സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 1 November 2014

പ്ലാസ്റ്റിക്‌ സര്‍ജറിയും അവയവമാറ്റവും

ശരീരവൈകല്യങ്ങള്‍ ശരിപ്പെടുത്തുന്നതിനോ അവയുടെ പ്രവര്‍ത്തനങ്ങള്‍ പുനരുദ്ധരിക്കുന്നതിനോ ആകാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ചെയ്യുന്ന ശാസ്ത്രക്രിയയാണു പ്ളാസ്റ്റിക് സര്‍ജറി (മലയാളം എന്‍സൈക്ളോപീഡിയ 2/1328).അതായത് വൈകൃതം സംഭവിച്ച ശരീരാവയവങ്ങളെ ശരിപ്പെടുത്തുകയോ കഷ്ണം വെക്കുകയോ അല്ലെങ്കില്‍ നഷ്ടപ്പെട്ട അവയവങ്ങള്‍ക്കു പകരം വയ്ക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനമാണു പ്ലാസ്റ്റിക്‌ സര്‍ജറി (AL MAWRID, Page: 696).
രൂപപ്പെടുത്തുക, ആകൃതി കൊടുക്കുക എന്നര്‍ഥമുള്ള ‘പ്ലാസ്റ്റിക്കോസ്’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. ശസ്ത്രക്രിയ മുഖേന മനുഷ്യാവയവങ്ങള്‍ക്ക് ആകൃതിയും രൂപവും കൊടുക്കുന്നതു കൊണ്ടാണു പ്രസ്തുത ശസ്ത്രക്രിയയ്ക്ക് ഈ പേര്‍ ലഭിച്ചത്. ഇതു പ്രധാനമായും രണ്ടിനമുണ്ട്.
1-, സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ, ഇതു നമ്മുടെ നാട്ടില്‍ ഇപ്പോഴും വലിയ പ്രചാരത്തിലെത്തിയിട്ടില്ല.
2-പുനര്‍നിര്‍മാണ ശസ്ത്രക്രിയ. ശരീരത്തിലെ ത്വക്, മാംസം, എല്ല് തുടങ്ങിയവ ഉപയോഗിച്ചു വൈകല്യങ്ങളെ അകറ്റുകയാണു പുനര്‍നിര്‍മ്മാണം (മെഡിക്കല്‍ എന്‍സൈക്ളോപീഡിയ പേ:560).
വൈകല്യങ്ങള്‍ ജന്മനാ ഉണ്ടാകുന്നവയും അപകടങ്ങള്‍ മൂലമുണ്ടാകുന്നവയും സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ എന്നിവ മൂലമുണ്ടാകുന്നവയുമുണ്ട്. മുച്ചിറി, കര്‍ണ്ണവൈകല്യം, ജനനേന്ദ്രിയ വൈകല്യം, വിരലുകള്‍ക്കുണ്ടാകുന്ന വൈകല്യം ഇവയെല്ലാം ജന്മനാ ഉണ്ടാകുന്നവയാണ്. പ്ലാസ്റ്റിക്‌ സര്‍ജറി മൂലം മുച്ചിറി പരിഹരിച്ച് അനേകായിരം കുഞ്ഞുങ്ങളുടെ ശാരീരിക വൈകൃതം പൂര്‍ണ്ണമായി ഒഴിവാക്കുവാനും അവരുടെ സംസാരം സാധാരണ രീതിയിലാക്കുവാനും സാധിക്കുന്നു. ജനിച്ച് ഒരു മാസം ആകുമ്പോള്‍ തന്നെ ശസ്ത്രക്രിയ തുടങ്ങാവുന്നതാണ്. ഒരു വര്‍ഷം തികയുന്നതിനകം ശസ്ത്രക്രിയയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാവും.
കൈയോ വിരലുകളോ നിശ്ശേഷം അറ്റുപോവുക, താടിയെല്ലും മുഖത്തെ എല്ലുകളും നിശ്ശേഷം തകര്‍ന്നു പോവുക, തീപ്പൊള്ളല്‍ മൂലമുണ്ടാകുന്ന വൈകൃതങ്ങള്‍ എന്നിവ യെല്ലാം അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ക്കുദാഹരണമാണ്. (അഖില വി ജ്ഞാന കോശം 3/771).
ഇത്തരം വൈകല്യങ്ങളെല്ലാം ഇന്ന് ഒരളവോളം പ്ലാസ്റ്റിക്‌ സര്‍ജറി മൂലം പരിഹരിക്കാന്‍ സാധിക്കുന്നു. മൂക്ക്, ചെവി, ചിറി, സ്തനം, കൈകാലുകള്‍, ജനനേന്ദ്രിയങ്ങള്‍ എന്നിവയുടെ വൈകല്യം നീക്കാനും മുറിവുകള്‍, ചര്‍മ്മരോഗങ്ങള്‍, വസൂരിക്കലകള്‍ മുതലായവ കൊണ്ടു മുഖത്തുണ്ടാകുന്ന പാടുകള്‍ മാറ്റാനും പൊട്ടിയ അസ്ഥികള്‍ സംയോജിപ്പിച്ചും മുറിഞ്ഞു കിടക്കുന്ന മാംസക്കഷ്ണങ്ങള്‍ യഥാസ്ഥാനത്തു തുന്നിച്ചേര്‍ത്തും ശരീരത്തിന്റെ കാര്യക്ഷമത വീണ്ടെടുക്കാനും വിരല്‍, പാദം, കൈ, കാല്‍, ചെവി, തലയിലെ ഭാഗങ്ങള്‍, ജനനേന്ദ്രിയം എന്നിവ ‘റീപ്ളാന്റേഷന്‍ സര്‍ജറി’ മുഖേന പുനഃസ്ഥാപിക്കാനും ഇന്നു സാധിക്കുന്നുവെന്നതു പ്ലാസ്റ്റിക്‌സര്‍ജറിയുടെ പ്രസ്താവ്യമായ നേട്ടങ്ങളാണ്.
മുറിഞ്ഞ അവയവം ഉടനെ വൃത്തിയായി കഴുകി ഒരു പ്ലാസ്റ്റിക്‌ സഞ്ചിയിലും, പ്ലാസ്റ്റിക്‌ സഞ്ചി ഐസിലും വയ്ക്കുക, ഐസ് അവയവത്തില്‍ തൊടാന്‍ പാടില്ല. താമസം വിനാ വ്യക്തിയെ ഈ അവയവത്തോടൊപ്പം ആശുപത്രിയിലെത്തിക്കുക. നാലഞ്ചുമണിക്കൂറിനകം തിയേറ്ററിലെത്തുന്നുവെങ്കില്‍, വിജയകരമായി അതു പുനഃസ്ഥാപിക്കാന്‍ കഴിയും. ഞരമ്പുകള്‍ കണ്ടു പിടിച്ചു മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി ഇപ്രകാരമുള്ള അവയവം തുന്നിച്ചേര്‍ക്കുന്നതിന് ഉദ്ദേശം എട്ടു,ഒമ്പത് മണിക്കൂര്‍ വേണ്ടിവരും.
ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നും ദശ, മാംസം, എല്ല്, സന്ധികള്‍ തുടങ്ങിയവ അവയുടെ ഞരമ്പുകളോടുകൂടി ശരീരത്തിന്റെ വേറൊരു ഭാഗത്തു വച്ചു പിടിപ്പിക്കാന്‍ സാധിക്കും (മെഡിക്കല്‍ എന്‍ സൈക്ളോപീഡിയ പേ:560-572).