സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 30 November 2014

ശപിക്കരുത്‌

"ശപിക്കല്‍ സത്യസന്ധനായ വിശ്വാസിക്ക്‌ ചേര്‍ന്നതല്ല" (അബൂ ഹുറൈറ (റ) യില്‍ നിന്ന് നിവേദനം ; ബുഖാരി 10/139, മുസ്‌ലിം 110 )

''ശപിക്കുന്നവന്‍ അന്ത്യനാളില്‍ ശിപാര്‍ശകരോ സക്ഷികളോ ആവാന്‍ യോഗ്യരല്ല'' ( അബൂദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം; മുസ്‌ലിം 2598 )

''അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ, അവന്റെ കോപത്തിനു വിധേയമാവട്ടെ, നരകവാസിയാവട്ടെ എന്നൊന്നും നിങ്ങള്‍ ശപിക്കരുത്‌'' ( സമുറത്‌ബ്നു ജുന്‍ദുബ്‌ (റ) വില്‍ നിന്ന് നിവേദനം , അബൂദാവൂദ്‌ 4906 , തുര്‍മുദി 1977 )

''സത്യവിശ്വാസി ആക്ഷേപകനോ ,ശപിക്കുന്നവനോ, ദുശ്ശീലക്കാരനോ, ദുര്‍നടപ്പുകാരനോ ആവില്ല'' ( ഇബ്നുമസ്‌ ഊദ്‌ (റ)വില്‍ നിന്ന് നിവേദനം, തുര്‍മുദി 1978 )

''മനുഷ്യന്‍ വല്ലതിനെയും ശപിച്ചാല്‍ ആ ശാപം ആകാശത്തേക്കുയരും. അപ്പോള്‍ ആകാശവാതിലുകള്‍ അടയ്ക്കപ്പെടും. അത്‌ കാരണം ആ ശാപം ഭൂമിയിലേക്ക്‌ തന്നെയിറങ്ങും; ഭൂമിയുടെ വാതിലുകളും അടയ്ക്കപ്പെടും. പിന്നീടത്‌ ഇടത്തോട്ടും വലത്തോട്ടും സഞ്ചരിക്കും. ഒരു മാര്‍ഗവും ലഭിക്കാതെ ശപിക്കപ്പെട്ടവനിലേക്ക്‌ (അര്‍ഹനാണെങ്കില്‍ ) ചെന്ന് ചേരും. അല്ലാത്ത പക്ഷം അത്‌ ശപിച്ചവനിലേക്ക്‌ തന്നെ തിരിച്ച്‌ പോകും ( അബുദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം, അബൂദാവൂദ്‌ 4905 )

കുറിപ്പ്‌ :
മനുഷ്യന്റെ ഒരു സാധാരണ രീതിയാണു തൊട്ടതിനും പിടിച്ചതിനുമൊക്കെ ശാപ വാക്കുകള്‍ ചൊരിയുക എന്നത്‌. അറിഞ്ഞോ അറിയാതെയോ താന്‍ ചെയ്യുന്നതിന്റെ ദൂരവ്യാപക ഫലങ്ങളെ പറ്റി അവന്‍ /അവള്‍ ചിന്തിക്കുന്നില്ല. കോപം വരുമ്പോള്‍ പലരുടെയും സ്വഭാവമാണ് അപരനെ ശപിക്കുക എന്നത്‌. ഇത്‌ തികച്ചും തെറ്റാണെന്നും ഉപേക്ഷിക്കേണ്ടതാണെന്നും തിരു നബി (സ)യുടെ വചനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചില സ്ത്രീകള്‍; മക്കള്‍ എന്തെങ്കിലും അരുതായ്മ പ്രവര്‍ത്തിച്ചാല്‍ അല്ലെങ്കില്‍ അവര്‍ പറഞ്ഞത്‌ കേള്‍ക്കാതെ പ്രവര്‍ത്തിച്ചാല്‍, നിസാര കാര്യത്തിനു പോലും മക്കളെ ശപിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. അത്തരക്കാരോട്‌ മനസ്സില്‍ എന്തോ ഒരു വെറുപ്പ്‌ കുട്ടിക്കാലത്ത്‌ തന്നെ തോന്നിയിട്ടുണ്ട്‌.

സ്ഥിരമായി തന്റെ മകനെ ശപിച്ചിരുന്ന ഒരു മാതാവ്‌ ഇന്ന് ആ മകന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ( സന്തോഷിക്കുകയാവും എന്ന് ചിലര്‍ പറയുന്നു. കാരണം അത്രയ്ക്കും വഴി വിട്ട ജീവിതമായിരുന്നു ആ മകന്‍ നയിച്ചിരുന്നത്‌ ) അവസ്ഥ അറിയാം. ആ മാതാവിന്റെ ശാപ വാക്കുകളാണോ ആ മകനെ സ്വന്തം മാതാവിനെ തല്ലിച്ചതക്കുന്ന മകനാക്കി, മദ്യത്തിനും മയക്കു മരുന്നിനും അടിമയാക്കി, അരുതാത്ത ബന്ധങ്ങള്‍ക്കുടമയാക്കി, അവസാനം നാട്ടുകാരാലും വീട്ടുകാരാലും തള്ളപ്പെട്ട അവസ്ഥയില്‍ സ്വന്തം വീട്ടില്‍ കിടപ്പു മുറിയില്‍ ഒരു തുണ്ടം കയറില്‍ ജീവനോടുക്കുന്നതിലേക്ക്‌ നയിച്ചത്‌ എന്ന് ആരെങ്കിലും കരുതിയാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല. തന്റെ ആയുസ്സു മുഴുവന്‍ ഗള്‍ഫില്‍ രക്തം വിയര്‍പ്പാക്കി ജീവിതം കളഞ്ഞ ഒരു പിതാവിനു താങ്ങും തണലുമാവേണ്ടിയിരുന്ന ആ യുവാവിന്റെ ജീവിതം അങ്ങിനെ ദാരുണമായി അവസാനിച്ചു.

നമ്മുടെ നാവുകള്‍ മറ്റുള്ളവരെ / മറ്റുള്ളതിനെ ശപിക്കാനായി ഉപയോഗിക്കാതിരിക്കാനുള്ള മനസ്സാന്നിദ്ധ്യവും നല്ല മനസ്സും നമുക്കേവര്‍ക്കും ജഗന്നിയന്താവ്‌ കനിഞ്ഞരുളട്ടെ..