സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 10 October 2015

സൂറത്തുൽ വാഖിഅ


سورة الواقعة


മക്കയിൽ അവതരിച്ചു  : സുക്തങ്ങൾ 96


വാഖിഅ: എന്ന വാക്കിനു സംഭവം എന്നർത്ഥം.ഖിയാമം നാൾ എന്ന അർത്ഥത്തിലാണ് ഒന്നാം സൂക്തത്തിൽ പരാമർശിച്ചിരിക്കുന്നത് വല്ലവനും എല്ലാ രാത്രിയിലും അൽ വാഖിഅ സൂറത്ത് ഓതിവന്നാൽ അവനെ ദാരിദ്ര്യം ബാധിക്കുകയില്ല എന്ന് നബി(സ)പറഞ്ഞിട്ടുണ്ട്

ആദ്യകാലക്കാരുടെയും പിൽക്കാലക്കാരുടെയും വാർത്തകളും സ്വർഗ/നരകാവകാശികളുടെ വാർത്തകളും ഇഹലോക/ പരലോകത്തുള്ളവരുടെ വാർത്തകളും അറിയാൻ ആഗ്രഹിക്കുന്നവർ ഈ സൂറത്തുൽ വാഖിഅ:പാരായണം ചെയ്താൽ മതിയെന്ന് മസ് റൂഖ്(റ)പറഞ്ഞതായി ഇമാം ഖുർതുബി(റ)പറഞ്ഞിട്ടുണ്ട്



بسم الله الرحمن الرحيم

മഹാ കാരുണികനും കരുണാവാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



إِذَا وَقَعَتِ الْوَاقِعَةُ  (1


ഖിയാമത്ത് നാൾ സംഭവിച്ചാൽ(അതി ഭയങ്കരം തന്നെ)

അന്ത്യനാളിനു പല പേരും ഖുർആനിൽ പറഞ്ഞിട്ടുണ്ട് അതിൽ ഒന്നാണ് വാഖിഅ:എന്നത്.ലോകത്ത് സംഭവിക്കാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും അതിന്റെ സംഭവ്യത സുനിശ്ചിതമെന്ന നിലക്കുമാണ് അതിനു അൽ വാഖിഅ (സംഭവിക്കുന്നത്) എന്ന പേര് സിദ്ധിച്ചത്



لَيْسَ لِوَقْعَتِهَا كَاذِبَةٌ  (2


അത് സംഭവിക്കുന്ന സമയത്ത് അതിനെ നിഷേധിക്കുന്ന ഒന്നുമുണ്ടായിരിക്കില്ല


പ്രവാചകന്മാർ മുഖേന എന്ത് അത്ഭുതങ്ങൾ സംഭവിച്ചാലും അതിനെ ജാല വിദ്യ എന്നും മറ്റും പറഞ്ഞ് തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്യുന്നത് സത്യ നിഷേധികളുടെ പതിവായിരുന്നു എന്നാൽ ഖിയാമത്ത് നാൾ സംഭവിക്കുമ്പോൾ അതിനെ നിഷേധിക്കുവാനോ തടയുവാനോ ആരുമുണ്ടാവില്ല എന്ന് സാരം



خَافِضَةٌ رَّافِعَةٌ  (3

അത്(ചിലരെ)താഴ്ത്തുന്നതും(ചിലരെ)ഉയർത്തുന്നതുമാണ്


ഓരോരുത്തരുടെയും കർമ്മഫലങ്ങൾ അനുഭവപെടുന്ന അന്ന് ദുർജ്ജനങ്ങളെ അത് അങ്ങേയറ്റം തരം താഴ്ത്തുകയും സജ്ജനങ്ങളെ അങ്ങേയറ്റം അത് ഉയർത്തിവെക്കുകയും ചെയ്യും.അള്ളാഹുവിന്റെ ശത്രുക്കളെ അത് നരകത്തിലേക്ക് താഴ്ത്തുകയും അള്ളാഹുവിന്റെ ഇഷ്ട ദാസന്മാരെ സ്വർഗത്തിലേക്ക് ഉയർത്തുകയും ചെയ്യുമെന്നാണ് ഉമർ(റ)പറഞ്ഞ വിശദീകരണം



إِذَا رُجَّتِ الْأَرْضُ رَجًّا (4

അതായത് ഭൂമി കിടുകിടാവിറപ്പിക്കപ്പെട്ടാൽ



وَبُسَّتِ الْجِبَالُ بَسًّا  (5

പർവതങ്ങൾ പൊടിച്ചു തരിപ്പണമാക്കപ്പെടുകയും ചെയ്താൽ



فَكَانَتْ هَبَاء مُّنبَثًّا (6


അങ്ങനെ അത് ചിതറിയ ധൂളിയാവുകയും ചെയ്താൽ



وَكُنتُمْ أَزْوَاجًا ثَلَاثَةً (7

നിങ്ങൾ മൂന്ന് വിഭാഗമാവുകയും ചെയ്താൽ



ഖിയാമത്ത് നാളിലുണ്ടാവുന്ന ചില സംഭവങ്ങളാണിവിടെ വിശദീകരിക്കുന്നത്.ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുന്നതും പർവതങ്ങൾ പൊടിപൊടിയായി പാറിപ്പോകുന്നതും ജനത്തെ മൂന്ന് വിഭാഗമായി തരം തിരിക്കപ്പെടുകയും ചെയ്യും



فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ (8


അഥവാ സൌഭാഗ്യത്തിന്റെ വലതുപക്ഷക്കാർ.എന്താണീ വലതു പക്ഷക്കാർ(അവരുടെ നില ആശ്ചര്യം തന്നെ)



മൂന്നിൽ ഒരു വിഭാഗം സൌഭാഗ്യവാന്മാരാണ്.അവരെയാണ് വലതു പക്ഷം എന്ന് പരാമർശിച്ചിരിക്കുന്നത്. മൈമന: എന്നതിനു വലതുഭാഗം ക്ഷേമം, അഭിവവൃദ്ധി,സുഖം,സന്തുഷ്ടി എന്നിങ്ങനെ പല അർത്ഥവുമുണ്ട്.സത്യവിശ്വാസവും സൽക്കർമ്മങ്ങളും മുഖേന അള്ളാഹുവിന്റെ തൃപ്തിയും പാപമോചനവും നേടിയവർ എന്നാണിവിടെ ഉദ്ദേശ്യം വലതു കയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നത് കൊണ്ടാണ് ഈ നാമം ലഭിച്ചതെന്നുംമറ്റും അഭിപ്രായമുണ്ട്.ഇവരുടെ ഭാഗ്യത്തെക്കുറിച്ച് ഇരുപത്തിയേഴു മുതൽ നാല്പത് കൂടിയ സൂക്തങ്ങളിൽ വിവരിക്കുന്നുണ്ട്



وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ (9

(ദൌർഭാഗ്യത്തിന്റെ ഇടതുപക്ഷക്കാരും.എന്താണീ ഇടതുപക്ഷക്കാർ?(അവരുടെ നിലയും ആശ്ചര്യം തന്നെ)

മറ്റൊരു വിഭാഗം നിർഭാഗ്യവാന്മാരാണ് അവരെയാണ് ഇടതു പക്ഷം എന്ന് വിളിക്കുന്നത് മശ് അമ: എന്ന വാക്കിനു ഇടത് ഭാഗം,ദു:ഖം തുടങ്ങി മൈമനക്ക് പറഞ്ഞതിന്റെ വിപരീത അർത്ഥമാണുള്ളത്.സത്യനിഷേധവും ദുഷ്ക്കർമ്മങ്ങളും വഴി അള്ളാഹുവിന്റെ ശാപ കോപത്തിനും അവന്റെ ശിക്ഷക്കും അർഹരായവർ എന്നാണിവിടെ ഉദ്ദേശ്യം. ഇടതു കയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നവർ എന്നും ഇടതു പക്ഷക്കാർ എന്ന് പറയുന്നതിനു വ്യാഖ്യാനമുണ്ട്.ഇവർ നേരിടേണ്ടി വരുന്ന ദുര്യോഗത്തെക്കുറിച്ച് നാല്പത്തൊന്നു മുതൽ അമ്പത്തിയാറ് കൂടിയ സൂക്തങ്ങളിൽ വിവരിക്കുന്നുണ്ട്



وَالسَّابِقُونَ السَّابِقُونَ  (10
 മുൻ കടന്നവർ മുൻ കടന്നവർ തന്നെയാകുന്നു

മറ്റൊരു വിഭാഗം അതിഭാഗ്യവാന്മാരാണ്.എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തട്ടിമാറ്റി അള്ളാഹുവിന്റെ മാർഗത്തിൽ ത്യാഗം ചെയ്യുന്നതിലും അവന്റെ ഇഷ്ടം സമ്പാദിക്കുന്നതിലും മറ്റുള്ളവരെ കവച്ചു വെച്ച് മുന്നോട്ട് പോകുന്നവർ എന്നാണിവിടെ ഉദ്ദേശ്യം.

(മുൻ കടന്നവർ എന്നാൽ അവർക്ക് അവകാശപ്പെട്ടത് നൽകപ്പെട്ടാൽ സ്വീകരിക്കുകയും അവരോട് വല്ലതും ചോദിക്കപ്പെട്ടാൽ അത് നൽകുകയും ജനങ്ങളുടെ വിഷയത്തിൽ വല്ല വിധിയും നടപ്പാക്കേണ്ടീ വന്നാൽ സ്വന്തത്തിനു വേണ്ടി വിധിക്കുമ്പോലെ അവർ വിധിക്കുകയും ചെയ്യും) എന്ന് നബി(സ)പറഞ്ഞിട്ടുണ്ട്(ഖുർത്വുബി)

മുർസലുകൾ.നബിമാർ.സിദ്ദീഖുകൾ.ശുഹദാക്കൾ എന്നിവരൊക്കെ ഈ മുൻ കടന്നവരിലുൾപ്പെടുന്നു പതിനൊന്നുമുതൽ ഇരുപത്തിയാറുകൂടിയ സൂക്തങ്ങളിലാണ് ഇവരുടെ അവസ്ഥ വിശദീകരിക്കുന്നത്



أُوْلَئِكَ الْمُقَرَّبُونَ (11

അവർ അള്ളാഹുവിന്റെ സമീപ്യം സിദ്ധിച്ചവരാണ്


നേരത്തെ പറഞ്ഞ ഗുണങ്ങൾ കാരണത്താൽ അള്ളാഹുവിന്റെ സാമീപ്യം ലഭിച്ചവരാണവർ



فِي جَنَّاتِ النَّعِيمِ (12

സുഖാനുഭൂതിയുടെ സ്വർഗങ്ങളിലാണവർ

ഭൂമിയിലെ ത്യാഗത്തിനും കഷ്ടപ്പാടുകൾക്കും പകരം സുഖത്തിന്റെ പറുദീസയിൽ-സ്വർഗത്തിൽ-അവർ താമസിക്കും



ثُلَّةٌ مِّنَ الْأَوَّلِينَ (13

പൂർവീകരിൽ നിന്ന് ഒരു വലിയ വിഭാഗമാണവർ



وَقَلِيلٌ مِّنَ الْآخِرِينَ (14

പിൻ ഗാമികളിൽ നിന്ന് ഒരു ചെറിയ വിഭാഗവുമാണവർ

ഈ സമുദായത്തിലെ ആദ്യകാലക്കാരിൽ അധികപേരും പിന്നീട് വന്നവരിൽ കുറച്ചു പേരും ആണീ ഭാഗ്യത്തിനർഹരാവുക.അഥവാ അതിഭാഗ്യവാന്മാരിൽ ആദ്യ തലമുറകളെ അപേക്ഷിച്ച് പിന്നീട് വന്നവർ കുറവായിരിക്കും.പരിശുദ്ധ ഇസ് ലാമിനെ കെട്ടിപ്പടുക്കുന്നതിൽ മഹാന്മാരായ സഹാബികളും അതിനടുത്ത തലമുറയും അനുഭവിച്ച ത്യാഗങ്ങൾ പിൻ തലമുറക്കുണ്ടായിട്ടില്ല എന്നത് വസ്തുതയാണല്ലൊ!ഏറ്റവും ഉത്തമർ എന്റെ തലമുറയാണെന്ന നബി വചനം ഇവിടെ ശ്രദ്ദേയമാണ്

ഇവിടെ ആദ്യ കാലക്കാർ എന്നാൽ മുൻ സമുദായങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ എന്നും വ്യഖ്യാനമുണ്ട്.അപ്പോൾ അവസാന കാലക്കാർ എന്നതിന്റെ വിവക്ഷ നബി(സ)യുടെ സമുദായത്തിലെ കുറച്ചു പേർ എന്നാവും അർത്ഥം.ഇമാം ഖുർത്വുബി(റ)എഴുതുന്നു നബി(സ)യുടെ സമുദായത്തിലെ മുൻ കടന്നവർ കുറച്ചു പേരാണെന്ന് പറഞ്ഞത് മുൻ സമുദായങ്ങളുമായി തട്ടിച്ചു നോക്കിയിട്ടാണ് അഥവാ മുൻ കാലത്ത് ധാരാളം നബിമാർ വന്നു.അവരെക്കൊണ്ട് വിശ്വസിച്ച് നന്മയിലേക്ക് മുൻ കടന്നവരും കുറേ ഉണ്ടായി.അപ്പോൾ ആ സമുദായങ്ങളെ ഒക്കെക്കൂടി പരിശോധിച്ചാൽ അവരേക്കാൾ എണ്ണത്തിൽ കുറവായിരിക്കുമല്ലോ ഈ സമുദായത്തിലെ മുൻ കടന്നവർ.ആ അർത്ഥത്തിലാണ് കുറച്ചാളുകളാണ് പിൻ തലമുറയിൽ നിന്ന് മുൻ കടന്നവർ എന്ന് പറഞ്ഞത്(ഖുർതുബി)



عَلَى سُرُرٍ مَّوْضُونَةٍ (15

(സ്വർണ നൂലുകളാൽ)മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ (അവർ സുഖിക്കുന്നതാണ്)


സ്വർണ ഇഴകളാൽ മെടഞ്ഞുണ്ടാക്കിയ കട്ടിൽ അവർക്ക് നൽകപ്പെടുന്നു



مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ (16

അവയിൽ അന്യോന്യം അഭിമുഖരായി ചാരിയിരിക്കുന്നവരായും കൊണ്ട്

അതായത് എല്ലാവർക്കും മുഖത്തോട് മുഖം നോക്കിയിരിക്കാൻ പറ്റും വിധത്തിലും പുറകിൽ നിന്ന് കാണേണ്ട സാഹചര്യം ഇല്ലാതെയും കട്ടിലുകൾ അവരെക്കൊണ്ട് വലയം ചെയ്യും



يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ (17

സ്ഥിരവാസികളായ ബാലന്മാർ (സേവനത്തിനായി)അവരിൽ ചുറ്റിസഞ്ചരിച്ചു കൊണ്ടിരിക്കും

അവരിഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതുമായ ഭക്ഷണങ്ങളും മറ്റും അവർക്കെത്തിച്ചു കൊടുക്കാനായി സ്വർഗീയബാലന്മാർ സദാ സന്നദ്ധരായിരിക്കുമവിടെ. സ്ഥിര വാസികൾ എന്ന് പറഞ്ഞതിനു എന്നും ഇതേ കുട്ടിത്തം നിലനിൽക്കുന്നവരും പ്രായം കൂടാത്തവരും ആയിക്കൊണ്ട് എന്നാണ് അർത്ഥം.ഈ കുട്ടികൾ സ്വർഗത്തിലേക്കായി അള്ളാഹു പ്രത്യേകം സൃഷ്ടിച്ചവരാണെന്നും ചെറുപ്പത്തിലേ മരണപ്പെട്ട മുസ് ലിംകളുടെ മക്കളാണെന്നും മുശ് രിക്കുകളുടെ ചെറുപ്പത്തിൽ മരിച്ചു പോയ മക്കളാണെന്നും അഭിപ്രായമുണ്ട്..എന്തായാലും സ്വർഗക്കാരുടെ സുഖത്തിനായി സേവനത്തിനു അള്ളാഹു സംവിധാനിച്ച മഹാ അനുഗ്രഹം തന്നെയാണിത്

بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ (18

ചില കോപ്പകളും കൂജകളും കള്ളിന്റെ പാന പാത്രവും കൊണ്ട്


പാന പാത്രങ്ങളുടെ വ്യത്യസ്ഥമായ ശൈലിയാണ് കോപ്പ,കൂജ.കപ്പ് എന്നൊക്കെ പറയുന്നത്
لَا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ (19

അവ മൂലം അവർക്ക് തലവേദനയുണ്ടാകുന്നതല്ല അവർ ലഹരി ബാധിക്കുന്നവരുമല്ല


ഭൂമിയിലെ മദ്യത്തിന്റെ യാതൊരു ദൂഷ്യവും സ്വർഗത്തിലെ മദ്യത്തിനില്ലെന്ന് സാരം
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ (20

അവർ തിരഞ്ഞെടുക്കുന്ന വർഗത്തിൽ പെട്ട പഴങ്ങൾ കൊണ്ടും

പഴങ്ങളുടെ വർധനവു കാരണം അവർക്ക് ഇഷ്ടം പോലെ തിരഞ്ഞെടുക്കാം എന്ന് സാരം

وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ (21

അവർ ആഗ്രഹിക്കുന്ന തരത്തിൽ പെട്ട പക്ഷി മാംസം കൊണ്ടും (ആ ബാലന്മാർ ചുറ്റി സഞ്ചരിക്കുന്നതാണ്)

وَحُورٌ عِينٌ (22
വിശാലാക്ഷികളായ വെളുത്ത സുന്ദരികളുമുണ്ടായിരിക്കും



كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ (23

ചിപ്പികളിൽ ഒളിച്ചു സൂക്ഷിക്കപ്പെട്ട മുത്തു പോലെയിരിക്കും(അവർ)

മുമ്പ് ഒരാളുടെയും കൈ സ്പർശം കൊണ്ട് പോലും വിശുദ്ധി കുറയാതെയും ഒരു പൊടി പോലും ശരീരത്തിന്റെ മാറ്റ് കുറക്കാതെയും ശരീരത്തിനു പൂർണ്ണ തെളിച്ചം നൽകപ്പെട്ടിരിക്കും അവർക്ക്

ഖാലിദ് ബിൻ വലീദ്(റ)പറഞ്ഞു.നബി(സ)പറയുന്നത് ഞാൻ കേട്ടു.സ്വർഗക്കാരനായ ഒരു പുരുഷൻ സ്വർഗത്തിലെ ഒരു ആപ്പിൾ എടുത്ത് തന്റെ കയ്യിലിട്ട് പിളർക്കുമ്പോൾ അതിൽ നിന്ന് ഒരു സ്വർഗസ്ത്രീ പുറത്ത് വരും അവൾ സൂര്യനെ നോക്കിയാൽ അവളുടെ സൌന്ദര്യം കാരണം സൂര്യൻ പോലും നാണിച്ചു പോകും ആപ്പിളിനു കുറവൊന്നും വരാതെ തന്നെ .അപ്പോൾ ഒരാൾ ചോദിച്ചു ആപ്പിൾ കുറയാതെ സ്ത്രീ പുറത്ത് വരുന്നത് അത്ഭുതം തന്നെയല്ലേ?അപ്പോൾ ഖാലിദ്(റ)പറഞ്ഞു.അതെ.ഒരു വിളക്കിൽ നിന്ന് മറ്റൊരു വിളക്കോ അല്ലെങ്കിൽ വിളക്കുകളോ കത്തിച്ചാൽ ഈ വിളക്കിൽ നിന്ന് ഒന്നും കുറയാത്തത് പോലെ. അള്ളാഹു അവൻ ഉദ്ദേശിക്കുന്നത് നടപ്പാക്കാൻ കഴിവുള്ളവനാണ്.സ്വർഗ സ്ത്രീകളുടെ സൌന്ദര്യം വർണ്ണിക്കുന്ന ധാരാളം ഹദീസുകളും പണ്ഡിത ഉദ്ധരണികളും ഇവിടെ കാണാം

 
جَزَاء بِمَا كَانُوا يَعْمَلُونَ (24

അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനു പ്രതിഫലമായിട്ടാണ്(ഇതെല്ലാം നൽകപ്പെടുന്നത്)

ഭൂമിയിൽ ജീവിച്ചപ്പോൾ തന്റെ ലക്ഷ്യബോധത്തോടെയുള്ള ജീവിതത്തിനും ത്യാഗപൂർണ്ണമായ പ്രവർത്തനത്തിനും അള്ളാഹു നൽകുന്ന പ്രതിഫലമാണ് ഇത്
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا (25

അവർ അവിടെ അനാവശ്യമോ കുറ്റകരമോ ആയ ഒന്നും കേൾക്കുകയില്ല


അവരുടെ സന്തോഷം കെടുത്തുന്ന ഒരു വാക്ക് പോലും അവരെ അലോസരപ്പെടുത്തുകയില്ലെന്നും അസത്യമോ കുത്തുവാക്കുകളോ കുറ്റപ്പെടുത്തലുകളോ അവിടെ ഉണ്ടാവില്ലെന്ന് സാരം

إِلَّا قِيلًا سَلَامًا سَلَامًا (26

സലാം സലാം എന്ന വാക്കല്ലാതെ

സലാം എന്നതിനു നേരത്തെ പറഞ്ഞ അസത്യത്തിൽ നിന്നും കുറ്റപ്പെടുത്തുന്നതിൽ നിന്നും രക്ഷപ്പെട്ട വാക്കുകളേ അവിടെ കേൾക്കൂ എന്നും മലക്കുകളുടെയുംസ്വർഗത്തിലുള്ളവരുടെയും അസ്സലാമു അലൈക്കും എന്ന അഭിവാദ്യമാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട്


وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ (27

വലതു പക്ഷക്കാർ-എന്താണ് വലതു പക്ഷക്കാർ?(അവരുടെ നില സമുന്നതം തന്നെ)
فِي سِدْرٍ مَّخْضُودٍ (28

മുള്ളില്ലാത്ത ഇലന്ത മരങ്ങളിലും

വലതുപക്ഷക്കാർക്കുള്ള അനുഗ്രഹങ്ങളിൽ ചിലതാണ് ഇനി വിശദീകരിക്കുന്നത്.ഭൂമിയിലെ നമുക്ക് പരിജയമുള്ള ഇലന്ത മരം ധാരാളം മുള്ളുകളുള്ളതും ഫലം കുറഞ്ഞതുമാണ് എന്നാൽ സ്വർഗത്തിലെ ഇലന്തമരം അതിനു വിപരീതമായിരിക്കും

ഇമാം ഖുർത്വുബി(റ)എഴുതുന്നു സലീമുബിൻ ആമിർ(റ)പറയുന്നു.നബി(സ)യുടെ സഹാബികൾ പറയാറുണ്ടയിരുന്നു ഗ്രാമവാസികളായവരുടെ ചോദ്യങ്ങൾ ഞങ്ങൾക്ക് നന്നായി ഉപകാരം സിദ്ധിച്ചിരുന്നു(കാരണം അവർ നിഷ്കളങ്കമായി അവർക്ക് തോന്നിയതൊക്കെ –വരും വരായ്കകൾ ആലോചിക്കാതെ –നബി(സ)യോട് ചോദിക്കുകയും അത് മുഖേന ഞങ്ങൾക്ക് ധാരളം വിജ്ഞാനം ലഭിക്കുകയും ചെയ്യുമായിരുന്നു)ഒരിക്കൽ ഒരു ഗ്രാമീണനായ അറബി നബി(സ)യുടെ അടുത്ത് വന്നു എന്നിട്ട് ചോദിച്ചു അള്ളാഹുവിന്റെ ദൂതരേ!ഖുർ ആനിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു മരത്തെക്കുറിച്ച് അള്ളാഹു പറയുന്നുണ്ടല്ലോ.എന്നാൽ സ്വർഗത്തിൽ സ്വർഗക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു മരം ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല.അപ്പോൾ നബി(സ)ചോദിച്ചു ഏതാണ് നിങ്ങൾ പറയുന്ന മരം?അപ്പോൾ അദ്ദേഹം പറഞ്ഞു.ഇലന്തമരം.അതിനു ബുദ്ധിമുട്ടിക്കുന്ന മുള്ളുണ്ടല്ലോ അപ്പോൾ നബി(സ) ചോദിച്ചു അള്ളാഹു പറഞ്ഞത് മുള്ളില്ലാത്ത ഇലന്തമരം എന്നാണല്ലോ!അതായത് ആ മരത്തിന്റെ മുള്ള് ഒഴിവാക്കി ഓരോമുള്ളിന്റെയും സ്ഥാനത്ത് ഓരോ പഴങ്ങളെ അള്ളാഹു ആക്കിയിരിക്കുന്നു (ഖുർതുബി)

 
وَطَلْحٍ مَّنضُودٍ (29

പഴങ്ങൾ മേൽക്കുമേൽ അട്ടിയാക്കപ്പെട്ട വാഴകളിലും


പഴം ധാരാളമായി തിങ്ങിനിറഞ്ഞ വാഴകളാണവിടെ കാണുക .ഇമാം സുദ്ദീ(റ)പറയുന്നു സ്വർഗത്തിലെ വാഴ ഭുമിയിലെ വാഴ പോലെ തന്നെയാണ് പക്ഷ അവിടെയുള്ള വാഴപ്പഴം തേനിനേക്കാൾ മാധുര്യമുള്ളതാണ്
وَظِلٍّ مَّمْدُودٍ (30

വിശാലമായി നീണ്ടുകിടക്കുന്ന നിഴലുകളിലും


വെയിലോ ചൂടോ ഇല്ലാത്ത പ്രവിശാലമായ നിഴലുകളായിരിക്കും അവിടെ.സ്വർഗത്തിൽ ഒരു മരമുണ്ട് അതിന്റെ നിഴലിൽ ഒരു വാഹനക്കാരൻ നൂറുകൊല്ലം സഞ്ചരിച്ചാലും അവനത് വിട്ട് കടക്കുകയില്ല(അത്രയും നീണ്ടു കിടക്കുന്ന നിഴലുണ്ടാകും അതിന്)എന്ന് നബി(സ)പറഞ്ഞു(ഖുർതുബി)
و مَاء مَّسْكُوبٍ (31

ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലും


വറ്റാത്ത ജലമായിരിക്കുമവിടെ ലഭിക്കുക.ഖുർആൻ അവതരിക്കുമ്പോഴുള്ള പ്രഥമ സംബോധിതരായ അറബികൾ മലഞ്ചെരിവുകളിലും ചൂട് കൂടിയ പ്രദേശങ്ങളിലും താമസിക്കുന്നവരായിരുന്നു.അവർക്ക് ഒഴുകുന്ന നദികൾ ലഭ്യമല്ലായിരുന്നു .അപ്പോൾ യഥേഷ്ടം വെള്ളം ലഭിക്കുന്ന സ്വർഗ വാഗ്ദാനം അവർക്ക് തികച്ചും സന്തോഷദായകമായിരിക്കും.ഭൂമിയിൽ സന്തോഷിക്കാനും സുഖിക്കാനും ആവശ്യമുള്ള പഴങ്ങളും മരങ്ങളും നദികളും സ്വർഗത്തിൽ വാഗ്ദാനം ചെയ്തത് നമുക്ക് മനസിലാവുന്ന ശൈലി പ്രയോഗിച്ചതാണ്(ഖുർതുബി)

 
وَفَاكِهَةٍ كَثِيرَةٍ (32
സമൃദ്ധമായുള്ള പഴ വർഗങ്ങളിലും

കാലവ്യത്യാസമില്ലാതെ എല്ലാകാലത്തും യഥേഷ്ടം പഴങ്ങൾ അവിടെ ലഭിക്കും ഭൂമിയിലെ പോലെ കുറഞ്ഞതും അപൂർവവുമായിരിക്കില്ല

 
لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ  (33

(ഒരു കാലത്തും)അവസാനിപ്പിക്കപ്പെടാത്തതും തടയപ്പെടാത്തതുമായ

പഴം ലഭിക്കാത്ത ഒരു ഘട്ടവുമുണ്ടാവില്ല അവിടെ.ശൈത്യകാലത്തുണ്ടാകുന്നത് ഉഷ്ണകാലത്ത് ലഭിക്കില്ല ഇവിടെ. എന്നാൽ സ്വർഗത്തിൽ അങ്ങനെ സീസൻ വ്യത്യാസമുണ്ടാവില്ല.അതാണ് ഒരു കാലത്തും അവസാനിപ്പിക്കപ്പെടാത്ത എന്ന് പറഞ്ഞത്.തടയപ്പെടാത്തത് എന്നാൽ മുള്ളു കൊണ്ടോ ദൂരം കൊണ്ടോ മറ്റോ ആപഴം ലഭ്യമാകാത്ത സാഹചര്യമുണ്ടാവില്ല.മറിച്ച് അവർ കരുതിയാൽ അവർക്ക് പറിച്ചെടുക്കാനാവും വിധം പഴം അവരോട് അടുത്തു വരും(ഖുർതുബി)

 
وَفُرُشٍ مَّرْفُوعَةٍ   (34

ഉയർന്ന തരം വിരിപ്പുകളിലും (ആയിരിക്കും അവർ ജിവിക്കുക)

ഉന്നത തരങ്ങളായ വിരിപ്പുകളിലാണ് സ്വർഗക്കാരുടെ കിടപ്പും ഇരിപ്പും.ഉയർന്ന തരം വിരിപ്പ് എന്നതിനു അതി ശ്രേഷ്ടരായ സ്വർഗ സ്ത്രീകൾ എന്നും വ്യാഖ്യാനമാണ്ട്.വിരിപ്പ് എന്ന് ഭാര്യമാരെ കുറിച്ച് പ്രയോഗിക്കൽ അറബികളിൽ വ്യാപകമാണ് അവർ നിങ്ങളുടെ വസ്ത്രമാണെന്ന് ഭാര്യമാരെക്കുറിച്ച് ഖുർ ആനിലുണ്ടല്ലൊ.

إِنَّا أَنشَأْنَاهُنَّ إِنشَاء (35

നിശ്ചയം ആ തരുണികളെ(ഒരു ഒരു പ്രത്യേക നിലയിൽ)നാം സൃഷ്ടിച്ചിരിക്കുന്നു

فَجَعَلْنَاهُنَّ أَبْكَارً ا (36

അങ്ങനെ അവരെ നാം കന്യകകളാക്കിയിരിക്കുന്നു



عُرُبًا أَتْرَابًا  (37

ഭർത്താക്കന്മാരെ പ്രേമിക്കുന്നവരും സമ പ്രായക്കാരുമായ

ആകൃതിയിലും പ്രകൃതിയിലും സ്വഭാവ ഗുണങ്ങളിലുമെല്ലാം അള്ളാഹു ഒരു പ്രത്യേക തരത്തിൽ സൃഷ്ടിച്ച തരുണീമണികളാണ് അവരുടെ ഇണകൾ.അവർ നിത്യകന്യകകളായിരിക്കും.ഓരോ പ്രാവശ്യം ഭർത്താക്കൾ അവരെ സമീപിക്കുമ്പോഴും അവരെ കന്യകകളായി അവർ എത്തിക്കും.ഭർത്താക്കന്മാരുടെ മനസ്സുനിറയും വിധം അവർ ഭർത്താക്കളെ പ്രേമിക്കും.വയസ്സുവർദ്ധിക്കാതെ തുല്യപ്രായമായിരിക്കുമവർക്ക്. എന്നും മുപ്പത്തിമൂന്ന് വയസ്സ് എന്ന അവസ്ഥയിലായിരിക്കും അവർ.



لِّأَصْحَابِ الْيَمِينِ (38

 
(ഇതെല്ലാം)വലതുപക്ഷക്കാർക്കുള്ളതാണ്



ثُلَّةٌ مِّنَ الْأَوَّلِينَ  (39

പൂർവീകരിൽ നിന്ന് ഒരു വലിയ വിഭാഗവും



وَثُلَّةٌ مِّنَ الْآخِرِينَ (40

പിൻ ഗാമികളിൽ നിന്നു ഒരു വലിയ വിഭാഗവുമാണ്(അവർ)

ആദ്യകാലക്കാരിലും പിൻ ഗാമികളിലും പെട്ട ധാരളമാളുകൾ ഈ വലതുപക്ഷക്കാരിലുണ്ട് എന്ന് സാരം



وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ (41

ഇടതുപക്ഷക്കാർ-എന്താണ് ഇടതു പക്ഷക്കാർ?(അവരുടെ നില വളരെ അപകടം തന്നെ)

ഇതിന്റെ വ്യാഖാനം മുകളിൽ ഒമ്പതാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ടെന്ന് ഓർക്കുക

فِي سَمُومٍ وَحَمِيمٍ (42


(രോമക്കുഴികളിൽ കൂടി തുളച്ച് കയറുന്ന)കഠിന ചൂടുള്ള കാറ്റിലും ചുട്ടു തിളക്കുന്ന വെള്ളത്തിലും


നരകത്തിലുള്ള ഇവർക്ക് ലഭിക്കുന്ന ചില ശിക്ഷകളാണിവിടെ ഉണർത്തുന്നത്.രോമക്കുത്തുകളിലേക്ക് തുളച്ചു കയറി അത്യന്തം ദുരിതം സമ്മാനിക്കുന്ന ചുടുകാറ്റിലും തിളക്കുന്ന വെള്ളത്തിലുമായിരിക്കുമവർ.നരകത്തിന്റെ തീയിൽ നിന്ന് രക്ഷ നേടാൻ അവിടെ കാണുന്ന വെള്ളത്തിലേക്ക് അവർ ഓടും.എന്നാൽ ആ വെള്ളം അങ്ങേയറ്റത്തെ ചൂടും ഇവരുടെ കരൾ പോലും കരിക്കാൻ പോന്നതുമായിരിക്കും

 
وَظِلٍّ مِّن يَحْمُومٍ (43

ഇരുണ്ട പുക കൊണ്ടുള്ള നിഴലിലും

لَّا بَارِدٍ وَلَا كَرِيمٍ  (44

തണുപ്പുള്ളതോ സുഖപ്രദമോ അല്ലാത്ത(ആയിരിക്കും അവർ)


തിളക്കുന്ന നരകത്തിൽ അവർക്ക് ലഭിക്കുന്ന നിഴൽ കടുത്ത കരിമ്പുകയുടേതായിരിക്കും.ആ നിഴൽ സുഖം നൽകില്ലെന്നു മാത്രമല്ല യാതന കൂട്ടുകയും ചെയ്യും

إِنَّهُمْ كَانُوا قَبْلَ ذَلِكَ مُتْرَفِينَ (45

നിശ്ചയമായും അതിനു മുമ്പ് (ഇഹലോകത്തിൽ)അവർ സുഖലോലുപന്മാരായിരുന്നു

ക്ഷണികമായ ഭൂമിയിലെ ജീവിതത്തിൽ നിയന്ത്രണങ്ങൾ പാലിക്കാതെയും നിയമങ്ങളെ വെല്ലുവിളിച്ചും സുഖിച്ചവരായിരുന്നു അവർ.ഇങ്ങനെ ഒരു തിരിച്ചടിയെക്കുറിച്ച് ഓർക്കാനവർ ഇഷ്ടപ്പെട്ടിരുന്നില്ല



وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ (46

വമ്പിച്ച കുറ്റങ്ങളിൽ അവർ ഉറച്ച് നിൽക്കുന്നവരുമായിരുന്നു


തെറ്റുകൾ അബദ്ധവശാൽ പറ്റുകയായിരുന്നില്ല അവർക്ക്.പ്രത്യുത ബോധപൂർവം തെറ്റുകൾ ചെയ്യുകയും അതിൽ സ്ഥിരമാവുകയുമായിരുന്നു അവർ.ബഹുദൈവത്വവും കള്ള സത്യവും പുനർജ്ജന്മമുണ്ടാവില്ലെന്ന നിഷേധവും ബിംബങ്ങൾ അള്ളാഹുവിന്റെ പങ്കാളികളാണെന്ന വാദവും അവരുടെ തെറ്റുകളിൽ പ്രധാനമാകുന്നു



وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ (47


ഞങ്ങൾ മരിക്കുകയും എന്നിട്ട് മണ്ണും എല്ലുകളുമായിട്ട് ഞങ്ങൾ എഴുന്നേല്പിക്കപ്പെടുന്നവരാകുമോ?എന്ന് അവർ പറയുകയും ചെയ്തിരുന്നു

മണ്ണിൽ ലയിച്ചാൽ പിന്നെ പുനർജ്ജന്മാമുണ്ടാവില്ലെന്നും ഇഹലോക ജീവിതം മാത്രമാണ് ജീവിതമെന്നും വിശ്വസിച്ച അവർ മരണ ശേഷമുള്ള പുനർജന്മത്തെ നിഷേധിച്ചു കൊണ്ടുള്ള ചോദ്യമായിരുന്നു ഇത്



أَوَ آبَاؤُنَا الْأَوَّلُونَ (48

ഞങ്ങളുടെ പൂർവ പിതാക്കളും (എഴുന്നേല്പിക്കപ്പെടുന്നവരാകുമോ?)



قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ (49

(നബിയേ) തങ്ങൾ പറയുക നിശ്ചയമായും മുൻ ഗാമികളും പിൻ ഗാമികളും



لَمَجْمُوعُونَ إِلَى مِيقَاتِ يَوْمٍ مَّعْلُومٍ (50

ഒരു നിർണ്ണിത ദിവസമാകുന്ന സമയം അവരെല്ലാവരും ഒരുമിച്ചു കൂട്ടപ്പെടുന്നവർ തന്നെയാകുന്നു

നിഷേധ രൂപത്തിലുള്ള അവരുടെ ചോദ്യത്തിനു അർത്ഥശങ്കക്കിടയില്ലാതെ നിങ്ങളെയും നിങ്ങളുടെ പിതാക്കളെയും ഒരുമിച്ചു കൂട്ടപ്പെടുമെന്ന് ഉത്തരം നൽകാനാണ് നബി(സ)യോട് അള്ളാഹു നിർദ്ദേശിക്കുന്നത്



ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ (51

പിന്നെ സത്യ നിഷേധികളായ വഴിപിഴച്ചവരേ.

സന്മാർഗത്തിൽ നിന്ന് വഴിതെറ്റി പോയവരേ എന്ന് സാരം

لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ (52

നിങ്ങൾ സഖ്ഖൂമെന്ന ഒരു(തരം)വൃക്ഷത്തിൽ നിന്ന് തിന്നുന്നവരായിരിക്കും തീർച്ച

നരകത്തിൽ മുളക്കുന്ന കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്ന വെറുക്കപ്പെട്ട രുചിയുള്ള ഒരു മരമാണത്

പുനർജ്ജന്മ ശേഷം നരകത്തിലെത്തുന്ന നിഷേധികളെ കാത്തിരിക്കുന്ന ശിക്ഷയാണ് വിവരിക്കുന്നത്.

 
فَمَالِؤُونَ مِنْهَا الْبُطُونَ (53

അങ്ങനെ അതിൽ നിന്ന് നിങ്ങൾ വയറുനിറക്കുന്നവരായിരിക്കും

വിശപ്പിന്റെ കാഠിന്യം കൊണ്ട് അവർ ആ മരത്തിൽ നിന്ന് തിന്നും



فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ (54

എന്നിട്ട് അതിന്റെ മിതെ ചുട്ടുതിളക്കുന്ന വെള്ളത്തിൽ നിന്ന് കുടിക്കുന്നവരുമായിരിക്കും അവർ

ആ ഭക്ഷണത്തിന്റെ മീതെ ദാഹത്തിന്റെ ശക്തികൊണ്ട് അവർ കുടിക്കുന്ന വെള്ളം നരകക്കാരെ കത്തിച്ച് അവരുടെ ശരീരത്തിൽ നിന്ന് ഒലിക്കുന്ന അതി കഠിനമായ ചൂടുള്ള ചീഞ്ചലമായിരിക്കും



فَشَارِبُونَ شُرْبَ الْهِيمِ (55

ദാഹിച്ചു പൊരിഞ്ഞ ഒട്ടകം കുടിക്കുന്നത് പോലെ അവർകുടിക്കുന്നവരായിരിക്കും

അവരുടെ പരവേശത്തെ ഉപമിച്ചിരിക്കുകയാണിവിടെ

هَذَا نُزُلُهُمْ يَوْمَ الدِّينِ (56
ഇതാണ് പ്രതിഫല ദിവസം ഇടതു പക്ഷക്കാർക്ക് നൽകുന്ന സൽക്കാരം


പ്രതിഫല ദിവസം നരകക്കാർക്കുള്ള ശിക്ഷ ഇവിടെ വിശദീകരിച്ചു.ഇത് അവർക്കുള്ള സൽക്കാരമാണെന്നാണിവിടെ ഉണർത്തുന്നത്




نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ (57




നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അപ്പോൾ നിങ്ങൾ എന്ത് കൊണ്ട് സത്യമാക്കുന്നില്ല
നിങ്ങളെ ഒന്നാമതായി സൃഷ്ടിച്ചത് അള്ളാഹുവാണെന്ന് നിങ്ങൾക്കറിയാമെന്നിരിക്കെ വീണ്ടും നിങ്ങളെ പടക്കാൻ നമുക്ക് കഴിയുമെന്ന് എന്ത് കൊണ്ട് നിങ്ങൾക്ക് വിശ്വസിച്ചു കൂടാ?എന്നാണിവിടെ പറഞ്ഞതിന്റെ സാരം
أَفَرَأَيْتُم مَّا تُمْنُونَ  (58


(സ്ത്രീകളുടെ ഗർഭാശയങ്ങളിൽ)നിങ്ങൾ ചൊരിക്കുന്ന ഇന്ദ്രിയത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഗർഭാശയത്തിലേക്ക് ഇന്ദ്രിയം ചൊരിക്കുന്നു എന്നത് മാത്രമാണല്ലോ നാം ചെയ്യുന്നത് അത് മനുഷ്യനായി പരിണമിക്കുന്നത് എങ്ങനെ എന്ന് ചിന്തിക്കേണ്ടതല്ലേ എന്ന് സാരം
أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ (59
നിങ്ങളാണോ അതിനെ(മനുഷ്യനായി) സൃഷ്ടിക്കുന്നത് അതല്ല നാമാണോ സൃഷ്ടിക്കുന്നത്?
ഗർഭാശയത്തിലേക്ക് സ്രവിപ്പിച്ച ഇന്ദ്രിയത്തെ മനുഷ്യ രൂപം നൽകിയതിൽ നമുക്ക് ഒരു സ്വാധീനവുമില്ലെന്നും അത് അള്ളാഹു മാത്രമാണ് ചെയ്തതെന്നും സാരം
نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ (60

നിങ്ങൾക്കിടയിൽ മരണം നിശ്ചയിച്ചതും നാമാണ്.നാം ഒരിക്കലും പരാചിതരാവുകയില്ല
നിങ്ങൾക്കിടയിൽ മരണം നിശ്ചയിച്ചതും അതിന്റെ സമയവും മറ്റും നിർണ്ണയിച്ചതും നാം തന്നെ .അള്ളാഹുവിന്റെ നിശ്ചയത്തെ വിട്ട് തെറ്റാനോ അതിനെ മാറ്റിമറിക്കാനോ ആർക്കും സാദ്ധ്യമല്ല.അതിലൊന്നും നമുക്ക് ഒരു സ്വാധീനവുമില്ല

عَلَى أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ (61

നിങ്ങളെ പോലെയുള്ളവരെ പകരം കൊണ്ടുവരികയും നിങ്ങൾക്കറിയാത്ത വിധത്തിലൂടെ നിങ്ങളെ (വളർത്തി)ഉണ്ടാക്കുകയും ചെയ്യുന്നതിൽ
നിലവിലുള്ള ആളുകളുടെ സ്ഥാനത്ത് മറ്റൊരു കൂട്ടരെ കൊണ്ടു വരുന്നതിനും മനുഷ്യർക്ക് അറിവും പരിജയവുമില്ലാത്ത മറ്റേതെങ്കിലും രൂപത്തിലോ സ്വഭാവത്തിലോഅവനു അസ്ഥിത്വം നൽകാനും അള്ളാഹുവിനു കഴിവുണ്ട്.അങ്ങനെ അവൻ ചെയ്യുന്ന പക്ഷം അവനെ പരാചയപ്പെടുത്താൻ ആർക്കും കഴിയുന്നതല്ല.ഓരോരുത്തരുടെയും ജീവിതത്തിനു അള്ളാഹു നിശ്ചയിച്ച അവധിക്ക് മുമ്പ് അവനെ മരിപ്പിക്കാനോ അവൻ നിശ്ചയിച്ച സമയത്തിൽ നിന്ന് ഒരു സെക്കന്റെങ്കിലും അവനു ജീവൻ നീട്ടി നൽകാനോ ഒരാൾക്കും സാദ്ധ്യമല്ല ഇതൊന്നും നിഷേധിക്കാനാവാത്ത അനുഭവ യാഥാർത്ഥ്യങ്ങളാണ്.അപ്പോൾ ചിന്താ ശേഷിയുള്ള മനുഷ്യൻ എങ്ങനെയാണ് പുനർജന്മത്തെ നിഷേധിക്കുക?
നിങ്ങൾക്കറിയാത്ത വിധത്തിൽ നിങ്ങളെ വളർത്തിയുണ്ടാക്കുക എന്ന് പറഞ്ഞതിനു പുനർജന്മ സമയത്ത് നിങ്ങൾക്ക് ഭൂമിയിലുണ്ടായിരുന്ന രൂപം വിട്ട് സത്യവിശ്വാസികൾക്കെല്ലാം വെളുത്ത മുഖം നൽകി ഭംഗിയോടെയും സത്യനിഷേധികളെയെല്ലാം കറുത്ത മുഖവുമായി വൈരൂപ്യത്തോടെയും പടക്കും എന്നും വ്യാഖ്യാനമുണ്ട്
وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَى فَلَوْلَا تَذكَّرُونَ (62


ഒന്നാമത്തെ സൃഷ്ടിപ്പിനെപ്പറ്റി നിങ്ങൾക്കറിയുകതന്നെ ചെയ്യാം,.എന്നിരിക്കെ നിങ്ങൾ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല?
നിങ്ങളെ ആദ്യം പടച്ചത് (കേവലം നിസ്സാരമായ ഒരു ഇന്ദ്രിയത്തുള്ളിക്ക് പല മാറ്റങ്ങളിലൂടെ അവൻ നമ്മെ ജനിപ്പിച്ചു)അള്ളാഹുവാണെന്ന് നിങ്ങൾക്കറിയാമല്ലൊ!ഒന്നാം പ്രാവശ്യം സൃഷ്ടിച്ച അള്ളാഹുവിനു രണ്ടാം പ്രാവശ്യം പടക്കുവാൻ എന്ത് കൊണ്ട് കഴിയാതിരിക്കും എന്ന് നിങ്ങൾക്ക് ചിന്തിച്ചു കൂടേ എന്നൊക്കെയാണീ പറഞ്ഞതിന്റെ സാരം
ഒന്നാം ജന്മം നേരിട്ട് കണ്ട മനുഷ്യൻ രണ്ടാം ജന്മത്തെ നിഷേധിക്കുന്നതും രണ്ടാം ജന്മത്തെ വിശ്വസിക്കുന്നവർ അതിനു വേണ്ടി ഒരുക്കം നടത്താതിരിക്കുന്നതും അത്ഭുതം തന്നെ എന്ന് ഹദീസിൽ വന്നിട്ടുണ്ടെന്ന് ഇവിടെ ഇമാം ഖുർത്വുബി(റ)ഉദ്ധരിക്കുന്നു
أَفَرَأَيْتُم مَّا تَحْرُثُونَ (63


നിങ്ങൾ വിളയിറക്കുന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പുനർജന്മ സിദ്ധാന്തത്തിന്റെ മറ്റൊരു തെളിവാണീ പറയുന്നത്
മനുഷ്യൻ നിലം ഉഴുത് വിത്തിറക്കുന്നു.അത് മാത്രമാണ് നാം ചെയ്യുന്നത്
أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُون (64


നിങ്ങളാണോ അതിനെ മുളപ്പിച്ച് വളർത്തുന്നത് അതല്ല നാമാണോ അതിനെ മുളപ്പിച്ച് വളർത്തുന്നത് ?
നിലമുഴുത് വിത്തിറക്കിയ കർഷകന് അത് മുളപ്പിക്കാനും വളർത്തിക്കൊണ്ട് വരാനും വിളയിക്കുവാനും അവന് കഴിവില്ല അത് അള്ളാഹു മാത്രമാണ് ചെയ്യുന്നത്.ഇത് എല്ലാവരും സമ്മദിക്കുമെങ്കിൽ മണ്ണടിഞ്ഞ മനുഷ്യന്റെ പുനർജന്മം അള്ളാഹുവിനു പ്രായാസമല്ലെന്ന് എന്ത് കൊണ്ട് സമ്മതിച്ചു കൂടാ?
അബൂ ഹുറൈറ:(റ) പറയുന്നു.നിങ്ങളാരും ഞാൻ വിളയിറക്കി എന്നല്ലാതെ ക്ര്ഷി ചെയ്തു(വിത്തിട്ട് മുളപ്പിച്ചു) എന്ന് പറയരുത് കാരണം മുളപ്പിക്കുന്നത് അള്ളാഹുവാകുന്നു എന്ന് നബി(സ) പറഞ്ഞു.ഇമാം ഖുർത്വുബി(റ)ഇവിടെ എഴുതുന്നത് കാണാം.വിത്തിടുന്ന സമയത്ത് അ ഊദു ഓതിയ ശേഷം أَفَرَأَيْتُم مَّا تَحْرُثُونَ എന്ന സുക്തം പാരയണം ചെയ്യുകയും പിന്നീട്

بل الله الزارع والمنبت والمبلغ اللهم صل علي محمد وارزقناثمره وجنبناضرره واجعلنالنعمائك من الشاكرين ولألائك من الذاكرين وبارك لنافيه يارب العالمين
(അള്ളാഹുവാണ് മുളപ്പിക്കുന്നവനും ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതും.അതിന്റെ വിളവ് നീ നൽകേണമേ .അതിന്റെ ബുദ്ധിമുട്ട് നീ ഒഴിവാക്കേണമേ നിന്റെ അനുഗ്രഹത്തിനു നന്ദി ചെയ്യുന്നവരും നിന്റെ അനുഗ്രഹങ്ങളെ ഓർക്കുന്നവരിലും ഞങ്ങളെ നീ ആക്കുകയും അതിലെല്ലാം അനുഗ്രഹം നൽകുകയും ചെയ്യേണമേ) ഇത് ചൊല്ലുകയും ചെയ്താൽ ക്ര്ഷിയുടെ സുരക്ഷിതത്വത്തിനും എല്ലാ വിധ ശല്യത്തിനും പരിഹാരമുണ്ടാവും.ഇത് അനുഭവമാണ് (ഖുർത്വുബി)
لَوْ نَشَاء لَجَعَلْنَاهُ حُطَامًا فَظَلَلْتُمْ تَفَكَّهُونَ (65


നാം ഉദ്ദേശിക്കുന്ന പക്ഷം അതിനെ ഉണക്കി വൈക്കോലാക്കിക്കളയുകയും അപ്പോൾ നിങ്ങൾ ദു:ഖിച്ച് (ഇങ്ങനെ)പറയുകയും ചെയ്യുമായിരുന്നു
അത് നശിച്ചു പോകുവാനാണ് അള്ളാഹു ഉദ്ദേശിച്ചിരുന്നതെങ്കിൽ അത് തടയുവാൻ മനുഷ്യന് ഒരു കഴിവുമില്ല,അപ്പോൾ അവൻ കൈ മലർത്തി പരിതപിക്കും
إِنَّا لَمُغْرَمُونَ (66

നിശ്ചയമായും ഞങ്ങൾ(വിള നഷ്ടപ്പെട്ട്) കട ബാധിതരായല്ലോ.
അയ്യോ..എല്ലാം നഷ്ടപ്പെട്ടല്ലോ,കടക്കാരനായല്ലോ എന്ന് പരിതപിക്കേണ്ടീ വരും
بَلْ نَحْنُ مَحْرُومُونَ (67


മാത്രമല്ല നാം(ആഹാരമാർഗം)തടയപ്പെട്ടവരായിരിക്കുന്നു
ആഹാര മാർഗം പോലും തടയപ്പെട്ടല്ലോ എന്ന് പരിതപിക്കുമവർ


أَفَرَأَيْتُمُ الْمَاء الَّذِي تَشْرَبُونَ (68



നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?



أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ (69



നിങ്ങളാണോ അത് മേഘത്തിൽ നിന്ന് ഇറക്കിയത് ? അതല്ല നാമാണോ ഇറക്കിയത് !
മനുഷ്യ ജീവിതത്തിൽ അനിവാര്യമായ ഒരു വസ്തുവാണ് വെള്ളം.അതിനെ മേഘത്തിൽ നിന്ന് ഇറക്കിത്തന്നത് അള്ളാഹുവാണ്.

لَوْ نَشَاء جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ (70

നാം ഉദ്ദേശിക്കുന്ന പക്ഷം നാം അതിനെ ഉപ്പുവെള്ളമാക്കുമായിരുന്നു എന്നിരിക്കെ നിങ്ങൾ നന്ദി കാട്ടാത്തതെന്താണ്?
കുടിക്കാൻ പറ്റും വിധം ശുദ്ധ ജലം നൽകിയ അള്ളാഹുവിന്റെ അനുഗ്രഹം നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ചോദ്യമാണിത്.ഈ രുചികരമായ ശുദ്ധ ജലത്തിനു പകരം കൈപ്പുള്ള ഉപ്പു വെള്ളമാണ് അള്ളാഹു ഇറക്കിയിരുന്നതെങ്കിൽ (അത് അള്ളാഹുവിനു നിഷ്പ്രയാസമാണെന്ന് നാം ഓർക്കണം)മനുഷ്യന്റെ ജീവിതം എത്രമാത്രം ദുസ്സഹമാകുമായിരുന്നു.അങ്ങനെ ഭക്ഷണവും കുടിക്കാനുള്ള വെള്ളവും നൽകിയ അള്ളാഹുവിനു മരണപ്പെട്ടവരെ ജീവിപ്പിക്കാനും കഴിവുണ്ടെന്ന് മനസ്സിലാക്കി എന്ത് കൊണ്ട് അള്ളഹുവിനു നന്ദി ചെയ്യുന്നില്ല എന്നാണ് അള്ളാഹു ചോദിക്കുന്നത്

أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ (71


നിങ്ങൾ (ഉരസി)കത്തിക്കുന്ന തീയിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?



أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِؤُونَ (72

അതിന്റെ മരം(സ്ര്ഷ്ടിച്ച്)ഉണ്ടാക്കിയത് നിങ്ങളാണോ അതല്ല നാമാണോ ഉണ്ടാക്കിയത്?



نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ (73

അതിനെ നാം ഒരു സ്മരണയും സഞ്ചാരികൾക്ക് ഒരു ഉപകരണവും ആക്കിയിരിക്കുന്നു
മനുഷ്യ ജീവിതത്തിനു അനിവാര്യമായ മറ്റൊരു വസ്തുവാണ് തീ.ഇന്നത്തെ പോലെയുള്ള സൌകര്യപ്രദമായ പരിഷ്ക്ര്ദ മാർഗങ്ങൾ കണ്ട് പിടിക്കുന്നതിനു മുമ്പ് ജനങ്ങൾ -പ്രത്യേകിച്ചും മരുഭൂമി സഞ്ചാരികൾ-പ്രത്യേക മരത്തുണ്ടുകളെയായിരുന്നു തീക്കുവേണ്ടി ആശ്രയിച്ചു വന്നിരുന്നത് മുള,ഓട മുതലായ മരങ്ങൾ തമ്മിലുരസി തീയുണ്ടാക്കിയിരുന്ന ശിലാ യുഗത്തിലെയും പൌരാണിക കാലത്തെയും സമ്പ്രദായം ഇന്നും വന വാസികളിൽ നിലനിൽക്കുന്നുണ്ട്.വെള്ളം തട്ടിയാൽ തീ അണഞ്ഞ് പോകുന്നത് സാധാരണയാണ് എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരത്തിൽ നിന്ന് അള്ളാഹു തീ ഉൽപ്പാദിക്കുന്നു എന്നത് ചിന്തനീയമായ കാര്യം തന്നെ .അതാണ് അതിനെ നാം ഒരു സ്മരണയും ആക്കി എന്ന് പറഞ്ഞത് സ്മരണയാക്കി എന്നത് നരകത്തെ ഓർക്കാൻ സഹായകമാണിവിടുത്തെ തീ എന്നും ആശയമുണ്ട്
നിങ്ങളുടെ തീ നരകത്തിലെ തീയിന്റെ എഴുപതിൽ ഒരു ഭാഗമാണ് എന്ന് നബി(സ)പറഞ്ഞത് ഇവിടെ ഓർക്കുക

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (74

അത് കൊണ്ട് മഹാനായ നാഥന്റെ നാമത്തിന്റെ പരിശുദ്ധിയെ അങ്ങ് പ്രകീർത്തിക്കുക
അത്യന്തം ശ്രദ്ധേയാണീ പ്രയോഗം.അതായത് ഈ അദ്ധ്യായത്തിലെ 57-62 വാക്യങ്ങളിൽ മനുഷ്യന്റെ ജനന-മരണങ്ങളെയും 63-67 വാക്യങ്ങളിൽ അവരുടെ ഭക്ഷണത്തെയും 68-70 വാക്യങ്ങളിൽ അവരുടെ ദാഹത്തിനുള്ള വെള്ളത്തെയും 71-73 വാക്യങ്ങളിൽ അവരുടെ ഭക്ഷണ പാനീയങ്ങൾ തയ്യാർ ചെയ്യാനുള്ള അഗ്നിയെയും പറ്റി പലതും ഉണർത്തിക്കൊണ്ട് അതെല്ലാം ചെയ്തു തന്ന മഹാനായ റബ്ബിന്റെ പരിശുദ്ധി പ്രകീർത്തിക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്.അതായത് ഈ അള്ളാഹു പങ്കാളികളെ തൊട്ടും പുനർജന്മത്തിനു സാധിക്കാതെ വരും വിധമുള്ള കഴിവില്ലായ്മയെ തൊട്ടും അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക എന്ന് സാരം

فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ (75

എന്നാൽ നക്ഷത്രങ്ങൾ അസ്തമിക്കുന്ന സ്ഥാനങ്ങൾ കൊണ്ട് നിശ്ചയമായും ഞാൻ സത്യം ചെയ്ത് പറയുന്നു
ഞാൻ സത്യം ചെയ്യുന്നു എന്ന് പറയാൻ ഉഖ്സിമു എന്ന് പറഞ്ഞാൽ മതി. ,ലാ, എന്ന അവ്യയം അറബികൾ ഏറ്റാറുണ്ട്.സത്യത്തെ ഊന്നി ബലപ്പെടുത്താനുള്ള ഒരു സാഹിത്യ പ്രയോഗമാണത്.ഇവിടെ നുജൂം എന്ന് പറഞ്ഞതിനു നക്ഷത്രങ്ങൾ എന്നതിനു പുറമെ ഗഢുക്കൾ എന്നും അർത്ഥമുണ്ട്. ഖുർ ആൻ ഘടുക്കളായി പല ഘട്ടങ്ങളിലാണല്ലോ അവതരിച്ചത് അപ്പോൾ മവാഖിഅ് എന്നതിനു സന്ദർഭങ്ങൾ എന്നാവും അർത്ഥം.എണ്ണമറ്റ നക്ഷത്രങ്ങളുടെ സ്ഥാനങ്ങളാവട്ടെ 23 കൊല്ലം കൊണ്ട് പൂർത്തിയാക്കിയ ഖുർ ആന്റെ ഗടുക്കളുടെ സന്ദർഭങ്ങളാകട്ടെ ഏതായാലും ശരി ഈ സത്യ വാചകത്തിൽ അന്തർഭവിച്ചിട്ടുള്ള സൂചനകളും രഹസ്യങ്ങളും മികച്ചത് തന്നെ
(76) وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ

അതൊരു മഹത്തായ സത്യം തന്നെയാണ് നിങ്ങൾ ബോധമുള്ളവരാണെങ്കിൽ (ഇതിന്റെ മഹത്വം ഗ്രഹിക്കുമായിരുന്നു)
സത്യം ചെയ്ത് കൊണ്ട് ഇനി അള്ളാഹു സ്ഥാപിക്കുന്നത് ഖുർ ആനിന്റെ മഹത്വമാണ്
إِنَّهُ لَقُرْآنٌ كَرِيمٌ (77


ഇത് ആദരണീയമായ ഖുർ ആൻ ആകുന്നു
ഉദ്ദേശ്യം,ലക്ഷ്യം,ആശയം,ശൈലി,ഘടന,തത്വം,എന്നിങ്ങനെ ഏത് നിലയിൽ നോക്കിയാലും മാന്യവും ആദരണീയവുമായ ഒരു ഗ്രന്ഥമാണ് വിശുദ്ധ ഖുർ ആൻ
فِي كِتَابٍ مَّكْنُونٍ (78

സുരക്ഷിതമായ ഒരു ഗ്രന്ഥത്തിലാണ് (ഇത് സ്ഥിതി ചെയ്യുന്നത്)

സുരക്ഷിത ഗ്രന്ഥം എന്നത് കൊണ്ട് ഉദ്ദേശ്യം ലൌഹുൽ മഹ്ഫൂള് ആണെന്നാണൊരു വിഭാഗം വ്യാഖ്യാതാക്കൾ പറയുന്നത്.മറ്റൊരു വിഭാഗം പറയുന്നത് സുരക്ഷിത ഗ്രന്ഥം എന്നാൽ മുസ് ഹഫ് എന്നാണ്.മാറ്റം വരാതെ എന്നും അത് നില നിൽക്കുകയാണല്ലൊ!

لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ (79


ശുദ്ധിയാക്കപ്പെട്ടവരല്ലാതെ ഇതിനെ സ്പർശിക്കരുത്

ചെറിയതോ വലിയതോ ആയ അശുദ്ധിയുള്ളവർ ശിർക്ക് പോലുള്ള മാനസികാശുദ്ധിയുള്ളവർ ആ അശുദ്ധികളിൽ നിന്ന് ശുദ്ധി വരുത്താതെ ഖുർആൻ തൊടരുത് എന്ന വിരോധമാണിവിടെ പറയുന്നത്.അത് ഖുർ ആനിന്റെ മഹത്വമാണ് തെളിയിക്കുന്നത്.
تَنزِيلٌ مِّن رَّبِّ الْعَالَمِينَ (80


ഇത് ലോക രക്ഷിതാവിങ്കൽ നിന്ന് അവതരിച്ചതാണ്
അള്ളാഹുവാണ് ഖുർആൻ അവതരിപ്പിച്ചത് എന്നാണിവിടെ പറയുന്നത്.നബി(സ) പൂർവ കാലക്കാരുടെ വല്ല കെട്ടു കഥയും കൊണ്ട് വന്ന് അവതരിപ്പിച്ചതല്ല എന്ന്
സാരം

أَفَبِهَذَا الْحَدِيثِ أَنتُم مُّدْهِنُونَ (81


എന്നിരിക്കെ ഈ വാർത്തയെയാണോ നിങ്ങൾ(നിസ്സാരമാക്കി)നിഷേധിക്കുന്നത്?
നേരത്തേ ഉണർത്തിയ മഹത്വങ്ങളും ആധികാരികവുമായ ഈ ഗ്രന്ഥത്തെയാണോ നിങ്ങൾ നിസ്സാരമാക്കി തള്ളുന്നത് എന്നാണിവിടെ ചോദിക്കുന്നത്
وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ (82

നിങ്ങളുടെ ആഹാരത്തെ (അതിനുള്ള നന്ദിയെ)നിങ്ങൾ കള്ളം പറയലാക്കുന്നതും?
നിങ്ങൾക്ക് ആഹാരം നൽകുന്ന അള്ളാഹുവിന്റെ ഖുർആനിൽ വിശ്വസിച്ച് അവനു നന്ദി ചെയ്യുന്നതിനു പകരം അതിനെ നിഷേധിക്കുകയാണോ നിങ്ങൾ ചെയ്യുന്നത് എന്ന് ആക്ഷേപിക്കപ്പെട്ടിരിക്കുകയാണിവർ
فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ (83

എന്നാൽ അത്(ജീവൻ)തൊണ്ടക്കുഴിയിൽ എത്തുമ്പോൾ
മരണം ആസന്നമാകുമ്പോൾ

وَأَنتُمْ حِينَئِذٍ تَنظُرُون (84

നിങ്ങളാവട്ടെ അന്നേരം നോക്കിനിൽക്കുന്നവരാകുന്നു

മരിക്കാൻ പോകുന്ന വ്യക്തിയുടെ ദയനീയ അവസ്ഥ നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു
وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَكِن لَّا تُبْصِرُونَ (85


നാമാവട്ടെ അവനോട് നിങ്ങളേക്കാൾ(അവന്റെ സ്ഥിതിഗതികൾ അറിയുന്നതിൽ)അടുത്തവനാണ് പക്ഷെ നിങ്ങൾ അത് അറിയുന്നില്ല
അവന്റെ അപ്പോഴത്തെ അവസ്ഥ നിങ്ങൾക്കറിയില്ല ഞാൻ അത് ശരിക്കും അറിയുന്നവനാണെന്ന് സാരം
فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ (86

അപ്പോൾ നിങ്ങൾ പ്രതിഫല നടപടിക്ക് വിധേയരാക്കപ്പെടാത്തവരാണെങ്കിൽ
മരണാനന്തരമുള്ള ജീവിതത്തെ നിങ്ങൾ നിഷേധിക്കുന്നത് സത്യമാണെങ്കിൽ എന്ന് സാരം


تَرْجِعُونَهَا إِن كُنتُمْ صَادِقِينَ (87

എന്ത് കൊണ്ട് ആജീവനെ (അതിന്റെ മുൻ സ്ഥാനങ്ങളിലേക്ക്)നിങ്ങൾ മടക്കുന്നില്ല?(മരണാനന്തര ജീവിതം നിഷേധിക്കുന്നതിൽ )നിങ്ങൾ സത്യവാദികളാണെങ്കിൽ
മരണാസന്നനായ ആളെ മരണത്തിൽ നിന്ന് രക്ഷിച്ച് ജീവിതത്തിലേക്ക് മടക്കാൻ എന്ത് കൊണ്ട് നിങ്ങൾക്കാവുന്നില്ല?

فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ (88

അപ്പോൾ അവൻ(മരണപ്പെടുന്നവൻ)അള്ളാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനാണെങ്കിൽ
മരണാസന്നനായ മനുഷ്യൻ നേരത്തെ പറഞ്ഞ മൂന്നിൽ ഒരു വിഭാഗത്തിൽ പെട്ടവനായിരിക്കുമല്ലൊ.ഒന്നുകിൽ ഏറ്റവും ശ്രേഷ്ടരായ അള്ളാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരായിരിക്കും

فَرَوْحٌ وَرَيْحَانٌ وَجَنَّةُ نَعِيمٍ (89


അവന് ആശ്വാസവും വിശിഷ്ട ആഹാരവും സുഖാനുഭൂതിയുടെ സ്വർഗവുമാണ് ലഭിക്കുക
മരണ ശേഷം അവനു യാതൊരു വിഷമവുമില്ലെന്ന് മാത്രമല്ല സുഖാനുഭൂതിയുടെ എല്ലാ മാർഗവും അള്ളാഹു അവർക്ക് ഒരുക്കി വെച്ചിട്ടുണ്ടെന്ന് സാരം ഇത് നേരത്തേ വിശദീകരിച്ചിട്ടുണ്ടല്ലൊ

وَأَمَّا إِن كَانَ مِنَ أَصْحَابِ الْيَمِينِ (90

ഇനി അവൻ വലതു പക്ഷക്കാരിൽ പെട്ടവനാണെങ്കിൽ



فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ (91

നീ വലതു പക്ഷക്കാരനായത് കൊണ്ട് നിനക്ക് സമാധാനം (എന്ന് അവനോട് പറയപ്പെടും)
ഇനി രണ്ടാം കക്ഷിയാണെങ്കിൽ അദ്ദേഹത്തിനും രക്ഷയാണുണ്ടാവുക.അവനു സമാധാനമുണ്ടെന്ന് അവനോട് തന്നെ ആശംസിക്കപ്പെടും

وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ (92

ഇനി അവൻ ദുർമാർഗികളായ കള്ളവാദികളിൽ പെട്ടവനായിരുന്നെങ്കിൽ



فَنُزُلٌ مِّنْ حَمِيمٍ (93

എന്നാൽ ചുട്ടു തിളക്കുന്ന വെള്ളം കൊണ്ടുള്ള സൽക്കാരവും



وَتَصْلِيَةُ جَحِيمٍ (94

ജ്വലിക്കുന്ന നരകത്തിന്റെ കരിക്കലും(ആയിരിക്കും അവനു ലഭിക്കുക)
മൂന്നാം വിഭാഗത്തിലാണ് പെട്ടതെങ്കിൽ അവനു ലഭിക്കുന്നത് കഠിന ശിക്ഷയായിരിക്കും എന്ന് ചുരുക്കം


إِنَّ هَذَا لَهُوَ حَقُّ الْيَقِينِ (95

നിശ്ചയം ഇതെല്ലാം ഉറപ്പായ സത്യം തന്നെയാണ്

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെല്ലാം നടക്കാൻ പോകുന്ന സത്യം തന്നെയാണെന്ന് അള്ളാഹു ആണയിട്ട് പറയുകയാണ്
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (96

അത് കൊണ്ട് തങ്ങളുടെ മഹാനായ നാഥന്റെ നാമത്തിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക
അതിനാൽ അള്ളാഹുവിന്റെ നാമത്തെ പ്രകീർത്തിച്ച് മോക്ഷം നേടാൻ ഉപദേശിച്ച് കൊണ്ട് ഈ അദ്ധ്യായം അവസാനിപ്പിച്ചിരിക്കുന്നു
അള്ളാഹു ആദ്യം പറഞ്ഞ രണ്ടിലൊരു വിഭാഗത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ