സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 1 November 2014

മുഹറം നോമ്പ് ഹദീസുകളില്‍

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുഹറമാസത്തിലെ നോമ്പാണ് റമസാനുശേഷം നോമ്പുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത്. അപ്രകാരം തന്നെ രാത്രിയിലെ നമസ്കാരമാണ് ഫര്‍ളിനുശേഷമുള്ള നമസ്കാരങ്ങളില്‍ ഏറ്റവും ഉത്തമമായത്. (മുസ്ലിം)

അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)

ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ)ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്ലിം)


ആയിശ(റ) നിവേദനം: ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ ആശുറാഅ് ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അത് അനുഷ്ഠിക്കുവാന്‍ നബി(സ) കല്‍പ്പിച്ചു. റമളാന്‍ നിര്‍ബന്ധമാക്കുന്നതുവരെ അപ്പോള്‍ നബി(സ) പറഞ്ഞു: ഉദ്ദേശിക്കുന്നവന്‍ അത് അനുഷ്ഠിച്ചുകൊള്ളുക. ഉദ്ദേശിക്കാത്തവന്‍ അതു ഉപേക്ഷിക്കുക. (ബുഖാരി. 3. 31. 117)

സാലിം(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ആശുറാഅ് ദിവസത്തെ നോമ്പ് ഉദ്ദേശിക്കുന്നവന് നോല്‍ക്കാം. (ബുഖാരി. 3. 31. 218)

ആയിശ(റ) പറയുന്നു: നബി(സ) ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുവാന്‍ കല്‍പ്പിച്ചിരുന്നു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കാത്തവന്‍ നോല്‍ക്കാതിരിക്കുകയും ചെയ്യും. (ബുഖാരി. 3. 31. 219)

ആയിശ(റ) പറയുന്നു: ആശുറാഅ് ദിവസം ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ) ജാഹിലിയ്യാ കാലത്തു അതു അനുഷ്ഠിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അതു നബി(സ) നോല്‍ക്കുകയും നോല്‍ക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ നബി(സ) അതു ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കുന്നവന്‍ ഉപേക്ഷിക്കുകയും ചെയ്തുവന്നു. (ബുഖാരി. 3. 31. 220)

മുആവിയ്യ(റ) നിവേദനം: അദ്ദേഹം ഹജജ് നിര്‍വ്വഹിച്ച വര്‍ഷത്തില്‍ മിമ്പറിന്മേല്‍ കയറി ഇപ്രകാരം പറഞ്ഞു. മദീനക്കാരേ! നിങ്ങളുടെ പണ്ഡിതന്മാര്‍ എവിടെപ്പോയി! നബി(സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. ഇതു ആശൂറാഅ് ദിവസമാണ്. അല്ലാഹു ഈ നോമ്പ് നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഞാന്‍ നോമ്പനുഷ്ഠിക്കുകയാണ്. ഉദ്ദേശിക്കുന്നവന്‍ അതു അനുഷ്ഠിക്കട്ടെ. ഉദ്ദേശിക്കുന്നവന്‍ അതു അനുഷ്ഠിക്കാതിരിക്കട്ടെ. (ബുഖാരി. 3. 31. 221)

അബൂമൂസ(റ) പറയുന്നു: ആശൂറാഅ് ദിവസം ജൂതന്മാര്‍ പെരുന്നാളായി ആഘോഷിച്ചിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അതില്‍ നോമ്പനുഷ്ഠിക്കുവിന്‍. (ബുഖാരി. 3. 31. 223)

ഇബ്നു അബ്ബാസ്(റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ നബി(സ) ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി(സ) ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാസം മുഴുവന്‍ അവിടുന്നു നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു. (ബുഖാരി. 3. 31. 224)

സലമ(റ) നിവേദനം: നബി(സ) അസ്ലം ഗോത്രത്തില്‍ പെട്ട ഒരു മനുഷ്യനെ നിയോഗിച്ച് ഇപ്രകാരം വിളിച്ചുപറയാന്‍ കല്‍പ്പിച്ചു. വല്ലവനും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ ബാക്കി ദിവസം അവന്‍ നോമ്പനുഷ്ഠിക്കട്ടെ. ഭക്ഷിക്കാത്തവന്‍ തന്റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ. നിശ്ചയം ഇന്ന് ആശുറാഅ് ദിനമാണ്. (ബുഖാരി. 3. 31. 225)

ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ``നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ്‌ നോമ്പ്‌ നോല്‍ക്കുന്നതായി കണ്ടു. അവിടുന്ന്‌ ചോദിച്ചു:?ഇതെന്താണ്‌? അവര്‍ പറഞ്ഞു:?ഇത്‌ നല്ലൊരു ദിവസമാണ്‌. മൂസാനബിയെയും ഇസ്‌റാഈല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന്‌ രക്ഷിച്ച ദിനമാണിത്‌. അങ്ങനെ, മൂസാ നബി(അ) അന്ന്‌ നോമ്പെടുക്കുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു:?മൂസായോട്‌ നിങ്ങളെക്കാള്‍ ബന്ധമുള്ളവന്‍ ഞാനാണ്‌.?തുടര്‍ന്ന്‌ തിരുമേനി ആ ദിവസത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു.'' (ബുഖാരി)

അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ)യോട്‌ ഒരാള്‍ ചോദിച്ചു: നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള നമസ്‌കാരമേതാണ്‌? തിരുമേനി പറഞ്ഞു: രാത്രിയിലെ നമസ്‌കാരം. വീണ്ടും ചോദിച്ചു:?റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള വ്രതമേതാണ്‌??നിങ്ങള്‍ മുഹര്‍റം എന്ന്‌ വിളിക്കുന്ന അല്ലാഹുവിന്റെ മാസം.'' (അഹ്‌മദ്‌, മുസ്‌ലിം, അബൂദാവൂദ്‌)

ഇബ്‌നുഅബ്ബാസ്‌ പറയുന്നു: ``നബി(സ) ആശൂറാഅ്‌ ദിവസം നോമ്പനുഷ്‌ഠിക്കുകയും അന്ന്‌ നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. സ്വഹാബിമാര്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാരും ക്രിസ്‌ത്യാനികളും ആദരിക്കുന്ന ദിവസമാണല്ലോ അത്‌. അവിടുന്ന്‌ പ്രതിവചിച്ചു: അടുത്ത വര്‍ഷമായാല്‍ ഇന്‍ശാഅല്ലാഹ്‌ നാം ഒമ്പതിന്‌ (താസൂആഅ്‌) നോമ്പനുഷ്‌ഠിക്കുന്നതാണ്‌. പക്ഷേ, അടുത്തവര്‍ഷം വരുന്നതിന്‌ മുമ്പായി തിരുമേനി(സ) അന്തരിച്ചു.'' (മുസ്‌ലിം)