സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 28 December 2014

വിജയത്തിന്റെ വിനയമുദ്രകള്‍ -1

കുലമഹിമയുടെ മികവിലും..
നബി തിരുമേനി(സ) അറേബ്യയുടെ കേന്ദ്രഭൂമിയായ മക്കായിലെ പ്രബലവും പ്രാചീനവുമായ ഗോത്രമായ ഖുറൈശ് കുടുംബാംഗമാണ്. മക്കായിലെ മനുഷ്യാധിവാസത്തിന് ആദ്യമായി ഭരണസാരഥ്യം വഹിച്ചത്, തന്റെ ജീവിതകാലം മുഴുവനും ഇസ്മാഈല്‍ നബി തന്നെയായിരുന്നു. 137ാം വയസ്‌സില്‍ അദ്ദേഹം മരണപ്പെട്ടതോടെ തന്റെ മക്കളായ നാബിത്തും ഖൈദാറുമായി ഭരണാധികാരികള്‍. പിന്നീട് അദ്ദേഹത്തിന്റെ ശ്വശുരന്‍ മുദാദ് ബിന്‍ അംറിന്റെയും മക്കളുടെയും കയ്യിലെത്തി ഈ സാരഥ്യം. കൈകള്‍ കൈമാറി ജുര്‍ഹും ഗോത്രക്കാര്‍ നടത്തിയ ഭരണം അവസാനം തീര്‍ഥാടകരെ കൊള്ളചെയ്തും പിടിച്ചുപറിച്ചും കഅ്ബാലയത്തിലെ നിവേദ്യങ്ങള്‍ കട്ടുകടത്തിയും കീര്‍ത്തിമങ്ങി.  
ബുഖ്ത്‌നസ്വ്‌റിനെതിരെ പടനയിച്ച അദ്‌നാന്‍, അറേബ്യയുടെ നക്ഷത്രമായി തീര്‍ന്ന കാലമായിരുന്നു അത്. അദ്‌നാനിക ളുടെ വംശപരമ്പരയിലെ ബനൂബക്‌റും യമനില്‍ നിന്നും കുടിയേറിയ ബനൂ ഖുസാഅയും ജുര്‍ഹുമുകള്‍ക്കെതിരെ കൈകോര്‍ത്തു. പിടിച്ചുനില്‍ക്കുവാനാവാതെ യമനിലേക്ക് മടങ്ങിപ്പോകുവാന്‍ നിര്‍ബന്ധിതരായതോടെ ജുര്‍ഹും ഗോത്രക്കാര്‍ സംസം കിണര്‍ മണ്ണിട്ട്മൂടുകയും കഅ്ബാലയത്തെ അവമതിക്കുകയുമൊക്കെ ചെയ്തു. അങ്ങനെ ജുര്‍ഹുമുകള്‍ക്കു ശേഷം മക്കായുടെ ആധിപത്യം ബനൂ ഖുസാഅയുടെ കയ്യിലൊതുങ്ങി. തങ്ങളെ സഹായിച്ച ബനൂ ബക്‌റിന് മക്കായിലെ ചില പ്രധാന വകുപ്പുകള്‍ നല്‍കി അവര്‍ തൃപ്തിപ്പെടുത്തി. എ ഡി രണ്ടാം നൂററാണ്ടിന്റെ പകുതിയിലായിരുന്നു ഇതെന്ന് മാത്രമേ ചരിത്രത്തിന് പറയാനാകുന്നുള്ളൂ. കാലഗണനാ പരിഷ്‌കാരങ്ങള്‍ അത്രക്കേ അന്ന് വികാസം പ്രാപിച്ചിട്ടുണ്ടായിരുന്നുള്ളൂ.
ബനൂ ഖുസാഅയുടെ ആധിപത്യം മൂന്ന് നൂററാണ്ടുകളോളം നീണ്ടുവെന്നാണ് ചരിത്രം. അതിനിടെ അദ്‌നാനികള്‍ അറേബ്യായിലെ പ്രബല വിഭാഗമായി വളര്‍ന്നു. അദ്‌നാനികളുടെ ശ്രദ്ധ ഇറാഖ്, മുതല്‍ ബഹ്‌റൈന്‍ വരേയുള്ള സ്ഥലങ്ങളിലായിരുന്നു. അറേബ്യയുടെ വികാസങ്ങള്‍ അവിടെയൊക്കെയാവും കേന്ദ്രീകരിക്കുക എന്നായിരുന്നു അവരുടെ ധാരാണ. കേവലം ഒരു തീര്‍ഥാടനകന്ദ്രം എന്നതിലപ്പുറം ഒരു പ്രാധാന്യം മക്കക്ക് കൈവരും എന്ന് അക്കാലത്ത് പ്രതീക്ഷീ ക്കുന്നുണ്ടായിരുന്നില്ല.
മക്കയില്‍ ബനൂ കിനാനക്കും അവരുടെ ഉപവിഭാഗങ്ങള്‍ക്കുമായിരുന്നു ആധിപത്യം. അവരിലെ ഏററവും പ്രബലമായ കുടുംബം ഖുറൈശികളുടേതായിരുന്നു. പക്ഷേ, ഖുറൈശികള്‍ എന്ന കുടുംബത്തെ വെറും കഅ്ബാലയത്തിലെ പൂജാരികളും പുരോഹിതരുമായി ഒതുക്കിനിറുത്തുകയായിരുന്നു അധികാരം കയ്യാളിയിരുന്ന ബനൂ ഖുസാഅ ചെയ്തത്. ഈ അവസ്ഥക്ക് മാററം വന്നത് ഖുസ്വയ്യ് ബിന്‍ കിലാബിന്റെ വരവോടെയായിരുന്നു. ഖുറൈശികളുടെ വികാരോ ജ്ജ്വലമായ ചരിത്രത്തിന് അധികാരത്തിന്റെ നിറമേകിയതും പ്രൗഢിയുടെ കിരികിടമണിയിച്ചതും ഖുസ്വയ്യ് ബിന്‍ കിലാബായിരുന്നു.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഖുസ്വയ്യിന് പിതാവ് നഷ്ടപ്പെട്ടു. മാതാവ് ഒരു ശാമുകാരനെ വിവാഹം കഴിക്കുകയും അയാളോടൊപ്പം ശാമിലേക്ക് പോകുകയും ചെയ്തു. അതിനാല്‍ ശാമിലായിരുന്നു ഖുസ്വയ്യിന്റെ കുട്ടിക്കാലം. വളര്‍ന്ന് യുവാവായതോടെ തന്റെ വേരുകള്‍ തേടി മക്കായിലെത്തിയമ്പോള്‍ അവിടെ ഭരണം നടത്തുന്നത് ബനൂ ഖുസാഅ കുടുംബത്തിലെ ഹുലൈല്‍ ബിന്‍ ഹബശിയ്യയായിരുന്നു. സമര്‍ത്ഥനും ബുദ്ധിശാലിയും സുന്ദരനുമായ ഒരു യുവകോമളനായിരുന്നു ഖുസ്വയ്യ്.
ഖുസ്വയ്യിനെ ഭരണാധികാരി ഹുലൈലിന് നന്നായി ബോധിച്ചു. ഖുസ്വയ്യിനും ഹുലൈലിനോട് മതിപ്പുതോന്നി. അതവസാനം എത്തിപ്പെട്ടത് ഖുസ്വയ്യും ഹുലൈലിന്റെ മകള്‍ ഹുബായും തമ്മിലുള്ള വിവാഹത്തിലായിരുന്നു. മക്കായുടെ അധികാരം ഇസ്മാഈല്‍ നബിയുടെ യഥാര്‍ഥ കുടുംബശ്രേണിയായ തങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്ന ബോധം ഖുസ്വയ്യിനുണ്ടായിരുന്നു. നിലവിലുള്ള ഭരണാധികാരി തനിക്ക് കൂടുതല്‍ അധികാരങ്ങളും മതിപ്പും സ്ഥാനമാനങ്ങളും നല്‍കുക കൂടെ ചെയ്തതോടെ ഖുസ്വയ്യിന് അധികാരത്തിലേക്കുള്ള വഴി എളുപ്പമായി. ഹുലൈലിനു ശേഷം അങ്ങനെ മക്കായുടെ പരിപൂര്‍ണ്ണ അധികാരം ഖുസ്വയ്യ് ബിന്‍ കിലാബിന്റെ കരങ്ങളില്‍ വന്നു. എ ഡി അഞ്ചാം നൂററാണ്ടില്‍ ഉദ്ദേശം എ ഡി 440ലായിരുന്നു ഖുസ്വയ്യിന്റെ കയ്യില്‍ അധികാരം വന്നെത്തിയത് എന്ന് പ്രമുഖ ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു.
ഖുറൈശികള്‍ ഖുസ്വയ്യിലൂടെ മക്കായുടെ സുല്‍ത്താന്‍മാരായി. ഖുസ്വയ്യ് ഒരു ശാസ്ത്രീയമായ ഭരണസംവിധാനം ആരംഭിച്ചു. തങ്ങളുടെ അധികാരവും ഭരണവും നാടിന്റെ നാഡിമിടിപ്പായി മാററുവാന്‍ ഇതു സഹായിച്ചു. ദാറുന്നദ്‌വ എന്ന പാര്‍ലമെന്റ് സ്ഥാപിക്കുകയും കഅ്ബാലയ പരിചരണം, യുദ്ധ നായകത്വം, ജൂഡീഷ്യല്‍ സംവിധാനം, തീര്‍ഥാടക ക്ഷേമം തുടങ്ങിയ വകുപ്പുകളാക്കി അധികാരം വിഭജിച്ച് ഖുറൈശികളിലെ ഓരോ കുടുംബത്തിനും അവ വീതിച്ചു നല്‍കുകയും അങ്ങനെ അദ്ദേഹം എല്ലാവരെയും ഭരണത്തില്‍ പങ്കാളികളാക്കി.
ഖുസ്വയ്യും ശേഷം മകന്‍ അബ്ദുമനാഫും സര്‍വ്വസമ്മതമായ ഭരണം കാഴ്ചവെച്ചുവെങ്കിലും പിന്നീട് അബ്ദു മനാഫിന്റെയും അബ്ദുദ്ദാറിന്റെയും മക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. എങ്കിലും മക്കായിലെ പ്രധാന ഉത്തരവാദിത്വങ്ങളും അധികാരങ്ങളും അബ്ദുമനാഫ്, ഹാശിം, മുത്വലിബ്, അബ്ദുല്‍ മുത്വലിബ് എന്ന പരമ്പരയി ലായിരുന്നു. ഇവരുടെ നേതൃത്വത്തെ ബഹുമാനപൂര്‍വ്വം അനുസരിക്കുന്നതില്‍ ഖുറൈശികളിലെ പത്തു കുടുംബങ്ങളും ഒരു വിമുഖതയും കാണിച്ചിരുന്നില്ല.
എ ഡി 571ല്‍ അബ്ദുല്‍ മുത്വലിബിന്റെ മകന്‍ അബ്ദുല്ലായുടെയും വഹബിന്റെ മകള്‍ ആമിനായുടെ കണ്‍മണിയായി മുഹമ്മദ്(സ) പിറന്നുവീഴുമ്പോള്‍ ജനിച്ചത് ഒരു രാജകുമാരന്‍ തന്നെയായിരുന്നു എന്നതിന്റെ ചരിത്രചിത്രമാണ് ഇത് കാണിക്കുന്നത്. അധികാര-സാമ്പത്തിക-സാമൂഹിക മേല്‍കോയ്മകളുടെ ഇടയില്‍ ജനിച്ചുവീണ ഈ പ്രഭുകുമാരന്‍ പക്ഷെ, ജീവിതത്തിലൊരിക്കലും ആ അര്‍ഥത്തില്‍ നെഞ്ചുവിരിക്കുകയുണ്ടായില്ല. ഒരിടത്തും തള്ളിക്കേറുകയുണ്ടായില്ല. വിനയത്തിന്റെ ധവളിമ സ്ഫുരിക്കുന്ന പാല്‍പുഞ്ചിരിയില്‍ പ്രമാണിത്വത്തിന്റെ ഗര്‍വ്വല്ല, സ്‌നേഹത്തിന്റെയും വിനയത്തിന്റെയും സഹൃദയത്വമായിരുന്നു ആ ജീവിതത്തില്‍ ബഹിര്‍സ്ഫുരിച്ചത്.
ആകര്‍ഷകമായ കെട്ടും മട്ടും… 
ആകര്‍ഷകമായ ശാരീരിക സൗകുമാര്യവും സൗന്ദര്യവും അഹങ്കാരത്തിലേക്കും അഹന്തയിലേക്കും നയിക്കുക എന്നത് മനുഷ്യപ്രകൃതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത സ്വഭാവങ്ങളാണ് എന്ന് മനശാസ്ത്രം പറയുന്നു. സുന്ദരന്‍മാര്‍ക്കും സുന്ദരിമാര്‍ക്കും മററുള്ളവരുടെ മുമ്പിലെത്തുമ്പോള്‍ ഈ നെഗളിപ്പുണ്ടാവുന്നത് കണ്ണില്‍ പെടുന്ന ഓരോരുത്തരുമായും തല്‍സമയം മനസ്‌സില്‍ നടക്കുന്ന ഒരു താരതമ്യത്തിനെ തുടര്‍ന്നാണെന്നാണ് നിഗമനം. തന്നെപ്പററി താന്‍ മനസ്‌സില്‍ സൂക്ഷിക്കുന്ന ചിത്രത്തിനു മുമ്പില്‍ കണ്ണില്‍ പെട്ടയാള്‍ ചെറുതാണെന്ന തോന്നലിന്റെ വികാരം മനസ്‌സ് പകരുമ്പോള്‍ ഒരഭിമാനബോധം മനസ്‌സിലുണ്ടാവുന്നു. ആ ബോധമാണ് പിന്നെ അവനെ അല്ലെങ്കില്‍ അവളെ നയിക്കുക.
പുരുഷസൗന്ദര്യത്തിന്റെ പരമകാഷ്ഠയിലായിരുന്നു നബിതിരുമേനിയെന്ന് അവരെ കണ്ടവര്‍ ഒരേ സ്വരത്തില്‍ സാക്ഷ്യ പ്പെടുത്തുന്നു. പക്ഷേ, ആ ബോധം മററുള്ളവരെ ചെറുതായിക്കാണുവാനോ തന്നെ പൊക്കത്തില്‍ അവരോധിക്കുവാനോ ആ മഹാനെ പ്രേരിപ്പിക്കുന്നില്ല എന്നത് 63 ആണ്ടുകള്‍ ഒപ്പം നടക്കുമ്പോള്‍ കണാനാവും.
കുട്ടിക്കാലം മുതല്‍ കണ്ണെടുക്കാതെ കണ്ടു വളരുകയും ഒപ്പം ജീവിക്കുകയും ചെയ്ത അലി(റ) ആ സൗന്ദര്യം വിവരിക്കു മ്പോള്‍ അതു കൂടുതല്‍ ബോധ്യമാവും. അദ്ദേഹം പറയുന്നു: ‘വളരെ നീണ്ടതോ കുറിയതോ അല്ലാത്ത മിതമായ ഒരു ശരീരപ്രകൃതിയായിരുന്നു നബിതിരുമേനി(സ)യുടേത്. കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അവരിലെ മിതപ്രകൃതക്കാരനായിരുന്നു അവര്‍. അവരുടെ തലമുടി ജഢപിടിച്ചതോ വല്ലാതെ അയഞ്ഞുകിടക്കുന്നതോ അല്ലായിരുന്നു. മുഖം അമിതമായി വീര്‍ത്തതോ മെലിഞ്ഞതോ ആയിരുന്നില്ല. കണ്ണുകള്‍ നല്ല കറുപ്പുള്ളവയും പുരികങ്ങള്‍ നീണ്ടവയുമായിരുന്നു.  മുഖത്തിന് ഒരു വൃത്താകാരമുണ്ടായിരുന്നു. ചുവന്ന വെളുപ്പായിരുന്നു അവരുടെ നിറം. എടുപ്പുള്ള ശിരസ്‌സും ബലമുള്ള സന്ധികളുമായിരുന്നു അവരുടേത്. നെഞ്ചില്‍ (നിറപൂരുഷത്തിന്റെ അടയാളമായ) നേരിയ മുടിയുണ്ടായിരുന്നു.
ശരീരം രോമാവൃതമല്ലായിരുന്നു. ഉറച്ചതായിരുന്നു അവരുടെ ചവിട്ടടികള്‍. തിരിഞ്ഞുനോക്കുമ്പോള്‍ (പ്രൗഢിയോടെ) അദ്ദേഹം ഒന്നിച്ച് തിരിയുമായിരുന്നു. അവരുടെ മുതുകില്‍ പ്രവാചകത്വമുദ്രയുണ്ടായിരുന്നു. ഉദാരതയും ഹൃദയ വിശാലതയും സ്ഫുടമായ സംസാരവുമായിരുന്നു അവരുടേത്. ജനങ്ങളോടുള്ള വാക്കുകള്‍ പാലിക്കുന്നതിലും മാന്യമായി പെരുമാറുന്നതിലും ബന്ധങ്ങള്‍ പുലര്‍ത്തുന്നതിലും ഉന്നതനായിരുന്നു അവര്‍. പ്രഥമദൃഷ്ടിയില്‍ ഗാംഭീര്യം തോന്നുന്നതും ഇടപഴകുമ്പോള്‍ സ്‌നേഹിച്ചുപേകുന്നതുമായ വ്യക്തിത്വമായിരുന്നു അവരുരുടേത്. മുമ്പോ പിമ്പോ അത്ര സമ്പൂര്‍ണ്ണനായ ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല.’ (തിര്‍മുദി)
ബറാഅ് ബിന്‍ ആസിബ്(റ)വിനോട് ‘നബി(സ)യുടെ മുഖം വാളുപോലെയായിരുന്നുവോ തിളങ്ങിയിരുന്നത്?’ എന്ന് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘അല്ല, ചന്ദ്രനെ പോലെയായിരുന്നു’ എന്നായിരുന്നു. (തിര്‍മുദി). പ്രവാചന്റെ മുഖകമലം സൂര്യന്റെ തേജസുററതായിരുന്നു എന്ന് അബൂഹുറൈറ(റ) പറയുന്നു. ദീര്‍ഘമായ പത്തുവര്‍ഷം നബിയുടെ ഭൃത്യനായി വിളിപ്പുറത്തുണ്ടായിരുന്ന കഅ്ബ് ബിന്‍ മാലിക്(റ) കൗതുകപൂര്‍വ്വ നബിതിരുമേനിയുടെ മുഖം കണ്ടുനിന്നപ്പോള്‍ തോന്നിയത് അതൊരു ചന്ദ്രക്കീറാണെന്നായിരുന്നു. പ്രവാചകപ്രവരന്റെ ഭംഗിയും അഴകും വിവരിക്കുമ്പോള്‍ സ്വഹാബിമാര്‍ക്ക് വല്ലാത്ത ഒരു ലഹരിയാണ്. അത്രക്കും തിളക്കമുള്ള ഒരു നക്ഷത്രമായിരുന്നു അവരുടെ കണ്‍മുന്നില്‍.
എന്നിട്ടും കറുത്തവരും വിരൂപരുമായിരുന്ന തന്റെ സ്വന്തം അനുയായികളുടെ മുമ്പിലോ തന്നോളമെത്താന്‍ കഴിയാത്ത മററുള്ള ഖുറൈശികളുടെ മുമ്പിലോ ഹൃദയഹാരിയായി പുഞ്ചിരിക്കുമ്പോള്‍ അഹങ്കാരമോ അഹന്തയോ ആ ഉള്ളിലിരുന്ന് ചിലച്ചില്ല. അത്രയും വിനയാന്വിതമായുരുന്നു ആ ദിവ്യ ജ്യോതിസ്‌സ്.
ഉമ്മു മഅ്ബദിന്റെ കണ്ണും കരളും..
ഹിജ്‌റ യാത്രയില്‍ നബിതിരുമേനിയും അബൂബക്കര്‍(റ)വും ഒരു ഗ്രാമത്തിലെത്തി. ഒപ്പം അവരുടെ വഴികാട്ടി അബ്ദുല്ലാഹി ബിന്‍ ഉറൈഖിത്വുമുണ്ട്. അവര്‍ക്ക് നന്നേ ദാഹിച്ചിരുന്നു. വിശപ്പുമുണ്ട്. ചൂടുള്ള മണലിലൂടെ മരുഭൂമിയും താണ്ടിയുള്ള യാത്ര. മക്കയില്‍ നിന്നും മദീനായിലേക്ക് പോകുന്നത് ഒളിച്ചോടും പോലെയാണ്. ഇപ്പോള്‍ രണ്ടു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാലും ഇടക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്. കാരണം മക്കായില്‍ നബിയെയും അബൂബക്കറിനെയും ജീവനോടെയോ അല്ലാതെയോ പിടിക്കൂടുന്നവര്‍ക്ക് നൂറ് ഒട്ടകമാണ് ഇനാം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ വെളിച്ചത്തെ ഭയക്കുന്നവരോ ഒരു പുരുഷായുസ്‌സിന് സ്വപ്നം കാണുവാനാവാത്ത ഇനാമില്‍ കണ്ണുടക്കുന്നവരോ തങ്ങളെ പിന്തുടരാം എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
വല്ല കുടിലോ തമ്പോ കാണുന്നുണ്ടോ എന്നു നോക്കുന്നതിനിടയില്‍ അവര്‍ ഒരു തമ്പുകണ്ടു. അവരവിടേക്കു നടന്നു. വൃദ്ധയായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. ആഗതരെ സ്വീകരിച്ചു. ആഗതര്‍ക്ക് കൊടുക്കുവാന്‍ ഒന്നിമില്ലെന്ന നിരാശ ചുളിവുകള്‍ വീണ അവരുടെ മുഖത്ത് മൂടിക്കെട്ടിക്കിടന്നിരുന്നു. അകത്തേക്ക് നോക്കി ആഗതര്‍ ഒരു ആടിനെ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു: ‘അതിനു പാലുണ്ടോ?’. ഇല്ലെന്ന് വൃദ്ധ നിരാശയോടെ പറഞ്ഞു. ‘എന്നാല്‍ തങ്ങള്‍ കറന്നുനേക്കിക്കോട്ടേ’ എന്നായി ആഗതര്‍. വൃദ്ധ നിഷ്‌കളങ്കമായി സമ്മതിച്ചു. നബിതിരുമേനി ആടിനെ കറന്നു. പാലില്ലാത്ത ആട് പ്രവാചകപ്രവരനു പാല്‍ ചുരത്തിക്കൊടുത്തു.
വൃദ്ധക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ക്ഷീണവും ദാഹവും തീര്‍ത്ത ആഗതര്‍ യാത്രപറഞ്ഞിറങ്ങി. തന്റെ ഭര്‍ത്താവ് വന്നുകയറുമ്പോഴും ഉമ്മു മഅ്ബദ് ഞെട്ടലില്‍ നിന്ന് മുക്തയായിരുന്നില്ല. പാലില്ലാത്ത ആടില്‍ നിന്ന് കറന്ന പാല്‍ ഉമ്മു മഅ്ബദിന്റെ പാത്രത്തിലിരിക്കുന്നതു കണ്ട ഗൃഹനാഥന്‍ കാര്യങ്ങളന്വേഷിച്ചു. ഉമ്മു മഅ്ബദ് മെല്ലെ ഓര്‍മകളുടെ ദളങ്ങള്‍ മറിച്ചു. തന്റെ മുമ്പില്‍ വന്നവരിലെ ആ തേജസ്‌സിനെ ഓര്‍ത്തെടുത്തു.
ഉമ്മു മഅ്ബദ് വിവരിച്ചു: ‘തെളിച്ചമുള്ള പ്രകൃതമുള്ള, പ്രകാശിക്കുന്ന മുഖമുള്ള, ഏറെ തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത, നല്ല സുഖനും സുന്ദരനുമായ, കറുത്ത കണ്ണുകളുള്ള, നീണ്ട കണ്‍പീലികളുള്ള, മധുര മൊഴിയുള്ള, നീണ്ട പിരടിയും തിങ്ങിയ താടിയുമുള്ള, നീണ്ടു വളഞ്ഞ് പരസ്പരം ചേര്‍ന്ന പുരികങ്ങളുള്ള ഒരാള്‍. അദ്ദേഹം മൗനം പാലിക്കുമ്പോള്‍ ഒരു ഗാംഭീരം അദ്ദേഹത്തെ വലയം ചെയ്യുന്നു. സംസാരിച്ചുതുടങ്ങുമ്പോള്‍ പ്രൗഢി പ്രകടമാവുന്നു. ദൂരെ നിന്ന് കാണുമ്പോഴേ അതിസുന്ദരന്‍. അടുത്തെത്തുമ്പോള്‍ സുഗുണനും സുമുഖനും. മുത്തുമണികളുതിര്‍ന്നുവീഴും പോലെ മനോഹരവും മിതവുമായി അദ്ദേഹം സംസാരിക്കുന്നു. വല്ലാതെ നീണ്ട ആളല്ല. എന്നാല്‍ കുറിയ ആളുമല്ല. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം തന്നെയായിരിക്കും ഏററവും സുന്ദരന്‍. അദ്ദേഹത്തിനൊപ്പം ഏതാനും പേരുണ്ട്. അവരദ്ദേഹത്തെ വലയം ചെയ്തു നില്‍ക്കുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ അവര്‍ മൗനം പാലിക്കുകയും അദ്ദേഹം കല്‍പ്പിക്കുമ്പോള്‍ ധൃതിയില്‍ അനുസരിക്കുകയും ചെയ്യുന്നു. മുഖം ചുളിക്കുന്നവനോ നിരര്‍ഥകമായി സംസാരിക്കുന്നയാളോ അല്ല അദ്ദേഹം..’; പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല ഉമ്മു മഅ്ബദിന്.
ആടുമേക്കുന്ന മഹാന്‍..
വിനയത്തിന്റെ എല്ലാ ഗുണങ്ങളും ആവാഹിച്ചകൊണ്ടായിരുന്നു നബിതിരുമേനി ബാല്യം കടന്നത്. യവ്വനത്തിലേക്ക് പാദമൂന്നുന്ന ഈ പ്രഭുകുമാരന്‍ വെറുതെ നാട്ടിലൂടെ ചുററിക്കറങ്ങുവാനോ കച്ചവടം തുടങ്ങിയ മേല്‍തട്ടുകളിലേക്ക് കയറുവാനോ ശ്രമിക്കാതെ ഒരു ഇടയനായിത്തീരുന്ന കാഴ്ച വിനയത്തിന്റെ വിത്തുകള്‍ മുളച്ചുവരുന്ന ഒരു മനസ്‌സിന്റെ ചിത്രം വരച്ചുതരുന്നു. ‘മക്കായിലെ ചിലര്‍ക്ക് താന്‍ ഏതാനും നാണയത്തുട്ടുകള്‍ക്ക് പകരമായി ആടുമേച്ചിരുന്നു’ എന്ന് അവര്‍ സസന്തോഷം പ്രസ്താവിക്കുകയുണ്ടായി. ജീവിതത്തിന്റെ നിറകാലങ്ങളില്‍ ഒരു ഉമ്മത്തിന്റെ നിശ്വാസമായി ജീവിക്കുമ്പോള്‍ ഇങ്ങനെ ഓര്‍ക്കുവാനും അതു പരസ്യമായി പയുവാനും ഈ പ്രവാചകന് കഴിയുമ്പോള്‍ നാം വീണ്ടും ആ വിനയത്തിന്റെ പൊലിമ കാണുകയാണ്.
ബനൂ സഅ്ദ് കുടുംബക്കാരുടെ ആടുകളെയായിരുന്നു താന്‍ നോക്കിയിരുന്നത് എന്ന് മററു ചില തിരുവരുളുകളില്‍ വന്നിട്ടുണ്ട്. ഖുറൈശികളിലെ പത്തു കുടുംബങ്ങളില്‍ താഴെതട്ടുകളില്‍ നിന്നിരുന്ന കുടുംബങ്ങളിലൊന്നായിരുന്നു ബനൂ സഅ്ദ്. നബിയുടെ പോററുമ്മ ഹലീമത്തുസ്സഅ്ദിയ്യ തുടങ്ങിയവരുടെ കുടുംബമാണെങ്കിലും പൊതുവെ ആടുമാടുകളെ വളര്‍ത്തി ഉപജീവനം കഴിച്ചിരുന്നവരായിരുന്നു ഇവര്‍. ഗോത്രമഹിമയും കുടുംബ-വംശീയതകളും ആടിത്തിമര്‍ക്കുന്ന ഒരു യുഗത്തില്‍ തങ്ങളേക്കാള്‍ താഴെ നില്‍ക്കുന്ന ഒരു കുടുംബത്തില്‍ ഇടയജോലി ചെയ്യുവാന്‍ മാത്രം പക്വതപ്പെടുന്ന ഒരു മനസ്‌സ് എത്രമാത്രം വിനയന്വിതമായിരിക്കും എന്നാലോചിക്കാവുന്നതേയുള്ളൂ.
പ്രവാചകന്‍മാരുടെ വഴിയില്‍ ഈ കാഴ്ച ഒരു പതിവാണെന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കാണുവാ നാകും. ആടുകളുള്ളവരും ഒട്ടകങ്ങളുള്ളവരും തമ്മില്‍ ഒരിക്കല്‍ നബിതിരുമേനിയുടെ മുമ്പില്‍വെച്ച് ഒരു തര്‍ക്കമുണ്ടായി. അപ്പോള്‍ നബി(സ) അവരേട് പറഞ്ഞു: ‘ഞാനും ആടുമേച്ചിട്ടുണ്ട്, മക്കായിലെ അജ്‌യാദില്‍..’ അതുകേട്ട് അത്ഭുത പരതന്ത്രനായ ഒരു സ്വഹാബി ആശ്ചര്യപ്പെട്ടു: ‘നിബിയേ, അങ്ങ് ആടുമേക്കുകയോ?’ നബി(സ) പറഞ്ഞു: ‘അതേ, എല്ലാ പ്രവാചകന്‍മാരും ആടുമേച്ചിട്ടുണ്ടായിരുന്നു’. മൂസാ നബിയുടേയും ദാവൂദ് നബിയുടേയും ചരിത്രങ്ങളില്‍ അവരുടെ അജപാലനം വ്യക്തമായും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂസാ നബി ശുഐബ് നബിയുടെ മകളെ വിവാഹം ചെയ്യുന്നതിന് നല്‍കിയ വിവാഹമൂല്യം തന്നെ ആടുമേക്കലായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും വ്യക്തമാണല്ലോ.
ജനങ്ങളുടെ ഇടയന്‍മാരായി തീരുവാന്‍ പോകുന്നവര്‍ക്ക് ഇതൊരു പരിശീലനമായിരുന്നു എന്ന് ഈ സംഭവങ്ങളെയെല്ലാം വ്യാഖ്യാനിക്കുമ്പോള്‍ പ്രമുഖ പണ്‍ഡിതന്‍മാര്‍ പറയുന്നുണ്ട്. പ്രത്യേകിച്ചും ആടുകളെ മേക്കുന്നത്. ശാന്തജീവികളാണ് ആടുകള്‍. അവരുടെ കൂടെയുള്ള സഹാവാസം മാനസികമായ ഒരു ആശ്വാസത്തിലേക്കും ശാന്തിയിലേക്കും നയിക്കുമെന്ന് പറയാതിരിക്കാനാവില്ല. രിസാലത്തിന്റെ ഭാരം താങ്ങുവാന്‍ വേണ്ടി പ്രവാചക മനസ്‌സുകളെ തയ്യാറാക്കുന്ന അല്ലാഹു ഇത്തരമൊരു ഘട്ടം നല്‍കുന്നത് ഈ ശാന്തതയില്‍ മനക്കരുത്ത് ആവോളം സംഭരിക്കുവാന്‍ കൂടിയായിരിക്കാം.
 അംഗീകാരത്തിനു മുമ്പിലും തലയുയര്‍ത്താതെ.
ഖുറൈശികള്‍ വിശുദ്ധ കഅ്ബാലയം പുതുക്കിപ്പണിയുമ്പോള്‍ നബിതിരുമേനിക്ക് മുപ്പത്തിയഞ്ചായിരുന്നു പ്രായം. അന്ന് കഅ്ബാലയത്തിന് മേല്‍കൂരയില്ലായിരുന്നു. വാതില്‍ തറയില്‍ നിന്ന് ഉയര്‍ത്തിയിട്ടുമില്ലായിരുന്നു. തിരക്കിനിടയിലോ വിജനമായിരിക്കുമ്പോഴോ എല്ലാം ഇത് ചില മോഷ്ടാക്കള്‍ക്ക് സഹായമായി. അകത്ത് സൂക്ഷിച്ചിരുന്ന ചില വിലപിടിപ്പുള്ള വസ്തുക്കള്‍ അങ്ങനെ മോഷണം പോയി. അക്കാലത്ത് ഉണ്ടായ ഒരു ശക്തമായ മഴയെതുടര്‍ന്ന് ദിവസങ്ങളോളം കഅ്ബാലയത്തിനു ചുററും വെള്ളം കെട്ടിനിന്നതിനാല്‍ തറയുടെ ഭാഗങ്ങള്‍ തകര്‍ന്നു. അതോടൊപ്പം കാലപ്പഴക്കത്തില്‍ ചുമരുകളും മററും വല്ലാതെ ജീര്‍ണ്ണിക്കുകയും ചെയ്തിരുന്നു. അതാനാലെല്ലാം കഅ്ബാലയം പുതുക്കിപ്പണിയുവാന്‍ അവര്‍ തീരുമാനിച്ചു.
ദാറുന്നദ്‌വയില്‍ ചേര്‍ന്ന യോഗം വ്യക്തവും വിശുദ്ധവുമായ പദ്ധതികള്‍ തയ്യാറാക്കി. ധാര്‍മ്മിക വിശുദ്ധിയില്ലാത്ത സംഭാവ നകള്‍ വേണ്ടെന്ന്‌വെച്ചു. നിര്‍മ്മാണത്തിന്റെ മഹത്വം കുടുംബങ്ങള്‍ക്ക് ഓഹരിവെച്ച് നല്‍കി. ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ നിശ്ചയിച്ചുകൊടുത്തു. നിര്‍മ്മാണം തുടങ്ങി. ബാഖൂം എന്ന റോമന്‍ വംശജനായിരുന്നു നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. നബിതിരുമേനിയുടെ കുടുംബത്തിനും പങ്കുകിട്ടിയിരുന്നു. കഅ്ബാലയത്തിന്റെ എക്കാലത്തും ഏററവും ശ്രേഷ്ടത കല്‍പ്പിക്കപ്പെട്ട വാതില്‍ നില്‍ക്കുന്ന കിഴക്കേചുമരിലായിരുന്നു അതെന്ന് ചില ചരിത്രങ്ങളിലുണ്ട്. നബിതിരുമേനിയുമുണ്ടായിരുന്നു ജോലികളില്‍ തന്റെ കുടുംബത്തെ സഹായിക്കുവാന്‍.
ഹജറുല്‍ അസ്‌വദ് എന്ന വിശുദ്ധശില സ്ഥാപിക്കേണ്ട സമയമായപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കമായി. ഓഹരി വെക്കപ്പെട്ടതില്‍ അതുള്‍പ്പെടില്ലായിരുന്നു. അതിനെ ഒരു വലിയ ശേഷ്ഠതയായി കാണുന്ന അവര്‍ ഓരോരുത്തരും ‘തങ്ങ ളാണ് അതിന് യോഗ്യരെന്ന്’ വാദിക്കുകയും ‘എന്തുകൊണ്ട് തങ്ങളായിക്കൂടാ?’ എന്ന് ചോദിക്കുകയും ചെയ്തു. ‘എന്നാല്‍ അതു തീരുമാനിച്ചിട്ടാവാം ബാക്കി പണി’ എന്നു എല്ലാവരും തീരുമാനിച്ചു. ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ മറുകിയതോടെ വിഷയം വലുതായി. വാക്കുകളില്‍ തീപാറി. നാലു ദിവസങ്ങള്‍ പണി നിറുത്തി ചര്‍ച്ചചെയ്തിട്ടും തീരുമാനം എങ്ങുമെത്തിയില്ല. നാട് ഒരു യുദ്ധത്തിന്റെ പ്രതീതിയിലേക്ക് നിറം മാറി.
ബനൂ അബ്ദുദ്ദാര്‍ കുടുംബത്തിനായിരുന്നു ശൗര്യം കൂടുതല്‍. അവര്‍ വിട്ടുകൊടുക്കുവാന്‍ ഭാവമില്ലായിരുന്നു. നാലാം ദിവസത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടത് അവരുടെ പ്രതിജ്ഞ കേട്ടായിരുന്നു. ചോര നിറച്ച തളികയില്‍ കൈവെച്ച് അവരുടെ ഗോത്രത്തലവന്‍ ‘തങ്ങള്‍ ഈ അവകാശം നേടും വരെ സമരം ചെയ്യു’മെന്ന് ആണയിട്ടു. അറബികള്‍ അങ്ങനെ ചെയ്താല്‍ അത് ഒരവസാനവാക്കായി ഗണിക്കുന്ന കാലമായിരുന്നു അത്. ഹറമില്‍ കഅ്ബാലയത്തിനു മുമ്പില്‍ ചോരപ്പുഴ ഒഴുകുന്നത് ഓരോരുത്തരും ഭീതിയോടെ മനസ്‌സില്‍ കണ്ടു.
കാര്യങ്ങള്‍ അതീവഗുരുതരമാവുകയാകുകയാണെന്ന് കണ്ട വലീദ് ബിന്‍ മുഗീറ മുന്നോട്ടുവന്നു. അവരിലെ ഏററവും വലിയ കാരണവരായിരുന്നു അയാള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും അനുസരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ‘ഈ വിഷയത്തെ നാം ദൈവഹിതത്തിനു വിടണം. ആരും ഇപ്പോള്‍ പുറത്ത് പോവരുത്. ആരെയും അകത്തേക്ക് വിളിക്കുകയുമരുത്. എല്ലാവരും വാതില്‍ക്കലേക്ക് കണ്ണും നട്ടുനില്‍ക്കുക. ആ വാതിലിലൂടെ ഇപ്പോള്‍ ആദ്യമായി കടന്നുവരുന്നത് ആരാണെങ്കിലും അയാള്‍ പറയുന്ന പരിഹാരം നാമെല്ലാവരും സ്വീകരിക്കുക.’ വലീദിന്റെ അഭിപ്രായം എല്ലാവര്‍ക്കും ബോധിച്ചു. എല്ലാവരും സമ്മതിച്ചു. ആര് കടന്നുവരികയാണെങ്കിലും ആ വരവ് യാദൃശ്ചികമാണ്. അതിനാ ല്‍ അതിനെ ദൈവഹിതം എന്നു അതിനെ വിളിക്കുവാന്‍ എളുപ്പവുമാണ്.
എല്ലാവരും നോക്കിനില്‍ക്കെ വാതിലിലൂടെ കടന്നുവന്നത് ‘അല്‍ അമീന്‍’ എന്ന് അവര്‍ വിളിച്ചിരുന്ന മുഹമ്മദ്(സ) ആയിരുന്നു. അഞ്ചുദിവസമായി നില്‍ക്കുന്ന തര്‍ക്കം എവിടെയെത്തി എന്നറിയാന്‍ തികച്ചും യാദൃശ്ചികമായി അങ്ങോട്ട് കടന്നു വരികയായിരുന്നു അദ്ദേഹം. ഏതായാലും അദ്ദേഹം എത്തിപ്പെട്ടത് തന്റെ നാട്ടിലെ ഏററവും വലിയ ഒരു പ്രശ്‌നത്തിന്റെ കോടതിയിലെ ന്യായാധിപന്റെ പദവിയിലായിരുന്നു. മക്കായില്‍ ഒരാള്‍ക്കും അപ്പോള്‍ ലഭിച്ചിട്ടില്ലാത്ത പതവി. സാകൂതം എല്ലാം കേട്ട് നബിതിരുമേനി പെട്ടെന്ന് വിധി പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന വിധി. തന്റെ തട്ടം വിരിച്ച് അതില്‍ വെച്ച വിശുദ്ധശില എല്ലാവരും കൂടി ഉയര്‍ത്തുക. ഒരാള്‍ക്കും ഇനി ഒന്നും പറയാനില്ല. ഒരാള്‍ക്കും അവഗണിക്കപ്പെടേണ്ടതായിവന്നില്ല.
നബിതിരുമേനിക്ക് മുമ്പില്‍ ഒരുപാട് ന്യായങ്ങളുണ്ടായിരുന്നു, താന്‍ അബ്ദുല്‍ മുത്തലിബിന്റെ ചെറുമകനാണെന്നും അതിനാല്‍ തന്റെ അവകാശമാണിതെന്നും പറഞ്ഞ് അതെടുത്തുയര്‍ത്തുവാന്‍, അല്ലെങ്കില്‍ ഹജറുല്‍ അസ്‌വദിന്റെ അടുത്ത ഭാഗത്തു തന്നെ നിര്‍മ്മാണത്തില്‍ പങ്കുകൊണ്ടുകൊണ്ടിരിക്കുന്ന തന്റെ കുടുംബത്തിനാണ് അതിന്റെ അര്‍ഹത എന്നു വാദിക്കുവാന്‍. അതുമല്ലെങ്കില്‍ തെല്ലു ഗാംഭീര്യത്തോടെ ഒന്നൊച്ചയനക്കി ‘ഞാനൊന്നാലോചിക്കട്ടെ’ എന്നു പറഞ്ഞ് ഈ ന്യായാധിപപതവി അല്‍പം നീട്ടിക്കൊണ്ടുപോകുവാനെങ്കിലും. ആ അധികാരത്തിന്റെ പ്രൗഢിക്കുമുമ്പില്‍ വിനയാന്വിതനാ കുകയായിരുന്നു മാനുഷ്യകത്തിന്റെ ഈ മഹാകാരുണ്യം.
നല്ല അയല്‍ക്കാരന്‍..
നബിതിരുമേനിയുടെ പ്രധാന അയല്‍ക്കാര്‍ അബൂലഹബ്, ഹകം ബിന്‍ ആസ്വ്, ഉഖ്ബത്ത് ബിന്‍ അബൂ മുഐത്വ്, ഉദയ്യ് ബിന്‍ ഹംറാഅ്, ഇബ്‌നുല്‍ അസ്വ്ദഅ് എന്നിവരായിരുന്നു. കനലുകള്‍ക്കിടയിലെന്ന പോലെയായിരുന്നു നബി അവര്‍ക്കിടയില്‍ ജീവിച്ചിരുന്നത്. എല്ലാവരും നബിയുടെ അടുത്ത കുടുംബാദികളായ ബനൂ അബ്ദുമനാഫില്‍ പെട്ടവരാ യിരുന്നു. അവരില്‍ ഹകം ബിന്‍ ആസ്വിനെയല്ലാതെ മറെറാരാള്‍ക്കും ഇസ്‌ലാം സ്വീകരിക്കാനുള്ള സൌഭാഗ്യം ലഭിച്ചില്ല
ഈ അയല്‍ക്കാര്‍ നബിയെ ഭല്‍സിക്കുന്നതും ശല്യപ്പെടുത്തന്നതും ഒരു വിനോദമായി കാണുന്നവരായിരുന്നു. നബി തിരുമേനി നിസ്‌കരിക്കുമ്പോള്‍ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്നിടുക, വീടിനു മുമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയ അവര്‍ ചെയ്യാത്തതൊന്നുമുണ്ടായിരുന്നില്ല. അവരുടെ ശല്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നബിക്ക് വീട്ടില്‍ വേരെ ഒരു മുറി തന്നെയുണ്ടാക്കേണ്ടിവന്നു.
വഴിയില്‍ വെച്ച് കാണുമ്പോള്‍ പരിഹാസവാക്കുകള്‍ പറയുക, കുററപ്പെടുത്തി സംസാരിക്കുക, കയര്‍ക്കുക തുടങ്ങിയവക്കുപുറമെ വഴിയില്‍ കല്ലും മുള്ളും വിതറുക തുടങ്ങിയവയും ചെയ്യുമായിരുന്നു അവര്‍. ഇവരുടെ ഇത്തരം നീചത്വങ്ങള്‍ മക്കായിലെ സാധാരണക്കാരെ പ്രചോദിപ്പിക്കുക കൂടി ചെയ്തു. ഇവര്‍ക്ക് ഇതൊക്കെ ആവാമെങ്കില്‍ മററുള്ളവര്‍ക്കുമതാവാം എന്ന ധാരണയുണ്ടായി. നബിതിരുമേനിയുടെ ആണ്‍കുട്ടികളെല്ലാം മരിക്കുകയും പെണ്‍കുട്ടികള്‍ മാത്രമവശേഷിക്കുകയും ചെയ്തപ്പോള്‍ നബിയെ ‘അബ്തര്‍’ എന്നാക്ഷേപിച്ചതും ഇവരായിരുന്നു. ശേഷക്കാരില്ലാത്തവന്‍ എന്ന ഈ പരിഹാസം നബിയുടെ മനസ്‌സിനെ വല്ലാതെ വേദനിപ്പിക്കുയുണ്ടായി.
അവരെ പോലെ മക്കായിലെ ഒരു ഉന്നതകുടുംബാംഗമായിരുന്നിട്ടും നബിയെ ശല്യപ്പെടുത്തിയപ്പോള്‍ ആ മനസ്‌സ് വേദനിച്ചുവെങ്കിലും പ്രതികരിച്ചില്ല. ക്ഷമയുടെ നെല്ലിപ്പടിയിലെത്തിയ ചില സന്ദര്‍ഭങ്ങളില്‍ ശത്രു അയല്‍ക്കാര്‍ തനിക്കെതിരെ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ഒരു കമ്പില്‍ കുത്തിയെടുത്ത് പുറത്തേക്കെറിയുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്. പുറത്തേക്കിടുമ്പോള്‍ താഴ്ന്ന സ്വരത്തില്‍ ആ മനുഷ്യസ്‌നേഹി ഇത്രയേ പറഞ്ഞുള്ളൂ: ‘ഓ, അബ്ദു മനാഫിന്റെ മക്കളേ, എന്ത് അയല്‍വാസമാണിത്..?’
സുറാഖയോട്..
നീണ്ട അലച്ചിലിനൊടുവില്‍ ക്ഷീണിച്ച് വന്നുകയറിയിരിക്കുകയാണ് സുറാഖത്ത് ബിന്‍ മാലിക്. മുഹമ്മദിനെയും അബൂബക്കറിനെയും പിടികൂടുവാനുള്ള മക്കക്കാരുടെ ശ്രമങ്ങളോരോന്നും പാഴാവുകയാണ്. അതിനിടെ ഒരാള്‍ പറഞ്ഞു: ‘കടല്‍കരയുടെ ഭാഗത്തുകൂടെ ആരോ നടന്നുപോകുന്നത് ഞാന്‍ കണ്ടു. ഒരു പക്ഷേ, അതു മുഹമ്മദായിരിക്കാം’. സുറാഖയുടെ മനസ്‌സുണര്‍ന്നു. അയാളുടെ മനസ്‌സ് തീര്‍ത്തു പറഞ്ഞു: ‘അതു മുഹമ്മദും സംഘവും തന്നെ’. പക്ഷേ, ഇവിടെ നിന്നിപ്പോള്‍ ചാടിപ്പുറപ്പെടുന്നത് ബുദ്ധിയല്ല. മററുള്ളവരെ കബളിപ്പിച്ച് വേണം ഇനാം സ്വന്തമാക്കുവാന്‍.
കുറച്ചനേരം കഴിഞ്ഞ് സുറാഖ എഴുനേററു. നേരത്തെ തയ്യാറാക്കിയിരുന്നു കുതിരപ്പുറത്ത് ചാടിക്കയറി അയാള്‍ പറഞ്ഞ വഴിയിലൂടെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. പായും മുമ്പ് പതിവു പോലെ ഒന്നു പ്രശ്‌നം നോക്കാന്‍ മറന്നില്ല. പ്രശ്‌നത്തില്‍ പക്ഷേ, അനുകൂലമായ വിധിയല്ല തെളിഞ്ഞത്. എങ്കിലും മുന്നോട്ടു തന്നെ അയാള്‍ നീങ്ങി. പ്രതീക്ഷിച്ചതു പോലെ ആതാ മുഹമ്മദ്..; കുതിരയെ ചാടിക്കുവാന്‍ ശ്രമിക്കുമ്പോഴേക്കും പക്ഷേ, സുറാഖയുമായി കുതിര താഴേക്ക് ആഴ്ന്നു. സുറാഖ ചാടിയിറങ്ങി. കുതിരയെ പിന്നോട്ട് തിരിച്ചു. കുതിര വീണ്ടും സജ്ജമായി. മുന്നോട്ടു പായുവാന്‍ ശ്രമിക്കുകയും അവരുടെ ഒരു വിളിപ്പാടകലെ എത്തുകയും ചെയ്യുമ്പോള്‍ വീണ്ടും കുതിരയുടെ കാലുകള്‍ മണ്ണില്‍ ആണ്ടുപോയി.
തനിക്കിനി രക്ഷയില്ലെന്നും തന്റെ ലക്ഷ്യത്തിലേക്ക് പായുവാന്‍ കുതിരക്ക് കഴിയില്ലെന്നും തിരിച്ചറിഞ്ഞ സുറാഖ ഉറക്കെ വിളിച്ചു പറഞ്ഞു: ‘എനിക്കഭയം തരൂ..’  ശബ്ദം കേട്ട് നബിയും സംഘവും നിന്നു. അവരെ പിടികൂടുവാന്‍ വന്ന താന്‍ അവരാല്‍ പിടികൂടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സുറാഖക്ക് നാണം തോന്നി. സുറാഖ അവരില്‍ നിന്നും രക്ഷനേടുവാന്‍ പലതും അവര്‍ക്ക് വാഗ്ദാനം ചെയ്തു. ഭക്ഷണവും വെള്ളവും വെച്ചുനീട്ടി. അതൊക്കെ ആവിശ്യമുണ്ടായിരുന്നിട്ടും അവരൊന്നും വാങ്ങിയില്ല. തന്നില്‍ നിന്ന് എന്താണ് വേണ്ടത് എന്ന് ചോദിച്ചു സുറാഖ അവരുടെ മുമ്പില്‍ നിന്നു കേണു. ‘ഞങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുക’; അതുമാത്രമായിരുന്നു നബി(സ) ആവശ്യപ്പെട്ടത്.
തെല്ലു തന്ത്രശാലിയായ സുറാഖക്ക് അപ്പോള്‍ ഒരു ബുദ്ധിതോന്നി. അയാള്‍ ചിന്തച്ചു. തന്റെ കുതിരയെ ദൂരെ നിന്ന് തന്നെ മുഹമ്മദ് തളച്ച നിലക്ക് മുഹമ്മദ് തന്റെ ദൂത്യങ്ങളില്‍ വിജയിക്കുക തന്നെ ചെയ്യും. ഒരുനാള്‍ മുഹമ്മദ് അറേബ്യയുടെ അധിപതിയാകും. അന്ന് ഇതിനെല്ലാം മുഹമ്മദ് പകരം വീട്ടും. അന്ന് താനും അതിനുവിധേയനാവും. അതിനാല്‍ അത്തരമൊരു ദിവസം രക്ഷപ്പെടുവാന്‍ മുഹമ്മദില്‍ നിന്നും രേഖാമൂലം ഒരു സുരക്ഷാപത്രം വാങ്ങണം. അതായിരുന്നു സുറാഖയുടെ ബുദ്ധി.
സുറാഖ തനിക്ക് എക്കാലത്തേക്കുമായി ഒരു അഭയപത്രം എഴുതി തരണമെന്ന് നബിതിരുമേനിയോട് ആവശ്യപ്പെട്ടു. തന്നെപിടിച്ചുകൊടുത്ത് ഇനാം വാങ്ങുവാനുള്ള മോഹവുമായി വന്ന് നിരാശയില്‍ നില്‍ക്കുന്ന സുറാഖയോട് ‘നിനക്കു പോകാം..’ എന്നു പറയേണ്ട ആ രംഗത്ത് സുറാഖയെ ഒന്നു നോക്കി നബിതിരുമേനി ഒപ്പമുണ്ടായിരുന്ന ആമിറിനോട് ‘അതെഴുതുക്കെടുക്കുക’ എന്നു കല്‍പിക്കുമ്പോള്‍ ആ വിനയത്തിന്റെ ശീതളിമ അപ്പോള്‍ ശത്രുവായിരുന്ന സുറാഖ പോലും അനുഭവിക്കുകയായിരുന്നു.
തണലിലെ താരം..
നബി(സ)യും അബൂബക്കര്‍(റ)വും യത്‌രിബിന്റെ മണ്ണിലെത്തിയിരിക്കുകയാണ്. നബിയുടെ വരവും കാത്ത് കാത്തിരിക്കുകയായിരുന്ന യത്‌രിബുകാര്‍ക്കല്ല പക്ഷേ, അവരെ ആദ്യം കാണുവാനുള്ള ഭാഗ്യമുണ്ടായത്. അതൊരു ജൂതനായിരുന്നു. മക്കായില്‍ നിന്ന് വരുന്ന പ്രവാചകനെയും കാത്ത് യത്‌രിബുകാര്‍ എന്നും ഖുബായിലെ മണല്‍കുന്നിനു മുകളിലെത്തും. പിന്നെ ദൂരേക്ക് കണ്ണും നട്ടിരിക്കും. വെയിലിന് തീപിടിക്കുമ്പോള്‍ അവര്‍ നിരാശരായി മടങ്ങുകയും ചെയ്യും. ഇത് തന്റെ ഈന്തപ്പനത്തോട്ടത്തിലെ പണികള്‍ക്കിടയില്‍ ജൂതന്‍ എന്നും കാണുമായിരുന്നു.
മക്കായില്‍ നിന്നുള്ള രണ്ടാളുകള്‍ വന്ന് ഒരു ഈന്തപ്പനയുടെ ചുവട്ടില്‍ വിശ്രമിക്കുന്നതു ഈന്തപ്പനയുടെ മണ്ടയിലിരുന്നു കണ്ട ജൂതന്‍ വിളിച്ചു പറഞ്ഞു: ‘യത്‌രിബുകാരെ, നിങ്ങളുടെ ആളിതാ വന്നിരിക്കുന്നു..’. ശബ്ദം കേട്ട യത്‌രിബ് വീണ്ടും ഖുബായിലേക്ക് ഓടിക്കൂടി. അവര്‍ കണ്ണുനിറയെ കണ്ടു. പ്രവാചകന്‍.. മനുഷ്യനെ വെളിച്ചത്തിലേക്ക് കൊണ്ടുപോകുവാന്‍ സൃഷ്ടാവ് നിയോഗിച്ചയാള്‍..
പക്ഷേ, ഒരു പ്രശ്‌നം അവരെ അലട്ടി. തണലിരിക്കുന്ന രണ്ടു പേരില്‍ ആരാണ് നബി?, അതായിരുന്നു പ്രശ്‌നം. അവരാരും നബിയെ കണ്ടിട്ടില്ലാത്തവരാണ്. നബിയെ കണ്ടവര്‍ ആകെ യത്‌രിബില്‍ നൂറോളം പേര്‍ മാത്രം. കൗതുക പൂര്‍വ്വം കൂടിനില്‍ക്കുന്നവരില്‍ അവരാരുമില്ലായിരുന്നു. അവരൊക്കെ വരുന്നേയുള്ളൂ. കാണാത്തവര്‍ക്കായിരുന്നു ജിജ്ഞാസ കൂടുതല്‍. അവര്‍ രണ്ടു മുഖങ്ങളിലേക്കും മാറിമാറി നോക്കി. യാത്രാക്ഷീണം നന്നായി പ്രകടമാകുന്ന രണ്ടു മുഖങ്ങള്‍ക്കും ഒരു തെളിച്ചമുണ്ട്. ഒരാളുടേത് തെല്ല് കൂടുതലുണ്ടെന്ന് ഒററനോട്ടത്തില്‍ കണ്ടുപിടിക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല.
അവരില്‍ ഓരാള്‍ മാത്രമാണ് നബി. എന്നാല്‍ ഇരുത്തത്തില്‍ രണ്ടുപേരും ഒരേപോലെയാണിരിക്കുന്നത്. നബി എന്ന നായകനും ഒപ്പമുള്ള അനുയായിയും ഒരേ പോലെ ഇരിക്കുകയോ?. ഒരാള്‍ യത്‌രിബിന്റെ ഹൃദയക്കൊട്ടാരത്തില്‍ രാജാവായി വാഴുവാന്‍ വന്നയാളാണ്. ഒപ്പമുള്ള ആള്‍ എന്തായാലും അതല്ല. ഒരാള്‍ മദീനായുടെ സുല്‍ത്വാനാകുവാന്‍ പോകുകയാണ്. ഒപ്പമുള്ള ആള്‍ പ്രജയും. എന്നിട്ടും രണ്ടുപേര്‍ക്കുമിടയില്‍ ഇരുത്തത്തിലെങ്കിലും ഒരു വിത്യാസമില്ല. അവരല്‍ഭുതപ്പെട്ടു. ഒപ്പമുള്ള ആളുടെ അഹങ്കാരമായിരിക്കുമോ ഈ ഇരുത്തം. ആകാന്‍ വഴിയില്ല. രണ്ടു മുഖങ്ങളിലും ഹുങ്കിന്റെ റങ്കുകളൊന്നുമില്ല. അടിമകളും ഉടമകളുമായി ഉച്ചനീചത്വങ്ങളുടെ ഇടയില്‍ ജീവിച്ചുവളര്‍ന്ന അവര്‍ക്ക് ഒട്ടും മനസ്‌സിലായില്ല.
അവസാനം പ്രശ്‌നത്തിന് പരിഹാരമായി. തെല്ലു സമയം കഴിഞ്ഞപ്പോള്‍ വെയില്‍ ഒന്നു ചരിഞ്ഞു. അതോടെ ഒരാള്‍ക്ക് വെയിലേല്‍ക്കുവാന്‍ തുടങ്ങി. അപ്പോള്‍ അവരിലൊരാള്‍ എഴുന്നേററു. രണ്ടാമത്തെയാള്‍ക്ക് അയാള്‍ തണല്‍ വിരിച്ചുനിന്നു. അപ്പോള്‍ അവര്‍ക്ക് മനസ്‌സിലായി ഇരിക്കുന്നയാളാണ് നബിതിരുമേനി. തണല്‍ വിരിച്ചനില്‍ക്കുന്നത് അനുയായിയാണ്. അനുായായിയെ വേറിട്ടു കാണാത്ത പുതിയ വിനയസംസ്‌കാരത്തെ യത്‌രിബുകാര്‍ അന്നാദ്യം കാണുകയായിരുന്നു. ആ സംസ്‌കാരം അവര്‍ക്ക് ബോധിച്ചു. വൈജാത്യങ്ങളില്ലാത്ത ഒരു നവയുഗം അവര്‍ കിനാവില്‍ കണ്ടു.
വിനയാന്വിതനായ മുഖ്യസൈന്യാധിപന്‍
ഹിജ്‌റ രണ്ടാം വര്‍ഷം ബദര്‍ താഴ്‌വരയിലേക്ക് മുസ്‌ലിം സേനയേയും നയിച്ചുകൊണ്ട് നബിതിരുമേനി എത്തിച്ചേര്‍ന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ സായുധസമരത്തിന് കാഹളം മുഴങ്ങിയിരിക്കുകയാണ്. മക്കായില്‍ നിന്ന് രായ്ക്കുരാമാനം ഓടിപ്പോന്ന തന്‍േറയും അനുയായികളുടേയും മുതലുകള്‍ വാരിക്കൂട്ടി അബൂസുഫ്‌യാന്‍ നടത്തുന്ന കച്ചവടത്തെ വഴിയില്‍ വെച്ച് പിടികൂടുവാനായിരുന്നു അവര്‍ ഇറങ്ങിയത്. പക്ഷേ, എത്തിപ്പെട്ടത് അബൂജഹലിന്റെ വന്‍സേനക്കു മുമ്പിലും. പക്ഷേ, യുദ്ധം അവിടെ ഒരു ബാധ്യതയൊന്നുമല്ലായിരുന്നു.
എങ്കിലും നബിതിരുമേനി സ്വന്തം അനുയായികളോട് ആരാഞ്ഞു: ‘എന്താണ് നിങ്ങള്‍ക്കുവേണ്ടത്?, യുദ്ധമോ, മടക്കമോ?’. എന്തിനും ഒരുങ്ങിപ്പുറപ്പെട്ടിറങ്ങിയവരോട് വീണ്ടും ഇങ്ങനെ ചോദിക്കുന്നത് സമരനായകന്റെ വിനയമാണ്. ആജ്ഞകള്‍ കൊണ്ട് മാത്രം യുദ്ധം നയിച്ചിട്ടുള്ള ലോകനേതാക്കളുടെ ഇടയില്‍ ഈ നായകന്‍ വ്യതിരിക്തനാവുന്നതുമിങ്ങനെയാണ്. അനുയായികള്‍ എന്തിനും സന്നദ്ധരായിരുന്നു. അങ്ങനെ ഒടുവില്‍ സമരത്തിലേക്ക് നീങ്ങുവാന്‍ തന്നെ തീരുമാനിച്ചു. മുന്നൂറോളം വരുന്ന അനുയായായികളുമായി നബി ബദര്‍ താഴ്‌വരയിലെത്തി.
സര്‍വ്വസൈന്യാധിപനാണ് നബി. തനിക്ക് പിന്നില്‍ യുദ്ധം ചെയ്യുന്നവരുടെ നേതാവ്. താന്‍ പറയുന്നതെന്തും അനുസരിക്കുന്നവര്‍. ബദറിലെ ജലാശയങ്ങളിലൊന്നിന്റെ അടുത്തെത്തിയ സൈന്യാധിപന്‍ വിളിച്ചുപറഞ്ഞു: ‘ഇവിടെ ഇറങ്ങുക, നമ്മുടെ കേന്ദ്രം ഇവിടെയാവട്ടെ..’ അനുയായികള്‍ അനുസരിച്ചു. എല്ലാവരും ഇറങ്ങി. നേരം പുലരുവാന്‍ ഇനി അധികം നേരമില്ല. നേരം പുലര്‍ന്നാല്‍ യുദ്ധമാണ്. ബദര്‍ യുദ്ധം.
സൈന്യത്തിലെ ഒരു സാധാരണ ഭടന്‍ അപ്പോള്‍ നബിയുടെ മുമ്പിലേക്ക് വന്നു. ഹുബാബ് ബിന്‍ മുന്‍ദിര്‍(റ). എല്ലാ ബഹുമാനങ്ങളോടെയും അദ്ദേഹം നബിയോട് ചോദിച്ചു: ‘ഇത് അല്ലാഹു നിശ്ചയിച്ചുതന്ന കേന്ദ്രമാണോ?, അഥവാ അങ്ങോട്ടോ ഇങ്ങോട്ടോ മാററുവാന്‍ നമുക്കവകാശമില്ലാത്ത കേന്ദ്രം. അതോ താങ്കള്‍ മനസ്‌സില്‍ കാണുന്ന യുദ്ധത്തിനു വേണ്ടി അനുയോജ്യമെന്ന് താങ്കള്‍ക്ക് തോന്നിയ ഒരു കേന്ദ്രം മാത്രമാണോ?’ ഒരു സാധാരണ ഭടന്‍ ഇത്തരത്തിലൊരു ചോദ്യം ചോദിക്കുമ്പോള്‍ ഏതു നായകനും ആ ചോദ്യത്തോട് കാണിക്കുന്ന നിന്ദ്യതയോ നിസ്‌സാരതയോ നബിതിരുമേനി കാണിച്ചില്ല. വിനയം അവരുടെ മുഖമുദ്രയായിരുന്നുവല്ലോ. തന്റെ തീരുമാനത്തിന്റെ പ്രചോദനം ഒരര്‍ഥത്തിലും മറച്ചുവെക്കാതെ നബി(സ) പറഞ്ഞു: ‘അല്ല, ഇത് ഞാനെന്റെ മനസ്‌സുകൊണ്ട് കണ്ട ഒരു കേന്ദ്രം മാത്രമാകുന്നു’.
ഹുബാബ്(റ) പറഞ്ഞു: ‘എന്നാല്‍ നബിയേ, എന്റെ അഭിപ്രായത്തില്‍ ഇവിടെയല്ല നാം തമ്പടിക്കേണ്ടത്. ബദറില്‍ നമുക്ക് വിലപേശാനുള്ള ഏക കാര്യം വെള്ളമാണ്. മക്കായില്‍ നിന്ന് യുദ്ധത്തിനു വന്നവര്‍ക്ക് വേണ്ടത് വെള്ളമായിരിക്കും. അതിനാല്‍ ഇവിടെയല്ല ശത്രുപാളയത്തിന്റെ ഏററവും അടുത്തുകിടക്കുന്ന ജലാശയത്തിനടുത്താണ് നാം തമ്പടിക്കേണ്ടത്. അപ്പോഴേ നമുക്ക് അവരെ ശരിക്കും വറുതിയിലാക്കുവാന്‍ കഴിയൂ. നാം അവിടെ തമ്പടക്കുകയും മററുള്ള ജലാശയങ്ങള്‍ തടയുകയും നമുക്ക് സ്വന്തമായി ഒരു ജലസംഭരണിയുണ്ടാക്കി ജലം അതില്‍ സംഭരിക്കുകയും വേണം’. ഹുബാബ്(റ) തന്റെ അഭിപ്രായം നബിയുടെ മുമ്പില്‍ വെച്ചു.
സ്വന്തം മനസ്‌സിനു മുമ്പില്‍ താഴ്ന്നുകൊടുക്കുവാന്‍ കഴിയാത്ത ഒരു സൈന്യാധിപനും സ്വീകരിക്കുവാന്‍ വിസമ്മതിച്ചു പോകുന്ന, എന്നാല്‍ ന്യായങ്ങളുടെ പിന്‍ബലമുള്ള ഈ അഭിപ്രായത്തിനു മുമ്പില്‍ നബിനായകന്‍ വിനയാന്വിതനായി. നബി(സ) പറഞ്ഞു: ‘ഹുബാബ്, താങ്കള്‍ പറഞ്ഞതാണ് ശരി’. പിന്നെ അവര്‍ ആ നിര്‍ദ്ദേശത്തിനു വിധേയമായി സൈനികസന്നാഹങ്ങള്‍ ഒരുക്കി. യുദ്ധത്തിന്റെ വിജയത്തെ അതു സാരമായി സ്വാധീനിക്കുകയും ചെയ്തു.
യുദ്ധതടവുകാരോട്..
ബദര്‍ യുദ്ധം കഴിഞ്ഞു. ശത്രുക്കളില്‍ പ്രധാനികളായ 70 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ തടവിലുമായി. മുസ്‌ലിംകള്‍ അവരുടെ കന്നിയങ്കം വിജയിച്ചു. മുശ്‌രിക്കുകള്‍ക്ക് സാമ്പത്തികമായും സാമൂഹികമായും കനത്ത തിരിച്ചടിയേററു. അവരുടെ ഒന്നാം നിര നേതാക്കളും യോദ്ധാക്കളുമായിരുന്നു കൊല്ലപ്പെട്ടവരിലധികവും. കച്ചവട ഖലഫിലയുമായി കടന്നു കളഞ്ഞതിനാല്‍ അബൂസുഫ്‌യാന്‍ രക്ഷപ്പെട്ടു. ബാക്കിയുള്ള നേതാക്കളെക്കെ നിന്ദ്യമായി വധിക്കപ്പെട്ടു. പരാചയത്തിന്റെ മാനഹാനി സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും പകല്‍ കടന്നുചെല്ലുവാനുള്ള അവരുടെ മനോധൈര്യത്തെ പോലും നശിപ്പിച്ചുകളഞ്ഞു. രാത്രിയിലായിരുന്നു അവര്‍ സ്വന്തം വീടുകളിലേക്ക് പോകാന്‍ ധൈര്യപ്പെട്ടത്.
യുദ്ധതടവുകാരെ എന്തുചെയ്യണമെന്നതിനെ കുറിച്ച് നബിതിരുമേനി(സ) മദീനായിലെത്തിയപാടെ പ്രമുഖ സ്വഹാബിമാരുമായി കൂടിയാലോചിച്ചു. കാരണം അത് ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ചടത്തോളം ആദ്യത്തെ അനുഭവമാണ്. അറബീ പാരമ്പര്യമനുസരിച്ച് യുദ്ധത്തില്‍ പിടികൂടപ്പെടുന്നവര്‍ അടിമകളാണ്. അവരെ വാങ്ങാം, വില്‍ക്കാം, അടിമകളായി ഉപയോഗിക്കാം. പക്ഷേ, ഇത് ഇസ്‌ലാം ഈ വിഷയകമായി എന്തുപറയുന്നു എന്നിനിയും വ്യക്തമായിട്ടില്ല.
എന്നാല്‍ ചില സൂചനകള്‍ ഇല്ലാതില്ല. അതിലൊന്നാണ് സൂറ മുഹമ്മദിലുള്ളത്. സൂറ മുഹമ്മദില്‍ അല്ലാഹുവിന്റെ പരാമര്‍ശം ഇങ്ങനെയാണ് ‘ആകയാല്‍ നിങ്ങള്‍ സത്യനിഷേധികളുമായി ഏററുമുട്ടിയാല്‍ പിരടികള്‍ വെട്ടുകയാണ് വേണ്ടത്. അങ്ങനെ നിങ്ങള്‍ അവരെ അമര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ബന്ധിക്കുക. എന്നിട്ട് അവരോട് ദാക്ഷിണ്യം കാണിക്കുകയോ മോചനദ്രവ്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക’ (47:4) ഈ പരാമര്‍ശം പക്ഷെ, ഈ കാര്യത്തില്‍ ഒരു ഖണ്ഡിതമായ തീരുമാനമായി കൈകൊള്ളുവാന്‍ പര്യാപ്തമല്ല. മാത്രമല്ല, ഈ ആയത്തിലെ ആശയത്തെ ദുര്‍ബലപ്പെടുത്തും വിധമുള്ള ആയത്തുകള്‍ പിന്നീട് ഇറങ്ങിയിട്ടുണ്ട് താനും. അതിനാല്‍ ഇവിടെ ഇപ്പോള്‍ എന്തുചെയ്യണം എന്നതാണ് നബിതിരുമേനിക്ക് തീരുമാനിക്കുവാനുള്ളത്. അതിന്നായി നബി(സ) പ്രമുഖരുമായി കൂടിക്കാഴ്ചക്കൊരുങ്ങി യിരിക്കുകയാണ്.
ഒന്നാമതായി നബി(സ) ആരാഞ്ഞത് അബൂബക്കര്‍(റ)വിന്റെ അഭിപ്രായമാണ്. വിഷയം മനസ്‌സാഗ്രഹിച്ച അദ്ദേഹം പറഞ്ഞു: ‘നബിയേ, ഇവരൊക്കെ സത്യത്തില്‍ നമ്മുടെ ബന്ധുക്കളാണ്. വിശ്വാസത്തിന്റെ ബന്ധത്തിനപ്പുറം ചോരബന്ധമുള്ളവര്‍. ഒരു പക്ഷേ, മുറിച്ചുമാററുവാന്‍ കഴിയാത്ത ബന്ധം. അതിനാല്‍ മോചനദ്രവ്യം വാങ്ങി ഇവരെ വിട്ടയക്കണമെന്നാണ് എന്റെ പക്ഷം. അവരില്‍ നിന്നും ലഭിക്കുന്ന മോചനദ്രവ്യം നമുക്ക് ശത്രുക്കള്‍ക്കുമേല്‍ പ്രയോഗിക്കുവാന്‍ ഒരു സഹായവുമാകും. അതല്ല, അവര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിലോ അങ്ങനെ അവര്‍ വിമോചിതരാവുന്നത് നമുക്കും അവര്‍ക്കും ഗുണവുമാണ്’.
രണ്ടാം അഭിപ്രായത്തിനു പലപ്പോഴും നബിതിരുമേനി ആശ്രയിക്കാറുള്ളത് ഉമര്‍(റ)വിനെയാണ്. സമൂഹത്തിലെ രണ്ടഭിപ്രായങ്ങള്‍ കൃത്യമായി ഗ്രഹിക്കുവാന്‍ ഇതിലൂടെ നബിക്ക് കഴിയുമായിരുന്നു. വിഷയത്തിലെ വിട്ടുവീഴ്ചാപൂര്‍ണമായ അഭിപ്രായം അബൂബക്കര്‍(റ)വില്‍ നിന്ന് വരുമ്പോള്‍ കാഠിന്യത്തിനു ഒരു കുറവും വരാത്ത അഭിപ്രായമായിരിക്കും ഉമര്‍(റ) പ്രകടിപ്പിക്കുക. അതിനാല്‍ അല്ലാഹു തന്റെ പ്രവാചകന് നല്‍കിയ രണ്ടു കരങ്ങളായി ഈ രണ്ടു സ്വഹാബിമാരെയും കാണാം.
ഉമര്‍(റ) പറഞ്ഞു: ‘നബിയേ, അബൂബക്കര്‍(റ) പറഞ്ഞ അഭിപ്രായം എനിക്കില്ല. എന്റെ അഭിപ്രായത്തില്‍ എന്റെ കുടുംബാംഗങ്ങളായ യുദ്ധതടവുകാരെ എനിക്കു വിട്ടുതരിക. ഞാന്‍ അവരുടെ തലവെട്ടാം. ഉഖൈല്‍ ബിന്‍ അബീ ത്വാലിബിനെ അലിക്ക് വിട്ടുകൊടുക്കുക. അദ്ദേഹം ഉഖൈലിന്റെ തലവെട്ടട്ടേ. അങ്ങനെ ഓരോരുത്തരേയും അവരുടെ ബന്ധുക്കള്‍ക്ക് നല്‍കി തലവെട്ടണമെന്നാണ് എന്റെ പക്ഷം’.
രണ്ടഭിപ്രായങ്ങള്‍ക്കു മുമ്പില്‍ നബി(സ) ഒരു നിമിഷം തന്റെ ആലോചനകളിലേക്ക് പോയി. ശത്രുക്കളാണെങ്കിലും ഇവര്‍ ഏതു ശിക്ഷയും അര്‍ഹിക്കുന്നുവെങ്കിലും ഏതു തീരുമാനവും തന്റെ നാവിന്‍ തുമ്പിലാണ് എന്നുമെല്ലാമുള്ള തിരിച്ചറിവു കള്‍ക്കു മുമ്പില്‍ കാരുണ്യത്തിന്റെ പ്രവാചകന്‍ തന്റെ കരുണക്കണ്ണ് തുറന്നു. സൂറത്തു മുഹമ്മദിലെ പരാമര്‍ശത്തിന്റെ അരികുചേര്‍ന്ന് നിന്ന് ആ കാരുണ്യം പിന്നെ ഒരു തൂമന്ദമാരുതനായി മാറി. നബി(സ) അബൂബക്കര്‍(റ)വിന്റെ അഭിപ്രായത്തോട് യോചിച്ചു. യുദ്ധതടവുകാരെ മോചനദ്രവ്യം വാങ്ങി മോചിപ്പിക്കുവാന്‍ തീരുമാനമായി. നബി തിരുമേനിയുടെ തീരുമാനം വന്നതോടെ ഉമര്‍(റ) അടക്കമുള്ളവര്‍ അത് ഹൃദയപൂര്‍വ്വം സ്വീകരിച്ചു.
ഉമര്‍(റ) പറയുകയാണ്. ‘പിറേറന്ന് ഞാന്‍ പള്ളിയിലെത്തുമ്പോള്‍ കണ്ട കാഴ്ച സങ്കടകരമായിരുന്നു. നബിതിരുമേനിയും അബൂബക്കര്‍(റ)വും കരയുകയാണ്. ഞാന്‍ അവരുടെ അടുത്തു ചെന്ന് ആരാഞ്ഞു: ‘എന്തിനാണ് നിങ്ങള്‍ കരയുന്നത്?, പറയൂ ഞാനും ഒപ്പം കരയാം. ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ കരയുന്നതോര്‍ത്തെങ്കിലും ഞാനും കരയാം.’. നബി(സ) പറഞ്ഞു: ‘നാം ഇന്നലെ യുദ്ധതടവുകാരുടെ കാര്യത്തില്‍ എടുത്ത തീരുമാനം അല്ലാഹുവിന്റെ ഇംഗിതമല്ലാ യിരുന്നു. ഇന്ന് അക്കാര്യത്തില്‍ ആക്ഷേപവുമായി വഹ്‌യ് വന്നിട്ടുണ്ട്’.
നബി(സ) പിന്നെ ആ ആയത്ത് ഓതിക്കേള്‍പ്പിച്ചു: ‘ഒരു പ്രവാചനും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തിപ്രാപിക്കുന്നതുവരെ യുദ്ധതടവുകാരുണ്ടായിരിക്കുക ഭൂഷണമല്ല. നിങ്ങള്‍ ഇഹലോകത്തെ നേട്ടം ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ ആഖിറത്തെയാണ് ഉദ്ദേശിക്കുന്നത്. നിശ്ചയം അല്ലാഹു യുക്തിമാനും പ്രതാപിയുമാകുന്നു. അല്ലാഹുവില്‍ നിന്നുള്ള ഒരു നിശ്ചയം മുന്‍കൂട്ടി ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ സ്വീകരിച്ച നിലപാടിന്‍െര പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.’(അല്‍ അന്‍ഫാല്‍ 67,68).  കാരുണ്യത്തിന്റെ ആ മനസ്‌സ് ശത്രുക്കളോട് പോലും അത്രക്കുമേല്‍ വിനയാന്വിതമായിരുന്നു.
കൂടിയാലോചനകളുടെ മനസ്‌സ്
അല്ലാഹു നബിതിരുമേനി(സ)യോട് പറയുന്നു: ‘അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് താങ്കള്‍ അവരോട് വിനയാന്വിതനായത്. താങ്കള്‍ ഹൃദയകാഠിന്യമുള്ളയാളും പരുഷസ്വഭാവിയുമായിരുന്നുവെങ്കില്‍ അവര്‍ താങ്കളുടെ ചുററുഭാഗങ്ങളില്‍ നിന്നും പിരിഞ്ഞ്‌പോയ്ക്കളയുമായിരുന്നു. ആകയാല്‍ താങ്കള്‍ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്ക്‌വേണ്ടി പാപമോചനം തേടുകയും അവരോട് കാര്യങ്ങള്‍ കൂടിയാലോചിക്കുകയും ചെയ്യുക’ (ആലു ഇംറാന്‍ 159). സ്വന്തം അനുയായികളളോട് സൗമ്യനാകുവാനും അവരുടെ പാകപ്പിഴവുകളില്‍ പൊറുക്കുവാനും കാര്യങ്ങളുടെ കൂടിയാ ലോചനകളില്‍ അവരെ കൂടെ ഉള്‍പ്പെടുത്തുവാനും അല്ലാഹു കല്‍പ്പിക്കുകയാണ്. അപ്രമാദിത്വത്തിന്റെയോ പൗരോഹിത്യത്തിന്റെയോ അധികാരഗര്‍വ്വിന്റെയോ പ്രകടന-ഭാവങ്ങള്‍ പ്രവാചകനില്‍ നിന്ന് ഉണ്ടായിക്കൂടാ എന്ന് അല്ലാഹു ഉണര്‍ത്തുന്നു.
അല്ലാഹുവിന്റെ കല്‍പ്പനകള്‍ നടപ്പിലാക്കുവാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്റെ ജീവിതത്തില്‍ കൂടിയാലോചനകള്‍ വെറുമൊരു ചടങ്ങു മാത്രമായിരുന്നു എന്നു പറയുവാന്‍ വയ്യ. അല്ലാഹുവിന്റെ തീരുമാനമോ നിര്‍ദ്ദേശമോ വന്നിട്ടില്ലാത്ത വിഷയങ്ങളിലായിരുന്നു ഇത്തരം കൂടിയാലോചനകളെല്ലാം. ഇങ്ങനെ കൂടിലാലോചിച്ച് തീരുമാനിക്കപ്പെടുമ്പോള്‍ തങ്ങളുടെ കൂടെ താല്‍പര്യം എന്ന വികാരത്തില്‍ സമൂഹത്തിന്റെ നല്ലപിന്തുണ ഉറപ്പാക്കുക എന്ന സാമൂഹ്യ പാഠം അതുള്‍ക്കൊള്ളുന്നു. അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്ക് വിധേയനാവുകതന്നെയായിരുന്നു നബിതിരുമേനി ഓരോ കൂടിയാലോചനകളിലുമെന്നര്‍ഥം.
സ്വന്തം അനുയായികളുമായി കാര്യങ്ങള്‍ കൂടിയാലോചിച്ച് അവരുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് നടപ്പില്‍ വരുത്തു വാനുള്ള മനസ്‌സ് കാണിക്കുന്നത് വിനയത്തിന്റെ ഒരു നിഷ്‌കളങ്കമായ മുഖമാണ്. ബദര്‍ യുദ്ധത്തില്‍ ഇത്തരം കൂടിയാലോചനകള്‍ നബി(സ) നടത്തുകയുണ്ടായി. അബൂസുഫ്‌യാന്റെ കച്ചവടസംഘത്തെ പിടികൂടുവാന്‍ പുറപ്പെട്ടത് അനുയായികളുമായി കൂടിയാലോചിച്ചതിനു ശേഷമായിരുന്നു. ബദര്‍ മലരുവില്‍ തമ്പടിക്കുവാനുള്ള സ്ഥലം സ്വഹാബിമാരുടെ താല്‍പര്യത്തിനു വിട്ടത് ഇത്തരമൊരു ചര്‍ച്ചയുടെ ഫലമായിരുന്നു. ബദര്‍ യുദ്ധത്തിലെ തടവുകാരുടെ കാര്യത്തില്‍ എടുത്ത തീരുമാനവും ഇത്തരമൊരു കൂടിയാലോചനകളുടെ ഫലമായിരുന്നു.
ഉഹദ് യുദ്ധത്തില്‍ ശത്രുനീക്കത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ നബി(സ) അനുയായികളുമായി കൂടിയാലോചിക്കുകയായിരുന്നു. അന്നത്തെവിഷയം ശത്രുക്കളെ മദീനയുടെ പുറത്തുവെച്ചാണോ അകത്തുവെച്ചാണോ നേരിടേണ്ടത് എന്നതായിരുന്നു. ചിലര്‍, ശത്രുക്കള്‍ മദീനയുടെ അകത്ത് കയറട്ടെയെന്നും അപ്പോള്‍ നമുക്കവരെ മദീനായുടെ ഇടവഴികളിട്ട് കശാപ്പ് ചെയ്യാമെന്നും അഭിപ്രായപ്പെട്ടു. മദീനായുടെ വിശുദ്ധ മണ്ണില്‍ ചോരചിന്തുവാനനുവദിക്കാതെ മദീനയുടെ പുറത്ത്‌വെച്ച് ശത്രുവിനെ കൈകാര്യം ചെയ്യണമെന്നായിരുന്നു മറെറാരു നിര്‍ദ്ദേശം. ഈ അഭിപ്രായം പ്രകടിപ്പിച്ചത് അന്‍സ്വാറുകളായിരുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അസ്വര്‍ നിസ്‌കാരത്തിനു ശേഷം വീട്ടിലേക്ക് കടന്ന നബി(സ) പുറത്തിറങ്ങിയത് അങ്കച്ചമയങ്ങള്‍ അണിഞ്ഞുകൊണ്ടായിരുന്നു.
ആ കാഴ്ച സ്വഹാബിമാരെ വ്യസനപ്പെടുത്തി. തങ്ങള്‍ നബിതിരുമേനിയെ യുദ്ധത്തിനു പ്രേരിപ്പിച്ചുവെന്നതായിരുന്നു അവരുടെ സങ്കടം. അവര്‍ പറഞ്ഞു: ‘നബിയേ താങ്കള്‍ യുദ്ധം ചെയ്യണമെന്ന് ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ പോയി യുദ്ധം ചെയ്യാം.’ പുഞ്ചിരിതൂകിക്കൊണ്ട് നബി(സ) പ്രതികരിച്ചു: ‘പ്രവാചകന്‍ പടച്ചട്ടയണിഞ്ഞാല്‍ പിന്നെ യുദ്ധം ചെയ്യാതെ അതഴിച്ചുവെക്കുന്നപ്രശ്‌നമില്ല’
ഹിജ്‌റ അഞ്ചാം വര്‍ഷം നടന്ന അഹ്‌സാബ് യുദ്ധം നബിയുടെ വിനയത്തിന്റെയും കൂടിയാലോചനാ മനസ്‌സിന്റെയും പ്രകടനങ്ങളുടെ പ്രത്യേകതയേറെയുള്ളതായിരുന്നു. ആ യുദ്ധത്തിലെ ഏററവും പ്രധാനമായ പ്രതിരോധമാര്‍ഗമായിരുന്ന കിടങ്ങ് കുഴിക്കുവാനുള്ള തീരുമാനം ഇത്തരമൊരു കൂടിയാലോചനയില്‍ നിന്നായിരുന്നു ഉരിത്തിരിഞ്ഞത്. സല്‍മാന്‍ അല്‍ ഫാരിസി(റ) ആയിരുന്നു ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തങ്ങളുടെ നാട്ടിനും ചരിത്രത്തിനും തീരെ അപരിചിത മായിരുന്നിട്ടും ആ അര്‍ഥത്തില്‍ പദ്ധതിയുടെ വിജയത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും ഈ സ്വഹാബിയുടെ അഭിപ്രായത്തിനു നിന്നുകൊടുക്കുവാന്‍ നബി(സ)ക്ക് കഴിയുന്നത് ആ വിനയത്തിന്റെ കഴിവുകൊണ്ടു തന്നെയായിരുന്നു.
അഹ്‌സാബ് യുദ്ധം ഒരു പ്രതിരോധത്തിന്റെ യുദ്ധമായിരുന്നു. നദീനായിലെ ആകെ ജനസംഖ്യയുടെ ഇരട്ടിയിലധികം വരുന്ന ഒരു സഖ്യസേനയെയും സംഘടിപ്പിച്ച് ഖുറൈശികള്‍ നടത്തിയ ഈ പ്രതികാരത്തിന്റെ പടയോട്ടം തികച്ചും അപ്രതീക്ഷിതമായിരുന്ന കിടങ്ങിനു മുമ്പില്‍ പിടിച്ചുനിര്‍ത്തപ്പെടുകയായിരുന്നു. അത് അവരുടെ പ്രതികാരവാജ്ഞയെ ആളിക്കത്തിച്ചു. കോപത്തില്‍ പതച്ച അവരുടെ മനസ്‌സുകള്‍ കിടങ്ങെടുത്തുചാടുവാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ, അവര്‍ക്ക് ഇറങ്ങി കടക്കാവുന്നതിലപ്പുറം ആഴം കിടങ്ങിനുണ്ടായിരുന്നു. ചാടിക്കടക്കുവാന്‍ കഴിയാവുന്നതിലപ്പുറം വീതി കിടങ്ങിനുണ്ടായിരുന്നു.
ശത്രുക്കള്‍ക്ക് ആ മനസ്തിഥിയില്‍ അങ്ങനെയങ്ങ് തോററുകൊടുക്കുവാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ കിടങ്ങിനപ്പുറത്ത് തമ്പടിച്ച് അവര്‍ ശ്രമങ്ങള്‍ തുടര്‍ന്നു. ഈ ശ്രമത്തില്‍ ദിവസങ്ങള്‍ കടന്നുപോയി. പിന്‍മാറാതെ അവര്‍ മനസ്‌സിലെ പ്രതികാരത്തീ കെടാതെ സൂക്ഷിച്ചു. കിടങ്ങിനിപ്പുറത്ത് മുസ്‌ലിം സേനയാകട്ടെ, ദിവസങ്ങള്‍ കടക്കുന്നതോടെ ശക്തമായ ആശങ്കയിലായി. യുദ്ധം നടക്കുന്നില്ലെങ്കിലും യുദ്ധമുഖത്ത് കാവലിരിക്കേണ്ട അവസ്ഥയിലായിരുന്നു അവര്‍. കയ്യില്‍ കരുതിയ ഭക്ഷണദ്യവ്യങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ആശങ്ക ഒരു ഭാഗത്ത്. അകത്തുതന്നെയുള്ള ശത്രുക്കളായ ജൂതരും മുനാഫിഖുകളും ഉയര്‍ത്തുന്ന ഭീഷണി മറെറാരുഭാഗത്ത്. നിരാശയില്‍ മദീനായുടെ മററുഭാഗത്തെവിടെയെങ്കിലും ഇരച്ചുകയറി തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ദുര്‍ബ്ബലരെയും ശത്രുക്കള്‍ ആക്രമിച്ചേക്കുമോ എന്ന ആധിയും.
രണ്ടാഴ്ചയോളം ഉപരോധത്തിന്റെ വൃത്തത്തിലെന്നോണം കഴിഞ്ഞപ്പോള്‍ നബി(സ) സ്വഹാബിമാരെ വിളിച്ചുചേര്‍ത്തു. മുസ്‌ലിംകളുടെ ഈ അവസ്ഥകള്‍ നന്നായി അറിയാവുന്ന അവരുടെ മുമ്പില്‍ നബി(സ) തന്റെ അഭിപ്രായം ഇങ്ങനെ ആരാഞ്ഞു: ‘യുദ്ധം ഇങ്ങനെ നീണ്ടുപോവുന്നത് ഒഴിവാക്കുവാന്‍ എനിക്കൊരു സൂത്രം തോന്നുന്നു. ശത്രുക്കളുടെ യുദ്ധമുന്നണിയിലെ പ്രബലമായ ഒരു കക്ഷിയാണ് ഗത്വ്ഫാന്‍ ഗോത്രം. അവരെ യുദ്ധത്തില്‍ നിന്ന് പിന്‍മാററുവാന്‍ അവരുമായി നമുക്കൊരു സന്ധിയിലെത്താം. പിന്‍മാറുന്നതിനു പകരമായി മദീനായിലെ അടുത്ത വര്‍ഷത്തെ കാര്‍ഷികവിളവുകളുടെ മൂന്നിലൊന്ന് അവര്‍ക്കു നല്‍കാം.’ തന്റെ അഭിപ്രായം സദസ്‌സില്‍ വെച്ച് നബി(സ) സ്വഹാബി മാരുടെ അഭിപ്രായങ്ങളാരാഞ്ഞു.
അന്‍സ്വാരികളുടെ നേതാക്കളായിരുന്ന രണ്ട് സഅ്ദുകളുടെയും മുഖം മങ്ങി. നബി(സ)യുടെ തീരുമാനത്തോട് അവര്‍ക്ക് അത്രയോചിപ്പുണ്ടായിരുന്നില്ല. അവര്‍ വിനയപൂര്‍വ്വം തന്നെ പറഞ്ഞു: ‘നബിയേ, ഇത് അല്ലാഹുവിന്റെയും അങ്ങയുടെയും തീരുമാനമാണെങ്കില്‍ അതനുസരിക്കുന്നതില്‍ ഞങ്ങള്‍ക്ക് രണ്ടാമതൊന്നാലോചിക്കുവാനില്ല. അല്ല, ഞങ്ങളുടെ അഭിപ്രായമറിയുവാന്‍ മാത്രം പറഞ്ഞതാണെങ്കില്‍ ഞങ്ങള്‍ക്ക് ഇപ്പറഞ്ഞതിനോട് യോചിക്കുവാന്‍ കഴിയില്ല എന്നാണ് പറയാനുള്ളത്. വകരും സാമൂഹ്യദ്രാഹികളുമായ അവര്‍ക്ക് അതിഥി സല്‍കാരത്തിന്റെ പേരിലോ വ്യാപരത്തിലൂടെയോ അല്ലാതെ ഒരു കാരക്ക പോലും ഞങ്ങള്‍ ഇതുവരേയും കൊടുത്തിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് അല്ലാഹു വിജയങ്ങള്‍ തന്നു. ഞങ്ങള്‍ക്ക് കാരുണ്യവും നേതാവുമായി അങ്ങയെ തന്നു. അങ്ങനെ വിജയങ്ങളിലേക്ക് ഞങ്ങള്‍ എത്തിയ ഈ ഘട്ടത്തില്‍ ഞങ്ങളുടെ ഒരു കാരക്ക പോലും അവര്‍ക്ക് കൊടുക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കുവാന്‍ കഴിയില്ല’. സ്വന്തം അഭിപ്രായത്തിന് എതിരായിരുന്നിട്ടുപോലും പ്രവാചകപ്രവരന്‍ സഅ്ദു ബിന്‍ ഉബാദയുടേയും സഅ്ദ് ബിന്‍ മുആദിന്റെയും അഭിപ്രായത്തെ പരിഗണിക്കുകയുണ്ടായി. ഒരു കാരക്കക്കുരുപോലും ആര്‍ക്കും കൊടുക്കാതെ തന്നെ യുദ്ധം വിജയിക്കുകയും ചെയ്തു.
ഹുദൈബിയ്യയിലും ത്വാഇഫിലും.
ഹിജ്‌റയുടെ ആറാം വര്‍ഷം. നബി(സ)യും ആയിരത്തിനാനൂറ് അനുയായികളും ഉംറക്ക് പുറപ്പെട്ടു. സ്വപ്നത്തിലൂടെ അല്ലാഹുവില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശമായിരുന്നു യാത്രയുടെ പ്രചോദനം. അവര്‍ ദുല്‍ ഖുലൈഫയില്‍ വെച്ച് ഇഹ്‌റാം ചെയ്തു. ഒരു പൊട്ടിത്തെറി സ്വാഭാവികമായും പ്രതീക്ഷിക്കുന്നതിനാല്‍ നബി(സ) വഴി മാറിയായിരുന്നു സഞ്ചരിച്ചിരുന്നത്. മക്കക്കാരെ പ്രകോപിപ്പിക്കാതെ ഉംറ ചെയ്ത് തിരിച്ചുവരികയാണ് നബിയുടെ ലക്ഷ്യം. മക്കയുടെ സ്പന്ദനങ്ങള്‍ ശരിക്കും
പകര്‍ത്തുവാന്‍ കഴിയുന്ന ബനൂ ഖുസാഅ വംശജനായ ഒരാളെ നബി(സ) നിരീക്ഷകനായി മുന്നില്‍ അയക്കുകയും ചെയ്തു. ഒരു ഏററുമുട്ടല്‍ ഒഴിവാക്കുവാന്‍ നബി(സ) തീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തു.
അവര്‍ ഉസ്ഫാനിലെത്തുമ്പോള്‍ നിരീക്ഷണറിപ്പോര്‍ട്ട് ലഭിച്ചു. ഒട്ടും ആശ്വാസകരമായിരുന്നില്ല അത്. ബനൂ ഖുസാഅക്കാരനായ നിരീക്ഷകന്‍ പറഞ്ഞു: ‘നമ്മുടെ നീക്കം മക്കയില്‍ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അവര്‍ സംഘടിച്ചിരിക്കു കയാണ്’. വിവരം നബിയെ വ്യാകുലപ്പെടുത്തി. തീര്‍ഥാടനം എന്നതിലപ്പുറം മറെറാന്നും ഉദ്ദേശിക്കാത്ത തങ്ങളെ തടയുവാന്‍ മക്കക്കാര്‍ ശ്രമിച്ചാല്‍ അത് തന്റെയും അനുയായികളുടെയും മനസ്‌സില്‍ വികാരം പടര്‍ത്തും. ഒരു ഏററുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം. എന്നാല്‍ ഇപ്പോള്‍ നബിയുടെ അജണ്ടയില്‍ ഒരു യുദ്ധമില്ല എന്നതിനാല്‍ നബി(സ) തീര്‍ഥാടകരായ അനുയായികളെ യോദ്ധാക്കളാക്കി മാററി ഒരു സൈനികനീക്കത്തിന് മുതിര്‍ന്നില്ല. അവര്‍ വളരെ പെട്ടെന്ന് ഒരു കൂടിയാലോചനാ യോഗം വിളിച്ചുചേര്‍ത്തു.
ആലോചിച്ചപ്പോള്‍ നബിക്കും തോന്നി. ഇത് താന്തോന്നിത്തമാണ്. കലാപങ്ങളൊന്നും ഉദ്ദേശിക്കാതെ മക്കായില്‍ തീര്‍ഥാടനത്തിനു മാത്രം പോകുന്ന തങ്ങള്‍ക്ക് -മക്ക തങ്ങളുടെ നാടുകൂടിയാണെന്നിരിക്കെ- മക്കായിലേക്ക് കടക്കുവാന്‍ അനുമതി നിഷേധിക്കുന്നത് തികഞ്ഞ ധാര്‍ഷ്ട്യമാണ്. അതിനാല്‍ കൂടിയാലോചനാ യോഗത്തില്‍ നബി(സ) പറഞ്ഞു: ‘നാം മക്കായിലേക്ക് ഇരച്ചുകയറുകയും വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ച് മക്കായില്‍ കടക്കുകയും ചെയ്യാം. അതിനിട യില്‍ എന്തും സംഭവിക്കട്ടെ’. തന്റെ അഭിപ്രായം പ്രകടിപ്പിച്ച് അവര്‍ സ്വഹാബിമാരുടെ മുഖങ്ങളില്‍ നോക്കി.
അബൂബക്കര്‍(റ) പറഞ്ഞു: ‘വേണ്ട നബിയേ, നാം ഒരു യുദ്ധത്തിനു വന്നതല്ല. ഉംറ ചെയ്യുകയാണ് നമ്മുടെ ലക്ഷ്യം. അതിനാല്‍ നാം ഇപ്പോള്‍ തന്നെ ഒരു സൈനികനീക്കം നടത്തുന്നത് ശരിയല്ലെന്നാണ് എന്റെ പക്ഷം. നമുക്ക് പദ്ധതിയിട്ടതനുസരിച്ച് മുന്നോട്ടു നീങ്ങാം. അതിനിടയില്‍ ശത്രുവിന്റെ കടന്നുകയററമുണ്ടായാല്‍ അതിനെ നേരിടുകയുമാവാം’ നബി(സ) ആ അഭിപ്രായത്തെ സ്വീകരിക്കുയും മക്കായുടെ അതിര്‍ത്തിപ്രദേശമായ ഹുദൈബിയ്യായിലേക്ക് നീങ്ങുകയും ചെയ്തു.
ഹിജ്‌റ എട്ടാം വര്‍ഷം ശവ്വാലില്‍ ഹുനൈന്‍ യുദ്ധം കഴിഞ്ഞ് നബി(സ)യും സേനയും മടങ്ങുകയാണ്. വഴിക്ക് ത്വാഇഫില്‍ സേന തഖീഫ് ഗോത്രക്കാരുടെ കടുത്ത വെല്ലവിളി നേരിടുകയുണ്ടായി. സേനാനായകനായിരുന്നു ഖാലിദ് ബിന്‍ വലീദും സൈന്യവും തഖീഫുകരെ നേരിടുവാന്‍ തന്നെ താല്‍പര്യപ്പെട്ടു. നബി(സ) അനുവദിച്ചു. പക്ഷേ, തഖീഫുകാര്‍ താഇഫിലെ അവരുടെ ബലിഷ്ഠമായ കോട്ടകളില്‍ അഭയം പ്രാപിച്ചു. ഒരു വര്‍ഷം പിടിച്ചുനില്‍ക്കുവാനുള്ള വിഭവങ്ങള്‍ അവര്‍ കോട്ടകളില്‍ സൂക്ഷിച്ചുവെച്ചിരുന്നു. അതിനാല്‍ കടുത്ത വെല്ലവിളിയായിരുന്നു ത്വാഇഫില്‍ മുസ്‌ലിം സേന നേരിട്ടത്.
ത്വാഇഫിലെ കോട്ടയുടെ അടുത്തായി മുസ്‌ലിംകള്‍ തമ്പടിച്ചു. കോട്ടയുടെ ഉള്ളിലിരുന്ന് സുരക്ഷിതരായി ശത്രുക്കള്‍ അമ്പുമഴ പെയ്യിച്ചു. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ മുസ്‌ലിം സേന വിറങ്ങലിച്ചുപോയി. സഈദ് ബിന്‍ അല്‍ ആസ്വ്(റ) കൊല്ലപ്പെട്ടു. അബ്ദുല്ലാഹി ബിന്‍ ബിന്‍ അബൂ ഉമയ്യ(റ) കൊല്ലപ്പെട്ടു. മററു പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടു. അബ്ദുല്ലാഹി ബിന്‍ അബൂബക്കര്‍(റ)വിന് ഗുരുതരമായി പരുക്കേററു. കോട്ടകളില്‍ നിന്നുള്ള സുരക്ഷിതമായ ഈ ആക്രമണത്തെ ചെറുക്കുവാന്‍ അപ്പോള്‍ മുസ്‌ലിംസേനക്ക് കഴിയാതെ വന്നു.
പൊടുന്നനെ ഉണ്ടായ ആക്രമണത്തിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന നബി(സ)യുടെ മുമ്പിലേക്ക് ഹുബാബ് ബിന്‍ മുന്‍ദിര്‍(റ) കടന്നുവന്നു. അദ്ദേഹം പറഞ്ഞൂ: ‘നബിയേ, അല്ലാഹുവിന്റെയും അങ്ങയുടേയും കല്‍പ്പനയാണ് ഇവിടെ തമ്പടിക്കുവാനുള്ള കാരണമെന്നുണ്ടെങ്കില്‍ ഞങ്ങളത് സമ്മതിക്കുകതന്നെ ചെയ്യും. അല്ല, ഞങ്ങള്‍ക്കഭിപ്രായം രേഖപ്പെടുത്താവുന്ന സ്വാതന്ത്രമുണ്ടെങ്കില്‍ എനിക്ക് പറയാനുള്ളത് നാം അവരുടെ കോട്ടയുടെ ഇത്ര അടുത്തല്ല തമ്പടിക്കേണ്ടത് എന്നാണ്. തെല്ലകലെ നില്‍ക്കുമ്പോഴേ അവരുടെ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കുവാനും അവരെ തിരിച്ചാക്രമിക്കുവാനും നമുക്ക് കഴിയൂ’. ബദറില്‍ സൈനിക താവളത്തിനെ പററി ഹുബാബ് പ്രകടിപ്പിച്ച അഭിപ്രായം നബിയോര്‍ത്തു. പിന്നെ ഒട്ടും താമസിച്ചില്ല. അല്‍പം മാറി സ്വല്‍പം ഉയര്‍ന്ന ഒരു താവളം കണ്ടെത്തുവാന്‍ നബി(സ) ഹുബാബിനെ തന്നെ ചുമതലപ്പെടുത്തി. ഇപ്പോള്‍ ത്വാഇഫിലെ വലിയ പള്ളി നില്‍ക്കുന്ന സ്ഥലത്തേക്ക് ത്വാഇഫ് യുദ്ധത്തിന്റെ താവളം മാറിയതും അതു വിജയത്തിന്റെ കാരണങ്ങളിലൊന്നായി മാറിയതും അങ്ങനെയായിരുന്നു.
അകത്തളങ്ങളിലിരുന്ന് അമ്പെയ്യുന്ന ശത്രുവിനെ തിരിച്ചാക്രമിക്കുക എന്നതായിരുന്നു മറെറാരു പ്രശ്‌നം. അതും നബി(സ) സ്വഹാബിമാരുമായി കൂടിയാലോചിച്ചു. അപ്പോള്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) വലിയ കല്ലുകള്‍ ശത്രുവിനു നേരെ തൊടുത്തുവിടുവാനുള്ള ‘മിഞ്ചനീഖ്’ എന്നു വിളിക്കപ്പെടുന്ന തെററുവില്ല് സ്ഥാപിച്ച് കോട്ടയെ ആക്രമിക്കുക എന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയും അത് നബിതിരുമേനി അംഗീകരിക്കുകയും ചെയ്തു. അറേബ്യന്‍ യുദ്ധങ്ങളിലേക്ക് അതോടെ ഒരു പുതിയ ആയുധം കൂടെ കടന്നു വന്നു. ഇത് യുദ്ധത്തെ വിജയത്തിലേക്ക് നയിച്ചു.
മണവാട്ടിയുടെ അഭിപ്രായം.
ഹുദൈബിയ സന്ധിയോട് സ്വഹാബിമാര്‍ പലര്‍ക്കും ആദ്യം യോചിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ബദര്‍ മുതല്‍ നടത്തിയ യുദ്ധങ്ങളിലെല്ലാം വിജയിച്ചിട്ടും മദീന എന്ന രാഷ്ട്രം മുസ്‌ലിം ലോകത്തിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിട്ടും അറേബ്യന്‍ ഉപഭൂഖണ്ഢമാകെ ഇസ്‌ലാമിലേക്ക് ഒഴുക്കാരംഭിച്ചുകഴിഞ്ഞിട്ടും മക്കക്കാരുടെ ഈ നിരര്‍ഥകമായ പിടിവാശി ക്കു മുമ്പില്‍ തലകുനിക്കേണ്ടിവരുന്നതാണ് അവരെ കൂടുതല്‍ വിമ്മിഷ്ടപ്പെടുത്തുന്നത്. സന്ധിയുടെ വ്യവസ്ഥകളോ രോന്നും കൃത്യമായി അവര്‍ പഠിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും സന്ധിവ്യവസ്ഥകളുടെ രാഷ്ട്രീയമോ വരുംവരായ്കകളോ അവര്‍ വിലയിരുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ഇവിടെ നിന്ന് ഉംറ ചെയ്യാതെ മടങ്ങിപ്പോവുക എന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമാണ്.
സന്ധി ചര്‍ച്ചകളും ഒപ്പുവെക്കലും പൂര്‍ത്തിയാക്കിയ നബി(സ) എഴുന്നേററു. ജനങ്ങളോട് ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘എഴുന്നേല്‍ക്കുക, ബലി നിര്‍വഹിക്കുക, മുടി കളയുക..’. പക്ഷേ നബി(സ)യുടെ കല്‍പന കേട്ട് ഓരളും എഴുന്നേററില്ല. നബി(സ) രണ്ടാമതും പിന്നെ മൂന്നാമതും ആവര്‍ത്തിച്ചു. പക്ഷേ, ഒരാളും അനങ്ങുന്നില്ല. നബി(സ)ക്ക് വിഷമമായി. നബി(സ) ആ താത്രയില്‍ തന്നോടൊപ്പമുണ്ടായിരുന്ന പത്‌നി ഉമ്മുസലമ(റ)യുടെ അടുത്തേക്ക് ചെന്നു.
ജനങ്ങള്‍ തഹല്ലുലാകുവാന്‍ വിസമ്മതിക്കുന്ന കാര്യം നബി(സ) ഉമ്മുസലമയോട് തെല്# സങ്കടത്തോടെ പറഞ്ഞു. നബിയുടെ മണവാട്ടിമാരില്‍ ബുദ്ധിസാമര്‍ഥ്യം ഏററവും കൂടുതലുണ്ടായിരുന്ന ഭാര്യയായിരുന്നു ഉമ്മുസലമ(റ). ആദ്യ കാലത്ത് തന്നെ ഇസ്‌ലാമിലേക്ക് വന്ന ഉമ്മുസലമ ഭര്‍ത്താവ് അബൂസലമയോടൊപ്പം അബ്‌സീനിയായിലേക്ക് ഹിജ്‌റ പോയവരില്‍പെടുന്ന സ്ത്രീരത്‌നമാണ്. മദീനായിലേക്കുള്ള ഹിജ്‌റയിലും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഹിജ്‌റ രണ്ടില്‍ നടന്ന ഉഹദ്‌യുദ്ധത്തില്‍ ഏററ സാരമുള്ള മുറിവിനെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ട ഉമ്മുസലമക്ക് അല്ലാഹു ഒരുക്കിയ പ്രത്യേക മംഗല്യമായിരുന്നു നബിയുമായുണ്ടായ വിവാഹം.
ഉമ്മുസലമ(റ) പറഞ്ഞു: ‘നബിയേ താങ്കള്‍ ഇപ്പോള്‍ പുറത്തിറങ്ങി താങ്കളുടെ ഹദ്‌യ പരസ്യമായി അറുക്കുക. തുടര്‍ന്ന് പരസ്യമായി മുടി കളയുക. അതു കാണുമ്പോള്‍ അങ്ങയുടെ അനുയായികള്‍ക്കങ്ങനെ ചെയ്യാതിരിക്കുവാന്‍ കഴിയില്ല’ തികച്ചും ബുദ്ധിപരമായ ഒരു നിര്‍ദ്ദേശമായിരുന്നു അത്. നബി(സ) അതു സ്വീകരിച്ചു. അങ്ങനെ ചെയ്യുകയും ചെയ്തു. ഉമ്മുസലമ(റ) പറഞ്ഞതുപോലെ സ്വഹാബിമാര്‍ എല്ലാവരും അതുകണ്ട് തഹല്ലുലാവുകയും ചെയ്തു.
അപവാദക്കൊടുങ്കാററിനുമുമ്പില്‍
ഹിജ്‌റ 5ാം വര്‍ഷം അവസാനത്തിലോ 6ാം വര്‍ഷം ആദ്യത്തിലോ നടന്ന യുദ്ധമായിരുന്നു ബനൂ മുസ്വ്ത്വലഖ് യുദ്ധം. ഈ യുദ്ധയാത്രയില്‍ നബിയെ അനുഗമിക്കുവാന്‍ പത്‌നി ആയിശ(റ)ക്കാണ് ഭാഗ്യമുണ്ടായത്. ബനൂ മുസ്വ്ത്വലഖിലെ സൈനിക നടപടി കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു. വഴിലൊരിടത്ത് സൈന്യം വിശ്രമിക്കുവാനിറങ്ങി. ആയിശ(റ) തന്റെ ഒട്ടകക്കട്ടിലില്‍ നിന്നിറങ്ങി തെല്ലകലെ ഇരുട്ടിലേക്ക് തന്റെ ഒരാവശ്യത്തിന്നായി പോയി. ആവശ്യം പൂര്‍ത്തീകരിച്ച് മടങ്ങുമ്പോള്‍ വസ്ത്രവും മററും ശരിപ്പെടുത്തുന്നതിനിടെയാണ് ആയിഷ(റ) അറിഞ്ഞത്; തന്റെ മാല എവിടെയോ വീണുപോയിരിക്കുന്നു എന്ന്. അവര്‍ പരിഭ്രാന്തയായി. അയല്‍വക്കത്തുനിന്ന് വായ്പ മേടിച്ചതായിരുന്നു ആ മാല. അതിനാല്‍ അരണ്ട വെളിച്ചത്തില്‍ അവര്‍ മാലയും തപ്പിനടന്നു.
അപ്പോഴേക്കും നബി(സ) സൈന്യത്തിനു പുറപ്പെടുവാനുള്ള നിര്‍ദ്ദേശം കൊടുത്തു കഴിഞ്ഞിരുന്നു. സാധാരണ അങ്ങനെ ചെയ്യാറില്ലായിരുന്നു. രാത്രിയില്‍ തമ്പിടിക്കുന്നിടത്ത് വെളുക്കും വരെ കഴിച്ചുകൂട്ടുകയായിരുന്നു പതിവ്. സൈനികരെല്ലാം വാഹനങ്ങളില്‍ കയറി യാത്രയാരംഭിച്ചു. ആയിശ(റ)യുടെ ഒട്ടകക്കട്ടില്‍ ഒട്ടകപ്പുറത്ത് എടുത്തുവെക്കേണ്ടവര്‍ ആയിശാ ബീവി അകത്തുണ്ടെന്ന ധാരണയില്‍ അതെടുത്തുവെക്കുകയും ചെയ്തു. ശരീരപുഷ്ടിയൊക്കെ വളരെ കുറഞ്ഞ ആയിശാ ബീവിയുടെ ഒട്ടകക്കട്ടിലിന്റെ അപ്പോഴത്തെ ഭാരക്കുറവ് അത്രതന്നെ ശ്രദ്ധിക്കപ്പെടാന്‍ മാത്രമില്ലായിരുന്നു.
തിരഞ്ഞ് തിരഞ്ഞ് ആയിശ(റ)ക്ക് അവസാനം മാല തിരിച്ചുകിട്ടി. അവര്‍ക്ക്് ആശ്വാസമായി. അവര്‍ വേഗം നടന്നു. സൈന്യം തമ്പടിച്ചിരുന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു അവര്‍ സ്തബ്ദയായിപ്പോയത്. ആരെയും കാണുന്നില്ല. എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു. താന്‍ വിജനമായ മരുഭൂമിയിലൊരിടത്ത് ആരും കൂട്ടിനില്ലാതെ ഒററപ്പെട്ടിരിക്കുകയാണ് എന്നറിഞ്ഞ അവര്‍ കുഴഞ്ഞുപോയി. കണ്ണീരും തുടച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തൊട്ടുമുമ്പില്‍ കാല്‍പ്പെരുമാററം കേട്ടത്. സൈന്യത്തിലെ ആര്‍ക്കെങ്കിലും വഴിയിലെന്തെങ്കിലും പററിയാല്‍ അവരെ സഹായിക്കുവാനായി സാധാരണ സൈന്യത്തിന്റെ ഏററവും പുറകില്‍ നടക്കുന്ന ആളാണ്. സ്വഫ്‌വാന്‍ ബിന്‍ മുഅത്വല്‍(റ).
സ്വഫ്‌വാന്‍(റ) വിജനതയിലിരുന്നു കണ്ണീര്‍വാര്‍ക്കുന്ന സ്ത്രീയെ കണ്ടു. അടുത്തു വന്നുനോക്കിയതും അദ്ദേഹം ഞെട്ടിപ്പോയി. ആയിശ(റ). അദ്ദേഹം പറഞ്ഞുപോയി: ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍’. പിന്നെ പരസ്പരമൊന്നു നോക്കുകയോ ഒരക്ഷരമെങ്കിലും ഉരിയാടുകയോ ചെയ്യാതെ വാഹനത്തില്‍ നിന്നിറങ്ങി അദ്ദേഹം അവര്‍ക്ക് തന്റെ വാഹനം താഴ്തിപ്പിടിച്ചുകൊടുത്തു. നബിതിരുമേനി തന്നെക്കാണാതെവന്നപ്പോള്‍ അയച്ചതാവാം എന്ന നിഗമനത്തില്‍ അവര്‍ വാഹനത്തില്‍ കയറി. സ്വഫ്‌വാന്‍ ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ച് മുന്നില്‍ നടന്നു.
പുലര്‍ച്ചെ മദീനായിലെത്തിയപ്പോഴായിരുന്നു ആയിശ(റ) ഒപ്പമില്ലെന്ന സത്യം നബിയും സ്വഹാബിമാരും അറിഞ്ഞത്. അവരെല്ലാം അസ്വസ്ഥരായി. അതിനിടെ സ്വഫ്‌വാന്‍(റ) ആയിശാ(റ)യുമായി മദീനായില്‍ വന്നിറങ്ങി. അതു കണ്ട മദീനായിലെ മുനാഫിഖുകള്‍ അടക്കം പറഞ്ഞു. ചെവികളില്‍ നിന്ന് ചെവികളിലേക്ക് പിന്നെ ആ അടക്കം പറഞ്ഞത് പകര്‍ന്നു. മദീനായില്‍ വിഷയം സംസാരമായി. ആയിശ(റ) സ്വഫ്‌വാന്‍(റ) എന്നിവരുടെ പേരില്‍ പല കഥകളും പ്രചരിച്ചു.
വിവരം നബി(സ)യുടെ ചെവിയിലുമെത്തി. സ്വന്തം ഭാര്യയുടെ ചാരിത്രം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കുന്നത് നബിതയിരുമേനിയെ വല്ലാതെ അസ്വസ്ഥമാക്കി. യാത്രയുടെ ക്ഷീണവും മാലപോയതിന്റെയും വഴിയില്‍ ഒററപ്പെട്ടതിന്റെയുമൊക്കെ വിഷാദം ആയിശ(റ)യെയും തളര്‍ത്തി. അവര്‍ക്ക് പനിപിടിച്ചു. മദീനായില്‍ തനിക്കെതിരെ ആഞ്ഞടിക്കുന്ന അപവാദക്കാററിനെ കുറിച്ച് നിഷ്‌കളങ്കയായ അവര്‍ വളരെ വൈകിയാണ് അറിഞ്ഞത്. അവരുടെ വിഷമത്തിനും സങ്കടത്തിനും അതിരില്ലായിരുന്നു. പലരുടെയും നെററിത്തടങ്ങള്‍ തന്നെ നോക്കുമ്പോള്‍ ചുളിഞ്ഞു പോകുന്നത് വല്ലാത്ത ഒരു വേദനയോടെ അവര്‍ കണ്ടുനിന്നു.
വിവാദത്തില്‍ തീര്‍പ്പുമായി ജിബ്‌രീല്‍ വന്നിറങ്ങാത്തത് നബി(സ)യെ ആശങ്കാകുലനാക്കി. അത്തരമൊരു സാഹചര്യത്തില്‍ താനേററവും ഇഷ്ടപ്പെടുന്ന വിശുദ്ധയായ ഭാര്യക്കുവേണ്ടി വാദിക്കുവാന്‍ ഈ വിനയത്തിന്റെ പ്രവാചകന്‍ തയ്യാറായില്ല. ജനങ്ങളുടെ വായമൂടിക്കെട്ടുവാന്‍ അവര്‍ ശ്രമിച്ചില്ല. അവര്‍ നേരെ പോയത് വിനയാന്വിതമായ ഒരന്വേഷണത്തിലേക്കായിരുന്നു. ആയിശ(റ)യുടെ ജീവിതവുമായി ഏററവും അടുത്ത ബന്ധമുള്ള മൂന്നു വ്യക്തിത്വങ്ങളെ നബി(സ) കണ്ടെത്തി. അലി(റ.), നബിയുടെ ദത്തുപുത്രനായിരുന്ന സൈദ് ബിന്‍ ഹാരിതയുടെ മകന്‍ ഉസാമ(റ), ആയിശ(റ)യുടെ വീട്ടുവേലക്കാരി ബരീറ(റ) എന്നിവരുമായിട്ടായുിരുന്നു നബി(സ) കൂടിയാലോചിച്ചത്.
ഈ കൂടിയാലോചന പക്ഷേ, ഖണ്ഡിതമായ ഒരു നിഗമനത്തിലെത്തുവാന്‍ നബിതിരുമേനിയെ സഹായിച്ചില്ല. ബരീറയും ഉസാമയും ആയിശ(റ)യുടെ ചാരിത്രത്തെയും സ്വഭാവത്തെയും പുകഴ്തുകയും എല്ലാ സംശയങ്ങളുടെ സാംഗത്യവും തള്ളിക്കളയുകയും ചെയ്തപ്പോള്‍ അലി(റ) വിവാദങ്ങളുടെ നിജസ്ഥിതികള്‍ നോക്കേണ്ടതില്ലെന്നും വിവാദമുള്ളത് ഒഴിവാക്കി വേണമെങ്കില്‍ വേറെ വിവാഹം ചെയ്യാമെന്നും നിര്‍ദ്ദേശിക്കുയുണ്ടായി. എന്തായാലും ഒരു തീരുമാനം എടുക്കുവാന്‍ അല്ലാഹുവിന്റെ വിധി തന്നെ വരേണ്ടിയിരുന്നു.
അവസാനം അതു വന്നു. ആയിശ(റ) നിരപരാധിയാണെന്നും മുനാഫിഖുകളുടെ വേലമാത്രമാണിതെന്നും അല്ലാഹു പ്രസ്താവിച്ചു. സൂറത്തുന്നൂറിലെ പത്തു ആയത്തുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളുടെ മൂടുപടങ്ങള്‍ വലിച്ചു കീറി. അപവാദങ്ങള്‍ പറയുകയും പ്രചരിപ്പിക്കുയും ചെയ്തവര്‍ക്ക് ശരീഅത്തനുസരിച്ചുള്ള ശിക്ഷ ഏററുവാങ്ങേണ്ടതായും വന്നു.
സേവകനായ നേതാവ്..
പ്രവാചകതത്തിന്റെ 14ാം വര്‍ഷം റബീഉല്‍ അവ്വല്‍ 8ന് മദീനായുടെ അതിര്‍ത്തിപ്രദേശമായ ഖുബായിലെത്തിയ നബിതിരുമേനി(സ) ആദ്യമായി ചെയ്തത് അവിടെ ഒരു പള്ളി നിര്‍മ്മിക്കുകയായിരുന്നു. ഖുബായില്‍ നബി(സ) അന്ന് തങ്ങിയത് ബനൂ അംറ് ബിന്‍ ഔഫിലെ വീടുകളിലൊന്നിലായിരുന്നു. അവരുടെ ഒരു കാരക്കക്കളമായിരുന്നു പള്ളി നിര്‍മ്മിക്കുവാന്‍ കണ്ടെത്തിയ സ്ഥലം. അവിടെ തന്നോടൊപ്പമുള്ള മക്കക്കാരായ ഏതാനും പേര്‍ക്കൊഴികെ നബി(സ) എന്നു പറയുമ്പോള്‍ മനസ്‌സില്‍ വരുന്ന ചിത്രം തങ്ങളുടെ നാടിനെ ഭരിക്കാന്‍ പോകുന്ന ഒരു ഭരണാധികാരിയുടേത് തന്നെയായിരുന്നു. അതിനാല്‍ പള്ളിനിര്‍മ്മാണം തുടങ്ങുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ തരാന്‍ മാത്രമായിരുന്നു അവര്‍ നബി(സ)യെ പ്രതീക്ഷിച്ചത്. പള്ളി എന്നത് അവര്‍ക്ക് പുതിയ അറിവാണ്. അതിന്റെ രൂപവും ഭാവവും നബിക്കേ അറിയൂ.
പക്ഷേ, നിമ്മാണം തുടങ്ങിയപ്പോള്‍ നബി(സ)യില്‍ നിര്‍ദ്ദേശങ്ങളുമായി മാറിനില്‍ക്കുന്ന ഒരാളെയല്ല അവര്‍ കണ്ടത്. കല്ലും മണ്ണും മരവും താങ്ങിക്കൊണ്ടുവരുന്ന ഒരു ജോലിക്കാരനെയായിരുന്നു. അവിടെ പള്ളിസ്ഥാപിക്കുന്നതിന് മുമ്പ് ഒരു നമസ്‌കരിക്കുന്ന സ്ഥലമുണ്ടായിരുന്നു എന്ന് ചില ചരിത്രങ്ങളിലുണ്ട്. അഖബാ ഉടമ്പടിക്കുശേഷം നബി(സ) മദീനായിലേക്ക് നിയോഗിച്ച പ്രബോധകദൂതനായ മിസ്വ്അബ് ബിന്‍ ഉമൈര്‍(റ)വിന്റെ നേതൃത്വത്തില്‍ അവിടെയായിരുന്നു അവര്‍ ഒത്തുചേര്‍ന്ന് നിസ്‌കരിച്ചിരുന്നത്. ഖിബ്‌ലയുടെ ഭാഗത്ത് നിന്നാണ് നിര്‍മ്മാണം ആരംഭിച്ചത്. അന്നത്തെ ഖിബ്‌ല ബൈത്തുല്‍ മുഖദ്ദസിലേക്കായിരുന്നു. പള്ളി നില്‍ക്കുന്ന സ്ഥാനത്ത് ഇത് ഏകദേശം വടക്കുദിശയിലാണ്. പള്ളിയുടെ മിഹ്‌റാബിന്റെ ഭാഗത്ത് ആദ്യത്തെ കല്ല് വെച്ച് ഉദ്ഘാടനം ചെയ്തത് നബി(സ)യായിരുന്നു. രണ്ടാമത്തെ കല്ല് അബൂബക്കര്‍(റ)വിന്‍േറതും മൂന്നാമത്തേത് ഉമര്‍(റ)വിന്‍േറതുമായിരുന്നു.
ശമൂസ് ബിന്‍തു നുഅ്മാന്‍(റ) ആ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൗതുകപൂര്‍വ്വം നോക്കിക്കണ്ട സ്ത്രീകളിലൊരാളായിരുന്നു. അവര്‍ പറയുകയാണ്: ‘നബി(സ) കല്ലും മണ്ണും ചുമന്ന് വരുന്നത് ഞാന്‍ കണ്ടു. മണ്ണിന്റെയും പൊടിയുടെയും അടയാളങ്ങള്‍ ആ വെളുത്ത മേനിയിലും വസ്ത്രങ്ങളിലും കാണാമായിരുന്നു. ചില അനുയായികള്‍ വന്ന് ‘നബിയേ, ഞങ്ങള്‍ ചെയ്തുകൊള്ളാം’ എന്ന് പറയുന്നുണ്ടായിരുന്നുവെങ്കിലും തികഞ്ഞ സംതൃപ്തിയോടെ നബിതിരുമേനി വേല ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. (ത്വബറാനി).
‘തഖ്‌വയില്‍ അസ്ഥിവാരമിട്ടത്’ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച മസ്ജിദു ഖുബായുടെ പണി നാലു ദിവസങ്ങള്‍ കൊണ്ടായിരുന്നു പൂര്‍ത്തീകരിക്കപ്പെട്ടത്. മദീനായിലെ നബിതിരുമേനിയുടെ ആദ്യ ജമാഅത്ത് നിസ്‌കാരത്തിലെ സുജൂദ് വീണതവിടെയായിരുന്നു. നേതാവും നായകനും പ്രവാചകനും ഒക്കെയായി യത്‌രിബിന്റെ പ്രമാണികള്‍ അംഗീകരിക്കുകയും തങ്ങളുടെ നാട്ടിലേക്ക് അദ്ദേഹത്തേയും അനുയായികളേയും ആദര്‍ശത്തേയും ക്ഷണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവിടെയെത്തിയ നബി(സ) പക്ഷേ, വിശാലമായ സമൂഹത്തില്‍ താനും ഒരംഗമാണ് എന്ന് തന്റെ വിനയം കൊണ്ട് എഴിതിച്ചേര്‍ക്കുന്ന ചിത്രമാണ് ഖുബായിലന്നു കണ്ടത്.
ആസ്ഥാന നിര്‍മ്മാണം.
റബീഉല്‍ അവ്വല്‍ 8 തിങ്കളാഴ്ച  മദീനായുടെ അതിര്‍ത്തിപ്രദേശമായ ഖുബായിലെത്തിയ നബിതിരുമേനി(സ) ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ യത്‌രിബിന്റെ കേന്ദ്രഭൂമിയിലേക്ക് പുറപ്പെട്ടു. സാലിം ബിന്‍ ഔഫിന്റെ വീടുകള്‍ക്കടുത്തെത്തിയപ്പോള്‍ ഉച്ചവെയില്‍ ചരിഞ്ഞു. അവിടെ നബി(സ) ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചു. തുടര്‍ന്ന് യാത്ര തുടര്‍ന്ന് അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ വീട് നിന്നിരുന്ന സ്ഥാനത്തെത്തിയതും നബിയുടെ ഒട്ടകം മുട്ടുകുത്തി. അവിടെയാണ് തന്റെ താല്‍ക്കാലിക താവളം. അവിടെ തന്നെയാണ് ഇസ്‌ലാമിക രാജ്യത്തിന്റെ കേന്ദ്രവും.
തന്റെ പള്ളിയും പാര്‍ലമെന്റും പാഠശാലയും എല്ലാമായി പള്ളിനിര്‍മ്മിക്കുവാനുള്ള സ്ഥലം നബി(സ) കണ്ടെത്തി. അസ്അദ് ബിന്‍ സുറാറ(റ)യുടെ കീഴിലുണ്ടായിരുന്ന ബനൂ നജ്ജാര്‍ കുടുംബത്തിലെ സഹ്ല്‍, സുഹൈല്‍ എന്നീ രണ്ട് അനാഥക്കുട്ടികളുടെ പേരിലുള്ള ഒരു സ്ഥലമായിരുന്നു അത്. നബി(സ) അത് അവരില്‍ നിന്നും വിലക്കുവാങ്ങി. പത്തു ദീനാറായിരുന്നു വില എന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. അവിടെ ഇസ്‌ലാമിന്റെ മൂന്ന് തീഥാടനകേന്ദ്രങ്ങളിലൊന്നായ മസ്ജിദുന്നബവിയുടെ നിമ്മാണം ആരംഭിച്ചു. ആ സ്ഥലത്തുണ്ടായിരുന്ന ചില പുരാതന ശവകുടീരങ്ങള്‍ മാന്തുകയും നിരപ്പില്ലാത്ത ഭാഗങ്ങള്‍ നിരത്തുകയും അവിടെയുണ്ടായിരുന്ന ഈന്തപ്പനകള്‍ മുറിച്ച് മാററുകയും ചെയ്തു.
ഏകദേശം 35 മീററര്‍ നീളവും 30 മീററര്‍ വീതിയുമുള്ള ഒരു വലിയ പള്ളിയാണ് അവിടെ നിര്‍മ്മിക്കുവാന്‍ പോകുന്നത്. നിരാലംബര്‍ക്കുള്ള വിശ്രമസ്ഥലം, പാഠശാല, നബികുടുംബങ്ങള്‍ക്ക് വാസസ്ഥലം തുടങ്ങി ധാരാളം സൗകര്യങ്ങള്‍ ഒരുക്കേണ്ട നിര്‍മ്മാണമാണ്. ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കാവുന്നതല്ലായിരുന്നു അത്. ഏററവും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും അധ്വാനം വേണ്ടിവന്നു പള്ളി പൂര്‍ത്തിയാക്കുവാന്‍. ചില അഭിപ്രായങ്ങള്‍ ഒരു വര്‍ഷത്തോളം എടുത്തു എന്ന് അനുമാനിക്കുന്നുണ്ട്.
സ്വന്തം സിംഹാസനം സ്ഥാപിക്കുവാനുള്ള ഈ ആസ്ഥാനം ഒരുക്കുമ്പോള്‍ തനിക്കുവേണ്ടി എന്തും ചെയ്യുവാനുള്ള ത്വരയും താല്‍പര്യവുമുള്ള ഒരു സമൂഹത്തിനു മുമ്പില്‍ ഈ മഹാമനസ്‌സ് പക്ഷേ, പ്രൗഢിയുടെ ലാഞ്ജനക്കുപോലും വഴങ്ങിയില്ല. അത്രയും അവര്‍ണ്ണനീയമായിരുന്നു ആ വിനയം. ഒരു സാധാരണക്കാരനെപ്പോലെ നബി(സ) ആദ്യവസാനം ജോലിയില്‍ വ്യാപൃതനായി. ഭാരമേറിയ കല്ലുകളും ഈന്തപ്പനമുട്ടികളും കൊണ്ടുവരുവാന്‍ നബി(സ)യുമുണ്ടായിരുന്നു. സ്വഹാബിമാര്‍ വിസമ്മതിക്കുമ്പോഴെല്ലാം വിനയപൂര്‍വ്വം പുഞ്ചിരിച്ച് നബി(സ) അവരില്‍ ഒരാളായിമാറുകയായിരുന്നു.
മണ്‍വെട്ടിയുമായി പ്രവാചകസുല്‍ത്വാന്‍
ഹിജ്‌റ അഞ്ചാം വര്‍ഷം. നിരന്തരമായ തോല്‍വികളുടെ മുമ്പില്‍ മാനം കാക്കുവാന്‍ ഖുറൈശികള്‍ മുസ്‌ലിംകള്‍ക്കെതിരെ ഒരു സഖ്യസേന രൂപീകരിച്ചു. ഗത്വ്ഫാന്‍, ബനൂ സുലൈം എന്നീ രണ്ടു വലിയ ജനവിഭാഗങ്ങളെ വ്യക്തമായും ഒപ്പം കൂട്ടി. മദീനായിലേയും ഖൈബറിലേയും ജൂതന്‍മാരെ ആവശ്യമാകുന്ന ഒരു ഘട്ടത്തിനു വേണ്ടി മനസ്‌സാ തയ്യാറാക്കി നിറുത്തുകയും ചെയ്തു. പതിനായിരത്തോളം വരുന്ന ഒരു സൈന്യവുമായി മദീനായെ ആക്രമിച്ചാല്‍ അവിടെയുള്ള മുവ്വായിരത്തോളം വരുന്ന മുസ്‌ലിംകളെ നിമിഷം കൊണ്ട് തോല്‍പ്പിക്കാമെന്ന മനപ്പായസമായിരുന്നു അവര്‍ വിളമ്പിയത്.
സ്ഥിതിഗതികള്‍ നബി(സ)യും സൈന്യവും വിലയിരുത്തി. അല്ലാഹുവിന്റെ സഹായമുണ്ടാകും എന്നത് ഉറപ്പും അനുഭവവുമാണ്. എന്നാലും മുന്‍കരുതലുകളെടുക്കാതെ വയ്യ. നബി(സ) വിളിച്ചുചേര്‍ത്ത അടിയന്തിര കൂടിയാലോചനാ യോഗത്തില്‍ നബി(സ) യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുവാന്‍ ചര്‍ച്ചകള്‍ തുടങ്ങി. ‘എന്തെങ്കിലും ചെയ്‌തേ പററൂ’ എല്ലാവരുടേയും അഭിപ്രായം അതായിരുന്നു.
സല്‍മാനുല്‍ ഫാരിസി(റ) ആണ് ള്ളകിടങ്ങു കുഴിച്ച് ശത്രുവിനെ പ്രതിരോധിക്കുക’ എന്ന പുതിയ യുദ്ധമുറ നിര്‍ദ്ദേശിച്ചത്. അത് എല്ലാവര്‍ക്കും സ്വീകാര്യമായി. അത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. പതിനായിരത്തോളം വരുന്ന ശത്രുവിനെ പിടിച്ചുനിറുത്തുവാന്‍ പോന്നതായിരിക്കണം കിടങ്ങ്. അത്രക്കും വലിയ കിടങ്ങ് കുഴിക്കുവാന്‍ ഒരു വലിയ അധ്വാനം വേണം. അതിനു ധാരാളം ആള് വേണം. അതോടൊപ്പം സമയവും വേണം. പ്രതിബന്ധങ്ങള്‍ പക്ഷേ, അവരെ തടഞ്ഞില്ല.
പെട്ടെന്ന് കിടങ്ങ് കുഴിക്കേണ്ട സ്ഥാനത്തെ കുറിച്ച് പഠനങ്ങള്‍ നടന്നു. കിഴക്കും പടിഞ്ഞാറും അതിരുകള്‍ സുരക്ഷിതങ്ങളാണ്. വലിയ കുന്നുകളുടെയും പീഢഭൂമികളുടേയും കാവല്‍ ഈ രണ്ടു അതിരിനുമുണ്ട്. തെക്കിനെയും പേടിക്കാനില്ല. കാടുകളും മററും നിറഞ്ഞ ആ വഴിയിലൂടെ ശത്രുവിന് അനായാസം മദീനായില്‍ കടക്കുവാന്‍ കഴിയില്ല. കടക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ തന്നെ അതിനെ പ്രതിരോധിക്കാം. എന്നാല്‍ വടക്കങ്ങനെയല്ല. അതുവഴി ശത്രുവിന് മദീനയിലേക്ക് വേഗം ഇരച്ചുകയറാം. അവര്‍ വന്നേക്കുമെന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്ന ഭാഗവും അതുതന്നെ. അതോടൊപ്പം തെക്കു കിഴക്കും ഭീഷണിയുണ്ട്. അവിടെയാണ് ബനൂ ഖുറൈളയിലെ ജൂതന്‍മാര്‍ അധിവസിക്കുന്നത്. അവരുമായി കരാറിലാണ് എങ്കിലും അവര്‍ വഞ്ചിക്കുമോ എന്ന ഭയം നബിക്കുണ്ടായിരുന്നു. അതിനാല്‍ അവരുടെ അടുത്തേക്ക് ഒരു ദൂതനെ പറഞ്ഞയച്ച് അവരുമായുള്ള കരാര്‍ വീണ്ടും ഉറപ്പിച്ചു. അതോടെ വടക്കൊഴികെ എല്ലാ അതിരുകളും സുരക്ഷിതമാണെന്ന് വന്നപ്പോള്‍ നബി(സ) തീരുമാനിച്ചു, വടക്കന്‍ അതിര്‍ത്തി കിടങ്ങു കുഴിച്ച് പ്രതിരോധിക്കുക എന്ന്.
സ്ഥാനം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ചെയ്യുവാനുള്ളത് എത്ര ശ്രമകരമായ ജോലിയാണെന്ന് അവര്‍ക്ക് ബോധ്യമായി. കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിപ്പിക്കുന്നവിധം വടക്ക് ഭാഗത്ത് കിടങ്ങു കുഴിക്കണമെങ്കില്‍ ഏററവും ചുരുങ്ങിയത് 12 കിലോമീററര്‍ കുഴിക്കണം.  ശത്രുവിനെ പ്രതിരോധിക്കണമെങ്കില്‍ ഏററവും കുറഞ്ഞത് അഞ്ചു മീറററെങ്കിലും വീതിയും ആഴവും വേണം. അതായത് ഏററവും കുറഞ്ഞത് കുഴിക്കേണ്ടത് 300 ക്യൂബിക് മീററര്‍ സ്ഥലമാണ്.
ആകെയുള്ള മദീനായിലെ മുവ്വായിരം പേരെ ജോലിക്കുപയോഗിക്കുവാന്‍ കഴിയില്ല. ഒരു യുദ്ധത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന നഗരത്തിന് കാവലടക്കമുള്ള അവശ്യസേവനങ്ങള്‍ക്കെല്ലാം ആള് വേണം. ഒരാള്‍ക്കൊരു ദിവസം കൊണ്ട് പരമാവധി അഞ്ച് ക്യൂബിക് മീററര്‍ കുഴിക്കാമെന്നുണ്ടെങ്കില്‍ തന്നെ കിടങ്ങ് കുഴിച്ച് പൂത്തിയാക്കുവാന്‍ എത്ര ആള് വെണം?, എത്ര ദിവസം വേണം?. പക്ഷേ, തളരാത്ത ഈമാന്‍ കാഠിന്യമേറിയ ഈ ദൗത്യത്തെ അവരുടെ മുമ്പില്‍ സരളമാക്കിക്കൊടുത്തു. പിന്നെ അവര്‍ കയ്യും മെയ്യും മറന്നു. ഭക്ഷണവും വെള്ളവും മറന്നു. ആ ചിത്രത്തിന്റെ ഏററവും വലിയ മനോഹാരിതയും അര്‍ഥവും നബിതിരുമേനിയെന്ന പ്രവാചകസുല്‍ത്വാന്‍ മണ്‍വെട്ടിയുമായി അവര്‍ക്കൊപ്പം നിന്ന് കിളക്കുന്നുണ്ടായിരുന്നു എന്നതു തന്നെ; 58 വയസ്‌സുള്ള പ്രവാചകന്‍.
ശത്രുവിനു മുമ്പിലും..
അബ്ദുല്ലാഹി ബിന്‍ ഉബയ്യ് ബിന്‍ സലൂലിനെ മുസ്‌ലിം ലോകത്തിന് മറക്കാനിവില്ല. ഇസ്‌ലാമിനും നബിതിരുമേനിക്കും സ്വഹാബിമാര്‍ക്കുമെതിരെ വിത്യസ്തമായ ഒരു പടനീക്കം നയിച്ച് കുപ്രസിദ്ധനായ ആളാണയാള്‍. അബ്ദുല്ല യത്‌രിബില്‍ ഔസ്, ഖസ്‌റജ് വംശങ്ങള്‍ക്കിടയില്‍ നടന്നിരുന്ന രക്തരൂഷിത യുദ്ധം മധ്യം പറഞ്ഞ് അവസാനിപ്പിക്കുകയും മദീനായുടെ പൊതുഭരണാധികാരിയായി അവരോധിതനാകുവാന്‍ അംഗീകാരം നേടുകയും ചെയ്തുനില്‍ക്കുന്നതിനിടയിലായിരുന്നു നബി(സ) മദീനായുടെ കടിഞ്ഞാണേന്തുവാനും കലാപവും യുദ്ധങ്ങളുമില്ലാത്ത ഒരു നവയുഗം സ്ഥാപിക്കുവാനും എത്തിച്ചേര്‍ന്നത്. നബി(സ) വന്നതോടെ എല്ലാ മനസ്‌സുകളും അവിടേക്ക് തിരിയുകയായിരുന്നു. ഇത് അബ്ദുല്ലായെ പ്രകോപിതനാക്കി.
ഇസ്‌ലാമിക സമൂഹം അതിവേഗം വളരുന്നത് അബ്ദുല്ലയെ അസ്വസ്ഥനാക്കി. അതിനിടെയായിരുന്നു ഹിജ്‌റ രണ്ടാം വര്‍ഷം ബദര്‍യുദ്ധം നടന്നത്. അതില്‍ മുസ്‌ലിംകള്‍ അത്ഭുതകരമായ വിജയം നേടുക കൂടെ ചെയ്തതോടെ അയാള്‍ക്ക് പുറത്തുനിന്ന് ഇസ്‌ലാമിനെ നേരിടുക എളുപ്പമല്ലെന്ന് ബോധ്യമായി. അയാള്‍ ഇസ്‌ലാം സ്വീകരിച്ച് സമൂഹത്തിന്റെ ഉള്ളി ല്‍ കയറിപ്പററി. ഉള്ളിലുരുന്ന് ഇസ്‌ലാമിനെ വേട്ടയാടുകയായിരുന്നു അയാളുടെ ലക്ഷ്യം.
മൂന്നാം വര്‍ഷം നടന്ന ഉഹദ് യുദ്ധത്തില്‍ യുദ്ധക്കളത്തില്‍ നിന്ന് അയാള്‍ തന്റെ കുടുംബാംഗങ്ങളായ 300 പേരെ പിന്‍വലിച്ചു കൊണ്ടായിരുന്നു തുടക്കം. മുവ്വായിരത്തോളം വരുന്ന പ്രതികാരദാഹികളായ മക്കാസൈന്യത്തിന്റെ മുമ്പില്‍ എത്ര ആളുണ്ടായാലും തികയാത്ത ഒരു അവസ്ഥയില്‍ നബിയും സൈന്യവും ശത്രുമുഖത്ത് നില്‍ക്കുമ്പോള്‍ തന്റെ മുന്നൂറ് പേരെ പിന്‍വലിച്ചാല്‍ അത് മുസ്‌ലിംകളുടെ പരാചയം വേഗത്തിലാക്കുമെന്ന് അയാള്‍ മനസ്‌സില്‍ കണ്ടു. പക്ഷേ, അല്ലാഹുവിന്റെ സഹായം ഉഹദിലും പെയ്തിറങ്ങി. മക്കക്കാരോടൊപ്പം അബ്ദുല്ലയും തോററു. മുഅ്മിനുകളെയും മുനാഫിഖുകളെയും കാഫിറുകളെയും മൂന്നു കളങ്ങളില്‍ മാററിനിറുത്തിയ യുദ്ധമായിരുന്നു ഉഹദ് യുദ്ധം.
ഉഹദ് യുദ്ധം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം ബനൂഖൈനുഖാഅ് ജൂതഗോത്രത്തിനെതിരെ നടന്ന നബി(സ)യുടെ തീരുമാനങ്ങളില്‍ ഏററവും അസ്വസ്ഥനായത് അവരുടെ ഒരു സഹചാരികൂടിയായിരുന്ന ഈ മുനാഫിഖായിരുന്നു. പരസ്യമായി ഒരു സ്ത്രീയെ മാര്‍ക്കററില്‍ വെച്ച് അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളായിരുന്നു ബനൂഖൈനുഖാഇനെതിരെ ശക്തമായ ഉപരോധം പ്രഖ്യാപിക്കുവാന്‍ നബി(സ)യെ പ്രേരിപ്പിച്ചത്. ഒരു സ്ത്രീ ഒരു കൊലപ്പണിക്കാരന്റെ ആലയില്‍ തന്റെ എന്തോ ആവശ്യത്തിനായി വന്നു. ആ സ്ത്രീ മുഖം മറച്ചിരുന്നു. മുഖം കാണിക്കുവാന്‍ ഒരുത്തന്‍ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ച സ്ത്രീയുടെ വസ്ത്രത്തുമ്പില്‍ ജൂതനായ കൊല്ലന്‍ ചവിട്ടിനിന്നു. ഇതറിയാതെ സ്ത്രീ എഴുന്നേററതോടെ അവരുടെ ശരീരഭാഗങ്ങള്‍ വെളിവായി. ഇതാണ് പ്രകേപനമായി മാറിയത്. ഉപരോധത്തില്‍ ഗതിമുട്ടിയ അവര്‍ കീഴടങ്ങി. ഇസ്‌ലാമിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന മദീനയിലെ ജൂത അച്ചുതണ്ടുകളില്‍ ഒന്നായിരുന്നു ബനൂ ഖൈനുഖാഅ്. ഏതു ശിക്ഷയും അവര്‍ അര്‍ഹിക്കുന്നുണ്ടായിരുന്നു.
ബനൂഖൈനുഖാഇനെതിരെ വധശിക്ഷയായിരിക്കും നബി(സ) വിധിക്കുക എന്ന ധാരണ മദീനയില്‍ പടര്‍ന്നു. അതറിഞ്ഞ് അവര്‍ക്കുവേണ്ടി വാദിക്കുവാനും അപേക്ഷിക്കുവാനും നബി(സ)യുടെ മുമ്പിലെത്തുവാന്‍ മദീനയില്‍ അബ്ദുല്ലാ ബിന്‍ ഉബയ്യ് ബിന്‍ സലൂലിനല്ലതെ മററാര്‍ക്കും ധൈര്യമുണ്ടായില്ല. അദ്ദേഹം നബിയുടെ മുമ്പില്‍ വന്ന് ബനൂ ഖൈനുഖാഅ്കാരെ വധിക്കരുതെന്ന് ആവശ്യപ്പെട്ടു.
അബ്ദുല്ലാ ബിന്‍ സലൂല്‍ വളരെ കണിശമായിട്ടായിരുന്നു തന്റെ ആവശ്യം ഉന്നയിച്ചത്. തെല്ല് അധികാരത്തിന്റെയും ഗര്‍വ്വന്റെയുമെല്ലാം ധ്വനി അയാളുടെ സ്വരത്തിലുണ്ടായിരുന്നു. എന്നാല്‍ നബി(സ) ആദ്യം അതിനു വഴങ്ങിയില്ല. നബിയുടെ കുപ്പായത്തില്‍ പിടിച്ചും വലിച്ചുമായി പിന്നീട് അബ്ദുല്ലായുടെ അപേക്ഷയും ആവശ്യവും. നബി(സ)യെ അയാള്‍ വല്ലതും ചെയ്‌തേക്കുമോ എന്നുവരെ ഭയപ്പെടേണ്ട അവസ്ഥയായിരുന്നു. പക്ഷേ, ഈ പ്രവാചകന്‍ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദൂതനാണല്ലോ. അവസാനം നബി(സ) അയാള്‍ക്കു വഴങ്ങി. ബനൂഖൈനുഖാഅ് നാടുവിട്ടാല്‍ മതി എന്നു നബി(സ) തീരുമാനിച്ചു.
മദീനായിലെ സാമൂഹ്യ സമാധാനം നഷ്ടപ്പെടുത്തുവാനും ഔസ്, ഖസ്‌റജ് കുടുംബങ്ങളെ വീണ്ടും തമ്മിലടിപ്പിക്കുവാനും അയാള്‍ ആവതുശ്രമിച്ചു. ബനൂ നളീറിനെ േപ്പാലുള്ള ജൂതകുടുംബങ്ങളെ ഇസ്‌ലാമിനെതിരെ രഹസ്യമായി പ്രേരിപ്പിച്ചു.
പക്ഷേ, അവയൊന്നും വിജയിച്ചില്ല. നാളുകള്‍ ചെല്ലുംതോറും അബ്ദുല്ലാഹി ബിന്‍ സലൂലിന്റെ കാപട്യം ശക്തിപ്പെട്ടു. ഹിജ്‌റ 6ാം വര്‍ഷം നടന്ന ബനൂ മുസ്വ്തലഖ് യുദ്ധത്തില്‍ അബ്ദുല്ലയുടെ രണ്ടു കുതന്ത്രങ്ങള്‍ അര          ങ്ങേറി. യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ ‘നാം മദീനയില്‍ തിരിച്ചെത്തിയാലുടന്‍ നബി(സ)യെയും അനുായികളെയും നാട്ടില്‍ നിന്ന് പുറത്താക്കും എന്ന പ്രസ്താവനയായിരുന്നു അതിലൊന്ന്. നിരന്തരമായ യുദ്ധങ്ങള്‍ മദീനായുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയാണെന്ന് ഇതിന്നായി അയാള്‍ വാദിക്കുകയും ചെയ്തു. ആയിശ(റ)ക്കെതിരെയുണ്ടായ അപവാദ പ്രചരണത്തിലെ പങ്കായിരുന്നു രണ്ടാമത്തേത്. ഈ വിഷയത്തിന് ഇത്രയേറെ പ്രചാരം നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അയാളായിരുന്നു.
ഹിജ്‌റ 9ാം വര്‍ഷം ഇസ്‌ലാമിക സമൂഹത്തിനു മുമ്പില്‍ പുതിയ ഒരു തന്ത്രവുമായി അബ്ദുല്ലാ ബിന്‍ സലൂല്‍ രംഗത്തെത്തി. അത് മസ്ജിദു ഖുബാഇന്റെ അടുത്തായി ഒരു പള്ളി നിര്‍മ്മിച്ച് സമൂഹത്തെ പിളര്‍ത്തുവാനുള്ള ശ്രമമായിരുന്നു. മസ്ജിദു ളിറാര്‍ എന്ന കുപ്രസിദ്ധിനേടിയ ഈ പള്ളി അബൂ ആമിര്‍ എന്ന ജൂതന്റെ തന്ത്രങ്ങള്‍ക്കു വിധേയമായി നിര്‍മ്മിക്കുകയും അത് ഉദ്ഘാടനം ചെയ്തുകൊടുക്കുവാന്‍ നബിതിരുമേനിയെ ക്ഷണിച്ചതുമെല്ലാം അബ്ദുല്ലാ ബിന്‍ സലൂല്‍ അടക്കമുള്ള ഒരു സംഘമായിരുന്നു. തബൂക്കിലേക്കുള്ള യുദ്ധയാത്രക്ക് ഒരുങ്ങി നിക്കുകയായിരുന്നുതിനാല്‍ നബി(സ) ഉദ്ഘാടനത്തിന് സമ്മതിച്ചുവെങ്കിലും യുദ്ധം കഴിഞ്ഞുതിരിച്ചെത്തുന്നതുവരേക്ക് നീട്ടിവെക്കുകയായിരുന്നു.
തബൂക്കില്‍ നിന്നും യുദ്ധം കഴിഞ്ഞ് മടങ്ങി മദീനായുടെ അടുത്തുള്ള ഒരു ഇടത്താവളത്തിലെത്തിയപ്പോള്‍ ഉദ്ഘാടന പരിപാടിയുമായി ളിറാറുകാര്‍ നബിയുടെ അടുത്തെത്തി. പക്ഷേ, അ േപ്പാഴേക്കും കാര്യങ്ങളുടെ മുഖം മൂടികള്‍ വലിച്ചുകീറി വഹ്‌യെത്തി. പിന്നെ ഒട്ടും താമസിച്ചില്ല, നബി(സ) ഈ ഫിത്‌നയുടെ പള്ളി കത്തിച്ചുകളയുവാന്‍ കല്‍പന നല്‍കി. അതോടെ അദ്ബുല്ലായുടെ ആശ്രമവും പാളിപ്പോയി.
തനിക്കും ഇസ്‌ലാമികമുന്നേററങ്ങള്‍ക്കുമെതിരെ ഇത്രക്ക് വ്യക്തമായ ശത്രുത കാണിച്ച ഈ മുനാഫിഖഎപ്പോഴും നബിയുടെ വാള്‍ത്തലപ്പത്തുണ്ടായിരുന്നു പക്ഷേ, അയാളെ കൊല്ലുവാന്‍ നബി(സ)   താല്‍പര്യം  കാണിച്ചില്ല.  കാരണം പൊതുസമൂഹവും അറബികളും മുഹമ്മദ് സ്വന്തം അനുയായികളെ തന്നെ കൊല്ലുവാന്‍ തുടങ്ങി എന്ന ഒരു വാര്‍ത്ത പ്രചരിക്കുന്നത് നബി(സ) ഇഷ്ടപ്പെട്ടില്ല. ഇയാളെ വധിച്ചാല്‍ അത് പെട്ടെന്ന് തന്നെ അറേബ്യയില്‍ വ്യാപിക്കും. ഇയാള്‍ ചെയ്തകാര്യങ്ങള്‍ രഹസ്യമായി ചെയ്തിട്ടുള്ളവയാകയാല്‍ അവ ജനങ്ങള്‍ വിശ്വസിച്ചുകൊള്ളണമെന്നില്ല. അവര്‍ക്ക്, മുഹമ്മദ് മദീനായിലെ തന്റെ അനുയായിയായ ഒരു പ്രധാനിയെ കൊന്നു എന്നു മാത്രമേ പറയാനുണ്ടാവൂ. അത് സമൂഹത്തിന് പേരുദോഷം വരുത്തും.
അബ്ദുല്ലായുടെ മകന്‍ അബ്ദുല്ലയാകട്ടെ നല്ല ഒരു സ്വഹാബിയായിരുന്നു. എന്നും ഇസ്‌ലാമിനോടും നബിയോടും അനുസരണയും കൂറും മാത്രം കാണിച്ചിട്ടുള്ള സമുന്നതനായ സ്വഹാബിയായിരുന്നു അബ്ദുല്ലാഹി ബിന്‍ അബ്ദുല്ലാഹി ബിന്‍ സലൂല്‍(റ). സ്വന്തം പിതാവിന്റെ ചെയ്തികളില്‍ മനസ്‌സുമുട്ടിയ അദ്ദേഹം ഒരിക്കല്‍ നബി(സ)യുടെ     മുമ്പില്‍ ചെന്ന് കൊണ്ട് പിതാവിന്റെ തലയറുക്കുവാന്‍ അനുവാദം തേടി. പക്ഷേ, നബി(സ) അതിനനുവദിച്ചില്ല. പിതാവെന്ന അര്‍ഥത്തിലുള്ള നന്‍മകള്‍ ചെയ്തുകൊടുക്കുവാനായിരുന്നു നബി(സ)യുടെ ഉപദേശം.
ഇസ്‌ലാമിക നവജാഗരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും സാമൂഹിക സംസ്ഥാപനത്തിന്റെയും വഴിയില്‍ തനിക്ക് ഏററവും വലിയ വെല്ലുവിളിയുയര്‍ത്തിയ അബ്ദുല്ലാഹി ബിന്‍ സലൂലിനു മുമ്പിലും പക്ഷേ, വിശ്വകാരുണ്യമായ പ്രവാചകന്‍ തന്റെ വിനയവും കാരുണ്യവും മറന്നില്ല. പ്രവാചക ചരിത്രത്തിലെ ഏററവും ശ്രദ്ധേയമായ താളുകളാണ് ഈ അര്‍ഥത്തില്‍ വിരചിക്കപ്പെട്ടത്. ഹിജ്‌റ 9ാം വര്‍ഷം ഇബ്‌നു സലൂല്‍ രോഗിയായതറിഞ്ഞ നബി(സ)തിരുമേനി അയാളെ സന്ദര്‍ശിക്കുവാന്‍ പോകുകയുണ്ടായി. ചരിത്രത്തിന്റെ നെററിയില്‍ ചുളിവുകള്‍ വീഴ്തിയേക്കാവുന്ന ഈ നിലപാടില്‍ നബി(സ)യുടെ കരുണയും വിനയവും ലോകം കാണുകയായിരുന്നു.
നബി(സ)യുടെ വിനയം അവിടെയും അവസാനിച്ചില്ല. മരണത്തിന്റെ വായില്‍ കിടക്കുന്ന തന്റെ പിതാവിന് വേണ്ടി മകന്‍ അബ്ദുല്ല നബിയോട് തന്റെ പിതാവിനെ കഫന്‍ ചെയ്യുവാന്‍ നബിയുടെ ഒരു വസ്ത്രം ചോദിച്ചു. നബിയുടെ മേനിതൊട്ട വസ്ത്രം പവിത്രമാണ്. അതു ധരിച്ച് ആഖിറത്തിലേക്ക് പോകന്‍ കഴിയുന്നവന്‍ സൗഭാഗ്യവാനാണ്. തന്നെ ഇത്രക്കു ദ്രോഹിച്ച അബ്ദുല്ലാഹി ബിന്‍ സലൂലിന് ആ ആനുകൂല്യങ്ങള്‍ ലഭിക്കരുതെന്ന് നബി(സ) ആഗ്രഹിച്ചതേയില്ല. അയാളെ കഫന്‍ ചെയ്യുവാന്‍ നബി(സ) തന്റെ വസ്ത്രം നല്‍കുകതന്നെ ചെയ്തു.
മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹി ബിന്‍ സലൂല്‍ അന്തരിച്ചു. അയാളുടെ ജനാസ പള്ളിയിലെത്തി. നബി(സ) ഒന്നാലോചിച്ചുനിന്നു. പിന്നെ ആ ജനാസക്കുവേണ്ടിയുള്ള നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ആ കാഴ്ച സ്വഹാബിമാരെ അമ്പര പ്പിച്ചു. ഉമര്‍(റ) അസ്വസ്ഥനായി. അദ്ദേഹം നബിയോട് ആ കാര്യം ചോദിക്കുക തന്നെ ചെയ്തു. പിന്നെ ഉമര്‍(റ)വിന്‍േറതു പോലെ അല്ലാഹുവിന്റെയും അനിഷ്ടം വന്നു. മേലില്‍ മുനാഫിഖുകളുടെ മേല്‍ നിസ്‌കരിക്കുകയോ അവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യരുത് എന്ന് അല്ലാഹു തീര്‍ത്തുപറഞ്ഞു.