകരണങ്ങള്‍ നടത്തി ശാശ്വതഭാവി സുഭദ്രമാക്കുമ്പോള്‍ ഐഹികജീവിത ഭാസുരതയും ഇസ്ലാം ലക്ഷ്യമാക്കുന്നു. പരലോകം എന്ന ചിന്തതന്നെ ഭൌതിക ലോകത്ത് സമാധാനവും ശാന്തിയും നല്‍കുന്നതാണ്.