ഗോളങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രം രണ്ടുണ്ട്. ഒന്ന് ജ്യോതി ശാസ്ത്രവും മറ്റൊന്ന് ജ്യോതിഷവും. ഇതില്‍ ഒന്നാമത്തേത് പഠിക്കാം. പഠിക്കണം. രണ്ടാമത്തേത് പഠിക്കാന്‍ പാടില്ല. നക്ഷത്രങ്ങളുടെ ഉദയവും അസ്തമയവും ചലനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഭൂമിയില്‍ വ്യക്തികളുടെ ജീവിത കാര്യങ്ങളെ നിയന്ത്രിക്കാന്‍ നോക്കുന്ന ഏര്‍പ്പാടാണ് ജ്യോതിഷം. ജ്യോത്സ്യന്മാരാണ് ഈ ഏര്‍പ്പാട് ഒരുക്കുന്നത്. രാഹുകാലം നീങ്ങിയോ എന്ന് നോക്കി ഗ്രഹപ്രവേശം, വിവാഹം, ഇലക്ഷന് നോമിനേഷന് കൊടുക്കല്‍ എന്നിവ കേട്ടുവരുന്ന ആഭാസങ്ങളാണ്.
ചില സമൂഹങ്ങള്‍ ഈ ആഭാസത്തില്‍ മുങ്ങിക്കിടക്കുന്നു. എന്നാല്‍ നക്ഷത്രങ്ങളുടെ വരവും പോക്കും കേവലം തീവണ്ടിയുടെ വരവും പോക്കും പോലെയാണ്. തീവണ്ടി സ്റ്റേഷന് വിട്ടു പോയതിന്ന് ശേഷം മതി വിവാഹ ചടങ്ങ് എന്ന് പറയുന്നത് പോലെയാണ് രാഹുകാല നീക്കം കാത്തിരിക്കല്. ദമ്പതികളുടെ ഭാവിയെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കാന്‍ തീവണ്ടിയുടെ സ്റ്റേഷന് നില്പിനോ സ്റ്റേഷന് വിടലിനോ സാദ്ധ്യമല്ല. ജാതകം നോക്കലും മുഹൂര്‍ത്തം കണക്കാക്കലും ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമാണ്. ഈ വക പഞ്ചാംഗങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മത്സരിക്കുകയാണ് മാതൃഭൂമിയും, കേരള കൌമുദിയും ഒപ്പം മനോരമയും. “നിങ്ങളുടെ ഈ ആഴ്ചയില്‍”എന്ന് പറഞ്ഞ് വിഡ്ഢിത്തം കൊണ്ട് ബഹുജനത്തെ അഭിഷേകം ചെയ്തു ഈ പത്രങ്ങളെല്ലാം. എന്നാല്‍ ആ വക നിഷിദ്ധ കാര്യങ്ങളിലൊന്നും മുസ്ലിംകള് ചെന്ന് തലയിടരുത്. വിവാഹത്തിന് ജാതകം നോക്കരുത്. സ്വഫര്‍ മാസത്തിന് ഒരു ന്യൂനതയുമില്ല. ന്യൂനതയാരോപിച്ച് കല്യാണം മാറ്റിവെക്കരുത്. നോമിനേഷന് കൊടുക്കാന്‍ രാഹുകാലം നോക്കരുത്. മുസ്ലിമിന്റെ ദിനരാത്രങ്ങളെ അന്ധവിശ്വാസം കൊണ്ട് നിര്‍വ്വീര്യമാക്കിക്കളയാന്‍ പാടില്ല. ഏത് രാവും ഏത് പകലും ഏത് മണിക്കൂറും ഏത് നിമിഷവും നമുക്ക് തീവണ്ടിപോലെയാണ്. നമ്മുടെ ജീവിത കാര്യങ്ങളില്‍ അവയ്ക്ക് ഒരു വിധ സ്വാധീനവുമില്ല. എല്ലാം അല്ലാഹു നിയന്ത്രിക്കുന്നു.
വേലിയേറ്റമുള്ളപ്പോള്‍ സുന്നത് കല്യാണം നടത്താന്‍ ആ ചടങ്ങ് നടത്തുന്നവര്‍ കൂട്ടാക്കാത്തത് ജ്യോതിഷത്തിന്റെ പേരിലല്ല, മറിച്ച് ജ്യോതിശാസ്ത്രത്തിന്റെ പേരിലാണ്. പെട്രോള്‍ പമ്പിന്റെയടുത്ത് എത്തുമ്പോള്‍ ബീഡിവലിച്ച് കൊണ്ടിരക്കുന്നവനോട് കെടുത്തിക്കളയാന്‍ പമ്പിലെ ജീവനക്കാരന് പറയുന്നത് പോലെയാണത്. അവിടെ ഭാഗ്യനിര്‍ഭാഗ്യത്തിന്റെ വിഷയമില്ല. തീപിടിക്കാന്‍ എളുപ്പമുള്ള പദാര്‍ഥമാണ് ഓയല്‍. അത് കൊണ്ട് കരുതണം. എന്നപോലെ വേലിയേറ്റമുള്ള സമയം മുറിവ് പറ്റിയാല്‍ രക്തം കൂടുതല്‍ ഒഴുകാം. അത് കൊണ്ട് സൂക്ഷിക്കണം. കേവലം പ്രകൃതി നിയമങ്ങള്‍.
നബി (സ്വ) പറഞ്ഞു. ഖദ്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയാല്‍ നിങ്ങള്‍ ആ സം സാരം നിര്‍ത്തുക. നക്ഷത്രങ്ങളെ ചര്‍ച്ചക്ക് വിധേയമാക്കിയാല്‍ ആ സംസാരം നിര്‍ത്തുക. എന്റെ സ്വഹാബിമാരെ ചര്‍ച്ചാ വിഷയമായി വലിച്ചിട്ടാല്‍ ആ സംസാരം നിര്‍ത്തുക (ത്വബ്റാനി).
ഇവിടെ നക്ഷത്രങ്ങളെ ചര്‍ച്ചയ്ക്കിടുക എന്നത് കൊണ്ട് ഉദ്ദേശിച്ചത് ജ്യോത്സ്യമാണ്. ജ്യോതിശാസ്ത്രമല്ല. രാഹുകാലവും രാശിയും ഗുളികകാലവും മറ്റും ചര്‍ച്ചയ്ക്ക് വന്നാല്‍ ഉടന്‍ ആ സംസാരം നിര്‍ത്തണം. ചര്‍ച്ച ചെയ്യേണ്ടതായ ഒരു വിഷയമേ അല്ല അത്.
ഗോളങ്ങള്‍ മനുഷ്യന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നില്ലെന്ന വിശ്വാസം വെച്ച് പുലര് ത്തുന്ന മുസ്ലിം നബി (സ്വ) നിര്‍ദ്ദേശിച്ച സമയങ്ങളെയും ദിവസങ്ങളെയും പ്രത്യേകതയോടെ കാണുന്നുമുണ്ട്. എല്ലാ ദിവസവും പ്രഭാതം ഇതര സമയങ്ങളേക്കാള്‍ മഹിമയുറ്റതാണ്. തിങ്കള്‍ വെള്ളി ദിവസങ്ങള്‍ക്കും പ്രത്യേകതയുണ്ട്. റമദാന് മാസത്തിന് മറ്റ് മാസങ്ങളെക്കാളും ദുല്ഹിജ്ജഃയിലെ ആദ്യ പത്ത് ദിവസങ്ങള്‍ക്ക് മറ്റുള്ള ദിവസങ്ങ ളെക്കാളും പ്രത്യേക പദവിയുണ്ട്. യാത്ര പുറപ്പാട്, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങള്‍ ഏത് സമയത്തുമാവാമെങ്കിലും കൂടുതല്‍ നല്ലത് പ്രഭാതത്തിലാണ്. ഉറക്കക്ഷീണം തീര്‍ന്ന് പുതുമയിലേക്ക് കാലെടുത്ത് വെച്ച ആ നിമിഷങ്ങളില്‍ കര്‍മ്മകുശലത ധാരാളമായിരിക്കും. എന്തും തുടങ്ങാന്‍ നല്ലത് കര്‍മ്മകുശലതയില്‍ തന്നെ. ഇത് ജ്യോതിഷമല്ല.
അതുപോലെ തലയില്‍ നിന്ന് ദൃഷിച്ച രക്തം വലിച്ചെടുക്കുന്ന ചികിത്സാരീതിയായ കൊമ്പ് വെക്കല്‍ പ്രക്രിയ നടത്തുന്നത് കാലത്ത് ഒന്നും കഴിക്കാതെ വെറും വയറ്റിലാവുന്നതാണ് നല്ലത് എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. മാത്രമല്ല, കൊമ്പുവെക്കല്‍ വെള്ളി, ശനി, ഞായര്‍, ബുധന്‍ എന്നീ നാലു ദിവസങ്ങളില്‍ അരുത് എന്നു നബി (സ്വ) പറഞ്ഞിരിക്കുന്നു. വ്യാഴം, തിങ്കള്‍, മാസം 17 ചൊവ്വ ഈ ദിവസങ്ങളിലായിരിക്കണം ശസ്ത്രക്രിയ. ബുധനാഴ്ചയാണ് അയ്യൂബ് നബി (സ്വ) ന് ബലാഅ് തട്ടിയത്. വെള്ളപ്പാണ്ഡ്, കുഷ്ട രോഗം എന്നിവ പ്രത്യക്ഷപ്പെടുന്നതും ബുധനാഴ്ച രാവിലോ പകലിലോ ആയിരിക്കും. (ഇബ്നുമാജഃ) സ്വഫര്‍ മാസത്തിന് അനൌചിത്യമുണ്ടെന്ന ധാരണ പണ്ട് മുതല്ക്കേ മനുഷ്യരിലുണ്ട്. ഇസ്ലാം ഈ ധാരണ തിരുത്തുന്നു. നബി (സ്വ) പറഞ്ഞു:
രോഗം പകരുക എന്നതില്ല (ഓരോരുത്തരിലെ രോഗത്തെയും വേറെ വേറെ സൃഷ്ടിക്കലാണുള്ളത്) പക്ഷികളെക്കൊണ്ടോ മറ്റോ ലക്ഷണം നോക്കി അറിവും ഇല്ല. മൂങ്ങയെക്കൊണ്ട് ലക്ഷണം അറിവില്ല. സ്വഫര്‍ മാസം ലക്ഷണം കെട്ടതല്ല (ബുഖാരി). മറ്റൊരു ഹദീസില്‍ ‘രാശി’ നോട്ടമില്ല എന്നുണ്ട് (മുസ്ലിം). ഭൂതപ്രേതാദികളിലും പൊട്ടിച്ചെകുത്താനിലും വിശ്വസിച്ച് പേടിയ്ക്കാറുണ്ടായിരുന്നു പൂര്‍വ്വികര്‍. ഇസ്ലാം ഈ ധാരണയും തകര്‍ത്തു. നബി (സ്വ) പറഞ്ഞു:
പൊട്ടിച്ചെകുത്താന്റെ വഴിതെറ്റിക്കലും മറ്റുദ്രോഹവും ഇല്ല. ഏത് രാത്രിയിലും ധൈര്യമായി എവിടെയും സഞ്ചരിക്കാം. വെപ്രാളത്തോടെയും അന്തവിശ്വാസത്തോടെയുമാണ് നടത്തമെങ്കില്‍ അതിന്റെ പ്രതിഫലനമുണ്ടായെന്ന് വരും. എന്നിട്ട് പൊട്ടിച്ചെകുത്താന്റെ അക്കൌണ്ടില്‍ വരവ് വെക്കുകയും ചെയ്യും. നബി (സ്വ) യാത്ര പോവുമ്പോള്‍ ഓരോ കുന്നും മലയും കയറുമ്പോള്‍ തക്ബീര്‍ മുഴുക്കിക്കൊണ്ടിരിക്കുമായിരുന്നു. സ്വഹാബിമാരും ഒപ്പം മിതമായ ശബ്ദത്തില്‍ തക്ബീര്‍ മുഴക്കും. ജിന്നുകളുടെയും പിശാചുക്കളുടെയും ആവാസ കേന്ദ്രമാണെങ്കില്‍ ഈ തക്ബീര്‍ മുഴക്കം കൊണ്ട് നിര്‍ഭയമായി യാത്രചെയ്യാം. ചുരുക്കത്തില്‍ ചെകുത്താനെ പേടിച്ചുകൊണ്ട് ഒരിടത്തും കറങ്ങാന്‍ മടിക്കേണ്ട. എവിടെയും പോവാം. ഏത് ദ്വീപിലും പോവാം. കാട്ടിലും പോവാം. തക്ബീര്‍ ചൊല്ലിക്കൊണ്ടിരിക്കണം. അറബ് നാടുകളിലെ വിജനമായ മണല്ക്കാടുകളിലൂടെയും ചമ്പല്‍ കാടുകളിലൂടെയും വണ്ടിയോടിക്കേണ്ടി വരുന്ന ഡ്രൈവര്‍മാര്‍ അവിടങ്ങളില്‍ പൊട്ടിച്ചെകുത്താന്‍ വഴിതെറ്റിക്കുമെന്ന് ഭയന്ന് ജോലി ചെയ്യാന്‍ മടിക്കേണ്ടതില്ല. മനുഷ്യപ്പിശാചിനെയും തത്തുല്യമായതിനെയും ഭയന്നാല്‍ മതി.
ഒരു വിധ ചേരയും കറുത്ത പൂച്ചയും മൂങ്ങയും അശുഭലക്ഷണങ്ങളാണെന്ന് വിവര ദോഷികള്‍ പറയുന്നയാതൊന്നും ഒരു മുസ്ലിമിന്ന് തടസ്സമാവില്ല. ആ വകയില്‍ വല്ല വസ്വാസും തോന്നിയാല്‍ ഉടന്‍ പറയണം.
നാഥാ! നന്മയെ തരാന്‍ നിനക്കല്ലാതെ പറ്റില്ല. തിന്മയെ ചെറുക്കാനും നിനക്കേ പറ്റൂ. ആരാധനക്ക് ശക്തിതരലും തിന്മയില് നിന്ന് മാറ്റലും നീ മാത്രം (അബുദാവൂദ്). ജ്യോത്സ്യന്മാര്, പിശാചിന്റെ സേവയുള്ളവര്‍, സിഹ്റ് ചെയ്യുന്നവര്‍, കൈനോട്ടക്കാര്‍, പ്രശ്നം വെക്കുന്നവര്‍ ഇങ്ങനെ പല വിധ ദുശ്ശക്തികളും അന്തവിശ്വാസത്തിന്റെ മറവില്‍ ഉപജീവനം കഴിക്കുന്നുണ്ട്. ഇത്തരക്കാരെ സമീപിക്കാന്‍ പാടില്ല. പിശാചിനെ സേവിക്കുന്നവര്‍ പിശാചിന്റെ ഇഷ്ട വിഷയമായ ശിര്കിന്റെ മറവിലേ പ്രവര്‍ത്തക്കുകയുള്ളു. പ്രശ്നം വെക്കുന്നവരും കൈനോട്ടക്കാരും ഗണിക്കുകയാണ്. ഒരു വൈദ്യന്റെ രോഗ നിര്‍ണ്ണയം പോലെയല്ല ഇവരുടെ ഗണിക്കല്‍. ഡോക്ടര്‍ക്ക് നിഗമനത്തിലെത്താന്‍ അനുവദനീയമായ മാധ്യമങ്ങളുണ്ട്. എന്നാല്‍ ഈ പറഞ്ഞ കൂട്ടര്‍ക്ക് അത്തരം മാധ്യമമില്ല. നബി (സ്വ) പറയുന്നു:
അല്ലാഹുതആലാ നക്ഷത്രങ്ങളെ മൂന്ന് കാര്യത്തിന് സൃഷ്ടിച്ചിരിക്കുന്നു. ഒന്ന് ആകാശത്തിന് അലങ്കാരം. രണ്ട് പിശാചിനെ എറിയാന്‍. മൂന്ന് വഴിയറിയാന്‍. എന്നിരിക്കെ ഇതല്ലാത്ത ഒരു വ്യാഖ്യാനതലം വല്ലവനും പടച്ചുണ്ടാക്കിയാല്‍ അവന് പിഴച്ചു (ആയുസ്) നഷ്ടപ്പെടുത്തി. അറിയാത്തതിന്റെ കാര്യത്തില്‍ അറിവാളന്റെ വേഷം കെട്ടി (ബുഖാരി).
ഒരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്: അല്ലാഹുവാണെ സത്യം. അവന് ഒരൊറ്റ നക്ഷത്രത്തിലും ഒരാളുടെയും ജനനത്തെയോ ഭക്ഷണത്തെയോ മരണത്തെയോ വെച്ചിട്ടില്ല. അല്ലാഹുവിന്റെ മേല്‍ നുണ നിര്‍മ്മിക്കുക മാത്രമാണവര്‍ ചെയ്യുന്നത്. എന്തിനുമേതിനും നക്ഷത്രത്തെ കാരണമാക്കുന്നു അവര്‍.
ജാതകം നോക്കിയും രാശിനോക്കിയും ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കാന്‍ പാടില്ലന്ന് ചുരുക്കം. മുസ്ലിമിന്റെ ദിനരാത്രങ്ങള്‍ ഇസ്ലാമിക നിയമ പ്രകാരം കഴിച്ച് നടത്തുക.
അല്ലാഹുവിന്റെ ദിക്റില്‍ ഭാഗമായിട്ടുള്ളതാല്ലാത്ത വല്ല അംശവും ഒരാള്‍ നക്ഷത്ര വി ജ്ഞാനമെന്ന പേരില്‍ (ഒരു അദ്ധ്യായമെങ്കിലും) കൊളുത്തിയെടുത്താല്‍ സിഹ്റിന്റെ ഒരു നാളം കൊളുത്തിയെടുത്തു. ജ്യോത്സ്യന് പിശാച് സേവകനാണ്. പിശാച് സേവകനാവട്ടെ, സിഹ്റുകാരനും. സിഹ്റുകാരന് കാഫിറുമാവുന്നു (റസീന്‍).
ഗ്രഹനില മോശമാണ് എന്ന വാക്യം കാര്യത്തിലോ തമാശക്കോ ഉരുവിടരുത്. കാലത്തെകുറ്റം പറയുന്നവന് അല്ലാഹുവിനെയാണ് കുറ്റം പറയുന്നത്. “എന്റെ കഷ്ടകാലം” എന്ന പ്രയോഗം തെറ്റാണ്. പ്രയോഗിക്കരുത്.
അഗ്നിപൂജയുടെ ബാക്കി പത്രമാണ് ജ്യോതിഷം. അഗ്നി മനുഷ്യന് വെളിച്ചം തരുന്നു. ചുട്ടുനശിപ്പിക്കുകയും ചെയ്യുന്നു. അഗ്നിയെപോലെ തിളങ്ങുന്നുണ്ടല്ലോ നക്ഷത്രങ്ങളും. അഗ്നിയെ ആരാധിച്ചത് പോലെ മനുഷ്യന് നക്ഷത്രത്തെയും ആരാധിച്ചു. നക്ഷത്രങ്ങളും മനുഷ്യന് വിജയത്തിന്റെയും പരാജയത്തിന്റെയും വെളിച്ചം കാട്ടാന്‍ രംഗത്തുണ്ടെന്ന് അഗ്നിപൂജകര്‍ ധരിച്ചു. ഈ ധാരണയില്‍ നിന്നാണ് ജ്യോതിഷം പിറക്കുന്നത്.
ഇന്ത്യയില്‍ ‘ആസാമി’നെയാണ് ജ്യോതിഷത്തിന്റെ ജന്മനാടെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. ആസാമിന്റെ തലസ്ഥാനം ഗ്വാഹട്ടി. (ഗഊഹാട്ടി) ഇതിന്റെ പഴയ പേര് ‘പ്രാഗ് ജ്യോതിഷപുരം’ എന്നാണ്. ‘ഗ്വഹട്ടി’യ്ക്ക് കിഴക്കുള്ള ചിത്രാചലനത്തിലെ നവഗ്രഹ ക്ഷേത്രം മുമ്പ് ജ്യോതിഷം സംബന്ധിച്ച ഗവേഷണ കേന്ദ്രമായിരുന്നു. ഇത്കൊ ണ്ടാണ് ‘പ്രാഗ്ജ്യോതിഷപുരം’ എന്ന് പേരുണ്ടായത്.
ജ്യോതിഷത്തിന്റെ ഗവേഷണ ആസ്ഥാനത്ത് നിന്നും പുറത്ത് വരുന്ന ജ്യോത്സ്യന്മാരുടെ വിഷം എത്ര മാരകമാണെന്നോ! ‘ഇന്ദിരഗോസ്വാമി’ എന്ന സ്ത്രീയുടെ അമ്മയോട് ഒരു ആസാമീ ജ്യോത്സ്യന് പറഞ്ഞ വാക്കുകള്‍: ‘ഈ പെണ്‍കുട്ടിയുടെ ഗ്രഹനില വളരെ മോശമാണെന്നത് കൊണ്ട് അവളെ മുറിച്ചിട്ട് ബ്രഹ്മപുത്രയിലൊഴുക്കുകയാവും ഉത്തമം:’
ജ്യോത്സ്യന്റെ വാക്കുകള്‍ മൂലം നേപ്പാളിലെ രാജകുടുംബത്തിലെ പതിനൊന്നിലേറെ പേര് കാഞ്ഞു പോയത് ഇയ്യിടെയാണ്. അതേ, ജ്യോതിഷം വിഷമാണ്. അകന്ന് നില്ക്കുക.
‘രാമചരിതമാനസം’ എന്ന രാമായണ കൃതി എഴുതിയ തുളസിദാസിന്റെ അനുഭവം നോക്കൂ! ചീത്ത നക്ഷത്രത്തില്‍ ജനിച്ച കാരണം അദ്ദേഹത്തിന്റെ അച്ഛന് അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. ജ്യോതിഷം സര്‍വ്വകലാശാലകളിലൂടെ അവതരിപ്പിക്കാന്‍ പിശാചിന്റെ കൂട്ടുകാര്‍ ആഗ്രഹിക്കുന്നുമുണ്ട്. ശ്രമം തുടങ്ങിയതുമാണ്, തല്ക്കാലം വിജയിച്ചില്ല. ഇനിയും ശ്രമിച്ചേക്കും. ജനം എതിര്‍ക്കണം. ഇന്ത്യയെ വിവരക്കേടില്‍ നിന്ന് രക്ഷിക്കണം.
എന്നാല്‍ പ്രപഞ്ച പഠനത്തിന്റെ ഭാഗമായി ഗോളങ്ങളെക്കുറിച്ച് പഠിക്കുകയും വേണം. ചൊവ്വയില്‍ വെള്ളമുണ്ടോ, ഭക്ഷണമുണ്ടോ എന്ന അന്വേഷണം സ്തുത്യര്‍ഹമാണ്. സൌകര്യങ്ങളുണ്ടെന്ന് കണ്ടുപിടിച്ചാല്‍ ചൊവ്വയാത്രയ്ക്കും ഒരുങ്ങണം. നബി (സ്വ) മിഅ്റാജ് സമയം താണ്ടിക്കടന്ന് പോയ വഴിയിലേക്ക് ഇന്നിന്റെ മനുഷ്യന് കണ്ണ് വെക്കുന്നത് അധികപ്പറ്റല്ല.
ദിനരാത്രങ്ങളിലെ വിലപ്പെട്ട നിമിഷങ്ങള്‍ ചെലവാക്കപ്പെടാന്‍ അര്‍ഹതപ്പെട്ട കാര്യങ്ങളില്‍ മുന്‍നിരയില്‍ നില്ക്കുന്ന കാര്യമത്രെ മത വിദ്യാഭ്യാസം. ആകയാല്‍ നമ്മുടെ രാപ്പകലുകള്‍ ഒന്നാമതായി മത വിദ്യപഠനത്തിനും ശേഷം ഭൌതിക വിദ്യപഠനത്തിനും നീക്കിവെക്കുക.