സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 1 November 2014

അവയവ മാറ്റത്തിന്റെ ചരിത്രം

1988 ഒക്ടോബര്‍ 15-ന് ഒരു കാര്‍ ആക്സിഡന്റില്‍ പെട്ട ഒരു സ്ത്രീയെയും അവളുടെ ഭര്‍ത്താവ്, പുത്രന്‍, ഭര്‍ത്തൃസഹോദരന്‍ എന്നിവരെയും സഊദിയിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ കൊണ്ടു വരപ്പെട്ടു. സ്ത്രീ രക്ഷപ്പെട്ടു. ഭര്‍ത്താവ് ഹോസ്പിറ്റലില്‍ മരിച്ചു. ഭര്‍ത്തൃസഹോദരന്‍ അബോധാവസ്ഥയിലായിരുന്നു. മകന്‍ വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. അഞ്ചുവയസ്സു മാത്രം പ്രായമായ പിഞ്ചോമനയുടെ ദയനീയാവസ്ഥ, ഭര്‍ത്തൃവിരഹമനുഭവിക്കുന്ന പാവം വനിതയുടെ ദുഃഖം ശതഗുണീഭവിപ്പിച്ചു.
മൂന്നു ദിവസം നീണ്ടുനിന്ന ഡോക്ടര്‍മാരുടെ ഭഗീരഥ ശ്രമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടു വിധി മകനെ തട്ടിയെടുത്ത വിവരം അവസാന നിമിഷം മാതാവിനെ അറിയിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. അസാമാന്യമായ സഹനവും മനഃശക്തിയും പ്രകടിപ്പിച്ച ആ മുസ്ലിം സ്ത്രീയോടു മറ്റൊരു കാര്യവും കൂടി പറയാന്‍ ഡോക്ടര്‍മാര്‍ ധൈര്യപ്പെട്ടു.
ഇവിടെ, ആശുപത്രിയില്‍ അഞ്ചുപേര്‍ മരണത്തോടു മല്ലടിക്കുകയാണ്. രണ്ടു കുട്ടികളും ഒരു പുരുഷനും രണ്ടു സ്ത്രീകളും. അവരുടെ അവയവങ്ങള്‍ മാറ്റിവെക്കുന്നുവെങ്കില്‍ അവരെ ജീവിതരംഗത്തേക്കു തിരിച്ചു കൊണ്ടുവരാം. ഒരാള്‍ക്കു ഹൃദയവും രണ്ടു പേര്‍ക്ക് ഓരോ കണ്ണും മറ്റു രണ്ടു പേര്‍ക്ക് ഓരോ വൃക്കയുമാണ് ആവശ്യം. നിങ്ങളുടെ മകന്റെ ശരീരത്തില്‍ നിന്ന് ഈ അവയവങ്ങളെടുക്കാന്‍ അനുവദിക്കുന്നുവെങ്കില്‍ അതു വലിയ സേവനമായിരിക്കും.ഈ വിഷയവുമായി മതവിധി എന്തെന്നു മനസ്സിലാക്കുന്നതിനു, സഊദി പണ്ഢിത സഭ ഹി:1402 ദുല്‍ഖഅദ:6-നു എടുത്ത തീരുമാനത്തിന്റെയും സഊദി ഫിഖ്ഹ് കൗണ്‍സില്‍ അതിന്റെ മൂന്നാം സമ്മേളനത്തില്‍ ഒമാനില്‍ എടുത്ത തീരുമാനത്തിന്റെയും കോപ്പികള്‍ അവര്‍ ആ സ്ത്രീയെ കാണിച്ചു.
അചഞ്ചല വിശ്വാസത്തിന്റെയും നിരുപമ സഹനത്തിന്റെയും ഉടമയായ ആ മുസ്ലിം വനിത അതിന് അനുമതി നല്‍കി. ‘യഹ്യാ’യുടെ ഹൃദയം സുഡാന്‍കാരനായ 8 വയസ്സുകാരനും ഒരു വൃക്ക ഒരു യമനീ ബാലനും മറ്റൊരു വൃക്ക സഊദി പുരുഷനും കണ്ണുകള്‍ രണ്ടു സഊദി വനിതകള്‍ക്കും മാറ്റി വയ്ക്കപ്പെട്ടു. അഞ്ചു വ്യക്തികള്‍ അല്ല അഞ്ചു കുടുംബങ്ങള്‍ ഇതു മുഖേന നവജീവന്‍ വീണ്ടെടുത്തു. കൃതജ്ഞതയുടെയും പ്രശംസയുടെയും പൂച്ചെണ്ടുകള്‍ ആ വിശാല മനസ്കയായ സ്ത്രീയെ വീര്‍പ്പുമുട്ടിച്ചു.
ഇത്തരം അവയവ മാറ്റ സംഭവങ്ങള്‍ ഇന്നു ലോകത്തു സുലഭമാണ്. ആധുനിക ശാസ്ത്രത്തിന്റെ ഈ മഹത്തായ കഴിവ് ഒരു വശത്തു സദുദ്ദേശപരമായി ഉപയോഗപ്പെടുത്തുമ്പോള്‍, മറുഭാഗത്തു ദുരുദ്ദേശപൂര്‍വ്വം അതു ദുരുപയോഗപ്പെടുത്തുന്നുവെന്നതു വളരെ ഖേദകരമാണ്. കുട്ടികളെയും മറ്റും തട്ടിക്കൊണ്ടു പോയി വൃക്ക, കണ്ണ് തുടങ്ങിയ വിലപ്പെട്ട അവയവങ്ങള്‍ അപഹരിച്ചെടുത്ത് അമേരിക്ക തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങളിലെ കുബേര രോഗികള്‍ക്കു വില്‍ക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. പാവപ്പെട്ടവര്‍ ജീവിക്കുന്ന മൂന്നാംലോക രാഷ്ട്രങ്ങളില്‍ നിന്നാണ് ഇങ്ങനെ മനുഷ്യാവയവങ്ങള്‍ അപഹരിക്കപ്പെടുന്നത്. ബംഗ്ളാദേശില്‍ നിന്നും തട്ടിക്കൊണ്ടുപോയ ചിലര്‍ പിന്നീട് അവരുടെ നാടുകളിലേക്കു തിരിച്ചയയ്ക്കപ്പെടുമ്പോള്‍ അവര്‍ പലവിധ ശസ്ത്രക്രിയകള്‍ക്കും വിധേയരായവരും പല അവയവങ്ങളും അവരില്‍ നിന്നു മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. അപഹൃത ചരക്കുകളില്‍ സിംഹഭാഗവും വിറ്റഴിക്കപ്പെടുന്നത് അമേരിക്കയിലാണ്. മറ്റു വികസിത-വികസ്വര രാഷ്ട്രങ്ങളിലും ഈ പ്രവര്‍ത്തനം സുലഭമായി നടക്കുന്നുണ്ടത്രേ (AL MUSLIMUN WEEKLY 10-11-1988).
അവയവ പുനഃസ്ഥാപനത്തിന്റെ വൈദ്യശാസ്ത്ര ചരിത്രം 20-നൂറ്റാണ്ടിലേക്കു തിരിച്ചു പോകുന്നു. കാരണം, വേര്‍പ്പെട്ട അവയവം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി ജന്തുക്കളില്‍ നടത്തിയ ഒന്നാമത്തെ പരീക്ഷണം  1903-ലാണു നടന്നത്. അവയവ പുനഃസ്ഥാപന പ്രക്രിയയുടെ രൂപത്തെ സംബന്ധിച്ച പ്രഥമ പ്രോട്ടോകോള്‍ ഉണ്ടായത് 1944-ലാണ്. മനുഷ്യാവയവത്തിന്റെ പ്രഥമ പുനഃസ്ഥാപന ശസ്ത്രക്രിയ നടന്നത് 1962-ലാണ്. 12 വയസ്സുള്ള ഒരു കുട്ടിയുടെ വേര്‍പെട്ട കൈ പുനഃസ്ഥാപിച്ചു കൊണ്ടാണ് ഇതു സാധിച്ചത്. പിന്നീട് ഈ ചികിത്സാരീതിക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചുരപ്രചാരം സിദ്ധിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെയും അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ, വേര്‍പ്പെട്ട വിരലുകളുടെ റീപ്ളാന്റേഷന്‍ 92 ശതമാനവും ഇന്നു വിജയിക്കുന്നുണ്ട് (അല്‍ബയാന്‍. യു.എ.ഇ. 1990 ജനുവരി 28).