കേരളത്തില്‍ യഥാര്‍ത്ഥ ഇസ്ലാമിന്റെ തനിമ നിലനിറുത്തുന്നതിനു വേണ്ടി സാദാത്തുക്കളാലും മശാഇഖുമാരാലും രൂപീകൃതമായ ആധികാരിക സുന്നീ പണ്ഡിത സഭയായ മുന്‍കാല സമസ്തയോ, അതിന്റെ ആശയത്തില്‍ ഇന്നും നില കൊള്ളുന്ന മറ്റു പ്രസ്ഥാനങ്ങളോ ഒരിക്കലും ത്വരീഖതിനെയോ അതിന്റെ ശൈഖുമാരെയോ എതിര്‍ത്തിട്ടില്ല, എന്ന് മാത്രമല്ല, കഴിയുന്നത്ര പ്രോത്സാഹനം നല്‍കുക കൂടിയാണ് ചെയ്തത് എന്നത് അതിന്റെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നതാണ്.
അതിന്റെ മുന്‍കാല നേതാക്കള്‍ എല്ലാം തന്നെ വിവിധ ത്വരീഖതുകളുടെ ശൈഖുമാര്‍ കൂടിയായിരുന്നു. ഖാദിരീ ത്വരീഖതിന്റെ ശൈഖ് ആയിരുന്ന ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര് എസ് വൈ എസിന്റെ പ്രസിഡന്റ് കൂടി ആയിരുന്നു. അത് പോലെ ത്വരീഖതിന്റെ ശൈഖുമാര്‍ ആയിരുന്ന നിരവധി പണ്ഡിതര്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും വേദികളില്‍ സ്ഥിരസാന്നിധ്യം ആയിരുന്നു.
അവരെയൊക്കെ പലരും ബൈഅത്ത് ചെയ്യുകയും ഇജാസത്ത് വാങ്ങുകയും അവരുടെ നിര്‍ദേശാനുസരണം പല സ്ഥലങ്ങളിലും പല ഹല്‍ഖകളും സ്ഥാപിക്കുകയും എല്ലാം ചെയ്തിരുന്നു. അതെല്ലാം ജനങ്ങള്‍ക്കുള്ള തഅലീമിന്റെയും തബറുകിന്റെയും അടിസ്ഥാനത്തില്‍ ആയിരുന്നു. സാങ്കേതികമായി ത്വരീഖത്തില്‍ ഉപയോഗിക്കുന്ന തര്‍ബിയയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. കാരണം അവര്‍ ആരും തന്നെ തങ്ങള്‍ മുറബ്ബിയായ ശൈഖ് ആണെന്ന് അവകാശപ്പെട്ടിരുന്നില്ല. ശിഷ്യന്മാരും അങ്ങനെ പ്രചരിപ്പിച്ചിരുന്നുമില്ല. ഇന്നും സമസ്തയുടെ പല നേതാക്കളും ത്വരീഖത്തില്‍ ശൈഖുമാരോ മുരീദുമാരോ ഒക്കെ ആണ്.
ഈ അടിസ്ഥാനത്തില്‍ തന്നെ ആയിരുന്നു നൂരിഷാ ത്വരീഖതിനെയും സമസ്ത കണ്ടിരുന്നത്. അതിന്റെ ശൈഖ് സമസ്തയുടെ പല വേദികളിലും പങ്കെടുത്തിരുന്നു. അതിന്റെ നേതാക്കളുമായി നല്ല ആത്മ ബന്ധം സ്ഥാപിച്ചിരുന്നു. അവരില്‍ പലരും അദ്ദേഹത്തിന്റെ മുരീദുമാര്‍ കൂടിയായിരുന്നു. മഹാനായ ഉള്ളാള്‍ തങ്ങള്‍ മലപ്പുറം സ്വലാത്ത് നഗറിലും മറ്റും ചെയ്യുന്നത് പോലെ അദ്ദേഹവും പൊതുജനങ്ങള്‍ക്ക് ചൊല്ലുവാന്‍ ആവശ്യമായ പല ദിക്റുകളും അത്തരം സമ്മേളനങ്ങളില്‍ നല്‍കിയിരുന്നു. അത് പോലെ പലരും അവിടെ വെച്ച് അദ്ദേഹത്തെ ബൈഅത്ത് ചെയ്യുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം അതൊന്നും സമസ്ത എതിര്‍ത്തിരുന്നില്ല. എതിര്‍ക്കേണ്ട കാര്യവും ഉണ്ടായിരുന്നില്ല.
പക്ഷെ, പിന്നീട് അനുയായികള്‍ അദ്ദേഹം കാമിലും മുകമ്മിലും ആയ മുറബ്ബിയായ ശൈഖ് ആണെന്ന നിലയില്‍ ഈ ത്വരീഖതിനെ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുകയും, സമസ്തയുടെ പണ്ഡിതന്മാര് പലരും അദ്ദേഹത്തിന്റെ മുരീദ് ആണെന്ന കാര്യം മുതലെടുത്ത് കൊണ്ട്, സത്യമായ ത്വരീഖതിനു ഇല്ലാത്ത, ഒരു സംഘടനാ പ്രചാരണ സ്വഭാവം കൈകൊണ്ടപ്പോള്‍ സമസ്ത ഇടപെട്ടു.
കാമിലും മുകമ്മിലും ആയ തര്‍ബിയതിന്റെ ശൈഖ് എന്ന പദവിക്ക് വേണ്ട യോഗ്യതകള്‍ ഇദ്ദേഹത്തിനു ഉണ്ടോ എന്ന് അവര്‍ പരിശോധിച്ചു. ആ യോഗ്യതകള്‍ എല്ലാം ആത്മജ്ഞാനത്തിന്റെ കിതാബുകളില്‍ വലിയ വലിയ ഇമാമുമാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിവരിച്ചിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം ആ യോഗ്യതകള്‍ എത്തിക്കാത്ത ആള് ആണ് എന്ന് സമസ്തയുടെ പണ്ഡിതര്‍ക്ക് അവരുടെ പഠനത്തിലൂടെ മനസ്സിലാകുകയും ആ കാര്യം പൊതു ജനങ്ങളെ അറിയിക്കുകയും ചെയ്തു.
ഇല്ലാത്ത യോഗ്യതകള്‍ അവകാശപ്പെടുക എന്നത് വളരെ സൂക്ഷമവും കണിശവുമായ ചിട്ടകളിലൂടെ രൂപപ്പെടേണ്ട ത്വരീഖതിനെ സംബന്ധിച്ചിടത്തോളം വലിയ അപരാധം തന്നെയാണ്. ആ നിലക്ക് ആ ത്വരീഖത്ത് വ്യാജവും ആണ്. അത് കൊണ്ട് തന്നെ ഈ ത്വരീഖത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് സമസ്ത പൊതു ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
മുറബ്ബിയായ ശയ്ഖ്
ശയ്ഖുത്തര്ബിയതാണെന്ന വാദത്തിന്റെ പശ്ചാത്തലത്തിലാണു പല വ്യാജ ത്വരീഖതുകളും തങ്ങളുടെ നായകന്മാരെ അവതരിപ്പിക്കുന്നത്. തര്‍ബിയതിന്റെ ശയ്ഖുമാര്‍ പരക്കെ പ്രത്യക്ഷപ്പെടുകയും ആത്മീയ ശിക്ഷണത്തിനു നേതൃത്വം നല്‍കുകയും ചെയ്യുന്നുവെന്ന് ഇവര്‍ വാദിക്കുന്നു. ഇക്കാര്യത്തില്‍ ആധികാരികമായി സംസാരിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ശയ്ഖുത്തര്‍ബിയതിന്റെ ഈ പെരുപ്പത്തെ അംഗീകരിച്ചു കാണുന്നില്ല.
ഇമാം അഹ്മദ് സൂറൂഖ്(റ)ന്റെ വീക്ഷണപ്രകാരം തര്‍ബിയതിന്റെ ശയ്ഖുമാര്‍ ഹിജ്റ: 800-ല്‍ തന്നെ തിരോധാനം കൊണ്ടിട്ടുണ്ട്. സൂറൂഖിന്റെ വീക്ഷണത്തെ ശരിവെച്ച് ഇമാം ശാലിയാതി(റ) പറഞ്ഞത്, കള്ള ശയ്ഖുമാര്‍ പെരുത്തതു കാരണം സമ്പൂര്‍ണ ശയ്ഖുമാര്‍ ഉണ്ടെങ്കില്‍ തന്നെ തര്ബിയത് നിറുത്തിവെച്ചിരിക്കുന്നുവെന്നും കാര്യങ്ങള്‍ അവതാളത്തിലായതിനാല്‍ അവര്‍ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുകയാണെന്നും ആത്മീയ ശക്തികൊണ്ട് അവരെ കണ്ടെത്താനായാല്‍ തന്നെ തര്‍ബിയതിനു നില്‍ക്കാതെ തബര്‍റുകിനു വല്ലതും തന്ന് അവര്‍ തടി രക്ഷപ്പെടുത്തുമെന്നുമാണ് (ഫതാവല്അസ്ഹരിയ്യ: 1/55).
വസ്തുത ഇതായിരിക്കെ മുറബ്ബിയായ ശയ്ഖെന്നത് ഇക്കാലത്തു സ്വപ്നം മാത്രണ്. ഏതെങ്കിലും ലോകത്ത് അങ്ങനെ ഒരാള്‍ ഉണ്ടെങ്കിലായി എന്നേ പറയാവൂ. ‘അന്ഖാഅ്’ എന്ന് പറയുന്ന ഒരു രാക്ഷസ പക്ഷിയോടാണു ശയ്ഖുത്ത്വരീഖതിനെ പണ്ഢിതന്മാര് ഉപമിച്ചിരിക്കുന്നത്. പൂര്‍വീക പ്രവാചകന്മാരിലൊരാളായ ഹന്ളലതുബ്ന് സഫ്വാന്റെ കാലത്തെ മനുഷ്യറാഞ്ചി പക്ഷിയാണത്രെ അന്ഖാഅ്. ആ പക്ഷി ഇന്നുണ്ടോ എന്നത് അജ്ഞാതമാണ്. ഉണ്ടെങ്കില്‍ തന്നെ മനുഷ്യനെ റാഞ്ചല്‍ എന്ന കൃത്യം അതു നിര്‍ത്തിവെച്ചിരിക്കും. ലോകത്ത് എവിടെയും അങ്ങനെ ഒരു പക്ഷി ഇല്ലെന്നു പറയാന്‍ കൃത്യമായ രേഖയില്ല. ഉണ്ടെന്നു വെക്കാന്‍ ഒറ്റപ്പെട്ട മനുഷ്യറാഞ്ചല്‍ പോലും നടക്കുന്നുമില്ല. ഈ അവസ്ഥയില്‍ ഉണ്ടാകാം. പക്ഷേ, പഴയ പണി ഉണ്ടാകില്ല എന്നു പറയുന്നതു പോലെ ശയ്ഖുത്തര്ബിയതും ഉണ്ടാകും. പക്ഷേ, തര്ബിയതില്ലെന്നുവെക്കണം എന്നാണു പണ്ഢിതന്മാര് വാദിക്കുന്നത്. ശയ്ഖുത്തര്ബിയത് തീരെ ഇല്ലെന്നു പറയാന്‍ അവര്‍ ധൈര്യപ്പെടാത്തത് പൂര്‍വ കാലങ്ങളില്‍ അവര്‍ ഉണ്ടാവുകയും തര്ബിയത് വ്യാപകമായി തന്നെ നടന്നു വരികയും ചെയ്തിരുന്നതു കൊണ്ടു മാത്രമാണ്.
മുറബിയായ ശയ്ഖിന്റെ തിരോഭാവത്തെപ്പറ്റി പറയുമ്പോള്‍ ഇമാം ഖുശയ്രി (റ) രിസാലയില്‍ ഉദ്ധരിച്ചതു പ്രസ്താവ്യമാണ്. പൂര്‍ണരായ ത്വരീഖതിന്റെ പണ്ഢിതന്മാര് കുറഞ്ഞു വന്നു എന്നാണു മഹാന് സ്ഥാപിച്ചത്. ഈ യാഥാര്‍ഥ്യങ്ങള്‍ ത്വരീഖതിന്റെ കറകളഞ്ഞതും യാഥാര്ഥ്യപൂരിതവുമായ കാലം കഴിഞ്ഞെന്നു ബോധ്യപ്പെടുത്തുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ അവശേഷിക്കുന്നത് ഏതാനും സംജ്ഞകള്‍ മാത്രമാണ്. ത്വരീഖത്, ഹഖീഖത്, ശയ്ഖ്, മുരീദ് എന്നിങ്ങനെ കുറെ പേരുകള്‍മാത്രം നിലനില്ക്കുന്നു. പ്രസ്തുത നാമങ്ങള്‍ പൊരുളറിയാതെ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.
ശയ്ഖുത്തഅ്ലീമ്
ശയ്ഖുത്തഅ്ലീമാണ് ഇന്നും നിലനില്ക്കുന്നതും എന്നും നിലനില്ക്കേണ്ടതുമായ ആത്മീയ ഗുരു. മതവിധികള്‍ പഠിപ്പിക്കുകയും ശരീഅതിന്റെ സജീവത ഉറപ്പാക്കുകയും ചെയ്യുന്ന ഈ വിഭാഗം മതപണ്ഢിതന്മാരായി പ്രവര്‍ത്തിക്കുന്നവരാണ്. ശയ്ഖുത്തര്ഖിയയും തര്ബിയയും പ്രവര്‍ത്തന ഗോദയിലില്ലാത്ത ഇക്കാലത്തും ഈ ആത്മീയ ഗുരുക്കന്മാര് അങ്ങേയറ്റത്തെ പ്രാധാന്യമര്‍ഹിക്കുന്നവരാണ്.
ഇവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കല്‍ മുസ്ലിം സമുദായത്തിന്റെ ബാധ്യതയാണ്. സമുദായത്തിന്റെ മതപരമായ ഔന്നത്യത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ ഇവരുടെ കടമയാകുന്നു.
ശയ്ഖുത്തഅ്ലീമിന്റെ ദൌത്യം മഹത്തായതാണ്. ഒരിക്കലും നിറുത്തിവെക്കാന്‍ ആകാത്തതും പ്രവാചകത്വത്തിന്റെ പിന്തുടര്ച്ചയായി തന്നെ വരുന്നതുമാണത്. സമൂഹത്തിലെ സാധാരണക്കാരന്റെ ഏക ആശ്രയം ഈ വിഭാഗമാകുന്നു. നബി(സ്വ)യുടെ ജീവിതം ഈ വിഭാഗത്തിന് ഉത്തമ മാതൃകകള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നെ ഒരു മുഅല്ലിമാക്കി അല്ലാഹു പറഞ്ഞയച്ചുവെന്നും ഉലമാഅ് നബിമാരുടെ അനന്തരാവകാശികള്‍ ആണെന്നുമൊക്കെയുള്ള വചനങ്ങള്‍ ഇതിനു മതിയായ തെളിവാണ്. പണ്ഢിതന്മാരുടെ ദൌത്യ ത്തെക്കുറിച്ചു വിവരിക്കവെ നബി(സ്വ) പറഞ്ഞത് – ‘സമൂഹത്തില്‍ പുത്തന്‍ ഭാവങ്ങള്‍ പ്രകടമാവുകയും പണ്ഢിതന്മാര് മൌനം പാലിക്കുകയും ചെയ്താല്‍ അവര്‍ക്കുമേല്‍ ഇലാഹീ ശാപമുണ്ടാകുമെന്നാണ്.’ ശയ്ഖുത്തഅ്ലീമിന്റെ കടുത്ത ബാധ്യതയെയാണ് നബി(സ്വ) ഓര്‍മപ്പെടുത്തുന്നത്.
ശയ്ഖുത്തബര്റുക്
ശയ്ഖുത്തബര്റുക് എന്ന പേരില്‍ ഒരു വിഭാഗത്തെ ചില പണ്്ഢിതന്മാര് പരിചയപ്പെടുത്തിയതു കാണാം. തബര്‍റുക് എന്ന പദത്തിന്റെ അര്‍ഥം ‘പുണ്യം കൊള്ളല്‍’ എന്നാണ്. ജനങ്ങള്‍ക്കു ബറകതിനു വേണ്ടി നിലകൊള്ളുന്ന വ്യക്തിത്വങ്ങളാണിവര്‍. ശയ്ഖുല് ഇര്‍ശാദ് എന്ന പേരിലും ഇവര്‍ അറിയപ്പെടാറുണ്ട്. ഇര്‍ശാദ് എന്ന പദം കൊണ്ടര്‍ഥമാക്കുന്നത് സന്മാര്ഗദര്ശനമാണ്. ഈ ശയ്ഖിന്റെ ദൌത്യം ശിഷ്യന്മാര്ക്കു പ്രത്യേക ദിക്റുകളും മറ്റും പഠിപ്പിക്കുകയും അവ ചൊല്ലാന്‍ ഇജാസത് (അനുവാദം) നല്‍കുകയും നല്ല ഉപദേശങ്ങള്‍ നല്‍കുകയുമാണ്.
ശയ്ഖുല് ഇര്‍ശാദ് ഒരിക്കലും ത്വരീഖതിന്റെ ശയ്ഖാകാന്‍ യോഗ്യനല്ല. അതില്‍ കുറഞ്ഞ പദവി ഉള്ള ഒരു നാമമാത്ര ഗുരുവായിരിക്കും. ത്വരീഖതിന്റെ പിന്തുടര്ച്ചയുടെ പേരില്‍ സത്യവിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നു എന്നതു മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രാധാന്യം. അതേ സമയം ഇയാള്‍ ചില്ലറക്കാരനാകാനും പാടില്ല.
ശയ്ഖുല് ഇര്‍ശാദിനും പണ്ഢിതന്മാര് പല നിബന്ധനകളും പറഞ്ഞതു കാണാം. അസ്സയ്ല് വസ്സുലുക് എന്ന ഗ്രന്ഥത്തിലെ പരാമര്‍ശം കാണുക: “സുഹൃത്തേ, അറിഞ്ഞു കൊള്‍ക. ശയ്ഖുല് ഇര്‍ശാദ് തികഞ്ഞ പണ്ഢിതനാകണം. മുരീദിന് ആവശ്യമാകുന്ന, കര്മശാസ്ത്രമടക്കമുള്ള അത്യാവശ്യ കാര്യങ്ങളില്‍ അവഗാഹം ഉണ്ടായിരിക്കണം. സമുദ്ര സമാനമായ ദീനീജ്ഞാനം വേണമെന്നില്ല. എങ്കിലും മുരീദിന്റെ സംശയങ്ങള്‍ ക്കു നിവാരണം നല്കാന് കഴിവു വേണം. എല്ലാറ്റിനും പുറമെ മുരീദിന്റെ മാനസിക പ്രശ്നങ്ങളും ചപലതകളും അവയ്ക്കുള്ള പരിഹാരങ്ങളും ഗ്രഹിച്ചിരിക്കണം” (130, 131).
മുകളില്‍ പറഞ്ഞതനുസരിച്ചു ശയ്ഖുത്തബര്റുകാവല് തന്നെ ശ്രമകരമാണെന്നു വരുന്നു. ഇക്കാലത്തു ത്വരീഖതിന്റെ പേരില്‍ പ്രസിദ്ധരായ വലിയ മഹാന്മാര് തന്നെ ഈ പദവി അവകാശപ്പെടണമെന്നില്ല. ഒരു കാര്യം അടിവരയിടാവുന്നതാണ്. തര്‍ബിയതിന്റെ യുഗം അവസാനിച്ചിട്ടും ലോകത്തു നിലനില്ക്കുന്നുവെന്നു പറയുന്ന സത്യമായ ത്വരീഖതുകള്‍ എല്ലാം തന്നെ സ്വീകരിച്ചു വരുന്നതു തബര്‍റുകിന്റെ നിബന്ധനകളും നിയമങ്ങളും ഒത്ത ശയ്ഖുമാരെയാണ്. അതിനകത്താണു കള്ളനാണയങ്ങള്‍ ചേക്കേറിയിരിക്കുന്നത്. അതുകൊണ്ടു പ്രാപ്തരായ പണ്ഢിതന്മാരുടെ കരങ്ങളില്‍ നിന്നല്ലാതെ ത്വരീഖതധിഷ്ഠിത തബര്‍റുക് സ്വീകരിക്കാവുന്നതല്ല.
തര്‍ബിയതിന്റെ തിരോധാനം
ഇമാം ഖുശയ്രി(റ)ന്റെ അഭിപ്രായത്തില്‍ തര്‍ബിയതിന്റെ തിരോധാന കാരണങ്ങളില്‍ ഒന്നാമത്തേത് അര്‍ഹതപ്പെട്ട ഗുരുക്കളുടെ അഭാവമാണ്. ഇമാം ഖുശയ്രിയുടെ ജനനം ഹിജ്റ: 376 റബീഉല്‍അവ്വല്‍ ആണ്. വഫാത് ഹിജ്റ: 465 റബീഉല്‍ ആഖിറിലും - ഹിജ്റ: 438-ലാണ് തന്റെ രചനയുടെ പൂര്‍ത്തീകരണമെന്ന് അഭിപ്രായമുണ്ട്. ത്വരീഖത് സംബന്ധമായി ആധികാരികമായി പറയാന്‍ അര്‍ഹന്‍ എന്ന നിലക്ക് ഇമാമിന്റെ മേല്‍ പ്രസ്താവം അനിഷേധ്യമാകുന്നു. മഹാന്റെ കാലത്ത് തന്നെ തര്‍ബിയതിനുതകുന്ന ശയ്ഖുമാര്‍ കുറഞ്ഞു വന്നുവെങ്കില്‍ അഹ്മദ് സുറൂഖിന്റെ കാലത്തെ അനുഭവം അംഗീകരിക്കേണ്ടതായി വരുന്നു.
അല്ഹള്വ്റമിയെ ഉദ്ധരിച്ചു തന്റെ ഖവാഇദില്‍ ശയ്ഖ് അഹ്മദ് സുറൂഖ്(റ) സാങ്കേതികാര്‍ഥത്തിലുള്ള തര്ബിയത് അറ്റുപോയിരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ഇബ്രീസ് 207-മത്തെ പേജില്‍ ഈ പരാമര്‍ശം കാണാം.
തര്‍ബിയതിന്റെ തിരോധാനം നടന്നതായി അഹ്മദ് സുറൂഖ് പറയുന്ന കാലം ഹിജ്റ: 824 ആണ്. അങ്ങനെ വരുമ്പോള്‍ ആറു നൂറ്റാണ്ടിനപ്പുറം തര്‍ബിയതിന്റെ തിരോധാനം നടന്നതായി വരുന്നു. തര്‍ബിയതിന്റെ തിരോധാനം നടന്നതായി പണ്ഢിതന്മാര് വ്യക്തമാക്കിയതു സാദു മുസ്ലിമിന്റെ 2-ം വാള്യം 385-മത്തെ പേജിലും കാണാം.
“തര്‍ബിയതിന്റെ യുഗം കഴിഞ്ഞു നീങ്ങവെ സത്യവും അസത്യവും, ഇരുട്ടും വെളിച്ചവും തമ്മില്‍ കൈകോര്‍ക്കുന്ന ദുരവസ്ഥ വന്നു. അതോടെ കള്ളനാണയങ്ങള്‍ തങ്ങള്‍ക്കു മുമ്പില്‍ വരുന്നവരെ തര്‍ബിയതെന്ന പേരില്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. തെറ്റായ ഉദ്ദേശ്യത്തോടെയും സത്യവിരുദ്ധമായ ലക്ഷ്യത്തോടെയും ജനങ്ങളോട് ഏകാന്തത കൊണ്ടും നാമജപം കൊണ്ടുമൊക്കെ അവര്‍ കല്പിച്ചു പോന്നു. ഈ താന്തോന്നിത്തം ശയ്ഖ് സുറൂഖിന്റെ കാലത്ത് വ്യാപകമായിരുന്നു. അതു ഗ്രഹിച്ച ശയ്ഖുമാര്‍ പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ കള്ള നാണയങ്ങള്‍ കടന്നു കയറിയ പരസ്യമായ തര്ബിയത് മേഖല ഉപേക്ഷിക്കണമെന്നു നിര്‍ദേശിക്കുകയായിരുന്നു” (ഇബ്രീസ്: 208).
വിശ്രുതനായ അഹ്മദ് കോയ ശാലിയാതി(റ) പറയുന്നതു കാണുക: “തര്ബിയത് ഉയര്‍ന്നുവെന്നു പറയുന്നതു തര്‍ബിയതിനുതകുന്ന സമ്പൂര്‍ണ ശയ്ഖുമാര്‍ പറ്റെ ഇല്ലാതായതു കൊണ്ടല്ല. അത്തരക്കാര്‍ മാറിമറയുകയും കള്ളശയ്ഖുമാരുടെ രംഗപ്രവേശത്താല്‍ കാര്യങ്ങള്‍ അവതാളത്തിലാകുകയും ചെയ്തതിനാലാണ്” (അല്ഫതാവല്അസ്ഹരിയ്യ: 1/55).
അഹ്മദ് സുറൂഖ്(റ)ന്റെ ഈ പ്രഖ്യാപനത്തെ സമകാലീനരോ പില്‍ക്കാലക്കാരോ ഖണ്ഡിച്ചതായി കാണുന്നില്ല. അതുകൊണ്ടു ത്വരീഖതിന്റെ കാര്യത്തില്‍ സംസാരിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ഈ വിഷയത്തില്‍ ഏകോപിതരാണെന്നു വന്നു. ഇബ്രീസില്‍ സുറൂഖിന്റെ പ്രസ്താവത്തെ ന്യായീകരിക്കുന്നതാണു നാം കാണുന്നത്. തര്‍ബിയതിന്റെ കാര്യത്തിലെ സുറൂഖി വീക്ഷണം ഒറ്റപ്പെട്ടതാണെന്ന ജല്പനം ചെവികൊടുക്കാവുന്നതല്ലെന്നു ഇതോടെ വ്യക്തമായി. പില്ക്കാലത്തു ശേഷിച്ചുവെന്നു പറയുന്ന തര്ബിയത് സാങ്കേതികാര്ഥത്തിലുള്ളതല്ലെന്നും ഗ്രാഹ്യമായി.
എന്നാല്‍ പൂര്‍വകാല പണ്ഢിതന്മാരൊക്കെ ആധ്യാത്മഗുരുക്കന്മാ ന്മാര്‍ കൂടിയായിരുന്നു. ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) എഴുതുന്നതു കാണുക:
“സമുദായത്തിലെ പണ്ഢിതന്മാരായ മുജ്തഹിദുകളും അവര്‍ക്കു പിറകെ വന്ന മഹാപണ്ഢിതന്മാരുമൊക്കെ പണ്ടും ഇപ്പോഴും സ്വൂഫിയത്തില് വിശ്വസിക്കുന്നവരും അവരില്‍ നിന്നു ബറകതും ആത്മീയ സഹായവും കാംക്ഷിക്കുന്നവരുമാണ്. ഇമാം ഇബ്നു ദഖീഖില്‍ ഈദ്(റ) പറയുന്നു: “സത്യവാനായ സ്വൂഫി എന്റെ അരികില്‍ നൂറ് അല്ലെങ്കില്‍ ആയിരം ഫഖീഹുമാരെക്കാള് ഉത്തമനാകുന്നു”.
ഇമാം നവവി(റ) ശയ്ഖ് യാസീന്‍(റ) എന്നവരില്‍ വിശ്വാസം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണാം. ഒരിക്കല്‍ ശയ്ഖവര്‍കള്‍ ഇമാമിനോടു വായ്പ വാങ്ങിയ ഗ്രന്ഥങ്ങളൊക്കെ തിരികെ നല്കി സ്വന്തം നാട്ടിലേക്കു പുറപ്പെടാന്‍ ആജ്ഞാപിച്ചു. ഇമാം ആ ജ്ഞ പോലെ ഡമസ്കസ് വിട്ടു സ്വന്തം നാടായ നവയില്‍ എത്തി. അതോടെ ബന്ധുക്ക ള്‍ക്ക് അരികില്‍ വെച്ചു വഫാതാകാന്‍ അവിടുത്തേക്ക് അവസരമൊത്തു. ഇതുപോലെ ഇബ്ന് അബ്ദിസ്സലാം സ്വൂഫിയ്യതിനെ ആദരിക്കുന്ന കാര്യത്തില്‍ അതീവ തല്‍പരനായിരുന്നതായാണ് ചരിത്രം” (ഫതാവല്ഹദീസിയ്യ: 218).
പണ്ഢിതന്മാര് മൂന്നു വിഭാഗമാണ്. ഈ വിഭാഗങ്ങള്‍ തമ്മില്‍ നല്ല ബന്ധം നിലനിന്നതായും ഇവരെ പൂര്‍ണാര്‍ഥത്തില്‍ സമുദായം വിശ്വാസത്തില്‍ എടുത്തതായുമാണു ചരിത്രം. അമീനുല്‍കുര്‍ദി(റ) പറയുന്നതു കാണുക: “ദീനീ ഇമാമുകള്‍ നീതിമാന്മാരാണെന്നു വിശ്വസിക്കല്‍ നിര്‍ബന്ധമാകുന്നു. ഇവര്‍ മൂന്നു വിഭാഗമായിട്ടാണു നിലകൊള്ളുന്നത്. ഒന്ന് – ഖുര്‍ആന്‍ സുന്നത്തിന്റെ പശ്ചാത്തലത്തില്‍ കര്‍മശാസ്ത്രത്തെ അവതരിപ്പിച്ചവര്‍. ഇവരിലെ നേതാക്കന്മാരായ മദ്ഹബിന്റെ ഇമാമുമാരില്‍ ആരെങ്കിലും ഒരാളെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. രണ്ടാമത്തെ വിഭാഗം വിശ്വാസശാസ്ത്ര രംഗത്തു വിഹരി ച്ചവരാണ്. അശ്അരി, മാതുരീദി(റ) ഇമാമുമാര്‍ ഈ ഗണത്തില്‍ പെടുന്നു. മൂന്നാമത്തേത് മനസ്സിന്റെ സംസ്കരണവുമായി ബന്ധപ്പെട്ട വിജ്ഞാനത്തിനു പ്രാധാന്യം കൊടുത്തവരാണ്. അബൂയസീദുല്‍ ബിസ്ത്വാമി, ശയ്ഖ് അബ്ദുല്‍ ഖാലിഖുല്ഗുജ്ദവാനി, സയ്യിദ് മുഹമ്മദ് ബഹാഉദ്ദീനുന്നഖ്ശബന്തി, ശയ്ഖ് അഹ്മദുല്ഫാറൂഖിസ്സര്ഹിന്ദി, അല്ജുനയ്ദുല്ബഗ്ദാദി, ഇമാം ഗസ്സാലി, സുഹ്റവര്‍ദി, മഅ്റൂഫുല്കര്ഖി, അബ്ദുല്‍ ഖാദിറുല്ജീലാനി (റ.ഉം) തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു. ഇവരൊക്കെ സ്വൂഫിയ്യതില്‍ പെട്ടവരും ബാഹ്യ-ആന്തരീക തഖ്വയുടെ വാക്താക്കളുമാണ്. കര്‍മശാസ്ത്ര പണ്ഢിതന്മാരെ പോലെ തന്നെ ഇവരെല്ലാം സന്മാര്ഗത്തിന്റെ വാക്താക്കളാണ്. ഇവര്‍ തങ്ങളുടെ തത്വങ്ങള്‍ പണിതിരിക്കുന്നത് അഹ്ലുസ്സുന്നത്തി വല്‍ജമാഅതിന്റെ വിശ്വാസത്തിന്മേലും ഗവേഷകന്മാരായ ഫുഖഹാഇന്റെ കര്‍മശാസ്ത്രത്തിന്മേലുമാണ്. അതിനാല്‍ സ്വൂഫികള്‍ ഫുഖഹാക്കളാണെന്നു പറയുന്നതു തെറ്റാകില്ല” (തന്‍വീറുല്‍ഖുലൂബ്: 41, 42).
ഇബ്നു ഹജറില്‍ഹയ്തമി(റ)ന്റെ വാക്കുകള്‍ കൂടി വായിക്കുക: “ഇമാം ശാഫിഈ, മാലിക്, അബൂഹനീഫ, അഹ്മദ്(റ. ഉം) തുടങ്ങിയ പണ്ഢിതന്മാര് ആന്തരിക-ബാഹ്യജ്ഞാനങ്ങള്‍ നുകര്‍ന്നവരാണ്. അബ്ദാല്, നുജബാഅ്, ഔതാദ് തുടങ്ങിയ ഔലിയാഇലെ അതിവിശിഷ്ടന്മാര് ഇവരായിരുന്നു. ഇവര്‍ ആത്മീയമായി ഉന്നത പദവി നേടിയവരല്ലെന്ന തെറ്റായ ധാരണ പാടില്ല. പിശാചിന്റെ പ്രേരണയും പൈശാചിക വലയത്തില്‍ പെട്ടു വഴിതെറ്റിയവരും അങ്ങനെ തോന്നിപ്പിക്കാന്‍ ഒരിക്കലും ഇടവരുത്തരുത്. ഇമാം ശാഫിഈ(റ) തങ്ങള്‍ ഔതാദില്‍ പെട്ടവരായിരുന്നു. വിയോഗത്തിനു മുമ്പ് മഹാന് ഖുത്വ്ബായതായും ഉദ്ധരിക്കപ്പെട്ടതു കാണാം” (ഫതാവല്ഹദീസിയ്യ: 232).
അഹ്മദ് ള്വിയാഉദ്ദീന്റെ(റ) വരികള്‍ കാണുക: “നാലു മദ്ഹബിന്റെ പശ്ചാത്തലത്തില്‍ വിജ്ഞാനകാര്യത്തില്‍ ദൃഢതനേടിയ പണ്ഢിതന്മാരൊക്കെ ദുന്യാവില് നിന്നു ഹൃ ദയം അകന്നവരായിരുന്നു. അവരില്‍ നിന്നു സ്വൂഫിയ്യതിനെതിരെ ആസൂയയും അഹങ്കാരവും ശത്രുതയും പ്രകടമായതായി അനുഭവമില്ല” (ജാമിഅ്: 272).
മുറബ്ബിയായ ശയ്ഖിനെ എത്തിക്കപ്പെടാതെ വരുമ്പോള്‍ സ്വലാതാണ് പരിഹാരം.
തിരുനബി(സ്വ)യുടെ ഇടപെടലാണു മനുഷ്യനില്‍ സംസ്കരണത്തിന്റെ സന്ദേശമെത്തിക്കു ന്നതെന്നാണ് ഇപ്പറഞ്ഞതിന്റെ പൊരുള്‍. അതു ലഭ്യമാകാന്‍ ആഗ്രഹിക്കുന്നവന് നബി(സ്വ)യുമായി ബന്ധം സ്ഥാപിക്കുക തന്നെ വേണം. ഏതൊരു സാധാരണക്കാരനും ഇതു സാധ്യമാകണം. ഇതിനുള്ള പോംവഴിയാണ് സ്വലാത്ത്. അതു പതിവാക്കുന്നവനില് ആത്മീയ മാറ്റങ്ങള്‍ പ്രകടമാകും. ഒരുവേള അവന് ആത്മീയഗുരുവിനെ സ്വന്തമാ ക്കിയ സ്ഥാനത്താകുന്നതാണ്.
അല്ലാമാ മുഹമ്മദ് ബിന്‍ ഹബീബില്ലാ(റ) ഉദ്ധരിക്കുന്നതു കാണുക: “ഇക്കാലത്തെ സ്വൂഫിവേഷധാരികളില് ചെന്നുചാടുന്നതിനെതിരെ സത്യസന്ധന്മാരായ ഉപദേഷ്ടാക്കള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അല്ലാഹുവിന്റെ പക്കല്‍ നിന്നു സത്യം തുറന്നു കിട്ടണമെന്ന മനസ്സോടെ കിതാബ്-സുന്നത്ത് മുറുകെ പിടിക്കാനാണ് ഇവര്‍ പ്രേരിപ്പിക്കുന്നത്. അതുപോലെ, നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് വര്‍ധിപ്പിച്ചാല്‍ ഒരു മുറബ്ബിയായ ശയ്ഖിന്റെ ആവശ്യമില്ലെന്നും പ്രഖ്യാപിക്കുന്നു. മുറബ്ബിയായ ശയ്ഖിനെ എത്തിക്കപ്പെടാതെ വരുമ്പോള്‍ ആ സ്ഥാനത്ത് സ്വലാത്ത് ഫലം ചെയ്യുന്നതാണ് ” (സാദ്മുസ്ലിം: 2/384, 385, അഖ്റബുത്ത്വുറുഖി ഇലല്‍ഹഖ്: 7).
ഇമാം അബുല്‍അബ്ബാസ് അല്ഹള്വ്റമി(റ) പറയുന്നു: “നീ ദിക്ര് പതിവാക്കുക. അതു പോലെ തിരുനബി(സ്വ)യുടെ പേരില്‍ സ്വലാതിനെ പെരുപ്പിക്കുകയും ചെയ്യുക. ശയ്ഖ് മുര്‍ശിദിനെ കിട്ടാതെ വരുന്ന സന്ദര്‍ഭത്തില്‍ ആത്മീയ ആരോഹണത്തിനും അല്ലാഹു വില്‍ ചെന്നെത്താനും ഫലവത്തായ ഒന്നാകുന്നു സ്വലാത്ത്” (ഖവാഇദുത്തസ്വവ്വുഫ്: 69).
അഹ്മദ് അത്തീജാനി(റ) എഴുതുന്നതു കാണുക: “ഇക്കാലത്ത് ഒരു ശയ്ഖിനെ കണ്ടെ ത്താന് ഇറങ്ങിത്തിരിക്കുകയും വ്യാജവാദികളില്‍ അകപ്പെടുമെന്നു പേടിക്കുകയും ചെയ്താല്‍ സത്യസന്ധമായ സുദൃഢത, സദാസമയ ഭക്ത മനസ്കത, അങ്ങേ അറ്റത്തെ കേണപേക്ഷ തുടങ്ങിയവ കൊണ്ട് അല്ലാഹുവിലേക്കു മുന്നിട്ടുകൊണ്ടു ശ്രമം തുടരണം. എന്നിട്ടും യോഗ്യനായ ശയ്ഖിനെ കണ്ടെത്താനായില്ലെങ്കില്‍ അദബും മനസ്സാനിധ്യവും പുലര്‍ത്തി കഴിയുന്നത്ര സ്വലാത്ത് ചൊല്ലണം. താന്‍ തിരുനബിക്കു മുമ്പിലാണെന്ന ഭാവത്തില്‍ സ്വലാത്ത് വര്‍ധിപ്പിച്ചാല്‍ മൂന്നാലൊരു വിധത്തില്‍ അവന് ആത്മീയ ഉന്നതി പ്രാപിക്കാം. ഒന്നുകില്‍ ഒരു ശയ്ഖിനെ ആല്ലാഹു നല്‍കും. അല്ലെങ്കില്‍ തിരുനബി തന്നെ നേരിട്ടു തര്ബിയത് നടത്തും. അതുമല്ലെങ്കില്‍ അല്ലാഹു അവനു നേരിട്ടു മോക്ഷ ത്തിന്റെ വാതില്‍ തുറന്നു കൊടുക്കും” (ജവാഹിറുല്മആനി: 1/138, മസാലികുല്‍ ഹുനഫാ: 428).
ഒരു ശയ്ഖിന്റെ സ്ഥാനം വഹിക്കാന്‍ മാത്രം മഹത്തായതാണു സ്വലാത്ത്. സ്വലാത്തിലൂടെ മാത്രം മഅ്രിഫതിന്റെ കവാടങ്ങള്‍ കടന്ന മഹാന്മാരുണ്ടെന്നതണു ചരിത്രം. സാധാ രണക്കാരന് ഇക്കാലത്തു ഫലപ്രദമായ മാര്‍ഗമാണു സ്വലാത്ത്. കള്ളച്ചരക്കുകളുടെ വ്യാപനത്താല്‍ നെല്ലും പതിരും വേര്‍തിരിച്ചറിയാനാകാത്തവര്‍ സ്വലാത്തിനെ ആശ്രയിച്ചാല്‍ വഴിതെറ്റാനുള്ള സാധ്യത അടഞ്ഞുകിട്ടും.
കടപ്പാട്: യൂസഫ് ഹബീബ് ഉസ്താത്