സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday, 6 October 2015

അൽ ഖമർ




മക്കയിൽ അവതരിച്ചു (സൂക്തങ്ങൾ 55)

بسم الله الرحمن الرحيم


പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 1.اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ

(1) അന്ത്യ സമയം അടുത്തു ചന്ദ്രൻ പിളരുകയും ചെയ്തു


അന്ത്യ നാൾ അടുത്തു.അതിനാൽ നിങ്ങൾ ജാഗ്രത പാലിക്കണം മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ജയാപജയങ്ങൾ വെളിപ്പെടുന്ന ദിനമാണത്.അത് കൊണ്ട് തന്നെ അന്ത്യ നാളിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഖുർ ആൻ ഇടക്കിടെ നിർവഹിക്കുന്നത് കാണാം.,അന്ത്യ നാൾ അടുത്തു ,എന്നാൽ കഴിഞ്ഞ കാലവുമായി തട്ടിച്ച് നോക്കിയാൽ അന്ത്യ നാളിലേക്കുള്ള അകലം കുറഞ്ഞു എന്നാണ് അർത്ഥം.ഇത്ര കൊല്ലം കഴിഞ്ഞാൽ അന്ത്യ നാൾ എന്നൊന്നും നമുക്ക് പറയാനാവില്ല.അതിന്റെ ദിവസം നമ്മെ അറിയിക്കപ്പെട്ടിട്ടുമില്ല.പക്ഷെ ഓരോ ദിനം കഴിയുമ്പോഴും മഹാ ദിവസത്തിലേക്ക് നാം അടുക്കുകയാണെന്ന്  നാം ഓർക്കണം.അനസ്() പറയുന്നതായി ഖതാദ()പറഞ്ഞു.ഒരിക്കൽ സൂരാസ്തമയത്തിന്റെ അല്പം മുമ്പ് നബി()ഞങ്ങളോട് പ്രസംഗിച്ചു.അപ്പോൾ അവിടുന്ന് പറഞ്ഞു നിങ്ങളുടെ ദുനിയാവിൽ നിന്ന് ഇനി ശേഷിക്കുന്നത് ദിവസത്തിന്റെ കഴിഞ്ഞ സമയത്തിലേക്ക് തട്ടിച്ച് നോക്കുമ്പോൾ ദിവസത്തിൽ നിന്ന് ശേഷിക്കുന്ന സമയം എത്രയോ അത്ര മാത്രമാണ്.സൂര്യൻ അല്പം മാത്രമേ അപ്പോൾ കാണാനുണ്ടായിരുന്നുള്ളൂ(ഖുർത്വുബി).

നബി()യുടെ നിയോഗം തന്നെ അന്ത്യ നാൾ അടുത്തു എന്നതിന്റെ തെളിവാണ്.,,ഞാനും അന്ത്യ നാളും രണ്ട് വിരലുകൾ പോലെ ആയിക്കൊണ്ടാണ് ഞാൻ നിയോഗിക്കപ്പെട്ടതെന്ന്,, നബി() തന്റെ വിരലുകൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട്.ചന്ദ്രൻ പിളർന്നു എന്നത് നബി()യുടെ ഒരു മു അ്ജിസത്ത്(അമാനുഷിക സിദ്ധി)ആണ്. ലോകത്തിന്റെ ഘടനക്ക് മാറ്റം സഭവിക്കുന്ന അന്ത്യ നാൾ സംഭവിക്കുമെന്നതിന്റെ ഒരു തെളിവാണത്.മക്കക്കാർ നബി()യോട് തന്റെ പ്രവാചകത്വത്തിനു തെളിവ് ചോദിച്ചപ്പോഴാണ് ചന്ദ്രൻ രണ്ട് ഭാഗമായി പിളർന്നതെന്ന് ഇമാം ബുഖാരിയും മുസ് ലിമുമടക്കം ധാരാളം ഇമാമുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



2.      وَإِن يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ

വല്ല ദ്ര്ഷ്ടാന്തവും കാണുന്നതായാൽ അവർ അവഗണിച്ചു തിരിഞ്ഞു കളയുകയും (ഇത്)ശക്തിയായ ഒരു ജാലവിദ്യയാണെന്ന് പറയുകയും ചെയ്യും

നബി()യോട് തെളിവ് ചോദിച്ച സത്യനിഷേധികൾക്ക് തെളിവ് കാണിച്ചു കൊടുത്തപ്പോൾ അവരുടെ പ്രതികരണമാണിവിടെ സൂചിപ്പിക്കുന്നത്.ഇബ്നു അബ്ബാസ്(റ)പറയുന്നു ,,,മുശ് രിക്കുകൾ നബി(സ)യുടെ അടുത്ത് ഒരുമിച്ച് കൂടുകയും നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ ചന്ദ്രനെ പിളർത്തി കാണിച്ചു താ ,,എന്ന് പറയുകയും ചെയ്തു.ഞാൻ അങ്ങനെ ചെയ്താൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് നബി(സ) അവരോട് ചോദിച്ചു.വിശ്വസിക്കാം എന്ന് അവർ മറുപടി പറഞ്ഞു.അന്നൊരു പതിനാലാം രാവായിരുന്നു(പൂർണ്ണ ചന്ദ്രൻ ഉദിച്ച ദിനം)അപ്പോൾ നബി(സ) ആ തെളിവ് കാണിക്കാൻ അള്ളാഹുവോട് പ്രാർത്ഥിക്കുകയും ചന്ദ്രൻ രണ്ടായി പിളരുകയും ചെയ്തു.അപ്പോൾ ഖുറൈശികളിലെ ഓരോരുത്തരെയും വിളിച്ച് സാക്ഷ്യം വഹിക്കൂ എന്ന് നബി(സ)പറഞ്ഞു,,,എന്നാൽ ഈ തെളിവ് കണ്ടപ്പോൾ മുഹമ്മദ്(സ)നമ്മെ ജാല വിദ്യയിലൂടെ പറ്റിക്കുകയാണെന്നും അത് കൊണ്ട് സഞ്ചാരികളോട് ഇങ്ങനെ ചന്ദ്രന്റെ പിളർപ്പ് നിങ്ങൾ കണ്ടോ എന്ന് ചോദിക്കുക എന്ന് അവർ പറയുകയും മരുഭൂമിയിലൂടെ യാത്ര ചെയ്തിരുന്നവരോട് അവർ ചന്ദ്രന്റെ പിളർപ്പ് കണ്ടോ എന്ന് ചോദിച്ചപ്പോൾ ഞങ്ങളും ആ അത്ഭുതം കണ്ടു എന്ന് അവർ പറഞ്ഞു. എന്നിട്ടും മക്കക്കാർ നബി(സ)യെ വിശ്വസിക്കാൻ തയാറായില്ല.അപ്പോഴാണീ സൂക്തം അവതരിച്ചത്(ഖുർത്വുബി)ഹിജ് റയുടെ ഏകദേശം അഞ്ച് കൊല്ലം മുമ്പാണീ സംഭവമുണ്ടായത്


3.      وَكَذَّبُوا وَاتَّبَعُوا أَهْوَاءهُمْ وَكُلُّ أَمْرٍ مُّسْتَقِرٌّ



(3)അവർ(സത്യം)നിഷേധിക്കുകയും തങ്ങളുടെ ഇച് ഛകളെ പിൻ പറ്റുകയും ചെയ്തിരിക്കുകയാണ് എല്ലാ കാര്യവും (ഓരോതാവളത്തിൽ)ഉറച്ചു നിൽക്കുന്നതാണ്
അവരുടെ ഇച്ഛകളെ പിന്തുടർന്ന കാരണത്താൽ അവർ നബി()യെയും തങ്ങൾ കൊണ്ടു വരുന്ന തെളിവുകളെയും തള്ളിക്കളയുന്നു.അക്കാരണത്താലാണ് നബി()കൊണ്ടു വരുന്ന തെളിവുകളൊക്കെ ജാലവിദ്യയാണെന്ന് അവർ പറയുന്നത്.ഭ്രാന്തനാണെന്നും ജോത്സ്യനാണെന്നുമൊക്കെ അവർ നബി()യെക്കുറിച്ച് പറഞ്ഞതും ഇച്ഛയുടെ ഭാഗമാണ്.എല്ലാ കാര്യവും ഓരോ താവളത്തിൽ ഉറച്ചു നിൽക്കുന്നു എന്നതിന് സത്യം സ്ഥിരപ്പെടുകയും അസത്യം തകരുകയും ചെയ്യുമെന്നുമാണ് ഒരു അർത്ഥം.അതനുസരിച്ച് വാക്യം സത്യ നിഷേധികൾക്കുള്ള ശക്തമായ താക്കീതായിരിക്കും.നബി()ക്കുള്ള ആശ്വാസവുമായിരിക്കും(അവരുടെ ഒരു കുപ്രചരണവും വിലപ്പോവില്ലെന്നും നബി()യുടെ ദൌത്യം വിജയിക്കുക തന്നെ ചെയ്യുമെന്നും സാരം).എല്ലാ കാര്യവും അള്ളാഹുവിന്റെ അറിവിൽ സ്ഥിരപ്പെട്ടിരിക്കുന്നുവെന്നും അവനു ഒന്നും അവ്യക്തമല്ലെന്നും സത്യ നിഷേധികൾ നബി()യെ കളവാക്കുന്നത് അവരുടെ ഇച്ഛയെ പിന്തുടരലാണെന്നും പ്രവാചകന്മാർ സത്യം പറയുകയും അള്ളാഹുവിൽ നിന്ന് ലഭിച്ച ദൌത്യം അവർ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക തന്നെ ചെയ്യുമെന്നുമാണ് മറ്റൊരു അർത്ഥം.നബി()കൊണ്ട് വരുന്നതൊക്കെ ജാലവിദ്യയാണെന്നും അത് വൈകാതെ അവസാനിക്കുമെന്നും ശത്രുക്കൾ പറഞ്ഞതിനുള്ള മറുപടിയായി നബി()യുടെ കാര്യം അവസാനിക്കുകയില്ലെന്നും അത് എന്നെന്നും നിലനിൽക്കുമെന്നുമാണ് മറ്റൊരു അർത്ഥം(റാസി)

4.      وَلَقَدْ جَاءهُم مِّنَ الْأَنبَاء مَا فِيهِ مُزْدَجَرٌ

(4)നിശ്ചയമായും (സത്യനിഷേധത്തിൽ നിന്ന്)വിലങ്ങി നിൽക്കത്തക്ക വാർത്തകൾ അവർക്ക് വന്നു കഴിഞ്ഞിട്ടുണ്ട്
അവർക്ക് നന്മയിലെത്താനാവശ്യമായ എല്ലാ വിവരവും നബി()പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും അത് അവർക്ക് പെട്ടെന്ന് ബോദ്ധ്യപ്പെടുത്താനാണ് ചന്ദ്രനെ പിളർത്തിക്കാണിച്ചു കൊടുത്തതെന്നും ഇതൊക്കെ കണ്ട അവർക്ക് അന്ത്യ നാളിനെ നിഷേധിക്കാൻ യഥാർഥത്തിൽ പാടില്ലെന്നും എന്നാൽ അവരുടെ അസത്യ ധാരണകളെ പിന്തുടർന്നത് കൊണ്ടാണ് അവർ ഇങ്ങനെ നിഷേധിക്കുന്നതെന്നും സാരം
5.      حِكْمَةٌ بَالِغَةٌ فَمَا تُغْنِ النُّذُرُ

(5)മികച്ച (പൂർണ്ണമായ)വിജ്ഞാനം!എന്നിട്ടും ആ താക്കീതുകൾ അവർക്ക് പ്രയോചനം ചെയ്യുന്നില്ല
നബി()കൊണ്ടു വന്നത് ആർക്കും വ്യക്തമാവുന്ന സത്യമാണ് എന്നിട്ടും അവർ നിഷേധിച്ചു .കഷ്ടം!

6.      فَتَوَلَّ عَنْهُمْ يَوْمَ يَدْعُ الدَّاعِ إِلَى شَيْءٍ نُّكُرٍ

(6)അത് കൊണ്ട് (നബിയേ) തങ്ങൾ അവരിൽ നിന്നു പിന്തിരിഞ്ഞു കളയുക.വളരെ അനിഷ്ടകരമായ കാര്യത്തിലേക്ക് ഒരു വിളിക്കുന്ന ആൾ വിളിക്കുന്ന ദിവസം
തങ്ങളുടെ ബാധ്യത സന്ദേശം എത്തിച്ചു കൊടുക്കൽ മാത്രമാകുന്നു.അത് ഭംഗിയായി തങ്ങൾ നിർവഹിച്ചു കഴിഞ്ഞിരിക്കുന്നു.ഇനിയും അവർ നിഷേധികളായിത്തീരുന്നുവെങ്കിൽ തങ്ങൾ അത് നോക്കേണ്ടതില്ല എന്നാണ് തങ്ങൾ അവരിൽ നിന്ന് പിന്തിരിയുക എന്ന് പറഞ്ഞതിന്റെ സാരം അനിഷ്ടകരമായ കാര്യത്തിലേക്ക് വിളിക്കുന്ന ആൾ വിളിക്കുന്ന ദിനം എന്നത് ഖിയാമത്ത് നാളിൽ എല്ലാവരെയും പുനർജ്ജനിപ്പിക്കാനുള്ള ഇസ് റാഫീൽ()ന്റെ വിളിയാണുദ്ദേശ്യം.
7      خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ

(7)അവരുടെ ദ്ര്‌ഷ്ടികൾ(ഭയന്നു)സവിനയം ചിന്നിപ്പരന്ന വെട്ടുകിളികളെ പോലെ ഖബ് റുകളിൽ നിന്ന് അവർ പുറത്ത് വരുന്നതാണ്
ഇസ് റാഫീൽ() വിളിക്കുമ്പോൾ വിളിയെ ലക്ഷ്യം വെച്ച് വളരെ പെട്ടെന്ന് വലിയ വെട്ടുകിളിക്കൂട്ടം കണക്കെ ഖബ് റുകളിൽ നിന്ന് വിചാരണ വേദിയായ മഹ് ശറിലേക്ക് ജനങ്ങൾ എഴുന്നേറ്റ് ചെല്ലും


8.      مُّهْطِعِينَ إِلَى الدَّاعِ يَقُولُ الْكَافِرُونَ هَذَا يَوْمٌ عَسِرٌ
(8)വിളിക്കുന്ന ആളിലേക്ക്  കഴുത്തു നീട്ടി ധ്ര്‌തിപ്പെട്ടവരായും കൊണ്ട്,ഇത് വിഷമമേറിയ ഒരു ദിവസമാകുന്നു  എന്ന് (അന്ന് )സത്യനിഷേധികൾ പറയും
ഇങ്ങനെയൊരു പുനർജ്ജന്മത്തെ നിഷേധിച്ചും വെല്ലുവിളിച്ചും നടന്നിരുന്നവർ യാഥാർത്ഥ്യം കൺ മുന്നിൽ കാണുമ്പോൾ ഇതൊരു വല്ലാത്ത വിഷമ ദിനം തന്നെ എന്ന് പറഞ്ഞ് കീഴൊതുങ്ങി വരും


9.      كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُونٌ وَازْدُجِرَ

(9)ഇവർക്ക് മുമ്പ് നൂഹി(അ)ന്റെ ജനത (സത്യം)നിഷേധിച്ചു അങ്ങനെ അവർ നമ്മുടെ ദാസനെ വ്യാജമാക്കുകയും ഭ്രാന്തൻ എന്ന് പറയുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു
നബി(സ)യുടെ നിഷേധികളായ എതിരാളികൾക്ക് മുൻ സമുദായങ്ങളിലെ പ്രവാചകന്മാരെ നിഷേധിച്ചവർക്കുണ്ടായ ദുരനുഭവങ്ങൾ വിശദീകരിക്കുകയാണിവിടെ.സത്യ സന്ദേശവുമായി വന്ന നൂഹ്(അ) യെ തന്റെ ജനത നിഷേധിച്ചു.ഭ്രാന്തനാണെന്ന് പരിഹസിച്ചവർ പ്രബോധനം അവസാനിപ്പിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

10.      فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ

അപ്പോൾ അദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചു "നിശ്ചയം ഞാൻ പരാചിതനാണ്     അത് കൊണ്ട് നീ രക്ഷാ നടപടി 
സ്വീകരിക്കണമേ എന്ന്

നിഷേധികൾ പരിധി വിട്ടപ്പോൾ -അവർ നന്നാവാനുള്ള ഒരു സാദ്ധ്യതയും ഇല്ലാതായപ്പോൾ-
അവർക്കെതിരെ നൂഹ്() പ്രാർത്ഥിച്ചു.ഞാൻ പരാജയപ്പെട്ടു.അഥവാ അവരിൽ നിന്ന് ആരെങ്കിലും സത്യ വിശ്വാസം ഉൾക്കൊള്ളുമെന്ന പ്രതീക്ഷ ഇനി ബാക്കിയില്ല അതിനാൽ നിന്നെ നിഷേധിച്ച ധിക്കാരികൾക്കെതിരിൽ നീ ശിക്ഷാ നടപടി എടുക്കേണമേ എന്ന്

11.      فَفَتَحْنَا أَبْوَابَ السَّمَاء بِمَاء مُّنْهَمِرٍ

(11)അപ്പോൾ കുത്തിച്ചൊരിയുന്ന(മഴ)വെള്ളം കൊണ്ട് ആകാശത്തിന്റെ കവാടങ്ങൾ  നാം തുറന്നു 
വെച്ചു ആകാശത്ത് നിന്ന് ശക്തമായി മഴ വർഷിച്ചു

12.      وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاء عَلَى أَمْرٍ قَدْ قُدِرَ
(12)ഭൂമിയിലെ ഉറവുകൾ നാം പൊട്ടിയൊലിപ്പിച്ചു അങ്ങനെ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരുന്ന ഒരു വമ്പിച്ച കാര്യത്തിനു വേണ്ടി  വെള്ളം(രണ്ടും)കൂട്ടിമുട്ടി
ഭൂമിയിൽ നിന്നും ശക്തമായി ഉറവ പൊട്ടി വെള്ളം ഒഴുകി അങ്ങനെ അള്ളാഹു ജനതയുടെ ഉന്മൂല നാശത്തിനു വേണ്ടി നിശ്ചയിച്ച പ്രകാരം ആകാശത്ത് നിന്ന് വർഷിച്ച മഴയും ഭൂമിയിൽ നിന്ന് പൊട്ടിയൊഴുകിയ ഉറവയും കൂടിച്ചേർന്ന് വമ്പിച്ച പ്രളയമുണ്ടായി.സത്യ നിഷേധികളെല്ലാം ആ പ്രളയത്തിൽ നശിക്കുകയും ചെയ്തു .

.13.      وَحَمَلْنَاهُ عَلَى ذَاتِ أَلْوَاحٍ وَدُسُرٍ

(13)പലകകളും ആണികളുമുള്ള ഒന്നിന്മേൽ (ഒരു കപ്പലിൽ)അദ്ദേഹത്തെ നാം വഹി(ച്ചുരക്ഷി)ക്കുകയും ചെയ്തു.

ധാരാളം പലകകളും ആണികളുമുള്ള ഭദ്രമായ ഒരു കപ്പലിൽ കയറ്റി നൂഹ്()നെയും 
സത്യവിശ്വാസികളെയും അള്ളാഹു രക്ഷിക്കുകയും ചെയ്തു
14      تَجْرِي بِأَعْيُنِنَا جَزَاء لِّمَن كَانَ كُفِرَ

(14)നമ്മുടെ സംരക്ഷണത്തിൽ അത്(കപ്പൽ)സഞ്ചരിക്കുന്നു നിഷേധിക്കപ്പെട്ട ആൾക്ക്(നൂഹ് നബിക്ക്)വേണ്ടിയുള്ള ഒരു പ്രതികാര നടപടിയായിട്ടത്രെ (അങ്ങനെ ചെയ്തത്)

യാതൊരു വിഷമവുമില്ലാതെ അള്ളാഹുവിന്റെ നിയന്ത്രണത്തിൽ തന്നെ കപ്പൽ സഞ്ചരിച്ചു.ഇങ്ങനെ പ്രളയം മുഖേന ജനത നശിപ്പിക്കപ്പെട്ടത് സത്യം പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്ത നൂഹ് നബി()നോട് ജനത കാണിച്ച ധിക്കാരത്തിനുള്ള പ്രതിഫലവും അള്ളാഹുവിനു വേണ്ടി ത്യാഗം സഹിച്ച നൂഹ്()നുള്ള അംഗീകാരവുമായിരുന്നു

.15.      وَلَقَد تَّرَكْنَاهَا آيَةً فَهَلْ مِن مُّدَّكِرٍ

(15)നിശ്ചയം അതിനെ നാം ഒരു ദ്ര്ഷ്ടാന്തമായി അവശേഷിപ്പിച്ചു എന്നാൽ ചിന്തിച്ചു പാഠം പഠിക്കുന്നവരായി ആരെങ്കിലുമുണ്ടോ

അതിനെ നാം ദ്ര്ഷ്ടാന്തമാക്കി എന്നാൽ കപ്പലിനെ ദ്ര്ഷ്ടാന്തമാക്കി എന്നാണ് ഒരു വ്യാഖ്യാനം കപ്പലിന്റെ ഭാഗങ്ങൾ തന്നെ അവശേഷിപ്പിച്ചു .അടുത്ത കാലത്തും കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് നാം ഓർക്കണം നൂഹ്(അ)നെയും സത്യവിസ്വാസികളെയും ജല പ്രളയമെന്ന മഹാ വിപത്തിൽ നിന്ന് അള്ളാഹു രക്ഷപ്പെടുത്തിയതും നിഷേധികളെ നശിപ്പിച്ചതും പിന്നീട് വരുന്നവർക്ക് വലിയ പാഠമായി അള്ളാഹു വെച്ചിട്ടുണ്ടെന്നും പക്ഷെ അത് ചിന്തിച്ച് നന്നാവാൻ തയ്യാറുള്ളവർ ഉണ്ടോ എന്നുമാണ് അള്ളാഹു ചോദിക്കുന്നത്

16.      فَكَيْفَ كَانَ عَذَابِي وَنُذُرِ
(16)
അപ്പോൾ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു?(അതിന്റെ സ്ഥാനത്തു തന്നെയാണത്

ശിക്ഷയിറക്കുമെന്ന താക്കീത് ഭംഗി വാക്ക് പറഞ്ഞതല്ലെന്നും പ്രവാചകാദ്ധ്യാപനങ്ങളെ നിരാകരിച്ചപ്പോൾ അവർക്ക് ശിക്ഷ വന്നത്തുക തന്നെ ചെയ്തിട്ടുണ്ടെന്നും സാരം


17.      وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ



നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുർആനിനെ നാം എളുപ്പമാക്കി(സൌകര്യപ്പെടുത്തി)യിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

ഖുർആൻ വാക്യങ്ങൾ വളരെ ലളിതമാണ് അത് വായിക്കാനും മന:പാഠമാക്കാനും വളരെ എളുപ്പമാണ്.കെട്ടിക്കുടുക്കുകളോ ബുദ്ധിക്ക് ദഹിക്കാത്തതോ, ഗ്രഹിക്കാൻ പറ്റാത്തതോ ആയി അതിൽ ഒന്നുമില്ല.മുൻ വിധിയില്ലാതെ സത്യാന്വേഷണ മനസ്സോടെ  അതിനെ സമീപിച്ചാൽ അതിന്റെ നിർദ്ദേശങ്ങളും സദുപദേശങ്ങളും  കേൾക്കുന്ന ഒരാൾക്ക് ചിന്തിക്കാനും സന്മാർഗമുൾക്കൊള്ളാനും വളരെ എളുപ്പമാണ്  എന്നൊക്കെയാണീ പറഞ്ഞതിന്റെ സാരം.അല്പ സ്വല്പം അറബി ഭാഷ പഠിച്ചാൽ ഖുർആൻ വാക്യങ്ങൾക്ക് സ്വയം വ്യാഖ്യാനം പറയാമെന്നോ അനർഹർക്ക് നേരിട്ട് ഖുർആനിൽ ഗവേഷണമാവാമെന്നോ ഇതിൽ നിന്ന് ധരിക്കുന്ന ചില അല്പ്ജ്ഞരുണ്ട്.അത് മഹാ അബദ്ധമാണ്.അത്തരക്കാർ മതത്തിലുണ്ടാക്കുന്ന അപകടം വളരെ ഗുരുതരവുമാണ്.കാരണം ഖുർ ആൻ മനസ്സിലാക്കണമെങ്കിൽ ഒരു പാട് സാങ്കേതിക ജ്ഞാനങ്ങൾ ആവശ്യമാണ്. വളരെ ഭാരമേറിയ വാക്ക് തങ്ങൾക്ക് നാം പറഞ്ഞു തരുന്നു എന്ന് ഖുർആനെക്കുറിച്ച് അള്ളാഹു പറഞ്ഞിട്ടുണ്ട്.മാത്രവുമല്ല ഖുർആൻ തങ്ങൾ വിശദീകരിക്കാനാണ് തങ്ങൾക്ക് അള്ളാഹു അത് അവതരിപ്പിച്ചത് എന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്. സാഹിത്യത്തിന്റെ നെറുകയിൽ ജീവിച്ച അറബികൾക്ക് പോലും നബി()യുടെ വിശദീകരണമില്ലാതെ ഖുർആൻ മനസ്സിലായിട്ടില്ല(പിന്നെയല്ലേ എങ്ങുമെത്താത്ത ഭാഷാ പാണ്ഡിത്യമുള്ളവർക്ക് ഖുർആൻ മനാസിലാവൽ!)അതിനാൽ നബി()യുടെ വിശദീകരണം മനസ്സിലാക്കാതെ ഖുർആൻ ഉൾക്കൊള്ളാനാവില്ല.അത് കൊണ്ടാണ് പൂർവീക മഹത്തുക്കളെ ആശ്രയിക്കാതെ ഖുർ ആനിൽ നിന്ന് മത വിധി കണ്ടെത്തുന്ന അല്പന്മാരാവരുത് എന്ന് നാം പറയേണ്ടി വരുന്നത്. സൂക്തം പലരും തെറ്റായി മനസിലാക്കുകയും അവർ തോന്നിയത് പോലെ ഖുർ ആൻ ദുർവ്യാഖ്യാനിക്കുകയും ചെയ്തു.ഒരിക്കലും അത്തരം അനധികൃ കടന്നു കയറ്റത്തിനു ഈ സൂക്തത്തെ കൂട്ടുപിടിക്കാവതല്ല

18.      كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ



ആദ് സമുദായം (സത്യം) നിഷേധിച്ചു അപ്പോൾ എന്റെ ശിക്ഷയും താക്കീതും എങ്ങനെയായിത്തീർന്നു?
ഹൂദ് നബി()ന്റെ ജനതയാണ് ആദ് സമൂഹം.ഹൂദ് നബിയുടെ പ്രബോധനം അവർ നിഷേധിക്കുകയും ഹൂദ് നബിയെ അവർ നിരാകരിക്കുകയും ചെയ്തു.അവർക്കെതിരെ അള്ളാഹു ശക്തമായ ശിക്ഷ ഇറക്കി

19.      إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ


നിശ്ചയമായും അവരുടെ മേൽ മുറിഞ്ഞു പോകാത്ത ദുശ്ശകുന ദിവസം നാം ഒരു കൊടുങ്കാറ്റയച്ചു

20.      تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ



അത് മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു അവർ കടപുഴകി വീണ ഈത്തപ്പനത്തടികളെന്നോണമായിരുന്നു (നിലം പതിച്ചത്)

ഏഴു രാവും എട്ടു പകലും തുടർച്ചയായി ആഞ്ഞടിച്ച കൊടുങ്കാറ്റിൽ പെട്ട് ശക്തന്മാരായിരുന്ന ആദ് സമൂഹം ഈത്തപ്പനകൾ കട പുഴകി വീണത് പോലെ വീണു മരിച്ചു.അവരെ സംബന്ധിച്ചിടത്തോളം അതൊരു ദുശ്ശകുന ദിനം തന്നെ .മുറിഞ്ഞു പോകാത്ത ദുശ്ശകുനം എന്നതിനു ആ ദിനം മുഴുവൻ നീണ്ടു നിന്നത് എന്നും ഇവിടെ തുടങ്ങിയ ശിക്ഷ മുറിയാതെ നരകം വരെ തുടരുമെന്നും(അവിടം മുതൽ പിന്നെ ശിക്ഷ മാത്രമേ ഉണ്ടാവൂ)വ്യാഖ്യാനമുണ്ട്.മനുഷ്യരെ പറിച്ചെറിയുന്ന കാറ്റ് അടിച്ചു എന്നതിന്റെ വ്യാഖ്യാനത്തിൽ ഇമാം ഖുർത്വുബി(റ)എഴുതുന്നു,കാറ്റിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി കുഴികളുണ്ടാക്കിയും മറ്റും ചിലർ പ്രതിരോധം തീർത്തു പക്ഷെ അവിടെയും കടന്നു ചെന്ന് കാറ്റ് അവരെ പുഴക്കിയെറിഞ്ഞു(ഖുർത്വുബി)

21.      فَكَيْفَ كَانَ عَذَابِي وَنُذُرِ



അപ്പോൾ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു?(അതിന്റെ സ്ഥാനത്തു തന്നെയാണത്)

ശിക്ഷയിറക്കുമെന്ന താക്കീത് ഭംഗി വാക്ക് പറഞ്ഞതല്ലെന്നും പ്രവാചകാദ്ധ്യാപനങ്ങളെ നിരാകരിച്ചപ്പോൾ അവർക്ക് ശിക്ഷ വന്നത്തുക തന്നെ ചെയ്തിട്ടുണ്ടെന്നും സാരം

22.      وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ


നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുർ ആനിനെ നാം എളുപ്പമാക്കി(സൌകര്യപ്പെടുത്തി)യിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?


വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്
23.      كَذَّبَتْ ثَمُودُ بِالنُّذُرِ


സമൂദ് സമുദായം താക്കീതുകൾ നിഷേധിച്ചു

സാലിഹ് നബി()ന്റെ സമുദായമാണ് സമൂദ് ഗോത്രം.അവർ സാലിഹ് നബിയെ കളവാക്കി.ഖുർ ആൻ ധാരാളം സ്ഥലത്ത് അവരുടെ ചരിത്രം പറഞ്ഞിട്ടുണ്ട്
24.      فَقَالُوا أَبَشَرًا مِّنَّا وَاحِدًا نَّتَّبِعُهُ إِنَّا إِذًا لَّفِي ضَلَالٍ وَسُعُرٍ



എന്നിട്ടവർ പറഞ്ഞു,,നമ്മളിൽ ഉള്ള ഒരു മനുഷ്യനെ നാം പിൻ പറ്റുകയോ?അങ്ങനെയാണെങ്കിൽ നാം വഴികേടിലും കിറുക്കിലും അകപ്പെട്ടവരായിരിക്കുക തന്നെ ചെയ്യും

നമ്മൾ എല്ലാവരും പറയുന്ന ബഹുദൈവത്വത്തിനെതിരിൽ ഒരാൾ മാത്രം പറയുന്ന ഏകദൈവ സിദ്ധാന്തം നാം സ്വീകരിക്കുകയോ?അങ്ങനെ നാം സ്വീകരിച്ചാൽ നാം വഴികേടിലാവുമെന്ന് മാത്രമല്ല അത് ഒരു തരം ഭ്രാന്തിന്റെ ലക്ഷണമായും കാണേണ്ടി വരും എന്നായിരുന്നു സമൂദ് ഗോത്രക്കാരുടെ വിലയിരുത്തൽ
25.      أَؤُلْقِيَ الذِّكْرُ عَلَيْهِ مِن بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ


നമ്മുടെ ഇടയിൽ നിന്ന് അദ്ദേഹത്തിനു(പ്രത്യേകം)ബോധനം നൽകപ്പെട്ടുവെന്നോ?

സാലിഹ്()നു പ്രവാചകത്വം ലഭിക്കുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.അതിൽ നിന്നുള്ള ചോദ്യമാണിത്.സാലിഹ്()നേക്കാൾ സാമ്പത്തിക ശേഷിയും മറ്റുമുള്ളവർക്കല്ലേ പ്രവാചകത്വം ലഭിക്കുമെങ്കിൽ ലഭിക്കേണ്ടത് എന്നും ഇതിൽ അടങ്ങിയിട്ടുണ്ട്.എല്ലാ കാലത്തും ശത്രുക്കൾ ഉന്നയിക്കാറുള്ള ഒരു ദുർ ന്യായമാണിത്.അള്ളാഹുവിന്റെ മറുപടി ആർക്കാണീ മഹാ സ്ഥാനം നൽകേണ്ടത് എന്ന് അവനു നന്നായി അറിയാം എന്നത്രെ
അല്ല,പക്ഷെ അദ്ദേഹം വലിയ കള്ളവാദിയും അഹങ്കാരിയുമാകുന്നു
നമ്മുടെ നേതാക്കളെയൊക്കെ അവഗണിച്ച് സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന സാലിഹ്()നു പ്രവാചകത്വം ലഭിച്ചു എന്ന വാദം കള്ളമാണെന്നും നമ്മുടെ നേതാക്കളോടുള്ള ധിക്കാരമാണതെന്നും അവർ വാദിച്ചു.അർഹതയില്ലാത്തത് ഉണ്ടെന്ന് വരുത്തുന്ന ധിക്കാരിയാണ് സാലിഹ്(അ)എന്നായിരുന്നു അവരുടെ വിമർശനം.ഈ വിമർശനത്തിനുള്ള മറുപടിയാണ് താഴെ!
26.      سَيَعْلَمُونَ غَدًا مَّنِ الْكَذَّابُ الْأَشِرُ


ആരാണ് വലിയ കള്ളവാദിയും അഹങ്കാരിയുമെന്ന് അവർ നാളെ അറിയും

നാളെ എന്നത് ഭാവിയിൽ എന്ന അർത്ഥത്തിലാണ്.സാലിഹ്()കള്ളനല്ലെന്നും കള്ളന്മാർ തന്റെ എതിരാളികളാണെന്നും പിന്നീട് അവർക്ക് മനസ്സിലാകുമെന്നാണ് അള്ളാഹു പറയുന്നത്.ഭൂമിയിൽ നിന്ന് തന്നെ അത് പുലർന്നതായി തുടർന്നുള്ള വരികളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം
27.      إِنَّا مُرْسِلُو النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْ


നിശ്ചയമായും അവർക്ക് ഒരു പരീക്ഷണമായിക്കൊണ്ട് ഒരു ഒട്ടകത്തെ നാം അയക്കുന്നു അത് കൊണ്ട് തങ്ങൾ അവരെ വീക്ഷിക്കുകയും ക്ഷമിച്ചിരിക്കുകയും ചെയ്യുക

സാലിഹ് നബിയുടെ പ്രവാചകത്വം ചോദ്യം ചെയ്ത സമൂദ് സമൂഹം താൻ പ്രവാചകനാണെന്നതിനു  തെളിവായി പാറയുടെ ഉള്ളിൽ നിന്ന് ഒരു ഗർഭിണിയായ ഒട്ടകത്തെ കൊണ്ടു വരാൻ ആവശ്യപ്പെട്ടു. വെല്ലു വിളി ഏറ്റെടുത്ത സാലിഹ് നബി() അള്ളാഹുവോട് പ്രാർത്ഥിച്ചു ഒട്ടകം പുറത്ത് വന്നു.അതിനോട് അവർ സ്വീകരിക്കേണ്ട സമീപനം നേരത്തേ തന്നെ അള്ളാഹു അവരോട് അറിയിച്ചിരുന്നു.എന്നാൽ അവർ കരാറ് പാലിച്ചില്ല.അള്ളാഹുവിന്റെ ശിക്ഷ അവരെ പിടികൂടൂക തന്നെ ചെയ്തു.അവർക്ക് വരാനിരിക്കുന്ന ശിക്ഷ പ്രതീക്ഷിക്കാനും അവരുടെ ധിക്കാരം നിരീക്ഷിക്കാനുമാണിവിടെ നിർദ്ദേശിക്കുന്നത്
28.      وَنَبِّئْهُمْ أَنَّ الْمَاء قِسْمَةٌ بَيْنَهُمْ كُلُّ شِرْبٍ مُّحْتَضَرٌ



വെള്ളം അവർക്കിടയിൽ പങ്ക്(ഊഴം)ആണ് വെള്ളത്തിൽ നിന്നുള്ള എല്ലാ ഓഹരിയും (അതിൽ അതിന്റെ അവകാശികൾ-അവരും ഒട്ടകവും)സന്നിഹിതരാക്കപ്പെടേണ്ടതാണ് എന്ന് തങ്ങൾ അവരെ അറിയിക്കുകയും ചെയ്യുക

ഒട്ടകം പുറത്ത് വരുമ്പോൾ അതിനോട് സ്വീകരിക്കേണ്ട നിലപാടു നേരത്തെ തന്നെ അറിയിച്ചതാണിത്.ഒരു ദിവസം അവിടെയുള്ള വെള്ളം മുഴുവൻ ഒട്ടകം കുടിക്കും.അടുത്ത ദിവസം ഒട്ടകം വെള്ളത്തിന്റെ അടുത്തേക്ക് വരില്ല.അന്ന് വെള്ളം അവർക്കുള്ളതാണ്.അതാണ് ഊഴം എന്ന് പറഞ്ഞത്.അവരവർക്ക് അവകാശപ്പെട്ട ദിവസം മാത്രമേ അവർ വെള്ളത്തിനടുത്തെത്താവൂ എന്നാണിവിടെ പറയുന്നത് ഒട്ടകം വെള്ളം കുടിക്കുന്ന ദിവസം അത്ര തന്നെ പാൽ ഒട്ടകത്തിൽ നിന്ന് അവർക്ക് കറന്നെടുക്കാൻ സാധിച്ചിരുന്നു,ജാബിർ(റ)പറയുന്നു.തബൂക്ക് യുദ്ധ യാത്രയിൽ സമൂദ് ഗോത്രക്കാർ താമസിച്ചിരുന്ന സ്ഥലത്ത് (ഹിജ് റിൽ)നബി(സ)യോടൊപ്പം ഞങ്ങൾ ഇറങ്ങി.അപ്പോൾ നബി(സ)പറഞ്ഞു.ഓ ജനങ്ങളേ!ഇത് സാലിഹ്(അ)ന്റെ ജനതയാണ്.അവരുടെ നബിയോട് ഒട്ടകെത്തെ കൊണ്ട് വരാൻ അവർ ആവശ്യപ്പെട്ടുഅങ്ങനെ അള്ളാഹു അവർക്ക് ഒട്ടകത്തെ അയച്ചു കൊടുത്തു.ഈ ഭാഗത്തു കൂടി അതിന്റെ ഊഴമുള്ള ദിനത്തിൽ ഒട്ടകം വരികയും അത് കുടിക്കുന്ന വെള്ളത്തിന്റെ അത്ര പാൽ അവർ കറന്നെടുക്കുകയും ചെയ്യും(ഖുർത്വുബി)
29.      فَنَادَوْا صَاحِبَهُمْ فَتَعَاطَى فَعَقَرَ


അങ്ങനെ അവർ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു അപ്പോൾ അവൻ (അതിനെ കൊല്ലുവാൻ )തയ്യാറായി അവൻ അതിനെ അറുക്കുകയും ചെയ്തു
വെള്ളത്തിലെ ഊഴം പോലെ ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും അവരോട് സാലിഹ്() നിർദ്ദേശിച്ചിരുന്നു.അല്പ ദിവസം നിബന്ധന അവർ പാലിച്ചെങ്കിലും വഴികേടിന്റെ ധിക്കാരം കാരണത്താൽ പിന്നീട് അവർ ഒട്ടകത്തെ അറുക്കാൻ തീരുമാനിച്ചുഎല്ലാവരുടെയും പ്രേരണയോടെ ഖുദാർ ബിൻസാലിഫ് എന്ന നിർഭാഗ്യവാനായ ധിക്കാരിയാണ് മരത്തിന്റെ മറവിൽ മറഞ്ഞു നിന്ന് അമ്പെയ്ത് കാലിനു മുറിവാക്കി വാളെടുത്ത് കുതി ഞെരമ്പ് മുറിച്ചു.അപ്പോൾ ഒരു വലിയ ശബ്ദത്തോടെ ഒട്ടകം വീഴുകയും അതിന്റെ വയറ്റിലുള്ള കുട്ടി പുറത്ത് വരികയും ചെയ്തു.എന്നിട്ട് ആ ഒട്ടകത്തെ അവൻ അറുത്തു.പുറത്ത് വന്ന കുട്ടി മലയിൽ ഒരു പാറയിലേക്ക് ഓടിപ്പോയി.സാലിഹ്(അ)വന്ന്  നോക്കുമ്പോൾ ചലനമറ്റ് കിടക്കുന്ന ഒട്ടകത്തെ കണ്ടപ്പോൾ അവിടുന്ന് കരയുകയും അള്ളാഹുവിന്റെ ആദരവ് നിങ്ങൾ പറിച്ചു ചീന്തിയിരിക്കുന്നുവെന്നും അതിനാൽ അവന്റെ ശിക്ഷ നിങ്ങൾ കാത്തിരിക്കുക എന്ന് പറയുകയും ചെയ്തു.
30.      فَكَيْفَ كَانَ عَذَابِي وَنُذُرِ


അപ്പോൾ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു?(അതിന്റെ സ്ഥാനത്തു തന്നെയാണത്)

ആ ഒട്ടകത്തോട് മോശമായി പെരുമാറിയാൽ അള്ളാഹുവിന്റെ ശിക്ഷ വരുമെന്ന താക്കീത് അവർക്ക് നൽകപ്പെട്ടിരുന്നു.അത് ശരിക്കും സംഭവിക്കുക തന്നെ ചെയ്തു.ശിക്ഷ എന്തായിരുന്നു എന്ന് താഴെ വരുന്നുണ്ട്
31.      إِنَّا أَرْسَلْنَا عَلَيْهِمْ صَيْحَةً وَاحِدَةً فَكَانُوا كَهَشِيمِ الْمُحْتَظِرِ


അവരുടെ മേൽ ഒരൊറ്റ ഘോര ശബ്ദം നാം അയക്കുക തന്നെ ചെയ്തു.അപ്പോൾ അവർ ആട്ടിൻ കൂട് പണിയുന്നവന്റെ (അവൻ ഉപേക്ഷിച്ചു കളഞ്ഞ)ചില്ലിത്തുരുമ്പ് പോലെ ആയിത്തീർന്നു

അവരുടെ മേൽ ജിബ് രീൽ(അ) ശക്തമായി ഒരു ശബ്ദമുണ്ടാക്കി.അങ്ങനെ അവർ നശിച്ചു .ആടുകളെ താമസിപ്പിക്കുവാനായി അവയുടെ ഇടയന്മാർ ചുള്ളിക്കൊമ്പുകളാൽ ആലയുണ്ടാക്കുമ്പോൾ അവയുടെ ഇലകളും ചില്ലകളുമൊക്കെ ഒഴിവാക്കുകയും അതിനു മേൽ ആടുകൾ ചവിട്ടി അതിനെ നുറുക്കി കളയുമല്ലോ.അതിനാണ് ഹശീം എന്ന് പറയുന്നത്.അതു പോലെ സമൂദ് സമുദായം അള്ളാഹുവിന്റെ ശിക്ഷയിൽ പെട്ട് അവരുടെ ശരീരം നുറുങ്ങി ഛിന്നഭിന്നമായിപ്പോയി

32.      وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ


നിശ്ചയമായും ചിന്തിച്ച് ഗ്രഹിക്കുവാനായി ഖുർ ആനിനെ നാം എളുപ്പമാക്കി(സൌകര്യപ്പെടുത്തി)യിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്.
 

كَذَّبَتْ قَوْمُ لُوطٍ بِالنُّذُرِ

(33) ലൂഥ്()ന്റെ ജനത താക്കീതുകൾ നിഷേധിച്ചു


പ്രകൃതി വിരുദ്ധ ലൈംഗീകതയിൽ (സ്വവർഗ രതിയിൽ)മുഴുകിയവരായിയിരുന്നു അവർ.മുമ്പ് ആർക്കും പരിചയമില്ലാത്ത തിന്മ ഉപേക്ഷിക്കണമെന്ന് ലൂഥ് നബി()അവരെ ഉത് ബോധിപ്പിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു എന്നാൽ സദാചാര വാദിയായി വന്ന ലൂഥ് നബിയെ പരിഹസിക്കാനായിരുന്നു അവർ  മുന്നോട്ട് വന്നത്

إِنَّا أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّا آلَ لُوطٍ نَّجَّيْنَاهُم بِسَحَرٍ



(34) അവരുടെ മേൽ നാം ചരൽക്കാറ്റിനെ അയക്കുക തന്നെ ചെയ്തു
ലൂഥ്()ന്റെ കുടുംബത്തിന്റെ മേൽ ഒഴികെ.അവരെ നാം പുലർക്കാലത്ത് രക്ഷപ്പെടുത്തി


ധിക്കാരികൾക്ക് അള്ളാഹു നൽകുന്ന ശിക്ഷ ഇവരെയും പിടികൂടി ഇമാം ഇബ്നു കസീർ()എഴുതുന്നു.മുമ്പ് ആരും ചെയ്യാത്ത തെറ്റ് ചെയ്ത ജനതക്ക് മറ്റാർക്കും നൽകിയിട്ടില്ലാത്ത കനത്ത ശിക്ഷ തന്നെ അള്ളാഹു നൽകി.ജിബ് രീൽ()നോട് അള്ളാഹു കല്പന കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അവരുടെ പട്ടണത്തെ ആകാശത്തോളം ഉയർത്തുകയും അവർക്ക് നേരെ അതിനെ മറിച്ചിടുകയും ചെയ്തു അതോടൊപ്പം അടുക്കി വെച്ച ചുടുകട്ടകളെ തുടരെ അയക്കുകയും ചെയ്തു (ഇബ്നു കസീർ 4/387)എന്നാൽ ലൂഥ് നബിയെ കൊണ്ട് വിശ്വസിച്ച ലൂഥ് നബിയുടെ പെൺ മക്കളെ അള്ളാഹു രക്ഷപ്പെടുത്തി (അവർ മാത്രമായിരുന്നു തന്നെകൊണ്ട് വിശ്വസിച്ചിട്ടുണ്ടായിരുന്നത് )സ്വന്തം ഭാര്യ പോലും വിശ്വാസിയായില്ല.അതിനാൽ നശിച്ചവരുടെ കൂട്ടത്തിൽ ഭാര്യയും ഉൾപ്പെട്ടു.അള്ളാഹുവിന്റെ നിർദ്ദേശ പ്രകാരം പുലരാൻ കാലത്ത് അവർ വീട് വിട്ടിറങ്ങുകയും അവരെ അള്ളാഹു രക്ഷിക്കുകയും ചെയ്തു



نِعْمَةً مِّنْ عِندِنَا كَذَلِكَ نَجْزِي مَن شَكَرَ


(35)നമ്മുടെ ഭാഗത്ത് നിന്നുള്ള അനുഗ്രഹമായിട്ട്.അപ്രകാരം നന്ദി കാട്ടുന്നവർക്ക്  നാം പ്രതിഫലം കൊടുക്കും

വിശ്വാസികളെ അള്ളാഹു രക്ഷപ്പെടുത്തിയത് അവർ ചെയ്ത വിശ്വാസം എന്ന നന്മക്കുള്ള പ്രതിഫലമായിട്ടാണ്. അള്ളാഹു അവനെ വിശ്വസിക്കുന്ന നന്ദിയുള്ള ജനതക്ക് നൽകുന്ന അനുഗ്രഹമാണിത്

وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا بِالنُّذُرِ


(36) നമ്മുടെ ശിക്ഷയെ സംബന്ധിച്ച് അവരെ അദ്ദേഹം താക്കീത് ചെയ്തു അപ്പോൾ അവർ താക്കീതുകളെ സംബന്ധിച്ച് തർക്കിച്ചു(നിഷേധിച്ചു)

ശിക്ഷ ഇറങ്ങുന്നതിനു മുമ്പ് ലൂഥ് നബി()അവരെ ശിക്ഷയെ കുറിച്ച് ഉത് ബോധിപ്പിച്ചു പക്ഷെ അവർ അതിന്റെ ഗൌരവം ഉൾക്കൊണ്ടില്ല എന്ന് മാത്രമല്ല അങ്ങനെ ശിക്ഷ ഉണ്ടാവില്ല എന്ന നിഷേധാത്മക നിലപാട് സ്വീകരിച്ചു



وَلَقَدْ رَاوَدُوهُ عَن ضَيْفِهِ فَطَمَسْنَا أَعْيُنَهُمْ فَذُوقُوا عَذَابِي وَنُذُرِ


(37) തന്റെ അതിഥികളെ (ദുർവൃത്തിക്ക്)വിട്ടു കൊടുക്കാൻ അദ്ധേഹത്തോട് അവർ ആവശ്യപ്പെട്ടു അപ്പോൾ അവരുടെ കണ്ണുകളെ നാം കുരുടാക്കി ഇനി നിങ്ങൾ എന്റെ ശിക്ഷയും താക്കീതുകളും രുചിച്ചു നോക്കുക (എന്ന് അവരോട് പറയപ്പെട്ടു)

മുമ്പ് ലോകത്തെവിടെയും പരിചിതമല്ലാതിരുന്ന ഒരു ദുർവൃത്തിയാണ് ലൂഥ് നബി()യുടെ ജനത ചെയ്തിരുന്നത് സ്വവർഗ രതിയിലായിരുന്നു അവർ സന്തോഷം കണ്ടെത്തിയിരുന്നത് .അത് അധാർമ്മികവും പ്രകൃതി വിരുദ്ധവുമായതിനാൽ അത്തരം തിന്മകൾ ഒഴിവാക്കണമെന്ന് നിരന്തരം അവരെ ഉത്ബോധിപ്പിക്കപ്പെട്ടുവെങ്കിലും അതെല്ലാം ജനത തള്ളിക്കളയുകയും തങ്ങളുടെ അധാർമ്മികത സജീവമാക്കുകയും ചെയ്തു .ധിക്കാരികൾക്ക് ശിക്ഷ നൽകാനായി അള്ളാഹു മലക്കുകളെ അയച്ചു സുന്ദര യുവാക്കളുടെ രൂപത്തിൽ വന്ന മലക്കുകളെ തങ്ങളുടെ ചെയ്തികൾക്ക് വിട്ടു തരണമെന്ന് അവർ ആവശ്യപ്പെട്ടു.അതിഥികളാണ് അവരെന്നും അവരുടെ വിഷയത്തിൽ എന്നെ അപമാനിക്കരുതെന്നും ലൂഥ് നബി() അവരോട് കെഞ്ചിയെങ്കിലും അവർ പിന്മാറാൻ തയാറായില്ല ലൂഥ് നബിയും നാട്ടുകാരുമായി തർക്കം തുടരുന്നതിനിടെ അള്ളാഹു അവർക്ക് ശിക്ഷ നൽകി അവരുടെ കണ്ണിന്റെ കാഴ്ച ശക്തി നശിപ്പിച്ചു കണ്ണ്കാണാതെ അവർ തപ്പിത്തടയാൻ തുടങ്ങി.അതാണിവിടെ സൂചിപ്പിക്കുന്നത് ഇബ്നു കസീർ()എഴുതുന്നു.ജിബ് രീൽ() മീക്കാഈൽ() ഇസ് റാഫീൽ() എന്നീ മലക്കുകൾ അള്ളാഹുവിന്റെ പരീക്ഷണാർത്ഥം യുവ കോമളന്മാരുടെ രൂപത്തിൽ ലൂഥ് നബി()ന്റെ വീട്ടിൽ വന്നു.ലൂഥ് () അവർക്ക് വിരുന്നൊരുക്കി(മലക്കുകൾ ഭക്ഷണം കഴിക്കില്ല.മനുഷ്യരെന്ന് കരുതിയാണ് വിരുന്നൊരുക്കിയത്) സുന്ദരന്മാരായ ചില പുരുഷന്മാർ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം അവിശ്വാസിനിയായ ലൂഥ് നബിയുടെ ഭാര്യ നാട്ടുകാരെ അറിയിക്കുകയും നാട്ടുകാർ സന്തോഷത്തോടെ ലൂഥ് നബിയുടെ വീട്ടിലേക്ക് ഓടിയെത്തുകയും ചെയ്തു അതിഥികളെ അവർ അവഹേളിക്കാതിരിക്കാൻ ലൂഥ്()വാതിലടച്ചു.എന്നാൽ വാതിൽ തകർക്കാനും അകത്തേക്ക് തള്ളിക്കയറാനും അവർ ശ്രമിക്കുകയും അകത്തേക്ക് കയറിയേ അടങ്ങൂ എന്ന വാശിയിൽ അവർ മുന്നേറുകയും രംഗം വഷളാവുകയും ചെയ്തപ്പോൾ ജിബ് രീൽ() പുറത്തിറങ്ങുകയും തന്റെ ചിറക് കൊണ്ട് അവരുടെ കണ്ണിനു അടിക്കുകയും കണ്ണ് തകർന്നു പോവുകയും കാഴ്ച നഷ്ടപ്പെട്ട ജനം ലൂഥ്()നെ ഭീഷണിപ്പെടുത്തിയും ചീത്ത വിളിച്ചും പ്രഭാതം വരെ നീണ്ടു പോയി .പ്രഭാതത്തോടെ ശക്തമായ ശിക്ഷ അവരെ പിടികൂടി(ഇബ്നു കസീർ(4/387)


وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ


(38)ഒരു പ്രഭാതത്തിൽ സ്ഥിരമായ(ഇടമുറിയാത്ത )ഒരു ശിക്ഷ അവരെ ബാധിച്ചു


ചരൽ കല്ലുകൾ അയച്ചാണ് അവരെ ശിക്ഷിച്ചത് എന്ന് മുമ്പ് പറഞ്ഞത് ഓർക്കുക


فَذُوقُوا عَذَابِي وَنُذُرِ


(39) ഇനി നിങ്ങൾ എന്റെ ശിക്ഷയും താക്കീതുകളും രുചിച്ചു നോക്കുക (എന്ന് അവരോട് പറയപ്പെട്ടു)


ശിക്ഷ അനുഭവിക്കുന്നവരോട് ഇങ്ങനെ പറയുന്നതും ഒരു തരം ശിക്ഷ തന്നെയാണ്


وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ


(40)നിശ്ചയമായും ചിന്തിച്ചു ഗ്രഹിക്കുവാനായി ഖുർ ആനെ നാം എളുപ്പമാക്കിയിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?


വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്


وَلَقَدْ جَاء آلَ فِرْعَوْنَ النُّذُرُ


(41)ഫറോവയുടെ ആൾക്കാർക്ക് എന്റെ താക്കീതുകൾ വന്നു


ഞാനാണ് ഏറ്റവും വലിയ ദൈവം എന്ന് വാദിക്കുന്ന ഫറോവയും അവനെ അനുസരിക്കുന്നവരും വലിയ അപരാധികളാണ്.അള്ളാഹുവിനു പങ്കാളിയെ സ്ഥാപിക്കുക  എന്നത് അള്ളാഹുവിനു ഏറ്റവും വെറുപ്പുള്ള കാര്യമാണ്.അത് കൊണ്ട് തന്നെ അവരുടെ ഇത്തരം തെറ്റുകൾക്കെതിരെ പ്രവാചകന്മാരെ അയച്ച് അള്ളാഹു ഉത് ബോധിപ്പിച്ചു മൂസാ നബി().ഹാറൂൻ നബി() എന്നിവരായിരുന്നു അനുസരിക്കുന്നവർക്കുള്ള സുവിശേഷവും നിഷേധിക്കുന്നവർക്കുള്ള താക്കീതുമായി അനിഷേധ്യമായ തെളിവുകളോടെ അവരിലേക്ക് നിയോഗിതരായിരുന്നത്.


كَذَّبُوا بِآيَاتِنَا كُلِّهَا فَأَخَذْنَاهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ

(42) നമ്മുടെ ദ്ര്ഷ്ടാന്തങ്ങളെയെല്ലാം അവർ നിഷേധിച്ചു അപ്പോൾ പ്രതാപ ശാലിയും കഴിവുള്ളവനുമായ ഒരുവന്റെ പിടുത്തം അവരെ നാം പിടിച്ചു(ശിക്ഷിച്ചു)

നബിമാരെ അവർ നിഷേധിച്ചു.അപ്പോൾ അവരെ അള്ളാഹു ശക്തിയായി ശിക്ഷിച്ചു ഒരു ധിക്കാരിയെയും ശേഷിപ്പിച്ചില്ല. ഞാനാണ് ദൈവം എന്ന് അഹങ്കരിച്ചു നടന്ന ഫറോവയും അത് വിശ്വസിച്ച് അവനിൽ പ്രതീക്ഷയർപ്പിച്ചു ജീവിച്ചവരും നിന്ദ്യമായി നിരായുധരായി ചെങ്കടലിൽ മുങ്ങി മരിച്ച ദയനീയ രംഗം ഖുർ ആൻ വിശദീകരിച്ചിട്ടുണ്ട്.അതാണിവിടെയും സൂചിപ്പിക്കുന്നത്


 أَكُفَّارُكُمْ خَيْرٌ مِّنْ أُوْلَئِكُمْ أَمْ لَكُم بَرَاءةٌ فِي الزُّبُرِ
(43)(ഹേ ജനങ്ങളേ!) നിങ്ങളിലുള്ള സത്യനിഷേധികൾ അവരേക്കാൾ മികച്ചവരാണോ?അതോ വേദപ്രമാണങ്ങളിൽ നിങ്ങൾക്ക് വല്ല ഒഴിവും(വിടുതിയും)ഉണ്ടോ?

നൂഹ്
നബി()ന്റെ ജനതയും ഹൂദ് നബി()ന്റെ ജനതയും സാലിഹ് നബി()ന്റെ ജനതയും  ലൂഥ് നബി()ന്റെ ജനതയും ഫറോവയുടെ ജനതയും പ്രവാചകന്മാരെ ധിക്കരിച്ചപ്പോൾ അവരെ അള്ളാഹു നശിപ്പിച്ച രംഗങ്ങൾ വിശദീകരിച്ചു കൊണ്ട് നബി()യെ ധിക്കരിക്കുന്ന മക്കയിലെ അവിശ്വാസികളോട് ഖുർ ആൻ ചോദിക്കുന്ന ഗൌരവമുള്ള ചോദ്യമാണിത് .നേരത്തേ വിശദീകരിച്ച വിഭാഗങ്ങളേക്കാൾ ശക്തന്മാരാണോ നിങ്ങൾ?അവരെ അപേക്ഷിച്ച് മക്കക്കാർ ശക്തി കുറഞ്ഞവരാണ്.കാരണം അവർ നൂറ്റാണ്ടുകൾ ജീവിക്കാനുതകും വിധം ശക്തിയും ബുദ്ധിയും ആൾ ബലവുമെല്ലാം നൽകപ്പെട്ടവരായിരുന്നു.എന്നിട്ടും നിഷേധികളായപ്പോൾ അള്ളാഹു അവരെ നശിപ്പിച്ചു.എങ്കിൽ അവരേക്കാൾ ബലഹീനരായ നിങ്ങളെ നശിപ്പിക്കില്ലെന്ന് ധരിക്കരുത് എന്നാണ് നിങ്ങൾ അവരേക്കാൾ മികച്ചവരാണോ എന്ന ചോദ്യത്തിന്റെ താല്പര്യം.അതോ വേദപ്രമാണങ്ങളിൽ നിങ്ങൾക്ക് വല്ല വിടുതിയുമുണ്ടോ എന്ന ചോദ്യത്തിന്റെ താല്പര്യം നിങ്ങൾക്ക് ശിക്ഷ നൽകാതെ നിങ്ങൾ എന്ത് ചെയ്താലും നിങ്ങളെ അള്ളാഹു  വെറുതെ വിടുമെന്ന വല്ല ഉറപ്പും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്നാണ്.ഒരു ഉറപ്പും നിങ്ങൾക്ക് ലഭിച്ചിട്ടില്ല.മുമ്പ് പറഞ്ഞവരേക്കാൾ നിങ്ങൾ ശക്തന്മാരുമല്ല.അഥവാ നിങ്ങളെ ശിക്ഷിക്കാൻ അള്ളാഹുവിനു ഒരു പ്രയാസവുമില്ല.അതിനാൽ സത്യ നിഷേധത്തിൽ നിലയുറച്ച് പോകുന്ന നിങ്ങളുടെ നിലപാട് മാറ്റിയേ മതിയാവൂ എന്നാണീ സൂക്തത്തിന്റെ ചുരുക്കം


أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ
(44)അതല്ല ഞങ്ങൾ സ്വരക്ഷാ നടപടി എടുക്കുന്ന സുശക്തമായ ഒരു സംഘമാണെന്ന് (നബിയേ)അവർ പറയുന്നുവോ?
അഥവാ അള്ളാഹുവിന്റെ ശിക്ഷ വന്നാൽ അത് തടയാൻ ഞങ്ങൾ പരസ്പരം കൈകോർക്കുകയും ഒരാളെയും ശിക്ഷക്ക് വിട്ട് കൊടുക്കാതെ പ്രതിരോധിക്കാൻ ഞങ്ങൾ തന്നെ മതിയായവരാണെന്ന ധാരണ അവർക്കുണ്ടോ എന്നാണ് ചോദ്യം .ഒരിക്കലും അവർ ക്ക് അതിനു കഴിയില്ലെന്ന ഓർമ്മപ്പെടുത്തലാണിവിടെ അള്ളാഹു നൽകുന്നത്


سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ
(45) സംഘം പിന്നീട് പരാജയപ്പെടുത്തപ്പെടും അവർ പിന്തിരിഞ്ഞോടുകയും ചെയ്യും

പരസ്പരം സഹായിക്കാൻ കഴിയില്ലെന്ന് മാത്രമല്ല അവർക്ക് ദയനീയ പരാചയം വരാനിരിക്കുന്നു അവർ
  തോറ്റോടുന്ന അവസ്ഥയും വരാനിരിക്കുന്നു എന്ന് അള്ളാഹു പറയുന്നു.ഇബ്നു കസീർ()എഴുതുന്നു.ഇബ്നു അബ്ബാസ്()പറഞ്ഞു.ബദ് യുദ്ധ ദിനത്തിൽ നബി() തന്റെ തമ്പിലിരുന്നു കൊണ്ട് ,, ള്ളാഹുവേ! ഇവിടെ നീ നീഞങ്ങളെ പരാചയപ്പെടുത്തിയാൽ ഒരിക്കലും ഭൂമിയിൽ പിന്നീട് നീ ആരാധിക്കപ്പെടുകയില്ല അതിനാൽ ചെറു സംഘത്തെ നീ സഹായിക്കണമേ ,,എന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു അബൂബക്കർ() നബി()യുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു നബിയേ!ഇനി മതി.അള്ളാഹു തങ്ങളെ കൈവിടില്ല .അങ്ങനെ നബി() തമ്പിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ,, സംഘം പിന്നീട് പരാചയപ്പെടുത്തപ്പെടും അവർ പിന്തിരിഞ്ഞോടുകയും ചെയ്യും ,,എന്ന സൂക്തം പാരായണം ചെയ്തു.(ഇബ്നു കസീർ4/388)ബദ് റിൽ ശത്രുക്കൾക്ക് അതി ദയനീയ പരാജയം സംഭവിച്ച പ്രസിദ്ധ ചരിത്രം ഇവിടെ സ്മരണീയമാണ്


بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَى وَأَمَرُّ

(46)
അതു മാത്രമല്ല അന്ത്യ ഘട്ടമാണ് അവരുടെ നിശ്ചിത സമയം അന്ത്യ ഘട്ടമാകട്ടെ ഏറ്റവും ആപൽക്കരമായതും ഏറ്റവും കൈപ്പേറിയതുമാകുന്നു
ഭൂമിയിൽ അവർക്കുണ്ടായ തിരിച്ചടി കൊണ്ടൊന്നും അവരുടെ ദുർഗതി അവസാനിക്കുന്നില്ല.അവർക്ക് അർഹമായ പ്രതിഫലം ശിക്ഷയായി നൽകാൻ അള്ളാഹു നിശ്ചയിച്ച സമയം അന്ത്യ നാളാണ്.അത് അത്യാപൽക്കരവും വളരെ അരോചകവുമായിരിക്കും.


إِنَّ الْمُجْرِمِينَ فِي ضَلَالٍ وَسُعُرٍ

(47)
നിശ്ചയമായും കുറ്റവാളികൾ വഴിപിഴവിലും കിറുക്കിലുമാണ്

അവർ
സത്യവുമായി ഒരു ബന്ധവുമില്ലാത്ത നിലപാടുകളിലാണ്.സംശയങ്ങളിലും അഭിപ്രായങ്ങളിലെ സ്ഥിരതയില്ലായ്മയിലുമാണ്.കിറുക്കന്റെ സ്വഭാവത്തിൽ കാണുന്ന ഭാവ മാറ്റം പോലെ അവർക്ക് എപ്പോഴും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കും.കാരണം സ്വന്തം ഇഛക്കും താല്പര്യത്തിനുമനുസരിച്ചുള്ള നിലപാടാണല്ലോ അവർ സ്വീകരിക്കുക.അവിശ്വാസികളും പുത്തൻ വാദികളുമെല്ലാം പരാമർശനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മഹാനായ ഇബ്നു കസീർ (4/389)രേഖപ്പെടുത്തുന്നു.ഓരോ സന്ദർഭത്തിലും മാറി മറിയുന്ന അവരുടെ അഭിപ്രായങ്ങളുടെ അവസ്ഥ വിശകലനം ചെയ്താൽ നമുക്ക് ഇത് വേഗം ബോദ്ധ്യപ്പെടും


يَوْمَ يُسْحَبُونَ فِي النَّارِ عَلَى وُجُوهِهِمْ ذُوقُوا مَسَّ سَقَرَ

(48)
മുഖങ്ങളിലായി അവർ നരകത്തിൽ വലിച്ചിഴക്കപ്പെടുന്ന ദിവസം നിങ്ങൾ നരകത്തിന്റെ ബാധയെ രുചിച്ച് നോക്കുക (എന്ന് അവരോട് പറയപ്പെടും)

ഭൂമിയിൽ
സത്യ നിഷേധത്തിലും സംശയങ്ങളിലും കഴിഞു കൂടിയ ഇവർക്ക് അള്ളാഹു നരകത്തിൽ നൽകുന്ന ശിക്ഷയുടെ ഒരു രൂപമാണിവിടെ പറയുന്നത് മുഖത്തിനുമേൽ അവർ വലിച്ചിഴക്കപ്പെടും.എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഭൂമിയിൽ നിന്ന് അവർക്ക് അറിയാതിരുന്നത് പോലെ എങ്ങോട്ടാണ് ഞങ്ങൾ വലിച്ചിഴക്കപ്പെടുന്നതെന്ന് അവർക്ക് അറിയാൻ കഴിയാത്ത വിധത്തിലായിരിക്കും അവർ വലിക്കപ്പെടുന്നത് .അവർക്ക് ശിക്ഷയുടെ സങ്കടം ഒന്നു കൂടി വർദ്ധിപ്പിക്കാനാണ് നരകത്തിന്റെ ബാധയെ  രുചിച്ച് നോക്കുക എന്ന് അവരോട് പറയപ്പെടുന്നത് (ഇബ്നു കസീർ(4/389) വാക്യം 48-ലെ സഖർ എന്ന പദം നരകത്തിന്റെ വിവിധ നാമങ്ങളിൽ ഒന്നാണ്


إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ

(49)
എല്ലാ വസ്തുവിനെയും ഒരു നിർണ്ണയ പ്രകാരം തന്നെ നാം സ്ര്ഷ്ടിച്ചിരിക്കുന്നു

ഖദർ
എന്ന പദത്തിനു കണക്ക്,തോത്,നിശ്ചയം,വ്യവസ്ഥ,നിർണ്ണയം എന്നൊക്കെയാണ് വാക്കർത്ഥം.ഉണ്ടായതും ഉണ്ടാവാനിരിക്കുന്നതുമായ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അള്ളാഹുവാണെന്നും  ചെറുതോ വലുതോ ചലിക്കുന്നതോ അല്ലാത്തതോ എന്ന വ്യത്യാസം കൂടാതെ എല്ലാ വസ്തുക്കളെയും ഒരു നിശ്ചിത വ്യവസ്ഥയോട് കൂടിയാണ് അവൻ സ്ര്ഷ്ടിച്ചിരിക്കുന്നതെന്നും ഓരോന്നിന്റെയും ആക്ര്തിയും പ്രക്ര്തിയും സ്വഭാവം,സമയം,സ്ഥലം,വലിപ്പം,നന്മ,തിന്മ,പ്രവർത്തനം തുടങ്ങി ഓരോ കാര്യവും ഇന്ന രൂപത്തിലെന്ന നിർണ്ണയവും വ്യവസ്ഥയും അവൻ മുമ്പേ നിശ്ചയിച്ചിട്ടുണ്ടെന്നുമാണ് ഇവിടെ സൂചിപ്പിക്കന്നത്  ഇത്തരത്തിലുള്ള നിർണ്ണയത്തെ-ഖദറിനെ-നിഷേധിച്ചിരുന്ന ചില പുത്തൻ വാദികൾ മുമ്പുണ്ടായിരുന്നു ഖദ് രിയ്യത്ത്-ഖദ് റിനെ നിഷേധിക്കുന്നവർ -എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത് .സുറാറ: )നബി()യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ,,എന്റെ സമുദായത്തിൽ വരാനിരിക്കുന്ന ഖദ് നിഷേധികളെ കുറിച്ചാണ് സൂക്തം അവതരിച്ചത്,,ഇബ്നു കസീർ()ന്റെ തഫ്സീർ(4/389) രേഖപ്പെടുത്തുന്നു

നീ അള്ളാഹുവോട് സഹായം തേടുക അശക്തനാവരുത്.നിനക്ക് വല്ല പ്രയാസവും വന്നാൽ അള്ളാഹു നിശ്ചയിച്ചു അവൻ ഉദ്ദേശിച്ചത് അവൻ ചെയ്യും എന്ന് നീ പറയണം ഞാൻ ഇന്ന കാര്യം ചെയ്തിരുന്നുവെങ്കിൽ എന്ന് നീ പറയരുത് .കാരണം പ്രയോഗം പിശാചിന്റെ പ്രവർത്തനം തുറക്കുന്നതാണ് എന്ന് സ്വഹീഹായ നബി വചനത്തിൽ വന്നിട്ടുണ്ടെന്നും ലോകം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാനോ ഉപദ്രവം ചെയ്യാനോ തീരുമാനിച്ചാലും അള്ളാഹു നിശ്ചയിച്ചെങ്കിലല്ലാതെ അവർക്ക് അത് ചെയ്യാനാവില്ലെന്നും ഹദീസിൽ വന്നിട്ടുണ്ട്(ഇബ്നു കസീർ(4/389)


وَمَا أَمْرُنَا إِلَّا وَاحِدَةٌ كَلَمْحٍ بِالْبَصَرِ

(50)
നമ്മുടെ കല്പന ഒരൊറ്റ പ്രാവശ്യമാകുന്നു കണ്ണ് കൊണ്ട് ഒന്ന് ഇമ വെട്ടുന്നത് പോലെ (അത്രയും വേഗത്തിലായിരിക്കും)

അള്ളാഹു
ഉദ്ദേശിക്കുന്ന ഏതൊരു കാര്യവും നടപ്പിൽ വരുത്തുവാൻ അവനു യാതൊരു പ്രയാസവുമില്ല ഒന്ന് ഉദ്ദേശിക്കുകയേ വേണ്ടൂ.കണ്ണ് ഇമ വെട്ടുന്ന അത്രയും വേഗത്തിൽ -അല്പം പോലും താമസമില്ലാതെ-അവന്റെ കാര്യങ്ങളെല്ലാം നടപ്പിൽ വരുമെന്ന് സാരം.രണ്ടാമത് കല്പന ആവർത്തിക്കേണ്ട ആവശ്യം പോലും വരില്ല


وَلَقَدْ أَهْلَكْنَا أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ

(51)(
സത്യ നിഷേധികളേ!)നിങ്ങളെപ്പോലെയുള്ളവരെ (ഇതിന്നു മുമ്പ്)നാം ശിക്ഷിക്കുകയുണ്ടായിട്ടുണ്ട് ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

നബി
()യെ നിഷേധിച്ച മക്കയിലെ അവിശ്വാസികളോടുള്ള ചോദ്യമാണ്.പ്രവാചകന്മാരെ തള്ളിയ പലരെയും മുമ്പ് നാം ശിക്ഷിച്ചിട്ടുണ്ട്. ചരിത്രം കേട്ട പരിചയം ഇവർക്കുമുണ്ട്.അതേ ദുരന്തം ഞങ്ങൾക്കും വന്നേക്കുമെന്ന് മനസ്സിലാക്കി നിഷേധത്തിൽ നിന്ന് പിന്മാറാനുള്ള ചിന്താ ശേഷി നിങ്ങളിൽ ആർക്കുമില്ലേ എന്ന് സാരം


وَكُلُّ شَيْءٍ فَعَلُوهُ فِي الزُّبُرِ

(52)
അവർ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ഏടുകളിലുണ്ട്


وَكُلُّ صَغِيرٍ وَكَبِيرٍ مُسْتَطَرٌ

(53)
എല്ലാ ചെറുതും വലുതുമായ കാര്യം എഴുതി വെക്കപ്പെടുന്നതാണ്

ഓരോരുത്തരുടെയും
പ്രവർത്തനങ്ങൾ മാലാഖമാർ രേഖപ്പെടുത്തുന്നുണ്ട്.അതെല്ലാം വിചാരണ നാളിൽ നാം കാണേണ്ടി വരികയും ചെയ്യും പ്രവാചക പത്നി ആയിശ ബീവി()പറയുന്നു എന്നോട് നബി() പറഞ്ഞു നിസ്സാരമായി ഗണിക്കപ്പെടുന്ന തിന്മകളെ പ്പോലും നീ സൂക്ഷിക്കണം കാരണം അതും അന്വേഷിച്ച് രേഖപ്പെടുത്താൻ അള്ളാഹു സംവിധാനമുണ്ടാക്കിയിട്ടുണ്ട്.(നസാഇ ,ഇബ്നു മാജ:)


إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ

(54)
നിശ്ചയം ഭയ ഭക്തിയുള്ളവർ സ്വർഗ്ഗങ്ങളിലും അരുവികളിലുമാകുന്നു


فِي مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍ


(55)അതെ.സത്യത്തിന്റെ ആസ്ഥാനത്തിൽ.പ്രബലനായ ഒരു രാജാധിപതിയുടെ അടുക്കൽِ


സത്യ നിഷേധികൾക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചു പറഞ്ഞ ശേഷം  അള്ളാഹുവിന്റെ വിധി വിലക്കുകൾ ശരിയായി പാലിച്ചു ജീവിച്ച  നല്ലവർക്കുള്ള പ്രതിഫലത്തെയും ആദരവിനെയും വിവരിച്ചിരിക്കുകയാണിവിടെ അതെ,അവർ ആനന്ദ പൂർണമായ സ്വർഗ്ഗത്തിൽ ഉല്ലസിക്കുന്നവരാണ് .സ്ര്ഷ്ടാവായ നാഥന്റെ പൊരുത്തവും ത്ര്പ്തിയും ആസ്വദിക്കുകയാണവർ.അള്ളാഹു മഹത്വത്തിനു നമ്മെയും അർഹരാക്കുമാറാവട്ടെ ആമീൻ