ഉഖ്ബത് ബ്നു അബീ ഉഐഥിന്റെ അടിമയായിരുന്നു ആദ്യം അബ്ദുല്ലാഹിബ്നു മസ്ഊദ് (റ). മക്കയിലെ മലഞ്ചരുവുകളില്‍ ആടിനെ മേക്കലായിരുന്നു അന്ന് അദ്ദേഹത്തിന്റെ ജോലി. ഒരിക്കല്‍ അങ്ങനെയിരിക്കെ പ്രവാചകരും അബൂബക്ര് (റ) വും ആ വഴിക്കുവന്നു. അവര്‍ക്ക് ദാഹിക്കുന്നുണ്ടായിരുന്നു. ആടുകളെ കണ്ടപ്പോള്‍ പാലുണ്ടോ എന്ന് പ്രവാചകന് അന്വേഷിച്ചു. നല്ലപോലെ പാല് ചുരത്തുന്ന ഒരാടും കൂട്ടത്തിലുണ്ടായിരുന്നില്ല. അബ്ദുല്ല ഒരാടിനെ പ്രവാചകരുടെ മുമ്പിലെത്തിച്ചു. പ്രവാചകന് അതിന്റെ എന്തോ ഉരുവിട്ടുകൊണ്ട് അകിട് തടവേണ്ട താമസം അതില്‍ പാല് നിറഞ്ഞുവന്നു. പ്രവചകനും അബൂബക്ര് (റ) വും ദാഹം തീരുവോളം കുടിച്ചു. ഇതു കണ്ട അബ്ദുല്ലക്ക് അല്‍ഭുതമായി. നിങ്ങള്‍ മൊഴിഞ്ഞ മന്ത്രം എനിക്കും പഠിപ്പിച്ചുതരണമെന്ന് അദ്ദേഹം പ്രവാചകനോട് ആവശ്യപ്പെട്ടു. പ്രവാചകന് അദ്ദേഹത്തിന്റെ തലയും നെഞ്ചും തടവി. തിരിച്ചു പോയി (ഹാകിം). ഈ സംഭവത്തിനു ശേഷം അബ്ദുല്ലാക്ക് സമാധാനമുണ്ടായില്ല. അദ്ദേഹം ആടുകളെ യജമാനനെ ഏല്പിക്കുകയും മക്കയില്‍പോയി ഇങ്ങനെ ഒരാളെ അന്വേഷിക്കുകയും ചെയ്തു. അത് പ്രവാചകനായിരുന്നുവെന്ന കാര്യം അപ്പോഴാണ് അറിയുന്നത്. അവിടെവെച്ചുകൊണ്ടുതന്നെ പ്രവാചകരില്‍ വിശ്വസിക്കുകയും മുസ്ലിമാവുകയും ചെയ്തു. ഇതോടെ അദ്ദേഹം പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.
ഇസ്ലാമിക പ്രബോധനത്തില്‍ അതീവ തല്പരനും ഈ മേഖലയില്‍ ഏതു ത്യാഗം സഹിക്കാനും സന്നദ്ധനുമായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ). ഒരിക്കല്‍ സ്വഹാബികളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍, ആര് കഅബാലയത്തിനടുത്തുപോയി വിശുദ്ധ ഖുര്‍ആന്‍ പരസ്യമായി പാരായണം ചെയ്യുമെന്ന ഒരു ചര്‍ച്ച വന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) എഴുന്നേറ്റുനിന്ന് താനതിന് തയ്യാറാണെന്നു പറഞ്ഞു. താങ്കള്‍ക്ക് സംരക്ഷണം നല്കാന് അവിടെ കുടുംബക്കാരില്ലെന്നു പറഞ്ഞ് പലരും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും എന്നെ അല്ലാഹു സംരക്ഷിക്കുമെന്നു പറഞ്ഞ് അദ്ദേഹം പുറപ്പെടുകയായിരുന്നു. കഅബാലയത്തിനടുത്തെത്തി ഖുര്‍ആന്‍ പാരായണം തുടങ്ങേണ്ടതും ശത്രുക്കള്‍ രംഗത്തുവരികയും അദ്ദേഹത്തെ മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. മുസ്ലിംകള്ക്കടുത്ത് തിരിച്ചെത്തിയ അദ്ദേഹത്തോട് തങ്ങള്‍ നേരത്തെ പറഞ്ഞ കാര്യം അവര്‍ ഓര്‍മിപ്പിച്ചു. ഇന്ന് അല്ലാഹുവിന്റെ ശത്രുക്കള്‍ എനിക്ക് വിഷയമല്ലെന്നും നാളെ ഒരിക്കലൂടെ ഇതുപോലെ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ അതിനും തയ്യാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യം അബ്സീനിയയിലേക്കും പിന്നീട് മദീനയിലേക്കും ഹിജ്റ പോയവരുടെ കൂട്ടത്തില്‍ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വുമുണ്ടായിരുന്നു. മദീനയില്‍ അദ്ദേഹത്തിനും സുബൈര്‍ ബ്നുല്‍ അവ്വാം (റ) നുമിടയില്‍ പ്രവാചകന് ചെങ്ങാത്തം സ്ഥാപിച്ചു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നയിക്കാന്‍ വലിയ താല്പര്യമായിരുന്നു അദ്ദേഹത്തിന്. പ്രവാചകരോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബദര്‍ യുദ്ധത്തില്‍ അബൂ ജഹലിന്റെ കഥ കഴിച്ച അദ്ദേഹം പ്രവാചകനടുത്തുവെന്ന് സന്തോഷം പ്രകടിപ്പിച്ചു. പ്രത്യുപകാരമായി അബൂജഹലിന്റെ വാള് അദ്ദേഹത്തിനു നല്കി പ്രവാചകന് സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
വളരെ മനോഹരമായി ഖുര്‍ആന്‍ പാരായണം നടത്താന്‍ കഴിവുള്ള ആളായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ). മധുരതരമായ ശബ്ദത്തിനുടമയായിരുന്ന അദ്ദേഹത്തില്‍നിന്നും ഖുര്‍ആന്‍ ശ്രവിക്കാന്‍ പ്രവാചകന് ഇഷ്ടപ്പെട്ടിരുന്നു. ഖുര്‍ആന്‍ അവതരിച്ചപോലെ നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍ ഇബ്നു മസ്ഊദില്നിന്നും ശ്രവിക്കുകയെന്ന് പ്രവാചകനൊരിക്കല്‍ പറയുകയുണ്ടായി. മറ്റൊരിക്കല്‍, ഖുര്ആനില്നിന്നുമല്പം ഓതിക്കേള്പിക്കുകയെന്ന് പ്രവാചകന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഖുര്‍ആന്‍ അങ്ങയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടിരിക്കെ ഞാനത് ഓതിത്തരുകയോ എന്ന് അദ്ദേഹം ചോദിച്ചു. ഖുര്‍ആന്‍ ഓതിക്കേള്‍ക്കലിനെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. തുടര്‍ന്ന് സൂറത്തു നിസാഇന്റെ ആദ്യ ഭാഗം അദ്ദേഹം ഓതാന്‍ തുടങ്ങി. സാക്ഷിയാകുന്നതിനെക്കുറിച്ച് പറയുന്ന പതിനാലാം സൂക്തമെത്തിയപ്പോള്‍ പ്രവാചകരുടെ നയനങ്ങള്‍ നനഞ്ഞുപോയി (ബുഖാരി).
വിശുദ്ധ ഖുര്‍ആനില്‍ അഗാധ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്. പ്രവാചകാധരങ്ങളില്നിന്നും എഴുപത് സൂറത്തുകള്‍ നേരിട്ടു പഠിച്ച അദ്ദേഹത്തിന് ഖുര്‍ആനിലെ ഏതൊരു സൂക്തവും എവിടെവെച്ച് അവതരിച്ചുവെന്നും എന്തിനുവേണ്ടി അവതരിച്ചുവെന്നും വളരെ വ്യക്തമായി അറിയാമായിരുന്നു. പ്രവാചകാനുയായികളില് ഖുര്‍ആനുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ അറിവുള്ളത് തനിക്കാണെന്ന് അദ്ദേഹംതന്നെ ഒരിക്കല്‍ പറയുകയുണ്ടായി.
സദാ പ്രവാചകരോടൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെട്ട അദ്ദേഹം ഒരു സേവകനെപ്പോലെ എന്നും അവരോടൊപ്പം ഉണ്ടാകുമായിരുന്നു. ചെരിപ്പുകള്‍ എടുത്തുകൊടുത്തും കുളിക്കാന്‍ മറ പിടിച്ചും യാത്രയില്‍ കൂടെ നടന്നും അദ്ദേഹം പ്രവാചകരെ അനുഗമിച്ചു. അതുകൊണ്ടുതന്നെ, പ്രവാചകന് അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുകയും സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
കാലിന് മെലിച്ചില്‍ ബാധിച്ച ആളായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ). ഒരിക്കല്‍ പ്രവാചകന് അദ്ദേഹത്തോട് മരത്തില്‍ കയറി ഒരു സാധനം പറിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സ്വഹാബികള്‍ അദ്ദേഹത്തിന്റെ കാല് കണ്ട് ചിരിക്കാന്‍ തുടങ്ങി. ഇതുകണ്ട പ്രവാചകന് ചോദിച്ചു: അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ കാലു കണ്ടാണോ നിങ്ങള്‍ ചിരിക്കുന്നത്. എന്നാല്‍, അന്ത്യദിനം മീസാനില്‍ അത് ഉഹ്ദ് പര്‍വതത്തെക്കാള്‍ ഭാരം തൂങ്ങുന്നതാണ് (അഹ്മദ്).
ഉമര്‍ (റ) വിന്റെ ഭരണ കാലം. അമ്മാര്‍ (റ) കൂഫയിലെ ഗവര്‍ണറായും അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ജനങ്ങളുടെ മതകാര്യങ്ങളില്‍ നേതൃത്വം നല്കുന്ന പണ്ഡിതനായും നിയമിക്കപ്പെട്ടു. അടുത്ത ഹജ്ജ് കാലം വന്നപ്പോള്‍ ഒരാള്‍ ഖലീഫക്കടുത്തുവന്ന് പരാധി പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, ഞാന്‍ വരുന്നത് കൂഫയില്‍നിന്നാണ്. സ്വന്തം ഹൃദയത്തില്‍നിന്നും ഖുര്‍ആന്‍ സംസാരിക്കുന്ന ഒരാളുണ്ട് അവിടെ. ‘ആരാണത്?’ ഖലീഫ തിരക്കി. ‘അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)’; അയാള്‍ പ്രതികരിച്ചു. ഉമര്‍ (റ) വിന് കാര്യം മനസ്സിലായി. ഖുര്‍ആന്റെ വിഷയത്തില്‍ അങ്ങനെ സംസാരിക്കാന്‍ കഴിവുള്ള ഒരാള്‍ തന്നെയാണ് അദ്ദേഹം; ഖലീഫ മറുപടി നല്കി.
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിന് മരണ രോഗമാസന്നമായ സമയം. അന്നത്തെ ഖലീഫ ഉസ്മാന് (റ) അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. അങ്ങയെ ചികിത്സിക്കാന്‍ ഒരു ഡോക്ടറെ തരപ്പെടുത്തട്ടെയെന്നു ചോദിച്ചു. ഡോക്ടര്‍ തന്നെയാണ് എനിക്ക് രോഗം നല്‍കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് അദ്ദേഹത്തിന് ഒമ്പത് പെണ്‍കുട്ടികളുണ്ടായിരുന്നു. ഇതുകണ്ട ഖലീഫ അവര്‍ക്ക് ബൈത്തുല്‍ മാലില്‍നിന്നും പണം അനുവദിക്കണോ എന്നന്വേഷിച്ചു. വേണ്ട, ഞാന്‍ അവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശേഷം അദ്ദേഹം പറഞ്ഞു; ആരെങ്കിലും സൂറത്തുല്‍ വാഖിഅ ഓതിയാല്‍ അവന് ദാരിദ്ര്യം എത്തുകയില്ലെന്ന് പ്രവാചകന് പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്.
പരിത്യാഗിയും ഭക്തനും ആബിദുമായിരുന്ന അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ഹിജ്റ 32 ല്‍ ലോകത്തോട് വിട പറഞ്ഞു. അന്നു അദ്ദേഹത്തിന് 60 വയസ്സ് കഴിഞ്ഞിരുന്നു. ജന്നത്തുല്‍ ബഖീഇല്‍ അന്ത്യവിശ്രമംകൊള്ളുന്നു. പ്രവാചകരില്‍നിന്നും അനവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാളം സ്വഹാബികളും ഥാബിഉകളും അദ്ദേഹത്തില്‍നിന്നും ഹദീസുകള്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.