സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 4 June 2015

മരണത്തെ ഓര്‍ക്കുക ഒരു നിമിഷം

നാം എല്ലാവരും എത്ര ഖബറിടങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു. അത് പോലെ തന്നെ എത്രയെത്ര മയ്യത്തുകള്‍ കണ്ടിരിക്കുന്നു. അപ്പോഴെങ്കിലും ഓര്‍മിചിട്ടുണ്ടോ നാളെ ആ മയ്യത്തിന്റെ സ്ഥാനത്ത് അല്ലെങ്കില്‍ ഖബറില്‍ കിടക്കേണ്ടത് ഞാന്‍ ആണെന്ന്. വളരെ വിരളം പേര്‍ മാത്രേ അങ്ങനെ ചിന്തിച്ചു കാണൂ. ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ട നാം എപ്പോഴും ഖബറിനെ പറ്റി ബോധവാന്‍മാരായിരിക്കണം.


ഒരാള്‍ മരിച്ചു കഴിഞ്ഞു അയാളെ ചുമന്നു കൊണ്ട് പോകുമ്പോള്‍ ഒരു നല്ല മനുഷ്യന്‍ ആണ്  ആ മരിച്ചതെങ്കില്‍ അയാള്‍ എന്നെ എത്രയും പെട്ടെന്ന് കൊണ്ട് പൊകൂ എന്ന് പറയും. നേരെ മറിച്ച് അയാള്‍ ഒരു ചീത്ത മനുഷ്യന്‍ ആണെങ്കില്‍ അയാള്‍ എന്നെ എങ്ങോട്ട് കൊണ്ട് പോകുന്നൂ...കൊണ്ട് പോകല്ലേ എന്ന്‍ പറഞ്ഞു കരയും. ഇത് മനുഷ്യര്‍ ഒഴികെയുള്ള എല്ലാ ജീവികളും ശ്രവിക്കുമെന്ന്‍ പണ്ഡിതന്മാര്‍ പറയുന്നു. മനുഷ്യര്‍ എങ്ങാന്‍ അത് കേട്ടിരുന്നെങ്കില്‍ അവര്‍ക്ക് ബോധക്ഷയം പോലും സംഭവിക്കാം.
ഒരു മയ്യത്ത് ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ ആദ്യം സംഭവിക്കുക "ളര്തതുല്‍ ഖബര്‍" ആണ്. അതായത് ഖബറിന്റെ ഇറുകല്‍ ആകുന്നു. ഇത് ഖബറിലെ ശിക്ഷ അല്ല. ഏതൊരു മയ്യത്തും അനുഭവിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. മയ്യത്ത് മറമാടിയാല്‍ ഖബര്‍ മയ്യത്തിനോട് സംസാരിക്കും എന്നും നബി(സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഖബറിന്റെ ഇറുകല്‍ അയാളുടെ ഇഹത്തെ ആശ്രയിച്ചിരിക്കും. നല്ലവര്‍ക്ക് അത് ലോലവും ചീത്ത ആളുകള്‍ക്ക് അത് വളരെ പെട്ടെന്നും വാരിയെല്ലുകള്‍ തമ്മില്‍  കോര്‍ക്കുമാര്‍ അസ്സഹനീയവും ആയിരിക്കും. ഇതു അനുഭവിക്കാത്ത ഒരേ ഒരാള്‍ നബി(സ)യുടെ പോറ്റുമ്മ ഫാത്തിമ ബിന്‍ത് അസ്സദ്‌(റ) മാത്രമാണ്. കാരണം അവരുടെ മയ്യത്ത് മറമാടുമ്പോള്‍ നബി(സ) അങ്ങേയറ്റം ദുഖിതന്‍ ആയിരുന്നു. മാത്രമല്ല നബി(സ) അവരുടെ മയ്യത്ത് ഖബറില്‍ വെക്കുന്നതിനു മുന്പ് ഖബറില്‍ ഇറങ്ങുകയും അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യുകയും ചെയ്തിരുന്നു. 

ളര്‍ത്തതുല്‍ ഖബറില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കില്‍ അത്  സഅദ് ഇബ്നു മുആദ് (റ) മാത്രം ആയിരിക്കുമെന്ന് നബി(സ) പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു അറ്ശു വരെ കുലുങ്ങിപ്പോയിട്ടുണ്ട്. അന്‍സ്വാറുകളുടെ നേതാവായ സഅദ്(റ)  അത്രയ്ക്ക് ധീരനായ പോരാളി ആയിരുന്നു. സഅദ്(റ) പോലും ഖബറിന്റെ ഇറുകല്‍ അനുഭവിച്ച വ്യക്തിയാണ്.
ഖബറിനെ പറ്റി ഓര്‍ക്കുമ്പോള്‍ പല സ്വഹാബുകളും ഭയക്കുകയും കരയുകയും ചെയ്തതായി നമുക്ക് കാണാം. ഉമര്‍(റ) എന്തിനെ പറ്റി പറഞ്ഞാലും പേടിക്കാത്ത ഒരു വ്യക്തി ആയിരുന്നു. എന്നാല്‍ ഖബറിനെ പറ്റി പറയുമ്പോള്‍ അദ്ദേഹം ഒരുപാട് കരയുമായിരുന്നു, ഖബറിലെ ശിക്ഷയെ കുറിച്ച് ഓര്‍ത്ത്. നരകം എന്നോ മയ്യത്ത് എന്നോ കേട്ടാല്‍ ഒരു കുലുക്കവും ഇല്ലാത്ത അദ്ദേഹം ഖബറിനെ വല്ലാതെ ഭയന്നിരുന്നു. കരച്ചില്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ മുഴുവന്‍ നനയുമാര്‍ കരഞ്ഞിരുന്നു എന്ന്‍ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. അത് പോലെ തന്നെ അബൂബക്കര്‍ സിദ്ദീക്ക്(റ) ഒരിക്കല്‍ ഒരു മരം നോക്കി പറയുകയുണ്ടായി, "ഈ മരം ആയെങ്ങാന്‍ ജനിച്ചാ മതിയായിരുന്നു!" എന്ത് കൊണ്ടെന്നു ചോദിക്കപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു."ഈ മരത്തിനൊന്നും നാളെ പരലോകത്ത് വെച്ച് വിചാരണ ഇല്ലല്ലോ" എന്ന്. ആരാണ് ആ പറഞ്ഞതെന്ന് നാം ഓര്‍ക്കണം. ലോകത്തുള്ള എല്ലാ മുസ്ലിംകളുടെ ഈമാനും അബൂബക്കര്‍(റ)ന്റെ ഈമാനും തുലാസില്‍ തൂക്കി നോക്കിയാല്‍ അദ്ദേഹത്തിന്റെ ഈമാനാണ് ഖനം തൂങ്ങുക എന്ന് നബി(സ) പറഞ്ഞതാണ്. അവരുടെയൊക്കെ ഈമാനിന്റെ അചഞ്ചലതയും ശക്തിയുമാണ് ഇവിടെ വ്യക്തമാകുന്നത്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ സ്ഥിതി എന്താണ്?
പിന്നെ ഖബറില്‍ സംഭവിക്കുന്നതാണ് മുന്കര്‍ നകീര്‍(അ) എന്നീ മലക്കുകളുടെ ചോദ്യം ചെയ്യല്‍. മുന്കര്‍ നകീര്‍ എന്നിവരുടെ രൂപം വളരെ ഭയാനകവും ഭീതി ഉളവാക്കുന്നതുമാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കാലു വരെ മുടിയും പൂച്ചക്കണ്ണുകളും  അവരുടെ ഏകദേശം രൂപം മാത്രമാകുന്നു. നല്ല ഈമാനുള്ള ആളുകള്‍ക്ക് മാത്രമേ അവരുടെ ചോദ്യത്തിന് ശരിയായ രീതിയില്‍ ഉത്തരം നല്‍കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് കഠിനകടോരമായ ശിക്ഷ ഖബറില്‍ തന്നെ ഉണ്ട്. ചോദ്യം ചെയ്യല്‍ ഏഴു മുതല്‍ നാല്‍പതു ദിവസം വരെ നീളാമെന്നു ഭിന്നാഭിപ്രായം ഉണ്ട്. ഖബറിലെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടുകയാണെങ്കില്‍ നാളെ മഹ്ഷറയില്‍ അവന്‍ രക്ഷപ്പെട്ടവന്‍ ആണ്. ഖബറിലെ ചോദ്യത്തിന് ശരിയായി ഉത്തരം നല്‍കുകയാണെങ്കില്‍ അവന്‍ വിചാരണയുടെ നാള് വരെ ഒരു പുതുമണവാളനെ പോലെ ഉറങ്ങാന്‍ മലക്കുകള്‍ അനുവദിക്കും. അല്ലാത്ത പക്ഷം അവരെ ശിക്ഷിച്ചു കൊണ്ടേയിരിക്കും. നിസ്കാരം ഖളാ ആക്കുന്നവനെ ഒരു ഭീകരമായ സര്‍പ്പം കൊത്തിക്കൊണ്ടേ ഇരിക്കും. 

നാം വളരെ നിസ്സരമാക്കുകയും എന്നാല്‍ ഖബറില്‍ വളരെ ഏറെ ഗൌരവം ഉള്ളതുമായ ഒരു കാര്യമാണ് നാം മൂത്രം ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. അവസാന തുള്ളി മൂത്രവും ഇറ്റു വീഴാതെ നാം തിരക്കിട്ട് എഴുന്നേല്‍ക്കരുത്. അതിനു ആണുങ്ങള്‍ വൃഷണങ്ങള്‍ക്ക് പിന്നില്‍ നിന്ന് മുമ്പിലേക്ക് മാര്‍ദവം ആയി മൂന്നു തവണ തടവുക, സ്ത്രീകള്‍ അവരുടെ ഗുഹ്യഭാഗത്തിന് അല്പം മുകളിലായും. അതിനു ശേഷം വേണം മനോഹരിക്കാന്‍. ഒരിക്കല്‍ നബി(സ) ഒരു ഖബറിന് അരികിലൂടെ നടന്നു പോകുമ്പോള്‍ ആ ഖബറില്‍ നിന്ന് ഭയങ്കരമായ നിലവിളികള്‍ ഉയരുന്നത് കേട്ടു. എന്നിട്ട് അവിടെ ഒരു ചെടി നട്ടിട്ടു പറഞ്ഞു "ഇതിന്റെ ഇലകള്‍ പൊഴിഞ്ഞു പോകുന്നത് വരെ ഈ ചെടി നിനക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചൊല്ലട്ടെ." എന്ന്. ആ ഖബറിലെ വ്യക്തി മേല്‍ പറഞ്ഞ പ്രകാരം നിസ്സാരവല്ക്കരിച്ചത്  കൊണ്ടാണ് ശിക്ഷിക്കപ്പെട്ടത്.
നാം എല്ലാവരും മനസ്സിലാക്കണം. എന്താണ് നമ്മുടെ ഈമാനിന്റെ അവസ്ഥ? നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒക്കെ നേര്‍ വഴിയിലാണോ? നിസ്കാരം ഖളാ ആക്കുന്നവന് ഇസ്‌ലാമില്‍ പട്ടിയുടെ സ്ഥാനം മാത്രമാണ്. നിസ്കാരം ഉപേക്ഷിച്ചവന് ആ സ്ഥാനം പോലും ഇസ്‌ലാം നല്‍കുന്നില്ല. തിരക്ക് പിടിച്ച ജീവിതത്തിനു ഇടയിലും നാം ഇപ്പോഴും ഖബരിനെ പറ്റി ഓര്‍ക്കണം. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ എല്ലാവരും മരിച്ചു പോകാനുള്ളതാണ്. എന്ത് പ്രവര്‍ത്തി ചെയ്യുമ്പോളും നാം അല്ലാഹുവിനെ ഓര്‍ക്കുക. നല്ലത് മാത്രം പ്രവര്‍ത്തിക്കുക. ഖബര്‍ എന്നാ വീടാണ് ഏതൊരു മനുഷ്യന്റെയും അന്തിമ ഭവനം. അല്ലാഹു കാക്കട്ടെ.
ഖബറിലെ ശിക്ഷയില്‍ നിന്നും രക്ഷ നേടുവാന്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന സൂറത്തുകള്‍ ആണ് സൂറത്തുല്‍ മുല്‍ക്ക് (തബാറക്ക സൂറത്ത്) പിന്നെ സൂറത്തുല്‍ സജദയും. ഈ സൂറത്തുകള്‍ എന്നും രാത്രി പതിവാക്കിയാല്‍ അവര്‍ക്ക് ഖബര്‍  ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുമെന്നു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.