ജിന്നുകൾ മനുഷ്യനെ സേവിക്കുമോ? അതിനവർക്കു കഴിയുമോ? എന്നത് ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ട്. അവരുടെ സേവനം മനുഷ്യർക്കു സ്വീകരിക്കാൻ കഴിയുമോയെന്നും കഴിയുമെങ്കിൽ തന്നെ അതു ലഭ്യമാക്കാനെന്താണു മാർഗ്ഗമെന്നും പ്രമാണങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ടതുണ്ട്.
ജിന്നുകളെന്നത് മനുഷ്യരുടെ സഹോദര വർഗ്ഗമായി അല്ലാഹു സൃഷ്ടിച്ച ഒരു വിഭാഗമാണ്. മനുഷ്യ സൃഷ്ടിപ്പ് പ്രധാനമായും മണ്ണിൽ നിന്നാണു നടന്നിട്ടുള്ളതെങ്കിൽ ജിന്നിന്റെ സൃഷ്ടിപ്പ് തീയിൽ നിന്നാണ്. അല്ലാഹു പ്രസ്താവിച്ചു:
خلق الانسان من صلصال كالفخار . وخلق الجان من مارج من نار (الرحمان 41)
(മുട്ടിയാൽ ശബ്ദമുണ്ടക്കുന്ന ഓടുപോലെയുള്ള കളിമൺ രൂപത്തിൽ നിന്നാണു മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്. ജിന്നിനെ തീയിന്റെ തെളിമയുള്ള നാളത്തിൽ നിന്നും അല്ലാഹു സൃഷ്ടിച്ചു). ജിന്നിനെയും ഇൻസിനെയും ഇപ്രകാരം കൂട്ടിച്ചേർത്തു കൊണ്ടാണ് അല്ലാഹു മിക്കയിടത്തും പറഞ്ഞിട്ടുള്ളത്.
ഈ സൂക്തമുൾക്കൊള്ളുന്ന സൂറത്തുർറഹ്മാനിൽ "ജിന്നു-ഇൻസു വർഗ്ഗമേ, നിങ്ങളുടെ നാഥന്റെ ഏതനുഗ്രഹങ്ങൾ കൊണ്ടാണു നിങ്ങൾക്കു നിഷേധിക്കുവാൻ കഴിയുക?!" എന്ന് അല്ലാഹു ഇടക്കിടെ ആവർത്തിച്ചു ചോദിക്കുന്നു. അല്ലാഹുവിനെയും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും അംഗീകരിച്ചു വിശ്വസിച്ചും അല്ലാഹുവിനു വഴിപ്പെട്ടും ജീവിക്കേണ്ട രണ്ടു സൃഷ്ടിവർഗ്ഗമാണ് ജിന്നും ഇൻസുമെന്നു സാരം. പരലോകത്തും ഈ രണ്ടു വിഭാഗത്തെയും പുനർ ജന്മം നൽകി ഒരുമിച്ചു കൂട്ടുന്നതും വിചാരണ ചെയ്യുന്നതുമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെപ്പോലെ അല്ലാഹുവിനെ അറിയാനും ഇബാദത്തു ചെയ്യുവാനും വേണ്ടി അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതാണ് ജിന്നും ഇൻസുമെന്നും വിശുദ്ധ ഖുർആൻ (ദാരിയാത്ത്:56) വ്യക്തമാക്കുന്നു. ചുരുക്കത്തിൽ മനുഷ്യരുടെ സഹോദര വർഗ്ഗമാണു ജിന്ന്. ഈ രണ്ടു വർഗ്ഗങ്ങൾക്കു പുറമെ അല്ലാഹുവിന്റെ നിർദ്ദേശങ്ങൾ സർവ്വാത്മനാ പാലിച്ചു കൊണ്ട് അല്ലാഹുവിനെ അറിഞ്ഞു വണങ്ങി ജീവിക്കുന്ന മറ്റൊരു സൃഷ്ടിവർഗ്ഗമാണു മലക്കുകൾ. അവരുടെ സൃഷ്ടിപ്പ് തികച്ചും പ്രകാശത്തിൽ നിന്നാണ്.
ആയിശ(റ) യെ തൊട്ടു നിവേദനം: നബി(സ്വ) പ്രസ്താവിച്ചു. മലക്കുകളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പ്രകാശത്തിൽ നിന്നാണ്. ജിന്നിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തീയിന്റെ ശുദ്ധനാളത്തിൽ നിന്നും. ആദമിനെ സൃഷ്ടിക്കപ്പെട്ടത് നിങ്ങൾക്കു വിശദീകരിക്കപ്പെട്ടു തന്നിട്ടുള്ള മണ്ണിൽ നിന്നും (മുസ്ലിം, അഹ്മദ്).
തന്നെ അറിഞ്ഞു വണങ്ങാനായി അല്ലാഹു സൃഷ്ടിച്ചിട്ടുള്ള മൂന്നു സൃഷ്ടി വർഗ്ഗങ്ങളെക്കുറിച്ച വിവരണമാണ് ഈ ഹദീസിന്റെ ഉള്ളടക്കം. മലക്കുകൾ, ജിന്ന്, ഇൻസ് ഇവരിൽ മലക്കുകൾ തീർത്തും വെളിച്ചത്തിൽ നിന്നു സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാകയാൽ അവരിൽ ദോഷപ്രകൃതിയുടെ അംശമേയില്ല. അവരടങ്കലും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ്.
بل عباد مكرمون (الانبياء 26)
മനുഷ്യരും ജിന്നും അങ്ങനെയല്ല. അവരിൽ നരകത്തിലേക്കു സൃഷ്ടിക്കപ്പെട്ടവരാണു വലിയ വിഭാഗം.
ولقد ذرأنا لجهنم كثيرا من الجن والانس.......(الاعراف179)
സ്വഭാവങ്ങൾ കൊണ്ടും ദുഷിപ്പുകൊണ്ടും പിശാചുക്കളായി മാറുന്നവർ അവരിലുണ്ട്. ഇവരെ ശൈത്വാന്മാർ (الشيطان) എന്നു പറയുന്നു. ജിന്നുവർഗ്ഗത്തിൽ നിന്നു ഗുരുത്വം കെട്ട ദുഷിച്ചവർക്കാണു ശൈത്വാന്മാർ എന്നു സാധാരണ പറയാറുള്ളതെങ്കിലും മനുഷ്യന്മാരിൽ തീർത്തും ദുഷിച്ച അഭിശപ്തന്മാർക്കും ശൈത്വാനുകൾ എന്നുപറയും. ഖുർആനങ്ങനെ പറഞ്ഞിട്ടുണ്ട്.
شياطين الانس والجن (انعام 112)
(മനുഷ്യ - ഭൂത പിശാചുകൾ) എന്നു ഖുർആൻ പറഞ്ഞത് അല്ലാഹുവിന്റെ കരുണയർഹിക്കാത്ത ഇരുവർഗ്ഗത്തിലെയും അഭിശപ്തന്മാരെയാണ്.
من شر الوسواس الخناس . من الجنة والناس
(ജിന്നിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള ദുർബോധന ദു:ശക്തികൾ) എന്നും അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്.
അപ്പോൾ പ്രകൃതിയിലും സ്വഭാവത്തിലും മനുഷ്യരെപ്പോലെത്തന്നെ ദുഷിച്ചു പിശാചുകളാകാനും നല്ലവരായി ഉയർന്നു മാലാഖമാരോടൊപ്പം ചേരാനും പറ്റുന്നവിധം അല്ലാഹു സൃഷ്ടിച്ച സഹോദരവർഗ്ഗമാണു ജിന്നുകൾ എന്നു വ്യക്തമായി. പക്ഷേ, മനുഷ്യരിൽ നിന്നു ഭിന്നമായി ശാരീരിക പ്രകൃതിയിൽ അവർ തീയിന്റെ ശക്തിയുള്ളവരാണ്. തൻമൂലം മനുഷ്യരുടെ ദൃഷ്ടിയിൽ നിന്നു മറഞ്ഞാണ് അവർ നിലകൊള്ളുന്നത്. നഗ്നനേത്രം കൊണ്ടു മനുഷ്യർക്കു സാധാരണഗതിയിൽ അവരെ കാണാൻ കഴിയുകയില്ല. അവർക്കു മനുഷ്യനെ ഇങ്ങോട്ടു കാണാൻ കഴിയുകയും ചെയ്യും. ഖുർആൻ പറയുന്നു:
إنه يراكم هو وقبيله من حيث لا ترونهم (اعراف 27)
(അവനും അവന്റെ പാർട്ടിയും നിങ്ങൾക്കങ്ങോട്ടു കാണാൻ കഴിയാത്ത വിധം നിങ്ങളെ ഇങ്ങോട്ടു കാണും). മലക്കുകളെപ്പോലെ വിഭിന്ന രൂപങ്ങൾ പ്രാപിക്കുവാനും മനുഷ്യർക്കു ദുഷ്ക്കരവും കഴിയാത്തതുമായ പ്രവർത്തികൾ ചെയ്യുവാനും പറ്റുന്ന രീതിയിലാണ് അവരുടെ സൃഷ്ടിപ്പ്. ആഴിയിൽ മുങ്ങി മുത്തുകൾ വാരിയെടുക്കാനും വലിയ സൗധങ്ങൾ വളരെ പെട്ടെന്നു പണിതീർക്കാനും അതിവേഗം ദീർഘദൂരങ്ങൾ താണ്ടാനുമെല്ലാം കഴിയുന്ന പ്രകൃതമാണ് ജിന്നുകൾക്കല്ലാഹു നൽകുന്നത്. വിശുദ്ധ ഖുർആൻ 21:82) ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെയെല്ലാമാണെങ്കിലും മനുഷ്യരാണു ജിന്നുകളേക്കൾ ഉന്നതർ. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. ജിന്നുകളിൽ നിന്ന് ഒരു നബിയെയും റസൂലിനെയും അല്ലാഹു തെരഞ്ഞെടുത്ത ചരിത്രമില്ല. മനുഷ്യവർഗ്ഗത്തിൽ നിന്നു നമ്മുടെ നബിയെ അല്ലാഹു ജിന്നുകളിലേക്കു ദൂതരായയക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ നബി(സ) തങ്ങൾക്കു മനുഷ്യവർഗ്ഗത്തിന്റെ മേലിലെന്ന പോലെ ജിന്നു വർഗ്ഗത്തിന്റെ മേലിലും ആധിപത്യമുണ്ട്. ഏതൊരു നബിക്കും ആ നബിയെ ഏതൊരു വിഭാഗത്തിലേക്കാണോ ദൂതരായി അയക്കപ്പെട്ടതെങ്കിൽ ആ വിഭാഗത്തിന്റെ മേൽ ആത്മീയവും രാഷ്ട്രീയവുമായ അധികാരമുണ്ടെന്നതു സുവിദിതമാണ്. നുബുവ്വത്തും അതിന്റെ സവിശേഷഗുണങ്ങളും പ്രത്യേക പഠനമർഹിക്കുന്നതു കൊണ്ട് ഇവിടെ അതു ചർച്ച ചെയ്യുന്നില്ല.
ജിന്നു വർഗ്ഗത്തിനുമേൽ ആധിപത്യം സ്ഥാപിക്കുവാനും അവരെ ആജ്ഞാനുവർത്തികളും സേവകരുമാക്കി മാറ്റിയെടുക്കുവാനും മനുഷ്യ വർഗ്ഗത്തിനു കഴിയുമെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഇതിൽ നിന്നു തന്നെ വ്യക്തമാണ്. നബി(സ) തങ്ങൾ ജിന്നുകളുടെയെല്ലാം റസൂലാകുമ്പോൾ അവരിൽ നബിയെക്കൊണ്ടു വിശ്വസിച്ചവർ തീർച്ചയായും സ്വമേധയാ തന്നെ നബി(സ) തങ്ങളുടെ ആജ്ഞാനുവർത്തികളായും അനുസരണയുള്ള പ്രജകളായും മാറുന്നു. അവരിൽ നബി (സ) യെ ധിക്കരിക്കുന്ന കുബുദ്ധികളെയും ദുഷ്ടന്മാരെയും നബി ബലാൽക്കാരമായി കീഴടക്കിയതും വരുതിയിൽ വരുത്തിയതുമായ സംഭവങ്ങൾ എത്രയെങ്കിലും ഹദീസുകളിൽ ഉദ്ധരിക്കുവാനുണ്ട്. നബി(സ) തങ്ങളെപ്പോലെ തന്നെ ഹള്റത്ത് സുലൈമാൻ നബി(അ)ക്കും ജിന്നുകളുടെ മേൽ അല്ലാഹു ആധിപത്യവും രാജാധികാരവും നൽകിയത് വിശുദ്ധ ഖുർആൻ വ്യക്തമായി പ്രസ്താവിക്കുന്നു. ജിന്നുകൾ സുലൈമാൻ നബി(അ)ക്ക് പലവിധ തൊഴിലുകളും സേവനങ്ങളും ചെയ്തിരുന്നതായും അല്ലാഹു വ്യക്തമാക്കുന്നുണ്ട്.
وَالشَّيَاطِينَ كُلَّ بَنَّاءٍ وَغَوَّاصٍ...(ص37)
അപ്പോൾ അല്ലാഹുവിന്റെ ഔദാര്യമായി അല്ലാഹു നൽകുന്ന സിദ്ധികൾ കൊണ്ടു പ്രവാചകന്മാരായ മനുഷ്യന്മാർക്ക് ജിന്നു-ശൈത്വാൻ വർഗ്ഗത്തെ കീഴ്പ്പെടുത്തുവാനും വിധേയത്വമുള്ളവരാക്കി മാറ്റുവാനും സാധിക്കുമെന്ന് സുതരാം വ്യക്തമായി. ഓരോ മനുഷ്യർക്കും ജിന്നിൽ നിന്നുള്ള ഒരു കൂട്ടാളിയെ മലക്കിൽ നിന്നുള്ള കൂട്ടാളിയോടൊപ്പം അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്ന് നബി(സ) തങ്ങൾ പ്രസ്താവിച്ചപ്പോൾ ഇത്തരം കൂട്ടാളി(ഖരീൻ) അങ്ങേക്കുമുണ്ടോയെന്ന് സ്വഹാബത്തു ചോദിച്ചതായും 'അതേ ഉണ്ട്, പക്ഷേ ആ കൂട്ടാളിക്കെതിരെ അല്ലാഹു എന്നെ ഔദാര്യപൂർവ്വം സഹായിച്ചിട്ടുണ്ടെന്നും അതിനാൽ എന്റെ ജിന്ന് മുസ്ലിമായിട്ടുണ്ടെന്നും' നബി(സ) തങ്ങൾ പ്രത്യുത്തരം നൽകിയതായും പ്രസിദ്ധമായ ഹദീസിലുണ്ട്. സ്വഹീഹു മുസ്ലിമും മറ്റും ഈ ഹദീസു നിവേദനം ചെയ്തിട്ടുണ്ട്. നബി(സ)യുടെ ആജ്ഞാനുവർത്തിയും സേവകനുമായി മാറിയിട്ടുണ്ട് തന്റെ ഖരീൻ എന്നാണ് ഈ വാക്യത്തിന്റെ ഉദ്ദേശ്യം. ഇതു നബിയുടെ മാത്രം സവിശേഷതയല്ല. മറ്റെല്ലാ പ്രവാചകന്മാർക്കും ലഭ്യമായിട്ടുള്ള ഗുണമാന്നും ഹദീസു പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ആകയാൽ ജിന്നുകളെ അതിജയിക്കാനും കീഴ്പ്പെടുത്താനുമുള്ള അജയ്യ ശക്തിയും പ്രതാപവും അല്ലാഹു നൽകുന്ന നബിമാർക്ക് തങ്ങളുടെ ആത്മീയ ശക്തി കൊണ്ട് ജിന്നുകളെ കീഴടക്കുവാനും അവരെ ആജ്ഞാനുവർത്തികളായി ഭരിക്കുവാനും സാധിക്കും. ജിന്നുകളുടെ സേവനം ഉപയോഗപ്പെടുത്തുവാനും ലഭ്യമാക്കുവാനും അസാധാരണമായി -മുഅ്ജിസത്തായി - അല്ലാഹു നൽകുന്ന ഈ സിദ്ധികൾ കൊണ്ട് പറ്റും. സുലൈമാൻ നബി(അ), നമ്മുടെ നബി(സ) പോലുള്ള പ്രവാചകന്മാരുടെ ചരിത്രത്തിൽ ഇതിനുദാഹരണങ്ങളെമ്പാടും കാണാം. നബിമാർക്കു മുഅ്ജിസത്തായി ലഭിക്കുന്ന സിദ്ധികളും ശക്തികളും ആ നബിമാരെ പിൻപറ്റി ആത്മീയോന്നതിയിലെത്തുന്ന ഔലിയാഇന് അല്ലാഹു നൽകാമെന്നും ഇങ്ങനെ നൽകപ്പെടുന്ന സിദ്ധികൾക്കു കറാമത്തുകളെന്നാണു സാങ്കേതിക നാമമെന്നും നാം മുമ്പു വിവരിച്ചിട്ടുണ്ടല്ലോ. അങ്ങനെ നബിമാരല്ലാത്ത ഭക്തന്മാർക്കു കറാമത്തായി ലഭിക്കുന്ന ആത്മീയ ശക്തി കൊണ്ടും ജിന്നുകളെ കീഴ്പ്പെടുത്തുവാനും അവരുടെ സേവനം ലഭ്യമാക്കുവാനും കഴിയും. ഇത്തരം എത്രയോ സംഭവങ്ങൾ ഔലിയാഇന്റെ ചരിത്രങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രമാണങ്ങൾ ഇതെല്ലാം സാധൂകരിക്കുകയും ചെയ്യുന്നു.