സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday, 30 September 2015

സൂറത്തുദ്ദാരിയാത്ത് -Az-Zariyat (The Winds that Scatter)




سورة الذاريات


സൂറത്തുദ്ദാരിയാത്ത്  -മക്കയിൽ അവതരിച്ചു
സൂക്തങ്ങൾ 60

1 മുതൽ 23 വരെയുള്ള സൂക്തങ്ങളുടെ വിവരണം

بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



وَالذَّارِيَاتِ ذَرْوًا (51:1

(1)
ശക്തിയായി (മണ്ണിനെ) പാറ്റുന്ന കാറ്റുകൾ തന്നെ സത്യം

അള്ളാഹു ഖുർആനിൽ പല സാധനങ്ങളെക്കൊണ്ടും സത്യം ചെയ്യാറുണ്ട്. ഇങ്ങനെ സത്യം ചെയ്യുമ്പോൾ അതിൽ നിന്ന് പ്രധാനമായും രണ്ട് കാര്യങ്ങൾ നാം ഗ്രഹിക്കേണ്ടതുണ്ട് (1) സത്യം ചെയ്തു കൊണ്ട് പറയുന്ന കാര്യത്തിന്റെ പ്രാധാന്യം  
(2)
ഏതൊന്നു കൊണ്ടാണോ സത്യം ചെയ്യുന്നത് അതിൽ അടങ്ങിയിട്ടുള്ള രഹസ്യങ്ങളും സൂചനകളും.
ഇവിടെ ഒന്നു മുതൽ നാലു കൂടിയ സൂക്തങ്ങളിൽ യഥാക്രമം കാറ്റുകൾ,മേഘങ്ങൾ,കപ്പലുകൾ,മലക്കുകൾ എന്നിവ കൊണ്ടാണ് സത്യം ചെയ്തിരിക്കുന്നത്. അവയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് അള്ളാഹുവിന്റെ മികച്ച ശക്തിയും അളവറ്റ അനുഗ്രഹങ്ങളും ഉൾക്കൊള്ളാനും എങ്ങനെയെല്ലാമാണ് പ്രപഞ്ചത്തെ അള്ളാഹു നിയന്ത്രിച്ച് നില നിറുത്തിപ്പോരുന്നതെന്നും മറ്റും മനസ്സിലാക്കാം

സത്യം ചെയ്ത് പറയുന്നതിനുള്ള വിവിധ കാരണങ്ങൾ ഇമാം റാസി 
رحمــة الله عليـــــه എഴുതുന്നു.

(1) സത്യ നിഷേധികൾ നബി യുമായി സംവാദത്തിലേർപ്പെടുന്ന ചില ഘട്ടങ്ങളിൽ നബി ഈ ചർച്ചയിൽ വിജയിച്ചിരിക്കുന്നുവെന്നും എന്നാൽ സത്യം നബിയോടൊപ്പമായത് കൊണ്ടൊന്നുമല്ല വിജയിച്ചത് തർക്കത്തിലുള്ള തന്റെ കഴിവു കൊണ്ടാണ് എന്നും അവർ പറയുമായിരുന്നു.അങ്ങനെ പറയുന്നവർക്ക് ലക്ഷ്യം മാത്രം കൊണ്ട് രക്ഷയില്ല അങ്ങനെ വരുമ്പോൾ താൻ വിജയിക്കുന്നത് തർക്കത്തിന്റെ മികവ് കൊണ്ടല്ല ശരിക്കും സത്യം അതായത് കൊണ്ട് തന്നെയാണെന്ന് തെളിയിക്കാൻ സത്യം ചെയ്യൽ അല്ലാതെ മറ്റു മാർഗമില്ല .അതാണ് സത്യം ചെയ്ത് പറയുന്നതിന്റെ യുക്തി

(2) അറബികൾ കള്ള സത്യം ചെയ്യാൻ ഭയപ്പെട്ടിരുന്നു.കള്ള സത്യം ചെയ്താൽ നാശം വരും എന്നായിരുന്നു അവരുടെ വിശ്വാസം.നബി എല്ലാ നല്ല കാര്യങ്ങളും ഉപയോഗിച്ച് സത്യം ചെയ്തിട്ടും അവിയ്ടുത്തേക്ക് യശസ്സ് വർദ്ധിക്കുകയല്ലാതെ യാതൊരു വിഷമവും വരുന്നില്ലെന്ന് ശത്രുക്കൾക്ക് ബോദ്ധ്യമാവുമ്പോൾ നബി ചെയ്യുന്ന ഒരു സത്യവും കള്ളമല്ല പ്രത്യുത സത്യം മാത്രമാണ് .എന്ന് ശത്രുക്കൾക്ക് ബോദ്ധ്യപ്പെടാനാണ് സത്യം ചെയ്ത് പറഞ്ഞത്
 (റാസി 28/180)

ധാരാളം സന്താനങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾ തന്നെ സത്യം എന്നൊരു വ്യാഖ്യാനം ഈ സൂക്തത്തിനു ഇമാം ബൈളാവി (2/427) ൽ പറഞ്ഞിട്ടുണ്ട്




فَالْحَامِلَاتِ وِقْرًا (51:2

(2)
ഭാരം വഹിച്ച് നിൽക്കുന്ന മേഘങ്ങൾ തന്നെ സത്യം


മഴ വെള്ളത്തിന്റെ ഭാരം വഹിച്ച് നിൽക്കുന്ന മേഘങ്ങൾ എന്നു സാരം.ഗർഭം ചുമന്നു നിൽക്കുന്ന സ്ത്രീകൾ എന്നും വ്യാഖ്യാനമുണ്ട് (ബൈളാവി)


فَالْجَارِيَاتِ يُسْرًا (51:3


(3) നിഷ്പ്രയാസം സഞ്ചരിക്കുന്ന കപ്പലുകൾ തന്നെ സത്യം


സമുദ്രത്തിലൂടെ സുഖമായി സഞ്ചരിക്കുന്ന കപ്പലുകൾ എന്ന് സാരം.നിശ്ചയിക്കപ്പെട്ട സഞ്ചാര പദത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങൾ എന്നും വ്യാഖ്യാനമുണ്ട് (ബൈളാവി)



فَالْمُقَسِّمَاتِ أَمْرًا (51:4


(4) കാര്യങ്ങൾ വിഭജിച്ചു കൊടുക്കുന്നവർ (മലക്കുകൾ) തന്നെ സത്യം


മഴ,ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും അള്ളാഹുവിന്റെ നിർദ്ദേശാനുസരണം മലക്കുകൾ സൃഷ്ടികൾക്കിടയിൽ വിഭജിക്കുന്നു

ഇമാം ഇബ്നു കസീർ   
رحمــة الله عليـــــه എഴുതുന്നു അലി رضي الله عنه വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു കൂഫയിലെ മിമ്പറിൽ ഒരു ദിവസം മഹാൻ കയറി.എന്നിട്ട് പറഞ്ഞു.അള്ളാഹുവിന്റെ ഖുർആനിൽ ഏത് ആയത്തിനെക്കുറിച്ച്, നബി യുടെ  ഏത് സുന്നത്തിനെക്കുറിച്ച്  എന്നോട്  നിങ്ങൾ ചോദിച്ചാലും ഞാൻ ഉത്തരം പറയും അപ്പോൾ ഇബ്നുൽ കുവാഅ്  എഴുന്നേറ്റു.അദ്ദേഹം ചോദിച്ചു അല്ലയോ അമീറുൽ മുഅ്മിനീൻ! എന്താണ് ذاريات എന്ന് പറഞ്ഞാൽ? അലി(رضي الله عنه) പറഞ്ഞു കാറ്റ്‘ അദ്ദേഹം ചോദിച്ചു حاملات  എന്താണ്? അലി (رضي الله عنه) പറഞ്ഞു മേഘം‘ അദ്ദേഹം ചോദിച്ചു  جاريات എന്നാൽ എന്ത്? ‘കപ്പൽ‘ എന്ന് അലി (رضي الله عنه) പറഞ്ഞു مقسمات  എന്താണ് എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു അലി (رضي الله عنه) പറഞ്ഞു മലക്കുകൾ‘  ഇതേ പോലുള്ള വ്യാഖ്യാനം സുബൈഗ് എന്നയാളുടെ ചോദ്യത്തിനു ഉമർ (رضي الله عنه) വും മറുപടി പറഞ്ഞിട്ടുണ്ട് (ഇബ്നു കസീർ 4/337)


إِنَّمَا تُوعَدُونَ لَصَادِقٌ (51:5


(5)
നിശ്ചയം നിങ്ങൾക്ക്  താക്കീത് നൽകപ്പെടുന്നത് സത്യമായത് തന്നെയാണ്

ഇവിടെ പറഞ്ഞ വസ്തുക്കൾ കൊണ്ട് സത്യം ചെയ്ത് സ്ഥാപിക്കുന്നത് അള്ളാഹു നൽകുന്ന താക്കീതുകളും വാഗ്ദാനങ്ങളുമെല്ലാം യാഥാർത്ഥ്യവും സംഭവിക്കുന്നതും തന്നെയാണ്.അത് വെറും ഭീഷണിയോ സന്മാർഗത്തിലേക്ക് പ്രോത്സാഹനാർത്ഥം പറയുന്ന അതിശയോക്തികളോ അല്ല തികച്ചും സംഭവിക്കാൻ പോകുന്ന യാഥാർത്ഥ്യങ്ങൾ തന്നെ


وَإِنَّ الدِّينَ لَوَاقِعٌ (51:6


(6)
നിശ്ചയം പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം ലഭിക്കുന്നത് തന്നെയാവുന്നു


മരണാനന്തര ജീവിതത്തിൽ ഓരോരുത്തരുടെയും കർമങ്ങൾ പരിശോധിച്ച് അർഹമായ പ്രതിഫലം ഓരോരുത്തർക്കും ലഭിക്കുക തന്നെ ചെയ്യും



وَالسَّمَاء ذَاتِ الْحُبُكِ (51:7

(7)
ഭംഗിയുള്ള  ആകാശം തന്നെയാണ് സത്യം


എണ്ണമറ്റ നക്ഷത്രങ്ങളാലും ഗ്രഹങ്ങളാലും അള്ളാഹു ആകാശത്തെ ഭംഗിയാക്കുകയും അവയുടെ സഞ്ചാര മാർഗങ്ങളും ഭ്രമണ പഥങ്ങളുമായി ആകാശത്ത് വിവിധ മാർഗങ്ങൾ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് ഉപരി മണ്ഡലങ്ങളെക്കുറിച്ച് മനുഷ്യന്റെ അറിവ് എത്ര പുരോഗമിച്ചിട്ടുണ്ടെങ്കിലും ശരി അവിടെ സ്ഥിതി ചെയ്യുന്ന അതിരറ്റ യാഥാർത്ഥ്യങ്ങളുടെയും അമ്പരപ്പിക്കുന്ന അത്ഭുതങ്ങളുടെയും പടിവാതിൽക്കലേക്ക് ഒന്ന് എത്തി നോക്കുവാൻ പോലും മനുഷ്യനു കഴിഞ്ഞിട്ടില്ല حبك  എന്ന പദത്തിനു ഭംഗി എന്ന അർത്ഥമാണ് ഇബ്നു അബ്ബാസ്(رضي الله عنه) അടക്കമുള്ള ഒട്ടനവധി വ്യാഖ്യാതാൾക്കൾ പറയുന്നത്.വേറെയും അർത്ഥങ്ങളുണ്ട്.അതെല്ലാം വിവരിച്ചു കൊണ്ട് ഇമാം ഇബ്നു കസീർ (رحمــة الله عليـــــه) പറയുന്നത് അവയുടെയെല്ലാം പരിണാമം ഭംഗി എന്ന അർത്ഥത്തിലേക്കാകുന്നു (ഇബ്നു കസീർ 4/338)


إِنَّكُمْ لَفِي قَوْلٍ مُّخْتَلِفٍ (51:8


(8)
നിശ്ചയം നിങ്ങൾ ഭിന്നാഭിപ്രായത്തിലാണുള്ളത്


സത്യ നിഷേധികളുടെ അഭിപ്രായങ്ങൾക്ക് ഏക രൂപമില്ല. പലരും പലതാണ് പറയുന്നത്.ചിലർ നബി() യെ കുറിച്ച് ഭ്രാന്തൻ എന്ന് ആരോപിക്കുമ്പോൾ കവി എന്നാണ് വേറേ ചിലരുടെ ആക്ഷേപം.വേറേ ചിലർ ജോത്സ്യൻ എന്ന് പറഞ്ഞാണ് ആക്ഷേപിക്കുക.ഖുർആനിനെ പറ്റിയും ഇങ്ങനെ ഭിന്ന വീക്ഷണങ്ങൾ വെച്ചു പുലർത്തുന്നു അവർ



يُؤْفَكُ عَنْهُ مَنْ أُفِكَ (51:9


(9) (
സത്യത്തിൽ നിന്ന് ) തെറ്റിക്കപ്പെടുന്നവൻ അതിൽ നിന്ന് (ഖുർആനിൽ നിന്ന് ) തെറ്റിക്കപ്പെടുന്നു

നിഷേധികൾ ഏകാഭിപ്രായക്കാരല്ലെങ്കിലും അവർ പറയുന്ന വാദങ്ങൾ കേട്ട് ചിന്താ ശേഷിയില്ലാത്തവരാണ് വഴിതെറ്റുന്നത്.സത്യാന്വേഷികളാരും ഇവരുടെ കെണിയിൽ വീഴുകയില്ല എന്തെങ്കിലും വിതണ്ഡ വാദങ്ങൾ സത്യ നിഷേധികൾ എഴുന്നെള്ളിക്കുമ്പോൾ ഒന്നും ആലോചിക്കാതെ അതിന് പിന്തുണ പ്രഖ്യാപിക്കാൻ ഒരിക്കലും ബുദ്ധിയുള്ള മനുഷ്യൻ തയാറാവുകയില്ല.എന്നാൽ എന്ത് കേട്ടാലും വീണ്ടു വിചാരമില്ലാതെ അതിനെയൊക്കെ പിന്തുണച്ച് വഴികേടിലാകുന്നവർ തന്നെയല്ലേ ഏറ്റവും വലിയ വിഢ്ഢികൾ എന്ന് സാരം

വിവിധ വ്യാഖ്യാനം ഇമാം റാസി (
رحمــة الله عليـــــه) ഇവിടെ നൽകുന്നു ഈ സൂക്തം വിശ്വാസികൾക്കുള്ള പ്രശംസയാണ് അതായത്.തെറ്റായ അഭിപ്രായ വ്യത്യാസങ്ങളിൽ നിന്ന് സത്യമായ തീരുമാനത്തിലേക്ക് അവർ തിരിക്കപ്പെടും എന്നാണിതിന്റെ ആശയം.അവിശ്വാസികൾക്കെതിരെയുള്ള ആക്ഷേപമാണിത് എന്ന വ്യാഖ്യാനമനുസരിച്ച് നബി() യെക്കുറിച്ചുള്ള ശരിയായ നിലപാടിൽ നിന്ന് അവർ തെറ്റിക്കപ്പെടുന്നു എന്നും പരലോകത്തെക്കുറിച്ചുള്ള ശരിയായ വിശ്വാസത്തി നിന്ന് അവർ തെറ്റിക്കപ്പെടുന്നു എന്നും ഖുർആനിനെ കുറിച്ചുള്ള ശരിയായ നിലപാടിൽ നിന്ന് അവർ തെറ്റിക്കപ്പെടുന്നു എന്നും വ്യാഖ്യാനമുണ്ട് (റാസി 28/185)



قُتِلَ الْخَرَّاصُونَ (51:10


(10)
കള്ളം പറയുന്നവർ ശപിക്കപ്പെടട്ടെ

തുലയട്ടെ,നശിക്കട്ടെ എന്നൊക്കെ പറയുന്നത് പോലുള്ള ഒരു ശാപ വാക്കാണ് ഇവിടെ പറയുന്ന قتل എന്നത് ഒരു തെളിവുമില്ലാതെ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ എന്തൊക്കെയോ വിളിച്ചു പറയുകയാണവർ .ഇബ്നു കസീർ (رحمــة الله عليـــــه) എഴുതുന്നുഞങ്ങൾ പുനർജ്ജനിപ്പിക്കപ്പെടുകയില്ല എന്ന് പറയുകയും അത് വിശ്വസിക്കാതിരിക്കുകയും ചെയ്തവരാണവർ.സംശയാലുക്കൾ എന്നും ഊഹത്തെ സ്വീകരിക്കുന്നവർ എന്നും ഇവിടെ വ്യാഖ്യാനമുണ്ട്.“(ഇബ്നു കസീർ 4/338)

അവർക്ക് ഒരു വാദത്തിലും ഉറപ്പുണ്ടായിരുന്നില്ല മറിച്ച് ഊഹങ്ങളെ അടിസ്ഥാനമാക്കി സംസാരിക്കുകയാണവർ എന്ന് ഇമാം റാസി വ്യാഖ്യാനം പറഞ്ഞിട്ടുണ്ട്


الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ (51:11


(11)
അതായത് വിവരക്കേടിൽ മുഴുകി അശ്രദ്ധരായവർ

ഒരു വിവരവുമില്ലാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു ഇവർ അവിശ്വാസത്തിലും സത്യത്തെക്കുറിച്ചുള്ള സംശയത്തിലും മൂടുറച്ചു പോയവ അക്കൂട്ടർ ചിന്താ ശേഷി ഇല്ലാത്തവർ തന്നെ

يَسْأَلُونَ أَيَّانَ يَوْمُ الدِّينِ (51:12


(12) എപ്പോഴാണ് പ്രതിഫല നടപടിയുടെ ദിവസമെന്നവർ ചോദിക്കുന്നു

ഇത് അറിയാനുള്ള ചോദ്യമല്ല അങ്ങനെ ഒരു ദിനമുണ്ടാവില്ലെന്ന നിഷേധം ഉള്ളിലൊതുക്കി കളിയാക്കാനുള്ള ചോദ്യമാണിത്


يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ (51:13


(13)
നരകാഗ്നിയിൽ അവർ പരീക്ഷിക്കിപ്പെടുന്ന ദിവസമത്രെ അത്‌!

എപ്പോഴാണീ ദിനം എന്ന ചോദ്യത്തിന്റെ ഉത്തരമാണിത്.പാപത്തിന്റെ പ്രതിഫലമെന്ന നിലക്ക് നിഷേധികളെ നരകത്തിൽ പ്രവേശിപ്പിക്കുന്ന ദിവസമാണത് അന്ന് തീയിലിട്ട് അവരെ കരിക്കപ്പെടും.ഇത് മറുപടിയാണെന്ന് പറയുന്നത് ചോദ്യം പരിഹാസത്തിന്റേതായപ്പോൾ ഉത്തരം അതിനനുസരിച്ചായി എന്ന നിലക്കാണെന്ന് ഇമാം റാസി രേഖപ്പെടുത്തുന്നുണ്ട്.ഇനി പറയുന്ന വിഷയങ്ങളുടെ ആരംഭമാണിത് എന്നും വ്യാഖ്യാനമുണ്ട് (റാസി 28/186)




ذُوقُوا فِتْنَتَكُمْ هَذَا الَّذِي كُنتُم بِهِ تَسْتَعْجِلُونَ (51:14

)


(14) (അന്ന് അവരോട് പറയപ്പെടും) നിങ്ങളുടെ ശിക്ഷ അനുഭവിക്കുക നിങ്ങൾ എന്തൊന്നിന് ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്

ശിക്ഷ അനുഭവിക്കുന്ന ആ ധിക്കാരികളോട് എപ്പോഴാണീ ദിനം എന്ന് ചോദിച്ച് നിങ്ങൾ ധൃതി കൂട്ടിയിരുന്നില്ലേ ആ ദിനമിതാ നിങ്ങൾക്ക് സമാഗതമാക്കിയിരിക്കുന്നു .ചെയ്ത് വെച്ച തെറ്റിന്റെ ശിക്ഷ ആസ്വദിക്കൂ എന്നത് ശിക്ഷക്കുമേലെയുള്ള ശിക്ഷയായി അവർക്ക് അവിടെ അനുഭവപ്പെടും ഈ പ്രതികരണം അവർക്കുള്ള താക്കീതും അവരെ നിസ്സാരമാക്കാനുള്ളതും അവരെ കൊച്ചാക്കാനുദ്ദേശിച്ചുമുള്ളതുമാണ് (ഇബ്നു കസീർ 4/339)

ധൃതി കൂട്ടുക എന്നത് ചിലപ്പോൾ പ്രവർത്തനം മുഖേനയും ഉണ്ടാകും.അതായത് സത്യ നിഷേധത്തിൽ ഉറച്ച് നിൽക്കുകയും കുഴപ്പങ്ങൾ വെളിവാക്കുകയും ചെയ്താൽ ശിക്ഷ പെട്ടെന്ന് അള്ളാഹു നൽകിയേക്കും അതുമാവാം നിങ്ങൾ ധൃതി കൂട്ടിയ  ദിനം എന്ന് പറഞ്ഞത് (റാസി 28/186)



إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ (51:15

(15) നിശ്ചയമായും ഭക്തന്മാർ (സ്വർഗ) തോട്ടങ്ങളിലും അരുവികളിലുമായിരിക്കുന്നതാണ്

ഖുർആനിന്റെ പൊതു സ്വഭാവമനുസരിച്ച് സത്യ നിഷേധികളുടെ ശിക്ഷയെക്കുറിച്ച് പറഞ്ഞയുടൻ സത്യ വിശ്വാസികൾക്ക് പരലോകത്ത് ലഭിക്കുന്ന സന്തോഷങ്ങളെക്കുറിച്ച് പരാമർശിക്കുകയാണ്.അവർക്ക് അവിടെ തോട്ടങ്ങളും അരുവികളും ലഭ്യമാണ്

തഖ്;എന്നതിനു പല സ്റ്റേജുകളുണ്ട് ശിർക്കിൽ നിന്ന് സൂക്ഷിക്കുക എന്നതാണ് ഏറ്റവും താഴെയുള്ളത് .അള്ളാഹു അല്ലാത്തതിലേക്കൊന്നും ശ്രദ്ധിക്കാതിരിക്കുക എന്നതാണ് ഏറ്റവും ഉന്നതമായ സ്റ്റേജ്.ഏതായാലും തഖ്വ ചെയ്യുന്നവർക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലം സ്വർഗമാകുന്നു.കാരണം അവിശ്വാസത്തിൽ നിന്ന് രക്ഷപ്പെട്ടയാൾക്ക് സ്വർഗവും അതിലെ സുഖങ്ങളും നൽകപ്പെടും (റാസി 28/187)
അരുവികളിലാവുക എന്നതിന്റെ ഉദ്ദേശ്യം അവരുടെ സമീപത്തുകൂടി അവർക്ക് സന്തോഷം നൽകി വിവിധയിനം അരുവികൾ ഒഴുകുന്നുണ്ടാവുമെന്നാണ് (റാസി رحمــة الله عليـــــه)



آخِذِينَ مَا آتَاهُمْ رَبُّهُمْ إِنَّهُمْ كَانُوا قَبْلَ ذَلِكَ مُحْسِنِينَ (51:16

(16)
തങ്ങളുടെ രക്ഷിതാവ് തങ്ങൾക്ക് നൽകിയതിനെ സ്വീകരിച്ചവരായിക്കൊണ്ട്.(അവർ സ്വർഗങ്ങളിൽ താമസിക്കും)  നിശ്ചയം അതിനു മുമ്പ് അവർ സുകൃതം ചെയ്യുന്നവരായിരുന്നു


അള്ളാഹു അവർക്ക് നൽകുന്ന സുഖങ്ങളും സന്തോഷങ്ങളും വിജയങ്ങളും നിറഞ്ഞ മനസ്സോടെ അവർ സ്വീകരിക്കും.ഇത്തരം ഒരു സൌഭാഗ്യം അവർക്ക് ലഭിച്ചത് അവർ ഭൂമിയിൽ ജീവിക്കുമ്പോൾ സുകൃതം ചെയ്യുന്നവരായിരുന്നു എന്നത് കൊണ്ടാണ്.ഇഹ്സാൻ എന്നാൽ അള്ളാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കി കർമം ചെയ്യുക എന്നാണ്.ഏതൊരു സൽക്കർമ്മവും നിഷ്ക്കളങ്കതയോടെ ചെയ്തെങ്കിൽ മാത്രമേ അത് ഫലവത്താവുകയുള്ളൂ.നിഷ്കളങ്കമായി കർമ്മം ചെയ്യാനാണ് അള്ളാഹു നിർദ്ദേശിക്കുന്നത്  


كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ (51:17


(17)
രാത്രിയിൽ നിന്ന് അല്പ സമയമായിരുന്നു അവർ ഉറങ്ങിയിരുന്നത്

അവർ ചെയ്തിരുന്ന കർമങ്ങളിൽ ചിലതാണിവിടെ സൂചിപ്പിക്കുന്നത്.രാത്രി മുഴുവൻ ഉറങ്ങിക്കളയുകയോ വല്ല വിനോദങ്ങളിലുമായി പാഴാക്കി കളയുകയോ ചെയ്യാതെ അവർ സമയത്തെ ശരിക്കും സാർത്ഥകമാക്കി .രാത്രിയിലെ തഹജ്ജുദ് നിസ്ക്കാരവും മറ്റു സുന്നത്തു നിസ്കാരങ്ങളും മറ്റു സൽക്കർമങ്ങളുമൊക്കെ അവർ സജീവമാക്കി


وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ (51:18

(18)
രാത്രിയുടെ അന്ത്യ ദശകളിൽ അവർ പാപ മോചനം തേടുന്നവരായിരുന്നു

ഉറക്കത്തിനു നല്ല സുഖവും രസവും ലഭിക്കുന്ന സമയമാണല്ലോ രാത്രിയുടെ അന്ത്യ യാമങ്ങൾ! ആ സമയത്ത് ഉറക്കത്തിന്റെ സന്തോഷം ഒഴിവാക്കി നിസ്ക്കാരത്തിലും അല്ലാതെയുമായി കരളുരുകി പാപ മോചനത്തിനായി അവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കും.രാത്രി നിസ്ക്കാരം എന്നത് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള കർമമാണ്.അബ്ദുള്ളാഹിബ്നു സലാം رضي الله عنه പറഞ്ഞതായി ഇമാം ഇബ്നു കസീർ (رحمــة الله عليـــــه) ഉദ്ധരിക്കുന്നുനബി() മദീനയിലെത്തിയപ്പോൾ ജനങ്ങൾ സാവേശം തങ്ങളെ കാണാനെത്തി.ഞാനും അക്കൂട്ടത്തിലുണ്ടായിരുന്നു.അവിടുത്തെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ ഇതൊരു നുണ പറയുന്ന വ്യക്തിയുടെ മുഖമല്ല എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.അങ്ങനെ നബി() ആദ്യമായി സംസാരിക്കുന്നതായി ഞാൻ കേട്ടത് ഇതായിരുന്നു ‘ഓ ജനങ്ങളേ! നിങ്ങൾ ഭക്ഷണം നൽകുക,കുടുംബ ബന്ധം ചേർക്കുക,സലാം പറയൽ വ്യാപിപ്പിക്കുക, രാത്രിയിൽ ജനങ്ങൾ കിടന്നുറങ്ങുമ്പോൾ നിങ്ങൾ നിസ്ക്കരിക്കുക (ഇബ്നു കസീർ 4/340)

അബ്ദുള്ളാഹിബ്നു ഉമർ
رضي الله عنه വിൽ നിന്ന് ഇബ്നു കസീർ ഉദ്ധരിക്കുന്നു, നബി () പറഞ്ഞു,സ്വർഗത്തിൽ ഒരു മുറിയുണ്ട് പുറത്ത് നിന്ന് അകവും അകത്ത് നിന്ന് പുറവും കാണാവുന്ന വിധത്തിലുള്ളതാണത്.അപ്പോൾ അബൂമൂസൽ അശ്അരീ (رحمــة الله عليـــــه) ചോദിച്ചു ആർക്കുള്ളതാണ് നബിയേ ആ റൂം? നബി () പറഞ്ഞു സൌമ്യമായി സംസാരിക്കുകയും ഭക്ഷണം നൽകുകയും ജനങ്ങൾ ഉറങ്ങുമ്പോൾ എഴുന്നേറ്റ് നിസ്ക്കരിക്കുകയും ചെയ്യുന്നവർക്കാണത് (ഇബ്നു കസീർ 4/340)

പാതിരക്കുള്ള പ്രാർത്ഥനക്ക് വലിയ പ്രാധാന്യമുണ്ട്.രാത്രിയുടെ മൂന്നിലൊരു ഭാഗം മാത്രം ബാക്കിയാവുമ്പോൾ പശ്ചാത്തപിക്കാൻ ആരുണ്ട് ഞാൻ അത് സ്വീകരിക്കാം പൊറുക്കലിനെ തേടാൻ ആരുണ്ട്ഞാൻ പൊറുത്ത് കൊടുക്കാം.എന്തെങ്കിലും ചോദിക്കുന്നവരുണ്ടോ?അവരുടെ ആവശ്യം ഞാൻ നിറവേറ്റിക്കൊടുക്കാം.എന്ന് അള്ളാഹുവിന്റെ ഭാഗത്ത് നിന്ന് വിളംബരം ഉണ്ടാകും ഇത് ഉണ്മ പ്രഭാതം വരെ തുടരും എന്ന് നബി () പറഞ്ഞതായി ധാരാളം സ്വഹാബികളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ഇത് ഇമാം ബുഖാരി (رحمــة الله عليـــــه )തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു .ഇബ്നു കസീർ (4/340) യഅ്കൂബ് നബി   (عليـــه الســـلام) ന്റെ മക്കൾ തങ്ങളുടെ ദോഷം പൊറുത്ത് കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പൊറുക്കലിനെ തേടാൻ യഅ്കൂബ് നബി (عليـــه الســـلام) നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ പിന്നീട് പൊറുക്കലിനെ തേടാം എന്ന് മഹാൻ പറഞ്ഞതായി സൂറത്ത് യൂസുഫിൽ പറഞ്ഞതിനെക്കുറിച്ച് ധാരാളം വ്യാഖ്യാതാക്കൾ പറഞ്ഞത് രാത്രിയുടെ അന്ത്യ യാമങ്ങളിലേക്ക് പ്രാർത്ഥനയെ പിന്തിച്ചു എന്നാണ് ആ സമയത്തിന്റെ പ്രാധാന്യം ഇതിൽ തെളിയുന്നുണ്ട് (ഇബ്നു കസീർ 4/340)



وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ (51:19


(19)
അവരുടെ സമ്പത്തിൽ ചോദിക്കുന്നവർക്കും (ചോദ്യത്തിനു) തടസ്സം ബാധിച്ചവർക്കും അവകാശമുണ്ടായിരിക്കും

ശാരീരികമായി ചില സൽക്കർമ്മങ്ങൾ ചെയ്യുക മാത്രമല്ല അവരുടെ സമ്പത്തിലും മറ്റുള്ളവർക്ക് ചില അവകാശങ്ങളുണ്ടെന്ന് അവർ മനസ്സിലാക്കും.അത് അനുസരിച്ച് ചോദിച്ചു വരുന്നവർക്കും എന്തെങ്കിലും കാരണത്താൽ ചോദിക്കുന്നതിനെ തൊട്ട് തടയപ്പെട്ടവർക്കും അവർ ധനം നൽകും അങ്ങനെ സൃഷ്ടാവായ അള്ളാഹുവോടുള്ള കടമകളും സൃഷ്ടികളോടുള്ള ബാധ്യതയും അവർ നിറവേറ്റും എന്ന് സാരം  ചോദിച്ചു വരുന്നവർ എന്ന് പറഞ്ഞാൽ എന്നെ സഹായിക്കണം എന്ന ആവശ്യവുമായി വരുന്നവർ എന്നാണ് .ഇബ്നു കസീർ എഴുതുന്നു ‘ചോദിക്കാനായി വരുന്നവൻ കുതിരപ്പുറത്ത് വന്നാലും അവനു അവകാശമുണ്ട് (അവനെ വെറുതെ മടക്കാൻ പാടില്ല)എന്ന് നബി () പറഞ്ഞിരിക്കുന്നു

محروم  എന്ന് പറഞ്ഞാൽ വിവിധ വ്യാഖ്യാനങ്ങളുണ്ട്.ഇസ്ലാമികപൊതു ഫണ്ടിൽ നിന്ന് വിഹിതം ലഭിക്കാത്തവൻ എന്നും അനുയോജ്യമായ ജോലി ഇല്ലാത്തവൻ എന്നും ആരോടും തന്റെ ഇല്ലായ്മ വെളിവാക്കാതെ ആരോടും ഒന്നും ചോദിക്കാത്തവൻ എന്നും വ്യാഖ്യാനമുണ്ട് സാധു എന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ പിടി ഭക്ഷണമോ കാരക്കയോ കൊടുത്താൽ ഒഴിവായി പോകുന്ന ആളുകളെ തേടിയിറങ്ങുനവനല്ല മറിച്ച് തനിക്ക് ഐശര്യമില്ലെങ്കിലും മറ്റുള്ളവർ ധർമ്മം നൽകാൻ സഹായകമാവും വിധം അവരിലേക്ക് തന്റെ വിഷമം വെളിവാക്കത്തവനാണ് മിസ്കീൻ എന്ന ഹദീസ് ഇവിടെ ഓർക്കേണ്ടതാണ് (ഇബ്നു കസീർ 4/341)



وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ (51:20

(20)
ദൃഢമായി വിശ്വസിക്കുന്നവർക്ക് ഭൂമിയിൽ അനേകം ദൃഷ്ടാന്തങ്ങളുണ്ട്


അള്ളാഹുവിന്റെ ആസ്തിക്യത്തിനും അവന്റെ ഏകത്വത്തിനും പരമമായ കഴിവിനുമുള്ള ധാരാളം ദൃഷ്ടാന്തങ്ങൾ ഭൂമിയിലുണ്ട് ഓരോ മൺ തരിയും അതിന്റെ തെളിവാണ് ഇമാം ഇബ്നു കസീർ (رحمــة الله عليـــــه) എഴുതുന്നു ‘അള്ളാഹുവിന്റെ ശക്തിയുടെയും മഹത്വത്തിന്റെയും തെളിവുകളാണ് പ്രകൃതിയിൽ അള്ളാഹു സൃഷ്ടിച്ചു വെച്ച അസംഘ്യം വസ്തുക്കൾ.വിവിധയിനം സസ്യങ്ങൾ,വ്യത്യസ്ത ജീവികൾ,മനുഷ്യനു സുഘകരമായി താമസിക്കാൻ ഒരു കുഞ്ഞിനു തൊട്ടിലെന്ന പോലെ ഭൂമിയെ അള്ളാഹു സംവിധാനിച്ചതും ഭൂമിക്ക് ആണിയാക്കി പർവതങ്ങളെ സംവിധാനിച്ചതും കാടും അരുവിയും സമുദ്രവും വ്യത്യസ്ഥ ഭാഷയും വിവിധ വർണ്ണങ്ങളും വിഭിന്നമായ കഴിവുകളും ബുദ്ധിയിലും വിവേകത്തിലുമുള്ള ജനങ്ങളുടെ വ്യത്യസ്ഥ കഴിവുകളും വിജയി,പരാജയി എന്നിങ്ങനെ വേർതിരിവുണ്ടായതും അത്യത്ഭുതകരമായി മനുഷ്യ ശരീരത്തെ അള്ളാഹു സംവിധാനിച്ചതും എല്ലാം അവന്റെ മഹാ ശക്തിയുടെ തെളിവാണ് (ഇബ്നു കസീർ 4/341)


وَفِي أَنفُسِكُمْ أَفَلَا تُبْصِرُونَ (51:21


(21)
നിങ്ങളുടെ ശരീരങ്ങളിൽ തന്നെയുമുണ്ട് (അനേകം ദൃഷ്ടാന്തങ്ങൾ) എന്നിട്ട് (അതൊന്നും ) നിങ്ങൾ കണ്ടറിയുന്നില്ലേ?

മനുഷ്യ ശരീരം വല്ലാത്തൊരു അത്ഭുതമാണ് മനുഷ്യ ശരീരത്തെയും അതിന്റെ പ്രവർത്തനത്തെയും സംഘടിപ്പിച്ച് വെച്ചിരിക്കുന്നത് കാണുമ്പോൾ ചിന്തിക്കുന്ന ഏതൊരു മനുഷ്യനും അമ്പരന്നു പോകും അതിൽ ഉൾക്കൊള്ളിച്ചു വെച്ചിരിക്കുന്ന അതി വിദഗ്ദമായ സൂത്രങ്ങൾ ചിന്തിച്ച് മനസ്സിലാക്കുമ്പോൾ അതിന്റെ സംവിധായകന്റെ കഴിവിനെ കുറിച്ച് എങ്ങനെ ചിതിക്കാതിരിക്കും എത്രയോ ഡിപ്പാർട്ടുമെന്റുകൾ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നു.കിഡ്നിയും ഹാർട്ടും ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചാൽ ഇത് സംവിധാനിച്ച തമ്പുരാനെ വാഴ്ത്താതിരിക്കാൻ ബുദ്ധിയുള്ളവർക്ക് സാധിക്കുമോ

ഇമാം ഖതാദ: (رضي الله عنه) പറഞ്ഞതായി ഇബ്നു കസീർ ഉദ്ധരിക്കുന്നുസ്വന്തം ശരീരത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് വല്ലവനും ചിന്തിച്ചാൽ അവൻ സൃഷ്ടിക്കപ്പെട്ടതും അവന്റെ കെണുപ്പുകൾ മയപ്പെടുത്തപ്പെട്ടതും അള്ളാഹുവിനു വേണ്ടി ആരാധിക്കാനായി തന്നെയാണ് അവൻ സൃഷ്ടിക്കപ്പെട്ടത് എന്ന് അവനു തിരിച്ചറിയാനാവും‘(ഇബ്നു കസീർ 4/341)


وَفِي السَّمَاء رِزْقُكُمْ وَمَا تُوعَدُونَ (51:22


(22)
ആകാശത്ത് നിങ്ങളുടെ ആഹാരമുണ്ട് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതും

മഴയെ ആശ്രയിച്ചാണല്ലോ മനുഷ്യന്റെ ഉപജീവനം നിലകൊള്ളുന്നത് മഴയാണെങ്കിൽ ആകാശത്ത് നിന്നാണ് വർഷിക്കുന്നത് അത് കൊണ്ടാണ് നിങ്ങളുടെ ആഹാരം ആകാശത്തുണ്ട് എന്ന് പറയുന്നത്.നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മരണ ശേഷം നൽകപ്പെടുന്ന രക്ഷാ ശിക്ഷകൾ മുതലായവയാണ്. അത് ആകാശത്തുണ്ട് എന്ന് പറഞ്ഞതിന്റെ സാരം അതെല്ലാം ആകാശത്ത് സുരക്ഷിത ഫലകത്തിൽ (لوح المحفوظ) രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നാണ്


فَوَرَبِّ السَّمَاء وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ (51:23


(23)  ആകാശ ഭൂമികളുടെ രക്ഷിതാവിനെത്തന്നെയാണ് സത്യം.നിശ്ചയമായും ഇത് സത്യമാണ് നിങ്ങൾ സംസാരിക്കുന്നു എന്നത് (സത്യമായത്) പോലെ


അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള അന്ത്യ നാളും പുനർജന്മവും പ്രതിഫലവും  എല്ലാം നിസ്സംശയം സംഭവിക്കുക തന്നെ ചെയ്യും  അത് സത്യമാണ് അതിൽ സംശയിക്കരുത്.നിങ്ങൾ സംസാരിക്കുമ്പോൾ സസാരിക്കുകയാണ് എന്നതിൽ നിങ്ങൾക്ക് സംശയമില്ലാത്തത് പോലെ ഇതിലും നിങ്ങൾ സംശയിക്കരുത്.മുആദ് (رضي الله عنه) വല്ല വിഷയവും പറയുമ്പോൾ ചങ്ങാതിയോട് പറയും.ഈ പറയുന്നത് സത്യമാണ് നീ ഇവിടെ നിൽക്കുന്നു എന്നത് സത്യമായത് പോലെ.ഹസൻ ബസ്വരീ (رحمــة الله عليـــــه) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്.നബി () പറഞ്ഞിരിക്കുന്നുഅള്ളാഹു സത്യം ചെയ്ത് പറഞ്ഞിട്ടും അത് വിശ്വസിക്കാത്ത ജനം ശപിക്കപ്പെടട്ടെ .(ഇബ്നു കസീർ 4/342)

അള്ളാഹു നമ്മെയെല്ലാം ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ