سورة الحديد
മദീനയിൽ അവതരിച്ചു :സൂക്തങ്ങൾ 29
ഹദീദ് : എന്നാൽ ഇരുമ്പ് എന്നാണ്.ഈ അദ്ധ്യായത്തിലെ ഇരുപത്തി അഞ്ചാം സൂക്തത്തിൽ ഇരുമ്പിനെ നാം പടച്ചു എന്ന് പറഞ്ഞതിൽ നിന്നാണ് ഈ നാമം ലഭിച്ചത്
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാ വാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞു അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَالأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ (1
ആകാശ ഭൂമികളിലുള്ളവയെല്ലാം ആള്ളാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു അവൻ പ്രതാപ ശാലിയും അഗാധജ്ഞനുമാണ്
വാക്ക്
കൊണ്ടോ പ്രവർത്തികൊണ്ടോ ബുദ്ധിയുള്ള വസ്തുക്കളിൽ നിന്നോ അല്ലാത്തവയിൽ
നിന്നോ ജീവികളിൽ നിന്നോ അല്ലാത്തവയിൽ നിന്നോ ഏത് തരത്തിലായാലും
സൃഷ്ടാവിന്റെ മഹത്വം പ്രകീർത്തനം ചെയ്യുക എന്ന അർത്ഥത്തിലാണ് ആകാശ
ഭൂമിയിലുള്ളവയെല്ലാം അള്ളാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുന്നു എന്ന് പറഞ്ഞത്
എല്ലാ വസ്തുക്കളും അള്ളാഹുവിന്റെ വിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്നുണ്ട്
എല്ലാ ന്യൂനതയിൽ നിന്നും അള്ളാഹു പരിശുദ്ധനാണെന്ന പ്രഖ്യാപനമാണ്
പരിശുദ്ധിയെ വാഴ്ത്തുക എന്നതിന്റെ സാരം.അള്ളാഹു സ്ഥലത്തിലേക്ക്
ആവശ്യമുണ്ടെന്ന് പറയുന്നതും അവനു പങ്കാളികളുണ്ടെന്ന് പറയുന്നതുമെല്ലാം
ന്യൂനതകളാണ് അതിൽ നിന്നെല്ലാം അള്ളാഹു പരിശുദ്ധനാണെന്ന് പ്രഖ്യാപിക്കലാണ്
തസ്ബീഹ്,
ഖുർആൻ ചിലയിടത്ത്
سَبَّحَ سَبَّحَ
سَبَّحَ سَبَّحَ
എന്ന് ഭൂതകാല ക്രിയയും ചിലയിടത്ത്
يسبح
എന്ന് ഭാവികാല
ക്രിയയുംപ്രയോഗിച്ചിട്ടുണ്ട്.എല്ലാ കാലത്തും അവന്റെ പരിശുദ്ധി
വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു എന്ന് അറിയിക്കുന്നതാണീ പ്രയോഗങ്ങൾ
لَهُ مُلْكُ السَّمَاوَاتِ وَالأَرْضِ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ(2
ആകാശ
ഭൂമികളുടെയെല്ലാം ആധിപത്യം അവന്നാകുന്നു അവൻ ജീവിപ്പിക്കുകയും
മരിപ്പിക്കുകയും ചെയ്യുന്നു അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു
സത്തയിലും വിശേഷണങ്ങളിലുമെല്ലാം
സ്വയം പര്യാപ്തനും മറ്റുള്ളവരെല്ലാം അവനിലേക്ക് ആശ്രയിക്കുകയും
ചെയ്യുന്നവനാണ് അള്ളാഹു.അത് കൊണ്ട് തന്നെ എല്ലാം അവന്റെ അധികാരത്തിലാണ്
.ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതും അവൻ തന്നെ അവൻ
ഉദ്ദേശിക്കുന്നതെന്തും നടപ്പാക്കാൻ അള്ളാഹു കഴിവുള്ളവനാകുന്നു
هُوَ الأَوَّلُ وَالآخِرُ وَالظَّاهِرُ وَالْبَاطِنُ وَهُوَ بِكُلِّ شَيْءٍ عَلِيمٌ (3
അവൻ ആദ്യനും അന്ത്യനും പ്രത്യക്ഷനും പരോക്ഷനുമായുള്ളവനാകുന്നു അവൻ എല്ലാ കാര്യത്തെക്കുറിച്ചും ഏറ്റവും അറിയുന്നവനുമാണ്
അള്ളാഹു ആദ്യനാണ് എന്ന് പറഞ്ഞതിനർത്ഥം അവന്റെ മുമ്പ് ഒന്നുമില്ലെന്നും അവന്ന് ഒരു ഇല്ലായ്മ ഉണ്ടായിട്ടില്ലെന്നുമാണ്
അവൻ അന്ത്യനാണെന്നതിന്റെ സാരം എല്ലാം നശിച്ചാലും അവനു നാശം വരാതെ ശേഷിക്കുന്നതാണ് എന്നാകുന്നു
അവൻ പ്രത്യക്ഷനാണെന്നതിന്റെ സാരം പ്രപഞ്ചമഖിലവും അവൻ ഉള്ളവനാണെന്നതിന്റെ സ്പഷ്ടമായ തെളിവാകുന്നു എന്നാണ്
അവൻ പരോക്ഷനാണെന്നതിന്റെ സാരം ഇവിടെ വെച്ച് നമ്മുടെ ദൃഷ്ടി കൊണ്ട് അവൻ കാണപ്പെടാത്തവനാണെന്നാണ്
هُوَ
الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ
اسْتَوَى عَلَى الْعَرْشِ يَعْلَمُ مَا يَلِجُ فِي الأَرْضِ وَمَا يَخْرُجُ
مِنْهَا وَمَا يَنزِلُ مِنَ السَّمَاء وَمَا يَعْرُجُ فِيهَا وَهُوَ
مَعَكُمْ أَيْنَ مَا كُنتُمْ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ(4
അവൻ ആകാശ ഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് എന്നിട്ട് അവൻ അർശിന്റെ മേൽ ആധിപത്യം നടത്തി ഭൂമിയിൽ കടക്കുന്നതും അതിൽ നിന്ന് പുറത്ത് വരുന്നതും ആകാശത്തിൽ നിന്ന് ഇറങ്ങുന്നതും അങ്ങോട്ട് കയറിപ്പോകുന്നതും അവൻ അറിയുന്നുണ്ട് നിങ്ങൾ എവിടെയാണെങ്കിലും അവൻ (അറിവ് കൊണ്ട്)നിങ്ങളൊന്നിച്ചുണ്ട് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അള്ളാഹു കണ്ടറിയുന്നവനാകുന്നു
ആറ് നാളുകൾ എന്നതിന്റെ വിവക്ഷ ആറു
നാളുകൾകൂടിയ സമയമെന്നാണ്.നമുക്ക് സുപരിചിതമായ ആറു ദിവസം എന്നാണ് ഉദ്ദേശ്യം
എന്നാണ് ഭൂരിപക്ഷാഭിപ്രായം,.ഇമാം ഖുർതുബി(റ)എഴുതുന്നു.അള്ളാഹുവിനു
വേണമെങ്കിൽ ഒരു സെക്കന്റ് കൊണ്ട് തന്നെ ഇവ പടക്കാമായിരുന്നു എന്നാൽ
കാര്യങ്ങൾ അവധാനതയോടെ ചെയ്യണമെന്ന് മനുഷ്യരെ
പഠിപ്പിക്കുകയാണുദ്ദേശ്യം.ഓരോദിവസത്തിനും ആയിരം കൊല്ലത്തെ ധൈർഘ്യമുള്ള
ദിവസങ്ങളാണുദ്ദേശ്യമെന്നും ഒരു അഭിപ്രായമുണ്ട്.
അർശ് എന്നാൽ ഭാഷയിൽ
സിംഹാസനമെന്നാണർത്ഥം.എല്ലാ ആകാശങ്ങളെയും വലയം ചെയ്തിരിക്കുന്ന അതി ഗംഭീരമായ
ഒരു വസ്തുവാണത് അതിനെ അള്ളാഹു തന്റെ പൂർണ്ണ നിയന്ത്രണത്തിൽ
ഒതുക്കിയിരിക്കുന്നുവെന്നാണിവിടെ ആധിപത്യം നടത്തി എന്ന് പറഞ്ഞത്
അള്ളാഹുവിന്റെ അപാരമായ കഴിവിനെയും നിസ്തുല്യമായ മഹത്വത്തെയും പ്രകടമാക്കാനാണിത് പറഞ്ഞത്
ആകാശ ഭൂമിയെ പടച്ചതും അർശിൽ
ആധിപത്യം നടത്തിയതും അവന്റെ ശക്തിയുടെ തെളിവായത് പോലെ ഭൂമിയിൽ കടക്കുന്നതും
അതിൽ നിന്ന് പുറത്ത് വരുന്നതും ആകാശത്തിൽ നിന്ന് ഇറങ്ങുന്നതും അങ്ങോട്ട്
കയറിപ്പോകുന്നതും അവൻ അറിയുന്നുണ്ട് എന്നത് അവന്റെ അറിവിന്റെ പൂർണ്ണത
തെളിയിക്കുന്നു
നിക്ഷേപങ്ങൾ,മരിച്ചു മറമാടപ്പെട്ടവർ,ദ്രവിച്ചു പോയവ,വറ്റിപ്പോയ ജലാംശങ്ങൾ,എന്നിങ്ങനെയുള്ളവയാണ് ഭൂമിയിൽ കടക്കുന്നവ കൊണ്ട് ഉദേശ്യം.
സസ്യങ്ങൾ ജീവികൾ ഉറവുകൾ തുടങ്ങി ഭൂമിക്കുള്ളിൽ നിന്ന് പുറത്ത് വരുന്നവയാണ് ഭൂമിയിൽ നിന്ന് പുറത്ത് വരുന്നവ കൊണ്ട് വിവക്ഷ.
മഴ മഞ്ഞ് കാറ്റ് ഇടി മലക്കുകൾ ദൈവ
കല്പനകൾ എന്നിവയൊക്കെ ആകാശത്ത് നിന്ന് ഇറങ്ങുന്നവയിൽ പെടുന്നുമനുഷ്യ
കർമ്മങ്ങൾ,ആത്മാക്കൾ ആവി.വാതകംതുടങ്ങിയതൊക്കെ ആകാശത്തേക്ക്
കയറിപ്പോകുന്നവയിൽ പെടുന്നു
നിങ്ങൾ എവിടെയാണെങ്കിലും അവൻ നിങ്ങളൊന്നിച്ചുണ്ട്
എന്നതിന്റെ ആശയം അള്ളാഹു നാം
എവിടെയാണെങ്കിലും നമ്മെ അറിയുന്നുണ്ടെന്നും നമ്മെ അവനാണ് സംരക്ഷിക്കുന്നത്
എന്നുമാണ്.അല്ലാതെ സ്ഥലം കൊണ്ടും ഭാഗം കൊണ്ടും നമ്മോടൊപ്പമാണ്
എന്നല്ല.കാരണം അള്ളാഹു സ്ഥലത്തിലേക്ക് ആവശ്യമാകുന്നവനേ അല്ല
لَهُ مُلْكُ السَّمَاوَاتِ وَالأَرْضِ وَإِلَى اللَّهِ تُرْجَعُ الأُمُورُ(5
ആകാശഭൂമികളുടെ ആധിപത്യം അവന്നാകുന്നു അള്ളാഹുവിലേക്ക് തന്നെയാണ് കാര്യങ്ങൾ മടക്കപ്പെടുന്നതും
ആകാശ ഭൂമികളുടെ ആധിപത്യമുള്ള അള്ളാഹുവിലേക്ക് കാര്യങ്ങൾ മടക്കപ്പെടുമെന്നത് പുനർജന്മം സ്ഥിരീകരിക്കുന്നുണ്ട്
يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَهُوَ عَلِيمٌ بِذَاتِ الصُّدُورِ (6
അവൻ രാത്രിയെ പകലിൽ കടത്തുന്നു പകലിനെ രാത്രിയിലും കടത്തുന്നു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അവൻ നല്ലവണ്ണം അറിയുന്നവനുമാകുന്നു
രാപ്പകൽ മാറി വരുന്ന
പ്രതിഭാസമാണല്ലോ ഈ മാറ്റം ഉണ്ടാക്കുന്നവൻ അള്ളാഹുവാണെന്നും നിങ്ങളുടെ
മനസ്സിലുള്ളത് അവൻ നന്നായി അറിയുന്നു എന്നും പലയിടത്തും ഖുർ ആൻ ഉണർത്തിയത്
ഇക്കാര്യം നാം കൂടുതൽ ചിന്തിക്കാനാണ്
آمِنُوا
بِاللَّهِ وَرَسُولِهِ وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ
فِيهِ فَالَّذِينَ آمَنُوا مِنكُمْ وَأَنفَقُوا لَهُمْ أَجْرٌ كَبِيرٌ (7
(ജനങ്ങളേ)
നിങ്ങൾ അള്ളാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും അവൻ ഏതൊന്നിൽ
നിങ്ങളെ പ്രാതിനിധ്യം നൽകപ്പെട്ടവരാക്കിയിരുന്നുവോ അതിൽ നിന്ന്
ചിലവഴിക്കുകയും ചെയ്യുക എന്നാൽ നിങ്ങളിൽ നിന്ന് ആര് വിശ്വസിക്കുകയും
ചിലവഴിക്കുകയും ചെയ്തിട്ടുണ്ടോ അവർക്ക് വലിയ പ്രതിഫലമുണ്ട്
അള്ളാഹുവിന്റെ ഏകത്വവും അവന്റെ
അപാരമായ ശക്തിയും അറിവും ഉണർത്തിയതിനു ശേഷം നമ്മോടുള്ള കല്പനകൾ അള്ളാഹു
പ്രഖ്യാപിക്കുകയാണ് .ആദ്യമായി അള്ളാഹുവിനെയും റസൂലിനെയും വിശ്വസിക്കണം
എന്നാണ് കല്പിക്കുന്നത്
രണ്ടാമതായി ധനം ചിലവഴിക്കണം
എന്ന് കൽപ്പിക്കുന്നു .ആ ധനം നാഥൻ നമ്മെ ഏൽപ്പിച്ചതാണ് അതിൽ നമ്മുടെ
കൈകാര്യം എങ്ങനെ എന്ന് അവൻ നിരീക്ഷിക്കുകയും ചെയ്യും ഈ വിശ്വാസവും
ചിലവഴിക്കലും നിർവഹിക്കുന്നവർക്ക് വലിയ പ്രതിഫലമുണ്ടെന്നാണ് അള്ളാഹു
തുടർന്ന് പറഞ്ഞത്
وَمَا
لَكُمْ لا تُؤْمِنُونَ بِاللَّهِ وَالرَّسُولُ يَدْعُوكُمْ لِتُؤْمِنُوا
بِرَبِّكُمْ وَقَدْ أَخَذَ مِيثَاقَكُمْ إِن كُنتُم مُّؤْمِنِينَ (8
നിങ്ങൾക്ക്
എന്ത് പറ്റി?നിങ്ങൾ അള്ളാഹുവിൽ വിശ്വസിക്കുന്നില്ല?റസൂലാകട്ടെ നാഥനിൽ
വിശ്വസിക്കാനായി നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്നു അള്ളാഹു നിങ്ങളുടെ
കരാർ വാങ്ങിയിട്ടുണ്ട് നിങ്ങൾ സത്യ വിശ്വാസികളാണെങ്കിൽ!
നിങ്ങൾക്ക് സത്യവിശ്വാസം
സ്വീകരിക്കുന്നതിനു എന്ത് തടസ്സമാണുള്ളത് എന്നാണ് അള്ളാഹു താക്കിതിന്റെ
സ്വരത്തിൽ ചോദിക്കുന്നത് അള്ളാഹുവിൽ വിശ്വസിക്കാൻ റസൂൽ(സ) ജനങ്ങളെ
ക്ഷണിക്കുന്നുണ്ട് അത്മീയ ലോകത്ത് വെച്ച് അള്ളാഹു എല്ലാവരോടും കരാർ
വാങ്ങുകയും
ചെയ്തിരിക്കുന്നു(എന്നിട്ടുമെന്തേ നിങ്ങൾക്ക് വിശ്വസിക്കാൻ തടസ്സമെന്ന ചോദ്യം വലിയ ഗൌരവമുള്ള ചോദ്യം തന്നെ!
هُوَ
الَّذِي يُنَزِّلُ عَلَى عَبْدِهِ آيَاتٍ بَيِّنَاتٍ لِيُخْرِجَكُم مِّنَ
الظُّلُمَاتِ إِلَى النُّورِ وَإِنَّ اللَّهَ بِكُمْ لَرَؤُوفٌ رَّحِيمٌ(9
അവൻ
തന്റെ അടിമയുടെ മേൽ വ്യക്തമായ പല ദൃഷ്ടാന്തങ്ങളും
ഇറക്കിക്കൊടുക്കുന്നവനാണ് ആ അടിമ നിങ്ങളെ ഇരുട്ടുകളിൽ നിന്ന്
പ്രകാശത്തിലേക്ക് കൊണ്ടു വരാൻ വേണ്ടി.നിശ്ചയമായും അള്ളാഹു നിങ്ങളെപ്പറ്റി
വളരെ കൃപയുള്ളവനും കരുണയുള്ളവനും തന്നെയാകുന്നു
വിശുദ്ധ ഖുർ ആനും പ്രവാചക
നിയോഗവും പ്രവാചകന്റെ അമാനിഷിക സിദ്ധികളുമാണ്ഇവിടെ ഉദ്ദേശ്യം
അവിശ്വാസത്തിന്റെ ഇരുട്ടിൽ നിന്ന് വിശ്വാസത്തിന്റെ പ്രകാശത്തിലേക്ക് കൊണ്ടു
വരാനാണിത് .അള്ളാഹുവിനു അടിമകളോടുള്ള കരുണയും ക്ര്പയും കൊണ്ടാണ് അള്ളാഹു
ഇത്രയും വ്യക്തമായി തെളിവുകൾ നൽകിയത്
وَمَا
لَكُمْ أَلاَّ تُنفِقُوا فِي سَبِيلِ اللَّهِ وَلِلَّهِ مِيرَاثُ
السَّمَاوَاتِ وَالأَرْضِ لا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ
الْفَتْحِ وَقَاتَلَ أُوْلَئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ
أَنفَقُوا مِن بَعْدُ وَقَاتَلُوا وَكُلا وَعَدَ اللَّهُ الْحُسْنَى
وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (10
അള്ളാഹുവിന്റെ
മാർഗത്തിൽ ചിലവഴിക്കാതിരിക്കുന്നതിനു എന്ത് ന്യായമാണ്
നിങ്ങൾക്കുള്ളത്?ആകാശ ഭൂമികളുടെ അനന്തരവകാശം
അള്ളാഹുവിന്നുള്ളതാണല്ലോ?(എന്നിട്ടും) നിങ്ങളിൽ നിന്ന് മക്കാ വിജയത്തിനു
മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവർ (അങ്ങനെ അല്ലാത്തവരോട്)
സമമാവുകയില്ല അവർ അതിനു ശേഷം ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും
ചെയ്തവരേക്കാൾ മികച്ച പദവിയുള്ളവരാകുന്നു എല്ലാവർക്കും അള്ളാഹു ഏറ്റവും
നല്ല പ്രതിഫലം വഗ്ദാനം ചെയ്തിട്ടുണ്ട് നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി
അള്ളാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു
ആദ്യം വിശ്വസിക്കാനും
ചിലവഴിക്കാനും കൽപ്പിച്ച ശേഷം വിശ്വാസത്തിന്റെ കല്പനയെ മുൻ സൂക്തത്തിൽ
അള്ളാഹു ശക്തിപ്പെടുത്തി വിശ്വസിക്കാതിരിക്കാൻ എന്ത് ന്യായമാണുള്ളതെ
ചോദ്യത്തിലൂടെ.
ഈ സൂക്തത്തിൽ ചിലവഴിക്കാനുള്ള
കല്പനയെ ശക്തിപ്പെടുത്തുകയാണ് ചിലവഴിക്കാതിരിക്കാൻ എന്ത് ന്യായമാണ്
നിങ്ങൾക്കുള്ളത് നിങ്ങളുടെ കയ്യിലുള്ള ധനം അടക്കം എല്ലാം
അള്ളാഹുവിനുള്ളതാണ് അതിൽ നിന്ന് തൽക്കാലം നിങ്ങളുടെ കയ്യിൽ അവൻ നൽകിയത്
അവന്റെ മാർഗത്തിൽ ചിലവഴിക്കാതിരിക്കാൻ നിങ്ങൾക്ക് ഒരു ന്യായവുമില്ല എന്ന്
ശക്തമായി ഉണർത്തുകയാണ്
ഇമാം റാസി(റ)എഴുതുന്നു.നമ്മുടെ
കയ്യിലുള്ള ധനം നമ്മുടെ കയ്യിൽ നിന്ന് പുറത്ത് പോകൽ അനിവാര്യമാണ് ഒന്നുകിൽ
നാം നല്ല വഴിക്ക് ചിലവഴിച്ച് കൊണ്ട്.അല്ലെങ്കിൽ നമ്മുടെ മരണം മുഖേന നമ്മുടെ
അനന്തരാവകാശികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ട്.നാം അള്ളാഹുവിന്റെ
മാർഗത്തിൽ ചിലവഴിച്ചാൽ അള്ളാഹുവിന്റെ അടുത്ത് നാം പ്രശംസാർഹരാവും.അതേ സമയം
നാഥന്റെ ബാദ്ധ്യത നിറവേറ്റാതെ നാം കൂട്ടിവെക്കുന്ന ധനത്തിന്റെ പേരിൽ നാം
ആക്ഷേപാർഹരുമാവും അപ്പോൾ ബുദ്ധിയുള്ള മനുഷ്യൻ തന്റെ കയ്യിൽ നിന്ന് കൈമാറ്റം
ചെയ്യപ്പെടുന്ന രീതി പ്രശംസാർഹമാവാനല്ലേ ശ്രമിക്കേണ്ടത് എന്നാണിതിന്റെ
സാരം
തുടർന്ന് മക്കാ വിജയത്തിനു
മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവർ മക്കാ വിജയത്തിനു ശേഷം
ചിലവഴിച്ചവരേക്കാൾ ശ്രേഷ്ഠരാണെന്ന് ഉണർത്തുന്നു
കാലത്ത് ചിലവഴിച്ച അബൂബക്കർ (റ)നെ
പോലുള്ളവരുടെ ശ്രേഷ്ടത ഈ സൂക്തം വ്യക്തമാക്കുന്നു യുദ്ധം ചെയ്ത അലി(റ)നെ
പോലുള്ളവരുടെ ശ്രേഷ്ടതയും ഈ സൂക്തം വ്യക്തമാക്കുന്നു ഇസ് ലാമിലേക്ക്
നേരത്തേ കടന്നു വന്നവർക്ക് പിൽക്കാലത്തുള്ളവരേക്കാൾ ലഭിക്കുന്ന മഹത്വവും ഈ
സൂക്തം അറിയിക്കുന്നു ശത്രുക്കൾക്ക് ശക്തി കൂടുകയും മുസ് ലിംകൾക്ക്
ബലഹീനതയും ഉണ്ടായിരുന്ന കാലമാണ് മക്കാ വിജയത്തിനു മുമ്പുള്ള
കാലഘട്ടം.അന്നാണ് ഏറ്റവും കൂടുതൽ സഹായം ആവശ്യമുണ്ടായിരുന്നത് അതിനാൽ
അന്നത്തെ സഹായത്തിനു മഹത്വം കൂടുതലുണ്ട് എന്റെ സഹാബികളെ നിങ്ങൾ ചീത്ത
പറയരുത് നിങ്ങളിലൊരാൾ ഉഹ് ദ് മലയോളം സ്വർണ്ണം ധർമ്മം ചെയ്താലും എന്റെ ഒരു
സഹാബിയുടെ ഒരു മുദ്ദി(600ഗ്രാം)നോളമോ അതിന്റെ പകുതിയോളമോ അത് വരില്ല എന്ന
ഹദീസ് സ്മര്യമാണ്(റാസി)
മക്കാ വിജയത്തിനു മുമ്പൊ ശേഷമോ
ഉള്ള എല്ലാവർക്കും അള്ളാഹു നല്ല പ്രതിഫലം അഥവാ സ്വർഗം വാഗ്ദാനം
ചെയ്തിരിക്കുന്നു സ്ഥാന വ്യത്യാസങ്ങളുണ്ടെങ്കിലും എന്നാണിവിടെ ഉണർത്തുന്നത്
അള്ളാഹു നിങ്ങളുടെ പ്രവർത്തനങ്ങളെ
സൂക്ഷ്മമായി അറിയുന്നു എന്ന പ്രയോഗം നാം ചെയ്യുന്ന ഒരു പ്രവർത്തനവും
വിസ്മ്ര്തിയിലാവുകയില്ലെന്നും നമ്മുടെ നിയ്യത്തിനനുസരിച്ച് പ്രതിഫലം
ലഭിക്കുമെന്നും അറിയിക്കുന്നുണ്ട്
مَن ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ وَلَهُ أَجْرٌ كَرِيمٌ (11
അള്ളാഹുവിനു നല്ല കടം നൽകുന്നവൻ ആരാണ്?എന്നാൽ അവന്ന് അത് അള്ളാഹു ഇരട്ടിപ്പിച്ച് കൊടുക്കുന്നതാണ് മാന്യമായ പ്രതിഫലവും അവന്നുണ്ടായിരിക്കും
അള്ളാഹുവിന്റെ മാർഗത്തിൽ
ചിലവഴിക്കുന്നതിനെയാണിവിടെ നല്ല കടം എന്നത് കൊണ്ട് ഉദ്ദേശ്യം.കടം നൽകിയാൽ
പകരം നൽകുന്നത് പോലെ ധർമ്മം ചെയ്യുന്നവർക്ക് അള്ളാഹു മഹത്തായ പ്രതിഫലം പകരം
നൽകുമെന്ന നിലക്ക്
ഇതിനെ കടത്തോട് സാമ്യപ്പെടുത്തി
പറഞ്ഞതാണ് ധർമ്മം കൊടുക്കുന്നത് നല്ലതാവാൻ വിവിധ നിബന്ധനകളുണ്ട് നല്ല
തൃപ്തിയോടെ നൽകുക,അള്ളാഹുവിന്റെ പൊരുത്തം ആഗ്രഹിക്കുക,ധർമ്മം
കൊടുക്കുന്നത് അനുവദനീയമായ ധനത്തിൽ നിന്നാവുക
അവന്റെ കയ്യിലുള്ള മാന്യമായതിൽ
നിന്നാവുക -ഏറ്റവും താഴ്ന്നതിൽ നിന്നാവരുത്-തനിക്ക് അതിനോട് ഇഷ്ടമുള്ള
അവസ്ഥയിൽ തന്നെ നൽകുക,ഏറ്റവും ആവശ്യമുള്ളതിലേക്ക് നൽകുക, രഹസ്യമായി
നൽകുക(പ്രശസ്തി ആഗ്രഹിക്കാതിരിക്കുക)കൊടുത്ത ശേഷം അത് എടുത്ത് പറഞ്ഞോ
അതിന്റെ പേരിൽ ധർമ്മം ലഭിച്ചവനെ ബുദ്ധിമുട്ടിച്ചോ അതിന്റെ പുറകിൽ
കൂടാതിരിക്കുക,എത്ര കൂടുതൽ കൊടുത്താലും അത് അല്പമായി കാണുക,നൽകുന്നവൻ
നൽകപ്പെടുന്നവനേക്കാൾ യോഗ്യനാണെന്ന് ധരിക്കാതിരിക്കുക എന്നിങ്ങനെയുള്ള
നിബന്ധനകൾ പാലിച്ചു കൊണ്ട് ധർമ്മം ചെയ്യുന്നതിനെയാണ് നല്ല കടം എന്ന്
വിശേഷിപ്പിച്ചിരിക്കുന്നത്(റാസി)
ഇരട്ടിപ്പിച്ച് നൽകുമെന്നത്
അള്ളാഹു അതിനു ഒരു പാട് പ്രതിഫലം നൽകുമെന്ന വാഗ്ദാനമാണ് പത്ത് മുതൽ
എഴുന്നൂറിരട്ടിയും അതിനപ്പുറവുമൊക്കെ നൽകുമെന്ന് പലയിടത്തും
വിശദീകരിക്കപ്പെട്ടിട്ടുണ്ട് അള്ളാഹു അവന്റെ പൊരുത്തവും പ്രതിഫലവും
ലഭിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ
يَوْمَ
تَرَى الْمُؤْمِنِينَ وَالْمُؤْمِنَاتِ يَسْعَى نُورُهُم بَيْنَ
أَيْدِيهِمْ وَبِأَيْمَانِهِم بُشْرَاكُمُ الْيَوْمَ جَنَّاتٌ تَجْرِي مِن
تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ذَلِكَ هُوَ الْفَوْزُ
الْعَظِيمُ(12
സത്യ
വിശ്വാസികളുടെയും സത്യ വിശ്വാസിനികളുടെയും പ്രകാശം അവരുടെ മുന്നിലൂടെയും
വലത് ഭാഗത്ത് കൂടെയും പാഞ്ഞു കൊണ്ടിരിക്കുന്നതായി തങ്ങൾ കാണുന്ന
ദിവസം(ഓർക്കുക) ഇന്ന് നിങ്ങൾക്ക് അനുമോദനം താഴ്ഭാഗങ്ങളിൽ കൂടി അരുവികൾ
ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളാണ് അതിൽ നിത്യ വാസികളായ നിലയിൽ (എന്ന്
അവരോട് പറയപ്പെടും)അത് തന്നെയാണ് മികച്ച വിജയം
പരലോകത്ത് സത്യവിശ്വാസികൾക്ക് ലഭിക്കുന്ന ഒരു അംഗീകാരമാണീ പ്രകാശം അവരുടെ നന്മയുടെ തോതനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകുന്നതാണ്.
ഇബ്നു മസ്ഊദ്(റ)പറഞ്ഞതായി ഇമാം
ഖുർത്വുബി(റ)റിപ്പോർട്ട് ചെയ്യുന്നു അവർക്ക് അവരുടെ കർമ്മങ്ങളുടെ
തോതനുസരിച്ച് പ്രകാശം നൽകപ്പെടും വിശാലമായി പ്രകാശം നൽകപ്പെടുന്നവർ
ആക്കൂട്ടത്തിലുണ്ട്.ഏറ്റവും കുറഞ്ഞ പ്രകാശം നൽകപ്പെടുന്നവൻ കാലിന്റെ തള്ള
വിരലിൽ മാത്രം പ്രകാശം നൽകപ്പെടുകയും അത് ചിലപ്പോൾ കത്തുകയും മറ്റു
ചിലപ്പോൾ കെട്ട് പോവുകയും ചെയ്യുന്നവനാണ്(ഖുർത്വുബി)
സത്യ വിശ്വാസികളുടെ മുഖം അന്ന്
വെളുക്കുമെന്നും അല്ലാത്തവരുടെത് അന്ന് കറുത്താണിരിക്കുക എന്നും ഖുർആൻ
പറഞ്ഞിട്ടുണ്ട്.വുളൂഇന്റെ അടയാളത്താൽ കൈകാലുകളും മുഖവും വെളുത്തവരേ എന്ന്
നബി(സ)യുടെ സമുദായം പരലോകത്ത് വിളിക്കപ്പെടുമെന്ന നബി ചചനവും ഇവിടെ
സ്മര്യമാണ് ഇന്ന് നിങ്ങൾക്കീ പ്രകാശം മാത്രമല്ല സ്വർഗ്ഗങ്ങളിലുള്ള താമസവും
ഉണ്ടാകുന്നതാണ് എന്നും അതാണ് ശരിയായ വിജയമെന്ന് അവരോട് പറയപ്പെടുന്നതുമാണ്.
يَوْمَ
يَقُولُ الْمُنَافِقُونَ وَالْمُنَافِقَاتُ لِلَّذِينَ آمَنُوا انظُرُونَا
نَقْتَبِسْ مِن نُّورِكُمْ قِيلَ ارْجِعُوا وَرَاءكُمْ فَالْتَمِسُوا
نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ
الرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ الْعَذَابُ(13
അതായത്
കപട വിശ്വാസികളും കപട വിശ്വാസിനികളും സത്യ വിശ്വാസികളോട് ഞങ്ങളെ നോക്കണേ
ഞങ്ങൾ നിങ്ങളുടെ പ്രകാശത്തിൽ നിന്ന് അല്പം പകർത്തിയെടുക്കട്ടെ എന്ന്
പറയുന്ന ദിവസം!അവരോട് പറയപ്പെടും നിങ്ങളുടെ പിന്നിലേക്ക് നിങ്ങൾ
മടങ്ങിയിട്ട് വല്ല പ്രകാശവും അന്വേഷിച്ച് കൊള്ളുക അപ്പോൾ അവർ രണ്ട്
കൂട്ടർക്കുമിടയിൽ ഒരു മതിൽ സ്ഥാപിക്കപ്പെടുന്നതാണ് അതിനു ഒരു
വാതിലുണ്ടായിരിക്കും അതിന്റെ ഉൾഭാഗത്ത് കാരുണ്യ(സ്വർഗ)മാണ് പുറഭാഗമാകട്ടെ
അതിന്റെ ഭാഗത്ത് കൂടെയാണ് ശിക്ഷ(നരകം)
സംഭ്രമജനകമായ മഹ്ശറിൽ വെച്ച്
വെളിച്ചം ലഭിക്കാതെ അന്ധാളിച്ച് കഷ്ടപ്പെടുന്ന കപട വിശ്വാസികൾ സത്യ
വിശ്വാസികളുടെ പ്രകാശം കാണുമ്പോൾ അവരോട് സഹായം തേടുന്നതും ഈ പ്രകാശം
നൽകാനാവില്ലെന്നും വേറെ മാർഗം വല്ലതും നോക്കൂ എന്നുള്ള മറുപടിയും ഇവിടെ
വിവരിച്ചിരിക്കുകയാണ്.കൂടുതൽ സംസാരത്തിനു അവസരം നഷ്ടപ്പെടുത്തും വിധം
അവർക്കിടയിൽ മതിൽ സ്ഥാപിക്കപ്പെടുന്നതാണ് അതിന്റെ ഉള്ളിലേക്ക് കടന്ന്
ചെന്നാൽ അളവറ്റ അനുഗ്രഹങ്ങളോട് കൂടിയ സ്വർഗവും സന്തോഷവുമായിരിക്കും
കാണുക.അതിന്റെ മറുവശത്ത് നരകവും സത്യനിഷേധികളും കപട വിശ്വാസികളുമായിരിക്കും
രണ്ടിനിമിടക്കുള്ള ഒരതിർത്തിയായിരിക്കും ഈ മതിൽ.
يُنَادُونَهُمْ
أَلَمْ نَكُن مَّعَكُمْ قَالُوا بَلَى وَلَكِنَّكُمْ فَتَنتُمْ
أَنفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ
حَتَّى جَاء أَمْرُ اللَّهِ وَغَرَّكُم بِاللَّهِ الْغَرُورُ(14
അവർ(കപടന്മാർ)അവരെ(സത്യ
വിശ്വാസികളെ) വിളിച്ച് ചോദിക്കും ഞങ്ങൾ(ഭൂമിയിൽ)നിങ്ങളോട്
കൂടെയായിരുന്നില്ലേ?അവർ പറയും.അതെ.പക്ഷെ നിങ്ങൾ സ്വന്തത്തെ തന്നെ
കുഴപ്പത്തിലാക്കി (സത്യ വിശ്വാസികൾക്ക് ആപത്ത് സംഭവിക്കുമെന്ന് )നിങ്ങൾ
പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയും (മതത്തിൽ)സംശയിക്കുകയും അള്ളാഹുവിന്റെ
കല്പന(മരണം)വന്നെത്തുന്നത് വരെ വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിച്ച് കളയുകയും
ചെയ്തു.അള്ളാഹുവിനെ സംബന്ധിച്ച് ആ വഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ച്
കളഞ്ഞു
പ്രകാശം നിഷേധിക്കപ്പെടുമ്പോഴുള്ള
ഇവരുടെ ദയനീയമായ ചോദ്യമാണ് ഭൂമിയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം
താമസിച്ചിരുന്നവരല്ലേ?ഞങ്ങൾക്കൊരു വിഷമം വരുമ്പോൾ നിങ്ങളെന്തേ ഞങ്ങളെ
സഹായിക്കാത്തത്?അതിനുള്ള മറുപടി വ്യക്തമാണ്.ഒന്നിച്ച് ജീവിച്ചിട്ടും ഞങ്ങൾ
തിരഞ്ഞെടുത്ത സത്യ മാർഗം തള്ളിക്കളയുകയും സത്യ വിശ്വാസം സ്വീകരിച്ച
ഞങ്ങൾക്ക് ആപത്ത് വരാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്തു.എന്നാൽ നിങ്ങളുടെ
അവഗണനയും പാരയും അവഗണിച്ച് നാഥന്റെ മാർഗം സ്വീകരിച്ചു ഇന്ന് ഞങ്ങൾക്ക്
ലഭിച്ച ഈ സൌഭാഗ്യം സത്യ വിശ്വാസത്തിന്റെ പ്രതിഫലമാണ് അത് സത്യ വിശ്വാസം
അവഗണിച്ചവർക്ക് അർഹതപ്പെട്ടതല്ല പിശാചിന്റെ ദുർബോധനത്തിനു വഴങ്ങിയ നിങ്ങൾ
മതത്തെ സംശയത്തോടെ വീക്ഷിക്കുകയായിരുന്നു എന്നതും നിങ്ങളുടെ പരാചയ കാരണമായി
എന്ന് അവരെ ഉണർത്തുകയാണ് സത്യ വിശ്വാസികൾ
فَالْيَوْمَ
لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ الَّذِينَ كَفَرُوا مَأْوَاكُمُ
النَّارُ هِيَ مَوْلَاكُمْ وَبِئْسَ الْمَصِيرُ(15
ഇനി
ഇന്ന് നിങ്ങളിൽ നിന്നാകട്ടെ സത്യ നിഷേധികളിൽ നിന്നാകട്ടെ യാതൊരു ദണ്ഡവും
സ്വീകരിക്കപ്പെടുന്നതല്ല നിങ്ങളുടെ വാസ സ്ഥലം നരകമാണ് അതാണ് നിങ്ങൾക്ക്
ഏറ്റവും യോചിച്ചത് ആ മടക്ക സ്ഥലം വളരെ ചീത്ത തന്നെ!
നേരത്തെ പറഞ്ഞ കാരണങ്ങളാൽ
നിങ്ങൾക്ക് ഇവിടെ രക്ഷപ്പെടാൻ ഒരു മാർഗവുമില്ലെന്നും നരകത്തിലെത്താനുള്ള
സകല യോഗ്യതകളും നിങ്ങളിൽ ഒത്തിട്ടുണ്ടെന്നും അത് വളരെ ചീത്തയായ
സങ്കേതമാണെന്നും സാരം
أَلَمْ
يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ
وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا
الْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ
وَكَثِيرٌ مِّنْهُمْ فَاسِقُونَ(16
അള്ളാഹുവിന്റെ
സ്മരണയിലേക്കും അവതരിച്ച സത്യത്തി(ഖുർആൻ)ലേക്കും തങ്ങളുടെ ഹൃദയങ്ങൾ
വിനയപ്പെട്ടു വരുവാൻ സത്യ വിശ്വാസികൾക്ക് സമയമായില്ലെയോ? മുമ്പ് വേദം
നൽകപ്പെട്ടവരെ പോലെ ഇവർ ആവാതിരിക്കാനും(സമയമായില്ലയോ?)എന്നിട്ട്
അവരിൽ(വേദക്കാരിൽ)കാലം ദീർഘിച്ചു അങ്ങനെ അവരുടെ ഹൃദയങ്ങൾ കടുത്തു പോയി
അവരിൽ മിക്കപേരും (തങ്ങളുടെ മതത്തിൽ നിന്ന്)പുറത്തുപോയവരാകുന്നു
മുസ്ലിംകൾ സഗൌരവം
ചിന്തിക്കേണ്ട ഒരു ചോദ്യമാണ് അള്ളാഹുവിന്റെ സ്മരണയിലേക്കും അവതരിച്ച
സത്യത്തി(ഖുർആൻ)ലേക്കും തങ്ങളുടെ ഹൃദയങ്ങൾ വിനയപ്പെട്ടു വരുവാൻ സത്യ
വിശ്വാസികൾക്ക് സമയമായില്ലെയോ?
എന്ന ചോദ്യം. സത്യ വിശ്വാസി തന്റെ
വിശ്വാസത്തിന്റെ ചൈതന്യംനില നിൽക്കും വിധത്തിൽ എപ്പോഴും
സജീവമായിരിക്കണം.ഒരിക്കലും തന്റെ മനസ്സിനു മാന്ദ്യത ഭാധിക്കരുതെന്ന
ഉണർത്തലാണിത് അള്ളാഹുവിന്റെ സ്മരണയിലും ഖുർ ആനിന്റെ കല്പനകളിലും എപ്പോഴും
നാം മുഴുകിയിരിക്കണമെന്ന് സാരം.ബാദ്ധ്യത മറന്ന മുൻ വേദക്കാരെ പോലെ നാം
ആയിക്കൂടാ എന്നതും പ്രധാനപ്പെട്ട ഉപദേശം തന്നെ.ആദ്യ കാലങ്ങളിൽ അവർ നന്നായി
ജീവിച്ചുവെങ്കിലും കാലാന്തരത്തിൽ അവരുടെ ഹ്ര്ദയങ്ങൾ ദുഷിച്ചു പോവുകയും
ദുഷ്ക്കർമ്മങ്ങളിൽ മുഴുകുകയും ചെയ്തു അവർ വേദഗ്രന്ഥങ്ങൾ മാറ്റിമറിച്ചു ഐഹിക
താല്പര്യങ്ങൾക്ക് വേണ്ടി നിയമങ്ങളിൽ ഭേദഗതി വരുത്തി.അവരുടെ താല്പര്യ
സംരക്ഷണത്തിനായി കള്ളക്കഥകളും പുത്തൻ സിദ്ധാന്തങ്ങളും ആവിഷ്ക്കരിച്ചു.
അള്ളാഹുവിനെ വിട്ട് അവരുടെ പുരോഹിതന്മാർക്ക് നിയമ നിർമ്മാണത്തിനുള്ള
സ്വതന്ത്രാവകാശം അവർ പതിച്ചു നൽകി .ഇതെല്ലാം മുൻ വേദക്കാരെ
നാശത്തിലെത്തിച്ചുവെങ്കിൽ നിങ്ങൾ ഒരിക്കലും അത്തരക്കാരാവരുതെന്നും
അള്ളാഹുവിന്റെ സ്മരണ തുടിക്കുന്ന മനസ്സും ഖുർആനിന്റെ ശരിയായ ആശയങ്ങളെ
പിന്തുണക്കുന്ന സ്വഭാവവും നില നിർത്തണം എന്നാണിവിടെ ഉണർത്തുന്നത്.എന്നാൽ
പൂർവ സൂരികൾ ശരിയായി മനസിലാക്കിയ ഖുർ ആനിക ആശയങ്ങളെ അവഗണിച്ച് തോന്നിയത്
പോലെ മതം പറയുന്നവർ തലപൊക്കുകയും അവരെ അനുസരിക്കുന്നിടത്തേക്ക് സമൂഹം
അധ:പതിക്കുകയും ചെയ്യുന്നത് വലിയ കഷ്ടം തന്നെ. ഈ സൂക്തം സത്യ
വിശ്വാസത്തിന്റെ അനിവാര്യതയിലേക്ക് പല മഹാന്മാർക്കും മാർഗ
ദർശനമായിട്ടുണ്ട്.
ഇമാം ഖുർത്വുബി(റ)എഴുതുന്നു
ഇബ്നുൽ മുബാറക്(റ)വും ഫുളൈലു ബ്നു ഇയാള്(റ)വുമൊക്കെ ആത്മീയ ഉന്നതിയിലേക്ക്
എത്താൻ കാരണം ഈ സൂക്തമാണ്. ഫുളൈൽ(റ)പിടിച്ച് പറിക്കാരനായി ജീവിച്ചു
കൊണ്ടിരിക്കെ ഒരു പെണ്ണുമായി ഇഷ്ടത്തിലാവുകയും അവൾക്ക് നൽകിയ ഉറപ്പിന്റെ
അടിസ്ഥാനത്തിൽ രാത്രി മതിൽ ചാടി അവളുടെ അടുത്തെത്താൻ ശ്രമിക്കുമ്പോൾ ഒരാൾ ഈ
സൂക്തം പാരായണം ചെയ്യുന്നത് അദ്ദേഹം കേൾക്കുകയും അത് മനസ്സിനെ
തട്ടിയുണർത്തിയപ്പോൾ പിന്നോട്ട് മാറി അള്ളാഹുവേ!എനിക്ക് നിന്നെ ഭയപ്പെടാൻ
സമയമായി എന്ന് പറഞ്ഞ് പാശ്ചാത്താപ മന:സ്ഥിതിയോടെ തിരിച്ചു പോന്നു.അങ്ങനെ
രാത്രി പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിൽ കഴിച്ചു കൂട്ടാമെന്ന് കരുതി ഒരു
മൂലയിൽ ചുരുണ്ട് കൂടിയപ്പോൾ തൊട്ടപ്പുറത്തിരുന്ന് ഒരു യാത്രാ സംഘം പരസ്പരം
സംസാരിക്കുന്നത് താൻ കേട്ടു.നമുക്ക് രാത്രി ഇവിടെ തന്നെ കൂടാം കാരണം വഴിയിൽ
ആ ഫുളൈൽ കൊള്ളക്കിറങ്ങിയിട്ടുണ്ടാവും എന്ന്! അപ്പോൾ ഫുളൈൽ(റ) ഞാൻ
രാത്രിയിൽ അള്ളാഹുവിനു ഇഷ്ടമില്ലാത്ത പണികൾ ചെയ്യുന്നു.അള്ളാഹുവിന്റെ
അടിമകൾ എന്നെ ഭയപ്പെടുന്നു.അള്ളാഹുവേ! ഞാൻ ഇപ്പോൾ തന്നെ നിന്നിലേക്ക്
പാശ്ചാത്തപിച്ച് മടങ്ങുന്നു എന്നും എല്ലാം ഉപേക്ഷിച്ച് നിന്റെ ഭവനമായ
കഅബയുടെ സഹവാസം ഞാൻ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു എന്ന് താൻ
പ്രഖ്യാപിച്ചു.(ഖുർത്വുബി)
അള്ളാഹുവിന്റെ സമയമായില്ലേ
നന്നാവാൻ എന്ന ഈ ചോദ്യം നമ്മുടെയൊക്ക കർണപുടങ്ങളിൽ അലയടിക്കട്ടെ.അതെ നാഥാ
എനിക്ക് നിന്നെ ഭയപ്പെട്ട് ജീവിക്കാൻ സമയമായി! എന്ന് പറയാൻ നമുക്കാവുകയും
ചെയ്യട്ടെ എന്ന് പ്രത്യാശിക്കുകയാണ്
اعْلَمُوا أَنَّ اللَّهَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا قَدْ بَيَّنَّا لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ(17
ഭൂമി
നിർജ്ജീവമായതിനു ശേഷം അള്ളാഹു അതിനെ ജീവിപ്പിക്കുക തന്നെ ചെയ്യുന്നുവെന്ന്
നിങ്ങൾ മനസ്സിലാക്കണം തീർച്ചയായും നിങ്ങൾക്ക് ചിന്തിച്ച് ഗ്രഹിക്കുവാൻ
വേണ്ടി നാം ദൃഷ്ടാന്തങ്ങൽ വ്യക്തമാക്കിത്തന്നിരിക്കുന്നു
ഉണങ്ങി വരണ്ട ഭൂമിയിൽ മഴ
വർഷിച്ചാൽ അത് പച്ച പിടിച്ച് ജീവസ്സുറ്റതാകുന്നത് നാം കാണുന്നുണ്ട്.അത്
പോലെ ദുഷിച്ചു മരവിച്ചു പോയ ഹ്ര്ദയങ്ങളിലേക്ക് അള്ളാഹുവിനെക്കുറിച്ചുള്ള
സ്മരണയും ഭയവും വന്നു കഴിഞ്ഞാൽ അതിനു ആത്മീയ ചൈതന്യമുണ്ടാകും അങ്ങനെ ആ
ഹ്ര്ദയം വിശ്വാസവും ഭക്തിയും നിറഞ്ഞതും തന്മൂലം നന്മകളെ
ഉൽപ്പാദിപ്പിക്കുന്നതുമായിരിക്കും.അതിനാവശ്യമായ ദൃഷ്ടാന്തങ്ങളാകുന്ന മഴ
അള്ളാഹു നമ്മിലേക്ക് വ്യക്തമാക്കിയിട്ടുണ്ടെന്ന് സാരം
إِنَّ الْمُصَّدِّقِينَ وَالْمُصَّدِّقَاتِ وَأَقْرَضُوا اللَّهَ قَرْضًا حَسَنًا يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ(18
നിശ്ചയമായും
ദാനധർമ്മം ചെയ്യുകയും അള്ളാഹുവിനു നല്ല കടം കൊടുക്കുകയും ചെയ്ത
പുരുഷന്മാർക്കും സ്ത്രീകൾക്കും (പ്രതിഫലം)ഇരട്ടിച്ചു നൽകപ്പെടുന്നതാണ്
അവർക്ക് മാന്യമായ പ്രതിഫലമുണ്ടായിരിക്കും
ധർമ്മം ചെയ്യുന്ന സ്ത്രീക്കും
പുരുഷനും അള്ളാഹു നൽകിയതിന്റെ ഇരട്ടികൾ പ്രതിഫലം നൽകും ഇത് ഇതേ
അദ്ധ്യായത്തിലെ പതിനൊന്നാം സൂക്തത്തിൽ വിശദീകരിച്ചത് ഓർക്കുമല്ലോ
وَالَّذِينَ
آمَنُوا بِاللَّهِ وَرُسُلِهِ أُوْلَئِكَ هُمُ الصِّدِّيقُونَ
وَالشُّهَدَاء عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ وَالَّذِينَ
كَفَرُوا وَكَذَّبُوا بِآيَاتِنَا أُوْلَئِكَ أَصْحَابُ الْجَحِيمِ(19
അള്ളാഹുവിലും
അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ അവർ തന്നെയാണ് തങ്ങളുടെ
രക്ഷിതാവിങ്കൽ സ്വിദ്ദീഖുകളും ശഹീദുകളും.തങ്ങളുടെ പ്രതിഫലവും പ്രകാശവും
അവർക്കുണ്ടായിരിക്കുന്നതാണ് സത്യത്തെ നിഷേധിക്കുകയും നമ്മുടെ ആയത്തുകളെ
വ്യാജമാക്കുകയും ചെയ്യുന്നവരാരോ അവർ നരകക്കാരാകുന്നു
സിദ്ദീഖ് എന്നാൽ സത്യ
വിശ്വാസത്തിലും സത്യ നിഷ്ഠയിലും അടിയുറച്ച അങ്ങേയറ്റത്തെ സത്യ സന്ധൻ
എന്നാണ്.ഇസ് ലാമിന്റെ രക്ഷക്കും നിലനിൽപ്പിനും വേണ്ടി സ്വജീവൻ
ബലിയർപ്പിച്ചവർ എന്നാണ് ശഹീദിന്റെ സാരം.സിദ്ദീഖിന്റെ സ്ഥാനം
വിശ്വാസത്തിന്റെ ശക്തിയിൽ നിന്നും ശഹീദിന്റെ സ്ഥാനം ത്യാഗത്തിന്റെ ശക്തിയിൽ
നിന്നും ഉടലെടുക്കുന്നു.പ്രവാചകന്മാരുടെ പദവി കഴിച്ചാൽ മനുഷ്യനു
എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഉന്നതമായ പദവിയാണ് ഈ പറഞ്ഞവ.പ്രവാചക പദവി
സ്വ പ്രയത്നം കൊണ്ട് ലഭിക്കുന്നതല്ല .അത് അള്ളാഹു പ്രത്യേകം
തിരഞ്ഞെടുത്തവർക്കേ ലഭിക്കൂ .എല്ലാ കേവല സത്യ വിശ്വാസികളും
സിദ്ദീഖുകളാണെന്നല്ല ഈ സൂക്തത്തിന്റെ ആശയം.പ്രത്യുത സത്യ വിശ്വാസത്തിന്റെ
താല്പര്യമനുസരിച്ച് ജീവിതത്തിൽ സത്യ സന്ധതയും സൂക്ഷ്മതയും
പാലിക്കുന്നവർക്കെ ആ സ്ഥാനം ലഭിക്കൂ സത്യ നിഷേധികൾ എന്ത് നല്ല പ്രവർത്തനം
നടത്തിയാലും അള്ളാഹുവിന്റെ അടുത്ത് ശിക്ഷാർഹരാണെന്ന് സൂക്തത്തിന്റെ അവസാനം
അറിയിക്കുന്നു
اعْلَمُوا
أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ
بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ
أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ
يَكُونُ حُطَامًا وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ
اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ
الْغُرُورِ(20
ഭൌതിക
ജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങൾ തമ്മിൽ ദുരമഭിമാനം നടിക്കലും
സ്വത്തുക്കളിലും സന്താനങ്ങളിലും പെരുമ കാണിക്കലും മാത്രമാകുന്നു എന്ന്
നിങ്ങൾ അറിഞ്ഞിരിക്കണം (അതിന്റെ ഉപമ)ഒരു മഴ പോലെയാണ് അതുമൂലം മുളച്ച സസ്യം
കർഷകരെ അത്ഭുതപ്പെടുത്തി.പിന്നീട് അത് ഉണങ്ങിപ്പോകുന്നു എന്നിട്ടതിനെ
മഞ്ഞനിറമുള്ളതായി നീ കാണും അനന്തരമത് തുരുമ്പിച്ച വൈക്കോലായിത്തീരുന്നു
പരലോകത്ത് കഠിന ശിക്ഷയും അള്ളാഹുവിങ്കൽ നിന്നുള്ള പാപ മോചനവും
സംതൃപ്തിയുമുണ്ട് ഐഹിക ജീവിതം വഞ്ചനയുടെ വിഭവങ്ങൾ മാത്രമാകുന്നു
ഐഹിക ജീവിതത്തിന്റെ ആകെത്തുകയും
അതിന്റെ യാഥാർത്ഥ്യവുമാണീ സൂക്തം.ഒരു വ്യാഖ്യാനത്തിനു ആവശ്യമില്ലാത്ത വിധം
വ്യക്തമാണിത്.ഭൂമിയിൽ മഴ വർഷിച്ച് സസ്യങ്ങൾ മുളച്ചു ഭൂമിയിൽ പച്ചപ്പട്ട്
വിരിച്ചു നിൽക്കുന്ന കൃഷികണ്ട് കർഷകർ ആനന്ദഭരിതനായി പിന്നീട് അത് മഞ്ഞ
നിറമാകുന്നു തുടർന്ന് അത് ഉണങ്ങി വൈക്കോലായി നുറുങ്ങിപ്പൊടിഞ്ഞു പോകുന്നു
ഇത് പോലെയാണ് ഐഹികജീവിതവും..നശ്വരവും ക്ഷണികവുമാണത്.എന്നാൽ കേവല ഭൌതിക
വാദികളല്ലാത്ത ചില ആളുകൾ തന്നെ ഐഹിക ജീവിതത്തെയും പാരത്രിക ജീവിതത്തെയും
ഒരേ അളവു കോൽ കൊണ്ട് അളക്കുന്നത് കാണാം.ചിലരുടെ പ്രസ്താവന കാണുമ്പോൾ
അള്ളാഹുവും റസൂലും മനുഷ്യന്റെ വിജയമായി കണക്കാക്കുന്നത് ഐഹികജീവിതത്തിന്റെ
വിജയം മാത്രമാണെന്നും തോന്നിപ്പോകും അങ്ങനെയുള്ളവർ ഈ സൂക്തവും ഇത്
പോലുള്ളതും തുറന്ന ഹൃദയത്തോടേ നോക്കേണ്ടതാണ് ഐഹിക വിഭവങ്ങളെല്ലാം
അവഗണിക്കണമെന്നോ വർജ്ജിക്കണമെന്നോ അല്ല ഈ പറഞ്ഞതിന്റെ സാരം.മറിച്ച് ഇവ
അള്ളാഹുവിന്റെ നിയമങ്ങൾക്കനുസരിച്ച് മാത്രം ഉപയോഗിക്കുകയും തന്റെ പരലോക
വിജയത്തിനു തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.ഐഹിക ജീവിതം കൊണ്ട്
വഞ്ചിതരാവാതിരിക്കുക, .എന്നാൽ നാഥന്റെ പാപമോചനവും സംതൃപ്തിയും
ലഭിക്കും.അല്ലാത്തവർക്ക് കഠിന ശിക്ഷയാവും ഫലം ഇമാം ഖുർത്വുബി(റ)എഴുതുന്നു.ഈ
സൂക്തവും മുൻ സൂക്തവും തമ്മിലുള്ള ബന്ധം മനുഷ്യൻ ചിലപ്പോൾ യുദ്ധം
ഒഴിവാക്കുന്നത് മരണത്തെ ഭയപ്പെട്ടാവും.എന്നാൽ ഭൌതിക ജീവിതം തികച്ചും
ക്ഷണികമാണ് എത്ര ശ്രമിച്ചാലും ഐഹിക ജീവിതത്തിനു പരിമിതിയുണ്ട് ഭൂമിയിൽ
നടക്കുന്ന ഭാവ മാറ്റങ്ങളും പരിണാമങ്ങളും ഈ ക്ഷണികതയെ
മനസിലാക്കിത്തരുന്നുണ്ടെന്നാണിത് സൂചിപ്പിക്കുന്നത് എന്നെന്നും നില
നിൽക്കുന്ന പരലോകത്തെ ക്ഷണികമായ ഐഹിക ജീവിതത്തിനു വേണ്ടി
നഷ്ടപ്പെടുത്തരുതെന്ന് സാരം.
سَابِقُوا
إِلَى مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاء
وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ذَلِكَ
فَضْلُ اللَّهِ يُؤْتِيهِ مَن يَشَاء وَاللَّهُ ذُو الْفَضْلِ الْعَظِيمِ(21
നിങ്ങളുടെ
രക്ഷിതാവിങ്കൽ നിന്നുള്ള പാപ മോചനത്തിലേക്കും ആകാശ ഭൂമികളുടേതിനോട്
തുല്യമായ വിശാലതയുള്ള സ്വർഗ്ഗത്തിലേക്കും നിങ്ങൾ മുൻ കടക്കുക അള്ളാഹുവിലും
അവന്റെ ദൂതന്മാരിലും വിശ്വസിച്ചവർക്കുവേണ്ടി അത്
തയ്യാറാക്കപ്പെട്ടിരിക്കുന്നു അത് അള്ളാഹുവിന്റെ ഔദാര്യമാണ്
താനുദ്ദേശിക്കുന്നവർക്ക് അത് അവൻ നൽകുന്നു അള്ളാഹു മഹത്തായ
ഔദാര്യമുള്ളവനാകുന്നു
പാരത്രിക ലോകം
ശാശ്വതമാണല്ലോ,അവിടെ അള്ളാഹു സംവിധാനിച്ച സ്വർഗത്തിലേക്കും
പാപമോചനത്തിലേക്കും ഓരോരുത്തരും ഞാൻ ഞാൻ എന്ന വാശിയോടെ ആവേശത്തോടെ
മുന്നോട്ട് വരണമെന്നും അള്ളാഹു കൽപ്പിക്കുകയാണ് സ്വർഗമെന്നത് കേവലമൊരു
കെട്ടിടമോ തോട്ടമോ അല്ല ആകാശ ഭൂമികണക്കെ പ്രവിശാലമായ ഒരു മഹാ ലോകമാണത് അത്
പക്ഷെ അള്ളാഹുവിനെയും റസൂലിനെയും അനുസരിച്ചു കൊണ്ടുള്ള ജീവിതം നയിച്ചവർക്കേ
ലഭിക്കൂ .അനുസരിച്ചവർക്ക് തന്നെ അത് ലഭിക്കുന്നത് അള്ളാഹുവിന്റെ
ഔദാര്യമാണ് നമ്മുടെ അവകാശമല്ല.
പാപ മോചനത്തിലേക്ക് നമ്മെ
എത്തിക്കുന്നതിനായി സൽക്കർമ്മങ്ങൾ സജീവമാക്കണമെന്നും പാശ്ചാത്താപം
പെട്ടെന്നാക്കണമെന്നുമെല്ലാം ഇതിന്റെ വ്യാഖ്യാനത്തിൽ പെടും
مَا
أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي
كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ(22
ഭൂമിയിലാകട്ടെ
നിങ്ങളുടെ ദേഹങ്ങളിലാകട്ടെ ഒരു ആപത്തും(അതിനെ നാം സൃഷ്ടിക്കുന്നതിനു
മുമ്പായിത്തന്നെ )ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടല്ലാതെ ബാധിക്കുകയില്ല
നിശ്ചയമായും അത് അള്ളാഹുവിനു എളുപ്പമുള്ളതാകുന്നു
ഒരു ആപത്തും എന്ന് പറഞ്ഞതിൽ
ചെറുതോ വലുതോ പൊതുവായതോ പ്രത്യേകമായതോ എന്ന വ്യത്യാസമില്ലാതെ എല്ലാം
ഉൾപ്പെടും.അത് ക്ഷാമം, വരൾച്ച,ദാരിദ്ര്യം മുതലായ ഭൂമിയിൽ ഉണ്ടാവുന്നതാവട്ടെ
രോഗം, മരണം മുതലായ ശരീരങ്ങളിൽ ബാധിക്കുന്നതാകട്ടെ അത് ഉണ്ടാവുന്നതിനു
മുമ്പേ തന്നെ അള്ളാഹു ഒരു അടിസ്ഥാന ഗ്രന്ഥത്തി (ലൌഹുൽ മഹ്ഫൂള്) ൽ
രേഖപ്പെടുത്തിയിട്ടുണ്ട് മഴ, ആരോഗ്യം, സന്താനം തുടങ്ങിയ അനുഗ്രഹങ്ങളുടെ
നിലയും ഇങ്ങനെ തന്നെ –അള്ളാഹു നേരത്തെ തീരുമാനിച്ചിട്ടുണ്ട്-ഇസ് ലാമിലെ
പ്രധാനപ്പെട്ട ഒരു വിശ്വാസമാണല്ലോ നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും
അള്ളാഹുവിന്റെ തീരുമാനമനുസരിച്ചാണെന്നത്.അത് സ്ഥിരപ്പെടുത്തുന്ന
സൂക്തമാണിത്.ഇത് അള്ളാഹുവിനു വളരെ എളുപ്പമാണ്
لِكَيْلَا تَأْسَوْا عَلَى مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُور(23
(അങ്ങനെ
രേഖപ്പെടുത്തിയത് അഥവാ ആ വിവരം നിങ്ങളെ അറിയിച്ചത്)നിങ്ങൾക്ക് ലഭിക്കാതെ
പോയതിൽ ദു:ഖിക്കാതിരിക്കാനും നിങ്ങൾക്കവൻ നൽകിയതിൽ
നിങ്ങൾ(അഹങ്കാരത്തിന്റെ)ആഹ്ലാദം കൊള്ളാതിരിക്കാനും വേണ്ടിയാണ്
അഹങ്കരിക്കുകയും അഭിമാനം നടിക്കുകയും ചെയ്യുന്ന ആരെയും അള്ളാഹു
ഇഷ്ടപ്പെടുന്നതല്ല
എല്ലാ കാര്യവും അള്ളാഹു മുൻ
കൂട്ടി തീരുമാനിക്കുകയും ആ വിവരം നമ്മെ അറിയിക്കുകയും ചെയ്തതിന്റെ
യുക്തിയാണ് ഇവിടെ വിശദീകരിക്കുന്നത് അതായത് നിങ്ങളുടെ നഷ്ടങ്ങളിൽ പരിധി
വിട്ട് ദു:ഖിക്കാതിരിക്കാനും ലഭിച്ച അനുഗ്രഹങ്ങളിലെ സന്തോഷം പരിധി വിട്ട്
അഹങ്കാരത്തിലെത്താതിരിക്കാനും ഇതെല്ലാം അള്ളാഹു തനിക്ക് കണക്കാക്കിയതാണെന്ന
അറിവ് നമ്മെ സഹായിക്കും.നഷ്ടത്തിൽ ക്ഷമയും അനുഗ്രഹത്തിനു നന്ദിയും
രേഖപ്പെടുത്തുന്നവനാവണം വിശ്വാസി.അഹങ്കാരവും ദുരഭിമാനവും അള്ളാഹു
ഇഷ്ടപ്പെടുകയില്ല ദു:ഖത്തിലും സന്തോഷത്തിലും അള്ളാഹു ഇഷ്ടപ്പെടാത്ത
പരിധിയിലേക്ക് പോകരുത് എന്ന് സാരം
الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ وَمَن يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ(24
അതായത്
പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാൻ ആളുകളോട് കൽപ്പിക്കുകയും
ചെയ്യുന്നവരെ (അല്ലാഹു ഇഷ്ടപ്പെടുന്നതല്ല) ആരെങ്കിലും തിരിഞ്ഞു പോകുന്ന
പക്ഷം നിശ്ചയമായും അള്ളാഹു നിരാശ്രയനും സ്തുത്യർഹനുമാകുന്നു
അഹങ്കാരികളുടെ ഒരു സ്വഭാവമാണ്
പിശുക്ക് കാണിക്കലും അത് മറ്റുള്ളവരോട് കൽപ്പിക്കലും.ഇവിടെ പറഞ്ഞ
പിശുക്കിൽധനം ചിലവഴിക്കുന്നതിലുള്ള പിശുക്കിനു പുറമേ അറിയാവുന്ന വിവരം
മറ്റുള്ളവരിൽ നിന്ന് മറച്ചു വെക്കുന്നതും ഉൾപ്പെടും.നബി(സ)യുടെ വിശേഷണങ്ങൾ
വേദക്കാരുടെ ഗ്രന്ഥത്തിലുണ്ടായിരുന്നത് അവർ ജനങ്ങളിൽ നിന്ന് മറച്ചു
വെച്ചതും ഈ പിശുക്കിന്റെ പരിധിയിൽ വരും അപ്പോൾ പിശുക്ക് കൊണ്ട് കൽപ്പിച്ചു
എന്നതിൽ അറിയാവുന്ന വിവരം മറച്ചു വെക്കണമെന്ന് അവർ മറ്റുള്ളവരോട്
കൽപ്പിച്ചു എന്നും അർത്ഥമുണ്ട്(ഖുർത്വുബി)
لَقَدْ
أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ
وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنزَلْنَا الْحَدِيدَ
فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن
يَنصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ(25
നിശ്ചയമായും
വ്യക്തമായ തെളിവുകളും കൊണ്ട് നമ്മുടെ റസൂലുകളെ നാം അയക്കുകയും ജനങ്ങൾ
നീതിയനുസരിച്ച് നിലകൊള്ളുവാനായി അവരിലേക്ക് ഗ്രന്ഥവും നീതിയും ഇറക്കുകയും
ചെയ്തു നാം ഇരുമ്പും സൃഷ്ടിച്ചിരിക്കുന്നു അതിൽ കഠിനമായ ആയോധന ശക്തിയും
ജനങ്ങൾക്ക് പല പ്രയോചനങ്ങളുമുണ്ട് അദൃശ്യനായ നിലയിൽ തന്നെയും തന്റെ
ദൂതന്മാരെയും സഹായിക്കുന്നവർ ആരാണെന്ന് അള്ളാഹു(പ്രത്യക്ഷത്തിൽ)അറിയുവാൻ
വേണ്ടിയാണ്(അത്) അള്ളാഹു ശക്തനും പ്രതാപശാലിയും തന്നെ
ജനങ്ങൾ ഇവിടെ സമാധാനത്തോടെ
ജീവിക്കാനും ഇരു ലോകത്തും വിജയം നേടുവാനും അള്ളാഹു സ്വീകരിച്ച
നടപടികളെക്കുറിച്ചാണ് ഈ വാക്യം ഉണർത്തുന്നത് അവൻ തന്റെ ദൂതന്മാരെ അമാനുഷിക
സിദ്ധികളും വ്യക്തമായ നിയമ സംഹിതകളും
അടക്കമുള്ള ലക്ഷ്യങ്ങൾ നൽകി
അയക്കുകയും ജനങ്ങൾ അനുവർത്തിക്കേണ്ട നടപടി ക്രമങ്ങൾ വിവരിക്കുന്ന നിയമ
വിധികളും അവർക്ക് നൽകി.ജനങ്ങൾ പരസ്പരം നീതിയോടും മര്യാദയോടും കൂടി
വർത്തിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു .എന്നാൽ ജനങ്ങൾ വ്യത്യസ്ഥ
സ്വഭാവക്കാരായിരിക്കുമല്ലോ ചിലർ സത്യം പുൽകാൻ തയാറാവുകയും നന്മയുടെ
പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യുമ്പോൾ മറ്റു ചിലർ ദുർമാർഗികളും
അക്രമികളുമായിരിക്കും സത്യമാർഗം ചൂണ്ടിക്കാണിക്കുന്നവരെ അക്രമിക്കാനും
തന്റെ അധർമ്മം സ്ഥാപിക്കാനും അത്തരക്കാർ ശ്രമിക്കും.ജനത്തിന്റെ സ്വൈര
ജീവിതം തകർക്കും വിധം കുഴപ്പമുണ്ടാക്കുന്ന ആ വിഭാഗത്തെ ബലപ്രയോഗത്തിലൂടെ
തന്നെ ചിലപ്പോൾ നേരിടേണ്ടി വരും അതിനായി ഭരണ കൂടം നിശ്ചയിക്കുന്ന
വ്യവസ്ഥകൾക്ക് വിധേയമായി ചിലപ്പോൾ ആയുധ സജ്ജീകരണം തന്നെ നടത്തേണ്ടീ വരും
.അതിനു അവശ്യം വേണ്ട സാധനമാണ് ഇരുമ്പ്.ആയുധ നിർമ്മാണം മാത്രമല്ല
ഇരുമ്പിന്റെ ഉപയോഗം സൂചി മുതൽ ചെറുതും വലുതുമായ നിരവധി നിത്യോപയോഗ
വസ്തുക്കൾക്കും ഇരുമ്പ് ആവശ്യം തന്നെ അതാണ് ഇരുമ്പിൽ ജനങ്ങൾക്ക് ഉപകാരങ്ങളുമുണ്ട് എന്ന് അള്ളാഹു പറഞ്ഞത് അദൃശ്യനായ അള്ളാഹുവിനെയും തന്റെ ദൂതന്മാരെയും ആരാണ് സഹായിക്കുന്നതെന്ന് വേർതിരിച്ച് അറിയാനുമാണീ സംവിധാനം
وَلَقَدْ
أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا
النُّبُوَّةَ وَالْكِتَابَ فَمِنْهُم مُّهْتَدٍ وَكَثِيرٌ مِّنْهُمْ
فَاسِقُونَ(26
നിശ്ചയമായും
നൂഹി(അ)നെയും ഇബ് റാഹീമി(അ)നെയും നാം അയച്ചു അവരിരുവരുടെയും സന്തതികളിൽ
പ്രവാചകത്വവും വേദവും നാം ഏർപ്പെടുത്തുകയും ചെയ്തു എന്നിട്ട് അവരിൽ
നേർമാർഗം പ്രാപിച്ചവരുണ്ട് അവരിൽ ധാരാളം ആളുകൾ ദുർനടപ്പുകാരാകുന്നു
നൂഹ്(അ)ന്റെ സന്താന പരമ്പരയിൽ
പെട്ടവരാണ് ഇബ്റാഹീം(അ)യും തന്റെ മുമ്പുണ്ടായിരുന്ന നബിമാരും .ഇബ്റാഹീം
നബിക്ക് ശേഷം വന്ന നബിമാരൊക്കെ തന്റെ സന്താനങ്ങളിൽ പെട്ടവരുമായിരുന്നു നാലു
വേദങ്ങൾ നൽകപ്പെട്ട നബിമാരും ഇബ്രാഹീം(അ)ന്റെ സന്താന പരമ്പരയിൽ
പെട്ടവരായിരുന്നു ആ രണ്ട് പ്രവാചക പിതാക്കൾക്ക് ശേഷം അനേകം പ്രവാചകന്മാർ
തുടരെത്തുടരെ വന്നു കൊണ്ടിരുന്നു ആ പ്രബോധനം സ്വീകരിച്ച് ധാരാളം ആളുകൾ
സന്മാർഗം സിദ്ധിച്ചത് പോലെത്തന്നെ അവരുടെ സന്തതികളിൽ അനേകമാളുകൾ
പ്രവാചകാദ്ധ്യാപനങ്ങൾ അവഗണിച്ച് ദുർമാർഗ്ഗത്തിൽ തന്നെ തുടരുകയുംചെയ്തു
ثُمَّ
قَفَّيْنَا عَلَى آثَارِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ
مَرْيَمَ وَآتَيْنَاهُ الْإِنجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ
اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا
كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاء رِضْوَانِ اللَّهِ فَمَا
رَعَوْهَا حَقَّ رِعَايَتِهَا فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ
أَجْرَهُمْ وَكَثِيرٌ مِّنْهُمْ فَاسِقُونَ(27
പിന്നീട്
അവരുടെ പുറകിലായി നമ്മുടെ ദൂതന്മാരെ നാം തുടർന്നയച്ചു മർ യമിന്റെ പുത്രൻ
ഈസാ(അ)നെയും നാം തുടർന്നയക്കുകയും തനിക്ക് ഇഞ്ചീൽ നൽകുകയും തന്നെ
പിൻപറ്റിയവരുടെ ഹൃദയങ്ങളില് കൃപയും കരുണയും ഏർപ്പെടുത്തുകയും ചെയ്തു ഒരു
തരം സന്യാസ ജീവിതം അവർ നൂതനമായി ഉണ്ടാക്കി നാം അവരോട് അത്
കൽപ്പിച്ചിരുന്നില്ല പക്ഷെ അള്ളാഹുവിന്റെ തൃപ്തി തേടേണ്ടതിനു വേണ്ടി(അവരത്
ചെയ്തു)എന്നാൽ അത് പാലിക്കേണ്ട മുറപ്രകാരം അവർ പാലിച്ചില്ല എന്നിട്ട്
അവരിൽ നിന്ന് സത്യവിശ്വാസം സ്വീകരിച്ചവർക്ക് അവരുടെ പ്രതിഫലം നാം നൽകി
അവരിൽ വളരെ പേർ ദുർനടപ്പുകാരാകുന്നു
പൂർവ പ്രവാചകരിൽ അവസാനത്തെ
നബിയാണല്ലോ ഈസാ(അ).ഈസാ നബിക്ക് അള്ളാഹു ഇഞ്ചീൽ എന്ന ഗ്രന്ഥം നൽകി.സാധു
സംരക്ഷണ തല്പരത, ദയ,പരസ്പര സഹായ മന:സ്ഥിതി എന്നിവയൊക്കെ തന്റെ അനുയായികളിൽ
അള്ളാഹു നൽകി .നിരന്തരം ഇത്തരം സൽഗുണങ്ങളെക്കുറിച്ച് ഈസാ(അ) ജനങ്ങളെ
ഉൽബോധിപ്പിച്ചിരുന്നു അതിനു തന്റെ അനുയായികളിൽ നല്ല സ്വീകാര്യത ലഭിച്ചു
എന്നാണിവിടെ ഉണർത്തുന്നത്.ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക ആകാശത്തിന്റെ അധിപൻ നിങ്ങൾക്ക് കരുണ ചെയ്യും
എന്ന നബി വചനം എത്ര അർത്ഥവത്താണ്.എന്നാൽ ഈസാ(അ)ന്റെ അനുയായികളൊരു
സന്യാസജീവിതം പുതുതായി ഉണ്ടാക്കി ഈസാ(അ)നു ശേഷം പല ധിക്കാരികളായ
രാജാക്കന്മാരും ദുർനടപ്പിൽ മുഴുകുകയും അത് പാടില്ലെന്നുണർത്തിയ അന്നത്തെ
സത്യ വിശ്വാസികളിൽ ധാരാളം പേരെ അവർ കൊന്നൊടുക്കുകയും ചെയ്തു.അപ്പോൾ ഇനി
നാട്ടിൽ ജീവിച്ചാൽ തങ്ങളുടെ വിശ്വാസം കൂടി തകർക്കപ്പെടുമെന്ന് കണ്ട സത്യ
വിശ്വാസികൾ നാടു വിട്ട് കാട്ടിൽ അഭയം തേടാനും സന്യാസ ജീവിതം നയിക്കാനും
തീരുമാനിച്ചു അവർ ഭൌതിക സുഖങ്ങൾ പറ്റേ ഉപേക്ഷിച്ചു വിവാഹം ഒഴിവാക്കി ചെറിയ
കുടിലുകളിൽ താമസമാക്കി ജനസമ്പർക്കത്തിൽ നിന്നു വിട്ടു നിന്നു ഈ വിധം
കുടുസ്സായ ജീവിതം അവർ സ്വീകരിക്കാൻ നിർബന്ധിക്കപ്പെട്ടു.എന്നാൽ ഇത് അള്ളാഹു
കൽപ്പിച്ചതായിരുന്നില്ല മറിച്ച് അള്ളാഹുവിന്റെ തൃപ്തി നേടാനായി അവർ സ്വയം
മിനഞ്ഞെടുത്തതായിരുന്നു എന്നാൽ നല്ല ഉദ്ദേശ്യത്തോടെ പൂർവീകർ കണ്ടെത്തിയ
സന്യാസത്തിന്റെ മഹത്വം കളഞ്ഞു കുളിക്കും വിധം പിൻ തലമുറ അതിന്റെ
അന്തസത്തക്ക് നിരക്കാത്ത മാറ്റങ്ങളുണ്ടാക്കി അതാണ് അതിനെ സൂക്ഷിക്കേണ്ട
പ്രകാരം അവർ സൂക്ഷിച്ചില്ലെന്ന് പറഞ്ഞത് അള്ളാഹുവിന്റെ തൃപ്തി ലഭിക്കാനായി
അവന്റെ കല്പനകളെ പിന്തുടരാനായിരുന്നു അവരോട് അള്ളാഹു
കൽപ്പിച്ചിരുന്നത്.എന്നാലീ കല്പനകളെ കാണേണ്ടത് പോലെ അവർ കണ്ടില്ല.എന്നാൽ
ഇതിനപവാദമായി അള്ളാഹുവിലുള്ള വിശ്വാസം ഉറപ്പിച്ചവർക്ക് അള്ളാഹു മഹത്തായ
പ്രതിഫലം നൽകും എന്ന് അള്ളാഹു ഉണർത്തുകയും പക്ഷെ കൂടുതൽ പേരും
ദുർനടപ്പുകാരായി മാറി എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു
يَا
أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَآمِنُوا بِرَسُولِهِ
يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِ وَيَجْعَل لَّكُمْ نُورًا تَمْشُونَ
بِهِ وَيَغْفِرْ لَكُمْ وَاللَّهُ غَفُورٌ رَّحِيمٌ(28
സത്യ
വിശ്വാസികളേ! നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുകയും അവന്റെ റസൂലിൽ
വിശ്വസിക്കുകയും ചെയ്യുക എന്നാൽ തന്റെ കാരുണ്യത്തിൽ നിന്ന് രണ്ട് ഓഹരി അവൻ
നിങ്ങൾക്ക് നൽകുന്നതാണ് നിങ്ങൾക്ക് അതിൽ കൂടി നടക്കുവാനുള്ള ഒരു പ്രകാശം
അവൻ ഏർപ്പെടുത്തിത്തരികയും നിങ്ങളുടെ പാപം പൊറുക്കുകയും ചെയ്യും അള്ളാഹു
വളരെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു
വേദക്കാരിൽ നിന്ന് അതിരു കവിയാതെ
തങ്ങളുടെ പ്രവാചക നിർദ്ദേശങ്ങൾ പിന്തുടർന്ന സത്യവിശ്വാസികളെ സംബോധന ചെയ്തു
കൊണ്ടാണ് ഈ പറയുന്നത്.അവർ നബി(സ) വന്നപ്പോൾ തങ്ങളെക്കൊണ്ട് കൂടി
വിശ്വസിച്ചാൽ രണ്ട് പ്രതിഫലം ലഭിക്കുമെന്നും പ്രകാശം അഥവാ മാർഗ ദർശനം
സിദ്ധിക്കുമെന്നും പാപങ്ങൾ പൊറുക്കുമെന്നും അള്ളാഹു വാഗ്ദാനം
ചെയ്തുവെന്നാണിവിടെ സൂചിപ്പിക്കുന്നത്
لِئَلَّا
يَعْلَمَ أَهْلُ الْكِتَابِ أَلَّا يَقْدِرُونَ عَلَى شَيْءٍ مِّن فَضْلِ
اللَّهِ وَأَنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَن يَشَاء وَاللَّهُ
ذُو الْفَضْلِ الْعَظِيمِ(29
തങ്ങൾക്ക്
അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് യാതൊന്നും കരസ്ഥമാക്കുവാൻ
കഴിയുന്നതല്ലെന്നും അനുഗ്രഹം അള്ളാഹുവിന്റെ പക്കൽ നിന്നു
തന്നെയാണ്-താനുദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു-എന്നും വേദക്കാർ
അറിയുന്നതിനു വേണ്ടിയാണ് (ഇക്കാര്യം വ്യക്തമാക്കുന്നത്) അള്ളാഹു മഹത്തായ
അനുഗ്രഹമുള്ളവനാകുന്നു
തങ്ങളുടെ പ്രവാചകന്മാർ മാത്രമേ
സത്യ സന്ധരായിട്ടുള്ളൂ തങ്ങളുടെ മാർഗമേ ശരിയുള്ളൂ തങ്ങൾക്ക് മാത്രമാണ്
സ്വർഗം എന്നിങ്ങനെ വിശ്വസിച്ചിരുന്ന വേദക്കാർക്കുള്ള ഖണ്ഡനമാണീ സൂക്തം
അതായത് പ്രവാചകത്വം നൽകുക എന്നത് അള്ളാഹുവിന്റെ അനുഗ്രഹമാണ്
താനുദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകും വേദക്കാർക്ക് അത് കരസ്ഥമാക്കി
അവരിഷ്ടപ്പെടുന്നവർക്ക് കൊടുക്കുവാൻ ഒട്ടുംസാദ്ധ്യമല്ല ഈ കാര്യം അവർ
അറിഞ്ഞിരിക്കേണ്ടതിനാണ് ഇരട്ടിച്ച പ്രതിഫലം കിട്ടാനും മറ്റും അള്ളാഹുവിനെ
സൂക്ഷിക്കുകയുംനബി(സ)യിൽ വിശ്വസിക്കുകയും ചെയ്യണമെന്ന തത്വം വേദക്കാരെ
അള്ളാഹു അറിയിച്ചത്
സത്യമുൾക്കൊണ്ട് ജീവിക്കാനും അതിലായി മരിക്കാനും നാഥൻ നമ്മെ തുണക്കട്ടെ ആമീൻ