ഇതുപോലുള്ള കാര്യങ്ങള്‍ കറാഹത്താണെന്ന് തുഹ്ഫ 3/175ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം റംലി(റ) പറയുന്നു. പക്ഷേ, ഇതുകൊണ്ടുദ്ദേശ്യം മയ്യിത്തിനെ തഅ്ളീം (ബഹുമാനിക്കല്‍) ആകുമ്പോഴാണ് ഇത്. പ്രത്യുത തബര്‍റുകാ (മയ്യിത്തില്‍ നിന്ന് പുണ്യമെടുക്കല്‍) ണുദ്ദേശ്യമെങ്കില്‍ യാതൊരു പന്തികേടുമില്ല. ഇപ്രകാരം എന്റെ പിതാവ് (ശിഹാബുര്‍റംലി(റ) ഫത്വ നല്‍കിയിട്ടുമുണ്ട്. മാത്രമല്ല ജാറങ്ങളില്‍ തിക്കും തിരക്കും വര്‍ധിക്കുന്ന സമയം കൈ കൊണ്ടോ വടി കൊണ്ടോ ചൂണ്ടി ചുംബിക്കുന്നതും വിരോധമില്ല (നിഹായ 3/34 ഹാശിയ സഹിതം നോക്കുക).
പണ്ഢിതന്മാര് പാമരന്മാരുടെ അരികില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കലാണ് ഉത്തമം. കാരണം തബര്‍റുകും തഅ്ളീമും തമ്മിലുള്ള വ്യത്യാസം അവര്‍ക്കറിയില്ല (ശര്‍വാനി 3/176). തബര്‍റുക് കൊണ്ടുദ്ദേശ്യം ഔലിയാക്കളില്‍ നിന്ന് ലഭ്യമാകുന്ന എഹികവും പരാരത്രികവുമായ നേട്ടങ്ങള്‍ കാംക്ഷിക്കലാണ്.
ഇബ്നുഹജര്‍(റ) പറയുന്നു: “മഹാന്മാരുടെ ഖബറുകള്‍ സിയാറത് ചെയ്യുന്നവര്‍ക്ക് അവരില്‍ നിന്നുള്ള പരാരത്രികമായ നേട്ടങ്ങള്‍ ലഭ്യമാകുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹംതടയപ്പെട്ടവരല്ലാതെ ഇത് നിഷേധിക്കില്ല’ (തുഹ്ഫ 3/201).
തഅ്ളീം അങ്ങനെയല്ല. അത് കടപ്പാട് വീട്ടുക എന്ന ഉദ്ദേശ്യത്തില്‍ ബഹുമാനം പ്രകടിപ്പിക്കലാണ്. അതുകൊണ്ടാണ് ആ ഉദ്ദേശ്യത്തിലാണെങ്കില്‍ കറാഹത്താകുന്നത്. മഹാന്മാരുടെ ഖബറുകള്‍ തൊട്ടുമുത്തി ബഹുമാനിക്കാന്‍ അവരോട് നമുക്ക് യാതൊരു കടപ്പാടുമില്ല. ഉസ്താദുമാരെയും മാതാപിതാക്കളെയും കാണുമ്പോള്‍ എഴുന്നേറ്റുനിന്ന് ബഹുമാനം പ്രകടിപ്പിക്കല്‍ നമുക്ക് കടപ്പാടുള്ളതുപോലെ.
ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ. ‘മഖ്ബറയിലുള്ള വലിയ്യിനോട് സ്നേഹത്തിന്റെ ആധിക്യത്താലാണ് ചുംബനം പോലോത്തത് ചെയ്യുന്നതെങ്കില്‍ കറാഹത്തില്ല’ (ഇബ്നുഹജറി(റ)ന്റെ അല്‍ ജൌഹറുല്‍ മുനള്ളം, പേജ് 65, ഹാശിയതുല്‍ ഈളാഹ് പേജ് 502 എന്നിവ കാണുക).
ബഹു. മര്‍വാനുബ്നു ഹകം(റ) നബി(സ്വ)യുടെ റൌളാശരീഫില്‍ വന്നപ്പോള്‍ ഒരാള്‍ തന്റെ മുഖം റൌളാശരീഫില്‍ വെച്ചതായി കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളെന്താണീ ചെയ്യുന്നത്. അയാള്‍ തിരിഞ്ഞുനോക്കി. അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യായിരുന്നു അവര്‍. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യുടെ സന്നിധിയിലാണ് വന്നിട്ടുള്ളത്. അല്ലാ തെ വല്ല കല്ലിന്റെയും അരികിലല്ല. അതുകൊണ്ട് എന്റെ ഈ പ്രവൃത്തിയില്‍ നിങ്ങള്‍ വിഷമിക്കണ്ട. ദീനിന്റെ കാര്യകര്‍തൃത്വം അനര്‍ഹരില്‍ അര്‍പ്പിതമാകുമ്പോഴാണ് വിഷമിക്കേണ്ടത് (അഹ്മദ്), (മജ്മഉസ്സവാഇദ് 2/4). ഇപ്രകാരം അല്‍ ജൌഹറുല്‍ മുനള്ളം പേജ് 65ലും കാണാം. ഈ സംഭവം ഹാഫിള് അബുല്‍ഹുസൈന്‍(റ) തന്റെ അഖ്ബാറുല്‍ മദീന എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സഖാം പേജ് 103).
ഇബ്നുഅസാകിര്‍(റ) അബുദ്ദര്‍ദാഅ്(റ) വഴി റിപ്പോര്‍ട്ടു ചെയ്യുന്നു. ‘ബഹു. ബിലാല്‍(റ) നബി(സ്വ)യുടെ വഫാത്തിന് ശേഷം മദീനയില്‍ നിന്ന് ശാമിലേക്ക് മാറി. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കണ്ടു. അവര്‍ ഇങ്ങനെ പറഞ്ഞു. ബി ലാല്‍, നിനക്കെന്താ ഒരു പിണക്കം. എന്നെ സന്ദര്‍ശിക്കുവാന്‍ നിനക്ക് സമയമായില്ലേ. ബിലാല്‍(റ) ഞെട്ടിയുണര്‍ന്നു. പുലര്‍ച്ചെ വളരെ ദുഃഖത്തോടും ഭയത്തോടും മദീനയിലേക്ക് യാത്ര തിരിക്കുകയും റൌളയില്‍ എത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് മുഖം റസൂലുല്ലാഹി(റ)യുടെ റൌളാശരീഫില്‍ വെച്ചുരുട്ടുകയും ചെയ്തു’ (താരീഖു ഇബ്നി അസാകിര്‍, 2/256).
ഈ സംഭവം അടിസ്ഥാനരഹിതമാണെന്ന് ഇമാം സുയൂഥി(റ) പറഞ്ഞതായി മിര്‍ഖാത് 5/624ല്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പരമ്പര കുറ്റമറ്റതാണെന്ന് ഇബ്നുഹജര്‍ (റ) അല്‍ ജൌഹറുല്‍ മുനള്ളം പേജ് 27ല്‍ പറഞ്ഞിട്ടുണ്ട്. ഇപ്രകാരം ഇമാം സുബ്കി (റ)യും പ്രസ്താവിച്ചതായി ആസാറുസ്സുനന്‍ 2/127ലും വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോള്‍ ഇമാം സുയൂത്വി(റ) അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞത് തനിക്ക് കിട്ടിയ നി വേദക പമ്പര ആസ്പദമാക്കിയാകാനേ നിര്‍വാഹമുള്ളൂ. ഒരു സംഭവത്തെ കുറിച്ച് അടിസ്ഥാനപരമെന്നോ അടിസ്ഥാന രഹിതമെന്നോ സ്വഹീഹെന്നോ ളഈഫെന്നോ പറയുന്നുവെങ്കില്‍ തനിക്ക് കിട്ടിയ നിവേദക പരമ്പര ആസ്പദമാക്കി മാത്രമാണ് ആ പരാമര്‍ശമെന്ന് ഇമാം നവവി(റ) തന്റെ തഖ്രീബില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹാഫിള് ബദറുദ്ദീനുല്‍ ഐനി(റ) പറയുന്നു: “പുണ്യസ്ഥലങ്ങളെയും മഹാന്മാരുടെ കൈകളെയും ബറകതുദ്ദേശിച്ച് ചുംബിക്കല്‍ സ്തുത്യര്‍ഹമായ പ്രവൃത്തിയാകുന്നു. ഹാഫിള് ഇബ്നുനാസ്വിര്‍(റ) എഴുതിവെച്ച ഒരു പഴയ പതിപ്പില്‍ ഇങ്ങനെ കണ്ടതായി അബൂസഈദ്(റ) പ്രസ്താവിക്കുന്നു. ബഹു. അഹ്മദുബ്നു ഹമ്പലി(റ)നോട് റസൂലില്ലാഹി(സ്വ)യുടെ റൌളയും മിമ്പറും ചുംബിക്കുന്നത് സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു പന്തികേടുമില്ലെന്ന് അവിടുന്ന് പ്രസ്താവിച്ചു” (ഉംദതുല്‍ ഖാരി 9/241).
ഇമാം മുഹിബ്ബുത്ത്വബ്രി(റ) പറയുന്നു: “എന്റെ പിതാമഹന് മുഹമ്മദുബ്നു അബീബക്ര്(റ) ഇമാം മുഹമ്മദുബ്നു അബിസ്സൈഫി(റ)ല്‍ നിന്ന് നിവേദനം. സലഫുസ്സ്വാലിഹുകളില്‍െപട്ട ചിലര്‍ മുസ്വ്ഹഫ്, ഹദീസ് തുടങ്ങിയവയുടെ ഏടുകളെയോ മഹാന്മാരുടെ ഖബറുകളെയോ കാണുമ്പോള്‍ ചുംബിക്കാറുണ്ടായിരുന്നു” (അല്‍ഖിറാ ലി ഖാസ്വിദി ഉമ്മില്‍ഖുറാ, പേജ് 255).
ഇമാംറാസി(റ) പറയുന്നതിപ്രകാരമാണ്. “ബിംബാരാധകര്‍ അവരുടെ ആരാധ്യവസ്തുക്കളെ സംബന്ധിച്ച് അല്ലാഹുവിന്റെ അരികില്‍ ശിപാര്‍ശകരാകുമെന്ന് വിശ്വസിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ ആ വിശ്വാസം എങ്ങനെ ആയിരുന്നുവെന്നതില്‍ മുഫസ്സിറുകള്‍ ധാരാളം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ നാലാമത്തേത് ഇതാണ്. അവര്‍ അമ്പിയാക്കളുടെയും അവരുടെ അകാബിറി(മേലാളന്മാര്)ന്റെയും രൂപത്തില്‍ പ്രതിമകളുണ്ടാക്കുകയും അവകള്‍ക്ക് ആരാധിച്ചാല്‍ അവര്‍ തങ്ങ ള്‍ക്ക് അല്ലാഹുവിന്റെ അരികില്‍ ശിപാര്‍ശകരാകുമെന്ന് വിശ്വസിക്കുകയും ചെയ്തു. ഇതിന് തുല്യമാണ് ഈ കാലഘട്ടത്തിലെ കുറേ ആളുകള്‍ അവരുടെ അകാബിറിന്റെ ഖബറുകള്‍ ബഹുമാനിക്കല്‍ കൊണ്ട് ജോലിയാകുന്നത്. ഖബറുകളെ ബഹുമാനിച്ച് കൊണ്ടിരുന്നാല്‍ തങ്ങള്‍ക്ക് അവര്‍ അല്ലാഹുവിന്റെ അരികില്‍ ശിപാര്‍ശ ചെയ്യുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്” (തഫ്സീറുല്‍ കബീര്‍ 17/49 നോക്കുക).
ഇമാം റാസി(റ) ഈ പറഞ്ഞത് സുന്നികളായ നാം ചെയ്യുന്നതുമായി ബന്ധപ്പെട്ടതേയല്ല. കാരണം മുശ്രിക്കുകള്‍ അവരുടെ ബിംബങ്ങള്‍ക്ക് അര്‍പ്പിച്ചിരുന്ന ബഹുമാനവും താഴ് മയും പരമമായിരുന്നു. അതുകൊണ്ട് തന്നെയാണ് അത് ആരാധനയാണെന്ന് ഇമാം റാസി(റ) തന്നെ, ഇതിന്റെ തൊട്ടുമുമ്പ് വ്യക്തമാക്കിയത്. അപ്പോള്‍ അതിന് തുല്യമായ ബഹുമാനമാകണമെങ്കില്‍ ഖബറിന് പരമമായ ബഹുമാനമര്‍പ്പിക്കണമെന്നത് വ്യക്തമാണ്. ഒരു വസ്തുവിന് പരമമായി ചെയ്യുന്ന ബഹുമാനം തന്നെയാണ് അതിനെ ആരാധിക്കലെന്ന് ഇമാം റാസി(റ) തഫ്സീറുല്‍ കബീറില്‍ ധാരാളം സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഖബറിന് പരമമായ ബഹുമാനമര്‍പ്പിക്കുന്നവരല്ല സുന്നികള്‍. അപ്പോള്‍ ഇമാം റാസി(റ)യുടെ വിവക്ഷ തന്റെ കാലഘട്ടത്തിലുമുണ്ടായിരുന്ന ഖബറാരാധകരായ കുഫ്ഫാറുകളാകണം. ഇതിന് തെളിവാണ് ‘ഇശ്തിഗാലു കസീരിന്‍ മിനല്‍ ഖല്ഖി’ (കുറേയാളുകള്‍ ജോലിയാകുന്നത്) എന്നുപറഞ്ഞ സ്ഥാനത്ത് ‘ഇശ്തിഗാലു കസീരിന്‍ മിനല്‍ മുസ്ലിമീന’ (കുറേ മുസ്ലിംകള് ജോലിയാകുന്നത്) എന്ന് പറയാതിരുന്നത്. പരമമല്ലാത്ത ബഹുമാനത്തോടെ, ഖബറിനരികില്‍ ആരാധനാ രൂപത്തിലുള്ള റുകൂഅ് പോലുള്ളവ ചെയ്യല്‍ ഹറാമാണ്. കാരണം അത് ബാഹ്യത്തില്‍ ശിര്‍ക്കിനെ തോന്നിപ്പിക്കുന്ന രൂപമാണെന്നതുതന്നെ. അല്ലാഹുവിനെ ബഹുമാനിക്കും പോലെയുള്ള ബഹുമാനമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് പരമമായ ബഹുമാനമായതുകൊണ്ട് ശിര്‍ക്കുതന്നെയാണ്. ബാഹ്യത്തില്‍ ആരാധനാരൂപമില്ലാത്ത തൊട്ടുമുത്തല്‍, ചുംബനം പോലെയുള്ളവ പരമമായ ബഹുമാനമില്ലാതെയാണ് ചെയ്തതെങ്കില്‍ ഹറാമില്ല. മറിച്ച് കറാഹത്ത് മാത്രമാണ്. ബഹു. ഇബ്നുഹജര്‍(റ) അല്‍ ജൌഹറുല്‍ മുനള്ളം, പേജ് 66ല്‍ പറഞ്ഞതാണിതെല്ലാം. തന്റെ ഹാശിയതുല്‍ ഈളാഹ് പേജ് 502ലും ഇപ്രകാരം കാണാം.
ഇമാം നവവി(റ)യുടെ ഈളാഹിന്റെ വ്യാഖ്യാനത്തില്‍ ഇമാം റംലി(റ)പറയുന്നു: “കറാഹത്തിനുള്ള കാരണം പ്രസ്തുത കാര്യങ്ങള്‍ അപമര്യാദയാണെന്നുള്ളതാണ്. അപ്പോള്‍ തബര്‍റുക് (പുണ്യം കരസ്ഥമാക്കല്‍) മാത്രമാണുദ്ദേശ്യമെങ്കില്‍ ഒരു വിരോധവുമില്ലെന്ന് മനസ്സിലാക്കാം” (ഫതാവല്‍ കുര്‍ദി, പേജ് 259).
ഇമാം റംലി(റ) നിഹായയില്‍ ഇപ്രകാരം പറയുന്നു: “തബര്‍റുക് മാത്രമുദ്ദേശിച്ച് കൊണ്ട് അവ ചെയ്യുന്നതില്‍ കറാഹത്തില്ലെന്ന് എന്റെ പിതാവ് ഫത്വ നല്‍കിയിട്ടുണ്ട്.” ഇതിന്റെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു: “ഔലിയാക്കളുടെ ജാറത്തിന്റെയടുക്കല്‍ തിരക്ക് അനുഭവപ്പെടുകയും ഖബറിന്റെയടുക്കലെത്താന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ ഒഴിഞ്ഞൊരു സ്ഥലത്തു നിന്ന് സൌകര്യമുള്ളത്ര ഓതുകയും മറ്റും ചെയ്തുകൊണ്ട് കൈകൊണ്ടോ മറ്റോ ആ ജാറത്തിലേക്ക് ആംഗ്യം കാണിച്ച് അത് ചുംബിക്കാവുന്നതാണ്” (നിഹായ 3/34 ഹാശിയ സഹിതം നോക്കുക).
പക്ഷേ, തഅ്ളീമും (ബഹുമാനം) തബര്‍റുകും (പുണ്യം കരസ്ഥമാക്കല്‍) വ്യത്യസ്തമായി മനസ്സിലാക്കാന്‍ കഴിയാത്ത പാമരന്മാരുടെ സാന്നിധ്യത്തില്‍ പണ്ഢിതന്മാര് അത് ചെയ്യാതിരിക്കലാണ് വേണ്ടതെന്ന് ബസ്വരി(റ) പറഞ്ഞതായി ശര്‍വാനി 3/176ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍, സുന്നികള്‍ ഇന്ന് ഇപ്രകാരം ചെയ്യുന്നത് ബഹുമാനം അര്‍പ്പിച്ചുകൊ ണ്ടോ അങ്ങനെ ചെയ്താല്‍ അവരുടെ ശിപാര്ശയുണ്ടാകുമെന്ന് വിശ്വസിച്ചുകൊണ്ടോ അല്ല. മറിച്ച് തബര്‍റുക് ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ്. ഇത് സ്വഹാബാക്കളും മറ്റും ചെയ്തിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. ബഹു. ബിലാല്‍(റ) റസൂലുല്ലാഹി (സ്വ)യുടെ റൌളയുടെ മേല്‍മുഖം വെച്ചുരുട്ടിയതായി അബുദ്ദര്‍ദാഇല്‍(റ)നിന്ന് ഇബ്നുഅസാകിര്‍(റ) താരീഖദ്ദിമശ്ഖ് 2/256, 257ല്‍ നിവേദനം ചെയ്തിട്ടുണ്ട്. ഇതിന്റെ നിവേദകപരമ്പര ശരിയാണെന്ന് ഇബ്നുഹജര്‍(റ) അല്‍ജൌഹറുല്‍ മുനള്ളം പേജ് 66ലും ഇമാം സുബ്കി(റ) പറഞ്ഞതായി ആസാനുസ്സുനന്‍ 2/127ലും പ്രസ്താവിച്ചിട്ടുണ്ട്.
ഇതുപോലെ അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ) നബി(സ്വ)യുടെ റൌള ചുംബിച്ചതായി അഹ്മദുബ്നു ഹമ്പല്‍(റ), ത്വബ്റാനി(റ), നസാഇ(റ) തുടങ്ങിയവര്‍ നിവേദനം ചെയ്തിട്ടുണ്ടെന്ന് ഫതാവല്‍ കുര്‍ദി 258ല്‍ വ്യക്തമാക്കിയതിനുശേഷം ഇങ്ങനെ പറയുന്നു. ഇതിന്റെ നിവേദകരില്‍ കബീറുബ്നുസൈദ്(റ) എന്നൊരാളുണ്ട്. അദ്ദേഹം അയോഗ്യനാണെന്ന് നസാഇ(റ) പറഞ്ഞിട്ടുണ്ടെങ്കിലും മറ്റൊരു സംഘം യോഗ്യനാണെന്നും പറഞ്ഞിട്ടുണ്ട്.
ഈ സംഭവം അഹ്മദുബ്നു ഹമ്പല്‍(റ) നിവേദനം ചെയ്തതായി മജ്മഉസ്സവാഇദ് 2/4ല്‍ പറഞ്ഞ ശേഷം, അഹ്മദുബ്നു ഹമ്പല്‍(റ), ഈ ഹദിസിനെ ആരും ളഈഫാക്കിയിട്ടില്ലെന്ന് പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.
ഏതായിരുന്നാലും ഇമാം റാസി(റ)യുടെ വിമര്‍ശനം തബര്റുകിനെയല്ല. അതാണ് സു ന്നികള്‍ ചെയ്യുന്നത്. ഇമാം റാസി(റ) സുന്നിയാണല്ലോ. മറിച്ച് തഅ്ളീമിനെയാണ്. അതാണ് മുശ്രിക്കുകള്‍ ചെയ്യുന്നത്. അവര്‍ അല്ലാഹുവിനെ സ്നേഹിക്കും ക്രമത്തില്‍ അവരുടെ ആരാധ്യവസ്തുക്കളെയും സ്നേഹിച്ചിരുന്നുവെന്നും, സത്യവിശ്വാസികള്‍ അല്ലാഹുവിനെ കൂടുതലായി സ്നേഹിക്കുന്നവരുമാണെന്നുള്ള അല്‍ബഖറ സൂറഃയിലെ 165 -ാം സൂക്തവും, നിശ്ചയം വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ ഞങ്ങള്‍ അകപ്പെട്ടിട്ടുണ്ടെന്നും ലോകരക്ഷിതാവിനോട് നിങ്ങളെ (ആരാധ്യവസ്തുക്കളെ) ഞങ്ങള്‍ തുലനം ചെയ്തിരിക്കുന്നുവെന്നുമുള്ള ശുഅറാഅ് സൂറഃയിലെ 97, 98 സൂക്തവും മേല്‍ വിശദീകരണത്തിന് ഉപോല്‍ബലകമാണ്.