സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 4 June 2015

വേലി ചാടുന്ന ഇ-മനസ്സുകള്‍


ആധുനിക യാന്ത്രികമനുഷ്യന്‍. വിവരസാങ്കേതിക വിദ്യയുടെ നുഴഞ്ഞുകയറ്റം കുടുംബനെഞ്ചകങ്ങളെ പോലും കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. റേഡിയോ,ടെലിവിഷന്‍ എന്നിവക്ക് പുറമേ ഇന്റര്‍നെറ്റ്‌ എന്ന കാണാവലയുടെ ആവിര്‍ഭാവത്തോടു കൂടി മാനുഷിക വ്യവസ്ഥ പോലും ആഭാസകലുഷിതമായി. സ്വപ്നേപി നിനയ്ക്കാത്ത കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവത്കരിക്കുന്ന ടെക്നോളജികളുടെ പുറംപൂച്ചില്‍ കണ്ണ് മഞ്ഞളിച്ച് നമ്മുടെ ചിലര്‍ സാമൂഹിക അടിക്കല്ല് മാന്തുകയാണ്.

വാസ്തവത്തില്‍ ഇന്റര്‍നെറ്റിന്റെ സൈഡ് ലൈനുകളില്‍ ലൈംഗികവൃത്തിയുടെ വിഷലിപ്ത സുക്കെര്‍ബക്ക് മേയ്കുട്ടന്‍ സിദ്ധാന്തങ്ങളില്‍ ഉയിര്‍കൊണ്ട ഫെയ്സ്ബൂക്, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നു. നമ്മുടെ സമൂഹത്തിലെ താരുണ്യദശയിലെത്തിയ ചെറുപ്പക്കാരും കൌമാരക്കാരും നെറ്റിന്റെ മായികവലയത്തിലകപ്പെട്ട് സെക്സ് ട്രെന്‍ഡുകളില്‍ അകപ്പെടുന്നത് ഏറെ ദുഖകരമാണ്.

ഇന്റര്‍നെറ്റ്‌ ഭീകരതകള്‍

അശ്ശീലതയുടെ സ്ഫുലിംഗങ്ങള്‍ വിടര്‍ന്ന, മീഡിയയുടെ പൊടിക്കൈകള്‍ക്ക് പോണോഗ്രഫി(pornography) എന്നാണു അറിയപ്പെടുന്നത്. സെക്സ് വ്യവസായ പ്രളയത്തില്‍ മുഖ്യമായും ഹീനപങ്കുവഹിക്കുന്നത് വെബ്‌സൈറ്റുകളാണ്. ഇത്തരം അശ്ശീല സൈറ്റുകളില്‍ ദിനംപ്രതി ഉപഭോക്താക്കളും ആസ്വാദകരും പെരുകുകയാണ്. ഇവ്വിധ അധമപ്രവര്‍ത്തനങ്ങള്‍ക്ക്‌ ബിംബവത്കരിക്കുന്നത് സ്ത്രീ സൗന്ദര്യമാണ്. അവളില്‍ നിന്നുള്ള അബലചാപല്യങ്ങള്‍ മുഴുവന്‍ വിലകൊടുത്തും മെരുക്കിയെടുക്കാന്‍ ചില അല്പജ്ഞര്‍ സന്നദ്ധരാണ്. (Women is beauty and beauty is to be exposed) 'സ്ത്രീ എന്നാല്‍ സൗന്ദര്യമാണ്. സൗന്ദര്യമാണെങ്കില്‍ പ്രദര്‍ശിപ്പിക്കാനുള്ളതാണ് എന്നാണ്  ഇക്കൂട്ടര്‍ മുറവിളി കൂട്ടുന്നത്‌.

ഇന്ന് പട്ടണങ്ങളിലും നഗരങ്ങളിലും ഗ്രാമവീഥികളിലും കൂണുപോലെ മുളച്ചുകൊണ്ടിരിക്കുന്ന നെറ്റ് കഫേകളും ചാറ്റിംഗ് സെന്ററുകളും പോണോഗ്രഫിയുടെ ലോക്കല്‍ പ്രതിനിധികളാണ്. ഇവകളില്‍ മിക്കപ്പോഴും സന്ദര്‍ശകരാവുന്നത് ഇരുപതു തികയാത്തവരാണ്. അവസാനമായി സെല്‍ഫോണിലും നെറ്റ് സൗകര്യം വന്നതോട് കൂടി സ്ഥിതി ഒന്നുകൂടി ദുസ്സഹമായി. സൈബര്‍ ജാലകത്തിലെ സ്ത്രീയുടെ സൗന്ദര്യം കണ്ട് അഭിരമിക്കാന്‍ 7 മുതല്‍ 80 കടന്ന ആബാലവൃദ്ധം വെമ്പല്‍കൊള്ളുന്നു എന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.എങ്കിലും 'എ ടി എം'കളായി ഗണിക്കപ്പെടുന്ന മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളോടുള്ള അവബോധമനസ്കതയും കാര്‍ക്കശരാഹിത്യവും വിപഥസഞ്ചാരത്തിലേക്ക്‌ വഴി നടത്തുന്നു. മക്കള്‍ക്ക്‌ രക്ഷിതാക്കള്‍ പിറന്നാള്‍ അഥവാ വിജയ സമ്മാനമായി നല്‍കുന്ന 'ഇ' പെട്ടികള്‍ റൂമിന്റെ കതകടച്ച് സെക്സ് വ്യവസായം നടത്താനുള്ള അവസരം നല്‍കുന്നു. ഗൂഗിള്‍ സെര്‍ച്ചുകളിലൂടെ ലൈംഗിക സൈറ്റുകളില്‍ വിഹരിച്ച് സമയം കൊല്ലികളാകുന്നു. സ്വന്തം മകന്‍ റൂമിനുള്ളില്‍ പഠിക്കുകയാണെന്ന ധാരണയുമായി മാതാപിതാക്കള്‍ ഖുര്‍ആന്‍ ഓതുന്നു. തുടര്‍ന്ന് ചാറ്റിങ്ങിലൂടെ കടന്നു കൂടിയ സര്‍വ്വപെണ്പിള്ളേരുമായി ശ്രിന്ഗരിച് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്നു. ഇവ്വിധ സല്ലാപങ്ങള്‍ ഒളിചോട്ടത്തിലേക്കും നയിക്കുന്നു.

പ്രവാസത്തിന്‍റെ അനിയന്ത്രിതമായ പണക്കൊഴുപ്പിലൂടെ കേരളം ഇന്ന് സദാചാര വിരുദ്ധതയിലേക്ക്‌ നീങ്ങികൊണ്ടിരിക്കുന്നു. മലയാളിയുടെ സര്‍വ്വവിധ തുറകളിലും നെറ്റ്‌ സുലഭമായി ഉപയോഗിക്കപ്പെടുന്നു. മക്കളുടെ ആഗ്രഹ സഫലീകരണത്തിന് എന്തും വില കൊടുത്ത് വാങ്ങിക്കുന്നവരാണ് ആധുനിക മലയാളികള്‍. സമീപകാലത്തെ ചില വാര്‍ത്തകള്‍ വളരെ വേദനാജനകവും ആശന്കാവഹവുമാണ്. ടെക്നോളജിയന്‍ ദുര്‍നടപ്പിന്റെ തിക്തഫലവുമായി അല്പകാലങ്ങള്‍ക്ക് മുമ്പ്‌ നടന്ന സംഭവങ്ങള്‍ ലജ്ജാവഹമാണ്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഈയിടെ ഒരു പിഞ്ചുബാലികയെ കൊന്ന ശേഷം തന്റെ ദാഹം മാറ്റിയ ബാലന്‍. അവന്‍ അത്തരം ക്രീടകള്‍ കണ്ടത് സ്വന്തം പിതാവിന്റെ സെല്‍ ഫോണില്‍ നിന്നാണത്രേ. പാശ്ചാത്യ ജീവിതചര്യകള്‍ ഏതറ്റം വരെയും പിന്തുടരാന്‍ മലയാളികള്‍ കാണിക്കുന്ന വ്യഗ്രത വളരെയേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അനിഷ്ട സംഭവങ്ങള്‍ മക്കളുടെ ദിനംപ്രതി പ്രവര്‍ത്തികളിലെ മാതാപിതാക്കളുടെ നിതാന്ത ശ്രദ്ധക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

ചില മുന്‍കരുതലുകള്‍

ഇന്റര്‍നെറ്റ്‌ സൗകര്യം ഇന്ന് ഏറെക്കുറെ പ്രയോജനപരമാണെങ്കിലും 'നന്മയെക്കാള്‍ തിന്മയാണ് വലുത്' എന്നാ ഖുര്‍ആനിക തത്വത്തെ ആധാരമാക്കി ഉപേക്ഷിക്കലാണ് അഭികാമ്യം. അല്ലെങ്കില്‍ അവയെ നിയന്ത്രണരേഖയിലൂടെ ഉപയോഗിക്കാന്‍ സാധിക്കണം.
1. കമ്പ്യൂട്ടര്‍ ബാഹ്യസ്ഥലങ്ങളില്‍ വെക്കുക.
2. ഉപയോഗത്തിന് സമയം നിര്‍ണ്ണയിക്കുക.
3. ചുരുങ്ങിയത്‌ ഒരു കണ്ണ് കൊണ്ടെങ്കിലും ശ്രദ്ധ വേണം.
4. മൊബൈലിലും നെറ്റ സൗകര്യം ഉള്ളത്കൊണ്ട് മൊബൈല്‍ ഉപയോഗിക്കുന്നത് കഴിവതും വിലക്കുക.
5. പഠനത്തില്‍ ഊന്നല്‍ നല്‍കുക.

ഇവ പ്രായോഗികമാണെങ്കില്‍ ഗാര്‍ഹിക ജീവിതം വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കും.

ഇസ്ലാമിക നിയമസംഹിതയിലൂന്നിയ ജീവിതത്തിന്റെ ഉടമകളായ നമ്മുടെ മുന്‍ഗാമികളുടെ തനിമയും മഹിമയും നമ്മുടെ ജീവിതത്തില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. അവരുടെ പാരമ്പര്യം അവകാശപ്പെടുന്ന നമുക്ക്‌ അവര്‍ പുലര്‍ത്തിയ മൂല്യങ്ങള്‍ അന്യംനിന്നു പോയിരിക്കുന്നു. ധാര്‍മികതയിലും ശക്തമായ വിശ്വാസത്തിലും ആത്മീയതയിലും നിങ്ങളുടെ സമ്പത്തും അര്‍ത്ഥവും ശരീരവും കണ്ടറിഞ്ഞു വിനിയോഗിക്കുക. ദൈവാനിഷ്ടങ്ങളില്‍ വീഴാതെ അവയെ സൂക്ഷിക്കുക തുടങ്ങിയ താക്കീതുകള്‍ ഖുറാനിലും ഹദീസിലും പ്രസ്താവ്യമാണ്. അശ്രദ്ധമായി ധനം ധൂര്‍ത്തടിക്കുന്നവനും തന്റെ ലൈംഗിക ഉത്തേജനം അസ്ഥാനത്ത് പ്രയോഗിക്കുന്നവനും അല്ലാഹുവിന്റെ അടുത്ത് വന്‍ ചോദ്യങ്ങളാണ് നേരിടേണ്ടി വരിക.

ആധുനിക നെറികേടുകള്‍ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. പത്രത്താളുകളിലെ നെല്ലും പതിരും വായിക്കാന്‍ നാം സദാ അകക്കണ്ണ് തുറന്നിരിക്കണം. നമ്മുടെ കുഞ്ഞുങ്ങളെ പൂര്‍വ്വസൂരികളായ സച്ചരിതരുടെ പാതയിലേക്ക്‌ നയിക്കുക. നാഥന്‍ തുണക്കട്ടെ - ആമീന്‍