സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 1 February 2016

ഹാജി

(ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കല്‍ വൂള്‍ഫ് അബ്ദുല്‍മാജിദിന്റെ ഹജ്ജ് യാത്രാ അനുഭവത്തില്‍ നിന്ന്)
നീ അവര്‍ക്ക് ഹജ്ജ് വിളംബരം ചെയ്യുക. എല്ലാ മലയിടുക്കുകളില്‍ നിന്നും കാല്‍നടയായും മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളേറിയും അവര്‍ വന്നെത്തും(ഖുര്‍ആന്‍).
ഹാജി ആത്മ സമര്‍പ്പണത്തിന്റെ ശ്രേഷ്ഠനാമമാണ്. ലളിതമായ വസ്ത്രം ധരിച്ച് ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച തീര്‍ത്ഥാടകനുമേല്‍ വിശ്വാസത്തിന്റെ വെളിച്ചം പകര്‍ന്ന പേര്. മോക്ഷത്തിലേക്കുള്ള പലായന വഴിയെ ശരീരത്തിന്റെ അംഗചലനത്തിലൂടെ സുത്രായമാക്കിയെടുത്ത ദൈവദാസന്റെ വിളിയാളം. അമരിക്കന്‍ ബുദ്ധിജീവിയും സഞ്ചാരസാഹിത്യകാരനുമായ മൈക്കല്‍ വൂള്‍ഫ് അബ്ദുല്‍മാജിദിന്റെ വാക്കുകളില്‍… ഹജ്ജ് അധികമാളുകള്‍ക്കും പൂര്‍ണതയുടെ സാഫല്യമാണ്.  എനിക്കതൊരു തുടക്കമായാണ് അനുഭവപ്പെട്ടത്. കേട്ടതൊന്നുമായിരുന്നില്ല കണ്ടത്. പ്രത്യക്ഷദൃഷ്ടിയില്‍ പതിഞ്ഞതൊന്നുമായിരുന്നില്ല ഹൃദയം അറിഞ്ഞത്. കഅ്ബ അറിഞ്ഞതിലും ആഗ്രഹിച്ചതിലും അപ്പുറമാണ്. ഒരേസമയം ശരീരത്തിന്റെയും ആത്മാവിന്റെയും ലയനം. പുറമെ വ്യാപാരവും ജീവിതവും തുടിച്ചുനില്‍ക്കുമ്പോള്‍ തന്നെ ജഢത്തിനുമപ്പുറത്തേക്ക് ഹാജി യാത്രയാകുന്നു. ഇഹ്റാമിന്റെ വസ്ത്രങ്ങളില്‍ അയാള്‍ ജീവിതം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. രണ്ട് തുണ്ട് തുണി. ഒന്നുകൂടി ചേര്‍ന്നാല്‍ അവസാന യാത്രക്കുള്ളതായി. ഹജ്ജ് ഒരേ സമയം ശരീരത്തിന്റെയും ആത്മാവിന്റെയും അയനമാണ്.
ഇഹ്റാം പോലെതന്നെ തല്‍ബിയത്തും ഹാജിയുടെ മുഖമുദ്രയാണ്. ലബ്ബൈക്കല്ലാഹ്. നിന്റെ വിളികേട്ടിതാ നിനക്ക് വിധേയനായി ഞാനെത്തിയിരിക്കുന്നു. സര്‍വ്വസ്തുതിയും നിനക്കാണ്. അനുഗ്രഹവും അധികാരവും അല്ലാഹുവിനാണ് അവന് പങ്കുകാരില്ല.’ തല്‍ബിയതിന്റെ അര്‍ഥം ഒരു പ്രത്യേക നിര്‍ദ്ദേശത്തിനോ ആഹ്വാനത്തിനോ വേണ്ടി കാതോര്‍ത്ത് തയ്യാറായി നില്‍ക്കുക എന്നാണ്. അതിന്റെ പല ധര്‍മ്മങ്ങളിലൊന്ന് മനസ്സിനെ എന്തിനും തയ്യാറാക്കി നിര്‍ത്തുകയുമാണ്.
ഇഹ്റാം എന്നില്‍ വല്ലാത്ത സ്വാധീനം ചെലുത്തി. ഇഹ്റാം വര്‍ഗവ്യത്യാസങ്ങളെയും സാംസ്കാരിക ഭിന്നതകളെയും അതിജയിച്ചു. ഇഹ്റാമില്‍ ധനികരും ദരിദ്രരും ചേര്‍ന്നപ്പോള്‍ ബോഷ്പെയിന്റിംഗ് പോലെ പശ്ചാതാപച്ചുവ. ഇഹ്റാം കഫന്‍ പുടവ പോലെ ജനകീയം.
മക്ക ചെങ്കടലില്‍ നിന്ന് അമ്പതുമൈല്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് നിന്നും ആയിരമടി ഉയരത്തില്‍ തീര്‍ത്തിരിക്കുന്ന ഒരു കരിങ്കല്‍ പാത്രം. മൊട്ടക്കുന്നുകളാണ് ചുറ്റും. വടക്ക് സിറിയയിലേക്കും തെക്ക് യമനിലേക്കും പടിഞ്ഞാറ് കടല്‍തീരത്തേക്കും നയിക്കുന്ന വഴികള്‍ ഇടക്ക്. പിന്നെയുള്ള നാലാമത്തെ വഴി ത്വാഇഫിന്റെ കിഴക്കുഭാഗത്ത് ചെന്നു ചേരുന്നു. പകല്‍ സമയങ്ങളില്‍ മലകള്‍ അഗ്നിപര്‍വ്വതങ്ങളുടെ നൈരന്തര്യം സമ്മാനിച്ചു. രാത്രിയില്‍ അവ ആകാശത്തില്‍ വിലയിച്ചു. മക്കത്തെത്തുന്ന മിക്ക ഹാജിമാരും ഹറമില്‍ പ്രവേശിക്കുന്നത് ബാബുസ്സലാമിലൂടെയാണ്. ഇബ്നുബത്തൂത്തയും അദ്ദേഹത്തിന്റെ മുന്‍ഗാമി ഇബ്നുജുബൈറും ഇതേ കവാടത്തിലൂടെയാണ് കടന്നത്. അതേ പാരമ്പര്യത്തിന്റെ തുടര്‍കണ്ണികളാകുന്നതില്‍ നിന്നു ഞങ്ങള്‍ക്ക് താമസം വരുത്തിയത് കോണിപ്പടിയിലെ തിരക്ക്. ഞങ്ങള്‍ വേറൊരു വാതിലിലേക്ക് നീങ്ങി. ബാബുല്‍മലിക്, തെല്ലിടനടന്നാല്‍ ഒരു കൊച്ചു ഇടനാഴി. ചെരിപ്പ് വാതില്‍ക്കല്‍ വെച്ച് ഞങ്ങള്‍ വലതുകാല്‍ വെച്ച് അകത്ത് കയറി. അഭിവാദ്യമര്‍പ്പിച്ചു. “ഈ ഗേഹം നിന്റേത്. നിന്റേതാണ് ഈ പട്ടണം. ഞാന്‍ നിന്റെ ദാസന്‍. ശാന്തി നിന്നിലാമ്. നീയാണ് മോക്ഷം. ഞങ്ങള്‍ക്ക് മോക്ഷമരുളൂ. ഞങ്ങളെ നയിക്കൂ. സ്വര്‍ഗ പൂങ്കാവനത്തിന്റെ വാതായനങ്ങളിലൂടെ.”
“ഇവിടമാണ് ഇസ്ലാമിന്റെ പരിപാവന ഗേഹം. സ്കോട്ടിഷ് ചരിത്രകാരനായ തോമസ് കാര്‍ലൈന്‍ പുരാതന ഭൂതകാലത്തിന്റെ ആധികാരികമായ ഒരു തുണ്ടായി അതിനെ വിശേഷിപ്പിച്ചു. മുഹമ്മദ് നബി(സ്വ)യുടെ മുപ്പതിയഞ്ചാം വയസ്സില്‍ ഖുറൈശികള്‍ പുതുക്കിപ്പണിയുമ്പോഴേക്കും കഅ്ബാദേവാലയം ചിരപുരാതനമായിക്കഴിഞ്ഞിരുന്നു. കഅ്ബയുടെ ലാളിത്യത്തിന്റെ തീവ്രതയും കറുപ്പിന്റെ തിളക്കവും ജനങ്ങള്‍ക്ക് ആനന്ദോല്‍ക്കര്‍ഷമേകി. ഇളംതെന്നല്‍ കില്ലയില്‍ ഓണങ്ങളുണ്ടാക്കി. കടലിനടിയിലെ മാര്‍ബിളിന് അതിശയിപ്പിക്കുന്ന തണുപ്പ്. ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന മേലാപ്പില്‍ നിന്ന് രക്ഷനേടി നക്ഷത്രങ്ങളെ നോക്കാനൊരു സുഖം.
….ഹാജിമാരുടെ ഒരു നൃത്തം കഅ്ബയോടടുത്ത് ആയിരക്കണക്കിന് ആളുകളുടെ ഒരു കറങ്ങുന്ന സംഘമുണ്ടാക്കി. ചുറ്റിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഞങ്ങളതിന്റെ അകത്തെ വക്കോളമെത്താന്‍ ശ്രമിച്ചു. എന്നിട്ട് കിഴക്കന്‍ മൂലക്കുനേരെ മുഖം തിരിച്ചു. ഇവിടെയാണ് കറുത്ത കല്ല് ഒരു പ്രത്യേക കോണില്‍ വെള്ളി കവചത്തില്‍ വെച്ചിരിക്കുന്നത്. ഇസ്ലാമിലെ ബഹുമാനിക്കപ്പെടുന്ന, ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു ശേഷിപ്പാണ് ഈ കല്ല്. ഞങ്ങളാ കല്ലിനു നേരെ തിരിഞ്ഞു കൊണ്ട് മനസ്സില്‍ കരുതി…..അല്ലാഹ്, നിന്റെ പരിശുദ്ധ ഗേഹത്തെ ഞാന്‍ വലം (ഇടം) വെക്കുന്നു. എനിക്കത് എളുപ്പമാക്കിത്തരൂ എന്റെ ഏഴു പ്രദക്ഷിണങ്ങള്‍ നിനക്കായി എന്നില്‍നിന്ന് സ്വീകരിക്കൂ”.
ഓരോ ഹാജിയും കറുത്ത കല്ലിന്റെ അടുത്തുനിന്ന് തുടങ്ങി കഅ്ബയെ ഇടംവെച്ചു. ദൂരെനിന്ന് നോ ക്കുമ്പോള്‍ ഒരച്ചുതണ്ടില്‍ തിരിയുന്ന ഗ്ളോബുപോലെ ഹാജിമാരെ കാണാം. അടുത്തുവരുമ്പോള്‍ കഅ്ബ നാടകീയമാംവിധം വലുതാകുന്നു. ഇഹ്റാം ശരിയാക്കി വൃത്തത്തിന്റെ വക്കില്‍നിന്ന് കൈകളുയര്‍ത്തി കറുത്ത കല്ലിനെ അഭിവാദനം ചെയ്തു ഞങ്ങളാ ഒഴുക്കില്‍ ലയിച്ചു. പുണ്യഗേഹത്തെ ഇടതുവശത്താക്കി ഞങ്ങള്‍ കറങ്ങിത്തുടങ്ങി. വേഗത കുറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ചുറ്റും ഒഴിഞ്ഞ സ്ഥലങ്ങളുമായി കഅ്ബയെ മൂടിയ കറുത്ത തുണി ഇളകി അലകളാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഭാരിച്ച കറുത്ത പട്ട് സമചതുരത്തെ മൂടിക്കിടന്നു. ത്വവാഫ് ചെയ്തെങ്കിലേ അതെന്താണെന്നറിയൂ. കാസാബ്ളാങ്ക എയര്‍പോര്‍ട്ടില്‍ നിന്ന് കിട്ടിയ ജോസഫ് കോണ്‍റാസിന്റെ ലോഡ്ജിം എന്ന പുസ്തകം ഹജ്ജിന്റെ മൂല്യവിചാരത്തെ ചുറ്റിപ്പറ്റി എഴുതപ്പെട്ടിട്ടുള്ള ഇംഗ്ളീഷ് ഫിക്ഷനുകളില്‍ ഇന്നും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒന്നാണ്. 1900 ലാണ് ലോഡ്ജിംഗ് പ്രസിദ്ധീകരിക്കുന്നത്.
“പറ്റ്നാ എന്ന കപ്പലില്‍ മക്കയെ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാര്‍. കപ്പലില്‍ നിന്നിറങ്ങാനുള്ള മൂന്നു നീക്കുപാലങ്ങളിലൂടെ അവരൊഴുകി. വിശ്വാസത്തിന്റെയും സ്വര്‍ഗതീക്ഷ്ണതയുടെയും വെമ്പലില്‍ അവര്‍ നീങ്ങി. നഗ്നമായ പാദങ്ങളുടെ ചുവടുകളിലായി അവരൊഴുകി. വടക്കുനിന്നും തെക്കുനിന്നും കിഴക്കിന്റെ വിദൂരതകളില്‍നിന്നും കാനനപാതകള്‍ താണ്ടിയും കടവുകള്‍ കടന്നും അത്ഭുതദൃശ്യങ്ങള്‍ കണ്ടും അന്യമായ ഭീതിയാല്‍ വലയം ചെയ്യപ്പെട്ടും ഉല്‍ക്കടമായ അഭിവാഞ്ചയുമായി അവര്‍ പരന്നൊഴുകി. ഒരാദര്‍ശത്തിന്റെ വിളികേട്ട് അവര്‍ നാടും വീടും വിട്ടിറങ്ങി. കഅ്ബയിലേക്ക്”.
കഅ്ബയുടെ കാഴ്ച അനാദൃശമാണ്. സ്വൂഫികള്‍ പറഞ്ഞപോലെ ഇത് മനുഷ്യഹൃദയത്തെയാണോ ചിലപ്പോള്‍ പ്രതിനിധീകരിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചു. വല്ലാത്തൊരു ആര്‍ജവമാണതിന്. എ പ്പോള്‍ കാണുമ്പോഴും മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റം. അതിന്റെ രൂപം ദൈവത്തിന്റെ ഏകത്വത്തെ ഉറപ്പിച്ചുപറയുന്നപോലെ. കഅ്ബയുടെ മുഖാവരണം അവാച്യമായ എന്തിനെയോ ദ്യോതിപ്പിച്ചു. ഒരു ഹാജിയുടെ കൌതുകത്തോടെ ഞാനാ കാഴ്ചകള്‍ നെഞ്ചിലേറ്റി.