"ആ മല്ലികയുടെ ജീവനൊന്നു ബാക്കിയായാല്‍ മതിയായിരുന്നു. ഇല്ലുമ്മാ.. ഓള് രക്ഷപ്പെടാണ്ടിരിക്കില്ല പ്രതീക്ഷയുണ്ടെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്! എങ്ങനെയെങ്കിലും എട്ട് മണിയായി കിട്ടിയാ മതിയായിരുന്നു."
പരിശുദ്ധ ഖുര്‍ആന്റെ വിശുദ്ധ വാക്യങ്ങളും ദിക്റുകളും സ്വലാത്തുകളും ഉരുവിട്ടിരുന്ന പൂര്‍വകാല സോദരിമാര്ക്ക് പകരം സീരിയല്‍ ലോകത്തെ സാങ്കല്പിക കഥാപാത്രത്തിന്റെ ഗതിവിഗതികളില്‍ ആശങ്കപ്പെടുന്ന മുസ്ലിം ഉമ്മത്തിന്റെ അകത്തളങ്ങളിലെ പതിവ് സംഭാഷണത്തിന്റെ വാചകങ്ങളാണ് മേല്‍ സൂചിപ്പിക്കുന്നത്. എന്ത് സംഭവിച്ചു പോയി നമ്മുടെ സോദരിമാര്ക്ക്...
ഖുര്‍ആന്‍ ഓതാനും ദിക്റുകള്‍ ചൊല്ലാനും മദ്രസകളിലെ ഓത്തും എഴുത്തും നല്ല നടപ്പും പഠിപ്പിക്കാനും അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാനും കുടുംബബന്ധം ചേര്‍ക്കാനും സുകൃതങ്ങള്‍ ചെയ്യാനുമുള്ള എന്തു മാത്രം സമയത്തെയാണ് അഞ്ഞൂറും ആയിരവും എപ്പിസോഡുകള്‍ കഴിഞ്ഞാലും തീരാത്ത ഈ സീരിയലുകള്‍ക്ക് മുമ്പില്‍ തളച്ചിടുന്നത്. കരളലിയിപ്പിക്കേണ്ട ദുരന്തകഥകള്‍ നമുക്ക് ചുറ്റിലുമുണ്ടാകുമ്പോള്‍ അതില്‍ വിഷമിക്കാനോ പാവങ്ങളെ സാന്ത്വനിപ്പിക്കാനോ മേനക്കെടാത്ത സഹോദരിമാരാണ് അഭിനയിച്ചുണ്ടാക്കുന്ന ഇല്ലാകഥകളുടെ ഇതിവൃത്തമോര്ത്ത് മണിക്കൂറുകളോളം വ്യാകുലപ്പെടുന്നത്. ഐ.സി.യു.വില്‍ കിടക്കുന്ന കഥാപാത്രത്തിന്റെ പ്രാണനുവേണ്ടി പടച്ചതമ്പുരാനോട് പ്രാര്‍ഥിക്കാന്‍ മടിക്കാത്ത സഹോദരി, ഇന്നേവരെ തന്റെ നാട്ടിലുള്ള രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? സീരിയല്‍ കഥയിലെ നായകന് മക്കളില്ലാത്തതിന്റെ പേരില്‍ മനോവേദന സഹിക്കുമ്പോള്‍ ചുറ്റുപാടുമുള്ള അത്തരക്കാരെ ഓര്‍ത്തിട്ടുണ്ടോ? ഭര്‍തൃമാതാവിന്റെ പീഡനങ്ങളെ പ്രാകിപ്പറയുമ്പോള്‍ മരുമകളോടുള്ള തന്റെ സമീപനം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? താമസിക്കാന്‍ വീടില്ലാത്ത കഥാപാത്രത്തിന്റെ അവസ്ഥയോര്‍ത്ത് കണ്ണീര് പോഴിക്കുകയല്ലാതെ സ്വന്തം അയല്ക്കാരന്റെ ചോര്‍ന്നൊലിക്കുന്ന വീടിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?
മുസ്ലിം ഉമ്മത്ത് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും സാങ്കല്പിക കഥാപാത്രങ്ങളുടെ പിന്നാലെ ചിന്തിക്കുകയും ചെയ്തു മുന്നോട്ട് പോയാല്‍ എവിടെയെത്തും നമ്മുടെ സമൂഹം! ഉപ്പാക്കും ഉമ്മാക്കുമോപ്പമിരുന്ന് പ്രേമവും ഒളിച്ചോട്ടവും സ്ക്രീനില്‍ കാണുന്ന പെണ്മക്കളോട് സാരോപദേശം നടത്താന്‍ എന്ത് അവകാശമാണ് ഇന്നിന്റെ മാതാപിതാക്കള്‍ക്കുള്ളത്. സീരിയലുകളും റിയാലിറ്റി ഷോകളും എന്ത് തോന്നിവാസത്തിനുമുള്ള ലൈസന്‍സായി മാരുകയല്ലേ ചെയ്യുന്നത്.
അതിനാല്‍ മാറണം. മാറിയേ തീരൂ. ഇല്ലെങ്കില്‍ സ്വസ്ഥമായ കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും തകര്‍ന്ന് കൂട്ടക്കരച്ചിലിലേക്ക് സമുദായത്തിന്റെ ഉമ്മമാര് ചെന്ന് പതിക്കുമെന്നതില്‍ തര്‍ക്കമില്ല.
ഒരുകണക്കിന് കഴിഞ്ഞുപോയ തലമുറയിലെ ഉമ്മമാര് എത്രയോ ഭാഗ്യവതികള്‍. മൗസ് ചലിപ്പിക്കാനറിയില്ലെങ്കിലും ബ്ലൂടൂത്തും ഫാസ്റ്റ്ഫുഡും കൂളറും ഹീറ്ററും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒന്നും അറിയില്ലെങ്കിലും ഈ ലോകം മലീമസമാകുന്നതിന് മുമ്പ് ജീവിച്ചു പോകാന്‍ അവര്‍ക്ക് കഴിഞ്ഞല്ലോ. കണ്ണിനെ നാശത്തിലേക്ക് വലിച്ചിഴക്കുന്ന ലജ്ജാവഹമായ കാഴ്ചകള്‍ കാണാനും മദിപ്പിക്കുന്ന സംഗീതങ്ങള്‍ക്ക് ചെവി കൂര്‍പ്പിക്കാനും അവര്‍ക്ക് അവസരം ഉണ്ടായിട്ടില്ലല്ലോ. അതെ, അവര്‍ തന്നെ ഭാഗ്യവതികള്‍. ഇബാദത്തില്‍ മുഴുകി ലളിതജീവിതം നയിച്ച് നമുക്ക് മുമ്പേ നടന്നുപോയവര്‍ ചരിത്രത്തിലെ മഹതീരത്നങ്ങളുടെ ജീവിതകഥകള്‍ കേട്ടും പറഞ്ഞും സ്വന്തം അരവയര്‍ കാലിയാക്കിയെന്കിലും പാവപ്പെട്ട മുതഅല്ലിമിന് ഭക്ഷണം നല്‍കിയും ദീനി ശിആറുകളെയും ചൈതന്യങ്ങളെയും ഉള്പുളകത്തോടെ ആദരിച്ചും ജീവിതം നയിച്ചവര്‍. കാലം മാറിവന്നപ്പോള്‍ അനുദിനം വര്‍ദ്ധിക്കുന്ന പേക്കൂത്തുകളില്‍ വശംവദരാകാതെ ദീനിചൈതന്യം നിലനില്‍ക്കുന്ന കുടുംബങ്ങളാവാന് നാം ശ്രമിക്കുക. റബ്ബ് തുണക്കട്ടെ.